Sunday, February 17, 2008

പേടിക്കുക ഫ്‌ളാഷിനെ


മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു ഫ്‌ളാഷ്‌. ഒരു കാലത്ത്‌ വലിയ സംഭവങ്ങളും മഹാന്‍മാരുടെ മരണവും മാത്രമായിരുന്നു ഈ വിശേഷണത്തിനു പിന്നാലെ സ്വീകരണ മുറിയില്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന്‌ ഏതു സംഭവവും ഫ്‌ളാഷാണ്‌! ചാനല്‍ യുദ്ധത്തിനിടയില്‍ ഒരടി മുന്നില്‍ നില്‍ക്കണമെങ്കില്‍ സംഭവം നടന്നു മൂന്നാം മിനിട്ടില്‍ അത്‌ ചാനലിന്റെ ചുവട്ടില്‍ ഒരു മിന്നലായി എത്തിയിരിക്കണം. വാര്‍ത്തയുടെ വിശദാംശങ്ങളോ ദൃശ്യങ്ങളോ അല്ല നമുക്കാവശ്യം, ഫ്‌ളാഷ്‌ മാത്രമാണ്‌!
കഴിഞ്ഞദിവസം ചാനലുകള്‍ക്കു തിരുത്തല്‍ നല്‍കേണ്ടിവന്ന ഒരു ഫ്‌ളാഷ്‌ സംഭവിച്ചു. എച്ച്‌. ഐ. ഒി. ബാധിതയായ ബെന്‍സി മരിച്ചുവെന്ന വാര്‍ത്തയായിരുന്നു അത്‌. ബെന്‍സിയുടെ പഴയകഥകള്‍വരെ ചില ചാനലുകള്‍ വിളമ്പിക്കഴിഞ്ഞാണ്‌ വാര്‍ത്ത ശരിയല്ലെന്ന വിവരം അറിയുന്നത്‌. ഒരു സംഭവമറിഞ്ഞാല്‍ ശരിയോ തെറ്റോ എന്നറിയാതെ വിളമ്പുന്നതുകൊണ്ട്‌ ആരൊക്കെയാണു ബുദ്ധിമുട്ടുന്നത്‌.
കുറച്ചുകാലം മുമ്പാണ്‌. അന്ന്‌ മലയാളത്തില്‍ ന്യൂസ്‌ ചാനലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇടുക്കി ജില്ലയിലെ ഒരു കുഗ്രാമത്തില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ ഒരാള്‍ മരിച്ചു. ഏതോ ഷാപ്പില്‍ നിന്നു നന്നായി മദ്യപിച്ചെത്തുകയും വീട്ടില്‍ വന്നിരുന്നു മദ്യപിക്കുകയും ചെയ്‌ത ഗൃഹനാഥന്‍ അല്‍പ സമയത്തിനുള്ളില്‍ തളര്‍ന്നു വീഴുകയായിരുന്നു. സംഭവമുണ്ടായ ഉടനേ സ്ഥലത്തെ ഒരു പ്രധാന പയ്യന്‍സ്‌ തനിക്ക്‌ അടുത്തറിയാവുന്ന ചാനല്‍ റിപ്പോര്‍ട്ടറെ വിളിച്ചു- ഒരാള്‍ മരിച്ചിരിക്കുന്നു, മദ്യപിച്ചുവന്നശേഷം തളര്‍ന്നു വീണതാണ്‌, വിഷമദ്യമാണോ എന്നു സംശയമുണ്ട്‌! സംശയദുരീകരണത്തിന്‌ റിപ്പോര്‍ട്ടര്‍ക്കു മുന്നില്‍ മാര്‍ഗമില്ല. സ്ഥലത്തെത്തണമെങ്കില്‍ ഒരു മണിക്കൂറിലധികം യാത്രചെയ്യണം. പൊലീസ്‌ എത്തി എഫ്‌.ഐ.ആര്‍ തയ്യാറാക്കുന്നതുവരെ കാക്കാന്‍ താന്‍ പത്രറിപ്പോര്‍ട്ടറല്ല, ചാനല്‍ ലേഖകനാണ്‌!
അദ്ദേഹം ഉണര്‍ന്നു. നിമിഷങ്ങള്‍ക്കകം ചാനലില്‍ ഫ്‌ളാഷെത്തി-
'ഇടുക്കിയില്‍ വ്യാജമദ്യം കഴിച്ച്‌ ഒരാള്‍ മരിച്ചു...'
നാട്ടുകാരുടെ പ്രചാരണത്തിനു പിന്നാലെ ചാനലില്‍ ഫ്‌ളാഷ്‌ വരികകൂടി ചെയ്‌തതോടെ നാട്ടിലാകെ പരിഭ്രാന്തി. പത്രം ഓഫിസുകളില്‍ നിന്ന്‌ പ്രാദേശികലേഖകരെ വിളിക്കാന്‍ തുടങ്ങി. ജനപ്രതിനിധികള്‍ ബന്ധപ്പെട്ടു തുടങ്ങി. പക്ഷേ ചാനലിനു പിഴച്ചില്ല. മണിക്കൂറുകള്‍ക്കകം പ്രസ്‌തുത മദ്യഷാപ്പില്‍ നിന്ന്‌ ഒന്നു വീശിയവരൊക്കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു! ചിലര്‍ക്കു കാഴ്‌ചക്കു മങ്ങല്‍, മറ്റു ചിലര്‍ക്കു കേള്‍വിക്കെന്തോ കുഴപ്പം പോലെ? ചാനലിലെ ഫ്‌ളാഷിനു നീളം കൂടി. വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടു ചെയ്‌ത ലേഖകന്‌ അഭിനന്ദന പ്രവാഹം!
കുഴപ്പത്തിലായത്‌ പത്രലേഖകരാണ്‌. ചാനല്‍ വാര്‍ത്ത കണ്ടതോടെ ജാഗരൂകരായ പൊലീസും മറ്റും ഷാപ്പ്‌ അടപ്പിച്ചു; നല്ല കാര്യം! വിഷമദ്യം കഴിച്ചവരെ ചികില്‍സിച്ച ഡോക്‌ടര്‍മാരും പൊലീസും ഒന്നും പറയുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിയുംവരെ കാക്കണമെന്നു പൊലീസ്‌. പക്ഷേ, വൈകിട്ടു പത്രത്തിനു വാര്‍ത്ത നല്‍കേണ്ട ലേഖകന്‍മാര്‍ക്ക്‌ കാത്തിരിക്കാനാകില്ലല്ലോ! അവരും ഊഹാപോഹങ്ങളെ കൂട്ടുപിടിച്ചു- ഗൃഹനാഥന്‍മരിച്ചു, വിഷമദ്യമെന്നു സംശയം.
പിറ്റേന്നു രാവിലെ മറ്റുള്ളവരുടെ അവസ്ഥതേടി ഫോളോ അപ്പ്‌ തയ്യാറാക്കാന്‍ ആശുപത്രിയിലെത്തിയ പത്രലേഖകര്‍ ഞെട്ടി. കട്ടിലുകള്‍ കാലി!
അന്വേഷിച്ചപ്പോള്‍ ഡോക്‌ടര്‍ ചിരിച്ചു. എല്ലാവരും പേടിച്ചെത്തിയതായിരുന്നു! ചിലര്‍ക്ക്‌ അമിത മദ്യപാനത്തിന്റെ പ്രശ്‌നവും.. ആരും വിഷമദ്യമൊന്നും കഴിച്ചിരുന്നില്ല.
പിന്നെ അവരുടെ അന്വേഷണം പൊലീസിനോടായി. ഒടുവില്‍ അവരും മൗനം ഭഞ്‌ജിച്ചു. മരണകാരണം വിഷമദ്യമല്ല. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന്‌, വീട്ടിലെത്തി മദ്യത്തില്‍ വിഷം കലക്കി കുടിച്ച്‌ ആത്മഹത്യ ചെയ്‌തതായിരുന്നു! ചാനലുകാര്‍ പറഞ്ഞതുകൊണ്ട്‌ പൊലീസിനും ചെറിയൊരു സംശയം തോന്നി വിഷമദ്യമാണോ എന്ന്‌. ചാനല്‍ വാര്‍ത്തയും നാട്ടാരുടെ പ്രചാരണവും കേട്ടു ഭയന്നാണ്‌ ഒപ്പം കഴിച്ചവര്‍ ആശുപത്രിയെ അഭയം പ്രാപിച്ചത്‌. പൊലീസ്‌ കേസെടുത്തതും ആത്മഹത്യ എന്ന പേരിലായിരുന്നു. അപ്പോഴേക്കും ചാനല്‍ ഈ സംഭവം മറന്നു, മറ്റെന്തൊക്കെയോ ഫ്‌ളാഷുകള്‍ക്കു പിന്നാലെയായിരുന്നു അവര്‍.
വാര്‍ത്താ ചാനലുകള്‍ വ്യാപകമായ ശേഷം ഒരു സന്ധ്യക്ക്‌ ഇടുക്കി ജില്ലയില്‍ നിന്നു തന്നെയുള്ള മറ്റൊരു ഫ്‌ളാഷ്‌ കാണുക- 'തൊടുപുഴയില്‍ ബസ്‌ മറിഞ്ഞു, 21 പേര്‍ക്കു പരുക്ക്‌, രണ്ടു പേരുടെ നില ഗുരുതരം.' ഒരു ചാനലില്‍ വേഗത്തില്‍ ഇക്കാര്യം പ്രേക്ഷകരിലൂടെ കടന്നു പോകുന്നു, വിശദാംശങ്ങള്‍ ഏതെങ്കിലും ചാനലിലുണ്ടോ എന്നറിയാന്‍ പ്രേക്ഷകര്‍ റിമോട്ടില്‍ ഞെക്കിക്കൊണ്ടിരുന്നു. അല്‍പനേരത്തിനു ശേഷം അടുത്ത ചാനലില്‍ ഗുരുതര പരുക്ക്‌ മൂന്നു പേര്‍ക്കായി! പരുക്കേറ്റവരുടെ ആകെ എണ്ണത്തില്‍ വര്‍ധനവില്ല. വൈകിട്ട്‌ ഏഴു മണിയോടെയാണ്‌ ഈ ഫ്‌ളാഷുകള്‍ ചാനലുകളില്‍ വന്നതെന്നോര്‍ക്കണം. ഒടുവില്‍ അപകടത്തിന്റെ വിശദ വിവരം അറിയാന്‍ പത്രം ഓഫിസില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷന്‍. ഉച്ചക്കു രണ്ടു മണിയോടെ ഒരു ബസ്‌ പാടത്തേക്കൊന്നു ചരിഞ്ഞിരുന്നു. ആര്‍ക്കും കാര്യമായ പരുക്കില്ല! മാത്രമല്ല, ബസില്‍ ആകെയുണ്ടായിരുന്നത്‌ 20ല്‍ താഴെ യാത്രക്കാരാണ്‌! സംഭവം നടന്ന്‌ മണിക്കൂറുകള്‍ക്കുശേഷം വാര്‍ത്ത ഫ്‌ളാഷായി എത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്നവര്‍ പൊടിയും തട്ടി വീട്ടിലെത്തിയിരുന്നു!
ഒരു ചാനലില്‍ അപകടത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റുവെന്ന വാര്‍ത്ത ഫ്‌ളാഷാക്കുമ്പോള്‍ അടുത്ത ചാനലിനിത്‌ ഒന്നാക്കി കുറച്ചാല്‍ വില പോകും. സ്വാഭാവികമായും അവര്‍ എണ്ണം കൂട്ടും, ആരേയും കൊല്ലില്ലെന്നു മാത്രം. നിജസ്ഥിതി അറിഞ്ഞു കഴിഞ്ഞാലും ബസ്‌ മറിഞ്ഞു, ആര്‍ക്കും പരുക്കില്ലെന്നു കൊടുത്താല്‍ അത്‌ ഫ്‌ളാഷാകില്ലെന്നതിനാല്‍ അവര്‍ക്കതു ബോധപൂര്‍വ്വം തമസ്‌കരിക്കേണ്ടി വരുന്നു!
മുന്‍ രാഷ്‌ട്രപതി കെ.ആര്‍.നാരായണന്‍ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടന്നപ്പോഴും ഈ ചാനല്‍ഗുസ്‌തി നമ്മള്‍ കണ്ടതാണ്‌. അദ്ദേഹം മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്നേ മരിച്ചതായി ഫ്‌ളാഷെത്തി! സൈറനുള്ള പല നഗരങ്ങളും ഇതു കണ്ട്‌ ദുഖസൂചകമായി മൂന്നു വട്ടം കൂകി. വൈകാതെ, ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരം തെറ്റായിരുന്നെന്നും അദ്ദേഹം മരിച്ചില്ലെന്നും ഫ്‌ളാഷ്‌ വന്നെങ്കിലും കൂകിയതു തിരിച്ചെടുക്കാന്‍ അവര്‍ക്കാകില്ലല്ലോ! സംഭവത്തിലെ വ്യക്തി കെ.ആര്‍.നാരായണന്‍ ആയിരുന്നതിനാല്‍ മാത്രമാണ്‌ ഇത്തരമൊരു തിരുത്ത്‌ വന്നതെന്നോര്‍ക്കണം. ന്യൂസ്‌ ചാനലുകള്‍ പെരുകിയതോടെ 24 മണിക്കൂറും ഫ്‌ളാഷിന്റെ ബഹളമാണ്‌. ചാനലിലെ ഏതു പരിപാടിക്കിടയിലും ഫ്‌ളാഷുകള്‍ പാഞ്ഞു പൊയ്‌ക്കൊണ്ടിരിക്കും. ഇതിനിടയില്‍ പ്രത്യേകിച്ചെന്തെങ്കിലും സംഭവിച്ചാല്‍ അത്‌ ബ്രേക്കിങ്‌ ന്യൂസായാണ്‌ പുറത്തു വരിക. പ്രശസ്‌ത എഴുത്തുകാരന്‍ ഒ.വി.വിജയന്‍ മരിച്ച വാര്‍ത്തയെത്തി മണിക്കൂറുകള്‍ക്കു ശേഷം ഒരു ന്യൂസ്‌ ചാനലില്‍ പെട്ടെന്നൊരു ബ്രേക്കിങ്‌ ന്യൂസ്‌ പ്രത്യക്ഷപ്പെട്ടു- ഒ.വി.വിജയന്റെ സംസ്‌കാരം നാളെ നടക്കും!
വാര്‍ത്തകള്‍ക്കു മാത്രമായി ചാനലുകള്‍ വന്നതോടെ എന്റര്‍ടെയിന്റ്‌മെന്റ്‌ ചാനലുകളില്‍ ഫ്‌ളാഷിന്റെ അതിപ്രസരം കാണാനില്ല. വാര്‍ത്തകള്‍ അറിയേണ്ടവര്‍ സദാസമയം ന്യൂസ്‌ ചാനലുകള്‍ വച്ചുകൊള്ളാനാണ്‌ അവരുടെ നിലപാട്‌. എന്തെങ്കിലും വന്‍ സംഭവമുണ്ടായാല്‍ മാത്രമാണ്‌ അവര്‍ ഫ്‌ളാഷ്‌ പുറത്തെടുക്കുകയുള്ളു! തങ്ങള്‍ സംപ്രേഷണം ചെയ്യുന്ന വിനോദ പരിപാടിക്കിടയില്‍ എന്തെങ്കിലും സംഭവത്തിന്റെ ഫ്‌ളാഷ്‌ കാണിച്ചാല്‍ പ്രേക്ഷകര്‍ വിനോദം വിട്ട്‌ വിശദാംശങ്ങളറിയാന്‍ ന്യൂസ്‌ ചാനലിലേക്കു റിമോട്ടുമായി പോകുമെന്ന ഭയമാണ്‌ ഇതിനു കാരണം. സീരിയലിനും മിമിക്രിക്കും ഫോണ്‍-ഇന്‍ പരിപാടിക്കും പ്രേക്ഷകര്‍കുറഞ്ഞാല്‍ അതു ചാനലിനെ മൊത്തത്തിലായിരിക്കുമല്ലോ ബാധിക്കുക!
പത്രങ്ങള്‍ മാത്രം വാര്‍ത്ത തയ്യാറാക്കിയിരുന്ന കാലത്ത്‌ പൊലീസും ആശുപത്രിയും പോലെ സ്ഥിരീകരിക്കാവുന്ന കേന്ദ്രങ്ങളില്‍ അന്വേഷിച്ചും നേരിട്ടു കാര്യങ്ങള്‍ തിരക്കിയുമായിരുന്നു സംഭവങ്ങള്‍ ജനങ്ങളിലേക്കു പകര്‍ന്നിരുന്നത്‌. ഒരു സംഭവത്തിന്റെ വിശദാംശങ്ങള്‍ കൂടുതലായി നല്‍കുന്ന കാര്യത്തില്‍ മാത്രമായിരുന്നു അവിടെ മല്‍സരം. ഇതിനാകട്ടെ പത്രലേഖകര്‍ക്കു മുന്നില്‍ സമയവുമുണ്ടായിരുന്നു. എവിടെയെങ്കിലും പിഴച്ചാല്‍ തിരുത്താന്‍ 24 മണിക്കൂര്‍ കാത്തിരിക്കണമെന്ന പ്രശ്‌നം ഭീഷണിയായിട്ടുണ്ടായിരുന്നതിനാല്‍ അവര്‍ ജാഗരൂകരുമായിരുന്നു! ഇന്നാകട്ടെ ചാനലുകള്‍ സംഭവമുണ്ടായി മൂന്നാം മിനിട്ടില്‍ ഫ്‌ളാഷായും മുപ്പതാം മിനിട്ടില്‍ ദൃശ്യമായും എത്തിക്കുമ്പോള്‍ പത്രങ്ങള്‍ക്കു പണി കുറയുന്നു. ചാനലുകള്‍ തുറന്നു വച്ചാല്‍ പിറ്റേന്നത്തെ പത്രത്തിലേക്ക്‌ ആവശ്യത്തിനു സാധനങ്ങളാകുമെന്ന സ്ഥിതി!
ഒരോ വാര്‍ത്തയും എത്രയും പെട്ടെന്ന്‌ പ്രേക്ഷകനിലേക്കെത്തിക്കാനുള്ള ബദ്ധപ്പാടിനിടയില്‍, കാത്തിരിക്കാനോ വിശദമായന്വേഷിക്കാനോ സമയമില്ലാത്ത ചാനലുകാര്‍ എവിടെങ്കിലും കാളപെറ്റെന്നു കേട്ടാല്‍ ഉടന്‍ അതും ഫ്‌ളാഷാക്കും. കാള പെറ്റാല്‍ അതൊരു സംഭവമാണെന്ന കാര്യത്തില്‍ സംശയത്തിനു വകയില്ലല്ലോ! അടുത്ത ചാനല്‍ ഉടന്‍ ഒരു മൃഗഡോക്‌ടറുടെ ഫോണ്‍-ഇന്‍ സംഘടിപ്പിക്കും. മറ്റൊരു ചാനല്‍ മുമ്പെവിടെങ്കിലും കാള പെറ്റിട്ടുണ്ടോ എന്നു തിരക്കും, കിട്ടിയില്ലെങ്കില്‍ പശു പെറ്റതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി കാളയ്‌ക്കു പെറാനുള്ള സാധ്യതകള്‍ തേടും! ഒടുവില്‍ കാള പെറ്റിട്ടില്ലെന്നറിയുമ്പോള്‍ തിരുത്താനാകില്ലാത്തതിനാല്‍ അവര്‍ അടുത്ത ഫ്‌ളാഷ്‌ തേടും; ആരുണ്ടിവിടെ ചോദിക്കാന്‍?
അതുകൊണ്ട്‌ എല്ലാ ചാനലുകാര്‍ക്കും വേണ്ടി നമുക്കാ പഴഞ്ചൊല്ലൊന്നു പരിഷ്‌കരിച്ചുപദേശിക്കാം-
"കാളപെറ്റെന്നുകേട്ടാലുടന്‍ ദയവായി ഫ്‌ളാഷടിക്കരുത്‌."

5 comments:

  1. നന്നായിട്ടുണ്ട്..

    കൂകിയതു തിരിച്ചെടുക്കാന്‍ അവര്‍ക്കാകില്ലല്ലോ! ith kalakki

    ReplyDelete
  2. പറയാനുള്ളത് നേരെ ചൊവ്വേ പറഞ്ഞിരിക്കുന്നു എന്ന പ്രത്യേകത വക്രന് സ്വന്തം!

    ReplyDelete
  3. തൊടുപുഴയില്‍ ബസ്സ് മറിഞ്ഞ ദിവസം,ഈയുള്ളവന് ആപ്പീസില്‍ നിന്നു വിളി വന്നു,ചീഫാണ്, അതി ഭയങ്കര അപകടം നടന്നെന്നു ഫ്ലാഷ്, ഉടന്‍ പടം വേണം, , ഉടന്‍ ആപ്പീസിലെത്തി, തുടക്കക്കാരന്റെ ആവേശം, അവിടെ റിപ്പോര്‍ട്ടര്‍ മേശമേല്‍ കാലും കയറ്റി റിലക്സ്ട് മൂടില്‍, എടേയ് അതാ --------(റിപ്പോര്‍ട്ടറെ പേര്‍)ന്റെ വാര്‍ത്തയാണ്, ഒരു കാര്യവുമുണ്ടാവില്ല, എന്തായാലും, ഞാന്‍ പാഞ്ഞു, ആടുപോയിട്ട് പൂടപോലുമില്ലാത്ത അവസ്ഥ, തിരികെ റിപ്പോര്‍ട്ട് ചെയ്തു, ചീഫ് -രണ്ടുപേര്‍ക്കു പരിക്കുണ്ട്, ഉടനെ ചീഫിന്റെ കമന്റ്, എന്ത് അവന്റെ ഫ്ലാഷില്‍ 10 % സത്യമുണ്ടെന്നോ !

    ReplyDelete
  4. നന്നായിട്ടുണ്ട്..

    ReplyDelete
  5. മൂര്‍ത്തിക്കും കൈതമുള്ളിനും കടവനും നന്ദി. പാച്ചുവിനെ കണ്ടത്‌ നന്നായി. മുല്ലപ്പെരിയാര്‍ ബ്‌ളോഗ്‌ ഗംഭിരം. നമുക്കതൊന്നു പൊട്ടിക്കണ്ടേ. വിസിറ്റേഴ്‌സ്‌ വളരെ കുറവായിരുന്നല്ലോ..... എന്റെ അടുത്ത പോസ്‌റ്റ്‌ മുല്ലപ്പെരിയാര്‍ ആകട്ടെ. പാച്ചുവിന്റെ ബ്‌ളോഗിന്‌ ഒരു ലിങ്കും കൊടുക്കാം.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed