Tuesday, July 12, 2011

മാനത്തുകണ്ണികളെയും മാനംകെടുത്തുന്ന ബാല്യം...

'കളിക്കൂട്ടുകാര്‍' എന്ന വാക്കിന്റെ നിഷ്‌കളങ്കതയും അര്‍ഥവ്യാപ്‌തിയും നമുക്ക്‌ നഷ്ടപ്പെടുകയാണോ? ബാല്യത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത്‌ ഒരു കുടക്കീഴില്‍ നനഞ്ഞൊട്ടി നടന്നുപോയ ബാല്യങ്ങള്‍ നമ്മുടെ കണ്‍വെട്ടത്തു നിന്നു മറയുന്നു. താഴ്‌ന്ന ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കൈപിടിച്ചു സുരക്ഷിതയാക്കി വീട്ടിലെത്തിക്കാന്‍ വിശ്വസിച്ചേല്‍പിച്ചിരുന്ന കൊച്ചു ചേട്ടന്‍മാരേയും ഭയത്തോടെ നോക്കേണ്ട അവസ്ഥയിലേക്കു മാതാപിതാക്കള്‍ മാറുകയാണ്‌. അഞ്ചു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയ പീഢിപ്പിക്കാന്‍ ശ്രമിച്ച്‌ കൊലപ്പെടുത്തിയത്‌ വികാരങ്ങളുറയ്‌ക്കാത്ത പത്തുവയസ്സുകാരനാണെന്നറിയുമ്പോള്‍ നിസ്സംഗതയോടെ ആ വാര്‍ത്ത കേട്ടിരിക്കാന്‍ മലയാളിക്കു കഴിയുമോ?
പിറന്നുവീഴുന്നത്‌ പെണ്‍കുഞ്ഞാണെങ്കില്‍, അവള്‍ വളര്‍ന്നു വലുതാകുമ്പോള്‍ വിവാഹം കഴിച്ചയക്കാനുള്ള ബുദ്ധിമുട്ടിലാണ്‌ പണ്ടൊക്കെ മാതാപിതാക്കള്‍ വിഷമിച്ചിരുന്നത്‌. ഇന്ന്‌ അതല്ല അവസ്ഥ. പിറന്നു വീഴുമ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്കു ചുറ്റും സുരക്ഷയുടെ വലയം സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുകയാണ്‌. അഞ്ചും ആറും വയസ്സുവരെ ഉടുതുണിയും മറുതുണിയുമില്ലാതെ വീട്ടുമുറ്റങ്ങളില്‍ ഓടിക്കളിച്ചിരുന്ന കുട്ടികള്‍ ഇനിയുണ്ടാകില്ല. കാരണം നഗ്നതയുടെ വ്യാപ്‌തിയിലേക്ക്‌ പത്തുവയസ്സുകാരന്റെ കൂടി കണ്ണുകള്‍ നീണ്ടു തുടങ്ങിയിരിക്കുന്നു. ഓരോ പെണ്‍കുട്ടിയും പത്തു വയസ്സുകാരനെ മുതല്‍ എഴുപതുകാരനെ വരെ ഭയക്കേണ്ട സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ വഴിതെറ്റിയിരിക്കുന്നു.
കഴിഞ്ഞയാഴ്‌ച ഇടുക്കി നെടുങ്കണ്ടത്തിനടുത്ത്‌ വട്ടപ്പാറയിലാണ്‌ അഞ്ചു വയസ്സുകാരിയ പത്തുവയസ്സുകാരന്‍ പീഢനശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയത്‌. വാല്‍മാക്രികളെ കാണിക്കാന്‍ കുളക്കരയില്‍ കൊണ്ടുപോകുകയും കൂട്ടുകാരി കാല്‍വഴുതി വെള്ളത്തില്‍ വീണാല്‍ രക്ഷിക്കാന്‍ ശ്രമിക്കുകയോ നിലവിളിച്ച്‌ ആളെക്കൂട്ടുകയോ ഒക്കെ ചെയ്‌തിരുന്ന കാലം പോയ്‌മറഞ്ഞുവെന്നാണ്‌ ഈ സംഭവം ഞെട്ടലോടെ നമ്മെ ഓര്‍മിപ്പിക്കുന്നത്‌. കുട്ടികളുടെ ആകാംക്ഷ വാല്‍മാക്രികളിലും വെള്ളത്തില്‍ ഓടിക്കളിക്കുന്ന മാനത്തുകണ്ണികളിലുമല്ല. മഷിപ്പച്ചകള്‍ തേടിനടന്ന ബാല്യം മറ്റെന്തൊക്കെയോ തേടിത്തുടങ്ങിയിരിക്കുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കൗമാരത്തെ നാം ബാല്യത്തിലേക്കു പറിച്ചു നട്ടു തുടങ്ങിയിരിക്കുന്നു.
ഈ സംഭവത്തിന്‌ ഒരു മാസം മുമ്പാണ്‌ വട്ടപ്പാറയില്‍ നിന്ന്‌ ഇരുപതു കിലോമീറ്റര്‍ മാത്രം അകലെയുള്ള മേപ്പാറയില്‍ സമാനമായ മറ്റൊരു സംഭവമുണ്ടായത്‌. അവിടെ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ തിരുകിയത്‌ പതിമൂന്നുകാരനായിരുന്നു. പെണ്‍കുട്ടിയുടെ മരണകാരണം അവിടെ ലൈംഗികപീഢനത്തിനുള്ള ശ്രമം തന്നെ.
ലൈംഗികകതയുടെ അര്‍ഥമോ അനുഭൂതിയോ തിരിച്ചറിഞ്ഞു തുടങ്ങുംമുമ്പാണ്‌ ഇവിടെ കുട്ടികള്‍ പീഢനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത്‌. കുട്ടിപ്പാവാടയുമിട്ട്‌ തനിക്കൊപ്പം നടന്നുവരുന്ന പെണ്‍കുട്ടിയെ അവന്‍ വെറുമൊരു 'ജനനേന്ദ്രിയം' മാത്രമായി കണ്ടുതുടങ്ങിയിരിക്കുന്നു. മനശ്ശാസ്‌ത്രപരമായി ഈ മാനസ്സികാവസ്ഥയെ നാം വിശകലനം ചെയ്യുമ്പോഴും അതിലുമുപരിയായ നടുക്കം പെണ്‍മക്കളുണ്ടാകുന്ന ഓരോ മാതാപിതാക്കളും ഇപ്പോള്‍ അനുഭവിക്കുകയാണ്‌.
നോക്കിനില്‍ക്കെ വളര്‍ന്നുവികസിച്ച സാങ്കേതികവിദ്യകളാണോ നമ്മുടെ പെണ്‍കുരുന്നുകളെപ്പോലും ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥയിലേക്കു നയിച്ചിരിക്കുന്നത്‌? അതെയെന്ന്‌ ഉത്തരം പറയേണ്ടിവരും. കൊച്ചുപുസ്‌തകങ്ങളുടെ കാലത്ത്‌ സ്‌കൂള്‍ കുട്ടികള്‍ പാഠപുസ്‌തകത്തില്‍ ഒളിപ്പിച്ചു വച്ച്‌ അവ വായിച്ചാസ്വദിച്ചിട്ടുണ്ട്‌. പക്ഷെ, അവരാരും അതിലെ കഥകള്‍ തന്റെ കൂട്ടുകാരികളില്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതായി നാം കേട്ടിട്ടില്ല. പിന്നീട്‌ അശ്ലീല സിഡികളും ചിലര്‍ക്കൊക്കെ വികാരങ്ങളിറക്കിവയ്‌ക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷെ, ചെറുബാല്യം മുതലേ മനുഷ്യനെന്നാല്‍ ലൈംഗികതയ്‌ക്കു വേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന തോന്നലുളവാക്കും വിധം സാങ്കേതികവിദ്യയിലൂടെ അവ പ്രചരിച്ചപ്പോള്‍, അടുക്കളയിലെ അലമാരയില്‍ നിന്ന്‌ ഇഷ്ടപ്പെട്ട ഭക്ഷണസാധനം കട്ടെടുക്കുന്നതിലും ലാഘവത്തോടെ നമ്മുടെ കുരുന്നുകള്‍ മറ്റു പലതും അപഹരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
വട്ടപ്പാറയില്‍ പെണ്‍കുരുന്നിനെ പീഢിപ്പിച്ചു കൊലപ്പെടുത്തിയ ബാലന്റെ വീട്ടില്‍ അവന്റെ പിതാവ്‌ സ്ഥിരമായി നീലച്ചിത്രങ്ങള്‍ കണ്ടിരുന്നതായാണ്‌ വിവരം. അച്ഛന്‍ ആകാംക്ഷയോടെ കണ്ടിരിക്കുന്ന 'സിനിമ'കളിലെ അപരിചിതദൃശ്യങ്ങള്‍ അവനില്‍ മറ്റു ചില ആകാംക്ഷകള്‍ ഉണര്‍ത്തിവിട്ടു. അതിന്റെ പൂരണത്തിനായി അവന്‍ കണ്ടുപിടിച്ചത്‌ തന്റെ കൈവിരലില്‍ തൂങ്ങി സ്‌കൂള്‍ വിട്ടു വരുന്ന പെണ്‍കുരുന്നിന്റെ രഹസ്യപ്രദേശങ്ങളാണ്‌! ഇടിപ്പടങ്ങളില്‍ നായകനും വില്ലനും അടികൂടുന്ന ദൃശ്യങ്ങള്‍ കണ്ട്‌ ആവേശപ്പെട്ട്‌ കൂട്ടുകാരുമായി 'ഡിഷ്യും, ഡിഷ്യും' എന്ന്‌ ഒച്ചവച്ചു കളിച്ചിരുന്നു കുട്ടിയിലേക്ക്‌ തീര്‍ത്തും അപരിചിതമായ ദൃശ്യങ്ങള്‍ ആവേശത്തോടെ കണ്ടാസ്വദിക്കുന്ന അച്ഛന്‍ സൃഷ്ടിച്ചുവിട്ട താല്‍പര്യങ്ങളെന്തൊക്കെയാകുമെന്ന്‌ ഊഹിക്കാവുന്നതല്ലേയുള്ളൂ.
മേപ്പാറയിലെ സംഭവത്തിനുപിന്നില്‍ പ്രചരിച്ചിരുന്നത്‌ മൊബൈല്‍ ഫോണിലെ ക്ലിപ്പിംഗുകളാണെന്നു വ്യക്തമായിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത്‌ സ്ഥിരമായി കണ്ടിരുന്ന കുട്ടികളുടെ സംഘത്തില്‍പെട്ട ബാലനാണ്‌ അവിടെ അഞ്ചു വയസ്സുകാരിയിലേക്കു തന്റെ ആകാംക്ഷകള്‍ ഇറക്കിവച്ചത്‌.
പൂര്‍ണ നഗ്നരായി രതിയിലേര്‍പ്പെടുന്ന ദൃശ്യങ്ങളല്ല, മറിച്ച്‌ വസ്‌ത്രത്തിന്റെ പഴുതുകളിലൂടെയും മറ്റും പുറത്തുകാണുന്ന നേരിയ നഗ്നതകള്‍ക്കാണ്‌ ഇപ്പോള്‍ മൊബൈല്‍ ഫോണുകളിലും മറ്റും പ്രിയമേറെയുള്ളത്‌. ഒളിച്ചു വച്ചിരിക്കുന്നതിനുള്ളിലെന്തെന്നറിയാനുള്ള കുട്ടികളുടെ താല്‍പര്യം കൂടിയാകുമ്പോള്‍ ഇത്‌ ഫോണുകളില്‍ നിന്നും മറ്റും പുറത്തുചാടുന്നു.
എം.മുകുന്ദന്റെ `ഈ ലോകം അതിലൊരു മനുഷ്യന്‍` എന്ന നോവലില്‍ നഗ്നത കാണാനുള്ള താല്‍പര്യം മൂത്ത്‌ ഉറങ്ങിക്കിടക്കുന്ന സ്വന്തം അമ്മായിയുടെ വസ്‌ത്രം മാറ്റി നോക്കുന്ന ഒരു കൗമാരക്കാരനുണ്ട്‌. പദ്‌മരാജന്‍ രചിച്ച 'രതിനിര്‍വ്വേദ'ത്തിലാകട്ടെ പ്രായത്തില്‍ മുതിര്‍ന്ന അധ്യാപികയിലേക്കാണ്‌ കൗമാരകുതൂഹലങ്ങള്‍ നീളുന്നത്‌. യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങിനെ സംഭവിക്കുന്നുണ്ടാകാം. അപ്പോഴൊക്കെ അതിനെ കൗമാരത്തിന്റെ ചപലതകളായി കണ്ട്‌ ശാസിച്ചും ചെവിക്കുപിടിച്ചും നമുക്ക്‌ മറന്നുകളയാനാകും.
പക്ഷെ, ആ ചാപല്യങ്ങള്‍ കൗമാരത്തിനും മുമ്പേ തുടങ്ങുകയും ബാല്യപൗരുഷം പിഞ്ചുബാല്യക്കാരികളില്‍ കുതൂഹലങ്ങള്‍ തുറന്നുവയ്‌ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും രക്ഷിതാക്കള്‍ക്കുപോലും അതറിയാനാകില്ല. വട്ടപ്പാറയിലെ പെണ്‍കുരുന്നിനെ ഇതിനുമുമ്പ്‌ രണ്ടുതവണ താന്‍ പീഢിപ്പിച്ചിട്ടുണ്ടെന്ന ബാലന്റെ മൊഴിയോര്‍ക്കുക. തന്നെ കൈപിടിച്ചു വീട്ടിലാക്കുന്ന ചേട്ടന്‍ എന്താണു തന്നെ ചെയ്യുന്നതെന്നു തിരിച്ചറിയാനാകാത്ത ആ പെണ്‍കുരുന്ന്‌ എന്താണ്‌ തന്റെ മാതാതാപിതാക്കളോടു പറയുക. അയല്‍പക്കത്തെ ചേട്ടന്‍ അടിച്ചെന്നോ പിടിച്ചെന്നോ പറയാനാകില്ലല്ലോ. പീഡിപ്പിച്ചുവെന്നു പറയാനും ആ കുരുന്നിനറിയില്ല. അതാണ്‌ ബാല്യത്തിന്റെ പ്രതിസന്ധി.
അതുകൊണ്ടാണ്‌ ആദ്യംപറഞ്ഞത്‌ ജനിച്ചുവീഴുമ്പോള്‍ മുതല്‍ ഓരോ പെണ്‍കുട്ടിക്കു ചുറ്റും ഊണിലും ഉറക്കത്തിലുമുള്‍പ്പെടെ സംരക്ഷണവലയം തീര്‍ത്തു സഞ്ചരിക്കേണ്ട ഗതികേടിലാണ്‌ മാതാപിതാക്കളെന്ന്‌. അവര്‍ വളര്‍ന്ന്‌ കൗമാരം കടന്നാല്‍ സ്വയം പ്രതിരോധകവചം തീര്‍ക്കാന്‍ അവളെ പ്രാപ്‌തയാക്കിയാല്‍ മാത്രമേ ഇനി ഓരോ മാതാപിതാക്കള്‍ക്കും അല്‍പമെങ്കിലും ആശ്വസിക്കാനാകൂ.



















Download: www.ieType.com/e.php?EyrMup

4 comments:

  1. 'കളിക്കൂട്ടുകാര്‍' എന്ന വാക്കിന്റെ നിഷ്‌കളങ്കതയും അര്‍ഥവ്യാപ്‌തിയും നമുക്ക്‌ നഷ്ടപ്പെടുകയാണോ? ബാല്യത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത്‌ ഒരു കുടക്കീഴില്‍ നനഞ്ഞൊട്ടി നടന്നുപോയ ബാല്യങ്ങള്‍ നമ്മുടെ കണ്‍വെട്ടത്തു നിന്നു മറയുന്നു...

    ReplyDelete
  2. ഇത് വലിയ ദുരന്തം. സമപ്രായക്കാരെ വിശ്വസിക്കരുതേ മകളേ, ചുറ്റും നോക്കരുതേ മകളേ എന്നൊക്കെ പറഞ്ഞു കുരുന്നകളെ പഠിപ്പികേണ്ടി വരുന്ന ദൌര്‍ഭാഗ്യം.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed