Monday, April 20, 2009

വിലയില്ലാതെപോയ നാല്‌ ജന്മങ്ങള്‍


    ഞാന്‍ ഇത്തവണ വോട്ടു ചെയ്‌തില്ല.
    ഇടുക്കിജില്ലയിലെ കല്ലാര്‍ പട്ടം കോളനി ഗവ. എല്‍.പി. സ്‌കൂളില്‍ 68-ാം നമ്പര്‍ ബൂത്തിലായിരുന്നു എനിക്ക്‌ വോട്ട്‌. രാവിലെ 7.30ന്‌ ഞാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ പതിനഞ്ചോളം പേരുണ്ട്‌. സ്‌ത്രീകള്‍ ആരും തന്നെയില്ല. വോട്ടിംഗ്‌ മെഷീന്‍ കേടായതിനാല്‍ ഏഴേകാലോടെ വോട്ടെടുപ്പ്‌ തടസ്സപ്പെട്ടതാണ്‌. 8.40 വരെ ഞാന്‍ ക്യൂവില്‍ നിന്നു. അപ്പോഴേക്കും പത്തിരുപതു സ്‌ത്രീകള്‍ മറ്റൊരു ക്യൂവായി അവിടെയെത്തിയിരുന്നു. പകരം കൊണ്ടുവന്ന മെഷീനും അരമണിക്കൂര്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനക്ഷമമായില്ല. ഇത്തവണ എന്തുവന്നാലും വോട്ടുചെയ്യണമെന്ന വാശിയോടെയാണ്‌ ഞാന്‍ തിരുവനന്തപുരത്തു നിന്ന്‌ വിഷു അവധിക്ക്‌ ഇടുക്കിയിലെത്തിയത്‌. വോട്ടു ചെയ്‌ത്‌ ഒമ്പതരയോടെ അവിടെ നിന്നു തിരുവനന്തപുരത്തിനു തിരിച്ചുപോരാനായിരുന്നു പദ്ധതി. ഒടുവില്‍ മടക്കയാത്ര മുടങ്ങാതിരിക്കാന്‍ ഞാന്‍ വോട്ടു ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ചു.  എട്ടേമുക്കാലായപ്പോള്‍ കയ്യിലിരുന്ന സ്‌ളിപ്പും വലിച്ചെറിഞ്ഞ്‌ ഞാന്‍ ക്യൂവില്‍ നിന്നിറങ്ങി നടന്നു.

     വോട്ടു ചെയ്യാനാകാത്തതില്‍ വളരെ വിഷമത്തോടെയാണ്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയത്‌. ഇവിടെത്തി കംപ്യൂട്ടറില്‍ മെയില്‍ബോക്‌സ്‌ തുറന്നപ്പോഴാണ്‌ മലയാള മനോരമയിലെ സീനിയര്‍ റിപ്പോര്‍ട്ടറായ ജാവേദ്‌ പര്‍വേഷ്‌ എനിക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്‌ത ഒരു മെയില്‍ ശ്രദ്ധയില്‍പെട്ടത്‌. ശശി തരൂരിന്റെ പേരില്‍ ട്രിവാന്‍ഡ്രം ബ്‌ളോഗേഴ്‌സ്‌ ഗ്രൂപ്പില്‍ നടന്ന കൂട്ടയടിയുടെ ആലസ്യത്തിലായിരുന്നു എന്റെ ഇന്‍ബോക്‌സ്‌. അതിനിടയില്‍ ഈ മെയില്‍ എന്നെ ശരിക്കും ഞെട്ടിച്ചു. മാത്രമല്ല, വോട്ടു ചെയ്യാതെ മടങ്ങിപ്പോന്നതില്‍ അപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസവും തോന്നി.

    കൊച്ചിയിലെ 'സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റിട്രീവല്‍ ആന്‍്‌ഡ്‌ ട്രാന്‍സ്‌പ്‌ളാന്റേഷന്‍' (സോര്‍ട്ട്‌) എന്ന സംഘടനയുടെ സെക്രട്ടറിയായ ഡോ.രമേഷ്‌ എസ്‌. ഷേണായ്‌ ജാവേദിനയച്ച മെയിലായിരുന്നു അത്‌. അവയവമാറ്റത്തിന്‌ സന്നദ്ധരാവുന്നവരിലൂടെ കുറേപ്പേര്‍ക്കെങ്കിലും ജീവിതം നല്‍കാന്‍ സദാ പ്രവര്‍ത്തനനിരതമായ സംഘടനയാണ്‌ സോര്‍ട്ട്‌. തിരഞ്ഞെടുപ്പിന്‌ ഏതാനും നാള്‍ മുമ്പ്‌ തനിക്കുണ്ടായ ഒരനുഭവം ഏറെ ഹൃദയവേദനയോടെയാണ്‌ ഡോ. ഷേണായ്‌ തന്റെ മെയിലില്‍ വിവരിക്കുന്നത്‌.

     റോഡപകടത്തില്‍പെട്ട്‌ മസ്‌തിഷ്‌കമരണം സംഭവിച്ച 30കാരനെ ഉത്തരകേരളത്തിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നുറപ്പായ മകന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന്‌ ആ യുവാവിന്റെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ആ ചെറുപ്പക്കാരന്റെ ഹൃദയവും കരളും വൃക്കകളും മറ്റ്‌ നാലു ജീവനുകള്‍ക്ക്‌ താങ്ങായി മാറിയാല്‍ അതിലൂടെ ഒരു ജന്മപുണ്യം സഫലമാകുമെന്ന വിശ്വാസത്തിലായിരുന്നു അവര്‍. ആശുപത്രി അധികൃതര്‍ ഇക്കാര്യം ഉടന്‍തന്നെ ഡോ. ഷേണായിയെ അറിയിച്ചു.

      പക്ഷെ, അപ്പോഴാണ്‌ പ്രതിസന്ധി ഉടലെടുത്തത്‌. അവയവങ്ങള്‍ എടുത്ത്‌ മറ്റൊരു ശരീരത്തില്‍ തുന്നിപ്പിടിപ്പിക്കാന്‍ സൗകര്യമുള്ള റിട്രീവല്‍ സെന്റര്‍ വടക്കന്‍കേരളത്തില്‍ ഒരിടത്തുമില്ല. പിന്നെ അവശേഷിക്കുന്ന മാര്‍ഗം മസ്‌തിഷ്‌കമരണം സംഭവിച്ച ചെറുപ്പക്കാരനെ കൊച്ചിയിലെത്തിക്കുക എന്നതു മാത്രമാണ്‌. ആ യുവാവിനെ റോഡ്‌ മാര്‍ഗം കൊച്ചിയിലെത്തിക്കാന്‍ കുറഞ്ഞത്‌ 8 -10 മണിക്കൂര്‍ വേണം. അവയവങ്ങള്‍ നീക്കം ചെയ്യാന്‍ അഞ്ച്‌- ആറ്‌ മണിക്കൂര്‍ വേറെ. ആ പുണ്യദേഹം തിരിച്ചുകൊണ്ടുപോകാന്‍ വീണ്ടും പത്തു മണിക്കൂറോളം... ഇക്കാരണത്താല്‍ യുവാവിന്റെ സഹോദരങ്ങള്‍ക്ക്‌ അവയവദാനം നടത്തുന്നതിനോട്‌ യോജിപ്പില്ലായിരുന്നു.
ഈ സാഹചര്യത്തിലാണ്‌ ഡോ. ഷേണായി പ്രതിവിധിയെപ്പറ്റി ആലോചിച്ചത്‌. ഹെലിക്കോപ്‌റ്ററില്‍ ഈ യുവാവിന്റെ ശരീരം കൊച്ചിയിലെത്തിച്ചാല്‍ ആ ജീവന്‍ നാലു പേരിലൂടെ ഇനിയും ലോകം കാണും. കേരളത്തില്‍ അപൂര്‍വ്വമായ മഹദ്‌കര്‍മത്തിന്‌ അതൊരു ഉദാത്ത മാതൃകയുമാകും. പക്ഷെ, ഹെലിക്കോപ്‌റ്റര്‍ എങ്ങനെ സംഘടിപ്പിക്കും?

      ഡോ. ഷേണായി അതിനുള്ള ശ്രമം തുടങ്ങി. കൊച്ചി നേവല്‍ ബേസില്‍ നിന്നാണ്‌ പെട്ടെന്ന്‌ ഈ ആകാശവാഹനം ലഭ്യമാക്കാനാകുക. അദ്ദേഹം ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു. പക്ഷെ, കളക്ടര്‍ ഒരു മീറ്റിംഗിലായിരുന്നതിനാല്‍ ആ ശ്രമം നിഷ്‌ഫലമായി. ഡോ. ഷേണായി അടുത്തതായി ജനപ്രതിനിധികളെ ആശ്രയിച്ചു. എം.പിയും എം.എല്‍.എയും ഇതില്‍ ഉള്‍പ്പെടും. (അവരുടെ പേരുകള്‍ എന്തായാലും ഡോ.ഷേണായി വ്യക്തമാക്കുന്നില്ല) ആദ്യം വിളിച്ചയാള്‍ താനൊരാഘോഷത്തിലാണെന്നു പറഞ്ഞ്‌ പെട്ടെന്നു ഫോണ്‍ കട്ടാക്കി. (മൊബൈല്‍ ഫോണ്‍ കട്ടാക്കാനുള്ളതാണല്ലോ!) രണ്ടാമത്തെ ആളാകട്ടെ, വടക്കന്‍ കേരളത്തിലെ ജില്ലാ കളക്ടറുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുകയാണു ചെയ്‌തത്‌. (കൊച്ചി നേവല്‍ ബെയ്‌സില്‍ നിന്ന്‌ ഹെലിക്കോപ്‌റ്റര്‍ ലഭ്യമാക്കാന്‍ തന്റേതായ യാതൊരു ശ്രമവും നടത്താതെ തലയൂരാനായിരുന്നില്ലേ ഈ ജനപ്രതിനിധി അത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്‌?) ഇത്തരമൊരു സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റി തനിക്ക്‌ യാതൊരു ഐഡിയയുമില്ലെന്നാണ്‌ മൂന്നാമത്തെ ജനപ്രതിനിധി പറഞ്ഞത്‌. എന്തെങ്കിലും മാര്‍ഗം തെളിഞ്ഞാല്‍ തിരിച്ചു വിളിക്കാമെന്നു പറഞ്ഞ അദ്ദേഹം വിവിരമറിയാന്‍പോലും പിന്നെ തിരിച്ചുവിളിച്ചില്ലെന്നു ഡോ. ഷേണായി പറയുന്നു.

    എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ യുവാവിന്റെ രണ്ടു കണ്ണുകള്‍ മാത്രം ദാനം ചെയ്‌ത്‌ മാതാപിതാക്കള്‍ സംതൃപ്‌തരായി. തിമിര ശസ്‌ത്രക്രിയ നടത്താന്‍പോലും വിദേശത്തേക്ക്‌ സര്‍ക്കാര്‍ ചെലവില്‍ യാത്രപോകുന്ന ജനപ്രതിനിധികളുടെ നാട്ടിലാണ്‌ അപൂര്‍വ്വമായി മാത്രം സംഭവിക്കാവുന്ന നാലു ജീവനുകള്‍ നിലനിര്‍ത്താനുള്ള ശ്രമം പാഴായിപ്പോയത്‌. തിരഞ്ഞെടുപ്പുകാലത്ത്‌ ഇന്ത്യയുടെ ആകാശത്ത്‌ ഹെലിക്കോപ്‌റ്ററുകളുടെ ട്രാഫിക്‌ ജാം ആണെന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍കൂടി ഇതിനോടു ചേര്‍ത്തു വായിക്കുക.

     കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും അവയവമാറ്റശസ്‌ത്രക്രിയക്ക്‌ ഉപയുക്തമാകും വിധം സജ്ജീകരിക്കണമെന്ന ആവശ്യത്തിന്‌ ഏറെ പഴക്കമുണ്ട്‌. ഇതേപ്പറ്റി മന്ത്രിമാരോട്‌ ആവശ്യപ്പെട്ടപ്പോള്‍ ഒരു മന്ത്രി ചോദിച്ചത്‌ ഡോക്ടര്‍മാര്‍ അവയവ കച്ചവടം ചെയ്യില്ലെന്ന്‌ എന്താണുറപ്പ്‌ എന്നായിരുന്നു. ജനപ്രതിനിധിയായിക്കഴിഞ്ഞാല്‍ സ്വന്തം അധികാരം വില്‍ക്കില്ലെന്ന്‌ യാതൊരു ഉറപ്പുമില്ലാത്തവര്‍ക്കുതന്നെ ജനങ്ങള്‍ വോട്ടുകുത്തുന്നതിനാലാണ്‌ ഇവരൊക്കെ ജയിച്ചുപോകുന്നതെന്ന്‌ ആ മന്ത്രി മറന്നു. മറ്റൊരാള്‍ ഇക്കാര്യത്തില്‍ സോര്‍ട്ടിന്‌ സഹായവാഗ്‌ദാനം ചെയ്‌തെങ്കിലും ഒന്നുമുണ്ടായില്ലെന്ന്‌ ഡോ.ഷേണായി പറയുന്നു.

       ഏറെ മനസ്സു വേദനിച്ചതുകൊണ്ടുമാത്രമാകാം ഡോ. ഷേണായ്‌ ഇക്കാര്യം പുറത്തുപറയുന്നത്‌. ദിവസവും രോഗാതുരമാകുന്ന നമ്മുടെ ആതുരാലയങ്ങളില്‍ മനസ്സാക്ഷിയുള്ള അനവധി ഡോക്ടര്‍മാര്‍ പണിയെടുക്കുന്നുണ്ട്‌. അവരെല്ലാം നിസ്സഹായരാണെന്നതാണ്‌ ഇവിടുത്തെ സ്ഥിതി.
നൂറുകണക്കിനാളുകള്‍ രോഗപീഡയും വേദനയുംകൊണ്ട്‌ പുളയുന്ന നാട്ടില്‍ പെയ്‌ന്‍ ആന്‍്‌ഡ്‌ പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റില്ലാത്ത ഏക മെഡിക്കല്‍ കോളജ്‌ തിരുവനന്തപുരത്തേതാണ്‌. ഇതിനായി നല്‍കിയ പ്രെപ്പോസല്‍ ഇപ്പോഴും ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ പൊടിപിടിച്ചു കിടക്കുന്നു.

        ഇങ്ങനെ എത്രയെത്ര കഥകള്‍. നമുക്ക്‌ ഒരു മുസ്‌തഫയെ സഹായിക്കാനായേക്കും. പക്ഷെ, അതിലും കൂടുതലായി ഇത്തരം ചില കാര്യങ്ങളില്‍ നാം പ്രതികരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ശശി തരൂരിനുവേണ്ടി നമ്മില്‍ ചിലര്‍ വെബ്‌മീഡിയയിലൂടെ പ്രചരണം നടത്തുന്ന സമയത്താണ്‌ ഡോ. ഷേണായിക്ക്‌ ജനപ്രതിനിധികളില്‍ നിന്ന്‌ ഇത്തരമൊരു ദുരനുഭവമുണ്ടായതെന്നോര്‍ക്കുക.
ഈ മെയില്‍ ഏതാനും ദിവസം മുമ്പ്‌ എനിക്കു ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ വോട്ടിടാനായി ക്യൂവില്‍ നില്‍ക്കില്ലായിരുന്നു. കാരണം ഇടുക്കിയില്‍ പി.ടി.തോമസ്‌ ജയിച്ചാലും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ജയിച്ചാലും ഇതിനപ്പുറം എന്തെങ്കിലും സംഭവിക്കുമെന്ന്‌ കരുതുക വയ്യ. ഇന്ത്യന്‍ ജനാധിപത്യത്തിനു സംഭവിച്ച കേടിന്റെ പ്രതീകമായിട്ടാണ്‌ അന്ന്‌ വോട്ടിംഗ്‌ മെഷീന്‍ കേടായതെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ട്‌ വോട്ടുചെയ്യാനാകാതെ പോയതില്‍ ഇപ്പോഴെനിക്കു സന്തോഷമുണ്ട്‌. മനസ്സു നിറയെ. 
Powered By Blogger

FEEDJIT Live Traffic Feed