Friday, December 19, 2008

ഗായിക മഞ്‌ജരിയുമായി സൗഹൃദസംഭാഷണംനാലു വര്‍ഷത്തിനുള്ളില്‍ നൂറോളം ഗാനങ്ങള്‍. സിനിമയില്‍ പാടാനെത്തിയ വര്‍ഷം തന്നെ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. തെന്നിന്ത്യയിലെ സംഗീതസാമ്രാട്ടായ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ നിരവധി പാട്ടുകള്‍. മഞ്‌ജരി ഭാഗ്യം ലഭിച്ച ഗായികയാണെന്നു പറയാന്‍ ഇതിലധികം എന്തുവേണം. ഒരു വിദ്യാര്‍ഥിയുടെ ചുറുചുറുക്കോടെ തെല്ലും തലക്കനമില്ലാതെ സദാ ചിരിക്കുന്ന മുഖവുമായാണ്‌ മഞ്‌ജരി സംസാരിക്കുന്നത്‌. തിരുവനന്തപുരം വഴുതക്കാട്ടുള്ള ഹീരാ പാര്‍ക്കില്‍ ആറാം നിലയിലെ ഫ്‌ളാറ്റിലിരുന്ന്‌ മഞ്‌ജരിയുമായി നടത്തിയ സൗഹൃദസംഭാഷണത്തില്‍ നിന്ന്‌

സംഗീതയാത്രയുടെ തുടക്കം 
എന്റെ മേഖല പാട്ടാണെന്ന്‌ ആദ്യം പറഞ്ഞത്‌ ദാസങ്കിളാണ്‌. നാലിലോ അഞ്ചിലോ മറ്റോ പഠിക്കുമ്പോള്‍ മസ്‌ക്കറ്റില്‍ വച്ചാണ്‌ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌. പിന്നെ എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ തരംഗിണിയുടെ എന്നുമീ പൊന്നോണം എന്ന ആല്‍ബത്തില്‍ പാടി. സംഗീതം മോഹന്‍ സിത്താര സാര്‍ ആയിരുന്നെങ്കിലും പാട്ട്‌ പറഞ്ഞു തന്നത്‌ ദാസങ്കിളാണ്‌. അങ്കിളിനൊപ്പം അതില്‍ പാടാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായിരുന്നു. 

സിനിമയിലേക്ക്‌
കൈരളി ചാനലിലെ സിംഫണി എന്ന പരിപാടിയാണ്‌ സിനിമയിലേക്കു വഴിതുറന്നത്‌. ആദ്യം പാടിയത്‌ രഞ്‌ജിത്‌ സാറിന്റെ ഹലോ എന്ന സിനിമക്കുവേണ്ടിയായിരുന്നു. പക്ഷേ ആ പ്രൊജക്‌ട്‌ നടന്നില്ല. വാമനപുരം ബസ്‌ റൂട്ടിലെ പാട്ടുകളാണ്‌ ആദ്യം പുറത്തിറങ്ങിയത്‌. ആദ്യം പുറത്തുവന്ന സിനിമ അച്ചുവിന്റെ അമ്മയായിരുന്നു. അതിലെ താമരക്കുരുവിക്ക്‌ തട്ടമിട്‌..., ശ്വാസത്തിന്‍ താളം... എന്നിവയാണ്‌ പാടിയത്‌. രണ്ടും ഹിറ്റായി.

ഇളയരാജയുമായുള്ള ബന്ധം 
അതൊരു വലിയ ദൈവാനുഗ്രഹവും ഭാഗ്യവുമൊക്കെയാണ്‌. രാജാസാറിന്റെ പാട്ടുകള്‍ പണ്ടും ഇഷ്‌ടമായിരുന്നു. അദ്ദേഹത്തെ നേരില്‍ കാണാനൊക്കുമെന്നുപോലും കരുതിയതല്ല. വോയ്‌സ്‌ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ തന്നെ അഞ്ച്‌ പാട്ടുകള്‍ കിട്ടി. പൊന്മുടിപ്പുഴയോരത്തിലെ മൂന്നും തമിഴില്‍ കരകാട്ടക്കാരനിലെ രണ്ടും. പൊന്‍മുടിപ്പുഴയോരത്തിലെ ഒരുചിരികണ്ടാല്‍... എന്ന പാട്ട്‌ ഹിറ്റാകുകയും ചെയ്‌തു. 

തിരുവാസകം 
ഒരു ടീം വര്‍ക്കുതന്നെയായിരുന്നു തിരുവാസകം. പ്രഗത്ഭരായ അനവധിപേര്‍. ഒരു പിക്‌നിക്കിന്റെ രസവും കൂട്ടായ്‌മയുമൊക്കെ പ്രസാദ്‌ സ്റ്റുഡിയോയിലെ റെക്കോഡിംഗ്‌ സമയത്ത്‌ അനുഭവിക്കാന്‍പറ്റി. ഒരു സോളോ അതില്‍ പാടാന്‍ പറ്റിയതും വലിയൊരു ഭാഗ്യമാണ്‌. 

ഇഷ്‌ടപ്പെട്ട സംഗീതസംവിധായകന്‍
എല്ലാവരും ഗുരുതുല്യരാണ്‌. പക്ഷേ ഔസേപ്പച്ചന്‍ സാറിനൊപ്പം പാട്ടു ചെയ്യുമ്പോള്‍ വര്‍ക്കില്‍ വല്ലാത്തൊരു സ്വാതന്ത്ര്യം കിട്ടും. നമുക്ക്‌ നമ്മുടേതായ ശൈലി കൊണ്ടുവരാന്‍ അദ്ദേഹം അനുവദിക്കും. പാട്ട്‌ എത്രയും മനോഹരമാക്കാനുള്ള ആത്മവിശ്വാസം അതിലൂടെ കിട്ടും. ഒറ്റവാക്കില്‍ ടെന്‍ഷന്‍ ഫ്രീയാണ്‌ സാറിനൊപ്പമുള്ള വര്‍ക്ക്‌.പാടിയവയില്‍ ഏതാണു മികച്ചതെന്നു ചോദിച്ചാല്‍ എല്ലാം നല്ലതായിരുന്നെന്നേ മഞ്‌ജരി പറയൂ. സ്റ്റേജ്‌ ഷോകളിലും മറ്റും ആളുകള്‍ പാടാന്‍ കൂടുതല്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍
കറുത്തപക്ഷികളിലെ മഴയില്‍ രാത്രിമഴയില്‍..., ഫോട്ടോഗ്രാഫറിലെ എന്തേ കണ്ണനു കറുപ്പുനിറം... എന്നിവ ആളുകള്‍ക്ക്‌ എത്ര കേട്ടാലും മതിയാകാറില്ല. മൂന്നാമതൊരാളിലെ നിലാവിന്റെ തൂവല്‍... ആണ്‌ ഞാന്‍ അനായാസമായി പാടിയ പാട്ട്‌.

കൂടുതലിഷ്‌ടം 
ഹിന്ദുസ്ഥാനി ചായ്‌വുള്ള പാട്ടുകാളാണ്‌ ആസ്വദിച്ചു പാടാന്‍ പറ്റുന്നത്‌. കച്ചേരി ചെയ്യുന്നതും അതുതന്നെ. ഗസലിലുള്ള താല്‍പര്യവും ഹിന്ദുസ്ഥാനിയോട്‌ അടുപ്പം കൂട്ടുന്നുണ്ട്‌. ഗസലും ക്‌ളാസിക്കുകളും നല്‍കുന്ന സംതൃപ്‌തി ഒന്നു വേറേതന്നെയാണ്‌. 

ഗസല്‍ 
ഗസല്‍ ആരെങ്കിലും പാടുന്നതു കേള്‍ക്കുമ്പോള്‍ ഒപ്പം പാടിപ്പോകും. ചില ഗസല്‍ പരിപാടികളില്‍ സദസ്സിലിരിക്കുമ്പോള്‍ എന്റെ ഈ പാട്ട്‌ അടുത്തിരിക്കുന്നവര്‍ക്ക്‌ ശല്യമാകാറുണ്ട്‌.
ഉസ്‌താദ്‌ ഖാലിദ്‌ അന്‍വര്‍ ജാന്‍ ആണ്‌ ഗസലിലെ ഗുരു. പാക്കിസ്ഥാന്‍കാരനാണ്‌. മസ്‌ക്കറ്റിലാണ്‌ ഇപ്പോള്‍ താമസം. ഇടയ്‌ക്ക്‌ മസ്‌ക്കറ്റില്‍ പോയി ഇപ്പോഴും പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌. 

മസ്‌ക്കറ്റ്‌
അച്ഛന്‌ അവിടെയാണ്‌ ജോലി. ഞാന്‍ ട്വല്‍ത്ത്‌ വരെ പഠിച്ചതും അവിടെയാണ്‌. ഡിഗ്രിക്കു ചേരാന്‍ നേരത്താണ്‌ തിരുവനന്തപുരത്തു വന്നത്‌. ഇപ്പോള്‍ വിമന്‍സ്‌ കോളജില്‍ മ്യൂസിക്‌ എം. എ. അവസാനവര്‍ഷം.


ഇഷ്‌ടപ്പെട്ട പാട്ടുകള്‍
പഴയകാലത്തെ പാട്ടുകള്‍. അതൊക്കെ കേള്‍ക്കുമ്പോള്‍ ആ കാലത്തെപ്പറ്റി നഷ്‌ടബോധം തോന്നും. അന്നൊരു പാട്ടുകാരിയായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നു വിഷമവുമുണ്ടാകും. പിന്നെ സ്റ്റേജ്‌ ഷോകളിലൊക്കെ പഴയ പാട്ടുകള്‍ പാടി സംതൃപ്‌തിയടയുകയാണു പതിവ്‌. 

അടിപൊളി പാട്ടുകള്‍
മെലഡിയോടാണ്‌ കൂടുതലിഷ്‌ടം. അടിപൊളിപാട്ടുകള്‍ പാടാറുണ്ട്‌. തമിഴിലാണ്‌ അത്തരം പാട്ടുകള്‍ കൂടുതലും പാടിയിട്ടുള്ളത്‌. എന്തായാലും പാട്ടിനൊപ്പം ഡാന്‍സ്‌ ചെയ്യാന്‍ ഞാനില്ല.

പഴയ ഗായകര്‍
എല്ലാവരില്‍ നിന്നും പലതും പഠിക്കാനുണ്ട്‌. കേട്ടു മതിയാകാത്ത ശബ്‌ദം സുശീലാമ്മയുടേതാണ്‌. സുശീലാമ്മയുടെ ഒപ്പം സ്റ്റേജില്‍ പാടാന്‍ പറ്റിയിട്ടുണ്ട്‌. കഴിഞ്ഞ മാസം തിരുവനന്തപുരത്ത്‌ ദേവരാജന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങില്‍ പാടാനെത്തിനെത്തിയപ്പോള്‍ സുശീലാമ്മ സദസ്സിന്റെ മുന്‍നിരയിലിരിക്കുന്നു. നേരേ മുന്നില്‍ നിന്നു പാടുന്നതാദ്യമാണ്‌. ആ പരിഭ്രമത്തില്‍ ഞാന്‍ ഇടയ്‌ക്ക്‌ പാട്ടിലെ ഒരു വാക്ക്‌ മറന്നുപോയി. പിന്നെ അതൊരുതരത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്‌തു. അതു മനസ്സിലാക്കിയ സുശീലാമ്മ പാട്ടുപാടിക്കഴിഞ്ഞപ്പോള്‍ കൈകളുയര്‍ത്തിക്കൊട്ടുന്നതുകണ്ടു. അപ്പോഴാണ്‌ ആശ്വാസമായത്‌.

മലയാളം 
ഞാന്‍ അവിടെയായിരുന്നപ്പോള്‍ ധാരാളം മലയാള കവിതകള്‍ വായിക്കുകയും ചൊല്ലിപ്പഠിക്കുകയും ചെയ്യുമായിരുന്നു. പലതവണ പദ്യംചൊല്ലലിന്‌ സമ്മാനം കിട്ടിയിട്ടുണ്ട്‌. ആത്മാവിലൊരു ചിത, മാമ്പഴം തുടങ്ങിയ കവിതകളൊക്കെ ഏറെ ഇഷ്‌ടമാണ്‌.


ശിവ ബാന്‍ഡ്‌
അത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌. ചെറിയകുട്ടിയായിരുന്നപ്പോള്‍. ആദ്യത്തെ സ്റ്റേജ്‌ പെര്‍ഫോമന്‍സ്‌ അതായിരുന്നുവെന്നു പറയാം. 

ആല്‍ബങ്ങള്‍
നിരവധി നല്ല പാട്ടുകള്‍ ആല്‍ബങ്ങളിലൂടെ കിട്ടി. ബോംബെ 
കമാല്‍സാറിന്റെയും ബാലഭാസ്‌കറിന്റെയും ഒക്കെ ആല്‍ബങ്ങലില്‍ പാടാന്‍ കഴിഞ്ഞു.9 comments:

 1. പിന്നണി ഗായിക മഞ്‌ജരിക്കൊപ്പം അല്‍പനേരം

  ReplyDelete
 2. നല്ല ഗായികയാണു മഞ്ജരി...ഡാൻസും പാട്ടും ഒന്നിച്ചുചെയ്യുന്ന കോപ്രായം ചെയ്തുകണ്ടിട്ടുമില്ല.
  ഈ പുതിയ പാട്ടുകാരികളെല്ലാം ഹിന്ദുസ്ഥാനിയിലേക്കാണു നോട്ടം.അതെന്താണ്?
  ഈ നല്ല അഭിമുഖമിട്ടതിന് അഭിനന്ദനങ്ങൾ.

  ReplyDelete
 3. :-)
  പുതിയ തലമുറയിലെ ഗായികമാരില്‍ ഏറെ ഇഷ്ടമുള്ള ഒരാള്‍...

  ഈ ഫിലിം ഫെസ്റ്റിവലിനിടയ്ക്ക് സൌഹൃദസംഭാഷണത്തിനും പോയോ!!! കല്യാണവിശേഷങ്ങള്‍ ഒന്നും ചോദിച്ചില്ലേ, പറഞ്ഞില്ലേ? ഈയിടെയായി പാട്ടുകള്‍ വളരെ കുറവാണല്ലോ, അതിനെക്കുറിച്ച്?
  --

  ReplyDelete
 4. ‘ആറ്റിൻ കരയോരത്ത്’ പാടിയ ഗായികയല്ലേ?

  നല്ല ഇന്റർവ്യൂ

  ReplyDelete
 5. നല്ല ഗായിക.വികടശിരോമണി പറഞ്ഞത് പോലെ തുള്ളിക്കളിച്ച് പാടാത്തതു കാരണം അതിന്റേതായ അധിക ബഹുമാനവും തോന്നുന്നു..!

  ഹിന്ദുസ്ഥാനി പഠിച്ചാൽ മലയാളത്തിനു പുറത്തും അല്പസ്വല്‍പ്പം കാൽ‌വെയ്ക്കാല്ലോ :)

  ReplyDelete
 6. നല്ല ലേഖനം. മഞ്ജരിയുടെ പാട്ടുകൾ എനിക്ക് ഏറേ ഇഷ്ടമാണു.

  ReplyDelete
 7. വികടശിരോമണി, ഹരി, കിഷോര്‍, കാന്താരിക്കുട്ടി, കിരണ്‍സ്‌....
  പോസ്‌റ്റ്‌ ചെയ്‌ത്‌ 12 മണിക്കൂറിനുള്ളില്‍ ഈയൊരു ഇന്റര്‍വ്യൂവിന്‌ ഇത്രയും കമന്റ്‌ ഞാന്‍ പ്രതീക്ഷിച്ചില്ല. മഞ്‌ജരിയെ ഇഷ്ടമുള്ളവര്‍ കൂടുലായതാകാം കാരണം. മഞ്‌ജരിയുമായി സംസാരിച്ചിരുന്നാല്‍ ആ ഇഷ്ടം കൂടുകയൊയുള്ളു.... മിടുക്കി, സിംപിള്‍..... അഞ്ചാറുമാസം മുമ്പ്‌ നടത്തിയ സംഭാഷണമായതിനാലാണ്‌ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിക്കാതെപോയത്‌. അപ്‌ഡേറ്റ്‌ ചെയ്യാതിരുന്നത്‌ എന്റെ തെറ്റ്‌, ക്ഷിമിക്കുക...... മഞ്‌ജരിയെ ഇഷ്ടപ്പെടുന്നവര്‍ ഇനിയും കമന്റിടുമെന്ന്‌ പ്രതീക്ഷിക്കുന്നു....

  ReplyDelete
 8. പുതിയ തലമുറയിലെ ഗായികമാരില്‍ ഏറെ ഇഷ്ടമുള്ള ഒരാള്‍...
  നല്ല ഗായിക.വികടശിരോമണി പറഞ്ഞത് പോലെ തുള്ളിക്കളിച്ച് പാടാത്തതു കാരണം അതിന്റേതായ അധിക ബഹുമാനവും തോന്നുന്നു..!

  ReplyDelete
 9. manjariyude ella pattum enikkishtta

  ReplyDelete

FEEDJIT Live Traffic Feed