Saturday, November 15, 2008

സെന്‍സര്‍ ചെയ്യാത്ത കാഴ്‌ചകള്‍






പതിവുകള്‍ ആവര്‍ത്തിക്കാനായി മറ്റൊരു ചലച്ചിത്രമേളക്കുകൂടി തിരുവനന്തപുരം തയ്യാറെടുത്തുകഴിഞ്ഞു. ക്രമാതീതമായ തിരക്ക്‌ മേളയ്‌ക്ക്‌ ഉല്‍സവഛായ നല്‍കുന്നുണ്ടെന്നതു വാസ്‌തവമാണ്‌. പക്ഷേ അതിനും മീതേ ദുഷ്‌പേരുകള്‍ക്കും ഈ തിരക്ക്‌ വിത്തിടുന്നുണ്ട്‌.


പതിനൊന്നാമതു മേളയിലെ ജൂറിയുടെ പ്രത്യേകപുരസ്‌കാരം നേടിയ ജപ്പാന്‍ ചിത്രമായ വിസ്‌പറിങ്‌ ഓഫ്‌ ദ്‌ ഗോഡ്‌സ്‌ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ ഇരച്ചു കയറിയത്‌ ഓര്‍ക്കുക. മിക്കവര്‍ക്കും ലഭിച്ചത്‌ തറ ടിക്കറ്റ്‌! ഇതേ തിരക്ക്‌ ഉണ്ടായ മറ്റൊരു ചിത്രം ബ്ലസ്സിയുടെ തന്‍മാത്രയായിരുന്നു. കൈരളിയിലെ ആദ്യ പ്രദര്‍ശനത്തിനൊപ്പം ടാഗോര്‍ തിയേറ്ററില്‍ മറ്റൊരു പ്രദര്‍ശനാവസരംകൂടി തന്‍മാത്രക്കു ലഭിച്ചു. കത്രികവീഴാത്ത കാഴ്‌ചകളായിരുന്നു ഈ തിരക്കുകള്‍ക്ക്‌ ഒരു പരിധിവരെ കാരണമായതെന്ന കളിയാക്കല്‍ ആവര്‍ത്തിച്ചു. അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവത്തിന്റെ തിരക്കിന്റെ അടിസ്‌ഥാനം വിദേശചിത്രങ്ങളിലെ ലൈംഗികദൃശ്യങ്ങള്‍ മാത്രമാണെന്ന തരത്തില്‍ പ്രചാരണം മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്‌. ഫിലിം ഫെസ്റ്റിവല്‍ ബുദ്ധിജീവിനാട്യങ്ങള്‍ക്കപ്പുറം ഒരു സ്റ്റാറ്റസ്‌ സിംബ ലാകുന്നുണ്ടെന്ന കാര്യവും വിസ്‌മരിച്ചുകൂടാ!


ബ്ലസ്സിയുടെ തന്മാത്ര മലയാളത്തിലെ മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന മധ്യവര്‍ത്തി സിനിമയുടെ ഓര്‍മപ്പെടുത്തലായിരുന്നു. വാണിജ്യചട്ടക്കൂട്ടില്‍ ഉറച്ചുനിന്ന്‌ കലാമേന്മ അവകാശപ്പെട്ടു തയ്യാറാക്കിയ ഈ ചിത്രം നിരവധി സര്‍ക്കാര്‍ പുരസ്‌കാരങ്ങളും നേടി. എന്നാല്‍ ചിത്രത്തിലെ ഒരു സീനിനുമേല്‍ സെന്‍സര്‍ബോര്‍ഡിന്റെ കത്രിക വീണപ്പോള്‍ അതിനെതിരെ ആരും ഒന്നും മിണ്ടിയില്ല. ഒരു പക്ഷേ സംവിധായകനും നിര്‍മാതാവും വരെ, ഒരു സംഭവമാകുമായിരുന്ന ആ ദൃശ്യം മുറിച്ചു മാറ്റപ്പെട്ടതില്‍ സന്തോഷിച്ചിരിക്കാം. കാരണം മലയാളിയുടെ സദാചാരത്തെപ്പറ്റിയും ദൃശ്യകാമനകളെപ്പറ്റിയുമെല്ലാം നന്നായറിയാവുന്നവരാണല്ലോ നമ്മുടെ സെന്‍സര്‍ ബോര്‍ഡ്‌!


മറവിരോഗത്തിലേക്കു സഞ്ചരിക്കുന്ന നായകന്‍ സുരതക്രിയക്കിടയില്‍ മറവിബാധിച്ച്‌ എഴുന്നേറ്റ്‌ ഒരു പല്ലിക്കു പിന്നാലെ പായുന്ന ദൃശ്യമാണ്‌ തിരക്കഥയില്‍ ബ്ലെസ്സി കരുതിവച്ചിരുന്നത്‌. മോഹന്‍ലാലും മീരാവാസുദേവും ഈ സീനില്‍ മടിയേതുമില്ലാതെ അഭിനയിക്കുകയും ചെയ്‌തു. ലാല്‍ അടിവസ്‌ത്രം മാത്രം ധരിച്ച്‌ ഈ പലതിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പൂര്‍ണനഗ്നനായി ക്യാമറക്കു മുന്നിലെത്തുന്നത്‌ ആദ്യമായിട്ടായിരുന്നു! മീരാവാസുദേവിന്റെ നഗ്നത എന്നതിലുപരി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറിന്റെ കലയോടുള്ള പ്രതിബദ്ധതയായിരുന്നു മലയാളിയുടെ ആകാംക്ഷ. പടം റിലീസായി കുറച്ചുനാള്‍ കഴിഞ്ഞുമാത്രമാണ്‌ മുറിച്ചു മാറ്റിയ ദൃശ്യത്തെപ്പറ്റി മലയാളി അറിഞ്ഞതും. അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവത്തില്‍ വെട്ടിമുറിക്കപ്പെടാത്ത തന്‍മാത്രയാണു പ്രദര്‍പ്പിച്ചത്‌. പ്രസ്‌തുത ദൃശ്യം കഴിഞ്ഞതേ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടു. ഒരു പക്ഷേ നേരത്തേ കണ്ട ഒരു ചിത്രം വീണ്ടും മുഴുവന്‍ കണ്ടിരിക്കാനുള്ള ക്ഷമയില്ലായ്‌മയായിരുന്നിരിക്കാം ഈ ഇറങ്ങിപ്പോക്കിനു കാരണമായത്‌!


11th മേളയില്‍ ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിനര്‍ഹമായ ജാപ്പനീസ്‌ ചിത്രമായ വിസ്‌പറിങ്ങ്‌ ഓഫ്‌ ദ്‌ ഗോഡ്‌ (തത്സുഷി ഒമേറി) പൂര്‍ണമായും ലൈംഗികതയിലധിഷ്‌ഠിതമായ സിനിമയായിരുന്നു. ബ്രഹ്മചര്യത്തിന്റെ കുപ്പായമിട്ട കപടആത്മീയതക്കുനേരേ ശകാരമായി മാറിയ ഈ സിനിമയില്‍ സ്‌ത്രീപുരുഷ ബന്ധത്തിലുപരി സ്വവര്‍ഗരതിക്കായിരുന്നു പ്രധാന്യം. ഒപ്പം മൃഗരതിയും, മൃഗവും മനുഷ്യനുമായുള്ള വദനക്രീഡയും കൂടിയായപ്പോള്‍ പൂര്‍ണം! ഭാര്യാഭര്‍ത്താക്കന്‍മാര്‍വരെ യാതൊരു ലിംഗവ്യത്യാസമോ ലൈംഗികദൃശ്യങ്ങള്‍ക്കു നേര്‍ക്കു പതിവുള്ള മുഖംചുളിക്കലോ ഇല്ലാതെ ചിത്രം രസിച്ചു കണ്ടു. വയലന്‍സിന്റെ കാര്യത്തിലും അത്ര പിന്നിലായിരുന്നില്ല മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം!


മുന്‍പൊരു തവണ ഇറോട്ടിക്‌ ടെയില്‍സ്‌ എന്ന ചിത്രം കാണാന്‍ തള്ളിക്കയറിയ പ്രേക്ഷകര്‍ തിയേറ്ററിന്റെ കതകുകള്‍ തല്ലിത്തകര്‍ത്തുവെന്നും പിയാനോ ടീച്ചര്‍ ചെറിയ തിയേറ്ററിനൊപ്പം വലുതില്‍കൂടി പ്രദര്‍ശിപ്പിക്കേണ്ടി വന്നുവെന്നതും വാര്‍ത്താ പ്രാധാന്യം നേടിയ കാര്യങ്ങളായിരുന്നു. പിന്നീട്‌ മേള അത്തരമൊരു സംഭവത്തിനും സാക്ഷ്യം വഹിക്കാതിരുന്നത്‌ സിനിമകളില്‍ നിന്നു ലൈംഗികത വഴിമാറിയിട്ടല്ല; മറിച്ച്‌ കാഴ്‌ചക്കാരന്റെ ദൃശ്യാസക്തിയില്‍ വന്ന നിയന്ത്രണമാണെങ്കില്‍ അതൊരു ശുഭസൂചനയാണ്‌.


സ്‌പാനിഷ്‌ ചിത്രം വോള്‍വര്‍ കാണാന്‍ കൃപ തിയേറ്ററില്‍ തടിച്ചുകൂടിയവര്‍ നിരാശരായത്‌ സാങ്കേതികപ്പിഴവുമൂലം മാത്രമായിരുന്നു. അല്‍പസ്വല്‍പം അസ്വാരസ്യങ്ങളുണ്ടായെങ്കിലും സംഘാടകരുടെ മറുപടിയും വിശദീകരണവും മാനിച്ച്‌ കാണികള്‍ ശാന്തരായി. പിറ്റേന്ന്‌ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയായിരുന്നു വിചിത്രം. 'ചൂടന്‍' രംഗങ്ങള്‍ കാണാന്‍ കാത്തിരുന്നവര്‍ നിരാശരായെന്നും ഒടുവില്‍ അവര്‍ 'ചൂടാ'യെന്നും ചിലര്‍ സംഘാടകന്‍ കൂടിയായ മലയാള സംവിധായകന്‍ കമലിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചെന്നുവരെ അച്ചു നിരത്തി. സംഭവമതല്ലായിരുന്നെന്ന്‌ തിയേറ്ററിലുണ്ടായിരുന്നവര്‍ക്കറിയാം. പിറ്റേന്ന്‌ മേളയിലെ ചിത്രങ്ങളിലെ അശ്ലീലത്തെപ്പറ്റി അഞ്ചുകോളത്തില്‍ വിസ്‌തരിച്ച ഈ പത്രം അല്‍പം കൂടി കടന്നെഴുതി. വോള്‍വര്‍ കാണാനെത്തിയവരൊക്കെ 'ചൂടന്‍' കാണാന്‍ ലക്ഷ്യമിട്ടു വന്ന ബുദ്ധിജീവികളാണെന്നും കാണേണ്ടതൊന്നും കാണാന്‍പറ്റാതെ വന്നപ്പോഴാണ്‌ പ്രേക്ഷകര്‍ ക്ഷുഭിതരായതെന്നുമായിരുന്നു കണ്ടെത്തല്‍. ഷക്കീലപ്പടങ്ങളുടെ പിന്‍വാങ്ങലാണ്‌ അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവത്തിന്റെ തിരക്കിനു കാരണമെന്നുവരെ ഈ പത്രം കണ്ടെത്തി!


എന്നാല്‍ ഈ വാര്‍ത്ത വന്ന ദിവസമാണ്‌ വോള്‍വര്‍ പ്രദര്‍പ്പിച്ചത്‌. സാങ്കേതികത്തകരാറുമൂലം ആദ്യദിവസം വോള്‍വര്‍ പ്രദര്‍ശിപ്പിച്ചില്ല എന്നറിയാതെപോയത്‌ ഓഫിസിലിരുന്നു വാര്‍ത്ത പടച്ചതുകൊണ്ടായിരുന്നു. ലേഖകന്റെ കാഴ്‌ചപ്പാടിലുള്ള ചൂടന്‍ രംഗങ്ങളൊന്നും ഈ സിനിമയിലുണ്ടായിരുന്നില്ലെന്നുകൂടി അറിയുമ്പോള്‍ മേള നടക്കുന്നിടത്തെത്താതെ വാര്‍ത്ത തയ്യാറാക്കുന്ന പത്രപ്രവര്‍ത്തകന്റെ ഉളുപ്പില്ലായ്‌മയെ സ്‌തുതിക്കാതെ വയ്യ.
വോള്‍വറില്‍ ലൈംഗികരംഗങ്ങളില്ലെന്ന കാര്യം പ്രേക്ഷകരില്‍ മിക്കവര്‍ക്കും മുന്‍കൂട്ടിയറിയാമായിരുന്നതിനാല്‍ യഥാര്‍ഥ കാഴ്‌ചക്കാരനെത്തിയത്‌ പെട്രോ അല്‍മദോറിന്റെ ഈ സിനിമ ആസ്വദിക്കാന്‍ മാത്രമായിരുന്നു. പക്ഷേ ക്ഷീരമുള്ള അകിടിന്‍ചുവട്ടില്‍ ലൈംഗികദൃഷ്‌ടിയോടെമാത്രം നോക്കിനില്‍ക്കുന്നവര്‍ ഈ ആസ്വാദകരെയാകമാനം അപമാനിക്കുകയാണു ചെയ്‌തത്‌!
കഴിഞ്ഞ വര്‍ഷത്തെ (12-ാമത്‌) മേളയില്‍ അല്‍മദോവറിന്റെ പത്തിലധികം സിനിമകളുണ്ടായിരുന്നു. ഇതില്‍ പലതും ലൈംഗികതയുടെ അതിപ്രസരമുള്ളവയായിരുന്നു. നമുക്കിത്‌ പുതുമയാകാം. കാരണം ഇതൊക്കെ കാണാന്‍ ബ്‌ളൂടൂത്ത്‌ വന്നിട്ട്‌ അധികകാലമായില്ലല്ലോ?.!


അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവം മലയാളിക്കു തുണ്ടു പടം കാണാനുള്ള അവസരമാണെന്നു കരുതുന്നവര്‍ നിരവധിയാണ്‌. ഈ സിനിമകളിലൊക്കെ ലൈംഗികത ധാരാളമുണ്ടെന്നൊരു വിശ്വാസവും സാധാരണക്കാരായ മലയാളിക്കുണ്ടെന്നതും സത്യമാണ്‌. വിസ്‌പറിങ്ങ്‌ ഓഫ്‌ ദ്‌ ഗോഡ്‌സും കികയും പോലുള്ള ചുരുക്കം ചില ചിത്രങ്ങള്‍ ഇതു ശരിവയ്‌ക്കുകയും ചെയ്യുന്നു. പ്രസ്‌തുത ചിത്രങ്ങളില്‍ മുഖ്യകഥാപാത്രങ്ങള്‍ തന്നെയാണ്‌ ഇത്തരം രംഗങ്ങളില്‍ മറകൂടാതെയെത്തുന്നത്‌. ഇന്ത്യന്‍ സിനിമയിലാകട്ടെ മുഖ്യധാരക്കാരാരെങ്കിലും ഇത്തരമൊരു രംഗത്തില്‍ അഭിനയിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍കൂടി നാം തയ്യാറല്ല. നയന്‍താരയും മറ്റും ചെറിയ അപവാദങ്ങളാണ്‌. ഇവിടെ വയലന്‍സ്‌ സിനിമയുടെ ഭാഗമായാലും അത്രയും അപകടകരമല്ലാത്ത ലൈംഗികത നാം അനുവദിച്ചുകൊടുക്കുകയില്ല. ലൈംഗികസിനിമകള്‍ ആവശ്യമുള്ളവര്‍ക്ക്‌ പലകാലത്തും അതിനായിമാത്രം പടച്ചു വിടുന്ന സിനിമകളുണ്ടായിരുന്നു. അതിനായിമാത്രം പിറവികൊണ്ട താരങ്ങളുമുണ്ടായിരുന്നു.


നായികമാര്‍ ശരീരം കാണിക്കുമ്പോള്‍ അത്‌ ഗ്ലാമര്‍ മാത്രമായി. അവര്‍ കേവലം പ്രേക്ഷകരെ ലക്ഷ്യമിട്ട്‌ അല്‍പവസ്‌ത്രധാരികളായപ്പോള്‍ നമുക്ക്‌ സ്‌ത്രീശരീരം വെറും വില്‍പന വസ്‌തുവും മറച്ചു വയ്‌ക്കപ്പെടുന്നതെല്ലാം താക്കോല്‍ദ്വാരത്തിലൂടെ കാണാനുള്ള പ്രചോദനത്തിന്റെ ആദ്യപഴുതുമായിമാറി. നടിമാരുടെ തലവെട്ടിയൊട്ടിച്ചും അല്ലാതെയും നീലകളിറങ്ങി. അവരെപ്പറ്റിയുള്ള ഗോസിപ്പുകള്‍ കേട്ട്‌ നാം സംതൃപ്‌തരായി. ഇതിനിടയില്‍ എന്നോ കമലാഹാസനും കലാഭവന്‍മണിയും വസ്‌ത്രമുരിഞ്ഞപ്പോള്‍ അതൊക്കെ ഞെട്ടിക്കുന്ന വാര്‍ത്തയായും മാറി. ഒടുവില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ മീരവാസുദേവുമൊത്ത്‌ നടിച്ചപ്പോള്‍ കാണാനാകാത്തവനു നിരാശയും കണ്ടവന്‌ ഒരു നിശ്വാസവും.


ഡുക്കിന്റെ ദ്‌ ബോ പോലൊരു സിനിമ മലയാളത്തിലെടുക്കാന്‍ സംവിധായകരാരെങ്കിലും തുനിഞ്ഞാല്‍ അതില്‍ നടിക്കാന്‍ ഏതെങ്കിലും മുഖ്യധാരാനടി തയ്യാറാകുമോ എന്നു സംശയമാണ്‌. അഥവാ അതു യാഥാര്‍ഥ്യമായാല്‍ നമ്മുടെ സെന്‍സര്‍ബോര്‍ഡിന്റെ കത്രികമൂര്‍ച്ചയില്‍ അറ്റുവീഴും. ആ ദൃശ്യം കാണാന്‍ മറ്റൊരു ചലച്ചിത്രമേളക്കായി നാം കാത്തിരിക്കേണ്ടിയും വരും!
11-ാംമേളയിലുണ്ടായിരുന്ന സൈറ എന്ന സിനിമക്ക്‌ മൃഗസംരക്ഷണവകുപ്പിന്റെ പച്ചക്കൊടി കിട്ടാന്‍ സംവിധായകന്‍ അനുഭവിച്ച ത്യാഗവും നാം വായിച്ചറിഞ്ഞതാണ്‌. സെന്‍സര്‍മാര്‍ക്ക്‌ ഇപ്പോള്‍ മൃഗങ്ങളുടെ ദു:ഖവും ഒരു പ്രശ്‌നമാണ്‌! എന്നാല്‍ വിസ്‌പറിങ്ങ്‌ ഓഫ്‌ ദ്‌ ഗോഡില്‍ ലൈംഗികവൃത്തിയിലേര്‍പ്പെടുന്ന പന്നിയുടെ ലിഗം മുറിച്ചുമാറ്റുന്നതും മറ്റൊന്നിനെ തലക്കടിച്ചുകൊന്ന്‌ തുണ്ടം തുണ്ടമാക്കുന്നതും അന്താരാഷ്‌ട്രസിനിമകള്‍ക്കുമാത്രം സ്വന്തം!


അന്യരായ ആണും പെണ്ണും തൊട്ടുതൊട്ടിരുന്ന്‌ സിനിമകാണുന്നത്‌ ഒരു പക്ഷേ നമ്മുടെ നാട്ടില്‍ ചലച്ചിത്രോല്‍സവത്തിനു മാത്രമായിരിക്കാം. അത്‌ ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമയായാലും അടുത്തിരിക്കുന്നവര്‍ക്കു നേരേ ആക്രമണങ്ങളുണ്ടായതായി കേട്ടിട്ടില്ല. പടം കഴിഞ്ഞ്‌ വെളിച്ചത്തിറങ്ങുമ്പോഴും കണ്ടിറങ്ങിയത്‌ ഒരു 'എ' പടമാണെന്ന ചമ്മലും ആരുടേയും മുഖത്തു കാണാറില്ല. എന്നാല്‍ മലയാളത്തിലിറങ്ങുന്ന ഒരു സിനിമയിലെങ്ങാന്‍ ഇത്തരമൊരു ദൃശ്യം പ്രത്യക്ഷപ്പെട്ടാല്‍ തിയേറ്ററില്‍ അസ്വാരസ്യമുയരും. തന്മാത്രയിലെ പല രംഗങ്ങളും കുടുംബപ്രേക്ഷകര്‍ക്ക്‌ അരോചകമായെന്ന ആക്ഷേപം ശ്രദ്ധിക്കുക. പെണ്ണിന്‌ ഒരു സംരക്ഷണവലയമില്ലാതെ തിയേറ്ററില്‍ പോകാന്‍ കഴിയാത്ത ഇക്കാലത്തു പ്രത്യേകിച്ചും. അതുകൊണ്ടുതന്നെയാണ്‌ ഒരു അവളുടെ രാവുകളെങ്കിലും മലയാളത്തില്‍ വീണ്ടും സംഭവിക്കാത്തത്‌!
ലൈംഗികതയുടെ കാര്യത്തില്‍ മലയാളിയുടെ മുഖംമൂടിയാണോ അതോ യഥാര്‍ഥ വ്യക്തിത്വമാണോ രാജ്യാന്തരചലച്ചിത്രമേളയില്‍ കാണുന്നത്‌. മേളയില്‍ പരസ്യമായി വന്നിരുന്ന്‌ ലൈംഗിക രംഗങ്ങള്‍ കാണുന്നവരൊന്നും മറ്റൊരവസരത്തില്‍ തിയേറ്ററില്‍പോയി ലൈംഗികരംഗങ്ങള്‍ കാണുമെന്നു വിശ്വസിക്കുക വയ്യ. അതേ സമയം തിയേറ്ററില്‍പോയി 'എ' പടങ്ങള്‍ കാണുന്നവര്‍ ചലച്ചിത്രോല്‍സവത്തിനെത്തുമെന്നും കരുതുക വയ്യ. എന്നാല്‍ ഇവരില്‍ പലരും വീട്ടിലേയോ ഓഫിസിലേയോ സ്വകാര്യതയില്‍ മൊബൈലുകളിലൂടെ വരുന്ന തുണ്ടുകള്‍ ആസ്വദിക്കുന്നുമുണ്ടാകും. കാരണം അവന്റെ രക്തത്തിന്റെ ഭാഗമാണല്ലോ ഇത്‌!


വോള്‍വറിന്റെ പ്രദര്‍ശനം സാങ്കേതിക തകരാര്‍മൂലം തടസ്സപ്പെട്ടപ്പോള്‍ ഉച്ചത്തില്‍ കൂവുകയും ഉറക്കെ പ്രതികരിക്കുകയും ചെയ്‌ത ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക്‌ ആണ്‍കുട്ടികളില്‍ ചിലര്‍ വിവിധ കമന്റുകളുമായി ചാടിയെത്തിയെങ്കിലും നാക്കിന്റെ ബലത്തില്‍ ആ ഡെലിഗേറ്റ്‌ പിടിച്ചു നിന്നു. തിയേറ്ററില്‍ വെളിച്ചം തെളിഞ്ഞപ്പോള്‍ യാതൊരു ചമ്മലുമില്ലാതെ അസ്സല്‍ പെണ്‍കുട്ടിയായി അവള്‍ തിയേറ്റര്‍ വിട്ടിറങ്ങുകയും ചെയ്‌തു. ഇത്തരമൊരു തന്റേടം എല്ലായിടത്തും കാട്ടാന്‍ പെണ്‍കുട്ടികള്‍ തയാറായാല്‍ നമ്മുടെ സ്‌ത്രീപുരുഷ സങ്കല്‍പവും രാജ്യാന്തരനിലവാരത്തിലേക്കുയരും!

മുറിച്ചുമാറ്റാത്തത്‌: തന്മാത്രയുടെ യഥാര്‍ഥ രൂപം കാണാന്‍ പ്രേക്ഷകര്‍ ഇടിച്ചു കയറിയെന്നറിഞ്ഞപ്പോള്‍, ഈ പ്രിന്റ്‌ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഫിലിം സൊസൈറ്റികള്‍ക്കു കിട്ടിയാല്‍ കടം മുഴുവന്‍ വീട്ടാമായിരുന്നുവെന്ന്‌, ജീവശ്വാസം വലിക്കുന്ന ഒരു ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകന്‍?..
-

5 comments:

  1. പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 12ന്‌ തിരുവനന്തപുരത്ത്‌ തുടങ്ങുന്നു. മേളയെപ്പറ്റിയുള്ള ചിന്തകളുമായി പുതിയ പോസ്‌റ്റ്‌

    ReplyDelete
  2. ചലച്ചിത്രമേള ഒരു വികാരമാണ്. വിവിധരാജ്യങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിയ അനുഭൂതി. പലപ്പോഴും ഞാനും ഈ കമന്റ് കേട്ടിട്ടുണ്ട്, കത്രിക വീഴാത്ത ചിത്രം കാണുവാനല്ലേ പോവുന്നതെന്ന്... അവരോടൊക്കെ എനിക്കൊന്നേ അപ്പോളൊക്കെ പറയുവാനുണ്ടായിരുന്നുള്ളൂ; “ഒന്നു വന്ന് ഒരു ചിത്രം കണ്ടുനോക്കൂ...” എന്ന്. ചലച്ചിത്രോത്സവം എന്താണെന്ന് അറിയാത്തവരോട് കാര്യം വിശദീകരിച്ചിട്ടു കാര്യമില്ല...

    പിന്നെ, ലൈംഗികരംഗങ്ങള്‍ ലാക്കാക്കി വരുന്നവരുമുണ്ട്. ചൂടന്‍ രംഗങ്ങളില്ലെങ്കിലും, ചൂടന്‍ രംഗങ്ങള്‍ക്കിടയില്‍ കഥ വരുമ്പോഴുമൊക്കെ ചിലപ്പോഴെങ്കിലും തിയേറ്ററില്‍ മുറുമുറുപ്പുയരാറുണ്ട്... അത് തെറ്റാണെന്ന് കല്പിക്കേണ്ടതുണ്ടോ? അങ്ങിനെ കാണുവാന്‍ അവസരമാണ്, അത് കാണണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, കാണട്ടേയെന്നേ... ആര്‍ക്കു ചേതം!

    ഏതായാലും ഉത്സവത്തിന്റെ ഓര്‍മ്മകള്‍ കൂടുതുറന്നു വിടുവാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു... ഇനിയുമുണ്ടല്ലോ മൂന്നുനാലാഴ്ച എന്നാണ് ഇപ്പോള്‍ സങ്കടം!
    --

    ReplyDelete
  3. ചലച്ചിത്രമേള ഒരു വികാരമാണെന്ന് ഹരി പറഞ്ഞത് വളരെ ശരിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന രചനകളിലൂടെ ചലച്ചിത്രമെന്ന കലയുടെ സൌന്ദര്യത്തെ അടുത്തറിയാന്‍ സഹായിക്കുന്നു ഓരോ മേളയും. പിന്നെ സെന്‍സര്‍ ചെയ്യാത്ത പടങ്ങള്‍ കാണാന്‍ സെന്‍സര്‍ഷിപ്പു നിലവിലുള്ള ഒരു രാജ്യത്തെ കാണികള്‍ക്കു സ്വാഭാവികമായും ഒരു ആഗ്രഹമുണ്ടാകുമല്ലൊ. ഏതെല്ലാം പടങ്ങളിലാണ് ‘ചൂടന്‍’ രംഗങ്ങളുള്ളെന്നത് മണത്തറിയാന്‍ നമ്മുടെ ആളുകള്‍ക്ക് ഘ്രാണ ശക്തി കൂടും. ഇതൊന്നും മേളകളുടെ പ്രാധാന്യത്തിന് ഒരു പ്രശ്നമാകുന്നില്ല എന്നതാണ് സത്യം.

    ReplyDelete
  4. ഫിലിം ഫെസ്റ്റിവല്‍ ഇനെ പറ്റി ഉള്ള ധാരണ ആയി പോയി ഇതു ....
    കത്രിക വെക്കാത്ത ചിത്രങ്ങള്‍ കാണാന്‍ ..അല്ലെങ്കില്‍ ഉറക്കം തുങ്ങി ചിത്രങ്ങള്‍ കാണാന്‍ എന്ന് .രണ്ടിനോടും പ്രതികരിക്കുന്നത് പണ്ടെ നിര്ത്തി ..... തിരക് കൂടി കൂടി സമാധാനം ആയി ചിത്രങ്ങള്‍ കാണാന്‍ പോലും ആകാതെ ആയി. പിന്നെ പുതിയ സംഭവം എന്താണ് എന്ന് വെച്ചാല്‍ കൂവല്‍ ഫെസ്റ്റിവലിലും തുടങ്ങി .


    ഓടോ : കഴിഞ്ഞ തവണ bad education കണ്ടു ഇറങ്ങുമ്പോള്‍ കേട്ട ഒരു കമന്റ് ഇപ്പോളും ചെവിയില്‍ ഉണ്ട് "നാണം ഇല്ലെ ഇവനൊന്നും ഇതു പോലുള്ള ചിത്രങ്ങള്‍ എടുക്കാന്‍" എന്ന് . ആ സമയത്തു സത്യത്തില്‍ അവനെ പോയി ഒന്നു തല്ലിയാലോ എന്ന് പോലും ഞാന്‍ വിചാരിച്ചതാണ് .

    ഇത്തവണ signature ഫിലിം എന്താകുമോ എന്തോ ?

    ReplyDelete
  5. നന്ദി ഹരി, നവരുചിയന്‍, മോഹന്‍....

    ഫെസ്റ്റിവല്‍ സെലക്ഷന്‍ മുതല്‍ തന്നെ ബഹളമയമായിക്കഴിഞ്ഞു. മല്‍സര വിഭാഗത്തില്‍ ആകാശഗോപുരവും അടയാളങ്ങളുമാണുള്ളത്‌. കഴിഞ്ഞതവണത്തെ സ്ഥിതി തന്നെ.... മലയാളത്തിനു മാന്യമായി നാണംകെടാം.... (ചിലപ്പോള്‍ ആകാശഗോപുരത്തിന്‌ സുവര്‍ണമയൂരം കിട്ടാന്‍ സാധ്യതയുണ്ട്‌. കാരണം വിധികര്‍ത്താക്കള്‍ കാണുന്നത്‌ സബ്‌ടൈറ്റിലുകളാണ്‌. അത്‌ ഇബ്‌സന്റെ അതേ സംഭാഷണങ്ങളായാല്‍.. എപ്പടി...
    ഇത്തവണ സിഗ്നേച്വര്‍ ഫിലിം കെ. എസ്‌. എഫ്‌. ഡി. സിയാണ്‌ തയ്യാറാക്കുന്നത്‌.. നമുക്കു കാത്തിരുന്നു കാണാം....

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed