Saturday, December 20, 2008

പാര്‍വ്വതിമാര്‍ തുണിയഴിക്കുമ്പോള്‍


     കേരളത്തിന്‌ അഭിമാനിക്കാം. പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന തിരുവല്ലക്കാരി ലോകത്തിലെ രണ്ടാമത്തെ സുന്ദരിയാണെന്നു കണ്ടെത്തപ്പെട്ടതില്‍. വെല്‍ഡണ്‍ പാര്‍വ്വതി, വെല്‍ഡണ്‍.

     സൗന്ദര്യം ശരീരത്തിന്റെ മാത്രമല്ല ബുദ്ധിയുടേതുകൂടിയാണെന്ന്‌ ഓരോ സുന്ദരിപ്പട്ടപ്പോരും വിളിച്ചുപറയാറുണ്ട്‌. ഇത്തവണ നിര്‍ണായകമായ ആ അവസാനചോദ്യം ഇതായിരുന്നു: ദക്ഷിണാഫ്രിക്കയില്‍ വന്നപ്പോള്‍ തോന്നിയതെന്ത്‌?
പാര്‍വ്വതി ശങ്കയേതുമില്ലാതെ മറുപടി പറഞ്ഞു: 
     "ഇന്ത്യക്ക്‌ ഗാന്ധിജിയും ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മണ്‌ഡേലയമുണ്ട്‌. ആതിഥ്യമര്യാദയിലും സംസ്‌കാരസമ്പന്നതയിലും രണ്ടു രാജ്യങ്ങളും ഒരുപോലാണ്‌."   പാര്‍വ്വതിക്കു മാര്‍ക്കു നേടിക്കൊടുത്തുവത്രെ ഈ ഉത്തരങ്ങള്‍!

        പാര്‍വ്വതി ലോകത്തെ രണ്ടാമത്തെ സുന്ദരിയായതില്‍ നമുക്ക്‌ അഭിമാനിക്കാനെന്തെങ്കിലുമുണ്ടോ?

        സൗന്ദര്യ മല്‍സരങ്ങള്‍ക്കെല്ലാം നിയതമായ ഒരു രൂപമുണ്ട്‌. അത്‌ മല്‍സരാര്‍ഥിയുടെ വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സില്‍ മാത്രം അധിഷ്‌ഠിതമാണ്‌. പക്ഷേ, മലയാളിയുടെ സൗന്ദര്യസങ്കല്‍പങ്ങള്‍ക്കു മീതേ ഒരു വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ സ്‌കെയില്‍ പ്രതിഷ്‌ഠിക്കാന്‍ എന്നെങ്കിലുമാകുമോ?

    എന്താണ്‌ മലയാളിയുടെ സൗന്ദര്യസങ്കല്‍പം? മാറുമറയ്‌ക്കാന്‍ അവകാശമില്ലാതിരുന്ന കാലത്തുനിന്ന്‌ പോരാട്ടത്തിലൂടെ മാറുമറയ്‌ക്കാന്‍ അല്‍പം തുണി വാങ്ങിയത്‌ എന്തിനായിരുന്നു? മാറു മറയ്‌ക്കാത്ത ഒരു അടിയാള സംസ്‌കാരം ഇന്നും തുടര്‍ന്നു വന്നിരുന്നെങ്കില്‍ പട്ടിണിപാവങ്ങളായ ലക്ഷക്കണക്കിനു സ്‌ത്രീകള്‍ക്ക്‌ അത്രയും കൂടി പണം ലാഭിക്കാമായിരുന്നു എന്നോര്‍ക്കുക. ഒളിച്ചു വച്ചിരിക്കുന്നതൊക്കെ ആര്‍ത്തിയോടെ നോക്കുന്ന മലയാളിയുടെ സംസ്‌കാരസമ്പന്നത സ്‌ത്രീകളുടെ മാറിടത്തിലേക്ക്‌ ഒരു പക്ഷേ ഇത്രയും ആര്‍ത്തിയോടെ നോക്കുമായിരുന്നുമില്ല.

    പക്ഷേ, ആ പോരാട്ടം വ്യര്‍ഥമായി. ജൊഹനാസ്‌ ബര്‍ഗിലെ വെളുത്ത വിധികര്‍ത്താക്കള്‍ക്കു മുന്നില്‍ പാര്‍വ്വതി തുണിയുരിഞ്ഞു. മലയാളി അസഹിഷ്‌ണുതയോടെയും കാമത്വരയോടെയും മാത്രം കാണുന്ന ബിക്കിനിയണിഞ്ഞു. നയന്‍താരയെന്ന മലയാളി തമിഴ്‌സിനിമയില്‍ ഉരിഞ്ഞതുപോലെ ചൂടന്‍ വേഷമായിരുന്നു അത്‌. പാര്‍വ്വതിയുടെ വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സ്‌ ആഗോള വിപണിക്ക്‌ അനുയോജ്യമായിരുന്നു.

     കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ ചാലയിലൂടെ കടന്നുപോകുമ്പോള്‍ ഒരു കാഴ്‌ച കണ്ടു. പതിനഞ്ചില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി അമ്മയോടൊപ്പം നടന്നുപോകുന്നു. ജീന്‍സും ടീ ഷര്‍ട്ടുമാണ്‌ വേഷം. വളരെ മാന്യമായി ധരിക്കാവുന്ന വസ്‌ത്രമാണത്‌. പെണ്‍കുട്ടിയുടെ പിന്‍വശമാണ്‌ ആദ്യം കണ്ണില്‍ തറച്ചത- അതെ തറച്ചത്‌. അതിനൊരു ഒളിഞ്ഞുനോട്ടത്തിന്റെ സ്വഭാവമുണ്ടായിരുന്നില്ല. കാരണം ടീഷര്‍ട്ടിന്റെ പിന്‍വശം അരയോളം ഉയര്‍ത്തിയാണ്‌ വച്ചിരിക്കുന്നത്‌. കുട്ടിയുടെ ചന്തിയുടെ മുകളില്‍ ജീന്‍സില്‍ സ്വര്‍ണ്ണനൂലുകൊണ്ടുള്ള ചിത്രത്തുന്നല്‍. ഷര്‍ട്ട്‌ താഴ്‌ത്തിയിട്ടാല്‍ ചിത്രത്തുന്നല്‍ കാണാനാകില്ലെന്നുറപ്പാണ്‌. ചിത്രത്തുന്നലുള്ള ജീന്‍സ്‌ ധരിക്കുമ്പോള്‍ ചന്തി മറയ്‌ക്കരുതെന്നാണ്‌ ഈ ജീന്‍സ്‌ പറഞ്ഞുകൊടുക്കുന്നത്‌. ആരു വേണമെങ്കിലും കണ്ടോ എന്നു വിളംബരം ചെയ്യുന്ന ഒരുതരം തുണിപൊക്കിക്കാണിക്കല്‍. എന്റെ കുഞ്ഞനുജത്തിയുടെപോലും പ്രായമില്ലാത്ത ആ കരുന്നിന്റെ നിതംബത്തില്‍ ഞാന്‍ നോക്കാതിരുന്നാലും കണ്ണുകള്‍ക്ക്‌ വഴിതെറ്റിപ്പോകും. അതിനെ തുറിച്ചനോട്ടമെന്നോ, പിഴച്ച നോട്ടമെന്നോ വിളിച്ചോളൂ?. പക്ഷേ, ആ കാഴ്‌ചയിലേക്ക്‌ കണ്ണെറിയാത്തവര്‍ മാത്രമേ വിളിക്കാവൂ.

      വസ്‌ത്രധാരണം കാലാനുസൃതമായി മാറേണ്ടത്‌ ആവശ്യമാണ്‌. മാറു മറയ്‌ക്കാത്ത കാലത്തു നിന്ന്‌ റൗക്കയും മുണ്ടും വന്നു. പിന്നെ ഇറക്കമുള്ള ബ്‌ളൗസും ലുങ്കിയും വന്നു. മേല്‍മുണ്ടും നേര്യതും ധരിച്ചിരുന്ന ആഢ്യസംസ്‌കാരം സാരി ധരിച്ചു. സെറ്റും മുണ്ടും ധരിച്ചു. ചുരിദാര്‍ സകല വസ്‌ത്രങ്ങളേയും കീഴടക്കിയപ്പോഴും സാരി ഇടയ്‌ക്കൊക്കെ മുഖംകാട്ടി. മാന്യമായി ധരിച്ചില്ലെങ്കില്‍ സാരിയും ചുരിദാറും അപകടകാരികളാണെന്നതു മറക്കുന്നില്ല.
 
      അതെന്തുമാകട്ടെ, ചിങ്ങം ഒന്നിനും കേരളപ്പിറവിയിലും മലയാളിപ്പെണ്‍കൊടിമാര്‍ സെറ്റുസാരിധരിക്കാന്‍ തുടങ്ങി. പരമ്പരാഗതമായൊരു സൗന്ദര്യസംസ്‌കാരമായിരുന്നു ആ വസ്‌ത്രം. അതാണ്‌ ജൊഹനാസ്‌ബര്‍ഗില്‍ പാര്‍വ്വതി അഴിച്ചുവച്ചത്‌.
ലോകസുന്ദരിപ്പട്ടത്തിനു മല്‍സരിക്കുമ്പോള്‍ സ്വന്തം സംസ്‌കാരം ഉപയോഗിച്ചുവേണം മല്‍സരിക്കാന്‍. പാര്‍വ്വതി ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞത്‌ ഇംഗ്‌ളീഷിലാണ്‌, മലയാളത്തിലല്ല. മലയാളത്തില്‍ പറയണമെന്നു വാശിപിടിക്കുന്നില്ല. ഇംഗ്‌ളീഷ്‌ അറിയാമെന്നുള്ളപ്പോള്‍ ആ ഭാഷ തന്നെ ഉപയോഗിക്കാം. ലോകസുന്ദരിയായ തിരഞ്ഞെടുക്കപ്പെട്ട റഷ്യക്കാരി സെനിയ സുഖിനോവയ്‌ക്ക്‌ ഇംഗ്‌ളീഷ്‌ അറിയില്ലായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ മറുപടി പറഞ്ഞ സെനിയ എന്നിട്ടും ലോകസുന്ദരിയായി.

     ഫാഷന്‍ വസ്‌ത്രം ധരിച്ച്‌ റാമ്പില്‍ അന്നനട കാണിക്കുന്ന പെണ്‍തരുണിമാര്‍ക്കിടയില്‍ വ്യാജമില്ലാതെ തനി മലയാളിയായി, ഉത്തരമായിപ്പറഞ്ഞ ആ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച്‌ പാര്‍വ്വതി നടന്നു നീങ്ങിയരുന്നെങ്കില്‍ മുഖം നിറഞ്ഞുള്ള ചിരിക്ക്‌ സൗന്ദര്യം കൂടുമെന്നുറപ്പ്‌. പക്ഷേ, സുന്ദരിയാകാന്‍ അതല്ലല്ലോ ആവശ്യം. വസ്‌ത്രം പൂര്‍ണമായും അഴിഞ്ഞുനീങ്ങുന്ന സന്ദര്‍ഭത്തില്‍ ആരും സൗന്ദര്യമല്ല നോക്കാറ്‌. നഗ്നത മാത്രമാണ്‌. അതിന്റെ ഉപയോഗമാണ്‌. പാര്‍വ്വതി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ആ ഘട്ടത്തില്‍ എത്തിച്ചേരാന്‍ രണ്ടേ രണ്ടു കെട്ടുകള്‍ മാത്രം അഴിച്ചാല്‍ മതി.

      വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സില്‍ കൃത്രിമം കാട്ടാന്‍ ഇന്ന്‌ ഉപാധികള്‍ ഏറെയാണ്‌. നിതംബം മറഞ്ഞ്‌ മുടിയുള്ള പെണ്ണിനെ കൊതിച്ചുകൊതിച്ചു കെട്ടിയ ഒരു സൗന്ദര്യാസ്വാദകന്റെ കഥയുണ്ട്‌. ആദ്യരാത്രിയില്‍ കുളിച്ചെത്തിയ പെണ്ണ്‌ തിരുപ്പന്‍ വച്ചുകെട്ടുന്നതുകണ്ട്‌ ഞെട്ടിപ്പോയത്രെ. ഇതു പഴങ്കഥ. ഇന്ന്‌ വലിയ മുലയും ചന്തിയുമാണ്‌ പല സൗന്ദര്യാസ്വാദകരുടേയും നോട്ടം. അത്‌ നമ്മുടെ പെണ്‍പിള്ളേര്‍ക്ക്‌ നന്നായിട്ടറിയുകയും ചെയ്യാം. അതുമുതലെടുക്കാന്‍ വിപണിയില്‍ ഇന്ന്‌ സാധനങ്ങള്‍ കിട്ടും. ആദ്യരാത്രിയില്‍ അഴിച്ചുവയ്‌ക്കുന്ന ബ്രായിലും പാന്റീസിലും വലുപ്പം കൂട്ടിക്കാണിക്കാന്‍ പിടിപ്പിച്ചിരിക്കുന്ന സ്‌പോഞ്ച്‌ പാഡ്‌ കണ്ട്‌ പല യുവാക്കളും ഇളിഭ്യരാകുന്ന കാലം എത്തിക്കഴിഞ്ഞു.

      നമുക്ക്‌ ഇവയെല്ലാം എളുപ്പം വില്‍ക്കാനാകുന്ന വിപണിയുണ്ട്‌. അവിടെ ഒരു പാര്‍വ്വതി അത്യാവശ്യമാണ്‌. ലക്ഷങ്ങള്‍ വാരിക്കൊടുത്ത്‌ പാര്‍വ്വതിയെ മോഡലാക്കിയാല്‍ ഉല്‍പന്നം ചൂടപ്പം പോലെ വിറ്റഴിയും. സുസ്‌മിതയും ഐശ്വര്യയും സുന്ദരിപ്പട്ടങ്ങള്‍ ചൂടിയപ്പോള്‍ അത്തരം വിചാരണകള്‍ ഏറെ നടന്നതാണ്‌. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ കൂടുതല്‍ വിഴുങ്ങാനാണ്‌ പാര്‍വ്വതിയുടെ പട്ടം ചാര്‍ത്തലിലൂടെ ബഹുരാഷ്‌ട്രക്കുത്തകകള്‍ ശ്രമിക്കുക.

       സുസ്‌മിതയ്‌ക്കും ഐശ്വര്യക്കും പിന്നാലെയാണ്‌ നമ്മുടെ പെണ്‍കുട്ടികളുടെ സൗന്ദര്യസങ്കല്‍പം കീഴ്‌മേല്‍ മിറഞ്ഞതെന്നു മറക്കരുത്‌. ശരീരഭാഗങ്ങളത്രയും കാഴ്‌ചവസ്‌തുക്കളാക്കി പുരുഷന്‍മാരുടെ നോട്ടത്തെ അവര്‍ പിഴപ്പിക്കാന്‍ തുടങ്ങി. നമ്മുടെ നാട്ടില്‍ റോഡപകടങ്ങളുണ്ടാകുന്നതില്‍ വേഷവിധാനത്തിനുള്ള പങ്കിനെപ്പറ്റി ആരും ഗവേഷണം നടത്തിയിട്ടില്ല. കൃത്രിമ മാര്‍ഗത്തിലൂടെയോ അല്ലാതെയോ കാഴ്‌ചവസ്‌തുവായി നടക്കുന്ന പെണ്ണിനെ കണ്ട്‌ മനസ്സും കണ്ണും തെല്ലു പതറുമ്പോഴായിരിക്കാം. എതിരേ വരുന്ന വാഹനം ഇടിക്കുന്നത്‌. അല്ലെങ്കില്‍ പെട്ടെന്നു ബ്രേക്കിട്ട വാഹനത്തിന്റെ പിന്നില്‍ തട്ടുന്നത്‌. പക്ഷേ, അതാരും സമ്മതിക്കില്ലല്ലോ!

     പ്രദര്‍ശനപരത ഒരുകാലത്ത്‌ പുരുഷന്‍മാരില്‍ മാത്രമായി ഒതുങ്ങിയിരുന്നതാണ്‌. ഇന്നത്‌ തുല്യ പ്രാധാന്യത്തോടെ അതിരുകള്‍ ലംഘിച്ചുകഴിഞ്ഞു. ലോകസുന്ദരിക്കല്ലാതെ ലോക സുന്ദരന്‌ പുരസ്‌കാരം നല്‍കാന്‍ ആരുമില്ല. പക്ഷേ, പ്രാദേശികമായി സുന്ദരന്‍മാര്‍ ഉണ്ടാകുന്നുണ്ട്‌. പക്ഷേ, അവിടെയും പ്രശ്‌നമുണ്ട്‌. പുരുഷന്റെ പ്രകൃതമായ രോമം ശരീരത്തില്‍ നിന്നു നീക്കം ചെയ്‌താലെ സൗന്ദര്യമുണ്ടാകൂ. മാത്രമല്ല, അരക്കെട്ടിലെ മുഴുപ്പ്‌ വ്യക്തമാക്കുന്ന ജട്ടി മാത്രം ധരിച്ച്‌ ശരീരത്തിലെ മസിലുകള്‍ മുഴുവന്‍ വികൃതമാക്കി പെരുപ്പിച്ച്‌ നില്‍ക്കുന്ന വൃത്തികെട്ട രൂപമായിരിക്കും സുന്ദരപുരുഷന്‍. മള്‍ട്ടിജിമ്മുകള്‍ ആരോഗ്യസംരക്ഷണത്തിനല്ല, ബോഡി ബില്‍ഡിംഗിനുള്ളതാണെന്ന്‌ പ്രചരിപ്പിക്കേണ്ടത്‌ ഫാസ്റ്റ്‌ഫുഡ്‌ കാലത്ത്‌ പല തരത്തിലും അത്യാവശ്യമാണ്‌. അതുകൊണ്ടാണ്‌, പുരുഷന്‍ ധരിച്ചിരിക്കുന്ന ജട്ടിയുടെ ബ്രാന്‍ഡ്‌ നോക്കി സുന്ദരി അവന്റെ ശരീരത്തിലേക്കു വീഴുന്ന പരസ്യം ഉണ്ടായത്‌. ടീവിയില്‍ അതു കാണാന്‍ നമുക്ക്‌ യാതൊരു ഉളുപ്പുമില്ലാത്തത്‌. നമ്മുടെ യുവാക്കള്‍ അടിവസ്‌ത്രത്തിന്റെ പരസ്യം കണക്കെ പാന്റുകള്‍ അരയില്‍ നിന്ന്‌ അരച്ചാണ്‍ താഴ്‌ത്താന്‍ തുടങ്ങിയത്‌. 

      മലയാളി ഇനിയും വളരും. അതിരുകള്‍ക്കപ്പുറത്ത്‌ അറിയപ്പെടും. അതിനായി എത്ര തുണിയുരിയാനും നമുക്ക്‌ മടിയില്ലെന്ന്‌ നയന്‍താരയും പാര്‍വ്വതിയും കാണിച്ചുതരുന്നു. ആ കാഴ്‌ചകളില്‍ നിന്ന്‌ നാം അയല്‍പക്കത്തെ പെണ്‍കുട്ടിയും അത്തരക്കാരിയാണെന്ന്‌ സംശയിച്ചുതുടങ്ങുന്നു. ആ സംശയം വീട്ടിനുള്ളിലേക്കു കടക്കുന്ന കാലമുണ്ടായാല്‍? ബ്‌ളൂടൂത്തുകളും മൊബൈല്‍ അശ്ലീലങ്ങളും കാലഹരണപ്പെടുന്ന അക്കാലം വരാതിരിക്കട്ടെ. പാര്‍വ്വതിമാര്‍ ഇനിയും ജനിക്കാതിരിക്കട്ടെ! 

11 comments:

 1. മലയാളി ഇനിയും വളരും, അതിരുകള്‍ക്കപ്പുറത്തേക്ക്‌... അതിനായി ഏത്ര തുണിയുരിയാനും നമുക്കു മടിയില്ലെന്ന്‌ നയന്‍താര മാത്രമല്ല പാര്‍വ്വതി ഓമനക്കുട്ടനും കാണിച്ചു തരുന്നു..... സൗന്ദര്യമല്‍സരത്തെയും മലയാളിയുടെ സൗന്ദര്യസംസ്‌കാരത്തെപ്പറ്റിയും ചിലത്‌.

  ReplyDelete
 2. കേരളം വരണ്ടാലും സാരല്യ.. കേരളത്തിലുള്ളവരുടെ മാർക്കറ്റ് ഉള്ള സാധനങ്ങളൊക്കെ വളരട്ടെ,.....
  കാശ് വരട്ടെ മാഷെ കാശ്..
  അവൻ വന്നാ... പോയ മാനോക്കെ തിരിച്ചു പലിശ അടക്കം വരൂന്നല്ലേ അറിവുള്ള ചില
  നെറികേടന്മാരു പറയണതു!

  അവരായി... അവരടെ പാടായി....

  ReplyDelete
 3. ശ്രീ രാജേഷ്,

  താങ്കള്‍ എഴുതി: "സുസ്‌മിതയ്‌ക്കും ഐശ്വര്യക്കും പിന്നാലെയാണ്‌ നമ്മുടെ പെണ്‍കുട്ടികളുടെ സൗന്ദര്യസങ്കല്‍പം കീഴ്‌മേല്‍ മിറഞ്ഞതെന്നു മറക്കരുത്‌."

  ഈയുള്ളവന്‍ അത് വിശ്വസിക്കുന്നില്ല. കുറച്ചു തെളിവുകള്‍ തരാമോ? ഐശ്വര്യയും സുസ്മിതയും പാര്‍വതിയും മറ്റുമാണ് ഈ പാശ്ചാത്യസംസ്കാരം ഇന്ത്യയില്‍കൊണ്ടു വന്നതെന്നാണോ?

  അവരാണോ ആഗോളീകരണവും പാശ്ചാത്യമാധ്യമങ്ങളെയും ഇന്ത്യയിലേക്ക്‌ സ്വീകരിച്ചാനയിച്ചത്? ഇപ്പോള്‍ MTV, VChannel, Action TV, FTV ഒക്കെ സ്വതന്ത്രമായി വിലസുന്ന ഈ ഭാരതത്തില്‍ ഈ വിശ്വസുന്ദരിമാരാണോ തെറ്റുകാര്‍? ഒരു പീറപ്പെണ്ണ് ബികിനിയില്‍ ഒരു അന്താരാഷ്ട്രാമല്‍സരത്തില്‍ പങ്കെടുത്ത് ജയിച്ചാല്‍ മാത്രം തകരുന്നതാണോ ഭാരതസ്ത്രീകള്‍ തന്‍ വേഷശുദ്ധി? ഈ പെണ്‍കുട്ടികളേക്കാളും, നമ്മുടെ സര്‍ക്കാരിനേക്കാളും, പാശ്ചാത്യ സംസ്കാരം ഭാരതത്തില്‍ വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് മാധ്യമങ്ങളല്ലേ? എന്തിനേറെപ്പറയുന്നു, ചില മലയാളം മാഗസിനുകളുടെ പുറംചട്ടകള്‍ മാത്രം നോക്കൂ, മിക്കവാറും നമ്മുടെ തുണിയുരിഞ്ഞു പോയതുപോലെ തോന്നും. ചില റിയാലിറ്റിഷോ കോപ്രായം കാണുമ്പോള്‍ എന്‍റെ തൊലിയുരിഞ്ഞുപോകുന്നു!

  കേരളത്തിലെ കോവളം പോലുള്ള ബീച്ചുകളില്‍ മദാമ്മമാര്‍ വന്നു ബികിനി, ചിലപ്പോള്‍ ഹാല്‍ഫ്‌ ബികിനി മാത്രം ധരിച്ചു വെയില്‍ കായുന്നത് നാം കണ്ടിട്ടില്ലേ? അതും കൂടി തടയരുതോ നമുക്ക്? നമ്മുടെ നാട്ടില്‍ വന്നു ആര്‍ക്കും തുണിയുരിയാം, അതില്‍ നാം അഭിമാനംകൊള്ളുന്നു, കാരണം വിദേശധനവും കിട്ടും നാട്ടുകാരായ ടൂറിസ്റ്റുകളെ കാഴ്ച കാണാന്‍ ആകര്‍ഷിക്കുകയും ചെയ്യാം! കേരളം നാളെ ഒരു തായ്‍ലാന്‍ഡ് ആവാന്‍ കാരണമാവുന്നത് പാര്‍വതിയുടെ ബികിനി വേഷമാവുമോ!

  ReplyDelete
 4. പ്രിയ ശ്രീ,
  താങ്കള്‍ പറഞ്ഞ ചാനലുകളൊക്കെ കേരളീയസ്വീകരണമുറികളില്‍ കടന്നു കയറിയകാലവും സുസ്‌മിതയും ഐശ്വര്യയും പട്ടം നേടിയ കാലവും ഏതാണ്ട്‌ സമാനമാണ്‌. ഇന്ത്യ ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പോളവല്‍ക്കരക്കിപ്പെടാന്‍ തുടങ്ങിയത്‌ തെണ്ണൂറുകളുടെ ആദ്യപകുതിയിലായിരുന്നുവെന്നുതന്നെ ഇതിലൂടെ വ്യക്തമാണ്‌. ഈ ചാനലുകളുടെ പ്രസക്തിക്കും ഇത്തരം ബിക്കിനി രൂപങ്ങള്‍ ആവശ്യമായിരുന്നു. അതിനവര്‍ സൃഷ്ടിച്ചെടുത്തതാണ്‌ ഈ സുന്ദരിമാരെ. പാര്‍വ്വതിക്കു കിട്ടിയ സുന്ദരിപ്പട്ടം മലയാളി ബിക്കിനി സംസ്‌കാരത്തിന്‌ ഏറെ അടുത്തെത്തിക്കഴിഞ്ഞതായി തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇനി എന്താണ്‌ പാര്‍വ്വതിയിലൂടെ നമ്മുടെ വീട്ടകങ്ങളിലേക്കു കടന്നുവരുന്നതെന്ന്‌ നാം ഭയത്തോടെ വീക്ഷിക്കണം. മാധ്യമങ്ങള്‍ക്ക്‌ ഇതില്‍ നല്ല പങ്കുണ്ട്‌. അതു ഞാന്‍ നിഷേധിച്ചിട്ടില്ല. വീക്കും ഇന്ത്യടുഡേയുമെല്ലാം നടത്തുന്ന കന്യാകത്വസര്‍വ്വേകള്‍ നമ്മോടു ചിലതു പറയുന്നില്ലേ?

  ReplyDelete
 5. രജേഷ്,

  “ലോകസുന്ദരിപ്പട്ടത്തിനു മല്‍സരിക്കുമ്പോള്‍ സ്വന്തം സംസ്‌കാരം ഉപയോഗിച്ചുവേണം മല്‍സരിക്കാന്‍.“

  ഈ പോസ്റ്റ് മുഴുവന്‍ മേല്‍പ്പറഞ്ഞ ചിന്തയില്‍ അധിഷ്ടിതമാണ്. അവിടെയണ് രാജേഷിനു പിഴച്ചതെന്നും എനിക്ക് തോന്നുന്നു.

  പാര്‍വത് ഓമനക്കുട്ടന്‍ മലയാളി മങ്കമാരുടെ സൌന്ദര്യമത്സരത്തിലല്ല പങ്കെടുത്തത്. ലോക സുന്ദരിപ്പട്ടത്തിനു വേണ്ടിയായിരുന്നില്ലേ. അവിടെ ചെന്ന് സെറ്റ് മുണ്ടും തറ്റും ഉടുത്ത് തന്റെ ശരീരസൌന്ദര്യം പ്രദര്‍ശിപ്പിക്കണമായിരുന്നു എന്നാണോ വിവക്ഷ?.

  ഭാരതസംസ്കാരം തുണിയുരിയുന്നതിനെതിരാണ്. ഞാനും എതിരാണ്. അതു കൊണ്ട് ഒരു ഗൈനൊക്കാളഗിസ്റ്റിന്റെ അടുത്ത് ഭാരത സ്ത്രീക്ക് തുണിയുരില്ലായെന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ?

  ReplyDelete
 6. സൌന്ദര്യമുള്ളവർ അത് കാണിക്കും...
  കാശുമുണ്ടാക്കും...

  അസൂയപ്പെട്ടിട്ടു കാര്യമില്ല മാഷേ...

  :-)

  ReplyDelete
 7. തുണിയൂരി എറിഞ്ഞ് കസര്‍ത്ത് കാണിക്കാന്‍ മടിയില്ലാത്ത രണ്ട് മലയാളിമങ്കമാര്‍ അതായത്,

  പാര്‍‌വതി ഓമനക്കുട്ടനും നയന്‍‌താരയും ഒരേ നാട്ടില്‍ നിന്നും (തിരുവല്ല) ആയത് യാദൃശ്ചികം തന്നെ!

  തിരുവല്ലക്കാര്‍ ക്ഷമിക്കുക. ഇത് ഇവിടെ പറഞ്ഞില്ലെങ്കിലും അവര്‍ ആ നാട്ടുകാര്‍ അല്ലാതെ ആവില്ലാലോ! :)

  ReplyDelete
 8. ഇനിയും ഇതൊക്കെ തന്നെ നടക്കും . ചിന്തയില്‍ മാറ്റം ഉണ്ടാകുമ്പോള്‍ അത് വേഷവിധാനത്തിലും സംസ്കാരത്തിലും പ്രതിഫലിക്കും. കുറച്ചു കഴിയുമ്പോള്‍ പൂര്‍ണമായും പാശ്ചാത്യ സംസ്കാരം നാം കടം എടുക്കും അവര്‍ നമ്മുടെതും . അതിനെ തടയാന്‍ ശ്രെമികുന്നതും അതിനെ ഓര്ത്തു വിലപിക്കുനതും ഒരു തമാശ മാത്രം ആണ് .

  ഹീറോ ഹോണ്ട കാര് പരസ്യത്തില്‍ പറഞ്ഞ പോലെ
  "Why should boys have all the fun" എന്ന് പെണ്‍കുട്ടികള്‍ ചോദിച്ചു തുടങ്ങും .

  ReplyDelete
 9. muslim extremists also claim similar thoughts, ow sree ram sena does propagates similar ideology. i am not completely against your ideas. talking about "maaru marakkal samarm" - the feudal upper caste dictated it. i do not think it should not be narrowed to dress to cover breast, but it was restricting freedom of a section of people by another strong group. if somebody insist women should not appear in swim suit in public, that also might be restricting their freedom. it is another question whether the freedom is for doing good or bad.

  ReplyDelete
 10. A shameless culture is already cultivated and imposed to our minds. No point in critisising, but there should be someone like you to create an awareness about the rethinking in us. Congrats.

  ReplyDelete

FEEDJIT Live Traffic Feed