രണ്ടായിരത്തിരണ്ടിലാണ്.
ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലേക്ക് തലസ്ഥാനത്തു നിന്നു സ്റ്റേറ്റുകാറുകള്‍ പാഞ്ഞെത്തിയ കാലം. അവിടെ നിന്നു പതിമൂന്നു കിലോമീറ്റര്‍ കാട്ടുപാതയിലൂടെ കയറ്റംകയറി മതികെട്ടാനിലെത്താന്‍ സ്റ്റേറ്റുകാറുകള്‍ക്കാകുമായിരുന്നില്ല. ആയതിനാല്‍ സ്റ്റേറ്റുകാറുകളിലെത്തുന്നവര്‍ക്കായി ശാന്തന്‍പാറയിലെ ടാക്‌സി ജീപ്പുകാര്‍ കാത്തുകിടന്നു. വനം, പൊലീസ്, റവന്യു വകുപ്പുകളുടെ ജീപ്പുകള്‍ക്കൊപ്പം ശാന്തമ്പാറക്കാരുടെ വാഹനങ്ങള്‍ ടാക്‌സിയായി മതികെട്ടാന്‍ കയറി. നെടുങ്കണ്ടത്തുള്ള ഉടുമ്പഞ്ചോല താലൂക്ക് ഓഫിസില്‍ നിന്ന് ശാന്തമ്പാറ, പൂപ്പാറ വില്ലേജ് ഓഫിസുകള്‍ വഴി ടാക്‌സിക്കാര്‍ക്കു വിളിവന്നു. ഒരു പോക്കിന് കുറഞ്ഞ നിരക്ക് 500 രൂപ. അന്ന് റവന്യു മന്ത്രിയായിരുന്ന കെ.എം.മാണി മതികെട്ടാന്‍ മല കയറിയപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ഭരണസാരഥ്യമുള്ള ബാങ്കിന്റെ ഉടമസ്‌ഥതയിലുള്ള (ദോഷം പറയരുതല്ലോ, മതികെട്ടാനില്‍ ഉദാരമായി വായ്‌പ നല്‍കിയതിന്റെ ഈടായി ഇതേ ബാങ്കു സ്വീകരിച്ച ഹെക്‌ടറു കണക്കിനു ഭൂമി സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ച അതിരുകള്‍ക്കുള്ളിലുണ്ടായിരുന്നു!) അല്‍പം പോഷായ വാഹനമാണ് ഉപയോഗിച്ചത്. മറ്റെല്ലാവര്‍ക്കും വാഹനങ്ങളൊരുക്കാന്‍ ഉടുമ്പഞ്ചോല താലൂക്കിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായിരുന്നു.
ആദ്യം, കൃത്യമായി പറഞ്ഞാല്‍ 2002ലെ വിഷുദിനത്തിന്റെ പിറ്റേന്ന്, ഏപ്രില്‍ 15ന് അന്നത്തെ വനം മന്ത്രി കെ.സുധാകരന്‍ മതികെട്ടാന്‍മല കയറി. അദ്ദേഹത്തിനു വഴികാട്ടിയായി ദേവികുളം റേഞ്ച് ഓഫിസര്‍ വി.കെ.ഫ്രാന്‍സിസ്, ആര്‍.ഡി.ഒ: ടി.ടി.ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു. മതികെട്ടാനിലെത്തിയ മന്ത്രി ആഞ്ഞടിച്ചത് അന്നത്തെ ജില്ലാ കളക്‌ടറായിരുന്ന കെ.ജെ.മാത്യുവിനെതിരേയാണ്. ഒടുവില്‍ മാത്യുവിനെ സ്ഥലംമാറ്റി രാജന്‍ ഖൊബ്രഗഡെയെ കളക്‌ടറായി നിയമിച്ചു. പിന്നീട് വിജിലന്‍സ് അന്വേഷണത്തെതുടര്‍ന്ന് മാത്യു സസ്‌പെന്‍ഡു ചെയ്യപ്പെട്ടു. എന്തായാലും മതികെട്ടാന്‍ കത്തിപ്പടര്‍ന്നു. ഒടുവില്‍ ഉടുമ്പഞ്ചോലയിലെ സകല റവന്യു ഉദ്യോഗസ്ഥരേയും കൂട്ടത്തോടെ സ്ഥലം മാറ്റി. മതികെട്ടാനില്‍ നിന്ന് 100 കിലോമീറ്ററിലധികം അകലെയുള്ള വില്ലേജ് ഓഫിസിലെ പ്യൂണിനുപോലും രക്ഷയുണ്ടായില്ല.
ഇത്രയുമായപ്പോള്‍ മറ്റു ചില ഭാഗങ്ങളില്‍ നിന്നു മുറുമുറുപ്പുയര്‍ന്നു. മതികെട്ടാന്‍ കയ്യേറ്റത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കുള്ളതുപോലെ പങ്ക് വനംവകുപ്പുകാര്‍ക്കുമുണ്ട്. എന്തായാലും സംരക്ഷിക്കാവുന്നതിന്റെ പരമാവധി മന്ത്രി കെ.സുധാകരന്‍ പയറ്റിനോക്കി. ഒടുവില്‍ രക്ഷയില്ലാതെ വന്നപ്പോള്‍ ഏതാനും ജീവനക്കാര്‍ക്കെതിരേ നടപടി എടുത്തു. മതികെട്ടാന്‍ പ്രശ്‌നത്തിന്റെ പേരില്‍ വധഭീഷണിയുണ്ടെന്നു സര്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഔദ്യോഗിക റിവോള്‍വര്‍ വരെ ലഭിച്ച വി.കെ.ഫ്രാന്‍സിസും സസ്‌പെന്‍ഷന്‍ ലഭിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നു. അഞ്ചു വര്‍ഷത്തിനിപ്പുറം ഫ്രാന്‍സിസിന്റെ സസ്‌പെന്‍ഷനെപ്പറ്റി കെ.സുധാകരനോടു ചോദിക്കുക. എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ഫ്രാന്‍സിസിനേയും സസ്‌പെന്‍ഡു ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം കുറ്റക്കാരനാണെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നുമായിരിക്കും സുധാകരന്റെ മറുപടി.
മതികെട്ടാന്‍ നടപടിയെത്തുടര്‍ന്ന് ഉടുമ്പഞ്ചോല താലൂക്കിലേക്കു മറുനാട്ടുകാരായ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ ഭരണസംവിധാനമപ്പാടെ താറുമാറായി. പല ഫയലുകളുടേയും കാര്യത്തില്‍ സഹായത്തിനായി മുമ്പ് ഉടുമ്പഞ്ചോലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൂട്ടുപിടിക്കേണ്ടി വന്നു, പുതിയവര്‍ക്ക്.2007ല്‍ രംഗം മാറി. മൂന്നാറായി വിഷയം. കയ്യേറ്റം കാണാനായി മൂന്നാറിലെത്തിയ മന്ത്രിമാര്‍ ജില്ലാ കളക്‌ടര്‍ ടി.കെ.രാജപ്പനെതിരേ ആഞ്ഞടിച്ചു. ഫലം രാജപ്പന്‍ തെറിച്ചു, പകരം ശക്തരില്‍ ശക്തന്‍ രാജു നാരായണ സ്വാമി കുടിയിരുത്തപ്പെട്ടു. ഒപ്പം ദേവികുളം ഉടുമ്പഞ്ചോല താലൂക്കുകളിലെ മുഴുവന്‍ റവന്യു ജീവനക്കാരേയും കൂട്ടത്തോടെ സ്ഥലം മാറ്റി.സ്ഥലം മാറ്റപ്പെട്ടവര്‍ക്കൊപ്പം അന്ധനായ ഒരു ജീവനക്കാരനുമുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ രക്ഷിതാക്കള്‍ നഷ്‌ടപ്പെട്ട് സര്‍ക്കാര്‍ ദത്തുപുത്രിയായി പ്രഖ്യാപിച്ചു ജോലി നല്‍കിയ പെണ്‍കുട്ടിയുമുണ്ടായിരുന്നു. മൂന്നാര്‍ വിവാദം കത്തിപ്പടരുമ്പോള്‍ ആ ഉദ്യോഗസ്ഥ പ്രസവക്കിടക്കയിലായിരുന്നെന്നതാണു വിരോധാഭാസം. ഏതാനും ആഴ്‌ചകള്‍ ഈ താലൂക്കുകളില്‍ പ്രവര്‍ത്തനമേ നടന്നില്ല. ഒരുതരം ശ്‌മശാനമൂകത.
മതികെട്ടാനിലും മൂന്നാറിലും നടപടി റവന്യു ജീവനക്കാര്‍ക്കെതിരേ മാത്രമായിരുന്നു. അനധികൃതമെന്നു സര്‍ക്കാര്‍ കണ്ടെത്തിയ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നിര്‍മാണാനുമതി നല്‍കിയ, അവയ്‌ക്കു നമ്പര്‍ ഇട്ടുകൊടുത്ത തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരേയോ ഭരണാധികാരികള്‍ക്കെതിരേയോ നടപടികളുണ്ടായില്ല. ആരെയെങ്കിലും പഴിചാരി മുഖം രക്ഷിക്കുക എന്നതിലുപരി യഥാര്‍ഥ തെറ്റുകാരെ കണ്ടെത്തി ശിക്ഷിക്കാന്‍ നമ്മുടെ അധികാരികള്‍ തയ്യാറല്ലെന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ് ഈ രണ്ടു സംഭവങ്ങള്‍.
ഇനി സമീപകാല ചരിത്രം. മൂന്നാറില്‍ നിന്നുതന്നെ തുടങ്ങാം. അവിടെ സര്‍ക്കാരിന് അന്യാധീനപ്പെട്ട 11,000 ഏക്കര്‍ ഭൂമി ഇതുവരെ തിരിച്ചുപിടിക്കാനായിട്ടില്ലെന്നതാണു വാസ്‌തവം. അതിനായി നിയോഗിക്കപ്പെട്ട മൂന്നംഗ ദൗത്യസംഘം നയിക്കപ്പെട്ടത് മറ്റു ചില ലാവണങ്ങളിലേക്കായിരുന്നു. പൂച്ചകള്‍ക്കു മണികെട്ടാന്‍ ഇറങ്ങിത്തിരിച്ച എലികള്‍ ഒളിപ്പിച്ചുവച്ച കെണികളിലേക്ക്. അതിലൊന്നായിരുന്നു ധന്യശ്രീ യാത്രിനിവാസ്. മൂന്നാര്‍ മിഷന്റെ ശവപ്പെട്ടിയില്‍ ആദ്യ ആണി തറച്ചത് അവിടെ നിന്നാണ്. അങ്ങിനെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്ന് രവീന്ദ്രന്‍ എന്നൊരു വില്ലന്‍താരം ഉദിച്ചുയര്‍ന്നു. ദേവികുളം അഡീഷണല്‍ തഹസില്‍ദാരായിരുന്ന എം.ഐ.രവീന്ദ്രന്റെ സര്‍വീസ് കാലാവധി കഴിഞ്ഞിരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ പോലുള്ള നാടകങ്ങള്‍ ഉണ്ടായില്ല. പക്ഷേ, രവീന്ദ്രനു പട്ടയം നല്‍കാന്‍ അധികാരം നല്‍കിയ ഉദ്യോഗസ്ഥരെപ്പറ്റി ആരുമൊന്നും മിണ്ടിക്കേട്ടതേയില്ല.
മൂന്നാറിന്റെ കാര്യത്തില്‍ മാത്രമല്ല, മതികെട്ടാനിലും ഇതുതന്നെയായിരുന്നു സംഭവിച്ചത്. വര്‍ഷങ്ങളായി കയ്യേറ്റത്തിന് ഒത്താശ ചെയ്‌തിരുന്നവരെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല. അവരൊക്കെ ക്ലീന്‍ ഇമേജില്‍ മുങ്ങി നടന്നു. വിവാദത്തിനു തൊട്ടുമുമ്പെത്തിയവര്‍ക്കാകട്ടെ തട്ടുകിട്ടുകയും ചെയ്‌തു.
മൂന്നാറിന്റെ ബലിയാടുകളും മൂന്നുപേരായിരുന്നു. കെ.സുരേഷ്‌കുമാര്‍, ഋഷിരാജ് സിങ്, രാജു നാരായണസ്വാമി എന്നിവര്‍. ആദ്യം സുരേഷ്‌കുമാറിനെ ഒതുക്കി. തനിക്കു പകര്‍ന്നു കിട്ടിയ അധികാരങ്ങളില്‍ അമിത ആത്മവിശ്വാസമര്‍പ്പിച്ച് മാധ്യമങ്ങളില്‍ മെഗാസ്റ്റാറായി നിറഞ്ഞു നിന്ന സുരേഷ്‌കുമാറിനെ കാത്തിരുന്നത് സുരേഷ്‌ഗോപിയുടെ വിധിയായിരുന്നു. തിളങ്ങിനില്‍ക്കെ ഒരു ഉരുണ്ടുവീഴല്‍. പക്ഷേ സ്വന്തം കഴിവുകൊണ്ടു മുഖം രക്ഷിക്കാന്‍ സുരേഷ്‌കുമാറിനു കഴിഞ്ഞു. കാര്യങ്ങള്‍ തന്റെ കൈവിട്ടുപോകുകയാണെന്നു കണ്ട സുരേഷ്‌കുമാര്‍ ഒട്ടും മടിക്കാതെ അവധിയില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ക്കു വഴങ്ങാതിരുന്ന സുരേഷ്‌കുമാറിന് ഇപ്പോള്‍ സര്‍ക്കാരിന സേവിക്കാതെതന്നെ വേതനം വാങ്ങാന്‍ അവസരമൊരുക്കി കൊടുത്തിരിക്കുകയാണ്. വെറുതേ വീട്ടിലിരിക്കുക, മൂന്നോ നാലോ മാസം കൂടുമ്പോള്‍ ദേവികുളം സബ്‌ട്രഷറിയിലെത്തി ശമ്പളം ഒന്നിച്ചു കൈപ്പറ്റുക. ഇനി കോടതിയലക്ഷ്യത്തിന്റെ പേരില്‍ കൂട്ടില്‍കയറി നില്‍ക്കാനായി ഇടയ്‌ക്കൊക്കെ എറണാകുളം വരെ പോകുകയുമാകാം. സര്‍ക്കാരിനുവേണ്ടി ശക്തമായ നടപടികളെടുത്ത ഒരു ഉദ്യോഗസ്ഥന് ഇതില്‍കൂടുതല്‍ എന്തു പാരിതോഷികമാണു സര്‍ക്കാര്‍ നല്‍കേണ്ടത്.
ഐ.ജി.ഋഷിരാജ് സിങ്ങാകട്ടെ ആരേയും പിണക്കിയില്ല. ആകെപ്പാടെ പിണക്കിയത് സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ഒരു ഉന്നതനെ മാത്രം. അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടുവന്നപ്പോഴേക്കും സമയം നല്ലതായിരുന്നതിനാല്‍ ഋഷിരാജ് സിങ് രക്ഷപ്പെട്ടു. പിന്നെ മൂന്നാര്‍. അവിടെയും തന്റെ വിധി മറ്റൊന്നാകില്ലെന്നു കണ്ട സിങ് മകന്റെ പഠനകാര്യത്തിനായി വിദേശത്തേക്കു പറന്നു. കര്‍മനിരതരായ ഉദ്യോഗസ്ഥര്‍ക്ക് അതിലും പ്രധാനമാകണമല്ലോ കുടുംബകാര്യങ്ങള്‍. പിതാവിന്റെ കടമ കഴിഞ്ഞുമാത്രം മതി സര്‍ക്കാരിനോടുള്ള കൂറും ജനത്തോടുള്ള കര്‍ത്തവ്യനിര്‍വ്വഹണവും എന്നു ഋഷിരാജ് സിങ് ആദ്യം തന്നെ തിരിച്ചറിഞ്ഞു.
അവസാനം കഷ്‌ടത്തിലായത് ജില്ലാ കളക്‌ടര്‍ രാജു നാരായണസ്വാമിയാണ്. കൂട്ടുകാര്‍ രണ്ടുപേരും സ്വയമറിഞ്ഞു പിന്‍വാങ്ങിയിട്ടും വെറുതേ പുലിവാലുപിടിക്കാന്‍ ഇടുക്കിക്കാടിനുള്ളില്‍ അട്ടിപ്പേറു കിടന്ന സ്വാമിക്ക് കഴിവുകെട്ടവനെന്ന പേരും മുഖ്യമന്ത്രി പതിച്ചുകൊടുത്തു. മൂന്നാറിലെ നടപടികള്‍ക്കിടയില്‍തന്നെ സ്വാമിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്.അന്നൊക്കെ പരുക്കേല്‍ക്കാതെ രക്ഷപെട്ട സ്വാമി വെറുതേ കുരുവിളക്കിട്ടും ജോസഫിനിട്ടും ചൊറിഞ്ഞുതുടങ്ങിയതാണ് വിനയായത്. ഇടതുമുന്നണിയില്‍ സി.പി.ഐയെപ്പോലും കടത്തിവെട്ടി സ്വാധീനശക്തിയായി മാറുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ മനസ്സിലാക്കാന്‍ സാത്വികനായ സ്വാമിക്കു കഴിയാതെപോയി. ഇടുക്കി ജില്ലയില്‍ കൂടുതല്‍ മികച്ച ഒരു കളക്‌ടര്‍ വേണമെന്ന മുന്നണിയുടെ തീരുമാനമാണ് സ്വാമിയെ തെറിപ്പിച്ചത്.
പകരം വന്ന കലക്‌ടറുടെ കഴിവിനെപ്പറ്റി അധികമാരും കേട്ടറിഞ്ഞിട്ടില്ലാത്തതിനാല്‍ കണ്ടറിയാമെന്നു വച്ചപ്പോള്‍ ദാ വരുന്നു അടുത്ത കമന്റ്. അശോക് കുമാര്‍ സിങ്ങിനെ നിയമിക്കുന്നതു താല്‍ക്കാലികമാണ്. അതായത് കഴിവുള്ള ഒരാളെ കണ്ടെത്തുംവരെമാത്രം നിയമനം. അശോക് കുമാര്‍ സിങ്ങും കഴിവുകെട്ടവനാണെന്നു വ്യംഗ്യം. എങ്കില്‍പിന്നെ സ്വാമിയെ തിരക്കിട്ടു മാറ്റണമായിരുന്നോ എന്നൊരു ചോദ്യം അവശേഷിക്കുന്നു.
ഇതിനിടയിലാണ് മെര്‍ക്കിന്‍സ്റ്റണ്‍ ഇടപാടു വന്നത്. നമ്മുടെ സംസ്ഥാനത്തെ ജീവനക്കാരെല്ലാം കഴിവുകെട്ടവരും അശ്രദ്ധയോടെ ജോലിചെയ്യുന്നവരും ഒക്കെയാണെന്നു സര്‍ക്കാരിനു മനസ്സിലായത് ഈ സംഭവത്തോടെയാണ്. തനിക്കൊരു നോട്ടപ്പിശകു പറ്റിയെന്നു സാക്ഷാല്‍ മന്ത്രി സമ്മതിച്ചിട്ടും അതു സമ്മതിക്കാന്‍ തലയില്‍ മുടിയുള്ളയാളും മുടിയല്ലാത്ത ആളുമൊന്നും തയ്യാറായില്ല. കുറ്റം ഉദ്യോഗസ്ഥരുടേതുമാത്രം. സസ്‌പെന്‍ഷന്‍ കിട്ടിയ വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ ഒടുവില്‍ നീതിതേടി കോടതിയിലെത്തി.
എന്തായാലും ചീഫ്‌സെക്രട്ടറി അഭിമാനിയാണെന്നു തെളിയിക്കാന്‍ ഇത് ഉപകരിച്ചു. സര്‍ക്കാര്‍ അത്രക്കങ്ങു പ്രതീക്ഷിച്ചില്ല. ചീഫ് സെക്രട്ടറിക്കു പിഴവുപറ്റിയെന്നു പറഞ്ഞാലുടന്‍ ഇപ്പോഴത്തെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് അവര്‍ മാജിക്കു പഠിക്കാന്‍ പോകുമെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. ഒടുവില്‍ സാക്ഷാല്‍ മുഖ്യമന്ത്രി നേരിട്ടെത്തി സ്വയം വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്നഭ്യര്‍ഥിച്ചു. അത് ഫലിച്ചുവെന്നുകരുതിയവര്‍ക്കും ഒടുവില്‍ തെറ്റി.
ശരിക്കും കേരളത്തിലെന്താണു സംഭവിക്കുന്നത്. ജനാധിപത്യത്തിന്റെ നാലു നെടുന്തൂണുകളിലൊന്നാണ് ബ്യൂറോക്രസി. ആ തൂണിനു ചിതലുപിടച്ചതാണോ നാം കാണുന്നത്. അതോ ചിതലരിക്കുന്ന മറ്റൊരു തൂണായ ലെജിസ്ലേറ്ററി തന്റെ പാപഭാരങ്ങളത്രയും ബ്യൂറോക്രസിയുടെയും ഭാഗികമായി മാധ്യമങ്ങളുടേയും തലയില്‍ ചാരിവച്ച് നിവര്‍ന്നു നില്‍ക്കാന്‍ നടത്തുന്ന വിഫലശ്രമമോ. എന്തായാലും മറ്റൊരു തൂണായ ജുഡീഷ്യറിയുടെ ബലത്തിലാണ് ഇപ്പോള്‍ ഈ മേല്‍ക്കൂര വീഴാതെ നില്‍ക്കുന്നത്.ഇതിനിടയില്‍ ഡമോക്രസിയെപ്പറ്റി പലരും പലതും പറയുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ സേവനത്തില്‍ വോട്ടര്‍മാര്‍ക്കു സംതൃപ്‌തിയില്ലെങ്കില്‍ അവരെ തിരിച്ചു ജനങ്ങള്‍ക്ക് വിളിക്കാന്‍ അധികാരം നല്‍കണമെന്ന് തിരുവനന്തപുരത്തെത്തി പ്രസംഗിച്ചത് ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയാണ്. എണ്‍പതു വയസ്സുകഴിഞ്ഞ രാഷ്‌ട്രീയക്കാര്‍ സ്വയം വിരമിക്കണമെന്നു മുമ്പൊരിക്കല്‍ പറഞ്ഞത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന വക്കം പുരുഷോത്തമനാണ്. എന്തായാലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളതുപോലെ, രാജിവയ്‌ക്കലല്ലാതെ സ്വയം വിരമിക്കാന്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ മുഖ്യമന്ത്രി ഉള്‍പ്പെടെ പല നേതാക്കളും പണ്ടേ വിരമിക്കുമായിരുന്നു!
വാസ്തവത്തിന്റെ നേര്‍ക്കുള്ള വിരല്‍ചൂണ്ടല്‍..!
ReplyDeleteഇതെല്ലാം വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും ഒരു തരം നിര്‍വ്വികാരിത തോന്നുന്നു,അങ്ങിനെയായിപ്പോയി.
കഷ്ടം!
ReplyDeleteഈ പോസ്റ്റ് ഫയര്‍ഫോക്സില്‍ വായിക്കുവാന്‍ പ്രയാസം. കഴിയുമെങ്കില്‍ Left align ചെയ്യുക.
ReplyDeletemanassilakendachilathu. chakraviuhamennathuverum kettukadhayalla.cpi,cpmofficials, officers,medias,PJgrupe,Congrass, vimochanakkaar!!! ithallenkil pinnethanu chakraviuham???.
ReplyDeleteമാഷെ നന്നായിരിക്കുന്നു.. പാവങ്ങളുടെ പാര്‍ട്ടി ഭരിക്കുംബോള്‍ ആയതുകൊണ്ട് വഴിതടയല്‍, കല്ലേറ് സമരങ്ങള്‍ ഒരു പടി കുറവാണ് എന്നാണു തോന്നുന്നത്. അല്ലാ ഇരോട് ചോദിക്കാന്‍ കോണ്‍ഗ്രസിനു പറ്റില്ലല്ലോ.. അവര്‍ ഇതിലും വലിയ കള്ളന്മാരല്ലേ!
ReplyDeleteനന്നായി ജോലി ചെയ്യാന്‍ കഴിവും കാര്യപ്രാപ്തിയുമുള്ള ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത.
ReplyDelete