Monday, March 23, 2009

അവധിക്കാലം വീണ്ടും വരുന്നു...

     
    അവധിക്കാലത്തിന്റെ ഓര്‍മകളിലേക്ക്‌ മനസ്സിനെ കൊണ്ടുപോയത്‌ മൈനയാണ്‌.

     അവധിയുടെ ആദ്യ ഓര്‍മകള്‍ തുള്ളിക്കളിക്കുന്നത്‌ വിഷുക്കൈനീട്ടത്തിലാണ്‌. അവധി തുടങ്ങി അധികം വൈകാതെ വിഷുവരും. നാട്ടില്‍ നാലാംക്‌ളാസു വരെയുള്ള പഠനകാലത്തായിരുന്നു വിഷു ഒരാഘോഷമായി മാറിയത്‌. കാരണം ജന്മനാടായ കോലാനിയിലെ (തൊടുപുഴ) ശ്രീകൃഷ്‌ണക്ഷേത്രത്തിലെ ഉല്‍സവം വിഷുവിനാണ്‌. ഒരേയൊരുദിവസത്തെ ആഘോഷം. രണ്ടോ മൂന്നോ രൂപയില്‍ കൂടുതല്‍ ആരും കൈനീട്ടം തരാറില്ല. എങ്കിലും എല്ലാംകൂടി പലപ്പോഴും പത്തു പതിനഞ്ചു രൂപ കിട്ടും. അവധിക്കാലത്തെ ഉല്‍സവങ്ങള്‍ മുഴുവന്‍ ആഘോഷിക്കാനുള്ളതാണ്‌ ഈ പണം. ഉല്‍സവപ്പറമ്പുകളിലെ വച്ചുവടിക്കാരുടെ അരികില്‍ കറങ്ങി നില്‍ക്കും. ഏതു വാങ്ങണമെന്നാണ്‌ സംശയം. 

   ഫിലിം തിരുകിവച്ച്‌ സിനിമ കാണുന്ന ചെറിയ ഫിലിംപെട്ടിയിലായിരുന്നു ആദ്യകൗതുകം. ഇളംപച്ച നിറമുള്ള ഒരു പെട്ടി. വീതി കൂടിയ വശത്ത്‌ വെളുത്ത പ്രതലം. കുറഞ്ഞവശത്തെ ചെറു കുഴലില്‍ ഒരു ലെന്‍സ്‌. സിനിമകള്‍ കാണാന്‍ അവസരം കിട്ടാതിരുന്ന കാലത്തെ സിനിമാതിയേറ്റര്‍ അതായിരുന്നു.

    പിന്നെ വെള്ളത്തിലിട്ട്‌ ചെറിയൊരു തിരികൊളുത്തിയാല്‍ പുകതുപ്പി മൂളിക്കൊണ്ടോടുന്ന ബോട്ട്‌. അത്‌ കാശ്‌ കൂടുതലുള്ളപ്പോള്‍ മാത്രമേ വാങ്ങാന്‍ സാധിച്ചിരുന്നുള്ളു.

     ബുദ്ധിപരീക്ഷിക്കാനുള്ള ഉപകരണമായി വാങ്ങിയ ഒരുതരം പസിലുണ്ട്‌. ഒരു സമചതുരബോര്‍ഡ്‌. അതിന്റെ ഉള്ളില്‍ സമചതുരത്തിലുള്ള നീക്കാവുന്ന കുറേ ചെറു കഷണങ്ങള്‍. അതില്‍ ഒരുവശത്ത്‌ കുറേ അക്കങ്ങളുണ്ടാകും. മറുവശത്ത്‌, ഇപ്പോഴുമോര്‍ക്കുന്നു, ഏഷ്യാഡിന്റെ ചിഹ്നമായ അപ്പുവായിരുന്നു ഉണ്ടായിരുന്നത്‌. കട്ടകള്‍ മാറ്റിമാറ്റി അപ്പുവിന്റെ രൂപമൊപ്പിക്കണം. പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന പ്രയത്‌നമായിരുന്നു അത്‌. (ഇപ്പോള്‍, എത്രപെട്ടെന്ന്‌, കംപ്യൂട്ടര്‍ സ്‌ക്രീനിലെ ബെന്‍ടെന്‍ന്റെ രൂപം മകന്‍ ഏതാനും മൗസ്‌ ക്‌ളിക്കുകളിലൂടെ ചേര്‍ത്തുവയ്‌ക്കുന്നു.) പിന്നെ പല ബന്ധുവീടുകളിലേക്കാണ്‌ യാത്ര. അവിടെയെല്ലാം ഉല്‍സവത്തിന്റെ പഞ്ചാരിമേളങ്ങള്‍. ബന്ധുക്കള്‍ വാങ്ങിത്തന്നിരുന്നതും ഇത്തരം കളിപ്പാട്ടങ്ങളും മലബാര്‍മിഠായിയുമായിരുന്നു. പള്ളിപ്പെരുന്നാളിനു പോകുമ്പോള്‍ ഉല്‍സാഹം വാഴനാരില്‍ കോര്‍ത്തിട്ട അമ്മൂമ്മച്ചെവിപോലുള്ള ഉഴുന്നാട വാങ്ങാനായിരുന്നു.

    അവധിക്കാലത്താണ്‌ സൈക്കിള്‍ യജ്ഞക്കാരെത്തിയിരുന്നത്‌. വൃത്താകൃതിയിലുള്ള മൈതാനത്ത്‌ കയറുകെട്ടിത്തിരിച്ച യജ്ഞശാല. നടുക്ക്‌ ഒരു വലിയ തൂണില്‍ പ്രകാശം ചൊരിഞ്ഞ്‌ ട്യൂബ്‌ ലൈറ്റുകള്‍. റിക്കാര്‍ഡ്‌ പാട്ടിനൊപ്പമുള്ള തട്ടുപൊളിപ്പന്‍ ഡാന്‍സായിരുന്നു ആദ്യ ഇനങ്ങള്‍. എങ്ങനെ നീ മറക്കും, മണവാളന്‍ പാറ, മിഴിയോരം നനഞ്ഞൊഴുകും, സുന്ദരീ നിന്റെ തുമ്പുകെട്ടിയിട്ട... ഇങ്ങനെ ശങ്കറിന്റെയും മേനകയുടേയും ഒക്കെ എത്രയെത്ര പാട്ടുകളാണ്‌ അവര്‍ ഡപ്പാംകൂത്ത്‌ ഡാന്‍സായി കാണിച്ചുതന്നത്‌.

    മൈതാനത്തെ ചുറ്റിക്കെട്ടിയ കയറു വേലികളില്‍ തൂങ്ങി ഓരോ ദിവസവും സര്‍ക്കസു കാണാന്‍ നില്‍ക്കുമായിരുന്നു. ഡാന്‍സിനുശേഷം ്‌അഭ്യാസം തുടങ്ങും. സൈക്കിളിലുള്ള അഭ്യാസമാണ്‌ ആദ്യം. പിന്നെ ചില മാജിക്കുകള്‍. ജീവനുള്ള മനുഷ്യനെ മണ്ണില്‍ കുഴിച്ചുമൂടുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചാണ്‌ കണ്ടു നിന്നത്‌. പിന്നെ, ട്യൂബ്‌ ലൈറ്റിനു മുകളില്‍ കിടന്ന്‌, നെഞ്ചിനുമീതേ വീണ്ടും ട്യൂബ്‌ ലൈറ്റുകള്‍ വച്ച്‌ അതിനും മീതേ കരിങ്കല്ലുവച്ച്‌ കൂടം കൊണ്ടു തല്ലിപ്പൊട്ടിക്കുന്നതു കാണുമ്പോള്‍ ശ്വാസം നിലച്ചുപോയിരുന്നു.

   മുടികള്‍ കൂട്ടിക്കെട്ടി ജീപ്പ്‌ വലിച്ചു മാറ്റുന്നതും തലയില്‍ തീപിടിപ്പിച്ച്‌ ചായ തിളപ്പിക്കുന്നതും.... അങ്ങനെ എത്രയെത്ര അഭ്യാസങ്ങള്‍. പിന്നെ ചെറിയ ചില മാജിക്കുകള്‍, അവസാനം ഒരു ഹാസ്യ നാടകം. ഇതിനിടയില്‍ മൈന പറഞ്ഞ ലേലം വിളി. രണ്ടു രൂപയുടെ തേങ്ങ ആറും ഏഴും രൂപയ്‌ക്കാണ്‌ ലേലത്തില്‍ പോകുക. കാരണം മറ്റൊന്നുമല്ല. അമ്പതുപൈസയില്‍ വിളി തുടങ്ങും. ഒരു രൂപ വിളിക്കുന്നവന്‍ അമ്പതു പൈസകൂടി കൊടുക്കണം. വീണ്ടും വിളിക്കുന്നവന്‍ രണ്ടു വിളിച്ചാല്‍ ഒരു രൂപകൂടി നല്‍കിയിരിക്കണം. അവസാനം ലേലമുറപ്പിക്കുമ്പോള്‍ കമ്പനിക്ക്‌ ആറോ ഏഴോ ഒക്കെ കിട്ടും. ലേലം പിടിച്ചവന്‍ അവസാനമാണ്‌ വിളിച്ചതെങ്കില്‍ രണ്ടു രൂപപോലും ചെലവായിട്ടുണ്ടില്ല. ഇടയ്‌ക്കു വിളിച്ചവര്‍ക്കൊക്കെ കാശു പോയിട്ടുമുണ്ടാകും. ഒരുതരം ചൂതുകളിതന്നെ. ഇപ്പോള്‍ അത്തരം ലേലമില്ല.

   കമല്‍ സംവിധാനം ചെയ്‌ത വിഷ്‌ണുലോകം എന്ന സിനിമയ്‌ക്കുശേഷം ഞാന്‍ സൈക്കിള്‍ യജ്ഞക്കാരെ കണ്ടിട്ടില്ല.

   മറ്റൊരവധിക്കാലം പൂര്‍ണമായും മറയൂരിനുമപ്പുറത്തുള്ള കാന്തല്ലൂരിലായിരുന്നു. അന്നവിടെ, കാന്തല്ലൂര്‍ ജംഗ്‌ഷനില്‍ ട്രിപ്പുജീപ്പുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്തുള്ള ചെറു മൈതാനത്ത്‌ റിക്കാര്‍ഡ്‌ ഡാന്‍സിട്ട്‌ പെണ്‍വേഷംകെട്ടി ഡാന്‍സുകളിക്കുന്ന തമിഴരെ കണ്ടിട്ടുണ്ട്‌. ഒരു ഡാന്‍സ്‌ കഴിഞ്ഞുകഴിയുമ്പോള്‍ അല്‍പം മാറി നിന്ന്‌ പുകവലിക്കുന്ന പെണ്ണുങ്ങള്‍ ഒരു കൗതുകക്കാഴ്‌ച തന്നെയായിരുന്നു.

   നാലാംക്‌ളാസിനുശേഷം അവധിക്കാലം അനുഭവിച്ചിട്ടില്ലെന്നു പറയാം. തൊടുപുഴയില്‍ നിന്ന്‌ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം നടന്നത്‌ ആ വര്‍ഷമാണ്‌. സ്‌കൂള്‍ അടച്ചാലുടന്‍ വിഷു അവധിക്ക്‌ നാട്ടിലൊന്ന്‌ു പോകും. കൈനീട്ടംതന്നെ പ്രധാന ലക്ഷ്യം. വിഷു കഴിഞ്ഞാലുടന്‍ മടക്കം. ഏപ്രില്‍ അവസാനം മുതല്‍ വെക്കേഷന്‍ ട്യൂഷന്‍ ക്‌ളാസുകള്‍..... പ്രീഡിഗ്രിയോടെ അതും ഇല്ലാതായി. കാരണം ഏപ്രില്‍ മെയ്‌ മാസത്തില്‍ മിക്കവാറും പരീക്ഷാച്ചൂടിലായിരിക്കും.

    ഡിഗ്രിയും കഴിഞ്ഞ്‌ ജോലിക്കു കയറിയതേ അവധിയുമില്ലാതായി. മലയാള മനോരമയിലെ പ്രാദേശിക ലേഖകന്‌ ഞായറാഴ്‌ചപോലും അവധിയുണ്ടായിരുന്നില്ല. ഒടുവില്‍ പത്തുവര്‍ഷംകൊണ്ട്‌ അതുമായി താദാത്മ്യം പ്രാപിച്ചു. പിന്നെ അവിടെ നിന്നിറങ്ങി. കേരളകൗമുദിയിലെ 16 മാസത്തെ ജോലിക്കിടയില്‍ കാഷ്വല്‍ ലീവ്‌ കൂടാതെ 40 ദിവസം അവധി കിട്ടേണ്ടതായിരുന്നു. കിട്ടിയത്‌ 15 ദിവസം മാത്രം. പക്ഷെ, അവധിയില്ലാതിരുന്ന പത്തു വര്‍ഷക്കാലം നോക്കുമ്പോള്‍ അതൊരു വലിയ അവധിക്കാലം തന്നെയായിരുന്നു.

   മൈന പറഞ്ഞതുപോലെ അവധി ഇപ്പോഴൊരു ഭയവും പ്രലോഭനവുമാണ്‌. ലീവെടുക്കാതെ വീട്ടിലിരിക്കാനും വര്‍ഷാവസാനം സറണ്ടര്‍ ചെയ്‌ത്‌ പണം വാങ്ങാനും സൗകര്യമുള്ള കുറേ സര്‍ക്കാര്‍ ജീവനക്കാരെങ്കിലും ഉണ്ടെന്നതു പറയാതെ വയ്യ. അവരെ ഓര്‍ത്ത്‌ അസൂയപ്പെട്ടിരുന്നു ഒരു കാലത്ത്‌.

     പക്ഷെ, ഇനി വരുന്നകാലത്ത്‌ അതൊന്നുമുണ്ടാകില്ല. രാവിലെ പത്തുമണിമുതല്‍ വൈകിട്ട്‌ നാലു വരെ മാത്രം സ്‌കൂളില്‍ പോയി പഠിച്ച നമ്മുടെ കാലം പോയി. ഇന്നത്തെ കുട്ടികള്‍ക്ക്‌ അവധിദിനമെന്തെന്നറിയില്ല. അവധദിനത്തിലും ട്യൂഷനും എന്‍ട്രന്‍സും ഒക്കെയാണ്‌. രാവിലെ ആറു മണിക്ക്‌ നടക്കാനിറങ്ങുമ്പോള്‍, പുസ്‌തകബാഗുമായി പോകുന്ന കുട്ടികളെ കാണാം. രാത്രി എട്ടു മണികഴിഞ്ഞും വീടണയാന്‍ തത്രപ്പെടുന്ന അവര്‍... പഠനംകഴിഞ്ഞ്‌ ജോലിയില്‍ കയറുമ്പോള്‍ അവധി അവര്‍ക്കൊരു പ്രശ്‌നമേയാകില്ല. ഓവര്‍ടൈം ജോലി ചെയ്‌ത്‌ പണം ഉണ്ടാക്കുക മാത്രമാകും ലക്ഷ്യം. ഇടയ്‌ക്കൊരു ദിവസം അര്‍മാദിക്കല്‍.... അതിനുള്ള പരിശീലനമാണ്‌ അവധിയില്ലാത്ത പഠനത്തിലൂടെ അവര്‍ നേടുന്നത്‌.
      
      നാമൊക്കെ അവധിയുടെ രസം അനുഭവച്ചതിനാലാണ്‌ അവധിയെപ്പറ്റിയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്നത്‌..... 


5 comments:

  1. അവധിക്കാലത്തിന്റെ ഓര്‍മകളിലേക്ക്‌ മനസ്സിനെ കൊണ്ടുപോയത്‌ മൈനയാണ്‌.
    നാമൊക്കെ അവധിയുടെ രസം അനുഭവച്ചതിനാലാണ്‌ അവധിയെപ്പറ്റിയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്നത്‌.....

    ReplyDelete
  2. പല ഓര്‍മകളിലൂടെയും കടന്നുപോയി. മറയൂരു വരെ ഓര്‍മിപ്പിച്ചല്ലോ....എന്തുകൊണ്ടോ ചിന്തിക്കാറുണ്ട്‌...എന്റെ മകളെ അവധി നഷ്ടപ്പെട്ടവളായി വളര്‍ത്തരുതെന്ന്‌...ഒരു പക്ഷേ സ്വാര്‍ത്ഥതയാവാം എന്നാലും...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എനിക്കെന്നും അവധിക്കാലമായിരുന്നു. പഞ്ചായത്ത്‌ പള്ളിക്കൂടത്തില്‍ പഠനവും കളിയും കൂടിക്കലരുന്ന കൂട്ടുകൂടലിന്റെ ആഘോഷങ്ങള്‍.... മധ്യവേനവധിയിവലേക്കും തിരികെ മഴക്കാല തിമിര്‍പ്പുകളിലേക്കും മാറിമാറി ഋതുക്കളോരോന്നും ഒന്നില്‍നിന്നുമൊന്നിലേക്ക്‌ പകര്‍ന്നാടിയാടി.... ഒരൂഞ്ഞാലാട്ടത്തിന്റെ തുടര്‍ച്ച.....
    കുന്നിമുകളില്‍ കൊങ്ങിണിക്കാടുകളില്‍ ഗുഹയുണ്ടാക്കിയും കമ്യൂണിസ്റ്റുകാടിനുള്ളില്‍ ഒളിമറഞ്ഞും കള്ളനും പൊലീസും കളിച്ചുതീര്‍ത്ത പകലുകളെത്ര....! സ്‌കൂളില്‍, നാട്ടിലെ ബാലവേദിക്കൂട്ടങ്ങളില്‍, ആറ്റുതീരത്തെ ക്രിക്കറ്റ്‌ കളികളില്‍, കോളെജിലെ രാഷ്ട്രീയത്തിരക്കുകളില്‍, യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിലെ ഉച്ചയുറക്കങ്ങളിലും ഉറങ്ങാത്ത രാത്രികളിലും....
    ഒടുവില്‍ ജോലികിട്ടി കോഴിക്കോട്ടെ പത്രമാപ്പീസിലെത്തുമ്പോള്‍ രാവും പകലും അവധിയെടുക്കാതെ ആനന്ദിച്ചാടിത്തീര്‍ത്തതും അവധിക്കാലങ്ങള്‍ തന്നെയായിരുന്നു. ഇന്നും ഞാന്‍ അവധിക്കാലത്തിന്റെ വലിയൊരു തുടര്‍ച്ചയാണ്‌. മഴയും വെയിലും മഞ്ഞും എന്നെ വിളിക്കുമ്പോള്‍ ഹൈറേഞ്ചിലേക്ക്‌ വണ്ടികയറുന്ന, തിരികെയെത്തി നഗരത്തിന്റെ തിരക്കുകളില്‍ രസിച്ചുനീങ്ങുന്ന ഒരു മുഴുനീളന്‍ അവധിക്കാലത്തിലൂടെ ഇങ്ങനെ.....

    ReplyDelete
  5. ‘അവധിയുടെ രസം അനുഭവച്ചതിനാലാണ്‌ അവധിയെപ്പറ്റിയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്നത്‌.....‘
    സത്യം, എനിക്കും വേണം ഒരു അവധിക്കാലം.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed