Monday, July 9, 2007

മൂന്നു കഥകള്‍-അല്‍പം പഴകിയത്‌

നമ്മുടെ സിനിമാക്കാര്‍ക്കിതു വരണം. ചുമ്മാ പടോം പിടിച്ച്‌ കാശും വാങ്ങി സുഖമായിട്ടങ്ങു ജീവിക്കാനുള്ളതിന്‌ യൂണിയന്‍ പ്രവര്‍ത്തനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു.

ഏതു വ്യവസായത്തിന്റേയും ശവപ്പെട്ടിയില്‍ ആണി തറയ്‌ക്കുന്നത്‌ യൂണിയനും സംഘടനാപ്രവര്‍ത്തനവും ആണെന്നാണല്ലോ അരാഷ്‌ട്രീയവാദികളുടെ വയ്‌പ്‌. സിനിമയില്‍ സി.ഐ.ടി.യുവും, ഐ.എന്‍.ടി.യു.സിയുമൊന്നുമുണ്ടായില്ലെങ്കിലും അത്യാവശ്യം സമരത്തിനും സമരം ചെയ്‌ത്‌ അവകാശം നേടാനും ഒക്കെയുള്ള വകുപ്പ്‌ അവിടേയുമുണ്ട്‌. പക്ഷേ ചായക്കടയിലും ബോര്‍ബര്‍ഷോപ്പിലുമൊന്നും യോഗം ചേരില്ല. കവലപ്രസംഗം നടത്തി നാട്ടാരുടെ ചെവിപൊട്ടിക്കുകയുമില്ല. ബക്കറ്റു പിരിവോ ബക്കറ്റില്ലാത്ത പിരിവോ ഒന്നും പേടിക്കുകയും വേണ്ട. എവിടെ യോഗം ചേര്‍ന്നാലും ചാനല്‍ കണ്ണുകള്‍ ഒപ്പമെത്തുമെന്നും നമ്മുടെ സിനിമാസംഘടനകള്‍ക്കറിയാം. അതോണ്ടല്ലേ അവര്‍ മഴക്കാലത്ത്‌ ഒരു സമരം പ്രഖ്യാപിച്ചത്‌. ഇത്‌ സംഘടനകളുടെ എണ്ണപ്പെരുപ്പംകൊണ്ടാണെന്ന്‌ തിലകന്‍ചേട്ടനു പറയാം. ഈ സംഘടനകളൊക്കെയൊന്നു പടുത്തുയര്‍ത്താന്‍പെട്ട പാട്‌ പാടുപെട്ടവര്‍ക്കേ അറിയൂ? വയസ്സനാംകാലത്ത്‌ നോക്കാന്‍ ആരുമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാന്‍ പടം പിടിക്കാന്‍വരെയാണു താരസംഘടനയുടെ തീരുമാനം. പടം ഓടിയില്ലെങ്കില്‍ ചിലപ്പോ ഇവരുടെ വേതനത്തില്‍ നിന്നുതന്നെ നഷ്‌ടം നികത്തേണ്ടി വരും. അതപ്പോക്കാണാം.ഇതിപ്പം പറഞ്ഞുവന്നത്‌ ഈ സിനിമാക്കാര്‍ക്കിതു വരണമെന്നാണല്ലോ. യേത്‌?

നമ്മടെ അണ്ണന്‍കേറി കലക്കണ കലക്കു കണ്ടില്ല്യേ. അതുതന്നെ! ഇവിടുള്ളോര്‌ കരാറെന്നും ബാറ്റ വര്‍ധനവെന്നും മറ്റും പറഞ്ഞ്‌ കലപില കൂട്ടിക്കൊണ്ടിരിക്കുമ്പോ, അണ്ണന്‍ ഓടിത്തിമിര്‍ക്കുകല്ല്യോ. സിഗരറ്റ്‌ വായുവിലേക്കെറിഞ്ഞ്‌ വായില്‍പ്പിടിക്കാനും ഒറ്റ രൂപാനാണയം കൊണ്ട്‌ സമ്പന്നനാകാനും ഒക്കെയുള്ള ട്രിക്കു പഠിക്കാന്‍ രജനീകാന്തിനു ശിഷ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുന്ന മുതുകാടാശാന്റെ ആത്മാര്‍ഥതയെങ്കിലും നമ്മുടെ സിനിമാക്കാര്‍ കാണിക്കേണ്ടേ? മമ്മൂട്ടിയോ മോഹന്‍ലാലോ മറ്റോ ഇതു കാണിച്ചാല്‍ വേണ്ടാത്തപണിക്കു പോകല്ലേ ആശാനേ എന്നു പറഞ്ഞ്‌ നമ്മുടെ പ്രേക്ഷകര്‍ പുറംതിരിഞ്ഞ്‌ ഒറ്റ നടത്തമങ്ങു നടക്കും. അതുകൊണ്ടാണ്‌ തല്‍ക്കാലം മേക്കപ്പിട്ടു സുന്ദരനായി സുന്ദരിമാരോടൊത്ത്‌ ആടിപ്പാടി രജനീകാന്തിനെ അനുകരിച്ചാല്‍ മതിയെന്ന്‌ നമ്മുടെ സൂപ്പര്‍മാര്‍ തീരുമാനിച്ചത്‌. പുതിയ പടമൊന്നും ഇപ്പം റിലീസ്‌ ചെയ്യേണ്ടന്നു വച്ചത്‌. മഴക്കാലത്ത്‌ മലയാളിയുടെ കയ്യില്‍ കാശു കാണത്തില്ലെന്നു അറിയാവുന്നതുകൊണ്ടല്ല്യോ? അപ്പം ദാ വരുന്നു സ്റ്റൈല്‍ മന്നന്‍. എന്തായിരുന്നു ആ വരവ്‌. രണ്ടു ദിവസം കഴിഞ്ഞു മഴതുടങ്ങിയതേ നാം തീരുമാനിച്ചു, ഇനി അണ്ണനെ പൂട്ടിക്കെട്ടാം. ഈ പെരുമഴയത്ത്‌ അണ്ണനെ കാണാന്‍ ഇനി ആരിടിച്ചുകേറാനാ. പക്ഷേ കണക്കുകൂട്ടലുകള്‍ തെറ്റി.

നമ്മള്‌ സംഘടനാപ്രവര്‍ത്തനവുമൊക്കെയായിട്ടിരിക്കുമ്പോ ദാണ്ടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ സൂപ്പറൊരിടി, മഴയുടെ മോന്തക്കിട്ട്‌. കിട്ടിയപാടേ എന്റമ്മോ എന്നു വിളിച്ച്‌ മഴ അറബിക്കടലില്‍ പോയി മുങ്ങിച്ചത്തു. രജനി ഫാന്‍സ്‌ മഴക്കു പിന്നാലെ വന്ന വെയിലിലും ആടിത്തിമിര്‍ത്തു. ഇനിയെന്തായാലും ഒന്നു രണ്ടു വര്‍ഷത്തേക്ക്‌ രജനീകാന്തിന്റെ സിനിമ വരില്ലെന്നതുമാത്രമാണ്‌ മലയാള സിനിമാക്കാരുടെ ആശ്വാസം. അതുവരെ അല്‍പം സംഘടനയൊക്കെയാകാം., വോട്ടുചെയ്യാന്‍ മാത്രം പറയരുത്‌. അതുവയ്യ, വേണമെങ്കില്‍ പാര്‍ട്ടിപ്പരിപാടിക്കു പ്രസംഗിക്കാന്‍ മാത്രം വരാം. അതും അണ്ണന്‍ അടുത്തതായി അവതരിക്കുന്ന കാലത്ത്‌. അതുവരെ വിശ്രമമില്ലേയ്‌?. പട്ടിണികൂടാതെ കഴിയേണ്ടേ..

2
കേരളത്തില്‍ സിനിമാ രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്നു ചോദിച്ചാല്‍ എല്ലാവര്‍ക്കും ഉടന്‍ ഒരു മറുപടി ഉണ്ടാകുമെന്നറിയാം. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ ആരെന്നു ചോദിച്ചാല്‍ ?.. ചാടി ഉത്തരം പറയാന്‍ വരട്ടെ, ഓപ്‌ഷനുണ്ട്‌. അതുകൂടി കേട്ടിട്ടു പറഞ്ഞാല്‍ മതി. രജനീകാന്ത്‌, അച്യുതാനന്ദന്‍, രവീന്ദ്രന്‍, സുരേഷ്‌കുമാര്‍...

എന്തായാലും നിങ്ങള്‍ ഉത്തരം പറയാന്‍ അല്‍പം വൈകും, ഉറപ്പാണ്‌. രജനീകാന്ത്‌ നിലവില്‍ സൂപ്പര്‍ സ്റ്റാറിനുമപ്പുറത്തായതിനാല്‍ നമുക്ക്‌ ആദ്യം അദ്ദേഹത്തെ ഒഴിവാക്കാം. അച്യുതാനന്ദന്‍ ചിത്രത്തില്‍ ഒരു സഹനടന്റെ റോളില്‍ മാത്രം നടിക്കുന്നതിനാല്‍ ആ പേരും വിടാം. രവീന്ദ്രന്‌ നായകനേക്കാള്‍ ചേരുക പ്രതിനായകന്റെ വേഷമാണ്‌. പിന്നെ അവശേഷിക്കുന്നത്‌ സുരേഷ്‌കുമാര്‍. പുള്ളിക്കാരന്‌ എന്തായാലും സൂപ്പര്‍ സ്റ്റാര്‍ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ട്‌. കോസ്റ്റ്യൂമില്‍ മുതല്‍ ഡയലോഗില്‍ വരെ, ആകാരം മുതല്‍ ആഹാര്യം വരെ എന്തൊരു ഗെറ്റപ്പ്‌. ഒരു ഷാജികൈലാസ്‌ സിനിമയിലെന്നപോലല്ല്യോ അദ്ദേഹം മന്ത്രിമാരെപ്പോലും വിറപ്പിക്കുന്നത്‌. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചെയ്യുന്നതെന്ത്‌ പറയുന്നതെന്ത്‌ എന്നറിയാത്ത അവസ്ഥയില്‍ സി.പി.ഐയെ കൊണ്ടെത്തിച്ചില്ലേ അദ്ദേഹം.

അഭിപ്രായ പ്രകടനത്തിന്റെ കാര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ മലക്കം മറിച്ചിലല്ലേ സി.പി.ഐ. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്‌! അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റു പാര്‍ട്ടി തങ്ങളാണെന്നു വരെ സി.പി.ഐ. അഭിപ്രായപ്പെടാന്‍ സാധ്യതയുണ്ട്‌. മൂന്നാറിലെ പഞ്ചായത്തുകളില്‍ വേണമെങ്കില്‍ ഒറ്റക്കു ഭരിക്കാനുള്ള ആള്‍ബലം തങ്ങള്‍ക്കുണ്ടെന്നാണല്ലോ സി.പി.ഐയുടെ വിശ്വാസം! കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഒരു ടേമില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്കുതന്നെ റവന്യു, വനം വകുപ്പുകള്‍ ലഭിക്കുന്നത്‌. മൂന്നാറില്‍ ഭൂമി കയ്യേറ്റമുണ്ടെന്ന്‌ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ആരോപിച്ചപ്പോള്‍ സി.പി.ഐ മന്ത്രിമാരായ കെ.പി. രാജേന്ദ്രനും ബിനോയ്‌ വിശ്വവും ഒന്നിച്ചവിടെ പോയതും അതുകൊണ്ടാണ്‌. കയ്യേറ്റം ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി തന്റെ വിശ്വസ്‌തരെ നിയമിച്ചപ്പോള്‍ തുടങ്ങിയതാണ്‌ സി.പി.ഐയുടെ മുറുമുറുപ്പ്‌. ഒടുവില്‍ ജനങ്ങള്‍ വി.എസ്സിനൊപ്പമാണെന്നു കണ്ടപ്പോള്‍ അവര്‍ അത്‌ ഉള്ളിലൊതുക്കി. പക്ഷേ മൂന്നാറില്‍ പാര്‍ട്ടി പാടുപെട്ടു കെട്ടിപ്പൊക്കിയ മന്ദിരത്തിന്റെ താടിക്കിട്ടുതന്നെ സുരേഷ്‌കുമാര്‍ കയറി ചൊറിയുമെന്ന്‌ അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. കേരളത്തിലെത്തുന്ന വിദേശികളെ സഹായിക്കാന്‍ സദുദ്ദേശ്യത്തോടെ പണിത ഒരു ചെറുകിട റിസോര്‍ട്ടു മാത്രമായിരുന്നു അത്‌! അതുകൊണ്ടാ സഖാവേ അതിനിത്രമോടി...വിദേശനിക്ഷേപം കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അച്ചുമാമന്റെ ഇഷ്‌ടക്കാര്‍ കാണിക്കുന്ന തോന്ന്യാസം അംഗീകരിച്ചുകൊടുക്കാന്‍ പറ്റുമോ? ആദ്യമൊക്കെ വേണ്ടാ വേണ്ടാന്നു വച്ചു. പിന്നെ കളി കാര്യമായി. ഇരിക്കപ്പൊറുതിയില്ലാതെ ഇസ്‌മായിലും പന്ന്യനും കൂടി മൂന്നാറിനൊരു യാത്ര പോയി. കണ്ട കാഴ്‌ച! ടാറ്റയുടെ തോട്ടത്തില്‍ പണിയെടുക്കുന്ന തങ്ങളുടെ തൊഴിലാളികള്‍, നേതാക്കള്‍? സഖാക്കള്‍ പറഞ്ഞതു കേട്ട്‌ അവര്‍ പൊട്ടിത്തെറിച്ചു. (എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറുമായ സി.എ.കുര്യന്റെ മകന്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന്‌ ആരും തെറ്റിദ്ധരിക്കരുത്‌. അദ്ദേഹം ടാറ്റയുടെ കൊച്ചി ഓഫിസില്‍ ഒരു ചെറിയ മാനേജര്‍ മാത്രമാണ്‌.) സി.പി.ഐയുടെ പൊട്ടിത്തെറി ശബ്‌ദം കേട്ടമാത്രയില്‍ മൂന്നാറിലെ മറ്റു സിംഹങ്ങളും സടകുടഞ്ഞെഴുന്നേറ്റു. ഹൊ, വിറച്ചുപോയില്ലേ മുഖ്യമന്ത്രി!

മൂന്നാര്‍ നടപടികളുടെ മന്ത്രിസഭാ ഉപസമിതിയില്‍ ഇല്ലാത്ത സി.ദിവാകരനെത്തന്നെ വാദിക്കാന്‍ സി.പി.ഐ. നിയോഗിച്ചു. ദിവാകരന്‍ വക്കീലിന്റെ വാദം ഏറ്റു. പരാതികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗം ഉപസമിതിയെ വച്ചു. കയ്യേറ്റഭൂമിയിലുള്ള പാര്‍ട്ടി ഓഫിസുകള്‍ ഒഴിപ്പിക്കേണ്ടതില്ലെന്ന്‌ മന്ത്രിസഭ തീരുമാനിച്ചു. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമായതിനാലാണ്‌ ഈ തീരുമാനമെന്ന്‌ സി.പി.ഐക്കാരനായ റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ വിശദീകരണവും നല്‍കി. സമ്മര്‍ദ്ദതന്ത്രങ്ങളില്‍ മനംമടുത്ത്‌ ദൗത്യസേനാത്തലവന്‍ സുരേഷ്‌കുമാര്‍ ദില്ലിക്കു പോയ തക്കത്തിന്‌ രാജേന്ദ്രന്‍ മന്ത്രി ഒഴിപ്പിക്കലിനു നേതൃത്വം നല്‍കാന്‍ മൂന്നാറിലേക്കു പോയി. (സുരേഷ്‌കുമാറിന്റെ കോട്ട്‌ അവിടെക്കിടപ്പുണ്ടോ എന്നു തപ്പിയിട്ടു കിട്ടിയില്ലെന്നാണ്‌ പിന്നാമ്പുറ വര്‍ത്തമാനം!)പക്ഷേ കാര്യങ്ങളങ്ങു തകിടം മറിഞ്ഞു. മുഖ്യമന്ത്രിയുടെ ഒഴിവാക്കല്‍ പ്രഖ്യാപനം കേട്ട്‌ പൊതുജനം സി.പി.ഐക്കാരെ നോക്കി മുഖം കോട്ടിച്ചിരിക്കാന്‍ തുടങ്ങി. കോടതിപോലും ലജ്ജിച്ചു തല താഴ്‌ത്തി. ഇതൊക്കെ സഹിക്കാം, ഈ അവസരം ലാക്കാക്കി ചില ആരാധനാലയങ്ങള്‍ ഭൂമി കയ്യേറാന്‍ തുടങ്ങിയത്‌ നിരീശ്വരവാദികളായ സി.പി.ഐക്കു സഹിക്കുമോ? അതുംപോട്ടെ, തങ്ങള്‍ സമരം ചെയ്‌തു നേടിയെടുത്ത അവകാശം മുതലാക്കി മറ്റുചില പാര്‍ട്ടികളും കയ്യേറ്റഭൂമിയില്‍ പാര്‍ട്ടിയാപ്പീസെന്ന ബോര്‍ഡും തൂക്കി റിസോര്‍ട്ടു പണി തുടങ്ങുമെന്ന്‌ രമേശ്‌ ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്‌തു!വെളുക്കാന്‍ തേച്ചത്‌ ഈ വിധം പാണ്ടാകുമെന്നു സി.പി.ഐ. കരുതിയില്ല. തങ്ങളുടെ പാര്‍ട്ടി പാടുപെട്ടു പണിത കെട്ടിടത്തില്‍ തൊട്ടാല്‍ തങ്ങള്‍ക്കു നോവുമെന്നു ടി.വിക്കാര്‍ക്കു മുന്നില്‍ നെഞ്ചത്തടിച്ചു പറഞ്ഞ പന്ന്യനു പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥ. ചാനലുകളിലെല്ലാം ചര്‍ച്ച. എല്ലാവരും സി.പി.ഐക്ക്‌ എതിര്‌. എല്ലാം കണ്ടുകൊണ്ടൊരാള്‍ മോളിലിരിപ്പുണ്ടല്ലോ. തക്ക സമയത്ത്‌ അദ്ദ്യേം ഇടപെട്ടു. കയ്യേറ്റഭൂമിയിലാണെങ്കില്‍ ഏതു പാര്‍ട്ടിയുടെ ഓഫീസായാലും പൊളിക്കണമെന്നു തന്നെ ബര്‍ദ്ദാന്‍ പറഞ്ഞപ്പോഴാണ്‌ കേരള നേതാക്കള്‍ക്കു ബോധോദയമുണ്ടായത്‌. തോറ്റുകൊടുക്കാന്‍പറ്റുമോ, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക്‌? തങ്ങള്‍ക്ക്‌ ആരുടേയും ഔദാര്യം ആവശ്യമില്ലെന്നുതന്നെ വെളിയം വെളിച്ചപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തങ്ങള്‍ പറഞ്ഞിട്ടല്ലെന്ന്‌ ഇസ്‌മായിലും കൈകഴുകി.

ഒടുവില്‍ മൂന്നാറിലെ വിവാദമന്ദിരം പൊളിച്ചു മാറ്റി മാതൃക കാണിക്കുമെന്നുവരെ ആരും കേള്‍ക്കാതെ പ്രഖ്യാപിച്ചിരിക്കുന്നു അവര്‍.അപ്പോഴാണ്‌ സി.പി.എമ്മിനും ബോധോദയമുണ്ടായത്‌. സി.പി.ഐ. പൊളിക്കാന്‍ തീരുമാനിച്ചാല്‍ തങ്ങള്‍ക്കു നോക്കി നില്‍ക്കാനാകില്ലല്ലോ. ഈ രവീന്ദ്രന്‍ ഒരു വില്ലനായി അവതരിക്കുമെന്ന്‌ അവരാരും സ്വപ്‌നത്തില്‍പോലും കരുതിയിരുന്നതല്ലല്ലോ. പാതി രവീന്ദ്രനും പാതി പാര്‍ട്ടികള്‍ക്കും എന്ന സമവാക്യവും ഏശാതെ വന്നപ്പോള്‍ രവീന്ദ്രന്‍ പട്ടയത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തിയ മന്ദിരം ഒഴിഞ്ഞ്‌ മാതൃകകാട്ടാനുള്ള തയ്യാറെടുപ്പിലാണ്‌ അവരും. ആദ്യം സി.പി.ഐയോ സി.പി.എമ്മോ എന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ സംശയമുള്ളു. ഭരിക്കുന്ന മുന്നണിയിലെ രണ്ടു മുഖ്യ കക്ഷികളുടെ കാര്യമാണേ ഇപ്പറയുന്നത്‌. ഇനിപ്പറ, സുരേഷ്‌കുമാര്‍ തന്നെയല്ലേ സഖാവേ ഇപ്പോളത്തെ സൂപ്പര്‍ സ്റ്റാര്‍?

3
കേരള മന്ത്രിസഭക്കിതു കഷ്‌ടകാലമോ നല്ലകാലമോ? ഉത്തരമെന്തുമായിക്കോട്ടെ, നല്ലകാലം തലക്കുമീതേ ഉദിച്ചു നില്‍ക്കുന്ന ഒരു മന്ത്രി നമുക്കേതായാലുമുണ്ട്‌. മറ്റാരുമല്ല, സാക്ഷാല്‍ ശ്രീമതിടീച്ചര്‍. രണ്ടുമൂന്നുമാസം മുമ്പ്‌ തലസ്ഥാനത്തൊരു കൂട്ടക്കൊലപാതകം നടന്നത്‌ എല്ലാരും ഓര്‍ക്കുന്നുണ്ടാകും. കൂട്ടക്കൊലപാതകമെന്നു വച്ചാല്‍ സര്‍ക്കാര്‍ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ പിടികൂടി കൊല്ലിച്ചതാണെന്നു കരുതരുത്‌. നമ്മുടെ സര്‍ക്കാര്‍ വിലാസം എസ്‌.എ.ടി.ആശുപത്രിയില്‍ നാല്‌പതോളം നവജാത ശിശുകളാ മരിച്ചത്‌. അണുകേറി ബാധിച്ചതിനു ടീച്ചറെന്തു പിഴച്ചു? കേരളത്തിലെ പ്രതിപക്ഷത്തിന്‌ ഈ അണുക്കളുടെ സംഘബലം പോലുമില്ലാത്തത്‌ ടീച്ചറിനു ഗുണമായി. പക്ഷേ നമ്മുടെ മാധ്യമസിണ്ടിക്കേറ്റ്‌ അങ്ങിനെയല്ലല്ലോ. അവര്‍ ഓരോന്നു ചിക്കിചികഞ്ഞുകൊണ്ടിരിക്കും കിട്ടിക്കഴിഞ്ഞാ കൊത്തിപ്പെറുക്കി ഒരു ബഹളം. പെട്ടെന്ന്‌ അടുത്തു മേയുന്നവരും അതിനുമീതേ ചാടിവീഴും. പിന്നെ പ്രശ്‌നമായി. അതൊന്നു തടയാന്‍ പറ്റിയാല്‍ കാര്യം ഗുരുതരം പ്രശ്‌നം നിസാരം എന്ന മട്ടില്‍ അവസാനിപ്പിക്കാം.

അതുകൊണ്ടാണ്‌ ശ്രീമതിടീച്ചറിന്റെ സ്വന്തം നേതാവ്‌ പിണറായി മൂന്നാറിനൊരു വിനോദയാത്രപോയത്‌. തൊട്ടടുത്ത എസ്‌.എ.ടിയില്‍ അണുബാധമൂലം മരിച്ച ശിശുക്കളുടെ മൃതദേഹം സംസ്‌കരിക്കും മുമ്പുള്ള ഈ യാത്ര എന്തായാലും ലക്ഷ്യത്തിലെത്തി. സിണ്ടിക്കേറ്റിലെ ചാനലുകള്‍ റിലേ മൂന്നാറിലേക്കു മാറ്റിയിപ്പോള്‍ പത്രങ്ങള്‍ പലതും അവിടൊരു യൂണിറ്റു തുറന്നുവെന്നാണു ജനസംസാരം. അതൊരു വിധം കത്തിപ്പിടിപ്പിച്ച്‌ എസ്‌.എ.ടി.പ്രശ്‌നത്തില്‍ നിന്നു തലയൂരി വരുമ്പോളാണ്‌ കൊതുകുകളെല്ലാംകൂടി പാടിപ്പാഞ്ഞു വരുന്നത്‌. കഴിഞ്ഞവര്‍ഷം ഇവറ്റകളെയെല്ലാംകൂടി ഓടിച്ചു വിട്ടതാണ്‌. വല്ല ജനപ്രതിനിധികളുമായിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തേക്കു പേടിക്കേണ്ടായിരുന്നു. പക്ഷേ കൊതുകിനുണ്ടോ വല്ല വിവരവും അവ വന്ന വരവ്‌? എത്രപേരേയും കൊണ്ടാ ഈ ക്ഷുദ്രജീവികള്‍ പോയത്‌? പനി പണ്ടുമുണ്ടായിരുന്നെന്ന കാര്യം വല്ലതും ഈ പത്രക്കാര്‍ക്കറിയുമോ? ആശുപത്രിയില്‍ മരിച്ചവരൊക്കെ പനിബാധിച്ചാണു മരിച്ചതെന്നല്ലേ അവരുടെ കണ്ടെത്തല്‍. എന്തുചെയ്യാം. വന്നുവന്നു മന്ത്രി സ്ഥാനംകൂടി ഇവറ്റകളെല്ലാംകൂടി കൊണ്ടുപോകുമോ എന്ന ഭയം വന്നപ്പോഴാണ്‌ ടീച്ചര്‍ കേന്ദ്രത്തില്‍ പോയി കാലുപിടിച്ചത്‌. അന്‍പുമണി രാംദാസ്‌ അയച്ച സംഘം എന്തായാലും കാര്യമായി സഹായിച്ചു. ചിക്കുന്‍ഗുനിയ ബാധിച്ച്‌്‌ ആരും മരിച്ചില്ലെന്ന്‌ അവര്‍ കണ്ടെത്തിയത്‌ താല്‍ക്കാലിക രക്ഷയായി. എന്നിട്ടും കൊതുകുകളുണ്ടോ വിടുന്നു. ഒടുവില്‍ ആനപ്പാറേല്‍ അച്ചാമ്മ അഞ്ഞൂറാന്റെ കാലുപിടിച്ചപോലെ ടീച്ചര്‍ നമ്മുടെ ഉദാരശിരോമണിയും മനസ്സാക്ഷിയുള്ളവനുമായ സാക്ഷാല്‍ അന്തോണിച്ചനോടു കേണു.

കേട്ടപാതി കേക്കാത്തപാടി രാജ്യസുരക്ഷക്കായി അന്തോണിച്ചന്‍ ഉണര്‍ന്നു. ബാഹ്യശക്തികളുടെ ആക്രമണം പോലെ തന്നെ അപകടകരമാണ്‌ ആഭ്യന്തരയുദ്ധവും കൊതുകെങ്കില്‍ കൊതുക്‌. പട്ടാളക്കാര്‍ക്ക്‌ ഇടക്കൊരു പണിയുള്ളതു നല്ലതല്ലേ. അവര്‍ തോക്കുമായി കൊതുകുവേട്ടക്കിറങ്ങി.പിന്നയല്ലേ രസം. സാധാരണഗതിയില്‍ നമ്മുടെ പോലീസുകാരുടെ തോക്കില്‍ ഉണ്ടയുണ്ടാകാറില്ലെന്നകാര്യം നാടുമുഴുവന്‍ പാട്ടാണ്‌. ഉണ്ട ചില നേതാക്കന്‍മാര്‍ ലാപ്‌ടോപ്പിന്റെ ബാഗില്‍ ഒളിപ്പിച്ചു നടക്കുന്നതും നമുക്കറിയാം. വല്ല പിള്ളാരും പിള്ളാരുകളിക്കു നാലു കല്ലെടുത്തെറിയുമ്പോള്‍ കണ്ണീര്‍ വാതകം പ്രയോഗിക്കാനാണല്ലോ നമ്മുടെ പോലീസിനു തോക്ക്‌. പക്ഷേ പട്ടാളത്തിനങ്ങിനെയാണോ.? അല്ലെന്നായിരുന്നു സാമാന്യ ജനത്തിന്റെ വിശ്വാസം. തോക്കും പീരങ്കിയുമൊക്കെയായി കൊതുകിനെ വെടിവച്ചിടാന്‍ വരുന്ന പട്ടാളത്തെ സ്വപ്‌നം കണ്ട്‌ നമ്മുടെ പാവം പൊതുജനം ഒരു ദിവസമെങ്കിലും സുഖമായിട്ടുറങ്ങിയിട്ടുണ്ടാകും.

എന്തായാലും വൈകിയില്ല. നാട്ടില്‍ പട്ടാളമിറങ്ങി. പക്ഷേ തോക്കില്‍ നിന്നു വെടിയുണ്ടകള്‍ക്കുപകരം ശുക്‌, ശുക്‌ എന്നൊരു ശബ്‌ദവും കുറേ പുകയും പുറത്തേക്കു വരുന്നതാണു ജനം കണ്ടത്‌. ഉല്‍സവപ്പറമ്പിലെ വെടിക്കെട്ടിനിടയില്‍ ഈ ശുക്ക്‌ കേള്‍ക്കുമ്പോള്‍ വെടി ചീറ്റിപ്പോയേ എന്നാര്‍ത്തു വിളിക്കും പോലെ ഒന്നു വിളിച്ചുകൂവണമെന്നു പലര്‍ക്കും തോന്നിയെങ്കിലും മുന്നില്‍ നില്‍ക്കുന്നത്‌ പട്ടാളമാണെന്ന ബോധം അവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചു. ഇനി കൊതുകെന്ന ശത്രുവിനെ തുരത്താന്‍ ഈ വെടിയൊക്കെ മതിയെന്ന്‌ നാട്ടിലെ ചില വിദ്യാസമ്പന്നര്‍ നിരക്ഷരകുക്ഷികളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്‌തു. ഫോഗിങ്ങെന്നോ മറ്റോ ആണ്‌ ഇതിനു പേരെന്ന്‌ ചാനലിലെ വാര്‍ത്ത കണ്ടപ്പോഴാണ്‌ ആളുകള്‍ക്കു പിടികിട്ടിയത്‌. എന്തായാലും അന്തോണിച്ചന്റെ പട്ടാളം പൊട്ടിച്ച പൊഹവെടി ശ്രീമതിടീച്ചറിനെ വീണ്ടും കാത്തു. ഇത്‌ ശുക്രന്റെ വിളയാട്ടമല്ലാതെ മറ്റെന്താണു സഖാവേ.. വെടിപൊട്ടിച്ചതും കൊതുകിനെ തുരത്തിയതും നമ്മടെ യു.പി.എ. സര്‍ക്കാരും അന്തോണിച്ചന്റെ പട്ടാളവുമാണെന്ന്‌ അവകാശപ്പെടുന്നതിനെപ്പറ്റി ആലോചിക്കാന്‍ പ്രതിപക്ഷം യോഗം ചേരുന്ന കാര്യം ആലോചിച്ചു വരികയാണെന്നാണു കേള്‍ക്കുന്നത്‌?

3 comments:

  1. മൂന്നുകഥകളും വായിച്ചു. ആദ്യത്തെ കഥ നല്ല ഇഷ്ടമായി. സ്റ്റൈല്‍മന്നന്‍ കലക്കിയ കലക്കല്‍..
    രണ്ടും മൂന്നും കഥകള്‍ (?) ചിന്തിപ്പിക്കുന്നു..
    നര്‍മ്മം കലര്‍ത്തി നന്നായി എഴുതിയിരിക്കുന്നു..

    ReplyDelete
  2. വക്രാ..കുരീപ്പുഴയുടെ ജെസ്സിയുടെ പ്രലോഭനം കണ്ടതാ ഇങ്ങോട്ട് കയറിയത്.എഴുത്ത് നന്നായിരിക്കുന്നല്ലോ..

    ആ ജെസ്സിയുടെ എമ്പീത്രി കിട്ടാനുണ്ടോ സര്‍ ? ഓരു കുറിപ്പയക്കുമോ kiranjose2ATgmail.com ?

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed