പ്രിയരെ കേരള കൗമുദി പത്രം സിറ്റിസണ്‍ ജേര്‍ണലിസം എന്ന വിഭാഗത്തില്‍പെടുത്തി ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച എന്റെ രോഗിക്കു മാത്രമോ രോഗം എന്ന പരമ്പരയുടെ പൂര്‍ണരൂപം ഇതോടൊപ്പം പോസ്‌റ്റുന്നു. വായിക്കുക, പ്രതികരിക്കുക...
ഒരു ബൈസ്റ്റാന്‍ഡറുടെ മെഡിക്കല്‍ കോളജ് അനുഭവങ്ങള്
ഇതൊരു കഥയല്ല, നടന്ന സംഭവങ്ങള്‍ മാത്രമാണ്. കഴിഞ്ഞ ജൂലൈ പത്തു മുതല്‍ ഓഗസ്റ്റ് എട്ടു വരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഈ അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ഇതിലും വലിയ അനുഭവങ്ങള്‍ വേറേ പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നുറപ്പ്! അത്തരം ചിലരേയും മെഡിക്കല്‍ കോളജില്‍ കാണാന്‍ കഴിഞ്ഞതിനാലാണ് ഇതു പകര്‍ത്തുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്ന എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു അവിടെ വഴികാട്ടി. മെഡിക്കല്‍കോളജ് അനുഭവങ്ങള്‍ കേവലം ഒരു മാസം മാത്രമായി ഒതുങ്ങിയതിന്റെ കാരണക്കാരന്‍ ആ സുഹൃത്തായിരുന്നെന്ന കാര്യം നന്ദിപൂര്‍വ്വം സ്‌മരിക്കട്ടെ!
ഇടുക്കി ജില്ലയില്‍ നിന്ന് അഞ്ചുമാസം മുമ്പാണ് ഞാന്‍ തിരുവനന്തപുരത്തു വാടകയ്‌ക്കു താമസിക്കാനെത്തുന്നത്. ഇതിനിടയില്‍ അച്ഛന്റെ ശ്വാസകോശത്തില്‍ രൂപപ്പെട്ടുവരുന്ന മുഴ കണ്ടെത്തി വിദഗ്‌ദ്ധ പരിശോധനക്കായി മെഡിക്കല്‍ കോളജിലേക്കു റെഫര്‍ ചെയ്‌തത് നാട്ടിലെ ഡോക്‌ടറാണ്. അടിയന്തരമായി ബയോപ്‌സി എടുക്കണം. രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഞാന്‍ അച്ഛനെ മെഡിക്കല്‍ കോളജില്‍ ചികില്‍സിക്കാന്‍ തീരുമാനിച്ചു. സുഹൃത്തിന്റെ സഹായത്തോടെ ജൂലെ പത്ത് ചൊവ്വാഴ്‌ച മെഡിക്കല്‍ കോളജിലെ ബി തിയേറ്ററിനു മുന്നില്‍ വച്ച് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം തലവനെ എക്‌സ്‌റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ കാണിച്ചു. ബയോപ്‌സി എടുക്കണം, വ്യാഴാഴ്‌ച ഒ.പിയില്‍ എത്താനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
ജൂലൈ 12, വ്യാഴം.
കൃത്യം 11 മണിക്ക് ഒ.പിയില്‍ ഡോക്‌ടര്‍മാരെത്തി. ചീട്ടെടുത്ത് ക്യൂവില്‍ നിന്ന് ഡ്യൂട്ടിയിലുള്ള ഡോക്‌ടറെ കണ്ടു.
"ശ്വാസകോശത്തിന്റെ താഴ്‌ഭാഗത്താണു മുഴ. നീഡില്‍ ബയോപ്‌സി എടുക്കാം." അദ്ദേഹം ഒ.പി.ടിക്കറ്റില്‍ കുറിച്ചുതന്ന നിര്‍ദ്ദേശവുമായി സ്‌കാനിങ് സെക്ഷനിലെത്തി. സെക്യൂരിറ്റിയോട് അന്വേഷിച്ചപ്പോള്‍ നിശ്‌ചിതഫോമില്‍ ഡോക്‌ടറില്‍ നിന്ന് എഴുതിവാങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. തിരിച്ചുചെന്ന് ഡോക്‌ടറെ കണ്ടു. "എഴുതിത്തരാന്‍ വിരോധമുണ്ടായിട്ടല്ല, നീഡില്‍ ബയോപ്‌സി എടുക്കാനാകുമോ എന്നു ചോദിക്കുക, വെറുതേ മനുഷ്യരെ മിനക്കെടുത്തരുതെന്നു പറയണം. എത്രയും പെട്ടെന്ന് ഒരു തിയതി നല്‍കണമെന്നും എഴുതിയിട്ടുണ്ട്."
ഡോക്‌ടര്‍ പൂരിപ്പിച്ചുതന്ന ഫോമുമായി ചെന്ന് സുഹൃത്തിന്റെ സഹായത്തോടെ റേഡിയോളജിവിഭാഗം തലവനെ റിസല്‍ട്ടുകള്‍ കാണിച്ചു. അതു വിശദമായി പരിശോധിച്ച അദ്ദേഹം പറഞ്ഞു-
"കോംപ്ലിക്കേഷനാണ്, നീഡില്‍ ബയോപ്‌സി വേണോ എന്നു ഡോക്‌ടറോട് ഒന്നുകൂടി ചോദിച്ചശേഷം നാളെ വരിക."
സുഹൃത്തിനേയും കൂട്ടി വീണ്ടും ആദ്യ ഡോക്‌ടറുടെ അടുക്കല്‍. "കോംപ്ലിക്കേഷനൊന്നും സാരമില്ലെന്നു പറയുക, ഞങ്ങളൊക്കെ ഇവിടില്ലേ!"
എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പുറത്തെവിടെയെങ്കിലും എടുക്കാമെന്ന എന്റെ നിര്‍ദ്ദേശത്തെ അദ്ദേഹം അനുകൂലിച്ചില്ല. അതിനൊക്കെ വലിയ ചിലവു വരും അത്രയും വേണോ എന്നായിരുന്നു ചോദ്യം.
പിറ്റേന്ന് ബയോപ്‌സി എടുക്കാനാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അച്ഛനേയും കൂട്ടി വീണ്ടും റേഡിയോളജി വിഭാഗത്തിലെത്തി. വകുപ്പധ്യക്ഷന്‍ സ്‌കാനിങ്ങിലെ ഡോക്‌ടറെ വിളിക്കാന്‍ എന്നോടു പറഞ്ഞു. തുടര്‍ന്ന് മുറിയിലെത്തിയ ഡ്യൂട്ടി ഡോക്‌ടറുമായി അദ്ദേഹം എന്തോ സംസാരിച്ചു. ഡോക്‌ടര്‍ പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അകത്തു ചെന്നു. "നീഡില്‍ ബയോപ്‌സി എടുക്കാനാകില്ലെന്നാണ് ഡോക്‌ടര്‍ പറയുന്നത്. എനിക്കിതില്‍ ഒന്നും ചെയ്യാനാകില്ല!"
ഡോക്‌ടറുടെ മറുപടിയെതുടര്‍ന്ന് തിരക്കുള്ള സുഹൃത്തിനെ വീണ്ടും ശല്യപ്പെടുത്തി വിളിച്ചുകൊണ്ട് ഞാന്‍ തൊറാസിക് സര്‍ജറിയിലെത്തി.
"എങ്കില്‍പിന്നെ സര്‍ജറി തന്നെ നടത്താം. തിങ്കളാഴ്‌ച അഡ്‌മിറ്റാകാന്‍ തയ്യാറായി വന്നോളൂ."
തിങ്കളാഴ്‌ച അഡ്‌മിറ്റായാല്‍ രണ്ടു ദിവസത്തിനകം സര്‍ജറി എന്നതായിരുന്നു എന്റെ പ്രതീക്ഷ. കൂടിവന്നാല്‍ പത്തുദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവരും. വാര്‍ഡുകളില്‍ പലയിടത്തും പനിബാധിതര്‍ തിങ്ങി നിറഞ്ഞതിനാല്‍ കിടപ്പു ബുദ്ധിമുട്ടാകുമെന്നു മനസ്സിലാക്കിയ ഞാന്‍ പേവാര്‍ഡ് ബുക്കു ചെയ്യാന്‍ തീരുമാനിച്ചു.
വെള്ളിയാഴ്‌ച തന്നെ മൂന്നു ദിവസത്തെ വാടക നല്‍കി ദിവസം 190 രൂപ വാടക വരുന്ന മുറി ബുക്കു ചെയ്‌തു. കിട്ടാന്‍ എളുപ്പം ഈ പേവാര്‍ഡാണെന്ന ഉപദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്തായാലും തിങ്കളാഴ്‌ച കെ.എച്ച്.ആര്‍.ഡബ്ല്യു. സൊസൈറ്റിവക ഡീലക്‌സ് പേവാര്‍ഡില്‍ മുറി അനുവദിച്ചുകിട്ടി. പത്തു ദിവസത്തേക്കുള്ള വാടകയും മുന്‍കൂറായി അടച്ചു.
വിശദമായ കേസ് ഷീറ്റ് തയ്യാറാക്കിയശേഷം ഡോക്‌ടര്‍ പി.എഫ്.ടി. എന്ന ടെസ്റ്റിനു കുറിച്ചുതന്നു. ചൊവ്വാഴ്‌ചതന്നെ സര്‍ജറി നടത്താനാകുമോ എന്ന എന്റെ സംശയത്തിന് ഒന്നു രണ്ടു ടെസ്‌റ്റുകളുണ്ട്. അവ കഴിഞ്ഞാല്‍ ഉടന്‍ നടത്താം എന്നായിരുന്നു മറുപടി. സമയം ഒരു മണിയോടടുക്കുന്നു, വേഗം ചെന്നാല്‍ പി.എഫ്.ടി. നടത്താമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പി.എഫ്.ടി. ടെസ്റ്റു നടത്തുന്നിടത്തു ഡോക്‌ടറുടെ കുറിപ്പുമായി എത്തിയ എന്നോട് കഫപരിശോധനയുടെ റിസല്‍ട്ട് ആവശ്യപ്പെട്ടു. കഫപരിശോധന നടത്തിയിട്ടില്ലെന്നും രക്തം പരിശോധിച്ച് ടി.ബിയില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും വിശദീകരിച്ച ഞാന്‍ നാട്ടിലെ ഡോക്‌ടറുടെ കത്തും കാണിച്ചു. പക്ഷേ പി.എഫ്.ടി. നടത്തണമെങ്കില്‍ മൂന്നു ദിവസം കഫപരിശോധന നടത്തിയേ പറ്റൂ എന്നായിരുന്നു പരിശോധകന്റെ ഉപദേശം!
അങ്ങിനെ പേവാര്‍ഡിലെ സി-ത്രി (303) നമ്പര്‍ മുറിയില്‍ അച്ഛന്‍ അന്തേവാസിയായി. ഒന്നുരണ്ടു രക്തപരിശോധനകളുള്ളത് അന്നു തന്നെ നടത്തി. ചൊവ്വയും ബുധനും കഫപരിശോധനയുടെ മാത്രം ദിവസങ്ങളായിരുന്നു. മറ്റൊരു പരിശോധനയുമില്ല. ഡോക്‌ടര്‍മാരോ സിസ്റ്റര്‍മാരോ മുറിയിലേക്കു വന്നതുപോലുമില്ല!
ബുധനാഴ്‌ച പന്ത്രണ്ടു മണിയോടെ കഫപരിശോധനാ റിപ്പോര്‍ട്ടു ലഭിച്ചു. അതുമായി വീണ്ടും പി.എഫ്.ടിക്ക്. അവിടെ പേര്‍ രജിസ്റ്റര്‍ ചെയ്‌തു. ഒരു പേപ്പറില്‍ പരിശോധകന്‍ കുറിച്ചുതന്ന സാധനം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്ത ടെലഫോണ്‍ ബൂത്തില്‍ നിന്ന് ഞാന്‍ പത്തു രൂപ കൊടുത്തു വാങ്ങി. ഊതാനുള്ള ഒരു പേപ്പര്‍കുഴലായിരുന്നു അത്. കഷ്‌ടി രണ്ടര ഇഞ്ച് നീളവും അത്രതന്നെ വ്യാസവും ഉള്ള ഒന്ന്!
സര്‍ജറിയുടെ ദിവസം നിശ്‌ചയിച്ചുകിട്ടുന്നതിനായി സുഹൃത്തിനേയും കൂട്ടി ഞാന്‍ തൊറാസിക് വിഭാഗം തലവനെ അന്നു വൈകിട്ടു വീട്ടില്‍പോയി കണ്ടു. ഡോക്‌ടര്‍മാരെ വീട്ടില്‍പോയി കണ്ട് പണം നല്‍കിയാല്‍ മാത്രമേ സമയത്തു കാര്യം വേണ്ടവിധം നടക്കുകയുള്ളുവെന്ന് സമീപ മുറികളിലുണ്ടായിരുന്ന അനുഭവസ്ഥര്‍ പറഞ്ഞിരുന്നു! എന്നാല്‍ പണം നല്‍കാനുള്ള എന്റെ ആഗ്രഹം അദ്ദേഹം അനുവദിച്ചില്ല. സര്‍ജറി സംബന്ധിച്ച അനിശ്‌ചിതാവസ്ഥ നീളുന്നതിനാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ നിന്നു രക്ഷപ്പെടാന്‍ എന്തും ചെയ്യാന്‍ ഞാന്‍ അപ്പോഴേക്കും സജ്ജനായിരുന്നു. സര്‍ജറി നടത്താന്‍ ചൊവ്വാഴ്‌ച വരെ കാത്തിരിക്കേണ്ടി വരുമെന്ന കാര്യം അപ്പോഴാണ് ഡോക്‌ടര്‍ പറയുന്നത്. ടെസ്റ്റുകള്‍ എല്ലാം നടത്തിയ കാര്യം പറഞ്ഞപ്പോള്‍ സര്‍ജറിക്കു ടേബിള്‍ കിട്ടണമെങ്കില്‍ ചൊവ്വാഴ്‌ച വരെ കാക്കണമെന്നും അതിനുമുമ്പ് സാധ്യമായാല്‍ പറയാമെന്നും അറിയിച്ച് ഡോക്‌ടര്‍ ഞങ്ങളെ തിരിച്ചയച്ചു.
പിറ്റേന്ന് ആദ്യം ഹൃദ്രോഗവിഭാഗത്തിലെത്തി അച്ഛനെ പരിശോധിപ്പിച്ചു. ശേഷം സുഹൃത്തിന്റെ സഹായത്തോടെ അനസ്‌തേഷ്യ ക്ലിനിക്കിലെത്തി. അനസ്‌തേഷ്യ സ്വീകരിക്കാന്‍ രോഗി സജ്ജനാണെന്ന് കേസ് ഷീറ്റില്‍ എഴുതിക്കിട്ടി. മുന്‍വരിയില്‍ ഇളകി നില്‍ക്കുന്ന ഒരു പല്ല് നീക്കം ചെയ്യണമെന്ന് അനസ്‌ത്യേഷ്യയിലെ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളജിലെ ദന്തവിഭാഗത്തില്‍ പല്ലു പറിക്കണമെങ്കില്‍ പിറ്റേന്നു വരെ വീണ്ടും കാക്കണം. സര്‍ജറി പിന്നെയും നീളാന്‍ അതു വഴിയൊരുക്കിയെങ്കിലോ എന്ന ഭയത്താല്‍, അച്ഛനെ സ്വമേധയാ പല്ലെടുക്കാന്‍ പുറത്തു കൊണ്ടുപോകുന്നുവെന്ന് കേസ് ഷീറ്റില്‍ എഴുതിവച്ച് പുറത്ത് ഒരു ദന്താശുപത്രിയിലെത്തി പല്ലെടുപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം അന്നാണ് ഡോക്‌ടര്‍മാര്‍ അച്ഛന്റെ മുറിയിലെത്തുന്നത്.
അപ്പോഴേക്കും സമീപത്തെ മുറിയിലുള്ള ചില രോഗികളെ സര്‍ജറിക്കു കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും അവരുടെ വേദനയുമെല്ലാം കണ്ട് അച്ഛന്റെ മനസ്സ് ശസ്‌ത്രക്രിയയെ നേരിടാന്‍ പാകപ്പെട്ടു തുടങ്ങിയിരുന്നു. പിന്നെ മൂന്നു ദിവസം ആശുപത്രിയില്‍ വെറുതേ വാസമായിരുന്നു. ദിവസം 190 രൂപ വീതം വാടക നല്‍കിയെടുത്ത ഡീലക്‌സ് മുറിയില്‍ സുഖവാസം!(ഡീലക്‌സ് എന്നു കേട്ടു ഭയക്കരുത്, ഒരു എക്‌സ്‌റ്റന്‍ഷന്‍ ഫോണും അറ്റാച്ച്‌ഡ് ബാത്ത് റുമും മാത്രമാണ് മുറിയുടെ ആഡംബരം. വിരിക്കാന്‍ ഷീറ്റുപോലും നല്‍കിയത് നാലാം ദിവസമാണ്. ഫോണ്‍ വിളിച്ചതിനു മുപ്പതു സെക്കന്റിന് രണ്ടു രൂപ നിരക്കില്‍ ചാര്‍ജ്ജു ചെയ്‌തതു മാത്രമാണ് ഒരു ആഡംബര മുറിയുടെ ഫീലിങ് നല്‍കിയ കാര്യം!)
ശനിയാഴ്‌ച ഞാന്‍ രക്തബാങ്കിലെത്തി. നാലുപേരുടെ രക്തം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. അത് മുന്‍കൂട്ടി നല്‍കിയാല്‍ മാത്രമേ സര്‍ജറി പോസ്റ്റു ചെയ്യുകയുള്ളുവത്രെ! ഒ പോസിറ്റീവ് രക്തമായതിനാല്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. സര്‍ജറിയെത്തുടര്‍ന്ന് രോഗിക്ക് രക്തം ആവശ്യമായി വന്നില്ലെങ്കില്‍ ആ രക്തം എന്തു ചെയ്യുമെന്ന സ്വാഭാവികമായ സംശയം എനിക്കുണ്ടായി. ഈ രോഗിക്ക് ജീവിതകാലത്ത് എന്ന് രക്തം ആവശ്യമായി വന്നാലും നാലു കുപ്പി രക്തം മെഡിക്കല്‍ കോളജില്‍ നിന്നു ലഭിക്കുമെന്നായിരുന്നു മറുപടി! ഒരിക്കലും ആവശ്യം വന്നില്ലെങ്കിലോ എന്ന സംശയം എന്തായാലും ഞാന്‍ ഉന്നയിച്ചില്ല. താന്‍ നല്‍കുന്ന രക്തം പ്രസ്‌തുത രോഗിക്ക് ആവശ്യമായി വന്നില്ലെങ്കില്‍ മറ്റൊരു രോഗിക്കു നല്‍കാന്‍ രക്ത ദാതാവിനും അവകാശമില്ല.(എന്തായാലും അച്ഛന് രക്തം ആവശ്യമായി വന്നില്ല.)
തിങ്കളാഴ്‌ച സര്‍ജറിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. ശരീരത്തിലെ രോമം വടിച്ചുകളയാന്‍ ഒരാള്‍ വരുമെന്നും അയാള്‍ക്ക് എന്തെങ്കിലും കൊടുക്കണമെന്നും ഒരു സ്‌ത്രീശബ്‌ദം ഫോണിലൂടെ അറിയിച്ചിരുന്നു. വൈകുന്നേരം വെളുത്ത യൂണിഫോം ധരിച്ച ഒരാള്‍ രോമം നീക്കം ചെയ്യാനെത്തി.
"തൊറാസിക് സര്‍ജറിയല്ലേ?"
"അതെ."
"കഴുത്തു മുതല്‍ മുട്ടുവരെ രോമം നീക്കം ചെയ്യണം."
ഞങ്ങള്‍ തലകുലുക്കി. തന്റെ ജോലി നിര്‍വഹിച്ചശേഷം, ഞങ്ങള്‍ സന്തോഷപൂര്‍വ്വം കൊടുത്ത അമ്പതുരൂപ വാങ്ങി ഒന്നു സംശയിച്ചു നിന്ന ശേഷം അദ്ദേഹം പോയി.
പിറ്റേന്ന് എട്ടു മണിക്ക് അച്ഛനെ തിയേറ്ററില്‍ കയറ്റി. സര്‍ജറി ടേബിളില്‍ കിടത്തിക്കഴിഞ്ഞപ്പോഴാണ് അച്ഛനോടു ഡോക്‌ടര്‍ ചോദിച്ചത്, ആരാണു ഷേവു ചെയ്‌തതെന്ന്. ആശുപത്രിയില്‍ തന്നെയുള്ള ആളാണെന്നു പറഞ്ഞപ്പോള്‍ ഡോക്‌ടര്‍ ക്ഷുഭിതനായി. കാരണം മറ്റൊന്നുമായിരുന്നില്ല. പിന്‍ഭാഗത്തെ രോമം നീക്കേണ്ടതിനു പകരമാണ് മുന്‍ഭാഗം വടിച്ചു വച്ചത്! പിന്നെ എന്താണു സംഭവിച്ചതെന്ന് അച്ഛന് ഓര്‍മയില്ല. എന്തായാലും സര്‍ജറി നടത്തിയ അത്രയും ഭാഗത്തെ രോമം നീക്കം ചെയ്‌തത് ഒരു പക്ഷേ തിയേറ്ററിലുണ്ടായിരുന്ന ആരെങ്കിലുമാകാം!
പതിനൊന്നു മണിക്ക് ഞാന്‍ കാപ്പി കുടിക്കാന്‍ പുറത്തിറങ്ങിയ സമയത്ത്, തിയേറ്റിനു മുന്നില്‍ കാത്തിരിക്കുന്ന അമ്മക്കുള്ള ഭക്ഷണവുമായി എന്റെ ഭാര്യ വന്നു. ഭാര്യയെ ആശുപത്രിക്കകത്തുള്ള ചെക്കിങ് പോയിന്റിനു സമീപം നിര്‍ത്തി ഞാന്‍ മുകളില്‍പോയി അഡീഷണല്‍ സ്റ്റേ പാസ്സുമായി വന്നു. പേ വാര്‍ഡില്‍ കിടക്കുന്നവര്‍ക്ക് രണ്ടു സ്റ്റേ പാസ്സ് അനുവദിച്ചു നല്‍കാറുണ്ട്. തട്ടിപ്പൊന്നും ഇല്ലാത്തിനാലും അടിയന്തരകാര്യമായതിനാലും ഞാന്‍ സെക്യൂരിറ്റിയുടെ മുന്നില്‍ വച്ച് പാസ് ഭാര്യക്കു കൈമാറി. പെട്ടെന്നായിരുന്നു എന്റയും ഭാര്യയുടേയും കയ്യില്‍ നിന്ന് പാസ്സുകള്‍ സെക്യൂരിറ്റി തട്ടിപ്പറിച്ചത്.
"അങ്ങോട്ടു മാറിനില്‍ക്ക്, നാലുമണി കഴിഞ്ഞു കയറിപ്പോയാല്‍ മതി."
എനിക്കു കാര്യം മനസ്സിലായില്ല. അപ്പോഴേക്കും വെളുത്ത യൂണിഫോമും തോളില്‍ നക്ഷത്രമുദ്രയുമണിഞ്ഞ മൂത്ത സെക്യൂരിറ്റി സ്ഥലത്തെത്തി പാസ്സുകള്‍ വാങ്ങി വച്ചു.
"അന്യര്‍ക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് പിന്നില്‍ എഴുതിവച്ചിരിക്കുന്നത് വായിച്ചില്ലേ?"
"ഇത് അന്യയല്ല സര്‍, എന്റെ ഭാര്യയാണ്!"
"ആരാണെങ്കിലും പാസ് കൈമാറ്റം ചെയ്യാന്‍ പാടില്ല!"
"സര്‍, മുകളില്‍ അച്ഛന്റെ സര്‍ജറി നടക്കുകയാണ്. അമ്മക്കു ഭക്ഷണവുമായാണു ഭാര്യ വന്നത്. സംശയമുണ്ടെങ്കില്‍ താങ്കള്‍ ഈ ബാഗ് തുറന്നു നോക്കിക്കൊള്ളൂ."
"എനിക്കൊന്നും കാണേണ്ട, അങ്ങോട്ടു മാറി നിന്നാല്‍ മതി!"
ഞാനുടന്‍ എന്റെ സുഹൃത്തിനെ മൊബൈലില്‍ വിളിച്ചു. അവന്റെ നിര്‍ദ്ദേശപ്രകാരം സെക്യൂരിറ്റി ഓഫിസര്‍ക്കു ഫോണ്‍ നല്‍കിയെങ്കിലും അദ്ദേഹം വാങ്ങിയില്ല.
"എനിക്കാരോടും സംസാരിക്കേണ്ട കാര്യമില്ല!"
ഞാന്‍ വീണ്ടും കേണു.
"സര്‍, അച്ഛന്‍ ഓപ്പറേഷന്‍ തിയേറ്ററിലാണ്. എന്നെയെങ്കിലും കയറ്റി വിടണം..."
"പറ്റില്ലെന്നു പറഞ്ഞില്ലേ.. അവിടെ വേറാരുമില്ലേ?"
"അമ്മ മാത്രമേയുള്ളു..."
"അതു മതി! കൂടുതല്‍ പേര്‍ വേണമെങ്കില്‍ ഡോക്‌ടറോട് അക്കാര്യം എഴുതി വാങ്ങണമായിരുന്നു."
"അതിനല്ലേ സര്‍ രണ്ടു പാസ്സുകള്‍ തന്നിരിക്കുന്നത്."
"ഇതെങ്ങിനെയാണ് നിങ്ങല്‍ക്കു രണ്ടു സ്റ്റേ പാസ് കിട്ടിയത്?"
"ഇവിടെനിന്നു തന്നതാണ്."
"ആര്?"
അപ്പോഴേക്കും എനിക്കു നിയന്ത്രണം നഷ്‌ടപ്പെട്ടു തുടങ്ങി
"എനിക്കറിയില്ല താന്‍ പോയി ചോദിക്ക്..!"
ഈ ബഹളം കേട്ട് അവിടെ ആളുകള്‍ കൂടിത്തുടങ്ങി. അപ്പോഴാണ് സെക്യൂരിറ്റി സര്‍ജന്റിനെ അക്കാര്യം ശ്രദ്ധയില്‍പെടുത്തുന്നത്
"ഇതു പേ വാര്‍ഡാണു സര്‍!"
സര്‍ജന്റ് എന്റെ നേര്‍ക്കു തിരിഞ്ഞു
"പേവാര്‍ഡാണോ?"
"അതെ!"
"അത് ആദ്യം പറഞ്ഞാല്‍ പോരായിരുന്നോ.!"
"അതെന്റെ പണിയല്ല സര്‍. ഞാനിവിടെ ആദ്യമാണ്!"
"എല്ലാവരും ആദ്യമാണ്!"
"പാസ് തരുന്നകൂടെ വാര്‍ഡ് ഏതാണെന്നുകൂടി പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു പാസ്സില്‍ അത് മുഴുപ്പില്‍ എഴുതിയിട്ടുണ്ട്. നോക്കേണ്ടതു നിങ്ങളുടെ കടമ."
"കൂടുതലൊന്നും പറയേണ്ട, കൊണ്ടുപൊയ്‌ക്കോ!"
കുറ്റക്കാരന്‍ ഞാന്‍ തന്നെയാണെന്ന മട്ടില്‍ ഔദാര്യം പോലെ പാസ് രണ്ടും എന്റെ കയ്യില്‍ തന്ന് അവര്‍ ഞങ്ങളെ കടത്തിവിട്ടു. രോഗിയുടെ പേരും വാര്‍ഡും മുറിയും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്റ്റേ പാസ്സില്‍ എഴുതിയിട്ടുണ്ടെന്നോര്‍ക്കുക. അതു നോക്കി ഉറപ്പുവരുത്തേണ്ട സെക്യൂരിറ്റിക്കാരാണ് ഞങ്ങളെ കള്ളത്തരം കാട്ടിയവരെപ്പോലെ കാല്‍മണിക്കൂറിലധികം തടഞ്ഞു നിര്‍ത്തിയത്!
ഞങ്ങള്‍ മുകളിലെത്തിയപ്പോള്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന അമ്മയെയാണു കണ്ടത്. അപ്പോഴേക്കും അച്ഛനെ തിയേറ്ററില്‍ നിന്നിറക്കിയിരുന്നു. സ്‌പെസിമന്‍ ബയോപ്‌സിക്കു കൊണ്ടുപോകാനും ടെസ്റ്റുകള്‍ നടത്താന്‍ രക്തവുമായി പോകാനും ബൈസ്റ്റാന്‍ഡറെ അന്വേഷിച്ച ഡോക്‌ടര്‍ ആരേയും കാണാതെ വന്നപ്പോള്‍ ക്ഷുഭിതനായത്രെ. അപ്പോള്‍ യാതൊരു കാരണവുമില്ലാതെ സെക്യൂരിറ്റിക്കാരുടെ ഹുങ്കിന് ഇരയായി പുറത്ത് ഞങ്ങള്‍ തടഞ്ഞുനിര്‍ത്തപ്പെട്ടിരിക്കുകയായിരുന്നു എന്ന കാര്യം ആരോടു പറയാന്‍, ആരറിയാന്‍?
അച്ഛന്റെ പുകമൂടിയ ശ്വാസകോശത്തിന്റെ ഒരു കഷണം ചെറിയൊരു പാത്രത്തിലാക്കി ഡോക്‌ടര്‍ നല്‍കിയതു വാങ്ങി ബയോപ്‌സിക്കു നല്‍കാനായി അദ്ദേഹംതന്നെ നിര്‍ദ്ദേശിച്ച സ്വകാര്യ ലാബിലേക്കു ഞാന്‍ പോയി. (പോയ വഴിയില്‍ സുഭാഷ്‌ചന്ദ്രന്റെ പറുദീസാ നഷ്‌ടം എന്ന കഥയായിരുന്നു മനസ്സില്‍ നിറയെ.)
അച്ഛനെ കാര്‍ഡിയോ തൊറാസിക് സര്‍ജറി പ്രോഗ്രസ്സീവ് കെയര്‍ യൂണിറ്റിലേക്കു മാറ്റി. അവിടെ ഇരുപത്തിനാലു മണിക്കൂറും ആളു വേണം. പി.സി.യുവിനു പുറത്ത് ഒരു ബെഞ്ചിലും തറയിലുമായി ഉള്ളിലുള്ളവരുടെ ബന്ധുക്കള്‍ കാവലുണ്ട്. പി.സി.യുവിലുള്ള രോഗിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായത്തിനാണ് ബൈസ്റ്റാന്‍ഡര്‍ വേണമെന്ന നിബന്ധന. രാത്രി പി.സി.യുവിനു വെളിയിലെ വരാന്തയില്‍ ഒരു തുണിയും വിരിച്ചു ഞാന്‍ കിടന്നു. അല്‍പം വൃത്തിയുള്ള തറയായതു മാത്രമായിരുന്നു ആശ്വാസം! കൊതുകുകളുടെ ഒരു വന്‍ പട്ടാളം തന്നെയുണ്ട്. വരാന്തയില്‍ ഫാനില്ലാത്തതിനാല്‍ അസഹ്യമായ ചൂടും. ഇതു രണ്ടും ചേര്‍ന്ന് ഉറക്കം കെടുത്തുമെന്നുറപ്പായിരുന്നു. കിടക്കാന്‍ നേരത്ത് പി.സി.യുവില്‍ നിന്ന് ഒരു അറ്റന്‍ഡര്‍ പുറത്തിറങ്ങി വന്നു പറഞ്ഞു.
"കിടക്കുന്നവര്‍ പഴ്‌സും മൊബൈലും മറ്റും സൂക്ഷിച്ചുകൊള്ളണം. ചിലപ്പോള്‍ കള്ളന്‍മാര്‍ വന്ന് നിങ്ങളെ എടുത്തു പുറത്തുകൊണ്ടുപോയി പുറത്തുകിടത്തിയെന്നിരിക്കും!"
പിറ്റേന്നു പുലര്‍ച്ചെ അച്ഛന്റെ ശരീരം തുടപ്പിക്കേണ്ട സമയത്തു മാത്രമാണ് ബൈസ്റ്റാന്‍ഡറുടെ ആവശ്യം വന്നത്. രാവിലെ തന്നെ രണ്ടു ചെറു കുപ്പികളില്‍ രക്തസാമ്പിളുകള്‍ തന്നു വിട്ടു. ഒന്ന് എമര്‍ജന്‍സി ലാബില്‍ പരിശോധിപ്പിക്കണം, മറ്റൊന്നു ക്ലിപ്പ് ലാബില്‍( ഇടയ്‌ക്കു പറയട്ടെ, രക്തവും മറ്റും പരിശോധിക്കാന്‍ പലയിടത്തായി നിരവധി ലാബുകളാണുള്ളത്. ഇവ കണ്ടുപിടിക്കാന്‍ അപരിചിതരായ ബൈസ്റ്റാന്‍ഡര്‍മാര്‍ നന്നേ ബുദ്ധിമുട്ടും. ഇതെല്ലാം കൂടി ഒരിടത്താക്കിയാല്‍ എന്താണു കുഴപ്പം എന്നറിയില്ല. പേ വാര്‍ഡില്‍ കിടക്കുന്നവര്‍ ഇതില്‍ പലയിടത്തും പരിശോധനയ്‌ക്ക് പണം നല്‍കേണ്ടിയും വരും.)
സാമ്പിള്‍ തന്നപ്പോള്‍ സിസ്റ്റര്‍ പ്രത്യേകം പറഞ്ഞിരുന്നു, കുപ്പി പതുക്കെ കുലുക്കിക്കൊണ്ടിരിക്കണം, രക്തം ഉറയാന്‍ പാടില്ല. ക്ലിപ്പ് ലാബിലെത്തിയപ്പോള്‍ കൗണ്ടറില്‍ കൊടുത്തു നമ്പറിടാന്‍ പറഞ്ഞു. നമ്പരിടുന്നിടത്തെത്തിയപ്പോള്‍ രക്തസാമ്പിളും കുലുക്കിക്കൊണ്ട് അഞ്ചാറു പേര്‍ ക്യൂവിലുണ്ട്. കൗണ്ടറില്‍ ആള്‍ എത്തിയിട്ടില്ല. പത്തു മിനിട്ടു കഴിഞ്ഞപ്പോള്‍ ചില ബൈസ്റ്റാന്‍ഡര്‍മാര്‍ ക്ഷുഭിതരായിത്തുടങ്ങി. ക്ഷോഭം ബഹളമാകുമെന്നു കണ്ടപ്പോള്‍ റജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിന്നിരുന്ന ഒരു പെണ്‍കുട്ടി ലാബിന്റെ കൗണ്ടറിലെത്തി നമ്പറിടാന്‍ തുടങ്ങി. സ്‌ത്രീകളുടെ ഇടയില്‍ നിന്ന് ഒരു വീട്ടമ്മ സാമ്പിളും ചീട്ടും നല്‍കിയപ്പോള്‍ അതില്‍ ഒ.പി. നമ്പറോ വാര്‍ഡോ രേഖപ്പെടുത്തിയിട്ടില്ലെന്നും അതില്ലാതെ നമ്പറിടില്ലെന്നുമായിരുന്നു മറുപടി. ചീട്ടുമായി ക്യൂവില്‍ നിന്നു തിരിച്ചിറങ്ങിയ സ്‌ത്രീ അല്‍പം ഉറക്കെത്തന്നെയാണു പ്രതികരിച്ചത്.
"ഇതിലും ഭേദം രോഗിയെ വീട്ടിലിട്ടു കൊല്ലുകയായിരുന്നു...."
അന്നു രാത്രിയിലും പി.സി.യുവിനു മുന്നിലെ തറയിലായിരുന്നു ഉറക്കം. ദിവസം 190 രൂപ വാടകക്ക് ഫോണ്‍ സൗകര്യത്തോടു കൂടിയ മുറി എടുത്തിരിക്കുന്നത് വെറും നൂറടി മാത്രം അകലെയാണ്!
"രോഗിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ ഒന്നു വിളിച്ചാല്‍ മതി, ഞങ്ങള്‍ വരാം. ഇവിടെ തറയില്‍ തന്നെ കിടക്കണമെന്നു നിര്‍ബന്ധമുണ്ടോ?"
"പേവാര്‍ഡിന്റെ എക്‌സ്‌ചേഞ്ചില്‍ വിളിച്ച് കണക്‌ടു ചെയ്യാനേ പറ്റൂ. അതിന് ഞങ്ങള്‍ക്ക് അനുവാദമില്ല!"
പി.സി.യു. പോലെ തന്നെ സ്‌നേഹമസൃണമായിരുന്നു അവിടെയുണ്ടായിരുന്ന ഒന്നു രണ്ടു സിസ്റ്റര്‍മാരുടെ പെരുമാറ്റമെന്നും പറയാതെ വയ്യ. അവരിലൊരാള്‍ 'അച്ഛാ' എന്നു വിളിച്ചുകൊണ്ട് നല്‍കിയ ശുശ്രൂഷകളാണ് മയക്കം വിട്ടുമാറിയപ്പോഴത്തെ വേദനയില്‍ നിന്നു മോചനം നല്‍കിയതെന്നു പിന്നീട് അച്ഛന്‍ പറഞ്ഞു.
വ്യാഴാഴ്‌ച അച്ഛനെ മുറിയിലേക്കുമാറ്റി. രണ്ടു ദിവസം പി.സി.യുവില്‍ കിടന്നതിന് വാടകയിനത്തില്‍ 400 രൂപ അടയ്‌ക്കേണ്ടി വന്നു. പി.സി.യുവിന്റെ മേല്‍നോട്ടം സൊസൈറ്റിക്കായതിനാലാണത്രെ ഇത്! തീര്‍ത്തും സാമ്പത്തികമില്ലാത്ത രോഗികളെ, ഡോക്‌ടര്‍ എഴുതിനല്‍കിയാല്‍ മാത്രം വാടകയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കും.
അന്നു വൈകിട്ട് ബയോപ്‌സിയുടെ ഫലം ലഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും കിട്ടിയില്ല. റിസല്‍ട്ടു കിട്ടിയാലുടന്‍ കൊണ്ടുചെന്നു കാണിക്കണമെന്നാണു ഡോക്‌ടര്‍ പറഞ്ഞിരുന്നത്. വ്യാഴവും വെള്ളിയും ശനിയും കടന്നുപോയി. മുറിയില്‍ അച്ഛനെ പരിശോധിക്കാന്‍ ഡോക്‌ടര്‍മാര്‍ ആരും വന്നില്ല. ഡ്യൂട്ടിറൂമില്‍ നിന്നു സിസ്റ്റര്‍മാര്‍ വന്ന് രാവിലെയും വൈകിട്ടും വിലകൂടിയ മരുന്ന് കുത്തി വയ്‌ക്കും. ആദ്യം കുറിച്ചു തന്ന മരുന്ന് തീര്‍ന്നപ്പോള്‍ സിസ്റ്റര്‍മാര്‍ തന്നെ അടുത്ത ദിവസത്തേക്കുള്ളതു കുറിക്കും, ഞാന്‍ പോയി വാങ്ങും. ഡോക്‌ടര്‍മാര്‍ വരാത്തത് കാര്യമായ പ്രശ്‌നമൊന്നുമില്ലാത്തതിനാലാകുമെന്ന് ഞാന്‍ അച്ഛനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു!
ശനിയാഴ്‌ച വൈകിട്ട് ബയോപ്‌സി റിസല്‍ട്ടു കിട്ടി. ഈശ്വരാധീനത്താല്‍ അര്‍ബുദ ലക്ഷണങ്ങളുണ്ടായിരുന്നില്ല. ഏറെ സന്തോഷത്തോടെ ഞാന്‍ ഡോക്‌ടറുടെ അടുക്കലേക്കോടി. കാര്‍ഡിയോ തൊറാസിക് ഐ.സി.യുവിലാണ് ഡോക്‌ടര്‍ ഉണ്ടാകുക. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടറെ ഞാന്‍ റിസല്‍ട്ടു കാണിച്ചു. തിങ്കളാഴ്‌ച ഡോക്‌ടര്‍(ഹെഡ്) വരട്ടെ. അദ്ദേഹത്തെ കാണിച്ച ശേഷം ഡിസ്‌ചാര്‍ജിന്റെ കാര്യം തീരുമാനിക്കാം. ആശ്വാസത്തോടെ ഞാന്‍ മുറിയിലെത്തി. ഒരു ദിവസം കൂടി ക്ഷമിക്കാന്‍ അച്ഛനോടു പറഞ്ഞു.
ഡിസ്‌ചാര്‍ജിനുള്ള നടപടികള്‍ക്കായി ഞാന്‍ ആശുപത്രിയില്‍ വേണമെന്നതിനാല്‍ തിങ്കളാഴ്‌ച ലീവെടുത്തു. ഉച്ചയോടെ വീണ്ടും ഐ.സി.യുവിനു മുന്നിലെത്തി ബെല്ലടിച്ചു. അത്ര തൃപ്‌തമല്ലാത്ത മുഖവുമായി ഒരു സിസ്റ്റര്‍ വെളിയില്‍ വന്നു. വകുപ്പു തലവന്‍ അകത്തുണ്ടോ എന്ന എന്റെ അന്വേഷണത്തിന് ഒരു പുച്ഛച്ചിരിയോടെ മറുപടി കിട്ടി.
"ഡല്‍ഹിയിലാണ്..."
ഞാനൊന്നു ഞെട്ടി! വിശ്വാസം വരാതെ വീണ്ടും പറഞ്ഞു.
"ബയോപ്‌സിയുടെ റിസല്‍ട്ടു കാണിക്കാനാണ്."
"ഡല്‍ഹിയില്‍ കൊണ്ടുപോയി കാണിക്കാന്‍ പറ്റുമോ?"
തെല്ലു നിശ്ശബ്‌ദതക്കൊടുവില്‍ അവര്‍ കതകടയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു.
"ഡോക്‌ടര്‍ എന്നു വരും?"
" ആ...."
മറുപടി ശബ്‌ദം മുഴുവന്‍ പുറത്തുവരും മുമ്പ് അവര്‍ കതകടച്ചു. ഞാന്‍ സുഹൃത്തിനെക്കൊണ്ട് ഡോക്‌ടറെ വിളിപ്പിച്ചു. വ്യാഴാഴ്‌ചയേ തിരിച്ചെത്തുകയുള്ളുവെന്നും ഡ്യൂട്ടിയിലുള്ള ഡോക്‌ടറോടു വിളിച്ചു വേണ്ടതു ചെയ്യാന്‍ പറയാമെന്നും അദ്ദേഹം മറുപടി നല്‍കി. ചൊവ്വാഴ്‌ച ഉച്ചവരെ ഡോക്‌ടര്‍മാര്‍ ആരും മുറിയിലെത്തിയില്ല. സിസ്റ്റര്‍മാര്‍ കുത്തിവയ്‌പിനുള്ള മരുന്ന് ഓരോദിവസവും കുറിച്ചു തന്നുകൊണ്ടിരുന്നു.
ഞാന്‍ ഉച്ചകഴിഞ്ഞ് വീണ്ടും ഐ.സി.യുവിലെത്തി. തലേന്നത്തെ ദുര്‍മുഖത്തെ അന്നു കണ്ടില്ല. ഡോക്‌ടര്‍മാര്‍ വാര്‍ഡില്‍ റൗണ്ട്‌സിലുണ്ടെന്നറിഞ്ഞ് ഞാന്‍ അവരെ തപ്പി. കണ്ടപ്പോള്‍ പറഞ്ഞു.
"തൊറാസിക് സര്‍ജറി കഴിഞ്ഞ ചന്ദ്രന്‍പിള്ളയുടെ ബൈസ്റ്റാന്‍ഡറാണ്."
"ഞങ്ങള്‍ അങ്ങോട്ടു വരികയാണ്. റൂം നമ്പര്‍ എത്രയാ?"
"സി-ത്രീ"
അപ്പോള്‍ അന്നു ഡിസ്‌ചാര്‍ജു ചെയ്യുമല്ലോ ആശ്വാസത്തോടെ ഞാന്‍ മുറിയിലേക്കു തിരിച്ചുപോയി. ഏകദേശം ഒരു മണിക്കൂറിനു ശേഷം ഡോക്‌ടര്‍മാര്‍ എത്തി. ബാന്‍ഡേജ് നീക്കം ചെയ്‌തു. കുത്തിവയ്‌പിനുപകരം ഗുളികകള്‍ കുറിച്ചു. സ്റ്റിച്ച് എടുക്കാതെ ഡിസ്‌ചാര്‍ജ് ചെയ്യാനാവില്ലെന്നും സര്‍ജറി കഴിഞ്ഞ് പത്തുദിവസം തികഞ്ഞാലേ സ്റ്റിച്ച് എടുക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. ഡോക്‌ടര്‍മാര്‍ വന്നല്ലോ, അച്ഛന് അത്രയും ആശ്വാസം!
എന്റെ രണ്ടു ദിവസത്തെ ലീവുകൂടി നഷ്‌ടപ്പെട്ടിരുന്നതിനാലും പത്തുദിവസം തികയുന്നത് വ്യാഴാഴ്‌ച ആയതിനാലും ഞാന്‍ ബുധനാഴ്‌ച ഓഫിസില്‍ പോകാന്‍ തീരുമാനിച്ചു. മുറിയില്‍ അമ്മ കൂട്ടുണ്ട്. രാവിലെ ഓഫിസിലേക്കു പോകാനിറങ്ങിയപ്പോഴാണ് അച്ഛന്‍ വിളിക്കുന്നത്. ഡോക്‌ടര്‍മാര്‍ വന്നു, സ്റ്റിച്ചെടുക്കാന്‍ വേഗം ചെല്ലാന്‍ പറഞ്ഞു.
ഞാന്‍ കാല്‍ മണിക്കൂറിനകം ആശുപത്രിയിലെത്തി. അച്ഛന്‍ സ്റ്റിച്ച് എടുക്കാന്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. സ്റ്റിച്ചെടുത്ത ശേഷം ഒരു എക്‌സ്‌റേ എടുക്കാനും കുറിച്ചിട്ടുണ്ട്. പത്തരക്കകം ചെന്നാല്‍ മാത്രമേ എക്‌സ്‌റേക്കു രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന് ഡ്യൂട്ടിറൂമിലെ സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ എക്‌സ്‌റേ വിഭാഗത്തിലേക്ക് പാഞ്ഞു. 10.25ന് അവിടെ എത്തിയെങ്കിലും പിറ്റേന്ന് രാവിലെ എട്ടരക്കു ചെല്ലാന്‍ പറഞ്ഞ് എന്നെ തിരിച്ചയച്ചു.
ഞാന്‍ തിരിച്ചു മുറിയിലെത്തി. "എവിടെ ചെല്ലാനാണു പറഞ്ഞത്?"
"ഓപ്പറേഷന്‍ കഴിഞ്ഞു കിടന്നിരുന്നതിന്റെ മുകളിലെ ഐ.സി.യുവില്‍."
ഞാന്‍ അച്ഛനേയും കൂട്ടി അവിടെത്തി. ബെല്ലടിച്ചു. പഴയ ദുര്‍മുഖം വാതില്‍ തുറന്നു.
"സ്റ്റിച്ചെടുക്കാന്‍ വരാന്‍ ഡോക്‌ടര്‍ പറഞ്ഞു."
"ഡോക്‌ടര്‍മാര്‍ ആരും വന്നിട്ടില്ല, അവിടിരിക്ക്."
ഏകദേശം അരമണിക്കൂറായിട്ടും ഡോക്‌ടര്‍ എത്തിയില്ല. ഞാന്‍ വീണ്ടും ബെല്ലടിച്ചു.
"ഇവിടെത്തന്നെയാണോ സ്റ്റിച്ചെടുക്കുന്നത്?"
"ആ, അഞ്ചാം വാര്‍ഡിന്റെ സൈഡിലാണു പതിവ്."
ഞങ്ങള്‍ വീണ്ടും കാത്തിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്‌ടറെത്തി അകത്തേക്കുപോയി. അല്‍പം കഴിഞ്ഞ് ഇറങ്ങി വന്ന ഡോക്‌ടറുടെ മുന്നില്‍ ഞങ്ങള്‍ ചെന്നു.
"നിങ്ങളോടു താഴെ വരാനായിരുന്നല്ലോ പറഞ്ഞിരുന്നത്. എന്തായാലും ഇരിക്ക്." ഡോക്‌ടര്‍ പുറത്തേക്കു പോയി. അച്ഛന്‍ കേട്ടതിന്റെ കുഴപ്പമായിരിക്കുമെന്നു ഞാന്‍ കരുതി. ഡോക്‌ടര്‍ മുകളിലെ ഐ.സി.യു എന്നാണു പറഞ്ഞതെന്ന് അച്ഛന്‍ തറപ്പിച്ചു പറയുന്നു! അരമണിക്കൂറിനു ശേഷം വാതില്‍ തുറന്നെത്തിയ പഴയ ദുര്‍മുഖം ഞങ്ങളോടു താഴേക്കു ചെല്ലാന്‍ നിര്‍ദ്ദേശിച്ചു.
താഴെചെന്ന് രണ്ടു മിനിട്ടിനകം സ്റ്റിച്ചെടുത്തു. ഞാന്‍ അച്ഛനെ തിരിച്ചു മുറിയിലാക്കി. സ്റ്റിച്ചെടുത്ത സ്ഥിതിക്ക് എക്‌സ്‌റേ കൂടി കിട്ടിയാല്‍ ഡിസ്‌ചാര്‍ജ് ചെയ്‌തേക്കും. ആശുപത്രിയില്‍ തന്നെ തുടര്‍ച്ചയായി 17 ദിവസം കഴിഞ്ഞതിന്റെ മുരടിപ്പ് അച്ഛന്റെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.
ആശുപത്രിയില്‍ എക്‌സ്‌റേ എടുക്കണമെങ്കില്‍ ഇനി ഒരു ദിവസം കൂടി കാക്കണം. എന്നാല്‍ പുറത്തെവിടെങ്കിലും എടുത്താലോ എന്നായി എന്റെ ആലോചന. ഡ്യൂട്ടിറൂമിലെത്തി ഞാന്‍ വിവരം ചോദിച്ചു. ഡോക്‌ടര്‍ അനുവദിച്ചാല്‍ ആകാമെന്നു സിസ്റ്റര്‍. ഞാന്‍ ഡോക്‌ടറുടെ അനുവാദം വാങ്ങാന്‍ വീണ്ടും ഐ.സി.യുവിനു മുന്നിലെത്തി ബെല്ലടിച്ചു. പതിവുപോലെ ദുര്‍മുഖം വാതില്‍ തുറന്നു. എക്‌സ്‌റേക്കുള്ള കുറിപ്പ് ഞാന്‍ നീട്ടി.
"ഒരു എക്‌സ്‌റേക്കു ഡോക്‌ടര്‍ കുറിച്ചിരുന്നു. ഇത് പുറത്തെവിടെങ്കിലും എടുത്തോട്ടെ എന്നൊന്നു ഡോക്‌ടറോടു ചോദിക്കാമോ?"
"എവിടെക്കിടക്കുന്ന പേഷ്യന്റാ?"
"സീ-ത്രിയില്‍"
"അവിടത്തെ ഡ്യൂട്ടിറൂമിലെ സിസ്റ്ററിനോടു പോയി ചോദിക്ക്..!"
"ആ സിസ്റ്ററാണ് ഡോക്‌ടറോടു ചോദിക്കാന്‍ ഇവിടേക്കു പറഞ്ഞു വിട്ടത്!"
"ഇവിടെ ആവശ്യത്തിനു രോഗികളുണ്ട്. എനിക്കവരുടെ കാര്യം നോക്കിയാല്‍ മതി! ബാക്കി പേഷ്യന്‍സിന്റെ കാര്യമൊന്നും നോക്കേണ്ട ആവശ്യമില്ല."
ഞാന്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു...
"പേഷ്യന്റിന്റെ കാര്യം നോക്കാന്‍ ഞാന്‍ പറഞ്ഞില്ല. ഡോക്‌ടറോട് ഇതൊന്നു ചോദിക്കാന്‍ ഒരു സഹായം ചോദിക്കുകയാണു ചെയ്‌തത്. അല്ലെങ്കില്‍ എന്നെ അകത്തേക്കു കടത്തിവിടുക, ഞാന്‍ ചോദിച്ചുകൊള്ളാം!"
"ഡോക്‌ടര്‍ അകത്തില്ല!" ഒറ്റവാക്കില്‍ അവര്‍ പ്രശ്‌നം അവസാനിപ്പിച്ചു.
മറുപടിക്കുപിന്നാലെവന്ന വക്രിച്ച ചിരികൂടി കണ്ടപ്പോള്‍ ശരിക്കും അവരുടെ കരണക്കുറ്റിക്ക് ഒന്നു പൊട്ടിക്കാനാണു തോന്നിയത്. കൂടുതല്‍ സംസാരിക്കാതെ അവര്‍ കതകടച്ചതിനാല്‍ അതു വേണ്ടി വന്നില്ല.തിരിച്ചിറങ്ങിച്ചെന്ന എന്നോട് ഡ്യൂട്ടി റുമിലെ സിസ്റ്റര്‍ ചോദിച്ചു
"പൊയ്‌ക്കോളാന്‍ പറഞ്ഞോ?"
എന്റെ നിയന്ത്രണം വിട്ടു പോയി. ഞാന്‍ ഒരിക്കല്‍കൂടി ക്ഷുഭിതനായി. "ഇനിയെനിക്കു നിയന്ത്രിക്കാനാകില്ല. രണ്ടാഴ്‌ചയിലധികമായി ഞാനിതു സഹിക്കുന്നു. ഇനിയെന്തെങ്കിലും ഞാന്‍ പ്രവര്‍ത്തിച്ചുപോകും!"
സിസ്റ്റര്‍ ആകെയൊരു ജാള്യതയിലായി. വേണ്ടായിരുന്നെന്ന് എനിക്കും തോന്നി. എന്തായാലും അല്‍പം കഴിഞ്ഞ് സിസ്റ്റര്‍ ഞങ്ങളുടെ മുറിയിലെത്തി, എക്‌സ്‌റേക്കുള്ള ചീട്ടുമായി ചെല്ലാന്‍ പറഞ്ഞു. സിസ്റ്റര്‍ എന്നേയും കൂട്ടി എക്‌സ്‌റേ സെക്ഷനിലെത്തി. "ഇതെന്റെ ഒരു ബന്ധുവാണ്. എക്‌സ്‌റേ കിട്ടിയാല്‍ ഡിസ്‌ചാര്‍ജ് ചെയ്‌തേക്കും. രാവിലെ വന്നപ്പോള്‍ നാളെ വരാനാണു പറഞ്ഞത്. ഒന്ന് എടുത്തുകൊടുക്കുമോ?" അവര്‍ ചീട്ടുവാങ്ങി വച്ചശേഷം രോഗിയേയും കൂട്ടി രണ്ടരയ്‌ക്കു ചെല്ലാന്‍ പറഞ്ഞു.
രണ്ടരയ്‌ക്ക് ഞാന്‍ എക്‌സ്‌റേ വിഭാഗത്തിലെത്തി. നമ്പര്‍ കിട്ടി. എക്‌സ്‌റേ എടുത്തു. അച്ഛനായിരുന്നു അവസാനം. തൊട്ടുപിന്നാലെ എത്തിയ രോഗിയുടെ എക്‌സ്‌റേ എടുക്കാന്‍ സാധിക്കില്ലെന്ന് ടെക്‌നീഷ്യന്‍മാര്‍ പറയുന്നു! ഇന്നുതന്നെ കിട്ടിയാല്‍ നന്നായിരുന്നു എന്ന് അവര്‍.
"ഞങ്ങള്‍ക്ക് അമ്പതു ഫിലിം എണ്ണിത്തിട്ടപ്പെടുത്തി തന്നതാണ് അതു തീര്‍ന്നു, ഇന്നിനി പറ്റില്ല!"
"കാലിന്റെ കമ്പിയിട്ടത് എടുക്കാനാണ്"
"കമ്പിയിടാന്‍ കാശുകൊണ്ടെക്കൊടുത്തില്ലേ, ഇനി എടുക്കണമെങ്കില്‍ അതിനും കാശങ്ങു ചെല്ലണം."
ഒരു ആശുപത്രി ജീവനക്കാരന്റെ ധാര്‍മികരോഷത്തിലുപരി തങ്ങള്‍ക്കു കിട്ടാത്തത് വേറെ ചിലര്‍ക്കു കിട്ടുന്നതിലുള്ള മനപ്രയാസമായാണ് ആ വാക്കുകള്‍ ഞാന്‍ കേട്ടത്!
വ്യാഴാഴ്‌ച ഞാന്‍ ഓഫിസില്‍ പോയി. അച്ഛനും അന്ന് ശാന്തനായി മുറിയില്‍ കഴിഞ്ഞുകൂടി. വെള്ളിയാഴ്‌ച രാവിലെ സുഹൃത്തിനെക്കൊണ്ടു വകുപ്പു തലവനെ വിളിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹം സര്‍ജറിക്കായി തിയേറ്ററിലേക്കു കയറാന്‍ തുടങ്ങുകയാണ്. കേസ് കഴിഞ്ഞ് വരാമെന്ന മറുപടിയില്‍ സംതൃപ്‌തനായ ഞാന്‍ ഓഫിസിലേക്കു പോയി. അല്‍പം നേരത്തേ ഓഫിസില്‍ നിന്നിറങ്ങി ആശുപത്രിയിലെത്തി. ഡോക്‌ടര്‍ ചെന്നിട്ടില്ല. ഞാന്‍ അദ്ദേഹത്തെ മൊബൈലില്‍ വിളിച്ചു.
"ബയോപ്‌സി റിസല്‍ട്ടു കിട്ടിയോ?"
"കിട്ടി."
"ഞാന്‍ കണ്ടില്ലല്ലോ!"
"ഡോക്‌ടര്‍ ഡല്‍ഹിയിലായിരുന്നു."
"ഐ.സി.യുവിലേക്കു വന്നോളൂ, ഞാനവിടേക്ക് ഇപ്പോള്‍ എത്താം." ഐ.സി.യുവിലെത്തി റിസല്‍ട്ട് പരിശോധിച്ച ഡോക്‌ടര്‍ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ അനുവാദം നല്‍കി. ജൂനിയര്‍ ഡോക്‌ടര്‍മാരിലൊരാള്‍ മുറിയിലെത്തി അച്ഛനെ പരിശോധിച്ചു. അതിനുശേഷം ഡിസ്‌ചാര്‍ജിനുള്ള പേപ്പറുകള്‍ ശരിയാക്കി തന്നു . അപ്പോഴേക്കും സമയം അഞ്ചര കഴിഞ്ഞു. ഇനി പിറ്റേന്നു മാത്രമേ വിടുതല്‍ കിട്ടുകയുള്ളു!
ശനിയാഴ്‌ച രാവിലെ ആശുപത്രിയിലെത്തി ഞാന്‍ ഇടപാടുകള്‍ തീര്‍ത്തു. റൂം വെക്കേറ്റു ചെയ്യാനുള്ള പേപ്പറുകളുമായി പേവാര്‍ഡ് കൗണ്ടറിലെത്തി ക്യൂ നിന്നു. അപ്പോഴാണ് മറ്റൊരു ബൈസ്റ്റാന്‍ഡര്‍ ക്യൂവില്‍ കയറാതെ തിക്കിത്തിരക്കിയെത്തിയത്. ക്യൂവില്‍ നിന്നിരുന്ന മറ്റുള്ളവര്‍ അദ്ദേഹത്തെ പിന്നോട്ടോടിച്ചു.
"ഇന്ന് ഓപ്പറേഷന്‍ നടത്തേണ്ടതാണ്. ഞാനിന്നലെ മുതല്‍ ഇതിനായി മെനക്കെടുകയാണ്."
എനിക്കു ചിരിവന്നു!
"ചേട്ടാ മെനക്കെടാനിരിക്കുന്നതേയുള്ളു. എനിക്കിതു മെനക്കേടിന്റെ ഇരുപതാം ദിവസമാണ്!"
അദ്ദേഹം ഒന്നും മിണ്ടാതെ ക്യൂവിന്റെ പിന്നില്‍പോയി നിന്നു. എനിക്കു മുന്നില്‍ നിന്നയാള്‍ മുറി ബുക്കുചെയ്യാനെത്തിയതാണ്. മൂന്നുദിവസത്തെ തുക മുന്‍കൂട്ടി അടച്ചുവേണം ബുക്കുചെയ്യാന്‍.
"എല്ലാ ദിവസവും വിളിച്ച് മുറി അലോട്ട് ചെയ്‌തോ എന്നു തിരക്കുക. അലോട്ട് ചെയ്‌ത് 24 മണിക്കൂറിനുള്ളില്‍ മുറി എടുത്തില്ലെങ്കില്‍ അടച്ച കാശും പോകും മുറിയും പോകും."
അദ്ദേഹം തലകുലുക്കി, പണം അടച്ചു.അടുത്തയാള്‍ മുറി അലോട്ട് ചെയ്‌തു കിട്ടിയ വ്യക്‌തിയാണ്.
"ഇപ്പോള്‍ വാര്‍ഡിലാണോ കിടക്കുന്നത്?"
"അല്ല വാര്‍ഡിനു വെളിയില്‍ കുത്തിയിരിപ്പുണ്ട്!"
മറുപടി കേട്ട് എല്ലാവരും അദ്ദേഹത്തെ ഒന്നു നോക്കി. കൗണ്ടറിലിരുന്നയാളും. "ഓപ്പറേഷന്റെ തിയതി നിശ്ചയിക്കണമെങ്കില്‍ അഡ്‌മിറ്റാകണം. അഡ്‌മിറ്റാകണമെങ്കില്‍ റൂം കിട്ടണം. ഞങ്ങള്‍ രാവിലെ മുതല്‍ വന്ന് കാവലിരിക്കുകയാണ്!"
"അപ്പോള്‍ ദുരിതം ഇനി തുടങ്ങാനിരിക്കുന്നതേയുള്ളു."
ഞാനും പറഞ്ഞു.എന്റെ രേഖകള്‍ വാങ്ങിയ കൗണ്ടര്‍മാന്‍ കംപ്യൂട്ടറില്‍ പരിശോധിച്ചു. "ഇന്നു വരെയുള്ള പണം അടച്ചിട്ടുണ്ട്. അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നുമില്ല!"
"ഓ..."
അദ്ദേഹം ഒരു തുണ്ടു പേപ്പറില്‍ എന്തോ കൂട്ടിയെഴുതി എനിക്കുനേരേ നീട്ടി.
"ഒരു 270 രൂപ വെളിയിലെ കൗണ്ടറില്‍ അടയ്‌ക്കണം. സര്‍വ്വീസ് ചാര്‍ജാണ്!"
പേവാര്‍ഡില്‍ കിടക്കുന്നവര്‍ക്കുള്ള അധിക ശിക്ഷയാണ് ഈ ചാര്‍ജ്. നിസ്വാര്‍ഥ സേവനത്തിനുള്ള തുച്ഛമായ പ്രതിഫലം!
ആ പണം അടച്ച് എത്തി ഞാന്‍ കാത്തു നിന്നു. പത്തു മിനിട്ടു കഴിഞ്ഞ് രസീതു വാങ്ങിയപ്പോള്‍ കൗണ്ടര്‍മാന്‍ പരിചയഭാവത്തില്‍ ചിരിച്ചു.
"അയ്യോ ഇവിടെ നില്‍ക്കുകയായിരുന്നോ. അപ്പോള്‍തന്നെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രസീതുവാങ്ങി കേസ് ഷീറ്റ് തിരിച്ചുതരുമായിരുന്നല്ലോ!"
ഇരുപതു ദിവസം മെനക്കെട്ട എനിക്ക് പത്തുമിനിട്ടല്ല, വൈകിട്ടുവരെ വേണമെങ്കില്‍ കാത്തു നില്‍ക്കാന്‍ മടിയില്ലെന്നകാര്യം ഞാന്‍ മറച്ചുവച്ചില്ല. ഒരു നിറഞ്ഞ ചിരിയായിരുന്നു മറുപടി.
ഇതിനിടയില്‍ ഞായറാഴ്‌ച സ്റ്റേ പാസ്സിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നിട്ടും കാലാവധി കഴിഞ്ഞ സ്റ്റേ പാസ് കാണിച്ച് എന്നെ തടഞ്ഞ സെക്യൂരിറ്റിക്കു മുന്നിലൂടെ ഞാന്‍ പലവട്ടം കടന്നുപോയി, ബുധനാഴ്‌ച അതു പുതുക്കുന്നതുവരെ. സെക്യൂരിറ്റിയുടെ ജാഗ്രതയെച്ചൊല്ലി മനസ്സിലൊന്നു ചിരിച്ചുകൊണ്ട്.
വീട്ടിലെത്തിയശേഷം ഇരുപതു ദിവസത്തെ ആശുപത്രിവാസത്തിന്റെ അനുഭവങ്ങള്‍ എന്റെ അടുത്ത ഒരു സുഹൃത്തിനോട് ഞാന്‍ പങ്കിട്ടു.
"നാളെത്തന്നെ ഒരു മെഡിക്കല്‍ കവറേജ് ഇന്‍ഷ്വറന്‍സില്‍ കുടുംബസമേതം ചേരുക. ഇനി ചികില്‍സ ആവശ്യമായി വന്നാല്‍ ഏതെങ്കിലും സ്വകാര്യആശുപത്രിയില്‍ പോയി മരുന്നും ബില്ലും വാങ്ങുക. പണം ഇന്‍ഷ്വറന്‍സുകാര്‍ തരും. സര്‍ക്കാരാശുപത്രിയിലെ മെനക്കേടുമില്ല, തുക എത്ര കൂടിയാലും പേടിക്കാനുമില്ല!"
ആ വാക്കുകളിലെ സ്വകാര്യ അധിനിവേശത്തിന്റെ അപകടങ്ങള്‍ മനപ്പൂര്‍വ്വം മറന്ന് ഞാന്‍ അതിന്റെ ആവശ്യകതയെപ്പറ്റി ബോധവാനായി!
സെക്യൂരിറ്റിമാരുടെ കാര്യത്തില്‍ പ്രൈവറ്റ് ഹോസ്പിറ്റലുകളും കണക്കാണ്...
ReplyDeleteഅവന്റെയൊക്കെ ഔദാര്യത്തില്‍ ആണ് എല്ലാവരും കഴിയുന്നത് എന്ന ഒരു മുഖഭാവം ആണ് മിക്കവര്‍ക്കും...
2 പാസ് കൊണ്ടുള്ള ഈ ബുദ്ധിമുട്ട് എനിക്കും ഉണ്ടായിട്ടുണ്ട്,എറണാകുളത്തുള്ള പ്രശസ്തമായ ഒരു സ്വകാര്യാശുപത്രിയില്‍.
അത് മറികടന്നത് തടഞ്ഞ സെക്യൂരിറ്റി ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത രീതിയില്‍ തെറി പറഞ്ഞാണ്...
2 തെറി കേട്ടപ്പോള്‍ പുലി പൂച്ചയായി..