Sunday, October 4, 2009

കൂട്ടത്തോടെ മരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തെന്നാല്‍....



മൂന്നുനാലു വര്‍ഷം മുമ്പ്‌, ഒരു ഞായറാഴ്‌ച.

അനുവദിച്ചിട്ടില്ലാത്ത അവധി ആസ്വദിക്കുന്നതിനായി കുടുംബസമേതം അല്‍പം ദൂരെ ഒരു ബന്ധുവീട്ടില്‍ പോയതായിരുന്നു ഞാന്‍. കട്ടപ്പനയിലെ പത്രത്തിന്റെ പ്രാദേശിക ഓഫീസ്‌ അന്നു തുറന്നില്ല. രാത്രി ഏഴു മണിയോടെ തൊടുപുഴയിലെ ജില്ലാ ഓഫീസില്‍ നിന്ന്‌ ഒരു വിളി വന്നു. ഇടുക്കി ഡാമില്‍ എവിടെയോ ഒരു വള്ളം മറിഞ്ഞതായി കേള്‍ക്കുന്നു. അന്വേഷിക്കുക.

ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ്‌ ഏരിയ ഏറെ വിശാലമാണ്‌. ഇതില്‍ എന്റെ പ്രവര്‍ത്തനപരിധിയില്‍ എവിടെയോ ആണ്‌ അപകടം. യാതൊരു വിവരവും കിട്ടുന്നുമില്ല. പൊലീസോ ഫയര്‍ഫോഴ്‌സോ വിവരം അറിഞ്ഞിട്ടില്ല. ഏറെ നേരത്തെ അന്വേഷണത്തിനുശേഷം വിവരംകിട്ടി. അഞ്ചുരുളിയില്‍ നിന്നും വാഴവരയില്‍ നിന്നും വനത്തിലൂടെ സഞ്ചരിച്ചുമാത്രം എത്തിച്ചേരാവുന്ന ഒരു ഭാഗത്താണ്‌ സന്ധ്യയോടെ വള്ളം മറിഞ്ഞത്‌. രണ്ടുപേരെ കാണാതായിട്ടുണ്ട്‌. ഒപ്പം മറ്റൊരു വള്ളത്തില്‍ സഞ്ചരിച്ചവരാണ്‌ വിവരം പുറത്തറിയിച്ചത്‌. വാഴവര സ്വദേശികളെയാണ്‌ കാണാതായത്‌. അവര്‍ വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി തിരിച്ചുവരികയായിരുന്നു. വാഴവരക്കാരായ ചിലര്‍ അന്വേഷിച്ചു പോയിട്ടുണ്ട്‌.
ഏതാണ്ട്‌്‌ ഒരു മണിക്കൂറോളം വീണ്ടും ഫോണ്‍കോളുകള്‍. അവസാനം കാണാതായവരെ തിരയാന്‍ പോയ ഒരു വ്യക്തിയെ ഫോണില്‍ കിട്ടി. അപകടസ്ഥലത്ത്‌ എവിടെനിന്നോ കാറ്റത്ത്‌ ചിലപ്പോള്‍ മൊബൈലിന്‌ റേഞ്ച്‌ കിട്ടും. അങ്ങിനെ പാറിവന്ന റേഞ്ചിന്റെ സഹായത്തോടെ അയാളുമായി വിവരങ്ങള്‍ സംസാരിച്ച്‌ അന്നത്തേക്കു വാര്‍ത്താപുസ്‌തകം മടക്കി.

പിറ്റേന്ന്‌ രാവിലെ അഞ്ചുരുളിക്കു പുറപ്പെട്ടു. ഇരട്ടയാറില്‍ നിന്ന്‌ ഇടുക്കി ജലസംഭരണിയിലേക്ക്‌ വെള്ളം കൊണ്ടുവരുന്ന, മലയുടെ അടിയിലൂടെയുള്ള മൂന്നുകീലോമീറ്ററോളം ദൈര്‍ഘ്യമുള്ള വന്‍ തുരങ്കം അവസാനിക്കുന്നത്‌ അഞ്ചുരുളിയിലാണ്‌. അവിടെ ജലാശയത്തിനു മുന്നില്‍ വഴി അവസാനിക്കുന്നു. പിന്നെ, ജലാശയത്തിന്റെ തീരത്തെ ചെറു വഴിയിലൂടെ സാഹസികമായി നടക്കണം. ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും ഫയര്‍ഫോഴ്‌സ്‌ സംഘം ഒരു വള്ളത്തില്‍ അപകട സ്ഥലത്തേക്കു പോയി. ഞങ്ങള്‍ നടന്നു. ബോട്ടോ മറ്റു സൗകര്യങ്ങളോ ഇല്ല, ജലാശയത്തിലൂടെ പോകാന്‍.

വെള്ളത്തിന്‌ കൊടും തണുപ്പാണ്‌. മുങ്ങിത്തപ്പാനാകില്ല. നീന്തലറിയാവുന്ന ചില ആദിവാസികളും നാട്ടുകാരും മുങ്ങിനോക്കിയെങ്കിലും രക്ഷയില്ലാതെ മടങ്ങി. ഫയര്‍ഫോഴ്‌സിന്റെ പാതാളക്കരണ്ടി അവിടെ ഉപയോഗിക്കാനാകുമായിരുന്നില്ല. ജലാശയത്തിന്റെ അടിത്തട്ടുവരെ ആ ഉപകരണം ചെല്ലില്ല. മുങ്ങാനറിയാവുന്നവരോ അവര്‍ക്കാവശ്യമായ സംവിധാനങ്ങളോ ഫയര്‍ഫോഴ്‌സിനില്ല.

അപകടസ്ഥലത്ത്‌ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ അത്ര മോശമല്ലാത്ത ജനക്കൂട്ടമുണ്ട്‌. അപകടത്തിന്‌ ദൃക്‌സാക്ഷിയായ വ്യക്തികള്‍ മരവിച്ച അവസ്ഥയില്‍ ഇരിക്കുന്നു. കാണാതായവരുടെ ബന്ധുക്കളും സ്ഥലത്തുണ്ട്‌. ഒപ്പം പൊലീസും ഫയര്‍ഫോഴ്‌സും. മറിഞ്ഞ വള്ളം കരയോട്‌ അടുപ്പിച്ചിട്ടിരിക്കുന്നു. തിരച്ചിലിന്‌ ഒന്നുരണ്ടു വള്ളങ്ങളല്ലാതെ ഒരു ബോട്ട്‌ പോലും ലഭിച്ചിട്ടില്ല.

കുറച്ചു കഴിഞ്ഞ്‌ സ്ഥലം എം.എല്‍.എ റോഷി അഗസ്‌റ്റിനും എത്തി. റോഷി അവിടെ നിന്ന്‌ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു, തിരച്ചിലിനു നേവിയുടെ സഹായം അഭ്യര്‍ഥിക്കാനായി. പക്ഷെ അത്‌ ലഭ്യമായില്ല. പണം കെട്ടിവയ്‌ക്കണമെന്നതായിരുന്നു കാരണം. വെള്ളത്തിനടിയില്‍ രണ്ടു കുടുംബങ്ങളുടെ അത്താണിയാണ്‌ കാണാതായിരിക്കുന്നത്‌. വൈകുന്നേരത്തോടെ തിരച്ചില്‍ മതിയാക്കി എല്ലാവരും മടങ്ങി. ഫയര്‍ഫോഴ്‌സ്‌ നേരത്തേ തന്നെ പോയിരുന്നു. പക്ഷെ, നാട്ടുകാരും കാണാതായവരുടെ അയല്‍വാസികളും മടങ്ങിയില്ല. ആരും കണ്ടെത്തിയില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം താനേ വെള്ളത്തില്‍ പൊങ്ങിവരുമെന്ന്‌ അവര്‍ക്കറിയാമായിരുന്നു.
അപകടത്തിനു സാക്ഷിയായവര്‍ വീട്ടില്‍ പോയതേയില്ല. അവിടെ ജലാശയത്തിന്റെ കരയില്‍ കൊടും തണുപ്പത്ത്‌ തീകൂട്ടി തണുപ്പകറ്റി കപ്പയും കാട്ടുകിഴങ്ങും വേവിച്ച്‌ കഴിച്ച്‌ അവര്‍ മൃതദേഹങ്ങള്‍ പൊങ്ങിവരുന്നതും കാത്തിരുന്നു. പിറ്റേന്ന്‌ ഒരു മൃതദേഹം പൊന്തിവന്നു. മൂന്നാം ദിവസം അല്‍പം മാറി അടുത്തതും.

മരിച്ചത്‌ രണ്ടു കുടുംബങ്ങളുടെ ആശ്രയമായ ചെറുപ്പക്കാരാണ്‌. പക്ഷെ, അതൊരു വലിയ ദുരന്തമല്ലല്ലോ സമൂഹത്തിന്‌. അതുകൊണ്ടുതന്നെ ആ ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ക്ക്‌ യാതൊരുവിധ സഹായധനവും ലഭിച്ചില്ല. എന്തിന്‌ കാണാതായാവര്‍ മനുഷ്യരും നമ്മുടെ സഹജീവികളുമാണെന്ന വസ്‌തുതപോലും അധികൃതര്‍ പരിഗണിച്ചില്ലെന്നതായിരുന്നു വാസ്‌തവം. തങ്ങളുടെ ഉറ്റവര്‍ വെള്ളത്തില്‍ ചീര്‍ത്ത ശവങ്ങളായി പൊന്തുന്നതും കാത്ത്‌ കരയ്‌ക്കു കാത്തിരുന്നവരും ഒന്നും ആവശ്യപ്പെട്ടില്ല.

ഓരോ ചെറു ദുരന്തങ്ങളിലും ഓരോ കുടുംബം അനാഥമാക്കപ്പെടുകയാണ്‌. പക്ഷെ, ഒരു കൂട്ടമരണമാണെങ്കിലല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവിടേക്കു തിരിഞ്ഞുനോക്കില്ല. വാഹനാപകടമായാലും തീപിടുത്തമായാലും ബോട്ടപകടമായാലും ഉരുള്‍പൊട്ടലായാലും എല്ലാം സ്ഥിതി ഇതുതന്നെ. സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന്‌ ഇപ്പോഴും വ്യക്തമല്ല. വെള്ളത്തില്‍ കാണാതായവരെ തിരയാന്‍ യാതൊരു സജ്ജീകരണവുമില്ലാതെ നിസ്സാഹായരായി മടങ്ങുന്ന ഫയര്‍ഫോഴ്‌സ്‌ സേന സത്യത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകുകയാണ്‌.

ഇടുക്കി ജില്ലയിലെ ചെമ്മണ്ണാര്‍ ഗ്രാമത്തില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി നാലഞ്ചുപേര്‍ മരിച്ച സംഭവം ഓര്‍ക്കുന്നു. അന്ന്‌ വിവരമറിഞ്ഞ്‌ അന്‍പതു കിലോമീറ്റര്‍ അകലെയുള്ള ചെമ്മണ്ണാറിലേക്ക്‌ കട്ടപ്പനയില്‍ നിന്നു ഫയര്‍ഫോഴ്‌സ്‌ മലകയറിപ്പോയത്‌ 4000 ലിറ്റര്‍ വെള്ളവുമായി വാട്ടര്‍ ടെന്‍ഡര്‍ എന്ന വാഹനത്തിലാണ്‌. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നിരങ്ങിനിരങ്ങി മലകയറുന്ന ഫയര്‍ഫോഴ്‌സ്‌ വാഹനത്തെ എത്രയോ വട്ടം ഞാന്‍ എന്റെ ബൈക്കുമായി പിന്നിലാക്കിയിരിക്കുന്നു. ഫയര്‍ഫോഴ്‌സ്‌ അവിടെയത്തുമ്പോഴേക്കും നല്ലവരായ നാട്ടുകാര്‍ ദുരിതാശ്വാസത്തിള്‍ തങ്ങളാലാകുന്നത്‌ ചെയ്‌തിരിക്കും.

തേക്കടിയിലും അതാണു സംഭവിച്ചത്‌. മരിച്ചവരുടെ എണ്ണം കൂടുതലാതിനാല്‍ ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചു. മരിച്ചവരുടെയെല്ലാം കുടുംബങ്ങള്‍ സാമ്പത്തികമായ അത്ര പ്രശ്‌നത്തിലായിരുന്നില്ലെങ്കിലും സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കി. അപ്പോഴും ഇതൊന്നുമില്ലാതെ, നൂറു കണക്കിനാളുകള്‍, ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നമ്മുടെ റോഡുകളിലും ജലാശയങ്ങളിലും അവസാനിക്കുന്നുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങള്‍ സഹായിക്കാന്‍ സര്‍ക്കാരോ മറ്റ്‌ സംവിധാനങ്ങളോ ഇല്ലാതെ കഷ്ടപ്പെടുന്നുമുണ്ട്‌....

4 comments:

  1. ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ്‌ ഏരിയ ഏറെ വിശാലമാണ്‌. ഇതില്‍ എന്റെ പ്രവര്‍ത്തനപരിധിയില്‍ എവിടെയോ ആണ്‌ അപകടം. യാതൊരു വിവരവും കിട്ടുന്നുമില്ല. പൊലീസോ ഫയര്‍ഫോഴ്‌സോ വിവരം അറിഞ്ഞിട്ടില്ല. ഏറെ നേരത്തെ അന്വേഷണത്തിനുശേഷം വിവരംകിട്ടി. അഞ്ചുരുളിയില്‍ നിന്നും വാഴവരയില്‍ നിന്നും വനത്തിലൂടെ സഞ്ചരിച്ചുമാത്രം എത്തിച്ചേരാവുന്ന ഒരു ഭാഗത്താണ്‌ സന്ധ്യയോടെ വള്ളം മറിഞ്ഞത്‌. രണ്ടുപേരെ കാണാതായിട്ടുണ്ട്‌.
    മറ്റൊരു അപകടത്തിന്റെ കഥയുമായി പുതിയ പോസ്‌റ്റ്‌....

    ReplyDelete
  2. പ്രസക്തമായ പോസ്റ്റ്. ഗവണ്മെന്റ് നല്‍കുന്ന നഷ്ടപരിഹാരം എന്നത്, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതിനാല്‍ നല്‍കുന്ന സാമ്പത്തികം എന്നതല്ലേ? ഒരു തരത്തില്‍ സര്‍ക്കാര്‍ സ്വയം ശിക്ഷിക്കുകയാണ് എന്നു പറയാം. പക്ഷെ, നഷ്ടപരിഹാരം നല്‍കി ആ സംഭവം മറക്കുന്ന രീതിയാണിവിടെ. പിന്നീടെന്തെങ്കിലും അപകടം വന്നാലും നഷ്ടപരിഹാരം കൊടുക്കാം എന്നാണ് ഗവണ്മെന്റ് നിലപാട്. എന്നാല്‍ ഉണ്ടായ വീഴ്ചകള്‍ പരിശോധിച്ച് പരിഹരിക്കുവാന്‍ ഒരു നടപടിയുമില്ല!

    ഈ നഷ്ടപരിഹാരമൊക്കെ കൃത്യമായി അതര്‍ഹിക്കുന്നവര്‍ക്ക് കിട്ടുന്നുണ്ടാകുമോ?
    --

    ReplyDelete
  3. തികച്ചും അവസരോചിതം,യാഥാര്‍ത്ഥ്യങ്ങള്‍ക്കു നോരേ കണ്ണടയ്ക്കുന്നവരാണ് നാം... ആ കണ്ണ് തുറന്നുപിടിച്ചതിന് അഭിനന്ദനങ്ങള്‍...

    ReplyDelete
  4. ഒത്തിരി നല്ല പോസ്റ്റ്‌. തലകെട്ട് കണ്ടാന്നു വന്നു വായിച്ചത്.
    ആരും അറിയാതെ ഇങ്ങനെ ഓരോ ദുരന്തങ്ങളില്‍ മരിച്ചു പോകുന്ന ആള്‍കാരുടെ വീട്ടുകാര്‍ നരകയാതന അനുഭവിക്കുന്നു .പെക്ഷേ അത് കാന്നാന്‍ അരുമുണ്ടാകാറില്ല.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed