Thursday, October 23, 2008

മാന്‍ഷന്‍ ഹൗസ്‌ (ഇരട്ട ക്ലൈമാക്‌സുള്ള കഥ)

മേശപ്പുറത്ത്‌ പൊതിയഴിച്ചുവെച്ച സ്‌ഫടികശില്‍പത്തിനുമേല്‍ വെളിച്ചം വീണ്‌ ഏഴായി പെരുകി. ചില്ലുകൊട്ടാരത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ അരുന്ധതിയുടെ സ്വപ്‌നങ്ങള്‍ സുതാര്യമായി.

മനോഹരമായൊരു വീട്‌, ചില്ലില്‍ തീര്‍ത്ത ശില്‍പിയെ അവള്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു...!
"ഇതില്‍ നമ്മുടെ കിടപ്പുമുറി എവിടെയായിരിക്കും മാധവാ?''

അരുന്ധതിയുടെ പദപ്രശ്‌നങ്ങളില്‍ ഇനി മുറികളുടെ സ്‌ഥാനം തെറ്റാന്‍ തുടങ്ങുമെന്നറിയാവുന്ന മാധവന്‍ ആ ചില്ലുകൊട്ടാരത്തെ തിരിച്ചു പായ്‌ക്കറ്റിലാക്കി, വര്‍ണ്ണക്കടലാസുകൊണ്ടു പൊതിഞ്ഞ്‌ നിറമുള്ള റിബ്ബണ്‍ ചുറ്റി 'പുതിയ വീടിന്റെ ഐശ്വര്യത്തിനും ജീവിതസമൃദ്ധിക്കും സ്‌നേഹപൂര്‍വ്വം മാധവനും അരുന്ധതിയും' എന്നൊരു കുറിപ്പും ചാര്‍ത്തി നെടുവീര്‍പ്പിട്ട്‌ തിരിയുമ്പോഴും, ആ നീണ്ട സമയമത്രയും അരുന്ധതിയുടെ കണ്ണുകള്‍ പദപ്രശ്‌നത്തിന്റെ പൂരണം തേടിക്കൊണ്ടിരിക്കുകയായിരുന്നെന്ന്‌ മാധവന്‍ വീണ്ടുമറിഞ്ഞു.
``വീടിന്റെ വാടക കൊടുത്തുവോ?''
``നമ്മുടെ വീടിന്റെ ഭിത്തികള്‍ക്ക്‌ എന്തു നിറമാണു മാധവാ നല്‍കേണ്ടത്‌?''
``എനിക്കറിയാം, നീ സ്വപ്‌നലോകത്തുതന്നെയാണ്‌. വാടക വാങ്ങാന്‍ അയാള്‍ വന്നപ്പോള്‍, അടുക്കളയിലെ ചോര്‍ച്ച കാണിച്ചുകൊടുക്കാന്‍ നീ മറന്നില്ലേ?''
``മാധവാ, ഈ കളിവീടുപോലെ ചില്ലുകൊണ്ടു നമ്മുടെ വീടിനും ഭിത്തികെട്ടിയാല്‍ കാണാന്‍ നല്ല രസമായിരിക്കും...''
ഒന്നു നിര്‍ത്തി അരുന്ധതി തുടര്‍ന്നു-
``പക്ഷേ, ഒരു കുഴപ്പമുണ്ട്‌. വീട്ടിലാരെങ്കിലും വന്നാല്‍ നിനക്കു സ്വാതന്ത്ര്യത്തോടെ എന്നെക്കെട്ടിപ്പിടിച്ചൊരുമ്മ തരാന്‍ പോലുമാകില്ല!''
``മാത്രമല്ല ചില്ലാകുമ്പോള്‍ കയ്യൊന്നു തട്ടിയാല്‍ പെട്ടെന്നുടഞ്ഞു വീഴാനും മതി; ദാ, ഇങ്ങനെ-'' മാധവന്‍ മേശപ്പുറത്തിരുന്ന ചില്ലു ഗ്ലാസ്‌ നിലത്തേക്കെറിഞ്ഞു.

ചിതറിയ ചില്ലു കഷണങ്ങളിലേക്കു ഞെട്ടിയുണര്‍ന്ന അരുന്ധതി മാധവനെ പകച്ചു നോക്കി. പൊട്ടിയ വക്കുകളില്‍ വെളിച്ചം നിറഭേദങ്ങള്‍ ചമയ്‌ക്കുന്നതും നോക്കി നിര്‍വികാരനായി നില്‍ക്കുന്ന അവനെ കെട്ടിപ്പിടിച്ച്‌, അരുന്ധതി ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി.
* * * * * * * *

മാധവന്‍ നല്‍കിയ ഉപഹാരം പൊതിയഴിച്ച്‌ ഷോക്കേസില്‍ പ്രതിഷ്‌ഠിക്കാനായി വിനോദ്‌ തിരിഞ്ഞപ്പോള്‍ ആരും കേള്‍ക്കാതെ അരുന്ധതി മാധവനോട്‌ കുസൃതിപ്പെട്ടു. ``നമുക്കും ഹൗസ്‌വാമിംഗ്‌ ഗംഭീരമാക്കാം. ചുളുവില്‍ കിട്ടും ഒത്തിരി സാധനങ്ങള്‌, കണ്ടില്ലേ?''

അകത്തു നിന്നെത്തിയ വിനോദിന്റെ ഭാര്യ അരുന്ധതിയെ കൈപിടിച്ച്‌ അടുക്കളയിലേക്കു കൊണ്ടു പോയപ്പോള്‍ വിനോദ്‌ മാധവനേയും കൊണ്ട്‌ സ്വീകരണമുറിയുടെ സമീപത്തെ വെളിച്ചം കടക്കാത്ത ചെറിയ മുറിയിലേക്കു കയറി. വല്ലപ്പോഴും കൂട്ടുകാരോടൊത്തു മദ്യപിക്കാന്‍ പ്രത്യേക താല്‍പ്പര്യത്തോടെ രൂപകല്‍പ്പന ചെയ്യിച്ച മുറിയുടെ സമശീതോഷ്‌ണങ്ങളില്‍ നേര്‍ത്ത സ്‌ഥായിയില്‍ ബാബുരാജ്‌ പാടുന്നു. രണ്ടുമൂന്നു പേര്‍ മൃദുശബ്‌ദങ്ങളുടെ പിന്നണിയോടെ ഒപ്പം ആടുന്നു.

മാധവനു മുന്നിലെ സ്‌ഫടികചഷകത്തിലേയ്‌ക്ക്‌ വിനോദ്‌ കൃത്യം മുപ്പതുമില്ലി അളന്നൊഴിച്ചു. ഒരു ഐസ്‌ ക്യൂബും ഒരു സോഡയുടെ പകുതിയും. നിറയാത്ത ഗ്ലാസില്‍ നിന്നു മാധവന്‍ മുഖമുയര്‍ത്തിയപ്പോള്‍ വിനോദ്‌ ചിരിച്ചുകൊണ്ടു കുപ്പിയുയര്‍ത്തി.
`` നിനക്കായ്‌ മാത്രം കരുതിയത്‌ - മാന്‍ഷന്‍ഹൗസ്‌. നിന്റെ സ്‌ഥിരം സാധനം ഞങ്ങളൊക്കെ ഓസീയാര്‍ പാര്‍ട്ടിയല്ലേ!''
കൂട്ടുകാര്‍ ചിരിച്ചു. ബാബുരാജ്‌ ഇപ്പോഴും ശോകഗാനം തുടരുകയാണ്‌. ഇടയ്‌ക്കൊരു 'സബാഷ്‌' പറഞ്ഞതാരാണ്‌?
മദ്യക്കുപ്പികളും സോഡാകുപ്പികളും നിരവധി ഒഴിഞ്ഞപ്പോള്‍ മാധവനുമുന്നില്‍ തീര്‍ന്നത്‌ കൃത്യം ഒന്നര പെഗ്ഗ്‌, ഒന്നരക്കുപ്പി സോഡയും.
കുഴഞ്ഞുപോയ പിന്നണി ശബ്‌ദങ്ങളില്‍ മനംമടുത്തിട്ടാണോ എന്നറിയില്ല ബാബുരാജിന്റെ പാട്ട്‌ എപ്പോഴോ നിലച്ചിരുന്നു.
അപ്പോള്‍ ഒരു സൂത്രധാരനെപ്പോലെ വിനോദ്‌ അവതരണമാരംഭിച്ചു. `` ഇവന്‍ മാധവന്‍, എന്റെ സ്വപ്‌നഭവനത്തിന്റെ ശില്‍പ്പി. വീടിന്റെ രൂപവും ചെലവും നിശ്‌ചയിച്ച്‌ ഒടുക്കം പേരിട്ടുതന്നതും ഇവന്‍ തന്നെ''
സുഹൃത്തുക്കളുടെ വയറ്റിലും തലയിലും തിരയടിച്ചിരുന്ന മദ്യക്കടല്‍ ഒരത്‌ഭുതജീവിയെ കരക്കെത്തിച്ചു ശാന്തമായി.
``നഗരത്തിലെ സ്വകാര്യ കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയിലെ നിരവധി ആര്‍ക്കിടെക്‌ടുകളില്‍ ഒരുവന്‍. ദിവസക്കൂലിക്കെങ്കിലും ആത്‌മാര്‍ത്ഥമായി പണിയെടുക്കുന്നവന്‍. വീട്ടുകാരെ ധിക്കരിച്ച്‌ ഒരു പെണ്ണിനേയും വിളിച്ചിറക്കിപ്പോയി ജീവിതമന്ദിരം പണിതു തുടങ്ങിയവന്‍. സര്‍വ്വോപരി മനസില്‍ നിരവധി സ്വപ്‌നസൗധങ്ങള്‍ മറ്റുള്ളവര്‍ക്കായ്‌ സൂക്ഷിക്കുന്ന പ്രതിഭാശാലി!''
ഒരാള്‍ മാധവന്റെ ഗ്ലാസിലേക്ക്‌ കയ്യിലിരുന്ന കുപ്പിയില്‍ നിന്ന്‌ അല്‌പം മദ്യം പകര്‍ന്നു. സോഡ ഒഴിക്കാന്‍ തുടങ്ങിയപ്പോള്‍ വിനോദ്‌ തടഞ്ഞു.
``വേണ്ട, അവന്റെ സ്‌ഥിരം അളവ്‌ ഒന്നര പെഗ്ഗാണ്‌. അതും മാന്‍ഷന്‍ ഹൗസ്‌ മാത്രം. രണ്ടും ഇന്നത്തേക്കു സഫലീകരിക്കപ്പെട്ടു കഴിഞ്ഞു.

കൂട്ടച്ചിരിയുടെ ക്രൗര്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ മാധവന്‍ വെമ്പുമ്പോള്‍ വീടിന്റെ അകക്കോണുകളിലൂടെ പുതിയ പദപ്രശ്‌നക്കളങ്ങള്‍ രൂപീകരിച്ച്‌ അരുന്ധതി മന്ദമന്ദം......
ഓരോരോ ബഹളങ്ങളില്‍ അസ്വസ്‌ഥപ്പെട്ടിരുന്ന മാധവനും അരുന്ധതിയും ഒറ്റപ്പെടലിലൂടെ ഒന്നായി തിരിച്ചിറങ്ങുകയായിരുന്നു.
* * * * * * * *

അരുന്ധതി കരയുകയായിരുന്നില്ല.

നെറ്റിയില്‍ നിന്നു താഴേയ്‌ക്ക്‌ മാധവന്‍ ചുണ്ടുകള്‍ സഞ്ചരിപ്പിച്ച്‌ ഗന്ധത്തെ ആവാഹിക്കുമ്പോള്‍ അരുന്ധതി ചിരിച്ചതുമില്ല. കീഴ്‌താടിയും ശംഖുവടിവൊത്ത കഴുത്തും കടന്ന്‌ മാധവന്റെ ചുണ്ടുകള്‍ മാറിടത്തിലെത്തിയപ്പോള്‍ അരുന്ധതി സ്വപ്‌നം കാണാന്‍തുടങ്ങി.
``നമ്മുടെ വീടിന്‌ വിനോദിന്റെ വീടിനോളം വലിപ്പം വേണ്ട. നമുക്ക്‌ മൂന്ന്‌ മുറികളെന്തിന്‌? നമുക്കിരുവര്‍ക്കും കൂടിയൊന്ന്‌. പിന്നെ നമ്മുടെ മാത്രമായ ... വിനോദിന്റെ വീടുപോലെ ആ മുറിയില്‍ കളിപ്പാട്ടങ്ങള്‍ക്കായൊരലമാരി, ചിത്രപ്പണികള്‍ ചെയ്‌തൊരു തൊട്ടില്‍, ചുവരില്‍ നിറയെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍....''

മാധവന്‍ ഞെട്ടി എഴുന്നേറ്റ്‌ വിലകൂടിയ കോണ്‍ടം പായ്‌ക്കറ്റ്‌ പൊട്ടിച്ചപ്പോള്‍ അരുന്‌ധതിയുടെ സ്വപ്‌നങ്ങള്‍ വീടിന്റെ സൗന്ദര്യത്തിന്‌ അടിത്തറ പാകുകയായിരുന്നു.

ചെലവിന്റെ ഗ്രാഫിനൊപ്പം ഒരിക്കലും ഉയരാത്ത വരവിന്റെ നേര്‍വരകളെ മെരുക്കിനിര്‍ത്തി ബാങ്ക്‌ ബാലന്‍സിന്റെ ചതുരപ്പെട്ടികളോര്‍ത്ത്‌ മാധവന്‍ പിന്നെ വിറകൊണ്ടു. പൂര്‍ത്തിയാക്കാത്ത സ്വപ്‌നക്കൂടിന്റെ അരികുകളില്‍ വെറുതെ നിറങ്ങള്‍ ചാര്‍ത്താനായി അവന്‍ അരുന്ധതിയില്‍ നിന്നു സ്വതന്ത്രനായി.

ഒരോ ദിവസവും വീടിന്റെ പ്ലാന്‍ മാറ്റി വരപ്പിക്കാനായാണ്‌ അരുന്ധതി സ്വപ്‌നം കാണുന്നത്‌. പത്രത്തിലോ ടി.വി യിലോ മറ്റെവിടെയെങ്കിലുമോ കാണുന്ന ക്ലോസറ്റിന്റെയും പെയിന്റിന്റേയും ഇന്റീരിയല്‍ ഡെക്കറേഷനുകളുടെയും പരസ്യ ഭംഗികള്‍ക്കുള്ളിലെ ചതുര്‍മാനതയില്‍ അരുന്‌ധതി സ്വപ്‌നങ്ങളെ പുനര്‍നിര്‍മ്മിക്കും.

ദരിദ്രനാരായണന്റെ സങ്കല്‍പ്പലോകങ്ങള്‍ക്ക്‌ വില നിശ്‌ചയിക്കുന്ന സിനിമകളില്‍ അവള്‍ തന്റെ കൂടാരം കണ്ടെത്തി. പുതിയ ഏതെങ്കിലും വീടു കണ്ടാല്‍ അന്നു രാത്രി അവളുടെ പദപ്രശ്‌നക്കളങ്ങളില്‍ മാധവനു ദിക്കുമുട്ടും.

ചിലപ്പോഴൊക്കെ, അതെ ചിലപ്പോഴൊക്കെമാത്രം അരുന്‌ധതി വാചാലയാകാറുണ്ട്‌. കേള്‍ക്കൂ-
``മാധവാ, നമ്മുക്കൊരു ഒറ്റ നില വീടുമതി. പക്ഷേ, ഡ്രോയിംഗ്‌ റുമില്‍ നിന്നു മുകളിലേക്കൊരു സ്‌റ്റെയര്‍കേസ്‌ നിര്‍ബന്‌ധമായും വേണം. എന്നിട്ട്‌ മുകള്‍ നിലയിലായി മുളങ്കമ്പുകളും പനയോലകളും കൊണ്ട്‌ ഒരു കൊച്ചുകുടില്‍ - പുല്ലുമേഞ്ഞതായിരിക്കണമത്‌. നിനക്ക്‌ സ്വസ്‌ഥമായിരുന്ന്‌ വരയ്‌ക്കാനും ഇടയ്‌ക്കൊക്കെ നമുക്ക്‌ സല്ലപിക്കാനും... അല്ലെങ്കില്‍ വേണ്ട, അതിനൊക്കെ വലിയ ചെലവാകും. മൂന്നു മുറിയും അടുക്കളയും മതി നമുക്ക്‌. അകത്തെ ചുവരുകളില്‍ നിറയെ പെയ്‌ന്റിങുകള്‍ വാങ്ങി വയ്‌ക്കാം - രവിവര്‍മ്മ, ദാലി, പിക്കാസോ, പട്‌വര്‍ധന്‍... പിന്നെ നമുക്കറിയാവുന്ന ചിത്രകാരന്‍മാരുടെയൊക്കെ പടങ്ങള്‍. തറ മൊസൈക്കിടുന്നതിലും നന്ന്‌ മാര്‍ബിള്‍ തന്നെയാണ്‌, അല്ലേ മാധവാ? അടുക്കളയില്‍ മാര്‍ബിളിട്ടാ തെന്നിവീഴ്വോന്നു പേടീണ്ട്‌. എന്നാലും വേണ്ടീല, നിന്റെ എത്ര കൂട്ടുകാര്‍ വരാന്‍ സാദ്ധ്യതയുള്ള വീടാ. ഒരു സിവില്‍ എഞ്ചിനീയറുടെ വീടിന്‌ മോടിയില്ലാണ്ടിരുന്നാല്‍ പറ്റ്വോ?''

മാധവന്റെ മുന്നിലെ ഡ്രോയിങ്‌ പേപ്പറില്‍ സ്വന്തം വീടിന്റെ ജ്യാമിതീയതകള്‍ തെറ്റുംവരെ അരുന്ധതി സംസാരിച്ചുകൊണ്ടേയിരിക്കും. അവളുടെ സ്വപ്‌നങ്ങള്‍ തളിര്‍ക്കുന്നതും മൊട്ടിട്ടു പൂക്കുന്നതും കായ്‌ക്കുന്നതും ഒടുവില്‍ വാടിക്കൊഴിയുന്നതും മാധവന്‍ അറിയാതെയല്ല. തന്റെ ഇന്നത്തെ വരുമാനത്തില്‍ നിന്ന്‌ ഒരായുസ്സ്‌ മുഴുവന്‍ സമ്പാദിച്ചാലും അരുന്ധതിയുടെ സ്വപ്‌നങ്ങളെ സാക്ഷാത്‌കരിക്കാനാകില്ലല്ലോയെന്ന്‌ മാധവന്‍ ഉത്‌കണ്‌ഠപ്പെടുമ്പോള്‍ അവളുറങ്ങിക്കാണണം......
* * * * * * * *

ബാങ്കില്‍ നിന്നുമിറങ്ങുമ്പോള്‍ പലിശനിരക്കുകളും കാലാവധിയും തിരിച്ചടവുകളും ചേര്‍ന്ന്‌ മാധവന്റെ തലയ്‌ക്കുള്ളിലൊരു ഭാര്‍ഗ്ഗവീനിലയം രൂപപ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ആശ്രയിച്ച ഒന്നര പെഗ്ഗ്‌ എം. എച്ചില്‍ അര ദിവസത്തെ ശമ്പളവും വീടിന്റെ ലഘുതമസാധാരണ ഗുണിതങ്ങളും അവഗണിക്കപ്പെട്ടു.

സ്‌ഥിരമായ ജോലിയോ, നിശ്‌ചിത വരുമാനമോ, വരുമാനത്തെളിവോ ഇല്ലാത്ത ഒരുവന്‌ മണിമാളികകള്‍ സ്വപ്‌നം കാണാന്‍ ഒരു ബാങ്കിന്റെയും വായ്‌പ ആവശ്യമില്ലെന്ന്‌ സ്വയം ആശ്വസിപ്പിച്ച്‌ വീടണഞ്ഞ മാധവനിലേയ്‌ക്ക്‌ അരുന്ധതി ഉണര്‍ന്നു.

രാവിലെ വായിക്കാന്‍ മറന്ന ദിനപ്പത്രത്തിന്റെ അകത്താളുകളിലെ ഒരു വാര്‍ത്തയില്‍ പകല്‍ മുഴുവന്‍ മനസ്സുടക്കിക്കിടന്ന അവള്‍, ക്ഷീണിതനായ മാധവന്റെ വിളറിയ മുഖത്ത്‌ അല്‍പനേരം നോക്കിനിന്നു. ശേഷം നിവര്‍ത്തിയ പത്രത്താളുകളിലേയ്‌ക്ക്‌ അവനെ ബോധവാനാക്കി.
അതിലൊരു കഥയുണ്ടായിരുന്നു, ഒരു യുവാവിന്റെ കഥ. പുര പണിയാന്‍ കൊതിച്ച ഇടത്തരക്കാരന്‍. അവനും സ്വപ്‌നം കണ്ടിരുന്നു. അവനു മുന്നില്‍ വായ്‌പാ പദ്ധതികള്‍ തേനും പാലുമായി. വീടുയര്‍ന്നു......
ഒടുക്കം തിരിച്ചടവിനു ഗതിയില്ലാതെ ആശയറ്റ പാവം യുവാവ്‌ ആത്‌മഹത്യ ചെയ്‌തില്ല. പക്ഷേ, മനസിന്റെ സമനില തെറ്റി ചങ്ങലയില്‍ ബന്‌ധനസ്‌ഥനായി... മാറാത്ത മനോരോഗത്തിന്‌ പലിശ നിശ്‌ചയിച്ച്‌, മുടങ്ങിയ തിരിച്ചടവുകള്‍ പിടിച്ചുവാങ്ങാന്‍ ജപ്‌തി നോട്ടീസുമായി ചെണ്ട കൊട്ടാതെ ബാങ്കുകാര്‍......

വാര്‍ത്തയോടൊപ്പം, ബന്ധനസ്‌ഥനായി കിടക്കുന്ന അവന്റെ പടവുമുണ്ടായിരുന്നു.
അന്ന്‌ അരുന്ധതി വീടിനെപ്പറ്റി സ്വപ്‌നങ്ങള്‍ നെയ്‌തില്ല, ഡ്രോയിങ്‌ പേപ്പറില്‍ ഒറ്റപ്പെട്ട മാധവനെ പിന്നില്‍ നിന്നു പയ്യെ സ്‌പര്‍ശിച്ച്‌ നെറുകയിലൊരു രാച്ചുംബനം പകര്‍ന്ന്‌ അവള്‍ കിടക്കയില്‍ ചുരുണ്ടു.
മാധവന്‍ വിരലുകളിലുടെ കണക്കന്വേഷിച്ചു. വരവ്‌, ചെലവ്‌, നീക്കിബാക്കി- തുച്ഛമായൊരു ഇഷ്‌ടികച്ചതുരം...

പിന്നെ, എല്ലാം സഫലമാക്കാന്‍ വഴികണ്ടെത്തിയവനെപ്പോലെ ചെറുതായി പുഞ്ചിരിച്ച്‌, വിളക്കണച്ച്‌, അരുന്‌ധതിയുടെ പിന്നില്‍ അവനും ചുരുണ്ടു.
* * * * * * * *


(കഥയുടെ രണ്ടു പര്യവസാനങ്ങള്‍ താഴെക്കൊടുക്കുന്നു. വായനക്കാര്‍ക്ക്‌ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച്‌ ക്ലൈമാക്‌സ്‌ വായിച്ചു കഥ പൂര്‍ത്തിയാക്കാവുന്നതാണ്‌- കഥാകൃത്ത്‌. )

പരമകാഷ്‌ഠ- ഒന്ന്‌

മാര്‍ബിള്‍ പതിച്ച മുറിയിലെ നിറം മങ്ങാത്ത ചുവരില്‍ നിന്ന്‌ അജ്‌ഞാതനായ ചിത്രകാരന്റെ അര്‍ത്ഥം മനസിലാകാത്ത നിറക്കൂട്ട്‌ ഇളക്കിയെടുക്കാന്‍ അരുന്ധതി ഒരു ശ്രമം നടത്തിനോക്കി.
``ഇതെന്തിനാ മാധവാ ഇത്ര ഉറപ്പിച്ചുവച്ചിരിക്കുന്നത്‌? എങ്ങോട്ടെങ്കിലുമൊന്നു മാറ്റി പിടിപ്പിക്കാന്‍ തോന്നിയാല്‍ നടക്കുമോ?''
``അതവിടെ ഇരിക്കട്ടെ അരുന്ധതീ .നീയൊന്ന്‌ കുളിച്ചുഷാറാക്‌''
``ഉം, എന്താ ഉദ്ദേശ്യം?''
`` നിന്റെ സ്വപ്‌നഭവനത്തിലെ നമ്മുടെ ആദ്യരാത്രിയാണിന്ന്‌, നമുക്കതാഘോഷിക്കേണ്ടേ?''

കുളിക്കാനുള്ള വാസനസോപ്പും ടവ്വലും എടുത്തുകൊടുത്ത്‌ മാധവന്‍തന്നെ അവളെ കുളിമുറിയിലേക്കാനയിച്ചു. ഉടയാടകളുരിഞ്ഞെറിഞ്ഞ്‌ ഷവറിനു കീഴില്‍ നിര്‍വൃതിപ്പെടുന്ന അരുന്‌ധതിയെ അടിമുടി നോക്കി മാധവന്‍ പുറത്തിറങ്ങി കതകുചാരി.

അരുന്‌ധതി ആവശ്യപ്പെട്ട ടോസ്റ്റുചെയ്‌ത ബ്രഡ്‌ഡും ചിക്കന്‍ ഫ്രൈഡ്‌ റൈസും തീന്‍മേശയിലൊരുക്കി റൂം ബോയ്‌ കടന്നു പോയിരുന്നു.

ബ്രീഫ്‌കേസില്‍ നിന്നു ഡയറിയെടുത്ത്‌ മേശപ്പുറത്തുവച്ച്‌ മാധവന്‍ അന്നത്തെ തീയതിയില്‍ സങ്കലനം തുടങ്ങി.
പഞ്ചനക്ഷത്ര സ്യൂട്ടിന്റെ വാടക-
ആശുപത്രിച്ചെലവ്‌-
മറ്റുചെലവുകള്‍-
ശിഷ്‌ടം?.

ഒപ്പിട്ട ഒരു ചെക്ക്‌ ഡയറിത്താളില്‍ അടയാളംവച്ച്‌ മാധവനെഴുന്നേറ്റു. മനോഹരമായി വിരിച്ചിട്ട കിടക്കയില്‍ ആരോ നെയ്‌ത ആശംസ-
`` വിഷ്‌ യൂ സ്വീറ്റ്‌ ഡ്രീംസ്‌......''

അക്ഷരങ്ങളില്‍ പുളയുന്ന സര്‍പ്പങ്ങളില്‍ നിന്നു കണ്ണെടുത്തപ്പോഴേക്കും അരുന്‌ധതി കുളികഴിഞ്ഞിറങ്ങി. വസ്‌ത്രം മാറും മുമ്പേ അവളെ തന്നിലേക്കടുപ്പിച്ച്‌ ചുണ്ടില്‍ ചുംബിച്ച്‌ കിടക്കയിലെ അക്ഷരങ്ങള്‍ക്കുമീതേ അവളെ കിടത്തി. പിന്നെ സ്വപ്‌നങ്ങള്‍ക്കൊപ്പം അവര്‍ നൃത്തമാടി.

തണുത്ത വെള്ളത്തില്‍ മുഖംകഴുകി ആലസ്യമകറ്റി മാധവനെത്തുമ്പോഴേയ്‌ക്കും വസ്‌ത്രങ്ങള്‍ ധരിച്ച്‌ അരുന്‌ധതി വീണ്ടും സുന്ദരിയായിരുന്നു.

ഫ്രൈഡ്‌റൈസില്‍ സോസൊഴിക്കാന്‍ തുടങ്ങിയ അരുന്‌ധതിയെ മാധവന്‍ തടഞ്ഞു. എന്നിട്ട്‌ പെട്ടിയില്‍ നിന്ന്‌, പ്രത്യേകം കരുതിയിരുന്ന സോസ്‌ എടുത്തുകൊണ്ടു വന്നൊഴിച്ച്‌ ഇരുവരും അരുചിയില്ലാതെ ഭക്ഷിക്കാന്‍ തുടങ്ങി.

ഒപ്പം, എം.എച്ചിന്റെ പൈന്റ്‌ കുപ്പിയില്‍ നിന്ന്‌ അവസാനത്തെ തുള്ളിയും ഗ്ലാസിലൂറ്റി വെള്ളം ചേര്‍ക്കാതെ മാധവന്‍ ഒറ്റ മോന്ത്‌. പതിവു ക്വാട്ട തെറ്റിച്ച്‌ അന്ന്‌ അപ്പോള്‍ നാലുപെഗ്ഗ്‌ തികഞ്ഞിരുന്നു.
ക്രമംതെറ്റിയ പതിവുകള്‍ക്കൊടുവില്‍ അവരുറങ്ങാന്‍ കിടന്നു. അവര്‍ ഉറക്കമാരംഭിച്ചപ്പോഴേക്കും, ``സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ.......'' എന്നു പാടിക്കൊണ്ടിരുന്ന ചെറിയ പാട്ടുപെട്ടിയും കാസെറ്റിന്റെ ദൈര്‍ഘ്യം തീര്‍ന്ന്‌ പാട്ടുനിര്‍ത്തിയിരുന്നു.

പരമകാഷ്‌ഠ- രണ്ട്‌

പതിവുപോലെ അരുന്ധതി രാവിലെ ഉണര്‍ന്നു. തലേന്ന്‌ സ്വപ്‌നങ്ങളൊന്നും അവള്‍ കണ്ടിരുന്നില്ലെന്ന്‌ മുഖഭാവത്തില്‍ നിന്ന്‌ മാധവന്‍ വായിച്ചെടുത്തു. ഒരു പത്രവാര്‍ത്തക്ക്‌ മനുഷ്യനെ ഇത്രക്കു മാറ്റാനാകുമെന്നു മാധവന്‍ കരുതിയിരുന്നില്ല.

പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം മാധവന്‍ ഓഫിസിലേക്കു പോകാനിറങ്ങാന്‍ തുടങ്ങുമ്പോഴാണ്‌ അയാള്‍ കയറി വന്നത്‌. മുഖം നിറഞ്ഞ ചിരിയുമായി ഒരു എക്‌സിക്യൂട്ടീവ്‌.
"സാര്‍ ഒരു വീടു പണിയാന്‍ ഉദ്ദേശിക്കുന്നുവെന്നു കേട്ടു വന്നതാണ്‌."
"താല്‍പര്യമുണ്ടായിരുന്നു, ഇന്നലെ രാത്രി വരെ! നേരം പുലര്‍ന്നപ്പോള്‍ ആ താല്‍പര്യം ഏതാണ്ടില്ലാതായ മട്ടാണ്‌..."
"സാര്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട. എനിക്കു താങ്കളെ സഹായിക്കാന്‍ കഴിയും!"
മാധവന്‍ ഒന്നു പുഞ്ചിരിച്ചു. നിസ്സഹായതയും നിര്‍വ്വികാരതയും നിറഞ്ഞ ചിരി.
"ഞങ്ങളുടെ ധനകാര്യ സ്ഥാപനം താങ്കള്‍ക്കാവശ്യമായ പണം നല്‍കും. തുച്ഛമായ പലിശ, വരുമാനത്തെളിവിനായി അനാവശ്യ രേഖകളൊന്നും വേണ്ട, നടപടിക്രമങ്ങളും കുറവാണ്‌...!"
"മുതല്‍ തിരിച്ചടക്കേണ്ടാത്ത ലോണ്‍ വല്ലതുമുണ്ടോ?"
"20 വര്‍ഷം കൊണ്ടു തിരിച്ചടച്ചാല്‍മതി സര്‍, സ്ഥലവും വീടും കൂടി വാങ്ങാന്‍ സാറിന്‌ ഇപ്പോള്‍ എത്ര രൂപയാണു വേണ്ടത്‌?"
അപ്പോഴാണ്‌ അരുന്ധതി വാതില്‍പ്പുറത്തേക്കു വന്നത്‌.
"ലോണെടുത്താല്‍ പ്രത്യുപകാരമായി ഭ്രാന്താശുപത്രിയില്‍ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും കൂടി ഒരു സെല്ല്‌ ബുക്കു ചെയ്‌തു തരുമോ, സൗജന്യമായിട്ട്‌?"
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട്‌ ആദ്യം ഞെട്ടിയത്‌ മാധവനാണ്‌. അരുന്ധതി ഉദ്ദേശിച്ചതെന്തെന്നറിയാതെ എക്‌സിക്യൂട്ടീവ്‌ ഒന്നു പകച്ചു.
"ഇരുപതു വര്‍ഷം കൊണ്ട്‌്‌ ഞങ്ങള്‍ പണം തിരിച്ചടയ്‌ക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ എന്താണുറപ്പ്‌?"
"അത്‌.... സാറിനെപ്പറ്റി ഞാന്‍ അന്വേഷിച്ചു, എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്‌. സാറിന്റെ സാലറിയും ഞാന്‍ തിരക്കി..."
"ജാതകം കൂടി നോക്കിക്കാണും..."
ഇപ്പറയുന്നതൊക്കെ അരുന്ധതി തന്നെയോ എന്ന്‌ മാധവന്‍ അതിശയിച്ചു.
"കടം കയറി മുടിയാനുള്ള വിധി അതില്‍ കണ്ടതുകൊണ്ടാകും ഈ വരവ്‌ അല്ലേ..?"
"അരുന്ധതീ...!" അന്ധാളിപ്പോടെ മാധവന്‍ വിളിച്ചു.

എന്തോ പന്തികേടു മണത്ത എക്‌സിക്യൂട്ടീവ്‌ പിന്നെ വരാമെന്നു പറഞ്ഞിറങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അരുന്ധതി മാധവനെ കെട്ടിപ്പിടിച്ചു.
ഓഫിസില്‍ അന്ന്‌ മാധവന്‌ കെട്ടിടങ്ങളുടെ ജ്യാമിതീയതകള്‍ ഒന്നൊന്നായി പിഴച്ചു. അതുകൊണ്ടു തന്നെ ഉച്ചക്ക്‌ അവധിയെടുത്ത്‌ മാധവനിറങ്ങി. എ.ടി.എം. കൗണ്ടറില്‍ നിന്ന്‌ കുറച്ചു പണവുമെടുത്ത്‌ അവന്‍ ബാറിലേക്കു നടന്നു. മനപ്പൂര്‍വ്വമായിരുന്നു ആ പോക്ക്‌. ആരോ വിളിച്ചതുപോലെ. അതും പതിവുള്ള സ്ഥലത്തേക്കായിരുന്നുമില്ല.

അരണ്ട വെളിച്ചത്തില്‍ മാന്‍ഷന്‍ ഹൗസിന്റെ കുപ്പിയുടെ സൗന്ദര്യം ആദ്യമായി മാധവന്‍ കണ്ടു! ഒന്നരപ്പെഗ്ഗിന്റെ പതിവു കണക്ക്‌ അന്നു തെറ്റുകയായിരുന്നു. ബില്ലു തീര്‍ത്തശേഷം കയ്യില്‍ ബാക്കി വന്ന പണത്തിനു വീണ്ടും കുടിച്ചു. എന്നിട്ട്‌ റോഡിലേക്കിറങ്ങി നടന്നു.

മാധവന്റെ ആടിയാടിയുള്ള വരവില്‍ അരുന്ധതി നിസ്സാഹായയായി. ഒന്നും മിണ്ടാതെ മാധവന്‍ വാഷ്‌ബേസിനു മുന്നിലെത്തി കുനിഞ്ഞു. അവന്റെ ഓരോ കോശങ്ങളില്‍ നിന്നും മാന്‍ഷന്‍ ഹൗസ്‌ പുറന്തള്ളപ്പെട്ടു. അതിന്റെ അസഹ്യഗന്ധത്തില്‍ മനംമടുത്ത അരുന്ധതിയും ഓക്കാനത്തോടെ ഛര്‍ദ്ദിക്കാന്‍ ഇടം തേടി. ബാത്ത്‌റൂമിലെ തറയോടുകള്‍ക്കുമുകളിലേക്ക്‌ അരുന്ധതിയും അജീര്‍ണ്ണങ്ങളെ ഒഴുക്കിക്കളഞ്ഞ്‌ ശുദ്ധയായി.

5 comments:

  1. ഇത്തവണ ഒരു ചെറുകഥയാണ്‌. 2007 ഒക്‌ടോബര്‍ 7ന്‌ മലയാള മനോരമയുടെ ഞായറാഴ്‌ചപ്പതിപ്പില്‍ അച്ചടിക്കപ്പെട്ട കഥയാണിത്‌. ഈ കഥയുടെ ആദ്യ രൂപം എഴുതിയിട്ട്‌ അഞ്ചു വര്‍ഷത്തിലധികമായി. രണ്ടാമത്തെ ക്‌ളൈമാക്‌സ്‌ കൂട്ടിച്ചേര്‍ത്തത്‌ കഴിഞ്ഞ വര്‍ഷമാണ്‌. എല്ലാവരും അഭിപ്രായം തുറന്നെഴുതുക......

    ReplyDelete
  2. vaayichirunnu munpu... enkistam randanathethu.

    ReplyDelete
  3. നല്ല കഥ....ഇഷ്ടപ്പെട്ടു...രണ്ടു ക്ലൈമാക്സും...

    ReplyDelete
  4. ഇരട്ട ക്ലൈമാക്സ് ഇപ്പോള്‍ ഒരു ട്രെന്‍റ് ആയൊ..

    ReplyDelete
  5. ഞാൻ ഒരു തുളസിയില എറ്റുത്ത് തലക്കു മൂകളിലുയർത്തി പ്രാർത്ഥിച്ച് താഴേക്കിടട്ടെ

    ആദ്യമായാ വക്രബൂദ്ധിയെ വായിക്കുന്നത്. നന്നായിരിക്കുന്നു

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed