Monday, July 18, 2011

ഉരുള്‍ സ്‌മാരകങ്ങള്‍

ഉരുള്‍പൊട്ടലുകള്‍ക്ക് നിത്യസ്‌മാരകങ്ങളുണ്ടോ? ഉണ്ട്. അവ കാണണമെങ്കില്‍ ഇടുക്കി ജില്ലയിലൂടെ സഞ്ചരിച്ചാല്‍ മതി. ഓരോ മലകള്‍ക്കും ഓരോ ഉരുള്‍പൊട്ടലിന്‍റെയോ മണ്ണിടിച്ചിലിന്‍റെയോ കഥ പറയാനുണ്ടാകും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുന്നിന്‍റെ ശരീരത്തില്‍ പച്ചപ്പു വന്നുമൂടിയ ഒരു വടു. പ്രകൃതി തന്നെ ഒരുക്കിയ സ്‌മാരകം. ഓര്‍മപ്പെടുത്തല്‍ എന്നു പറയുകയാകും ശരി. രക്തസാക്ഷി മണ്‌ഡപങ്ങളോ ജീവന്‍‌പോയവരുടെ പേരുകൊത്തിയ ഫലകങ്ങളോ അല്ല, പ്രകൃതിയുടെ അടയാളങ്ങളാണ് അവ. ഏതോ ഒരു നശിച്ച രാത്രിയില്‍ ഭൂമിക്കടിയില്‍ നിന്ന് പെരുവെള്ളവും കരിങ്കല്ലുകളും വൃക്ഷലതാദികളെ തകര്‍ത്തു താഴേക്കു പാഞ്ഞതിന്‍റെ മുറിവുണങ്ങിയ അടയാളം.

അതിന്‍റെ മീതേ പൊടിച്ചു വളരുന്ന പച്ചപ്പുകള്‍ക്ക് അപ്രത്യക്ഷരായ മനുഷ്യരുടെ ശരീരങ്ങള്‍ വളമേകിയിട്ടുമുണ്ടാകും. അവയുടെ തുടക്കം മുതല്‍ താഴേക്ക് അധികം പഴക്കമില്ലാത്ത നീരുറവയുമുണ്ടാകും. അത് ഉണങ്ങാത്ത അടയാളമാണ്. ഒരുവേള അപരിചിതനായ ഒരുവന്‍റെ കണ്ണില്‍ ആ വടുക്കള്‍ പെട്ടാലും അത് പല ജീവനുകള്‍ ഹോമിക്കപ്പെട്ട ഒരു പ്രകൃതിതാണ്‌ഡവത്തിന്‍റെ അവശേഷിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നുവരില്ല. പിന്നെ, ഇടുക്കിയിലേക്കു കിതച്ചുകയറുന്ന വഴികളിലോരോന്നില്‍ നിന്നും അകലെ തലയുയര്‍ത്തി നില്‍ക്കുന്ന മലകളിലേക്കു നോക്കിയാല്‍ ഇത്തരം ചെറിയ മുറിപ്പാടുകള്‍ കാണാനാകും. ആളപായങ്ങളുണ്ടാക്കാതെ വിദൂരത്തല്ലാതെ പെയ്‌ത മഴയത്ത് താഴോട്ടൊഴുകിപ്പോയ മണ്ണിന്‍റെ അല്‍പം നഗ്നത.

ഓരോ മഴക്കാലവും ഇടുക്കിക്കു സമ്മാനിക്കുന്നത് ദുരിതത്തിന്‍റെ രാവുകളാണ്. വേനല്‍ക്കാലം വറുതിയുടേയും. ഇറ്റുവെള്ളം കുടിക്കാനില്ലാതെ വറ്റിയ കിണറുകളും തോടുകളും ഉപേക്ഷിച്ച് ഓലികളില്‍ തപസ്സിരിക്കുന്നവര്‍ ഇടവം പിന്നിടുന്നതോടെ ദുരിതത്തിന്‍റെ നിലയില്ലാക്കയത്തിലാകും. ഇടുക്കി ജലസംഭരണിയില്‍ വെള്ളം നിറയാന്‍ സംസ്ഥാനമൊട്ടാകെ പ്രാര്‍ഥിക്കുമ്പോള്‍ മഴയോട് പെയ്യാനും പെയ്യാതിരിക്കാനും ഒരുപോലെ അഭ്യര്‍ഥിക്കേണ്ട ഗതികേട് ഈ മലനാട്ടുകാര്‍ക്കു മാത്രമേ കാണൂ.

ഉരുള്‍പൊട്ടല്‍ എന്ന വാക്ക് ആദ്യം കേട്ടതെന്നാണ്? വെള്ളത്തൂവലില്‍ നിന്ന് മൂന്നു നാലു കിലോമീറ്റര്‍ അകലെ പൊന്‍മുടി അണക്കെട്ടിന്‍റെ താഴ്‌ഭാഗത്തായുള്ള മൂത്ത അപ്പച്ചിയുടെ വീട്ടില്‍ പോയ കൗമാരകാലത്താണെന്ന് ഓര്‍മ. പന്നിയാറിന്‍റെ ഇരുകരകളിലുമായി തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു പാലമോ ചപ്പാത്തോ പോലുമില്ലാതെ പന്നിയാര്‍കൂട്ടിയെന്ന ഗ്രാമം. അവിടെ വന് പാറക്കെട്ടുകള്‍ നിറഞ്ഞ് വരണ്ടൊഴുകുന്ന പന്നിയാറിന്‍റെ തീരത്തായിരുന്നു പച്ചഇഷ്‌ടികയും ഓലയും കൊണ്ടു തീര്‍ത്ത ആ വീട്. വെളിക്കിറങ്ങാന്‍ പോയിരുന്ന വലിയ കല്ലുകള്‍ ഏതോ ഒരു ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതായിരുന്നത്രെ. ഇനിയും താഴേക്കുരുളാന്‍ പഴുതില്ലാതെ അവ നദിയുടെ തീരത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നിരിക്കണം.

തൊടുപുഴയില്‍ നിന്നുള്ള `കോമ്രേഡ്’ ബസില്‍ ആദ്യം പന്നിയാര്‍കൂട്ടിയിലെ വീട്ടില്‍ ചെല്ലുന്നതിന് മുമ്പുള്ള വര്‍ഷമാണ് മലമുകളില്‍ നിന്ന് മറ്റൊരു ഉരുള്‍ നദിയിലേക്കു പതിച്ചത്. ഓരോ ഉരുളുകള്‍ക്കും ലക്ഷ്യമായി താഴെ ഒരു നദിയുണ്ടാകുമെന്നറിഞ്ഞത് അന്നാണ്. വീടിന്‍റെ പിന്നില്‍ ചെങ്കുത്തായ മലയാണ്. അതിന്‍റെ വശം ചെത്തി ബസുകള്‍ക്കുപോകാന്‍ ചെളിയും തരിക്കല്ലുകളും മൂടിയ ടാറിട്ട റോഡ്. വാഹനങ്ങള്‍ പോകുന്നത് വീടിനു മീതേക്കൂടിയാണോ എന്നു തോന്നിപ്പോകും. മലമുകളില്‍ നിന്നു വന്ന ഉരുളിള്‍ ഒലിച്ചുപോയ റോഡ് ഒരു ബസിനു കഷ്‌ടിച്ചുപോകാനാകുന്ന വിധത്തില്‍ പുതുക്കിപ്പണിതിട്ടുണ്ട്. ഉരുള്‍ വന്നപ്പോള്‍ ഒലിച്ചുപോയ വീടിന്‍റെ ചായ്‌പ് വീണ്ടും ഓലകെട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നു. എന്നിട്ടും ഉരുളിന്‍റെ കരുത്ത് മനസ്സില്‍ പതിഞ്ഞിരുന്നില്ല.

മഴ നിര്‍ത്താത പെയ്യുന്ന രാത്രികള്‍ അന്നു ഭയമായിരുന്നു. നിരന്തരമായി ഉണ്ടാകുന്ന ചെറിയ ഭൂചലനങ്ങള്‍. ശക്തമായി വീശുന്ന കാറ്റ്. നിറുത്താതെ പെയ്യുന്ന മഴ. മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ച വീടിന്‍റെ മേല്‍ക്കൂര വിലകുറഞ്ഞ ഷീറ്റുകളായിരുന്നു. ചാക്കു ഷീറ്റുകളെന്നു പറയും. ശക്തമായ കാറ്റില്‍ അവ ഇളകിപ്പറന്നുപോകും. എത്രയോ രാത്രികള്‍ മഴവെള്ളം പതിക്കുന്ന മുറികളില്‍ ഉറങ്ങാതിരുന്നിരിക്കുന്നു. മണ്ണെണ്ണ വിളക്കുകള്‍ക്ക് കാറ്റിനെ ചെറുക്കാന്‍ ശക്തിയില്ലാതിരുന്നതിനാല്‍ ഇരുട്ടായിരുന്നു കൂട്ട്. ഒടുവില്‍ കണ്ണുകളില്‍ ഉറക്കംതൂങ്ങി തളരുമ്പോള്‍ വീണ്ടും കാറ്റിന്‍റെ ഇരമ്പം ശക്തമാകും. ഉറക്കം കെട്ടുപോകും. വൃക്ഷശിഖരങ്ങള്‍ ഒടിഞ്ഞുവീഴുന്ന കരപിരശബ്‌ദം വീണ്ടും വീണ്ടും ഭയപ്പെടുത്തും.

dsc_0382_copy

വീട് കുന്നിന്‍റെ മുകളിലായിരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ മുകളില്‍ വന്നു പതിക്കുമെന്ന് ഭയപ്പെട്ടിരുന്നില്ല. പക്ഷെ, മുന്നിലെ മുറ്റം കെട്ടിപ്പൊക്കിയിരുന്ന കയ്യാല തകര്‍ന്ന് വീട് ഉരുളായി താഴേക്കു പോകുമോ എന്നു ഭയന്നിരുന്നു. കനത്ത കാറ്റും മഴയും മൂലം ജീവിതം ദുരിതമയമാകുമ്പോള്‍ ജില്ലാകളക്ടര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കും. ചിലപ്പോള്‍ ഒരാഴ്‌ചയിലധികം അതു നീളും. ചീഞ്ഞ മഴയേയും നശിച്ച കാറ്റിനേയും ഭീതിയോടെ നോക്കി സ്‌കൂളില്‍ പോകാതെ പുതപ്പിനടിയില്‍ ചുരുണ്ടുകൂടിയിരുന്ന കാലം.

എണ്‍പതുകളുടെ അവസാനം വരെ പത്രമാധ്യമങ്ങള്‍ക്കൊന്നും ഹൈറേഞ്ചില്‍ പ്രതിനിധികളുണ്ടായിരുന്നില്ല. ഏജന്‍റുമാരായിരുന്നു വാര്‍ത്ത കൊടുത്തിരുന്നത്. പലപ്പോഴും പിറ്റേന്ന് ചെറിയൊരു വാര്‍ത്തയാകും വരിക. തൊട്ടടുത്തദിവസം തൊടുപുഴയില്‍ നിന്നു മലകയറി ലേഖകരും ഫോട്ടോഗ്രാഫര്‍മാരും വരും. അവശിഷ്‌ടങ്ങളുടെ പടവും ദുരന്തത്തിന്‍റെ കദനകഥകളുമായി അവര്‍ മലയിറങ്ങൂം. വീട്ടുമുറ്റത്തു സംഭവിച്ച ദുരന്തത്തിന്‍റെ കരളലിയിക്കുന്ന കഥ രണ്ടോ മൂന്നോ ദിവസത്തിനുശേഷം വായിച്ച് നെടുവീര്‍പ്പിടും.

ഓരോ ഉരുളുകളും വാഹനങ്ങളെ വഴിയില്‍ കുടുക്കിയിരുന്നു. മുണ്ടക്കയത്തു നിന്ന് കട്ടപ്പനയ്‌ക്കും കുമളിക്കുമുള്ള റോഡുകളിലും നേര്യമംഗലത്തുനിന്ന് ഇടുക്കിക്കും അടിമാലിക്കുമുള്ളവഴികളിലും നിരന്തരം മണ്ണും കല്ലും വിഘാതം സൃഷ്‌ടിച്ചു. ഇടറോഡുകളുടെ കാര്യം പറയുകയും വേണ്ട. ഒരു വശത്തെ മലയില്‍ നിന്ന് അഗാധമായ താഴ്‌ചയിലേക്കുള്ള ഉരുളുകളുടെ പ്രയാണം റോഡുകളെ തകര്‍ത്തു. ചിലപ്പോഴൊക്കെ കല്ലും വെള്ളവുമില്ലാതെ മണ്ണുമാത്രം വന്‍പാളിയായി അടര്‍ന്നു വീണു. അവയ്‌ക്കിടയിലും മനുഷ്യജീവനുകള്‍ ഒടുങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഹൈറേഞ്ചില്‍ നിന്നുള്ള ബസുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. കാരണം ഏതു നിമിഷവും മണ്ണിടിഞ്ഞോ മരം വീണോ ഗതാഗതം തടസ്സപ്പെടാം. അങ്ങിനെയുണ്ടാകുന്ന തടസ്സങ്ങള്‍ മാറ്റാന്‍ ഇന്നും ഹൈറേഞ്ചിലെ അഗ്നിശമനവിഭാഗത്തിന് സജ്ജീകരണമില്ല.

ബൈസണ്‍വാലിയിലും മൂലമറ്റത്തും കുന്തളംപാറയിലും ഉരുള്‍പൊട്ടിയപ്പോഴൊക്കെ അതിന്‍റെ വിവരങ്ങള്‍ പിറ്റേന്നു പത്രം കിട്ടുമ്പോഴാണ് അറിഞ്ഞിരുന്നത്. റേഡിയോ വാര്‍ത്തയില്‍ ഒരിക്കലും വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല. കാലാവസ്ഥാപ്രവചനത്തില്‍ തീരദേശത്തു കാറ്റുവീശുന്ന വിവരം മാത്രമേ കാണൂ. പക്ഷെ, ആ കാറ്റ് മലമടക്കുകളിലും ആഞ്ഞുവീശാറുണ്ടായിരുന്നു. മീന്‍പിടുത്തക്കാര്‍ക്കുള്ള മുന്നറിയിപ്പ് മലയോരത്തെ കര്‍ഷകര്‍ക്കുകൂടിയുള്ളതായിരുന്നു.

dsc_0497_copy

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്, 1992ല്‍. അത്തരത്തില്‍ നിറുത്താതെ മഴ പെയ്‌തിരുന്ന ഒരു രാത്രി. തുലാവര്‍ഷമാണ്. പക്ഷെ ഇടിക്കും മിന്നലിനും ശക്തി കുറവ്. കൃത്യമായി ഓര്‍ക്കുന്നു, വൃശ്ചികപ്പുലരിക്കു തൊട്ടുതലേന്ന്. കാറ്റും മഴയും ശാന്തമായ ഏതോ ഒരു യാമത്തില്‍ ഒന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ മഴ പൂര്‍ണമായും മാറിയിരിക്കുന്നു. പക്ഷെ, ദൂരെ ഒരിരമ്പം കേള്‍ക്കാം. വ്യക്തമാകാത്ത ഒരിരമ്പം. കുറച്ചു കഴിഞ്ഞപ്പോഴാണു ശ്രദ്ധിച്ചത്. വീടിരിക്കുന്ന ചെറു കുന്നിനു താഴെ ഒഴുകുന്ന തോട്ടിലൂടെ വെള്ളം കൂലംകുത്തിയൊഴുകുന്നത് വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ കാണാം. ഇതിനിടയില്‍ ആരോ വന്നു പറഞ്ഞു. പാലാറില്‍ ഉരുള്‍പൊട്ടി.
ഉടുമ്പഞ്ചോല താലൂക്കിന്‍റെ ആസ്ഥാനമായ നെടുങ്കണ്ടത്തുനിന്ന് അഞ്ചാറു കിലോമീറ്റര്‍ അകലെയുള്ള കുഗ്രാമമാണ് പാലാര്‍. യാത്രക്ക് വല്ലപ്പോഴും വരുന്ന ട്രിപ്പു ജീപ്പുകള്‍ മാത്രം ആശ്രയമായുള്ള ഗ്രാമം. അന്ന് രാത്രി അവിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം ഒലിച്ചുപോയി. ഒരു പെണ്‍കുട്ടിയെമാത്രം ഭൂമിയില്‍ തനിച്ചാക്കിയിട്ട്. അങ്ങോട്ടുള്ള റോഡില്‍ മുട്ടൊപ്പം ചെളിയാണെന്ന് ആരോ പറഞ്ഞറിഞ്ഞു.

പതിവുപോലെ കോളജിന് അവധി പ്രഖ്യാപിച്ചു. കല്ലാര്‍ പുഴയ്‌ക്കു കുറുകെ മുണ്ടിയെരുമയിലുള്ള തൂക്കുപാലം (ആട്ടുപാലം എന്നും പറയും) കടന്നായിരുന്നു ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നത്. ആ വെള്ളപ്പൊക്കത്തില്‍ ആട്ടുപാലം തകര്‍ന്നു. റോഡില്‍ വെള്ളം കയറി. ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകാനായി കല്ലാര്‍ ജംഗ്‌ഷനില്‍ നിര്‍മിച്ചിട്ടുള്ള ചെറു ഡാമില്‍ വെള്ളം നിറയുകയും അത് തുറന്നുവിടാനാകാതെ വരികയും ചെയ്‌തതാണ് കല്ലാര്‍പുഴയിലെ ജലനിരപ്പുയരാന്‍ കാരണമായത്. ഒരു വശത്ത് ചെറുപാലങ്ങളെ തകര്‍ത്ത് കോമ്പയാര്‍ നിറഞ്ഞൊഴുകുന്നു. മറുവശത്ത് കല്ലാറും. പുറംലോകവുമായി ബന്ധം അറ്റ് ഒരു തുരുത്തിലായി ഞങ്ങളുടെ കുന്ന്.

വെള്ളം കുറഞ്ഞപ്പോള്‍, ഇരുമ്പുകമ്പിയിള്‍ തൂങ്ങി തകര്‍ന്നു കിടക്കുന്ന ആട്ടുപാലത്തിന്‍റെ അവശേഷിപ്പില്‍ വെള്ളത്തിലൂടെ ഒലിച്ചുവന്ന ഭൂമിയുടെ അവശിഷ്‌ടങ്ങള്‍ തങ്ങിക്കിടക്കുന്നതു കാണാമായിരുന്നു. രണ്ടു ദിവസത്തിനുശേഷം കല്ലാറിലെ വെള്ളം അല്‍പം കൂടി കുറഞ്ഞപ്പോള്‍ പൊട്ടിക്കിടന്ന തൂക്കുപാലത്തിന്‍റെ ഇരുമ്പുകമ്പിയില്‍ തൂങ്ങി മറുകരയെത്തി. വലിയൊരു സാഹസികപ്രവൃത്തി ചെയ്തുവെന്ന തോന്നലായിരുന്നു അപ്പോള്‍. ഹൈറേഞ്ചില്‍ അവശേഷിച്ചിരുന്ന ആട്ടുപാലങ്ങള്‍ അപ്രത്യക്ഷമായത് ആ വെള്ളപ്പൊക്കത്തിലാണ്.
പിന്നെയും എത്രയോ ഉരുള്‍പൊട്ടലുകള്‍. വാര്‍ത്തകളില്‍ നിന്ന് ഓരോ മരണവും അറിഞ്ഞുകൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്രതിനിധിയായപ്പോള്‍ ഉരുളിന്‍റെ അനുഭവം മറിച്ചായി. ഇരയേക്കാള്‍ ഇരപിടിയന്‍റെ മനസ്സ്. അക്കാത്ത്, 1997 ജൂലൈ 22നാണ് അടിമാലിക്കടുത്ത് പഴമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടിയ വാര്‍ത്ത കാതിലെത്തിയത്. ചാനലുകള്‍ സജീവമാകാത്ത കാലം. ഹൈറേഞ്ചില്‍ വിരലിലെണ്ണാവുന്ന വീടുകളില്‍ മാത്രമാണ് ടെലിവിഷനുള്ളത്. അതും കൊടൈക്കനാല്‍ നിലയത്തില്‍ നിന്നുള്ള സംപ്രേഷണം മാത്രം കിട്ടും.

മരണസംഖ്യയെപ്പറ്റി അഭ്യൂഹങ്ങള്‍ മാത്രം. ദുരന്തത്തില്‍ എത്രപേര് മരിച്ചുവെന്ന് ഇപ്പോഴും തിട്ടമില്ല. ദിവസങ്ങളോളം വഴി മുടങ്ങി. അനേകം വീടുകള്‍, കുടുംബങ്ങള്‍ ഒലിച്ചുപോയി. ഇരുപതിലധികംപേര്‍ മരിച്ചു. ഇതിനിടിയല്‍ ആരോ പറഞ്ഞു, ഉരുളില്‍ ഒരു മാരുതി കാര്‍ പെട്ടിട്ടുണ്ടെന്ന്. താഴെ നദിയില്‍ പതിച്ച കല്ലിനും മണ്ണിനുമിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ അതു തിരഞ്ഞു. തൊട്ടുമുന്നില്‍ ഉരുള്‍പൊട്ടി മണ്ണും കല്ലും വെള്ളവും റോഡിലേക്കു പതിക്കുന്നതുകണ്ട് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവരായിരുന്നു കാറിനെപ്പറ്റി പറഞ്ഞത്. പക്ഷെ, കാണാതായ കാറിനേയോ അതിലെ യാത്രക്കാരേയോ തേടി ആരും വരാതിരുന്നതിനാല്‍ അത് വെറും അഭ്യൂഹം മാത്രമായി അവശേഷിച്ചു. ഇടുക്കി ജില്ല കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായിരുന്നു അത്.

ആ ഉരുള്‍പൊട്ടലില്‍ പെട്ടുപോയ ഒരു കുട്ടിയുടെ മൃതശരീരംപോലും ഇതുവരെ കിട്ടിയിട്ടില്ല. കുട്ടിയുടെ ശരീരം തേടി രാത്രിയില്‍ മണ്ണുമാറ്റുന്നവരെ നോക്കി റാന്തല്‍ വിളക്കിന്‍റെ വെളിച്ചത്തില്‍ നിശ്ചേതനായിരിക്കുന്ന പിതാവിനെ പറ്റി ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് എവിടെയോ പറഞ്ഞതോര്‍ക്കുന്നു.
ചെറുതോണിയിലും മേപ്പാറയിലും മുരിക്കാശ്ശേരിയിലും ചെയിനായി ഉരുള്‍പൊട്ടിയ മറ്റൊരു മഴക്കാലം ഓര്‍ക്കുന്നു. ഇന്നത്തേതുപോലെ ഉള്‍നാടുകളിലൂടെ ധാരാളം റോഡുകള്‍ അന്നു വന്നിട്ടില്ല. വാര്‍ത്താവിനിമയ ബന്ധങ്ങളും കുറവ്. മൊബൈലോ ഇന്റര്‍നെറ്റോ ഇല്ല.

dsc_0371_copy

കട്ടപ്പനയിലെ ലേഖകന്‍ മറ്റെവിടെയോ ഉരുള്‍പൊട്ടല്‍ എടുക്കാന്‍ പോയപ്പോഴാണ് 26 കിലോമീറ്റര്‍ അകലെയുള്ള എനിക്ക് ഫോണ്‍ വരുന്നത്. മുരിക്കാശ്ശേരിയിലേക്കായിരുന്നുയാത്ര, ജീപ്പില്‍. വഴിയിലെല്ലായിടത്തും മണ്ണിടിഞ്ഞുവീണിരിക്കുന്നു. റോഡരികിലെ ഉറവകളില്‍ നിന്ന് രൂപംകൊണ്ട മഴക്കാല അരുവികള്‍ റോഡ് മുറിച്ചൊഴുകുന്നു. സമയത്തിനൊപ്പം ഓടിയെത്താനുള്ള പാച്ചിലാണ്. കനത്ത മഴയേയും തണുപ്പിനേയും ചെറുക്കാന്‍ സ്വെറ്ററും ധരിച്ചുള്ള യാത്ര.

മഴ മാറി നിന്ന പ്രഭാതത്തില്‍ ഒരെലിയെക്കണ്ട് അതിനു പിന്നാലെ പോയ പെണ്‍കുട്ടിയായിരുന്നു മണ്ണിടിച്ചിലിന്‍റെ ഇര. വീടിരിക്കുന്ന മണ്‍തിട്ടയുടെ മുകളില്‍ നിന്ന് താഴേയ്‌ക്കു വെട്ടിയ വഴിയിലൂടെ ഇറങ്ങിപ്പോയ കുരുന്നിനു മീതേ മണ്ണിടിഞ്ഞുവീണു. മുത്തച്ഛന്‍റെ കണ്‍മുന്നിലുണ്ടായ ദുരന്തം. അവിടെയെത്തുമ്പോള്‍ കുട്ടിയെ പുറത്തെടുക്കാന്‍ കുഴിച്ച കുഴി കാഴ്‌ചക്കാരെ നോക്കി വാതുറന്നിരിക്കുന്നു. പിന്നീടും പലതവണ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്‍റെയും ദുരിതചിത്രങ്ങള്‍ പുറംലോകത്തെ അറിയിക്കാനുള്ള നിയോഗമുണ്ടായി. ഓരോ കദനകഥയിലും കണ്ണീര്‍ പരമാവധി കലര്‍ത്താന്‍ അനുഭവങ്ങളുടെ ചൂര് ധാരാളമായിരുന്നു.

പിന്നീട്, കട്ടപ്പനയിലെ ഓഫിസില്‍ നിന്ന് വിദൂരതയിലേക്കു നോക്കുമ്പോള്‍ മലകള്‍ കോട്ടകെട്ടിയ പച്ചപ്പുകള്‍ക്കിടയില്‍ ഒരു കുന്നുകണ്ടിരുന്നു. കുന്തളംപാറക്കുന്ന്. അതിന്‍റെ ചെരുവില്‍ വൃക്ഷങ്ങളില്ലാതെ താഴേക്കു നീളുന്ന ഒരടയാളം. ഉരുള്‍പൊട്ടലുകള്‍ ഭൂമിയില്‍ നിത്യസ്‌മാരകം സൃഷ്‌ടിക്കുമെന്ന് മനസ്സിലാക്കിയത് ആ കാഴ്‌ചയില്‍ നിന്നായിരുന്നു. അന്ന് അഞ്ചോ ആറോ പേര്‍ മരിച്ചുവത്രെ. അതിലൊരാളുടെ ശരീരം ഇപ്പോഴും കണ്ടെടുക്കാനാകാതെ മണ്ണിനടിയിലാണ്. ഭൂമി അവരെ ഹൃദയത്തിലേക്കു സ്വീകരിച്ചതാകാം. ആ ഓഫീസില്‍ ജോലി ചെയ്‌ത അഞ്ചു വര്‍ഷത്തിനിടയില്‍ എത്രയോ തവണ ആ മുറിപ്പാടുനോക്കി നിന്നിരിക്കുന്നു.

2002 ജൂലൈ. അന്നൊരു പ്രഭാതത്തില്‍ തൊടുപുഴ വെളിച്ചിയാനി മലമുകളിലെ ഉരുള്‍പൊട്ടല്‍ വാര്‍ത്തയാണ് ഉണര്‍ത്തിയത്. മരണത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും അവസാനം എല്ലാവരേയും ഞെട്ടിച്ച ഒരു മരണവും സമ്മാനിച്ച ഉരുള്‍പൊട്ടല്‍. മരിച്ചവരുടെ എണ്ണമോ ദുരന്തത്തിന്‍റെ വ്യാപ്‌തിയോ ആയിരുന്നില്ല ആ ഞെട്ടലിനു കാരണം. മലയാള മാധ്യമചരിത്രത്തിലാദ്യമായി കര്‍ത്തവ്യനിരതനായ ഒരു ഫോട്ടോഗ്രാഫറെ പ്രകൃതി അപഹരിച്ച ദിവസമായിരുന്നു അത്. വിക്ടര്‍ ജോര്‍ജിനെ.

2003070600230403

തനിക്കു ഹിതകരമല്ലാത്തതു പ്രവര്‍ത്തിക്കുന്നവരെ ആക്രമിച്ചോടിക്കുന്ന ക്ഷുഭിതമനസ്സുകളെയാണ് അന്ന് പ്രകൃതി ഓര്‍മിപ്പിച്ചത്. അഞ്ചോളം ജീവനുകള്‍ അപഹരിച്ചശേഷം ശാന്തയായ പ്രകൃതിയുടെ വ്രണങ്ങള്‍ ക്യാമറക്കണ്ണുകളിലൂടെ പകര്‍ത്തുകയായിരുന്നു വിക്ടര്‍. ഇടുക്കിയില്‍ പലയിടത്തും ഉരുളുകള്‍ ചെറുതും വലുതുമായ ദുരന്തങ്ങളുണ്ടാക്കിയപ്പോള്‍ തോളില്‍ ക്യാമറ ബാഗും തൂക്കി ഓടിയെത്തിയ, പ്രകൃതിയേയും മഴയേയും സ്‌നേഹിച്ച വിക്‌ടറിനെ മറ്റൊരു ഉരുളിന്റെ രൂപത്തിലെത്തി അവള്‍ സ്വന്തമാക്കി. രണ്ടുമൂന്നുദിവസം തന്റെ ഇളകിമറിഞ്ഞ ബാഹ്യചര്‍മ്മത്തിനിടയില്‍ ഒളിപ്പിച്ചശേഷമാണ് വിക്‌ടറിനെ ഭൂമി ഒരു ഓര്‍മയാക്കി തിരിച്ചുനല്‍കിയത്.

എന്നിട്ടും ഇടുക്കിക്കാര്‍ പഠിച്ചില്ല. ഒലിച്ചുപോകാനുള്ള മേല്‍മണ്ണ് മുഴുവന്‍ ഒലിച്ചുതീര്‍ന്നാല്‍, പൊട്ടാനുള്ള ഉരുളുകളെല്ലാം പൊട്ടിത്തീര്‍ന്നാല്‍ നിരായുധയായ ഭൂമിക്കുമീതേ ആധിപത്യം ഉറപ്പിക്കാമെന്നുതന്നെയായിരുന്നു കര്‍ഷകജനതയുടെ കണക്കുകൂട്ടല്‍. നിസ്സഹായജന്മങ്ങളുടെ പ്രതീക്ഷയായിരുന്നു അതെന്നു കരുതുകയാകും ശരി. ഓരോ മഴയിലും കാറ്റിലും കുരുമുളകുചെടികളും ഏലവും കാപ്പിയുമെല്ലാം മണ്ണടിയുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഭാവിയും ഇരുളടഞ്ഞു. കൂടുതല്‍ കരുത്തോടെ അവര്‍ ഭൂമി വീണ്ടും വെട്ടിപ്പിടിച്ചു, ഒരു വെല്ലുവിളിപോലെ.

അങ്ങിനെയൊരിക്കല്‍ പ്രകൃതി മറ്റൊരു വികൃതികാട്ടി. കുളമാവിനു മുകളില്‍ ഉരുള്‍പൊട്ടിയെന്നായിരുന്നു ആദ്യ വാര്‍ത്ത. പക്ഷെ, മനുഷ്യനൊരുക്കിയ ഒരു കെണി പ്രകൃതി തകര്‍ക്കുകയായിരുന്നു അവിടെ. കുരുന്നുകളുള്‍പ്പെടെ കുറേ ജീവനുകള്‍ അവിടെയും പൊലിഞ്ഞു. മലമുകളിലെ തോട്ടം നനയ്‌ക്കാന്‍ വെള്ളം ശേഖരിക്കുന്നതിനായി ഏതോ പണക്കാരന്‍ തീര്‍ത്ത തടയണയായിരുന്നു പൊട്ടിത്തകര്‍ന്നത്. കുതിച്ചൊഴുകിയ വെള്ളത്തിനൊപ്പം വഴിയിലെ കല്ലും മണ്ണും മരവും ചേര്‍ന്നപ്പോള്‍ അതിനും ഉരുള്‍പൊട്ടലെന്ന് ആദ്യം പേരുവീണു.
ഇത്തരത്തില്‍ ആയിരക്കണക്കിനു തടയണകള്‍ ഇപ്പോഴും ഇടുക്കിയുടെ സിരകളില്‍ നീരോട്ടം തടഞ്ഞു നിലകൊള്ളുന്നുണ്ട്. ഇടുക്കിയുടെ മാറിലെ ചെറുതും വലുതുമായ അണകളില്‍ മഴക്കാലത്ത് കെട്ടി നിര്‍ത്തുന്നത് ഏകദേശം 150 ടി.എം.സി. വെള്ളമാണ്. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി എന്നര്‍ഥം.

തന്‍റെ ശരീരത്തില്‍ നിന്ന് ഓരോ പച്ചപ്പുകളും അരിഞ്ഞുമാറ്റുമ്പോഴും മാംസം ചെത്തിയെടുക്കുമ്പോഴും സഹിച്ചുനില്‍ക്കുന്ന പ്രകൃതി, താണ്‌ഡവം തുടങ്ങിയാല്‍ പിന്നെ തടുക്കാനാവില്ല. രണ്ടുമൂന്നുവര്‍ഷം മുമ്പ് മൂന്നാറില്‍ കണ്ടതും അതാണ്. ഉരുള്‍പൊട്ടലായിരുന്നില്ല അവിടെ. കുന്നുകള്‍ ചെത്തിമാറ്റി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കുമീതേ പ്രകൃതിയുടെ ശാപാഗ്നി പതിച്ചു. ഒരു സായംസന്ധ്യയില്‍ മണ്ണിടിച്ചിലില്‍പെട്ട് ടൗണ്‍ മധ്യത്തിലെ അന്തോണിയാര്‍ കോളനി തുടച്ചുമാറ്റപ്പെട്ടു. കെട്ടിടങ്ങള്‍ നിലംപരിശായി. അവിടെയും ഒടുങ്ങി കുറേ നിസ്സഹായ ജീവനുകള്‍. പ്രകൃതി സ്വയം ഇടുക്കിയില്‍ ഏല്‍പിച്ച അവസാനത്തെ മുറിവായിരുന്നു മൂന്നാറിലേത്. ആ മുറിവുകളുടെ പാടും ഇപ്പോഴും ഉണങ്ങിയിട്ടില്ല. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായപ്പോള്‍ ഈ ആധുനികയുഗത്തിലും അതിന്റ വാര്‍ത്തകളും ചിത്രങ്ങളും പുറംലോകത്ത് വ്യക്തമായിക്കിട്ടാന് വൈകി.

പൊന്‍മുടി അണക്കെട്ടില്‍ കെട്ടി നിര്‍ത്തുന്ന വെള്ളം തുരങ്കത്തിലൂടെ വെള്ളത്തൂവലിനു മുകളിലെ സര്‍ജുകുന്നില്‍ എത്തിച്ച് അവിടെ നിന്ന് പെന്സ്റ്റോക്ക് പൈപ്പുവഴി പന്നിയാര്‍ പവര്‍ഹൗസില്‍ കൊണ്ടുവന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് അപ്പച്ചിയുടെ വീട്ടില്‍ പോയ കൗമാരകാലത്ത് അത്ഭുതകരമായ കാഴ്‌ചയായിരുന്നു. കറന്‍റ് എടുത്ത ശേഷം പുറത്തേക്കു വരുന്ന വെളളത്തിന് കൊടും ചൂടായിരുന്നു. സുസ്‌മേഷ് ചന്ത്രോത്തിന്റെ `ഡി’ എന്ന നോവലില്‍ ഈ സര്‍ജുകുന്നും പെന്‍സ്റ്റോക്ക് പൈപ്പും വായിച്ച് സ്‌മൃതികളെ ഉണര്‍ത്തി ഏതാനും നാളുകള്‍ക്കുശേഷമാണ്, രണ്ടുവര്‍ഷം മുമ്പ് അവിടെയും പ്രകൃതി പിണങ്ങിയത്. പെന്‍സ്റ്റോക്ക് പൈപ്പുകളിലേക്കുള്ള വാല്‍വുകള്‍ തല്ലിത്തകര്‍ത്ത് വെള്ളം താഴേക്ക് കുതിച്ചൊഴുകി. പന്നിയാര്‍ പവര്‍ഹൗസ് ഇപ്പോഴും പ്രതാപം വീണ്ടെടുത്തിട്ടില്ല. മനുഷ്യന് സൃഷ്‌ടിച്ച ആ ഉരുള്‍പൊട്ടലില് കാണാതായ ഒരു യുവാവ് ഇപ്പോള് മണ്ണിലും വെള്ളത്തിലുമായി ലയിച്ചുചേര്‍ന്നിട്ടുണ്ടാകും.

ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനോ മണ്ണിടിച്ചിലിനോ ഇരയാകാത്ത ഗ്രാമങ്ങളും പട്ടണങ്ങളും കുറവാണ്. മൂന്നാര്‍ ദുരന്തത്തിനുശേഷം നടുക്കുന്ന ഒരു മണ്ണിടിച്ചിലോ, പന്നിയാര്‍ ദുരന്തത്തിനുശേഷം ജലതാണ്‌ഡവമോ ഇടുക്കിയില്‍ കാര്യമായി ഉണ്ടായില്ല. അര്‍ഥവത്തായ ഒരു ശാന്തതയിലായിരുന്നു ഇടുക്കി. പക്ഷെ, വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ഭയം ഒരുമിച്ച് ഓരോ മഴക്കാലത്തും ഇടുക്കിയെ ഇപ്പോഴും ചകിതരാക്കുന്നുണ്ട്. ചുണ്ണാമ്പും ശര്‍ക്കരയും കൊണ്ടു തീര്‍ത്ത മുല്ലപ്പെരിയാര്‍ എന്ന അണ കുട്ടികള്‍ മഴയത്തു കളിക്കാന്‍ തീര്‍ക്കുന്ന മണ്‍കട്ടകളെപ്പോലെ ഏതു നിമിഷമാണ് തകരുകയെന്ന് അവര്‍ ഭയക്കുന്നു.

ആ ഭയത്തെ ഒരു നിമിഷത്തേക്ക് സ്‌തബ്‌ധമാക്കിക്കൊണ്ടാണ് ശാന്തയായിരുന്ന മുല്ലപ്പെരിയാര്‍ ജലസംഭരണിയില്‍ ജലകന്യകയെന്ന ബോട്ട് നാല്‍പതിലധികം ജീവനുകളെ മുക്കിക്കൊന്നത്. ഇടുക്കി ഇത്തരത്തിലൊരു വന്‍ദുരന്തം പ്രതീക്ഷിച്ചിരുന്നില്ലെന്നതു വാസ്‌തവമാണ്. മലമുകളില്‍ നിന്ന് ഇരമ്പിയാര്‍ത്തു വരുന്ന ജലതാണ്‌ഡവം കണ്ടു ശീലിച്ചവര്‍ക്ക് നിശ്ചലവും ശാന്തവുമായ ഒരു തടാകം ഈ ചതി ചെയ്‌തുവെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള ദുരന്തങ്ങളാണല്ലോ നമ്മെ കാത്തിരിക്കുന്നത്. അതിനുമപ്പുറം പ്രതീക്ഷിക്കുന്ന ഒരു ദുരന്തം സംഭവിക്കില്ലെന്ന് പറയാനുമാകില്ല.

ഇടുക്കിയില്‍ നിന്നു മലയിറങ്ങിപ്പോയവരേയും ആ ഭയമാണ് വിടാതെ പിന്തുടരുന്നത്. ഏതാനും മാസം മുമ്പ് ഒരു അര്‍ധരാത്രിയില്‍ ചെറുതോണിയില്‍ ഭൂമി കുലുങ്ങിയപ്പോള്‍ തിരുവനന്തപുരത്തു താമസമാക്കിയ എന്റെ മൊബൈല്‍ വിറച്ചത് അതിനാലാണ്. രായ്‌ക്കു രാമാനം ഇടുക്കിയുടെ ഓരോ കോണിലും കിടന്നുറങ്ങിയിരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുണര്‍ത്തി. ചിലരൊക്കെ ഭൂചലനം അറിഞ്ഞ് അപ്പോഴേക്കും ഉണര്‍ന്നിരുന്നു. രാത്രിയില്‍ ഭൂമിയുടെ ഹൃദയത്തില്‍ നിന്നുയരുന്ന മുഴക്കം ഒരിരമ്പമായി കാതുകളിലേക്ക്, ശരീരത്തിലേക്ക് പതിക്കുന്നുണ്ടോ എന്ന് ഓരോരുത്തരും ആശങ്കപ്പെട്ടു. പിന്നീട് തിരുവനന്തപുരത്ത് ഭൂമി കുലുങ്ങിയ വാര്‍ത്ത അറിഞ്ഞ് ഇടുക്കിയില്‍ നിന്നു വന്ന ഫോണ്‍കോളുകളിലും ആ ആശങ്ക ഉണ്ടായിരുന്നു. ഇടുക്കിയുടെ ഓരോ മഴക്കാലരാത്രിയും അത്തരമൊരാശങ്കയിലേക്കാണ് കണ്ണടയ്‌ക്കുന്നത്

3 comments:

  1. ഓര്‍മകളില്‍ പേമാരിയുടെ ജൂലൈ... ഇതുപോലൊരു ജൂലൈ മാസത്തിലാണ്‌ വിക്ടര്‍ ഉരുളിലേക്കു നടന്നുപോയത്‌... ഇതുപോലൊരു ജൂലൈയിലാണ്‌ വാളറയില്‍ ഇരുപതിലധികം ജീവനുകളെ ഉരുള്‍ കൊണ്ടുപോയത്‌... ഇപ്പോള്‍ തോരാമഴ പെയ്യുന്ന ജൂലൈ ഇല്ല... ഉരുളുകളും മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്നു...
    രണ്ടുവര്‍ഷം മുമ്പൊരു പെരുമഴക്കാലത്ത്‌ എഴുതിയ ഉരുള്‍ അനുഭവങ്ങള്‍ ബ്ലോഗിലേക്ക്‌ വീണ്ടും ഓര്‍മകളുമായി

    ReplyDelete
  2. ഈ അവിയല്‍ കലക്കി ....
    പ്രകൃതിയുടെ മനസ് തിരിച്ചറിയാന്‍ സഹായിക്കുന്ന പോസ്റ്റ്‌ ...
    you are Great

    ReplyDelete
  3. തിരച്ചിലിന്‍റെ ഉരുള്‍ പൊട്ടലില്‍
    കുത്തിയൊലിച്ച് ഓര്‍മ്മകള്‍...

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed