Saturday, June 6, 2009

അപകടമേഖലയറിയാതെ.....


രണ്ടായിരത്തി എട്ടിലെ ഒരു പകല്‍.
നേര്‍ത്ത മഴ പെയ്യുന്നുണ്ട്‌. ഓഫിസില്‍ കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ബ്യൂറോ ചീഫിന്റെ മേശപ്പുറത്ത്‌ മിനിട്ടുകള്‍കൊണ്ട്‌ കുമിഞ്ഞുകൂടുന്ന പ്രസ്‌താവനകള്‍ ഓരോന്നായി എടുത്തു. പത്രത്തിലെ സ്ഥലസൗകര്യമില്ലായ്‌മ അറിയാവുന്നതിനാല്‍ അവയിലേറെയും വേസ്റ്റ്‌ ബിന്നിലേക്ക്‌ പൊയ്‌ക്കൊണ്ടിരുന്നു.
അല്‍പം കഴിഞ്ഞപ്പോള്‍ മീറ്റിംഗ്‌ കഴിഞ്ഞ്‌ ചീഫ്‌ എത്തി.
"വെറുതെ ഇരിക്കുകയാണോ?"
പണി ചെയ്യാന്‍ സ്വതേ അല്‍പം മടിയുള്ളതിനാല്‍ ഞാന്‍ ഒന്നു ചിരിച്ചു
"ഒരു പണി തരാം...."
ചെയ്യാതിരിക്കാനാകില്ലല്ലോ എന്ന നിസ്സംഗതയോടെ ചീഫിനെ നോക്കി.
"കണ്ണമ്മൂലയ്‌ക്കടുത്ത്‌ ഒരു ചെറിയ കുന്നിടിച്ചു നിരത്തുന്നുണ്ട്‌. എയര്‍പോര്‍ട്ടിനുള്ള മണ്ണെടുപ്പാണെന്നാണ്‌ കേട്ടത്‌. അവിടെ സമീപത്തുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനവുമായി എന്തോ തര്‍ക്കമുണ്ടായതായി കേട്ടു. ഫോട്ടോഗ്രാഫറുമായി ഒന്നു പോയി നോക്ക്‌."
ഇറങ്ങാന്‍ നേരം അദ്ദേഹം ഒന്നുകൂടി പറഞ്ഞു.
"മണ്ണെടുക്കുന്ന കരാറുകാരന്റെ വേര്‍ഷന്‍ നിര്‍ബന്ധമായും വേണം. വാല്യു അഡിഷന്‍....."
ഫോട്ടോഗ്രാഫറുടെ ബൈക്കിനു പിന്നിലിരുന്ന്‌ കണ്ണമ്മൂലയിലേയ്‌ക്ക്‌.
മഴ ചാറുന്നുണ്ട്‌.
മണ്ണിടിക്കുന്ന സ്ഥലത്തെത്തി. മഴയായതിനാല്‍ പണി നടക്കുന്നില്ല. തുരന്നുമാറ്റിയ കുന്നിന്റെ നെഞ്ചില്‍ കൂര്‍ത്ത നഖങ്ങളും നീട്ടി ഒരു ബുള്‍ഡോസര്‍ കിടപ്പുണ്ട്‌. റോഡിനടുത്ത്‌ മണ്ണു മാറ്റിക്കൊണ്ട്‌ നിന്നിരുന്ന രണ്ടു പേരെ കണ്ടു. അവരോടു വിവരം തിരക്കി. പ്രശ്‌നമൊന്നുമുള്ളതായി തങ്ങള്‍ക്കറിയില്ലെന്നായിരുന്നു മറുപടി.
മണ്ണെടുത്ത്‌ ഇടിഞ്ഞുതീരാറായ കുന്നിന്റെ വശത്ത്‌ പൂട്ടിയ ഗെയിറ്റിനുള്ളില്‍ ഒരു സര്‍ക്കാര്‍ കെട്ടിടം. ബോര്‍ഡിലെ അക്ഷരങ്ങള്‍ മാഞ്ഞുപോയിരുന്നു.
വഴിയരികില്‍ നിന്നവരുടെ കണ്ണൊന്നു തെറ്റിയെന്നു ബോധ്യമായപ്പോള്‍ മണ്ണെടുപ്പിന്റെ ചില സ്‌നാപ്പുകള്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. വീണ്ടും ആ തൊഴിലാളികളുടെ അടുത്തെത്തി ഞാന്‍ ചോദിച്ചു.
"കോണ്‍ട്രാക്ടറുടെ ഫോണ്‍ നമ്പര്‍ ഒന്നു തരുമോ?"
"നമ്പററിയില്ല. ആ പാലത്തിന്റെ അരികിലെ റോഡിലൂടെ പോയാല്‍ മതി. അദ്ദേഹം വീട്ടിലുണ്ട്‌. കോണ്‍ട്രാക്ടര്‍ രാജേഷിന്റെ വീടേതാണെന്നു ചോദിച്ചാല്‍ മതി."
കരാറുകാരന്റെ പേര്‌ എന്റെ പേരു തന്നെയായതിനാല്‍ മാറിപ്പോകില്ലെന്നുറപ്പിച്ചു.
പാലത്തിന്റെ അരികിലെ റോഡിലൂടെ കുറേ ദൂരം പോയി. വഴിയില്‍ കണ്ട ഒരാളോട്‌ വീടു ചോദിച്ചു.
"അല്‍പം കൂടി പോണം. വീടിന്റെ മുറ്റത്ത്‌ ഒരു വലിയ പ്രാവിന്‍കൂടുണ്ട്‌."
ഞങ്ങള്‍ വീണ്ടും മുന്നോട്ട്‌. വഴിയില്‍ നിന്ന മറ്റൊരാള്‍ കൃത്യമായ വഴി പറഞ്ഞുതന്നു. ചതുപ്പിനു സമാനമായ ഒരു ചെറു മൈതാനത്തുകൂടി ബൈക്ക്‌ ഉ്‌ള്ളിലേക്കു കയറ്റി.
ഒരു പഴയ വീട്‌. മുന്നിലെ ഷെഡ്ഡില്‍ ചുവന്ന സ്‌കോര്‍പ്പിയോ. ഒന്നുരണ്ടു ബൈക്കുകള്‍. ഞങ്ങള്‍ അല്‍പം മാറ്റി ബൈക്കൊതുക്കി വീട്ടിലേക്കു കയറിച്ചെന്നു. പരിസരത്തു നിന്ന്‌ ഒന്നു രണ്ടുപേര്‍ സംശയദൃഷ്ടിയോടെ നോക്കുന്നുണ്ട്‌, ബൈക്കിലെ പ്രസ്‌ സ്റ്റിക്കര്‍ കണ്ടിട്ടാകണം.
വീട്ടില്‍ നിന്നിറങ്ങിവന്ന പയ്യന്‍സിനോട്‌ ചോദിച്ചു
"കോണ്‍ട്രാക്ടര്‍ രാജേഷിന്റെ വീടല്ലേ?"
"അതെ"
"അദ്ദേഹമുണ്ടോ?"
ഞങ്ങള്‍ വരവിന്റെ ഉദ്ദേശ്യം പറഞ്ഞു.
"ചേട്ടന്‍ കുളിക്കുകയാണ്‌."
"ഓ, ഞങ്ങള്‍ വെയ്‌റ്റു ചെയ്യാം."
മഴ അല്‍പം ശക്തിപ്രാപിച്ചു.
"കയറി ഇരിക്ക്‌."
ഒട്ടും മൃദുത്വമില്ലാത്ത ആതിഥേയത്വം.
ഞങ്ങള്‍ വരാന്തയില്‍ കയറിയിരുന്നു. പണിക്കാരുടെ വസ്‌ത്രങ്ങളും പണിയായുധങ്ങളും കൂട്ടിയിട്ടിരിക്കുന്ന വൃത്തിയില്ലാത്ത വരാന്ത. അകത്തെ മുറിയില്‍ ഉറക്കെ സംസാരിച്ചുകൊണ്ട്‌ ചിലര്‍ ടി.വി. കാണുന്നു. ഞങ്ങളെ ആരും മൈന്‍ഡു ചെയ്യുന്നുപോലുമില്ല.
സമയം ഇഴഞ്ഞാണു നീങ്ങുന്നത്‌. അര മണിക്കൂറായിട്ടും ചേട്ടന്റെ കുളി കഴിഞ്ഞ ലക്ഷണമില്ല. ഞങ്ങള്‍ ആദ്യം കണ്ട പയ്യന്‍സിനോട്‌ വീണ്ടും ചോദിച്ചു.
"ചേട്ടന്‍ കുളികഴിഞ്ഞിട്ടില്ല..."
"ആകെയൊരു പന്തികേട്‌, പോയാലോ" ഫോട്ടോഗ്രാഫര്‍ എന്റെ ചെവിയില്‍ പറഞ്ഞു.
ഇതിനിടയില്‍ ആരൊക്കെയോ അവിടെ വന്നു, പോയി.
ഞാന്‍ വീണ്ടും ആ പയ്യന്‍സിന്റെ അടുക്കലെത്തി.
"രാജേഷിന്റെ മൊബൈല്‍ നമ്പര്‍ ഒന്നു തരുമോ, ഞാന്‍ വിളിച്ചോളാം."
പയ്യന്‍സ്‌ അകത്തേക്കു പോയി. അല്‍പം കഴിഞ്ഞു തിരിച്ചെത്തിയിട്ടു പറഞ്ഞു. "എന്റെ നമ്പര്‍ തരാം. ഇതില്‍ വിളിച്ചാല്‍ മതി, ചേട്ടനെ കിട്ടും."
ആ നമ്പറും വാങ്ങി ഞങ്ങള്‍ തിരിച്ചുപോന്നു.
വാര്‍ത്താശേഖരണം വിജയിക്കാത്തതിനാല്‍ അന്നത്തെ ഷെഡ്യൂള്‍ പാഴായി.
കുറച്ചു ദിവസത്തിനുശേഷം, എന്റെ നൈറ്റ്‌ ഡ്യൂട്ടിയുടെ ദിവസമാണ്‌. ഓഫിസിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകന്‍ കംപ്യൂട്ടറില്‍ വാര്‍ത്ത അടിക്കുന്ന തിരക്കിലാണ്‌.
"എന്തെടേയ്‌, സ്‌കൂപ്പു വല്ലതും തടഞ്ഞോ?"
"ഒന്നും പറയണ്ടടേയ്‌, ഒരു ഗുണ്ടയുടെ വീട്ടില്‍ പൊലീസിന്റെ റെയ്‌ഡ്‌. അതിനു പിന്നാലെ പോയി."
"എന്നിട്ട്‌?"
"ബോംബ്‌, വടിവാള്‌, തോക്ക്‌, പിച്ചാത്തി എന്നു വേണ്ട പൂത്ത പണം വരെയല്ലേ പോലീസു പൊക്കിയത്‌."
"അതെവിടെടേയ്‌?"
"കണ്ണമ്മൂലയ്‌ക്കപ്പുറത്തുള്ള തോടിന്റെ കരയിലൂടെ ഒരു വഴിയുണ്ട്‌. അതിലെ ഇത്തിരിയങ്ങു പോണം. അപ്പോള്‍ ഒരു ചതുപ്പുപോലുള്ള മൈതാനം അതിനപ്പുറത്ത്‌ പഴയവീട്‌. ചെന്നുപെടാന്‍ കുറേ പാടാണ്‌"
ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു.
"വീട്ടുമുറ്റത്തു പ്രാവിന്റെ കൂടുണ്ടോ?"
"അതെങ്ങിനെ നിനക്കറിയാം. അവിടാരുന്നോ നിനക്കു മുമ്പു പണി?"
"ഉണ്ടോ?"
"ഉണ്ട്‌."
ഞെട്ടല്‍ വിറയലായി മാറി.
അന്നു ചെന്നുപെട്ടത്‌ ഒരു ഗുണ്ടാസങ്കേതത്തില്‍ തന്നെയായിരുന്നു, തെറ്റിയില്ല.
"പുത്തന്‍പാലം രാജേഷുമായി നിനക്കെന്താടേയ്‌ കണക്ഷന്‍?"
"അയാളെന്റെ ഘാതകനാകാഞ്ഞത്‌ ഭാഗ്യം!"
ഞാന്‍ കഥ വിവരിച്ചു.
സത്യത്തില്‍ പുത്തന്‍പാലം രാജേഷെന്ന ഗുണ്ടയായിരുന്നു ആ കോണ്‍ട്രാക്ടര്‍ എന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ അതിന്റെ പരിസരത്തുകൂടിപോലും പോകില്ലായിരുന്നു.

എങ്കിലും കരാറുകാരനെതേടി പോയ ഞങ്ങളുടെ ഒരു ധൈര്യമേ....!


(തിരുവനന്തപുരത്തെ ഒരു മജിസ്‌ട്രേറ്റിന്റെ വീട്‌ ആക്രമിച്ചെന്ന പരാതിയില്‍ പുത്തന്‍പാലം രാജേഷിനെ കഴിഞ്ഞദിവസം പൊലീസ്‌ അറസ്റ്റുചെയ്‌തു. വിനീഷ്‌ വധത്തെ തുടര്‍ന്നുള്ള ഗുണ്ടാവേട്ടയുടെ ഭാഗമായിക്കൂടിയായിരുന്നു അറസ്റ്റ്‌)

10 comments:

  1. "അയാളെന്റെ ഘാതകനാകാഞ്ഞത്‌ ഭാഗ്യം!"
    ഞാന്‍ കഥ വിവരിച്ചു.
    എങ്കിലും കരാറുകാരനെതേടി പോയ ഞങ്ങളുടെ ഒരു ധൈര്യമേ....!
    പുതിയ പോസ്‌റ്റ്‌.....

    ReplyDelete
  2. ഹ ഹ ഹ ഹ ഹ

    തടികേടാകാതെ അണ്ണൻ തിരിച്ചു എത്തിയല്ലോ അതുതന്നെ ഭാഗ്യമാണ്........

    ReplyDelete
  3. :-)
    പുള്ളിയുടെ കുളി വിശാലമായത് മാഷിന്റെ ഭാഗ്യം... എന്നിട്ട് ആ മണ്ണിടിച്ചില്‍ എന്തായി?
    --

    ReplyDelete
  4. രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മതിയല്ലോ രാജേഷേ.
    ആശ്വാസം.
    വെള്ളായണി

    ReplyDelete
  5. പത്രക്കാരുടെ ഓരോ ഭാഗ്യമേ...
    ആരുടെ വീട്ടിലൊക്കെയാ പോകുന്നെ...

    :):)

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete
  8. അപ്പഴീ എഴുതിയതൊക്കെ ഒള്ളതുതന്നെ അല്ലേ.
    ഈ.. ചീഫും രാജേഷുമായി മുന്‍‌വൈരാഗ്യം വല്ലതും.. :)

    ReplyDelete
  9. * റിജാസ്‌, വിജയേട്ടന്‍, hAnLLaLaTh (ഇതു വായിച്ചെടുക്കാന്‍ പറ്റണില്ല)... നന്ദി.
    * ഹരീ, മണ്ണിടിക്കല്‍ വാര്‍ത്ത പിന്നെ തൊട്ടില്ല
    * പാവം ചീഫ്‌, അദ്ദേഹത്തിനുമറിയില്ലായിരുന്നു കരാറുകാരന്‍ ഗുണ്ടയാണെന്ന കാര്യം.

    ReplyDelete
  10. O.T :
    രജേഷ്, ഞാനിപ്പോൾ കുവൈറ്റിലാണ്. ഒരത്യാവശ്യ കാര്യം പറയാനുണ്ടായിരുന്നു. എന്റെ അഡ്രസ്സിലേക്ക് ഒന്നു മെയിൽ ചെ്യ്യാമോ.

    antonyboban@gmail.com

    very urgent matter..!

    if possible i will call u tomorrow evening.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed