Thursday, March 5, 2009

ഇങ്ങനെയും ചിലത്‌ ഇവിടെ നടക്കുന്നുണ്ട്‌....




      കുറച്ചുദിവസം മുമ്പൊരു വൈകുന്നേരം എനിക്ക്‌ മുവാറ്റുപുഴയില്‍ നിന്നൊരു ഫോണ്‍കോള്‍ വന്നു. ഇടുക്കിയില്‍ വീടിനടുത്തു താമസിച്ചിരുന്ന കുടുംബത്തിലെ ഗൃഹനാഥയായ റംലാക്കയാണ്‌ വിളിച്ചത്‌. അവരുടെ രണ്ടാമത്തെ മകന്‍ നസീം ഇപ്പോള്‍ മുവാറ്റുപുഴയില്‍ പഠിക്കുന്നു. അവന്‍ എന്‍ട്രന്‍സ്‌ പരീക്ഷക്ക്‌ അപേക്ഷ അയച്ചിരുന്നു. എന്നെ അവര്‍ വിളിച്ച ദിവസം അവരുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടിലേക്ക്‌ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ നിന്ന്‌ വിളിച്ചിരുന്നു. (അപേക്ഷാഫോമില്‍ അവര്‍ വച്ചിരുന്ന ഫോണ്‍ നമ്പര്‍ ആ വീട്ടിലേതായിരുന്നു.) കാര്യമറിയാന്‍ കമ്മീഷണറേറ്റിലേക്കു തിരിച്ചു വിളിച്ചപ്പോഴാണ്‌ ഫോമില്‍ ഒപ്പിടാന്‍ മറന്ന വിവരം നസീം അറിയുന്നത്‌. എത്രയും പെട്ടെന്ന്‌ കമ്മീഷണറേറ്റില്‍ എത്തി ഒപ്പിടണമെന്നുമായിരുന്നു നിര്‍ദ്ദേശം. പിറ്റേന്ന്‌ ചെല്ലാമെന്ന്‌ നസീം ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ്‌, തിരുവനന്തപുരത്തു പത്രപ്രവര്‍ത്തകനായ എന്നെ നസീമിന്റെ ഉമ്മ വിളിക്കുന്നത്‌.

     ഫോമില്‍ നസീമും രക്ഷകര്‍ത്താവും ഒപ്പിട്ടില്ലെന്നതാണ്‌ പ്രശ്‌നം. പക്ഷേ, ഫോം പൂരിപ്പിക്കുമ്പോള്‍ ദുബായില്‍ നിന്ന്‌ അവധിക്കു നാട്ടിലുണ്ടായിരുന്ന നസീമിന്റെ പിതാവും നസീമും ഒ.എം.ആര്‍ ഫോമില്‍ ഒപ്പിട്ടിരുന്നു. അപേക്ഷാഫോം പൂരിപ്പിക്കുമ്പോള്‍ അമിതമായ ടെന്‍ഷന്‍ മൂലമാണ്‌ മാസ്റ്റര്‍ ഫോമില്‍ അവര്‍ ഒപ്പിടാന്‍ മറന്നത്‌. ഗുരുതരമായ ഒരു പിശക്‌ തന്നെയാണിത്‌. സാധാരണഗതിയില്‍ അപേക്ഷ നിരസിക്കപ്പെടാനും നസീമിന്‌ ഒരു വര്‍ഷം നഷ്‌ടപ്പെടാനും ഇതു മതി. പക്ഷെ, അയല്‍പക്കത്തെ വീട്ടിലേക്ക്‌ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ നിന്ന്‌ ഫോണ്‍കോള്‍ വന്നപ്പോള്‍ നസീം അമ്പരന്നു. ലാന്‍ഡ്‌ ഫോണ്‍ ഇല്ലാത്തതിനാല്‍ അയല്‍പക്കത്തെ നമ്പരായിരുന്നു നസീം ഫോമില്‍ വച്ചിരുന്നത്‌.

       നസീമിന്റെ പിതാവ്‌ രണ്ടുദിവസം മുമ്പാണ്‌ ദുബായിലേക്ക്‌ പറന്നത്‌. ഇനി ഫോമില്‍ ഒപ്പിടണമെങ്കില്‍ ഉമ്മയെ സ്ഥലത്തുള്ളു. സ്വാഭാവികമായും അവരുടെ ടെന്‍ഷന്‍ വര്‍ധിച്ചു. നമുക്ക്‌ കമ്മീഷണറേറ്റില്‍ ചെല്ലുമ്പോള്‍ നിസ്സഹായാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്താമെന്ന്‌ ഞാനവരെ ആശ്വസിപ്പിച്ചു.
അന്നു രാത്രി വീണ്ടും അയല്‍വീട്ടിലേക്ക്‌ വിളിച്ച കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ നസീമും ഉമ്മയും പോന്നിട്ടുണ്ടെന്ന്‌ ഉറപ്പാക്കുകയും ചെയ്‌തു.

       പിറ്റേന്ന്‌ ഞങ്ങള്‍ കമ്മീഷണറേറ്റിലെത്തി. പിഴവ്‌ തങ്ങളുടെ ഭാഗത്തായിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ കാണിച്ച താല്‍പര്യം നസീമിന്റെ ഉമ്മയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. വേണമെങ്കില്‍ അല്‍പം കൈമടക്കു കൊടുക്കാന്‍പോലും അവര്‍ തയ്യാറായിരുന്നുവെന്നതാണ്‌ വാസ്‌തവം. അതിനാണോ കമ്മീഷണറേറ്റില്‍ നിന്നു വിളിച്ചതെന്നു സംശയമുണ്ടായിരുന്നു. പക്ഷെ കമ്മീഷണറേറ്റിലെ അനുഭവം നേരേ തിരിച്ചായിരുന്നു.
എന്‍ക്വയറിയിലെത്തി പേരും അപേക്ഷ ഫോം നമ്പറും പറഞ്ഞ ഉടന്‍ ഒപ്പിടാത്ത ഫോമുമായി ജീവനക്കാരിയെത്തി. ഒരൊപ്പിന്റെ വിലയെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ട്‌ അവര്‍ സ്‌നേഹപൂര്‍വ്വം ശാസിച്ചപ്പോള്‍ നസീമിനും ഉമ്മയ്‌ക്കും മറുത്തുപറയാന്‍ വാക്കുകളില്ലായിരുന്നു. പിന്നെ ഇതുമായി ബന്ധപ്പെട്ട വിവിധ സെക്ഷനുകളില്‍ അവര്‍ ചെന്നു. എല്ലാവരില്‍ നിന്നും ആവശ്യത്തിനു ശാസനകിട്ടി. ഒ.എം.ആറില്‍ ഒപ്പിട്ടിരുന്ന പിതാവ്‌ സ്ഥലത്തില്ലാത്തതിനാല്‍ മാസ്റ്റര്‍ ഫോമില്‍ പിതാവ്‌ എന്നതു മാറ്റി രക്ഷകര്‍ത്താവെന്നാക്കി ഉമ്മയെ ഒപ്പിടാന്‍ അവര്‍ അനുവദിക്കുകയും ചെയ്‌തു. ഇരുവരും ഫോമില്‍ ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു:

      "നസീമിന്റെ പേരിനൊപ്പം ഡോക്‌ടറെന്നോ എന്‍ജിനീയറെന്നോ ഒക്കെ എഴുതിവച്ചിരിക്കുന്നതുകാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്‌. ഇനിപോയി പഠിച്ച്‌ ധൈര്യമായി പരീക്ഷ എഴുതിക്കോളൂ."

        നിര്‍ദ്ദാക്ഷിണ്യം അപേക്ഷ തള്ളിക്കളയാമായിരുന്നിട്ടും അതു ചെയ്യാതെ വിളിച്ചു വരുത്തി ഒപ്പീടിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്‌ത ഉദ്യോഗസ്ഥരോട്‌ എങ്ങനെ നന്ദി പറയണമെന്നറിയാതെ വിതുമ്പിക്കൊണ്ടാണ്‌ നസീമും ഉമ്മയും ഓഫിസില്‍ നിന്നു പുറത്തുവന്നത്‌. കാരണം അവര്‍ വിവരം അറിയിച്ചില്ലായിരുന്നെങ്കില്‍ നസീമിന്‌ എന്‍ട്രന്‍സില്‍ ഒരു വര്‍ഷം കൂടി നഷ്‌ടപ്പെടുമായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍, ഇങ്ങിനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടോ എന്നായിരുന്നു അവരുടെ അത്ഭുതം. എനിക്കും ഇത്‌ പുതിയൊരു അനുഭവമായിരുന്നു. പ്രതിഫലേച്ഛയില്ലാതെയാണ്‌ അവരിത്‌ ചെയ്‌തതെന്നോര്‍ക്കുമ്പോള്‍ ചെറിയൊരു സര്‍ട്ടിഫിക്കറ്റിനുപോലും കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തോടുള്ള പക കൂടി എന്നുതന്നെ പറയാം. നല്ലവരായ ഈ ഉദ്യോഗസ്ഥരുടെ സദ്‌പ്രവര്‍ത്തികള്‍ക്ക്‌ യാതൊരു പ്രചരണവും കിട്ടുന്നില്ലെന്നും ഓര്‍ക്കുക.

      ഇതേതുടര്‍ന്ന്‌ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ എന്‍ട്രന്‍സ്‌ കമ്മീഷണര്‍ ബി. എസ്‌ മാവോജിയെ ഫോണില്‍ വിളിച്ചു. പരിഹരിക്കാവുന്ന ഒരു പിഴവിന്റെ പേരില്‍ ഒരു കുട്ടിയും ശിക്ഷിക്കപ്പെടരുതെന്നാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ്‌ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌.

       ദിനപ്പത്രരംഗത്തു നിന്ന്‌ വിരമിച്ചതിനാല്‍ എനിക്കിതു വാര്‍ത്തയാക്കാനായില്ല. മനോരമയിലെ സുഹൃത്തുക്കളോട്‌ വിവരം പറയുകയും ഇത്‌ നല്ലൊരു വാര്‍ത്തയാക്കാന്‍ ജോസ്‌ പനച്ചിപ്പുറം അവര്‍ക്ക്‌ അനുവാദം നല്‍കുകയും ചെയ്‌തതാണ്‌. പക്ഷെ, ചില സമയക്കുറവുകള്‍മൂലം വാര്‍ത്ത ഫയല്‍ ചെയ്യാന്‍ വൈകിയതിനാല്‍ അതിനുള്ള അവസരവും നഷ്‌ടമായി.

       തിരുവനന്തപുരത്തെ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ രാപകലില്ലാതെയാണ്‌ ഇപ്പോള്‍ ജീവനക്കാര്‍ പണിയെടുക്കുന്നത്‌. അതിനിടയില്‍ ഏതെങ്കിലും ഫോമില്‍ പരിഹരിക്കാവുന്ന പിശകുകള്‍ കണ്ടാല്‍ അപേക്ഷകനെ വിവരമറിയിക്കും. വില്ലേജ്‌ ഓഫിസില്‍ നിന്നും മറ്റും പൂരിപ്പിച്ചുകൊടുക്കുന്നതില്‍ തെറ്റുകണ്ടാലും പുതിയ സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ പറയും. കമ്മീഷണറും മറ്റ്‌ ഉദ്യോഗസ്ഥരുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. ഇവര്‍ക്ക്‌ എന്ത്‌ അവാര്‍ഡു നല്‍കിയാണ്‌ നാം ആദരിക്കുക? 

11 comments:

  1. തിരുവനന്തപുരത്തെ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ രാപകലില്ലാതെയാണ്‌ ഇപ്പോള്‍ ജീവനക്കാര്‍ പണിയെടുക്കുന്നത്‌. അതിനിടയില്‍ ഏതെങ്കിലും ഫോമില്‍ പരിഹരിക്കാവുന്ന പിശകുകള്‍ കണ്ടാല്‍ അപേക്ഷകനെ വിവരമറിയിക്കും. വില്ലേജ്‌ ഓഫിസില്‍ നിന്നും മറ്റും പൂരിപ്പിച്ചുകൊടുക്കുന്നതില്‍ തെറ്റുകണ്ടാലും പുതിയ സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ പറയും. കമ്മീഷണറും മറ്റ്‌ ഉദ്യോഗസ്ഥരുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. ഇവര്‍ക്ക്‌ എന്ത്‌ അവാര്‍ഡു നല്‍കിയാണ്‌ നാം ആദരിക്കുക?

    ബ്യൂറോക്രസിയുടെ അധികമാരും കാണാത്ത മുഖത്തെപ്പറ്റി പുതിയ പോസ്‌റ്റ്‌...

    ReplyDelete
  2. കൊള്ളാം രാജേഷേട്ടാ.
    ‘ഓഫീസില്‍ വരുന്നതിന് ശമ്പളവും, ജോലി ചെയ്യാന്‍ കൈക്കൂലിയും’ എന്ന നിലപാടുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഇവരെ കണ്ട് പഠിക്കട്ടെ...

    പണ്ട് എന്‍‌ട്രന്‍സ് പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ റിസല്‍ട്ട് വരു‌മ്പോള്‍ പോലും, ആന്‍സര്‍ കീയിലെ തെറ്റുകളാണ് നമുക്കിടയില്‍ വന്‍ വാര്‍ത്തകളാക്കി്യിട്ടുള്ളത്..

    എന്തിന്റെയും മോശം വശം മാത്രം ശ്രദ്ധിക്കുകയും, പ്രചരിപ്പിക്കുകയും, നല്ലതിനെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന നാം ഇത്തരം മാതൃകാ പരമായ പെരുമാറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കരുത് ...

    ReplyDelete
  3. ഏറെ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരും ഈ മനോഭാവക്കാരാണു. പക്ഷെ അവര്‍ പരിഹസിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യാറാണു പതിവ്. ഒരു ന്യൂനപക്ഷമേ പിഴകളായുള്ളു എന്ന് ജനം മനസിലാക്കുന്നില്ല. പിന്നെ മനോരമ ഇത്തരം സദ് വാര്‍ത്തകള്‍ കാരി ചെയ്താല്‍ ആ പത്രത്തിന്റെ പേര്‍ മനോരമ എന്നാകുന്നതെങ്ങനെ? ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാര്‍ക്കുള്ള പോലെ മനോരമയ്ക്കും ഉണ്ട് ചില താല്‍പ്പര്യം. അത് മനസിലാക്കിയാല്‍ മതി.

    ReplyDelete
  4. Ingineyokke kelkkunnathu thanne oru aaswasamaanu.

    ReplyDelete
  5. അവസാന നിമിഷം വരെ സംശയമായിരുന്നു.ഇത് കളിപ്പീരായിരിക്കുമെന്നു. നല്ലത് ചെയ്യാനും ആളുകള്‍ ഒത്തിരിയുണ്ടെന്നു തെളിയിക്കുന്ന കുറിപ്പ്. വെരി ഗുഡ് ...സസ്നേഹം ....വാഴക്കോടന്‍.

    ReplyDelete
  6. മാഷേ , സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാം അഴിമതിക്കാരല്ല .പത്രക്കാരെല്ലാം സത്യസന്ധരല്ല എന്ന പോലെ .നാടടച്ച് ആക്ഷേപിക്കരുത് . നമ്മുടെ നാട്ടില്‍ നന്‍മ ഇനിയും അവശേഷിക്കുന്നുണ്ട് .

    ReplyDelete
  7. nanma marichittilla alle nammude naattil....?

    ReplyDelete
  8. നല്ല കുറിപ്പ്
    അഭിനന്ദനങ്ങൾ

    ReplyDelete
  9. മനസ്സിന് ആകെക്കൂടി ഒരു സുഖം തന്ന കുറിപ്പ്. നമ്മുടെ നാട് അത്ര മോശമൊന്നുമല്ല അല്ലേ മാഷേ.

    ReplyDelete
  10. ഈ പോസ്‌റ്റ്‌ വായിച്ചവരെയൊക്കെ സന്തോഷിപ്പിച്ചതില്‍ എനിക്കും സന്തോഷം.
    കര്‍ത്താജി
    താങ്കള്‍ക്ക്‌ പൊതുവെ പത്രങ്ങളോടൊക്കെ ഒരു വിരോധം കാണുന്നുണ്ടല്ലോ. മനോരമയെ അടച്ചങ്ങു കുറ്റപ്പെടുത്തേണ്ട. കുറേ നല്ല കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്‌..

    ഉല്ലാസ്‌,
    സര്‍ക്കാര്‍ ജീവനക്കാരൊക്കെ അഴിമതിക്കാരാണെന്നു പറയാന്‍ എനിക്കു കഴിയില്ല. അഴിമതിക്കാരല്ലാത്ത ഒട്ടേറെപ്പേരെ എനിക്കറിയാം. പിന്നെ, ഒപ്പിടാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കുന്നത്‌ സ്വാഭാവികചട്ടപ്രകാരം തന്നെയാണ്‌. അതു ചെയ്യാതെ വിദ്യാര്‍ഥിയെ വിളിച്ചു വരുത്തി ഒപ്പീടിച്ചതാണ്‌ ഇവിടെ പ്രശംസനീയം. അവരത്‌ ചെയ്‌തില്ലെന്നു കരുതി ഒന്നും ചെയ്യാനില്ല. ചട്ടപ്രകാരം നടപടികള്‍ പാലിക്കുന്നതിന്‌ പ്രതിഫലം വാങ്ങുമ്പോഴാണ്‌ അത്‌ കൈക്കൂലിയാകുന്നത്‌. എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റിലുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തിക്ക്‌ എന്തെങ്കിലും പ്രതിഫലം വാങ്ങിയാല്‍ (ചോദിച്ചു വാങ്ങിയാലല്ല), അത്‌ കൈക്കൂലിയാകുമെന്നു ഞാന്‍ കരുതുന്നില്ല.

    ReplyDelete
  11. ആത്മാര്‍ത്ഥമായ് ജോലിചെയ്യുന്ന ഒരുപട് നല്ല ജീവനക്കാര്‍ നമ്മുടെ സര്‍ക്കാര്‍ ആഫീസുകളിലുണ്ട്. പക്ഷേ നമ്മളൊക്കെ അവരെ മറന്നുപോകുകയാണ് പതിവ്.

    ബിനോയ്, അതുതന്നെ നമ്മുടെ നാട് ഒട്ടും മോശമല്ല. എന്തുകാര്യത്തിലും.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed