Saturday, June 2, 2007

മലയാളം മീഡിയത്തെ കൊന്നതാര്‌

കുറച്ചുകാലം മുമ്പു വരെ എനിക്കൊരു വാശിയുണ്ടായിരുന്നു. മകനെ മലയാളം മീഡിയത്തിലേ ചേര്‍ക്കൂ എന്ന്‌. ഒടുവില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പെട്ട്‌ ഞാന്‍ മറിച്ചു ചിന്തിക്കാന്‍ നിര്‍ബന്ധിതനായി.അതിലാദ്യത്തേത്‌ ഇത്തവണത്തെ പത്താംക്‌ളാസ്‌ റിസല്‍ട്ടാണ്‌. വിദ്യാഭ്യാസമന്ത്രി എത്ര അഭിമാനപൂര്‍വ്വമാണ്‌ ഉയര്‍ന്ന വിജയശതമാനത്തെപ്പറ്റി പ്രഖ്യാപനം നടത്തിയത്‌. 82.39 ശതമാനത്തില്‍ നിന്ന്‌ ഇത്‌ നൂറുശതമാനമാകാന്‍ നാം അടുത്ത പരീക്ഷാഫലം വരെയൊന്നും കാത്തിരിക്കേണ്ട. സേ പരീക്ഷയുടെ റിസല്‍ട്ടു വന്നുകഴിയുമ്പോള്‍ നൂറു ശതമാനമാകും. കുട്ടികള്‍ക്ക്‌ ഉദാരമായി മാര്‍ക്കു നല്‍കി പത്താക്ലാസില്‍ നിന്ന്‌ കയറിവിടുന്നതുകൊണ്ട്‌ ഫലം സര്‍ക്കാരിനു മാത്രമാണ്‌. ഉയര്‍ന്ന വിജയശതമാനത്തെചൊല്ലി അഭിമാനിക്കാം, അധികം പേരൊന്നും പ്ലസ്‌ ടു കടമ്പ കടക്കാതെ സൂക്ഷിക്കാം, അധികം വൈകാതെ ക്ലറിക്കല്‍ പോസ്‌റ്റുകള്‍ക്കുള്‍പ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയാക്കിയാല്‍ എല്ലാ ബിരുദധാരികള്‍ക്കും പണി നല്‍കി അഭിമാനിക്കുകയും ചെയ്യാം. ഇത്തവണ വിജയശതമാനം ഉയരുമെന്ന്‌ സര്‍ക്കാരിന്‌ ഉറപ്പുണ്ടായിരുന്നു. കാരണം പരിഷ്‌കരിച്ച പാഠ്യപദ്ധതിയുടെ മേന്‍മയൊന്നുമല്ല. മാര്‍ക്കിടുന്ന കാര്യത്തില്‍ ഉദാര സമീപനം പുലര്‍ത്തണമെന്നായിരുന്നു മൂല്യനിര്‍ണയക്യാംപുകളില്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. അവര്‍ ഉദാരമായി മാര്‍ക്കിട്ടു. പത്തില്‍താഴെ മാത്രം മാര്‍ക്ക്‌ എഴുത്തുപരീക്ഷക്കു വാങ്ങിയവര്‍ വരെ വിജയിച്ചു. കാരണം തുടര്‍ മൂല്യനിര്‍ണയം വഴി ക്ലാസുകളില്‍ അധ്യാപകര്‍ ഇരുപതില്‍ ഇരുപതു മാര്‍ക്കും കുട്ടികള്‍ക്കു സംഭാവന നല്‍കിയിരുന്നല്ലോ. ഫലമോ പത്തില്‍ താഴെ മാര്‍ക്കു വാങ്ങുന്നവനും ജയിച്ചുകയറാം. സ്‌കൂളിനു വിജയശതമാനം കൂട്ടാം. സര്‍ക്കാരിന്‌ അഭിമാനിക്കാനുള്ള വക സംഭാവന ചെയ്യാം. മോഡറേഷന്‍ എന്ന ദുഷ്‌പേരില്ലാതെ എത്ര അനായാസമായ വിജയം. ഇതാണു സ്ഥിതിയെങ്കില്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികള്‍ എങ്ങനെ മിടുക്കരായി പഠിക്കും... ഇവിടെ എങ്ങനെ ഇംഗ്ലീഷ്‌ മീഡിയം വളരാതിരിക്കും. മലയാളിക്ക്‌ എങ്ങനെ വിവരമുണ്ടാകും.... അടുത്ത വര്‍ഷം മുമ്പ്‌ ചോദ്യപ്പേപ്പറുകള്‍ മുന്‍കൂട്ടി വിതരണം ചെയ്‌ത്‌ ഉത്തരം വീട്ടില്‍ നിന്ന്‌ എഴുതി അയക്കാവുന്ന പരീക്ഷാ സമ്പ്രദായം ഏര്‍പ്പെടുത്തുകയാകും നല്ലത്‌.

35 comments:

  1. മലയാളത്തിന്റെ പ്രിയ കവി. (പില്‍ക്കാലത്തു കാസറ്റുകളില്‍ നിറഞ്ഞു നിന്നു.) മനോഹരമായി പഠിപ്പിക്കും. അദ്ദേഹത്തിന്റെ വാക്ധോരണിയില്‍ വീണ് ഞങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മലയാളത്തെ രക്ഷിക്കുവാന്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം. പിന്നീട് അദ്ദേഹം തന്നെ പറഞ്ഞു, തന്റെ മക്കള്‍ ഇങ്ലീഷ് മീഡിയത്തിലാ പഠിക്കുന്നതെന്ന്.

    പ്രിയ വക്രബുദ്ധി, അതിനു ശേഷം മലയാളത്തിനായി വാദിക്കുന്നവരെക്കാണുമ്പോള്‍ എനിക്കൊരിത്... യേത്?

    ReplyDelete
  2. "അടുത്ത വര്‍ഷം മുമ്പ്‌ ചോദ്യപ്പേപ്പറുകള്‍ മുന്‍കൂട്ടി വിതരണം ചെയ്‌ത്‌ ഉത്തരം വീട്ടില്‍ നിന്ന്‌ എഴുതി അയക്കാവുന്ന പരീക്ഷാ സമ്പ്രദായം ഏര്‍പ്പെടുത്തുകയാകും നല്ലത്‌"

    അപ്പോ വക്രബുദ്ധി ഇവിടെയൊന്നുമല്ലെ ജീവിക്കുന്നത്‌?? :)

    ReplyDelete
  3. ലോകത്തില്‍ ജീവിക്കാന്‍ ഇംഗ്ളീഷാണു വേണ്ടത്. വീട്ടില്‍ ജീവിക്കാന്‍ മലയാളവും.
    ഒന്ന് ഒന്നിനെക്കാള്‍ മോശമല്ല. മെച്ചവും. എല്ലാം വേണം, നമുക്ക്. ഒന്നിനെയും തള്ളിക്കളയാതെ നോക്കിയാല്‍ മതി.
    മക്കളെ ഇംഗ്ളീഷ് മീഡിയത്തില്‍ ചേര്‍ത്തു എന്നതുകൊണ്ട് ഉത്തരവാദിത്തം തീരരുത്. അവരെ മലയാളം പഠിപ്പിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയും ആവാമല്ലോ...?!!

    ReplyDelete
  4. തറവാടിയുടെ തമാശ ഞാന്‍ അംഗീകരിച്ചിരിക്കുന്നു. കുടുംബംകലക്കിയുടെ അവസ്ഥ തന്നെ എനിക്കും. സുനീഷ്‌ പറഞ്ഞ ലൈനിലേക്കു ഞാനിപ്പോള്‍ വന്നു കഴിഞ്ഞു. മകനെ സ്‌കൂളില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കട്ടെ. ഞാന്‍ മലയാളം പഠിപ്പിക്കാം

    ReplyDelete
  5. അതെ, മലയാളിക്ക് വിവരമുണ്ടാകാന്‍ ഇനി ഒരേ ഒരു വഴി,
    ഇഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുക.

    ഒരു മുദ്രാവാക്യം കൂടി ഞാന്‍ പറയാം,

    ‘ഇഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കൂ, മലയാള(ിയെ)ത്തെ രക്ഷിക്കൂ’

    ReplyDelete
  6. വക്രബുദ്ധീ, ഇപ്പോഴത്തെ കേരളാ സിലബസ്സ് മലയാള മീഡീയത്തിനും ഇംഗ്ലീഷ് മീഡിയത്തിനും വേറെ വേറെയാണൊ? ഞാന്നൊന്നും പഠിക്കുമ്പോള്‍ അങ്ങനെ ആയിരുന്നില്ലല്ലോ. ഒരേ സിലബസ് മീഡിയം മാത്രം വ്യത്യാസം. ഇനി സി.ബി.എസ്.സി പോലുള്ള സിലബസ് ആവോ ഉദ്ദേശിച്ചത്.

    ഇനി ഇംഗ്ലീഷിലുള്ള അമിത താല്പര്യം:
    യജമാനന്റെ ഭാഷയ്ക്കുമേല്‍ അടിമയ്ക്കുണ്ടായ യജമനത്തം അവനെ കൊണ്ടെത്തിക്കുന്നത് മറ്റൊരു ഡയസ്പോറയിലേയ്ക്കാണ് എന്ന് മാത്രം. ഒരു ഡയസ്പോറ അനുഭവിച്ചവര്‍ അത് അസ്സലായീ മനസ്സിലാക്കിയിരിക്കുന്നു. (നമുക്കും അനുഭവങ്ങള്‍ വേണമല്ലോ. എന്നാലല്ലേ ഉദാത്ത കലയുണ്ടാവൂ ;))

    ReplyDelete
  7. കുറേക്കാലം മുന്‍പ് ഇങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു.

    ഒടുവില്‍, പള്ളിക്കൂടം നിര്‍ബന്ധമായി ചെലുത്തിയിരുന്ന ഒരു ഭാഷ മാത്രം കുട്ടിയെ വല്ലാതെ നോവിച്ചു. അവള്‍ പറഞ്ഞു, “അപ്പേ, എനിക്കിവിടെ പഠിക്കണ്ട. നാട്ടില്‍ പഠിച്ചാല്‍ മതി, എനിക്കു മലയാളവും നന്നായി പഠിക്കണം”

    കുട്ടി നാട്ടില്‍ പോയി. കൂട്ടിന് അമ്മയും. ചിറകുകള്‍ രണ്ടും മുറിഞ്ഞുവീണ അപ്പ മാത്രം പിന്നില്‍ ബാക്കിയായി.

    മറ്റന്നാള്‍ രാവിലെമുതല്‍ അവള്‍ മഴയത്ത് ഒരു കുഞ്ഞിക്കുടയും ചൂടി അച്ഛന്‍ പോയ അതേ വഴിത്താരയിലൂടെ നടക്കും...

    എന്നിട്ടും ഇപ്പോളും സംശയം - പഠിക്കാന്‍ ഇംഗ്ലീഷ് വേണോ മലയാളം വേണോ?

    അറിയില്ല.

    ലിസ്റ്റിലെ ആറുഭാഷകളില്‍നിന്നും അവള്‍ ഇപ്പോള്‍ രണ്ടെണ്ണമെങ്കിലും വെട്ടിക്കളഞ്ഞിരിക്കുന്നു.

    ReplyDelete
  8. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഇവിടുത്തെ ഭാഷയുമുണ്ട്, എന്നെപോലെ ആ ഭാഷ അറിയാത്തവര്‍ എങ്ങനെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കും. വിശ്വം ചെയ്തത് നന്നായി. ഞാനൊക്കെ വളരെ ആഗ്രഹിക്കുന്ന ഒരു കാര്യം.

    ഇന്ന് നാട്ടിലെ ആരോട് സംസാരിച്ചാലും ഒരു ഇംഗ്ലീഷ് വാക്കെങ്കിലും ഇല്ലാതെ ഒരു വാചകം മുഴുമിപ്പിക്കാറുണ്ടോ? കേരളം വളരുകയല്ലേ, പക്ഷേ നമ്മുടെ ഭാഷ ആ ചെറിയ കേരളത്തില്‍തന്നെ ഒതുങ്ങുകയും.

    ReplyDelete
  9. വളരെ കാലികപ്രസക്തമായ ഒരു പോസ്റ്റായിരുന്നു ഇത്..
    പ്രവാസി മലയാളികളിലെ പുതിയ തലമുറയിലെ ഭൂരിഭാഗം ആളുകള്‍ക്കും മലയാളം സംസാരിക്കാന്‍ അറിയില്ല കുറേ കഴിയുമ്പോള്‍ നമ്മുടെ നാട്ടിലും നല്ല മലയാളം സംസാരിക്കുന്നവര്‍ കുറവായിരിക്കും..2015 ആവുമ്പോഴേക്കും ഇന്‍‌ഡ്യയില്‍ ഇംഗ്ലിഷ് സംസാരിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ ഇംഗ്ലിഷ് സംസാരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആയിരിക്കുമെന്ന് ഒരു യൂറോപ്യന്‍ പത്രത്തില്‍ ഞാന്‍ വായിച്ചിരുന്നു..

    ReplyDelete
  10. ഒരു ഭാഷയും മറ്റ് ഭാഷയെക്കാള്‍ മുകളിലൊ താഴെയൊ അല്ലെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഇന്ന് കേരളം പോലുള്ള സംസ്ഥാനത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉണ്ടാക്കിയെടുക്കാന്‍; മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലോകത്ത് ഇന്ന് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ഇംഗ്ലീഷ് ഭാഷ അനിവാര്യമാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. മലയാളം നമ്മുടെ സ്വഭാവത്തിലും വീട്ടിലും മതി. ഇംഗ്ലീഷ് അറിയാത്തതിനാല്‍ നമ്മുടെ കുട്ടികള്‍ പിന്തള്ളപ്പെട്ടു പോകുന്ന ദയനീയ കാഴ്ച നമുക്ക് പല സ്ഥലങ്ങളിലും കാണാം. അതു കൊണ്ട് തന്നെ ഇംഗ്ലീഷിന് ഏറെ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യം തന്നെ.

    എന്നാല്‍ മലയാളം പഠിക്കേണ്ട എന്ന് ആരെങ്കിലും പറയുന്നെങ്കില്‍ അതിനോട് യോജിക്കാനും പറ്റില്ല.

    ReplyDelete
  11. ഇരിങ്ങല്‍ പറഞതിനോട് എനിക്ക് യോജിപ്പാണു. ഇംഗ്ലീഷില്‍ ഇല്ല്യാണ്ടേ പറ്റുവോ?
    ഇംഗ്ലീഷ് ഇല്ലാതെ പറ്റില്ല. മലയാളം നമ്മള്‍ കുട്ടികള്‍ക്ക് (മലയാളം മാതൃഭാഷയെങ്കില്‍) വീട്ടില്‍ സംസാരിച്ചാലോ പഠിപ്പിച്ചാലോ ധാരാളം മതിയാവും. എന്നാല്‍ അന്നം തേടലിന്റെ നിലനില്പിനു ഇംഗ്ലീഷ് ഇല്ലാതെ സാധ്യമല്ല എന്ന് ഒരു സ്ഥിതിയില്‍ തന്നെ നമ്മള്‍ എത്തി നില്‍ക്കുന്നു. മിക്ക കാമ്പസ് സെലക്ഷനിലും ഇംഗ്ലീഷ് ഡീബേറ്റിലും മറ്റും എം.എന്‍.സി കമ്പനികള്‍ വന്ന് കുട്ടികളെ സെലക്റ്റ് ചെയ്യുമ്പോ ഒരു ചെറിയ ശതമാനം കുട്ടികള്‍ മറ്റ് സാങ്കേതിക കാര്യങ്ങളില്‍ മികവുണ്ടായിട്ട് പോലും,"cant express himself" എന്ന റിമാര്‍ക്ക് വീണു തള്ളി പോകുന്നു. ഇതിന്റെ ഒക്കെ ബാക്കി പത്രം എന്ന നിലയിലാവും കേരളാ ഗവണ്മന്റ് തന്നെ മുന്‍ കൈ എടുത്ത് ഈയ്യിടെയായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമായി ഒരു ധാരണയുണ്ടാക്കുകയും മിക്ക ബിരുദാനന്തര കോളേജികളിലും മറ്റും ബിസിനസ്സ് ഇംഗ്ലീഷ് സെര്‍ട്ടിഫിക്കറ്റ് (BEC)എന്ന ഒരു കോഴ്സ് നടപ്പില്ലാ‍ക്കുകയും ചെയ്തു. നേഴ്സിങ് കോഴ്സുകളില്‍ ഇത് ആദ്യമേയുണ്ട്. പുറം രാജ്യത്തേയ്ക് പോകണമെങ്കില്‍ ഇംഗ്ലീഷ് നല്ല പോലെ (എന്നെ പോലെ :>) സംസാരിയ്കാന്‍ അറിയുക തന്ന്നെ വേണം. അല്ലാത്ത ഒരു പക്ഷം ആളുകളള്‍ക്കും തലവര നിമിത്തം ജോലി കിട്ടുകയും, മല്ലു ഇംഗ്ലീഷ് എന്ന ഒരു പുതിയ ഭാഷയുണ്ടാവുകയും ചെയ്തു. ഹിന്ദി സിനിമയലും, പരസ്യത്തില്‍ പോലും അവര്‍ ഈ മല്ലു ഇംഗ്ലീഷ് എന്ന ഭാഷയില്‍ സംസാരിച്ച് നമ്മളേ നാണം കെടുത്തുന്നു.മലയാളം മരിയ്കണമെന്നോ കൊല്ലണമെന്നോ ഒന്നും ഒരര്‍ത്തവും ഇതിനില്ല. നല്ല ഇംഗ്ലീഷ് സംസാരിയ്കാ‍ന്‍ ആവശ്യപെടുന്നത് തന്നെ, നാളെ അവന്‍ ബിസിനസ്സ് സംബന്ധമായ ഒരു സംവാദത്തില്‍ പെടുക, സാങ്കേതിക കരാറുകള്‍ സംബന്ധിച്ച്, അവ വായിച്ച് മനസ്സില്ലാക്കി ഒപ്പ് വയ്കുക, ബിസിനസ്സിന്റെ/ജോലിയുടെ ഭാഗമായി പുറം രാജ്യത്തേയ്ക് സ്വന്തം ജോലി സ്ഥ്പാനത്തിന്റെ ഭാഗഭാക്കായി പോവുക എന്നുള്ളപ്പോഴോക്കെയാണു. ജീവിയ്കാന്‍ ഡാറ്റാ എന്റ്രിയോ മറ്റോ മാത്രം മതി എന്ന് കരുതി ജീവിയ്കുന്നവര്‍ വളരെ കുറവല്ലേ? പക്ഷെ ഇംഗ്ലീഷിനു അത് അര്‍ഹിയ്കുന്ന ബഹുമാനം വേണ്ട സമയത്ത് മാത്രം കൊടുത്താല്‍ മതി. അല്ലാതെ ഇംഗ്ലീഷ് പഠിച്ച് പോയത് കൊണ്ട് ഞാന്‍ ഇനി ഇതെ പറയൂ എന്നുള്ള വാശി വേണ്ട. പക്ഷെ ഇനിയുള്ള കാലത്ത് അങ്ങോട്ട് (കേരളത്തിലെ ആധാരമെഴുത്ത് തൊഴിലാക്കാം എന്ന് വിചാരിയ്കുന്നവര്‍ ഒഴികേ) ജീവിതത്തിന്റെ ഉന്നതിയിലേയ്യ്ക് ഇംഗ്ലീഷ് വേണം, മലയാളം സ്കൂളില്‍ നിന്ന് മരിയ്കുന്ന് എന്ന് ആലോചിച്ച് വേവലാതിവേണമെന്നില്ല. മലയാളം സംസാരിയ്കുക എന്നത് മലയാളിയുടേ മക്കള്‍ പഠിപ്പിയ്കാതെ, തന്നെ സ്കൂളില്‍ മലയാളം ഇല്ലാതെ തന്നെ പഠിച്ചോളും.ഒരു ജോലിയ്കും (കേരളത്തില്‍ പോലും) മലയാളത്തില്‍ 4 പേജില്‍ ഉപന്യാസമെഴുതുക എന്ന ഒരു രീതിയില്ലല്ലോ. അത് കൊണ്ട് മലയാളം മരിച്ചേ എന്ന വേവലാതി മരിയ്കില്ല മലയാളം. മലയാളം എന്നല്ല ഒരു ഭാഷയും. അത് കൊണ്ട് മലയാളം മീഡിയത്തേ ആരും കൊന്നില്ല. റ്റെപ്പ് റെറ്ററും കൊണ്ട് നടന്നാ ശരിയാ‍വില്ലാ എന്ന് കരുതി കമ്പ്യൂട്ടര്‍ വന്നില്ലേ? അത് പോലെ ജീവിത നിലവാ‍രത്തിന്റെ ഉയര്‍ച്ചയ്ക് അത്യന്താപേക്ഷിതമെന്ന് കാണുമ്പോ‍ള്‍ നടപ്പ് രീതി മാറ്റുക എന്ന ചട്ടം എല്ലാത്തിനുമെന്ന പോലെ ഭാഷയ്കും ബാധകം. അത്രേയുള്ളു.

    ഇംഗ്ലീഷ് ഇല്ലാതെ പറ്റില്ല, (ഗൂ‍ഗിളില്‍ സൈന്‍ ഇന്‍ ചെയ്യണ്ടേ? ഹലോന്ന് പറയണ്ടേ? സിനിമാന്ന് പറയണ്ടേ? ഫാക്സ് അയയ്കണ്ടേ? ഫോറം പൂരിപ്പിയ്കണ്ടേ? പാസ്സ്പ്പൊറ്ട്ട് എടുക്കണ്ടേ? ഡോക്ടര്‍ടെ അടുത്ത് പോണ്ടേ? കമ്പ്യൂട്ടറ് പഠിയ്കണ്ടേ?

    വക്രമേ ഓഫാണെങ്കി മാപ്പ്. അങ്ങനെയാ ടെപ്പ് ചെയ്യാണ്ണ്ടിരിന്ന് ഡോക്ടര്‍ പറയണ വരെ ക്ഷമിയ്കുമല്ലോ.

    ReplyDelete
  12. അതുലേച്ചീ‍ീ,
    “മരിയ്കില്ല മലയാളം. മലയാളം എന്നല്ല ഒരു ഭാഷയും.“
    ഇതു സത്യം തന്നെ? (സത്യമാവട്ടെ) അപ്പോ ദിവടെ പറയുന്നത്. ഇവിടുത്തെ List of extinct languages കാണുന്നത്?
    മലയാളം മരിക്കില്ലായിരിക്കും, നമ്മള്‍ നെറ്റ് വഴി മറിച്ച് കൊണ്ടിരിക്കുകയല്ലേ :)(കടപ്പാട് ശനിയന്‍).

    ReplyDelete
  13. ഒരു തിരുത്ത്‌-നെറ്റ് വഴി മറിയ്ക്കുക എന്നത് നെറ്റിലേയ്ക്ക് മറിയ്ക്കുക എന്ന തിരുത്തി വായിക്കുക.

    ReplyDelete
  14. ന്റെ ഡാലിയേ നീന്നെയും പിടിച്ച് ബഞ്ചിമ്മേലു കേറ്റണോ ഞാന്‍? കേരളത്തിലെ ജനസംഖ്യയുടെ കണക്കനുസരിച്ച് (32 കോടിയോളം?) വരുന്ന ഇത്രയും ജനങ്ങള്‍ (മിക്കവാറും) സംസാരിയ്കുന്ന ഭാഷ മരിയ്കുമോ? ഡാലി പറഞപോലെ മലയാളത്തിനു ഒപ്പം അല്ലെങ്കില്‍ തീ‍ര്‍ത്തും മാറ്റി വയ്കാന്‍ ഉതകുന്ന ഒരു ഭാഷ കേരളത്തില്‍ വന്നാല്‍, അല്ലെങ്കില്‍ മലയാളം പറയുന്നവരുടെ കൂട്ടത്തോടെ കുലം പോലും ഇല്ലാണ്ടായാല്‍ (അങനെയാണല്ലോ ഒരു ഭാഷ മരിയ്കുക എന്ന് പറയുന്നത്, എങ്കില്‍ ഒരു പക്ഷെ മലയാളം നിലയ്കും. ഏതായാലും എത്രയോ കോടി വര്‍ഷങ്ങളിലേയ്ക് അതുണ്ടാവില്ലാ എന്ന് ജനസംഖ്യാ നിരക്ക് കാട്ടുന്നു. ഒരോ സെക്കന്റിലും ഒരു കുഞുവിതം എന്നല്ലേ. (ഡാലി പറയണ മലയാളത്തിന്റെ മരണം മനോരമക്കാരു കേക്കണ്ട. എന്റമ്മച്ചീ ദേണ്ടേ പത്തനം തിട്ടയിലും കൂടി ഇന്നാളു ഒരു മിഷന്‍ സ്വച്ചോണാക്കി.)

    ReplyDelete
  15. അത്യുല്യേച്ചി.. സ്റ്റാന്ഡ് അപ്പ്.. കേരളത്തിലെ ജനസംഖ്യ 32 കോടിയോ ?

    ReplyDelete
  16. ദുബായിലു വന്നേ പിന്നെ ..
    മില്യണാക്കുന്നേ...

    ReplyDelete
  17. അതുലേച്ചി, ഞാന്‍ ബെഞ്ചിന്റെ അല്ല ഡെസ്കിന്റെ മുകളില്‍. ഒരു ഭാഷയും മരിക്കില്ല എന്നത് സത്യമാണോ എന്നാണേ ഞാന്‍ ചോദ്യം ചോദിച്ചത്. തല്ലല്ലേ ടീച്ചറേ.മലയാളം നമ്മള്‍ മറിക്കുകയല്ലേ അത് പിന്നെ എങ്ങനെ മരിക്കും.
    കേരള ഗവണ്മെന്ന്റ് സൈറ്റില്‍ പോപ്പുലേഷന്‍ 31,838,619

    ReplyDelete
  18. അതുല്യ said...
    ദുബായിലു വന്നേ പിന്നെ ..
    മില്യണാക്കുന്നേ...

    ഹ ഹ ഹ ഹ ഹെന്റെ ചേച്ചിയേ ഇതൊക്കെ തന്നെ മലയാളത്തിനും സംഭവിക്കുന്നത്. ക്രോര്‍ എന്ന് പഠിച്ച് ആ വാക്കു കൊണ്ട് ബുഷ് അത്രേം വോട്ട് ചോദിയ്ക്കും എന്ന് പറയുമ്പോള്‍ നമ്മള്‍ കോടി മറന്ന് മില്യണ്യയ്ക്ക് പൂവും. ത്രേള്ളൂ. അത് മരണം ഒന്നല്ലാ.

    ReplyDelete
  19. വക്രബുദ്ധിച്ചേട്ടാ ഒരോഫ് ;)
    അതുല്യേച്ചീ എന്താ പറഞ്ഞേല്ലൊ മല്ലുഇംഗ്ലീഷെന്നോ മറ്റൊ... ഓര്‍ത്ത് വച്ചേക്കണേ... അടുത്ത തവണ എന്നെ ഫോണ്‍ വിളിക്കെട്ടാ ശരിയാക്കിത്തരാം...

    ReplyDelete
  20. സൌത്ത് ആഫ്രിക്കയില്‍ വര്‍ഷങ്ങളായി ജീവിച്ചാലും വീട്ടില്‍ മാത്രം സംസാരിച്ച് ഭാഷ നിലനിര്‍ത്താമെന്ന് എത്രയോ ജെനറേഷന്‍സ് ഗുജറാത്തികള്‍ ഇന്ത്യ പോലും കണ്ടിട്ടില്ലാത്ത ഗുജറാത്തികള്‍ കാണിച്ചു തന്നിരിക്കുന്നു.....

    മലയാളം മീഡിയത്തില്‍ പഠിച്ചെന്നും കരുതി ഒന്നും സംഭവിക്കില്ലാന്ന് ഇപ്പോള്‍ കാരീയറിന്റെ ആരേക്കാളുമൊക്കെ ഏറ്റവും ഉന്നതത്തില്‍ നില്‍ക്കുന്ന എത്രയോ കൂട്ടുകാര്‍ കാണിച്ച് തന്നിരിക്കുന്നു. ഇംഗ്ലീഷ് ചപ്പ് ചപ്പ് എന്ന് പഠിച്ചതുകൊണ്ട് മാത്രം കരിയര്‍ ഉണ്ടാവില്ല, എവിടേയും ഉണ്ടാവില്ല.

    മുന്‍പൊക്കെ അമേരിക്കന്‍ കമ്പനികള്‍ കോള്‍സെന്റര്‍ നടത്തുമ്പോള്‍ അമേരിക്ക ആക്സറ്റ്ന്‍ വേണം എന്നായിരുന്നു. ഇന്നത് മാറി, ഇന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് ആക്സെന്റിനു ഡിമാന്റ്.

    ഇംഗ്ലീഷ് വേണം, ഒരു ഭാഷയായിട്ട് വേണം. തീര്‍ച്ചയായും...എന്നിട്ട് ലോകം ആകെ ഒന്ന് മറിഞ്ഞ് നാളെ നമ്മുടെ മക്കള്‍ക്ക് ചൈനയിലാണ് ജോലിയെങ്കിലൊ? പഠിച്ച ഇംഗ്ലീഷ് മൊത്തം ഏത് കടലില്‍ കൊണ്ട് ചെന്ന് താഴ്ത്തും? സ്വന്തമായിട്ട് ഒരു ഭാഷയില്ലാതെ വല്ലവന്റേയും ഭാഷയുടേ പുറകേ പോയി സ്വന്തം വ്യക്തിത്വമില്ലാതെ പോയ ആ ആത്മാക്കള്‍ നാളെ നമ്മളെ പഴിക്കും!

    ReplyDelete
  21. ഇഞ്ചി പെണ്ണ് എന്തിനാ ചൂടാവുന്നേ... (ചുമ്മാ പറഞ്ഞതാ കേട്ടോ..)
    ഇവിടെ ആരും മലയാളം വേണ്ടെന്ന് പറഞ്ഞില്ലല്ലൊ.
    ഉവ്വോ..
    ഇന്നത്തെ ലോകത്ത് ജീവിക്കാന്‍ ഇംഗ്ലീഷ് കൂടിയേ തീരൂ.
    ഇനി ചൈനയിലാണെങ്കില്‍ പോലും. അവരെന്തിനാ ഇംഗ്ലീഷ് പഠിക്കാന്‍ പാടു പെടുന്നത്? കൊറിയക്കാരെന്തിനാ ഇംഗ്ലീഷ് പഠിക്കാന്‍ പാ‍ടു പെടുന്നത് ? (പ്രമോദിനെ അല്ല)
    ജപ്പാന്‍ കാര്‍? അങ്ങിനെ അങ്ങിനെ എത്ര പേര്‍. എന്‍ റെ ഇവിടെയുള്ള സുഹൃത്തുക്കളൊക്കെ ആരോടെങ്കിലും സംസാരിക്കണമെങ്കില്‍ ട്രാന്‍സുലേഷന്‍ ബുക്ക് തുറന്നു വച്ചാ സംസാരിക്കുന്നത്. അപ്പോള്‍...

    ഇംഗ്ലീഷ് ഭാഷയുടെ ആത്മാവോട് കൂടി തന്നെ പഠിക്കട്ടേ എല്ലാം മലയാള മക്കളും. ഒപ്പം മലയാളവും.

    ReplyDelete
  22. ഇഷ്ടമായി.....
    സത്യത്തില്‍ മലയാളംമീഡിയത്തെ സ്റ്റാറ്റസിന്റെ പേര്‌ പറഞ്ഞ്‌ കൊന്നത്‌ നമ്മളൊക്കെ തന്നെയല്ലേ........

    ReplyDelete
  23. പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ ഒരു ആരാധകനാണ്‍ ഞാന്‍.
    കുട്ടികള്‍ സ്വന്തമായി പ്രൊജക്ട്,സെമിനാറ്,അഭിമുഖങ്ങള്‍,തുടങ്ങിയ പലതും ഒറ്റക്കും കൂട്ടായും ചെയ്യുന്നത് കാണുമ്പോള്‍ കൊതി തോന്നുന്നു.
    ഒരു കാര്യം,നല്ല അദ്ധ്യാപകരെ കിട്ടണം. ഹോംവറ്ക്ക് ചെയ്യാന്‍ താല്പര്യമില്ലാത്ത അദ്ധ്യാപകര്‍ ആണെങ്കില്‍ കുട്ടികള്‍ അനുഭവിക്കും.
    ഇംഗ്ലീഷിലും കുട്ടികള്‍ ഇപ്പോള്‍ കേമന്മാരാണ്‍.അപ്ലിക്കേഷന്‍ ലെവലില്‍ തന്നെ ആണ്‍ ഇപ്പോളത്തെ അന്യഭാഷാ പഠനം.10-ആം ക്ലാസ് വരെ മലയാളം മീഡിയത്തില്‍ ആണ്‍ മലയാളി പഠിക്കേണ്ടതെന്ന് ഞാന്‍ അന്നും ഇന്നും എന്നും പറയും.
    10-ആം ക്ലാസിനു മുമ്പേ തന്നെ കുട്ടിയുടെ ഇംഗ്ലീഷ് പഠനവും ഭംഗിയാക്കണം.
    ഞാന്‍ ഒക്കെ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് എടുത്തിരുന്നത് ഹിസ്റ്ററിയോ എക്കണോമിക്സോ ഡിഗ്രിക്ക് മെയിന്‍ ആയി പഠിച്ച മാഷന്മാര്‍ ആയിരുന്നു.
    ഇപ്പോള്‍ ഇംഗ്ലീഷ് മെയിന്‍ ആയി പഠിച്ചവറ്ക്കെ ഹൈസ്കൂളില്‍ അത് പഠിപ്പിക്കാന്‍ യോഗ്യത ഉള്ളൂ എന്ന് നിയമം ഉണ്ട്.
    മലയാളം മീഡിയത്തെ ആരും കൊന്നിട്ടില്ല,അത് ചത്തിട്ടുമില്ല.:)

    ReplyDelete
  24. വക്രന്‍ സന്തുഷ്ടനായി. ബ്ലോഗിക്കല്‍ അത്രക്കങ്ങ്‌ വഴങ്ങിത്തുടങ്ങിയിട്ടില്ല. എന്നിട്ടും ഈ റിപ്പോര്‍ട്ട്‌ തയ്യാറാക്കും വരെ 22 കമന്റ്‌സ്‌. അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുകാന്നു പറയാറില്ലേ. ഞാന്‍ ആ അവസ്ഥയിലാണ്‌. വക്രന്റെ സഹചാരിയായ തകിടിമുത്തന്‍ അടുത്തിടെ ഒന്നു പോസ്‌റ്റിയിട്ട്‌ ആരും കമന്റിയില്ലെന്നു പറഞ്ഞ്‌ എന്തൊക്കെ പുകിലാ ഉണ്ടാക്കിയെ. ബ്ലോഗര്‍ മാഫിയ എന്നു വരെ വിളിച്ച്‌ ആക്ഷേപിച്ചു കളഞ്ഞില്ലേ. ഇപ്പം കണ്ടോ എത്രപേരാ ക്രിയാത്മകമായി പ3തികരിച്ചിരിക്കുന്നത്‌.ഞാന്‍ സന്തുഷ്ടനായി.

    ReplyDelete
  25. ഞാന്‍ പഠിച്ചത്‌ മലയാളം മീഡിയത്തിലാണ്‌. പത്താം ക്ലാസില്‍ ഇംഗ്ലീഷ്‌ പഠിപ്പിച്ചത്‌ സാമൂഹ്യപാഠം പഠിപ്പിച്ചിരുന്ന സാറാണ്‌. അതുകൊണ്ട്‌ മറ്റു വിഷയങ്ങള്‍ക്കൊക്കെ സാമാന്യം മാര്‍ക്കുണ്ടായിട്ടും ഇംഗ്ലീഷ്‌ അറ്റെപ്പറ്റെയാണു കയറിപ്പോയത്‌. പ്രീഡിഗ്രിക്കു ഫസ്റ്റ്‌ ഗ്രൂപ്പ്‌ എടുത്തപ്പോളും ഇംഗ്ലീഷായിരുന്നു കീറാമുട്ടി എന്നിട്ടും ജയിച്ചതത്ഭുതം. ഡിഗ്രിക്ക്‌ ആദ്യം ബീക്കോമിനു പഠിക്കുമ്പോള്‍ വിഷയങ്ങളെല്ലാം അക്കൗണ്ടന്‍സിയും സ്‌റ്റാറ്റിയും ഉള്‍പ്പെടെ മലയാളത്തിലെഴുതി. രക്ഷപ്പെടില്ലെന്നു തോന്നിയപ്പോള്‍ ബീക്കോമിനിട്ട്‌ ഒറ്റത്തൊഴി.
    പിന്നെ പോയി മലയാളം സ്‌നേഹം മൂത്ത്‌ ബി.എ. മലയാളത്തിനു റജിസ്‌റ്റര്‍ ചെയ്‌തു. സെക്കന്റ്‌ ക്ലാസ്സോടെ തോറ്റു. കാരണം ഇംഗ്ലാഷ്‌ മൂന്നു പേപ്പറും ഇതുവരെ എഴുതിയിട്ടില്ല. മലയാളം ഐച്ഛികമായെടുത്ത ഞാന്‍ ഇംഗ്ലീഷ്‌ പഠിച്ചു ജയിക്കണം എന്ന്‌ ആര്‍ക്കാണിത്ര ശാഠ്യം എന്നായിരുന്നു ചോദ്യം. വിപ്ലവം തലക്കു പിടിച്ച അക്കാലം പൊയ്‌പ്പോയി.... ഞാനൊരു പത്രപ്രവര്‍ത്തകനായി. പ്രാദേശികനായാണു തുടക്കമെങ്കിലും ഇപ്പോള്‍ അത്യാവശ്യം മറ്റു മാധ്യമങ്ങളിേെലഴുതാമെന്നൊക്കെയായി. പലരും ചോദിച്ചു എന്തേ ഏതെങ്കിലും പത്രത്തില്‍ ട്രൈ ചെയ്‌തില്ല എന്ന്‌. പ്രാദേശികനായി പത്തു വര്‍ഷം ജോലി ചെയ്‌ത മനോരമയില്‍ പോലും ശ്രമിക്കാഞ്ഞതെന്തെന്ന്‌. ഇംഗ്ലീഷ്‌ എഴുതാത്തതിനാല്‍ അക്കാദമിക്‌ ക്വാളിഫിക്കേഷന്‍ ഇല്ലെന്നു പറയുമ്പോള്‍ പലര്‍ക്കും അത്ഭുതം, എനിക്കു നഷ്ടബോധവും. എട്ടു വര്‍ഷത്തിനിപ്പുറം ഡിഗ്രി എഴുതിയെടുക്കാനാകുമോ എന്ന ശ്രമത്തിലാണ്‌....
    ഇത്രയും പറഞ്ഞത്‌ മലയാളത്തോടുള്ള സ്‌നേഹം കാട്ടാനാണ്‌.
    അമിതഭാരം കുട്ടികളില്‍ അടിച്ചേല്‍പിക്കുന്നതാണ്‌ എനിക്ക്‌ ഇംഗ്ലീഷ്‌ മീഡിയത്തോടുള്ള വിരോധം. തിരുവനന്തപുരത്തെ കൊടും ചൂടില്‍ എന്റെ മകനുള്‍പ്പെടെയുള്ള കുട്ടികളെ ഷൂവും ടൈയും ധരിപ്പിച്ച്‌ പീഢിപ്പിക്കേണ്ടി വരുന്നതിലെ വിഷമം. അവനു വായിക്കാന്‍ ധാരാളം പുസ്‌തകങ്ങള്‍ എന്റെ സ്വന്തം ലൈബ്രറിയിലുള്ളതിനാല്‍ മലയാളം അവന്‌ അത്ര ബുദ്ധിമുട്ടാകില്ലെന്നാണു ഞാന്‍ ഇപ്പോള്‍ ആശ്വസിക്കുന്നത്‌.

    സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്‌ളീഷ്‌ പഠനം മികച്ചതായി എന്നതു സത്യം തന്നെ. ഇപ്പോഴത്തെ പാഠ്യപദ്ധതിയോടും എനിക്കു യോജിപ്പാണ്‌. പക്ഷേ എത്ര അധ്യാപകരെ വിശ്വസിക്കാന്‍ ആകും. ആത്മാര്‍ഥതയുള്ള എത്ര സാറന്‍മാര്‍ നമ്മുടെ സ്‌കൂളുകളിലുണ്ട്‌.... അതിലെല്ലാമുപരി ഞാന്‍ പറഞ്ഞല്ലോ, ഇത്തവണത്തെ എസ്‌.എസ്‌.എല്‍.സി ഫലമാണ്‌ എന്നെ തിരിച്ചു ചിന്തിപ്പിച്ചത്‌. കുട്ടികള്‍ക്കു വാരിക്കോരി മാര്‍ക്കു കൊടുത്തു. തുടര്‍ മൂല്യനിര്‍ണയം സ്‌കൂളില്‍തന്നെ നടത്തി ഫുള്‍ മാര്‍ക്ക്‌. ഉദാരമായി മാര്‍ക്കിടാന്‍ അധ്യാപകര്‍ക്കു നിര്‍ദ്ദേശം... അല്ല, നാം എന്തിനാണു കുട്ടികളെ പഠിപ്പിക്കുന്നത്‌. ഇതാണു പരിഷ്‌കരിച്ച പരീക്ഷാ രീതിയെങ്കില്‍ പരീക്ഷയെ വേണ്ടെന്നു വയ്‌ക്കുകയല്ലേ നന്ന്‌. ഒരു ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ നിന്ന്‌ പഠിക്കാന്‍ മോശമായതിന്റെ പേരില്‍ ടി.സി.നല്‍കി പറഞ്ഞുവിട്ട കുട്ടി ഇത്തവണത്തെ പത്താംക്ലാസ്‌ പരീക്ഷയില്‍ എണ്‍പതു ശതമാനം മാര്‍ക്കാണു നേടിയത്‌. ആര്‍ക്കുവേണ്ടിയാണ്‌ ഈ വിദ്യാഭ്യാസ സമ്പ്രദായം.
    മഴയത്തു കുഞ്ഞു കുടയും ചൂടി, ചന്തികീറിയ നിക്കറുമിട്ട്‌ നാം ആര്‍ത്തുവിളിച്ച്‌ നടന്നുപോയ നമ്മുടെ കുണ്ടനിടവഴികള്‍ ഇന്നു റബറൈസ്‌ഡ്‌ റോഡായി മാറിയില്ലേ സഖാവേ. പ്ലാസ്റ്റിക്‌ വള്ളി നെയ്‌തെടുത്ത സഞ്ചിപോയി വന്ന ബാഗിന്‌ എത്ര തൊങ്ങല്‍, ചാക്കരി ചോറിന്റേയും തേങ്ങാച്ചമ്മന്തിയുടേയും സ്ഥാനത്ത്‌ നൂഡില്‍സും പിന്നെന്തൊക്കെ... സ്ലേറ്റും കല്ലുപെന്‍സിലും മായ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന അണ്ണാന്‍ പച്ചയുമൊക്കെ വെറും ഗൃഹാതുരത്വം. നാടോടുമ്പം നടുവേയെല്ല കുറുകെ തന്നെ ഓടണം.... നമുക്ക്‌ ഇംഗ്ലീഷ്‌ മീഡിയത്തെ പിന്താങ്ങിയേ പറ്റൂ... കൊന്നുവോ നിങ്ങളെന്‍ ജീവിതഭാഷയെ എന്ന്‌ ചോദിക്കുന്ന കവിയോട്‌ കൊന്നില്ല, കൊല്ലാതിരിക്കാനായി ശ്രമിക്കുകാണെന്നു നമുക്കു മറുപ
    ടി പറയാം.
    ഈ ബ്ലോഗ്‌ സ്‌പോട്ട്‌ തന്നെ അതിനുദാഹരണം. ഇംഗ്ലീഷ്‌ അക്ഷരമാലയെ മെരുക്കി നാം വരമൊഴിയെന്ന പേരില്‍ മലയാളത്തിനു കീഴ്‌പ്പെടുത്തിയില്ലേ. ഗള്‍ഫുകാരന്റെ ദുരഭിമാനവും അഹങ്കാരവുമാണ്‌ ഇംഗ്‌ളീഷിനോടുള്ള വിധേയത്വമെന്ന്‌ ആക്ഷേപിച്ചവര്‍ക്കു മറുപടി നല്‍കിയില്ലേ. സിബുവും വക്കാരി.യും കെവിനുമെല്ലാം എല്ലാ മലയാള ഭാഷാ ഗവേഷകരേയും കടത്തിവെട്ടിയില്ലേ. മലയാളം മരിക്കാനുള്ള ഭാഷയല്ലെന്നു നാം തെളിയിച്ചില്ലേ. അവശേഷിക്കുന്ന പ്രശ്‌നം ഇതു മാത്രമാണ്‌. മലയാളം മീഡിയം സ്‌കൂളുകളെ കൊന്നതാരാണ്‌. ഡീപ്പീയീപ്പിയോ, ഉദാരമായി മാര്‍ക്കിടാന്‍ പറഞ്ഞ അധികാരിയോ, ഒഴുക്കിനൊപ്പമെത്താന്‍ പാടുപെടുന്ന നമ്മേളോ....

    ReplyDelete
  26. ഇവിടത്തെ മലയാളം മീഡിയം സ്കൂളുകളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതുപോലെ തന്നെ നിലവിലുള്ള ഇംഗ്ലീഷ് മീഡിയം, CBSE, ICSE, സിലബസ്സിലുള്ള സ്കൂളുകളിലടക്കം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം ഒരു നിര്‍ബന്ധവിഷയമാക്കുകയും സംസ്ഥാന സര്‍ക്കാര്‍ അത് മോനിറ്റര്‍ ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ ഇവിടെ ഒരു സാമൂഹികസമത്വം നിലനില്‍ക്കൂ, കാലത്തിനൊത്ത് മലയാളികള്‍ വളരൂ.കഴിഞ്ഞ അഞ്ചാറു വര്‍ഷത്തെ കണക്കെടുത്താല്‍ മലയാളം മീഡിയത്തില്‍ പഠിച്ച എത്ര കുട്ടികള്‍ ഉന്നത റാങ്കുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ?

    ReplyDelete
  27. സ്കൂളില്‍ കിട്ടുന്ന റാങ്ക് നോക്കി മാത്രം നിലവാരം അളക്കരുതേ. പരീക്ഷയ്ക്ക് വരാവുന്ന ചോദ്യങ്ങള്‍ മുന്‍‌കൂട്ടി പഠിപ്പിച്ചും കാണാപ്പാഠം പഠിപ്പിച്ചുമൊക്കെയും റാങ്ക് ഉണ്ടാക്കാം (എല്ലാ റാങ്കുമല്ല, എന്നാലും). ഗ്രേഡിംഗ് സിസ്റ്റം വന്നപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളും പുറകോട്ട് പോകുന്നതും പല മലയാളം മീഡിയം സ്കൂളുകളും നല്ല വിജയം കൈവരിക്കുന്നതും കാണുന്നുണ്ട്.

    ഞങ്ങളുടെ നാട്ടിലെ സാദാ സര്‍ക്കാര്‍ സ്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച എന്റെ അനിയന്റെ കൂട്ടുകാരന് എസ്സ്.എസ്സ്.എല്‍.സിക്ക് പത്താം റാങ്കും കിട്ടി, രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ ഐ.ഐ.റ്റിയിലും കിട്ടി. എക്സെപ്ഷനായിരിക്കാം. പക്ഷേ അങ്ങിനെയും സംഭവിക്കുന്നുണ്ട്.

    ReplyDelete
  28. "ഒരു ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ നിന്ന്‌ പഠിക്കാന്‍ മോശമായതിന്റെ പേരില്‍ ടി.സി.നല്‍കി പറഞ്ഞുവിട്ട കുട്ടി ഇത്തവണത്തെ പത്താംക്ലാസ്‌ പരീക്ഷയില്‍ എണ്‍പതു ശതമാനം മാര്‍ക്കാണു നേടിയത്‌."
    വക്രബുദ്ധീ..ഇത് മലയാളം മീഡിയത്തിന്റ്റെ മേന്മ ആയാണ്‍ ഉദാഹരിക്കേണ്ടത്.മാതൃഭാഷയിലൂടെ ഉള്ള വിദ്യാഭ്യാസം ഈ കുട്ടിയെ 80 ശതമാനം മാറ്ക്കുവാങ്ങാന്‍ പ്രാപ്തനാക്കി.
    റാങ്കുവാങ്ങുന്നവന്‍ ഇംഗ്ലീഷ് ആയാലും മലയാളം മീഡിയം ആയാലും വാങ്ങും.ഇന്നത്തെ കാലത്ത് സൌകര്യങ്ങളും സാമ്പത്തികവും ഉള്ളവറ് കൂടുതലും കുട്ടികളെ ഇംഗ്ലീഷ്മീഡിയത്തില്‍ അയക്കുന്നു,എന്നതിനാല്‍ റാങ്കിന്‍ കാരണം ഇംഗ്ലീഷ് മീഡിയത്തില്‍ ചേറ്ന്നതാണ്‍ എന്നതല്ല.
    മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ 80%വാങ്ങിക്കുന്നവനെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേറ്ത്ത് ടി.സി വാങ്ങിപ്പിക്കുന്നത് ഒരു രക്ഷിതാവിന്‍ തന്റ്റെ കുട്ടിയോട് കാണിക്കാ‍ന്‍ പറ്റുന്ന ഏറ്റവും വലിയ ക്രൂരത അല്ലെ?
    മാറ്ക്ക് വാങ്ങലല്ല അറിവിന്റെ മാനദണ്ഡം എന്നതിന്‍ എനിക്കെപ്പോഴും ഐന്‍സ്റ്റീന്റെ ഉദാഹരണമേ ഉള്ളു.
    1 കൊല്ലം പഠിച്ച കാര്യങ്ങള്‍ 2 മണിക്കൂറ് നേരത്തെ പരീക്ഷയില്‍ ഛറ്ദ്ദിക്കലല്ല അറിവ്.ഇന്റേണല്‍ അസ്സെസ്സ്മെന്റിന്റെ പ്രാധാന്യം ഇവിടെ ആണ്‍.അല്ലാതെ വെറുതെ 20 മാറ്ക്ക് കൊടുക്കുന്നതല്ല.
    നേരത്തെ പറഞ്ഞ കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു.നല്ല അദ്ധ്യാപകറ് ആണ്‍ ഇപ്പോളത്തെ പാഠ്യപദ്ധതിയുടെ നെടുംതൂണ്‍.ശമ്പളം വാങ്ങാന്‍ മാത്രമുള്ള സാഡിസ്റ്റുകള്‍ ആണ്‍ എന്നത്തെയും വിദ്യാറ്ത്ഥിസമൂഹത്തിന്റെ ശാപം.അദ്ധ്യാപകരെ നിരന്തരമായി പരിശീലിപ്പിക്കുന്നതും അതിനുവേണ്ടി തന്നെ.ഇപ്പോളത്തെ തെറ്റുകുറ്റങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കെട്ടുറപ്പുള്ള ഒരു വിദ്യാഭ്യാസ പദ്ധതി വരട്ടേ എന്ന് നമുക്ക് ആശിക്കാം.

    ReplyDelete
  29. സ്കൂളിന് കിട്ടുന്ന വിജയശതമാനമോ റാങ്കുകളോ മാത്രം നോക്കി മലയാളമാണോ ഇംഗ്ലീഷാണോ നല്ല മീഡിയമെന്ന് തീരുമാനിക്കുന്നത് ചിലപ്പോള്‍ തെറ്റായ നിഗമനങ്ങളിലെത്തിച്ചേക്കാം. നല്ല വിജയശതമാനവും കുറെ റാങ്കുകളും മാതാപിതാക്കളെ ആ സ്കൂളുകളിലേക്ക് ആകര്‍ഷിച്ചേക്കാം എന്ന് സ്കൂളുകാര്‍ മനസ്സിലാക്കിയാല്‍ അവര്‍ അതിന് ഏത് വഴിയും നോക്കും- ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുന്‍പ് അടിച്ചുമാറ്റുന്നതുള്‍പ്പടെ. പക്ഷേ അവിടെനിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളെയാണ് നമ്മള്‍ നോക്കേണ്ടത്. അത് അത്ര എളുപ്പമല്ല താനും.

    ഇംഗ്ലീഷ് മീഡിയത്തില്‍ കുട്ടികള്‍ പഠിക്കണം എന്ന് പലരും പറയുന്നതിന്റെ ഒരു പ്രധാനകാരണമായി ഞാന്‍ മനസ്സിലാക്കിയത് കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാ‍വീണ്യമാണ്. ആ പ്രാവീണ്യം ഇംഗ്ലീഷ് സാഹിത്യത്തിലോ മറ്റോ പോലുമല്ല, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ തുടങ്ങി ഒരു ജോലി കിട്ടാനും ആ ജോലിയില്‍ നിന്നുപിഴയ്ക്കാനും വേണ്ടിയുള്ള പ്രാവീണ്യമായാണ് ചിലരെങ്കിലും കാണുന്നത്.

    പക്ഷേ എന്റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് മീഡിയത്തിലെ പഠനം കൊണ്ട് മാത്രം ആ പ്രാവീണ്യം കിട്ടുകയില്ല. ഇംഗ്ലീഷ് നല്ലവണ്ണം സംസാരിക്കണമെങ്കില്‍ ഏറ്റവും അത്യാവശ്യം വേണ്ടത് വൊക്കാബുലറി, ഗ്രാമര്‍ മുതലായ സംഗതികളും സംസാരിച്ചും കേട്ടുമുള്ള പരിചയവുമാണ്. ഇതില്‍ വൊക്കാബുലറി, ഗ്രാമര്‍ മുതലായ സംഗതികള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും സ്കൂളുകളിലെ അദ്ധ്യാപകര്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ മലയാളം മീഡിയത്തില്‍ നിന്നും കുട്ടികള്‍ക്ക് കിട്ടാവുന്നതേ ഉള്ളൂ. വൈകുന്നേരം വീട്ടില്‍ വന്നാല്‍ അരയോ ഒന്നോ മണിക്കൂര്‍ ഇംഗ്ലീഷിനായി മാറ്റി വെക്കുക, ആ സമയത്ത് ഡിക്‍ഷണറിയിലെ അഞ്ചോ പത്തോ വാക്കുകള്‍ അവനെ/അവളെക്കൊണ്ട് പഠിപ്പിക്കുക, അതിന്റെ ഉച്ചാരണം പഠിപ്പിക്കുക, ആ വാകുകള്‍ വെച്ച് വാചകങ്ങള്‍ ഉണ്ടാക്കിക്കുക, കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിപ്പിക്കുക, അതിന്റെ അര്‍ത്ഥം ചോദിക്കുക, മുതലായ സംഗതികള്‍ ചെയ്താല്‍ പത്താം ക്ലാസ്സെത്തുമ്പോഴേക്കും ഒരുമാതിരിയൊക്കെ പ്രാവീണ്യം കുട്ടികള്‍ക്ക് ഇക്കാര്യങ്ങളില്‍ ഉണ്ടാവും.

    പക്ഷേ എന്നാലും ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള പ്രാവീണ്യം വരണമെങ്കില്‍ ഇംഗ്ലീഷില്‍ സംസാരിച്ചുതന്നെ അതുണ്ടാക്കണം. അതിനുവേണ്ടി മലയാളം പറഞ്ഞാല്‍ ഫൈനിടുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതുവഴി മറ്റു പലതുമാണ് നമ്മള്‍ അവന്/അവള്‍ക്ക് നഷ്ടപ്പെടുത്തുന്നത്. അതിനും എന്തെങ്കിലും മാര്‍ഗ്ഗം മലയാളം മീഡിയത്തില്‍ തന്നെ ഉണ്ടാക്കിയാല്‍ മതി.

    ആക്സന്റ് മുതലായ സംഗതികളെപ്പറ്റി അധികം തലപുകയ്ക്കേണ്ട കാര്യമുണ്ടോ‍ എന്നും സംശയമുണ്ട്. അമേരിക്കയില്‍ തന്നെ കറുത്ത വര്‍ഗ്ഗക്കാരന് ഒരു രീതിയും സായിപ്പിന് ഒരു രീതിയും. ആസ്ട്രേലിയക്കാരുടെ ചില പ്രയോഗങ്ങള്‍ കേട്ടാല്‍ അമേരിക്കക്കാരനും മനസ്സിലാവില്ല. യൂക്കേയില്‍ സ്കോ‍ട്‌‌ലന്‍ഡ് കാരന്‍ പറയുന്ന ചില വാക്കുകള്‍ ഇംഗ്ലണ്ട് കാരന് പിടി കിട്ടില്ല. ചില ഐറിഷ് ആക്സന്റൊന്നും സ്കോട്‌ലന്‍ഡുകാരനും ഇംഗ്ലണ്ട് കാരനും പിടി കിട്ടില്ല-തിരിച്ചും. ഇംഗ്ലീഷ് സിനിമയിലെയും സീരിയലുകളിലെയും പോലെ ഇംഗ്ലീഷ് പറയുന്നതിലല്ല കാര്യമെന്ന് തോന്നുന്നു, കുറഞ്ഞ പക്ഷം പ്രൊഫഷണല്‍ ലെവലിലെങ്കിലും. പറയാനുള്ളത് സ്പീഡ് കുറച്ച് വ്യക്തമായി പറയുക, നല്ല വൊക്കാബുലറി ഉണ്ടാക്കുക, ഇതൊക്കെയുണ്ടെങ്കില്‍ കുറച്ചൊക്കെ പിടിച്ച് നിക്കാം. എങ്കിലും സായിപ്പിന്റെ കൂടെ ചായ കുടിക്കാന്‍ പോകുമ്പോള്‍ അവരുടെ കൂടെ തമാശയടിക്കണമെങ്കില്‍/ അവര്‍ പറയുന്ന തമാശകള്‍ മനസ്സിലാകണമെങ്കില്‍ അവരുടെ ലോക്കല്‍ രീതികളും അറിഞ്ഞിരിക്കണം. അതൊന്നും നാട്ടിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നിന്നും എന്തായാലും കിട്ടില്ലല്ലോ.

    ബാ‍ക്കി സയന്‍സ്, കണക്ക് മുതലായ സംഗതികള്‍ വെറുതെ പഠിക്കുന്നതിലല്ല, അത് മനസ്സിലാക്കുന്നതിലാണ് കാര്യം. അതിന് ഏറ്റവും നല്ലത് മാതൃഭാഷ തന്നെയാണ്.മലയാളത്തില്‍ പഠിച്ച് മലയാളത്തില്‍ ചിന്തിച്ച് മലയാളത്തില്‍ മനസ്സിലാക്കി മലയാളത്തില്‍ തന്നെ അത് പ്രകടിപ്പിക്കാന്‍ സാധിച്ചാല്‍ അതാണ് ഏറ്റവും നല്ലതെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഇംഗ്ലീഷില്‍ മനസ്സിലാക്കിയതിനേക്കാള്‍ നന്നായി ജപ്പാന്‍ കാര്‍ ജാപ്പനീസില്‍ എന്റെ സബ്‌ജക്റ്റ് മനസ്സിലാക്കിയിട്ടുണ്ട്. ഒരിക്കല്‍ സംഗതി മനസ്സിലായാല്‍ പിന്നെ പത്ത് കഴിഞ്ഞ് കോളേജില്‍ വരുമ്പോള്‍ ഭാഷയിലുള്ള വ്യത്യാസം കാരണം ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള തപ്പല്‍ ഒന്നോ രണ്ടോ മാസമേ കാണൂ. കാരണം കാര്യം മനസ്സിലായാല്‍ പുതിയ ഭാഷയില്‍ അത് അവതരിപ്പിച്ചാലും അത് പിടിച്ചെടുക്കാന്‍ വലിയ പാടില്ല. പക്ഷേ കാണാതെ മലയാളത്തില്‍ പഠിച്ച് വരുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഭാഷ മാറി കോളേജിലെത്തുമ്പോള്‍ സംഗതി ഇംഗ്ലീഷിലായാല്‍ മൊത്തത്തില്‍ അങ്കലാപ്പായിരിക്കും.

    അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ നാട്ടിലെ കുട്ടികളെങ്കിലും മലയാളം മീഡിയത്തില്‍ പഠിക്കട്ടെ, മലയാളത്തില്‍ ചിരിക്കട്ടെ, ചിന്തിക്കട്ടെ, മലയാളം പറയുന്നത് ഫൈന്‍ അടിക്കപ്പെടേണ്ട ഒരു സംഗതിയാണെന്ന ബോധം അവനില്‍ ഉണ്ടാവാതിരിക്കട്ടെ. അതോടൊപ്പം തന്നെ സയന്‍സ്, കണക്ക് എന്നിവ പോലെ ആവശ്യമുള്ള ഒരു കാര്യമാണ് ഇംഗ്ലീഷ് പഠനമെന്നും അവന്‍ മനസ്സിലാക്കട്ടെ. ഇംഗ്ലീഷ് പറയുന്നത് കേമമെന്നോ മലയാളം പറയുന്നത് കുറച്ചിലെന്നോ അവനൊരിക്കലും തോന്നാതിരിക്കട്ടെ.

    ഇനി ഇതിനൊന്നും പറ്റിയില്ലെങ്കില്‍ തന്നെ മലയാളം പറഞ്ഞാല്‍ ഫൈനടിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെങ്കിലും കുട്ടികള്‍ പഠിക്കാതിരിക്കട്ടെ.

    ReplyDelete
  30. മലയാളം പറഞ്ഞാല്‍ ഫൈനിടുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതുവഴി മറ്റു പലതുമാണ് നമ്മള്‍ അവന്/അവള്‍ക്ക് നഷ്ടപ്പെടുത്തുന്നത്. അതിനും എന്തെങ്കിലും മാര്‍ഗ്ഗം മലയാളം മീഡിയത്തില്‍ തന്നെ ഉണ്ടാക്കിയാല്‍ മതി.

    വക്കാരിയുടെ ഈ കമന്റില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്‌. മലയാളം മീഡിയത്തില്‍ എന്താണ്‌ നാം ഇതിനായി കണ്ടെത്തുക. കണ്ടെത്തും വരെ കാത്തിരിക്കാന്‍ നമുക്കു സമയമുണ്ടോ. എന്റെ മകന്‍ മലയാളം പറയുന്നതിന്‌ ഫൈന്‍ അടിച്ചാല്‍ ഞാനവിടെ വീണ്ടും പഴയ വിപ്ലവകാരിയാകും ഒരു പക്ഷേ. എത്രയായാലും മലയാളം മീഡിയത്തില്‍ വിട്ട്‌ ഒരു പരീക്ഷണത്തിനു ഞാന്‍ തയ്യാറല്ല. ഞാന്‍ പഠിച്ച സ്‌കൂള്‍ മലയാളം മീഡിയത്തില്‍ ഇന്നു വളരെ മുമ്പിലാണ്‌. നാട്ടിലായിരുന്നെങ്കില്‍ ഞാന്‍ മകനെ അവിടെ മാത്രമേ വിടുമായിരുന്നുള്ളു. അവിടെ പഠിച്ചു ജയിച്ചവര്‍ തന്നെയാണ്‌ അവിടുത്തെ അധ്യാപകര്‍. പക്ഷേ നാടുവിട്ടതോടെ ഞാന്‍ നിവൃത്തികേടിലായി.
    എന്തായാലും ഞാനൊരാള്‍ നിരുവിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നറിയാം. എങ്കിലും ഇംഗ്ലീഷ്‌ മീഡിയങ്ങളെ ഒന്നു നേര്‍വഴി നടത്താനാകുമോ എന്നൊന്നു നോക്കട്ടെ. കുറച്ചു വര്‍ഷം ഒരു സമരം. വിജയിച്ചില്ലെങ്കില്‍ അവനു ഞാന്‍ മലയാളം മീഡിയം സമ്മാനം കൊടുക്കും... ഏതാനും വര്‍ഷം കാക്കാം...

    read www.thakitimuthan.blogspot.com

    ReplyDelete
  31. വക്രൂ, പഞ്ചായത്ത് തലത്തില്‍ തന്നെയെന്ന് തോന്നുന്നു, കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനുള്ള ശാസ്ത്രീയമായ പരിപാടികള്‍ നടപ്പിലാക്കാന്‍ പോകുന്നു എന്ന് ശ്രീ എം.എ. ബേബി ഇന്നലെയോ മിനിങ്ങാ‍ന്നോ പറഞ്ഞിരുന്നതായി പത്രത്തില്‍ വായിച്ചിരുന്നു.

    വക്രുവിന്റെ ഒരു പ്രശ്‌നമായ മാര്‍ക്ക് വാരിക്കോരി കൊടുത്ത് മലയാളം മീഡിയത്തിലെ എല്ലാവരും ജയിക്കുന്നു എന്നത് അത്രയ്ക്ക് വലിയ പ്രശ്നമാണോ? ഒന്നാമത് മാര്‍ക്കിലല്ല, മനസ്സിലാക്കുന്നതിലും ലഭിക്കുന്ന വിവരത്തിലുമാണല്ലോ കാര്യം. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ (പലതിലും) പിള്ളേരെ കാണാപ്പാഠം പഠിപ്പിച്ച് നൂറു ശതമാനം വിജയം വാങ്ങിപ്പിക്കുന്ന പരിപാടിയുമുണ്ടല്ലോ. അതുകൊണ്ട് എല്ലാവരും ജയിക്കുന്നു എന്നത് മലയാളം മീഡിയത്തെ നശിപ്പിക്കുമെന്ന് തോന്നുന്നില്ല.

    ആരാണ് മലയാളം മീഡിയത്തെ നശിപ്പിക്കുന്നത് എന്ന ചോദ്യത്തിന് സര്‍ക്കാര്‍, സിസ്റ്റം, തുടങ്ങി പല കാരണങ്ങളും എനിക്ക് തോന്നുന്നുണ്ടെങ്കിലും പ്രധാനമായ ഒരു കാരണം മാതാപിതാക്കന്മാര്‍ തന്നെയാണ്. ഡീപ്പീയീപ്പി വന്നപ്പോള്‍, അത് ഇംഗ്ലീഷ് മീഡിയങ്ങളിലും മാനേജ്‌മെന്റ് സ്കൂളുകളിലും നിര്‍ബന്ധമായി നടപ്പാക്കാതെ സര്‍ക്കാര്‍ സ്കൂളുകളില്‍ പോലും വികലമായി നടപ്പാക്കി, അവസാനം മാര്‍ക്കിലാണ് എല്ലാമെന്ന് കരുതിയ മാതാപിതാക്കന്മാരും പ്രശ്‌നമുണ്ടാക്കി ആ പരിപാടിക്ക് തുരങ്കം വെച്ചു. അവര്‍ നോക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളില്‍ പിള്ളേര്‍ ക്ലാസ്സിലിരിക്കാതെ കറങ്ങി നടക്കുന്നു, ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ എല്ലാവരും ക്ലാസ്സിലിരുന്ന് അച്ചടക്കത്തോടെ പഠിക്കുന്നു. ആ പരിപാടി നേരാംവണ്ണം നടപ്പാക്കുകയും മാതാപിതാക്കന്മാര്‍ നല്ല പിന്തുണ കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ കാലക്രമേണ അതിന്റെ ഗുണം കുട്ടികള്‍ കാണുമായിരുന്നു എന്നുതന്നെ എനിക്ക് തോന്നുന്നു.

    രക്ഷിതാക്കളുടെ മനോഭാവം വളരെയധികം മാറേണ്ടിയിരിക്കുന്നു. നാട്ടിലെ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളെയും മലയാളം മീഡിയത്തില്‍ വിടുമെന്ന് രക്ഷിതാക്കള്‍ തീരുമാനിച്ചാല്‍ തന്നെ സര്‍ക്കാരും അതിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. പക്ഷേ ഇംഗ്ലീഷ് മീഡിയമാണെങ്കിലേ രക്ഷയുള്ളൂ‍ എന്ന് വിചാരിച്ചാല്‍ പിന്നെ സര്‍ക്കാരിനെന്ത്?

    കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ട് പാരലലായി വീട്ടിലും മറ്റുമായി മലയാളം കുട്ടികളില്‍ വളര്‍ത്താം എന്നതിനേക്കാള്‍ സ്വാഭാവികവും നല്ലതുമായ രീതിയായി എനിക്ക് തോന്നുന്നത് അവരെ മലയാളം മീഡിയത്തില്‍ വിട്ട് അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം സ്കൂളിലും വീട്ടിലുമായി വളര്‍ത്തുന്നതാണ്. അവര്‍ ആവോളം മലയാളത്തില്‍ ശ്വസിക്കട്ടെ, വീട്ടിലും സ്കൂളിലും. ബാക്കിയുള്ള സമയങ്ങളില്‍ പലതും പഠിക്കുന്ന കൂട്ടത്തില്‍ ഇംഗ്ലീഷും പഠിക്കട്ടെ.

    ReplyDelete
  32. വക്രബുദ്ധീ
    അയ്യോ ഇതൊരു വല്ലത്ത പേരാണല്ലോ:)

    കുട്ടികള്‍ പഠിയ്ക്കുന്ന കാലത്തോളം അച്ചനമ്മമാരുടെ ആകാംഷയും അതിആകാഷയും അങ്കലാപ്പും ഒന്നും കുറയില്ല അതു വേറെ കാര്യം.

    പിന്നെ മലയാളം മീഡിയത്തെ ആരെങ്കിലും കൊന്നോ മാഷേ.അതൊക്കെ വെറും തോ‍ാന്നലാ,
    മലയാളം അങ്നൊന്നും ചാകത്തില്ല.

    പിന്നെ മലയാളവും ഇങ്ലീഷും കുട്ടികള്‍ പഠിയ്ക്കണം.

    പിന്നെ ഏതു ഭാഷയില്‍ പഠിച്ചാലും നാലു പേരട മുന്നിലിറങ്ങി നിന്നും മനസിലുള്ളതു തുറന്നു, വ്യക്തമായി തെറ്റുകൂടാതെ പറയാന്‍ കഴിയണം. അങ്ങനെ കഴിയുന്നുണ്ടോ മകന് എന്നു ശ്രദ്ധിയ്ക്കുക.

    ആ സ്വാതത്ര്യ ബോധം അതു വലുതാണ്.

    കഴിഞ്ഞ് ദിവസം ഇവിടെ എന്റെ ഒരു സുഹൃത്തിനു വേവലാതി. മകളുടെ പഠനം ശരിയാകുന്നില്ല.

    ഗ്രേഡ് 12 ല്‍ 4 Aയും രണ്ട് B യും ഉണ്ട്. ഒന്നാം ക്ലാസു വിജയം. പക്ഷെ യ്യൂണിവേഴ്സിടിയില്‍ പറ്റുന്നില്ല. കാരണം ബിസിനസ് സയിന്‍സാണു പഠിയ്ക്കുന്നതെ. അതില്‍ law, philosophy ഇവയൊക്കെ ഉണ്ട്. അഭിപ്രായങ്ങളും ആശയങ്ങളും ഒക്കെ സ്വന്താമായി എഴുതണം, അവള്‍ക്കതു പറ്റുന്നില്ല.

    ഇതു തന്നെ. എതെങ്കിലും ഒരു ജോളിയ്ക്കു വേണ്ടതു communication skill ആണ്, അതു ഭാഷ അറിയുന്നതിനേക്കാള്‍ കൂടൂതല്‍ ഒരു വ്യക്തിയുടെ ആശയ ഉല്‍പ്പാദനത്തിന്റെ കഴിവാണ്.

    അതു മകനെ പഠിപ്പിയ്ക്കൂ. സമൂഹത്തോടും ക്രിയാത്മകതയോടും ബഹുമാനത്തോടും കരുണയോയും സംവാദിയ്ക്കാന്‍ പഠിപ്പിയ്ക്കൂ.

    അചന്‍ സിഷമിച്ചാല്‍ കുട്ടിയും വിഷമിയ്ക്കും അതു കോണ്ടു be happy

    ReplyDelete
  33. കുടുംബം കലക്കി ഉദ്ദേശിച്ച കവി മധുസൂദനന്‍ നായരല്ലേ..

    ReplyDelete
  34. മലയാളം മാത്രം പഠിച്ചു...നമ്മുടെ സര്ക്കര്‍ സ്കൂളുകളില്‍ പരീക്ഷണങ്ങള്‍ തുടരട്ടെ...പുതിയ തലമുറ വാറ്ത്തെടുക്കുമ്മ്ബോള്‍ അവരെ മന്ത്ബുദ്ധികളായി വളര്‍ ത്തിയില്ലങ്കില്‍ അവര്‍ നാളെ രസ്ഷ്ട്റീയക്കരുടെ കൊള്ളരുതായ്മക് ചൊദ്യം ചെയ്യില്ലെ?

    ReplyDelete
  35. മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളള്ളത് .തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ പഠനകാലത്ത് മാതൃഭാഷ നിര്‍ബന്ധിതമാണ്.സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം നിര്‍ബന്ധിതമായിരിക്കാനുള്ള അവകാശം  ഓരോ മലയാളിയുടെയും ജന്മവകാശമാണ് .മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും അനവസരത്തിലുള്ളതായി പോയി.ഭരണ ഭാഷ മലയാള ഭാഷ ആചരിക്കുന്ന വർഷം തന്നെയാണ് ഇത്തരത്തിലുള്ള തെറ്റായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും ഉത്തരവുകളും ഇറക്കുന്നതിന്റെ പിന്നിൽ കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷ യുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ.കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഇത് തികച്ചും തെറ്റായ നടപടിയാണ്.പ്രതികരിക്കുക,പ്രതിഷേധിക്കുക
    malayalatthanima.blogspot.in

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed