Sunday, June 10, 2007

പിണറായി വിജയം ആട്ടക്കഥ മൂന്നാര്‍ മോഡല്‍

വാര്‍ത്തകളില്‍ നിന്ന്‌ മൂന്നാര്‍ ഒഴിയുന്നില്ല. ഒരുപക്ഷേ കേരളത്തില്‍ ഇതാദ്യമാകാം, ഒരു സംഭവം തുടര്‍ച്ചയായി പത്രത്താളുകളില്‍ ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്നത്‌. സാധാരണഗതിയില്‍ മറ്റെന്തെങ്കിലും സംഭവം വന്ന്‌ ഇതിനെ കുത്തിയൊലിപ്പിച്ചുകൊണ്ടു പോകേണ്ടതാണ്‌.

ഉദാഹരണത്തിന്‌ ഇടുക്കിയിലെ തന്നെ മുല്ലപ്പെരിയാര്‍... എന്തായിരുന്നു പുകില്‍. ഒരാഴ്‌ചപോലും ആയുസ്സില്ലാതെ ആ വിഷയം ഒടുങ്ങി. അണക്കെട്ടു പൊട്ടുമെന്നു ഭയന്ന്‌ പുതിയൊരു ഡാമിനായി പെരിയാര്‍ തീരവാസികള്‍ നടത്തുന്ന അനിശ്‌ചിതകാല സമരം ഇരുനൂറാം ദിവസത്തിലേക്കു കടക്കുകയാണ്‌. പത്രങ്ങളുടെ ലോക്കല്‍ പോജില്‍ മാത്രം ആ സമരം ഒതുങ്ങുന്നു. വരുന്ന മഴക്കാലത്ത്‌ വാര്‍ത്തക്കു ക്ഷാമം നേരിടുന്ന മുഹൂര്‍ത്തത്തില്‍ ഏതെങ്കിലും പത്രക്കാരന്‍ വന്ന്‌ മുല്ലപ്പെരിയാര്‍ ഡാമിനെ ഒന്നു കുത്തിനോക്കി വീണ്ടും വിവാദമുണ്ടാക്കിയേക്കാം.

പറഞ്ഞു വന്നത്‌ മൂന്നാറിനെപ്പറ്റിയാണ്‌. എന്താണ്‌ മൂന്നാര്‍ ഒരു മാസമായിട്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌... കോടിക്കണക്കിനു രൂപ പത്രമാധ്യമങ്ങള്‍ക്കു പരസ്യം നല്‍കുന്ന സ്ഥാപനങ്ങളെപ്പോലും സഹായിക്കാന്‍ മിനക്കെടാതെ അവര്‍ അച്യുതാനന്ദനൊപ്പം (സര്‍ക്കാരിനൊപ്പമല്ല) നിലകൊണ്ടു. ഇടയ്‌്‌ക്കു വിവാദങ്ങള്‍ ഉണ്ടാകാഞ്ഞിട്ടല്ല. സര്‍ക്കാരിനു തന്നെ രാജിവച്ചിറങ്ങിപ്പോകാന്‍ ഒരു എസ്‌.എ.ടി. സംഭവം മാത്രം മതിയായിരുന്നു. ഇപ്പോള്‍ പനി ഗുരുതരമാകുമ്പോഴും മൂന്നാര്‍ ഒഴിഞ്ഞുപോകാന്‍ മടിക്കുകയാണ്‌. എന്തുകൊണ്ട്‌... പിണറായി കളിച്ച ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലമല്ലായിരുന്നോ ഇത്‌.

മാധ്യമസിണ്ടിക്കേറ്റിനെ വിദഗ്‌ധമായി കബളിപ്പിച്ച്‌ നടത്തിയ പിണറായി വിജയം ആട്ടക്കഥ. എസ്‌.എ.ടി. പ്രശ്‌നം മൂലം തന്റെ കൂട്ടത്തില്‍പെട്ട ശ്രീമതിടീച്ചര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്നു തോന്നിയ സമയത്ത്‌ പിണറായി മൂന്നാറിലെത്തി. പിണറായിയെ തോല്‍പിക്കാന്‍ അച്യുതാനന്ദന്‍ ഇടിച്ചുനിരത്തലിനിറങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാറിലെ വന്‍കിടക്കാര്‍ നല്‍കിയ പിരിവിന്റെ വലിപ്പമറിയാവുന്ന പ്രദേശികനേതൃത്വം ഒടുവില്‍ പ്ലേറ്റു മാറ്റിവച്ചു. പൊഴിക്കലില്‍ അച്ചുമാമന്‍ ഉറച്ചു നിന്നപ്പോള്‍ ഇടുക്കിയില്‍ വി.എസ്‌.പക്ഷത്തുറച്ചു നിന്നവര്‍ കളം മാറ്റിച്ചവിട്ടി. ഒടുവില്‍ പ്രശ്‌നമാകുമെന്നു വന്നപ്പോള്‍ സി.പി.ഐയും തിരിഞ്ഞു.

നിങ്ങള്‍ക്കറിയാമോ, സി.പി.ഐയുടേയും എ.ഐ.ടി.യു.സിയുടേയും നേതാവും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറുമായ സി.എ.കുര്യന്റെ മകന്‍ ടാറ്റാ കമ്പിനിയില്‍ ഉന്നതോദ്യോഗസ്ഥനാണ്‌.

മൂന്നാര്‍ ഇടിച്ചു നിരത്തല്‍ തുടങ്ങിയപ്പോള്‍ പരസ്യത്തോടു കൂറുകാട്ടി മാറിനിന്നാല്‍ ജനങ്ങള്‍ എതിരാകുമെന്നറിയാവുന്ന മാധ്യമങ്ങളും മറ്റൊന്നും ആലോചിച്ചില്ല. കണ്ണില്‍കണ്ടവരെയെല്ലാം കള്ളന്‍മാരാക്കി. ഇനി രസം കണ്ടോളൂ... തങ്ങള്‍ കയ്യേറ്റക്കാരല്ലെന്നു കാണിച്ച്‌ ബി.സി.ജി.ഗ്രൂപ്പും അബാദ്‌ ഗ്രൂപ്പും ടാറ്റയും പത്രപ്പരസ്യം നല്‍കി. സി.പി.ഐ ആകട്ടെ പത്രസമ്മേളനവും നോട്ടീസ്‌ വിതരണവുമാണ്‌ നടത്തിയത്‌. വന്‍കിടക്കാരെപ്പോലെ തന്നെ അവരും പറയുന്നു, ഞങ്ങള്‍ കോടതിയില്‍പോകും.... ഇവരും വന്‍കിടക്കാരും പറയുന്നത്‌ ഒരേ കാര്യമല്ലേ. അപ്പോള്‍ സി.പി.ഐയെ ഒഴിവാക്കിയാല്‍ മറ്റുള്ളവരേയും ഒഴിവാക്കണം. സി.പി.ഐക്കു നഷ്ടം നല്‍കേണ്ടി വന്നാല്‍ മറ്റുള്ളവര്‍ക്കും അതു നല്‍കണം.ചാന്‍സലര്‍ റിസോര്‍ട്ടിന്റെ മുന്‍വശത്തെ ഗേറ്റ്‌ പൊളിച്ചപോലൊരു പണി മാത്രമേ സി.പി.ഐ വിലാസം മൂന്നാര്‍ ടൂറിസ്റ്റുഹോമിലും ദൗത്യസംഘം നടത്തിയിരുന്നുള്ളു. വിളവുതിന്നുന്ന വേലിയെക്കണ്ടപ്പോള്‍ പത്രക്കാര്‍ക്കു കൗതുകം വര്‍ധിച്ചതിനാല്‍ അതിനല്‍പം പ്രാധാന്യം കൂടിപ്പോയെന്നു മാത്രം. പക്ഷേ ശക്തമായൊന്നു പ്രതികരിക്കാന്‍ ടാറ്റയെ തൊട്ടുകളിക്കും വരെ സി.പി.ഐക്കു കാത്തിരിക്കേണ്ടി വന്നു.

ഇസ്‌മായില്‍ പറയുന്നതുകേട്ടാല്‍തോന്നും മൂന്നാറില്‍ സി.പി.ഐക്കാര്‍ മാത്രമേ ഉള്ളുവെന്ന്‌. അതൊക്കെ പണ്ടായിരുന്നെന്ന്‌ ഇന്നെല്ലാവര്‍ക്കും അറിയാം. ടാറ്റയുടെ അടിവേരിളകിയാല്‍ എല്ലാ പാര്‍ട്ടിക്കാരുടേയും മൂന്നാര്‍ ആധിപത്യം തകരും. തമിഴര്‍ക്കു പണിയില്ലാതെ വന്നാല്‍ പിന്നെ പ്രകടനങ്ങള്‍ക്കിറങ്ങാന്‍ ആളില്ലാതാവും. അതാണ്‌ എ.കെ.മണിയെന്ന മുന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. നേരിട്ടും മറ്റുള്ളവര്‍ പരോക്ഷമായും ടാറ്റയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌. ഈ അവസരം പിണറായി നന്നായി മുതലാക്കി. സിപി.ഐയുടെ ഈ അപാര ചങ്കൂറ്റത്തിനു പിന്നിലെ ചേതോവികാരം പിണറായിയുടെ രഹസ്യപിന്തുണയല്ലാതെ മറ്റെന്ത്‌.

സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതേയുള്ളു.. ഇപ്പോഴത്തെ ഈ ടെമ്പോ ഇനിയൊരു നാലുവര്‍ഷം കൂടി നിലനിര്‍ത്താന്‍ അച്ചുമാമനെക്കൊണ്ടാകില്ലെന്ന്‌ പിണറായിക്കറിയാം. അപ്പൊപ്പിന്നെ ജനങ്ങളുടെ പിന്തുണ എന്നു പറയുന്നതിലൊന്നും വലിയ കാര്യമില്ല. അല്‍പം കഴിയുമ്പം ഭൂരിപക്ഷകഴുതകള്‍ ഇതൊക്കെ മറക്കും. അതിനിടയില്‍ മൂന്നാര്‍ ഓപ്പറേഷന്റെ പേരില്‍ വി.എസ്‌. പാര്‍ട്ടിയിലും ഒറ്റപ്പെടും, വന്‍കിടക്കാരുടെ സഹായം കിട്ടാതാകുകയും ചെയ്യും... ഇതല്ലേ ഈ പിണറായിവിജയം ആട്ടക്കഥയുടെ കാതല്‍....

3 comments:

 1. കാരണങ്ങള്‍ ഇതൊക്കെയാവാം, അല്ലായിരിക്കാം, ആര്‍ക്കറിയാം...?

  എന്തായാലും എല്ലാ പാര്‍ട്ടികളും നിയമലംഘനം മൂന്നാറില്‍ നടത്തിയിട്ടുണ്ട് എന്നാണ് പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലായത്. എല്ലാ പാര്‍ട്ടികളുമുള്ളതുകൊണ്ട് ബായ്ക്ക് റ്റു സ്ക്വയര്‍ വണ്‍ എന്ന രീതിയായി നാട്ടുകാര്‍ക്ക് എന്ന് തോന്നുന്നു. എല്ലാവരും കണക്കാ എന്നാണെങ്കില്‍ പിന്നെ ആര്‍ക്കുമില്ലല്ലോ മുന്‍‌കൈ. അതുകൊണ്ട് എല്ലാവര്‍ക്കും ആശ്വാസം.

  ReplyDelete
 2. ചേരികള്‍ ഇടിച്ച് നിരത്തുന്ന,അനേകം തൊഴിലാളികളുടെ തൊഴില്‍ അവസരങ്ങള്‍ നശിപ്പിക്കുന്ന ഒരു ജുറാസിക്ക് യന്ത്രമയിരുന്നു ജെ.സി.ബി കഴിഞ്ഞ കുറച്ച് നാള്‍ മുന്‍പ് വരെ.അതിന് ജനകീയ മുഖം നല്‍കിയത് നമ്മുടെ ജനകീയനായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ നിറം നിര്‍ണ്ണയിക്കപ്പെടാത്ത 3 പൂച്ചകളും ആയിരുന്നു.ആദ്യമാദ്യം തോന്നിയ രസം പൊളിക്കല്‍ മുന്നോട്ട് പോകും തോറും ഒരു ഭീതിയായ് വളര്‍ന്നു.ചെറുകിടക്കാരെയും പാവങ്ങളെയും ഒഴിവാക്കും എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പലവുരു പറഞ്ഞുവെങ്കിലും ആരെങ്കിലും അത്തരത്തിലുള്ളവര്‍ ഇതില്‍ പെട്ട് പോയാല്‍ എന്തായിരിക്കും അവസ്ഥ.

  ഇരമ്പുന്ന ജനകീയഘോഷം,ശക്തമായ മാധ്യമ പിന്തുണ,ലൈവ് വീഡിയോ കവറേജ്;സെക്രട്ടറിയേറ്റിന്റെ ഇരുണ്ട ഗുഹകളില്‍ മന്ത്രിമാര്‍ക്ക് ചരമോപചാരം എഴുതി കൊടുത്തും പൊതുജനത്തോട് നിഴല്‍ യുദ്ധം നടത്തിയും നിര്‍വൃതി കൊള്ളുന്ന ബ്യൂറോക്രാറ്റ് സിംഹത്തിന് മെഗലോമാനിയ (കട:രണ്‍ജി പണിക്കര്‍)പിടിപെടാന്‍ ഇതില്‍ പരം എന്ത് വേണം.പോരാഞ്ഞ് പൈങ്കിളീ പെണ്മാസികകളില്‍ വീരനായക പദവി.I am the state, atleast in Munnar; എന്ന് മാന്യദേഹത്തിന് സന്ദേഹം തോന്നിയില്ലെങ്കിലേ അല്‍ഭുതം.

  മുഖ്യമന്ത്രിക്ക് പരമസന്തോഷം.ഭരണത്തിലെ പോരായ്മകള്‍ ജനം മറന്നു.ഏഡിബി ട്രപ്പീസിലെ മലക്കം മറിച്ചിലും നടുവടിച്ചുള്ള വീഴ്ച്ചയും വീണത് വിദ്യയാക്കിയുള്ള നടപ്പും ജനം മറന്നു.പാര്‍ട്ടി പിണറായി കൊണ്ടു പോയപ്പോള്‍ സമസ്തവും നഷ്ടപ്പെട്ട അവസ്ഥയല്ല ഇന്ന്.പുതിയ ഒരു പോര്‍മുഖം തുറക്കാന്‍ സാധിച്ചിരിക്കുന്നു.മകന് ചെയ്ത് കൊടുത്ത ചെറിയ സഹായമുണ്ടാക്കിയ വിവാദത്തില്‍ നിന്ന് പരിക്കില്ലാതെ മുന്നോട്ട് വരാന്‍ സാധിച്ചിരിക്കുന്നു.

  ഇതിലുമപ്പുറം ഇടതുമുന്നണിയില്‍ താനല്ലാതെ അഴിമതിക്കാരനല്ലാത്തവരായി ആരുമില്ലെന്ന് വരുത്താന്‍ സാധിച്ചിരിക്കുന്നു.കഷ്ടകാലസമയത്ത് കൂടെ നിന്നവരാണ് വെളിയവും ചന്ദ്രചൂഡനും.ഇതില്‍ വെളിയത്തിനെങ്കിലും ഒരു പണി കൊടുത്ത് ഉപകാര സ്മരണ കാട്ടേണ്ടേ.ആര്‍.എസ്.പിക്ക് ആകെ ഉള്ള ഒരു രക്ത്സാക്ഷി മണ്ഡപമാണ് ചന്ദനത്തോപ്പിലേത്.അത് പൊളിച്ച് ചന്ദ്രചൂഡനും ഒരു പണി കൊടുക്കണമെന്നാഞ്ഞതാണ്.നടന്നില്ല.എങ്കിലും സാരമില്ല സി.പി.ഐ യെ ഒതുക്കാന്‍ നമ്പൂതിരിപ്പാട് പാടെത്ര പെട്ടതാണ്.ഇന്ന് സി.പി.ഐയെ മൊത്തം വനം കൊള്ളക്കാരും കൈയ്യേറ്റക്കാരും റ്റാറ്റയുടെ സില്‍ബന്ധികളുമാക്കാന്‍ സാധിച്ചു.റ്റാറ്റയുടെ സാമ്രാജ്യത്തില്‍ പകുതി 1971 പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയാക്കിയത് അചുതമേനോനും സിപിഐയും ആണ്.പഴങ്കഥയൊക്കെ ആരോര്‍ക്കാന്‍.ഇപ്പോള്‍ വി.എസ് അല്ലാതെ ആദര്‍ശവാദി ഈ ഭൂമിമലയാളത്തില്‍ മരുന്നിനു പോലും കിട്ടാനില്ലാത്ത അവസ്ഥ.ചത്തുപോയവരിലും ഇല്ല ജീവിച്ചിരിക്കുന്നവരിലും ഇല്ല.

  1999ല്‍ നല്‍കിയ പട്ടയം നിയമവിരുദ്ധമാണെന്ന് സുരേഷ്കുമാര്‍.ആ പട്ടയത്തെ രവീന്ദ്രന്‍ പട്ടയമെന്നാണ് വിളിക്കുന്നത്.അന്നത്തെ കലക്ടര്‍ വി.ആര്‍.പത്മനാഭന്‍ നല്‍കിയ സ്പെഷ്യല്‍ അധികാരമുപയോഗിച്ച ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ആയിരുന്ന ശ്രീ രവീന്ദ്രന്‍ കൊടുത്ത പട്ടയങ്ങളാണ് പില്‍ക്കാലത്ത് രവീന്ദ്രന്‍ പട്ടയങ്ങളെന്നറിയപ്പെട്ട 1999ലെ പട്ടയങ്ങള്‍.

  അഡീഷണല്‍ തഹസില്‍ദാറിന് ചാര്‍ജ്ജ് നല്‍കിയതില്‍ അപാകതയുണ്ടോ എന്ന് നോക്കേണ്ടത് കോടതിയാണ്.പിന്നെ ആ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചത് ഇടതുമുന്നണിയും അതിന്റെ സര്‍ക്കാരും.അന്നത്തെ മുന്നണി കണ്‍വീനര്‍ ഇന്നത്തെ മുഖ്യമന്ത്രി സാക്ഷാല്‍ വി.എസ്.അന്നത്തെ മുന്നണിയുടെ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കാനുള്ള പ്രത്യേകാധികാരവും വി.എസ്.തുല്യം ചാര്‍ത്തി നല്‍കിയിട്ടുണ്ടോ ഈ പൂച്ചക്ക്? അന്നത്തെ രാഷ്ട്രീയ തീരുമാനം തെറ്റായിരുന്നുവെങ്കില്‍ അന്ന് മന്ത്രി ആയിരുന്ന ഇസ്മയിലിനെക്കാള്‍ ഉത്തരവാദിത്തം കണ്‍വീനറായിരുന്ന അങ്ങേയ്ക്കല്ലേ?

  മേല്‍പ്പറഞ്ഞ പട്ടയപ്രകാരം 25 സെന്റ് കിട്ടിയിട്ടുണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്.അവിടെ പാര്‍ട്ടി ഓഫീസും അതിനോട് ചേര്‍ന്ന് ഒരു ലോഡ്ജുമുണ്ട്.അല്ലയോ നീതിമാനായ മുഖ്യമന്ത്രി,അങ്ങയുടേ പൂച്ച പറയുന്നതെല്ലാം സത്യമാണെങ്കില്‍ ആ ജെ.സി.ബി ആകുന്ന അങ്ങയുടെ രഥം തെളിക്കേണ്ടത് ആ പാര്‍ട്ടി ഓഫീസിന്റെ നെഞ്ചത്തേക്കാണ്.ഇപ്പോള്‍ പൊളീറ്റ് ബ്യൂറോയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടേ ഉള്ളൂ. അത് എന്നെന്നേക്കുമായുള്ള പുറത്താക്കലായി മാറ്റിയ്യെടുക്കാം.പിന്നെ ഫുള്‍ റ്റൈം ജനകീയനായി വേലിക്കകത്ത് വീട്ടിലിരിക്കാം.
  ഇത്തിരി പുളീക്കും അല്ലേ... പിന്നെ അതിനല്ലേ ഞാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍ ഈഈഈഈഇ പാടൊക്കെ പെട്ട് ഈഈഈഈഈഈ കസേരയില്‍ കയറിയത്

  ReplyDelete
 3. ഏതായാലും പിണറായി വിജയന്‍ ഉള്ളതുകൊണ്ട്‌ പലര്‍ക്കാണ്‌ ഗുണം. CPI യൊ RSP യൊ എന്തെങ്കിലും പറഞ്ഞാലും പകുതി പിണറായിക്ക്‌ കിട്ടും. പണ്ട്‌ ADB വായ്പയേ CPI RSP യും എതിര്‍ത്തപ്പോള്‍ പിണറായി വില്ലനായി. ഇപ്പോള്‍ CPI മൂന്നാര്‍ ദൌത്യ സംഘത്തെ എതിര്‍ത്തപ്പോള്‍ പിന്നില്‍ പിണറായി എന്നായി. ഇപ്പം ഒന്നിനും തെളിവു വേണ്ട. ആര്‍ക്കും എന്തു എഴുതാം പക്ഷെ ചില പ്രയോഗങ്ങള്‍ വേണമെന്ന് മാത്രം. ഉദാഹരണത്തിന്‌ "ചില കേന്ദ്രങ്ങള്‍ റിപ്പോട്ട്‌ ചെയ്യുന്നു, സംശയിക്കുന്നു, രാഷ്ട്രീയ നിരീസ്കകര്‍ കരുതുന്നു, സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല " എന്നിങ്ങനെ പോകുന്നു അവ. എല്ലാം ഒരുതരത്തില്‍പ്പറഞ്ഞാല്‍ സംശയം പക്ഷെ ഉദ്ദേശം നടക്കുകയും ചെയ്യും അച്ചുതാനന്ദന്റെ സമയം അല്ലാതെന്തു പറയാ.

  ReplyDelete

FEEDJIT Live Traffic Feed