Tuesday, January 8, 2008

ഇര: ഒരു കൊടും ചതിയുടെ കഥ- മൂന്ന്‌

ഇര

അധ്യായം മൂന്ന്‌ - നടുക്കടലിലേക്ക്‌

പിറ്റേന്ന്‌ മാനസ്സികസമ്മര്‍ദ്ദത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഞാന്‍ മുറിയില്‍ കിടന്നുറങ്ങുമ്പോഴാണ്‌ അനില്‍ ബാനര്‍ജി സ്റ്റുഡിയോയിലെത്തിയത്‌. മുന്‍ഷിയുടെ എഡിറ്റിങ്ങും മറ്റും തീര്‍ത്തു പോകാനിറങ്ങിയ അദ്ദേഹത്തെ ഉണര്‍ന്നെണീറ്റ ഞാന്‍ പിന്നില്‍ നിന്നു വിളിച്ചു. "രാജേഷിവിടുണ്ടായിരുന്നോ!"
"സിജോ ഇന്നലെ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു..."
"അതൊന്നും കാര്യമാക്കേണ്ട. അല്‍പം ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായെന്നേയുള്ളൂ. അതു നമ്മള്‍ വൈകാതെ പരിഹരിക്കും. ഒരുതരത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ല"
"പക്ഷേ സിജോ പറഞ്ഞത്‌ അങ്ങിനെയല്ല..."
"അതു സിജോ പറഞ്ഞ രീതി മാറിപ്പോയതാണ്‌. രാജേഷ്‌ ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ട. പ്രശ്‌നം പരിഹരിക്കുന്നതുവരെ രാജേഷിന്‌ അവിടെ പണിയൊന്നുമില്ലന്നേയുള്ളൂ! സൈറ്റ്‌ തുടങ്ങിക്കഴിഞ്ഞ്‌ രാജേഷിന്റെ പെര്‍ഫോമന്‍സ്‌ മോശമായാല്‍ അപ്പോള്‍ ഞാന്‍ പറയും. മാത്രമല്ല, വേറേ ജോലി നോക്കാന്‍ സമയവും തരും." വളരെ സന്തോഷവും സൗഹൃദവും പ്രത്യാശയും നിറഞ്ഞ സ്വരത്തിലും ഭാവത്തിലും അനില്‍ ബാനര്‍ജി അതു പറഞ്ഞിറങ്ങിയപ്പോള്‍ എനിക്കു പകുതി ആശ്വാസമായി.
തുടര്‍ന്ന്‌ ഞാന്‍ വീണ്ടും സിജോയെ വിളിച്ചു. അനില്‍ ബാനര്‍ജിയുമായി സംസാരിച്ച കാര്യം പറഞ്ഞു. സിജോ വീണ്ടും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
"ചേട്ടന്‍ അങ്ങിനെ പറഞ്ഞത്‌ രാജേഷിനെ ആശ്വസിപ്പിക്കാനായിരിക്കും. സൈറ്റ്‌ തുടങ്ങാന്‍ പറ്റുമെന്ന്‌ എനിക്കു തോന്നുന്നില്ല. രാജേഷ്‌ വേറെന്തിങ്കിലും ജോലി നോക്കുന്നതു തന്നെയാണു നല്ലത്‌.."
പിന്നീട്‌ എന്റെ സുഹൃത്തുക്കളുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്‌ സിജോയുടെ വാക്കുകള്‍ കാര്യമായിട്ടെടുക്കേണ്ടതില്ലെന്നാണ്‌. എന്നെ വിളിച്ചുവരുത്തിയത്‌ അനില്‍ ബാനര്‍ജിയായതിനാല്‍ ഞാനും ആ ലൈനില്‍ തന്നെയായിരുന്നു.ഇതിനിടയില്‍ സിജോയുടെ കല്യാണം നടന്നു. എന്നെ മാത്രം വിളിച്ചില്ല. മുന്‍ഷി സംഘാംഗങ്ങള്‍ എനിക്കു മുന്നിലിരുന്നു യാത്ര പ്‌ളാന്‍ ചെയ്‌തു. പിന്നീട്‌ അനില്‍ ബാനര്‍ജിയുടേയും സിജോയുടേയും പെരുമാറ്റത്തില്‍ നിന്ന്‌ എനിക്കു മനസ്സിലായി മനപ്പൂര്‍വ്വം എന്നെ കല്യാണം വിളിക്കാതിരുന്നതാണെന്ന്‌. ഞാന്‍ താമസം മാറ്റിയിരുന്നുമില്ല.മുന്‍ഷിയില്‍ ജോലിയൊന്നുമില്ലായിരുന്നെങ്കിലും ഞാന്‍ ഇടക്കൊക്കെ ചെല്ലും. അനില്‍ ബാനര്‍ജിയുമായി കാര്യങ്ങള്‍ സംസാരിക്കും. പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അപ്പോഴൊക്കെ തികച്ചും സൗഹൃദപൂര്‍വ്വം, വൈകാതെ സൈറ്റ്‌ തുടങ്ങാന്‍ സാധിക്കുമെന്നും സാങ്കേതികവശങ്ങള്‍ വേറേ ചില വിദഗ്‌ദ്ധരെ ഏല്‍പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിജോയാകട്ടെ കാണുമ്പോഴൊക്കെ ജോലിക്കാര്യമെന്തായെന്നാണു തിരക്കിയിരുന്നത്‌. ഒരു ദിവസം രാത്രി അനില്‍ ബാനര്‍ജി എന്നെ വിളിച്ചു. സൈറ്റിന്റെ സാങ്കേതികജോലികള്‍ എളുപ്പമാക്കുന്നതിനായി ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമറെക്കൂടി നിയമിക്കാനുദ്ദേശിക്കുന്നു. ഒരു പയ്യന്‍ വന്നു വീണിട്ടുണ്ട്‌. കെല്‍ട്രോണില്‍ ജോലി തേടി വന്നതാണ്‌. ഒരു സുഹൃത്ത്‌ വഴി അനില്‍ ബനര്‍ജിയുടെ അടുക്കലെത്തിയതാണ്‌. എന്റെ അഭിപ്രായം അറിയാനാണ്‌ വിളി. ഞാന്‍ പൂര്‍ണമായും പിന്തുണച്ചു. ഒരു സാങ്കേതിക വിദഗ്‌ദ്ധന്‍ ഉള്ളതു നല്ലതാണെന്നു ഞാന്‍ പറഞ്ഞു. അതിലുപരി പുതിയൊരു സ്റ്റാഫിനെ നിയമിക്കാന്‍ എന്നോടു കൂടി അഭിപ്രായം ചോദിച്ചപ്പോള്‍ എന്റെ ഭയം അപ്പാടെ മാറുകയും ചെയ്‌തു.
ഇതിനിടയില്‍ തിരുമലയില്‍ ഒരു വീട്‌ ശരിയായി കിട്ടി. വീട്‌ പറഞ്ഞുറപ്പിക്കുന്നതിനു മുമ്പ്‌ ഞാന്‍ വീണ്ടും അനില്‍ ബാനര്‍ജിയെ കണ്ടു. വീട്ടു വാടക, ഡിപ്പോസിറ്റ്‌ തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചു. വീടിന്‌ ആവശ്യത്തിനു സൗകര്യമുണ്ടോയെന്നും മറ്റും ചോദിച്ച അദ്ദേഹം ഞാന്‍ വീട്‌ എടുക്കുന്നതില്‍ എതിര്‍പ്പൊന്നും പറഞ്ഞതുമില്ല. വീട്‌ എടുത്തശേഷം ഞാന്‍ അക്കാര്യവും അനില്‍ ബാനര്‍ജിയെ ധരിപ്പിച്ചു. നാട്ടില്‍ പോയി കുടുംബത്തെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കാര്യവും അനില്‍ ബാനര്‍ജിയോടു പറഞ്ഞു. എത്രയും വേഗം കൊണ്ടു വരുന്നതു നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നെ തന്റെ സ്റ്റുഡിയോയോടു ചേര്‍ന്നുള്ള മുറിയില്‍ നിന്ന്‌ ഒഴിപ്പിക്കുന്നതിനുള്ള ഒരു വിദ്യയായിരുന്നു അതെന്ന്‌ ഞാനപ്പോള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. മെയ്‌ പകുതിയോടെ ഞാന്‍ സകുടുംബം വാടകവീട്ടില്‍ താമസമാക്കി. പിറ്റേന്ന്‌ അനില്‍ ബാനര്‍ജിയുടെ അടുത്തെത്തിയപ്പോള്‍ എങ്ങിനെയാണ്‌ സാധന സാമഗ്രികള്‍ കൊണ്ടു വന്നത്‌ എത്ര തുകയായി തുടങ്ങിയ കാര്യങ്ങളാണ്‌ അന്വേഷിച്ചത്‌. ഞാന്‍ ജോയിന്‍ ചെയ്‌തിട്ട്‌ രണ്ടു മാസം കഴിഞ്ഞിരുന്നതിനാല്‍ ചെറിയൊരു തുകയെങ്കിലും തരുമെന്ന്‌ ഞാന്‍ സ്വാഭാവികമായും വിശ്വസിച്ചു. കാര്യമായ വരുമാനമാര്‍ഗ്ഗമൊന്നുമില്ലാതെ ഞാന്‍ അലയുകയായിരുന്നെന്ന കാര്യം ആരേക്കാളും നന്നായി അറിയാമായിരുന്നത്‌ അദ്ദേഹത്തിനായിരുന്നു. ആര്‍. ശ്രീകണ്‌ഠന്‍ നായരുമായുള്ള പരിചയത്തിന്റെ പുറത്ത്‌ ഏഷ്യാനെറ്റ്‌ റേഡിയോയില്‍ ലഭിച്ച ചെറിയ ജോലിയില്‍ നിന്നുള്ള തുച്ഛമായ തുക മാത്രമായിരുന്നു എന്റെ വരുമാനം. പോക്കറ്റില്‍ ഒരു രൂപ പോലുമില്ലാതെ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഞാന്‍ അനില്‍ ബാനര്‍ജിയെ വിളിച്ചു.
"സര്‍, സാമ്പത്തികമായി ഞാന്‍ വല്ലാത്ത പരുങ്ങലിലാണ്‌..."
"രാജേഷ്‌ നാളെ വൈകിട്ടു വരൂ..."ഞാന്‍ പ്രതീക്ഷാപൂര്‍വ്വം പിറ്റേന്ന്‌ അദ്ദേഹത്തിന്റെ അടുത്തെത്തി.
എന്നെ ഏതാണ്ടൊക്കെ ഒഴിവാക്കിയ മട്ടിലായിരുന്നു സംസാരം. "വാര്‍ത്താലോകം എന്തായാലും രാജേഷിനു ചെയ്യാനാകില്ല. ഒരു കാര്യം ചെയ്യൂ. സൈറ്റ്‌ തുടങ്ങിക്കഴിയുമ്പോള്‍ എനിക്കാവശ്യമായ ചില ലേഖനങ്ങളും മറ്റും ചെയ്‌തു തരൂ. ഒപ്പം ചില അഭിമുഖങ്ങളും. അതിനുള്ള പണം ഞാന്‍ നല്‍കാം."
ഇത്രയും പറഞ്ഞിട്ട്‌ അകത്തുപോയ അനില്‍ ബാനര്‍ജി അടച്ചു ഭദ്രമാക്കിയ ഒരു വെള്ളക്കവര്‍ എനിക്കു തന്നൂ.
"തല്‍ക്കാലം ഇതിരിക്കട്ടെ!"
ഞാന്‍ സന്തോഷപൂര്‍വ്വം ആ കവര്‍ വാങ്ങി. ആരുമായും ഒരു വഴക്കിനു താല്‍പര്യമില്ലാത്ത ഞാന്‍ അതുകൊണ്ടു തൃപ്‌തിപ്പെട്ടുകൊള്ളുമെന്ന്‌ അദ്ദേഹം കരുതിയിട്ടുണ്ടാവണം. കവര്‍ തുറന്നപ്പോള്‍ അതില്‍ പതിനായിരം രൂപയുണ്ടായിരുന്നു. വേനലില്‍ എനിക്കുമേലേ പെയ്‌ത ഒരു പെരുമഴയായിരുന്നു അത്‌. വരാനിരിക്കുന്ന കൊടുംവേനലിന്റെ വിളംബരവും. വീണ്ടും ഒരു മാസം കൂടി പിന്നിട്ടു. ഇതിനിടയില്‍ ഞാന്‍ പലയിടത്തും ഒരു ജോലിക്കായി ശ്രമിച്ചു. എനിക്കു വഴങ്ങുന്നത്‌ മാധ്യമ പ്രവര്‍ത്തനം മാത്രമായിരുന്നു. കൈമുതലായുള്ളത്‌ പ്രാദേശികപത്രപ്രവര്‍ത്തനത്തില്‍ പത്തു വര്‍ഷത്തെ പരിചയവും എഴുതാനുള്ള കഴിവും ചില പ്രസിദ്ധീകരണങ്ങളില്‍ എന്റേതായി വന്ന ലേഖനങ്ങളും സുഹൃദ്‌ ബന്ധങ്ങളും. വീട്ടുവാടകയും കുട്ടിയുടെ ഫീസും മറ്റും നല്‍കാനുള്ള പണം റേഡിയോയില്‍ നിന്നു കിട്ടും ഇതിനിടയില്‍ ഭാര്യക്കും തുച്ഛമായ ശമ്പളത്തില്‍ ഒരു ജോലി തരപ്പെടുത്തി. പക്ഷേ മാസബഡ്‌ജറ്റ്‌ ഓരോ ദിവസവും എന്നെ ഭയപ്പെടുത്തുകയായിരുന്നു.
ഇതിനിടയില്‍ നാട്ടില്‍ നിന്നു ഫോണ്‍ വന്നു. അച്ഛന്‌ എന്തോ ദേഹാസ്വാസ്ഥ്യം. വിദഗ്‌ദ്ധ പരിശോധന വേണമെന്നാണു ഡോക്‌ടര്‍ പറയുന്നത്‌. പരിചയമുള്ള ഡോക്‌ടറായതിനാല്‍ ഞാന്‍ ഉടന്‍ വിളിച്ചു. ശ്വാസകോശത്തില്‍ ചെറിയൊരു മുഴ കാണുന്നുണ്ടെന്നും ബയോപ്‌സി നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ സകലനാഡികളും തളരുന്നതുപോലെ തോന്നി. ആ ആഴ്‌ച തന്നെ വീട്ടില്‍ പോകാനും തീരുമാനിച്ചു. പോകുന്നതിനു മൂന്നു നാലു ദിവസം മുമ്പ്‌ ഞാന്‍ അനില്‍ ബാനര്‍ജിയെ വിളിച്ചു. പല ദിവസവും വിളിച്ചാല്‍ അദ്ദേഹം ഫോണ്‍ എടുക്കാറില്ല. ചിലപ്പോള്‍ ഭാര്യ എടുക്കും. തിരിച്ചു വിളിക്കാമെന്നു പറഞ്ഞാലും വിളിക്കാറില്ല. ഒരു ദിവസം കിട്ടി. അപ്പോള്‍ കാര്യം പറഞ്ഞു. ആകെ പ്രശ്‌നത്തിലാണ്‌, ഒറ്റപ്പൈസ കയ്യിലില്ല. അല്‍പം സാമ്പത്തികം വേണം.
"എത്രവേണം?"
"ഒരു അയ്യായിരം രൂപ..."
"അത്രയുമുണ്ടാകില്ല! എങ്കിലും ഉള്ളത്‌ തരാം."
"ഞാനെപ്പോള്‍ വരണം?"
"ഞാന്‍ സിജോയുടെ കയ്യില്‍ കൊടുത്തുവിടാം."
ഞാന്‍ സമ്മതിച്ചു.
ആരോടും ഇരന്ന്‌ കടം വാങ്ങി എനിക്കു പരിചയമുണ്ടായിരുന്നില്ല. എന്റെ ഈ അവസ്ഥക്ക്‌ ഉത്തരവാദി അദ്ദേഹമായതിനാലാണ്‌ മറ്റാരോടും ചോദിക്കാതിരുന്നതും. നാട്ടിലും വീട്ടിലും എനിക്കിവിടെ സുഖമെന്നാണല്ലോ ധാരണ!മൂന്നു ദിവസം കഴിഞ്ഞിട്ടും അദ്ദേഹം പണം എത്തിച്ചില്ല. ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചുമില്ല. തരാത്തതായിരിക്കുമെന്നുതന്നെ കരുതി. മറ്റു ചിലരില്‍ നിന്ന്‌ വാങ്ങിയ 1500 രൂപയുമായാണ്‌ ഞാന്‍ നാട്ടില്‍ പോയത്‌! അച്ഛനെ തിരുവനന്തപുരത്ത്‌ മെഡിക്കല്‍ കോളജില്‍ എത്തിച്ചു പരിശോധിപ്പിക്കാനുള്ള തീരുമാനവുമായാണ്‌ ഞാന്‍ നാട്ടില്‍ നിന്ന്‌ തിരുവനന്തപുരത്തു തിരിച്ചെത്തിയത്‌. ഏക മകനായതിനാല്‍ ഇക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ മറ്റാരുമില്ലതാനും.
തിരിച്ചെത്തിയ അന്നു രാത്രി മുന്‍ഷിയുടെ ഓര്‍ക്കുട്ടില്‍ കയറി ഞാന്‍ ഒരു സ്‌ക്രാപ്പിട്ടു. അതിങ്ങനെയായിരുന്നു:
'ഒരാള്‍ മറ്റൊരാളോടു പണം കടം ചോദിച്ചാല്‍ നല്‍കാതിരിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്‌. ഒന്ന്‌ ചോദിക്കുന്നയാള്‍ കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കാത്ത ആളാകണം. രണ്ട്‌ ചോദിക്കുന്ന ആള്‍ക്ക്‌ തിരിച്ചു നല്‍കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലെന്ന്‌ അറിയാമായിരിക്കണം. ഇതില്‍ ആദ്യത്തേതിനു നമ്മുടെ കാര്യത്തില്‍ സാധ്യതയില്ല. കാരണം ഞാന്‍ ഇതുവരെ താങ്കളോടു പണം കടം വാങ്ങിയിട്ടില്ല. രണ്ടാമത്തേതാണു കാരണമെങ്കില്‍ അതിനുത്തരവാദി താങ്കള്‍ തന്നെയാണ്‌. ഞാന്‍ പ്രതികരിക്കാത്തതിനെ തെറ്റിദ്ധരിക്കരുത്‌. ഏതു ക്ഷമയ്‌ക്കും ഒരു പരിധിയുണ്ട്‌...'
അരമണിക്കൂറിനുള്ളില്‍ അനില്‍ ബാനര്‍ജി എന്നെ വിളിച്ചു.
"രാജേഷെന്താ ഗുണ്ടായിസം കാണിക്കുകയാണോ?"
തമാശയായിരിക്കുമെന്നാണ്‌ ഞാന്‍ ആദ്യം ധരിച്ചത്‌. പക്ഷേ അദ്ദേഹത്തിന്റെ സ്വരത്തില്‍ രോഷമാണുള്ളതെന്ന്‌ ഞാന്‍ പിന്നാലെ തിരിച്ചറിഞ്ഞു ഓര്‍ക്കുട്ടില്‍ നല്‍കിയ സ്‌ക്രാപ്പാണ്‌ അദ്ദേഹത്തെ പ്രകോപിതനാക്കിയിരിക്കുന്നത്‌.
"ഇതൊരുതരം വൃത്തികേടായിപ്പോയി. രാജേഷിത്ര ചീപ്പാണെന്നു ഞാന്‍ കരുതിയില്ല!"
"എന്റെ നിസ്സഹായത നിങ്ങള്‍ മനസ്സിലാക്കണം."
"അതിന്‌ ഓര്‍ക്കുട്ടില്‍ സ്‌ക്രാപ്പ്‌ ഇടുകയാണോ വേണ്ടത്‌. രാജേഷ്‌ ഇവിടെ വന്ന്‌ എനിക്കിട്ടു രണ്ടടി തന്നാലും ഞാന്‍ കൊണ്ടേനെ. ഇത്‌ നോട്ടീസ്‌ അടിച്ചു വിതരണം ചെയ്യുന്നപോലെ ആയിപ്പോയി!"
"ഇതേ ഫീലിങ്‌ ഞാന്‍ കുറച്ചു പണം കടം ചോദിച്ചിട്ടു തരാതിരുന്നപ്പോള്‍ എനിക്കുമുണ്ടായെന്നു സാര്‍ മനസ്സിലാക്കണം!"
"എനിക്കിവിടെ ആയിരം കൂട്ടം പണികളുണ്ട്‌. കുടുംബകാര്യം പോലും നോക്കാന്‍ ഇതിനിടയില്‍ സമയം കിട്ടാറില്ല. പൈസയുടെ കാര്യം ഞാന്‍ മറന്നതാണ്‌. ഇടക്ക്‌ ഒന്നു വിളിച്ച്‌ ഓര്‍മിപ്പിക്കാതിരുന്നത്‌ എന്റെ കുറ്റമല്ല."
"സര്‍, ഭേദപ്പെട്ട പണിയുണ്ടായിരുന്ന എന്നെ വിളിച്ചു വരുത്തിയിട്ട്‌ നിര്‍ദ്ദാക്ഷിണ്യം ഇറക്കിവിട്ട താങ്കള്‍ ഇത്ര നിസ്സാരമായി മറന്നുവെന്നു പറയരുത്‌!"
"കൂടുതല്‍ ശമ്പളം കിട്ടുമെന്നു കണ്ടപ്പോള്‍ രാജേഷ്‌ പണി കളഞ്ഞു പോന്നതിനു ഞാനെന്തു പിഴച്ചു. എനിക്കു നിങ്ങള്‍ സ്യൂട്ടബിളല്ലെന്നു തോന്നിയതിനാലാണ്‌ ഞാന്‍ ഒഴിവാക്കിയത്‌."
"പരീക്ഷിക്കാനായിരുന്നെങ്കില്‍ എന്റെ ജോലി കളഞ്ഞിട്ടു വരാന്‍ നിര്‍ബന്ധിക്കണമായിരുന്നോ? ഞാന്‍ അവിടെയിരുന്ന്‌ കുറേ സാധനങ്ങള്‍ ചെയ്‌തു തരുമായിരുന്നല്ലോ. മാത്രമല്ല താങ്കള്‍ പറഞ്ഞതനുസരിച്ച്‌ ഡമ്മിയായി കുറേ സാധനം അയച്ചു തന്നതും നിങ്ങളതു കണ്ടതുമാണ്‌"
"എന്തോന്നു ഡമ്മി.? മൂന്നോ നാലോ കഷണം മെയില്‍ ചെയ്‌തെന്നു കരുതി അത്‌ കഴിവിന്റെ വിലയിരുത്തലാകുമോ?"
"ഇതു വരെ പുറത്തിറങ്ങാത്ത ഒരു മാഗസിനില്‍ എന്റെ പെര്‍ഫോമന്‍സ്‌ എങ്ങിനെ വിലയിരുത്താനാണ്‌? ഇത്‌ പുറത്തിറങ്ങിക്കഴിഞ്ഞ്‌ വായനക്കാര്‍ സ്വീകരിച്ചില്ലെങ്കിലാണു നിങ്ങളിതു പറയുന്നതെങ്കില്‍ ന്യായമുണ്ട്‌. നിങ്ങള്‍ക്കു പോലും കൃത്യമായ ധാരണയുമില്ലാത്ത സാധനം വച്ച്‌ ഞാനെങ്ങനെ പണി ചെയ്യും? സാങ്കേതിക പ്രശ്‌നങ്ങളില്‍ സൈറ്റ്‌ കുടുങ്ങിയെന്നതല്ലേ സത്യം?"
അദ്ദേഹം അഭിപ്രായം മാറ്റി.
"എനിക്കു നിങ്ങളുടെ സ്റ്റൈല്‍ ഓഫ്‌ വര്‍ക്ക്‌ ആണ്‌ ഇഷ്‌ടപ്പെടാത്തത്‌!"
"അങ്ങിനെ പറയുന്നതില്‍ കാര്യമില്ല സര്‍. എന്താണു കുഴപ്പമെന്നു പറയണം."
"എനിക്കിഷ്‌ടപ്പെട്ടില്ല, അത്രതന്നെ!"
"എന്നെ നിങ്ങള്‍ ആത്മഹത്യയിലേക്കു തള്ളിവിടുകയാണു ചെയ്യുന്നത്‌. ഭാര്യയേയും കുട്ടിയേയും ഓര്‍ത്തു മാത്രമാണ്‌ ഞാന്‍ അതു ചെയ്യാത്തത്‌!"
"എനിക്കിനി ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. നാം തമ്മില്‍ ഇനി ഒരു ബന്ധവുമില്ലതാനും!" കൃത്യം 18 മിനിട്ട്‌. ഫോണ്‍ കട്ടു ചെയ്‌തു. ഓര്‍ക്കുട്ടില്‍ നിന്ന്‌ ആ സ്‌ക്രാപ്പ്‌ ഉടന്‍ തന്നെ അദ്ദേഹം ഡിലീറ്റ്‌ ചെയ്യുകയും ചെയ്‌തു. സുഹൃത്തുക്കള്‍ പലരും നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു, അനില്‍ ബാനര്‍ജിയെ വെറുതേ വിടരുതെന്ന്‌. എന്റെ കൂടെ ആദ്യദിവസം അദ്ദേഹത്തെ കാണാന്‍ ഒപ്പം വന്ന വിനോദും അതുതന്നെ പറഞ്ഞു. കാരണം, അയാള്‍ എന്നോടു പറഞ്ഞതിന്റെയെല്ലാം സാക്ഷി അവനായിരുന്നല്ലോ.
പിന്നെ പ്രശ്‌നങ്ങളുടെ ദിവസങ്ങളായിരുന്നു. അച്ഛന്‌ മെഡിക്കല്‍ കോളജില്‍ മേജര്‍ ഓപ്പറേഷന്‍. ബയോപ്‌സി റിസല്‍ട്ട്‌ പ്രതികൂലമാകാതിരുന്നതുമാത്രമായിരുന്നു ആശ്വാസം. നേരത്തേ ജോലി നോക്കിയിരുന്ന പത്രസ്ഥാപനത്തില്‍ നിന്ന്‌ പരസ്യത്തിന്റെ ഇനത്തില്‍ കിട്ടാന്‍ ബാക്കിയുണ്ടായിരുന്ന തുക ലഭിച്ചതുകൊണ്ട്‌ ആശുപത്രി ചെലവുകള്‍ കുഴപ്പമില്ലാതെ നടന്നു. ഇതിനിടയില്‍ എന്റെ ഓര്‍ക്കുട്ട്‌ സ്‌ക്രാപ്പ്‌ ബുക്കില്‍ മുന്‍ഷിയിലെ ഒരു ജീവനക്കാരന്റെ സ്‌ക്രാപ്പ്‌ എത്തി, ഇപ്രകാരം:
'ആരോഗ്യകരമായ മുന്നറിയിപ്പ്‌!!!! സൗഹൃദങ്ങളുടെ കൂട്ടായ്‌മയായ ഓര്‍ക്കുട്ടിനെ അപവാദപ്രചരണത്തിനും സ്വഭാവഹത്യക്കുമായി ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ ജാഗ്രതൈ!! കേരള പോലീസ്‌ ഓര്‍ക്കുട്ട്‌ ക്രൈമിനെതിരെ ആദ്യ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. മാന്യന്‍മാരെ അപമാനിക്കുന്ന ഇത്തരം ഓര്‍ക്കുട്ടന്‍മാരെക്കൊണ്ടു നിങ്ങള്‍ പൊറുതിമുട്ടുകയാണെങ്കില്‍ ഹൈടെക്ക്‌ സെല്‍, പൊലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. നിമിഷങ്ങള്‍ക്കകം ഹാര്‍ഡ്‌ ഡിസ്‌ക്‌ അടക്കം ആ ഓര്‍ക്കുട്ടന്‍ അകത്താകും. വാല്‍ക്കഷണം!!! ഈ മുന്നറിയിപ്പ്‌ വകവയ്‌ക്കാതെ നിങ്ങളെ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ ആദ്യം ഈ വിളംബരം ആ ഓര്‍ക്കുട്ടന്റെ സ്‌ക്രാപ്പ്‌ ബുക്കില്‍ ഇടുക. അതു കഴിഞ്ഞേ പോലീസ്‌ ഏമാനെ വിളിക്കാവൂ. പിണറായി വിജയന്‍ സഖാവിനോട്‌ മാതൃഭൂമി പത്രാധിപര്‍ പറഞ്ഞപോലെ പ്രതികാരമല്ല സഹിഷ്‌ണുതയാണ്‌ എല്ലാവര്‍ക്കും നല്ലത്‌...'
തനി മുന്‍ഷി സ്റ്റൈല്‍!
അച്ഛന്‍ ആശുപത്രിയില്‍ നിന്നു ഡിസ്‌ചാര്‍ജാകുകയും ഞാന്‍ അതിന്റെ തിരക്കില്‍ നിന്ന്‌ അല്‍പം മോചിതനാകുകയും ചെയ്‌ത ശേഷം വീണ്ടും മുന്‍ഷിയുടെ ഓര്‍ക്കുട്ടില്‍ കയറി മറ്റൊരു സ്‌ക്രാപ്പിട്ടു. അതിന്റെ ചുരുക്കം ഇതാണ്‌:
'മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റാന്‍ എന്തിനാണു ഭഗവാന്‍, ഒരു അനില്‍ ബാനര്‍ജി മതിയല്ലോ. ഇപ്പോള്‍ തൊഴില്‍ തെണ്ടലാണ്‌ എന്റെ ജോലി. എന്റെ ഈ അവസ്ഥക്ക്‌ ഉത്തരവാദി താങ്കള്‍ മാത്രമാണ്‌. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വവും താങ്കള്‍ക്കു മാത്രമായിരിക്കും. കവി അയ്യപ്പന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ കൂട്ടുകാരന്റെ ചങ്കു കീറി കുരുത്തോല കെട്ടിത്തൂക്കരുത്‌, എന്നെ കുരുതി കൊടുത്തിട്ടെന്റെ പെണ്ണിന്റെ താലി പറിക്കരുത്‌...'
അത്ഭുതമെന്നു പറയട്ടെ മൂന്നാംപക്കം മുന്‍ഷി ഓര്‍ക്കുട്ടില്‍ നിന്ന്‌ അപ്രത്യക്ഷമായി! എന്റെ ഫ്രണ്ട്‌സ്‌ ലിസ്റ്റില്‍ നിന്നു മാറിയതായിരിക്കുമെന്നു കരുതി, ചില സുഹൃത്തുക്കള്‍ വഴി കയറിനോക്കിയപ്പോഴും മുന്‍ഷി ഓര്‍ക്കുട്ടില്‍ ഉണ്ടായിരുന്നില്ല. സേര്‍ച്ച്‌ റിസല്‍ട്ടും അണ്‍നോണ്‍ എന്നായിരുന്നു!
ഇതിനിടയില്‍ എനിക്കു പകരക്കാരനായി മറ്റൊരു പത്രപ്രവര്‍ത്തകനെ അനില്‍ ബാനര്‍ജി ക്ഷണിച്ചു, എന്റെ സുഹൃത്താണ്‌ അദ്ദേഹമെന്നറിയാതെ. ബ്ലോഗ്‌ സ്‌പോട്ട്‌ വഴിയാണ്‌ അദ്ദേഹത്തെ കണ്ടെത്തിയത്‌. അദ്ദേഹത്തേയും തിരുവനന്തപുരത്തേക്കു വിളിച്ചു വരുത്തി മുറിയെടുത്തു താമസിപ്പിച്ചു. ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടില്ല. ജോലിയിലിരുന്നുകൊണ്ടു തന്നെ സിനിമാലോകത്തിലേക്കും മറ്റും ലേഖനങ്ങള്‍ എഴുതിക്കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിലൂടെ ഒരു കാര്യം എനിക്കു വ്യക്തമായി. എന്നെ വച്ചു നടത്തിയ പരീക്ഷണത്തിലൂടെ വാര്‍ത്താലോകത്തിന്റെ അപ്രായോഗികത മനസ്സിലാക്കിയ അനില്‍ ബാനര്‍ജി അത്‌ ഉപേക്ഷിച്ചു! ആഴ്‌ചതോറും നവീകരിക്കുന്ന ഒരു വെബ്‌ മാഗസിന്‍ മാത്രമാക്കി തന്റെ ഭ്രാന്തന്‍ സങ്കല്‍പത്തെ ചുരുക്കിയിരിക്കാം. നല്ലത്‌, എന്നെപ്പോലെ വേറൊരാള്‍കൂടി ആ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടല്ലോ. മുന്‍ഷി ഡോട്ട്‌ കോം മാസങ്ങള്‍ കഴിഞ്ഞിട്ടും പണിപ്പുരയില്‍ നിന്നിറങ്ങിയില്ല.
പിന്നീടിതുവരെ അനില്‍ബാനര്‍ജിയുമായി യാതൊരു ബന്ധവുമുണ്ടായിട്ടില്ല. അവിടെ ജോലി ചെയ്യുന്ന രണ്ടുപേരും എന്റെ ഓര്‍ക്കുട്ട്‌ ഫ്രണ്ട്‌സ്‌ ലിസ്റ്റില്‍ നിന്ന്‌ പിന്‍മാറുകയും ചെയ്‌തു. തുടര്‍ന്ന്‌ ഞാന്‍ ഓര്‍ക്കുട്ട്‌ പ്രൊഫൈല്‍ ഇപ്രകാരം മാറ്റിയെഴുതി.
"ഞാന്‍ മുന്‍ഷിയുടെ ഇര. മുന്‍ഷി എന്നാല്‍ അനില്‍ ബാനര്‍ജി. ഏഷ്യാനെറ്റിലെ പ്രശസ്‌തമായ കാര്‍ട്ടൂണ്‍ സ്‌ട്രിപ്പ്‌. ഇരയായതെങ്ങിനെയെന്നല്ലേ.... പറയാം. ഇടുക്കിയില്‍ തരക്കേടില്ലാത്ത വരുമാനത്തില്‍ പത്രപ്രവര്‍ത്തനം നടത്തിവന്നിരുന്ന എന്നെ മോഹനവാഗ്‌ദാനം നല്‍കി ജോലി രാജി വയ്‌പിച്ച്‌ കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരത്തു കൊണ്ടു വന്നത്‌ അനില്‍ ബാനര്‍ജിയാണ്‌. അദ്ദേഹം ആരംഭിക്കുന്ന വെബ്‌ മാഗസിന്റെ എഡിറ്റര്‍ തസ്‌തിക, മാസം പതിനായിരം രൂപ ശമ്പളം. ജോലി രാജി വയ്‌പിച്ചതിനൊപ്പം കൂടും കുടുക്കയുമായി തിരുവനന്തപുരത്തിനു താമസം മാറ്റാന്‍ പ്രേരിപ്പിച്ചതും അദ്ദേഹം തന്നെ. ഒടുവില്‍ രണ്ടു മാസത്തെ ശമ്പളവും തന്ന്‌ എന്നെ ഒഴിവാക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ മുന്‍ഷി ഡോട്ട്‌ കോം തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാന്‍ അദ്ദേഹത്തിന്‌ അനുയോജ്യനല്ലെന്നായിരുന്നു എനിക്കെതിരേയുള്ള ആരോപണം. അനുയോജ്യനാണോ എന്ന പരീക്ഷണത്തിനു മാത്രമായി എന്റെ ഉണ്ടായിരുന്ന പണി കളയിച്ച്‌ തിരുവനന്തപുരത്തേക്കു കൊണ്ടുവരണമായിരുന്നോ...." കേരളകൗമുദിയില്‍ ജോലി ലഭിക്കും വരെ ഞാന്‍ ഈ പ്രൊഫൈല്‍ മാറ്റിയില്ല. അക്കാലത്തിനിടയില്‍ ഓര്‍ക്കുട്ട്‌ വഴി എനിക്കു ലഭിച്ച സൗഹൃദങ്ങള്‍ ഏറെയായിരുന്നു.

Monday, January 7, 2008

ഇര: ഒരു കൊടും ചതിയുടെ കഥ - രണ്ട്‌

ഇര


അധ്യായം രണ്ട്‌.

പ്രശ്‌നങ്ങള്‍ തുടങ്ങുന്നുമാര്‍ച്ച്‌ എട്ട്‌.
പുലര്‍ച്ചെ ആറരയ്‌ക്ക്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. ചെല്ലുമ്പോള്‍ ബൈക്കുകൂടി കൊണ്ടു ചെല്ലണമെന്ന അനില്‍ ബാനര്‍ജിയുടെ നിര്‍ദ്ദേശവും ഞാന്‍ അനുസരിച്ചു. അഞ്ചാറു ജോഡി വസ്‌ത്രങ്ങളും അത്യാവശ്യം പുസ്‌തകങ്ങളും മറ്റും ബാഗുകളിലാക്കി ബൈക്കിനു പിന്നില്‍ കെട്ടിവച്ച്‌ 235 കിലോമീറ്റര്‍ ദൂരം താണ്ടി ഞാന്‍ ഉച്ചയോടെ തിരുവനന്തപുരത്തെത്തി. പിറ്റേന്നു രാവിലെ പത്തുമണിക്ക്‌ അനില്‍ ബാനര്‍ജിയുടെ വീട്ടില്‍ ഞാനെത്തി.
മുന്‍ഷിയുടെ ഓഫിസും സ്റ്റുഡിയോയും എല്ലാം അദ്ദേഹത്തിന്റെ വാടകവീടു തന്നെയായിരുന്നു. അവിടെ എന്നെ സ്വീകരിക്കാന്‍ അനില്‍ബാനര്‍ജിയും സിജോയും തയ്യാര്‍. ഞാന്‍ ചെന്നതേ എന്നെ സ്വീകരിച്ച്‌ മുന്‍ഷിയുടെ സ്റ്റുഡിയോയായി ഉപയോഗിച്ചിരുന്ന മുറിയില്‍ ഒരു കസേരയില്‍ ഉപവിഷ്‌ടനാക്കി. അങ്ങിനെ ഞാന്‍ മുന്‍ഷി ഡോട്ട്‌ കോമിന്റെ ചുമതലക്കാരനായി.
വൈകിട്ട്‌ എന്നെ ഒരു സഹായിയേയും കൂട്ടി താമസസ്ഥലത്തേക്കു വിട്ടു. ഓഫിസില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെ പേയാട്‌ പള്ളിമുക്കിലെ ഒരു ഇരുനില വീടിന്റെ മുകളില്‍ ഒരു മുറിയായിരുന്നു എന്റെ ഇടം. അതിനോടു ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ മുന്‍ഷിയുടെ പുതിയ സ്റ്റുഡിയോയും സജ്ജീകരിച്ചിട്ടുണ്ട്‌. താഴെ നിലയിലെ താമസക്കാരനെ ഞാന്‍ പരിചയപ്പെട്ടു. തല മൊട്ടയടിച്ച്‌, മീശവടിച്ച്‌, ഡ്രസ്‌ ചെയ്‌ത താടിയുമായി ഒരു തനി ഹാജിയാര്‍. ഞാന്‍ പേരു ചോദിച്ചു
"റായേന്ദ്‌റന്‍..."
എനിക്കു മനസ്സിലായില്ല.
എന്നോടൊപ്പം വന്ന സഹായി പറഞ്ഞു.
"ഇതു രാജേന്ദ്രന്‍. മുന്‍ഷിയിലെ ഹാജിയാരാണ്‌."
ഞാന്‍ അന്തം വിട്ടുപോയി. ഇത്തരമൊരു കലാകാരനെ ആദ്യം കാണുകയാണ്‌. എല്ലാ ദിവസവും സ്‌ക്രീനില്‍ വരാനായി ഒരു മുസല്‍മാന്റെ എല്ലാ രൂപഭാവങ്ങളോടെയും ജീവിക്കേണ്ടി വരുന്ന വ്യക്തി. സ്വന്തം അസ്‌തിത്വം പണയപ്പെടുത്തിയാണ്‌ അദ്ദേഹം കഴിയുന്നതെന്നു മനസ്സിലാക്കാന്‍ എനിക്കധികദിവസം വേണ്ടി വന്നില്ല.
പിറ്റേന്നു മുതല്‍ രാവിലെ ഞാന്‍ മുന്‍ഷിയിലേക്ക്‌. ഉച്ചക്ക്‌ ഊണു തരും, വൈകിട്ടു ചായയും. പുറത്തുപോകേണ്ട ആവശ്യമേയില്ല. മുന്നില്‍ വിലകൂടിയ കംപ്യൂട്ടര്‍. എന്റെ ജോലി തുടങ്ങുകയായി. പത്രത്തില്‍ നിന്ന്‌ വാര്‍ത്തകള്‍ മുഴുവനും സൈറ്റിന്‌ ആവശ്യമായ വിധത്തില്‍ ഞാന്‍ മാറ്റിയെഴുതി. ഒരാളെക്കൊണ്ടു തന്നെ ചെയ്‌തു തീര്‍ക്കാവുന്ന ജോലിയല്ല ഇതെന്നു ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്‌ അപ്പോഴാണ്‌.
"രാജേഷ്‌ കുറഞ്ഞ പണിയൊന്നുമായിരിക്കില്ല. മുടിഞ്ഞഭാരമായിരിക്കും വരാന്‍പോകുന്നത്‌."
അനില്‍ ബാനര്‍ജി മുന്നറിയിപ്പു നല്‍കി.
ഡി.ടി.പി. ചെയ്യാനായി അനൂപ്‌ എന്നൊരു പയ്യന്‍ എനിക്കു മുമ്പേ അവിടെ ചാര്‍ജ്ജെടുത്തിരുന്നു.
പിന്നെ അനിശ്ചിതത്വത്തിന്റെ നാളുകളായിരുന്നു. രാവിലെ പത്തുമണിയോടെ പ്രഭാതകൃത്യങ്ങളും നിര്‍വ്വഹിച്ചെത്തുന്ന അനില്‍ബാനര്‍ജി പത്രം വായിക്കാനിരിക്കും. പന്ത്രണ്ടു മണിയോടെ അഞ്ചെട്ടു പത്രങ്ങള്‍ പരിശോധിക്കും. പിന്നെ മുന്‍ഷിയുടെ സ്‌ക്രിപ്‌റ്റ്‌ എഴുത്ത്‌. ഇതിനിടിയില്‍ ചിലപ്പോള്‍ ഞങ്ങളുടെ അടുത്തെത്തും. ഒരു മണി കഴിയുമ്പോള്‍ ഷൂട്ടിനു പോകും. അഞ്ചരയോടെ തിരിച്ചെത്തും.
"രാജേഷ്‌ പൊയ്‌ക്കോളൂ"
"ഞാന്‍ വാര്‍ത്തകള്‍ ചെയ്‌തിട്ടിട്ടുണ്ട്‌."
"ഞാന്‍ നോക്കാം"
പിറ്റേന്ന്‌ എന്റെ ജോലിയെപ്പറ്റിയുള്ള അഭിപ്രായം അറിയാന്‍ ആകാംക്ഷയോടെയാണു ഞാന്‍ ചെല്ലുന്നതെങ്കിലും ഒന്നും പറയാറില്ല. ഇതിനിടിയില്‍ വാടകക്കൊരു വീടു നോക്കാനും കുടുംബത്തെ തിരുവനന്തപുരത്തിനു കൊണ്ടു വരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ വിനോദിന്റെ സഹായത്തോടെ തിരുമലയില്‍ വീടു തേടി. താങ്ങാവുന്ന വാടകയ്‌ക്ക്‌ ഒരു വീട്‌, അതായിരുന്നു ലക്ഷ്യം.
എല്ലാദിവസവും ഞാന്‍ രാവിലെ ഓഫിസില്‍ ചെല്ലും. പത്രത്തില്‍ നിന്നു വാര്‍ത്തകള്‍ പകര്‍ത്തും. വൈകിട്ട്‌ തിരിച്ചുപോരും. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ പറയുന്നത്‌ സിജോയായിരിക്കും. അനില്‍ബാനര്‍ജി അധികം സംസാരിക്കാറേയില്ല. ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പ്‌ ജോലിയെ ബാധിക്കുമെന്നുള്ളതിനാല്‍ ഞാന്‍ കടന്നുകയറി അനില്‍ ബാനര്‍ജിയോടു സംസാരിക്കുകയായിരുന്നു പതിവ്‌. ഇടയ്‌ക്ക്‌ അനില്‍ബാനര്‍ജിയും സിജോയും മുറിയില്‍ വരികയും കംപ്യൂട്ടറില്‍ എന്തൊക്കെയോ പരിശോധിക്കുകയും ചെയ്യുന്നതു കാണാം. ഡി.ടി.പി. ചെയ്യുന്ന അനൂപിനും കൃത്യമായ ജോലി നല്‍കി. ഇന്റര്‍നെറ്റിലെ ഷട്ടര്‍‌സ്റ്റോക്കില്‍ നിന്നു കഴിയുത്ര പടങ്ങള്‍ ഒരു ഫോള്‍ഡറിലേക്കു വലിച്ചിടുക. പിന്നീട്‌ ലൈസന്‍സെടുത്ത്‌ ഉപയോഗിക്കാനുതകുന്നത്‌. ഞങ്ങള്‍ രണ്ടുപേരും യാന്ത്രികമായി ഈ ജോലികള്‍ ചെയ്‌തു കൊണ്ടിരുന്നു.
മാര്‍ച്ച്‌ 31 ശനി.
പകല്‍ ഓഫിസിലെത്തിയ സിജോ വൈകിട്ട്‌ എന്നോട്‌ കാണണമെന്നാവശ്യപ്പെട്ടു. അതനുസരിച്ച്‌ വൈകിട്ട്‌ ഞാന്‍ സിജോ താമസിക്കുന്ന ഫ്‌ളാറ്റിലെത്തി. അല്‍പം ലോഹ്യം പറഞ്ഞിരുന്ന ശേഷം പുറത്തേക്കിറങ്ങിയ സിജോ ഗൗരവക്കാരനായി.
"രാജേഷ്‌, നമ്മള്‍ തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്‌. മെയ്‌ 18ന്‌ നമുക്ക്‌ ലോഞ്ചു ചെയ്യണം. അതിന്‌ ഊറ്റമായി ശ്രമിച്ചാലേ നടക്കൂ."
"എന്തിനും തയ്യാറായാണു ഞാന്‍ വന്നിരിക്കുന്നത്‌. എന്റെ ഭാഗത്തു നിന്ന്‌ എന്താണ്‌ ഇനി വേണ്ടത്‌?"
"മാക്‌സിമം വാര്‍ത്തകള്‍ അടിച്ചിടണം. ഒരു ദിവസം കുറഞ്ഞത്‌ അറുപതെണ്ണമെങ്കിലും വേണം."
"അതു ഞാന്‍ ചെയ്യുന്നുണ്ട്‌. പക്ഷേ, സൈറ്റ്‌ തുടങ്ങിക്കഴിഞ്ഞാല്‍ പത്രത്തെയല്ല, ടി.വിയെയാണു നാം ആശ്രയിക്കുന്നത്‌. അതിനൊരു ട്രയല്‍ നോക്കാന്‍ സംവിധാനമൊന്നുമില്ല!"
"അത്‌ ഉടന്‍ ശരിയാക്കിത്തരാം."
"മാഗസിന്‍ തുടങ്ങണമെങ്കില്‍ അതു മാത്രം പോരല്ലോ. മറ്റു വിഭാഗങ്ങള്‍...?"
"അവ ചെയ്യാന്‍ മുപ്പതോളം പേരെ നമ്മള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്‌."
"ആരൊക്കെ?"
"അതു പറയില്ല. രഹസ്യമാണ്‌. ചിലരൊക്കെ ചില പത്രസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരാണ്‌. എല്ലാം പുലികളാണെന്നറിഞ്ഞാല്‍ മതി!"
"സിജോ, ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്‌ വന്നാല്‍ പ്രശ്‌നമാകും. അനില്‍സാര്‍ ഒന്നും പറയാറില്ല!"
"അതു സാരമാക്കേണ്ട. ചേട്ടന്റെ പ്രകൃതമതാണ്‌. എപ്പോഴും ടെന്‍ഷനാണ്‌. എന്തെങ്കിലുമുണ്ടെങ്കില്‍ രാജേഷ്‌ എന്നോടു പറഞ്ഞാല്‍ മതി!"
ഞാന്‍ സമ്മതിച്ചു.
"പിന്നെ, മുന്‍ഷിയുടെ സെറ്റപ്പ്‌ പൊതുവെ രഹസ്യമാണ്‌. നാം പുറത്താരുമായും അധികം ബന്ധപ്പെടാറില്ല. നമുക്ക്‌ ശത്രുക്കള്‍ നിരവധിയുണ്ട്‌. ചേട്ടനെ പല ചാനലുകാരും ഡിസ്‌കഷനും മറ്റും വിളിക്കാറുണ്ടെങ്കിലും ചേട്ടന്‍ പോകാത്തതതിനാലാണ്‌. അനില്‍ ബാനര്‍ജിയെ എല്ലാവര്‍ക്കുമറിയാം. പക്ഷേ ചേട്ടനെ കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റില്ല."
അതു സത്യമാണെന്നു ഞാനുമോര്‍ത്തു. മുന്‍ഷിയില്‍ ഞാന്‍ ചേര്‍ന്നശേഷമാണ്‌ ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ സ്ഥാനം നേടുന്നത്‌. അന്ന്‌ ഇന്‍ഡ്യന്‍ എക്‌സ്‌പ്രസില്‍ റിപ്പോര്‍ട്ടറായ, എന്റെ സുഹൃത്ത്‌ അനില്‍ ബാനര്‍ജിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. ഒരു ഫീച്ചര്‍ ചെയ്യാന്‍. പക്ഷേ അദ്ദേഹം വിദഗ്‌ദ്ധമായി ഒഴിഞ്ഞു മാറിയതിനു പിന്നിലെ ചേതോവികാരം ഇതാണെന്നു ഞാന്‍ മനസ്സിലാക്കിയത്‌ അപ്പോഴാണ്‌. എന്റെ വിപുലമായ ബന്ധങ്ങള്‍ അവരെ അലോസരപ്പെടുത്തുന്നുണ്ടെന്നും സ്വാഭാവികമായും ഞാന്‍ സംശയിച്ചു.
സിജോ തുടര്‍ന്നു
"നാളെ പുതിയൊരു പുലി വരും. ഫ്‌ളാഷും ഫോട്ടോഷോപ്പും മറ്റും ഗംഭീരമായി ചെയ്യുന്നയാളാണ്‌. ഫ്യൂജിയില്‍ നിന്നു നമ്മള്‍ വലിച്ചതാണ്‌. പേജ്‌ ഡിസൈനിങ്ങ്‌ ആ പുലി ചെയ്യും."
"നല്ലത്‌... അപ്പോള്‍ നമുക്ക്‌ ഊര്‍ജ്ജിതമായി കാര്യങ്ങളിലേക്കു കടക്കാം."
സിജോയോടു ഗുഡ്‌ബൈ പറഞ്ഞിറങ്ങി വീട്ടിലെത്തിയപ്പോഴാണ്‌ ഓര്‍മിച്ചത്‌ പിറ്റേന്ന്‌ ഏപ്രില്‍ ഒന്ന്‌ ഞായറാഴ്‌ചയാണ്‌. ഞാന്‍ മുമ്പുള്ള ഞായറാഴ്‌ചകളില്‍ ഓഫിസില്‍ ചെന്നിരുന്നില്ല. വരണോ എന്ന ചോദിച്ചപ്പോഴൊക്കെ വേണ്ടെന്നാണ്‌ അനില്‍ ബാനര്‍ജി പറഞ്ഞത്‌.
ഞാന്‍ സിജോയെ വിളിച്ചു.
"നാളെ ഞായറാണ്‌..."
"അതു ഞാന്‍ പറയാന്‍ വിട്ടു. ഞായറാഴ്‌ചയും കൂടി ചെയ്‌താലേ ഇനി പണി തീരൂ!"
ഞാന്‍ പൂര്‍ണ മനസ്സോടെ സമ്മതിച്ചു. അന്ന്‌ ഒരു വീടു നോക്കാന്‍ പോയതിനാല്‍ അല്‍പം വൈകിയാണു ചെന്നതെന്നു മാത്രം. തുടര്‍ന്നുള്ള ദിവസങ്ങളിലും കാര്യമായിട്ടൊന്നും സംഭവിച്ചില്ല. അനില്‍ ബാനര്‍ജിയില്‍ എന്തോ അതൃപ്‌തി എനിക്കു മണക്കാന്‍ തുടങ്ങി. അത്‌ ഏതൊരു തൊഴിലിടത്തിലുമുള്ളതായതിനാല്‍ ഞാന്‍ അത്ര കാര്യമാക്കിയില്ല. ഒമ്പതാം തിയതി എനിക്കു കൃത്യമായി പറഞ്ഞ ശമ്പളവും തന്നു. അനില്‍ ബാനര്‍ജിയുടെ ഭാര്യയാണ്‌ പതിനായിരം രൂപ ചെക്കായി നല്‍കിയത്‌.
വിഷുവിനു രണ്ടു ദിവസം മുമ്പ്‌ സിജോ വീണ്ടും ചര്‍ച്ചക്കെത്തി.
"രാജേഷിന്‌ എത്രദിവസം അവധി വേണം?"
"രണ്ടു ദിവസം. നമുക്കു വേഗം പണി തുടങ്ങേണ്ടേ...?"
"26ന്‌ എന്റെ കല്യാണമാണ്‌. എനിക്ക്‌ അതിനോടനുബന്ധിച്ചു കുറച്ചു ദിവസം അവധി വേണ്ടി വരും. എല്ലാംകൂടി കലങ്ങിമറിയുമെന്നാണു തോന്നുന്നത്‌!"
ഞാന്‍ പറഞ്ഞു.
"സാരമില്ല നമുക്കു ശരിയാക്കിയെടുക്കാം!"
ഈ ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ ചിലര്‍ സൈറ്റിന്റെ സാങ്കേതികവശങ്ങള്‍ ശരിയാക്കാന്‍ അവിടെ എത്തിയിരുന്നു. അവരെ എനിക്കു പരിചയപ്പെടുത്താനോ ചര്‍ച്ചകളില്‍ എന്നെ പങ്കെടുപ്പിക്കാനോ അനില്‍ബാനര്‍ജി തയ്യാറായിരുന്നില്ല. അദ്ദേഹവും സിജോയും വേറേ ചില അസ്‌മാദികളും മാത്രമായിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്‌.
ഇതിനിടിയല്‍ ചില ദിവസങ്ങളില്‍ അനില്‍ ബാനര്‍ജിയുമായി സംസാരിക്കാന്‍ എനിക്ക്‌ സാഹചര്യം ലഭിച്ചു. അതില്‍ നിന്ന്‌ ഒരു കാര്യം എനിക്കു മനസ്സിലായി. അനില്‍ ബാനര്‍ജി ഉദ്ദേശിക്കും വിധത്തില്‍ ഒരു വാര്‍ത്താലോകം സാധ്യമാകില്ല. കാരണം വാര്‍ത്തകള്‍ പെട്ടെന്നറിയിക്കാന്‍ മുന്‍ഷിക്കു മാര്‍ഗമില്ല. ടെലിവിഷനും ഇന്റര്‍നെറ്റും നോക്കിയാണു വാര്‍ത്തകള്‍ തയ്യാറാക്കേണ്ടത്‌. അതു ചെയ്‌തുനോക്കാന്‍ എനിക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയിരുന്നില്ല. സ്വാഭാവികമായും വാര്‍ത്തകള്‍ പെട്ടെന്നറിയാന്‍ ആരും മുന്‍ഷിയില്‍ കയറില്ലെന്നുറപ്പ്‌. അടുത്തത്‌ വിശദാംശങ്ങളാണ്‌. അതു നല്‍കാനും സൗകര്യമില്ല. കാരണം., ഒരു കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ പത്തിലൊന്നു സ്ഥലത്തുമാത്രമാണ്‌ വിശദാംശങ്ങള്‍ വിന്യസിക്കാന്‍ ആവശ്യപ്പെടുന്നത്‌. ബാക്കി വൈറ്റ്‌ സ്‌പേസ്‌, പിന്നെ അനില്‍ബാനര്‍ജിയുടെ ചില ഭ്രാന്തന്‍ ആശയങ്ങളും.
ആ ആശയങ്ങള്‍ പലതും നല്ലതും പുതുമയുള്ളതുമാണെങ്കിലും കംപ്യൂട്ടര്‍ സ്‌ക്രീനില്‍ അതിനു പരിമിതികളേറെയായിരുന്നു. എന്നാല്‍ അതംഗീകരിക്കാന്‍ അദ്ദേഹം തയ്യാറുമല്ല. അനുവദിക്കപ്പെട്ട സ്‌പേസിലേക്ക്‌ അനില്‍ ബാനര്‍ജി പറഞ്ഞവിധം ഞാന്‍ വാര്‍ത്തകള്‍ പരുവപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും അദ്ദേഹത്തിനു തൃപ്‌തിയായില്ല. വര്‍ക്കു ചെയ്യാനുള്ള സ്‌പേസ്‌ ഇക്കാണുന്നതാണെന്ന്‌ അനില്‍ ബാനര്‍ജി വരച്ചു കാണിക്കുന്നല്ലാതെ യഥാര്‍ഥമായ ഒന്നില്ലാത്തതായിരുന്നു എന്റെ പ്രധാന പ്രതിബന്ധം. കരയില്‍ വള്ളത്തിന്റെ മാതൃകയുണ്ടാക്കി വച്ച്‌ തുഴച്ചില്‍ പരീക്ഷിക്കുന്നതിനു തുല്യം.
ഇതിനിടയില്‍ എന്റെ ജോലികളും അദ്ദേഹം മാറ്റിക്കൊണ്ടിരുന്നു. ബ്ലോഗ്‌ സ്‌പോട്ട്‌, ബ്ലോഗര്‍മാരുമായുള്ള ഇന്റര്‍വ്യൂ... ഏതു ചെയ്യണമെന്നു മനസ്സിലാകാതെ എനിക്കും വട്ടു പിടിച്ചു തുടങ്ങി. അതിനിടയില്‍ പറഞ്ഞു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാത്തവരെ കണ്ടെത്തി ഇന്റര്‍വ്യൂ ചെയ്യണം. ചില പത്രങ്ങളില്‍ വന്ന ഫീച്ചറുകളില്‍ പരാമര്‍ശിക്കുന്നവരെ ഉദാഹരണമായി പറയുകയും ചെയ്‌തു. ഞാനങ്ങിനെ കുറച്ചുപേരുടെ ലിസ്റ്റുണ്ടാക്കി. അപ്പോള്‍ പറയുന്നു, ഇതുവരെ പത്രങ്ങളില്‍ വന്നവരാകരുത്‌! അങ്ങനെയുള്ളവരെ ഞാന്‍ എങ്ങിനെയെങ്കിലും കണ്ടു പിടിക്കണമത്രെ. എന്നേപ്പോലൊരു വ്യക്തിക്ക്‌ ഇതെല്ലാംകൂടി ചെയ്യാനാകില്ലെന്ന്‌ എനിക്കുറപ്പായിരുന്നു. എങ്കിലും ഞാന്‍ പരാമാവധി ശ്രമിച്ചു കൊണ്ടിരുന്നു. ഒരു സഹായികൂടി വേണ്ടിവരുമെന്ന എന്റെ ആവശ്യം അനില്‍ ബാനര്‍ജി അംഗീകരിച്ചതുമില്ല.
വിഷുവിനു ഞാന്‍ വീട്ടില്‍ പോകുന്നതിന്റെ തലേന്ന്‌ അനില്‍ ബാനര്‍ജി എന്നെ തന്റെ മുറിയിലേക്കു വിളിച്ചു.
"രാജേഷ്‌, എന്തായാലും ഉദ്ദേശിച്ച സമയത്ത്‌ കാര്യങ്ങള്‍ നടക്കുമെന്നു തോന്നുന്നില്ല!"
"എന്തുപറ്റി?"
"പേജുകള്‍ ഫ്‌ളാഷില്‍ തയ്യാറാക്കി ലോഡു ചെയ്യാമെന്നാണു കരുതിയത്‌. എനിക്കിതിന്റെ സാങ്കേതിക വശങ്ങള്‍ അത്ര പിടിയുമില്ലായിരുന്നു. നമുക്ക്‌ ഏതാണ്ടു തൊണ്ണൂറോളം പേജുകള്‍ വരും. അവ ലോഡായി വരാന്‍ വളരെ താമസിക്കുന്നു. ഇനി അടുത്ത മാര്‍ഗ്ഗം നോക്കണം!"
ഞാന്‍ ഒന്നു മിണ്ടിയില്ല. അല്‍പനിശ്ശബ്‌ദതക്കു ശേഷം ബാനര്‍ജി തുടര്‍ന്നു
"വാര്‍ത്താലോകമാണ്‌ എന്റെ ഏറ്റവും വലിയ പ്രതീക്ഷ. അത്‌ എങ്ങിനെ ചെയ്യണമെന്നതിന്‌ രാജേഷ്‌ ഒരു കണ്‍സപ്‌റ്റ്‌ ഉണ്ടാക്കണം."
"സര്‍, പരിമിതികള്‍ നിരവധിയാണ്‌. സാര്‍ ആദ്യം പറഞ്ഞിരുന്നത്‌ വാര്‍ത്തക്കു കമന്റുണ്ടാക്കണമെന്നു മാത്രമാണ്‌. ഞാനതു ചെയ്യുകയും ചെയ്‌തു."
"അതു പോര. എനിക്കിതിനെപ്പറ്റി യാതൊരു ഐഡിയയുമില്ല. രാജേഷ്‌തന്നെ അതുണ്ടാക്കണം!"
എനിക്ക്‌ എന്തു പറയണമെന്നറിയില്ലായിരുന്നു. ഫോണില്‍ സംസാരിച്ചപ്പോഴും നേരില്‍ കണ്ടപ്പോഴും പറഞ്ഞതില്‍ നിന്നൊക്കെ വ്യത്യസ്‌തമാണ്‌ ഇപ്പോഴത്തെ ആവശ്യം. ഒരു പക്ഷേ ഇതാദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രണ്ടാമതൊന്നുകൂടി ആലോചിക്കുമായിരുന്നു.
തുടര്‍ന്നു വന്ന വാക്കുകളാണ്‌ എന്ന ശരിക്കും അങ്കലാപ്പിലാക്കിയത്‌.
"വിഷുവിന്‌ പോയിട്ട്‌ എന്നു വരും?"
"തിങ്കളാഴ്‌ച."
"രാജേഷ്‌ കുറച്ചു കൂടുതല്‍ ദിവസം അവധിയെടുത്തോളൂ. അടുത്തയാഴ്‌ച സിജോയും ലീവാണ്‌. സിജോ കൂടി വന്നിട്ട്‌ ഇനി പണി തുടങ്ങാം. എന്നിട്ട്‌ ഞാന്‍ വിളിക്കാം. അതുവരെ രാജേഷ്‌ ആലോചിക്കുക. അനൂപിനോടും രണ്ടു മൂന്നാഴ്‌ച കഴിഞ്ഞു വിളിക്കാമെന്നു പറഞ്ഞാണു വിട്ടത്‌".
വിഷുവിനു വീട്ടില്‍പോയ ഞാന്‍ രണ്ടു മൂന്നു ദിവസത്തിനകം തിരിച്ചെത്തി. കാരണം കൂടുതല്‍ ദിവസം നാട്ടില്‍ തങ്ങിയാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞാന്‍ മറുപടി നല്‍കി മടുക്കുമെന്നറിയാമായിരുന്നു. ലീവില്‍ പോയ സിജോ ഇടയ്‌ക്കൊരു ദിവസം വന്നു. ഞാന്‍ അന്നു പിന്നാലെ നടന്ന്‌ വൈകിട്ടു സിജോയെ കണ്ടു. കാര്യങ്ങള്‍ സംസാരിക്കണമല്ലോ.
"രാജേഷ്‌, മറ്റൊന്നും തോന്നരുത്‌..."
"എന്താണെങ്കിലും പറഞ്ഞോളൂ."
"ഞങ്ങള്‍ പ്രതീക്ഷിച്ചത്ര പെര്‍ഫോം ചെയ്യാന്‍ രാജേഷിനു കഴിഞ്ഞിട്ടില്ല."
സിജോയുടെ വാദഗതികള്‍ക്കെല്ലാം ഞാന്‍ കൃത്യമായ മറുപടി നല്‍കി. ഇല്ലാത്ത ഒരു സാധനം സങ്കല്‍പിച്ചു പരീക്ഷണം നടത്തുന്നതെന്നതിന്റെ പരിമിതിയും ഞാന്‍ ഓര്‍മിപ്പിച്ചു. അല്‍പനേരത്തെ നിശ്ശബ്‌ദതക്കു ശേഷം സിജോ പറഞ്ഞു
"എന്നാല്‍ ഞാനൊരു സത്യം പറയാം. ചേട്ടന്റെ പ്ലാനിങ്‌ ഒന്നും നടക്കാന്‍ പോകുന്നില്ല!"
"എന്തു പറ്റി?"
"നാം ഇതിനായി ലക്ഷങ്ങള്‍ മുടക്കിയിരുന്നു. പക്ഷേ സാങ്കേതികകാര്യങ്ങള്‍ ചെയ്‌തു തരാമെന്നേറ്റവര്‍ പറ്റിച്ചു. ഇപ്പോഴത്തെ രീതിയില്‍ സൈറ്റിന്റെ ലോഡിങ്ങിനുള്‍പ്പെടെ പ്രശ്‌നങ്ങളാണ്‌."
"സിജോ പറയുന്നത്‌...?"
"മാഗസിന്‍ തുടങ്ങാനാകുമെന്ന്‌ എനിക്കു പ്രതീക്ഷയില്ല!"
"അപ്പോള്‍ ഞാന്‍ പിരിഞ്ഞു പോകണമെന്നാണോ?"
"അതെ!"
"സിജോ..... ഈ ഫ്‌ളാറ്റില്‍ നിന്നു താഴേക്കു ചാടാന്‍ പറയുന്നതിനു തുല്യമാണിത്‌. എന്റെ പണി കളയിച്ചു കൊണ്ടു വന്ന നിങ്ങള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ അങ്ങിനെ പറയുന്നതു ശരിയല്ല. സൈറ്റ്‌ സാങ്കേതിക പ്രശ്‌നങ്ങളില്‍പെട്ടു നടക്കാതെ പോകുന്നത്‌ എന്റെ കുറ്റം കൊണ്ടല്ല!"
പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞു. സിജോ മുഴുവന്‍ കേട്ടു നിന്നു. ഒടുവില്‍ പറഞ്ഞു.
"രാജേഷ്‌ പറയുന്നതൊക്കെ ശരിയാണ്‌. എനിക്കു വേറൊന്നും പറയാനില്ല!"
എന്റെ ക്ഷോഭത്തിനു മുന്നില്‍ ഒന്നും മിണ്ടാതെ നിന്ന സിജോയുടെ അടുക്കല്‍നിന്ന്‌ പോകുമ്പോള്‍ എന്റെ മനസ്സില്‍ കടലായിരുന്നു. മുന്നിലെ ശൂന്യത എന്നെ ഭയപ്പെടുത്തുകയുമായിരുന്നു.


അടുത്തത്‌- നടുക്കടലിലേക്ക്‌

FEEDJIT Live Traffic Feed