Thursday, March 18, 2010

സംസ്‌കൃതഭാഷയുടെ അംബാസിഡര്‍



കാലടി സംസ്‌കൃത സര്‍വ്വകലാശാല നടന്‍ മോഹന്‍ലാലിന്‌ ഓണററി ഡി.ലിറ്റ്‌ ബിരുദം നല്‍കിയ അതേദിവസം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിനു സമീപത്തെ വിശാലമായ മുറ്റത്ത്‌ ഒരു നാടകം അരങ്ങേറി. പച്ചമലയാളം കൊണ്ട്‌ ഒരുക്കിയെടുത്ത അവനവന്‍ കടമ്പ. നാടകാവതരണ വേദിക്കു സമീപം വെളുത്തു മെലിഞ്ഞ ആ മനുഷ്യന്‍ ഒരു പുതു സാഹിത്യസൃഷ്‌ടിയെന്നവണ്ണം നാടകം ആസ്വദിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. കാവാലം നാരായണപ്പണിക്കര്‍. തനിക്കുകിട്ടിയ ഡി ലിറ്റ്‌ ബിരുദം അമ്മയ്‌ക്കു (താരസംഘടനയായ അമ്മ അല്ലെന്ന്‌ വിശ്വസിക്കാം.) സമര്‍പ്പിക്കുന്നുവെന്ന്‌ മോഹന്‍ലാല്‍ പ്രസ്‌താവിക്കുമ്പോള്‍ മോഹന്‍ലാലിലെ കര്‍ണഭാരത്തിലെ കര്‍ണനാക്കി മാറ്റിയ ഗിരീഷ്‌ അവനവന്‍ കടമ്പയിലെ ദേശത്തുടയാനായി ആടിത്തിമിര്‍ക്കുകയായിരുന്നു.
കര്‍ണഭാരം പോലെ എത്രയോ സംസ്‌കൃതനാടകങ്ങള്‍ കാവാലം സ്വന്തം സംവിധാനശൈലിയില്‍ അരങ്ങത്തെത്തിച്ചിരിക്കുന്നു. അതും അവയുടെ സംസ്‌കൃത ശൈലിയില്‍ യാതൊരു കോട്ടവും വരാതെ. കര്‍ണഭാരത്തിനൊപ്പം മധ്യമവ്യായോഗം, മാളവികാഗ്നിമിത്രം, വിക്രമോര്‍വശീയം, ശാകുന്തളം തുടങ്ങി ഭാസനും, ബാണനും, കാളിദാസനുമെല്ലാം സംസ്‌കൃതത്തില്‍ വിരചിച്ചുവച്ച മഹത്തായ നാടകകൃതികള്‍ മലയാളം മാത്രമല്ല, ലോകത്തെമ്പാടും നാടകാസ്വാദകര്‍ തനിമ ചോരാതെ കണ്ടത്‌ കാവാലത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയാണ്‌.
ബോധായനന്റെ ഭഗവദ്ദജ്ജുകം എന്ന പ്രഹസനം ഇന്നും നാടകാസ്വാദകരെ ആകര്‍ഷിച്ച്‌ രംഗവേദികള്‍ കീഴടക്കുന്നത്‌ കാവാലത്തിന്റെ സംവിധാനപ്രതിഭ ഒന്നുകൊണ്ടുമാത്രമാണ്‌. കാവാലം നാരായണപ്പണിക്കരോളം മലയാളഭാഷയില്‍ നിന്ന്‌ സംസ്‌കൃതത്തിനു സംഭാവനകള്‍ നല്‍കിയ മറ്റാരെങ്കിലുമുണ്ടോ?
കര്‍ണഭാരം മോഹന്‍ലാലിന്റെ ഒരു ആഗ്രഹമായിരുന്നു. അത്‌ പൂര്‍ത്തീകരിക്കപ്പെട്ടു. പക്ഷെ, അതുകൊണ്ട്‌ സംസ്‌കൃതഭാഷയ്‌ക്ക്‌ എന്തു ഗുണമാണു ലഭിച്ചത്‌? ലാലിനെ കര്‍ണനാക്കി ഒരുക്കിയെടുത്തത്‌ ഗീരീശനാണ്‌. മുപ്പതു വര്‍ഷമായി അദ്ദേഹം സോപാനത്തിലെ കലാകാരനായി തുടരുന്നു. മിക്ക സംസ്‌കൃതനാടകങ്ങളിലും പ്രധാന വേഷം ചെയ്യുന്ന ഗീരീശന്‌ ഇതുവരെ ലഭിച്ചിരിക്കുന്നത്‌ സുഹൃത്തുക്കളെല്ലാം ചേര്‍ന്നു നല്‍കിയ ഭരത്‌ഗോപി പുരസ്‌കാരം മാത്രമാണ്‌. ഗിരീശന്‍ തന്റെ അഭിനയപ്രതിഭയിലൂടെ സംസ്‌കൃതത്തിനു നല്‍കിയ പ്രചാരത്തിന്റെ പത്തിലൊരംശം പോലും സംഭാവന ചെയ്യാന്‍ മോഹന്‍ലാലിനു കഴിഞ്ഞിട്ടില്ല.
ഡി.ലിറ്റ്‌ ലഭിച്ചശേഷം ലാല്‍ പങ്കെടുക്കുന്ന ആദ്യ ചടങ്ങ്‌ തിരുവനന്തപുരം സംസ്‌കൃതകോളജിലാണ്‌. ഭാസനാടകങ്ങളെപ്പറ്റിയുള്ള ത്രിദിന ദേശീയസെമിനാറിന്റെ ഉദ്‌ഘാടനമാണത്‌. സംസ്‌കൃത നാടകങ്ങളെപ്പറ്റിയും സംസ്‌കൃതഭാഷയെപ്പറ്റിയും സംസ്‌കൃതകോളജിലെ വിദ്യാര്‍ഥികളോടു സംസാരിക്കാന്‍, പ്രസ്‌തുത ചടങ്ങ്‌ ഉദ്‌ഘാടിക്കാന്‍ മോഹന്‍ലാലിനോളം യോഗ്യത മറ്റാര്‍ക്കുണ്ട്‌? മദ്യത്തിന്റെയും, പട്ടാളത്തിന്റെയും, മാലിന്യവിമുക്തസ്വര്‍ണത്തിന്റെയും, ഖദറിന്റെയും കൂടെ സംസ്‌കൃതഭാഷയുടെ കൂടി അംബാസിഡറാകാന്‍ ലാല്‍ കാണിക്കുന്ന മഹാമനസ്‌കത എത്ര പ്രശംസിച്ചാലും മതിയാവുന്നതല്ല.
കര്‍ണഭാരത്തിലെ ആദ്യശ്‌ളോകം കാണാതെ പഠിച്ച്‌ അതിന്റെ ഒരു സോളോ പെര്‍ഫോമന്‍സ്‌ നടത്തിയായിരിക്കും ലാല്‍ പ്രസ്‌തുത ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയെന്നാണ്‌ സൂചന. സംസ്‌കൃതത്തില്‍ ഡോക്‌ടറേറ്റ്‌ കിട്ടിയ പദ്‌മശ്രീ ഭരത്‌ ലഫ്‌റ്റ്‌നന്റ്‌ കേണല്‍ ഡോ. മോഹന്‍ലാല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍ കാവാലം നാരായണപ്പണിക്കര്‍ ഒരു പ്രഭാഷകനായി ഇരിപ്പുണ്ടാകും. ഭാഗ്യം, അദ്ദേഹത്തിന്റെ പേരിനു മുന്നില്‍ (ആരും ചേര്‍ക്കാറില്ലെങ്കിലും) ഒരു പദ്‌മഭൂഷന്‍ ഒളിച്ചിരിപ്പുണ്ടെന്നതുമാത്രമാണ്‌ അല്‍പം ആശ്വാസം.
ഇത്രയുമായ സ്ഥിതിക്ക്‌, ഉദയനാണു താരം എന്ന സിനിമയിലൂടെ നാട്യകലയില്‍ പുതിയ ചില രസങ്ങള്‍ കൂടി സംഭാവന ചെയ്‌ത ജഗതി ശ്രീകുമാറിനെ കൂടി ഡി.ലിറ്റിന്‌ പരിഗണിക്കേണ്ടതാണ്‌. (അദ്ദേഹം അതു വാങ്ങുമോ എന്നറിയില്ല. കാരണം ഡോക്‌ടറേറ്റിനൊന്നും ഇപ്പോഴൊരു വിലയുമില്ലെന്നാണ്‌ അമ്പിളിച്ചേട്ടന്‍ പറയുന്നത്‌. എങ്കിലും ഒന്നു സമീപിച്ചുനോക്കുന്നതില്‍ തെറ്റില്ല.)


5 comments:

  1. ഇത്രയുമായ സ്ഥിതിക്ക്‌, ഉദയനാണു താരം എന്ന സിനിമയിലൂടെ നാട്യകലയില്‍ പുതിയ ചില രസങ്ങള്‍ കൂടി സംഭാവന ചെയ്‌ത ജഗതി ശ്രീകുമാറിനെ കൂടി ഡി.ലിറ്റിന്‌ പരിഗണിക്കേണ്ടതാണ്‌. (അദ്ദേഹം അതു വാങ്ങുമോ എന്നറിയില്ല. കാരണം ഡോക്‌ടറേറ്റിനൊന്നും ഇപ്പോഴൊരു വിലയുമില്ലെന്നാണ്‌ അമ്പിളിച്ചേട്ടന്‍ പറയുന്നത്‌. എങ്കിലും ഒന്നു സമീപിച്ചുനോക്കുന്നതില്‍ തെറ്റില്ല.....

    ReplyDelete
  2. :-)
    അപ്പോള്‍ റസൂല്‍ പൂക്കൂട്ടിക്ക് എന്തിന്റെ പേരിലാണ് സംസ്കൃത സര്‍വ്വകലാശാല ഡി-ലിറ്റ് നല്‍കിയത്? ഓസ്കര്‍ വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തില്‍ ‘ഓംകാരം’ എന്നു പറഞ്ഞതുകൊണ്ടോ?

    ജനപ്രിയരായവര്‍ക്ക് ഇങ്ങിനെ ബിരുദം നല്‍കി മാധ്യമശ്രദ്ധ നേടുക എന്നതിലുപരി എന്തെങ്കിലും പ്രാധാന്യം ഇവയ്ക്കു കൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

    കാവാലത്തെ പ്രകീര്‍ത്തിക്കുവാനായി ‘ഭഗവദ്ദജ്ജുക’ത്തെ പ്രഹസനമാക്കേണ്ടതുണ്ടോ? കൂടിയാട്ടത്തിലും ‘ഭഗവദ്ദജ്ജുകം’ അവതരിപ്പിക്കാറുണ്ട്. നൃത്ത/നാടക സാധ്യതകളുള്ള രസകരമായൊരു കഥയായാണ് തോന്നിയിട്ടുള്ളത്.
    --

    ReplyDelete
  3. ഈ ഡി-ലിറ്റ്‌ ഒക്കെ പല തമാശകള്‍ക്കിടയിലെ ഒരു തമാശ ആയി എടുത്താല്‍ പോരെ?!!

    (പിന്നെ എനിക്ക് നിങ്ങളുടെ പ്രൊഫൈല്‍ കുറിപ്പ്‌ നന്നേ പിടിച്ചു. :-)

    ReplyDelete
  4. നൃത്തമായാലും നാടകമായാലും കഥയായാലും പ്രഹര്‍ഷേണ ഹസിക്കുന്നതെന്തോ അവയെല്ലാം പ്രഹസനമല്ലേ ഹരീ. ഞാന്‍ അതേ അര്‍ഥമാക്കിയിട്ടുള്ളു. ഈ ഡി.ലിറ്റെന്നൊക്കെ പറയുന്നതും ഒരു തരത്തില്‍ പ്രഹസനമാണെന്നിപ്പോള്‍ ബോധ്യമായില്ലേ....?

    ReplyDelete
  5. രാജേഷേട്ടാ ഇപ്പോഴാണ് താങ്കളുടെ ബ്ലോഗില്‍ എത്തുന്നത്‌ ....എന്തായാലും നന്നായി.....ചിലപ്പോഴെല്ലാം നമ്മള്‍ ശ്രദ്ധിക്കാതെ കടന്നു പോകുന്ന കാര്യങ്ങളിലേക്ക് ഇടക്കൊരു ചൂണ്ടുപലക അത്യാവശ്യമാണ് . ആശംസകള്‍

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed