കഥാകൃത്തും നോവലിസ്റ്റുമായ സുസ്‌മേഷ് ചന്ത്രോത്തിനെ നിങ്ങള്‍ക്കറിയാമായിരിക്കും. ഇടുക്കി ജില്ലയിലെ വെള്ളത്തൂവലില്‍ ജനനം. ഇപ്പോള്‍ 30 വയസ്. ഇതിനോടകം 45 കഥകളും മൂന്നു നോവലുകളും രണ്ടു തിരക്കഥകളും എഴുതി. ആദ്യ നോവലായ ഡി ഡി.സി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡു നേടി. വെയില്‍ ചായുമ്പാള്‍ നദിയോരം, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം എന്നീ കഥാസമാഹാരങ്ങളും പുറത്തിറങ്ങി. പകല്‍ ആദ്യ തിരക്കഥ. ഇനി സുസ്‌മേഷിന്റെ വഴികളിലൂടെ?. (കലാകൗമുദി പ്രസിദ്ധീകരിച്ചത്)
തൊണ്ണൂറുകളുടെ ആരംഭത്തില്‍ സുസ്‌മേഷിന്റെ തുടക്കം മിനി മാസികകളിലാണ്. ആദ്യം എഴുതിത്തുടങ്ങി, ആവേശം കയറി നടത്തിപ്പായി. അവിടെനിന്ന് പ്രസിദ്ധീകരണങ്ങളിലെ മുഖ്യധാരയിലേക്കുള്ള വരവ് എങ്ങിനെയായിരുന്നു?
ജനപ്രിയവാരികകള്‍ മാത്രം വായിക്കാന്‍ കിട്ടിയിരുന്ന കാലത്ത് ഇടുക്കിയിലെ ഹൈറേഞ്ചില്‍ കഴിഞ്ഞിരുന്ന ഞാന്‍ എങ്ങിനെ മിനി മാസികകളുമായി പരിചയപ്പെട്ടുവെന്നത് ഒരത്ഭുതമാണ്. ഞാനാദ്യമായി കാണുന്ന ലിറ്റില്‍ മാഗസിന്‍ മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ഇന്ന് മാസികയാണ്. ഒരയല്‍വാസിയുടെ വീട്ടിലാണു ഞാനതു കണ്ടത്. അതൊക്കെ നമുക്കുവേണ്ടി എങ്ങിനെയോ ഒരുക്കപ്പെട്ട സാഹചര്യങ്ങളാണ്. ഞാന്‍ കഥയെഴുതിത്തുടങ്ങുന്ന കാലത്ത് അവ പ്രസിദ്ധീകരിക്കാന്‍ ഇന്നത്തെയത്ര മാധ്യമങ്ങളുണ്ടായിരുന്നില്ല. എന്റെ പതിനെട്ടാമത്തെ വയസുവരെ ഞങ്ങളുടെ നാട്ടില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ പോലും എത്തിയിരുന്നില്ല.അന്നുണ്ടായിരുന്ന പ്രധാന വാര്‍ത്താവിനിമയ മാര്‍ഗം തപാലാണ്. കത്തുകള്‍ നമ്മുടെ വിലാസത്തിലെത്താനുള്ള ആഗ്രഹത്തില്‍ നിന്നാണ് ലിറ്റില്‍ മാഗസിനുകളുമായുള്ള ബന്ധം തുടങ്ങുന്നത്.ഇടുക്കിയുടെ സാംസ്‌കാരികപശ്ചാത്തലവും എന്നെ രൂപപ്പെടുത്തിയതില്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെ.പി.എ.സിയുടെയും കാളിദാസ കലാകേന്ദ്രത്തിന്റെയുമൊക്കെ നാടകങ്ങള്‍ വെള്ളത്തൂവലില്‍ ഓരോ വര്‍ഷവും അവതരിപ്പിക്കപ്പെട്ടിരുന്നു. രാഷ്‌ട്രീയവും സാംസ്‌കാരികവുമായ മുന്നേറ്റം അക്കാലത്തുണ്ടായി. ഒരു ഫിലിം സൊസൈറ്റിയും സജീവമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഒഡേസ പ്രദര്‍ശിപ്പിച്ച അമ്മ അറിയാന്‍ എനിക്കു കാണാന്‍പറ്റി. പിന്നെ സമാന്തര മാസികകള്‍. അടിമാലിയില്‍ നിന്നിറങ്ങിയിരുന്ന വായന, പള്ളിവാസലില്‍ നിന്നുള്ള സമഗീതം, ദേശഗീതം, കട്ടപ്പനയില്‍ നിന്നിറങ്ങിയിരുന്ന സദസ്.... സമഗീതത്തിന്റെ പത്രാധിപസ്ഥാനത്ത് ഞാനുണ്ടായിരുന്നു. പിന്നെ അജിത് ജനാര്‍ദ്ദനന്റെ ഫെമിനിസ്റ്റിലെത്തി... പിന്നെ ഇടുക്കിയില്‍ നിന്നു പോന്നശേഷം തൃശൂര്‍ കറന്റ് ബുക്‌സില്‍ പ്രൂഫ് റീഡറായും ന്യൂസ് ലെറ്ററിന്റെ സഹപത്രാധിപരായുമൊക്കെ പ്രവര്‍ത്തിച്ചു. അക്കാലത്ത് നിരവധി സമാന്തരപ്രസിദ്ധീകരണങ്ങളില്‍ കഥ പ്രസിദ്ധീകരിച്ചിരുന്നു.ഒരു മാഗസിന്‍ എഡിറ്റുചെയ്യുകയെന്ന ആഗ്രഹം പണ്ടേയുണ്ട്. അങ്ങിനെയാണ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അയല്‍പക്കത്തെ കൂട്ടുകാരെയും മറ്റും കൂട്ടി ഭാവന എന്ന കയ്യെഴുത്തു മാസിക തുടങ്ങിയത്. അമ്മാവന്‍മാരുടെ ശേഖരത്തില്‍ നിന്നു ലഭിച്ച പൂര്‍ണിമ എന്ന പഴയ ഒരു കയ്യെഴുത്തു മാസികയായിരുന്നു പ്രചോദനം.
സുസ്‌മേഷിന്റെ സുഹൃത് വലയം എങ്ങനെയാണ്. അവരുടെ സ്വാധീനം?ഓര്#ംത്തുനോക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമാണ്. അഞ്ചോ ആറോ ആത്മാര്‍ഥസുഹൃത്തുക്കളേ എനിക്കുള്ളു. ബാക്കിയൊക്കെ പരിചയക്കാരാണ്. അങ്ങനെ ധാരാളം പേരുണ്ട്. നമ്മളെ വായിക്കുകയും അഭിപ്രായം പറയുകയും സഹായിക്കുകയും ചെയ്യുന്നവര്‍. അവരില്‍ ഏറെ പേരോടും പലരീതിയില്‍ കടപ്പാടുമുണ്ട്. യാത്രകളില്‍ നിന്നാണ് അതൊക്കെയുണ്ടായത്.
ഈ യാത്രയും അലച്ചിലും എങ്ങിനെ എഴുത്തിലും ജീവിതത്തിലും ഗുണകരമായെന്നു ചിന്തിച്ചിട്ടുണ്ടോ?
യാത്രയോട് എനിക്കു ഭയങ്കര ഭ്രമമാണ്. ഹൈറേഞ്ചില്‍ വളരുന്നവരുടെ ഒരു വലിയ ശാപമുണ്ട്. അവര്‍ക്ക് പലപ്പോഴും അവിടെനിന്നു പുറത്തുകടക്കാന്‍ കഴിയാറില്ല. അവിടേക്കു കുടിയേറിയെത്തിയവര്‍ കൃഷിയും ജീവിതവുമായി അവിടെത്തന്നെ ഒതുങ്ങിക്കൂടുന്നു. അവരുടെ പ്രതിഭകള്‍ അവിടെത്തന്നെ അസ്‌തമിക്കുകയാണ്. വെളിയില്‍ ചാടിയവരാണ് രക്ഷപെട്ടിട്ടുള്ളത്. ഹൈറേഞ്ചിലെവിടെങ്കിലും അരയേക്കര്‍ സ്ഥലത്തു കൃഷിയും പ്രാരാബ്‌ധങ്ങളുമായി കഴിയേണ്ടിയിരുന്നവനാണു ഞാന്‍. അങ്ങിനെ സംഭവിക്കാതെ വന്നതിനു കാരണം എന്റെ യാത്രകളാണ്. അങ്ങിനെ കാണാന്‍ കഴിഞ്ഞ പുതിയ ഭൂവിഭാഗങ്ങളും ആളുകളും എനിക്ക് അസംസ്‌കൃതവസ്‌തുക്കളായി. എഴുത്തിനേക്കാളുപരി ജീവിതത്തിലാണ് അതെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുള്ളത്.
സുസ്‌മേഷിന്റെ പല കഥകളിലും യഥാര്‍ഥ സ്ഥലങ്ങള്‍ അതേപടി വരുന്നുണ്ട്. കഥയുടെ ക്രാഫ്‌റ്റിലുപരിയായി ഒരു ഭൂമിക. ചെമ്മണ്ണാര്‍- നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രി യാത്ര, ഡി.എന്‍.എ. ബൂസ്റ്റ് അവസാനം ഒടുവിലത്തെ തച്ച് വരെ പല കഥയുടെയും സ്ഥലം വ്യക്തമാണ്.
പരിചയമില്ലാത്ത ഒരു സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ ഞാന്‍ ആ നാടിനെപ്പറ്റി അറിയാന്‍ ശ്രമിക്കും. ചുറ്റുവട്ടവും ആളുകളുമൊക്കെ നിരീക്ഷണത്തില്‍ വരും. അതില്‍ കുറച്ചു ഭാവനകൂടി ചേരുമ്പോല്‍ കഥയുണ്ടാകും. സത്യത്തില്‍ ഓരോ ദേശത്തും അനേകം കഥകളുണ്ട്. അവ കണ്ടെത്തുകയേ വേണ്ടൂ. കേരളം വിട്ട് കുറേക്കൂടി വിശാലമായി യാത്രചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും നല്ല കഥകള്‍ എഴുതാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ആദ്യാകാല കഥകള്‍തൊട്ടിങ്ങോട്ടു നോക്കിയാല്‍ പല കഥകളിലും കൊച്ചി വരുന്നുണ്ട്. കൊച്ചിയുമായുള്ള ഈ അടുപ്പത്തിന്റെ കാരണം?
പതിനാറാമത്തെ വയസിലാണ് ഞാന്‍ ആദ്യമായി ഹൈറേഞ്ചില്‍ നിന്ന് എറണാകുളത്തു വരുന്നത്. കടലും കായലും റെയില്‍വേസ്റ്റേഷനും തുറമുഖവും വിമാനത്താവളവുമൊക്കെയുള്ള ഒരു അത്ഭുതനഗരമായിരുന്നു എനിക്കു കൊച്ചി. ഒപ്പം നിറയെ ഗ്രാമങ്ങളുമുണ്ട്. എനിക്കു മഹാനഗരങ്ങളെ ഇഷ്‌ടമാണ്. ഒരു നഗരമെന്നാലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ കൊച്ചിയാണാദ്യം വരിക. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഞാനിവിടെ സ്ഥിരതാമസക്കാരനാണ്. അതിന്റെ സ്വാധീനവുമുണ്ട്.
നോവലുകളില്‍ വരുമ്പോള്‍ നഗരവും ഗ്രാമവും ഒരേപോലെ പശ്ചാത്തലമാകുന്നു. ഡിയുടെ മാതൃക കൊച്ചിയാണോ?
ഡി ഒരു സങ്കല്‍പ നഗരമാണെങ്കിലും ഇന്നു കേരളത്തിലുള്ള മിക്ക നഗരങ്ങളുടേയും സ്വഭാവം അതിനുണ്ട്. പക്ഷേ തൂവാനം അതല്ല. അത് എന്റെ ഗ്രാമമായ വെള്ളത്തൂവലാണ്. സര്‍ജുകുന്നും കഴിഞ്ഞവര്‍ഷം ദുരന്തമുണ്ടാക്കിയ പെന്‍സ്റ്റോക്ക് പൈപ്പുകളും പവര്‍ഹൗസുമെല്ലാം അതില്‍ വരുന്നുണ്ട്. രണ്ടാമത്തെ നോവലായ ഒമ്പതിലെ കഥാപാത്രങ്ങള്‍ മിക്കവരും ഇന്നു വെള്ളത്തൂവലില്‍ ജീവിച്ചിരിക്കുന്നവരാണ്. എന്റെ ചെറുപ്പം മുതല്‍ ഞാന്‍ കണ്ട വെള്ളത്തൂവലിലെ വിപ്‌ളവകാരികളാണ് ആ നോവലിലുള്ളത്. തൂവാനം ഫിലിപ്പ് എന്ന നക്‌സല്‍നേതാവിന്റെ ഏകദേശരൂപം വെള്ളത്തൂവല്‍ സ്റ്റീഫനാണ്. കള്ളന്‍ ഇച്ചിരയും നന്ദിയാട്ട് മാര്‍ക്കോസും കുഞ്ഞിക്കണ്ണനും സുപ്രിയയും എല്ലാം ഇന്നും ജീവിച്ചിരിപ്പുണ്ട്. നോവല്‍ പ്രസിദ്ധീകരിച്ചുവന്ന സമയത്ത് ഇവരില്‍ പലരും എന്നെ വിളിച്ചിരുന്നു. കഥയിലെ തങ്ങളെ തിരിച്ചറിഞ്ഞ അവര്‍ നോവലില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍പോലും നിര്‍ദ്ദേശിച്ചിരുന്നു. ഡിയില്‍ പക്ഷേ അത്രത്തോളം റോല്‍ മോഡലുകള്‍ വന്നിട്ടില്ല.
ഒമ്പതില്‍ ഉള്‍പ്പെടെ അനാവശ്യമായ ലൈംഗികത സൃഷ്‌ടിക്കുന്നതായി ആരോപണമുണ്ടല്ലോ?
ഒമ്പത് സദാചാരത്തിനു നിരക്കുന്നതല്ലെന്നു പറഞ്ഞ് അധ്യാപികയായ എന്റെ വലിയമ്മായി പോലും അത് ബഹിഷ്‌കരിക്കുകയുണ്ടായി. കുടുംബബന്ധങ്ങള്‍ തകര്‍ക്കുമെന്നും അശ്ലീലത്തിന്റെ പരമകാഷ്‌ഠയാണെന്നും ആരോപണമുയര്‍ന്നു. ആണും പെണ്ണും അടുത്തടുത്തിരിക്കാന്‍പോലും മടിക്കുന്ന സമൂഹത്തില്‍ നിന്ന് ഇങ്ങിനെയൊരു പ്രതികരണമുണ്ടായതില്‍ അത്ഭുതമില്ല. രതി നമുക്ക് പാപമാണ്. നമ്മുടേത് അടിച്ചമര്‍ത്തപ്പെട്ട വികാരമാണ്. ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒളിച്ചുവയ്‌ക്കേണ്ടതാണു രതിയെന്നു നാം കരുതുന്നു. മലയാളി വൃത്തികെട്ടവനായതിന്റെ കാരണം ഇതാണ്. അങ്ങിനെയുള്ളവര്‍ക്കേ അവയില്‍ അശ്‌ളീലം കാണാന്‍ കഴിയൂ.ദീപിക വാര്‍ഷികപ്പതിപ്പില്‍ വന്ന പഴി എന്ന കഥ ഏറെ പഴികേട്ട ഒന്നാണ്. മതമേലധ്യക്ഷന്‍മാര്‍ക്ക് അതത്ര സുഖിച്ചില്ല. അതു പ്രസിദ്ധീകരണത്തിനെടുത്ത പത്രാധിപര്‍ക്ക് തൊഴില്‍ഭീഷണി വരെയുണ്ടായി. ചില യാഥാസ്ഥിതിക വായനക്കാര്‍ തെറി എഴുതി അയക്കുക വരെ ചെയ്‌തു. വായനയില്‍ ലൈംഗികസുഖം കിട്ടുന്നതിനുവേണ്ടി ഞാന്‍ ലൈംഗികത എഴുതി നിറക്കാറില്ല. അതിനു വേറേ പുസ്‌തകങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടുമല്ലോ.
കഥകള്‍ക്കും നോവലുകള്‍ക്കും പേരിടുമ്പോള്‍ വ്യത്യസ്‌ത പുലര്‍ത്താന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതാണോ?
അതെ. കടലുപോലെ പ്രസിദ്ധീകരണങ്ങളുണ്ടെങ്കിലും വായനക്കാര്‍ ആനുപാതികമായി കുറവാണ്. അവന് വായിക്കാനുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അവരെ ആകര്‍ഷിക്കാനുള്ള ബിസിനസ് തന്ത്രമാണ് പേരുകളിലെ വ്യത്യസ്‌തത. എന്നാല്‍ കൃതി നിലനില്‍ക്കാന്‍ അതുമാത്രം പോരെന്നും എനിക്കറിയാം.
ഗാന്ധിമാര്‍ഗത്തില്‍ മഹാത്മാഗാന്ധിയും ഒടുവിലത്തെ തച്ചില്‍ വര്‍ത്തമാനകാലത്തു പ്രത്യക്ഷനാകുന്ന പെരുന്തച്ചനും കഥാപാത്രങ്ങളാകുമ്പോള്‍ വയസ് 50ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച കേരളവും ഈച്ചരവാരായരും വെള്ളായിയപ്പനുമെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. മനപ്പൂര്‍വ്വമായിരുന്നോ ഇത്?
ഗാന്ധിയെ ഏറെ വായിച്ചിരുന്ന കാലത്തെ കഥയാണ് ഗാന്ധിമാര്‍ഗം. ഒടുവിലത്തെ തച്ച് പന്നിയൂരുപോയ ഒരനുഭവത്തില്‍ നിന്നുണ്ടായതാണ്. ഇതൊക്കെ വ്യത്യസ്‌തത തേടുമ്പോള്‍ സംഭവിക്കുന്നതാണ്. ആ അര്‍ഥത്തില്‍ മനപ്പൂര്‍വ്വം. എന്റെ ഓരോ കഥയും പ്രമേയത്തിലും അവതരണത്തിലും ഭാഷയിലും ഒന്നിനൊന്നു വേറിട്ടതാകാന്‍ ഞാനാഗ്രഹിക്കുന്നു. അതൊരു വെല്ലുവിളിയാണ്, എന്നോടുതന്നെ.
സുസ്‌മേഷിന്റെ കഥകളില്‍ സ്ഥലസാന്നിധ്യം പോലെ കാണുന്ന ഒന്നാണ് ചരിത്രം. മറൈന്‍ കാന്റീന്‍ ഉള്‍പ്പെടെ പല കൃതികളുടേയും ആഖ്യാനത്തില്‍ ചരിത്രത്തിന്റെ വിരസതയുണ്ടാകുന്നില്ലേ?
ചരിത്രം എന്നെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. ഒരു സ്ഥലത്തെത്തിയാല്‍ ഞാനവിടം മനസ്സിലാക്കാനാണു ശ്രമിക്കുന്നതെന്നു പറഞ്ഞിരുന്നല്ലോ. ആഖ്യാനത്തില്‍ പ്രാദേശികചരിത്രം വരുന്നത് അത്തരം സ്വാധീനങ്ങളുടെ ഫലമാണ്.വളരെ യാദൃശ്ചികമായി എഴുതിത്തുടങ്ങിയ നോവെല്ലയാണു മറൈന്‍ കാന്റീന്‍. എഴുതിക്കഴിഞ്ഞപ്പോള്‍ അതെന്നെത്തന്നെ വിസ്‌മയിപ്പിച്ചു. കന്യാസ്‌ത്രീയുടേയും വേശ്യാസ്‌ത്രീയുടേയും മരണ സമയമാണ് അതിന്റെ ഇതിവൃത്തം. ചില ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാറ്റേണ്‍ മനസ്സിലിട്ട് എഴുതിയ നോവെല്ലയാണത്. ഒന്നുരണ്ടു മുഖ്യധാരാസിനിമക്കാര്‍ അത് സിനിമയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇടയ്‌ക്ക് സിനിമയിലേക്കും കടന്നിരുന്നല്ലോ?
സിനിമ പണ്ടുതൊട്ടുള്ള ഒരു സ്വപ്‌നമാണ്. പകല്‍ ആണ് ആദ്യ തിരക്കഥ. ഓടിയില്ല. കാര്‍ഷികപ്രതിസന്ധിയായിരുന്നു ഇതിവൃത്തം. ഉദ്ദേശ്യശുദ്ധിയോടെ എഴുതിയതാണ്. നല്ലൊരു സമീപനമായിരുന്നെന്നു പലരും പറഞ്ഞു. പക്ഷേ മാര്‍ക്കറ്റിങ്ങില്‍ വന്ന അപാകതകള്‍ സിനിമയെ ബാധിച്ചു. ഞാനെഴുതിയ കഥയായ ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം പകലിന്റെ സംവിധായകന്‍ നിഷാദ് തന്നെ സിനിമയാക്കിയതാണു രണ്ടാമത്തേത്. അതിന് മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സിന്റെ അവാര്‍ഡു കിട്ടിയിരുന്നു.
കഥ, തിരക്കഥ. ഒപ്പം റേഡിയോ നാടകവും സിനിമയോടുള്ള അടുപ്പമാണോ നാടകത്തിലെത്തിച്ചത്?
ദേവികുളം ആകാശവാണി എഴുത്തുകാരനെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയതില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നിലയം തുടങ്ങിയ കാലം മുതല്‍ അവിടെ കഥകളവതരിപ്പിച്ചിരുന്നു. അന്നു കിട്ടുന്ന പ്രതിഫലം വളരെ പ്രധാനമായിരുന്നു. അങ്ങിനെ ദേവികുളം നിലയത്തിനായാണ് ഞാനാദ്യം നാടകമെഴുതിയത്. അത് പിന്നീട് കേരളത്തിലെ എല്ലാ നിലയങ്ങളും സംപ്രേഷണം ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തെ റേഡിയോ നാടകോല്‍സവത്തിന് നാടകമെഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് അടിമവംശം എഴുതിയിത്. അതും ചരിത്രമായിരുന്നു. സുല്‍ത്താന റസിയയുടെ കഥ. ഞാന്‍ റേഡിയോ നാടകരചനയില്‍ ഒരു പരാജയമാണെന്ന് അതോടെ മനസ്സിലായി. അടിമവംശം ഞാന്‍ കഥയായി മാറ്റിയെഴുതിയിട്ടുണ്ട്.എഴുത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യം പറഞ്ഞല്ലോ.
എഴുത്ത് വരുമാനമാര്‍ഗ്ഗമാകുമ്പോള്‍ നിലവാരത്തകര്‍ച്ചക്ക് അതു വഴിതെളിക്കില്ലേ?ഒരിക്കലുമില്ല. പണ്ടൊക്കെ എഴുത്തുകാരായവരില്‍ മിക്കവരും ഒന്നുകില്‍ പത്രപ്രവര്‍ത്തകരായിരുന്നു, അല്ലെങ്കില്‍ അധ്യാപകര്‍. ചുരുക്കം ചിലര്‍ ഗുമസ്‌തന്‍മാരുമായി. അന്നതു മതി. ഇന്നാകട്ടെ ഏല്ലാ മേഖലയിലും എഴുത്തുകാരുണ്ട്. ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും മുതല്‍ മീന്‍കച്ചവടക്കാര്‍ വരെ. സാഹിത്യംകൊണ്ടുമാത്രം ജീവിക്കാമെന്നുകരുതുന്നവര്‍ വളരെ കുറവാണ്. മാത്രമല്ല സര്‍ഗ്ഗാത്മകതയുടെ വരവും പോക്കും എങ്ങിനെയാണെന്നും എപ്പോഴാണെന്നും പറയാനാകില്ലല്ലോ. പല എഴുത്തുകാരും സിനിമ, ടെലിവിഷന്‍ മേഖലകളിലേക്ക് ഒഴുകിപ്പോകുന്നതിന്റെ കാരണമതാണ്. ചിലരാകട്ടെ ജോലിയുടെയും കുടുംബത്തിന്റേയും പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ സാഹിത്യത്തില്‍ മാത്രം ഒതുങ്ങുന്നു. അവര്‍ക്കു ജീവിക്കാന്‍ ജോലിയുണ്ട്. ഞാന്‍ സിനിമകളും ടെലിവിഷന്‍ പരിപാടികളും എഴുതുന്നത് മറ്റു തൊഴിലുകള്‍ ചെയ്യാനുള്ള താല്‍പര്യമില്ലായ്‌മമൂലമാണ്.
പുതിയ എഴുത്തുകാരില്‍ പലരും അകാലത്ത് അനുഭവങ്ങളെഴുതിത്തുടങ്ങിയിട്ടുണ്ടല്ലോ?ഞാനവയെ നിര്‍വീര്യമായ ബോംബുകളെന്നേ പറയു. അതില്‍ പലതും വ്യാജമാണെന്നതാണു സത്യം. അനുഭവക്കുറിപ്പുകള്‍ക്കു മാര്‍ക്കറ്റുണ്ടായപ്പോള്‍ അനുഭവങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണു പലരും. ഈ അനുഭവങ്ങള്‍ എന്തുകൊണ്ടാണ് കഥയോ കവിതയോ ആകാത്തതെന്നു ചിന്തിക്കണം.പുതിയ എഴുത്തുകാര്‍ക്കു വലിയ ക്യാന്‍വാസിനെ പേടിയാണ്. അവര്‍ക്കതിനു സമയവുമില്ല. എന്തുകൊണ്ടാണ് പുതിയവരില്‍ നിന്ന് നോവലുണ്ടാകാത്തത്. ഇ. സന്തോഷ്‌കുമാറും കെ.ആര്‍. മീരയും ഇന്ദുഗോപനും അല്ലാതെ നോവല്‍ രചനയില്‍ സജീവമായി നില്‍ക്കുന്ന എത്ര പുതുതലമുറ എഴുത്തുകാരുണ്ട്? സുഭാഷ് ചന്ദ്രനും സിത്താരയും ശിഹാബുദ്ദീനും സന്തോഷ് എച്ചിക്കാനവും ആര്‍. ഉണ്ണിയുമെല്ലാം നോവല്‍ എഴുതാന്‍ കഴിവുള്ളവരാണ്. കഥ നല്‍കിയ സല്‍പേര് നോവല്‍ കളയുമോ എന്ന പേടിയാണു പലര്‍ക്കും. നോവല്‍ സാഹിത്യത്തിന് മലയാളത്തിലിപ്പോള്‍ കഷ്‌ടകാലമാണ്! പോയ തലമുറ തന്നെയാണ് നോവലില്‍ സജീവം. ഇനിയും വലിയ നോവലെഴുതണമെന്നതാണ് എന്റെ ആഗ്രഹം.
നിങ്ങള്‍ പുതുതലമുറ എഴുത്തുകാര്‍ തമ്മിലുള്ള ബന്ധമെങ്ങിനെ?
നല്ല ബന്ധമുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാരില്‍ മിക്കവരുമായും സൗഹൃദമുണ്ട്. സന്തോഷ് എച്ചിക്കാനം, സുഭാഷ് ചന്ദ്രന്‍, മധുപാല്‍, ഇ. സന്തോഷ്‌കുമാര്‍, വിനു ജോസഫ്, കെ.വി. അനൂപ്...ഒരു കഥ വന്നാല്‍ വായിച്ചശേഷം വിളിച്ച് അഭിപ്രായം പറയുന്നവരാണ് ഏറെയും. നല്ലതാണെങ്കില്‍ നല്ലതെന്ന്. ചീത്തയാണെങ്കില്‍ അതും വെട്ടിത്തുറന്നുപറയും. കേവലം സ്‌തുതിപാഠകരല്ല പുതുതലമുറയിലെ എഴുത്തുകാര്‍. അച്ചടിക്കുന്നതിനു മുമ്പ് വായിക്കാന്‍ കൊടുക്കുന്ന പതിവും എനിക്കുണ്ട്. ഇതു കഥാകാരന്‍മാരോടു മാത്രമല്ല. എസ്.ജോസഫ്, സെബാസ്റ്റ്യന്‍, വി.എം.ഗിരിജ, പി.രാമന്‍ തുടങ്ങിയ കവികളുമായും നല്ല അടുപ്പമുണ്ട്. കഥയേക്കാളേറെ ഞാന്‍ വായിക്കുന്നതും കവിതകളായിരിക്കാം. പക്ഷേ ഇന്നെഴുതപ്പെടുന്ന കവിതകളിലേറെയും ഒറ്റ വായനക്കുശേഷം മറന്നുകളയാവുന്നതാണ്.
പഴയ തലമുറയോ?
അവരുമായി കാര്യമായ ബന്ധമൊന്നുമില്ല. അവരൊക്കെ സീനിയേഴ്‌സല്ലേ? പ്രത്യേക ചട്ടക്കൂട്ടില്‍ കഴിയുന്നവരാണവര്‍. പഴയ തലമുറക്കാരെ തേടിപ്പിടിച്ചു കൂട്ടുകൂടാനോ അവരെക്കൊണ്ട് പൊക്കിപ്പറയിക്കാനോ ഒന്നും ഞാനില്ല. നിങ്ങളെ പലരേയും രൂപപ്പെടുത്തിയത് പഴയ തലമുറയിലെ കൃതികളാണ്.
നാലുകെട്ട് അമ്പതാം വര്‍ഷം ആഘോഷിക്കുകയാണിപ്പോള്‍. അങ്ങനെയൊരു കൃതി സുസ്‌മേഷില്‍ നിന്നുണ്ടാകുമെന്നു കരുതുന്നുണ്ടോ?
അതു ശരിയാണ്. പുതിയ തലമുറയില്‍പെട്ടവരാരും തങ്ങളുടെ കൃതിയുടെ അമ്പതാം വര്‍ഷം ആഘോഷിക്കുമെന്നു തോന്നുന്നില്ല. എം.ടിയുടെ നാലുകെട്ടിനൊപ്പം കോവിലന്റെ എ മൈനസ് ബിയും ഉറൂബിന്റെ സുന്ദരികളും സുന്ദരന്‍മാരും എല്ലാം എഴുതപ്പെട്ടതിന്റെ അമ്പതാം വര്‍ഷമാണിത്. എന്റെ വായനയില്‍ നാലുകെട്ടിനേക്കാള്‍ സ്വാധീനമുണ്ടാക്കിയത് സുന്ദരികളും സുന്ദരന്‍മാരുമാണ്. കോവിലനുവേണ്ടി എസ്.എം.എസ് അയക്കാന്‍ ഇവിടെയാരുമില്ല. മലയാളം അവഗണിച്ച എഴുത്തുകാരനാണു കോവിലന്‍. പക്ഷേ നാലുകെട്ടിനു മലയാളസാഹിത്യത്തിലുള്ള നിര്‍ണായകസ്വാധീനം അവഗണിക്കാനാവില്ല. അന്നത്തെ സാമൂഹ്യചരിത്രം അതില്‍ വ്യക്തമാണ്. ഒപ്പം കുടുംബബന്ധങ്ങളും. സുന്ദരികളും സുന്ദരന്‍മാരും ഒരു ദേശത്തിന്റെ കഥയുമെല്ലാം ഇനിയുള്ള വര്‍ഷങ്ങളില്‍ ആഘോഷിക്കപ്പെടുമെന്നു കരുതാം. ആരും ആഘോഷിച്ചില്ലെങ്കിലും വായനക്കാരിലൂടെയും പുതിയ പതിപ്പുകളിലൂടെയും അവ മറ്റൊരുതരത്തില്‍ ആഘോഷിക്കപ്പെടുക്കൊണ്ടിരിക്കും.ഒരു കൃതിയുടെ അമ്പതാം വര്‍ഷം ഓര്‍മിക്കപ്പെടുന്നതും ഇന്നും വായനക്കാരുള്ള കൃതിയായതിനാല്‍ അതാഘോഷിക്കപ്പെടുന്നതും മനസ്സിലാക്കാം. പക്ഷേ ചില എഴുത്തുകാര്‍ മുന്‍വര്‍ഷങ്ങളില്‍ എഴുത്തുജീവിതത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുകയുണ്ടായി. ദാമ്പത്യത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുന്നതുപോലെയാണത്. എഴുത്തുകാരനല്ല കൃതികളാണു ജീവിക്കുന്നത്. ബഷീര്‍ ഇന്നും ജീവിക്കുന്നത് അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ്.
പുസ്‌തകപ്രസാധനത്തിന്റെ രീതിതന്നെ ഇപ്പോള്‍ മാറുകയാണല്ലോ. തിരക്കഥ ഒരു സാഹിത്യരൂപമായി കടന്നുവന്നുകഴിഞ്ഞു.
നിലനില്‍പ് പ്രസാധകന്റെ പ്രശ്‌നമാണ്. പുതിയ വായനാഭിരുചി ഉണ്ടാക്കേണ്ടതും അവരുടെ ആവശ്യമാണ്. തിരക്കഥ അത്തരത്തില്‍ സൃഷ്‌ടിക്കപ്പെട്ട ഒന്നാണ്. സാഹിത്യത്തെ കൊണ്ടുനടക്കുന്നവരുടെ എണ്ണം ചെറുപ്പക്കാരില്‍ കുറയുന്നു. അവരിലേറെയും 30-35 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. അതിനു താഴെയുള്ളവരാണ് പുത്തന്‍പ്രവണതാ പുസ്‌തകങ്ങളുടെ വായനക്കാരെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പിന്നെ ദൃശ്യമാധ്യമങ്ങളുടെ പ്രളയം ആ മാധ്യമത്തിലെ അവസരങ്ങള്‍ കൂട്ടിയിട്ടുണ്ട്. തിരക്കഥ സിലബസില്‍ ഉള്‍പ്പെടുത്തിയതും കാരണമാകാം.
സുസ്‌മേഷിന്റെ കഥകളില്‍ ആവര്‍ത്തിക്കുന്ന ഒരു സ്‌ത്രീ സാന്നിധ്യമുണ്ട്. മീര. അതാകട്ടെ മിക്കപ്പോഴും നമ്പൂതിരിയായിരിക്കും. അതില്‍തന്നെ ഡോക്‌ടറാണധികം. ഈ ആവര്‍ത്തനം മനപ്പൂര്‍വ്വമാണോ?
എന്‍. എസ്. മാധവനു രാഘവനും വിക്‌ടര്‍ ലീനസിനു ലീലയും പോലെയാണ് എനിക്കു മീര എന്നു കരുതിയാല്‍ മതി. എങ്കിലും ചോദിച്ചതുകൊണ്ടു പറയാം. എന്റെ ജീവിതത്തില്‍ പലരീതിയിലും കടന്നുവന്ന ഒരു വ്യക്തിയാണു മീര. ആ ബന്ധവും അതിന്റെ സ്വാധീനവുമാകാം ഈ ആവര്‍ത്തനത്തിലുണ്ടാകുന്നത്. എല്ലാക്കഥകളിലുമതില്ലെന്നോര്‍ക്കണം. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരേ പേരാകുന്നതാണു നല്ലത്.
സുസ്‌മേഷിന്റെ രണ്ട് അമ്മാവന്‍മാര്‍ പല രീതിയില്‍ പ്രശസ്‌തരാണ്. സാരംഗ് ഗോപാലകൃഷ്‌ണന്‍. പിന്നെ പൊലീസിലെ കാര്‍ട്ടൂണിസ്റ്റായ രേഖ വെള്ളത്തൂവല്‍ എന്ന രാമചന്ദ്രന്‍. ഇവരുടെ സ്വാധീനം എഴുത്തിലേക്കുവരാന്‍ പ്രചോദനമായിട്ടുണ്ടോ?പ്രത്യക്ഷത്തില്‍ സ്വാധീനമൊന്നുമില്ല. അവര്‍ രണ്ടുപേരും വ്യാപരിക്കുന്ന മേഖലയല്ല എന്റേത്. കയ്യെഴുത്തുമാസികയുടെ കാലം തൊട്ട് എന്നെ രൂപപ്പെടുത്തുന്നതില്‍ ഇവര്‍ സഹായമായിട്ടുണ്ട്. കൊച്ചമ്മാവന്‍ ഇടുക്കി പൊലീസില്‍ ജോലിനോക്കുമ്പോള്‍ നിരവധി സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതില്‍ പ്രധാനമാണ് റോഡുപോലുമില്ലാത്ത വെണ്‍മണിയില്‍ നടത്തിയ പെരുമഴ ക്യാംപ്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ മഴയോടൊത്ത് ഉല്ലസിച്ച ബോധവല്‍ക്കരണപരിപാടി. പത്രങ്ങള്‍ പോലും നല്ല കവറേജ് കൊടുത്തു. മഴക്കുഴികള്‍ തീര്‍ത്ത് മഴവെള്ളത്തെ ഭൂമിയിലേക്കിറക്കാന്‍ പത്തുവര്‍ഷം മുമ്പ് ആ ക്യാംപിലൂടെ അമ്മാവന്‍ ആഹ്വാനം ചെയ്‌തിരുന്നു. അതിനെ അടിസ്ഥാനമാക്കി ഞാന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് പല അവാര്‍ഡുകളും കിട്ടിയിരുന്നു. അമ്മാവന്‍മാര്‍ എന്നെ സ്വാധീനിച്ചത് സാമൂഹ്യപ്രശ്‌നങ്ങളിലുള്ള അവരുടെ ഇടപെടലിലൂടെയാണ്. എഴുത്തില്‍ എന്റെ വഴി ഞാന്‍ തനിയെ തുറന്നതാണ്. അച്ഛന്റെ സ്വാധീനം ഇക്കാര്യത്തില്‍ വളരെ വലുതായിരുന്നു. കണ്ണൂരുകാരനായ അച്ഛന് ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ഒരവബോധമുണ്ടായിരുന്നു. മാതൃഭൂമിയും കലാകൗമുദിയും പോലുള്ള പ്രസിദ്ധീകരണങ്ങളും എം.ടിയും പദ്‌മനാഭനും ഉള്‍പ്പെടെയുള്ള എഴുത്തുകാരും എന്റെ വായനയിലേക്കു കടന്നു വരുന്നത് അച്ഛനിലൂടെയാണ്.
ഡോക്യുമെന്ററിയോടുള്ള പ്രണയം ഇപ്പോഴുമുണ്ടല്ലേ?
തീര്‍ച്ചയായും. സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്യുമെന്ററികള്‍ ഇപ്പോഴും എന്റെ ആഗ്രഹമാണ്. അമൃത ടി.വിയിലെ ഹരിതഭാരതം കൃഷിപരമ്പരയുടെ ഇരുനൂറിലധികം എപ്പിസോഡുകള്‍ക്ക് ഞാനാണു സ്‌ക്രിപ്‌റ്റ് എഴുതിയത്. അതിനായി ഇന്ത്യയില്‍ പലയിടത്തും പോയി കര്‍ഷകരെ കണ്ടു. ഭാരതത്തിന്റെ കാര്‍ഷികസംസ്‌കൃതി ഞാന്‍ അടുത്തറിഞ്ഞത് അതിലൂടെയാണ്.
ഡി- ക്ക് നോവല്‍ കാര്‍ണിവല്‍ അവാര്‍ഡു ലഭിച്ചു. ശിശുവായി മരണം മാത്രം അങ്കണം- ഇ.പി. സു,മ എന്‍ഡോവ്‌മെന്റിന് അര്‍ഹമായി. അവാര്‍ഡുകളെപ്പറ്റി എന്താണു പറയാനുള്ളത്?
2004ലെ ഡി.സി. ബുക്‌സിന്റെ നോവല്‍ പുരസ്‌കാരമാണ് സാഹിത്യത്തില്‍ എന്റെ പേര് തെളിച്ചുതന്നത്. പലരും എന്നെ എഴുത്തുകാരനായി അതോടെ തിരിച്ചറിയാന്‍ തുടങ്ങി. നാലു വര്‍ഷത്തിനുശേഷം ഇപ്പോഴാണ് മറ്റൊരവാര്‍ഡു കിട്ടുന്നത്. അര്‍ഹതപ്പെട്ടവര്‍ക്കു മാത്രം കൊടുത്തിട്ടുള്ളതിനാല്‍ അങ്കണത്തിന്റെ എന്‍ഡോവിമെന്റിന് ഞാന്‍ വലിയ വില കല്‍പ്പിക്കുന്നുണ്ട്.
എന്താണ് സുസ്‌മേഷിന്റെ മനസിലുള്ള സാഹിത്യസങ്കല്‍പം? അതിനോടു നീതിപുലര്‍ത്താന്‍ കഴിയുന്നുണ്ടോ?
എല്ലാവര്‍ക്കും മനസ്സിലാകുന്നതാവണം ഞാനെഴുതുന്നതെന്നു വിചാരിക്കാറുണ്ട്. ഡിയില്‍ നിന്ന് ഒമ്പതില്‍ വന്നപ്പോള്‍ ഞാനാ ലാളിത്യമാണു സ്വീകരിച്ചത്. ഇന്നു വായനക്കാരെ കണ്ടെത്തുന്നതും നിലനിര്‍ത്തുന്നതും വളരെ ശ്രമകരമാണ്. ഓര്‍ക്കുട്ടിലും ബ്‌ളോഗിലുമൊക്കെ നമ്മള്‍ സാന്നിധ്യമറിയിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ യൂണിവേഴ്‌സലായിരിക്കണം എഴുതുന്നതെന്തും. പല മേഖലകളിലുള്ള വായനക്കാരെ നാം കണ്ടെത്തണം. ആഴ്‌ചപ്പതിപ്പുകല്‍ മുടങ്ങാതെ വായിക്കുന്നത് പരമ്പരാഗത വായനക്കാര്‍ മാത്രമാണ്. ഈ തിരിച്ചറിവിനോടു നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.
വായനക്കാരുമായുള്ള ബന്ധം?
അവരുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ലല്ലോ. പണ്ട് പല പ്രസിദ്ധീകരണങ്ങളിലേയും സൃഷ്‌ടികള്‍ക്കൊപ്പമുണ്ടായിരുന്ന വിലാസം കണ്ട് കത്തെഴുതി ഞാന്‍ ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചിട്ടുണ്ട്. തപാലിന്റെ കാലം കഴിഞ്ഞെന്നു തോന്നുന്നതിനാലാവാം ഇപ്പോള്‍ പ്രസിദ്ധീകരണങ്ങളൊന്നും എഴുത്തുകാരുടെ വിലാസം നല്‍കാത്തത്. കലാകൗമുദി ഫോണ്‍ നമ്പര്‍ കെടുക്കുന്നത് ഏറെ പ്രയോജനകരമാണ്. മുന്‍ ലക്കങ്ങളിലൊന്നില്‍ വന്ന ലേഖനത്തോടൊപ്പമുണ്ടായിരുന്ന എന്റെ ഫോണ്‍ നമ്പര്‍ കണ്ട് വിളിച്ചവര്‍ നിരവധിയാണ്. കഥ വായിച്ചിട്ടില്ലാത്തവരും കഥകള്‍ വായിച്ചിട്ട് ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതിരുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. വായനക്കാരുടെ പ്രതികരണം അറിയാന്‍ കഴിയുമ്പോഴാണ് എഴുത്തു വിജയിക്കുന്നത്. അത്തരമൊരു ബന്ധത്തിന് ഇടനിലയാകാന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും കഴിയണം.
ബ്ലോഗായ ബ്ലോഗുകളിലോക്കെ കയറിയിറങ്ങുമ്പോള്‍ സുസ്മേഷ് എന്റെ മനസിലുണ്ട്. എവിടെയെന്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷ വെറുതെയായില്ല. ഏതാണ്ടരികെ എത്തി ഞാന്‍. അവനെ കുറിച്ച് ദാ നിങ്ങള്‍ സംസാരിക്കുന്നു. എനിക്കീ ലേഖനം എപ്പോഴോ മുറിഞുപോയൊരു സൗഹൃദത്തിന്റെ വീണ്ടെടുക്കലാണ്...
ReplyDeleteകാലമേറെ കഴിഞ്ഞു ഞാന്‍ സുസ്മെഷിനെ വീണ്ടും കണ്ടു മുട്ടുമ്പോള്‍ അവന്‍ ഒരുപടുയരങ്ങളിലെതിയിരിക്കുന്നു. സന്തോഷമേകുന്ന കാര്യങ്ങള്‍.... പറയു സുഹൃത്തെ, സുസ്മേഷിന്റെ മേല്‍വിലാസം... തരു.. അവന്റെ....ഈമെയില്‍ ഐഡി.....അവനെഴുതുന്ന ബ്ലോഗ്...അവനെ കണ്ടെത്താനുള്ള പാത്ത്.....
സുസ്‌മേഷ് താങ്കളുടെ വിളിപ്പാടകലെയുണ്ട്. കളമശ്ശേരിയില്‍. മൊബൈല്‍ നമ്പര്‍ ഇതാണ് 09961822914
ReplyDeleteരേഖ വെള്ളത്തൂവല്‍ ഇയാള്‍ടെ അമ്മാവനാണെന്ന് ഇപ്പോഴാ അറിഞ്ഞത്. പുകവലിക്കെതിരെ കൊണ്ടുവന്ന പുലിപോസ്റ്ററുകള്‍ ഇപ്പോഴും മനസില്‍...
ReplyDeleteനന്ദി.