Wednesday, March 25, 2009

പേരുമാറ്റാനും ഓരോരോ കാരണങ്ങള്‍


    ഓരോ തവണ കൊല്ലം വഴി ട്രെയിനില്‍ പോകുമ്പോഴും കാപ്പില്‍ എന്ന സ്റ്റേഷന്‍ ഞാന്‍ കാണാറുണ്ട്‌. ആ സ്റ്റേഷനു സമീപത്തെ പാലത്തിനടുത്ത്‌ ഒരു വീടുണ്ട്‌ - റേഡിയോ മന്ദിരം. പണ്ടൊരിക്കല്‍ ഞാന്‍ മനസ്സില്‍ അടയാളപ്പെടുത്തിയ ആ വീട്‌ കണ്ടു പിടിക്കാന്‍ സമീപകാലത്തൊക്കെ ശ്രമിച്ചിരുന്നു. പക്ഷെ, തീവണ്ടി കുതിച്ചുപായുമ്പോള്‍ നിശ്ചലമായി നില്‍ക്കുന്ന ആ വീട്‌ വീണ്ടും എനിക്കു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അല്‍പം പഴയ ആ വീടിന്റെ മുന്നിലെ ഗേറ്റില്‍ ഇംഗ്‌ളീഷില്‍ റേഡിയോ മന്ദിരം എന്ന്‌ എഴുതിവച്ചിട്ടുള്ളതല്ലാതെ മറ്റ്‌ അടയാളങ്ങളൊന്നും മനസ്സില്‍ ബാക്കിയുണ്ടായിരുന്നില്ല.

   ഓരോ യാത്രയിലും നാമെന്തെല്ലാം കാണുന്നു, ആരെയെല്ലാം കാണുന്നു.... ബസില്‍ പോകുമ്പോള്‍ എതിരേ പോകുന്ന ബസില്‍, അല്ലെങ്കില്‍ ബസ്‌ സ്‌റ്റാന്‍ഡില്‍, അതുമല്ലെങ്കില്‍ വഴിയരികിലെ വീട്ടുമുറ്റത്ത്‌ അങ്ങിനെ പലയിടത്തും ചില മുഖങ്ങള്‍ ഒരു നിമിഷം കൂടുതലായി നമ്മുടെ കണ്ണില്‍ പതിയാറുണ്ട്‌. ജീവിതകാലത്തിനിടയ്‌ക്ക്‌ മറ്റനേകം പേര്‍ക്കിടയില്‍ നിന്ന്‌ അല്‍പനിമിഷങ്ങള്‍ മാത്രം കൂടുതലായി അവര്‍ നമുക്കു ദര്‍ശനം തരുന്നതിന്റെ കാരണമെന്താകും? എവിടെയോ ഒരു പരിചയം പോലെ, അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച്‌ കാണാനാഗ്രഹിച്ചതുപോലെ, നാം ആ മുഖത്തേക്കു സൂക്ഷിച്ചുനോക്കുമ്പോഴേക്കും വാഹനം കടന്നുപോയിരിക്കും.

   റേഡിയോ മന്ദിരം അത്തരമൊരു കാഴ്‌ചയായിരുന്നില്ല. പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്ത്‌ നടന്ന ഒരു ചലച്ചിത്ര പഠനക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞാന്‍ പരിചയപ്പെട്ട ഒരാളുടെ വീട്ടുപേരായിരുന്നു അത്‌. നസീം എ. റഹിമെന്നോ മറ്റോ ആയിരുന്നു ആ സുഹൃത്തിന്റെ പേര്‌. വിലാസം കൃത്യമായി ഓര്‍മയിലുണ്ട്‌. റേഡിയോ മന്ദിരം, കാപ്പില്‍ തപാല്‍, ഇടവ.

    കുറേക്കാലം കത്തുകളിലൂടെ ആ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു. ഒരിക്കല്‍ താന്‍ വിദേശത്തേക്കു പോകുന്നുവെന്ന്‌ പറഞ്ഞ്‌ അദ്ദേഹം എഴുത്തു നിര്‍ത്തി. പിന്നീട്‌ ഒരു ബന്ധവുമില്ല. ഇനിയൊട്ട്‌ കണ്ടാലറിയാനുമിടയില്ല. എങ്ങിനെയാണ്‌ വീടിനു റേഡിയോ മന്ദിരം എന്നു പേരു വന്നതെന്നു ചോദിക്കാനായില്ല. പക്ഷെ, ആ പേരിലെ കൗതുകം എന്നെ ആകര്‍ഷിച്ചിരുന്നു. പ്രത്യേകിച്ച്‌ റേഡിയോയുടെ മുന്നില്‍ ചെലവഴിച്ച കൗമാരത്തിന്റെ അവസാന നാളുകളില്‍. കൈമോശം വന്ന ആ വിലാസം പിന്നീടെപ്പോഴോ തീവണ്ടിയാത്രക്കിടയില്‍ കാഴ്‌ചയില്‍പ്പെടുകയായിരുന്നു.

   ഏതാനും ദിവസം മുമ്പ്‌ റേഡിയോ മന്ദിരം ഞാന്‍ വീണ്ടും കാണുമ്പോള്‍ നിറംമങ്ങിയ ഒരു ബ്‌ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രത്തെയാണ്‌ ആ വീട്‌ ഓര്‍മിപ്പിച്ചത്‌. ഗേറ്റിലെ അക്ഷരങ്ങള്‍ക്കും അഴികള്‍ക്കും തുരുമ്പിന്റെ നിറം. എന്നിട്ടും ആ വീടു കണ്ടപ്പോള്‍ മനസ്സിന്‌ വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. കാലങ്ങള്‍ക്കു മുമ്പ്‌ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതുപോലെ.

    റേഡിയോ മന്ദിരമെന്ന പേര്‌ മനസ്സില്‍ പതിഞ്ഞ കാലത്താണ്‌ മറ്റു ചില വീട്ടുപേരുകള്‍കൂടി എന്നെ ആകര്‍ഷിച്ചത്‌. അതും തിരുവനന്തപുരത്തു നടന്ന ഒരു സാഹിത്യ ക്യാംപില്‍ നിന്നാണ്‌ ലഭിച്ചത്‌. ഉണ്ണിക്കൃഷ്‌ണന്‍ പൂഴിക്കാടെന്ന സുഹൃത്തിന്റേതായിരുന്നു അതിലൊന്ന്‌. വീട്ടുപേര്‌ കോളപ്പാട്ടു വടക്കേതില്‍. അതേ ക്യാംപില്‍ നിന്നാണ്‌ മറ്റൊരു പേരു കിട്ടിയത്‌ ചരുവിള പുത്തന്‍വീട്‌. യമുന എസ്‌. പുളിമാത്ത്‌ എന്ന കവയിത്രിയുടേതായിരുന്നു ആ വിലാസം. എഴുത്തിന്റെ ആ ഉര്‍വ്വര കാലം കൊഴിഞ്ഞുപോയി. ഇവരില്‍ പലരും ഇന്നെവിടെയുണ്ടെന്നറിയില്ല. പക്ഷെ, ആ വീട്ടുപേരുകള്‍ എനിക്കോര്‍മയുണ്ട്‌.

    എന്റെ വീട്ടുപേരിന്‌ ഭംഗിപോരെന്നു തോന്നിയ കാലമായിരുന്നു അത്‌. പലരും പുതിയ വീടുവയ്‌ക്കുമ്പോഴാണ്‌ അനുയോജ്യമായ ഒരു പേരിടുക. മക്കള്‍ക്ക്‌ പേരിടുന്നതുപോലൊരു കര്‍മമാണത്‌. അനുയോജ്യമായ പേര്‌ കണ്ടെത്താന്‍ പലപ്പോഴും പലരും തല പുകയ്‌ക്കും. ഒടുവില്‍ പുതിയ വീട്‌ സമീപത്തെങ്ങും പണിയാനിടയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ വിലാസത്തില്‍ ഒരു മൂന്നക്ഷരപ്പേര്‌ പുതിയ വീട്ടുപേരായി ചേര്‍ത്തു. പേരിന്റെ മുന്നിലെ ഇനിഷ്യലിനെ പാടെ അവഗണിച്ചുള്ള നാമകരണം. (ഞങ്ങളുടെ നാട്ടില്‍ ഇനിഷ്യലിന്റെ ആദ്യ അക്ഷരം വീട്ടുപേരിന്റെ ആദ്യക്ഷരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌). പോസ്‌റ്റ്‌മാനെ കണ്ട്‌്‌ വീട്ടുപേരു മാറ്റിയ വിവരം പറയുകയും വിലാസങ്ങളില്‍ പുതിയ പേരുപയോഗിക്കുകയും ചെയ്‌തതോടെ ആ പേര്‌ പതിഞ്ഞുകിട്ടി. സ്വന്തമായി ഒരു വീടു പണിതതിന്റെ സുഖമായിരുന്നു അപ്പോള്‍. പക്ഷെ, പിന്നീട്‌ താമസം മറ്റൊരിടത്തേക്കു മാറിയപ്പോള്‍ അവിടെയും അതേ പേരിലൊരു വീടുണ്ടായിരുന്നു. കത്തുകള്‍ പരസ്‌പരം മാറാന്‍ തുടങ്ങി. ഒടുവില്‍ പോസ്‌റ്റ്‌മാന്‍തന്നെ ഉപായം കണ്ടെത്തി. എന്റെ പേര്‌ മതി വീട്ടുപേരു കാര്യമാക്കേണ്ടന്നായി അദ്ദേഹം.

     വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കിയില്‍ നിന്ന്‌ തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടുപേരിന്‌ പ്രസക്തിയേയില്ലാതായി. ഇവിടെല്ലാം നമ്പറുകളാണ്‌. റസിഡന്റ്‌സ്‌ അസോസിയേഷന്റെയും കോര്‍പ്പറേഷന്റെയും എല്ലാം നമ്പറുകള്‍. കോര്‍പ്പറേഷന്‍ നമ്പറിനു മുന്നിലെ ടി.സി എന്ന ചുരുക്കവും എന്റെ പേരിനു മുന്നിലെ ടി.സി. എന്ന ചുരുക്കവും മറ്റൊരു യാദൃശ്ചികതയായി. ഞാനിട്ട പഴയ വീട്ടുപേര്‌ അപ്രസക്തവും.

     പേരിന്‌ സുഖം പോരെന്നു തോന്നി ഗസറ്റില്‍ പരസ്യം ചെയ്‌ത്‌ പേര്‌ മാറ്റിയവര്‍ ധാരാളമുണ്ട്‌. പക്ഷെ, എനിക്കു മാതാപിതാക്കളിട്ട പേര്‌ ആകര്‍ഷകവും അസാധാരണവുമല്ലെങ്കിലും വലിയ പോരായ്‌മയൊന്നും അതിനുള്ളതായി തോന്നിയിട്ടില്ല. പക്ഷെ, വീട്ടുപേരിന്‍രെ കാര്യത്തിലതല്ല. ഇനി വീടിനൊരു പേരിടണമെങ്കില്‍ ഞാനിനി ഒരു വീടു പണിയണം. പേരുകള്‍ ധാരാളം കയ്യിലുണ്ട്‌. വീടു പണിതാല്‍തന്നെ ഏതു പേരിടുമെന്നതാണു സംശയം. അതിലൊരു പേര്‌ ഞാനിനി എന്റെ ബ്‌ളോഗിനു നല്‍കുകയാണ്‌. വക്രബുദ്ധി എന്ന കുനുഷ്ടു പേരിനോട്‌ വിട. ബ്‌ളോഗിംഗിന്റെ തുടക്കകാലത്ത്‌ അത്ര പരിചയം പോരാതിരുന്നതിനാലാണ്‌ ബ്‌ളോഗിനും പിന്നെ ബ്‌ളോഗറായ എനിക്കും ആ പേരിട്ടത്‌. ഇനിയതു വേണ്ട.

    ഈ പേരു മാറ്റത്തെപ്പറ്റി പറയാന്‍ റേഡിയോ മന്ദിരം ഒരു നിമിത്തമായി എന്നു മാത്രം. പക്ഷെ, ഈ പോസ്‌റ്റ്‌ എഴുതിച്ചുരുക്കും മുമ്പ്‌ എ. അയ്യപ്പന്റെ നാലു വരികള്‍ ഉദ്ധരിക്കട്ടെ...

    വീടില്ലാത്തൊരുവനോട്‌ വീടിന്നൊരു പേരിടാനും
    മക്കളില്ലാത്തൊരുവനോട്‌ കുട്ടിക്കൊരു പേരിടാനും
    ചൊല്ലവേ നീ കൂട്ടുകാരാ
    രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെത്തീ കണ്ടുവോ?


Monday, March 23, 2009

അവധിക്കാലം വീണ്ടും വരുന്നു...

     
    അവധിക്കാലത്തിന്റെ ഓര്‍മകളിലേക്ക്‌ മനസ്സിനെ കൊണ്ടുപോയത്‌ മൈനയാണ്‌.

     അവധിയുടെ ആദ്യ ഓര്‍മകള്‍ തുള്ളിക്കളിക്കുന്നത്‌ വിഷുക്കൈനീട്ടത്തിലാണ്‌. അവധി തുടങ്ങി അധികം വൈകാതെ വിഷുവരും. നാട്ടില്‍ നാലാംക്‌ളാസു വരെയുള്ള പഠനകാലത്തായിരുന്നു വിഷു ഒരാഘോഷമായി മാറിയത്‌. കാരണം ജന്മനാടായ കോലാനിയിലെ (തൊടുപുഴ) ശ്രീകൃഷ്‌ണക്ഷേത്രത്തിലെ ഉല്‍സവം വിഷുവിനാണ്‌. ഒരേയൊരുദിവസത്തെ ആഘോഷം. രണ്ടോ മൂന്നോ രൂപയില്‍ കൂടുതല്‍ ആരും കൈനീട്ടം തരാറില്ല. എങ്കിലും എല്ലാംകൂടി പലപ്പോഴും പത്തു പതിനഞ്ചു രൂപ കിട്ടും. അവധിക്കാലത്തെ ഉല്‍സവങ്ങള്‍ മുഴുവന്‍ ആഘോഷിക്കാനുള്ളതാണ്‌ ഈ പണം. ഉല്‍സവപ്പറമ്പുകളിലെ വച്ചുവടിക്കാരുടെ അരികില്‍ കറങ്ങി നില്‍ക്കും. ഏതു വാങ്ങണമെന്നാണ്‌ സംശയം. 

   ഫിലിം തിരുകിവച്ച്‌ സിനിമ കാണുന്ന ചെറിയ ഫിലിംപെട്ടിയിലായിരുന്നു ആദ്യകൗതുകം. ഇളംപച്ച നിറമുള്ള ഒരു പെട്ടി. വീതി കൂടിയ വശത്ത്‌ വെളുത്ത പ്രതലം. കുറഞ്ഞവശത്തെ ചെറു കുഴലില്‍ ഒരു ലെന്‍സ്‌. സിനിമകള്‍ കാണാന്‍ അവസരം കിട്ടാതിരുന്ന കാലത്തെ സിനിമാതിയേറ്റര്‍ അതായിരുന്നു.

    പിന്നെ വെള്ളത്തിലിട്ട്‌ ചെറിയൊരു തിരികൊളുത്തിയാല്‍ പുകതുപ്പി മൂളിക്കൊണ്ടോടുന്ന ബോട്ട്‌. അത്‌ കാശ്‌ കൂടുതലുള്ളപ്പോള്‍ മാത്രമേ വാങ്ങാന്‍ സാധിച്ചിരുന്നുള്ളു.

     ബുദ്ധിപരീക്ഷിക്കാനുള്ള ഉപകരണമായി വാങ്ങിയ ഒരുതരം പസിലുണ്ട്‌. ഒരു സമചതുരബോര്‍ഡ്‌. അതിന്റെ ഉള്ളില്‍ സമചതുരത്തിലുള്ള നീക്കാവുന്ന കുറേ ചെറു കഷണങ്ങള്‍. അതില്‍ ഒരുവശത്ത്‌ കുറേ അക്കങ്ങളുണ്ടാകും. മറുവശത്ത്‌, ഇപ്പോഴുമോര്‍ക്കുന്നു, ഏഷ്യാഡിന്റെ ചിഹ്നമായ അപ്പുവായിരുന്നു ഉണ്ടായിരുന്നത്‌. കട്ടകള്‍ മാറ്റിമാറ്റി അപ്പുവിന്റെ രൂപമൊപ്പിക്കണം. പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന പ്രയത്‌നമായിരുന്നു അത്‌. (ഇപ്പോള്‍, എത്രപെട്ടെന്ന്‌, കംപ്യൂട്ടര്‍ സ്‌ക്രീനിലെ ബെന്‍ടെന്‍ന്റെ രൂപം മകന്‍ ഏതാനും മൗസ്‌ ക്‌ളിക്കുകളിലൂടെ ചേര്‍ത്തുവയ്‌ക്കുന്നു.) പിന്നെ പല ബന്ധുവീടുകളിലേക്കാണ്‌ യാത്ര. അവിടെയെല്ലാം ഉല്‍സവത്തിന്റെ പഞ്ചാരിമേളങ്ങള്‍. ബന്ധുക്കള്‍ വാങ്ങിത്തന്നിരുന്നതും ഇത്തരം കളിപ്പാട്ടങ്ങളും മലബാര്‍മിഠായിയുമായിരുന്നു. പള്ളിപ്പെരുന്നാളിനു പോകുമ്പോള്‍ ഉല്‍സാഹം വാഴനാരില്‍ കോര്‍ത്തിട്ട അമ്മൂമ്മച്ചെവിപോലുള്ള ഉഴുന്നാട വാങ്ങാനായിരുന്നു.

    അവധിക്കാലത്താണ്‌ സൈക്കിള്‍ യജ്ഞക്കാരെത്തിയിരുന്നത്‌. വൃത്താകൃതിയിലുള്ള മൈതാനത്ത്‌ കയറുകെട്ടിത്തിരിച്ച യജ്ഞശാല. നടുക്ക്‌ ഒരു വലിയ തൂണില്‍ പ്രകാശം ചൊരിഞ്ഞ്‌ ട്യൂബ്‌ ലൈറ്റുകള്‍. റിക്കാര്‍ഡ്‌ പാട്ടിനൊപ്പമുള്ള തട്ടുപൊളിപ്പന്‍ ഡാന്‍സായിരുന്നു ആദ്യ ഇനങ്ങള്‍. എങ്ങനെ നീ മറക്കും, മണവാളന്‍ പാറ, മിഴിയോരം നനഞ്ഞൊഴുകും, സുന്ദരീ നിന്റെ തുമ്പുകെട്ടിയിട്ട... ഇങ്ങനെ ശങ്കറിന്റെയും മേനകയുടേയും ഒക്കെ എത്രയെത്ര പാട്ടുകളാണ്‌ അവര്‍ ഡപ്പാംകൂത്ത്‌ ഡാന്‍സായി കാണിച്ചുതന്നത്‌.

    മൈതാനത്തെ ചുറ്റിക്കെട്ടിയ കയറു വേലികളില്‍ തൂങ്ങി ഓരോ ദിവസവും സര്‍ക്കസു കാണാന്‍ നില്‍ക്കുമായിരുന്നു. ഡാന്‍സിനുശേഷം ്‌അഭ്യാസം തുടങ്ങും. സൈക്കിളിലുള്ള അഭ്യാസമാണ്‌ ആദ്യം. പിന്നെ ചില മാജിക്കുകള്‍. ജീവനുള്ള മനുഷ്യനെ മണ്ണില്‍ കുഴിച്ചുമൂടുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചാണ്‌ കണ്ടു നിന്നത്‌. പിന്നെ, ട്യൂബ്‌ ലൈറ്റിനു മുകളില്‍ കിടന്ന്‌, നെഞ്ചിനുമീതേ വീണ്ടും ട്യൂബ്‌ ലൈറ്റുകള്‍ വച്ച്‌ അതിനും മീതേ കരിങ്കല്ലുവച്ച്‌ കൂടം കൊണ്ടു തല്ലിപ്പൊട്ടിക്കുന്നതു കാണുമ്പോള്‍ ശ്വാസം നിലച്ചുപോയിരുന്നു.

   മുടികള്‍ കൂട്ടിക്കെട്ടി ജീപ്പ്‌ വലിച്ചു മാറ്റുന്നതും തലയില്‍ തീപിടിപ്പിച്ച്‌ ചായ തിളപ്പിക്കുന്നതും.... അങ്ങനെ എത്രയെത്ര അഭ്യാസങ്ങള്‍. പിന്നെ ചെറിയ ചില മാജിക്കുകള്‍, അവസാനം ഒരു ഹാസ്യ നാടകം. ഇതിനിടയില്‍ മൈന പറഞ്ഞ ലേലം വിളി. രണ്ടു രൂപയുടെ തേങ്ങ ആറും ഏഴും രൂപയ്‌ക്കാണ്‌ ലേലത്തില്‍ പോകുക. കാരണം മറ്റൊന്നുമല്ല. അമ്പതുപൈസയില്‍ വിളി തുടങ്ങും. ഒരു രൂപ വിളിക്കുന്നവന്‍ അമ്പതു പൈസകൂടി കൊടുക്കണം. വീണ്ടും വിളിക്കുന്നവന്‍ രണ്ടു വിളിച്ചാല്‍ ഒരു രൂപകൂടി നല്‍കിയിരിക്കണം. അവസാനം ലേലമുറപ്പിക്കുമ്പോള്‍ കമ്പനിക്ക്‌ ആറോ ഏഴോ ഒക്കെ കിട്ടും. ലേലം പിടിച്ചവന്‍ അവസാനമാണ്‌ വിളിച്ചതെങ്കില്‍ രണ്ടു രൂപപോലും ചെലവായിട്ടുണ്ടില്ല. ഇടയ്‌ക്കു വിളിച്ചവര്‍ക്കൊക്കെ കാശു പോയിട്ടുമുണ്ടാകും. ഒരുതരം ചൂതുകളിതന്നെ. ഇപ്പോള്‍ അത്തരം ലേലമില്ല.

   കമല്‍ സംവിധാനം ചെയ്‌ത വിഷ്‌ണുലോകം എന്ന സിനിമയ്‌ക്കുശേഷം ഞാന്‍ സൈക്കിള്‍ യജ്ഞക്കാരെ കണ്ടിട്ടില്ല.

   മറ്റൊരവധിക്കാലം പൂര്‍ണമായും മറയൂരിനുമപ്പുറത്തുള്ള കാന്തല്ലൂരിലായിരുന്നു. അന്നവിടെ, കാന്തല്ലൂര്‍ ജംഗ്‌ഷനില്‍ ട്രിപ്പുജീപ്പുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്തുള്ള ചെറു മൈതാനത്ത്‌ റിക്കാര്‍ഡ്‌ ഡാന്‍സിട്ട്‌ പെണ്‍വേഷംകെട്ടി ഡാന്‍സുകളിക്കുന്ന തമിഴരെ കണ്ടിട്ടുണ്ട്‌. ഒരു ഡാന്‍സ്‌ കഴിഞ്ഞുകഴിയുമ്പോള്‍ അല്‍പം മാറി നിന്ന്‌ പുകവലിക്കുന്ന പെണ്ണുങ്ങള്‍ ഒരു കൗതുകക്കാഴ്‌ച തന്നെയായിരുന്നു.

   നാലാംക്‌ളാസിനുശേഷം അവധിക്കാലം അനുഭവിച്ചിട്ടില്ലെന്നു പറയാം. തൊടുപുഴയില്‍ നിന്ന്‌ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം നടന്നത്‌ ആ വര്‍ഷമാണ്‌. സ്‌കൂള്‍ അടച്ചാലുടന്‍ വിഷു അവധിക്ക്‌ നാട്ടിലൊന്ന്‌ു പോകും. കൈനീട്ടംതന്നെ പ്രധാന ലക്ഷ്യം. വിഷു കഴിഞ്ഞാലുടന്‍ മടക്കം. ഏപ്രില്‍ അവസാനം മുതല്‍ വെക്കേഷന്‍ ട്യൂഷന്‍ ക്‌ളാസുകള്‍..... പ്രീഡിഗ്രിയോടെ അതും ഇല്ലാതായി. കാരണം ഏപ്രില്‍ മെയ്‌ മാസത്തില്‍ മിക്കവാറും പരീക്ഷാച്ചൂടിലായിരിക്കും.

    ഡിഗ്രിയും കഴിഞ്ഞ്‌ ജോലിക്കു കയറിയതേ അവധിയുമില്ലാതായി. മലയാള മനോരമയിലെ പ്രാദേശിക ലേഖകന്‌ ഞായറാഴ്‌ചപോലും അവധിയുണ്ടായിരുന്നില്ല. ഒടുവില്‍ പത്തുവര്‍ഷംകൊണ്ട്‌ അതുമായി താദാത്മ്യം പ്രാപിച്ചു. പിന്നെ അവിടെ നിന്നിറങ്ങി. കേരളകൗമുദിയിലെ 16 മാസത്തെ ജോലിക്കിടയില്‍ കാഷ്വല്‍ ലീവ്‌ കൂടാതെ 40 ദിവസം അവധി കിട്ടേണ്ടതായിരുന്നു. കിട്ടിയത്‌ 15 ദിവസം മാത്രം. പക്ഷെ, അവധിയില്ലാതിരുന്ന പത്തു വര്‍ഷക്കാലം നോക്കുമ്പോള്‍ അതൊരു വലിയ അവധിക്കാലം തന്നെയായിരുന്നു.

   മൈന പറഞ്ഞതുപോലെ അവധി ഇപ്പോഴൊരു ഭയവും പ്രലോഭനവുമാണ്‌. ലീവെടുക്കാതെ വീട്ടിലിരിക്കാനും വര്‍ഷാവസാനം സറണ്ടര്‍ ചെയ്‌ത്‌ പണം വാങ്ങാനും സൗകര്യമുള്ള കുറേ സര്‍ക്കാര്‍ ജീവനക്കാരെങ്കിലും ഉണ്ടെന്നതു പറയാതെ വയ്യ. അവരെ ഓര്‍ത്ത്‌ അസൂയപ്പെട്ടിരുന്നു ഒരു കാലത്ത്‌.

     പക്ഷെ, ഇനി വരുന്നകാലത്ത്‌ അതൊന്നുമുണ്ടാകില്ല. രാവിലെ പത്തുമണിമുതല്‍ വൈകിട്ട്‌ നാലു വരെ മാത്രം സ്‌കൂളില്‍ പോയി പഠിച്ച നമ്മുടെ കാലം പോയി. ഇന്നത്തെ കുട്ടികള്‍ക്ക്‌ അവധിദിനമെന്തെന്നറിയില്ല. അവധദിനത്തിലും ട്യൂഷനും എന്‍ട്രന്‍സും ഒക്കെയാണ്‌. രാവിലെ ആറു മണിക്ക്‌ നടക്കാനിറങ്ങുമ്പോള്‍, പുസ്‌തകബാഗുമായി പോകുന്ന കുട്ടികളെ കാണാം. രാത്രി എട്ടു മണികഴിഞ്ഞും വീടണയാന്‍ തത്രപ്പെടുന്ന അവര്‍... പഠനംകഴിഞ്ഞ്‌ ജോലിയില്‍ കയറുമ്പോള്‍ അവധി അവര്‍ക്കൊരു പ്രശ്‌നമേയാകില്ല. ഓവര്‍ടൈം ജോലി ചെയ്‌ത്‌ പണം ഉണ്ടാക്കുക മാത്രമാകും ലക്ഷ്യം. ഇടയ്‌ക്കൊരു ദിവസം അര്‍മാദിക്കല്‍.... അതിനുള്ള പരിശീലനമാണ്‌ അവധിയില്ലാത്ത പഠനത്തിലൂടെ അവര്‍ നേടുന്നത്‌.
      
      നാമൊക്കെ അവധിയുടെ രസം അനുഭവച്ചതിനാലാണ്‌ അവധിയെപ്പറ്റിയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്നത്‌..... 


Wednesday, March 18, 2009

വിചാരണകള്‍ പോകുന്ന പോക്കേ...


   പുതിയലക്കം നാട്ടുപച്ചയില്‍, എന്റെ 'നായര്‍ മാടമ്പിക്കു കൊമ്പു മുളയ്‌ക്കുമ്പോള്‍' എന്ന പോസ്‌റ്റ്‌ വിച്രണ ചെയ്യപ്പെട്ടിരിക്കുന്നു. വാചാരണകള്‍ നല്ലതാണ്‌. പക്ഷെ എന്‍.കെ എന്ന ഒളിപ്പേരില്‍ വന്ന വിചാരണ ബ്‌ളോഗിനു പുറത്തായതിനാല്‍ ആരോഗ്യകരമായ സംവാദമായി പരിണമിക്കില്ലെന്നു തോന്നിയതിനാല്‍ പ്രസ്‌തുത ഭാരം ഞാന്‍ പോസ്‌റ്റു ചെയ്യുന്നു. 

   ഈ എന്‍.കെ ഒരു നായരാണെന്നാണ്‌ എനിക്ക്‌ ഒറ്റവായനയില്‍ തോന്നിയത്‌. കാരണം, നാരുടെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം പഴയകാലത്തെ പിന്നോക്കക്കാരന്‍രെ ശാപമാണെന്നു ഞാന്‍ പറഞ്ഞത്‌ അദ്ദേഹത്തിന്‌ അത്ര പിടിച്ചില്ല. മാത്രമല്ല, വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരെ ഭര്‍ത്സിക്കുകയും ചെയ്‌തിരിക്കുന്നു. എന്തായാലും നായര്‍ വികാരം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കേ ഇങ്ങനെ പറയാന്‍ പറ്റൂ. ഇതിനു മറുപടി പറയാന്‍ ചിത്രകാരനെപ്പോലുള്ളവര്‍തന്നെ വേണം.

   ഇടയ്‌ക്കു പറഞ്ഞകൊള്ളട്ടെ, നായരോട്‌ എനിക്ക്‌ വിരോധമൊന്നുമില്ല, സഹതാപമേയുള്ളു. ജാതിപറയാന്‍ താല്‍പര്യമില്ലാത്തുകൊണ്ടാണ്‌, എസ്‌.എസ്‌.എല്‍.സി ബുക്കില്‍ എന്റെ ജാതിയായി രേഖപ്പെടുത്തിയിരിക്കുന്നതും ആനുകൂല്യങ്ങളൊന്നും കിട്ടാത്ത വിബാഗത്തിലാണ്‌, നായരോ നമ്പൂരിയോ എന്നു ഞാന്‍ പറയുന്നില്ല, എല്ലാം കണക്കായതിനാല്‍.

  എന്തായാലും തിരുവനന്തപുരത്ത്‌ നായര്‍ മഹാസമ്മേളനം കൂടാനെത്തിയ കുറേ നായന്‍മാര്‍ രാത്രി കുറേ നേരം കള്ളും വാചകമടിയും കമ്യൂണിസ്റ്റ്‌ കോണ്‍ഗ്രസ്‌ തര്‍ക്കങ്ങളുമായി കൂട്ടുകൂടിയത്‌ എന്‍രെ വീട്ടിലായിരുന്നു.....
മാന്യ സുഹൃത്തുക്കളുടെ ശ്രദ്ധയിലേക്ക്‌ ഞാന്‍ നാട്ടുപച്ചയുടെ ലിങ്ക്‌ സമര്‍പ്പിക്കുന്നു. വായിക്കുക, പ്രതികരിക്കുക....

http://nattupacha.com/content.php?id=274 

  

   നായര്‍ മാടമ്പിക്ക്‌ കൊമ്പുമുളക്കുമ്പോള്‍' എന്ന ലേഖനത്തിലൂടെ വക്രബുദ്ധി ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ജഡത്തെ പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നിന്റെ നായര്‍സമൂഹത്തിന്റെ രോഗാവസ്ഥയുടെ ബീജത്തെ ആ ജഡത്തില്‍ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. വക്രമെന്ന്‌ മൂപ്പരുതന്നെ അവകാശപ്പെടുന്നുണ്ടെങ്കിലും ബുദ്ധി നേര്‍രേഖയില്‍ സഞ്ചരിക്കുന്നുണ്ടെന്ന തോന്നലുമായി വായനമുന്നേറി അവസാനഭാഗത്തെത്തുമ്പോഴാണ്‌ ബാലകൃഷ്‌ണപ്പിള്ളയുടെ അലമ്പ്‌ നാക്കിനെക്കവച്ചുവെക്കുന്നതാണ്‌ മൂപ്പരുടെ നീരീക്ഷണം എന്നുമനസ്സിലാവുക.

അതായത്‌ പഴയ ശാപമാണ്‌ നായരുടെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. സാമൂഹിക മുന്നോക്കാവസ്ഥയിലും സാമ്പത്തീക പിന്നോക്കാവസ്ഥയിലും ശാപത്തിന്റെ റോള്‍ കണ്ടുപിടിക്കണമെങ്കില്‍ ബുദ്ധി വക്രത്തില്‍ തന്നെ സഞ്ചരിക്കണം. അപ്പോള്‍ ഉരുത്തിരിഞ്ഞ ചില്ലറ സംശയങ്ങള്‍.

രാഷ്‌ട്രീയമായും സാമ്പത്തീകമായും മുന്‍നിരയിലുള്ള ജാട്ടുകള്‍ രാജസ്ഥാനില്‍ ഒ.ബി.സി. യാണ്‌. കര്‍ണാടകത്തിലെ നായക്‌ എസ്‌.സി.ആണ്‌. നാല്‌മുക്കാലിന്‌ ഗതിയില്ലാത്ത കേരളത്തിലെ ന്യുനപക്ഷവുമായ നായരെങ്ങനെ മുന്നാക്കക്കാരായി. സാമുഹികമായും നായര്‍ ഒ.ബി.സി.യെക്കാള്‍ മുന്നോക്കമല്ല. കള്ളുകുടിയുടെ കാര്യത്തില്‍ പോലും നായരും ഈഴവനും ഒപ്പത്തിനൊപ്പമാണ്‌. സുരാപാനശേഷം രണ്ടുകൂട്ടരും ശക്തിപരീക്ഷിക്കുന്ന ചിരവയും അമ്മിക്കല്ലും വീഴുന്നതും കിണറ്റില്‍ തന്നെയാണ്‌്‌. രണ്ടുപേരും തല്ലുന്നതും കെട്ടിയോളെത്തന്നെയാണ്‌. അപ്പോഴെന്തുകൊണ്ട്‌ നായര്‍ ഒ.ബി.സിയെങ്കിലുമാവുന്നില്ല.

അത്യാവശ്യം കോടതിയില്‍ സാക്ഷിപറയല്‍ അല്ലെങ്കില്‍ ആരും കയറാത്ത എം.എസ്‌.പി പോലുള്ളതില്‍ ഒരു കോണ്‍ഷബ്‌ള്‍ ഉദ്യോഗം. ഇതില്‍പരം മെച്ചപ്പെട്ട ജോലിയൊന്നും നായന്‍മാര്‍ക്കുണ്ടായിരുന്നില്ല. രാമചന്ദ്രന്‍നായര്‍, ഗുപ്‌തന്‍നായര്‍, കൃഷ്‌ണന്‍നായര്‍, വാസുദേവന്‍നായര്‍ പിന്നെ റേഡിയോ നാടകങ്ങളിലെ അനവധി നായന്‍മാരുമായാല്‍ വേറെ ജോലിയുള്ളവര്‍ തീര്‍ന്നു.

സര്‍ക്കാര്‍ ഗുമസ്‌തപ്പണിയില്ലാത്തതുകൊണ്ടാണ്‌ നായര്‍സമുദായം അധ:പതിച്ചുപോയതെന്ന അഭിപ്രായവും വിചാരണക്കാരനില്ല. സമുദായ പുരോഗതിക്ക്‌ മന്നത്തെയും ശ്രീനാരായണഗുരുവിനെയും പോലുള്ള ഉല്‌പതിഷ്‌ണുക്കള്‍ വിഭാവന ചെയ്‌തത്‌ വ്യവസായപുരോഗതിയും കാര്‍ഷികസംസ്‌കാരവും തന്നെയാണ്‌.

മന്നം ഷുഗര്‍മില്ലും ചന്ദ്രികാസോപ്പും കാണുക. ആലുവാ അദൈ്വതാശ്രമത്തിലെ സൂക്തങ്ങളും കൂടി വായിക്കുക - വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാവുക വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക. വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക എന്നത്‌ മാത്രം നടേശര്‍ പുറത്ത്‌ പറയാറില്ല. സ്വകാര്യമാക്കി വച്ചിരിക്കുകയാണ്‌. മുപ്പര്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗുരു ഉദ്ദേശിച്ച വ്യവസായം എന്തായാലും ഈഴവനെയും നായരെയും നശിപ്പിച്ച ലഹരിവ്യവസായമല്ലതാനും. ഒരു ഏറ്റുകത്തി എട്ടായി ഭാഗിച്ചതിന്റെ ഒരു കഷണം മതിയല്ലോ ക്ഷൗരം ചെയ്യാന്‍ എന്നും അതാണ്‌ കള്ളുചെത്തുന്നതിലും അന്തസ്സ്‌ എന്നും ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്‌.

ചെത്താന്‍ തെങ്ങില്‍ വലിഞ്ഞുകയറുന്ന ഈഴവനും ചെലുത്താന്‍ പാട്ടയുമായി താഴെ കാവലിരിക്കുന്ന നായരും തമ്മിലുള്ള ആ ഉദാത്തമായഐക്യം തുടര്‍ന്നും കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌. മാത്രമല്ല കഴിവതും വേഗം ഒരു കരയോഗമോ കടല്‍യോഗമോ എന്തെങ്കിലും വിളിച്ചുചേര്‍ത്ത്‌ രണ്ടുകൂട്ടരും പണിക്കരേയും നടേശനെയും അവരുടെ അന്തരംഗങ്ങളില്‍ നിന്നും താമസംവിനാ കുടിയിറക്കിവെയ്‌ക്കുകയും വേണം.

സ്വന്തം തറവാട്ടിലെ 38000 രൂപ മാസവരുമാനമുള്ള ദരിദ്ര ഈഴവന്റെ കാര്യം നടേശഗുരു ശരിയാക്കട്ടെ. മറ്റുള്ളവരെക്കൊണ്ടുമാത്രം കൊട്ടിച്ചു ശീലമുള്ള വ്യത്യസ്‌തനാം പണിക്കര്‍ ഒന്നു സ്വയം കൊട്ടട്ടെ. മതേതരത്വത്തിന്റെ മറവില്‍ രാജ്യത്ത്‌ നടക്കുന്ന മതാഭാസങ്ങള്‍ക്കുള്ള ജനാധിപത്യപരമായ മറുപടി ബാലറ്റിലൂടെ കൊടുക്കാനുള്ള ബുദ്ധി കേരളത്തിലെ ഈഴവനും നായര്‍ക്കുമുണ്ടെന്നാണ്‌ തോന്നുന്നത്‌. അതില്ലാതാക്കി ഈഴവ-നായന്‍മാരുടെ തലയെണ്ണി വിലപറയലാണ്‌ നടേശന്റെയും പണിക്കരുടെയും അവതാരോദ്ദേശ്യം

Monday, March 9, 2009

തോപ്പില്‍ ഭാസിയും ജി. ശങ്കരപ്പിള്ളയും നാടകമല്‍സരം കാണുകയാണ്‌...രംഗം ഒന്ന്‌
പരലോകത്തെ നാടകമുക്കില്‍ നാടകാചാര്യന്‍മാരായ ജി.ശങ്കരപ്പിള്ളയും തോപ്പില്‍ ഭാസിയും കണ്ടുമുട്ടുന്നു.
ശങ്കരപ്പിള്ള: ഭാസി അറിഞ്ഞോ, താന്‍ പണ്ട്‌ വൈദ്യം പഠിക്കാന്‍പോയി മുങ്ങിയ തിരുവനന്തപുരത്തെ ആയുര്‍വേദകോളജില്‍ കേരള സര്‍വ്വകലാശാല യൂണിയന്റെ നാടകമല്‍സരം നടക്കുന്നു.
ഭാസി (അത്ഭുതത്തോടെ) : ഞാനൊരിടത്തും കേട്ടില്ലല്ലോ. സര്‍വ്വകലാശാല നാടകമല്‍സരമൊക്കെയാകുമ്പോള്‍ അല്‍പം പ്രചരണമൊക്കെ കാണില്ലേ?
ശങ്കരപ്പിള്ള: ഞാന്‍ കേരളകൗമുദിയുടെ ഇന്നത്തെ പരിപാടിയില്‍ കണ്ടാണറിഞ്ഞത്‌. എന്തായാലും നമുക്കൊന്നു പോയാലോ? കേരളത്തിലെ കാമ്പസ്‌ തിയേറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥയെങ്ങിനെയാണെന്നു മനസ്സിലാക്കുകയും ചെയ്യാം.
ഭാസി: ഓ, ഞാനും വരാം.
(ഇരുവരും പുറത്തേക്ക്‌. രംഗം ഇരുളുന്നു)

രംഗം രണ്ട്‌
ആയുര്‍വേദകോളജ്‌ ഗ്രൗണ്ടിലേക്ക്‌ ഭാസിയും പിള്ളയും കടന്നുവരുന്നു.
ഭാസി: അല്ല പിള്ളേ, നമ്മുടെ എസ്‌.എഫ്‌.ഐക്കാര്‍ തന്നെയല്ലേ യൂണിയന്‍ ഭരിക്കുന്നത്‌?
ശങ്കരപ്പിള്ള : അതെ
ഭാസി: എന്നിട്ടിവിടെ നാടകമല്‍സരം നടക്കുന്നതിന്റെ ഒരു ബാനര്‍ പോലുമില്ലല്ലോ! യൂണിറ്റ്‌ മീറ്റിംഗിനു വരെ പോസ്റ്ററൊട്ടിച്ചു കോളജ്‌ ഭിത്തികള്‍ വൃത്തികേടാക്കാന്‍ മല്‍സരിക്കുന്ന സഖാക്കള്‍ക്കിതെന്തുപറ്റി?
ശങ്കരപ്പിള്ള: നമുക്ക്‌ സ്ഥലം മാറിപ്പോയതാകുമോ? ആരോടെങ്കിലും ചോദിക്കാം.
അതുവഴിവരുന്ന ഒരു വിദ്യാര്‍ഥിയോട്‌ ഭാസി : മോനേ, ഇവിടെങ്ങാന്‍ സര്‍വ്വകലാശാല നാടകമല്‍സരം നടക്കുന്നുണ്ടോ?
വിദ്യാര്‍ഥി : മോളിലെ ആഡിറ്റോറിയത്തില്‍ അങ്ങനെന്തോ ഉണ്ടെന്നു തോന്നുന്നു!
(വിദ്യാര്‍ത്ഥി രംഗത്തു നിന്ന്‌ പോകുന്നു. പിള്ളയും ഭാസിയും പടികള്‍ കയറുന്നു)

രംഗം മൂന്ന്‌
ആഡിറ്റോറിയം. വേദിക്കരികിലെ ക്‌ളോക്കില്‍ സമയം 11.15. ലെനിന്‍ രാജേന്ദ്രന്‍ ഉദ്‌ഘാടനപ്രസംഗം നടത്തുന്നു. വേദിയിലോ പരിസരത്തോ നാടകമല്‍സരമാണെന്നു സൂചിപ്പിക്കുന്ന ഒരു പോസ്റ്ററോ ബാനറോ ഒന്നുമില്ല.
ഉദ്‌ഘാടനപ്രസംഗം കഴിഞ്ഞ ഉടന്‍ വേദിവിടുന്ന ലെനിന്‍ രാജേന്ദ്രനും അധ്യക്ഷനായ യൂണിയന്‍ ഭാരവാഹിയും. അവശേഷിക്കുന്ന ആശംസാപ്രാസംഗികന്‍ മാത്രം വേദിയില്‍.
സദസ്സില്‍ ആയുര്‍വേദ കോളജിലെ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രം. ക്‌ളാസ്‌ കട്ടു ചെയ്യിച്ച്‌ കൊണ്ടിരുത്തിയതിനാലാകാം സംഘാടകരിലൊരാള്‍ കാണികളായ അവരില്‍ നിന്ന്‌ വെള്ളപ്പേപ്പറില്‍ പേരും ക്‌ളാസും ഒപ്പം എഴുതിവാങ്ങുന്ന വിചിത്രദൃശ്യം.
ക്‌ളോക്കില്‍ സമയം 11.25, നന്ദിപ്രസംഗം കഴിഞ്ഞ്‌ വേദി ശൂന്യമാകുന്നു. നാടകമല്‍സരം ഉടന്‍ ആരംഭിക്കുമെന്ന്‌ അനൗണ്‍സ്‌മെന്റ്‌. സദസ്സിലെ രണ്ടു കസേരകളിലായി ശങ്കരപ്പിള്ളയും ഭാസിയും ഇരിപ്പുറപ്പിക്കുന്നു.
ക്‌ളോക്കില്‍ സമയം 12.25, മല്‍സരം തുടങ്ങാന്‍ വൈകിയതിനാല്‍ കുറേ കസേരകള്‍കൂടി ശൂന്യമായി.
ആദ്യ മല്‍സരനാടകമായി തന്റെ 'ഉച്ചാടനം' അരങ്ങിലെത്തുന്നുവെന്ന അനൗണ്‍സിമെന്റില്‍ സന്തോഷിച്ച്‌ ശങ്കരപ്പിള്ള. നാടകം തുടങ്ങി അല്‍പസമയത്തിനകം അദ്ദേഹം മുങ്ങുന്നു. നാടകം തീര്‍ന്നപ്പോള്‍ ശങ്കരപ്പിള്ളയെ കാണാതെ അങ്കലാപ്പിലാകുന്ന ഭാസി.

രംഗം നാല്‌.
കോളജിനു വെളിയിലെ മരത്തണല്‍. താടിക്കു കൈകൊടുത്ത്‌ ദുഃഖിതനായിരിസക്കുന്ന ശങ്കരപ്പിള്ള.അവിടേക്ക്‌ വരുന്ന ഭാസി.
ഭാസി: താനിതെന്തു മുങ്ങാ മുങ്ങിയെ? തന്നെക്കാമാതെ ഞാനാകെ വിഷമിച്ചുപോയി!
ശങ്കരപ്പിള്ള: എന്റെ ഭാസീ, ആ നാടകക്കാര്‌ എന്നെയങ്ങ്‌ 'ഉച്ചാടനം' ചെയ്‌തു കളഞ്ഞില്ലേ.
ഭാസി: പാവം പിള്ളേരെ കുറ്റപ്പെടുത്തേണ്ട. എടുത്തുകൊടുത്തവന്‍മാര്‍ക്കിട്ടാ രണ്ടു പൂശേണ്ടത്‌! എന്തായാലും താന്‍ വാ നമുക്ക്‌ ഇനിയുള്ളവ ഒന്നു നോക്കാം.

രംഗം അഞ്ച്‌
ഓഡിറ്റോറിയം. കസേരകള്‍ ഏറെയും ശൂന്യം. സര്‍വ്വകലാശാല നാടകമല്‍സരം തുടരുന്നു എന്ന്‌ അനൗണ്‍സ്‌മെന്റ്‌. രംഗത്ത്‌ ബഹളം നിറഞ്ഞ, രംഗബോധമോ രംഗഭാഷയോ വശമില്ലാത്ത ആറ്‌ നാടകങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ക്‌ളോക്കില്‍ സമയം 4.30. മല്‍സരം സമാപിച്ചെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന്‌ മാര്‍ക്കുകള്‍ കൂട്ടുന്ന വിധികര്‍ത്താക്കളായ പ്രമോദ്‌ പയ്യന്നൂര്‍, സുധീര്‍ പരമേശ്വരന്‍, മധു കൊട്ടാരത്തില്‍.
അര മണിക്കൂര്‍ കഴിഞ്ഞു. മാര്‍ക്കുകള്‍ കൂട്ടിക്കഴിഞ്ഞ്‌ ഫലം പ്രഖ്യാപിക്കാനായി നോക്കുമ്പോള്‍ സംഘാടകരാരും പരിസരത്തെങ്ങുമില്ല. അവരെ തേടി മധു കൊട്ടാരത്തില്‍ പുറത്തേക്ക്‌.
ഭാസി: കൊള്ളാം, സര്‍വ്വകലാശാലയുടെ നാടകമല്‍സരം ഇങ്ങനെതന്നെവേണം നടത്താന്‍!
ശങ്കരപ്പിള്ള: നാടകപ്രവര്‍ത്തനത്തോളം വലിയ രാഷ്‌ട്രീയപ്രവര്‍ത്തനമില്ലെന്നു മനസ്സിലാക്കാത്ത വിഡ്‌ഢികളായിപ്പോയല്ലോ നമ്മുടെ പുത്തന്‍ സഖാക്കള്‍!
ഭാസി: ഇത്ര ഉദാസീനമായി മല്‍സരം സംഘടിപ്പിച്ചാല്‍ കളിക്കാനും കാണാനും ആളില്ലാതെവരുന്നതില്‍ അത്ഭുതമുണ്ടോ?
ശങ്കരപ്പിള്ള: ഇനി മല്‍സരം നടത്താന്‍ സര്‍വ്വകലാശാല പണം നല്‍കിയില്ലെന്നുവരുമോ?
ഭാസി: കൊള്ളാം. എങ്കിലിവിടെ വല്ലതും നടക്കും! നമ്മുടെ പുത്തന്‍ സഖാക്കള്‍ക്ക്‌ കലാപ്രവര്‍ത്തനത്തിന്റെ അര്‍ഥമറിയില്ലല്ലോ. പോലീസിനെ തല്ലാനോ സര്‍ക്കാര്‍ വണ്ടിക്കിട്ടു കല്ലെറിയാനോ കോലം കത്തിക്കാനോ ഒക്കെയല്ലേ ഇവര്‍ക്കറിയൂ. നാമൊക്കെ പണ്ടേ അരങ്ങൊഴിഞ്ഞതു നന്നായി ശങ്കരപ്പിള്ളേ!
അപ്പോഴേക്കും എവിടെനിന്നോ സംഘാടകനെന്നു തോന്നിക്കുന്ന ഒരാളുമായി മധു കൊട്ടാരത്തില്‍ തിരിച്ചെത്തുന്നു. തുടര്‍ന്ന്‌ ഓരോ നാടകത്തിന്റെയും തെറ്റുകുറ്റങ്ങള്‍ വിലയിരുത്തി വിധികര്‍ത്താക്കള്‍ ഫലം പ്രഖ്യാപിക്കുന്നു.
ഭാസി: പ്രമോദും സുധീറും പറഞ്ഞതത്രയും ശരിയാ. ഇതുകേട്ട്‌ പഠിക്കാന്‍ ഈ കുട്ടികള്‍ തയ്യാറായാല്‍ മതിയായിരുന്നു.
ശങ്കരപ്പിള്ള: ഇത്തരത്തിലാണ്‌ സര്‍വ്വകലാശാല യൂണിയന്റെ കലാപ്രവര്‍ത്തനമെങ്കില്‍ അങ്ങിനെയൊരാശ വേണ്ട.
ഭാസി: എന്തെങ്കിലുമാകട്ടെ നമുക്കു പോകാം.
ഭാസിയും ശങ്കരപ്പിള്ളയും അവിടെനിന്നിറങ്ങി ദേശീയ നാടകോല്‍സവം നടക്കുന്ന ടാഗോര്‍ തിയേറ്ററിലേക്ക്‌ വച്ചു പിടിച്ചു
.

(08.03.09 ഞായറാഴ്‌ച കേരള കൗമുദി ദിനപ്പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചത്‌)


Thursday, March 5, 2009

ഇങ്ങനെയും ചിലത്‌ ഇവിടെ നടക്കുന്നുണ്ട്‌....
      കുറച്ചുദിവസം മുമ്പൊരു വൈകുന്നേരം എനിക്ക്‌ മുവാറ്റുപുഴയില്‍ നിന്നൊരു ഫോണ്‍കോള്‍ വന്നു. ഇടുക്കിയില്‍ വീടിനടുത്തു താമസിച്ചിരുന്ന കുടുംബത്തിലെ ഗൃഹനാഥയായ റംലാക്കയാണ്‌ വിളിച്ചത്‌. അവരുടെ രണ്ടാമത്തെ മകന്‍ നസീം ഇപ്പോള്‍ മുവാറ്റുപുഴയില്‍ പഠിക്കുന്നു. അവന്‍ എന്‍ട്രന്‍സ്‌ പരീക്ഷക്ക്‌ അപേക്ഷ അയച്ചിരുന്നു. എന്നെ അവര്‍ വിളിച്ച ദിവസം അവരുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടിലേക്ക്‌ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ നിന്ന്‌ വിളിച്ചിരുന്നു. (അപേക്ഷാഫോമില്‍ അവര്‍ വച്ചിരുന്ന ഫോണ്‍ നമ്പര്‍ ആ വീട്ടിലേതായിരുന്നു.) കാര്യമറിയാന്‍ കമ്മീഷണറേറ്റിലേക്കു തിരിച്ചു വിളിച്ചപ്പോഴാണ്‌ ഫോമില്‍ ഒപ്പിടാന്‍ മറന്ന വിവരം നസീം അറിയുന്നത്‌. എത്രയും പെട്ടെന്ന്‌ കമ്മീഷണറേറ്റില്‍ എത്തി ഒപ്പിടണമെന്നുമായിരുന്നു നിര്‍ദ്ദേശം. പിറ്റേന്ന്‌ ചെല്ലാമെന്ന്‌ നസീം ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ്‌, തിരുവനന്തപുരത്തു പത്രപ്രവര്‍ത്തകനായ എന്നെ നസീമിന്റെ ഉമ്മ വിളിക്കുന്നത്‌.

     ഫോമില്‍ നസീമും രക്ഷകര്‍ത്താവും ഒപ്പിട്ടില്ലെന്നതാണ്‌ പ്രശ്‌നം. പക്ഷേ, ഫോം പൂരിപ്പിക്കുമ്പോള്‍ ദുബായില്‍ നിന്ന്‌ അവധിക്കു നാട്ടിലുണ്ടായിരുന്ന നസീമിന്റെ പിതാവും നസീമും ഒ.എം.ആര്‍ ഫോമില്‍ ഒപ്പിട്ടിരുന്നു. അപേക്ഷാഫോം പൂരിപ്പിക്കുമ്പോള്‍ അമിതമായ ടെന്‍ഷന്‍ മൂലമാണ്‌ മാസ്റ്റര്‍ ഫോമില്‍ അവര്‍ ഒപ്പിടാന്‍ മറന്നത്‌. ഗുരുതരമായ ഒരു പിശക്‌ തന്നെയാണിത്‌. സാധാരണഗതിയില്‍ അപേക്ഷ നിരസിക്കപ്പെടാനും നസീമിന്‌ ഒരു വര്‍ഷം നഷ്‌ടപ്പെടാനും ഇതു മതി. പക്ഷെ, അയല്‍പക്കത്തെ വീട്ടിലേക്ക്‌ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ നിന്ന്‌ ഫോണ്‍കോള്‍ വന്നപ്പോള്‍ നസീം അമ്പരന്നു. ലാന്‍ഡ്‌ ഫോണ്‍ ഇല്ലാത്തതിനാല്‍ അയല്‍പക്കത്തെ നമ്പരായിരുന്നു നസീം ഫോമില്‍ വച്ചിരുന്നത്‌.

       നസീമിന്റെ പിതാവ്‌ രണ്ടുദിവസം മുമ്പാണ്‌ ദുബായിലേക്ക്‌ പറന്നത്‌. ഇനി ഫോമില്‍ ഒപ്പിടണമെങ്കില്‍ ഉമ്മയെ സ്ഥലത്തുള്ളു. സ്വാഭാവികമായും അവരുടെ ടെന്‍ഷന്‍ വര്‍ധിച്ചു. നമുക്ക്‌ കമ്മീഷണറേറ്റില്‍ ചെല്ലുമ്പോള്‍ നിസ്സഹായാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്താമെന്ന്‌ ഞാനവരെ ആശ്വസിപ്പിച്ചു.
അന്നു രാത്രി വീണ്ടും അയല്‍വീട്ടിലേക്ക്‌ വിളിച്ച കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ നസീമും ഉമ്മയും പോന്നിട്ടുണ്ടെന്ന്‌ ഉറപ്പാക്കുകയും ചെയ്‌തു.

       പിറ്റേന്ന്‌ ഞങ്ങള്‍ കമ്മീഷണറേറ്റിലെത്തി. പിഴവ്‌ തങ്ങളുടെ ഭാഗത്തായിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ കാണിച്ച താല്‍പര്യം നസീമിന്റെ ഉമ്മയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. വേണമെങ്കില്‍ അല്‍പം കൈമടക്കു കൊടുക്കാന്‍പോലും അവര്‍ തയ്യാറായിരുന്നുവെന്നതാണ്‌ വാസ്‌തവം. അതിനാണോ കമ്മീഷണറേറ്റില്‍ നിന്നു വിളിച്ചതെന്നു സംശയമുണ്ടായിരുന്നു. പക്ഷെ കമ്മീഷണറേറ്റിലെ അനുഭവം നേരേ തിരിച്ചായിരുന്നു.
എന്‍ക്വയറിയിലെത്തി പേരും അപേക്ഷ ഫോം നമ്പറും പറഞ്ഞ ഉടന്‍ ഒപ്പിടാത്ത ഫോമുമായി ജീവനക്കാരിയെത്തി. ഒരൊപ്പിന്റെ വിലയെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ട്‌ അവര്‍ സ്‌നേഹപൂര്‍വ്വം ശാസിച്ചപ്പോള്‍ നസീമിനും ഉമ്മയ്‌ക്കും മറുത്തുപറയാന്‍ വാക്കുകളില്ലായിരുന്നു. പിന്നെ ഇതുമായി ബന്ധപ്പെട്ട വിവിധ സെക്ഷനുകളില്‍ അവര്‍ ചെന്നു. എല്ലാവരില്‍ നിന്നും ആവശ്യത്തിനു ശാസനകിട്ടി. ഒ.എം.ആറില്‍ ഒപ്പിട്ടിരുന്ന പിതാവ്‌ സ്ഥലത്തില്ലാത്തതിനാല്‍ മാസ്റ്റര്‍ ഫോമില്‍ പിതാവ്‌ എന്നതു മാറ്റി രക്ഷകര്‍ത്താവെന്നാക്കി ഉമ്മയെ ഒപ്പിടാന്‍ അവര്‍ അനുവദിക്കുകയും ചെയ്‌തു. ഇരുവരും ഫോമില്‍ ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു:

      "നസീമിന്റെ പേരിനൊപ്പം ഡോക്‌ടറെന്നോ എന്‍ജിനീയറെന്നോ ഒക്കെ എഴുതിവച്ചിരിക്കുന്നതുകാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്‌. ഇനിപോയി പഠിച്ച്‌ ധൈര്യമായി പരീക്ഷ എഴുതിക്കോളൂ."

        നിര്‍ദ്ദാക്ഷിണ്യം അപേക്ഷ തള്ളിക്കളയാമായിരുന്നിട്ടും അതു ചെയ്യാതെ വിളിച്ചു വരുത്തി ഒപ്പീടിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്‌ത ഉദ്യോഗസ്ഥരോട്‌ എങ്ങനെ നന്ദി പറയണമെന്നറിയാതെ വിതുമ്പിക്കൊണ്ടാണ്‌ നസീമും ഉമ്മയും ഓഫിസില്‍ നിന്നു പുറത്തുവന്നത്‌. കാരണം അവര്‍ വിവരം അറിയിച്ചില്ലായിരുന്നെങ്കില്‍ നസീമിന്‌ എന്‍ട്രന്‍സില്‍ ഒരു വര്‍ഷം കൂടി നഷ്‌ടപ്പെടുമായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍, ഇങ്ങിനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടോ എന്നായിരുന്നു അവരുടെ അത്ഭുതം. എനിക്കും ഇത്‌ പുതിയൊരു അനുഭവമായിരുന്നു. പ്രതിഫലേച്ഛയില്ലാതെയാണ്‌ അവരിത്‌ ചെയ്‌തതെന്നോര്‍ക്കുമ്പോള്‍ ചെറിയൊരു സര്‍ട്ടിഫിക്കറ്റിനുപോലും കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തോടുള്ള പക കൂടി എന്നുതന്നെ പറയാം. നല്ലവരായ ഈ ഉദ്യോഗസ്ഥരുടെ സദ്‌പ്രവര്‍ത്തികള്‍ക്ക്‌ യാതൊരു പ്രചരണവും കിട്ടുന്നില്ലെന്നും ഓര്‍ക്കുക.

      ഇതേതുടര്‍ന്ന്‌ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ എന്‍ട്രന്‍സ്‌ കമ്മീഷണര്‍ ബി. എസ്‌ മാവോജിയെ ഫോണില്‍ വിളിച്ചു. പരിഹരിക്കാവുന്ന ഒരു പിഴവിന്റെ പേരില്‍ ഒരു കുട്ടിയും ശിക്ഷിക്കപ്പെടരുതെന്നാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ്‌ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌.

       ദിനപ്പത്രരംഗത്തു നിന്ന്‌ വിരമിച്ചതിനാല്‍ എനിക്കിതു വാര്‍ത്തയാക്കാനായില്ല. മനോരമയിലെ സുഹൃത്തുക്കളോട്‌ വിവരം പറയുകയും ഇത്‌ നല്ലൊരു വാര്‍ത്തയാക്കാന്‍ ജോസ്‌ പനച്ചിപ്പുറം അവര്‍ക്ക്‌ അനുവാദം നല്‍കുകയും ചെയ്‌തതാണ്‌. പക്ഷെ, ചില സമയക്കുറവുകള്‍മൂലം വാര്‍ത്ത ഫയല്‍ ചെയ്യാന്‍ വൈകിയതിനാല്‍ അതിനുള്ള അവസരവും നഷ്‌ടമായി.

       തിരുവനന്തപുരത്തെ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ രാപകലില്ലാതെയാണ്‌ ഇപ്പോള്‍ ജീവനക്കാര്‍ പണിയെടുക്കുന്നത്‌. അതിനിടയില്‍ ഏതെങ്കിലും ഫോമില്‍ പരിഹരിക്കാവുന്ന പിശകുകള്‍ കണ്ടാല്‍ അപേക്ഷകനെ വിവരമറിയിക്കും. വില്ലേജ്‌ ഓഫിസില്‍ നിന്നും മറ്റും പൂരിപ്പിച്ചുകൊടുക്കുന്നതില്‍ തെറ്റുകണ്ടാലും പുതിയ സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ പറയും. കമ്മീഷണറും മറ്റ്‌ ഉദ്യോഗസ്ഥരുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. ഇവര്‍ക്ക്‌ എന്ത്‌ അവാര്‍ഡു നല്‍കിയാണ്‌ നാം ആദരിക്കുക? 

FEEDJIT Live Traffic Feed