Monday, December 31, 2007

ഇര - ഒരു കൊടും ചതിയുടെ കഥ

ഇത്‌ ഒരു ഇരയുടെ കഥയാണ്‌. ഒരു പക്ഷേ ആയിരക്കണക്കിന്‌ ഇരകളുടെ കഥയുമാകാം. അറ്റു പലര്‍ക്കും സംഭവിച്ചതറിയുമ്പോള്‍ ഇതു നിസാരമാകാം. അവര്‍ക്കെല്ലാം വേണ്ടി ഞാനൊരു ചതിയുടെ കഥ പറയുന്നു. ആത്മഹത്യയുടെ വക്കത്തു നിന്നു രക്ഷപ്പെട്ടപ്പോള്‍ ഇതാരോടെങ്കിലുമൊക്കെ പറയണമെന്നു തോന്നി....

ഇര

അധ്യായം ഒന്ന്‌

2007 ഫെബ്രുവരി 24
എന്റെ ജീവിതത്തിലെ നിര്‍ണായകമായ ദിവസമായിരുന്നു അത്‌. സുഖസൗകര്യങ്ങളുള്ള ഒരു കപ്പലില്‍ ഉല്ലസിച്ചു ജീവിച്ചിരുന്ന എന്നെ കടലിലെ തോണിയിലിക്കു വലിച്ചുചാടിച്ച ദിനം. ചാടുന്നോ എന്നു ചോദിച്ചപ്പോള്‍ ചോദിച്ച അമരക്കാരനില്‍ വിശ്വസിച്ച്‌ ചാടാന്‍ തുനിഞ്ഞ ഞാനാണു തെറ്റുകാരനെന്നും ചിലപ്പോള്‍ തോന്നിയേക്കാം!
രാവിലെ ഓഫിസിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍ വരുന്നത്‌.
"രാജേഷ്‌ അല്ലേ?"
"അതെ."
"ഞാന്‍ അനില്‍ ബാനര്‍ജി..."
എനിക്ക്‌ ആളെ പിടികിട്ടിയില്ല. ഞാന്‍ ചോദിച്ചു
"ആര്‌?"
"ഏഷ്യാനെറ്റില്‍ മുന്‍ഷി ചെയ്യുന്ന..."
ഒരു ഞെട്ടലോടെയാണു ഞാന്‍ പ്രതികരിച്ചത്‌. കാരണം എനിക്കു വിശ്വസിക്കാനാകുന്നതിനപ്പുറമായിരുന്നു ആ കോള്‍!
"രാജേഷിന്റെ ലേഖനം വായിച്ചു, നന്നായിട്ടുണ്ട്‌."
ഏന്റെ ഓര്‍മക്കെവിടെയോ ഒരു വിള്ളല്‍, ഏതു ലേഖനം?"
"പുഴ ഡോട്‌ കോമില്‍ വന്നത്‌- ഫ്‌ളാഷ്‌."
"ഓ.... താങ്ക്‌ യു സര്‍. ഒത്തിരി സന്തോഷമുണ്ട്‌! ആ ലേഖനമൊക്കെ വായിച്ച്‌ താങ്കളെപ്പോലൊരാള്‍ നല്ലതു പറയുമ്പോള്‍..."
"രാജേഷ്‌ എന്തു ചെയ്യുകയാണിപ്പോള്‍?"
"പത്രപ്രവര്‍ത്തകനാണു സര്‍, പ്രാദേശിക പത്രപ്രവര്‍ത്തനം..."
"എവിടെ?"
"മനോരമയില്‍..."
പത്രസ്ഥാപനത്തിന്റെ പേരു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ അത്ഭുതം. പിന്നീടു നടന്നത്‌ സൗഹൃദസംഭാഷണമായിരുന്നു. അദ്ദേഹം കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു. പത്തു വര്‍ഷമായി പ്രാദേശികലേഖകനാണെന്നും മുഖ്യധാരാമാധ്യമങ്ങളിലൊക്കെ ലേഖനങ്ങളും മറ്റും എഴുതിയിട്ടുണ്ടെന്നും കേട്ടപ്പോള്‍ അത്ഭുതത്തിന്റെ കാഠിന്യം വര്‍ധിച്ചപോലെ തോന്നി. എല്ലാം ചോദിച്ചറിഞ്ഞശേഷം അനില്‍ ബാനര്‍ജി പറഞ്ഞു.
"ഞാനൊരു വെബ്‌ മാഗസിന്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്‌. അതിന്റെ വാര്‍ത്താവിഭാഗം നോക്കാന്‍ രണ്ടു വര്‍ഷത്തോളമായി ഞാനൊരാളെ തേടുന്നു, രാജേഷിനു ചെയ്യാമോ?"
അപ്രതീക്ഷിതമായ ചോദ്യത്തിന്‌ ആദ്യം ഉത്തരം നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല.
"എനിക്കതിനു കഴിയുമോ സര്‍...?"
"പറ്റും. രാജേഷിന്റെ ലേഖനം വായിച്ചപ്പോള്‍ എനിക്കതു മനസ്സിലായി. ഞാന്‍ അതു കൊണ്ടാണു നേരിട്ടു വിളിച്ചത്‌."
"അക്കാദമിക്‌ ക്വാളിഫിക്കേഷന്റെ കാര്യത്തില്‍ ഞാനല്‍പം പിന്നിലാണ്‌!"
"അതൊന്നും സാരമില്ല, ഈ എക്‌സ്‌പീരിയന്‍സ്‌ തന്നെ ധാരാളം!"
"ഞാനെന്താണു സര്‍ ചെയ്യേണ്ടത്‌?"
"തിരുവനന്തപുരത്തു താമസിച്ചു ചെയ്യേണ്ടിവരും!"
തിരുവനന്തപുരം ന്നൂ കേട്ടപ്പോള്‍ എനിക്കനുഭവപ്പെട്ടത്‌ വല്ലാത്ത ശ്വാസംമുട്ടലാണ്‌. വര്‍ഷങ്ങളായുള്ള എന്റെ ആഗ്രഹമാണ്‌ തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകനാകുക എന്നത്‌. സാഹിത്യ, സാംസ്‌കാരിക രംഗത്ത്‌ എന്റെ സുഹൃത്തുക്കള്‍ ഏറെയുമുള്ളത്‌ അവിടെയാണ്‌. ഒപ്പം പല സാംസ്‌കാരികപരിപാടികളും ആസ്വദിക്കാനും പഠിക്കാനും തിരുവനന്തപുരം സഹായമാകുമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. കാണുമ്പോഴും വിളിക്കുമ്പോഴും കുരീപ്പുഴ ശ്രീകുമാറിനോടും ശാന്തനോടുമെല്ലാം ഞാന്‍ ഈ ആഗ്രഹം പറയാറുണ്ടായിരുന്നു. അപ്പോഴൊക്കെ അവരും പ്രോല്‍സാഹിപ്പിച്ചു. വിലങ്ങുതടിയായത്‌ ശമ്പളമാണ്‌. ഇടുക്കിയില്‍ ശമ്പളമായും പരസ്യത്തിന്റെ കമ്മീഷനായുമെല്ലാം ഏകദേശം 17,000 രൂപ വരുമാനമുണ്ട്‌. ഒപ്പം സ്വദേശമെന്ന സൗകര്യവും. തിരുവനന്തപുരത്ത്‌ അതൊന്നുമുണ്ടാകില്ലെന്നറിയാം. ഇതിനു മുമ്പു വന്ന ഓഫറുകളെല്ലാം ശമ്പളത്തില്‍ തട്ടി തെറിക്കുകയായിരുന്നു. അപ്പോഴൊക്കെ സന്തോഷിച്ചു. തിരുവനന്തപുരം മോഹം ഉപേക്ഷിക്കാന്‍ ഒരു കാരണമായല്ലോ.
മുന്‍ഷിയില്‍ നിന്നുള്ള ഓഫറും അങ്ങിനെയാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അനില്‍ ബാനര്‍ജിയോടു പറഞ്ഞു. "സ്യൂട്ടബിളായ ശമ്പളം കിട്ടിയാല്‍ വരാം."
"ഇപ്പോള്‍ എത്രയുണ്ട്‌?"
"ശമ്പളം കുറവാണ്‌. പക്ഷേ നല്ലതോതില്‍ പരസ്യം കിട്ടുന്നുണ്ട്‌. എല്ലാംകൂടി 15,000 രൂപക്കു മുകളില്‍ കിട്ടും."
"എത്ര കിട്ടിയാല്‍ വരും?"
ഒരു മിനിട്ടു ഞാനൊന്നാലോചിച്ചു. തിരുവനന്തപുരത്തെ ജീവിതച്ചെലവിനെപ്പറ്റി വലിയ പിടിപാടില്ല. എങ്കിലും ഒരു ഏകദേശകണക്കു വച്ചു പറഞ്ഞു
"പതിനായിരം."
ഒട്ടും ഇടവേളയില്ലാതെ അനില്‍ ബാനര്‍ജി പറഞ്ഞു.
"തരാം, പോരൂ!"
ഞെട്ടല്‍ സര്‍വ്വാംഗം വിറയായി കേറി. ആരോടും ആലോചിച്ചിട്ടില്ല. ശമ്പളം സമ്മതിക്കില്ലെന്ന പ്രതീക്ഷയിലാണ്‌ അത്രയും ചോദിച്ചത്‌. പക്ഷേ ഇത്‌ അനുകൂലമാകുന്നു.ഓഫിസില്‍ എത്തിയ ശേഷം തിരിച്ചുവിളിക്കാമെന്നു മറുപടി നല്‍കി ഞാന്‍ ഫോണ്‍ വച്ചു. ബൈക്കില്‍ ഓഫിസിലേക്കു പോകുമ്പോഴൊക്കെ മനസ്സില്‍ കടലിളകുകയായിരുന്നു. വിശ്വസിക്കാനാകായ്‌മ, സന്തോഷം... സ്വപ്‌നങ്ങളിലൊന്ന്‌ സാധ്യമാകാന്‍ പോകുന്നുവെന്ന്‌ തോന്നല്‍. പത്രസ്ഥാപനത്തിലെ പരസ്യവരുമാനത്തിന്റെ മടുപ്പില്‍ നിന്ന്‌ സര്‍ഗ്ഗാത്മകമായി എന്തെങ്കിലും ചെയ്‌ത്‌ ജീവിക്കണമെന്ന ആഗ്രഹത്തിന്റെ സാഫല്യത്തിലേക്ക്‌ ഒരു പാലം.... ഒപ്പം കണ്ടകശ്ശനി മൂര്‍ധന്യത്തിലേക്കു പോകുകയാണെന്ന തിരിച്ചറിവു നല്‍കുന്ന ഭയവും!
ഓഫിസിലെത്തിയ ശേഷം അനില്‍ ബാനര്‍ജിയെ ഞാന്‍ വിളിച്ചു.
"രാജേഷ്‌ തിരുവനന്തപുരം വരെ വരാമോ, നേരിട്ടു സംസാരിക്കാം."
ഞാന്‍ പിറ്റേന്നു തന്നെ എത്താമെന്നു മറുപടിയും നല്‍കി.
ഫെബ്രുവരി 25.
അത്യാവശ്യം ഒന്നു രണ്ടു സുഹൃത്തുക്കളോടു മാത്രം വിവരം പറഞ്ഞ്‌ ഞാന്‍ അന്നു പുലര്‍ച്ചെ തിരുവനന്തപുരത്തിനു തിരിച്ചു.
മുന്‍ഷിയിലെ കഥാപാത്രങ്ങളെല്ലാം നിരക്കുന്ന ഒരു കാര്‍ട്ടൂണ്‍ പേജ്‌. അവരുടെ സ്ഥാനങ്ങളും ഭാവഹാവാദികളും മാത്രം മാറ്റിയുള്ള മുഖപ്പേജുകള്‍. അതില്‍ വാര്‍ത്താലോകവും രാഷ്‌ട്രീയലോകവുമാണ്‌ ഞാന്‍ പ്രധാനമായും ചെയ്യേണ്ടത്‌. ഒപ്പം സിനിമ, ആരോഗ്യം, യൂത്ത്‌, സ്‌പോര്‍ട്‌സ്‌ തുടങ്ങി എല്ലാ പേജുകള്‍ക്കുമേലും ഒരു കണ്ണു വേണം. ഇതില്‍ വാര്‍ത്താലോകം എപ്പോഴും അപ്‌ഡേറ്റ്‌ ചെയ്യണം. ഓരോ വാര്‍ത്ത വരുമ്പോഴും.അനില്‍ബാനര്‍ജി ഓരോന്നായി വിശദീകരിച്ചു. ഏതെങ്കിലും സംഭവം ഉണ്ടാകുമ്പോള്‍ ആദ്യം ചെറിയൊരു ഫ്‌ളാഷ്‌. പിന്നെ അതേപ്പറ്റി രണ്ടോ മൂന്നോ വരിയില്‍ ഒതുങ്ങുന്ന വിവരണം. അതിനടിയില്‍ 'ഡുക്കുടു, ഡുക്കുടു, ഡുക്കുടു' എന്നൊരു സ്‌ട്രിപ്പ്‌. ഏതാനം മിനിട്ടുകള്‍ക്കുശേഷം 'ഡുക്കുടു'വിന്റെ സ്ഥാനത്തു വാര്‍ത്തക്കൊരു കമന്റ്‌ പ്രത്യക്ഷപ്പെടും. മുന്‍ഷിയുടെ വായനക്കാര്‍ക്കു നല്‍കുന്ന മൗലികമായ സംഭാവന അതാണ്‌. ഈ വാര്‍ത്താരൂപവും കമന്റും തയ്യാറാക്കലാണ്‌ എന്റെ പണി.
ഞാന്‍ പറഞ്ഞു, "ചെയ്യാനാകുമെന്നാണു വിശ്വാസം. ഞാനൊന്നു ശ്രമിച്ചു നോക്കാം സര്‍!"
"അങ്ങിനെയെങ്കില്‍ രാജേഷ്‌ ഉടന്‍ വരണം. മനോരമയില്‍ നിന്നു പിരിയാന്‍ മറ്റു താമസങ്ങളൊന്നുമില്ലല്ലോ. രാജേഷ്‌ വന്നാലുടന്‍ പണി തുടങ്ങണം. ഒന്നൊന്നര മാസത്തിനകം ഇതു ലൈനില്‍ വിടുകയും വേണം."
ഞാന്‍ സമ്മതിച്ചു. എന്നോടൊപ്പം അനില്‍ ബാനര്‍ജിയുടെ അടുക്കല്‍ വന്ന എല്‍.ഐ.സി ജീവനക്കാരനും എന്റെ ആത്മസുഹൃത്തുമായ വിനോദും എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങിനെ സമ്മതം അറിയിച്ച്‌ ഞാന്‍ ഇടുക്കിയിലേക്ക്‌ തിരിച്ചു, അന്നു രാത്രിതന്നെ. പോരും മുമ്പ്‌ ബന്ധപ്പെടുന്നതിനായി അനില്‍ ബാനര്‍ജി ഒരു മൊബൈല്‍ നമ്പര്‍ തന്നു. അദ്ദേഹത്തിനു മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ സഹായിയും മുന്‍ഷിയുടെ വിഷ്വല്‍ എഡിറ്ററുമായ സിജോയുടെ നമ്പറാണു തന്നത്‌. പിറ്റേന്നു വീണ്ടും അനില്‍ ബാനര്‍ജി വിളിച്ചു.
"എന്നാണു റിസൈന്‍ ചെയ്യുന്നത്‌?"
"കോട്ടയം വരെയൊന്നു പോകണം. മറ്റു പ്രശ്‌നങ്ങളൊന്നുമില്ല.?"
എത്രയും പെട്ടെന്നു വേണം. നമുക്കു സമയം തീരെയില്ല!"
ഞാന്‍ വീണ്ടും ആവേശത്തിലായി. അനില്‍ ബാനര്‍ജി പറഞ്ഞിരുന്നതനുസരിച്ച്‌ ആ ദിവസങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ ഞാന്‍ രണ്ടു മൂന്നു വരികളിലാക്കി ചുരുക്കി എഴുതി അവയ്‌ക്ക്‌ കമന്റും ചമച്ച്‌ അന്നു രാത്രി പ്രഹ്‌ളാവിഷന്റെ ഇ- മെയില്‍ ഐഡിയിലേക്ക്‌ അയച്ചു. പിറ്റേന്നു രാവിലെ അനില്‍ ബാനര്‍ജി വീണ്ടും വിളിച്ചു.
"രാജേഷ്‌, അയച്ചിരുന്നവ നോക്കി. നമുക്ക്‌ അത്രക്കങ്ങു ഹാസ്യം കലര്‍ത്തേണ്ട, നേരേ വാര്‍ത്തയിലേക്കു കടക്കുകയാകും നന്ന്‌!"
പിറ്റേന്ന്‌ അങ്ങിനെ തയ്യാറാക്കി അയച്ചു.
"ഞാന്‍ നോക്കി രാജേഷ്‌. എത്രയും പെട്ടെന്നു വരിക, സമയമില്ലെന്ന കാര്യം ഓര്‍മയിലുണ്ടല്ലോ."
പിന്നെ ഞാന്‍ വൈകിയില്ല. കോട്ടയത്തെത്തി ന്യൂസ്‌ എഡിറ്ററെക്കണ്ട്‌ സന്തോഷത്തോടെ കാര്യം പറഞ്ഞു. "ആലോചിച്ചിട്ടാണല്ലോ അല്ലേ?"
"അതേ സര്‍... എനിക്കിനി ഇവിടെ കാര്യമായിട്ടൊന്നും ചെയ്യാനില്ലെന്നൊരു തോന്നല്‍. മാത്രമല്ല മാര്‍ക്കറ്റിങ്‌ വല്ലാതെ മടുപ്പിക്കുന്നുമുണ്ട്‌.!"
അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞില്ല. ഓഫിസിലെ ഒന്നുരണ്ടു സുഹൃത്തുക്കളെക്കൂടി കണ്ട്‌ യാത്ര പറഞ്ഞു. മാര്‍ച്ച്‌ മൂന്നിന്‌ പത്രസ്ഥാപനത്തിന്റെ പടിയിറങ്ങി.
ഇതിനിടയില്‍ തിരുവനന്തപുരത്തെ എന്റെ താമസസൗകര്യത്തെപ്പറ്റി ഞാന്‍ തിരക്കുന്നുണ്ടായിരുന്നു. ഓഫിസിനായി ഒരു വീടു നോക്കുന്നുണ്ടെന്നും പറ്റുമെങ്കില്‍ ഒരു രണ്ടു നില എടുക്കാമെന്നും എനിക്ക്‌ കുടുംബസമേതം മുകളില്‍ താമസിക്കാമെന്നും നിര്‍ദ്ദേശം വച്ചത്‌ അനില്‍ബാനര്‍ജിയാണ്‌. എനിക്കും അതായിരുന്നു താല്‍പര്യം. എന്നാല്‍ സൗകര്യപ്രദമായ വീടു കിട്ടിയില്ലെന്നും അതു സാരമാക്കാതെ ചെല്ലാനുമായിരുന്നു പിന്നീടുള്ള നിര്‍ദ്ദേശം.


അടുത്തത്‌ - മുന്‍ഷിയില്‍ പ്രശ്‌നങ്ങളിലേക്ക്‌.

Sunday, December 16, 2007

ഒരേ കടലോ, നാലു പെണ്ണുങ്ങളോ?

ഒരേ കടലോ, നാലു പെണ്ണുങ്ങളോ?

രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സംവിധായകര്‍ അണിനിരന്ന ഓപ്പണ്‍ ഫോറത്തില്‍ ഡെലിഗെറ്റ്‌സുകള്‍ ശക്തമായി പ്രതികരിക്കുകയായിരുന്നു, നാലുപെണ്ണുങ്ങള്‍ക്കെതിരെ. ഒരാള്‍ പറഞ്ഞത്‌ അടൂരിന്റെ നാലു പെണ്ണുങ്ങളൊക്കാള്‍ ഏറെ നന്നായത്‌ റോഷന്‍ ആന്‍ഡ്രൂസിന്റെ മൂന്നു പെണ്ണുങ്ങളാണെന്നാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്‍ എന്ന ചലച്ചിത്രപ്രതിഭയുടെ ഏറ്റവും മോശം വര്‍ക്കാണ്‌ നാലു പെണ്ണുങ്ങള്‍ എന്നാണ്‌ എന്റെയും അഭിപ്രായം. അടൂര്‍ എന്തു പടച്ചുവിട്ടാലും പൊക്കിക്കൊണ്ടുനടക്കാന്‍ നമുക്കു മടിയില്ലാത്തതാണ്‌ ഇതിനു കാരണം. മല്‍സരവിഭാഗത്തില്‍ നാലു പെണ്ണുങ്ങളോ പരദേശിയോ ആയിരുന്നില്ല, ഒരേ കടലും തകരച്ചെണ്ടയുമാണ്‌ വരേണ്ടിയിരുന്നതെന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്‌ അടൂരിനോടുള്ള സ്‌നേഹ ബഹുമാനം കൊണ്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നു!

ഓപ്പണ്‍ ഫോറത്തിന്റെ അവസാനം പ്രേക്ഷകവികാരത്തെപ്പറ്റി ഞാന്‍ സെലക്ഷന്‍ ജൂറി ചെയര്‍മാനായിരുന്ന കെ.ജി. ജോര്‍ജിനോടു ചോദിച്ചു. അദ്ദേഹം ന്യായീകരിക്കാന്‍ ശ്രമിച്ചതുമില്ല. പകരം പറഞ്ഞത്‌, തങ്ങളെ നിയമിച്ചതു സര്‍ക്കാരാണ്‌ തങ്ങള്‍ക്കു പല പരിമിതികളുമുണ്ട്‌ എന്നായിരുന്നു. ഡെലിഗേറ്റ്‌സിന്റെ പ്രതികരണത്തെ സാധൂകരിക്കുകയാണ്‌ ഇതിലൂടെ അദ്ദേഹം ചെയ്‌തത്‌. നാലു പെണ്ണുങ്ങളെ വിമര്‍ശിച്ച്‌ ഈ ലേഖകനോടു സംസാരിച്ചവര്‍ മേളയില്‍ ഏറെപ്പേരുണ്ട്‌. നാലു പെണ്ണുങ്ങള്‍ മോശം ചിത്രമാണെന്നു ഞാന്‍ ഹരിയുടെ ചിത്രവിശേഷത്തില്‍ കമന്റിയപ്പോള്‍ ഹരി അതിനെ എതിര്‍ത്തിരുന്നു. എന്തുകൊണ്ടാണു നാലു പെണ്ണുങ്ങള്‍ മോശമായത്‌?ക്രാഫ്‌റ്റ്‌ ആദ്യം നോക്കുക. ന്യൂവേവ്‌ സിനിമയുടെ കാലത്തോടെ ഉപേക്ഷിക്കപ്പെട്ട ചിത്രീകരണരീതിയാണ്‌ നാലു പെണ്ണുങ്ങളുടേത്‌‌. ക്യാമറ ഒരിടത്ത്‌‌ ഉറപ്പിച്ചു നിര്‍ത്തിയ ശേഷം കഥാപാത്രങ്ങള്‍ അതിനു മുന്നിലെത്തി അഭിനിയിക്കുന്ന സമ്പ്രദായം അസ്‌തമിച്ച ഒന്നാണ്‌. തകഴിയുടെ നാലു കഥകളെടുത്ത്‌‌ അതേപടി സിനിമയാക്കുമ്പോള്‍ കഥ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു എന്നതിനപ്പുറം സ്വതന്ത്രമായ ഒരു സിനിമയായി നില്‍ക്കാന്‍ അതിനു കഴിയുന്നില്ല. നാലു പെണ്ണുങ്ങളില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം പോലുമില്ലാതെ പോയത്‌ അതിനാലാണ്‌. തകഴിയുടെ നാലു കഥകള്‍ക്ക്‌ ഇന്നത്തെ സമൂഹത്തിലുള്ള പ്രസക്തി ചൂണ്ടിക്കാണിക്കാന്‍ സിനിമ എന്ന മാധ്യമത്തിന്റെ ആവശ്യമുണ്ടോ? അതിന്‌ ഒരു പത്രാധിപരോ നിരൂപകനോ മതി. (ഒരേ സ്വഭാവമുള്ള കഥകള്‍ സമാഹരിക്കപ്പെടുന്ന പുതിയ പ്രവണത ശ്രദ്ധിക്കുക.) കഥയെ സമാഹരിക്കുകയും ദൃശ്യവല്‍ക്കരിക്കുകയും ചെയ്‌തു എന്നതിനപ്പുറം ഈ സിനിമയില്‍ അടൂരിന്റേതായി എന്തു സംഭാവനയാണുള്ളത്‌?

ഇത്തവണത്തെ ചലച്ചിത്രമേളയില്‍ ആന്തോളജി എന്നൊരു വിഭാഗമുണ്ടായിരുന്നു. ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി പല സംവിധായകര്‍ എടുത്ത സിനിമകളുടെ സമാഹാരമായിരുന്നു അത്‌‌. ഒരു പ്രത്യേക വിഷയത്തെപ്പറ്റി മനപ്പൂര്‍വ്വമല്ലാതെ തകഴി രചിച്ച കഥകടുത്ത്‌ മനപ്പൂര്‍വ്വമായ ഒരു സിനിമ എടുക്കുക മാത്രമാണ്‌ അടൂര്‍ ചെയ്‌തത്‌.
ഹരി ചോദിച്ചിരുന്നു. ഈ സിനിമയില്‍ പറയുന്ന സ്‌ത്രീകഥാപാത്രങ്ങളുടെ അവസ്ഥക്ക്‌ ഇന്ന്‌ എന്തെങ്കിലും മാറ്റം വന്നിട്ടിട്ടുണ്ടോ എന്ന്‌. ഇല്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയാം. പക്ഷേ മാറ്റമുള്ള ഒരു സ്‌ത്രീസമൂഹം ഇവിടെ ഉണ്ടായിട്ടുണ്ട്‌. കേരളത്തിന്റെ പഴയ സാമൂഹ്യ പശ്ചാത്തലമാണിതെന്നും ഇതിനു മാറ്റം വന്നില്ലെന്നും മലയാളിയായ നമുക്കു മാത്രമേ പറയാന്‍ കഴിയൂ. സിനിമ കാണുന്ന ഒരു വിദേശിക്ക്‌ അതറിയില്ല. അവര്‍ കാണുന്നത്‌ ഇതു കേരളത്തിന്റെ പുതിയ സിനിമയായിട്ടാണ്‌. അവര്‍ മനസ്സിലാക്കുക നാം ഇപ്പോഴും ഈ മാടമ്പി യുഗത്തിലാണു കഴിയുന്നതെന്നായിരിക്കും. കഥ നടക്കുന്ന കാലമേതെന്ന്‌‌ ഒന്നെഴുതിക്കാണിക്കാന്‍ പോലും അടൂര്‍ തയാറായിട്ടില്ല. അങ്ങിനെ ചെയ്‌താല്‍ അടൂര്‍ സിനിമയ്‌ക്ക്‌ വിദേശത്ത്‌്‌ വലിയ പ്രിയമുണ്ടാകില്ല.

വിദേശ സിനിമകള്‍ നോക്കുക. അവര്‍ പഴയ കഥ പറഞ്ഞാല്‍ അതു ചരിത്രസംഭവമായിരിക്കും. കഴ്‌സ്‌ ഓഫ്‌ ദ ഗോള്‍ഡന്‍ ഫ്‌ളവര്‍ ഉദാഹരണം. പത്താം നൂറ്റാണ്ടിലെ താങ്‌്‌്‌ രാജവംശത്തിന്റെ കഥയാണിത്‌‌. നമ്മുടെ മേളകളിലെ റിട്രോസ്‌പെക്‌റ്റീവുകള്‍ ഒരു സംവിധായകന്‍ കാലത്തിനനുസരിച്ചു മാറുന്നതിന്റേയും രാജ്യത്തിനു സംഭവിക്കുന്ന മാറ്റത്തിന്റേയും കൂടി കാഴ്‌ചയാണു സമ്മാനിക്കുന്നത്‌‌. ഇത്തവണത്തെ മേളയില്‍ ജിറി മിന്‍സില്‍ പടങ്ങള്‍ മാത്രം ഉദാഹരണമായിട്ടെടുത്താല്‍ മതി. ഒരു പത്തു വര്‍ഷത്തിനു ശേഷം അടൂര്‍ ഗോപാലകൃഷ്‌‌ണന്‍ റിട്രോസ്‌പെക്ടീവ്‌ കാണാനിടയാകുമ്പോള്‍ അതില്‍ നാലു പെണ്ണുങ്ങള്‍ ഉള്‍പ്പെട്ടാല്‍ സ്വയംവരത്തില്‍ നിന്നുള്ള ഇതിന്റെ വ്യത്യാസം ബ്‌ളാക്‌ ആന്‍ഡ്‌‌ വൈറ്റില്‍ നിന്ന്‌ കളറിലേക്കുള്ള പരിണാമം മാത്രമായിരിക്കും. ഓരോ വിദേശ ചിത്രവും നാം കാണുന്നത്‌ കാലികമായിട്ടാണ്‌. ആ ചിത്രം പ്രതിനിധാനം ചെയ്യുന്ന നാടിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ വളര്‍ച്ചയും ഇന്നത്തെ അവസ്ഥയും മനസ്സിലാക്കാനാണ്‌. അബോര്‍ഷന്‍ നിരോധിച്ച നാട്ടില്‍ കൂട്ടുകാരിയുടെ അബോര്‍ഷനുവേണ്ടി പ്രയത്‌നിക്കുന്ന പെണ്‍കുട്ടിയുടെ കഥയ്‌ക്കു പ്രസക്തിയുണ്ടാകുന്നത്‌ അതിനാല്‍ മാത്രമാണ്‌ അല്ലങ്കില്‍ കൂടുതല്‍ പ്രസക്തമാകുക നമ്മുടെ നോട്ടുബുക്കാണ്‌. പഠിക്കാനായി ഉല്‍ക്കടമായി മോഹിച്ച്‌ കഷ്ടപ്പെട്ടു പണമുണ്ടാക്കി പോകുന്ന അഞ്ചു വയസുകാരിയെ യുദ്ധം കളിക്കുന്ന കുട്ടികള്‍ തടവിലാക്കുമ്പോള്‍ ബുദ്ധ കൊളാപ്‌സ്‌ഡ്‌ ഔട്ട്‌ ഓഫ്‌ ഷെയിം നമ്മോട്‌‌ എത്ര വാചാലമായിട്ടാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കുക.
ഗെറ്റിങ്‌ ഹോം പറയുന്നത്‌ ചൈനയുടെ ഇന്നത്തെ വികസിതരൂപത്തെപ്പറ്റിയാണ്‌. പക്ഷേ ബാഹ്യവികസനത്തിനിടയിലും മനുഷ്യന്‍ അനുഭവിക്കുന്ന ദുരിതവും കെടുതിയും ആ ചിത്രം കാട്ടിത്തരുന്നില്ല? ഒരു സിദ്ദീഖ്‌ ലാല്‍ ചിത്രം പോലെ ഒഴുക്കോടെയും നര്‍മം കലര്‍ത്തിയും പറയുന്ന ആ കഥയില്‍ യുക്തിക്കു സ്ഥാനമില്ലെന്നുകൂടി കാണുക. പക്ഷേ സമാനമായ ശൈലിയില്‍ മലയാളത്തില്‍ ഒരു പടം വന്നാല്‍ നാമതിനെ വാണിജ്യചിത്രമെന്നുപറഞ്ഞു തള്ളിക്കളയും. മലയാളത്തിന്റെ ലോക ക്‌ളാസിക്കുകള്‍ കണ്ടാണ്‌ വിദേശി ഇഴയുന്ന സിനിമ എടുക്കാന്‍ തുടങ്ങിയതെന്ന്‌‌ ഒരു സുഹൃത്ത്‌ മേളക്കിടയില്‍ പറയുകയുണ്ടായി.

ഫിലിപ്പീന്‍സിലെ ചേരിയുടെ കഷ്ടതകള്‍ പറഞ്ഞ കാസ്‌കറ്റ്‌ ഫോര്‍ ഹയറിന്‌ സമാനമായ മലയാള ചിത്രം തകരച്ചെണ്ടയല്ലേ? പാന്‍സ്‌ ലാബറിന്‍തിന്‌ ഒരു മമ്മി റിട്ടേണ്‍സ്‌‌ ചുവയുണ്ടെന്നു മറക്കരുത്‌.

ഒരേ കടലിന്റെ പ്രസക്തിയിവിടെയാണ്‌. ഇന്ത്യയുടെ മധ്യവര്‍ഗസമൂഹത്തിന്റെ മനസ്സാണ്‌ ആ കഥ. തൊഴില്‍ നഷ്ടപ്പെട്ടവന്റെ ദുരിതജീവിതവും ഉപരവര്‍ഗത്തിന്റെ അരാജകജീവിതവും ഒടുവില്‍ സ്‌നേഹത്തിന്റെ പരമമായ വിജയവുമെല്ലാം എത്രമനോഹരമായി ആ സിനിമ പറയുന്നു. അവാര്‍ഡിനയക്കുമ്പോള്‍ പാട്ടുസീനുകള്‍ വെട്ടിക്കളയുന്നവര്‍ക്കു മറുപടിയായി സംഗീതം ഇത്തരമൊരു ചിത്രത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നു ശ്യാമപ്രസാദ്‌ കാട്ടിത്തന്നു.എന്തായാലും രാജ്യാന്തര മേളയില്‍ ഒരേ കടല്‍ മല്‍സര വിഭാഗത്തില്‍ വരാതിരുന്നതു നന്നായി. അതുകൊണ്ട്‌ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡെങ്കിലും കിട്ടി. മല്‍സരവിഭാഗത്തിലായതിനാലാണ്‌ അവാര്‍ഡിതമാകാതെപോയതെന്ന്‌ അടൂരിന്റേയും കുഞ്ഞുമുഹമ്മദിന്റേയും വിധേയര്‍ക്കു ഭള്ളു പറയുകയും ചെയ്യാം.

Sunday, September 30, 2007

കേരളം ഉദ്യോഗസ്ഥരോടു ചെയ്യുന്നത്‌

രണ്ടായിരത്തിരണ്ടിലാണ്‌‌.
ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലേക്ക്‌ തലസ്ഥാനത്തു നിന്നു സ്റ്റേറ്റുകാറുകള്‍ പാഞ്ഞെത്തിയ കാലം. അവിടെ നിന്നു പതിമൂന്നു കിലോമീറ്റര്‍ കാട്ടുപാതയിലൂടെ കയറ്റംകയറി മതികെട്ടാനിലെത്താന്‍ സ്റ്റേറ്റുകാറുകള്‍ക്കാകുമായിരുന്നില്ല. ആയതിനാല്‍ സ്റ്റേറ്റുകാറുകളിലെത്തുന്നവര്‍ക്കായി ശാന്തന്‍പാറയിലെ ടാക്‌സി ജീപ്പുകാര്‍ കാത്തുകിടന്നു. വനം, പൊലീസ്‌, റവന്യു വകുപ്പുകളുടെ ജീപ്പുകള്‍ക്കൊപ്പം ശാന്തമ്പാറക്കാരുടെ വാഹനങ്ങള്‍ ടാക്‌സിയായി മതികെട്ടാന്‍ കയറി. നെടുങ്കണ്ടത്തുള്ള ഉടുമ്പഞ്ചോല താലൂക്ക്‌ ഓഫിസില്‍ നിന്ന്‌ ശാന്തമ്പാറ, പൂപ്പാറ വില്ലേജ്‌ ഓഫിസുകള്‍ വഴി ടാക്‌സിക്കാര്‍ക്കു വിളിവന്നു. ഒരു പോക്കിന്‌ കുറഞ്ഞ നിരക്ക്‌ 500 രൂപ. അന്ന്‌ റവന്യു മന്ത്രിയായിരുന്ന കെ.എം.മാണി മതികെട്ടാന്‍ മല കയറിയപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ഭരണസാരഥ്യമുള്ള ബാങ്കിന്റെ ഉടമസ്‌ഥതയിലുള്ള (ദോഷം പറയരുതല്ലോ, മതികെട്ടാനില്‍ ഉദാരമായി വായ്‌പ നല്‍കിയതിന്റെ ഈടായി ഇതേ ബാങ്കു സ്വീകരിച്ച ഹെക്‌ടറു കണക്കിനു ഭൂമി സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ച അതിരുകള്‍ക്കുള്ളിലുണ്ടായിരുന്നു!) അല്‍പം പോഷായ വാഹനമാണ്‌ ഉപയോഗിച്ചത്‌. മറ്റെല്ലാവര്‍ക്കും വാഹനങ്ങളൊരുക്കാന്‍ ഉടുമ്പഞ്ചോല താലൂക്കിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായിരുന്നു.
ആദ്യം, കൃത്യമായി പറഞ്ഞാല്‍ 2002ലെ വിഷുദിനത്തിന്റെ പിറ്റേന്ന്‌, ഏപ്രില്‍ 15ന്‌ അന്നത്തെ വനം മന്ത്രി കെ.സുധാകരന്‍ മതികെട്ടാന്‍മല കയറി. അദ്ദേഹത്തിനു വഴികാട്ടിയായി ദേവികുളം റേഞ്ച്‌ ഓഫിസര്‍ വി.കെ.ഫ്രാന്‍സിസ്‌, ആര്‍.ഡി.ഒ: ടി.ടി.ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു. മതികെട്ടാനിലെത്തിയ മന്ത്രി ആഞ്ഞടിച്ചത്‌ അന്നത്തെ ജില്ലാ കളക്‌ടറായിരുന്ന കെ.ജെ.മാത്യുവിനെതിരേയാണ്‌. ഒടുവില്‍ മാത്യുവിനെ സ്ഥലംമാറ്റി രാജന്‍ ഖൊബ്രഗഡെയെ കളക്‌ടറായി നിയമിച്ചു. പിന്നീട്‌ വിജിലന്‍സ്‌ അന്വേഷണത്തെതുടര്‍ന്ന്‌ മാത്യു സസ്‌പെന്‍ഡു ചെയ്യപ്പെട്ടു. എന്തായാലും മതികെട്ടാന്‍ കത്തിപ്പടര്‍ന്നു. ഒടുവില്‍ ഉടുമ്പഞ്ചോലയിലെ സകല റവന്യു ഉദ്യോഗസ്ഥരേയും കൂട്ടത്തോടെ സ്ഥലം മാറ്റി. മതികെട്ടാനില്‍ നിന്ന്‌ 100 കിലോമീറ്ററിലധികം അകലെയുള്ള വില്ലേജ്‌ ഓഫിസിലെ പ്യൂണിനുപോലും രക്ഷയുണ്ടായില്ല.
ഇത്രയുമായപ്പോള്‍ മറ്റു ചില ഭാഗങ്ങളില്‍ നിന്നു മുറുമുറുപ്പുയര്‍ന്നു. മതികെട്ടാന്‍ കയ്യേറ്റത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കുള്ളതുപോലെ പങ്ക്‌ വനംവകുപ്പുകാര്‍ക്കുമുണ്ട്‌. എന്തായാലും സംരക്ഷിക്കാവുന്നതിന്റെ പരമാവധി മന്ത്രി കെ.സുധാകരന്‍ പയറ്റിനോക്കി. ഒടുവില്‍ രക്ഷയില്ലാതെ വന്നപ്പോള്‍ ഏതാനും ജീവനക്കാര്‍ക്കെതിരേ നടപടി എടുത്തു. മതികെട്ടാന്‍ പ്രശ്‌നത്തിന്റെ പേരില്‍ വധഭീഷണിയുണ്ടെന്നു സര്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഔദ്യോഗിക റിവോള്‍വര്‍ വരെ ലഭിച്ച വി.കെ.ഫ്രാന്‍സിസും സസ്‌പെന്‍ഷന്‍ ലഭിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നു. അഞ്ചു വര്‍ഷത്തിനിപ്പുറം ഫ്രാന്‍സിസിന്റെ സസ്‌പെന്‍ഷനെപ്പറ്റി കെ.സുധാകരനോടു ചോദിക്കുക. എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ഫ്രാന്‍സിസിനേയും സസ്‌പെന്‍ഡു ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം കുറ്റക്കാരനാണെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നുമായിരിക്കും സുധാകരന്റെ മറുപടി.
മതികെട്ടാന്‍ നടപടിയെത്തുടര്‍ന്ന്‌ ഉടുമ്പഞ്ചോല താലൂക്കിലേക്കു മറുനാട്ടുകാരായ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ ഭരണസംവിധാനമപ്പാടെ താറുമാറായി. പല ഫയലുകളുടേയും കാര്യത്തില്‍ സഹായത്തിനായി മുമ്പ്‌ ഉടുമ്പഞ്ചോലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൂട്ടുപിടിക്കേണ്ടി വന്നു, പുതിയവര്‍ക്ക്‌.2007ല്‍ രംഗം മാറി. മൂന്നാറായി വിഷയം. കയ്യേറ്റം കാണാനായി മൂന്നാറിലെത്തിയ മന്ത്രിമാര്‍ ജില്ലാ കളക്‌ടര്‍ ടി.കെ.രാജപ്പനെതിരേ ആഞ്ഞടിച്ചു. ഫലം രാജപ്പന്‍ തെറിച്ചു, പകരം ശക്തരില്‍ ശക്തന്‍ രാജു നാരായണ സ്വാമി കുടിയിരുത്തപ്പെട്ടു. ഒപ്പം ദേവികുളം ഉടുമ്പഞ്ചോല താലൂക്കുകളിലെ മുഴുവന്‍ റവന്യു ജീവനക്കാരേയും കൂട്ടത്തോടെ സ്ഥലം മാറ്റി.സ്ഥലം മാറ്റപ്പെട്ടവര്‍ക്കൊപ്പം അന്ധനായ ഒരു ജീവനക്കാരനുമുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ രക്ഷിതാക്കള്‍ നഷ്‌ടപ്പെട്ട്‌ സര്‍ക്കാര്‍ ദത്തുപുത്രിയായി പ്രഖ്യാപിച്ചു ജോലി നല്‍കിയ പെണ്‍കുട്ടിയുമുണ്ടായിരുന്നു. മൂന്നാര്‍ വിവാദം കത്തിപ്പടരുമ്പോള്‍ ആ ഉദ്യോഗസ്ഥ പ്രസവക്കിടക്കയിലായിരുന്നെന്നതാണു വിരോധാഭാസം. ഏതാനും ആഴ്‌ചകള്‍ ഈ താലൂക്കുകളില്‍ പ്രവര്‍ത്തനമേ നടന്നില്ല. ഒരുതരം ശ്‌മശാനമൂകത.
മതികെട്ടാനിലും മൂന്നാറിലും നടപടി റവന്യു ജീവനക്കാര്‍ക്കെതിരേ മാത്രമായിരുന്നു. അനധികൃതമെന്നു സര്‍ക്കാര്‍ കണ്ടെത്തിയ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നിര്‍മാണാനുമതി നല്‍കിയ, അവയ്‌ക്കു നമ്പര്‍ ഇട്ടുകൊടുത്ത തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരേയോ ഭരണാധികാരികള്‍ക്കെതിരേയോ നടപടികളുണ്ടായില്ല. ആരെയെങ്കിലും പഴിചാരി മുഖം രക്ഷിക്കുക എന്നതിലുപരി യഥാര്‍ഥ തെറ്റുകാരെ കണ്ടെത്തി ശിക്ഷിക്കാന്‍ നമ്മുടെ അധികാരികള്‍ തയ്യാറല്ലെന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്‌ ഈ രണ്ടു സംഭവങ്ങള്‍.
ഇനി സമീപകാല ചരിത്രം. മൂന്നാറില്‍ നിന്നുതന്നെ തുടങ്ങാം. അവിടെ സര്‍ക്കാരിന്‌ അന്യാധീനപ്പെട്ട 11,000 ഏക്കര്‍ ഭൂമി ഇതുവരെ തിരിച്ചുപിടിക്കാനായിട്ടില്ലെന്നതാണു വാസ്‌തവം. അതിനായി നിയോഗിക്കപ്പെട്ട മൂന്നംഗ ദൗത്യസംഘം നയിക്കപ്പെട്ടത്‌ മറ്റു ചില ലാവണങ്ങളിലേക്കായിരുന്നു. പൂച്ചകള്‍ക്കു മണികെട്ടാന്‍ ഇറങ്ങിത്തിരിച്ച എലികള്‍ ഒളിപ്പിച്ചുവച്ച കെണികളിലേക്ക്‌. അതിലൊന്നായിരുന്നു ധന്യശ്രീ യാത്രിനിവാസ്‌. മൂന്നാര്‍ മിഷന്റെ ശവപ്പെട്ടിയില്‍ ആദ്യ ആണി തറച്ചത്‌ അവിടെ നിന്നാണ്‌. അങ്ങിനെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്ന്‌ രവീന്ദ്രന്‍ എന്നൊരു വില്ലന്‍താരം ഉദിച്ചുയര്‍ന്നു. ദേവികുളം അഡീഷണല്‍ തഹസില്‍ദാരായിരുന്ന എം.ഐ.രവീന്ദ്രന്റെ സര്‍വീസ്‌ കാലാവധി കഴിഞ്ഞിരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ പോലുള്ള നാടകങ്ങള്‍ ഉണ്ടായില്ല. പക്ഷേ, രവീന്ദ്രനു പട്ടയം നല്‍കാന്‍ അധികാരം നല്‍കിയ ഉദ്യോഗസ്ഥരെപ്പറ്റി ആരുമൊന്നും മിണ്ടിക്കേട്ടതേയില്ല.
മൂന്നാറിന്റെ കാര്യത്തില്‍ മാത്രമല്ല, മതികെട്ടാനിലും ഇതുതന്നെയായിരുന്നു സംഭവിച്ചത്‌. വര്‍ഷങ്ങളായി കയ്യേറ്റത്തിന്‌ ഒത്താശ ചെയ്‌തിരുന്നവരെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല. അവരൊക്കെ ക്ലീന്‍ ഇമേജില്‍ മുങ്ങി നടന്നു. വിവാദത്തിനു തൊട്ടുമുമ്പെത്തിയവര്‍ക്കാകട്ടെ തട്ടുകിട്ടുകയും ചെയ്‌തു.
മൂന്നാറിന്റെ ബലിയാടുകളും മൂന്നുപേരായിരുന്നു. കെ.സുരേഷ്‌കുമാര്‍, ഋഷിരാജ്‌ സിങ്‌, രാജു നാരായണസ്വാമി എന്നിവര്‍. ആദ്യം സുരേഷ്‌കുമാറിനെ ഒതുക്കി. തനിക്കു പകര്‍ന്നു കിട്ടിയ അധികാരങ്ങളില്‍ അമിത ആത്മവിശ്വാസമര്‍പ്പിച്ച്‌ മാധ്യമങ്ങളില്‍ മെഗാസ്റ്റാറായി നിറഞ്ഞു നിന്ന സുരേഷ്‌കുമാറിനെ കാത്തിരുന്നത്‌ സുരേഷ്‌ഗോപിയുടെ വിധിയായിരുന്നു. തിളങ്ങിനില്‍ക്കെ ഒരു ഉരുണ്ടുവീഴല്‍. പക്ഷേ സ്വന്തം കഴിവുകൊണ്ടു മുഖം രക്ഷിക്കാന്‍ സുരേഷ്‌കുമാറിനു കഴിഞ്ഞു. കാര്യങ്ങള്‍ തന്റെ കൈവിട്ടുപോകുകയാണെന്നു കണ്ട സുരേഷ്‌കുമാര്‍ ഒട്ടും മടിക്കാതെ അവധിയില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ക്കു വഴങ്ങാതിരുന്ന സുരേഷ്‌കുമാറിന്‌ ഇപ്പോള്‍ സര്‍ക്കാരിന സേവിക്കാതെതന്നെ വേതനം വാങ്ങാന്‍ അവസരമൊരുക്കി കൊടുത്തിരിക്കുകയാണ്‌. വെറുതേ വീട്ടിലിരിക്കുക, മൂന്നോ നാലോ മാസം കൂടുമ്പോള്‍ ദേവികുളം സബ്‌ട്രഷറിയിലെത്തി ശമ്പളം ഒന്നിച്ചു കൈപ്പറ്റുക. ഇനി കോടതിയലക്ഷ്യത്തിന്റെ പേരില്‍ കൂട്ടില്‍കയറി നില്‍ക്കാനായി ഇടയ്‌ക്കൊക്കെ എറണാകുളം വരെ പോകുകയുമാകാം. സര്‍ക്കാരിനുവേണ്ടി ശക്തമായ നടപടികളെടുത്ത ഒരു ഉദ്യോഗസ്ഥന്‌ ഇതില്‍കൂടുതല്‍ എന്തു പാരിതോഷികമാണു സര്‍ക്കാര്‍ നല്‍കേണ്ടത്‌.
ഐ.ജി.ഋഷിരാജ്‌ സിങ്ങാകട്ടെ ആരേയും പിണക്കിയില്ല. ആകെപ്പാടെ പിണക്കിയത്‌ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ഒരു ഉന്നതനെ മാത്രം. അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടുവന്നപ്പോഴേക്കും സമയം നല്ലതായിരുന്നതിനാല്‍ ഋഷിരാജ്‌ സിങ്‌ രക്ഷപ്പെട്ടു. പിന്നെ മൂന്നാര്‍. അവിടെയും തന്റെ വിധി മറ്റൊന്നാകില്ലെന്നു കണ്ട സിങ്‌ മകന്റെ പഠനകാര്യത്തിനായി വിദേശത്തേക്കു പറന്നു. കര്‍മനിരതരായ ഉദ്യോഗസ്ഥര്‍ക്ക്‌ അതിലും പ്രധാനമാകണമല്ലോ കുടുംബകാര്യങ്ങള്‍. പിതാവിന്റെ കടമ കഴിഞ്ഞുമാത്രം മതി സര്‍ക്കാരിനോടുള്ള കൂറും ജനത്തോടുള്ള കര്‍ത്തവ്യനിര്‍വ്വഹണവും എന്നു ഋഷിരാജ്‌ സിങ്‌ ആദ്യം തന്നെ തിരിച്ചറിഞ്ഞു.
അവസാനം കഷ്‌ടത്തിലായത്‌ ജില്ലാ കളക്‌ടര്‍ രാജു നാരായണസ്വാമിയാണ്‌. കൂട്ടുകാര്‍ രണ്ടുപേരും സ്വയമറിഞ്ഞു പിന്‍വാങ്ങിയിട്ടും വെറുതേ പുലിവാലുപിടിക്കാന്‍ ഇടുക്കിക്കാടിനുള്ളില്‍ അട്ടിപ്പേറു കിടന്ന സ്വാമിക്ക്‌ കഴിവുകെട്ടവനെന്ന പേരും മുഖ്യമന്ത്രി പതിച്ചുകൊടുത്തു. മൂന്നാറിലെ നടപടികള്‍ക്കിടയില്‍തന്നെ സ്വാമിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്‌.അന്നൊക്കെ പരുക്കേല്‍ക്കാതെ രക്ഷപെട്ട സ്വാമി വെറുതേ കുരുവിളക്കിട്ടും ജോസഫിനിട്ടും ചൊറിഞ്ഞുതുടങ്ങിയതാണ്‌ വിനയായത്‌. ഇടതുമുന്നണിയില്‍ സി.പി.ഐയെപ്പോലും കടത്തിവെട്ടി സ്വാധീനശക്തിയായി മാറുന്ന കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിനെ മനസ്സിലാക്കാന്‍ സാത്വികനായ സ്വാമിക്കു കഴിയാതെപോയി. ഇടുക്കി ജില്ലയില്‍ കൂടുതല്‍ മികച്ച ഒരു കളക്‌ടര്‍ വേണമെന്ന മുന്നണിയുടെ തീരുമാനമാണ്‌ സ്വാമിയെ തെറിപ്പിച്ചത്‌.
പകരം വന്ന കലക്‌ടറുടെ കഴിവിനെപ്പറ്റി അധികമാരും കേട്ടറിഞ്ഞിട്ടില്ലാത്തതിനാല്‍ കണ്ടറിയാമെന്നു വച്ചപ്പോള്‍ ദാ വരുന്നു അടുത്ത കമന്റ്‌. അശോക്‌ കുമാര്‍ സിങ്ങിനെ നിയമിക്കുന്നതു താല്‍ക്കാലികമാണ്‌. അതായത്‌ കഴിവുള്ള ഒരാളെ കണ്ടെത്തുംവരെമാത്രം നിയമനം. അശോക്‌ കുമാര്‍ സിങ്ങും കഴിവുകെട്ടവനാണെന്നു വ്യംഗ്യം. എങ്കില്‍പിന്നെ സ്വാമിയെ തിരക്കിട്ടു മാറ്റണമായിരുന്നോ എന്നൊരു ചോദ്യം അവശേഷിക്കുന്നു.
ഇതിനിടയിലാണ്‌ മെര്‍ക്കിന്‍സ്റ്റണ്‍ ഇടപാടു വന്നത്‌. നമ്മുടെ സംസ്ഥാനത്തെ ജീവനക്കാരെല്ലാം കഴിവുകെട്ടവരും അശ്രദ്ധയോടെ ജോലിചെയ്യുന്നവരും ഒക്കെയാണെന്നു സര്‍ക്കാരിനു മനസ്സിലായത്‌ ഈ സംഭവത്തോടെയാണ്‌. തനിക്കൊരു നോട്ടപ്പിശകു പറ്റിയെന്നു സാക്ഷാല്‍ മന്ത്രി സമ്മതിച്ചിട്ടും അതു സമ്മതിക്കാന്‍ തലയില്‍ മുടിയുള്ളയാളും മുടിയല്ലാത്ത ആളുമൊന്നും തയ്യാറായില്ല. കുറ്റം ഉദ്യോഗസ്ഥരുടേതുമാത്രം. സസ്‌പെന്‍ഷന്‍ കിട്ടിയ വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ ഒടുവില്‍ നീതിതേടി കോടതിയിലെത്തി.
എന്തായാലും ചീഫ്‌സെക്രട്ടറി അഭിമാനിയാണെന്നു തെളിയിക്കാന്‍ ഇത്‌ ഉപകരിച്ചു. സര്‍ക്കാര്‍ അത്രക്കങ്ങു പ്രതീക്ഷിച്ചില്ല. ചീഫ്‌ സെക്രട്ടറിക്കു പിഴവുപറ്റിയെന്നു പറഞ്ഞാലുടന്‍ ഇപ്പോഴത്തെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച്‌ അവര്‍ മാജിക്കു പഠിക്കാന്‍ പോകുമെന്ന്‌ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. ഒടുവില്‍ സാക്ഷാല്‍ മുഖ്യമന്ത്രി നേരിട്ടെത്തി സ്വയം വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്നഭ്യര്‍ഥിച്ചു. അത്‌ ഫലിച്ചുവെന്നുകരുതിയവര്‍ക്കും ഒടുവില്‍ തെറ്റി.
ശരിക്കും കേരളത്തിലെന്താണു സംഭവിക്കുന്നത്‌. ജനാധിപത്യത്തിന്റെ നാലു നെടുന്തൂണുകളിലൊന്നാണ്‌ ബ്യൂറോക്രസി. ആ തൂണിനു ചിതലുപിടച്ചതാണോ നാം കാണുന്നത്‌. അതോ ചിതലരിക്കുന്ന മറ്റൊരു തൂണായ ലെജിസ്ലേറ്ററി തന്റെ പാപഭാരങ്ങളത്രയും ബ്യൂറോക്രസിയുടെയും ഭാഗികമായി മാധ്യമങ്ങളുടേയും തലയില്‍ ചാരിവച്ച്‌ നിവര്‍ന്നു നില്‍ക്കാന്‍ നടത്തുന്ന വിഫലശ്രമമോ. എന്തായാലും മറ്റൊരു തൂണായ ജുഡീഷ്യറിയുടെ ബലത്തിലാണ്‌ ഇപ്പോള്‍ ഈ മേല്‍ക്കൂര വീഴാതെ നില്‍ക്കുന്നത്‌.ഇതിനിടയില്‍ ഡമോക്രസിയെപ്പറ്റി പലരും പലതും പറയുന്നുണ്ട്‌. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ സേവനത്തില്‍ വോട്ടര്‍മാര്‍ക്കു സംതൃപ്‌തിയില്ലെങ്കില്‍ അവരെ തിരിച്ചു ജനങ്ങള്‍ക്ക്‌ വിളിക്കാന്‍ അധികാരം നല്‍കണമെന്ന്‌ തിരുവനന്തപുരത്തെത്തി പ്രസംഗിച്ചത്‌ ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയാണ്‌. എണ്‍പതു വയസ്സുകഴിഞ്ഞ രാഷ്‌ട്രീയക്കാര്‍ സ്വയം വിരമിക്കണമെന്നു മുമ്പൊരിക്കല്‍ പറഞ്ഞത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റാകാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന വക്കം പുരുഷോത്തമനാണ്‌. എന്തായാലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളതുപോലെ, രാജിവയ്‌ക്കലല്ലാതെ സ്വയം വിരമിക്കാന്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ മുഖ്യമന്ത്രി ഉള്‍പ്പെടെ പല നേതാക്കളും പണ്ടേ വിരമിക്കുമായിരുന്നു!

Monday, September 17, 2007

മെഡിക്കല്‍ കോളജ്‌ അനുഭവങ്ങള്‍

പ്രിയരെ കേരള കൗമുദി പത്രം സിറ്റിസണ്‍ ജേര്‍ണലിസം എന്ന വിഭാഗത്തില്‍പെടുത്തി ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച എന്റെ രോഗിക്കു മാത്രമോ രോഗം എന്ന പരമ്പരയുടെ പൂര്‍ണരൂപം ഇതോടൊപ്പം പോസ്‌റ്റുന്നു. വായിക്കുക, പ്രതികരിക്കുക...

ഒരു ബൈസ്റ്റാന്‍ഡറുടെ മെഡിക്കല്‍ കോളജ്‌ അനുഭവങ്ങള്

ഇതൊരു കഥയല്ല, നടന്ന സംഭവങ്ങള്‍ മാത്രമാണ്‌. കഴിഞ്ഞ ജൂലൈ പത്തു മുതല്‍ ഓഗസ്റ്റ്‌ എട്ടു വരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാണ്‌ ഈ അനുഭവങ്ങള്‍ ഉണ്ടാകുന്നത്‌. ഇതിലും വലിയ അനുഭവങ്ങള്‍ വേറേ പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നുറപ്പ്‌! അത്തരം ചിലരേയും മെഡിക്കല്‍ കോളജില്‍ കാണാന്‍ കഴിഞ്ഞതിനാലാണ്‌ ഇതു പകര്‍ത്തുന്നത്‌‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഗസറ്റഡ്‌ റാങ്കില്‍ ജോലി ചെയ്യുന്ന എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു അവിടെ വഴികാട്ടി. മെഡിക്കല്‍കോളജ്‌ അനുഭവങ്ങള്‍ കേവലം ഒരു മാസം മാത്രമായി ഒതുങ്ങിയതിന്റെ കാരണക്കാരന്‍ ആ സുഹൃത്തായിരുന്നെന്ന കാര്യം നന്ദിപൂര്‍വ്വം സ്‌മരിക്കട്ടെ!
ഇടുക്കി ജില്ലയില്‍ നിന്ന്‌ അഞ്ചുമാസം മുമ്പാണ്‌ ഞാന്‍ തിരുവനന്തപുരത്തു വാടകയ്‌ക്കു താമസിക്കാനെത്തുന്നത്‌. ഇതിനിടയില്‍ അച്ഛന്റെ ശ്വാസകോശത്തില്‍ രൂപപ്പെട്ടുവരുന്ന മുഴ കണ്ടെത്തി വിദഗ്‌ദ്ധ പരിശോധനക്കായി മെഡിക്കല്‍ കോളജിലേക്കു റെഫര്‍ ചെയ്‌തത്‌ നാട്ടിലെ ഡോക്‌ടറാണ്‌. അടിയന്തരമായി ബയോപ്‌സി എടുക്കണം. രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഞാന്‍ അച്ഛനെ മെഡിക്കല്‍ കോളജില്‍ ചികില്‍സിക്കാന്‍ തീരുമാനിച്ചു. സുഹൃത്തിന്റെ സഹായത്തോടെ ജൂലെ പത്ത്‌ ചൊവ്വാഴ്‌ച മെഡിക്കല്‍ കോളജിലെ ബി തിയേറ്ററിനു മുന്നില്‍ വച്ച്‌ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി വിഭാഗം തലവനെ എക്‌സ്‌റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ കാണിച്ചു. ബയോപ്‌സി എടുക്കണം, വ്യാഴാഴ്‌ച ഒ.പിയില്‍ എത്താനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
ജൂലൈ 12, വ്യാഴം.
കൃത്യം 11 മണിക്ക്‌ ഒ.പിയില്‍ ഡോക്‌ടര്‍മാരെത്തി. ചീട്ടെടുത്ത്‌ ക്യൂവില്‍ നിന്ന്‌ ഡ്യൂട്ടിയിലുള്ള ഡോക്‌ടറെ കണ്ടു.
"ശ്വാസകോശത്തിന്റെ താഴ്‌ഭാഗത്താണു മുഴ. നീഡില്‍ ബയോപ്‌സി എടുക്കാം." അദ്ദേഹം ഒ.പി.ടിക്കറ്റില്‍ കുറിച്ചുതന്ന നിര്‍ദ്ദേശവുമായി സ്‌കാനിങ്‌ സെക്ഷനിലെത്തി. സെക്യൂരിറ്റിയോട്‌ അന്വേഷിച്ചപ്പോള്‍ നിശ്‌ചിതഫോമില്‍ ഡോക്‌ടറില്‍ നിന്ന്‌ എഴുതിവാങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. തിരിച്ചുചെന്ന്‌ ഡോക്‌ടറെ കണ്ടു. "എഴുതിത്തരാന്‍ വിരോധമുണ്ടായിട്ടല്ല, നീഡില്‍ ബയോപ്‌സി എടുക്കാനാകുമോ എന്നു ചോദിക്കുക, വെറുതേ മനുഷ്യരെ മിനക്കെടുത്തരുതെന്നു പറയണം. എത്രയും പെട്ടെന്ന്‌ ഒരു തിയതി നല്‍കണമെന്നും എഴുതിയിട്ടുണ്ട്‌."
ഡോക്‌ടര്‍ പൂരിപ്പിച്ചുതന്ന ഫോമുമായി ചെന്ന്‌ സുഹൃത്തിന്റെ സഹായത്തോടെ റേഡിയോളജിവിഭാഗം തലവനെ റിസല്‍ട്ടുകള്‍ കാണിച്ചു. അതു വിശദമായി പരിശോധിച്ച അദ്ദേഹം പറഞ്ഞു-
"കോംപ്ലിക്കേഷനാണ്‌, നീഡില്‍ ബയോപ്‌സി വേണോ എന്നു ഡോക്‌ടറോട്‌ ഒന്നുകൂടി ചോദിച്ചശേഷം നാളെ വരിക."
സുഹൃത്തിനേയും കൂട്ടി വീണ്ടും ആദ്യ ഡോക്‌ടറുടെ അടുക്കല്‍. "കോംപ്ലിക്കേഷനൊന്നും സാരമില്ലെന്നു പറയുക, ഞങ്ങളൊക്കെ ഇവിടില്ലേ!"
എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പുറത്തെവിടെയെങ്കിലും എടുക്കാമെന്ന എന്റെ നിര്‍ദ്ദേശത്തെ അദ്ദേഹം അനുകൂലിച്ചില്ല. അതിനൊക്കെ വലിയ ചിലവു വരും അത്രയും വേണോ എന്നായിരുന്നു ചോദ്യം.
പിറ്റേന്ന്‌ ബയോപ്‌സി എടുക്കാനാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അച്ഛനേയും കൂട്ടി വീണ്ടും റേഡിയോളജി വിഭാഗത്തിലെത്തി. വകുപ്പധ്യക്ഷന്‍ സ്‌കാനിങ്ങിലെ ഡോക്‌ടറെ വിളിക്കാന്‍ എന്നോടു പറഞ്ഞു. തുടര്‍ന്ന്‌ മുറിയിലെത്തിയ ഡ്യൂട്ടി ഡോക്‌ടറുമായി അദ്ദേഹം എന്തോ സംസാരിച്ചു. ഡോക്‌ടര്‍ പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അകത്തു ചെന്നു. "നീഡില്‍ ബയോപ്‌സി എടുക്കാനാകില്ലെന്നാണ്‌ ഡോക്‌ടര്‍ പറയുന്നത്‌. എനിക്കിതില്‍ ഒന്നും ചെയ്യാനാകില്ല!"
ഡോക്‌ടറുടെ മറുപടിയെതുടര്‍ന്ന്‌ തിരക്കുള്ള സുഹൃത്തിനെ വീണ്ടും ശല്യപ്പെടുത്തി വിളിച്ചുകൊണ്ട്‌ ഞാന്‍ തൊറാസിക്‌ സര്‍ജറിയിലെത്തി.
"എങ്കില്‍പിന്നെ സര്‍ജറി തന്നെ നടത്താം. തിങ്കളാഴ്‌ച അഡ്‌മിറ്റാകാന്‍ തയ്യാറായി വന്നോളൂ."
തിങ്കളാഴ്‌ച അഡ്‌മിറ്റായാല്‍ രണ്ടു ദിവസത്തിനകം സര്‍ജറി എന്നതായിരുന്നു എന്റെ പ്രതീക്ഷ. കൂടിവന്നാല്‍ പത്തുദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവരും. വാര്‍ഡുകളില്‍ പലയിടത്തും പനിബാധിതര്‍ തിങ്ങി നിറഞ്ഞതിനാല്‍ കിടപ്പു ബുദ്ധിമുട്ടാകുമെന്നു മനസ്സിലാക്കിയ ഞാന്‍ പേവാര്‍ഡ്‌ ബുക്കു ചെയ്യാന്‍ തീരുമാനിച്ചു.
വെള്ളിയാഴ്‌ച തന്നെ മൂന്നു ദിവസത്തെ വാടക നല്‍കി ദിവസം 190 രൂപ വാടക വരുന്ന മുറി ബുക്കു ചെയ്‌തു. കിട്ടാന്‍ എളുപ്പം ഈ പേവാര്‍ഡാണെന്ന ഉപദേശത്തെ തുടര്‍ന്നായിരുന്നു ഇത്‌. എന്തായാലും തിങ്കളാഴ്‌ച കെ.എച്ച്‌.ആര്‍.ഡബ്ല്യു. സൊസൈറ്റിവക ഡീലക്‌സ്‌ പേവാര്‍ഡില്‍ മുറി അനുവദിച്ചുകിട്ടി. പത്തു ദിവസത്തേക്കുള്ള വാടകയും മുന്‍കൂറായി അടച്ചു.
വിശദമായ കേസ്‌ ഷീറ്റ്‌ തയ്യാറാക്കിയശേഷം ഡോക്‌ടര്‍ പി.എഫ്‌.ടി. എന്ന ടെസ്റ്റിനു കുറിച്ചുതന്നു. ചൊവ്വാഴ്‌ചതന്നെ സര്‍ജറി നടത്താനാകുമോ എന്ന എന്റെ സംശയത്തിന്‌ ഒന്നു രണ്ടു ടെസ്‌റ്റുകളുണ്ട്‌. അവ കഴിഞ്ഞാല്‍ ഉടന്‍ നടത്താം എന്നായിരുന്നു മറുപടി. സമയം ഒരു മണിയോടടുക്കുന്നു, വേഗം ചെന്നാല്‍ പി.എഫ്‌.ടി. നടത്താമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ പി.എഫ്‌.ടി. ടെസ്റ്റു നടത്തുന്നിടത്തു ഡോക്‌ടറുടെ കുറിപ്പുമായി എത്തിയ എന്നോട്‌ കഫപരിശോധനയുടെ റിസല്‍ട്ട്‌ ആവശ്യപ്പെട്ടു. കഫപരിശോധന നടത്തിയിട്ടില്ലെന്നും രക്തം പരിശോധിച്ച്‌ ടി.ബിയില്ലെന്ന്‌ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും വിശദീകരിച്ച ഞാന്‍ നാട്ടിലെ ഡോക്‌ടറുടെ കത്തും കാണിച്ചു. പക്ഷേ പി.എഫ്‌.ടി. നടത്തണമെങ്കില്‍ മൂന്നു ദിവസം കഫപരിശോധന നടത്തിയേ പറ്റൂ എന്നായിരുന്നു പരിശോധകന്റെ ഉപദേശം!
അങ്ങിനെ പേവാര്‍ഡിലെ സി-ത്രി (303) നമ്പര്‍ മുറിയില്‍ അച്ഛന്‍ അന്തേവാസിയായി. ഒന്നുരണ്ടു രക്തപരിശോധനകളുള്ളത്‌ അന്നു തന്നെ നടത്തി. ചൊവ്വയും ബുധനും കഫപരിശോധനയുടെ മാത്രം ദിവസങ്ങളായിരുന്നു. മറ്റൊരു പരിശോധനയുമില്ല. ഡോക്‌ടര്‍മാരോ സിസ്റ്റര്‍മാരോ മുറിയിലേക്കു വന്നതുപോലുമില്ല!
ബുധനാഴ്‌ച പന്ത്രണ്ടു മണിയോടെ കഫപരിശോധനാ റിപ്പോര്‍ട്ടു ലഭിച്ചു. അതുമായി വീണ്ടും പി.എഫ്‌.ടിക്ക്‌. അവിടെ പേര്‍ രജിസ്റ്റര്‍ ചെയ്‌തു. ഒരു പേപ്പറില്‍ പരിശോധകന്‍ കുറിച്ചുതന്ന സാധനം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്ത ടെലഫോണ്‍ ബൂത്തില്‍ നിന്ന്‌ ഞാന്‍ പത്തു രൂപ കൊടുത്തു വാങ്ങി. ഊതാനുള്ള ഒരു പേപ്പര്‍കുഴലായിരുന്നു അത്‌. കഷ്‌ടി രണ്ടര ഇഞ്ച്‌ നീളവും അത്രതന്നെ വ്യാസവും ഉള്ള ഒന്ന്‌!
സര്‍ജറിയുടെ ദിവസം നിശ്‌ചയിച്ചുകിട്ടുന്നതിനായി സുഹൃത്തിനേയും കൂട്ടി ഞാന്‍ തൊറാസിക്‌ വിഭാഗം തലവനെ അന്നു വൈകിട്ടു വീട്ടില്‍പോയി കണ്ടു. ഡോക്‌ടര്‍മാരെ വീട്ടില്‍പോയി കണ്ട്‌ പണം നല്‍കിയാല്‍ മാത്രമേ സമയത്തു കാര്യം വേണ്ടവിധം നടക്കുകയുള്ളുവെന്ന്‌ സമീപ മുറികളിലുണ്ടായിരുന്ന അനുഭവസ്ഥര്‍ പറഞ്ഞിരുന്നു! എന്നാല്‍ പണം നല്‍കാനുള്ള എന്റെ ആഗ്രഹം അദ്ദേഹം അനുവദിച്ചില്ല. സര്‍ജറി സംബന്ധിച്ച അനിശ്‌ചിതാവസ്ഥ നീളുന്നതിനാല്‍ എത്രയും പെട്ടെന്ന്‌ ആശുപത്രിയില്‍ നിന്നു രക്ഷപ്പെടാന്‍ എന്തും ചെയ്യാന്‍ ഞാന്‍ അപ്പോഴേക്കും സജ്ജനായിരുന്നു. സര്‍ജറി നടത്താന്‍ ചൊവ്വാഴ്‌ച വരെ കാത്തിരിക്കേണ്ടി വരുമെന്ന കാര്യം അപ്പോഴാണ്‌ ഡോക്‌ടര്‍ പറയുന്നത്‌. ടെസ്റ്റുകള്‍ എല്ലാം നടത്തിയ കാര്യം പറഞ്ഞപ്പോള്‍ സര്‍ജറിക്കു ടേബിള്‍ കിട്ടണമെങ്കില്‍ ചൊവ്വാഴ്‌ച വരെ കാക്കണമെന്നും അതിനുമുമ്പ്‌ സാധ്യമായാല്‍ പറയാമെന്നും അറിയിച്ച്‌ ഡോക്‌ടര്‍ ഞങ്ങളെ തിരിച്ചയച്ചു.
പിറ്റേന്ന്‌ ആദ്യം ഹൃദ്രോഗവിഭാഗത്തിലെത്തി അച്ഛനെ പരിശോധിപ്പിച്ചു. ശേഷം സുഹൃത്തിന്റെ സഹായത്തോടെ അനസ്‌തേഷ്യ ക്ലിനിക്കിലെത്തി. അനസ്‌തേഷ്യ സ്വീകരിക്കാന്‍ രോഗി സജ്ജനാണെന്ന്‌ കേസ്‌ ഷീറ്റില്‍ എഴുതിക്കിട്ടി. മുന്‍വരിയില്‍ ഇളകി നില്‍ക്കുന്ന ഒരു പല്ല്‌ നീക്കം ചെയ്യണമെന്ന്‌ അനസ്‌ത്യേഷ്യയിലെ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളജിലെ ദന്തവിഭാഗത്തില്‍ പല്ലു പറിക്കണമെങ്കില്‍ പിറ്റേന്നു വരെ വീണ്ടും കാക്കണം. സര്‍ജറി പിന്നെയും നീളാന്‍ അതു വഴിയൊരുക്കിയെങ്കിലോ എന്ന ഭയത്താല്‍, അച്ഛനെ സ്വമേധയാ പല്ലെടുക്കാന്‍ പുറത്തു കൊണ്ടുപോകുന്നുവെന്ന്‌ കേസ്‌ ഷീറ്റില്‍ എഴുതിവച്ച്‌ പുറത്ത്‌ ഒരു ദന്താശുപത്രിയിലെത്തി പല്ലെടുപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം അന്നാണ്‌ ഡോക്‌ടര്‍മാര്‍ അച്ഛന്റെ മുറിയിലെത്തുന്നത്‌.
അപ്പോഴേക്കും സമീപത്തെ മുറിയിലുള്ള ചില രോഗികളെ സര്‍ജറിക്കു കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും അവരുടെ വേദനയുമെല്ലാം കണ്ട്‌ അച്ഛന്റെ മനസ്സ്‌ ശസ്‌ത്രക്രിയയെ നേരിടാന്‍ പാകപ്പെട്ടു തുടങ്ങിയിരുന്നു. പിന്നെ മൂന്നു ദിവസം ആശുപത്രിയില്‍ വെറുതേ വാസമായിരുന്നു. ദിവസം 190 രൂപ വീതം വാടക നല്‍കിയെടുത്ത ഡീലക്‌സ്‌ മുറിയില്‍ സുഖവാസം!(ഡീലക്‌സ്‌ എന്നു കേട്ടു ഭയക്കരുത്‌, ഒരു എക്‌സ്‌റ്റന്‍ഷന്‍ ഫോണും അറ്റാച്ച്‌ഡ്‌ ബാത്ത്‌ റുമും മാത്രമാണ്‌ മുറിയുടെ ആഡംബരം. വിരിക്കാന്‍ ഷീറ്റുപോലും നല്‍കിയത്‌ നാലാം ദിവസമാണ്‌. ഫോണ്‍ വിളിച്ചതിനു മുപ്പതു സെക്കന്റിന്‌ രണ്ടു രൂപ നിരക്കില്‍ ചാര്‍ജ്ജു ചെയ്‌തതു മാത്രമാണ്‌ ഒരു ആഡംബര മുറിയുടെ ഫീലിങ്‌ നല്‍കിയ കാര്യം!)
ശനിയാഴ്‌ച ഞാന്‍ രക്തബാങ്കിലെത്തി. നാലുപേരുടെ രക്തം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. അത്‌ മുന്‍കൂട്ടി നല്‍കിയാല്‍ മാത്രമേ സര്‍ജറി പോസ്റ്റു ചെയ്യുകയുള്ളുവത്രെ! ഒ പോസിറ്റീവ്‌ രക്തമായതിനാല്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. സര്‍ജറിയെത്തുടര്‍ന്ന്‌ രോഗിക്ക്‌ രക്തം ആവശ്യമായി വന്നില്ലെങ്കില്‍ ആ രക്തം എന്തു ചെയ്യുമെന്ന സ്വാഭാവികമായ സംശയം എനിക്കുണ്ടായി. ഈ രോഗിക്ക്‌ ജീവിതകാലത്ത്‌ എന്ന്‌ രക്തം ആവശ്യമായി വന്നാലും നാലു കുപ്പി രക്തം മെഡിക്കല്‍ കോളജില്‍ നിന്നു ലഭിക്കുമെന്നായിരുന്നു മറുപടി! ഒരിക്കലും ആവശ്യം വന്നില്ലെങ്കിലോ എന്ന സംശയം എന്തായാലും ഞാന്‍ ഉന്നയിച്ചില്ല. താന്‍ നല്‍കുന്ന രക്തം പ്രസ്‌തുത രോഗിക്ക്‌ ആവശ്യമായി വന്നില്ലെങ്കില്‍ മറ്റൊരു രോഗിക്കു നല്‍കാന്‍ രക്ത ദാതാവിനും അവകാശമില്ല.(എന്തായാലും അച്ഛന്‌ രക്തം ആവശ്യമായി വന്നില്ല.)
തിങ്കളാഴ്‌ച സര്‍ജറിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. ശരീരത്തിലെ രോമം വടിച്ചുകളയാന്‍ ഒരാള്‍ വരുമെന്നും അയാള്‍ക്ക്‌ എന്തെങ്കിലും കൊടുക്കണമെന്നും ഒരു സ്‌ത്രീശബ്‌ദം ഫോണിലൂടെ അറിയിച്ചിരുന്നു. വൈകുന്നേരം വെളുത്ത യൂണിഫോം ധരിച്ച ഒരാള്‍ രോമം നീക്കം ചെയ്യാനെത്തി.
"തൊറാസിക്‌ സര്‍ജറിയല്ലേ?"
"അതെ."
"കഴുത്തു മുതല്‍ മുട്ടുവരെ രോമം നീക്കം ചെയ്യണം."
ഞങ്ങള്‍ തലകുലുക്കി. തന്റെ ജോലി നിര്‍വഹിച്ചശേഷം, ഞങ്ങള്‍ സന്തോഷപൂര്‍വ്വം കൊടുത്ത അമ്പതുരൂപ വാങ്ങി ഒന്നു സംശയിച്ചു നിന്ന ശേഷം അദ്ദേഹം പോയി.
പിറ്റേന്ന്‌ എട്ടു മണിക്ക്‌ അച്ഛനെ തിയേറ്ററില്‍ കയറ്റി. സര്‍ജറി ടേബിളില്‍ കിടത്തിക്കഴിഞ്ഞപ്പോഴാണ്‌ അച്ഛനോടു ഡോക്‌ടര്‍ ചോദിച്ചത്‌, ആരാണു ഷേവു ചെയ്‌തതെന്ന്‌. ആശുപത്രിയില്‍ തന്നെയുള്ള ആളാണെന്നു പറഞ്ഞപ്പോള്‍ ഡോക്‌ടര്‍ ക്ഷുഭിതനായി. കാരണം മറ്റൊന്നുമായിരുന്നില്ല. പിന്‍ഭാഗത്തെ രോമം നീക്കേണ്ടതിനു പകരമാണ്‌ മുന്‍ഭാഗം വടിച്ചു വച്ചത്‌! പിന്നെ എന്താണു സംഭവിച്ചതെന്ന്‌ അച്ഛന്‌ ഓര്‍മയില്ല. എന്തായാലും സര്‍ജറി നടത്തിയ അത്രയും ഭാഗത്തെ രോമം നീക്കം ചെയ്‌തത്‌ ഒരു പക്ഷേ തിയേറ്ററിലുണ്ടായിരുന്ന ആരെങ്കിലുമാകാം!
പതിനൊന്നു മണിക്ക്‌ ഞാന്‍ കാപ്പി കുടിക്കാന്‍ പുറത്തിറങ്ങിയ സമയത്ത്‌, തിയേറ്റിനു മുന്നില്‍ കാത്തിരിക്കുന്ന അമ്മക്കുള്ള ഭക്ഷണവുമായി എന്റെ ഭാര്യ വന്നു. ഭാര്യയെ ആശുപത്രിക്കകത്തുള്ള ചെക്കിങ്‌ പോയിന്റിനു സമീപം നിര്‍ത്തി ഞാന്‍ മുകളില്‍പോയി അഡീഷണല്‍ സ്റ്റേ പാസ്സുമായി വന്നു. പേ വാര്‍ഡില്‍ കിടക്കുന്നവര്‍ക്ക്‌ രണ്ടു സ്റ്റേ പാസ്സ്‌ അനുവദിച്ചു നല്‍കാറുണ്ട്‌. തട്ടിപ്പൊന്നും ഇല്ലാത്തിനാലും അടിയന്തരകാര്യമായതിനാലും ഞാന്‍ സെക്യൂരിറ്റിയുടെ മുന്നില്‍ വച്ച്‌ പാസ്‌ ഭാര്യക്കു കൈമാറി. പെട്ടെന്നായിരുന്നു എന്റയും ഭാര്യയുടേയും കയ്യില്‍ നിന്ന്‌ പാസ്സുകള്‍ സെക്യൂരിറ്റി തട്ടിപ്പറിച്ചത്‌.
"അങ്ങോട്ടു മാറിനില്‍ക്ക്‌, നാലുമണി കഴിഞ്ഞു കയറിപ്പോയാല്‍ മതി."
എനിക്കു കാര്യം മനസ്സിലായില്ല. അപ്പോഴേക്കും വെളുത്ത യൂണിഫോമും തോളില്‍ നക്ഷത്രമുദ്രയുമണിഞ്ഞ മൂത്ത സെക്യൂരിറ്റി സ്ഥലത്തെത്തി പാസ്സുകള്‍ വാങ്ങി വച്ചു.
"അന്യര്‍ക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന്‌ പിന്നില്‍ എഴുതിവച്ചിരിക്കുന്നത്‌ വായിച്ചില്ലേ?"
"ഇത്‌ അന്യയല്ല സര്‍, എന്റെ ഭാര്യയാണ്‌!"
"ആരാണെങ്കിലും പാസ്‌ കൈമാറ്റം ചെയ്യാന്‍ പാടില്ല!"
"സര്‍, മുകളില്‍ അച്ഛന്റെ സര്‍ജറി നടക്കുകയാണ്‌. അമ്മക്കു ഭക്ഷണവുമായാണു ഭാര്യ വന്നത്‌. സംശയമുണ്ടെങ്കില്‍ താങ്കള്‍ ഈ ബാഗ്‌ തുറന്നു നോക്കിക്കൊള്ളൂ."
"എനിക്കൊന്നും കാണേണ്ട, അങ്ങോട്ടു മാറി നിന്നാല്‍ മതി!"
ഞാനുടന്‍ എന്റെ സുഹൃത്തിനെ മൊബൈലില്‍ വിളിച്ചു. അവന്റെ നിര്‍ദ്ദേശപ്രകാരം സെക്യൂരിറ്റി ഓഫിസര്‍ക്കു ഫോണ്‍ നല്‍കിയെങ്കിലും അദ്ദേഹം വാങ്ങിയില്ല.
"എനിക്കാരോടും സംസാരിക്കേണ്ട കാര്യമില്ല!"
ഞാന്‍ വീണ്ടും കേണു.
"സര്‍, അച്ഛന്‍ ഓപ്പറേഷന്‍ തിയേറ്ററിലാണ്‌. എന്നെയെങ്കിലും കയറ്റി വിടണം..."
"പറ്റില്ലെന്നു പറഞ്ഞില്ലേ.. അവിടെ വേറാരുമില്ലേ?"
"അമ്മ മാത്രമേയുള്ളു..."
"അതു മതി! കൂടുതല്‍ പേര്‍ വേണമെങ്കില്‍ ഡോക്‌ടറോട്‌ അക്കാര്യം എഴുതി വാങ്ങണമായിരുന്നു."
"അതിനല്ലേ സര്‍ രണ്ടു പാസ്സുകള്‍ തന്നിരിക്കുന്നത്‌."
"ഇതെങ്ങിനെയാണ്‌ നിങ്ങല്‍ക്കു രണ്ടു സ്റ്റേ പാസ്‌ കിട്ടിയത്‌?"
"ഇവിടെനിന്നു തന്നതാണ്‌."
"ആര്‌?"
അപ്പോഴേക്കും എനിക്കു നിയന്ത്രണം നഷ്‌ടപ്പെട്ടു തുടങ്ങി
"എനിക്കറിയില്ല താന്‍ പോയി ചോദിക്ക്‌..!"
ഈ ബഹളം കേട്ട്‌ അവിടെ ആളുകള്‍ കൂടിത്തുടങ്ങി. അപ്പോഴാണ്‌ സെക്യൂരിറ്റി സര്‍ജന്റിനെ അക്കാര്യം ശ്രദ്ധയില്‍പെടുത്തുന്നത്‌
"ഇതു പേ വാര്‍ഡാണു സര്‍!"
സര്‍ജന്റ്‌ എന്റെ നേര്‍ക്കു തിരിഞ്ഞു
"പേവാര്‍ഡാണോ?"
"അതെ!"
"അത്‌ ആദ്യം പറഞ്ഞാല്‍ പോരായിരുന്നോ.!"
"അതെന്റെ പണിയല്ല സര്‍. ഞാനിവിടെ ആദ്യമാണ്‌!"
"എല്ലാവരും ആദ്യമാണ്‌!"
"പാസ്‌ തരുന്നകൂടെ വാര്‍ഡ്‌ ഏതാണെന്നുകൂടി പറയണമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു പാസ്സില്‍ അത്‌ മുഴുപ്പില്‍ എഴുതിയിട്ടുണ്ട്‌. നോക്കേണ്ടതു നിങ്ങളുടെ കടമ."
"കൂടുതലൊന്നും പറയേണ്ട, കൊണ്ടുപൊയ്‌ക്കോ!"
കുറ്റക്കാരന്‍ ഞാന്‍ തന്നെയാണെന്ന മട്ടില്‍ ഔദാര്യം പോലെ പാസ്‌ രണ്ടും എന്റെ കയ്യില്‍ തന്ന്‌ അവര്‍ ഞങ്ങളെ കടത്തിവിട്ടു. രോഗിയുടെ പേരും വാര്‍ഡും മുറിയും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്റ്റേ പാസ്സില്‍ എഴുതിയിട്ടുണ്ടെന്നോര്‍ക്കുക. അതു നോക്കി ഉറപ്പുവരുത്തേണ്ട സെക്യൂരിറ്റിക്കാരാണ്‌ ഞങ്ങളെ കള്ളത്തരം കാട്ടിയവരെപ്പോലെ കാല്‍മണിക്കൂറിലധികം തടഞ്ഞു നിര്‍ത്തിയത്‌!
ഞങ്ങള്‍ മുകളിലെത്തിയപ്പോള്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന അമ്മയെയാണു കണ്ടത്‌. അപ്പോഴേക്കും അച്ഛനെ തിയേറ്ററില്‍ നിന്നിറക്കിയിരുന്നു. സ്‌പെസിമന്‍ ബയോപ്‌സിക്കു കൊണ്ടുപോകാനും ടെസ്റ്റുകള്‍ നടത്താന്‍ രക്തവുമായി പോകാനും ബൈസ്റ്റാന്‍ഡറെ അന്വേഷിച്ച ഡോക്‌ടര്‍ ആരേയും കാണാതെ വന്നപ്പോള്‍ ക്ഷുഭിതനായത്രെ. അപ്പോള്‍ യാതൊരു കാരണവുമില്ലാതെ സെക്യൂരിറ്റിക്കാരുടെ ഹുങ്കിന്‌ ഇരയായി പുറത്ത്‌ ഞങ്ങള്‍ തടഞ്ഞുനിര്‍ത്തപ്പെട്ടിരിക്കുകയായിരുന്നു എന്ന കാര്യം ആരോടു പറയാന്‍, ആരറിയാന്‍?
അച്ഛന്റെ പുകമൂടിയ ശ്വാസകോശത്തിന്റെ ഒരു കഷണം ചെറിയൊരു പാത്രത്തിലാക്കി ഡോക്‌ടര്‍ നല്‍കിയതു വാങ്ങി ബയോപ്‌സിക്കു നല്‍കാനായി അദ്ദേഹംതന്നെ നിര്‍ദ്ദേശിച്ച സ്വകാര്യ ലാബിലേക്കു ഞാന്‍ പോയി. (പോയ വഴിയില്‍ സുഭാഷ്‌ചന്ദ്രന്റെ പറുദീസാ നഷ്‌ടം എന്ന കഥയായിരുന്നു മനസ്സില്‍ നിറയെ.)
അച്ഛനെ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി പ്രോഗ്രസ്സീവ്‌ കെയര്‍ യൂണിറ്റിലേക്കു മാറ്റി. അവിടെ ഇരുപത്തിനാലു മണിക്കൂറും ആളു വേണം. പി.സി.യുവിനു പുറത്ത്‌ ഒരു ബെഞ്ചിലും തറയിലുമായി ഉള്ളിലുള്ളവരുടെ ബന്ധുക്കള്‍ കാവലുണ്ട്‌. പി.സി.യുവിലുള്ള രോഗിക്ക്‌ എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായത്തിനാണ്‌ ബൈസ്റ്റാന്‍ഡര്‍ വേണമെന്ന നിബന്ധന. രാത്രി പി.സി.യുവിനു വെളിയിലെ വരാന്തയില്‍ ഒരു തുണിയും വിരിച്ചു ഞാന്‍ കിടന്നു. അല്‍പം വൃത്തിയുള്ള തറയായതു മാത്രമായിരുന്നു ആശ്വാസം! കൊതുകുകളുടെ ഒരു വന്‍ പട്ടാളം തന്നെയുണ്ട്‌. വരാന്തയില്‍ ഫാനില്ലാത്തതിനാല്‍ അസഹ്യമായ ചൂടും. ഇതു രണ്ടും ചേര്‍ന്ന്‌ ഉറക്കം കെടുത്തുമെന്നുറപ്പായിരുന്നു. കിടക്കാന്‍ നേരത്ത്‌ പി.സി.യുവില്‍ നിന്ന്‌ ഒരു അറ്റന്‍ഡര്‍ പുറത്തിറങ്ങി വന്നു പറഞ്ഞു.
"കിടക്കുന്നവര്‍ പഴ്‌സും മൊബൈലും മറ്റും സൂക്ഷിച്ചുകൊള്ളണം. ചിലപ്പോള്‍ കള്ളന്‍മാര്‍ വന്ന്‌ നിങ്ങളെ എടുത്തു പുറത്തുകൊണ്ടുപോയി പുറത്തുകിടത്തിയെന്നിരിക്കും!"
പിറ്റേന്നു പുലര്‍ച്ചെ അച്ഛന്റെ ശരീരം തുടപ്പിക്കേണ്ട സമയത്തു മാത്രമാണ്‌ ബൈസ്റ്റാന്‍ഡറുടെ ആവശ്യം വന്നത്‌. രാവിലെ തന്നെ രണ്ടു ചെറു കുപ്പികളില്‍ രക്തസാമ്പിളുകള്‍ തന്നു വിട്ടു. ഒന്ന്‌ എമര്‍ജന്‍സി ലാബില്‍ പരിശോധിപ്പിക്കണം, മറ്റൊന്നു ക്ലിപ്പ്‌ ലാബില്‍( ഇടയ്‌ക്കു പറയട്ടെ, രക്തവും മറ്റും പരിശോധിക്കാന്‍ പലയിടത്തായി നിരവധി ലാബുകളാണുള്ളത്‌. ഇവ കണ്ടുപിടിക്കാന്‍ അപരിചിതരായ ബൈസ്റ്റാന്‍ഡര്‍മാര്‍ നന്നേ ബുദ്ധിമുട്ടും. ഇതെല്ലാം കൂടി ഒരിടത്താക്കിയാല്‍ എന്താണു കുഴപ്പം എന്നറിയില്ല. പേ വാര്‍ഡില്‍ കിടക്കുന്നവര്‍ ഇതില്‍ പലയിടത്തും പരിശോധനയ്‌ക്ക്‌ പണം നല്‍കേണ്ടിയും വരും.)
സാമ്പിള്‍ തന്നപ്പോള്‍ സിസ്റ്റര്‍ പ്രത്യേകം പറഞ്ഞിരുന്നു, കുപ്പി പതുക്കെ കുലുക്കിക്കൊണ്ടിരിക്കണം, രക്തം ഉറയാന്‍ പാടില്ല. ക്ലിപ്പ്‌ ലാബിലെത്തിയപ്പോള്‍ കൗണ്ടറില്‍ കൊടുത്തു നമ്പറിടാന്‍ പറഞ്ഞു. നമ്പരിടുന്നിടത്തെത്തിയപ്പോള്‍ രക്തസാമ്പിളും കുലുക്കിക്കൊണ്ട്‌ അഞ്ചാറു പേര്‍ ക്യൂവിലുണ്ട്‌. കൗണ്ടറില്‍ ആള്‍ എത്തിയിട്ടില്ല. പത്തു മിനിട്ടു കഴിഞ്ഞപ്പോള്‍ ചില ബൈസ്റ്റാന്‍ഡര്‍മാര്‍ ക്ഷുഭിതരായിത്തുടങ്ങി. ക്ഷോഭം ബഹളമാകുമെന്നു കണ്ടപ്പോള്‍ റജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിന്നിരുന്ന ഒരു പെണ്‍കുട്ടി ലാബിന്റെ കൗണ്ടറിലെത്തി നമ്പറിടാന്‍ തുടങ്ങി. സ്‌ത്രീകളുടെ ഇടയില്‍ നിന്ന്‌ ഒരു വീട്ടമ്മ സാമ്പിളും ചീട്ടും നല്‍കിയപ്പോള്‍ അതില്‍ ഒ.പി. നമ്പറോ വാര്‍ഡോ രേഖപ്പെടുത്തിയിട്ടില്ലെന്നും അതില്ലാതെ നമ്പറിടില്ലെന്നുമായിരുന്നു മറുപടി. ചീട്ടുമായി ക്യൂവില്‍ നിന്നു തിരിച്ചിറങ്ങിയ സ്‌ത്രീ അല്‍പം ഉറക്കെത്തന്നെയാണു പ്രതികരിച്ചത്‌.
"ഇതിലും ഭേദം രോഗിയെ വീട്ടിലിട്ടു കൊല്ലുകയായിരുന്നു...."
അന്നു രാത്രിയിലും പി.സി.യുവിനു മുന്നിലെ തറയിലായിരുന്നു ഉറക്കം. ദിവസം 190 രൂപ വാടകക്ക്‌ ഫോണ്‍ സൗകര്യത്തോടു കൂടിയ മുറി എടുത്തിരിക്കുന്നത്‌ വെറും നൂറടി മാത്രം അകലെയാണ്‌!
"രോഗിക്ക്‌ എന്തെങ്കിലും ആവശ്യം വന്നാല്‍ ഒന്നു വിളിച്ചാല്‍ മതി, ഞങ്ങള്‍ വരാം. ഇവിടെ തറയില്‍ തന്നെ കിടക്കണമെന്നു നിര്‍ബന്ധമുണ്ടോ?"
"പേവാര്‍ഡിന്റെ എക്‌സ്‌ചേഞ്ചില്‍ വിളിച്ച്‌ കണക്‌ടു ചെയ്യാനേ പറ്റൂ. അതിന്‌ ഞങ്ങള്‍ക്ക്‌ അനുവാദമില്ല!"
പി.സി.യു. പോലെ തന്നെ സ്‌നേഹമസൃണമായിരുന്നു അവിടെയുണ്ടായിരുന്ന ഒന്നു രണ്ടു സിസ്റ്റര്‍മാരുടെ പെരുമാറ്റമെന്നും പറയാതെ വയ്യ. അവരിലൊരാള്‍ 'അച്ഛാ' എന്നു വിളിച്ചുകൊണ്ട്‌ നല്‍കിയ ശുശ്രൂഷകളാണ്‌ മയക്കം വിട്ടുമാറിയപ്പോഴത്തെ വേദനയില്‍ നിന്നു മോചനം നല്‍കിയതെന്നു പിന്നീട്‌ അച്ഛന്‍ പറഞ്ഞു.
വ്യാഴാഴ്‌ച അച്ഛനെ മുറിയിലേക്കുമാറ്റി. രണ്ടു ദിവസം പി.സി.യുവില്‍ കിടന്നതിന്‌ വാടകയിനത്തില്‍ 400 രൂപ അടയ്‌ക്കേണ്ടി വന്നു. പി.സി.യുവിന്റെ മേല്‍നോട്ടം സൊസൈറ്റിക്കായതിനാലാണത്രെ ഇത്‌! തീര്‍ത്തും സാമ്പത്തികമില്ലാത്ത രോഗികളെ, ഡോക്‌ടര്‍ എഴുതിനല്‍കിയാല്‍ മാത്രം വാടകയില്‍ നിന്ന്‌ ഒഴിവാക്കിക്കൊടുക്കും.
അന്നു വൈകിട്ട്‌ ബയോപ്‌സിയുടെ ഫലം ലഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും കിട്ടിയില്ല. റിസല്‍ട്ടു കിട്ടിയാലുടന്‍ കൊണ്ടുചെന്നു കാണിക്കണമെന്നാണു ഡോക്‌ടര്‍ പറഞ്ഞിരുന്നത്‌. വ്യാഴവും വെള്ളിയും ശനിയും കടന്നുപോയി. മുറിയില്‍ അച്ഛനെ പരിശോധിക്കാന്‍ ഡോക്‌ടര്‍മാര്‍ ആരും വന്നില്ല. ഡ്യൂട്ടിറൂമില്‍ നിന്നു സിസ്റ്റര്‍മാര്‍ വന്ന്‌ രാവിലെയും വൈകിട്ടും വിലകൂടിയ മരുന്ന്‌ കുത്തി വയ്‌ക്കും. ആദ്യം കുറിച്ചു തന്ന മരുന്ന്‌ തീര്‍ന്നപ്പോള്‍ സിസ്റ്റര്‍മാര്‍ തന്നെ അടുത്ത ദിവസത്തേക്കുള്ളതു കുറിക്കും, ഞാന്‍ പോയി വാങ്ങും. ഡോക്‌ടര്‍മാര്‍ വരാത്തത്‌ കാര്യമായ പ്രശ്‌നമൊന്നുമില്ലാത്തതിനാലാകുമെന്ന്‌ ഞാന്‍ അച്ഛനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു!
ശനിയാഴ്‌ച വൈകിട്ട്‌ ബയോപ്‌സി റിസല്‍ട്ടു കിട്ടി. ഈശ്വരാധീനത്താല്‍ അര്‍ബുദ ലക്ഷണങ്ങളുണ്ടായിരുന്നില്ല. ഏറെ സന്തോഷത്തോടെ ഞാന്‍ ഡോക്‌ടറുടെ അടുക്കലേക്കോടി. കാര്‍ഡിയോ തൊറാസിക്‌ ഐ.സി.യുവിലാണ്‌ ഡോക്‌ടര്‍ ഉണ്ടാകുക. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടറെ ഞാന്‍ റിസല്‍ട്ടു കാണിച്ചു. തിങ്കളാഴ്‌ച ഡോക്‌ടര്‍(ഹെഡ്‌) വരട്ടെ. അദ്ദേഹത്തെ കാണിച്ച ശേഷം ഡിസ്‌ചാര്‍ജിന്റെ കാര്യം തീരുമാനിക്കാം. ആശ്വാസത്തോടെ ഞാന്‍ മുറിയിലെത്തി. ഒരു ദിവസം കൂടി ക്ഷമിക്കാന്‍ അച്ഛനോടു പറഞ്ഞു.
ഡിസ്‌ചാര്‍ജിനുള്ള നടപടികള്‍ക്കായി ഞാന്‍ ആശുപത്രിയില്‍ വേണമെന്നതിനാല്‍ തിങ്കളാഴ്‌ച ലീവെടുത്തു. ഉച്ചയോടെ വീണ്ടും ഐ.സി.യുവിനു മുന്നിലെത്തി ബെല്ലടിച്ചു. അത്ര തൃപ്‌തമല്ലാത്ത മുഖവുമായി ഒരു സിസ്റ്റര്‍ വെളിയില്‍ വന്നു. വകുപ്പു തലവന്‍ അകത്തുണ്ടോ എന്ന എന്റെ അന്വേഷണത്തിന്‌ ഒരു പുച്ഛച്ചിരിയോടെ മറുപടി കിട്ടി.
"ഡല്‍ഹിയിലാണ്‌..."
ഞാനൊന്നു ഞെട്ടി! വിശ്വാസം വരാതെ വീണ്ടും പറഞ്ഞു.
"ബയോപ്‌സിയുടെ റിസല്‍ട്ടു കാണിക്കാനാണ്‌."
"ഡല്‍ഹിയില്‍ കൊണ്ടുപോയി കാണിക്കാന്‍ പറ്റുമോ?"
തെല്ലു നിശ്ശബ്‌ദതക്കൊടുവില്‍ അവര്‍ കതകടയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു.
"ഡോക്‌ടര്‍ എന്നു വരും?"
" ആ...."
മറുപടി ശബ്‌ദം മുഴുവന്‍ പുറത്തുവരും മുമ്പ്‌ അവര്‍ കതകടച്ചു. ഞാന്‍ സുഹൃത്തിനെക്കൊണ്ട്‌ ഡോക്‌ടറെ വിളിപ്പിച്ചു. വ്യാഴാഴ്‌ചയേ തിരിച്ചെത്തുകയുള്ളുവെന്നും ഡ്യൂട്ടിയിലുള്ള ഡോക്‌ടറോടു വിളിച്ചു വേണ്ടതു ചെയ്യാന്‍ പറയാമെന്നും അദ്ദേഹം മറുപടി നല്‍കി. ചൊവ്വാഴ്‌ച ഉച്ചവരെ ഡോക്‌ടര്‍മാര്‍ ആരും മുറിയിലെത്തിയില്ല. സിസ്റ്റര്‍മാര്‍ കുത്തിവയ്‌പിനുള്ള മരുന്ന്‌ ഓരോദിവസവും കുറിച്ചു തന്നുകൊണ്ടിരുന്നു.
ഞാന്‍ ഉച്ചകഴിഞ്ഞ്‌ വീണ്ടും ഐ.സി.യുവിലെത്തി. തലേന്നത്തെ ദുര്‍മുഖത്തെ അന്നു കണ്ടില്ല. ഡോക്‌ടര്‍മാര്‍ വാര്‍ഡില്‍ റൗണ്ട്‌സിലുണ്ടെന്നറിഞ്ഞ്‌ ഞാന്‍ അവരെ തപ്പി. കണ്ടപ്പോള്‍ പറഞ്ഞു.
"തൊറാസിക്‌ സര്‍ജറി കഴിഞ്ഞ ചന്ദ്രന്‍പിള്ളയുടെ ബൈസ്റ്റാന്‍ഡറാണ്‌."
"ഞങ്ങള്‍ അങ്ങോട്ടു വരികയാണ്‌. റൂം നമ്പര്‍ എത്രയാ?"
"സി-ത്രീ"
അപ്പോള്‍ അന്നു ഡിസ്‌ചാര്‍ജു ചെയ്യുമല്ലോ ആശ്വാസത്തോടെ ഞാന്‍ മുറിയിലേക്കു തിരിച്ചുപോയി. ഏകദേശം ഒരു മണിക്കൂറിനു ശേഷം ഡോക്‌ടര്‍മാര്‍ എത്തി. ബാന്‍ഡേജ്‌ നീക്കം ചെയ്‌തു. കുത്തിവയ്‌പിനുപകരം ഗുളികകള്‍ കുറിച്ചു. സ്റ്റിച്ച്‌ എടുക്കാതെ ഡിസ്‌ചാര്‍ജ്‌ ചെയ്യാനാവില്ലെന്നും സര്‍ജറി കഴിഞ്ഞ്‌ പത്തുദിവസം തികഞ്ഞാലേ സ്റ്റിച്ച്‌ എടുക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. ഡോക്‌ടര്‍മാര്‍ വന്നല്ലോ, അച്ഛന്‌ അത്രയും ആശ്വാസം!
എന്റെ രണ്ടു ദിവസത്തെ ലീവുകൂടി നഷ്‌ടപ്പെട്ടിരുന്നതിനാലും പത്തുദിവസം തികയുന്നത്‌ വ്യാഴാഴ്‌ച ആയതിനാലും ഞാന്‍ ബുധനാഴ്‌ച ഓഫിസില്‍ പോകാന്‍ തീരുമാനിച്ചു. മുറിയില്‍ അമ്മ കൂട്ടുണ്ട്‌. രാവിലെ ഓഫിസിലേക്കു പോകാനിറങ്ങിയപ്പോഴാണ്‌ അച്ഛന്‍ വിളിക്കുന്നത്‌. ഡോക്‌ടര്‍മാര്‍ വന്നു, സ്റ്റിച്ചെടുക്കാന്‍ വേഗം ചെല്ലാന്‍ പറഞ്ഞു.
ഞാന്‍ കാല്‍ മണിക്കൂറിനകം ആശുപത്രിയിലെത്തി. അച്ഛന്‍ സ്റ്റിച്ച്‌ എടുക്കാന്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. സ്റ്റിച്ചെടുത്ത ശേഷം ഒരു എക്‌സ്‌റേ എടുക്കാനും കുറിച്ചിട്ടുണ്ട്‌. പത്തരക്കകം ചെന്നാല്‍ മാത്രമേ എക്‌സ്‌റേക്കു രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന്‌ ഡ്യൂട്ടിറൂമിലെ സിസ്റ്റര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ എക്‌സ്‌റേ വിഭാഗത്തിലേക്ക്‌ പാഞ്ഞു. 10.25ന്‌ അവിടെ എത്തിയെങ്കിലും പിറ്റേന്ന്‌ രാവിലെ എട്ടരക്കു ചെല്ലാന്‍ പറഞ്ഞ്‌ എന്നെ തിരിച്ചയച്ചു.
ഞാന്‍ തിരിച്ചു മുറിയിലെത്തി. "എവിടെ ചെല്ലാനാണു പറഞ്ഞത്‌?"
"ഓപ്പറേഷന്‍ കഴിഞ്ഞു കിടന്നിരുന്നതിന്റെ മുകളിലെ ഐ.സി.യുവില്‍."
ഞാന്‍ അച്ഛനേയും കൂട്ടി അവിടെത്തി. ബെല്ലടിച്ചു. പഴയ ദുര്‍മുഖം വാതില്‍ തുറന്നു.
"സ്റ്റിച്ചെടുക്കാന്‍ വരാന്‍ ഡോക്‌ടര്‍ പറഞ്ഞു."
"ഡോക്‌ടര്‍മാര്‍ ആരും വന്നിട്ടില്ല, അവിടിരിക്ക്‌."
ഏകദേശം അരമണിക്കൂറായിട്ടും ഡോക്‌ടര്‍ എത്തിയില്ല. ഞാന്‍ വീണ്ടും ബെല്ലടിച്ചു.
"ഇവിടെത്തന്നെയാണോ സ്റ്റിച്ചെടുക്കുന്നത്‌?"
"ആ, അഞ്ചാം വാര്‍ഡിന്റെ സൈഡിലാണു പതിവ്‌."
ഞങ്ങള്‍ വീണ്ടും കാത്തിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്‌ടറെത്തി അകത്തേക്കുപോയി. അല്‍പം കഴിഞ്ഞ്‌ ഇറങ്ങി വന്ന ഡോക്‌ടറുടെ മുന്നില്‍ ഞങ്ങള്‍ ചെന്നു.
"നിങ്ങളോടു താഴെ വരാനായിരുന്നല്ലോ പറഞ്ഞിരുന്നത്‌. എന്തായാലും ഇരിക്ക്‌." ഡോക്‌ടര്‍ പുറത്തേക്കു പോയി. അച്ഛന്‍ കേട്ടതിന്റെ കുഴപ്പമായിരിക്കുമെന്നു ഞാന്‍ കരുതി. ഡോക്‌ടര്‍ മുകളിലെ ഐ.സി.യു എന്നാണു പറഞ്ഞതെന്ന്‌ അച്ഛന്‍ തറപ്പിച്ചു പറയുന്നു! അരമണിക്കൂറിനു ശേഷം വാതില്‍ തുറന്നെത്തിയ പഴയ ദുര്‍മുഖം ഞങ്ങളോടു താഴേക്കു ചെല്ലാന്‍ നിര്‍ദ്ദേശിച്ചു.
താഴെചെന്ന്‌ രണ്ടു മിനിട്ടിനകം സ്റ്റിച്ചെടുത്തു. ഞാന്‍ അച്ഛനെ തിരിച്ചു മുറിയിലാക്കി. സ്റ്റിച്ചെടുത്ത സ്ഥിതിക്ക്‌ എക്‌സ്‌റേ കൂടി കിട്ടിയാല്‍ ഡിസ്‌ചാര്‍ജ്‌ ചെയ്‌തേക്കും. ആശുപത്രിയില്‍ തന്നെ തുടര്‍ച്ചയായി 17 ദിവസം കഴിഞ്ഞതിന്റെ മുരടിപ്പ്‌ അച്ഛന്റെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.
ആശുപത്രിയില്‍ എക്‌സ്‌റേ എടുക്കണമെങ്കില്‍ ഇനി ഒരു ദിവസം കൂടി കാക്കണം. എന്നാല്‍ പുറത്തെവിടെങ്കിലും എടുത്താലോ എന്നായി എന്റെ ആലോചന. ഡ്യൂട്ടിറൂമിലെത്തി ഞാന്‍ വിവരം ചോദിച്ചു. ഡോക്‌ടര്‍ അനുവദിച്ചാല്‍ ആകാമെന്നു സിസ്റ്റര്‍. ഞാന്‍ ഡോക്‌ടറുടെ അനുവാദം വാങ്ങാന്‍ വീണ്ടും ഐ.സി.യുവിനു മുന്നിലെത്തി ബെല്ലടിച്ചു. പതിവുപോലെ ദുര്‍മുഖം വാതില്‍ തുറന്നു. എക്‌സ്‌റേക്കുള്ള കുറിപ്പ്‌ ഞാന്‍ നീട്ടി.
"ഒരു എക്‌സ്‌റേക്കു ഡോക്‌ടര്‍ കുറിച്ചിരുന്നു. ഇത്‌ പുറത്തെവിടെങ്കിലും എടുത്തോട്ടെ എന്നൊന്നു ഡോക്‌ടറോടു ചോദിക്കാമോ?"
"എവിടെക്കിടക്കുന്ന പേഷ്യന്റാ?"
"സീ-ത്രിയില്‍"
"അവിടത്തെ ഡ്യൂട്ടിറൂമിലെ സിസ്റ്ററിനോടു പോയി ചോദിക്ക്‌..!"
"ആ സിസ്റ്ററാണ്‌ ഡോക്‌ടറോടു ചോദിക്കാന്‍ ഇവിടേക്കു പറഞ്ഞു വിട്ടത്‌!"
"ഇവിടെ ആവശ്യത്തിനു രോഗികളുണ്ട്‌. എനിക്കവരുടെ കാര്യം നോക്കിയാല്‍ മതി! ബാക്കി പേഷ്യന്‍സിന്റെ കാര്യമൊന്നും നോക്കേണ്ട ആവശ്യമില്ല."
ഞാന്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു...
"പേഷ്യന്റിന്റെ കാര്യം നോക്കാന്‍ ഞാന്‍ പറഞ്ഞില്ല. ഡോക്‌ടറോട്‌ ഇതൊന്നു ചോദിക്കാന്‍ ഒരു സഹായം ചോദിക്കുകയാണു ചെയ്‌തത്‌. അല്ലെങ്കില്‍ എന്നെ അകത്തേക്കു കടത്തിവിടുക, ഞാന്‍ ചോദിച്ചുകൊള്ളാം!"
"ഡോക്‌ടര്‍ അകത്തില്ല!" ഒറ്റവാക്കില്‍ അവര്‍ പ്രശ്‌നം അവസാനിപ്പിച്ചു.
മറുപടിക്കുപിന്നാലെവന്ന വക്രിച്ച ചിരികൂടി കണ്ടപ്പോള്‍ ശരിക്കും അവരുടെ കരണക്കുറ്റിക്ക്‌ ഒന്നു പൊട്ടിക്കാനാണു തോന്നിയത്‌. കൂടുതല്‍ സംസാരിക്കാതെ അവര്‍ കതകടച്ചതിനാല്‍ അതു വേണ്ടി വന്നില്ല.തിരിച്ചിറങ്ങിച്ചെന്ന എന്നോട്‌ ഡ്യൂട്ടി റുമിലെ സിസ്റ്റര്‍ ചോദിച്ചു
"പൊയ്‌ക്കോളാന്‍ പറഞ്ഞോ?"
എന്റെ നിയന്ത്രണം വിട്ടു പോയി. ഞാന്‍ ഒരിക്കല്‍കൂടി ക്ഷുഭിതനായി. "ഇനിയെനിക്കു നിയന്ത്രിക്കാനാകില്ല. രണ്ടാഴ്‌ചയിലധികമായി ഞാനിതു സഹിക്കുന്നു. ഇനിയെന്തെങ്കിലും ഞാന്‍ പ്രവര്‍ത്തിച്ചുപോകും!"
സിസ്റ്റര്‍ ആകെയൊരു ജാള്യതയിലായി. വേണ്ടായിരുന്നെന്ന്‌ എനിക്കും തോന്നി. എന്തായാലും അല്‍പം കഴിഞ്ഞ്‌ സിസ്റ്റര്‍ ഞങ്ങളുടെ മുറിയിലെത്തി, എക്‌സ്‌റേക്കുള്ള ചീട്ടുമായി ചെല്ലാന്‍ പറഞ്ഞു. സിസ്റ്റര്‍ എന്നേയും കൂട്ടി എക്‌സ്‌റേ സെക്ഷനിലെത്തി. "ഇതെന്റെ ഒരു ബന്ധുവാണ്‌. എക്‌സ്‌റേ കിട്ടിയാല്‍ ഡിസ്‌ചാര്‍ജ്‌ ചെയ്‌തേക്കും. രാവിലെ വന്നപ്പോള്‍ നാളെ വരാനാണു പറഞ്ഞത്‌. ഒന്ന്‌ എടുത്തുകൊടുക്കുമോ?" അവര്‍ ചീട്ടുവാങ്ങി വച്ചശേഷം രോഗിയേയും കൂട്ടി രണ്ടരയ്‌ക്കു ചെല്ലാന്‍ പറഞ്ഞു.
രണ്ടരയ്‌ക്ക്‌ ഞാന്‍ എക്‌സ്‌റേ വിഭാഗത്തിലെത്തി. നമ്പര്‍ കിട്ടി. എക്‌സ്‌റേ എടുത്തു. അച്ഛനായിരുന്നു അവസാനം. തൊട്ടുപിന്നാലെ എത്തിയ രോഗിയുടെ എക്‌സ്‌റേ എടുക്കാന്‍ സാധിക്കില്ലെന്ന്‌ ടെക്‌നീഷ്യന്‍മാര്‍ പറയുന്നു! ഇന്നുതന്നെ കിട്ടിയാല്‍ നന്നായിരുന്നു എന്ന്‌ അവര്‍.
"ഞങ്ങള്‍ക്ക്‌ അമ്പതു ഫിലിം എണ്ണിത്തിട്ടപ്പെടുത്തി തന്നതാണ്‌ അതു തീര്‍ന്നു, ഇന്നിനി പറ്റില്ല!"
"കാലിന്റെ കമ്പിയിട്ടത്‌ എടുക്കാനാണ്‌"
"കമ്പിയിടാന്‍ കാശുകൊണ്ടെക്കൊടുത്തില്ലേ, ഇനി എടുക്കണമെങ്കില്‍ അതിനും കാശങ്ങു ചെല്ലണം."
ഒരു ആശുപത്രി ജീവനക്കാരന്റെ ധാര്‍മികരോഷത്തിലുപരി തങ്ങള്‍ക്കു കിട്ടാത്തത്‌ വേറെ ചിലര്‍ക്കു കിട്ടുന്നതിലുള്ള മനപ്രയാസമായാണ്‌ ആ വാക്കുകള്‍ ഞാന്‍ കേട്ടത്‌!

വ്യാഴാഴ്‌ച ഞാന്‍ ഓഫിസില്‍ പോയി. അച്ഛനും അന്ന്‌ ശാന്തനായി മുറിയില്‍ കഴിഞ്ഞുകൂടി. വെള്ളിയാഴ്‌ച രാവിലെ സുഹൃത്തിനെക്കൊണ്ടു വകുപ്പു തലവനെ വിളിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന്‌ തിരിച്ചെത്തിയ അദ്ദേഹം സര്‍ജറിക്കായി തിയേറ്ററിലേക്കു കയറാന്‍ തുടങ്ങുകയാണ്‌. കേസ്‌ കഴിഞ്ഞ്‌ വരാമെന്ന മറുപടിയില്‍ സംതൃപ്‌തനായ ഞാന്‍ ഓഫിസിലേക്കു പോയി. അല്‍പം നേരത്തേ ഓഫിസില്‍ നിന്നിറങ്ങി ആശുപത്രിയിലെത്തി. ഡോക്‌ടര്‍ ചെന്നിട്ടില്ല. ഞാന്‍ അദ്ദേഹത്തെ മൊബൈലില്‍ വിളിച്ചു.
"ബയോപ്‌സി റിസല്‍ട്ടു കിട്ടിയോ?"
"കിട്ടി."
"ഞാന്‍ കണ്ടില്ലല്ലോ!"
"ഡോക്‌ടര്‍ ഡല്‍ഹിയിലായിരുന്നു."
"ഐ.സി.യുവിലേക്കു വന്നോളൂ, ഞാനവിടേക്ക്‌ ഇപ്പോള്‍ എത്താം." ഐ.സി.യുവിലെത്തി റിസല്‍ട്ട്‌ പരിശോധിച്ച ഡോക്‌ടര്‍ ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍ അനുവാദം നല്‍കി. ജൂനിയര്‍ ഡോക്‌ടര്‍മാരിലൊരാള്‍ മുറിയിലെത്തി അച്ഛനെ പരിശോധിച്ചു. അതിനുശേഷം ഡിസ്‌ചാര്‍ജിനുള്ള പേപ്പറുകള്‍ ശരിയാക്കി തന്നു . അപ്പോഴേക്കും സമയം അഞ്ചര കഴിഞ്ഞു. ഇനി പിറ്റേന്നു മാത്രമേ വിടുതല്‍ കിട്ടുകയുള്ളു!
ശനിയാഴ്‌ച രാവിലെ ആശുപത്രിയിലെത്തി ഞാന്‍ ഇടപാടുകള്‍ തീര്‍ത്തു. റൂം വെക്കേറ്റു ചെയ്യാനുള്ള പേപ്പറുകളുമായി പേവാര്‍ഡ്‌ കൗണ്ടറിലെത്തി ക്യൂ നിന്നു. അപ്പോഴാണ്‌ മറ്റൊരു ബൈസ്റ്റാന്‍ഡര്‍ ക്യൂവില്‍ കയറാതെ തിക്കിത്തിരക്കിയെത്തിയത്‌. ക്യൂവില്‍ നിന്നിരുന്ന മറ്റുള്ളവര്‍ അദ്ദേഹത്തെ പിന്നോട്ടോടിച്ചു.
"ഇന്ന്‌ ഓപ്പറേഷന്‍ നടത്തേണ്ടതാണ്‌. ഞാനിന്നലെ മുതല്‍ ഇതിനായി മെനക്കെടുകയാണ്‌."
എനിക്കു ചിരിവന്നു!
"ചേട്ടാ മെനക്കെടാനിരിക്കുന്നതേയുള്ളു. എനിക്കിതു മെനക്കേടിന്റെ ഇരുപതാം ദിവസമാണ്‌!"
അദ്ദേഹം ഒന്നും മിണ്ടാതെ ക്യൂവിന്റെ പിന്നില്‍പോയി നിന്നു. എനിക്കു മുന്നില്‍ നിന്നയാള്‍ മുറി ബുക്കുചെയ്യാനെത്തിയതാണ്‌. മൂന്നുദിവസത്തെ തുക മുന്‍കൂട്ടി അടച്ചുവേണം ബുക്കുചെയ്യാന്‍.
"എല്ലാ ദിവസവും വിളിച്ച്‌ മുറി അലോട്ട്‌‌ ചെയ്‌തോ എന്നു തിരക്കുക. അലോട്ട്‌ ചെയ്‌ത്‌ 24 മണിക്കൂറിനുള്ളില്‍ മുറി എടുത്തില്ലെങ്കില്‍ അടച്ച കാശും പോകും മുറിയും പോകും."
അദ്ദേഹം തലകുലുക്കി, പണം അടച്ചു.അടുത്തയാള്‍ മുറി അലോട്ട്‌ ചെയ്‌തു കിട്ടിയ വ്യക്‌തിയാണ്‌.
"ഇപ്പോള്‍ വാര്‍ഡിലാണോ കിടക്കുന്നത്‌?"
"അല്ല വാര്‍ഡിനു വെളിയില്‍ കുത്തിയിരിപ്പുണ്ട്‌!"
മറുപടി കേട്ട്‌ എല്ലാവരും അദ്ദേഹത്തെ ഒന്നു നോക്കി. കൗണ്ടറിലിരുന്നയാളും. "ഓപ്പറേഷന്റെ തിയതി നിശ്ചയിക്കണമെങ്കില്‍ അഡ്‌മിറ്റാകണം. അഡ്‌മിറ്റാകണമെങ്കില്‍ റൂം കിട്ടണം. ഞങ്ങള്‍ രാവിലെ മുതല്‍ വന്ന്‌ കാവലിരിക്കുകയാണ്‌!"
"അപ്പോള്‍ ദുരിതം ഇനി തുടങ്ങാനിരിക്കുന്നതേയുള്ളു."
ഞാനും പറഞ്ഞു.എന്റെ രേഖകള്‍ വാങ്ങിയ കൗണ്ടര്‍മാന്‍ കംപ്യൂട്ടറില്‍ പരിശോധിച്ചു. "ഇന്നു വരെയുള്ള പണം അടച്ചിട്ടുണ്ട്‌. അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നുമില്ല!"
"ഓ..."
അദ്ദേഹം ഒരു തുണ്ടു പേപ്പറില്‍ എന്തോ കൂട്ടിയെഴുതി എനിക്കുനേരേ നീട്ടി.
"ഒരു 270 രൂപ വെളിയിലെ കൗണ്ടറില്‍ അടയ്‌ക്കണം. സര്‍വ്വീസ്‌ ചാര്‍ജാണ്‌!"
പേവാര്‍ഡില്‍ കിടക്കുന്നവര്‍ക്കുള്ള അധിക ശിക്ഷയാണ്‌ ഈ ചാര്‍ജ്‌. നിസ്വാര്‍ഥ സേവനത്തിനുള്ള തുച്ഛമായ പ്രതിഫലം!
ആ പണം അടച്ച്‌ എത്തി ഞാന്‍ കാത്തു നിന്നു. പത്തു മിനിട്ടു കഴിഞ്ഞ്‌ രസീതു വാങ്ങിയപ്പോള്‍ കൗണ്ടര്‍മാന്‍ പരിചയഭാവത്തില്‍ ചിരിച്ചു.
"അയ്യോ ഇവിടെ നില്‍ക്കുകയായിരുന്നോ. അപ്പോള്‍തന്നെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രസീതുവാങ്ങി കേസ്‌ ഷീറ്റ്‌ തിരിച്ചുതരുമായിരുന്നല്ലോ!"
ഇരുപതു ദിവസം മെനക്കെട്ട എനിക്ക്‌ പത്തുമിനിട്ടല്ല, വൈകിട്ടുവരെ വേണമെങ്കില്‍ കാത്തു നില്‍ക്കാന്‍ മടിയില്ലെന്നകാര്യം ഞാന്‍ മറച്ചുവച്ചില്ല. ഒരു നിറഞ്ഞ ചിരിയായിരുന്നു മറുപടി.
ഇതിനിടയില്‍ ഞായറാഴ്‌ച സ്റ്റേ പാസ്സിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നിട്ടും കാലാവധി കഴിഞ്ഞ സ്റ്റേ പാസ്‌ കാണിച്ച്‌ എന്നെ തടഞ്ഞ സെക്യൂരിറ്റിക്കു മുന്നിലൂടെ ഞാന്‍ പലവട്ടം കടന്നുപോയി, ബുധനാഴ്‌ച അതു പുതുക്കുന്നതുവരെ. സെക്യൂരിറ്റിയുടെ ജാഗ്രതയെച്ചൊല്ലി മനസ്സിലൊന്നു ചിരിച്ചുകൊണ്ട്‌.
വീട്ടിലെത്തിയശേഷം ഇരുപതു ദിവസത്തെ ആശുപത്രിവാസത്തിന്റെ അനുഭവങ്ങള്‍ എന്റെ അടുത്ത ഒരു സുഹൃത്തിനോട്‌ ഞാന്‍ പങ്കിട്ടു.
"നാളെത്തന്നെ ഒരു മെഡിക്കല്‍ കവറേജ്‌ ഇന്‍ഷ്വറന്‍സില്‍ കുടുംബസമേതം ചേരുക. ഇനി ചികില്‍സ ആവശ്യമായി വന്നാല്‍ ഏതെങ്കിലും സ്വകാര്യആശുപത്രിയില്‍ പോയി മരുന്നും ബില്ലും വാങ്ങുക. പണം ഇന്‍ഷ്വറന്‍സുകാര്‍ തരും. സര്‍ക്കാരാശുപത്രിയിലെ മെനക്കേടുമില്ല, തുക എത്ര കൂടിയാലും പേടിക്കാനുമില്ല!"
ആ വാക്കുകളിലെ സ്വകാര്യ അധിനിവേശത്തിന്റെ അപകടങ്ങള്‍ മനപ്പൂര്‍വ്വം മറന്ന്‌ ഞാന്‍ അതിന്റെ ആവശ്യകതയെപ്പറ്റി ബോധവാനായി!രോഗിക്കു മാത്രമോ രോഗം തുടരുന്നു


ചില സാങ്കേതിക കാരണങ്ങളാല്‍ അധ്യായം മൂന്നിന്റെ അച്ചടിരൂപം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല, ക്ഷമിക്കുക. അധ്യായം നാല്‌ ഇതോടൊപ്പം....

Saturday, September 15, 2007

Friday, September 14, 2007

സിറ്റിസണ്‍ ജേര്‍ണലിസം
സ്‌നേഹിതരെ
മലയാള പത്രപ്രവര്‍ത്തനരംഗത്തേക്കും സിറ്റിസണ്‍ ജേര്‍ണലിസം കടന്നുവന്നിരിക്കുകയാണ്‌. ഒരുപക്ഷേ ഒരു പത3 സ്ഥാപനത്തിനു വെളിയിലുള്ള ആള്‍ എഴുതുന്ന പരമ്പര പത്രത്തില്‍, അതും ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്നത്‌ ഒരുപക്ഷേ ആദ്യമായിരിക്കാം. പറഞ്ഞുവരുന്നത്‌ കേരള കൗമുദി പത്രത്തിന്റെ തിരുവനന്തപുരം, കൊല്ലം എഡിഷനുകളില്‍ 14.9.07 വെള്ളിയാഴ്‌ച, അതായത്‌ ഇന്നു മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ രോഗം രോഗിക്കു മാത്രമോ എന്ന പരമ്പരയെപ്പറ്റിയാണ്‌. ഈ പരമ്പര എഴുതുന്നത്‌ ഈയുള്ളവനാണ്‌. നാല്‌ അധ്യായങ്ങളുള്ള ഈ റിപ്പോര്‍ട്ട്‌ പൂര്‍ണരൂപത്തില്‍ ബ്ലോഗില്‍ പോസ്‌റ്റുന്നതിനു മുമ്പായി കേരളകൗമുദിയില്‍ വന്ന അച്ചടി രൂപം കാണുക.
http://keralakaumudi.com/

Tuesday, August 21, 2007

മംഗളം ഓണപ്പതിപ്പ്‌ ബ്ലോഗര്‍ സ്‌പെഷല്‍

ബൂലോഗ ബ്ലോഗര്‍മാരെഈ വിശേഷം നിങ്ങള്‍ നേരത്തേ അറിഞ്ഞോ എന്നറിയില്ല. മംഗളത്തിന്റെ ഓണം വിശേഷാല്‍പ്രതിയെ ഗംഭീരമാക്കിക്കൊണ്ട്‌ രണ്ടു ബ്ലോഗര്‍മാര്‍ അണിനിരന്നിരിക്കുന്നു. വിശാലേട്ടനും കുറുമാന്‍ സാറും. രണ്ടുപേര്‍ക്കും പുസ്‌തകപ്പുറത്ത്‌ ഒരു അച്ചടിക്ലാപ്പ്‌.... എ വെരി ബിഗ്‌ ക്ലാപ്പ്‌. മലയാള ബ്ലോഗ്‌ സാഹിത്യത്തിന്റെ ഔദ്യോഗികവക്താക്കളായി ഇരുവരേയും പ്രഖ്യാപിക്കാന്‍ അടിയന്തിരമായി ബ്ലോഗര്‍മാര്‍ ഒത്തുകൂടി പ്രമേയം പാസ്സാക്കണമെന്ന്‌ ഈയുള്ളവന്‍ താണുകേണ്‌ അപേക്ഷിക്കുകയാണ്‌.എഴുത്തിന്റെ ലോകം ബ്ലോഗുകളില്‍ ഉല്‍സവമാകുന്നതിനെപ്പറ്റി വിശാലേട്ടനും കുറുമാന്‍സാറും അഭിപ്രായിച്ചിട്ടുമുണ്ട്‌.
എനിക്ക്‌ അസൂയ തോന്നുന്നു. ബ്ലോഗിനെ അച്ചടിമാധ്യമത്തിന്റെ അവിഭാജ്യഘടകമായി ആദ്യം പ്രഖ്യാപിക്കുന്ന പത്രാധിപര്‍ ഞാനായിരിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. എന്തുചെയ്യാം സ്വതന്ത്രനായൊരു പത്രാധിപരായാലല്ലേ അതിനു കഴിയൂ. ഞങ്ങളുടെ ഓണപ്പതിപ്പില്‍ അതിനുള്ള സ്ഥലമില്ലെന്നു പത്രാധിപസമിതി പറഞ്ഞാല്‍ ഞാനൊരാള്‍ എന്തു ചെയ്യാന്‍.
എന്തായാലും ബ്ലോഗില്‍ നിന്നുള്ള മാറ്ററുകള്‍ എല്ലാ ലക്കത്തിലും ചേര്‍ത്തുകൊണ്ട്‌ ബ്ലോഗിനെ അച്ചടിമാധ്യമത്തിലെ സ്ഥിരം സാന്നിധ്യമാക്കുന്ന ആദ്യ പത്രാധിപരെങ്കിലും ആകാനാണ്‌ എന്റെ ഇനിയുള്ള ശ്രമം. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും ഈ കണ്‍സപ്‌്‌്‌റ്റും അടിച്ചുമാറ്റി കൊണ്ടുപോകുമോ എന്നാണ്‌ എന്റെ ഭയം.എന്തായാലും എല്ലാ ബ്ലോഗര്‍മാരും നിര്‍ബന്ധമായും മംഗളം ഓണം വിശേഷാല്‍പ്രതി വാങ്ങി വായിക്കണം. വിശാലേട്ടന്റേയും കുറുമാന്‍ സാറിന്റേയും ലേഖനങ്ങള്‍ക്കൊപ്പം വിശാലേട്ടന്റെ സൈക്കിള്‍ ടൂര്‍ എന്ന പോസ്‌റ്റും കുറുമാന്‍ സാറിന്റെ അയ്യപ്പന്റെ മീന്‍ കണ്ടുപിടിത്തം എന്ന പോസ്‌റ്റും അച്ചടിച്ചിട്ടുമുണ്ട്‌. ഇരുവരുടേയും പടങ്ങളുമുണ്ടേയ്‌. മംഗളം പത്രാധിപസമിതിയോട്‌ ഒരു ബ്ലോഗറെന്ന നിലയില്‍ ഞാന്‍ ഇക്കാര്യത്തിന്‌ നന്ദി പറയുന്നു, ഒരു ചെറുകിട പത്രാധിപരെന്ന നിലയ്‌ക്ക്‌ അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.
വിശാലമനസ്‌കനും കുറുമാനും പിന്നാലെ ബ്ലോഗിലെ പല സകലകലാവല്ലഭന്‍മാരും ഇനി അച്ചടി മഷിയിലൂടെ വെളിച്ചപ്പെട്ടുതുടങ്ങും. പത്രാധിപന്‍മാര്‍ തിരിച്ചയച്ചതു പലതും അച്ചടിക്കാന്‍ അവര്‍തന്നെ നിര്‍ബന്ധിതരാകും. മലയാളത്തിന്റെ എഴുത്തിലും വരയിലും വായനയിലും ഒരു സ്വാധീനശക്തിയായി (വോട്ട്‌ ബാങ്ക്‌) ബ്ലോഗര്‍മാര്‍ മാറും. ആ കാലത്തിന്റെ കുളമ്പടി ശബ്ദം(ക്ഷമിക്കണം കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യുന്നതിന്റെ ഒച്ചയെ തെറ്റിദ്ധരിച്ചതാണ്‌) ഇതാ അടുത്തുവന്നുകഴിഞ്ഞു....

Saturday, July 21, 2007

എഴുത്തുകാരേ ഇതിലേ ഇതിലേ...

ചുരുക്കം ചിലരുടെ എതിര്‍പ്പുണ്ടായെങ്കിലും എന്റെ ഉദ്യമത്തിന്‌ കൂടുതല്‍പേരുടെ പിന്തുണ ഉണ്ടെന്ന്‌ എന്റെ ജിമെയില്‍ ഐഡിയിലേകക്‌ു വന്ന മെയിലുകള്‍ തെളിയിക്കുന്നു.
ഏവൂരാന്‍ ഉള്‍പ്പെടെയുള്ള ബ്ലോഗ്‌ തമ്പുരാക്കന്‍മാര്‍ പകര്‍പ്പവകാശക്കത്തി കാട്ടി പേടിപ്പിച്ചപ്പോള്‍ ഞാനൊന്നു ഭയന്നതാണ്‌. എന്തായാലും കൃതികള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയവര്‍ നിരവധിയാണ്‌. ചിലര്‍ ലിങ്കു തന്നപ്പോള്‍ ചിലര്‍ ബ്ലോഗിന്റെ വിലാസം നല്‍കി മാറ്റര്‍ എടുക്കാന്‍ അനുവാദം തരികയായിരുന്നു. ആയതിനാല്‍ പല ബ്ലോഗര്‍മാരും തങ്ങളുടെ സൃഷ്ടികള്‍ അച്ചടിക്കപ്പെട്ടുകാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുറപ്പായി.
എല്ലാവര്‍ക്കും വിശാലമനസ്‌കനു ലഭിച്ച ഭാഗ്യം കിട്ടിയെന്നു വരില്ലല്ലോ. ആയതിനാല്‍ അത്തരം മികച്ച എഴുത്തുകാരെ കണ്ടെത്താനും അവരില്‍ നിന്ന്‌ സൃഷ്ടികള്‍ അച്ചടിക്കാനുള്ള അനുവാദം വാങ്ങിത്താരാനും ഏവൂരാന്‍ ഉള്‍പ്പെടെയുള്ള ബ്ലോഗിലെ സ്ഥിരം ക്ഷണിതാക്കള്‍കൂടി സഹകരിക്കണമെന്ന്‌ താഴ്‌മയോടെ അപേക്ഷിക്കുന്നു.
എന്ന്‌
പകര്‍പ്പവകാശനിയമവിധേയന്‍
നിങ്ങളുടെ
സഹപത്രാധിപര്‍...

Thursday, July 19, 2007

ബ്ലോഗര്‍മാര്‍ക്ക്‌ അച്ചടിമാധ്യമത്തിലേക്കു സ്വാഗതം

പ്രിയ ബൂലോഗ ബ്ലോഗര്‍മാരെ,
തിരുവനന്തപുരത്തു നിന്നിറങ്ങുന്ന ഒരു രാഷ്ട്രീയ സാമൂഹ്യ വാരികയുടെ പ്രധാന സഹ പത്രാധിപരായി ഞാന്‍ ജോലിക്കു കയറിയിട്ടുണ്ട്‌. മികച്ച രചനകള്‍ ഈ വാരികയിലേക്കു കണ്ടെത്താനുള്ള യജ്ഞത്തിലാണു ഞാന്‍. മികച്ച രചനകളെല്ലാം ബ്ലോഗുകളിലേക്ക്‌ അപഹരിക്ക്‌പ്പെടുന്നതാണ്‌ ഇന്ന്‌ അച്ചടി മാധ്യമങ്ങള്‍ക്ക്‌ ഇതു കിട്ടാതാകുന്നതിന്റെ പ്രധാനകാരണമെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.
ആയതിനാല്‍, പ്രിയ ബ്ലോഗര്‍മാരെ ഞാന്‍ അച്ചടി മാധ്യമത്തിലേക്കു സ്വാഗതം ചെയ്യുന്നു. ബ്ലോഗുകളില്‍ വരുന്ന മികച്ച രചനകള്‍ ഞാന്‍ പ്രസിദ്ധീകരിക്കാം. പക്ഷേ പല ബ്ലോഗര്‍മാരുടേയും യഥാര്‍ഥ പേര്‌ ലഭ്യമാകുന്നില്ലെന്നൊരു പ്രതിസന്ധിയുണ്ട്‌. ആയതിനാല്‍ ബ്ലോഗിലെ രചനകള്‍ എന്നു കാണിച്ച്‌ ഒരു പംക്തിയാണ്‌ ആദ്യം വിഭാവനം ചെയ്യുന്നത്‌.
തനിമലയാളം തിരഞ്ഞ്‌ കണ്ടെത്തുന്ന രചനകള്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന വിവരം ഞാന്‍ ഒരു കമന്‌റിലൂടെ അറിയിക്കും. കമന്‌റിലൂടെയോ എന്റെ ജിമെയില്‍ വിലസത്തിലോ മറുപടി നല്‍കാം. സ്വന്തം പേര്‌ വരണമെന്ന്‌ ആഗ്രഹമുള്ളവര്‍ പേര്‌, ബ്ലോഗ്‌ പേര്‌ എന്നിവ മെയില്‍ ചെയ്‌തു തന്നാല്‍ മതി. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട്‌ നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും എന്നെ അറിയിക്കാം. ബ്ലോഗില്‍ ഞാന്‍ നിങ്ങളുടെ മാറ്റര്‍ കാണുന്നില്ലെന്ന്‌ സംശയമുണ്ടെങ്കില്‍ പ്രസ്‌തുത മാറ്ററിലേക്ക്‌ ഒരു ലിങ്ക്‌ മെയിലില്‍ തന്നാല്‍ മതി.
നാം തമ്മിലുള്ള എല്ലാ കമ്യൂണിക്കേഷനുകളും കമന്റ്‌ അല്ലെങ്കില്‍ മെയില്‍ വഴി മാത്രമായിരിക്കുമെന്ന്‌ പ്രത്യേകം ശ്രദ്ധിക്കുക. മലയാള ഭാഷയിലെ ഈ ബ്ലോഗ്‌ അധിഷ്‌ഠിത പ്രഥമ സംരംഭത്തിന്‌ എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുന്നു, ഒപ്പം വിലപ്പെട്ട നിര്‍ദ്ദേശങ്ങളും. അഞ്ചല്‍കാരന്റെ ഫല്‍ഗൂന്‌ വീണുകിട്ടിയ മഹാഭാഗ്യം ആദ്യ രചനയായി ഞാന്‍ സ്വീകരിക്കുന്നു. അ്‌ഞ്ചാല്‍കാരന്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഉടന്‍ അ്‌റിയിക്കുക.എന്റെ ജിമെയില്‍ വിലാസം
tcrajeshin@gmail.com

എന്റെ ബ്ലോഗുകള്‍
http://www.vakrabuddhi.blogspot.com/
http://www.aksharappottan.blogspot.com/
http://www.thakitimuthan.blogspot.com/
http://www.kadambary.blogspot.com/

Tuesday, July 17, 2007

വേതാളകഥകള്‍- ആധുനികാനന്തരം

ആധുനികാനന്തരം വേതാളം പരഞ്ഞ കഥകള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. തനിക്കുതന്നെ നാണക്കേടുണ്ടാക്കുന്ന മറ്റുചില വേതാളജന്‍മങ്ങളുടെ കഥകളായിരുന്നു ഈ വേതാളത്തിനു പറയാനുണ്ടായിരുന്നത്‌. നല്ലവനായ രാജാവിനെ ചതിയില്‍പെടുത്താന്‍ തുനിഞ്ഞ്‌ നാലുപാടും നിന്ന്‌ ആക്രമിക്കുന്ന അഭിനവവേതാളങ്ങളുടെ കഥകളെന്നു വേണമെങ്കില്‍ പറയാം. അതില്‍ രണ്ടെണ്ണം മാത്രം സാമ്പിളിനു താഴെക്കൊടുക്കുന്നു.

വേതാളം കഥ പറഞ്ഞുതുടങ്ങി:
പ്രിയപ്പെട്ട രാജാവേ, ഓരോ കഥയുടെയും ഒടുക്കം ഞാനൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറഞ്ഞില്ലെങ്കില്‍ എനിക്കുകുഴപ്പമൊന്നുമില്ല. ഉത്തരം കണ്ടെത്തേണ്ട ബാധ്യത താങ്കള്‍ക്കു മാത്രമായിരിക്കും!
കഥ ഒന്ന്‌ഒന്നര വ്യാഴവട്ടം മുമ്പാണ്‌. മൂന്നാര്‍ ഒരു ടൂറിസ്റ്റു കേന്ദ്രം മാത്രമായി നിലനില്‍ക്കുന്ന കാലം. അന്ന്‌ മൂന്നാറിന്‌ കിഴക്കുള്ള കൊട്ടക്കാമ്പൂരില്‍ മാത്രമായിരുന്നില്ല കഞ്ചാവു കൃഷി. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ നിരവധി കഞ്ചാവു കര്‍ഷകര്‍ ഉണ്ടായിരുന്നു.കുരുമുളകും ഏലവും തേയിലയും റിസോര്‍ട്ടും വരുമാനമാര്‍ഗമായ കൃഷികളാകുന്നതിനു മുമ്പ്‌ ഇടുക്കിയുടെ സാമ്പത്തിക നട്ടെല്ല്‌ കഞ്ചാവ്‌ ആയിരുന്നെന്നതാണു സത്യം. ഇന്ന്‌ ഇടുക്കിയില്‍ റിസോര്‍ട്ടു കൃഷിയാണ്‌ ഇടിച്ചു നിരത്തുന്നതെങ്കില്‍ അന്ന്‌ കഞ്ചാവ്‌ വെട്ടിനിരത്തിലിനായിരുന്നു പ്രാധാന്യം. കോടികള്‍ പോക്കറ്റില്‍ വീഴുന്ന ഇടപാടായിരുന്നതിനാല്‍ പൊലീസും എക്‌സൈസും എല്ലാം കഞ്ചാവുകര്‍ഷകരെ തൊടാന്‍ മടിക്കുന്ന കാലം. അന്ന്‌ (ഇന്നും) കഞ്ചാവു റെയ്‌ഡുകളെപ്പറ്റി പ്രചരിച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു. വന്‍കിട തോട്ടങ്ങള്‍ക്കു വെളിയില്‍ കൃഷിക്കാര്‍ ചില ഡെമോ തോട്ടങ്ങള്‍ നിര്‍മിക്കും. അധികം ഗുണമേന്‍മയില്ലാത്ത, വളം ചെയ്‌ത്‌ പുഷ്‌ടിപ്പെടുത്താത്ത മുരടിച്ച കഞ്ചാവു ചെടികളായിരിക്കും ഇവിടെ ഉണ്ടാകുക. റെയ്‌ഡിനെത്തുന്ന ഉദ്യോഗസ്ഥര്‍ ഒരു ഉടമ്പടിയുടെ പുറത്ത്‌ ഈ തോട്ടങ്ങളില്‍ വാക്കത്തി വീഴ്‌ത്തും.
അങ്ങിനെ കഞ്ചാവു കൃഷിയും വെട്ടിനിരത്തലും നിര്‍ബാധം തുടരുമ്പോഴാണ്‌ പൈനാവിലെ കാട്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്ക്‌ ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ കാക്കിക്കുപ്പായം ധരിച്ചെത്തുന്നത്‌. അന്നും ഇന്നത്തെപോലെ കഞ്ചാവിനൊപ്പം വിവാദങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായിരുന്നു ഇടുക്കി. ഇടുക്കിക്കാര്‍ ഇന്നത്തെപോലെ വളരെ സെന്‍സിറ്റീവായിരുന്നു അന്നും. (സെന്‍സിറ്റീവായതിനാലാണല്ലോ അവര്‍ മൂന്നാര്‍ ഇടിച്ചു നിരത്തിലിനെതിരേ പരസ്യമായി രംഗത്തുവരാന്‍ ധൈര്യം കാണിച്ചത്‌). ഇടുക്കിക്കാരുടെ മനശ്ശാസ്‌ത്രമറിഞ്ഞ ചെറുപ്പക്കാരന്‍ പോലീസ്‌ മേധാവി ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നു. മുഖ്യകലാപരിപാടി കഞ്ചാവു വേട്ടയായിരുന്നു. വെട്ടിനരത്തപ്പെട്ട തോട്ടങ്ങള്‍ പലതും ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരുടേതെന്നു പ്രചരിപ്പിക്കപ്പെട്ടു. ഇന്നത്തെപോലെ മുക്കിനു മുക്കിന്‌ പ്രാദേശികപത്രബ്യൂറോകള്‍ അന്നുണ്ടായിരുന്നില്ല. തൊടുപുഴയിലും പൈനാവിലുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന പത്രബ്യൂറോകളിലുള്ള മാധ്യമത്തമ്പുരാക്കന്‍മാര്‍ പൊലീസ്‌ മേധാവിക്കു വേണ്ടത്ര പിന്തുണ നല്‍കി. വെട്ടിവെട്ടി കഞ്ചാവു തോട്ടങ്ങള്‍ക്കു വംശനാശം വന്നുതുടങ്ങിയെന്ന്‌ ഇടുക്കിക്കാര്‍ സത്യമായും വിശ്വസിച്ചു.
അങ്ങിനിരിക്കെ ദാ വരുന്നു മേധാവിക്കിട്ടു തട്ട്‌. പിന്നെയായിരുന്നു പുകില്‌. ഇടുക്കിയില്‍ നിന്നു സ്ഥലം മാറ്റപ്പെട്ട സത്യസന്ധനായ ഉദ്യോഗസ്ഥനുവേണ്ടി നാടുനീളെ പോസ്‌റ്ററുകള്‍ പതിഞ്ഞു. വിവിധ സംഘടനകള്‍ രംഗത്തു വന്നു. പത്രങ്ങള്‍ ആവശ്യത്തിലധികം സ്ഥലം നീക്കിവച്ചു. എനിതനേറെപ്പറയുന്നു, കഞ്ചാവുവേട്ടയിലൂടെ കിട്ടിയതിലുമധികം പ്രശസ്‌തി സ്ഥലംമാറ്റ നടപടിക്കെതിരായ ജനവികാരത്തിലൂടെ അദ്ദേഹം നേടിയെടുത്തു. പക്ഷേ നാട്ടാരുടെ കണ്ണിലുണ്ണിക്കു സ്ഥലംമാറ്റത്തില്‍ നിന്നു രക്ഷപ്പെടാനായില്ല.
സംഗീതത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഇദ്ദേഹം ഇതിനിടയില്‍ ചില പഴയ ഈണങ്ങളെ പൊളിച്ചെഴുതി സിനിമയില്‍ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. കഞ്ചാവു വേട്ട മാത്രമല്ല, സംഗീതവേട്ടയും അത്യാവശ്യം തന്റെ കുപ്പായത്തിനിണങ്ങുന്നതാണെന്ന്‌ അദ്ദേഹം തെളിയിച്ചു. ഈണം മാറ്റി പാട്ടിനെ കൊന്നത്‌ അധികമാര്‍ക്കും സുഖിക്കാതെവന്നതിനാല്‍ ആ കച്ചവടം അധികനാള്‍ തുടരാന്‍ കക്ഷിക്കായില്ല. സര്‍ക്കാര്‍ ഭരമേല്‍പിക്കുന്ന ജോലിക്കിടയില്‍ മറ്റു ചില അനാമത്തു പണികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ആവശ്യത്തിനു പബ്‌ളിസിറ്റി കിട്ടിത്തുടങ്ങുന്ന കാലമായിരുന്നല്ലോ അത്‌. കഞ്ചാവു വേട്ടയിലൂടെ കിട്ടിയ പബ്ലിസിറ്റിക്കു പിന്നാലെ വന്നുചേര്‍ന്ന ഈ നക്ഷത്രം കൂടി തന്റെ സിവില്‍ ഡ്രസ്സിന്റെ കോളറില്‍ ഇദ്ദേഹം ഫെവിക്കോള്‍ വച്ച്‌ ഒട്ടിച്ചു ചേര്‍ത്തു.
പിന്നെയും പ്രതീക്ഷിക്കാത്ത പലയിടത്തും ജനങ്ങള്‍ ഈ പേരുകേട്ടു. തങ്ങളുടെ നാട്ടില്‍ നിന്നു സ്ഥലം മാറിപ്പോയ നല്ലവരായി ഉദ്യോഗസ്ഥര്‍ പുറത്തു പേരെടുക്കുന്നത്‌ ഇടുക്കിക്കാര്‍ക്ക്‌ ഇഷ്‌ടമാണ്‌. ഇവര്‍ കാര്യമായി ഉപദേശിച്ചാല്‍ ഇടുക്കിയിലെ ജനങ്ങള്‍ അനുസരിക്കാറുമുണ്ട്‌. പക്ഷേ കഞ്ചാവു കൃഷി നിര്‍ത്തണമെന്ന്‌ ഈ പൊലീസ്‌ മേധാവി ഉപദേശിക്കാതിരുന്നതിനാലാവാം അതിനു കാര്യമായ കുറവുണ്ടായില്ല. പക്ഷേ ഈ മേധാവിയുടെ ഒരു ഉപദേശം ജനം കേട്ടില്ലെന്നു നടിച്ചു. കാക്കിക്കുപ്പായമിട്ട്‌ വ്യാജ സി.ഡികള്‍ക്കെതിരേ നടത്തിയ പ്രചരണമായിരുന്നു അത്‌. എയ്‌ഡ്‌സിനെതിരേ സുരേഷ്‌ഗോപി ബോധവല്‍ക്കരണം തുടങ്ങിയതും വൈകിട്ടത്തെ പരിപാടിക്കുകൂടാന്‍ മോഹന്‍ലാല്‍ ജനങ്ങളെ ക്ഷണിച്ചു തുടങ്ങിയതും ഒക്കെ ഇദ്ദേഹത്തിന്റെ പരസ്യവേലകളുടെ അനുകരണമായിരുന്നെന്ന്‌ ആക്ഷേപമുയരുകയും ചെയ്‌തു. പക്ഷേ വ്യാജ സി.ഡി.മാത്രം നിലച്ചില്ല. അപ്പോള്‍പിന്നെ പഴയ കഞ്ചാവു വേട്ടപോലെ വ്യാജ സി.ഡികളെ വേട്ടയാടാന്‍ ഇദ്ദേഹം ഇറങ്ങിത്തിരിക്കുമെന്ന്‌ ജനം ന്യായമായും വിശ്വസിച്ചു. പക്ഷേ അതുണ്ടായില്ല. എന്നു മാത്രമല്ല. വ്യജ സി.ഡി. വേട്ടക്കിറങ്ങിയ മീശവച്ച, അധികം ചിരിക്കാത്ത കാക്കിക്കുപ്പായക്കാരന്‍ കേറിയങ്ങുമേഞ്ഞത്‌ സുസ്‌മേരവദനനായ ഈ ഉദ്യോഗസ്ഥന്റെ സത്യസന്ധതക്കു മേലേയായിരുന്നു. പിന്നെ ജനം കണ്ടതും കേട്ടതും മറ്റൊരു സിനിമാക്കഥ.
ഭാര്യയുടെ പേരില്‍ പടുത്തുയര്‍ത്തിയ സംഗീതോല്‍പാദനവിപണനകേന്ദ്രം നിറയെ വ്യജന്‍മാരായിരുന്നത്രെ. വെട്ടിനിരത്തിയ കഞ്ചാവുചെടികള്‍ വീട്ടില്‍കൊണ്ടുപോയി സൂക്ഷിക്കുന്നെന്നു കേട്ടപോലൊരു അടിയായി ജനത്തിനത്‌.
ഇതിനിടയില്‍ മൂന്നാറിനടുത്ത്‌ ചിന്നക്കനാലില്‍, കൃത്യമായി പറഞ്ഞാല്‍ സൂര്യനെല്ലിക്കു പോകുന്ന റോഡില്‍ ഇദ്ദേഹത്തിന്റെ സഹോദരന്റെ ഉടമസ്ഥതയില്‍ ഒരു കോട്ട കെട്ടി. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമാണല്ലോ ഇതിന്റെയൊക്കെ കൈമുതല്‍. മൂന്നാര്‍ കോട്ടക്കു പിന്നിലെ ഫണ്ടിങ്ങിനെപ്പറ്റിയൊക്കെ അന്നേ സംശയമുണ്ടായിരുന്നെങ്കിലും എല്ലാരും അത്‌ മനസ്സിലൊളിപ്പിച്ചു. സത്യസന്ധനായ കഞ്ചാവുവേട്ടക്കാരനു നേരേ അത്തരമൊരു ആരോപണം ഉന്നയിക്കാനാകുമോ.പക്ഷേ ജനത്തിന്റെ മനസ്സിലിരുപ്പ്‌ തെറ്റിയില്ല. മീശക്കാരന്‍ കാക്കിക്കുപ്പായക്കാരന്‍ കേറി നിരങ്ങിയിറങ്ങിക്കഴിഞ്ഞപ്പോള്‍ സംശയങ്ങളില്‍ പലതിനും സാധൂകരണമായി. ഒടുക്കം വിജിലന്‍സുകൂടി പറഞ്ഞു, ഇതു മുഴുവന്‍ കള്ളപ്പണമാണ്‌. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌..
ഇതൊക്കെ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട്‌. ഉണ്ടാക്കിയതാണെന്നതു മാത്രം വിജിലന്‍സ്‌ പറഞ്ഞത്‌ അത്രക്കങ്ങ്‌ ദഹിച്ചിട്ടില്ല. പഴയ ചടയന്‍ കഞ്ചാവിന്റെ മണം ഈ പണത്തില്‍ നിന്നുയരുന്നുണ്ടോ എന്ന്‌ അവര്‍ക്കു മാത്രമല്ല ഈ വേതാളത്തിനും സംശയമുണ്ട്‌. ഇനി പറ രാജാവേ ഈ കഥയിലെ കഥാപാത്രത്തിന്‌ ആരുമായെങ്കിലും സാമ്യമുണ്ടോ. ഉണ്ടെങ്കില്‍ അതിന്‌ വേതാളം ഉത്തരവാദിയല്ല.

രാജാവിന്റെ മറുപടി വരും മുമ്പ്‌ വേതാളം രണ്ടാം കഥ തുടങ്ങി.
ദല്‍ഹിയിലും ഹരിദ്വാറിലുമെല്ലാം ചരസ്സടിച്ചു നടന്ന ഒരു എഴുത്തുകാരനുണ്ടായിരുന്നു. ആധുനികതയില്‍ കഞ്ചാവുപുകച്ചയാളാണു കക്ഷി. വെള്ളിയാങ്കല്ലിലെ തുമ്പികളുടെ കൂട്ടുകാരന്‍. ആ അക്ഷരസംയുക്തങ്ങള്‍ വായിച്ച്‌ മുടിവളര്‍ത്തിയവര്‍ എത്ര? സ്‌ത്രീനഗ്നത കാണാന്‍ മോഹം മൂത്ത്‌ അമ്മായിയുടെ വസ്‌ത്രം ഉയര്‍ത്തിനോക്കുന്ന അപ്പുവിനെ വായിച്ച്‌ എത്ര യുവാക്കള്‍ നെടുവീര്‍പ്പിട്ടു! രോമവും ലിംഗവുമുള്ള പുരുഷനെയാണ്‌ തനിക്കിഷ്‌ടമെന്നു ഹിപ്പിക്കാരനായ സഹോദരനോടു തുറന്നടിച്ച സഹോദരിയെ വായിച്ച്‌ എത്രപേര്‍ അന്തം വിട്ടു! അല്‍ഫോന്‍സച്ചനും രമേശനുമൊക്കെ ദീര്‍ഘനിശ്വാസങ്ങളായും ഉറക്കം നഷ്‌ടപ്പെടുത്തുന്ന സ്വപ്‌നങ്ങളായും അനുവാചകന്റെ മനസ്സിലൂടെ എത്രകാലം അലഞ്ഞു, ഇന്നും അലയുന്നു!
ഇതിനിടയില്‍ മാഹിയില്‍ നിന്ന്‌ ഡല്‍ഹി വഴി തൃശൂരു വന്നിറങ്ങിയതും പോരാ ആവശ്യമില്ലാത്ത പണി ചെയ്‌ത്‌ ഉള്ള പേരു കൂടി കളയേണ്ട വല്ല കാര്യവുമുണ്ടോ ഇദ്ദേഹത്തിന്‌. വെറും അത്തപ്പാടികളായ നിരവധി യുവാക്കളുടെ ജന്‍മം അസ്‌തിത്വ വേദന സൃഷ്‌ടിച്ച്‌ നശിപ്പിച്ചിട്ടുണ്ട്‌ ഇദ്ദേഹമെന്ന കാര്യം സമ്മതിച്ചാലും ഇല്ലെങ്കിലും സത്യം തന്നെയാണ്‌. ആ മാന്യദേഹത്തിന്‌ അക്കാദമി ഭാരവാഹിസ്ഥാനം നല്‍കിയതിനേയും സന്തോഷത്തോടെയേ കാണാനാകൂ. കാരണം എഴുത്തു നിര്‍ത്തി വീട്ടിലിരിക്കേണ്ട പ്രായത്തിന്‌, ഒറ്റവാക്കില്‍ പറഞ്ഞാല്‍ സാഹിത്യത്തിലെ പെന്‍ഷന്‍കാലം, സൂചന നല്‍കുന്ന ഒന്നാണല്ലോ ഇത്‌. അക്കാദമി വക അവാര്‍ഡും വിളമ്പി, വല്ലപ്പോഴുമൊക്കെ സാഹിത്യ സാംസ്‌കാരിക നായന്‍മാരുടെ സംയുക്തപ്രസ്‌താവനയില്‍ ഒരൊപ്പും പോടി കഴിഞ്ഞു കൂടിയാല്‍ പോരായിരുന്നോ ഇദ്ദേഹത്തിന്‌?
മതി! പക്ഷേ എഴുതാനുള്ള ആ വേദന അസഹ്യമായാല്‍ സഹിക്കാന്‍ പറ്റുമോ? ആരും എഴുതിപ്പോകും! പിന്നെ എന്തു ചവറെഴുതിയാലും പ്രസിദ്ധീകരിക്കാനും അതു വാങ്ങി വായിക്കാനും ആളുണ്ടാകുമെന്നും ഇവര്‍ക്കറിയാം. വായിച്ചിട്ട്‌ വായനക്കാരന്‍ പറയുന്ന തെറി എഴുതിയവനോ പ്രസിദ്ധീകരിച്ചവനോ കേള്‍ക്കേണ്ടതില്ലല്ലോ! അങ്ങിനെ അദ്ദേഹത്തിന്റെ കഥ സിണ്ടിക്കേറ്റ്‌ പത്രത്തിന്റെ വാരികയില്‍തന്നെ വന്നു. കഥ ദിനോസറുകളുടെ കാലം. ഹൊ, ജുറാസിക്‌ പാര്‍ക്കിന്റെ അടുത്തഭാഗം വല്ലതുമാകും കഥയെന്നു കരുതി വായനക്കാരന്‍ ആര്‍ത്തിയോടെ വാങ്ങി വായിച്ചു. ഇതിലും എത്രയോ മികച്ചതായിരുന്നു രാജന്‍ കൈലാസിന്റെ ബുള്‍ഡോസറുകളുടെ വഴി എന്ന പഴയ കവിതയെന്ന്‌ വായനക്കാരനു സ്വാഭികമായും തോന്നി.
കാലികമല്ലാത്തതായി കഥയിലുണ്ടായിരുന്ന ഏക വസ്‌തു ദിനോസറായിരുന്നു. എന്തിനു ദിനോസറിനെ പ്രതിഷ്‌ഠിച്ചു? അത്‌ ബുള്‍ഡോസറാണെന്നു നേരിട്ടങ്ങു പറഞ്ഞിരുന്നെങ്കില്‍ ആരും കേസുകൊടുക്കാനൊന്നും പോകുകയില്ലായിരുന്നല്ലോ എന്നൊക്കെ വായനക്കാരനു തോന്നി. അങ്ങിനിരിക്കെ എഴുതിയ ആള്‍ക്കൊരു സംശയം. തന്റെ കഥ വായനക്കാര്‍ക്കു മനസ്സിലായിക്കാണില്ലേ. മനസ്സിലാകായ്‌മയാണല്ലോ ഇപ്പോഴത്തെ ഒരു സ്റ്റൈല്‍! എന്നാപ്പിന്നെ അതങ്ങു പരിഹരിക്കാമെന്നു കരുതി ഒരു പ്രസ്‌താവനയങ്ങുകൊടുത്തു. ദിനോസര്‍ എന്നതു കൊണ്ടുദ്ദേശിച്ചത്‌ ബുള്‍ഡോസറുകളെയാണ്‌. സംഭവം നടക്കുന്നത്‌ മൂന്നാറിന്റെ പശ്ചാത്തലത്തിലാണ്‌. കഥയിലെ മുഖ്യ കഥാപാത്രം സാക്ഷാല്‍ മുഖ്യ മന്ത്രിതന്നെയാണ്‌.
അതായത്‌ മറ്റൊരോ തുടങ്ങിവച്ച ദിനോസര്‍ ദൗത്യം കേട്ടറിഞ്ഞെത്തിയ ഗോവിന്ദമ്മാമന്‍ ദിനോസറിനെ നയിക്കാന്‍ തുടങ്ങുന്നതും പിന്നെ സ്വന്തം വീടുതന്നെ ദിനോസറിനെകൊണ്ട്‌ ഇടിച്ചു നിരത്തുന്നതുമാണ്‌ കഥ.
നാടുനീളെ സാഹിത്യ സാംസ്‌കാരികപ്രവര്‍ത്തര്‍ കേരള മുഖ്യമന്ത്രിക്ക്‌ മൂന്നാര്‍ ദൗത്യത്തിനു പിന്തുണ നല്‍കുമ്പോള്‍ ഇത്ര പിന്തിരിപ്പനായി കഥ എഴുതാന്‍ ഇദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കു സാധിക്കും. രാജാവേ? വേതാളത്തിന്റെ ചോദ്യമിതാണ്‌. ഈ വൃദ്ധസാഹിത്യകേസരിയെ ഈ കഥയെഴുതാന്‍ പ്രേരിപ്പിച്ച ചേതോവികാരം മൂന്നാര്‍ ദൗത്യത്തിന്റെ പിന്നിലെ പബ്ലിസിറ്റിയോ അതോ മറ്റു വല്ല ഉദ്ദേശ്യവുമാണോ? ഉത്തരം പറയും മുമ്പ്‌ ഒരു വ്യവസ്ഥയുണ്ട്‌. സാഹിത്യ അക്കാദമി പ്രസിഡന്റു സ്ഥാനം കിട്ടിയതിന്റെ ഉപകാരസ്‌മരണയാണ്‌ ഈ കഥയെന്നു മാത്രം പറയരുത്‌. കാരണം, ഇതു പ്രസിദ്ധീകരിച്ചത്‌ ദീപികയിലല്ല, മാതൃഭൂമിയിലാണ്‌.
ഉത്തരം പറഞ്ഞാല്‍ തന്നെ കൊട്ടാരത്തില്‍ നിന്ന്‌ അച്ചടക്ക നടപടി എടുത്തു പുറത്താക്കിയെങ്കിലോ എന്നു ഭയന്ന്‌ രാജാവ്‌ മിണ്ടിയില്ല. രാജാവിന്റെ മൗനം കണ്ട്‌ ദേഷ്യം വന്ന വേതാളം അടുത്ത കഥതേടി ഒറ്റപ്പറക്കല്‍. ശുഭം.

Thursday, July 12, 2007

ഇനി പാലോറ മാതയ്‌ക്ക്‌ നിക്ഷേപം തിരിച്ചു നല്‍കാം

മാധ്യമ സിണ്ടിക്കേറ്റ്‌ യാഥാര്‍ഥ്യമാണെങ്കിലും അല്ലെങ്കിലും മാധ്യമ ഭീകരത എന്നൊന്ന്‌ കേരളത്തിലുണ്ടെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ദേശാഭിമാനി. ഉപദേശിച്ചുനേരേയാക്കാന്‍ ശ്രമിക്കുന്നവരേയും കളിയാക്കി തോല്‍പിക്കാന്‍ ശ്രമിക്കുന്നവരേയും 'എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാകില്ല' എന്ന പഴമൊഴികൊണ്ടാണ്‌ ദേശാഭിമാനി നേരിടുന്നത്‌.

നാട്ടുകാരെ 'നേര്‌ നേരത്തെയറിയിക്കാന്‍' വേണ്ടി പാലോറ മാതയുടെ കുടുംബംവിറ്റുകിട്ടിയ പണം കൊണ്ട്‌ തുടങ്ങിയ പത്രമാണിതെന്ന്‌ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ മനപ്പൂര്‍വ്വം മറന്നു. മലയാള മനോരമ വന്‍ നികുതിവെട്ടിപ്പു നടത്തിയതും മാതൃഭൂമിയുടെ മുതലാളിഗൗഡര്‍ സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിച്ചതുമെല്ലാം ഒന്നാം പേജില്‍ നിരത്തിയടിച്ചത്‌ 'നേര്‌' എന്ന തത്വത്തിലടിയുറച്ചു വിശ്വസിച്ചിരുന്നതിനാലാണ്‌. ഒടുവില്‍ പൊട്ടനെ ചതിച്ച ചട്ടനെ പാര്‍ട്ടിദൈവങ്ങള്‍ ചതിച്ചിരിക്കുന്നു.

മാതൃഭൂമിയും ദേശാഭിമാനിയിലൂടെ സി.പി.എമ്മും തമ്മില്‍ ഇപ്പോള്‍ നടത്തുന്ന പോര്‌ ഒരു മാധ്യമഭീകരതയെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കില്‍ തെറ്റുപറയാനാകില്ല. എതിരാളിയുടെ വാര്‍ത്തയും പരസ്യവും തമസ്‌കരിക്കുന്ന, പ്രചാരവര്‍ധനവിനായി വിലകെട്ട ആരോപണംപോലും ഉന്നയിക്കുന്ന മാധ്യമപ്പോര്‌ ഏറെക്കാലമായി കേരളം കാണുന്നുണ്ടായിരുന്നു. മനോരമയും മാതൃഭൂമിയും തമ്മിലായിരുന്നു കുറച്ചുകാലം മുമ്പു വരെ ഇത്‌. ഇടക്കാലത്ത്‌ അതൊന്നൊതുങ്ങി.

പിന്നെ പാര്‍ട്ടിയില്‍ ഔദ്യോഗികപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്കു നിരക്കാത്ത രീതിയില്‍ വാര്‍ത്ത കൊടുക്കുന്ന പത്രങ്ങള്‍ക്കെതിരേ ദേശാഭിമാനി വഴി പാര്‍ട്ടി യുദ്ധം തുടങ്ങി. ഒരു കാലത്ത്‌ മറ്റു പത്രങ്ങളുടെ വാര്‍ത്തകള്‍ക്കു മറുപടി നല്‍കാന്‍ മാത്രമേ ദേശാഭിമാനിയില്‍ സ്ഥലമുണ്ടായിരുന്നുള്ളു. ഒടുവില്‍ പത്രസ്ഥലം മുഴുവന്‍ മാറ്റിവച്ചാലും അതിനു തികയില്ലെന്നു വന്നതോടെ വിശദീകരണത്തിലൂടെയുള്ള പ്രതിരോധം നിര്‍ത്തി ആക്രമണം തുടങ്ങി. അങ്ങിനെയാണ്‌ മാതൃഭൂമി ഉടമ എം.പി.വീരേന്ദ്രകുമാറിനെതിരേ കയ്യേറ്റ ആരോപണങ്ങളുമായി ദേശാഭിമാനി രംഗത്തു വന്നത്‌.

എന്തായാലും ഇതിനു പകരം വീട്ടാന്‍ പാര്‍ട്ടി തന്നെ വടി നല്‍കി. ആദ്യം വേണുഗോപാലിന്റെ പുറത്താക്കല്‍ നടപടി. അതിനടുത്തദിവസം തന്നെ ഏറ്റവും ലജ്ജാകരമായ വാര്‍ത്ത മാതൃഭൂമി പുറത്തുകൊണ്ടുവന്നു. സാമ്പത്തിക കുറ്റവാളിയില്‍ നിന്ന്‌ പത്രം രണ്ടുകോടി കൈപ്പറ്റിയെന്ന്‌. (ഇക്കാര്യം മനസ്സിലുള്ളതുകൊണ്ടാകാം ജനശക്തിക്കു പണമെവിടെനിന്നാണെന്ന്‌ മുട്ടിനുമുട്ടിനു പിണറായി ചോദിക്കുന്നത്‌. ഇനി ആ ചോദ്യമുയരാന്‍ സാധ്യതയില്ല. കാരണം ലോട്ടറിരാജാവില്‍ നിന്നുപോയിട്ട്‌ ഒരു ലോട്ടറി പരസ്യത്തില്‍ നിന്നുപോലുമല്ലെന്ന്‌ വായനക്കാര്‍ തന്നെ വിളിച്ചു പറഞ്ഞെന്നിരിക്കും). മാതൃഭൂമി കൊണ്ടു വരുന്ന ഒരു വാര്‍ത്തക്കും പിന്നാലെ പോകാറില്ലാത്ത മനോരമ പിറ്റേന്ന്‌ ഇതേറ്റുപിടിച്ചു. ഒടുവില്‍ മാതൃഭൂമി മഞ്ഞപ്പത്രമാണെന്നു വരെ പറഞ്ഞു പ്രിയസഖാവ്‌. മനോരമ പാര്‍ട്ടിയുടെ ആക്രമണ നിരയില്‍ രണ്ടാമതായി.

ഇതിനിടയില്‍ എം.വി.ജയരാജന്‍ സഖാവ്‌ ദേശാഭിമാനിയെപ്പറ്റി പറഞ്ഞതാണ്‌ വിചിത്രം. വടക്കന്‍ ജില്ലകളില്‍ ചന്ദ്രിക പത്രം വരുത്തുന്ന മുസ്ലിംഭവനങ്ങളില്‍ ഒപ്പം ദേശാഭിമാനിയും വരുത്തുന്നുണ്ടത്രെ! കാരണം തിരക്കിയപ്പോള്‍ സഖാവിന്‌ ആവശ്യമായ മറുപടിയും കിട്ടി. മറ്റു പത്രങ്ങളെല്ലാം സി.പി.എമ്മിനെതിരേയുള്ള വാര്‍ത്തകള്‍ മാത്രം അച്ചടിച്ച്‌ സ്ഥലം കളയുന്നതിനാല്‍ യഥാര്‍ഥ വാര്‍ത്തയറിയാനാണ്‌ ദേശാഭിമാനി വാങ്ങുന്നതെന്ന്‌. ഇതൊക്കെ വിശ്വസിക്കാന്‍ മാത്രം കഴുതയാണെന്നു ജനമെന്ന്‌ ഈ നൂറ്റാണ്ടിലും വിശ്വസിച്ചു നടക്കുന്ന നമ്മുടെ സഖാക്കള്‍ തന്നെയല്ലേ യഥാര്‍ഥ കഴുതകള്‍!

മൂന്നാര്‍ നടപടിയും സ്‌മാര്‍ട്‌ സിറ്റിയും വി.എസ്‌.അച്യുതാനന്ദന്റെ ഇമേജ്‌ വര്‍ധിപ്പിക്കുന്നുവെന്ന്‌ മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ ഹാലിളക്കം. ആരെന്തൊക്കെ പറഞ്ഞാലും മാധ്യമങ്ങള്‍ക്കു മാത്രമല്ല പ്രതിപക്ഷത്തിനുപോലും മുഖ്യമന്ത്രിയോടൊരു ബഹുമാനമുണ്ട്‌. അതുകൊണ്ടാണ്‌ മാതൃഭൂമിയെ മഞ്ഞപ്പത്രമെന്നു പി.ജയരാജന്‍ വിശേഷിപ്പിച്ചപ്പോള്‍ അതേപ്പറ്റി മുഖ്യമന്ത്രി അഭിപ്രായം പറയണമെന്ന്‌ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്‌!

അഞ്ചു വര്‍ഷം മുമ്പ്‌ മതികെട്ടാന്‍ കയ്യേറ്റം പുറത്തു വന്ന സമയം. അതിനു വഴിതെളിച്ചത്‌ അന്നത്തെ വനംമന്ത്രി കെ.സുധാകരനായിരുന്നു. സുധാകരന്‍ മതികെട്ടാന്‍ കയറിയിറങ്ങി ഒരാഴ്‌ച തികയും മുമ്പ്‌ വി.എസ്‌.അവിടെത്തി. അന്ന്‌ പാര്‍ട്ടിഭേദം മറന്ന്‌ സുധാകരന്റെ നിലപാടിന്‌ വി.എസ്‌ അന്തസ്സോടെ പിന്തുണനല്‍കി. കണ്ണൂരില്‍ പാര്‍ട്ടിയുടെ ഒന്നാം നമ്പര്‍ ശത്രുവായ സുധാകരനെ പിന്തുണച്ച്‌ സി.പി.എമ്മിന്റെ എം.എല്‍.എ. ആയ കെ.കെ.ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കിയിലെ എത്രയോ വേദികളില്‍ പ്രസംഗിച്ചു. മൂന്നാര്‍ കയ്യേറ്റമുണ്ടായപ്പോള്‍ അവിടെ യു.ഡി.എഫുകാരും എല്‍.ഡി.എഫുകാരും ഒരുപോലെ ഭൂമി കയ്യേറിയിട്ടുണ്ടെന്ന്‌ പറയാനുള്ള ആര്‍ജ്ജവവും വി.എസ്‌.കാണിച്ചു. ഒടുവില്‍ മൂന്നാറിലെത്തി അവിടുള്ള പ്രാദേശിക നേതാക്കളെയും കയ്യേറ്റക്കാരുടെ ബന്ധുക്കളായ നേതാക്കളേയും കൂട്ടുപിടിച്ച്‌ വി.എസിനെതിരേ കച്ചമുറുക്കിയത്‌ ആരാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നിട്ടും വി.എസ്‌. പിടിച്ചു നിന്നത്‌ അദ്ദേഹത്തിന്റെ സത്യസന്ധത കൊണ്ടു മാത്രമാണ്‌!

മനോരമയും ദീപികയും സി.ഐ.എയുടെ പണം പറ്റിയിട്ടുണ്ടെന്ന്‌ ഇടയ്‌ക്ക്‌ വി.എസ്‌.പറയുകയുണ്ടായി. എന്തു രാഷ്‌ട്രീയനിലപാടിന്റെ പേരിലായാലും വി.എസിനുവേണ്ടി വളരെയധികം മഷി ചെലവാക്കിയ പത്രമായിരുന്നു മനോരമ. അതിന്റെ ചീഫ്‌ എഡിറ്റര്‍ കെ.എം.മാത്യു എട്ടു കോളത്തില്‍ വി.എസിന്റെ പരാമര്‍ശത്തോടു ശക്തമായി പ്രതികരിച്ചെങ്കിലും വി.എസ്സിന്റെ ഭരണപരവും രാഷ്‌ട്രീയപരവുമായ നിലപാടുകളെ മനോരമ പിന്നീടും പിന്തുണക്കുക തന്നെയായിരുന്നു എന്നോര്‍ക്കുക. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്ന്‌ ചെയര്‍മാന്‍ തന്നെ വെളിപ്പെടുത്തിയപ്പോള്‍ സ്വന്തം സര്‍ക്കാരായിട്ടും വി.എസ്‌.പറഞ്ഞത്‌ അതിലല്‍പം കാര്യമുണ്ടെന്നാണ്‌. കള്ളം പറയാതെ തന്റെ നിലപാടിന്റെ സത്യത്തില്‍ ദൃഢമായി ഉറച്ചു നില്‍ക്കുന്നതു തന്നെയാണ്‌ എക്കാലത്തും വി.എസ്സിന്റെ ശക്തി. പത്രങ്ങളും ജനങ്ങളും അദ്ദേഹത്തെ പിന്തുണക്കുന്നതിന്റെ കാര്യവുമിതാണ്‌. പാര്‍ട്ടിയുടെ സഖാക്കന്‍മാരും പാര്‍ട്ടിപ്പത്രവും ചേര്‍ന്നു നടത്തുന്ന നാണംകെട്ട ഇടപാടുകളില്‍ നിന്ന്‌ പാര്‍ട്ടിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ പാടുപെടേണ്ട ഗതികേടിലാണ്‌ വി.എസ്‌. ഇപ്പോള്‍. സി.പി.എം. എന്ന പാര്‍ട്ടി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത്‌ വി.എസ്‌.അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രി ഉള്ളതുകൊണ്ടു മാത്രമാണ്‌. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ്‌ വി.എസിനു സീറ്റു നല്‍കാനുള്ള തീരുമാനം പി.ബി. കൈക്കൊണ്ടില്ലായിരുന്നെങ്കില്‍ കേരള സര്‍ക്കാരിന്റെ ഇന്നത്തെ ഗതി എന്താകുമായിരുന്നു എന്നു ചിന്തിക്കുക.

പാര്‍ട്ടിക്കും സര്‍ക്കാരിനും എതിര്‍പ്പുകളെ അതിജീവിക്കാന്‍ സഹായമാകേണ്ട ദേശാഭിമാനി ജീര്‍ണതയുടെ അങ്ങേയറ്റത്താണ്‌. ലോട്ടറി രാജാവില്‍ നിന്നു പണം വാങ്ങിയതിനെപ്പറ്റിയുള്ള വിശദീകരണം മണിക്കൂറുകള്‍ക്കകം മാറ്റിപ്പറഞ്ഞ സഖാവ്‌, മൂന്നാര്‍ ഒഴിപ്പിക്കല്‍ കാര്യത്തില്‍ സി.പി.ഐ. മലക്കം മിറഞ്ഞപോലൊരു പ്രകടനം നടത്തി അപഹാസ്യനായിമാറി. ഇപ്പോള്‍ സ്വയം പ്രതിരോധത്തിനുപോലും മാര്‍ഗമില്ലാതെ ദേശാഭിമാനി വിയര്‍ക്കുകയാണ്‌. മൂന്നാറില്‍ അനധികൃത പട്ടയഭൂമിയില്‍ നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റി സി.പി.ഐ. കുറ്റം സമ്മതിക്കുന്ന കാര്യം ഗൗരവമായി ആലോചിച്ചു വരുമ്പോഴേക്കും, ബോണ്ടുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനമെടുത്ത്‌ കുറ്റസമ്മതം നടത്തിയിരിക്കുന്ന സി.പി.എം. പത്രങ്ങള്‍ക്കെല്ലാം അടിക്കാനുള്ള വടി പാര്‍ട്ടി തന്നെ സംഭാവന നല്‍കുകയാണ്‌. എന്നിട്ടും സര്‍ക്കാരിന്‌ കാര്യമായ വാട്ടം തട്ടാത്തത്‌ വി.എസിന്റെ സത്യസന്ധമായ നിലപാടുകള്‍കൊണ്ടു മാത്രമാണ്‌.

കേരളത്തില്‍ ഏറ്റവുമധികം തൊഴിലാളി പീഢനം നടക്കുന്നത്‌ പത്രസ്ഥാപനങ്ങളിലാണ്‌. മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ മാന്യമായ സേവന വേതന വ്യവസ്ഥകളില്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിനു ജോലിക്കാരുണ്ട്‌. മറ്റേതെങ്കിലും മേഖലയിലായിരുന്നു ഇതെങ്കില്‍ പാര്‍ട്ടി അതെന്നേ ഏറ്റെടുത്തേനെ! ദേശാഭിമാനിക്കെതിരേ പത്രങ്ങള്‍ മല്‍സരിച്ച്‌ അച്ചു നിരത്തുമ്പോള്‍ അവര്‍ക്കിട്ടു നല്ലൊരു അടികൊടുക്കാന്‍ ഈ തൊഴിലാളികളെപ്പറ്റിയുള്ള ഒറ്റ റിപ്പോര്‍ട്ടു മതി. ആ പീഢനവിവരം അറിഞ്ഞാല്‍ നാട്ടുകാര്‍ക്ക്‌ അവരെപ്പറ്റി എന്തെങ്കിലും മതിപ്പുണ്ടെങ്കില്‍ അത്‌ പകുതിയായി കുറയും. തൊഴില്‍ വകുപ്പ്‌ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ രക്ഷപ്പെടുന്നത്‌ ആയിരിക്കണക്കിനു കുടുംബങ്ങളാണ്‌. പക്ഷേ ദേശാഭിമാനി അതെഴുതാത്തിനു വ്യക്തമായ കാരണമുണ്ട്‌. തൊഴിലാളി പീഢനത്തിന്റെ കാര്യത്തില്‍ ഇവരേക്കാള്‍ ഒട്ടും പിന്നിലല്ല ദേശാഭിമാനി. വേണമെങ്കില്‍ ഒരു പടികൂടി മുന്നിലാണെന്നുതന്നെ പറയാം.

എന്തായാലും പത്രത്തിന്‌ ആവശ്യത്തിലധികം സമ്പത്തുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പാലോറ മാതയില്‍ നിന്നുള്‍പ്പെടെ പിരിച്ച ആ പണം പലിശ സഹിതം മടക്കിക്കൊടുക്കാനെങ്കിലും പാര്‍ട്ടി തയ്യാറാകണം. അങ്ങിനെയെങ്കിലും സാധാരണക്കാരും പാര്‍ട്ടിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്നവരുമായ സാധാരണ സഖാക്കള്‍ രക്ഷപ്പെടട്ടെ. തങ്ങള്‍ പണം നല്‍കിയത്‌ സുരക്ഷിതമായ നിക്ഷേപസൗകര്യങ്ങളുണ്ടായിരുന്ന ഒരു പണമിടപാടു സ്ഥാപനത്തിനായിരുന്നുവെന്ന്‌ അവര്‍ ഇനിയെങ്കിലും ആശ്വസിക്കട്ടെ!

Monday, July 9, 2007

മൂന്നു കഥകള്‍-അല്‍പം പഴകിയത്‌

നമ്മുടെ സിനിമാക്കാര്‍ക്കിതു വരണം. ചുമ്മാ പടോം പിടിച്ച്‌ കാശും വാങ്ങി സുഖമായിട്ടങ്ങു ജീവിക്കാനുള്ളതിന്‌ യൂണിയന്‍ പ്രവര്‍ത്തനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു.

ഏതു വ്യവസായത്തിന്റേയും ശവപ്പെട്ടിയില്‍ ആണി തറയ്‌ക്കുന്നത്‌ യൂണിയനും സംഘടനാപ്രവര്‍ത്തനവും ആണെന്നാണല്ലോ അരാഷ്‌ട്രീയവാദികളുടെ വയ്‌പ്‌. സിനിമയില്‍ സി.ഐ.ടി.യുവും, ഐ.എന്‍.ടി.യു.സിയുമൊന്നുമുണ്ടായില്ലെങ്കിലും അത്യാവശ്യം സമരത്തിനും സമരം ചെയ്‌ത്‌ അവകാശം നേടാനും ഒക്കെയുള്ള വകുപ്പ്‌ അവിടേയുമുണ്ട്‌. പക്ഷേ ചായക്കടയിലും ബോര്‍ബര്‍ഷോപ്പിലുമൊന്നും യോഗം ചേരില്ല. കവലപ്രസംഗം നടത്തി നാട്ടാരുടെ ചെവിപൊട്ടിക്കുകയുമില്ല. ബക്കറ്റു പിരിവോ ബക്കറ്റില്ലാത്ത പിരിവോ ഒന്നും പേടിക്കുകയും വേണ്ട. എവിടെ യോഗം ചേര്‍ന്നാലും ചാനല്‍ കണ്ണുകള്‍ ഒപ്പമെത്തുമെന്നും നമ്മുടെ സിനിമാസംഘടനകള്‍ക്കറിയാം. അതോണ്ടല്ലേ അവര്‍ മഴക്കാലത്ത്‌ ഒരു സമരം പ്രഖ്യാപിച്ചത്‌. ഇത്‌ സംഘടനകളുടെ എണ്ണപ്പെരുപ്പംകൊണ്ടാണെന്ന്‌ തിലകന്‍ചേട്ടനു പറയാം. ഈ സംഘടനകളൊക്കെയൊന്നു പടുത്തുയര്‍ത്താന്‍പെട്ട പാട്‌ പാടുപെട്ടവര്‍ക്കേ അറിയൂ? വയസ്സനാംകാലത്ത്‌ നോക്കാന്‍ ആരുമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാന്‍ പടം പിടിക്കാന്‍വരെയാണു താരസംഘടനയുടെ തീരുമാനം. പടം ഓടിയില്ലെങ്കില്‍ ചിലപ്പോ ഇവരുടെ വേതനത്തില്‍ നിന്നുതന്നെ നഷ്‌ടം നികത്തേണ്ടി വരും. അതപ്പോക്കാണാം.ഇതിപ്പം പറഞ്ഞുവന്നത്‌ ഈ സിനിമാക്കാര്‍ക്കിതു വരണമെന്നാണല്ലോ. യേത്‌?

നമ്മടെ അണ്ണന്‍കേറി കലക്കണ കലക്കു കണ്ടില്ല്യേ. അതുതന്നെ! ഇവിടുള്ളോര്‌ കരാറെന്നും ബാറ്റ വര്‍ധനവെന്നും മറ്റും പറഞ്ഞ്‌ കലപില കൂട്ടിക്കൊണ്ടിരിക്കുമ്പോ, അണ്ണന്‍ ഓടിത്തിമിര്‍ക്കുകല്ല്യോ. സിഗരറ്റ്‌ വായുവിലേക്കെറിഞ്ഞ്‌ വായില്‍പ്പിടിക്കാനും ഒറ്റ രൂപാനാണയം കൊണ്ട്‌ സമ്പന്നനാകാനും ഒക്കെയുള്ള ട്രിക്കു പഠിക്കാന്‍ രജനീകാന്തിനു ശിഷ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുന്ന മുതുകാടാശാന്റെ ആത്മാര്‍ഥതയെങ്കിലും നമ്മുടെ സിനിമാക്കാര്‍ കാണിക്കേണ്ടേ? മമ്മൂട്ടിയോ മോഹന്‍ലാലോ മറ്റോ ഇതു കാണിച്ചാല്‍ വേണ്ടാത്തപണിക്കു പോകല്ലേ ആശാനേ എന്നു പറഞ്ഞ്‌ നമ്മുടെ പ്രേക്ഷകര്‍ പുറംതിരിഞ്ഞ്‌ ഒറ്റ നടത്തമങ്ങു നടക്കും. അതുകൊണ്ടാണ്‌ തല്‍ക്കാലം മേക്കപ്പിട്ടു സുന്ദരനായി സുന്ദരിമാരോടൊത്ത്‌ ആടിപ്പാടി രജനീകാന്തിനെ അനുകരിച്ചാല്‍ മതിയെന്ന്‌ നമ്മുടെ സൂപ്പര്‍മാര്‍ തീരുമാനിച്ചത്‌. പുതിയ പടമൊന്നും ഇപ്പം റിലീസ്‌ ചെയ്യേണ്ടന്നു വച്ചത്‌. മഴക്കാലത്ത്‌ മലയാളിയുടെ കയ്യില്‍ കാശു കാണത്തില്ലെന്നു അറിയാവുന്നതുകൊണ്ടല്ല്യോ? അപ്പം ദാ വരുന്നു സ്റ്റൈല്‍ മന്നന്‍. എന്തായിരുന്നു ആ വരവ്‌. രണ്ടു ദിവസം കഴിഞ്ഞു മഴതുടങ്ങിയതേ നാം തീരുമാനിച്ചു, ഇനി അണ്ണനെ പൂട്ടിക്കെട്ടാം. ഈ പെരുമഴയത്ത്‌ അണ്ണനെ കാണാന്‍ ഇനി ആരിടിച്ചുകേറാനാ. പക്ഷേ കണക്കുകൂട്ടലുകള്‍ തെറ്റി.

നമ്മള്‌ സംഘടനാപ്രവര്‍ത്തനവുമൊക്കെയായിട്ടിരിക്കുമ്പോ ദാണ്ടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ സൂപ്പറൊരിടി, മഴയുടെ മോന്തക്കിട്ട്‌. കിട്ടിയപാടേ എന്റമ്മോ എന്നു വിളിച്ച്‌ മഴ അറബിക്കടലില്‍ പോയി മുങ്ങിച്ചത്തു. രജനി ഫാന്‍സ്‌ മഴക്കു പിന്നാലെ വന്ന വെയിലിലും ആടിത്തിമിര്‍ത്തു. ഇനിയെന്തായാലും ഒന്നു രണ്ടു വര്‍ഷത്തേക്ക്‌ രജനീകാന്തിന്റെ സിനിമ വരില്ലെന്നതുമാത്രമാണ്‌ മലയാള സിനിമാക്കാരുടെ ആശ്വാസം. അതുവരെ അല്‍പം സംഘടനയൊക്കെയാകാം., വോട്ടുചെയ്യാന്‍ മാത്രം പറയരുത്‌. അതുവയ്യ, വേണമെങ്കില്‍ പാര്‍ട്ടിപ്പരിപാടിക്കു പ്രസംഗിക്കാന്‍ മാത്രം വരാം. അതും അണ്ണന്‍ അടുത്തതായി അവതരിക്കുന്ന കാലത്ത്‌. അതുവരെ വിശ്രമമില്ലേയ്‌?. പട്ടിണികൂടാതെ കഴിയേണ്ടേ..

2
കേരളത്തില്‍ സിനിമാ രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്നു ചോദിച്ചാല്‍ എല്ലാവര്‍ക്കും ഉടന്‍ ഒരു മറുപടി ഉണ്ടാകുമെന്നറിയാം. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ ആരെന്നു ചോദിച്ചാല്‍ ?.. ചാടി ഉത്തരം പറയാന്‍ വരട്ടെ, ഓപ്‌ഷനുണ്ട്‌. അതുകൂടി കേട്ടിട്ടു പറഞ്ഞാല്‍ മതി. രജനീകാന്ത്‌, അച്യുതാനന്ദന്‍, രവീന്ദ്രന്‍, സുരേഷ്‌കുമാര്‍...

എന്തായാലും നിങ്ങള്‍ ഉത്തരം പറയാന്‍ അല്‍പം വൈകും, ഉറപ്പാണ്‌. രജനീകാന്ത്‌ നിലവില്‍ സൂപ്പര്‍ സ്റ്റാറിനുമപ്പുറത്തായതിനാല്‍ നമുക്ക്‌ ആദ്യം അദ്ദേഹത്തെ ഒഴിവാക്കാം. അച്യുതാനന്ദന്‍ ചിത്രത്തില്‍ ഒരു സഹനടന്റെ റോളില്‍ മാത്രം നടിക്കുന്നതിനാല്‍ ആ പേരും വിടാം. രവീന്ദ്രന്‌ നായകനേക്കാള്‍ ചേരുക പ്രതിനായകന്റെ വേഷമാണ്‌. പിന്നെ അവശേഷിക്കുന്നത്‌ സുരേഷ്‌കുമാര്‍. പുള്ളിക്കാരന്‌ എന്തായാലും സൂപ്പര്‍ സ്റ്റാര്‍ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ട്‌. കോസ്റ്റ്യൂമില്‍ മുതല്‍ ഡയലോഗില്‍ വരെ, ആകാരം മുതല്‍ ആഹാര്യം വരെ എന്തൊരു ഗെറ്റപ്പ്‌. ഒരു ഷാജികൈലാസ്‌ സിനിമയിലെന്നപോലല്ല്യോ അദ്ദേഹം മന്ത്രിമാരെപ്പോലും വിറപ്പിക്കുന്നത്‌. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചെയ്യുന്നതെന്ത്‌ പറയുന്നതെന്ത്‌ എന്നറിയാത്ത അവസ്ഥയില്‍ സി.പി.ഐയെ കൊണ്ടെത്തിച്ചില്ലേ അദ്ദേഹം.

അഭിപ്രായ പ്രകടനത്തിന്റെ കാര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ മലക്കം മറിച്ചിലല്ലേ സി.പി.ഐ. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്‌! അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റു പാര്‍ട്ടി തങ്ങളാണെന്നു വരെ സി.പി.ഐ. അഭിപ്രായപ്പെടാന്‍ സാധ്യതയുണ്ട്‌. മൂന്നാറിലെ പഞ്ചായത്തുകളില്‍ വേണമെങ്കില്‍ ഒറ്റക്കു ഭരിക്കാനുള്ള ആള്‍ബലം തങ്ങള്‍ക്കുണ്ടെന്നാണല്ലോ സി.പി.ഐയുടെ വിശ്വാസം! കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഒരു ടേമില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്കുതന്നെ റവന്യു, വനം വകുപ്പുകള്‍ ലഭിക്കുന്നത്‌. മൂന്നാറില്‍ ഭൂമി കയ്യേറ്റമുണ്ടെന്ന്‌ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ആരോപിച്ചപ്പോള്‍ സി.പി.ഐ മന്ത്രിമാരായ കെ.പി. രാജേന്ദ്രനും ബിനോയ്‌ വിശ്വവും ഒന്നിച്ചവിടെ പോയതും അതുകൊണ്ടാണ്‌. കയ്യേറ്റം ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി തന്റെ വിശ്വസ്‌തരെ നിയമിച്ചപ്പോള്‍ തുടങ്ങിയതാണ്‌ സി.പി.ഐയുടെ മുറുമുറുപ്പ്‌. ഒടുവില്‍ ജനങ്ങള്‍ വി.എസ്സിനൊപ്പമാണെന്നു കണ്ടപ്പോള്‍ അവര്‍ അത്‌ ഉള്ളിലൊതുക്കി. പക്ഷേ മൂന്നാറില്‍ പാര്‍ട്ടി പാടുപെട്ടു കെട്ടിപ്പൊക്കിയ മന്ദിരത്തിന്റെ താടിക്കിട്ടുതന്നെ സുരേഷ്‌കുമാര്‍ കയറി ചൊറിയുമെന്ന്‌ അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. കേരളത്തിലെത്തുന്ന വിദേശികളെ സഹായിക്കാന്‍ സദുദ്ദേശ്യത്തോടെ പണിത ഒരു ചെറുകിട റിസോര്‍ട്ടു മാത്രമായിരുന്നു അത്‌! അതുകൊണ്ടാ സഖാവേ അതിനിത്രമോടി...വിദേശനിക്ഷേപം കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അച്ചുമാമന്റെ ഇഷ്‌ടക്കാര്‍ കാണിക്കുന്ന തോന്ന്യാസം അംഗീകരിച്ചുകൊടുക്കാന്‍ പറ്റുമോ? ആദ്യമൊക്കെ വേണ്ടാ വേണ്ടാന്നു വച്ചു. പിന്നെ കളി കാര്യമായി. ഇരിക്കപ്പൊറുതിയില്ലാതെ ഇസ്‌മായിലും പന്ന്യനും കൂടി മൂന്നാറിനൊരു യാത്ര പോയി. കണ്ട കാഴ്‌ച! ടാറ്റയുടെ തോട്ടത്തില്‍ പണിയെടുക്കുന്ന തങ്ങളുടെ തൊഴിലാളികള്‍, നേതാക്കള്‍? സഖാക്കള്‍ പറഞ്ഞതു കേട്ട്‌ അവര്‍ പൊട്ടിത്തെറിച്ചു. (എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറുമായ സി.എ.കുര്യന്റെ മകന്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന്‌ ആരും തെറ്റിദ്ധരിക്കരുത്‌. അദ്ദേഹം ടാറ്റയുടെ കൊച്ചി ഓഫിസില്‍ ഒരു ചെറിയ മാനേജര്‍ മാത്രമാണ്‌.) സി.പി.ഐയുടെ പൊട്ടിത്തെറി ശബ്‌ദം കേട്ടമാത്രയില്‍ മൂന്നാറിലെ മറ്റു സിംഹങ്ങളും സടകുടഞ്ഞെഴുന്നേറ്റു. ഹൊ, വിറച്ചുപോയില്ലേ മുഖ്യമന്ത്രി!

മൂന്നാര്‍ നടപടികളുടെ മന്ത്രിസഭാ ഉപസമിതിയില്‍ ഇല്ലാത്ത സി.ദിവാകരനെത്തന്നെ വാദിക്കാന്‍ സി.പി.ഐ. നിയോഗിച്ചു. ദിവാകരന്‍ വക്കീലിന്റെ വാദം ഏറ്റു. പരാതികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗം ഉപസമിതിയെ വച്ചു. കയ്യേറ്റഭൂമിയിലുള്ള പാര്‍ട്ടി ഓഫിസുകള്‍ ഒഴിപ്പിക്കേണ്ടതില്ലെന്ന്‌ മന്ത്രിസഭ തീരുമാനിച്ചു. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമായതിനാലാണ്‌ ഈ തീരുമാനമെന്ന്‌ സി.പി.ഐക്കാരനായ റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ വിശദീകരണവും നല്‍കി. സമ്മര്‍ദ്ദതന്ത്രങ്ങളില്‍ മനംമടുത്ത്‌ ദൗത്യസേനാത്തലവന്‍ സുരേഷ്‌കുമാര്‍ ദില്ലിക്കു പോയ തക്കത്തിന്‌ രാജേന്ദ്രന്‍ മന്ത്രി ഒഴിപ്പിക്കലിനു നേതൃത്വം നല്‍കാന്‍ മൂന്നാറിലേക്കു പോയി. (സുരേഷ്‌കുമാറിന്റെ കോട്ട്‌ അവിടെക്കിടപ്പുണ്ടോ എന്നു തപ്പിയിട്ടു കിട്ടിയില്ലെന്നാണ്‌ പിന്നാമ്പുറ വര്‍ത്തമാനം!)പക്ഷേ കാര്യങ്ങളങ്ങു തകിടം മറിഞ്ഞു. മുഖ്യമന്ത്രിയുടെ ഒഴിവാക്കല്‍ പ്രഖ്യാപനം കേട്ട്‌ പൊതുജനം സി.പി.ഐക്കാരെ നോക്കി മുഖം കോട്ടിച്ചിരിക്കാന്‍ തുടങ്ങി. കോടതിപോലും ലജ്ജിച്ചു തല താഴ്‌ത്തി. ഇതൊക്കെ സഹിക്കാം, ഈ അവസരം ലാക്കാക്കി ചില ആരാധനാലയങ്ങള്‍ ഭൂമി കയ്യേറാന്‍ തുടങ്ങിയത്‌ നിരീശ്വരവാദികളായ സി.പി.ഐക്കു സഹിക്കുമോ? അതുംപോട്ടെ, തങ്ങള്‍ സമരം ചെയ്‌തു നേടിയെടുത്ത അവകാശം മുതലാക്കി മറ്റുചില പാര്‍ട്ടികളും കയ്യേറ്റഭൂമിയില്‍ പാര്‍ട്ടിയാപ്പീസെന്ന ബോര്‍ഡും തൂക്കി റിസോര്‍ട്ടു പണി തുടങ്ങുമെന്ന്‌ രമേശ്‌ ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്‌തു!വെളുക്കാന്‍ തേച്ചത്‌ ഈ വിധം പാണ്ടാകുമെന്നു സി.പി.ഐ. കരുതിയില്ല. തങ്ങളുടെ പാര്‍ട്ടി പാടുപെട്ടു പണിത കെട്ടിടത്തില്‍ തൊട്ടാല്‍ തങ്ങള്‍ക്കു നോവുമെന്നു ടി.വിക്കാര്‍ക്കു മുന്നില്‍ നെഞ്ചത്തടിച്ചു പറഞ്ഞ പന്ന്യനു പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥ. ചാനലുകളിലെല്ലാം ചര്‍ച്ച. എല്ലാവരും സി.പി.ഐക്ക്‌ എതിര്‌. എല്ലാം കണ്ടുകൊണ്ടൊരാള്‍ മോളിലിരിപ്പുണ്ടല്ലോ. തക്ക സമയത്ത്‌ അദ്ദ്യേം ഇടപെട്ടു. കയ്യേറ്റഭൂമിയിലാണെങ്കില്‍ ഏതു പാര്‍ട്ടിയുടെ ഓഫീസായാലും പൊളിക്കണമെന്നു തന്നെ ബര്‍ദ്ദാന്‍ പറഞ്ഞപ്പോഴാണ്‌ കേരള നേതാക്കള്‍ക്കു ബോധോദയമുണ്ടായത്‌. തോറ്റുകൊടുക്കാന്‍പറ്റുമോ, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക്‌? തങ്ങള്‍ക്ക്‌ ആരുടേയും ഔദാര്യം ആവശ്യമില്ലെന്നുതന്നെ വെളിയം വെളിച്ചപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തങ്ങള്‍ പറഞ്ഞിട്ടല്ലെന്ന്‌ ഇസ്‌മായിലും കൈകഴുകി.

ഒടുവില്‍ മൂന്നാറിലെ വിവാദമന്ദിരം പൊളിച്ചു മാറ്റി മാതൃക കാണിക്കുമെന്നുവരെ ആരും കേള്‍ക്കാതെ പ്രഖ്യാപിച്ചിരിക്കുന്നു അവര്‍.അപ്പോഴാണ്‌ സി.പി.എമ്മിനും ബോധോദയമുണ്ടായത്‌. സി.പി.ഐ. പൊളിക്കാന്‍ തീരുമാനിച്ചാല്‍ തങ്ങള്‍ക്കു നോക്കി നില്‍ക്കാനാകില്ലല്ലോ. ഈ രവീന്ദ്രന്‍ ഒരു വില്ലനായി അവതരിക്കുമെന്ന്‌ അവരാരും സ്വപ്‌നത്തില്‍പോലും കരുതിയിരുന്നതല്ലല്ലോ. പാതി രവീന്ദ്രനും പാതി പാര്‍ട്ടികള്‍ക്കും എന്ന സമവാക്യവും ഏശാതെ വന്നപ്പോള്‍ രവീന്ദ്രന്‍ പട്ടയത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തിയ മന്ദിരം ഒഴിഞ്ഞ്‌ മാതൃകകാട്ടാനുള്ള തയ്യാറെടുപ്പിലാണ്‌ അവരും. ആദ്യം സി.പി.ഐയോ സി.പി.എമ്മോ എന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ സംശയമുള്ളു. ഭരിക്കുന്ന മുന്നണിയിലെ രണ്ടു മുഖ്യ കക്ഷികളുടെ കാര്യമാണേ ഇപ്പറയുന്നത്‌. ഇനിപ്പറ, സുരേഷ്‌കുമാര്‍ തന്നെയല്ലേ സഖാവേ ഇപ്പോളത്തെ സൂപ്പര്‍ സ്റ്റാര്‍?

3
കേരള മന്ത്രിസഭക്കിതു കഷ്‌ടകാലമോ നല്ലകാലമോ? ഉത്തരമെന്തുമായിക്കോട്ടെ, നല്ലകാലം തലക്കുമീതേ ഉദിച്ചു നില്‍ക്കുന്ന ഒരു മന്ത്രി നമുക്കേതായാലുമുണ്ട്‌. മറ്റാരുമല്ല, സാക്ഷാല്‍ ശ്രീമതിടീച്ചര്‍. രണ്ടുമൂന്നുമാസം മുമ്പ്‌ തലസ്ഥാനത്തൊരു കൂട്ടക്കൊലപാതകം നടന്നത്‌ എല്ലാരും ഓര്‍ക്കുന്നുണ്ടാകും. കൂട്ടക്കൊലപാതകമെന്നു വച്ചാല്‍ സര്‍ക്കാര്‍ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ പിടികൂടി കൊല്ലിച്ചതാണെന്നു കരുതരുത്‌. നമ്മുടെ സര്‍ക്കാര്‍ വിലാസം എസ്‌.എ.ടി.ആശുപത്രിയില്‍ നാല്‌പതോളം നവജാത ശിശുകളാ മരിച്ചത്‌. അണുകേറി ബാധിച്ചതിനു ടീച്ചറെന്തു പിഴച്ചു? കേരളത്തിലെ പ്രതിപക്ഷത്തിന്‌ ഈ അണുക്കളുടെ സംഘബലം പോലുമില്ലാത്തത്‌ ടീച്ചറിനു ഗുണമായി. പക്ഷേ നമ്മുടെ മാധ്യമസിണ്ടിക്കേറ്റ്‌ അങ്ങിനെയല്ലല്ലോ. അവര്‍ ഓരോന്നു ചിക്കിചികഞ്ഞുകൊണ്ടിരിക്കും കിട്ടിക്കഴിഞ്ഞാ കൊത്തിപ്പെറുക്കി ഒരു ബഹളം. പെട്ടെന്ന്‌ അടുത്തു മേയുന്നവരും അതിനുമീതേ ചാടിവീഴും. പിന്നെ പ്രശ്‌നമായി. അതൊന്നു തടയാന്‍ പറ്റിയാല്‍ കാര്യം ഗുരുതരം പ്രശ്‌നം നിസാരം എന്ന മട്ടില്‍ അവസാനിപ്പിക്കാം.

അതുകൊണ്ടാണ്‌ ശ്രീമതിടീച്ചറിന്റെ സ്വന്തം നേതാവ്‌ പിണറായി മൂന്നാറിനൊരു വിനോദയാത്രപോയത്‌. തൊട്ടടുത്ത എസ്‌.എ.ടിയില്‍ അണുബാധമൂലം മരിച്ച ശിശുക്കളുടെ മൃതദേഹം സംസ്‌കരിക്കും മുമ്പുള്ള ഈ യാത്ര എന്തായാലും ലക്ഷ്യത്തിലെത്തി. സിണ്ടിക്കേറ്റിലെ ചാനലുകള്‍ റിലേ മൂന്നാറിലേക്കു മാറ്റിയിപ്പോള്‍ പത്രങ്ങള്‍ പലതും അവിടൊരു യൂണിറ്റു തുറന്നുവെന്നാണു ജനസംസാരം. അതൊരു വിധം കത്തിപ്പിടിപ്പിച്ച്‌ എസ്‌.എ.ടി.പ്രശ്‌നത്തില്‍ നിന്നു തലയൂരി വരുമ്പോളാണ്‌ കൊതുകുകളെല്ലാംകൂടി പാടിപ്പാഞ്ഞു വരുന്നത്‌. കഴിഞ്ഞവര്‍ഷം ഇവറ്റകളെയെല്ലാംകൂടി ഓടിച്ചു വിട്ടതാണ്‌. വല്ല ജനപ്രതിനിധികളുമായിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തേക്കു പേടിക്കേണ്ടായിരുന്നു. പക്ഷേ കൊതുകിനുണ്ടോ വല്ല വിവരവും അവ വന്ന വരവ്‌? എത്രപേരേയും കൊണ്ടാ ഈ ക്ഷുദ്രജീവികള്‍ പോയത്‌? പനി പണ്ടുമുണ്ടായിരുന്നെന്ന കാര്യം വല്ലതും ഈ പത്രക്കാര്‍ക്കറിയുമോ? ആശുപത്രിയില്‍ മരിച്ചവരൊക്കെ പനിബാധിച്ചാണു മരിച്ചതെന്നല്ലേ അവരുടെ കണ്ടെത്തല്‍. എന്തുചെയ്യാം. വന്നുവന്നു മന്ത്രി സ്ഥാനംകൂടി ഇവറ്റകളെല്ലാംകൂടി കൊണ്ടുപോകുമോ എന്ന ഭയം വന്നപ്പോഴാണ്‌ ടീച്ചര്‍ കേന്ദ്രത്തില്‍ പോയി കാലുപിടിച്ചത്‌. അന്‍പുമണി രാംദാസ്‌ അയച്ച സംഘം എന്തായാലും കാര്യമായി സഹായിച്ചു. ചിക്കുന്‍ഗുനിയ ബാധിച്ച്‌്‌ ആരും മരിച്ചില്ലെന്ന്‌ അവര്‍ കണ്ടെത്തിയത്‌ താല്‍ക്കാലിക രക്ഷയായി. എന്നിട്ടും കൊതുകുകളുണ്ടോ വിടുന്നു. ഒടുവില്‍ ആനപ്പാറേല്‍ അച്ചാമ്മ അഞ്ഞൂറാന്റെ കാലുപിടിച്ചപോലെ ടീച്ചര്‍ നമ്മുടെ ഉദാരശിരോമണിയും മനസ്സാക്ഷിയുള്ളവനുമായ സാക്ഷാല്‍ അന്തോണിച്ചനോടു കേണു.

കേട്ടപാതി കേക്കാത്തപാടി രാജ്യസുരക്ഷക്കായി അന്തോണിച്ചന്‍ ഉണര്‍ന്നു. ബാഹ്യശക്തികളുടെ ആക്രമണം പോലെ തന്നെ അപകടകരമാണ്‌ ആഭ്യന്തരയുദ്ധവും കൊതുകെങ്കില്‍ കൊതുക്‌. പട്ടാളക്കാര്‍ക്ക്‌ ഇടക്കൊരു പണിയുള്ളതു നല്ലതല്ലേ. അവര്‍ തോക്കുമായി കൊതുകുവേട്ടക്കിറങ്ങി.പിന്നയല്ലേ രസം. സാധാരണഗതിയില്‍ നമ്മുടെ പോലീസുകാരുടെ തോക്കില്‍ ഉണ്ടയുണ്ടാകാറില്ലെന്നകാര്യം നാടുമുഴുവന്‍ പാട്ടാണ്‌. ഉണ്ട ചില നേതാക്കന്‍മാര്‍ ലാപ്‌ടോപ്പിന്റെ ബാഗില്‍ ഒളിപ്പിച്ചു നടക്കുന്നതും നമുക്കറിയാം. വല്ല പിള്ളാരും പിള്ളാരുകളിക്കു നാലു കല്ലെടുത്തെറിയുമ്പോള്‍ കണ്ണീര്‍ വാതകം പ്രയോഗിക്കാനാണല്ലോ നമ്മുടെ പോലീസിനു തോക്ക്‌. പക്ഷേ പട്ടാളത്തിനങ്ങിനെയാണോ.? അല്ലെന്നായിരുന്നു സാമാന്യ ജനത്തിന്റെ വിശ്വാസം. തോക്കും പീരങ്കിയുമൊക്കെയായി കൊതുകിനെ വെടിവച്ചിടാന്‍ വരുന്ന പട്ടാളത്തെ സ്വപ്‌നം കണ്ട്‌ നമ്മുടെ പാവം പൊതുജനം ഒരു ദിവസമെങ്കിലും സുഖമായിട്ടുറങ്ങിയിട്ടുണ്ടാകും.

എന്തായാലും വൈകിയില്ല. നാട്ടില്‍ പട്ടാളമിറങ്ങി. പക്ഷേ തോക്കില്‍ നിന്നു വെടിയുണ്ടകള്‍ക്കുപകരം ശുക്‌, ശുക്‌ എന്നൊരു ശബ്‌ദവും കുറേ പുകയും പുറത്തേക്കു വരുന്നതാണു ജനം കണ്ടത്‌. ഉല്‍സവപ്പറമ്പിലെ വെടിക്കെട്ടിനിടയില്‍ ഈ ശുക്ക്‌ കേള്‍ക്കുമ്പോള്‍ വെടി ചീറ്റിപ്പോയേ എന്നാര്‍ത്തു വിളിക്കും പോലെ ഒന്നു വിളിച്ചുകൂവണമെന്നു പലര്‍ക്കും തോന്നിയെങ്കിലും മുന്നില്‍ നില്‍ക്കുന്നത്‌ പട്ടാളമാണെന്ന ബോധം അവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചു. ഇനി കൊതുകെന്ന ശത്രുവിനെ തുരത്താന്‍ ഈ വെടിയൊക്കെ മതിയെന്ന്‌ നാട്ടിലെ ചില വിദ്യാസമ്പന്നര്‍ നിരക്ഷരകുക്ഷികളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്‌തു. ഫോഗിങ്ങെന്നോ മറ്റോ ആണ്‌ ഇതിനു പേരെന്ന്‌ ചാനലിലെ വാര്‍ത്ത കണ്ടപ്പോഴാണ്‌ ആളുകള്‍ക്കു പിടികിട്ടിയത്‌. എന്തായാലും അന്തോണിച്ചന്റെ പട്ടാളം പൊട്ടിച്ച പൊഹവെടി ശ്രീമതിടീച്ചറിനെ വീണ്ടും കാത്തു. ഇത്‌ ശുക്രന്റെ വിളയാട്ടമല്ലാതെ മറ്റെന്താണു സഖാവേ.. വെടിപൊട്ടിച്ചതും കൊതുകിനെ തുരത്തിയതും നമ്മടെ യു.പി.എ. സര്‍ക്കാരും അന്തോണിച്ചന്റെ പട്ടാളവുമാണെന്ന്‌ അവകാശപ്പെടുന്നതിനെപ്പറ്റി ആലോചിക്കാന്‍ പ്രതിപക്ഷം യോഗം ചേരുന്ന കാര്യം ആലോചിച്ചു വരികയാണെന്നാണു കേള്‍ക്കുന്നത്‌?

Sunday, June 10, 2007

പിണറായി വിജയം ആട്ടക്കഥ മൂന്നാര്‍ മോഡല്‍

വാര്‍ത്തകളില്‍ നിന്ന്‌ മൂന്നാര്‍ ഒഴിയുന്നില്ല. ഒരുപക്ഷേ കേരളത്തില്‍ ഇതാദ്യമാകാം, ഒരു സംഭവം തുടര്‍ച്ചയായി പത്രത്താളുകളില്‍ ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്നത്‌. സാധാരണഗതിയില്‍ മറ്റെന്തെങ്കിലും സംഭവം വന്ന്‌ ഇതിനെ കുത്തിയൊലിപ്പിച്ചുകൊണ്ടു പോകേണ്ടതാണ്‌.

ഉദാഹരണത്തിന്‌ ഇടുക്കിയിലെ തന്നെ മുല്ലപ്പെരിയാര്‍... എന്തായിരുന്നു പുകില്‍. ഒരാഴ്‌ചപോലും ആയുസ്സില്ലാതെ ആ വിഷയം ഒടുങ്ങി. അണക്കെട്ടു പൊട്ടുമെന്നു ഭയന്ന്‌ പുതിയൊരു ഡാമിനായി പെരിയാര്‍ തീരവാസികള്‍ നടത്തുന്ന അനിശ്‌ചിതകാല സമരം ഇരുനൂറാം ദിവസത്തിലേക്കു കടക്കുകയാണ്‌. പത്രങ്ങളുടെ ലോക്കല്‍ പോജില്‍ മാത്രം ആ സമരം ഒതുങ്ങുന്നു. വരുന്ന മഴക്കാലത്ത്‌ വാര്‍ത്തക്കു ക്ഷാമം നേരിടുന്ന മുഹൂര്‍ത്തത്തില്‍ ഏതെങ്കിലും പത്രക്കാരന്‍ വന്ന്‌ മുല്ലപ്പെരിയാര്‍ ഡാമിനെ ഒന്നു കുത്തിനോക്കി വീണ്ടും വിവാദമുണ്ടാക്കിയേക്കാം.

പറഞ്ഞു വന്നത്‌ മൂന്നാറിനെപ്പറ്റിയാണ്‌. എന്താണ്‌ മൂന്നാര്‍ ഒരു മാസമായിട്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌... കോടിക്കണക്കിനു രൂപ പത്രമാധ്യമങ്ങള്‍ക്കു പരസ്യം നല്‍കുന്ന സ്ഥാപനങ്ങളെപ്പോലും സഹായിക്കാന്‍ മിനക്കെടാതെ അവര്‍ അച്യുതാനന്ദനൊപ്പം (സര്‍ക്കാരിനൊപ്പമല്ല) നിലകൊണ്ടു. ഇടയ്‌്‌ക്കു വിവാദങ്ങള്‍ ഉണ്ടാകാഞ്ഞിട്ടല്ല. സര്‍ക്കാരിനു തന്നെ രാജിവച്ചിറങ്ങിപ്പോകാന്‍ ഒരു എസ്‌.എ.ടി. സംഭവം മാത്രം മതിയായിരുന്നു. ഇപ്പോള്‍ പനി ഗുരുതരമാകുമ്പോഴും മൂന്നാര്‍ ഒഴിഞ്ഞുപോകാന്‍ മടിക്കുകയാണ്‌. എന്തുകൊണ്ട്‌... പിണറായി കളിച്ച ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലമല്ലായിരുന്നോ ഇത്‌.

മാധ്യമസിണ്ടിക്കേറ്റിനെ വിദഗ്‌ധമായി കബളിപ്പിച്ച്‌ നടത്തിയ പിണറായി വിജയം ആട്ടക്കഥ. എസ്‌.എ.ടി. പ്രശ്‌നം മൂലം തന്റെ കൂട്ടത്തില്‍പെട്ട ശ്രീമതിടീച്ചര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്നു തോന്നിയ സമയത്ത്‌ പിണറായി മൂന്നാറിലെത്തി. പിണറായിയെ തോല്‍പിക്കാന്‍ അച്യുതാനന്ദന്‍ ഇടിച്ചുനിരത്തലിനിറങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാറിലെ വന്‍കിടക്കാര്‍ നല്‍കിയ പിരിവിന്റെ വലിപ്പമറിയാവുന്ന പ്രദേശികനേതൃത്വം ഒടുവില്‍ പ്ലേറ്റു മാറ്റിവച്ചു. പൊഴിക്കലില്‍ അച്ചുമാമന്‍ ഉറച്ചു നിന്നപ്പോള്‍ ഇടുക്കിയില്‍ വി.എസ്‌.പക്ഷത്തുറച്ചു നിന്നവര്‍ കളം മാറ്റിച്ചവിട്ടി. ഒടുവില്‍ പ്രശ്‌നമാകുമെന്നു വന്നപ്പോള്‍ സി.പി.ഐയും തിരിഞ്ഞു.

നിങ്ങള്‍ക്കറിയാമോ, സി.പി.ഐയുടേയും എ.ഐ.ടി.യു.സിയുടേയും നേതാവും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറുമായ സി.എ.കുര്യന്റെ മകന്‍ ടാറ്റാ കമ്പിനിയില്‍ ഉന്നതോദ്യോഗസ്ഥനാണ്‌.

മൂന്നാര്‍ ഇടിച്ചു നിരത്തല്‍ തുടങ്ങിയപ്പോള്‍ പരസ്യത്തോടു കൂറുകാട്ടി മാറിനിന്നാല്‍ ജനങ്ങള്‍ എതിരാകുമെന്നറിയാവുന്ന മാധ്യമങ്ങളും മറ്റൊന്നും ആലോചിച്ചില്ല. കണ്ണില്‍കണ്ടവരെയെല്ലാം കള്ളന്‍മാരാക്കി. ഇനി രസം കണ്ടോളൂ... തങ്ങള്‍ കയ്യേറ്റക്കാരല്ലെന്നു കാണിച്ച്‌ ബി.സി.ജി.ഗ്രൂപ്പും അബാദ്‌ ഗ്രൂപ്പും ടാറ്റയും പത്രപ്പരസ്യം നല്‍കി. സി.പി.ഐ ആകട്ടെ പത്രസമ്മേളനവും നോട്ടീസ്‌ വിതരണവുമാണ്‌ നടത്തിയത്‌. വന്‍കിടക്കാരെപ്പോലെ തന്നെ അവരും പറയുന്നു, ഞങ്ങള്‍ കോടതിയില്‍പോകും.... ഇവരും വന്‍കിടക്കാരും പറയുന്നത്‌ ഒരേ കാര്യമല്ലേ. അപ്പോള്‍ സി.പി.ഐയെ ഒഴിവാക്കിയാല്‍ മറ്റുള്ളവരേയും ഒഴിവാക്കണം. സി.പി.ഐക്കു നഷ്ടം നല്‍കേണ്ടി വന്നാല്‍ മറ്റുള്ളവര്‍ക്കും അതു നല്‍കണം.ചാന്‍സലര്‍ റിസോര്‍ട്ടിന്റെ മുന്‍വശത്തെ ഗേറ്റ്‌ പൊളിച്ചപോലൊരു പണി മാത്രമേ സി.പി.ഐ വിലാസം മൂന്നാര്‍ ടൂറിസ്റ്റുഹോമിലും ദൗത്യസംഘം നടത്തിയിരുന്നുള്ളു. വിളവുതിന്നുന്ന വേലിയെക്കണ്ടപ്പോള്‍ പത്രക്കാര്‍ക്കു കൗതുകം വര്‍ധിച്ചതിനാല്‍ അതിനല്‍പം പ്രാധാന്യം കൂടിപ്പോയെന്നു മാത്രം. പക്ഷേ ശക്തമായൊന്നു പ്രതികരിക്കാന്‍ ടാറ്റയെ തൊട്ടുകളിക്കും വരെ സി.പി.ഐക്കു കാത്തിരിക്കേണ്ടി വന്നു.

ഇസ്‌മായില്‍ പറയുന്നതുകേട്ടാല്‍തോന്നും മൂന്നാറില്‍ സി.പി.ഐക്കാര്‍ മാത്രമേ ഉള്ളുവെന്ന്‌. അതൊക്കെ പണ്ടായിരുന്നെന്ന്‌ ഇന്നെല്ലാവര്‍ക്കും അറിയാം. ടാറ്റയുടെ അടിവേരിളകിയാല്‍ എല്ലാ പാര്‍ട്ടിക്കാരുടേയും മൂന്നാര്‍ ആധിപത്യം തകരും. തമിഴര്‍ക്കു പണിയില്ലാതെ വന്നാല്‍ പിന്നെ പ്രകടനങ്ങള്‍ക്കിറങ്ങാന്‍ ആളില്ലാതാവും. അതാണ്‌ എ.കെ.മണിയെന്ന മുന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. നേരിട്ടും മറ്റുള്ളവര്‍ പരോക്ഷമായും ടാറ്റയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌. ഈ അവസരം പിണറായി നന്നായി മുതലാക്കി. സിപി.ഐയുടെ ഈ അപാര ചങ്കൂറ്റത്തിനു പിന്നിലെ ചേതോവികാരം പിണറായിയുടെ രഹസ്യപിന്തുണയല്ലാതെ മറ്റെന്ത്‌.

സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതേയുള്ളു.. ഇപ്പോഴത്തെ ഈ ടെമ്പോ ഇനിയൊരു നാലുവര്‍ഷം കൂടി നിലനിര്‍ത്താന്‍ അച്ചുമാമനെക്കൊണ്ടാകില്ലെന്ന്‌ പിണറായിക്കറിയാം. അപ്പൊപ്പിന്നെ ജനങ്ങളുടെ പിന്തുണ എന്നു പറയുന്നതിലൊന്നും വലിയ കാര്യമില്ല. അല്‍പം കഴിയുമ്പം ഭൂരിപക്ഷകഴുതകള്‍ ഇതൊക്കെ മറക്കും. അതിനിടയില്‍ മൂന്നാര്‍ ഓപ്പറേഷന്റെ പേരില്‍ വി.എസ്‌. പാര്‍ട്ടിയിലും ഒറ്റപ്പെടും, വന്‍കിടക്കാരുടെ സഹായം കിട്ടാതാകുകയും ചെയ്യും... ഇതല്ലേ ഈ പിണറായിവിജയം ആട്ടക്കഥയുടെ കാതല്‍....

Saturday, June 2, 2007

മലയാളം മീഡിയത്തെ കൊന്നതാര്‌

കുറച്ചുകാലം മുമ്പു വരെ എനിക്കൊരു വാശിയുണ്ടായിരുന്നു. മകനെ മലയാളം മീഡിയത്തിലേ ചേര്‍ക്കൂ എന്ന്‌. ഒടുവില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പെട്ട്‌ ഞാന്‍ മറിച്ചു ചിന്തിക്കാന്‍ നിര്‍ബന്ധിതനായി.അതിലാദ്യത്തേത്‌ ഇത്തവണത്തെ പത്താംക്‌ളാസ്‌ റിസല്‍ട്ടാണ്‌. വിദ്യാഭ്യാസമന്ത്രി എത്ര അഭിമാനപൂര്‍വ്വമാണ്‌ ഉയര്‍ന്ന വിജയശതമാനത്തെപ്പറ്റി പ്രഖ്യാപനം നടത്തിയത്‌. 82.39 ശതമാനത്തില്‍ നിന്ന്‌ ഇത്‌ നൂറുശതമാനമാകാന്‍ നാം അടുത്ത പരീക്ഷാഫലം വരെയൊന്നും കാത്തിരിക്കേണ്ട. സേ പരീക്ഷയുടെ റിസല്‍ട്ടു വന്നുകഴിയുമ്പോള്‍ നൂറു ശതമാനമാകും. കുട്ടികള്‍ക്ക്‌ ഉദാരമായി മാര്‍ക്കു നല്‍കി പത്താക്ലാസില്‍ നിന്ന്‌ കയറിവിടുന്നതുകൊണ്ട്‌ ഫലം സര്‍ക്കാരിനു മാത്രമാണ്‌. ഉയര്‍ന്ന വിജയശതമാനത്തെചൊല്ലി അഭിമാനിക്കാം, അധികം പേരൊന്നും പ്ലസ്‌ ടു കടമ്പ കടക്കാതെ സൂക്ഷിക്കാം, അധികം വൈകാതെ ക്ലറിക്കല്‍ പോസ്‌റ്റുകള്‍ക്കുള്‍പ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയാക്കിയാല്‍ എല്ലാ ബിരുദധാരികള്‍ക്കും പണി നല്‍കി അഭിമാനിക്കുകയും ചെയ്യാം. ഇത്തവണ വിജയശതമാനം ഉയരുമെന്ന്‌ സര്‍ക്കാരിന്‌ ഉറപ്പുണ്ടായിരുന്നു. കാരണം പരിഷ്‌കരിച്ച പാഠ്യപദ്ധതിയുടെ മേന്‍മയൊന്നുമല്ല. മാര്‍ക്കിടുന്ന കാര്യത്തില്‍ ഉദാര സമീപനം പുലര്‍ത്തണമെന്നായിരുന്നു മൂല്യനിര്‍ണയക്യാംപുകളില്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. അവര്‍ ഉദാരമായി മാര്‍ക്കിട്ടു. പത്തില്‍താഴെ മാത്രം മാര്‍ക്ക്‌ എഴുത്തുപരീക്ഷക്കു വാങ്ങിയവര്‍ വരെ വിജയിച്ചു. കാരണം തുടര്‍ മൂല്യനിര്‍ണയം വഴി ക്ലാസുകളില്‍ അധ്യാപകര്‍ ഇരുപതില്‍ ഇരുപതു മാര്‍ക്കും കുട്ടികള്‍ക്കു സംഭാവന നല്‍കിയിരുന്നല്ലോ. ഫലമോ പത്തില്‍ താഴെ മാര്‍ക്കു വാങ്ങുന്നവനും ജയിച്ചുകയറാം. സ്‌കൂളിനു വിജയശതമാനം കൂട്ടാം. സര്‍ക്കാരിന്‌ അഭിമാനിക്കാനുള്ള വക സംഭാവന ചെയ്യാം. മോഡറേഷന്‍ എന്ന ദുഷ്‌പേരില്ലാതെ എത്ര അനായാസമായ വിജയം. ഇതാണു സ്ഥിതിയെങ്കില്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികള്‍ എങ്ങനെ മിടുക്കരായി പഠിക്കും... ഇവിടെ എങ്ങനെ ഇംഗ്ലീഷ്‌ മീഡിയം വളരാതിരിക്കും. മലയാളിക്ക്‌ എങ്ങനെ വിവരമുണ്ടാകും.... അടുത്ത വര്‍ഷം മുമ്പ്‌ ചോദ്യപ്പേപ്പറുകള്‍ മുന്‍കൂട്ടി വിതരണം ചെയ്‌ത്‌ ഉത്തരം വീട്ടില്‍ നിന്ന്‌ എഴുതി അയക്കാവുന്ന പരീക്ഷാ സമ്പ്രദായം ഏര്‍പ്പെടുത്തുകയാകും നല്ലത്‌.

FEEDJIT Live Traffic Feed