ആധുനികാനന്തരം വേതാളം പരഞ്ഞ കഥകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. തനിക്കുതന്നെ നാണക്കേടുണ്ടാക്കുന്ന മറ്റുചില വേതാളജന്‍മങ്ങളുടെ കഥകളായിരുന്നു ഈ വേതാളത്തിനു പറയാനുണ്ടായിരുന്നത്. നല്ലവനായ രാജാവിനെ ചതിയില്‍പെടുത്താന്‍ തുനിഞ്ഞ് നാലുപാടും നിന്ന് ആക്രമിക്കുന്ന അഭിനവവേതാളങ്ങളുടെ കഥകളെന്നു വേണമെങ്കില്‍ പറയാം. അതില്‍ രണ്ടെണ്ണം മാത്രം സാമ്പിളിനു താഴെക്കൊടുക്കുന്നു.
വേതാളം കഥ പറഞ്ഞുതുടങ്ങി:
പ്രിയപ്പെട്ട രാജാവേ, ഓരോ കഥയുടെയും ഒടുക്കം ഞാനൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറഞ്ഞില്ലെങ്കില്‍ എനിക്കുകുഴപ്പമൊന്നുമില്ല. ഉത്തരം കണ്ടെത്തേണ്ട ബാധ്യത താങ്കള്‍ക്കു മാത്രമായിരിക്കും!
കഥ ഒന്ന്‌ഒന്നര വ്യാഴവട്ടം മുമ്പാണ്. മൂന്നാര്‍ ഒരു ടൂറിസ്റ്റു കേന്ദ്രം മാത്രമായി നിലനില്‍ക്കുന്ന കാലം. അന്ന് മൂന്നാറിന് കിഴക്കുള്ള കൊട്ടക്കാമ്പൂരില്‍ മാത്രമായിരുന്നില്ല കഞ്ചാവു കൃഷി. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ നിരവധി കഞ്ചാവു കര്‍ഷകര്‍ ഉണ്ടായിരുന്നു.കുരുമുളകും ഏലവും തേയിലയും റിസോര്‍ട്ടും വരുമാനമാര്‍ഗമായ കൃഷികളാകുന്നതിനു മുമ്പ് ഇടുക്കിയുടെ സാമ്പത്തിക നട്ടെല്ല് കഞ്ചാവ് ആയിരുന്നെന്നതാണു സത്യം. ഇന്ന് ഇടുക്കിയില്‍ റിസോര്‍ട്ടു കൃഷിയാണ് ഇടിച്ചു നിരത്തുന്നതെങ്കില്‍ അന്ന് കഞ്ചാവ് വെട്ടിനിരത്തിലിനായിരുന്നു പ്രാധാന്യം. കോടികള്‍ പോക്കറ്റില്‍ വീഴുന്ന ഇടപാടായിരുന്നതിനാല്‍ പൊലീസും എക്‌സൈസും എല്ലാം കഞ്ചാവുകര്‍ഷകരെ തൊടാന്‍ മടിക്കുന്ന കാലം. അന്ന് (ഇന്നും) കഞ്ചാവു റെയ്‌ഡുകളെപ്പറ്റി പ്രചരിച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു. വന്‍കിട തോട്ടങ്ങള്‍ക്കു വെളിയില്‍ കൃഷിക്കാര്‍ ചില ഡെമോ തോട്ടങ്ങള്‍ നിര്‍മിക്കും. അധികം ഗുണമേന്‍മയില്ലാത്ത, വളം ചെയ്‌ത് പുഷ്‌ടിപ്പെടുത്താത്ത മുരടിച്ച കഞ്ചാവു ചെടികളായിരിക്കും ഇവിടെ ഉണ്ടാകുക. റെയ്‌ഡിനെത്തുന്ന ഉദ്യോഗസ്ഥര്‍ ഒരു ഉടമ്പടിയുടെ പുറത്ത് ഈ തോട്ടങ്ങളില്‍ വാക്കത്തി വീഴ്‌ത്തും.
അങ്ങിനെ കഞ്ചാവു കൃഷിയും വെട്ടിനിരത്തലും നിര്‍ബാധം തുടരുമ്പോഴാണ് പൈനാവിലെ കാട്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്ക് ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ കാക്കിക്കുപ്പായം ധരിച്ചെത്തുന്നത്. അന്നും ഇന്നത്തെപോലെ കഞ്ചാവിനൊപ്പം വിവാദങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായിരുന്നു ഇടുക്കി. ഇടുക്കിക്കാര്‍ ഇന്നത്തെപോലെ വളരെ സെന്‍സിറ്റീവായിരുന്നു അന്നും. (സെന്‍സിറ്റീവായതിനാലാണല്ലോ അവര്‍ മൂന്നാര്‍ ഇടിച്ചു നിരത്തിലിനെതിരേ പരസ്യമായി രംഗത്തുവരാന്‍ ധൈര്യം കാണിച്ചത്). ഇടുക്കിക്കാരുടെ മനശ്ശാസ്‌ത്രമറിഞ്ഞ ചെറുപ്പക്കാരന്‍ പോലീസ് മേധാവി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. മുഖ്യകലാപരിപാടി കഞ്ചാവു വേട്ടയായിരുന്നു. വെട്ടിനരത്തപ്പെട്ട തോട്ടങ്ങള്‍ പലതും ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരുടേതെന്നു പ്രചരിപ്പിക്കപ്പെട്ടു. ഇന്നത്തെപോലെ മുക്കിനു മുക്കിന് പ്രാദേശികപത്രബ്യൂറോകള്‍ അന്നുണ്ടായിരുന്നില്ല. തൊടുപുഴയിലും പൈനാവിലുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന പത്രബ്യൂറോകളിലുള്ള മാധ്യമത്തമ്പുരാക്കന്‍മാര്‍ പൊലീസ് മേധാവിക്കു വേണ്ടത്ര പിന്തുണ നല്‍കി. വെട്ടിവെട്ടി കഞ്ചാവു തോട്ടങ്ങള്‍ക്കു വംശനാശം വന്നുതുടങ്ങിയെന്ന് ഇടുക്കിക്കാര്‍ സത്യമായും വിശ്വസിച്ചു.
അങ്ങിനിരിക്കെ ദാ വരുന്നു മേധാവിക്കിട്ടു തട്ട്. പിന്നെയായിരുന്നു പുകില്. ഇടുക്കിയില്‍ നിന്നു സ്ഥലം മാറ്റപ്പെട്ട സത്യസന്ധനായ ഉദ്യോഗസ്ഥനുവേണ്ടി നാടുനീളെ പോസ്‌റ്ററുകള്‍ പതിഞ്ഞു. വിവിധ സംഘടനകള്‍ രംഗത്തു വന്നു. പത്രങ്ങള്‍ ആവശ്യത്തിലധികം സ്ഥലം നീക്കിവച്ചു. എനിതനേറെപ്പറയുന്നു, കഞ്ചാവുവേട്ടയിലൂടെ കിട്ടിയതിലുമധികം പ്രശസ്‌തി സ്ഥലംമാറ്റ നടപടിക്കെതിരായ ജനവികാരത്തിലൂടെ അദ്ദേഹം നേടിയെടുത്തു. പക്ഷേ നാട്ടാരുടെ കണ്ണിലുണ്ണിക്കു സ്ഥലംമാറ്റത്തില്‍ നിന്നു രക്ഷപ്പെടാനായില്ല.
സംഗീതത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഇദ്ദേഹം ഇതിനിടയില്‍ ചില പഴയ ഈണങ്ങളെ പൊളിച്ചെഴുതി സിനിമയില്‍ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. കഞ്ചാവു വേട്ട മാത്രമല്ല, സംഗീതവേട്ടയും അത്യാവശ്യം തന്റെ കുപ്പായത്തിനിണങ്ങുന്നതാണെന്ന് അദ്ദേഹം തെളിയിച്ചു. ഈണം മാറ്റി പാട്ടിനെ കൊന്നത് അധികമാര്‍ക്കും സുഖിക്കാതെവന്നതിനാല്‍ ആ കച്ചവടം അധികനാള്‍ തുടരാന്‍ കക്ഷിക്കായില്ല. സര്‍ക്കാര്‍ ഭരമേല്‍പിക്കുന്ന ജോലിക്കിടയില്‍ മറ്റു ചില അനാമത്തു പണികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആവശ്യത്തിനു പബ്‌ളിസിറ്റി കിട്ടിത്തുടങ്ങുന്ന കാലമായിരുന്നല്ലോ അത്. കഞ്ചാവു വേട്ടയിലൂടെ കിട്ടിയ പബ്ലിസിറ്റിക്കു പിന്നാലെ വന്നുചേര്‍ന്ന ഈ നക്ഷത്രം കൂടി തന്റെ സിവില്‍ ഡ്രസ്സിന്റെ കോളറില്‍ ഇദ്ദേഹം ഫെവിക്കോള്‍ വച്ച് ഒട്ടിച്ചു ചേര്‍ത്തു.
പിന്നെയും പ്രതീക്ഷിക്കാത്ത പലയിടത്തും ജനങ്ങള്‍ ഈ പേരുകേട്ടു. തങ്ങളുടെ നാട്ടില്‍ നിന്നു സ്ഥലം മാറിപ്പോയ നല്ലവരായി ഉദ്യോഗസ്ഥര്‍ പുറത്തു പേരെടുക്കുന്നത് ഇടുക്കിക്കാര്‍ക്ക് ഇഷ്‌ടമാണ്. ഇവര്‍ കാര്യമായി ഉപദേശിച്ചാല്‍ ഇടുക്കിയിലെ ജനങ്ങള്‍ അനുസരിക്കാറുമുണ്ട്. പക്ഷേ കഞ്ചാവു കൃഷി നിര്‍ത്തണമെന്ന് ഈ പൊലീസ് മേധാവി ഉപദേശിക്കാതിരുന്നതിനാലാവാം അതിനു കാര്യമായ കുറവുണ്ടായില്ല. പക്ഷേ ഈ മേധാവിയുടെ ഒരു ഉപദേശം ജനം കേട്ടില്ലെന്നു നടിച്ചു. കാക്കിക്കുപ്പായമിട്ട് വ്യാജ സി.ഡികള്‍ക്കെതിരേ നടത്തിയ പ്രചരണമായിരുന്നു അത്. എയ്‌ഡ്‌സിനെതിരേ സുരേഷ്‌ഗോപി ബോധവല്‍ക്കരണം തുടങ്ങിയതും വൈകിട്ടത്തെ പരിപാടിക്കുകൂടാന്‍ മോഹന്‍ലാല്‍ ജനങ്ങളെ ക്ഷണിച്ചു തുടങ്ങിയതും ഒക്കെ ഇദ്ദേഹത്തിന്റെ പരസ്യവേലകളുടെ അനുകരണമായിരുന്നെന്ന് ആക്ഷേപമുയരുകയും ചെയ്‌തു. പക്ഷേ വ്യാജ സി.ഡി.മാത്രം നിലച്ചില്ല. അപ്പോള്‍പിന്നെ പഴയ കഞ്ചാവു വേട്ടപോലെ വ്യാജ സി.ഡികളെ വേട്ടയാടാന്‍ ഇദ്ദേഹം ഇറങ്ങിത്തിരിക്കുമെന്ന് ജനം ന്യായമായും വിശ്വസിച്ചു. പക്ഷേ അതുണ്ടായില്ല. എന്നു മാത്രമല്ല. വ്യജ സി.ഡി. വേട്ടക്കിറങ്ങിയ മീശവച്ച, അധികം ചിരിക്കാത്ത കാക്കിക്കുപ്പായക്കാരന്‍ കേറിയങ്ങുമേഞ്ഞത് സുസ്‌മേരവദനനായ ഈ ഉദ്യോഗസ്ഥന്റെ സത്യസന്ധതക്കു മേലേയായിരുന്നു. പിന്നെ ജനം കണ്ടതും കേട്ടതും മറ്റൊരു സിനിമാക്കഥ.
ഭാര്യയുടെ പേരില്‍ പടുത്തുയര്‍ത്തിയ സംഗീതോല്‍പാദനവിപണനകേന്ദ്രം നിറയെ വ്യജന്‍മാരായിരുന്നത്രെ. വെട്ടിനിരത്തിയ കഞ്ചാവുചെടികള്‍ വീട്ടില്‍കൊണ്ടുപോയി സൂക്ഷിക്കുന്നെന്നു കേട്ടപോലൊരു അടിയായി ജനത്തിനത്.
ഇതിനിടയില്‍ മൂന്നാറിനടുത്ത് ചിന്നക്കനാലില്‍, കൃത്യമായി പറഞ്ഞാല്‍ സൂര്യനെല്ലിക്കു പോകുന്ന റോഡില്‍ ഇദ്ദേഹത്തിന്റെ സഹോദരന്റെ ഉടമസ്ഥതയില്‍ ഒരു കോട്ട കെട്ടി. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമാണല്ലോ ഇതിന്റെയൊക്കെ കൈമുതല്‍. മൂന്നാര്‍ കോട്ടക്കു പിന്നിലെ ഫണ്ടിങ്ങിനെപ്പറ്റിയൊക്കെ അന്നേ സംശയമുണ്ടായിരുന്നെങ്കിലും എല്ലാരും അത് മനസ്സിലൊളിപ്പിച്ചു. സത്യസന്ധനായ കഞ്ചാവുവേട്ടക്കാരനു നേരേ അത്തരമൊരു ആരോപണം ഉന്നയിക്കാനാകുമോ.പക്ഷേ ജനത്തിന്റെ മനസ്സിലിരുപ്പ് തെറ്റിയില്ല. മീശക്കാരന്‍ കാക്കിക്കുപ്പായക്കാരന്‍ കേറി നിരങ്ങിയിറങ്ങിക്കഴിഞ്ഞപ്പോള്‍ സംശയങ്ങളില്‍ പലതിനും സാധൂകരണമായി. ഒടുക്കം വിജിലന്‍സുകൂടി പറഞ്ഞു, ഇതു മുഴുവന്‍ കള്ളപ്പണമാണ്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്തിയിട്ടുണ്ട്..
ഇതൊക്കെ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട്. ഉണ്ടാക്കിയതാണെന്നതു മാത്രം വിജിലന്‍സ് പറഞ്ഞത് അത്രക്കങ്ങ് ദഹിച്ചിട്ടില്ല. പഴയ ചടയന്‍ കഞ്ചാവിന്റെ മണം ഈ പണത്തില്‍ നിന്നുയരുന്നുണ്ടോ എന്ന് അവര്‍ക്കു മാത്രമല്ല ഈ വേതാളത്തിനും സംശയമുണ്ട്. ഇനി പറ രാജാവേ ഈ കഥയിലെ കഥാപാത്രത്തിന് ആരുമായെങ്കിലും സാമ്യമുണ്ടോ. ഉണ്ടെങ്കില്‍ അതിന് വേതാളം ഉത്തരവാദിയല്ല.
രാജാവിന്റെ മറുപടി വരും മുമ്പ് വേതാളം രണ്ടാം കഥ തുടങ്ങി.
ദല്‍ഹിയിലും ഹരിദ്വാറിലുമെല്ലാം ചരസ്സടിച്ചു നടന്ന ഒരു എഴുത്തുകാരനുണ്ടായിരുന്നു. ആധുനികതയില്‍ കഞ്ചാവുപുകച്ചയാളാണു കക്ഷി. വെള്ളിയാങ്കല്ലിലെ തുമ്പികളുടെ കൂട്ടുകാരന്‍. ആ അക്ഷരസംയുക്തങ്ങള്‍ വായിച്ച് മുടിവളര്‍ത്തിയവര്‍ എത്ര? സ്‌ത്രീനഗ്നത കാണാന്‍ മോഹം മൂത്ത് അമ്മായിയുടെ വസ്‌ത്രം ഉയര്‍ത്തിനോക്കുന്ന അപ്പുവിനെ വായിച്ച് എത്ര യുവാക്കള്‍ നെടുവീര്‍പ്പിട്ടു! രോമവും ലിംഗവുമുള്ള പുരുഷനെയാണ് തനിക്കിഷ്‌ടമെന്നു ഹിപ്പിക്കാരനായ സഹോദരനോടു തുറന്നടിച്ച സഹോദരിയെ വായിച്ച് എത്രപേര്‍ അന്തം വിട്ടു! അല്‍ഫോന്‍സച്ചനും രമേശനുമൊക്കെ ദീര്‍ഘനിശ്വാസങ്ങളായും ഉറക്കം നഷ്‌ടപ്പെടുത്തുന്ന സ്വപ്‌നങ്ങളായും അനുവാചകന്റെ മനസ്സിലൂടെ എത്രകാലം അലഞ്ഞു, ഇന്നും അലയുന്നു!
ഇതിനിടയില്‍ മാഹിയില്‍ നിന്ന് ഡല്‍ഹി വഴി തൃശൂരു വന്നിറങ്ങിയതും പോരാ ആവശ്യമില്ലാത്ത പണി ചെയ്‌ത് ഉള്ള പേരു കൂടി കളയേണ്ട വല്ല കാര്യവുമുണ്ടോ ഇദ്ദേഹത്തിന്. വെറും അത്തപ്പാടികളായ നിരവധി യുവാക്കളുടെ ജന്‍മം അസ്‌തിത്വ വേദന സൃഷ്‌ടിച്ച് നശിപ്പിച്ചിട്ടുണ്ട് ഇദ്ദേഹമെന്ന കാര്യം സമ്മതിച്ചാലും ഇല്ലെങ്കിലും സത്യം തന്നെയാണ്. ആ മാന്യദേഹത്തിന് അക്കാദമി ഭാരവാഹിസ്ഥാനം നല്‍കിയതിനേയും സന്തോഷത്തോടെയേ കാണാനാകൂ. കാരണം എഴുത്തു നിര്‍ത്തി വീട്ടിലിരിക്കേണ്ട പ്രായത്തിന്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ സാഹിത്യത്തിലെ പെന്‍ഷന്‍കാലം, സൂചന നല്‍കുന്ന ഒന്നാണല്ലോ ഇത്. അക്കാദമി വക അവാര്‍ഡും വിളമ്പി, വല്ലപ്പോഴുമൊക്കെ സാഹിത്യ സാംസ്‌കാരിക നായന്‍മാരുടെ സംയുക്തപ്രസ്‌താവനയില്‍ ഒരൊപ്പും പോടി കഴിഞ്ഞു കൂടിയാല്‍ പോരായിരുന്നോ ഇദ്ദേഹത്തിന്?
മതി! പക്ഷേ എഴുതാനുള്ള ആ വേദന അസഹ്യമായാല്‍ സഹിക്കാന്‍ പറ്റുമോ? ആരും എഴുതിപ്പോകും! പിന്നെ എന്തു ചവറെഴുതിയാലും പ്രസിദ്ധീകരിക്കാനും അതു വാങ്ങി വായിക്കാനും ആളുണ്ടാകുമെന്നും ഇവര്‍ക്കറിയാം. വായിച്ചിട്ട് വായനക്കാരന്‍ പറയുന്ന തെറി എഴുതിയവനോ പ്രസിദ്ധീകരിച്ചവനോ കേള്‍ക്കേണ്ടതില്ലല്ലോ! അങ്ങിനെ അദ്ദേഹത്തിന്റെ കഥ സിണ്ടിക്കേറ്റ് പത്രത്തിന്റെ വാരികയില്‍തന്നെ വന്നു. കഥ ദിനോസറുകളുടെ കാലം. ഹൊ, ജുറാസിക് പാര്‍ക്കിന്റെ അടുത്തഭാഗം വല്ലതുമാകും കഥയെന്നു കരുതി വായനക്കാരന്‍ ആര്‍ത്തിയോടെ വാങ്ങി വായിച്ചു. ഇതിലും എത്രയോ മികച്ചതായിരുന്നു രാജന്‍ കൈലാസിന്റെ ബുള്‍ഡോസറുകളുടെ വഴി എന്ന പഴയ കവിതയെന്ന് വായനക്കാരനു സ്വാഭികമായും തോന്നി.
കാലികമല്ലാത്തതായി കഥയിലുണ്ടായിരുന്ന ഏക വസ്‌തു ദിനോസറായിരുന്നു. എന്തിനു ദിനോസറിനെ പ്രതിഷ്‌ഠിച്ചു? അത് ബുള്‍ഡോസറാണെന്നു നേരിട്ടങ്ങു പറഞ്ഞിരുന്നെങ്കില്‍ ആരും കേസുകൊടുക്കാനൊന്നും പോകുകയില്ലായിരുന്നല്ലോ എന്നൊക്കെ വായനക്കാരനു തോന്നി. അങ്ങിനിരിക്കെ എഴുതിയ ആള്‍ക്കൊരു സംശയം. തന്റെ കഥ വായനക്കാര്‍ക്കു മനസ്സിലായിക്കാണില്ലേ. മനസ്സിലാകായ്‌മയാണല്ലോ ഇപ്പോഴത്തെ ഒരു സ്റ്റൈല്‍! എന്നാപ്പിന്നെ അതങ്ങു പരിഹരിക്കാമെന്നു കരുതി ഒരു പ്രസ്‌താവനയങ്ങുകൊടുത്തു. ദിനോസര്‍ എന്നതു കൊണ്ടുദ്ദേശിച്ചത് ബുള്‍ഡോസറുകളെയാണ്. സംഭവം നടക്കുന്നത് മൂന്നാറിന്റെ പശ്ചാത്തലത്തിലാണ്. കഥയിലെ മുഖ്യ കഥാപാത്രം സാക്ഷാല്‍ മുഖ്യ മന്ത്രിതന്നെയാണ്.
അതായത് മറ്റൊരോ തുടങ്ങിവച്ച ദിനോസര്‍ ദൗത്യം കേട്ടറിഞ്ഞെത്തിയ ഗോവിന്ദമ്മാമന്‍ ദിനോസറിനെ നയിക്കാന്‍ തുടങ്ങുന്നതും പിന്നെ സ്വന്തം വീടുതന്നെ ദിനോസറിനെകൊണ്ട് ഇടിച്ചു നിരത്തുന്നതുമാണ് കഥ.
നാടുനീളെ സാഹിത്യ സാംസ്‌കാരികപ്രവര്‍ത്തര്‍ കേരള മുഖ്യമന്ത്രിക്ക് മൂന്നാര്‍ ദൗത്യത്തിനു പിന്തുണ നല്‍കുമ്പോള്‍ ഇത്ര പിന്തിരിപ്പനായി കഥ എഴുതാന്‍ ഇദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കു സാധിക്കും. രാജാവേ? വേതാളത്തിന്റെ ചോദ്യമിതാണ്. ഈ വൃദ്ധസാഹിത്യകേസരിയെ ഈ കഥയെഴുതാന്‍ പ്രേരിപ്പിച്ച ചേതോവികാരം മൂന്നാര്‍ ദൗത്യത്തിന്റെ പിന്നിലെ പബ്ലിസിറ്റിയോ അതോ മറ്റു വല്ല ഉദ്ദേശ്യവുമാണോ? ഉത്തരം പറയും മുമ്പ് ഒരു വ്യവസ്ഥയുണ്ട്. സാഹിത്യ അക്കാദമി പ്രസിഡന്റു സ്ഥാനം കിട്ടിയതിന്റെ ഉപകാരസ്‌മരണയാണ് ഈ കഥയെന്നു മാത്രം പറയരുത്. കാരണം, ഇതു പ്രസിദ്ധീകരിച്ചത് ദീപികയിലല്ല, മാതൃഭൂമിയിലാണ്.
ഉത്തരം പറഞ്ഞാല്‍ തന്നെ കൊട്ടാരത്തില്‍ നിന്ന് അച്ചടക്ക നടപടി എടുത്തു പുറത്താക്കിയെങ്കിലോ എന്നു ഭയന്ന് രാജാവ് മിണ്ടിയില്ല. രാജാവിന്റെ മൗനം കണ്ട് ദേഷ്യം വന്ന വേതാളം അടുത്ത കഥതേടി ഒറ്റപ്പറക്കല്‍. ശുഭം.
മുന്‍ഷിയെവിടെ?
ReplyDeleteആദ്യകഥയ്ക്കൊരു ഇരട്ടക്ലൈമാക്സുണ്ട് കേട്ടോ... നായകന് സമ്പാദിച്ച് മടുത്തു, ഇനിയിപ്പോള്‍ ജോലിയൊക്കെയായി തുടര്‍ന്നാല്‍, ഇതൊക്കെ ആരനുഭവിച്ചു തീര്‍ക്കും? അതുകൊണ്ട് ഒന്നു റെസ്റ്റെടുക്കുകയുമായി ഗവണ്മെന്റിന് മുഖം മിനുക്കലുമായി. (അതിനു പ്രത്യേകം എന്തെങ്കിലും ചെയ്തുകൊടുക്കുമായിരിക്കും.)
രണ്ടാമത്തെ കഥ ഞാന്‍ വായിച്ചിട്ടില്ല... സോ നോ കമന്റ്സ്... :)
--
കൊള്ളാമല്ലോ!!!!
ReplyDelete:)
വേതാളത്തിന്റെ രണ്ടാം കഥ കലക്കി..അതിനു പിന്നിലെ ദിനോസര്‍ കഥയും വായിചിരുന്നു..അസ്ഥിത്വ ദുഖങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നിട്ടും ഇതിനെ ചവര്‍ എന്നതില്‍ കുറഞ്ഞ് ഒന്നും വിളിക്കാന്‍ തോന്നുന്നില്ല..
ReplyDeleteപിന്തിരിപ്പന്‍ അല്ല..കുത്തിത്തിരുപ്പന്‍ സമീപനം ആണല്ലോ കസേര കൊടുത്തവര്‍ ആവശ്യപ്പെടുന്നത്..
ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ..അത്രേ ഉള്ളൂ..
പോസ്റ്റ് കലക്കന്‍!!!