Sunday, December 16, 2007

ഒരേ കടലോ, നാലു പെണ്ണുങ്ങളോ?

ഒരേ കടലോ, നാലു പെണ്ണുങ്ങളോ?

രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സംവിധായകര്‍ അണിനിരന്ന ഓപ്പണ്‍ ഫോറത്തില്‍ ഡെലിഗെറ്റ്‌സുകള്‍ ശക്തമായി പ്രതികരിക്കുകയായിരുന്നു, നാലുപെണ്ണുങ്ങള്‍ക്കെതിരെ. ഒരാള്‍ പറഞ്ഞത്‌ അടൂരിന്റെ നാലു പെണ്ണുങ്ങളൊക്കാള്‍ ഏറെ നന്നായത്‌ റോഷന്‍ ആന്‍ഡ്രൂസിന്റെ മൂന്നു പെണ്ണുങ്ങളാണെന്നാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്‍ എന്ന ചലച്ചിത്രപ്രതിഭയുടെ ഏറ്റവും മോശം വര്‍ക്കാണ്‌ നാലു പെണ്ണുങ്ങള്‍ എന്നാണ്‌ എന്റെയും അഭിപ്രായം. അടൂര്‍ എന്തു പടച്ചുവിട്ടാലും പൊക്കിക്കൊണ്ടുനടക്കാന്‍ നമുക്കു മടിയില്ലാത്തതാണ്‌ ഇതിനു കാരണം. മല്‍സരവിഭാഗത്തില്‍ നാലു പെണ്ണുങ്ങളോ പരദേശിയോ ആയിരുന്നില്ല, ഒരേ കടലും തകരച്ചെണ്ടയുമാണ്‌ വരേണ്ടിയിരുന്നതെന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്‌ അടൂരിനോടുള്ള സ്‌നേഹ ബഹുമാനം കൊണ്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നു!

ഓപ്പണ്‍ ഫോറത്തിന്റെ അവസാനം പ്രേക്ഷകവികാരത്തെപ്പറ്റി ഞാന്‍ സെലക്ഷന്‍ ജൂറി ചെയര്‍മാനായിരുന്ന കെ.ജി. ജോര്‍ജിനോടു ചോദിച്ചു. അദ്ദേഹം ന്യായീകരിക്കാന്‍ ശ്രമിച്ചതുമില്ല. പകരം പറഞ്ഞത്‌, തങ്ങളെ നിയമിച്ചതു സര്‍ക്കാരാണ്‌ തങ്ങള്‍ക്കു പല പരിമിതികളുമുണ്ട്‌ എന്നായിരുന്നു. ഡെലിഗേറ്റ്‌സിന്റെ പ്രതികരണത്തെ സാധൂകരിക്കുകയാണ്‌ ഇതിലൂടെ അദ്ദേഹം ചെയ്‌തത്‌. നാലു പെണ്ണുങ്ങളെ വിമര്‍ശിച്ച്‌ ഈ ലേഖകനോടു സംസാരിച്ചവര്‍ മേളയില്‍ ഏറെപ്പേരുണ്ട്‌. നാലു പെണ്ണുങ്ങള്‍ മോശം ചിത്രമാണെന്നു ഞാന്‍ ഹരിയുടെ ചിത്രവിശേഷത്തില്‍ കമന്റിയപ്പോള്‍ ഹരി അതിനെ എതിര്‍ത്തിരുന്നു. എന്തുകൊണ്ടാണു നാലു പെണ്ണുങ്ങള്‍ മോശമായത്‌?ക്രാഫ്‌റ്റ്‌ ആദ്യം നോക്കുക. ന്യൂവേവ്‌ സിനിമയുടെ കാലത്തോടെ ഉപേക്ഷിക്കപ്പെട്ട ചിത്രീകരണരീതിയാണ്‌ നാലു പെണ്ണുങ്ങളുടേത്‌‌. ക്യാമറ ഒരിടത്ത്‌‌ ഉറപ്പിച്ചു നിര്‍ത്തിയ ശേഷം കഥാപാത്രങ്ങള്‍ അതിനു മുന്നിലെത്തി അഭിനിയിക്കുന്ന സമ്പ്രദായം അസ്‌തമിച്ച ഒന്നാണ്‌. തകഴിയുടെ നാലു കഥകളെടുത്ത്‌‌ അതേപടി സിനിമയാക്കുമ്പോള്‍ കഥ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു എന്നതിനപ്പുറം സ്വതന്ത്രമായ ഒരു സിനിമയായി നില്‍ക്കാന്‍ അതിനു കഴിയുന്നില്ല. നാലു പെണ്ണുങ്ങളില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം പോലുമില്ലാതെ പോയത്‌ അതിനാലാണ്‌. തകഴിയുടെ നാലു കഥകള്‍ക്ക്‌ ഇന്നത്തെ സമൂഹത്തിലുള്ള പ്രസക്തി ചൂണ്ടിക്കാണിക്കാന്‍ സിനിമ എന്ന മാധ്യമത്തിന്റെ ആവശ്യമുണ്ടോ? അതിന്‌ ഒരു പത്രാധിപരോ നിരൂപകനോ മതി. (ഒരേ സ്വഭാവമുള്ള കഥകള്‍ സമാഹരിക്കപ്പെടുന്ന പുതിയ പ്രവണത ശ്രദ്ധിക്കുക.) കഥയെ സമാഹരിക്കുകയും ദൃശ്യവല്‍ക്കരിക്കുകയും ചെയ്‌തു എന്നതിനപ്പുറം ഈ സിനിമയില്‍ അടൂരിന്റേതായി എന്തു സംഭാവനയാണുള്ളത്‌?

ഇത്തവണത്തെ ചലച്ചിത്രമേളയില്‍ ആന്തോളജി എന്നൊരു വിഭാഗമുണ്ടായിരുന്നു. ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി പല സംവിധായകര്‍ എടുത്ത സിനിമകളുടെ സമാഹാരമായിരുന്നു അത്‌‌. ഒരു പ്രത്യേക വിഷയത്തെപ്പറ്റി മനപ്പൂര്‍വ്വമല്ലാതെ തകഴി രചിച്ച കഥകടുത്ത്‌ മനപ്പൂര്‍വ്വമായ ഒരു സിനിമ എടുക്കുക മാത്രമാണ്‌ അടൂര്‍ ചെയ്‌തത്‌.
ഹരി ചോദിച്ചിരുന്നു. ഈ സിനിമയില്‍ പറയുന്ന സ്‌ത്രീകഥാപാത്രങ്ങളുടെ അവസ്ഥക്ക്‌ ഇന്ന്‌ എന്തെങ്കിലും മാറ്റം വന്നിട്ടിട്ടുണ്ടോ എന്ന്‌. ഇല്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയാം. പക്ഷേ മാറ്റമുള്ള ഒരു സ്‌ത്രീസമൂഹം ഇവിടെ ഉണ്ടായിട്ടുണ്ട്‌. കേരളത്തിന്റെ പഴയ സാമൂഹ്യ പശ്ചാത്തലമാണിതെന്നും ഇതിനു മാറ്റം വന്നില്ലെന്നും മലയാളിയായ നമുക്കു മാത്രമേ പറയാന്‍ കഴിയൂ. സിനിമ കാണുന്ന ഒരു വിദേശിക്ക്‌ അതറിയില്ല. അവര്‍ കാണുന്നത്‌ ഇതു കേരളത്തിന്റെ പുതിയ സിനിമയായിട്ടാണ്‌. അവര്‍ മനസ്സിലാക്കുക നാം ഇപ്പോഴും ഈ മാടമ്പി യുഗത്തിലാണു കഴിയുന്നതെന്നായിരിക്കും. കഥ നടക്കുന്ന കാലമേതെന്ന്‌‌ ഒന്നെഴുതിക്കാണിക്കാന്‍ പോലും അടൂര്‍ തയാറായിട്ടില്ല. അങ്ങിനെ ചെയ്‌താല്‍ അടൂര്‍ സിനിമയ്‌ക്ക്‌ വിദേശത്ത്‌്‌ വലിയ പ്രിയമുണ്ടാകില്ല.

വിദേശ സിനിമകള്‍ നോക്കുക. അവര്‍ പഴയ കഥ പറഞ്ഞാല്‍ അതു ചരിത്രസംഭവമായിരിക്കും. കഴ്‌സ്‌ ഓഫ്‌ ദ ഗോള്‍ഡന്‍ ഫ്‌ളവര്‍ ഉദാഹരണം. പത്താം നൂറ്റാണ്ടിലെ താങ്‌്‌്‌ രാജവംശത്തിന്റെ കഥയാണിത്‌‌. നമ്മുടെ മേളകളിലെ റിട്രോസ്‌പെക്‌റ്റീവുകള്‍ ഒരു സംവിധായകന്‍ കാലത്തിനനുസരിച്ചു മാറുന്നതിന്റേയും രാജ്യത്തിനു സംഭവിക്കുന്ന മാറ്റത്തിന്റേയും കൂടി കാഴ്‌ചയാണു സമ്മാനിക്കുന്നത്‌‌. ഇത്തവണത്തെ മേളയില്‍ ജിറി മിന്‍സില്‍ പടങ്ങള്‍ മാത്രം ഉദാഹരണമായിട്ടെടുത്താല്‍ മതി. ഒരു പത്തു വര്‍ഷത്തിനു ശേഷം അടൂര്‍ ഗോപാലകൃഷ്‌‌ണന്‍ റിട്രോസ്‌പെക്ടീവ്‌ കാണാനിടയാകുമ്പോള്‍ അതില്‍ നാലു പെണ്ണുങ്ങള്‍ ഉള്‍പ്പെട്ടാല്‍ സ്വയംവരത്തില്‍ നിന്നുള്ള ഇതിന്റെ വ്യത്യാസം ബ്‌ളാക്‌ ആന്‍ഡ്‌‌ വൈറ്റില്‍ നിന്ന്‌ കളറിലേക്കുള്ള പരിണാമം മാത്രമായിരിക്കും. ഓരോ വിദേശ ചിത്രവും നാം കാണുന്നത്‌ കാലികമായിട്ടാണ്‌. ആ ചിത്രം പ്രതിനിധാനം ചെയ്യുന്ന നാടിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ വളര്‍ച്ചയും ഇന്നത്തെ അവസ്ഥയും മനസ്സിലാക്കാനാണ്‌. അബോര്‍ഷന്‍ നിരോധിച്ച നാട്ടില്‍ കൂട്ടുകാരിയുടെ അബോര്‍ഷനുവേണ്ടി പ്രയത്‌നിക്കുന്ന പെണ്‍കുട്ടിയുടെ കഥയ്‌ക്കു പ്രസക്തിയുണ്ടാകുന്നത്‌ അതിനാല്‍ മാത്രമാണ്‌ അല്ലങ്കില്‍ കൂടുതല്‍ പ്രസക്തമാകുക നമ്മുടെ നോട്ടുബുക്കാണ്‌. പഠിക്കാനായി ഉല്‍ക്കടമായി മോഹിച്ച്‌ കഷ്ടപ്പെട്ടു പണമുണ്ടാക്കി പോകുന്ന അഞ്ചു വയസുകാരിയെ യുദ്ധം കളിക്കുന്ന കുട്ടികള്‍ തടവിലാക്കുമ്പോള്‍ ബുദ്ധ കൊളാപ്‌സ്‌ഡ്‌ ഔട്ട്‌ ഓഫ്‌ ഷെയിം നമ്മോട്‌‌ എത്ര വാചാലമായിട്ടാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കുക.
ഗെറ്റിങ്‌ ഹോം പറയുന്നത്‌ ചൈനയുടെ ഇന്നത്തെ വികസിതരൂപത്തെപ്പറ്റിയാണ്‌. പക്ഷേ ബാഹ്യവികസനത്തിനിടയിലും മനുഷ്യന്‍ അനുഭവിക്കുന്ന ദുരിതവും കെടുതിയും ആ ചിത്രം കാട്ടിത്തരുന്നില്ല? ഒരു സിദ്ദീഖ്‌ ലാല്‍ ചിത്രം പോലെ ഒഴുക്കോടെയും നര്‍മം കലര്‍ത്തിയും പറയുന്ന ആ കഥയില്‍ യുക്തിക്കു സ്ഥാനമില്ലെന്നുകൂടി കാണുക. പക്ഷേ സമാനമായ ശൈലിയില്‍ മലയാളത്തില്‍ ഒരു പടം വന്നാല്‍ നാമതിനെ വാണിജ്യചിത്രമെന്നുപറഞ്ഞു തള്ളിക്കളയും. മലയാളത്തിന്റെ ലോക ക്‌ളാസിക്കുകള്‍ കണ്ടാണ്‌ വിദേശി ഇഴയുന്ന സിനിമ എടുക്കാന്‍ തുടങ്ങിയതെന്ന്‌‌ ഒരു സുഹൃത്ത്‌ മേളക്കിടയില്‍ പറയുകയുണ്ടായി.

ഫിലിപ്പീന്‍സിലെ ചേരിയുടെ കഷ്ടതകള്‍ പറഞ്ഞ കാസ്‌കറ്റ്‌ ഫോര്‍ ഹയറിന്‌ സമാനമായ മലയാള ചിത്രം തകരച്ചെണ്ടയല്ലേ? പാന്‍സ്‌ ലാബറിന്‍തിന്‌ ഒരു മമ്മി റിട്ടേണ്‍സ്‌‌ ചുവയുണ്ടെന്നു മറക്കരുത്‌.

ഒരേ കടലിന്റെ പ്രസക്തിയിവിടെയാണ്‌. ഇന്ത്യയുടെ മധ്യവര്‍ഗസമൂഹത്തിന്റെ മനസ്സാണ്‌ ആ കഥ. തൊഴില്‍ നഷ്ടപ്പെട്ടവന്റെ ദുരിതജീവിതവും ഉപരവര്‍ഗത്തിന്റെ അരാജകജീവിതവും ഒടുവില്‍ സ്‌നേഹത്തിന്റെ പരമമായ വിജയവുമെല്ലാം എത്രമനോഹരമായി ആ സിനിമ പറയുന്നു. അവാര്‍ഡിനയക്കുമ്പോള്‍ പാട്ടുസീനുകള്‍ വെട്ടിക്കളയുന്നവര്‍ക്കു മറുപടിയായി സംഗീതം ഇത്തരമൊരു ചിത്രത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നു ശ്യാമപ്രസാദ്‌ കാട്ടിത്തന്നു.എന്തായാലും രാജ്യാന്തര മേളയില്‍ ഒരേ കടല്‍ മല്‍സര വിഭാഗത്തില്‍ വരാതിരുന്നതു നന്നായി. അതുകൊണ്ട്‌ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡെങ്കിലും കിട്ടി. മല്‍സരവിഭാഗത്തിലായതിനാലാണ്‌ അവാര്‍ഡിതമാകാതെപോയതെന്ന്‌ അടൂരിന്റേയും കുഞ്ഞുമുഹമ്മദിന്റേയും വിധേയര്‍ക്കു ഭള്ളു പറയുകയും ചെയ്യാം.

10 comments:

  1. നല്ല നിരീക്ഷണം ..നടത്തിയ ചില താരതമ്യങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. എങ്കിലും പറയാനുള്ള കാര്യം താങ്കള്‍ യുക്തിഭദ്രതയോടെ അവതരിപ്പിച്ചു..

    ReplyDelete
  2. ഒരേ കടലോ, നാലു പെണ്ണുങ്ങളോ?
    സംശയമില്ല, ഒരേ കടല്‍ തന്നെയാണ് മികച്ച ചലച്ചിത്രം. അതെന്തുകൊണ്ടു മത്സരവിഭാഗത്തില്‍ വന്നില്ല, നാലു പെണ്ണുങ്ങള്‍ എന്തുകൊണ്ടു വന്നു; എന്നതൊക്കെ പിന്നാമ്പുറ രാഷ്ട്രീയചര്‍ച്ചകള്‍ക്കു വിടുന്നു.

    അടൂരിന്റെ ഏറ്റവും മോശം ചലച്ചിത്രമായിരിക്കാം ‘നാലു പെണ്ണുങ്ങള്‍’. എന്നാല്‍ സമകാലീന മലയാളസിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍, ‘നാലു പെണ്ണുങ്ങള്‍’ ഒരു നല്ല സിനിമ എന്നു തന്നെ കരുതേണ്ടിവരും. (ചിത്രവിശേഷത്തില്‍ ഞാന്‍ പറയുന്നത് സമകാലീന മലയാളസിനിമകളുമായി താരതമ്യം ചെയ്താണെന്നുള്ളത് ഓര്‍ക്കുക.) ‘ഗെറ്റിംഗ് ഹോം’ മുതലായ പടങ്ങള്‍ കൊമേഴ്സ്യല്‍ സിനിമകളെന്ന വിഭാഗത്തില്‍ തന്നെ വരുന്നതാണ്, എന്നാല്‍ നമ്മുടെ വാണിജ്യസിനിമകളോ? അതുകൊണ്ട് ‘നാലു പെണ്ണുങ്ങള്‍’മോശമാണെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല, സമകാലീന മലയാളസിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍. പിന്നെ, അടൂരിന്റെ ചിത്രത്തിന്റെ ക്രാഫ്റ്റിന് മാറ്റമൊന്നും വന്നിട്ടില്ല, അത് അദ്ദേഹത്തിന്റെ ശൈലി; ഇഷ്ടമുള്ളവരുണ്ടാവാം ഇഷ്ടമില്ലാത്തവരുണ്ടാവാം. അദ്ദേഹമതില്‍ മാറ്റം വരുത്തുന്നില്ല എന്നതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമകള്‍ മോശമാവുമോ?

    ഇനി, നമുക്ക് ഈ സിനിമകളെ മേളയില്‍ വന്ന മറ്റു മത്സരച്ചിത്രങ്ങളുമായി താരതമ്യം ചെയ്തുനോക്കാം. ‘ഗെറ്റിംഗ് ഹോം’, ‘ബ്ലിസ്സ്’, ‘എക്സ്.എക്സ്.വൈ.’, ‘സ്ലീപ്പ് വാക്കിംഗ് ലാന്‍ഡ്’, ‘ടീത്ത് ഓഫ് ലവ്’, ‘ദി കിംഗ് ഓഫ് സാന്‍-ഗ്രിഗേറിയോ’ ഇവയൊക്കെ കഴിഞ്ഞാണ് ‘നാലു പെണ്ണുങ്ങളു’ടെ സ്ഥാനം. തുടര്‍ന്ന് ‘കാസ്കറ്റ് ഫോര്‍ ഹയര്‍’, ‘സൂലി ഇന്‍ ദി സ്കൈ’. അതിനു ശേഷം ‘പരദേശി’. ‘ടെന്‍ പ്ലസ് ഫോര്‍’, ‘ലോഡ്! ലെറ്റ് ദി ഡെവിള്‍ ടേക്ക് മൈ സോള്‍’, ‘ദി ഓള്‍ഡ് ഗാര്‍ഡന്‍’, ‘ടര്‍ട്ടില്‍ ഫാമിലി’ എന്നിവ ഞാന്‍ കണ്ടിരുന്നില്ല. ‘ഒരേ കടല്‍’ മത്സരവിഭാഗത്തിലുണ്ടായിരുന്നെങ്കില്‍, ‘ടീത്ത് ഓഫ് ലവി’നു ശേഷം സ്ഥാനം ലഭിക്കുമായിരുന്നെന്നു കരുതാം. (ഇതെന്റെ അഭിപ്രായം മാത്രം.)

    സിനിമ കാണുന്ന ഒരു വിദേശിക്ക്‌ അതറിയില്ല. അവര്‍ കാണുന്നത്‌ ഇതു കേരളത്തിന്റെ പുതിയ സിനിമയായിട്ടാണ്‌. അവര്‍ മനസ്സിലാക്കുക നാം ഇപ്പോഴും ഈ മാടമ്പി യുഗത്തിലാണു കഴിയുന്നതെന്നായിരിക്കും. - അങ്ങിനെയാണോ? ‘ടീത്ത് ഓഫ് ലവ്’ 1977 മുതല്‍ 1987 വരെ നടക്കുന്ന കഥയാണെന്ന് സിനിമയിലൊരിടത്തും പറയുന്നില്ല (ഹാന്‍ഡ് ബുക്കില്‍ വായിച്ചു). അതു മനസിലാക്കിയല്ലേ നാം കണ്ടത്, അതുപോലെ തന്നെയാവില്ല വിദേശങ്ങളില്‍ ‘നാലു പെണ്ണുങ്ങള്‍’ കാണുന്നവരും? (ഇവിടുത്തെ ഹാന്‍ഡ് ബുക്കില്‍ 50 കൊല്ലം മുന്‍പുള്ള കഥയാണെന്ന് പറയുന്നില്ല, പക്ഷെ മറ്റിടങ്ങളില്‍ അതു പറയുന്നുണ്ടാവുമെന്നു കരുതുന്നു. പറയുന്നില്ലെങ്കിലും സിനിമകാണുമ്പോള്‍ മനസിലാക്കുവാന്‍ പ്രയാസമുണ്ടാവുമോ?)

    കാലികമായി മാത്രമേ സിനിമയെടുക്കാവൂ എന്നു നിര്‍ബന്ധം പിടിക്കേണ്ടതുണ്ടോ? പഴയകാലത്തു നടക്കുന്ന കഥകള്‍ പറയുന്ന സിനിമകളും പ്രസക്തമല്ലേ? ചരിത്രസിനിമ എന്നൊരു വിഭാഗത്തില്‍ പെടുന്നില്ല എങ്കില്‍ പോലും? ‘നാലു പെണ്ണുങ്ങള്‍’ കണ്ടു കഴിയുമ്പോള്‍ നമ്മുടെ സമൂഹം 50 കൊല്ലത്തിനപ്പുറം കാര്യമായൊന്നും മാനസികമായി വളര്‍ന്നിട്ടില്ല എന്നു പ്രേക്ഷകനു മനസിലാക്കുവാന്‍ സാധിക്കുന്നില്ലേ? മറ്റു പലകാര്യങ്ങളിലും; വേഷം, ഭാഷ, ജോലി... നാം വളരെ മുന്നേറുകയും ചെയ്തു. ഇതു മനസിലാക്കിത്തരുവാന്‍ ‘നാലു പെണ്ണുങ്ങള്‍ക്ക്’ കഴിയുന്നതിനാല്‍ ഒരു മോശം സിനിമ എന്നു പറയേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്. കൂടുതല്‍ മികച്ച ചിത്രങ്ങളുമായി മറ്റു സംവിധായകര്‍ വരട്ടെ, അപ്പോള്‍ അടൂരും ശൈലി മാറ്റുമായിരിക്കും.

    ‘തകരച്ചെണ്ട’യും ‘കാസ്കറ്റ് ഫോര്‍ ഹയറും’ പറയുന്നത് ഒന്നുതന്നെയാണെങ്കിലും, ‘തകരച്ചെണ്ട’ ഒരു ഡോക്യുമെന്ററിയായിപ്പോയി; ‘കാസ്കറ്റ് ഫോര്‍ ഹയര്‍’ ഒരു സിനിമയും. :) അതുകൊണ്ട് ‘തകരച്ചെണ്ട’ മത്സരവിഭാഗത്തില്‍ വന്നിരുന്നെങ്കില്‍, ഏറ്റവും പിന്നിലാവുമായിരുന്നു അതിന്റെ സ്ഥാനം.

    മേളയിലെ സിനിമകളെക്കുറിച്ച് ഞാന്‍ എഴുതുന്നുണ്ട്. അതില്‍ പറയാം കൂടുതല്‍ കാര്യങ്ങള്‍...
    --

    ReplyDelete
  3. ‘ടീത്ത് ഓഫ് ലവ്’ 1977 മുതല്‍ 1987 വരെ നടക്കുന്ന കഥയാണെന്ന് സിനിമയിലൊരിടത്തും പറയുന്നില്ല .
    haree..
    teeth of love il year vyakthamaayi ezhuthikkanikkunnundu. first 1987 (at the starting seen of hospital). then the heroine told the story to the doctor, flashback started title appaered as 1977.. thangal ithu kandille?

    ReplyDelete
  4. ശരിയാണ്...
    എനിക്കു തെറ്റുപറ്റിയതാണ്, ഇപ്പോളോര്‍ക്കുന്നു. പക്ഷെ, അങ്ങിനെ സമയത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാത്ത സിനിമകള്‍ ഉണ്ടായിട്ടുണ്ട്... മേളകളില്‍ അവ പ്രദര്‍ശിക്കപ്പെടുമ്പോള്‍, അതറിഞ്ഞാണ് കാണാറുള്ളതും... പാന്‍സ് ലിബറിന്ത്, അതില്‍ കാലം എഴുതിക്കാണിക്കുന്നുണ്ടോ? കഴിഞ്ഞ മേളയില്‍ വെനിസ്വേലയില്‍ നിന്നും വന്ന ഒരു ചിത്രവും സമാനമായിരുന്നു, പേരു മറന്നു. നാലു പെണ്ണുങ്ങള്‍ കണ്ട ശേഷം ആ രീതിയാണ് കേരളത്തിലിന്നുമെന്ന് എനിക്കു തോന്നുന്നില്ല, അധികമാരും വിശ്വസിക്കുമെന്ന്! അവര്‍ കേരളത്തെക്കുറിച്ച് ഒട്ടും അറിയാത്തവരാവില്ലല്ലോ!
    --

    ReplyDelete
  5. വക്രബുദ്ധി മാഷെ നിങ്ങളാണ് അല്ലെ ആ ചോദ്യം ജോര്‍ജ് സാറിനോട് ചോദിച്ചത് അല്ലെ .. അവിടെ ക്യാമറയും തുക്കി ഞാന്‍ ഉണ്ടാരുന്നു ..
    പിന്നെ ആ സിഗ്നേച്ചര്‍ ഫിലിമിനെ പറ്റി ജോര്‍ജ് സാറിനോടും ജോണ്‍ പോള്‍ സാറിനോടും ( ഇവര്‍ രണ്ടു പേരും എന്റെ ഗുരുക്കന്മാര്‍ ആണ് ) പറഞ്ഞിരുന്നു . അവര്‍ പറഞ്ഞതു അടുത്ത തവണ മുതല്‍ സിഗ്നേച്ചര്‍ ഫിലിം copetition ആകാന്‍ പോകുന്നു എന്നാണ് . അങ്ങനെ സംഭവികട്ടെ ...

    ReplyDelete
  6. ഹരി മാഷെ അടൂരിന്റെ ക്രാഫ്റ്റ് മാറിയിട്ടില്ല എന്ന് എഴുതി കണ്ടു .. പഷെ എനിക്ക് തോന്നിയത് ഞാന്‍ പറയട്ടെ .. നിഴല്‍ കൂത്തിലും ,നാലു പെണ്ണുങ്ങള്‍ലും .. സിനിമയുടെ ഭാവം കൈവിട്ടു കൊണ്ടു ടെക്നിക്കല്‍ ബ്യൂട്ടി നോക്കുന്ന അടൂരിനെ ആണ് ഞാന്‍ കണ്ടത് .

    ReplyDelete
  7. ഹരി മാഷെ അടൂരിന്റെ ക്രാഫ്റ്റ് മാറിയിട്ടില്ല എന്ന് എഴുതി കണ്ടു .. പഷെ എനിക്ക് തോന്നിയത് ഞാന്‍ പറയട്ടെ .. നിഴല്‍ കൂത്തിലും ,നാലു പെണ്ണുങ്ങള്‍ലും .. സിനിമയുടെ ഭാവം കൈവിട്ടു കൊണ്ടു ടെക്നിക്കല്‍ ബ്യൂട്ടി നോക്കുന്ന അടൂരിനെ ആണ് ഞാന്‍ കണ്ടത് .

    ReplyDelete
  8. എഴുത്ത്‌ പേരു പോലെ വക്രമല്ലല്ലോ...!
    ഈ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. എന്നു കാണാനാകുമെന്നും അറിയില്ല. നാലു പെണ്ണുങ്ങളുടെ പോരായ്മയെപറ്റി അറിവു തന്നു ഇത്‌. അനന്തരത്തിനു ശേഷം അടൂര്‍ അധികമൊന്നും മെച്ചപ്പെട്ടിട്ടില്ലെന്ന് എന്നെ സിനിമ കാണാന്‍ പഠിപ്പിച്ച ഗുരു അഭിപ്രായപ്പെട്ടിരുന്നു. അടൂരിന്റെ പല ചിത്രങ്ങളും കാണാത്തതുകൊണ്ട്‌ എനിക്കൊന്നും പറയാനില്ല.

    സിനിമയെക്കുറിച്ച്‌ ഇനിയുമെഴുതണം.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed