ഓരോ യാത്രയിലും നാമെന്തെല്ലാം കാണുന്നു, ആരെയെല്ലാം കാണുന്നു.... ബസില്‍ പോകുമ്പോള്‍ എതിരേ പോകുന്ന ബസില്‍, അല്ലെങ്കില്‍ ബസ് സ്‌റ്റാന്‍ഡില്‍, അതുമല്ലെങ്കില്‍ വഴിയരികിലെ വീട്ടുമുറ്റത്ത് അങ്ങിനെ പലയിടത്തും ചില മുഖങ്ങള്‍ ഒരു നിമിഷം കൂടുതലായി നമ്മുടെ കണ്ണില്‍ പതിയാറുണ്ട്. ജീവിതകാലത്തിനിടയ്‌ക്ക് മറ്റനേകം പേര്‍ക്കിടയില്‍ നിന്ന് അല്‍പനിമിഷങ്ങള്‍ മാത്രം കൂടുതലായി അവര്‍ നമുക്കു ദര്‍ശനം തരുന്നതിന്റെ കാരണമെന്താകും? എവിടെയോ ഒരു പരിചയം പോലെ, അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച് കാണാനാഗ്രഹിച്ചതുപോലെ, നാം ആ മുഖത്തേക്കു സൂക്ഷിച്ചുനോക്കുമ്പോഴേക്കും വാഹനം കടന്നുപോയിരിക്കും.
റേഡിയോ മന്ദിരം അത്തരമൊരു കാഴ്‌ചയായിരുന്നില്ല. പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന ഒരു ചലച്ചിത്ര പഠനക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞാന്‍ പരിചയപ്പെട്ട ഒരാളുടെ വീട്ടുപേരായിരുന്നു അത്. നസീം എ. റഹിമെന്നോ മറ്റോ ആയിരുന്നു ആ സുഹൃത്തിന്റെ പേര്. വിലാസം കൃത്യമായി ഓര്‍മയിലുണ്ട്. റേഡിയോ മന്ദിരം, കാപ്പില്‍ തപാല്‍, ഇടവ.
കുറേക്കാലം കത്തുകളിലൂടെ ആ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു. ഒരിക്കല്‍ താന്‍ വിദേശത്തേക്കു പോകുന്നുവെന്ന് പറഞ്ഞ് അദ്ദേഹം എഴുത്തു നിര്‍ത്തി. പിന്നീട് ഒരു ബന്ധവുമില്ല. ഇനിയൊട്ട് കണ്ടാലറിയാനുമിടയില്ല. എങ്ങിനെയാണ് വീടിനു റേഡിയോ മന്ദിരം എന്നു പേരു വന്നതെന്നു ചോദിക്കാനായില്ല. പക്ഷെ, ആ പേരിലെ കൗതുകം എന്നെ ആകര്‍ഷിച്ചിരുന്നു. പ്രത്യേകിച്ച് റേഡിയോയുടെ മുന്നില്‍ ചെലവഴിച്ച കൗമാരത്തിന്റെ അവസാന നാളുകളില്‍. കൈമോശം വന്ന ആ വിലാസം പിന്നീടെപ്പോഴോ തീവണ്ടിയാത്രക്കിടയില്‍ കാഴ്‌ചയില്‍പ്പെടുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് റേഡിയോ മന്ദിരം ഞാന്‍ വീണ്ടും കാണുമ്പോള്‍ നിറംമങ്ങിയ ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തെയാണ് ആ വീട് ഓര്‍മിപ്പിച്ചത്. ഗേറ്റിലെ അക്ഷരങ്ങള്‍ക്കും അഴികള്‍ക്കും തുരുമ്പിന്റെ നിറം. എന്നിട്ടും ആ വീടു കണ്ടപ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. കാലങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതുപോലെ.
റേഡിയോ മന്ദിരമെന്ന പേര് മനസ്സില്‍ പതിഞ്ഞ കാലത്താണ് മറ്റു ചില വീട്ടുപേരുകള്‍കൂടി എന്നെ ആകര്‍ഷിച്ചത്. അതും തിരുവനന്തപുരത്തു നടന്ന ഒരു സാഹിത്യ ക്യാംപില്‍ നിന്നാണ് ലഭിച്ചത്. ഉണ്ണിക്കൃഷ്‌ണന്‍ പൂഴിക്കാടെന്ന സുഹൃത്തിന്റേതായിരുന്നു അതിലൊന്ന്. വീട്ടുപേര് കോളപ്പാട്ടു വടക്കേതില്‍. അതേ ക്യാംപില്‍ നിന്നാണ് മറ്റൊരു പേരു കിട്ടിയത് ചരുവിള പുത്തന്‍വീട്. യമുന എസ്. പുളിമാത്ത് എന്ന കവയിത്രിയുടേതായിരുന്നു ആ വിലാസം. എഴുത്തിന്റെ ആ ഉര്‍വ്വര കാലം കൊഴിഞ്ഞുപോയി. ഇവരില്‍ പലരും ഇന്നെവിടെയുണ്ടെന്നറിയില്ല. പക്ഷെ, ആ വീട്ടുപേരുകള്‍ എനിക്കോര്‍മയുണ്ട്.
എന്റെ വീട്ടുപേരിന് ഭംഗിപോരെന്നു തോന്നിയ കാലമായിരുന്നു അത്. പലരും പുതിയ വീടുവയ്‌ക്കുമ്പോഴാണ് അനുയോജ്യമായ ഒരു പേരിടുക. മക്കള്‍ക്ക് പേരിടുന്നതുപോലൊരു കര്‍മമാണത്. അനുയോജ്യമായ പേര് കണ്ടെത്താന്‍ പലപ്പോഴും പലരും തല പുകയ്‌ക്കും. ഒടുവില്‍ പുതിയ വീട് സമീപത്തെങ്ങും പണിയാനിടയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ വിലാസത്തില്‍ ഒരു മൂന്നക്ഷരപ്പേര് പുതിയ വീട്ടുപേരായി ചേര്‍ത്തു. പേരിന്റെ മുന്നിലെ ഇനിഷ്യലിനെ പാടെ അവഗണിച്ചുള്ള നാമകരണം. (ഞങ്ങളുടെ നാട്ടില്‍ ഇനിഷ്യലിന്റെ ആദ്യ അക്ഷരം വീട്ടുപേരിന്റെ ആദ്യക്ഷരത്തെയാണ് സൂചിപ്പിക്കുന്നത്). പോസ്‌റ്റ്‌മാനെ കണ്ട്‌് വീട്ടുപേരു മാറ്റിയ വിവരം പറയുകയും വിലാസങ്ങളില്‍ പുതിയ പേരുപയോഗിക്കുകയും ചെയ്‌തതോടെ ആ പേര് പതിഞ്ഞുകിട്ടി. സ്വന്തമായി ഒരു വീടു പണിതതിന്റെ സുഖമായിരുന്നു അപ്പോള്‍. പക്ഷെ, പിന്നീട് താമസം മറ്റൊരിടത്തേക്കു മാറിയപ്പോള്‍ അവിടെയും അതേ പേരിലൊരു വീടുണ്ടായിരുന്നു. കത്തുകള്‍ പരസ്‌പരം മാറാന്‍ തുടങ്ങി. ഒടുവില്‍ പോസ്‌റ്റ്‌മാന്‍തന്നെ ഉപായം കണ്ടെത്തി. എന്റെ പേര് മതി വീട്ടുപേരു കാര്യമാക്കേണ്ടന്നായി അദ്ദേഹം.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടുപേരിന് പ്രസക്തിയേയില്ലാതായി. ഇവിടെല്ലാം നമ്പറുകളാണ്. റസിഡന്റ്‌സ് അസോസിയേഷന്റെയും കോര്‍പ്പറേഷന്റെയും എല്ലാം നമ്പറുകള്‍. കോര്‍പ്പറേഷന്‍ നമ്പറിനു മുന്നിലെ ടി.സി എന്ന ചുരുക്കവും എന്റെ പേരിനു മുന്നിലെ ടി.സി. എന്ന ചുരുക്കവും മറ്റൊരു യാദൃശ്ചികതയായി. ഞാനിട്ട പഴയ വീട്ടുപേര് അപ്രസക്തവും.
പേരിന് സുഖം പോരെന്നു തോന്നി ഗസറ്റില്‍ പരസ്യം ചെയ്‌ത് പേര് മാറ്റിയവര്‍ ധാരാളമുണ്ട്. പക്ഷെ, എനിക്കു മാതാപിതാക്കളിട്ട പേര് ആകര്‍ഷകവും അസാധാരണവുമല്ലെങ്കിലും വലിയ പോരായ്‌മയൊന്നും അതിനുള്ളതായി തോന്നിയിട്ടില്ല. പക്ഷെ, വീട്ടുപേരിന്‍രെ കാര്യത്തിലതല്ല. ഇനി വീടിനൊരു പേരിടണമെങ്കില്‍ ഞാനിനി ഒരു വീടു പണിയണം. പേരുകള്‍ ധാരാളം കയ്യിലുണ്ട്. വീടു പണിതാല്‍തന്നെ ഏതു പേരിടുമെന്നതാണു സംശയം. അതിലൊരു പേര് ഞാനിനി എന്റെ ബ്‌ളോഗിനു നല്‍കുകയാണ്. വക്രബുദ്ധി എന്ന കുനുഷ്ടു പേരിനോട് വിട. ബ്‌ളോഗിംഗിന്റെ തുടക്കകാലത്ത് അത്ര പരിചയം പോരാതിരുന്നതിനാലാണ് ബ്‌ളോഗിനും പിന്നെ ബ്‌ളോഗറായ എനിക്കും ആ പേരിട്ടത്. ഇനിയതു വേണ്ട.
ഈ പേരു മാറ്റത്തെപ്പറ്റി പറയാന്‍ റേഡിയോ മന്ദിരം ഒരു നിമിത്തമായി എന്നു മാത്രം. പക്ഷെ, ഈ പോസ്‌റ്റ് എഴുതിച്ചുരുക്കും മുമ്പ് എ. അയ്യപ്പന്റെ നാലു വരികള്‍ ഉദ്ധരിക്കട്ടെ...
വീടില്ലാത്തൊരുവനോട് വീടിന്നൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട് കുട്ടിക്കൊരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെത്തീ കണ്ടുവോ?
മക്കളില്ലാത്തൊരുവനോട് കുട്ടിക്കൊരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെത്തീ കണ്ടുവോ?
ഏതാനും ദിവസം മുമ്പ് റേഡിയോ മന്ദിരം ഞാന്‍ വീണ്ടും കാണുമ്പോള്‍ നിറംമങ്ങിയ ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തെയാണ് ആ വീട് ഓര്‍മിപ്പിച്ചത്. ഗേറ്റിലെ അക്ഷരങ്ങള്‍ക്കും അഴികള്‍ക്കും തുരുമ്പിന്റെ നിറം. എന്നിട്ടും ആ വീടു കണ്ടപ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. കാലങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതുപോലെ.....
ReplyDeleteപോസ്റ്റ് ഇഷ്ടമായി.. അവസാനം അയ്യപ്പന്റെ വരികള്‍ കൂടി ഒത്തു വന്നപ്പോള്‍ വിഷമം തോന്നി....കൂരയില്ലതവന്റെ വേദന....
ReplyDelete:-)
ReplyDeleteഒരു കുനഷ്ട് പേരില്‍ നിന്നും മറ്റൊന്നിലേക്ക് അല്ലേ?
കാദംബരി = ഒരു തരം മദ്യം, മദജലം എന്നൊക്കെയും പിന്നെ പെണ്‍കുയില്‍, മയില്‍പേട, പഞ്ചവര്‍ണ്ണക്കിളി... ഒടുവിലായി സരസ്വതി എന്നും അര്‍ത്ഥം കാണുന്നു. ഇതിലേതാണ് ഉദ്ദേശിച്ചത്?
മാഷിന്റെ ചിരിക്കും സൌഹൃദത്തിനും ചേരുന്നൊരു പേരാണ് ഇതെന്നു തോന്നുന്നില്ല, പഴയതൊട്ടുമായിരുന്നില്ല. മറ്റൊരു പേരിലെത്തും വരെ ഇതു തന്നെ പോട്ടെ... അല്ലേ? :-)
‘ബ്ലോഗില്ലാത്തൊരുവനോട് ബ്ലോഗിനൊരു പേരിടാനും...’ എന്നു കൂടി ചേര്‍ത്താലോ? സത്യത്തില്‍ ബ്ലോഗിനു പേരിടുക എളുപ്പമാണ്, പക്ഷെ അതു നന്നായി മുന്നോട്ടു കൊണ്ടുപോവുകയാണ് പ്രയാസം.
--
പോസ്റ്റ് നന്നായി
ReplyDeleteനല്ല കുറെ പേരുകള്‍...
ReplyDelete"കാദംബരി"ക്ക് മംഗളാശംസകള്‍!
ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് ഇപ്പോള്‍ എവിടെയുണ്ട്?
ReplyDeleteപ്രതീക്ഷിച്ച പോലെ പിന്നെ കണ്ടില്ല
ഞാനിവിടെയുണ്ട് സുഹൃത്തേ.,, പഴയ അതേ വീട്ടുപേരിൽ.. ഇടയ്ക്കുള്ള എഴുത്തിലും'.. ഫോൺ: 9447249029
Deleteപകല്‍കിനാവനും കുമാരനും ആര്യനും നന്ദി.
ReplyDeleteഹരീ,
സാന്ദര്‍ഭികമായി ഏതര്‍ഥവും എടുക്കാം. ചില സമയത്ത് മദ്യം, ചിലപ്പോള്‍ മയില്‍പ്പേട, മറ്റുചിലപ്പോള്‍ സരസ്വതി അഥവാ അക്ഷരം.... മൂന്നും ലഹരിയാണല്ലോ...
കര്‍ത്താജീ,
ഉണ്ണിക്കൃഷ്‌ണന്‍ ഇപ്പോള്‍ എവിടെയോ അധ്യാപകനായി ജോലി ചെയ്യുകയാണെന്നു കേട്ടു. വിലാസവും ഫോണ്‍ നമ്പറും ഒക്കെ നഷ്ടപ്പെട്ടുപോയി. തര്‍ജനി എന്ന ഇന്റര്‍നെറ്റ് മാസികയുടെ പത്രാധിപസമിതിയിലും ഇടയ്‌ക്ക് കക്ഷിയുടെ പേരു കണ്ടിരുന്നു. ഉണ്ണിയുടെ കഥകളില്‍ എനിക്കും പ്രതീക്ഷയുണ്ടായിരുന്നു. വായനക്കാരല്ലല്ലോ, പത്രാധിപര്‍മാരല്ലേ ഇക്കാലത്ത് എഴുത്തുകാരെ സൃഷ്ടിക്കുന്നത്. ഉണ്ണിയും അതിനിരയായെന്നാണ് എന്റെ വിശ്വാസം.