Friday, February 20, 2009

ഒരു ചെമ്പനീര്‍പ്പൂക്കാലത്തിന്റെ ഓര്‍മയ്‌ക്ക്‌....

             
        വൈകിട്ട്‌ സ്‌കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുമ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്ന യു.കെ.ജിക്കാരന്‍ മകന്‍ പൊതുവെ മ്ലാനവദനനായിരുന്നു. സാധാരണഗതിയില്‍ ചിലയ്‌ക്കല്‍ അവന്‍ നിര്‍ത്താറുള്ളതല്ല. എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചിട്ടുണ്ട്‌. മുന്നോട്ടുള്ള കാഴ്‌ചക്ക്‌ എന്റെ സാമാന്യം വലിയ ശരീരം അവനൊരു തടസ്സമാണ്‌. ഇടയ്‌ക്കൊക്കെ ഒരഭ്യാസിയെപ്പോലെ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഞാന്‍ ശാസിച്ചിരുത്താറാണ്‌ പതിവ്‌. അന്ന്‌ അതുമുണ്ടായില്ല. വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പലവട്ടം കാര്യം തിരക്കി. അവന്‍ വ്യക്തമായൊരു ഉത്തരം നല്‍കിയില്ല. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അമ്മയോടാണ്‌ അവന്‍ മനസ്സുതുറന്നത്‌. ആണ്‍കുട്ടികള്‍ പൊതുവെ അങ്ങിനെയാണെന്നു പറയാറുണ്ട്‌. അമ്മയോടാണ്‌ അവര്‍ക്ക്‌ കൂടുതല്‍ അടുപ്പം.
     മുറിയില്‍ വായിച്ചുകൊണ്ടിരുന്ന എന്റെ അടുത്തേക്ക്‌ ശ്രീമതി എത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു
"പുത്രന്‍ എന്താ പറഞ്ഞെ?"
"നിങ്ങളുടെയല്ലേ മകന്‍, ഗുണം ഇത്തിരിയെങ്കിലും കാട്ടാതിരിക്കുമോ?"
ചിരിച്ചുകൊണ്ട്‌ ഭാര്യ അതു പറഞ്ഞപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി നോക്കി.
"അവന്റെ ക്‌ളാസിലെ അനാര്‍ക്കലി എന്ന കുട്ടി രണ്ടു മൂന്നു ദിവസമായി വരുന്നില്ലത്രെ. അതിന്റെ വിഷമമാണ്‌."
ഞാനല്‍പം ഉറക്കെയാണ്‌ ചിരിച്ചത്‌. എന്റെ ഇത്തരം നൊസ്റ്റാള്‍ജിയകള്‍ മറ്റാരേക്കാളും അറിയാവുന്നത്‌ അവള്‍ക്കാണല്ലോ.
"അതാരാണീ അനാര്‍ക്കലി?"
"ഒരു മിടുക്കിക്കുട്ടിയാ. പനിയോ മറ്റോ ആണെന്നു തോന്നുന്നു. രണ്ടുദിവസമായി കാണുന്നില്ലെന്നു പറഞ്ഞ്‌ മകന്‌ ഭയങ്കര വിഷമം."
"ഫോണ്‍ നമ്പര്‍ വല്ലതും അവന്‍ പറഞ്ഞു തന്നിട്ടുണ്ടോ, നമുക്കൊന്നു വിളിച്ചുനോക്കാമായിരുന്നു."
ഒപ്പം പഠിക്കുന്ന അടുത്ത കൂട്ടുകാരുടെ വീട്ടിലെ മാത്രമല്ല, എന്റെ രണ്ടു ഫോണ്‍ നമ്പറുകളും അവന്റമ്മയുടേയും ക്‌ളാസ്‌ ടീച്ചറിന്റേയും നമ്പറുകളും കക്ഷിക്ക്‌ കാണാപ്പാഠമാണ്‌. പക്ഷെ, അനാര്‍ക്കലിയുടെ നമ്പര്‍ മാത്രം അവന്‍ വാങ്ങിയിട്ടില്ല. മണ്ടന്‍.
"ഇത്തവണ ആനിവേഴ്‌സറിക്ക്‌ അവന്‍ ഡാന്‍സ്‌ കളിക്കാനില്ലെന്ന്‌ പറഞ്ഞു."
"കാരണം ചോദിച്ചില്ലേ?"
"അവന്‍ പറഞ്ഞില്ല. പിന്നെ ടീച്ചറെ വിളിച്ചു ചോദിച്ചപ്പോഴാണ്‌ പറഞ്ഞത്‌, പെമ്പിള്ളേരുടെ കയ്യില്‍പിടിച്ച്‌ ഡാന്‍സ്‌ കളിക്കാന്‍ അവനു വയ്യത്രെ."
ഞാന്‍ വീണ്ടും ചിരിച്ചു.
"മരമണ്ടന്‍, പിന്നെ നഷ്‌ടബോധം തോന്നിക്കോളും."
"ഏയ്‌ അക്കാര്യത്തിലും അവന്‍ നിങ്ങളുടെ മോന്‍ തന്നെയാ."
 ഭാര്യ എനിക്കിട്ടൊന്നു വച്ചു.

   മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ എനിക്ക്‌ ആദ്യം ഒരു പെണ്‍കുട്ടിയോട്‌ അടുപ്പം തോന്നുന്നത്‌. നാലിലെത്തിയപ്പോള്‍ അവള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ മറ്റൊരു കുട്ടിയോടായി ഇഷ്‌ടം. വെറുതെ ഇഷ്‌ടപ്പെടാന്‍ നമുക്ക്‌ ആരുടേയും അച്ചാരം വേണ്ടല്ലോ. പിന്നെ ഒരോ വര്‍ഷവും ഓരോ മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞിരുന്നു. അങ്ങിനെ എത്ര വര്‍ഷങ്ങള്‍....
    
    അതൊക്കെ പ്രണയമായിരുന്നോ? മനസ്സില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിയെ ഒരു ദിവസം കണ്ടില്ലെങ്കില്‍ നെഞ്ചിനുള്ളില്‍ ഒരു വിങ്ങലായിരുന്നു. അവള്‍ക്കെന്തുപറ്റിയെന്ന ആശങ്ക. ആരോടു ചോദിക്കാന്‍?

     എന്നെ ഇത്തരത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പ്രണയിച്ചിരുന്നോ എന്നറിയില്ല. ഇഷ്‌ടപ്പെടുകയെങ്കിലും ചെയ്‌തിരുന്നോ എന്നും അറിയില്ല. പക്ഷെ, ഞാന്‍ ഇഷ്‌ടപ്പെടലില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല! കാരണം 'ജീവിതം യൗവ്വന തീഷ്‌ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന അസുലഭ കാലഘട്ട'മായിരുന്നു അത്‌.

     പതിവിലുമധികം കാണുകയും ഇടപെടുകയും ചെയ്യുന്ന പെണ്‍കുട്ടികളോടാണ്‌ കൂടുതല്‍ അടുപ്പം തോന്നുക. പത്താം ക്‌ളാസ്‌ വരെ മിക്‌സഡ്‌ സ്‌കൂളില്‍ പഠിക്കാത്തതിനാല്‍ പെണ്‍കൂട്ടുകാര്‍ കുറവായിരുന്നു. പഠനം ഏകദേശം അവസാനിച്ച കാലത്താണ്‌ വീടിനടുത്തുള്ള ഒരു എസ്‌.ടി.ഡി ബൂത്തിലെ പെണ്‍കുട്ടി കൂട്ടുകാരിയായത്‌. ബൂത്തുടമയാണ്‌ ആ ബന്ധത്തെ സംശയദൃഷ്‌ടിയോടെ നോക്കാന്‍ തുടങ്ങിയത്‌. അപ്പോള്‍ അതൊരു രസമായി. ഇഷ്‌ടമാണെന്ന്‌ പെണ്‍കുട്ടിയോടു പറയാന്‍ ഞാനൊരിക്കലും ഒരുക്കമായിരുന്നില്ല. അതിനെ അത്രക്കു ഗൗരവത്തില്‍ മാത്രമേ ഞാനെടുത്തിരുന്നുള്ളു. എനിക്കും ഒരു കാമുകിയുണ്ടെന്ന്‌ പത്തു പേരോടു പറയണമല്ലോ!

     ഒരു ദിവസം എന്തിനോ ആ കുട്ടിയുമായി പിണങ്ങി. പിറ്റേന്ന്‌ ഞാന്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ അവള്‍ അകത്തെ മുറിയില്‍ കയറി ഒളിച്ചിരുന്നു. എന്നിട്ട്‌ ടേപ്പ്‌ റിക്കോഡറില്‍ പാട്ടിട്ടു.
"എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോടീ പരിഭവം...."
    ഒരു ദിവസം ബൂത്തുടമയുടെ ഇടപെടീല്‍ ഉണ്ടായപ്പോള്‍ ഇനിയും ആ ബന്ധം മുന്നോട്ടുപോയാല്‍ പ്രശ്‌നമാകുമെന്നു തോന്നി അവസാനിപ്പിച്ചു. പെണ്‍കുട്ടിയോടു 'എനിക്കു നിന്നോടു പ്രണയമാണെന്നു പറയുന്നെല്ലാരും' എന്നു പറയാതിരുന്നതെത്ര ഭാഗ്യം!

     പിന്നീട്‌ ജോലിയിലിരിക്കെയാണ്‌ മറ്റൊരു കഥാപാത്രത്തെ കൂട്ടുകിട്ടുന്നത്‌. എല്ലാം യാദൃശ്ചികമായിരുന്നു. സംഭവങ്ങളത്രയും കുറിക്കാന്‍ സ്ഥലം പോര. ഞങ്ങളൊന്നിച്ച്‌ ദിവസവും രാവിലെയും വൈകിട്ടും നഗരമധ്യത്തിലൂടെ ഒരു കിലോമീറ്ററോളം വര്‍ത്താനം പറഞ്ഞ്‌ നടക്കും. ഓഫിസില്‍ നിന്നു കക്ഷിയെ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ടുപോയി വിടും. ഇടുക്കിജില്ലയിലെ, പരിഷ്‌കാരമത്രക്കങ്ങെത്താത്ത പട്ടണത്തെയും അവിടുത്ത ആളുകളേയും സംബന്ധിച്ച്‌, കണ്ടാല്‍ മോശമല്ലാത്തൊരു പെണ്ണ്‌ ഒരു യുവാവിനൊപ്പം സ്ഥിരമായി നടക്കുന്നതുകണ്ടാല്‍ എട്ടൊമ്പതു വര്‍ഷം മുമ്പ്‌, പലതും തോന്നുമായിരുന്നു. (ഇപ്പോള്‍ ഈ തിരുവനന്തപുരത്ത്‌ അത്തരം കാഴ്‌ചകള്‍ കാണുമ്പോള്‍ നേരത്തേ ജനിച്ചുപോയതോര്‍ത്ത്‌ സ്വയം ശപിക്കാറുണ്ട്‌ ഞാന്‍). പോരാത്തതിന്‌ പ്രമുഖമായൊരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കൂടിയാണല്ലോ ഞാന്‍!
ഒടുവില്‍ ആ കുട്ടിയേയും മിടുക്കനാരോ കെട്ടിക്കൊണ്ടുപോയി.

    ഓരോരോ കാലത്തും മനസ്സില്‍ കുടിയേറിയ ആ കുട്ടികളൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും? അവരെയൊക്കെ വിവാഹം കഴിച്ച ഭാഗ്യവന്‍മാര്‍ ആരായിരിക്കും? ഇനിയെവിടെയെങ്കിലും വച്ച്‌ അവരെ കണ്ടുമുട്ടിയാല്‍ പരസ്‌പരം തിരിച്ചറിയമോ? അറിയില്ല.

    മനസ്സിന്റെ കോണുകളില്‍ ഇഷ്‌ടപ്പെട്ടിറങ്ങിപ്പോയവര്‍ക്കെല്ലാം മീതേയാണ്‌ ഞാന്‍ അവസാനം ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയുടെ ജീവനുള്ള രൂപമെന്ന്‌ ഇപ്പോഴറിയുന്നു, എന്റെ ഭാര്യയുടെ.
                                                    * * * * *
പിറ്റേന്ന്‌ പുതിയ വിശേഷവുമായിട്ടാണ്‌ ഭാര്യ വന്നത്‌.
"ഞാന്‍ പറഞ്ഞില്ലേ, നിങ്ങളുടെ തനി സ്വഭാവമാണിവനെന്ന്‌?"
"എന്താ മോന്‍ പുതിയ പണി വല്ലതുമൊപ്പിച്ചോ?"
"അവന്‍ ഡാന്‍സിനു ചേരാന്‍ തീരുമാനിച്ചെന്ന്‌. "
"അതെന്താ, ചേരുന്നില്ലെന്നു പറഞ്ഞിട്ട്‌?"
"അനാര്‍ക്കലി വന്നിട്ടുണ്ടത്രെ. അവള്‍ക്കു ഡാന്‍സിനു ചേരണമെന്ന്‌. ജോടിയാകാന്‍ ടീച്ചര്‍ അവനെയാണ്‌ സെലക്‌ടുചെയ്‌തത്‌."
"അപ്പോള്‍ പെണ്‍കുട്ടികളുടെ കയ്യില്‍ പിടിച്ചു ഡാന്‍സു ചെയ്യാന്‍ അവനില്ലെന്നു പറഞ്ഞിട്ടോ?"
"എന്നാലും അനാര്‍ക്കലിയാകുമ്പോള്‍ പറ്റില്ലെന്നു പറയുന്നതെങ്ങിനെ!?"
അഞ്ചര വയസുകാരന്‍ മകന്‍ പുഴുപ്പല്ലുകാട്ടിച്ചിരിച്ച്‌ അകത്തേക്കോടിപ്പോയി.

(അനാര്‍ക്കലി എന്ന പേരല്ല ആ പെണ്‍കുട്ടിയുടേയത്‌. ഇപ്പോഴേ ഒരപകടം വരുത്തിവയ്‌ക്കേണ്ടെന്നു കരുതി മാറ്റിയതാണ്‌.)



7 comments:

  1. മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ എനിക്ക്‌ ആദ്യം ഒരു പെണ്‍കുട്ടിയോട്‌ അടുപ്പം തോന്നുന്നത്‌. നാലിലെത്തിയപ്പോള്‍ അവള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ മറ്റൊരു കുട്ടിയോടായി ഇഷ്‌ടം. വെറുതെ ഇഷ്‌ടപ്പെടാന്‍ നമുക്ക്‌ ആരുടേയും അച്ചാരം വേണ്ടല്ലോ. പിന്നെ ഒരോ വര്‍ഷവും ഓരോ മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞിരുന്നു. അങ്ങിനെ എത്ര വര്‍ഷങ്ങള്‍....
    അതൊക്കെ പ്രണയമായിരുന്നോ? മനസ്സില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിയെ ഒരു ദിവസം കണ്ടില്ലെങ്കില്‍ നെഞ്ചിനുള്ളില്‍ ഒരു വിങ്ങലായിരുന്നു. അവള്‍ക്കെന്തുപറ്റിയെന്ന ആശങ്ക. ആരോടു ചോദിക്കാന്‍?
    എന്നെ ഇത്തരത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പ്രണയിച്ചിരുന്നോ എന്നറിയില്ല. ഇഷ്‌ടപ്പെടുകയെങ്കിലും ചെയ്‌തിരുന്നോ എന്നും അറിയില്ല. പക്ഷെ, ഞാന്‍ ഇഷ്‌ടപ്പെടലില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല! കാരണം "ജീവിതം യൗവ്വന തീഷ്‌ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന അസുലഭ കാലഘട്ട"മായിരുന്നു അത്‌.

    ഞാനും പ്രണയത്തെപ്പറ്റി ചിലതു പറയട്ടെ......
    പുതിയ പോസ്‌റ്റ്‌, ഒരു ചെമ്പനീര്‍പ്പൂക്കാലത്തിന്റെ ഓര്‍മയ്‌ക്ക്‌...

    ReplyDelete
  2. :-)
    അതൊക്കെ ശരിക്കും പ്രണയമായിരുന്നോ എന്നൊക്കെ ചോദിച്ചാല്‍ കുഴങ്ങും. ആക്ച്വലി അതൊന്നും പ്രണയമായിരുന്നില്ല, സൌഹൃദങ്ങള്‍ മാത്രം. എന്നാല്‍ അത്തരം സൌഹൃദങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലല്ലോ, അതുകൊണ്ട് അവയൊക്കെ പ്രണയമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നെന്നു മാത്രം.

    “മനസ്സിന്റെ കോണുകളില്‍ ഇഷ്‌ടപ്പെട്ടിറങ്ങിപ്പോയവര്‍ക്കെല്ലാം മീതേയാണ്‌ ഞാന്‍ അവസാനം ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയുടെ ജീവനുള്ള രൂപമെന്ന്‌ ഇപ്പോഴറിയുന്നു, എന്റെ ഭാര്യയുടെ.” - ഭാര്യ ബ്ലോഗ് വായിക്കാറുണ്ടല്ലേ... ;-)
    --

    ReplyDelete
  3. മകന്റെ അച്ഛനോ അച്ഛന്റെ മകനോ :)

    ReplyDelete
  4. രാജേഷേട്ടാ,

    രസിച്ചു. നന്നായി :)

    ReplyDelete
  5. ഈ പോസ്റ്റ് എനിക്കും ഒരുപാടിഷ്ടമായി.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed