Sunday, September 27, 2009

ഓണവും നോയ്‌മ്പും - സൂപ്പര്‍താരങ്ങള്‍ ആരെയാണു പേടിക്കുന്നത്‌?




മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായി പ്രതിഷ്‌ഠിക്കുന്നത്‌്‌ 1986ലാണ്‌്‌. ഐ.വി.ശശിയുടെ ആവനാഴിയും തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനുമായിരുന്നു ആ സിനിമകള്‍. ആ വര്‍ഷം തൊട്ടിങ്ങോട്ട്‌ പരിശോധിച്ചാല്‍ എല്ലാവര്‍ഷവും രണ്ടു താരങ്ങള്‍ക്കും ഓണച്ചിത്രങ്ങളുണ്ടായിരുന്നു. ആ പതിവ്‌ ആദ്യമായി മുടങ്ങിയത്‌ കഴിഞ്ഞ വര്‍ഷമാണ്‌. പിന്നെ ഈ വര്‍ഷവും. റമസാന്‍ നോമ്പുകാലം സിനിമകളെ ബാധിക്കുമെന്നതാണ്‌ ഇതിനു കാരണമായി പറഞ്ഞത്‌.
കഴിഞ്ഞ ഓണക്കാലത്ത്‌ സൂപ്പര്‍ താരചിത്രങ്ങളില്ലായിരുന്നെങ്കിലും വെറുതേ ഒരു ഭാര്യയുടെ ഹാംഗ്‌ ഓവര്‍ ഓണത്തിനും മാറിയിരുന്നില്ലെന്നതാണ്‌ വാസ്‌തവം. പൃഥ്വിരാജിന്റെ തലപ്പാവും, തിരക്കഥയും ഈ സമയത്ത്‌ തിയേറ്ററുകളിലുണ്ടായിരുന്നു. ബോക്‌സ്‌ ഓഫിസില്‍ വന്‍ വിജയമൊന്നുമായില്ലെങ്കിലും ഭേദപ്പെട്ട സിനിമകളെന്ന അഭിപ്രായം ഇവ നേടിയെടുത്തു. ഇത്തവണയാകട്ടെ സൂപ്പര്‍താരചിത്രങ്ങളില്ലാത്ത ഗ്യാപ്പ്‌ മുതലെടുക്കാന്‍ ഒരുപിടി ചെറുകിട സിനിമകള്‍ തിയേറ്ററുകളിലെത്തി. സിനിമ നല്ലതാണെങ്കില്‍ നോമ്പുകാലമെന്നല്ല ഒരു കാലാവസ്ഥയും സിനിമയുടെ വിജയത്തെ ബാധിക്കില്ല. പടം നല്ലതല്ലെങ്കില്‍ ഏതു കാലമായാലും അവ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നു വീഴും.
1986 മുതല്‍ 2007 വരെ 22 വര്‍ഷങ്ങളിലായി ഓണത്തിന്‌ 27 മമ്മൂട്ടി സിനിമകളും 25 മോഹന്‍ലാല്‍ സിനിമകളുമാണ്‌ തിയേറ്ററുകളിലെത്തിയത്‌ (ബോക്‌സ്‌ കാണുക). ഇവയില്‍ മമ്മൂട്ടിയുടെ 15 സിനിമകളും മോഹന്‍ലാലിന്റെ 14 സിനിമകളും ബോക്‌സ്‌ ഓഫീസില്‍ രക്ഷപ്പെട്ടുവെന്നു പറയാം. 1998ല്‍ ഓണത്തിനിറങ്ങിയ ഹരികൃഷ്‌ണന്‍സില്‍ ഇരുവരും അഭിനയിക്കുകയും അത്‌ വിജയമാകുകയും ചെയ്‌തിരുന്നു. അതേസമയം 1990ല്‍ തലയണമന്ത്രവും 96ല്‍ തൂവല്‍ക്കൊട്ടാരവും 2006ല്‍ ക്ലാസ്‌മേറ്റ്‌സും സൂപ്പര്‍താരങ്ങളില്ലാതെ വിജയം വരിച്ച ഓണച്ചിത്രങ്ങളാണ്‌. ചില വര്‍ഷങ്ങളില്‍ രണ്ടു സൂപ്പര്‍താരങ്ങളുടെയും ഓണച്ചിത്രങ്ങള്‍ ഒരുപോലെ വിജയിച്ചപ്പോള്‍ രണ്ടുപേരുടേയും ഒരുപോലെ പരാജയപ്പെട്ട വര്‍ഷങ്ങളുമുണ്ട്‌. 1996ലും 2006ലും സൂപ്പര്‍താരങ്ങളെ കടത്തിവെട്ടി മറ്റു സിനിമകളാണ്‌ വിജയിച്ചത്‌.
നോമ്പുകാലമെന്നു പറഞ്ഞ്‌ റിലീസിംഗ്‌ മാറ്റിവയ്‌ക്കുന്നവര്‍ അതിനൊരു കാരണം തിരക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നതാണ്‌ യാഥാര്‍ഥ്യം. മറ്റു സിനിമകളൊന്നുമില്ലാത്തപ്പോഴാണ്‌ മിക്കവാറും സൂപ്പര്‍താര സിനിമകള്‍ തിയേറ്ററിലെത്തുന്നത്‌. സൂപ്പര്‍താര ചിത്രങ്ങളോട്‌ പ്രേക്ഷകര്‍ കാട്ടുന്ന വിമുഖത സിനിമാക്കാര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നുവെന്നതാണ്‌ കഴിഞ്ഞ രണ്ട്‌ ഓണത്തിനും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തിയേറ്ററിലെത്താതെ പോയതിന്റെ കാരണം. 1986 മുതല്‍ 2007 വരെയുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ലിസ്റ്റ്‌ ചുവടെ.

വര്‍ഷം മമ്മൂട്ടി മോഹന്‍ലാല്‍

1986 ആവനാഴി, നന്ദി വീണ്ടും വരിക, സായംസന്ധ്യ നമുക്കു പാര്‍ക്കാന്‍ മുന്തിരത്തോപ്പുകള്‍
1987 മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍ വഴിയോരക്കാഴ്‌ചകള്‍
1988 തന്ത്രം, 1921 ആര്യന്‍
1989 ജാഗ്രത, നായര്‍സാബ്‌ വന്ദനം
1990 ഒളിയമ്പുകള്‍, അയ്യര്‍ ദി ഗ്രേറ്റ്‌ അര്‍ഹത, ഇന്ദ്രജാലം
1991 അനശ്വരം കിലുക്കം, അങ്കിള്‍ ബണ്‍
1992 പപ്പയുടെ സ്വന്തം അപ്പൂസ്‌, കിഴക്കന്‍ പത്രോസ്‌ യോദ്ധാ, അദൈ്വതം
1993 സരോവരം ഗാന്ധര്‍വ്വം, മായാമയൂരം
1994 സൈന്യം മിന്നാരം
1995 നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്‌ മാന്ത്രികം
1996 ഇന്ദ്രപ്രസ്ഥം പ്രിന്‍സ്‌
1997 കളിയൂഞ്ഞാല്‍ ചന്ദ്രലേഖ, ഗുരു
1998 ഹരികൃഷ്‌ണന്‍സ്‌ ഹരികൃഷ്‌ണന്‍സ്‌
1999 പല്ലാവൂര്‍ ദേവനാരായണന്‍ -
2000 വല്യേട്ടന്‍ -
2001 രാക്ഷസരാജാവ്‌ രാവണപ്രഭു
2002 - താണ്‌ഡവം
2003 പട്ടാളം ബാലേട്ടന്‍
2004 കാഴ്‌ച നാട്ടുരാജാവ്‌
2005 നേരറിയാന്‍ സി.ബി.ഐ നരന്‍
2006 ഭാര്‍ഗവചരിതം മൂന്നാം ഖണ്‌ഡം മഹാസമുദ്രം
2007 ഒരേ കടല്‍ അലിഭായ്‌


(കറന്റ്‌ അഫയേഴ്‌സ്‌ ഒക്ടോബര്‍ ലക്കത്തില്‍ നിന്ന്‌)

2 comments:

  1. ഇ ഓണക്കാലത്തും സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ഒന്നും തിയേറ്ററിലെത്തിയില്ല. നോയ്‌മ്പുകാലമാണെന്നതായിരുന്നു കാരണമായി പറഞ്ഞത്‌. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായതുമുതല്‍ ഇതുവരെയുള്ള അവരുടെ ഓണച്ചിത്രങ്ങളുടെ ഗതി പരിശോധിക്കുന്ന പോസ്‌റ്റ്‌്‌
    ഓണവും നോയ്‌മ്പും - സൂപ്പര്‍താരങ്ങള്‍ ആരെയാണു പേടിക്കുന്നത്‌?

    ReplyDelete
  2. 2008-ല്‍
    മോഹന്‍‌ലാല്‍ - ആകാശഗോപുരം | മമ്മൂട്ടി - NA

    ഓണം / റമദാന്‍ പോള്‍ വിശേഷങ്ങള്‍:
    മലയാളിയുടെ ഓണച്ചിത്രങ്ങള്‍ 2008
    മലയാളിയുടെ റമദാന്‍ ചിത്രങ്ങള്‍ 2007
    മലയാളിയുടെ ഓണച്ചിത്രങ്ങള്‍ 2007
    --

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed