Tuesday, October 21, 2008

കാരുണ്യപര്‍വ്വം

2002 ജൂലൈ 14 ഞായര്‍
പത്രപ്രവര്‍ത്തകനായതുകൊണ്ടുമാത്രം ഞായറാഴ്‌ച അനുവദിച്ചുകിട്ടാത്ത അവധി ഓഫിസിലിരുന്ന്‌ ഉറക്കം തൂങ്ങി തീര്‍ക്കുകയായിരുന്നു. പരിചയക്കാരായ രണ്ടു ഓട്ടോഡ്രൈവര്‍മാര്‍ ഓഫിസിലെത്തി. തളര്‍വാതം പിടിച്ച ഒരു രോഗിയെ കുറച്ചകലെയുള്ള ആയുര്‍വേദ ആശുപത്രിയില്‍ നിന്ന്‌ ഇറക്കി വിട്ടുവെന്നും അയാളെ ഓട്ടോറിക്ഷയില്‍ കിടത്തിയിരിക്കുകയാണെന്നും എന്തെങ്കിലും ചെയ്യണമെന്നുമായിരുന്നു അവരുടെ ആവശ്യം.
ഞാന്‍ ഇറങ്ങിച്ചെന്നു. ഓട്ടോറിക്ഷയുടെ പിന്‍സീറ്റിലിരിക്കുന്ന രണ്ടു സ്‌ത്രീകളുടെ മടിയില്‍ കറുത്തു മെലിഞ്ഞ ഒരു മനുഷ്യന്‍ ബോധരഹിതനായി കിടക്കുന്നു. ഒപ്പമുള്ള സ്‌ത്രീകളില്‍ ഒന്ന്‌ അയാളുടെ സഹോദരിയാണ്‌. മറ്റേത്‌ ഭാര്യയും. ഞാനുടന്‍തന്നെ അവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്‌ടര്‍ പരിചയക്കാരനായിരുന്നതിനാല്‍ കാര്യങ്ങള്‍ അദ്ദേഹത്തെ പറഞ്ഞേല്‍പിച്ചു
തമിഴ്‌ വംശജര്‍ പാര്‍ക്കുന്ന ഒരു കോളനിയിലാണ്‌ അവരുടെ വീട്‌. പാട്ടപെറുക്കിവിറ്റുകിട്ടുന്ന പണം മാത്രമാണു വരുമാനം. 35കാരനായ ദേവസ്യയുടെ ഭാര്യയായിരുന്നു റാണിയെന്ന ആ പെണ്‍കുട്ടി. മഞ്ഞ നിറമുള്ള ചുരിദാറിന്റെ ടോപ്പു മാത്രം ധരിച്ച്‌ കറപിടിച്ച പല്ലുകള്‍ കാട്ടിച്ചിരിച്ച്‌ കലപിലസംസാരിക്കുന്ന അവളുടെ പ്രായമാണ്‌ എന്നെ ഞെട്ടിച്ചത്‌- 15 വയസ്‌. മാത്രമല്ല മാനസികമായി അത്ര പക്വതയുമില്ല ആ കുട്ടിക്ക്‌. ആരോരുമില്ലാത്ത അവളെ ചാലക്കുടിയിലെ ഒരു കോളനിയില്‍ നിന്നാണ്‌ ദേവസ്യ വിവാഹം ചെയ്‌തത്‌.
പിറ്റേന്ന്‌ ദേവസ്യയുടെ ആരോഗ്യസ്ഥിതിയറിയാന്‍ ഞാന്‍ ഡോക്‌ടറുമായി ബന്ധപ്പെട്ടു. അപകടാവസ്ഥ തരണം ചെയ്‌തിട്ടില്ല. പരമാവധി ശ്രമിക്കുന്നുണ്ട്‌. ഡോക്‌ടര്‍ പിന്നീടു പറഞ്ഞ രഹസ്യമാണ്‌ എന്നെ ശരിക്കും ഞെട്ടിച്ചത്‌. റാണി ഗര്‍ഭിണിയാണ്‌!
ബാലവിവാഹം, 15 വയസുകാരിയുമായുള്ള ലൈംഗികബന്ധത്തെ പീഢനമായിക്കാണണമെന്ന നിയമം? വാര്‍ത്ത പുറത്തുവിട്ടാല്‍ രോഗം ഭേദമായെത്തുന്ന ദേവസ്യയെ കാത്തിരിക്കുന്നത്‌ ജയിലാകുമെന്നുറപ്പ്‌. അതുകൊണ്ടുതന്നെ ഞാന്‍ മനപ്പൂര്‍വ്വം ആ ഹ്യൂമന്‍ ഇന്ററസ്റ്റ്‌ എക്‌സ്‌ക്‌ളൂസീവ്‌ സ്റ്റോറി ഉപേക്ഷിച്ചു.
രണ്ടു മൂന്നു ദിവസംകഴിഞ്ഞ്‌ ഓഫിസിലെത്തിയ എന്നെത്തേടി റാണിയും ദേവസ്യയുടെ അമ്മയും കാത്തിരിപ്പുണ്ടായിരുന്നു. ദേവസ്യയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപൊയ്‌ക്കൊള്ളാന്‍ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഞാന്‍ ഡോക്‌ടറുമായി ബന്ധപ്പെട്ടു. ഇനി ആ താലൂക്ക്‌ ആശുപത്രിയില്‍ ചികില്‍സ നല്‍കിയിട്ട്‌ ഒരു കാര്യവുമില്ലെന്നായിരുന്നു ഡോക്‌ടറുടെ മറുപടി.
നൂറു കിലോമീറ്റര്‍ അകലെയാണു മെഡിക്കല്‍ കോളജ്‌. ആംബുലന്‍സിനു മാത്രം ആയിരത്തിലധികം രൂപ ചെലവുവരും. ഞാന്‍ പത്രപ്രവര്‍ത്തകനെന്ന സ്വാധീനം ഉപയോഗിച്ച്‌ ചിലരുമായി ബന്ധപ്പെട്ടു. ഒരു മണിക്കൂറുകൊണ്ട്‌ 2450 രൂപ പിരിഞ്ഞുകിട്ടി. പണം ദേവസ്യയുടെ സഹോദരിയെ ഏല്‍പിച്ച്‌ അവരെ ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളജിലേക്കയച്ചു.
ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ ഒന്നാംപേജു വാര്‍ത്ത എന്നെ വീണ്ടും ഞെട്ടിച്ചു. മെഡിക്കല്‍ കോളജില്‍ ഭര്‍ത്താവിനെ ശുശ്രൂഷിച്ചുകഴിയുന്ന ഗര്‍ഭിണിയും 15കാരിയുമായ റാണിയുടെ കഥ. ഞാന്‍ മനപ്പൂര്‍വ്വം ഉപേക്ഷിച്ച സ്റ്റോറി. മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ കെ. ആര്‍. മീരയുടെ ബൈലൈനിലാണ്‌ സ്റ്റോറി. ഞാനുടന്‍ മീരയുമായി ബന്ധപ്പെട്ട്‌ ആദ്യസംഭവങ്ങള്‍ ധരിപ്പിച്ചു. ഫോളോ അപ്പിനാവശ്യമായ വിവരങ്ങളും നല്‍കി. വാര്‍ത്തയെതുടര്‍ന്ന്‌ റാണിയേയും ദേവസ്യയേയും നവജീനന്‍ ഏന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു. ദേവസ്യയുടെ രോഗം കുറഞ്ഞപ്പോള്‍ അവര്‍ അവിടേക്കുപോയി. ഇതിനിടയില്‍ ആശുപത്രിയിലെ ബാത്‌റൂമില്‍ തെന്നി വീണ്‌ റാണിയുടെ ഗര്‍ഭം അലസിപ്പോയിരുന്നു.
വൈകാതെ എനിക്ക്‌ 25 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ബ്യൂറോയിലേക്കു സ്ഥലം മാറ്റമായി. മൂന്നുമാസം കഴിഞ്ഞപ്പോള്‍ റാണിയും അമ്മായിയമ്മയും എന്നെത്തേടിയെത്തി. ദേവസ്യയെ അടുത്തുള്ള ഒരു പുവര്‍ ഹോമില്‍ ആക്കിയിരിക്കുകയാണെന്നും നവജീവനിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്നുമായിരുന്നു ആവശ്യം. ഞാന്‍ നവജീവനുമായി ബന്ധപ്പെട്ടു.
തമിഴ്‌നാട്ടിലെ വീട്ടിലേക്ക്‌ ദേവസ്യയെ കൊണ്ടു പോകാന്‍ പ്രലോഭിപ്പിച്ചത്‌ ബന്ധുക്കളായിരുന്നു. അതില്‍ റാണി വീണു. പത്രവാര്‍ത്തയെ തുടര്‍ന്ന്‌ ഉദാരമതികള്‍ നല്‍കിയ ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. റാണിയുടെ ശാഠ്യത്തെത്തുടര്‍ന്നാണ്‌ നവജീവനില്‍ നിന്ന്‌ അവരെ തമിഴ്‌നാട്ടിലെ കമ്പത്തേക്കു വിട്ടത്‌. പക്ഷേ പണം കൊടുത്തുവിടാതിരുന്നതിനാല്‍ റാണിക്കു പെരുവഴിയായിരുന്നു ശരണം. അങ്ങിനെയാണ്‌ അവര്‍ വീണ്ടും എന്നെത്തേടിയെത്തിയത്‌.
നവജീവനിലെ തോമസേട്ടന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരാംബുലന്‍സ്‌ വരുത്തി ഞാന്‍ അവരെ വീണ്ടും കോട്ടയത്തിനുവിട്ടു.
ഒരുമാസം കഴിഞ്ഞപ്പോള്‍ കെ. ആര്‍. മീര എന്നെ ഫോണില്‍ വിളിച്ചു. ദേവസ്യ മരിച്ചു. ബന്ധുക്കളെ വിവിരമറിയിക്കാന്‍ മാര്‍ഗമെന്തെങ്കിലുമുണ്ടോ? ഞാന്‍ ഏറെ ശ്രമിച്ചെങ്കിലും അതു നടന്നില്ല. ഒടുവില്‍ നവജീവന്റെ മേല്‍നോട്ടത്തില്‍ ദേവസ്യയുടെ ശരീരം സംസ്‌കരിച്ചു.
പിന്നീടായിരുന്നു റാണിയുടെ ജീവിതം കൂടുതല്‍ വഴിതെറ്റിയത്‌. നവജീവന്‍ അധികൃതരുടെ കണ്ണുവെട്ടിച്ചു പുറത്തുകടന്ന അവള്‍ കുറേ നാടോടികള്‍ക്കൊപ്പം കൂടി കഞ്ചാവിനടിമയായി. അവരുടെ പിടിയില്‍ നിന്നു മോചിപ്പിച്ച്‌ വീണ്ടും നവജീവനില്‍കൊണ്ടുവന്നെങ്കിലും അവള്‍ നിന്നില്ല.
ഏതാനും ദിവസങ്ങള്‍ക്കുശേഷം റാണി വീണ്ടും എന്നെത്തേടി ഓഫിസിലെത്തി. അതും മദ്യലഹരിയില്‍. തന്റെ പേരില്‍ നവജീവന്‍ ബാങ്കിലിട്ടിരിക്കുന്ന പണം കിട്ടണം. ഭര്‍ത്താവിന്‌ ഒരു കല്ലറ പണിയണം. കറപിടിച്ച പല്ലുകള്‍കാട്ടിച്ചിരിച്ച്‌ മദ്യത്തിന്റെ മണവുമായി നിന്ന റാണിയെ ഞാന്‍ കണക്കറ്റു ശകാരിച്ചു. അവള്‍ എന്നോടു ദേഷ്യപ്പെട്ട്‌ ഇറങ്ങിപ്പോയി.
പിന്നീടിതുവരെ റാണിയെപ്പറ്റി വിവരമൊന്നുമില്ല. തമിഴ്‌നാട്ടിലൂടെ സഞ്ചരിക്കുമ്പോഴൊക്കെ തെരുവോരത്ത്‌ എന്റെ കണ്ണുകള്‍ അവളെ തിരയാറുണ്ട്‌. ഒന്നുകില്‍ ഒക്കത്തൊരു അനാഥകുഞ്ഞുമായി, അല്ലെങ്കില്‍ ഏതെങ്കിലും ചുവന്ന തെരുവില്‍ അവള്‍ ഇപ്പോള്‍ അലയുന്നുണ്ടാകുമോ?

8 comments:

  1. വിധി തളര്‍ത്തിയ ഒരു പെണ്‍കുട്ടിയുടെ കഥ..... കൗമാരം കടക്കും മുമ്പ്‌ ഗര്‍ഭിണി, വിധവ.... ഇന്നവള്‍ എവിടെയായിരിക്കും...?

    ReplyDelete
  2. ithupole othiri ranimar nammukku chuttum undu. But palappozhum nam nissahayaray opokunnu

    ReplyDelete
  3. നല്ല കുറിപ്പ്. മനുഷ്യ ജീവന് sensational വാര്‍ത്തയെക്കളും പ്രാധാന്യം കൊടുത്തത് അഭിനന്ദനീയം തന്നെ. അങ്ങനെ അല്ലല്ലോ സാധാരണ കാണുന്നത്.

    മറ്റുള്ള മനുഷ്യരെ തന്നെക്കാള്‍ സ്നേഹിക്കണം എന്ന് കരുതുന്ന നല്ല ഉള്‍ഹൃദയം ഉള്ളവര്‍ക്ക് ഒന്നിരുത്തി ചിന്തിക്കാനും ഈ സംഭവം അവസരം നല്കുന്നു.

    പലപ്പോഴും നമ്മള്‍ നല്ല സ്നേഹവികാരത്തോടെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ പണ്ടേ ഒരു ചൊല്ലുണ്ട് - പാത്രമറിഞ്ഞു വിളമ്പുക എന്ന്.

    ReplyDelete
  4. സ്വന്തം പേര്‍ ബൈലൈനോടുകൂടി വരേണ്ട് സ്റ്റോറി പോലും വേണ്ടെന്ന് വച്ച് കാണിച്ച ഈ പ്രവര്‍ത്തി അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  5. അങ്ങനെ എത്രയെത്ര റാണിമാര്‍...

    ReplyDelete
  6. സമൂഹം സൃഷ്ടീച്ച് വിടുന്ന ‘റാണി’മാരുടെ എണ്ണം ദിനേന വര്‍ധിച്ച് വരികയല്ലേ.സഹതപിക്കയല്ലാതെന്തു ചെയ്യാന്‍.

    ReplyDelete
  7. നല്ല കാര്യങ്ങള്‍ ചെയ്തതിന് ആദ്യമായി അഭിനന്ദനങ്ങള്‍,പിന്നെ ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്തവയാണല്ലോ,അവയെ വെറുതെ വിടുക.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed