Saturday, December 24, 2011

മുല്ലപ്പെരിയാര്‍ ജലബോംബും ഭയബോംബുകളും


മുല്ലപ്പെരിയാറിലെ ജലത്തിന്‌ വീണ്ടും തീപ്പിടിച്ചിരിക്കുകയാണ്‌. അച്ചടി മാധ്യമങ്ങളാല്‍ പതിറ്റാണ്ടുമുമ്പ്‌ കനംവച്ച പേടിസ്വപ്‌നങ്ങള്‍ പിന്നീട്‌ ടെലിവിഷന്‍ ചാനലുകള്‍ ഏറ്റെടുത്തു. ഇത്തവണ അത്‌ സൈബര്‍ സ്ഥലികളിലാണ്‌ കത്തിപ്പിടിച്ചത്‌. ആനിമേറ്റഡ്‌ വീഡിയോകളിലൂടെയും ഫോട്ടോഷോപ്പില്‍ മാറ്റിമറിച്ച ചിത്രങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലെ അതിവൈകാരിക കാമ്പയിനുകളായി മുല്ലപ്പെരിയാറിനുവേണ്ടിയുള്ള നിലവിളികള്‍ പ്രതിധ്വനിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഇതേ മേഖലയില്‍ ജീവിക്കുകയും അവിടുത്തെ സ്‌പന്ദനങ്ങളറിഞ്ഞ്‌ പത്തു വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തനം നടത്തുകയുംചെയ്‌ത ഒരാളെന്ന നിലയില്‍ മറ്റൊരു വൈകാരികാനുഭവമായാണ്‌ ഞാന്‍ ഈ സംഭവങ്ങളെ കാണുന്നത്‌.

ഞാന്‍ ഉപജീവനത്തിനായി നാടിറങ്ങിയെങ്കിലും എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഇപ്പോഴും ഇടുക്കിയില്‍ തന്നെയാണ്‌. അവരിലൂടെ ആശങ്കകളും സമരത്തിന്റെ ആവേശവും ഓരോ മണിക്കൂറിലും അറിഞ്ഞുകൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ വഴിയെത്തുന്ന വാര്‍ത്തകളും ഭൂമിയുടെ അനിശ്ചിതമായ പടപ്പുറപ്പാടുകളുടെ മുന്നനുഭവങ്ങളും അവര്‍ക്കു നല്‍കുന്നത്‌ പീഢിതവും ദൈന്യവുമായ ദിവസങ്ങളാണ്‌. മുല്ലപ്പെരിയാറിന്റെ പേരില്‍ നടക്കുന്ന അതിവൈകാരികപ്രചരണങ്ങളും മലയാളിദേശീയതാ പ്രഖ്യാപനങ്ങളുമെല്ലാം വേറൊരുതരത്തില്‍ പേടിപ്പിക്കുന്നതായി മാറുന്നു. എതിരഭിപ്രായങ്ങളെ അസഹിഷ്‌ണുതയോടെ കാണുന്ന മാസ്‌ ഹിസ്‌റ്റീരിയയിലേക്കു നമുക്കു ചുറ്റുമുള്ളവര്‍ വലിഞ്ഞുമുറുകുന്നത്‌ സമാധാനത്തോടെ കാണാനാകില്ല.

മുല്ലപ്പെരിയാര്‍ ഒരു ജലബോംബാണെങ്കില്‍ അതിനു ചുറ്റുമുള്ള പത്തിലധികം അണക്കെട്ടുകളും അതിലേറെ വരുന്ന ചെക്ക്‌ ഡാമുകളും സമാനസ്വഭാവമുള്ളവതന്നെയാണ്‌. മുല്ലപ്പെരിയാറിനെ കാലപ്പഴക്കവും ദുര്‍ബലാവസ്ഥയും കൂടുതല്‍ ഭീതിദമാക്കുന്നുവെന്നുമാത്രം. ഇത്തരം അനേകം ബോംബുകള്‍ക്ക്‌ മുകളിലാണ്‌ ഇടുക്കി എന്ന നാടും അവിടുത്തെ ജീവിതങ്ങളും കുടികൊള്ളുന്നത്‌. ഞങ്ങളാരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല ഇത്രയും അണക്കെട്ടുകള്‍ ഇവിടെ ഉണ്ടാക്കിവച്ചത്‌. ഇപ്പോഴും ഇടുക്കിക്കാരുടെ ജലമരണമല്ല, കൊച്ചി അടക്കമുള്ള നഗരങ്ങളിലെ പരിഷ്‌കൃതമനുഷ്യരും അവരുണ്ടാക്കിവച്ച സ്വപ്‌നസൗധങ്ങളും ഇല്ലാതാക്കപ്പെടുന്നതിനെപ്പറ്റിയുള്ള ഭീതിയാണ്‌ ചര്‍ച്ചകളിലെല്ലാം മുന്നിട്ടു നില്‍ക്കുന്നത്‌. മുല്ലപ്പെരിയാര്‍ പൊട്ടിവരുന്ന ജലം ശേഖരിക്കാനുള്ള കരുത്ത്‌ ഇടുക്കി അണക്കെട്ടിനുണ്ടെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ പറയുമ്പോള്‍ അതിനെതിരെ വാളോങ്ങുന്നവര്‍ വള്ളക്കടവുമുതല്‍ കാഞ്ചിയാര്‍ വരെയുള്ള ഭൂമികയിലെ സാധാരണ ജന്മങ്ങളെ മറന്നുപോകുന്നു. വന്‍നഗരങ്ങള്‍ക്കുവേണ്ടി വെള്ളവും വെളിച്ചവും നല്‍കുക മാത്രമാണല്ലോ ഇടുക്കിക്കാരുടെ ജന്മദൗത്യം! മുല്ലപ്പെരിയാറില്‍ നിന്നു കൊണ്ടുപോയി വൈദ്യുതോല്‍പാദനത്തിനുശേഷമുള്ള വെള്ളമാണ്‌ തമിഴകത്തെ നാലഞ്ചു ജില്ലകളെ ഉര്‍വ്വരമാക്കി ഒഴുകുന്നത്‌. ഇവിടെനിന്നുള്ള പച്ചക്കറികളാണ്‌ ഇന്ന്‌ ഇടുക്കിക്കാരന്റെ അന്നം.

1988ല്‍ ഇടുക്കിയില്‍ ആദ്യമായി ഭൂമി കുലുങ്ങിയപ്പോള്‍ കേരളത്തില്‍ ചാനലുകള്‍ ഉണ്ടായിരുന്നില്ല. അന്ന്‌ മുല്ലപ്പെരിയാര്‍ ഇത്രമാത്രം സജീവ ചര്‍ച്ചാവിഷയവുമായിരുന്നില്ല. 2001ലെ ഭൂചലനത്തോടെയാണ്‌ മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്‌. പിന്നീട്‌ 2006ലാണ്‌ മുല്ലപ്പെരിയാറിന്റെ പേരില്‍ പെരിയാര്‍ തീരവാസികള്‍ ഏറ്റവുമധികം ഭയചകിതരായത്‌. അന്നും ജലനിരപ്പ്‌ 136 അടി കവിഞ്ഞു. ചാനലുകളുടെ ഒ.ബി വാനുകള്‍ ആദ്യമായി ഇടുക്കിയുടെ മലകയറി.
റിപ്പോര്‍ട്ടിംഗിലെ വിരോധാഭാസമറിയാന്‍ ഭ്രാന്തുപിടിച്ച റിപ്പോര്‍ട്ടിംഗ്‌ രീതികള്‍ പരിശോധിച്ചാല്‍ മതി. ലോവര്‍ ക്യാംപിലേക്ക്‌ പെന്‍സ്റ്റോക്ക്‌ പൈപ്പു വഴിയല്ലാതെ ഇറച്ചിപ്പാലം വഴിയുള്ള തോട്ടിലൂടെയും തമിഴ്‌നാട്‌ വെള്ളം കൊണ്ടുപോകുന്നുണ്ട്‌. അണക്കെട്ട്‌ നിറഞ്ഞതോടെ ഇതുവഴി വെള്ളം കൂടുതലായി തമിഴ്‌നാട്ടിലേക്കൊഴുക്കി. കഴിയുന്നത്ര വെള്ളം തങ്ങളുടെ ചെറു തടയണകളിലെത്തിച്ച്‌ സംഭരിക്കുക എന്നതായിരുന്നു തമിഴ്‌നാടിന്റെ ഉദ്ദേശ്യം. കുമളി - ലോവര്‍ ക്യാംപ്‌ റോഡ്‌ വെള്ളപ്പാച്ചിലില്‍ പൂര്‍ണമായി തകര്‍ന്നു. ഇതോടെ തമിഴ്‌നാട്‌ ക്രമത്തിലധികം വെള്ളം കൊണ്ടുപോകുന്നെന്നായി വാര്‍ത്താലേഖകരുടെ ആരോപണം. തമിഴ്‌നാട്‌ കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത്‌ നല്ലതാണെന്ന്‌ കേരളത്തിലെ ഭരണാധികാരികള്‍ പറഞ്ഞിട്ടും ഇത്തവണയും ചിലരെല്ലാം ഇതാവര്‍ത്തിച്ചു.

മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടും നിറഞ്ഞുകവിഞ്ഞതോടെ തമിഴ്‌നാടിന്‌ വെള്ളം ശേഖരിക്കാന്‍ മാര്‍ഗ്ഗമില്ലാതായി. അവര്‍ വൈഗ അണക്കെട്ട്‌ തുറന്നുവിട്ടാണ്‌ ജലനിരപ്പ്‌ നിയന്ത്രിച്ചത്‌. എന്നിട്ടും മുല്ലപ്പെരിയാറില്‍ 136 അടിക്കു മുകളിലേക്കു വെള്ളമുയര്‍ന്നു. അധികജലം പെരിയാറിലേക്കൊഴുകി. പെരിയാര്‍ കരകവിഞ്ഞു. ഇതോടെ വെള്ളം പൊങ്ങുന്നതിനാല്‍ പെരിയാര്‍ തീരവാസികള്‍ ഭീതിയിലെന്നായി വാര്‍ത്ത. തമിഴ്‌നാട്‌ കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതും പെരിയാര്‍ കരകവിഞ്ഞതും മുല്ലപ്പെരിയാര്‍ നിറഞ്ഞതും ഒരു പോലെ പ്രശ്‌നമാക്കി മാറ്റി ചാനലുകള്‍. മൂന്നും കുറ്റമായതിനാല്‍ മഴ പെയ്യാതിരിക്കുക മാത്രമാണ്‌ പരിഹാരമെന്ന്‌ ആരും അന്നു പറയാതിരുന്നത്‌ ഭാഗ്യം! ഇത്തവണ എന്തായാലും ഇത്രത്തോളം പോയില്ല ചാനലുകള്‍.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി തുടരുന്നതില്‍ കവിഞ്ഞ ആശങ്കകളൊന്നും ഇന്ന്‌ ഇടുക്കിയിലെ ജനങ്ങള്‍ക്കിടയിലില്ല. പക്ഷെ, സുരക്ഷക്കുവേണ്ടി ഉയര്‍ത്തുന്ന ശബ്‌ദം നിശ്ശബ്‌ദമാകാതിരിക്കാന്‍ ഇത്തരം ചില കാരണങ്ങള്‍ ആവശ്യമാണെന്നതാണ്‌ വസ്‌തുത. അഞ്ചുവര്‍ഷമായി പുറംലോകം തിരിഞ്ഞുനോക്കാതിരുന്ന ഒരു സമരത്തിലേക്ക്‌ അണക്കെട്ടുപൊട്ടുംപോലെ പിന്തുണപ്രവഹിച്ചതിന്റെ കാരണവും മറ്റൊന്നല്ല. താരതമ്യേന ശക്തി കുറഞ്ഞ ഭൂചലനമായിട്ടും വീണ്ടും മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണമിതാണ്‌. അതും അടുപ്പിച്ചുണ്ടായ രണ്ടു ചലനങ്ങള്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്‌ഭാഗത്ത്‌ ജനവാസം തുടങ്ങുന്ന വള്ളക്കടവു മുതല്‍ ഇടുക്കി ജലസംഭരണിയില്‍ പെരിയാര്‍ ചേരുന്ന അയ്യപ്പന്‍കോവില്‍ വരെ അറുപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലാളുകളെയാണ്‌ അണക്കെട്ടിന്റെ തകര്‍ച്ച നേരിട്ടു ബാധിക്കുക. ബാക്കി ലക്ഷമൊക്കെ ഇടുക്കി ജലസംഭരണി തകര്‍ന്നാല്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌. അപ്പോള്‍ ഇടുക്കി ജലസംഭരണിയുടെ ബലത്തെപ്പറ്റിയും നമുക്ക്‌ ആശങ്കയുണ്ടെന്നര്‍ഥം. അതുമറച്ചുവയ്‌ക്കാനാണ്‌ നാം ഇടുക്കിയിലെ ജലനിരപ്പ്‌ താഴ്‌ത്തുമെന്നു പ്രഖ്യാപിക്കുന്നത്‌.

അനവധി അണക്കെട്ടുകള്‍ ചേര്‍ന്നാണ്‌ ഞങ്ങളുടെ നാടിനെ ഭൂകമ്പമേഖലയാക്കി മാറ്റിയത്‌. വമ്പന്‍ ഡാമുകള്‍ക്ക്‌ രൂപംകൊടുക്കുമ്പോള്‍ ഒരു നാടിന്റെ രൂപം അവ എങ്ങനെയാണ്‌ മാറ്റിമറിക്കുക എന്നതിനെപ്പറ്റി ആര്‍ക്കും ഒരാധിയുമുണ്ടായിരുന്നില്ല. മഴക്കാലത്ത്‌ ഇടുക്കിയിലെ ജലസംഭരണികളില്‍ കെട്ടി നിര്‍ത്തുന്നത്‌ 150 ടി.എം.സി.വെള്ളമാണ്‌. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി. കേരളത്തിലെ ആദ്യത്തേതും ഏറ്റവും ചെറുതുമായ പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിതൊട്ട്‌ ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചുഡാമും കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുമായ ഇടുക്കിയും തമിഴ്‌നാടിന്‌ വെള്ളവും വെളിച്ചവും നല്‍കുന്ന മുല്ലപ്പെരിയാറും സ്വകാര്യമേഖലയിലെ രണ്ടു ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും വലുതായ കുത്തുങ്കല്‍ പദ്ധതിയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്ന ജലത്തിന്റെ അളവ്‌ 16 ടി.എം.സി. ആണ്‌. ഇടുക്കി സംഭരണിയില്‍ ഇത്‌ 78 ഉം.
ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ, അനൈക്യകേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ്‌ പള്ളിവാസല്‍. ഈ പദ്ധതിപ്രദേശത്തിന്റെ അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഭൂതത്താന്‍കെട്ട്‌, മാട്ടുപ്പെട്ടി, പൊന്‍മുടി, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, കുത്തുങ്കല്‍, ചെങ്കുളം അണക്കെട്ടുകള്‍. ചെളിവന്നുമൂടി സംഭരണശേഷി അനുദിനം കുറയുന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്ന്‌ കഷ്‌ടിച്ച്‌ 20 കിലോമീറ്റര്‍ മാറി ലോവര്‍ പെരിയാര്‍ അണക്കെട്ട്‌. ഇവിടെ നിന്ന്‌ 20 കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ഇടുക്കിയിലേക്ക്‌. ഇടുക്കി പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ മൂന്നു വശത്തും അണകളാണ്‌. ഇടുക്കി ആര്‍ച്ചുഡാം കൂടാതെ, നോക്കിയാല്‍ കാണാവുന്ന ദൂരത്ത്‌ കുളമാവ്‌, ചെറുതോണി അണക്കെട്ടുകളും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍പ്പെട്ട, തേക്കടി തടാകമെന്നു പേരുകേട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ കേവലം 30 കിലോമീറ്റര്‍ മതി (റോഡ്‌ മാര്‍ഗമല്ല) ഇടുക്കി ജലസംഭരണിയിലെത്താന്‍. മലമ്പ്രദേശത്തുനിന്ന്‌ താഴോട്ടിറങ്ങിയാല്‍, മൂലമറ്റം പവര്‍ഹൗസില്‍ നിന്നു പുറത്തേക്കൊഴുകുന്ന വെള്ളം മലങ്കരയില്‍ അണകെട്ടി തടഞ്ഞുനിര്‍ത്തിയിരിക്കുന്നതു കാണാം. വൈദ്യുതോല്‍പാദനത്തിനുവേണ്ടിയല്ലാതെ പണിതിട്ടുള്ള ഇടുക്കിയിലെ ഏക അണക്കെട്ടാണിത്‌.
ഇവ കൂടാതെ ഇരട്ടയാറിലും കല്ലാറിലും അഴുതയിലുമെല്ലാം ഇടുക്കി ജലസംഭരണിയിലേക്കുള്ള ചെറിയ ഡൈവേര്‍ഷന്‍ ഡാമുകള്‍. പിന്നെ ഏലത്തോട്ടങ്ങളിലുള്‍പ്പെടെ ജലസേചനത്തിനായി ചെക്ക്‌ ഡാമുകള്‍ എന്ന പേരില്‍ എണ്ണമില്ലാത്തത്ര സംഭരണികള്‍. ഇതില്‍ മൂന്നാറിലും കൈലാസപ്പാറയിലും കാമാക്ഷിവിലാസത്തും വണ്ടന്‍മേട്ടിലും ശാന്തമ്പാറയിലും ഉടുമ്പഞ്ചോലയിലുമൊക്കെയുള്ളത്‌ സാമാന്യം വലിയ തടയണകളാണ്‌. ചിലയിടത്തൊക്കെ ബോട്ടിങ്‌ സൗകര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഇവയുടെ വലുപ്പവും ഗൗരവവും ബോധ്യമാകും.

മണ്ണിനടിയില്‍ നിന്ന്‌ ഉരുള്‍പൊട്ടിവന്ന ജലപ്രവാഹങ്ങളില്‍പെട്ട്‌ ജില്ലയില്‍ ഇതുവരെ നൂറുകണക്കിനാളുകളാണ്‌ മരിച്ചത്‌. പല കുടുംബങ്ങളും തുടച്ചുനീക്കപ്പെട്ടു. ഓരോ മഴക്കാലത്തും ഇടുക്കി ദുരന്തത്തിനായി കാതോര്‍ക്കുന്നുണ്ട്‌. ഇപ്പോള്‍ പ്രകൃതി ഒരുക്കുന്ന ദുരന്തത്തിനല്ല, അനാസ്ഥയുടെ കൊടുംദുരന്തത്തിനുകൂടിയാണ്‌ ഇടുക്കി കാക്കുന്നത്‌. അഞ്ചു വര്‍ഷം മുമ്പ്‌ കുളമാവിനു സമീപം പോത്തുമറ്റത്ത്‌ കുന്നിന്‍മുകളിലെ തേയിലത്തോട്ടത്തില്‍ ഒരു ചെക്ക്‌ ഡാം തകര്‍ന്നപ്പോള്‍ ഒലിച്ചുപോയി മണ്ണടിഞ്ഞത്‌ ഒരു കുടുംബത്തിലെ അഞ്ചുപേരായിരുന്നു. ഇടുക്കിയുടെ നെഞ്ചില്‍ മനുഷ്യന്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ താണ്‌ഡവം തുടങ്ങിയതിവിടെയാണ്‌.

പോത്തുപാറ ദുരന്തം മറവിയിലാകും മുമ്പ്‌ പന്നിയാറില്‍ കണ്ടത്‌ മലമുകളില്‍ നിന്നു വരാനിരിക്കുന്ന സുനാമിയുടെ മുന്നറിയിപ്പായിരുന്നു. പൊന്‍മുടി അണക്കെട്ടില്‍ നിന്ന്‌ തുരങ്കത്തിലൂടെ സര്‍ജുകുന്നിലെത്തുന്ന വെള്ളം വാല്‍വുഹൗസില്‍ ഒരു നിമിഷം തടുത്തു നിര്‍ത്തുകയും പിന്നെ രണ്ടു പെന്‍സ്റ്റോക്കു പൈപ്പുകളിലൂടെ താഴോട്ടൊഴുകി, അതു നാലായി, വെള്ളത്തൂവലിലെ പന്നിയാര്‍ പവര്‍ഹൗസിലെത്തി ഊര്‍ജ്ജപ്രവാഹത്തിനു നിദാനമാകുകയാണ്‌ ചെയ്യുന്നത്‌. പെന്‍സ്റ്റോക്ക്‌ പൈപ്പിലെ ചോര്‍ച്ച തടയാനാകാത്തതിനാല്‍ വാല്‍വു ഹൗസില്‍ വെള്ളം തടയാനായിരുന്നു ജീവനക്കാരുടെ ശ്രമം. പക്ഷേ കെട്ടിനിര്‍ത്തപ്പെട്ട വെള്ളത്തിന്റെ സ്വാതന്ത്രേ്യച്ഛ അവിടെ പൊട്ടിത്തെറിച്ചു. പൊലിഞ്ഞ മനുഷ്യശരീരത്തില്‍ ഒന്ന്‌ ഇപ്പോഴും കണ്ടെടുക്കാന്‍പോലുമായിട്ടില്ല. ജലതാണ്‌ഡവത്തില്‍പെട്ട മനുഷ്യശരീരം ആര്‍ക്കും കാണാനാകാതെ ഇപ്പോള്‍ പന്നിയാറിലും മണ്ണുമൂടപ്പെട്ടു കിടക്കുന്നു.

പന്നിയാറും പോത്തുപാറയും പ്രകൃതിയുടെ റിഹേഴ്‌സലുകളായിരുന്നു. മലമുകളില്‍ തടുത്തു നിര്‍ത്തപ്പെട്ട വെള്ളം ഒരു ദുര്‍ബലപഴുതിലൂടെ ചീറ്റിത്തെറിച്ചാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ മിനിയേച്ചര്‍.

മുമ്പൊരിക്കല്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെ ചെളി കഴുകിക്കളയാന്‍ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ നേര്യമംഗലം മുതല്‍ ആലുവ വരെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി. പെരിയാറില്‍ ചെളി നിറഞ്ഞപ്പോള്‍, കുളിരുംകൊണ്ട്‌ ഒഴുകി നടക്കുന്ന പര്‍വ്വതനിരയുടെ പനിനീരിനെ എല്ലാവരും ശപിച്ചു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ എല്ലാം ശാന്തമായി.

1988 ജൂണ്‍ മാസത്തിലാണ്‌ ഇടുക്കി ആദ്യമായി വിറച്ചത്‌. മിനിട്ടുകളുടെ ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. പാത്രങ്ങള്‍ തെറിച്ചുവീണു. റിക്‌ടര്‍ സ്‌കെയില്‍ പറഞ്ഞതനുസരിച്ച്‌ ചലനശക്തി അഞ്ചിനു മുകളിലായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. അങ്ങിനെ കേരളത്തിലാദ്യമായി ഇടുക്കിക്കാര്‍ ഭൂചലനം എന്തെന്ന്‌ അനുഭവിച്ചു. പിന്നീട്‌ ചെറുചലനങ്ങളായി. എത്രയോ തവണ! ഇടുക്കിക്കാര്‍ക്ക്‌ ഭൂചലനം കാറ്റും മഴയും പോലൊന്നായി. കാറ്റും മഴയും ജീവനുകളപഹരിച്ചപ്പോള്‍ ഭൂചലനം മാത്രം ആരെയും കവര്‍ന്നില്ല.

അന്നേ പലരും പറഞ്ഞു, അണക്കെട്ടുകള്‍ ഇടുക്കി ജില്ലയ്‌ക്ക്‌ ശാപമാകുകയാണെന്ന്‌. പക്ഷേ തകര്‍ക്കാനാകാത്ത വിശ്വാസമാണല്ലോ നമ്മുടെ കൈമുതല്‍. ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി. അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി. കേരളത്തിലെ രാഷ്‌ട്രീയനേതൃത്വങ്ങള്‍ തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാറിലേക്ക്‌ ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു. ഇതെല്ലാം ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അപകടാവസ്ഥയിലായ ഒരു അണക്കെട്ടിലേക്ക്‌ എന്തു ധൈര്യത്തിലാണ്‌ നിങ്ങള്‍ പോകുന്നതെന്ന്‌ ഒരു നേതാവിനോടും ആരും ചോദിച്ചില്ല. ഏതുനിമിഷവും പൊട്ടാവുന്ന അണക്കെട്ടിന്റെ ജലസംഭരണിയായ തേക്കടി തടാകത്തിലെ ബോട്ടിംഗ്‌ നിര്‍ത്തിവയ്‌ക്കാത്തതെന്തുകൊണ്ടാണെന്നും ആരും ചോദിച്ചില്ല.

ഇപ്പോഴും ഇവിടെ നിന്ന്‌ ഒരണക്കെട്ടിനെ ഉച്ചാടനം ചെയ്യാനല്ല, അല്‍പംകൂടി വലുത്‌ നിര്‍മിക്കാനാണ്‌ എല്ലാവര്‍ക്കും വെമ്പല്‍. മുല്ലപ്പെരിയാര്‍ ഭൂഭ്രംശമേഖലയാമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെന്നല്ല ആര്‍ക്കും തര്‍ക്കമില്ല. എന്നിട്ടും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ മറ്റൊരു അണകൂടി കെട്ടിപ്പൊക്കണമെന്നു പറയുമ്പോള്‍ അതു ചുമക്കാനുള്ള തലവിധിയുള്ളവരായി ഇടുക്കിക്കാര്‍ മാറുകയാണ്‌. ആരെയൊക്കെയോ ഭയമുള്ളതുകൊണ്ടുമാത്രമാണ്‌ പുതിയ ഡാം എന്ന മുദ്രാവാക്യം ഏറ്റുവിളിക്കാന്‍ ഞങ്ങള്‍ തയ്യാറാകുന്നത്‌. ഒറ്റയടിക്കുണ്ടാകില്ല ഒരു ഡാമും. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുതാഴെ പുതിയതൊരെണ്ണം പണിയാന്‍ തീരുമാനിച്ചാലും അതിന്‌ അനുമതി ലഭിച്ച്‌ പണി പൂര്‍ത്തിയാകുംവരെ ഭൂകമ്പമുണ്ടാകില്ലെന്നും മുല്ലപ്പെരിയാര്‍ പൊട്ടില്ലെന്നും ഞങ്ങള്‍ വിശ്വസിക്കണോ?

അതുകൊണ്ടുതന്നെ ഒരര്‍ഥത്തില്‍ നിരര്‍ഥകമായി മാറുകയാണ്‌ ഈ പ്രക്ഷോഭങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി പെരിയാര്‍ തീരത്തെ ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു പരിഹാരം തേടി നടക്കുന്ന സമരത്തെ ഒരു ഭൂചലനത്തിന്റെ പേരില്‍ ഒരൊറ്റ രാത്രികൊണ്ട്‌ ഹൈജാക്ക്‌ ചെയ്‌തവരെ നാം ഇപ്പോള്‍ സ്വീകരണമുറിയിലെ ചതുരപ്പെട്ടിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. സമരത്തിന്‌ അഞ്ചാണ്ടായി നേതൃത്വം നല്‍കിയവരെ ചാനല്‍ ക്യാമറകള്‍ മൂലക്കൊതുക്കിക്കഴിഞ്ഞു. അവര്‍ക്ക്‌ നാളെയും വേണ്ടത്‌ ഈ പാവം ജീവിതസമരക്കാരെയല്ലല്ലോ!

മുല്ലപ്പെരിയാര്‍ ഇല്ലെങ്കില്‍പോലും ഇടുക്കി സുരക്ഷിതമല്ല. അത്രയേറെ ജലബോംബുകളാണ്‌ ഇവിടെയുള്ളതെന്നു നേരത്തേ പറഞ്ഞുവച്ചു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മാത്രമാണോ കൊച്ചി നഗരം വിറയ്‌ക്കുക? ഇടുക്കിയിലൊരു ഭൂചനലപ്രഭവകേന്ദ്രം ഉണ്ടായാല്‍ കൊച്ചിയിലെ ചതുപ്പുകള്‍ നികത്തി കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകളും ഷോപ്പിംഗ്‌ മാളുകളും ചീട്ടുകൊട്ടാരംപോലെ തകരും. ഭൂചലനത്തില്‍ അണക്കെട്ടുകള്‍ തകര്‍ന്നാല്‍ മാത്രമേ ഇടുക്കിക്കാര്‍ക്ക്‌ ഭയക്കേണ്ടതുള്ളു. പക്ഷെ, കൊച്ചിയില്‍ ബഹുനിലമന്ദിരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയിലമരുക അതിലും എത്രയോ ഇരട്ടി ജീവിതങ്ങളായിരിക്കും. ഇതേപ്പറ്റിക്കൂടി ബോധവല്‍ക്കരിക്കാന്‍ നാം മെഴുകുതിരി വിപ്ലവങ്ങള്‍ നടത്താന്‍ മടിക്കുന്നതെന്ത്‌?

നമ്മുടെ ചിന്തകളെ തീപിടിപ്പിക്കുന്നത്‌ താല്‍ക്കാലികമായ ആവശ്യങ്ങളാണ്‌. കംപ്യൂട്ടറിനു മുന്നിലിരുന്ന്‌ രോഷം കൊള്ളാനും സങ്കടപ്പെടാനും പേടിക്കാനുമുള്ള ചില കാരണങ്ങള്‍. ഓരോ ദിവസവും നല്ലൊരു സമയം ഇന്റര്‍നെറ്റിനു മുന്നില്‍ കുത്തിയിരിക്കുന്ന ഞാനും ചിലപ്പോഴൊക്കെ അതില്‍ പെട്ടുപോകുന്നു. പക്ഷെ, ഞാന്‍ ഇറങ്ങിപ്പോന്ന മലനിരകളില്‍ നിന്ന്‌ എന്റെ സഹജീവികള്‍ നിലവിളിക്കുമ്പോള്‍, അവരുടെ പേരില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി സൈബര്‍ ഇടങ്ങളില്‍ രോഷം കൊള്ളുന്നവരോട്‌ കലഹിക്കാതിരിക്കാന്‍ എനിക്കാവില്ല. ഭൂമിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ആശങ്കപ്പെടുമ്പോള്‍ ഞങ്ങളെ സിംഹവാലന്‍കുരങ്ങളുകളെന്നു വിളിച്ച്‌ കളിയാക്കാനല്ലേ ചങ്ങാതിമാരേ നിങ്ങളില്‍ പലരും തുനിഞ്ഞിട്ടുള്ളത്‌?

ഞങ്ങള്‍ക്കറിയാം, പെരിയാറിന്റെ തീരത്തു താമസിക്കുന്നവരുടെ ആയുസ്സിന്റെ ബലംകൊണ്ട്‌ മുല്ലപ്പെരിയാര്‍ ഇന്നത്തെപോലെതന്നെ നാളെയും നിലനില്‍ക്കുകയും അണക്കെട്ടിലെ ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തുകയും ചെയ്‌താല്‍ പിന്നെ നിങ്ങളൊക്കെ മെഴുകുതിരി അണയ്‌ക്കും. നേതാക്കളൊക്കെ മലയിറങ്ങും. സൈബര്‍സിംഹങ്ങള്‍ `സില്‍സില'കള്‍ക്കും സന്തോഷ്‌പണ്ഡിറ്റുമാര്‍ക്കും പിന്നാലെ തെറിവിളികളുമായി പാഞ്ഞുചെല്ലും. `കൊലവെറി'കള്‍ക്ക്‌ കയ്യടിക്കും. ഒരു കൂട്ടമരണത്തിനു വിധിക്കപ്പെടാന്‍മാത്രം ഞങ്ങളുടെ നാട്ടുകാര്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ ആശ്വസിച്ച്‌, മലമുകളില്‍ നിന്നൊരു ഇരമ്പം വരുന്നുണ്ടോ എന്നു കാതോര്‍ത്ത്‌ ഭയചകിതരായി ഞങ്ങളുടെ നാട്ടുകാര്‍ പകലും രാത്രികളും തള്ളിനീക്കും.

2006ല്‍ ഞങ്ങളിതു കണ്ടതാണ്‌. മറ്റൊരു ഭൂചലനമുണ്ടാകുംവരെ മുല്ലപ്പെരിയാറിനെ ഓര്‍ത്ത്‌ പരസ്‌പരം കെട്ടിപ്പിടിച്ച്‌ ഞങ്ങള്‍ ആശങ്കകള്‍ പങ്കുവച്ചുകൊള്ളാം. നിങ്ങള്‍ക്ക്‌ വെള്ളവും വെളിച്ചവും തന്നുകൊള്ളാം. കാരണം എന്നും ഇരകളാകാന്‍ വിധിക്കപ്പെട്ടവരാണല്ലോ പാവം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും.


(മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ വിവിധ ഗ്രൂപ്പുകളിലും മറ്റുമായി ഞാന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ തുടര്‍ന്നാണ്‌ ഇത്തരമൊരു ലേഖനത്തെപ്പറ്റി നാലാമിടത്തിന്റെ പ്രവര്‍ത്തകര്‍ എന്നോടു സംസാരിച്ചത്‌. തുടര്‍ന്ന്‌ ഞാന്‍ നല്‍കിയ കുറേ വിവരങ്ങളും എന്നോടു സംസാരിച്ചെടുത്തവയും ചേര്‍ത്ത്‌ അവര്‍ തന്നെ ഒരു ലേഖനം തയ്യാറാക്കി പ്രസിദ്ധീകരിച്ചു (
http://www.nalamidam.com/archives/6287). ഈ ലേഖനം വായിച്ച ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപസമിതി അത്‌ പ്രസിദ്ധീകരിക്കുന്നതിനനു തയ്യാറായി. അവര്‍ക്കു പ്രസിദ്ധീകരണത്തിനുതകുംവിധം ചില മാറ്റങ്ങള്‍ വരുത്തിയ നാലാമിടത്തിലെ ലേഖനമാണിത്‌. നാലാമിടത്തിന്റെയും ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെയും പ്രവര്‍ത്തകര്‍ക്കു നന്ദി.)

2 comments:

  1. 2006ല്‍ ഞങ്ങളിതു കണ്ടതാണ്‌. മറ്റൊരു ഭൂചലനമുണ്ടാകുംവരെ മുല്ലപ്പെരിയാറിനെ ഓര്‍ത്ത്‌ പരസ്‌പരം കെട്ടിപ്പിടിച്ച്‌ ഞങ്ങള്‍ ആശങ്കകള്‍ പങ്കുവച്ചുകൊള്ളാം. നിങ്ങള്‍ക്ക്‌ വെള്ളവും വെളിച്ചവും തന്നുകൊള്ളാം. കാരണം എന്നും ഇരകളാകാന്‍ വിധിക്കപ്പെട്ടവരാണല്ലോ പാവം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും.

    ReplyDelete
  2. ഇത് ഊതിപ്പെരുപ്പിച്ച കണക്കാണ്. ഇങ്ങനെ വലിയ വലിയ കണക്കു നമ്മള്‍ പറയുമ്പോള്‍ തമിഴ്നാട് പറയുന്ന നിസ്സാരത്തിന്റെ കണക്കും കേട്ടിരിക്കേണ്ടി വരും.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed