Monday, March 9, 2009

തോപ്പില്‍ ഭാസിയും ജി. ശങ്കരപ്പിള്ളയും നാടകമല്‍സരം കാണുകയാണ്‌...രംഗം ഒന്ന്‌
പരലോകത്തെ നാടകമുക്കില്‍ നാടകാചാര്യന്‍മാരായ ജി.ശങ്കരപ്പിള്ളയും തോപ്പില്‍ ഭാസിയും കണ്ടുമുട്ടുന്നു.
ശങ്കരപ്പിള്ള: ഭാസി അറിഞ്ഞോ, താന്‍ പണ്ട്‌ വൈദ്യം പഠിക്കാന്‍പോയി മുങ്ങിയ തിരുവനന്തപുരത്തെ ആയുര്‍വേദകോളജില്‍ കേരള സര്‍വ്വകലാശാല യൂണിയന്റെ നാടകമല്‍സരം നടക്കുന്നു.
ഭാസി (അത്ഭുതത്തോടെ) : ഞാനൊരിടത്തും കേട്ടില്ലല്ലോ. സര്‍വ്വകലാശാല നാടകമല്‍സരമൊക്കെയാകുമ്പോള്‍ അല്‍പം പ്രചരണമൊക്കെ കാണില്ലേ?
ശങ്കരപ്പിള്ള: ഞാന്‍ കേരളകൗമുദിയുടെ ഇന്നത്തെ പരിപാടിയില്‍ കണ്ടാണറിഞ്ഞത്‌. എന്തായാലും നമുക്കൊന്നു പോയാലോ? കേരളത്തിലെ കാമ്പസ്‌ തിയേറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥയെങ്ങിനെയാണെന്നു മനസ്സിലാക്കുകയും ചെയ്യാം.
ഭാസി: ഓ, ഞാനും വരാം.
(ഇരുവരും പുറത്തേക്ക്‌. രംഗം ഇരുളുന്നു)

രംഗം രണ്ട്‌
ആയുര്‍വേദകോളജ്‌ ഗ്രൗണ്ടിലേക്ക്‌ ഭാസിയും പിള്ളയും കടന്നുവരുന്നു.
ഭാസി: അല്ല പിള്ളേ, നമ്മുടെ എസ്‌.എഫ്‌.ഐക്കാര്‍ തന്നെയല്ലേ യൂണിയന്‍ ഭരിക്കുന്നത്‌?
ശങ്കരപ്പിള്ള : അതെ
ഭാസി: എന്നിട്ടിവിടെ നാടകമല്‍സരം നടക്കുന്നതിന്റെ ഒരു ബാനര്‍ പോലുമില്ലല്ലോ! യൂണിറ്റ്‌ മീറ്റിംഗിനു വരെ പോസ്റ്ററൊട്ടിച്ചു കോളജ്‌ ഭിത്തികള്‍ വൃത്തികേടാക്കാന്‍ മല്‍സരിക്കുന്ന സഖാക്കള്‍ക്കിതെന്തുപറ്റി?
ശങ്കരപ്പിള്ള: നമുക്ക്‌ സ്ഥലം മാറിപ്പോയതാകുമോ? ആരോടെങ്കിലും ചോദിക്കാം.
അതുവഴിവരുന്ന ഒരു വിദ്യാര്‍ഥിയോട്‌ ഭാസി : മോനേ, ഇവിടെങ്ങാന്‍ സര്‍വ്വകലാശാല നാടകമല്‍സരം നടക്കുന്നുണ്ടോ?
വിദ്യാര്‍ഥി : മോളിലെ ആഡിറ്റോറിയത്തില്‍ അങ്ങനെന്തോ ഉണ്ടെന്നു തോന്നുന്നു!
(വിദ്യാര്‍ത്ഥി രംഗത്തു നിന്ന്‌ പോകുന്നു. പിള്ളയും ഭാസിയും പടികള്‍ കയറുന്നു)

രംഗം മൂന്ന്‌
ആഡിറ്റോറിയം. വേദിക്കരികിലെ ക്‌ളോക്കില്‍ സമയം 11.15. ലെനിന്‍ രാജേന്ദ്രന്‍ ഉദ്‌ഘാടനപ്രസംഗം നടത്തുന്നു. വേദിയിലോ പരിസരത്തോ നാടകമല്‍സരമാണെന്നു സൂചിപ്പിക്കുന്ന ഒരു പോസ്റ്ററോ ബാനറോ ഒന്നുമില്ല.
ഉദ്‌ഘാടനപ്രസംഗം കഴിഞ്ഞ ഉടന്‍ വേദിവിടുന്ന ലെനിന്‍ രാജേന്ദ്രനും അധ്യക്ഷനായ യൂണിയന്‍ ഭാരവാഹിയും. അവശേഷിക്കുന്ന ആശംസാപ്രാസംഗികന്‍ മാത്രം വേദിയില്‍.
സദസ്സില്‍ ആയുര്‍വേദ കോളജിലെ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രം. ക്‌ളാസ്‌ കട്ടു ചെയ്യിച്ച്‌ കൊണ്ടിരുത്തിയതിനാലാകാം സംഘാടകരിലൊരാള്‍ കാണികളായ അവരില്‍ നിന്ന്‌ വെള്ളപ്പേപ്പറില്‍ പേരും ക്‌ളാസും ഒപ്പം എഴുതിവാങ്ങുന്ന വിചിത്രദൃശ്യം.
ക്‌ളോക്കില്‍ സമയം 11.25, നന്ദിപ്രസംഗം കഴിഞ്ഞ്‌ വേദി ശൂന്യമാകുന്നു. നാടകമല്‍സരം ഉടന്‍ ആരംഭിക്കുമെന്ന്‌ അനൗണ്‍സ്‌മെന്റ്‌. സദസ്സിലെ രണ്ടു കസേരകളിലായി ശങ്കരപ്പിള്ളയും ഭാസിയും ഇരിപ്പുറപ്പിക്കുന്നു.
ക്‌ളോക്കില്‍ സമയം 12.25, മല്‍സരം തുടങ്ങാന്‍ വൈകിയതിനാല്‍ കുറേ കസേരകള്‍കൂടി ശൂന്യമായി.
ആദ്യ മല്‍സരനാടകമായി തന്റെ 'ഉച്ചാടനം' അരങ്ങിലെത്തുന്നുവെന്ന അനൗണ്‍സിമെന്റില്‍ സന്തോഷിച്ച്‌ ശങ്കരപ്പിള്ള. നാടകം തുടങ്ങി അല്‍പസമയത്തിനകം അദ്ദേഹം മുങ്ങുന്നു. നാടകം തീര്‍ന്നപ്പോള്‍ ശങ്കരപ്പിള്ളയെ കാണാതെ അങ്കലാപ്പിലാകുന്ന ഭാസി.

രംഗം നാല്‌.
കോളജിനു വെളിയിലെ മരത്തണല്‍. താടിക്കു കൈകൊടുത്ത്‌ ദുഃഖിതനായിരിസക്കുന്ന ശങ്കരപ്പിള്ള.അവിടേക്ക്‌ വരുന്ന ഭാസി.
ഭാസി: താനിതെന്തു മുങ്ങാ മുങ്ങിയെ? തന്നെക്കാമാതെ ഞാനാകെ വിഷമിച്ചുപോയി!
ശങ്കരപ്പിള്ള: എന്റെ ഭാസീ, ആ നാടകക്കാര്‌ എന്നെയങ്ങ്‌ 'ഉച്ചാടനം' ചെയ്‌തു കളഞ്ഞില്ലേ.
ഭാസി: പാവം പിള്ളേരെ കുറ്റപ്പെടുത്തേണ്ട. എടുത്തുകൊടുത്തവന്‍മാര്‍ക്കിട്ടാ രണ്ടു പൂശേണ്ടത്‌! എന്തായാലും താന്‍ വാ നമുക്ക്‌ ഇനിയുള്ളവ ഒന്നു നോക്കാം.

രംഗം അഞ്ച്‌
ഓഡിറ്റോറിയം. കസേരകള്‍ ഏറെയും ശൂന്യം. സര്‍വ്വകലാശാല നാടകമല്‍സരം തുടരുന്നു എന്ന്‌ അനൗണ്‍സ്‌മെന്റ്‌. രംഗത്ത്‌ ബഹളം നിറഞ്ഞ, രംഗബോധമോ രംഗഭാഷയോ വശമില്ലാത്ത ആറ്‌ നാടകങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ക്‌ളോക്കില്‍ സമയം 4.30. മല്‍സരം സമാപിച്ചെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന്‌ മാര്‍ക്കുകള്‍ കൂട്ടുന്ന വിധികര്‍ത്താക്കളായ പ്രമോദ്‌ പയ്യന്നൂര്‍, സുധീര്‍ പരമേശ്വരന്‍, മധു കൊട്ടാരത്തില്‍.
അര മണിക്കൂര്‍ കഴിഞ്ഞു. മാര്‍ക്കുകള്‍ കൂട്ടിക്കഴിഞ്ഞ്‌ ഫലം പ്രഖ്യാപിക്കാനായി നോക്കുമ്പോള്‍ സംഘാടകരാരും പരിസരത്തെങ്ങുമില്ല. അവരെ തേടി മധു കൊട്ടാരത്തില്‍ പുറത്തേക്ക്‌.
ഭാസി: കൊള്ളാം, സര്‍വ്വകലാശാലയുടെ നാടകമല്‍സരം ഇങ്ങനെതന്നെവേണം നടത്താന്‍!
ശങ്കരപ്പിള്ള: നാടകപ്രവര്‍ത്തനത്തോളം വലിയ രാഷ്‌ട്രീയപ്രവര്‍ത്തനമില്ലെന്നു മനസ്സിലാക്കാത്ത വിഡ്‌ഢികളായിപ്പോയല്ലോ നമ്മുടെ പുത്തന്‍ സഖാക്കള്‍!
ഭാസി: ഇത്ര ഉദാസീനമായി മല്‍സരം സംഘടിപ്പിച്ചാല്‍ കളിക്കാനും കാണാനും ആളില്ലാതെവരുന്നതില്‍ അത്ഭുതമുണ്ടോ?
ശങ്കരപ്പിള്ള: ഇനി മല്‍സരം നടത്താന്‍ സര്‍വ്വകലാശാല പണം നല്‍കിയില്ലെന്നുവരുമോ?
ഭാസി: കൊള്ളാം. എങ്കിലിവിടെ വല്ലതും നടക്കും! നമ്മുടെ പുത്തന്‍ സഖാക്കള്‍ക്ക്‌ കലാപ്രവര്‍ത്തനത്തിന്റെ അര്‍ഥമറിയില്ലല്ലോ. പോലീസിനെ തല്ലാനോ സര്‍ക്കാര്‍ വണ്ടിക്കിട്ടു കല്ലെറിയാനോ കോലം കത്തിക്കാനോ ഒക്കെയല്ലേ ഇവര്‍ക്കറിയൂ. നാമൊക്കെ പണ്ടേ അരങ്ങൊഴിഞ്ഞതു നന്നായി ശങ്കരപ്പിള്ളേ!
അപ്പോഴേക്കും എവിടെനിന്നോ സംഘാടകനെന്നു തോന്നിക്കുന്ന ഒരാളുമായി മധു കൊട്ടാരത്തില്‍ തിരിച്ചെത്തുന്നു. തുടര്‍ന്ന്‌ ഓരോ നാടകത്തിന്റെയും തെറ്റുകുറ്റങ്ങള്‍ വിലയിരുത്തി വിധികര്‍ത്താക്കള്‍ ഫലം പ്രഖ്യാപിക്കുന്നു.
ഭാസി: പ്രമോദും സുധീറും പറഞ്ഞതത്രയും ശരിയാ. ഇതുകേട്ട്‌ പഠിക്കാന്‍ ഈ കുട്ടികള്‍ തയ്യാറായാല്‍ മതിയായിരുന്നു.
ശങ്കരപ്പിള്ള: ഇത്തരത്തിലാണ്‌ സര്‍വ്വകലാശാല യൂണിയന്റെ കലാപ്രവര്‍ത്തനമെങ്കില്‍ അങ്ങിനെയൊരാശ വേണ്ട.
ഭാസി: എന്തെങ്കിലുമാകട്ടെ നമുക്കു പോകാം.
ഭാസിയും ശങ്കരപ്പിള്ളയും അവിടെനിന്നിറങ്ങി ദേശീയ നാടകോല്‍സവം നടക്കുന്ന ടാഗോര്‍ തിയേറ്ററിലേക്ക്‌ വച്ചു പിടിച്ചു
.

(08.03.09 ഞായറാഴ്‌ച കേരള കൗമുദി ദിനപ്പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചത്‌)


2 comments:

  1. കേരള സര്‍വ്വകലാശാല യൂണിയന്‍ സംഘടിപ്പിച്ച നാടകമല്‍സരം കണ്ടപ്പോഴുണ്ടായ വികാരത്തില്‍ നിന്നാണ്‌ ഈ കുറിപ്പു പിറന്നത്‌.... പുതിയ പോസ്‌റ്റിലേക്ക്‌...

    ReplyDelete
  2. ഹ ഹാ‍ാ കൊള്ളാം

    ReplyDelete

FEEDJIT Live Traffic Feed