Thursday, February 26, 2009

നായര്‍ മാടമ്പിക്ക്‌ കൊമ്പു മുളയ്‌ക്കുമ്പോള്‍


   കേരളത്തിലെ അമ്പത്തിയെട്ട്‌ താലൂക്ക്‌ യൂണിയനുകളിലും നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ശക്തിപ്രകടനവും നായര്‍ മഹാസമ്മേളനവും നടത്തിക്കഴിഞ്ഞു. ഇനി 28ന്‌ തിരുവനന്തപുരത്ത്‌ സംസ്ഥാന നായര്‍ മഹാ സമ്മേളനം നടത്തുകയാണ്‌. തിരുവനന്തപുരത്തു നടക്കുന്ന ലോകമഹാനായര്‍സമ്മേളനത്തിലും പ്രകടനത്തിലും ലക്ഷക്കണക്കിനു നായന്‍മാര്‍ കച്ചകെട്ടി അങ്കത്തിനിറങ്ങുമെന്നാണ്‌ നായര്‍നേതാക്കള്‍ പറയുന്നത്‌. മാത്രമല്ല, ഇതിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌.

     ചങ്ങനാശ്ശേരിയില്‍ നിന്ന്‌ അഴിച്ചുവിട്ട യാഗാശ്വമാണത്രെ താലൂക്ക്‌ യൂണിയനുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത്‌. തിരുവനന്തപുരത്തെ ലക്ഷംപേരുടെ പ്രകടനം കഴിഞ്ഞ്‌ അശ്വം ചങ്ങനാശ്ശേരിക്കു മടങ്ങുമ്പോള്‍ തങ്ങള്‍ പറയുന്നതനുസരിക്കുന്ന ഒരു സര്‍ക്കാരിനെ സെക്രട്ടേറിയറ്റില്‍ കിരീടധാരണം നടത്തിയിരിക്കുമെന്നും അവര്‍ പറയുന്നു. പിണറായി വിജയന്റെ ഭാഷയില്‍ ഒരു ജാതിസംഘടനയുടെ ഔദ്ധത്യം നിറഞ്ഞ വാക്കുകള്‍.

   കേരളത്തിലെ നായന്‍മാര്‍ക്ക്‌ ഈ ശക്തി കിട്ടിയതെവിടെ നിന്നാണ്‌? ഇതുവരെ വീടിനുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന നായന്‍മാരെ സംഘടിപ്പിച്ചു തെരുവിലിറക്കിയതിന്റെ ക്രെഡിറ്റ്‌ നാരായണപ്പണിക്കര്‍ക്കോ സുകുമാരന്‍നായര്‍ക്കോ അല്ല, സാക്ഷാല്‍ വെള്ളാപ്പള്ളി നടേശഗുരുക്കള്‍ക്കുള്ളതാണ്‌!

   പി.എസ്‌.സിയുടെ സംവരണ നയമാണ്‌ ഇപ്പോഴത്തെ ഈ കൂട്ടംകൂടലുകള്‍ക്കു പിന്നില്‍. തങ്ങള്‍ സമദൂരസിദ്ധാന്തം ഉപേക്ഷിക്കുകയാണെന്ന്‌ നായര്‍ നേതൃത്വം സൂചിപ്പിച്ചുകഴിഞ്ഞു. വ്യക്തമായ രാഷ്‌ട്രീയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോഴൊക്കെ തന്റെ പിന്നിലുള്ളവര്‍ അനുസരണയില്ലാത്തവരാണെന്ന്‌ വെള്ളാപ്പള്ളിക്കു മനസ്സിലായിരുന്നു. കാരണം വെള്ളാപ്പള്ളി തോല്‍പിക്കാന്‍ പറഞ്ഞവരൊക്കെ ജയിച്ചുപോയി. പക്ഷേ, പണിക്കരുടെ വാക്കതല്ല. സമദൂരസിദ്ധാന്തവുമായിട്ടിരുന്നപ്പോഴും പണിക്കര്‍ മനസ്സില്‍ ആഗ്രഹിച്ചവരൊക്കെ വിജയിച്ചു. അതാണ്‌ നായരുടെ മനപ്പൊരുത്തം. ആ സിദ്ധാന്തം തല്‍ക്കാലം മാറ്റിവച്ച്‌ അടുത്തതവണ ഇടതുമുന്നണിക്കെതിരെ വോട്ടു ചെയ്യുമെന്നുതന്നെയാണ്‌ നായര്‍ സമ്മേളനങ്ങള്‍ പറഞ്ഞു വയ്‌ക്കുന്നത്‌.

   പി.എസ്‌.സി നിയമനങ്ങളിലെ 50:50 അനുപാതമാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. വളരെ ലളിതമായി ഇതിനെ നിര്‍വ്വചിക്കാം. പകുതി സീറ്റുകളില്‍ സംവരണം, പകുതിയില്‍ മെറിറ്റ്‌. ജാതീയമായി ഈഴവര്‍ മുതല്‍ താഴോട്ടുള്ളവരെന്നു കരുതപ്പെടുന്ന ഹിന്ദുക്കളും ലത്തീന്‍ കത്തോലിക്ക, മുസ്ലിം തുടങ്ങിവരുമാണ്‌ പകുതിവരുന്ന സംവരണം അനുഭവിക്കുക. ബാക്കിയില്‍ നായര്‍ മുതല്‍ മേല്‍പ്പോട്ടുള്ളവരും കത്തോലിക്ക, മാര്‍ത്തോമ, ഓര്‍ത്തഡോക്‌സ്‌ തുടങ്ങിയവരും പെടും.

   ഒറ്റനോട്ടത്തില്‍ ഇതിലത്ര പ്രശ്‌നം തോന്നില്ല. ജാതീയമായ ശതമാനക്കണക്കൊക്കെ നോക്കിയാല്‍ ഇത്‌ ഇവിടെയെങ്ങും നില്‍ക്കില്ല. അതുകൊണ്ട്‌ കാര്യമാത്രപ്രസക്തമായ വിവരം മാത്രം സൂചിപ്പിക്കാം. വെള്ളാപ്പള്ളി മുതല്‍പേരുടെ ആവശ്യം ജനറല്‍ ലിസ്റ്റ്‌ പരിഗണിക്കാതുള്ള സംവരണമാണ്‌. അതായത്‌ മെറിറ്റില്‍ വരുന്ന പിന്നോക്കക്കാരന്‍ അങ്ങിനെതന്നെ ജോലിക്കു കയറട്ടെ. നിലവില്‍ അവരെ സംവരണലിസ്റ്റില്‍ പെടുത്തുന്ന സമ്പ്രദായം അവസാനിപ്പിക്കണം.

    ഉദാഹരണത്തിന്‌ നൂറുപേരുടെ ലിസ്റ്റില്‍ മെറിറ്റില്‍ പത്തുപേര്‍ പിന്നോക്കക്കാരാണെങ്കില്‍ അവര്‍ക്ക്‌്‌ അങ്ങിനെ തന്നെ നിയമനം നല്‍കണം. ഒപ്പം, അമ്പതുപേര്‍ക്ക്‌ സംവരണവും നല്‍കണം. ഇങ്ങിനെ വരുമ്പോള്‍ 100ല്‍ 60 പേര്‍ പിന്നോക്കക്കാരും 40 പേര്‍ മുന്നോക്കക്കാരുമാണെന്നു വരും.
സംവരണത്തിന്‌ സാമ്പത്തികപരിധി നല്‍കുമ്പോള്‍ വാര്‍ഷികവരുമാനം 4.5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക്‌ സംവരണത്തിന്‌ അര്‍ഹതയുണ്ടെന്നാണ്‌ പുതിയ മാനദണ്‌ഡം. അതായത്‌ ഒരു മാസം കുടുംബത്തിന്‌ 38,000 രൂപയോളം വരുമാനമുണ്ടെങ്കില്‍പോലും സംവരണാനുകൂല്യം ലഭിക്കും. ഇത്‌ ഒമ്പതു ലക്ഷം, അതായത്‌ മാസം 75,000 രൂപയാക്കി ഉയര്‍ത്തണമെന്നാണ്‌ വെള്ളാപ്പള്ളി ആവശ്യപ്പെടുന്നത്‌. ദരിദ്രമുന്നോക്കക്കാരന്‍ പഠനത്തിലും മറ്റും പിന്നാക്കം പോകുകയും സര്‍ക്കാര്‍ ജോലിയില്‍ പിന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ സകല സൗകര്യവുമുപയോഗിച്ച്‌ പഠിച്ചും പഠിക്കാതെയും വരുന്ന സമ്പന്നപിന്നോക്കക്കാരന്‍ ജോലിയില്‍ കയറിക്കൂടുന്നു.
ഈ ആവശ്യം നേടിയെടുക്കാനായി വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ പി.എസ്‌.സി ഓഫിസിലേക്കു നടന്ന മാര്‍ച്ചില്‍ 49 പിന്നോക്കസംഘടനകളില്‍ നിന്നായി പതിനായിരക്കണക്കിനാളുകളാണ്‌ പങ്കെടുത്തത്‌. ഇതില്‍ അന്യായമുണ്ടെന്ന്‌ നായര്‍ക്കു തോന്നിയാല്‍ തെറ്റുണ്ടോ? അതാണ്‌ നായരുടെ സംഘടിക്കലിന്റെ ഉത്തരവാദി വെള്ളാപ്പള്ളിയാണെന്ന്‌ ആദ്യം പറഞ്ഞത്‌.

    കഴിവുള്ള തൊഴിലാളികളെ ആവശ്യമുള്ള സ്വകാര്യമേഖലയിലൊന്നും നിലവില്‍ സംവരണമില്ല. പിന്നോക്കക്കാരുടെ ഉടമസ്ഥതയിലുള്ള ഐ.ടി, പത്ര സ്ഥാപനങ്ങളിലൊക്കെ പ്രധാനകസേരകളില്‍ പലതിലും മുന്നോക്കക്കാരാണ്‌ പ്രിതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നത്‌. ഇവിടങ്ങളിലൊന്നും സംവരണതത്വം ബാധകമാകില്ല. പെര്‍ഫോമന്‍സിന്റെ പേരില്‍ പിരിച്ചുവിടല്‍ വ്യാപകമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പെര്‍ഫോമന്‍സ്‌ മോശമായാല്‍ നായരായാലും നമ്പൂതിരിയായാലും ഈഴവനായാലും മുസ്ലീമായാലും സ്ഥിതി അത്ര നന്നല്ലെന്നു ചുരുക്കം. 

    ഇനി പ്രധാന വിഷയത്തിലേക്കു തിരിച്ചുവരാം. മുന്നോക്കക്കാരുടെ മുന്‍തലമുറ ചെയ്‌തുകൂട്ടിയ പാപങ്ങളുടെ ഫലമാണ്‌ ഇപ്പോഴത്തെ ഈ തിരിച്ചടിക്കു പിന്നില്‍. ജന്മിത്ത, മാടമ്പി വ്യവസ്ഥകളിലൂടെ പകര്‍ന്നുകിട്ടിയ സുഖസൗകര്യങ്ങളില്‍ സുഖിച്ചിരുന്ന അവരാരും കാല്‍ച്ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോകുന്നതറിഞ്ഞില്ല. പിന്നോക്കാര്‍ക്കുവേണ്ടി ഒച്ചയുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ അവതരിച്ചതും അദ്ദേഹം മുന്നേറിയതും വളരെപ്പെട്ടെന്നായിരുന്നു. നായന്‍മാര്‍ മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ അഹങ്കരിച്ച്‌ ഉറക്കം തൂങ്ങിയപ്പോള്‍ ആമയെപ്പോലെ മറ്റുള്ളവര്‍ ഓടിക്കയറി. അപ്പോഴാണ്‌ നായന്‍മാര്‍ക്കു ബോധോദയമുണ്ടായത്‌. അവര്‍ സംഘടിക്കാന്‍ തീരുമാനിച്ചു. അതാണ്‌ കേരളത്തിലിപ്പോള്‍ കാണുന്ന നായര്‍മഹാസമ്മേളനങ്ങളുടെ പശ്ചാത്തലം.
പക്ഷേ, ഒലിച്ചുപോകുന്ന മണ്ണില്‍ എവിടെയെങ്കിലും ചവിട്ടി നില്‍ക്കാനല്ല നായര്‍ ശ്രമിക്കുന്നത്‌. പഴയ മാടമ്പിത്തരത്തിന്റെ പൂതലിച്ചുപോയ കൊമ്പെടുത്ത്‌ ശിരസ്സില്‍കെട്ടി ആരെയൊക്കെയോ പേടിപ്പിച്ച്‌ കാര്യം നേടാനാണ്‌.

     നായര്‍ മഹാസമ്മേളനങ്ങളില്‍ ഗര്‍ജ്ജിക്കുന്ന സിംഹമായി മാറിയിരിക്കുന്നത്‌ സാക്ഷാല്‍ ആര്‍. ബാലകൃഷ്‌ണപിള്ളയാണ്‌. കൊട്ടാരക്കരയിലെ ജന്മി. സുകുമാരന്‍നായരേയും നാരായണപ്പണിക്കരേയും നിഷ്‌പ്രഭനാക്കിയാണ്‌ പിള്ളയുടെ മുന്നേറ്റം. പറയുന്നതെന്തെന്ന്‌ യാതൊരു ബോധവുമില്ലാത്ത വിടുവായത്തം.
അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരെ ധാര്‍ഷ്‌ട്യത്തോടെ സംസാരിച്ച പിള്ളക്ക്‌ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. അത്‌ മനസ്സിലാക്കിയിട്ടും പിള്ളക്കു മുന്നിലേക്ക്‌ മൈക്ക്‌ വച്ചു നീട്ടുന്ന നായര്‍നേതൃത്വം പഴയ ഫ്യൂഡല്‍ മനസ്ഥിതി പൊടിതട്ടിയെടുക്കുന്നതിന്‌ പച്ചക്കൊടി കാട്ടുകയാണ്‌. ഇപ്പോഴത്തെ ഇടതു നേതൃത്വത്തില്‍ മുന്നോക്കസമുദായക്കാരെന്നു പറയാന്‍ അധികമാരുമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. കേരളത്തിന്റെ മുഖ്യമന്ത്രി ഈഴവനാണെന്ന സാമുദായിക ബോധം നായരുടെ മനസ്സില്‍ കരിപിടിച്ചു കിടപ്പുണ്ട്‌.

    പിന്നോക്കക്കാരന്‌ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവസരംകിട്ടിയ ക്ഷേത്രപ്രവേശനവിളംബരത്തിനും വൈക്കം സത്യഗ്രഹത്തിനും നേതൃത്വം നല്‍കിയത്‌ മുന്നോക്കസമുദായക്കാരായിരുന്നുവെന്നും ഇപ്പോള്‍ തങ്ങളെ പുറത്തുചാടിച്ച്‌ പിന്നോക്കക്കാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുകയാണെന്നും നായര്‍മഹാസമ്മേളനങ്ങളില്‍ വിലപിക്കുന്നതുകേള്‍ക്കാം. ഒട്ടകത്തിന്‌ ഇടംകൊടുത്ത അറബിയുടെ അവസ്ഥയിലാണത്രെ നായന്‍മാരിപ്പോള്‍!
ബാലകൃഷ്‌ണപിള്ളയുടെ മറ്റുചില വാക്കുകളാണ്‌ ധാര്‍ഷ്‌ട്യത്തിന്റെ ഉത്തമോദാഹരണം. അത്‌ വാക്കുകളായിത്തന്നെ ശ്രദ്ധിക്കുക:

   "കേരളത്തില്‍ എത്രയോ പീഡനക്കേസുകള്‍ നടക്കുന്നു. ഒന്നിലെങ്കിലും ഒരു നായരുണ്ടോ. കവര്‍ച്ചക്കേസിലോ കൊലപാതക്കേസിലോ ഒരു നായരുണ്ടോ? അമ്പലപ്പുഴയില്‍ മൂന്നു പെമ്പിള്ളേര്‍ വിഷം കഴിച്ചു മരിച്ചു. ഒന്നുപോലും നായരല്ല. സന്തോഷ്‌ മാധവനാരാ? തലയ്‌ക്കു വെടിവയ്‌ക്കാന്‍ തുനിഞ്ഞ സ്വാമി ആരാ? നായന്‍മാര്‍ നല്ല അമ്മയുടെ വയറ്റില്‍ പിറന്നവരാ. അന്തസുള്ള തറവാടികള്‍!

    നായന്‍മാരുടെ നേതൃത്വത്തില്‍ ഒറ്റ അബ്‌കാരിപോലുമില്ല. കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഇല്ല. ജി. മാധവന്‍നായര്‍ റോക്കറ്റു വിട്ടതുകൊണ്ടാ പതിനൊന്നെണ്ണവും ചന്ദ്രനിലെത്തിയത്‌. ഒരു പിന്നോക്കക്കാരനായിരുന്നു അത്‌ ചെയ്‌തതെങ്കില്‍ പതിനൊന്നും പതിനൊന്നിടത്തും അതിലൊന്ന്‌ സെക്രട്ടേറിയറ്റിനു മുകളിലും വീഴുമായിരുന്നു. മാധവന്‍നായര്‍ക്കൊപ്പമുള്ള രാധാകൃഷ്‌ണനു വാലില്ലെന്നേയുള്ളൂ, അയാളും നല്ല നായരാ.

    തിരുവനന്തപുരംകാര്‍ ശ്രീപദ്‌മനാഭന്റെ നാലുകാശ്‌ ശമ്പളം വാങ്ങി ജീവിക്കാന്‍ കൊതിക്കുന്നവരാ. ഇപ്പോഴിവിടെ എത്ര നായന്‍മാരുണ്ട്‌ സര്‍ക്കാര്‍ ജോലിക്കാരായിട്ട്‌? അനവധി നല്ല നായന്‍മാരെ ലോക്‌സഭയിലേക്കു ജയിപ്പിച്ചുവിട്ട തിരുവനന്തപുരത്ത്‌ ഇപ്പോഴാരാ പ്രതിനിധി. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്നും പിന്നും ഒരുപോലിരിക്കുന്ന ഒരുത്തന്‍. നമ്മുടെ കാര്‍ന്നോര്‍ക്കുമുണ്ട്‌ അയാളെ ജയിപ്പിച്ചതിന്റെ ഉത്തരവാദിത്വം. അന്ന്‌ അയാള്‌ കാര്‍ന്നോരുടെ വായിലോട്ട്‌ ലഡു തിരുകുന്നതുകണ്ടു. കാര്‍ന്നോര്‍ക്ക്‌ അന്ന്‌ ബാധിച്ച മുഞ്ഞബാധ ഇപ്പോഴും മാറിയിട്ടില്ല."

     ജന്മിപ്രഭാവത്തോടെ അടക്കിഭരിച്ച നാട്ടില്‍ പരാജയം രുചിച്ച രാഷ്‌ട്രീയ നേതാവിന്റേതാണ്‌ ഈ മാടമ്പത്തരം. അന്യമതസ്ഥരുടെ നേര്‍ക്കായിരുന്നു ഈ ആക്ഷേപം ചൊരിയലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? പിണറായി വിജയന്‍പോലും ഈ വാക്കുകള്‍ കേട്ടില്ല. തങ്ങളെ അനുസരിക്കുന്നവരെ അധികാരത്തിലേറ്റുമെന്ന വാക്കുകള്‍ മാത്രമാണ്‌ പിണറായി കേട്ടതും പ്രതികരിച്ചതും.

    കൈവിട്ടുപോയ അവകാശങ്ങള്‍ തിരിച്ചുപിടിക്കാനായി പോരാട്ടത്തിനിറങ്ങുന്ന ഒരു സമുദായസംഘടന വിളിച്ചുകൂവേണ്ട വാക്കുകളല്ല ഇത്‌. ഇതേ ഫ്യൂഡല്‍ മനസ്ഥിതിയുടെ പേരിലാണ്‌ നായരും നമ്പൂതിരിയും ചവിട്ടിത്താഴ്‌ത്തപ്പെട്ടത്‌. തനിക്കു കീഴിലുള്ളവനെ മര്‍ദ്ദിച്ചും പണിയെടുപ്പിച്ചും ഭോഗിച്ചും കാളക്കൂറ്റനെപ്പോലെ മദിച്ചു നടന്നതിന്റെ ദുരന്തഫലം. അതിനുള്ള ശിക്ഷ ആവോളം കിട്ടുമ്പോഴും പഴമ്പുരാണങ്ങള്‍ നിരത്തി മേനി നടിക്കുന്നത്‌ മന്നത്തപ്പന്റെ പിന്‍മുറക്കാര്‍ക്കു ചേര്‍ന്നതല്ല. നമ്പൂരിമാരുടെ സംബന്ധകഥകള്‍ മക്കള്‍ക്കു പറഞ്ഞുകൊടുക്കാന്‍ മറക്കുകയുമരുത്‌!

   പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നും പുതിയ തലമുറയ്‌ക്കു നല്‍കാനില്ലാത്ത നായര്‍ നേതൃത്വം വെള്ളാപ്പള്ളിയെ കണ്ടു പഠിക്കണം. ഗുരു നിഷേധിച്ച മദ്യം വിറ്റുണ്ടാക്കിയ കാശുകൊണ്ടാണെങ്കിലും തന്റെയൊപ്പം നില്‍ക്കുന്നവര്‍ക്ക്‌ നേട്ടങ്ങളുണ്ടാക്കിക്കൊടുക്കാന്‍ വെള്ളാപ്പള്ളിക്കറിയാം. നായര്‍ നേതൃത്വത്തിനോ? ചങ്ങനാശ്ശേരിയിലിരുന്ന്‌ ശൃംഗരിക്കാനല്ലാതെ ഇതുവരെ എന്തു കഴിഞ്ഞു. നിവൃത്തികേടുകൊണ്ട്‌ തെങ്ങു കയറാനും കള്ളുചെത്താനുമെല്ലാം നായര്‍ സന്താനങ്ങള്‍ പോയിത്തുടങ്ങുമ്പോള്‍ പഴമ്പുരാണം പറഞ്ഞ്‌ മുറുക്കിത്തുപ്പുന്ന ഇവര്‍ സ്വന്തം കോലായയാണ്‌ വൃത്തികേടാക്കുന്നത്‌.

വെടിവട്ടം: നായന്മാര്‍ക്കിടയില്‍ പെണ്‍വാണിഭക്കാരനോ കള്ളനോ കൊലപാതകിയോ അബ്‌കാരിയോ കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഒന്നുമില്ലെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള.
എന്തിനാ അധികം? എല്ലാത്തിനും കൂടി ഈയൊരു പിള്ളേച്ചന്‍ മതിയല്ലോ!


(ഫെബ്രുവരി ലക്കം കറന്റ്‌ അഫയേഴ്‌സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌ )

Friday, February 20, 2009

ഒരു ചെമ്പനീര്‍പ്പൂക്കാലത്തിന്റെ ഓര്‍മയ്‌ക്ക്‌....

             
        വൈകിട്ട്‌ സ്‌കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുമ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്ന യു.കെ.ജിക്കാരന്‍ മകന്‍ പൊതുവെ മ്ലാനവദനനായിരുന്നു. സാധാരണഗതിയില്‍ ചിലയ്‌ക്കല്‍ അവന്‍ നിര്‍ത്താറുള്ളതല്ല. എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചിട്ടുണ്ട്‌. മുന്നോട്ടുള്ള കാഴ്‌ചക്ക്‌ എന്റെ സാമാന്യം വലിയ ശരീരം അവനൊരു തടസ്സമാണ്‌. ഇടയ്‌ക്കൊക്കെ ഒരഭ്യാസിയെപ്പോലെ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഞാന്‍ ശാസിച്ചിരുത്താറാണ്‌ പതിവ്‌. അന്ന്‌ അതുമുണ്ടായില്ല. വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പലവട്ടം കാര്യം തിരക്കി. അവന്‍ വ്യക്തമായൊരു ഉത്തരം നല്‍കിയില്ല. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അമ്മയോടാണ്‌ അവന്‍ മനസ്സുതുറന്നത്‌. ആണ്‍കുട്ടികള്‍ പൊതുവെ അങ്ങിനെയാണെന്നു പറയാറുണ്ട്‌. അമ്മയോടാണ്‌ അവര്‍ക്ക്‌ കൂടുതല്‍ അടുപ്പം.
     മുറിയില്‍ വായിച്ചുകൊണ്ടിരുന്ന എന്റെ അടുത്തേക്ക്‌ ശ്രീമതി എത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു
"പുത്രന്‍ എന്താ പറഞ്ഞെ?"
"നിങ്ങളുടെയല്ലേ മകന്‍, ഗുണം ഇത്തിരിയെങ്കിലും കാട്ടാതിരിക്കുമോ?"
ചിരിച്ചുകൊണ്ട്‌ ഭാര്യ അതു പറഞ്ഞപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി നോക്കി.
"അവന്റെ ക്‌ളാസിലെ അനാര്‍ക്കലി എന്ന കുട്ടി രണ്ടു മൂന്നു ദിവസമായി വരുന്നില്ലത്രെ. അതിന്റെ വിഷമമാണ്‌."
ഞാനല്‍പം ഉറക്കെയാണ്‌ ചിരിച്ചത്‌. എന്റെ ഇത്തരം നൊസ്റ്റാള്‍ജിയകള്‍ മറ്റാരേക്കാളും അറിയാവുന്നത്‌ അവള്‍ക്കാണല്ലോ.
"അതാരാണീ അനാര്‍ക്കലി?"
"ഒരു മിടുക്കിക്കുട്ടിയാ. പനിയോ മറ്റോ ആണെന്നു തോന്നുന്നു. രണ്ടുദിവസമായി കാണുന്നില്ലെന്നു പറഞ്ഞ്‌ മകന്‌ ഭയങ്കര വിഷമം."
"ഫോണ്‍ നമ്പര്‍ വല്ലതും അവന്‍ പറഞ്ഞു തന്നിട്ടുണ്ടോ, നമുക്കൊന്നു വിളിച്ചുനോക്കാമായിരുന്നു."
ഒപ്പം പഠിക്കുന്ന അടുത്ത കൂട്ടുകാരുടെ വീട്ടിലെ മാത്രമല്ല, എന്റെ രണ്ടു ഫോണ്‍ നമ്പറുകളും അവന്റമ്മയുടേയും ക്‌ളാസ്‌ ടീച്ചറിന്റേയും നമ്പറുകളും കക്ഷിക്ക്‌ കാണാപ്പാഠമാണ്‌. പക്ഷെ, അനാര്‍ക്കലിയുടെ നമ്പര്‍ മാത്രം അവന്‍ വാങ്ങിയിട്ടില്ല. മണ്ടന്‍.
"ഇത്തവണ ആനിവേഴ്‌സറിക്ക്‌ അവന്‍ ഡാന്‍സ്‌ കളിക്കാനില്ലെന്ന്‌ പറഞ്ഞു."
"കാരണം ചോദിച്ചില്ലേ?"
"അവന്‍ പറഞ്ഞില്ല. പിന്നെ ടീച്ചറെ വിളിച്ചു ചോദിച്ചപ്പോഴാണ്‌ പറഞ്ഞത്‌, പെമ്പിള്ളേരുടെ കയ്യില്‍പിടിച്ച്‌ ഡാന്‍സ്‌ കളിക്കാന്‍ അവനു വയ്യത്രെ."
ഞാന്‍ വീണ്ടും ചിരിച്ചു.
"മരമണ്ടന്‍, പിന്നെ നഷ്‌ടബോധം തോന്നിക്കോളും."
"ഏയ്‌ അക്കാര്യത്തിലും അവന്‍ നിങ്ങളുടെ മോന്‍ തന്നെയാ."
 ഭാര്യ എനിക്കിട്ടൊന്നു വച്ചു.

   മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ എനിക്ക്‌ ആദ്യം ഒരു പെണ്‍കുട്ടിയോട്‌ അടുപ്പം തോന്നുന്നത്‌. നാലിലെത്തിയപ്പോള്‍ അവള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ മറ്റൊരു കുട്ടിയോടായി ഇഷ്‌ടം. വെറുതെ ഇഷ്‌ടപ്പെടാന്‍ നമുക്ക്‌ ആരുടേയും അച്ചാരം വേണ്ടല്ലോ. പിന്നെ ഒരോ വര്‍ഷവും ഓരോ മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞിരുന്നു. അങ്ങിനെ എത്ര വര്‍ഷങ്ങള്‍....
    
    അതൊക്കെ പ്രണയമായിരുന്നോ? മനസ്സില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിയെ ഒരു ദിവസം കണ്ടില്ലെങ്കില്‍ നെഞ്ചിനുള്ളില്‍ ഒരു വിങ്ങലായിരുന്നു. അവള്‍ക്കെന്തുപറ്റിയെന്ന ആശങ്ക. ആരോടു ചോദിക്കാന്‍?

     എന്നെ ഇത്തരത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പ്രണയിച്ചിരുന്നോ എന്നറിയില്ല. ഇഷ്‌ടപ്പെടുകയെങ്കിലും ചെയ്‌തിരുന്നോ എന്നും അറിയില്ല. പക്ഷെ, ഞാന്‍ ഇഷ്‌ടപ്പെടലില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല! കാരണം 'ജീവിതം യൗവ്വന തീഷ്‌ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന അസുലഭ കാലഘട്ട'മായിരുന്നു അത്‌.

     പതിവിലുമധികം കാണുകയും ഇടപെടുകയും ചെയ്യുന്ന പെണ്‍കുട്ടികളോടാണ്‌ കൂടുതല്‍ അടുപ്പം തോന്നുക. പത്താം ക്‌ളാസ്‌ വരെ മിക്‌സഡ്‌ സ്‌കൂളില്‍ പഠിക്കാത്തതിനാല്‍ പെണ്‍കൂട്ടുകാര്‍ കുറവായിരുന്നു. പഠനം ഏകദേശം അവസാനിച്ച കാലത്താണ്‌ വീടിനടുത്തുള്ള ഒരു എസ്‌.ടി.ഡി ബൂത്തിലെ പെണ്‍കുട്ടി കൂട്ടുകാരിയായത്‌. ബൂത്തുടമയാണ്‌ ആ ബന്ധത്തെ സംശയദൃഷ്‌ടിയോടെ നോക്കാന്‍ തുടങ്ങിയത്‌. അപ്പോള്‍ അതൊരു രസമായി. ഇഷ്‌ടമാണെന്ന്‌ പെണ്‍കുട്ടിയോടു പറയാന്‍ ഞാനൊരിക്കലും ഒരുക്കമായിരുന്നില്ല. അതിനെ അത്രക്കു ഗൗരവത്തില്‍ മാത്രമേ ഞാനെടുത്തിരുന്നുള്ളു. എനിക്കും ഒരു കാമുകിയുണ്ടെന്ന്‌ പത്തു പേരോടു പറയണമല്ലോ!

     ഒരു ദിവസം എന്തിനോ ആ കുട്ടിയുമായി പിണങ്ങി. പിറ്റേന്ന്‌ ഞാന്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ അവള്‍ അകത്തെ മുറിയില്‍ കയറി ഒളിച്ചിരുന്നു. എന്നിട്ട്‌ ടേപ്പ്‌ റിക്കോഡറില്‍ പാട്ടിട്ടു.
"എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോടീ പരിഭവം...."
    ഒരു ദിവസം ബൂത്തുടമയുടെ ഇടപെടീല്‍ ഉണ്ടായപ്പോള്‍ ഇനിയും ആ ബന്ധം മുന്നോട്ടുപോയാല്‍ പ്രശ്‌നമാകുമെന്നു തോന്നി അവസാനിപ്പിച്ചു. പെണ്‍കുട്ടിയോടു 'എനിക്കു നിന്നോടു പ്രണയമാണെന്നു പറയുന്നെല്ലാരും' എന്നു പറയാതിരുന്നതെത്ര ഭാഗ്യം!

     പിന്നീട്‌ ജോലിയിലിരിക്കെയാണ്‌ മറ്റൊരു കഥാപാത്രത്തെ കൂട്ടുകിട്ടുന്നത്‌. എല്ലാം യാദൃശ്ചികമായിരുന്നു. സംഭവങ്ങളത്രയും കുറിക്കാന്‍ സ്ഥലം പോര. ഞങ്ങളൊന്നിച്ച്‌ ദിവസവും രാവിലെയും വൈകിട്ടും നഗരമധ്യത്തിലൂടെ ഒരു കിലോമീറ്ററോളം വര്‍ത്താനം പറഞ്ഞ്‌ നടക്കും. ഓഫിസില്‍ നിന്നു കക്ഷിയെ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ടുപോയി വിടും. ഇടുക്കിജില്ലയിലെ, പരിഷ്‌കാരമത്രക്കങ്ങെത്താത്ത പട്ടണത്തെയും അവിടുത്ത ആളുകളേയും സംബന്ധിച്ച്‌, കണ്ടാല്‍ മോശമല്ലാത്തൊരു പെണ്ണ്‌ ഒരു യുവാവിനൊപ്പം സ്ഥിരമായി നടക്കുന്നതുകണ്ടാല്‍ എട്ടൊമ്പതു വര്‍ഷം മുമ്പ്‌, പലതും തോന്നുമായിരുന്നു. (ഇപ്പോള്‍ ഈ തിരുവനന്തപുരത്ത്‌ അത്തരം കാഴ്‌ചകള്‍ കാണുമ്പോള്‍ നേരത്തേ ജനിച്ചുപോയതോര്‍ത്ത്‌ സ്വയം ശപിക്കാറുണ്ട്‌ ഞാന്‍). പോരാത്തതിന്‌ പ്രമുഖമായൊരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കൂടിയാണല്ലോ ഞാന്‍!
ഒടുവില്‍ ആ കുട്ടിയേയും മിടുക്കനാരോ കെട്ടിക്കൊണ്ടുപോയി.

    ഓരോരോ കാലത്തും മനസ്സില്‍ കുടിയേറിയ ആ കുട്ടികളൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും? അവരെയൊക്കെ വിവാഹം കഴിച്ച ഭാഗ്യവന്‍മാര്‍ ആരായിരിക്കും? ഇനിയെവിടെയെങ്കിലും വച്ച്‌ അവരെ കണ്ടുമുട്ടിയാല്‍ പരസ്‌പരം തിരിച്ചറിയമോ? അറിയില്ല.

    മനസ്സിന്റെ കോണുകളില്‍ ഇഷ്‌ടപ്പെട്ടിറങ്ങിപ്പോയവര്‍ക്കെല്ലാം മീതേയാണ്‌ ഞാന്‍ അവസാനം ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയുടെ ജീവനുള്ള രൂപമെന്ന്‌ ഇപ്പോഴറിയുന്നു, എന്റെ ഭാര്യയുടെ.
                                                    * * * * *
പിറ്റേന്ന്‌ പുതിയ വിശേഷവുമായിട്ടാണ്‌ ഭാര്യ വന്നത്‌.
"ഞാന്‍ പറഞ്ഞില്ലേ, നിങ്ങളുടെ തനി സ്വഭാവമാണിവനെന്ന്‌?"
"എന്താ മോന്‍ പുതിയ പണി വല്ലതുമൊപ്പിച്ചോ?"
"അവന്‍ ഡാന്‍സിനു ചേരാന്‍ തീരുമാനിച്ചെന്ന്‌. "
"അതെന്താ, ചേരുന്നില്ലെന്നു പറഞ്ഞിട്ട്‌?"
"അനാര്‍ക്കലി വന്നിട്ടുണ്ടത്രെ. അവള്‍ക്കു ഡാന്‍സിനു ചേരണമെന്ന്‌. ജോടിയാകാന്‍ ടീച്ചര്‍ അവനെയാണ്‌ സെലക്‌ടുചെയ്‌തത്‌."
"അപ്പോള്‍ പെണ്‍കുട്ടികളുടെ കയ്യില്‍ പിടിച്ചു ഡാന്‍സു ചെയ്യാന്‍ അവനില്ലെന്നു പറഞ്ഞിട്ടോ?"
"എന്നാലും അനാര്‍ക്കലിയാകുമ്പോള്‍ പറ്റില്ലെന്നു പറയുന്നതെങ്ങിനെ!?"
അഞ്ചര വയസുകാരന്‍ മകന്‍ പുഴുപ്പല്ലുകാട്ടിച്ചിരിച്ച്‌ അകത്തേക്കോടിപ്പോയി.

(അനാര്‍ക്കലി എന്ന പേരല്ല ആ പെണ്‍കുട്ടിയുടേയത്‌. ഇപ്പോഴേ ഒരപകടം വരുത്തിവയ്‌ക്കേണ്ടെന്നു കരുതി മാറ്റിയതാണ്‌.)



Powered By Blogger

FEEDJIT Live Traffic Feed