Tuesday, August 21, 2007

മംഗളം ഓണപ്പതിപ്പ്‌ ബ്ലോഗര്‍ സ്‌പെഷല്‍

ബൂലോഗ ബ്ലോഗര്‍മാരെഈ വിശേഷം നിങ്ങള്‍ നേരത്തേ അറിഞ്ഞോ എന്നറിയില്ല. മംഗളത്തിന്റെ ഓണം വിശേഷാല്‍പ്രതിയെ ഗംഭീരമാക്കിക്കൊണ്ട്‌ രണ്ടു ബ്ലോഗര്‍മാര്‍ അണിനിരന്നിരിക്കുന്നു. വിശാലേട്ടനും കുറുമാന്‍ സാറും. രണ്ടുപേര്‍ക്കും പുസ്‌തകപ്പുറത്ത്‌ ഒരു അച്ചടിക്ലാപ്പ്‌.... എ വെരി ബിഗ്‌ ക്ലാപ്പ്‌. മലയാള ബ്ലോഗ്‌ സാഹിത്യത്തിന്റെ ഔദ്യോഗികവക്താക്കളായി ഇരുവരേയും പ്രഖ്യാപിക്കാന്‍ അടിയന്തിരമായി ബ്ലോഗര്‍മാര്‍ ഒത്തുകൂടി പ്രമേയം പാസ്സാക്കണമെന്ന്‌ ഈയുള്ളവന്‍ താണുകേണ്‌ അപേക്ഷിക്കുകയാണ്‌.എഴുത്തിന്റെ ലോകം ബ്ലോഗുകളില്‍ ഉല്‍സവമാകുന്നതിനെപ്പറ്റി വിശാലേട്ടനും കുറുമാന്‍സാറും അഭിപ്രായിച്ചിട്ടുമുണ്ട്‌.
എനിക്ക്‌ അസൂയ തോന്നുന്നു. ബ്ലോഗിനെ അച്ചടിമാധ്യമത്തിന്റെ അവിഭാജ്യഘടകമായി ആദ്യം പ്രഖ്യാപിക്കുന്ന പത്രാധിപര്‍ ഞാനായിരിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. എന്തുചെയ്യാം സ്വതന്ത്രനായൊരു പത്രാധിപരായാലല്ലേ അതിനു കഴിയൂ. ഞങ്ങളുടെ ഓണപ്പതിപ്പില്‍ അതിനുള്ള സ്ഥലമില്ലെന്നു പത്രാധിപസമിതി പറഞ്ഞാല്‍ ഞാനൊരാള്‍ എന്തു ചെയ്യാന്‍.
എന്തായാലും ബ്ലോഗില്‍ നിന്നുള്ള മാറ്ററുകള്‍ എല്ലാ ലക്കത്തിലും ചേര്‍ത്തുകൊണ്ട്‌ ബ്ലോഗിനെ അച്ചടിമാധ്യമത്തിലെ സ്ഥിരം സാന്നിധ്യമാക്കുന്ന ആദ്യ പത്രാധിപരെങ്കിലും ആകാനാണ്‌ എന്റെ ഇനിയുള്ള ശ്രമം. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും ഈ കണ്‍സപ്‌്‌്‌റ്റും അടിച്ചുമാറ്റി കൊണ്ടുപോകുമോ എന്നാണ്‌ എന്റെ ഭയം.എന്തായാലും എല്ലാ ബ്ലോഗര്‍മാരും നിര്‍ബന്ധമായും മംഗളം ഓണം വിശേഷാല്‍പ്രതി വാങ്ങി വായിക്കണം. വിശാലേട്ടന്റേയും കുറുമാന്‍ സാറിന്റേയും ലേഖനങ്ങള്‍ക്കൊപ്പം വിശാലേട്ടന്റെ സൈക്കിള്‍ ടൂര്‍ എന്ന പോസ്‌റ്റും കുറുമാന്‍ സാറിന്റെ അയ്യപ്പന്റെ മീന്‍ കണ്ടുപിടിത്തം എന്ന പോസ്‌റ്റും അച്ചടിച്ചിട്ടുമുണ്ട്‌. ഇരുവരുടേയും പടങ്ങളുമുണ്ടേയ്‌. മംഗളം പത്രാധിപസമിതിയോട്‌ ഒരു ബ്ലോഗറെന്ന നിലയില്‍ ഞാന്‍ ഇക്കാര്യത്തിന്‌ നന്ദി പറയുന്നു, ഒരു ചെറുകിട പത്രാധിപരെന്ന നിലയ്‌ക്ക്‌ അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.
വിശാലമനസ്‌കനും കുറുമാനും പിന്നാലെ ബ്ലോഗിലെ പല സകലകലാവല്ലഭന്‍മാരും ഇനി അച്ചടി മഷിയിലൂടെ വെളിച്ചപ്പെട്ടുതുടങ്ങും. പത്രാധിപന്‍മാര്‍ തിരിച്ചയച്ചതു പലതും അച്ചടിക്കാന്‍ അവര്‍തന്നെ നിര്‍ബന്ധിതരാകും. മലയാളത്തിന്റെ എഴുത്തിലും വരയിലും വായനയിലും ഒരു സ്വാധീനശക്തിയായി (വോട്ട്‌ ബാങ്ക്‌) ബ്ലോഗര്‍മാര്‍ മാറും. ആ കാലത്തിന്റെ കുളമ്പടി ശബ്ദം(ക്ഷമിക്കണം കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യുന്നതിന്റെ ഒച്ചയെ തെറ്റിദ്ധരിച്ചതാണ്‌) ഇതാ അടുത്തുവന്നുകഴിഞ്ഞു....

6 comments:

  1. വിശാലേട്ടനും കുറുമാന്‍സാറും മംഗളം ഓണം വിശേഷാല്‍ പ്രതിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു....

    ReplyDelete
  2. സമാന്തര മാധ്യമെന്നാണ് ബൂലോകത്തെ പുപ്പുലികള്‍ ബ്ലോഗുകളെ വിശേഷിപ്പിച്ചത്. അച്ചടി, ദൃശ്യ മാധ്യമങ്ങളെ തെറിവിളിക്കാന്‍ കിട്ടിയ അവസരമൊന്നും ഇക്കൂട്ടര്‍ പാഴാക്കിയിട്ടുമില്ല.

    ഒടുവില്‍ ഇവരെയൊക്കെ ലോകം അറിഞ്ഞു തുടങ്ങിയത് അച്ചടി മഷിയുടെയും കാമറയുടെയും കാരുണ്യത്തിലാണ്. കൊടകര പുരാണം പോലെ എത്രയോ ഉദാഹരണങ്ങള്‍.

    ഇപ്പോള്‍ സമാന്തര മാധ്യമം എന്ന വാദമൊക്കെ പുപ്പിലികള്‍ മറന്നിരിക്കുന്നു. എങ്ങനെയും ആനുകാലികങ്ങളിലും പത്രങ്ങളിലും ചാനലുകളിലും ഇടം നേടാനുള്ള പെടാപ്പാടാണ് ഇപ്പോള്‍ കാണുന്നത്.

    കലികാലം അല്ലാതെന്ത്?

    മാധ്യമങ്ങളെ തെറിവിളിച്ചതിന് ക്ഷമാപണം നടത്താനുള്ള സാമാന്യ മര്യാദയെങ്കിലും ഇവരൊക്കെ കാണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്

    എവിടെ?

    ReplyDelete
  3. അല്ലെങ്കില്‍തന്നെ ഇനി ബ്ലോഗിന്‍റെ പ്രസക്തിയെന്താണ്.
    എല്ലാവരും ഇതൊക്കെ ഒന്നു അച്ചടിച്ചുവരാനുള്ള പരാക്രമത്തിലല്ലേ

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed