Friday, February 25, 2011

മാറേണ്ട കാലത്തിലേക്കൊരു ഗ്രീന്‍ സിഗ്നല്‍

2009 ഏപ്രില്‍ മാസത്തിലാണ്. ഉത്തരകേരളത്തിലെ ഒരു പട്ടണത്തില്‍ അപകടത്തില്‍പെട്ട യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചു. ആ ചെറുപ്പക്കാരന്റെ മഹാമനസ്‌കരായ മാതാപിതാക്കള്‍ അയാളുടെ വൃക്കകളും കരളും ഹൃദയവും കണ്ണുകളും ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. യുവാവിനെ ചികില്‍സിച്ചിരുന്ന ആശുപത്രി അധികൃതര്‍ ഇക്കാര്യം അവയവദാനരംഗത്തു പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ സന്നദ്ധ സംഘടനയെ അറിയിച്ചു. അവയവങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമായ രീതിയില്‍ എടുക്കാനുള്ള സൗകര്യം കൊച്ചിയില്‍ മാത്രമേയുള്ളു.

മസ്തിഷ്‌കമരണം സംഭവിച്ച ചെറുപ്പക്കാരനെ ഉത്തരകേരളത്തില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അവയവങ്ങള്‍ എടുത്തശേഷം തിരികെ നാട്ടിലെത്തിക്കണമെങ്കില്‍ കുറഞ്ഞത് 20 മണിക്കൂറെങ്കിലും എടുക്കും. സംഘടനയുടെ ഭാരവാഹികള്‍ ഒരു ഹെലികോപ്ടറിനായി ശ്രമമാരംഭിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഒരു ഹെലികോപ്ടര്‍ ലഭ്യമാക്കുന്നതിനുവേണ്ടി ജില്ലാ കളക്ടര്‍, എം.പി, എം.എല്‍.എ തുടങ്ങി പലരുമായും സംഘടനാഭാരവാഹികള്‍ ബന്ധപ്പെട്ടു. പക്ഷെ, ആരും അനുകൂലമായി പ്രതികരിച്ചില്ല. ചിലരുടെ സമീപനമാകട്ടെ തികച്ചും നിഷേധാത്മകവുമായിരുന്നു. ഒടുവില്‍ ആ യുവാവിന്റെ കണ്ണുകള്‍ മാത്രം ദാനം ചെയ്ത് പ്രസ്തുത രക്ഷിതാക്കള്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു.

കേരളത്തില്‍ പലരും മുഖം തിരിച്ചുനില്‍ക്കുന്ന മഹത്തായ ഒരു കര്‍ത്തവ്യത്തിലൂടെ, ചരിത്രത്തിന്റെ ഭാഗമായി മാറേണ്ടിയിരുന്ന ആ ദിനം പതിവു ദിവസങ്ങള്‍ പോലെ കടന്നുപോയി, ചിലരുടെ 'നോ' മനോഭാവം മൂലം. അന്ന് അവരിലാരെങ്കിലും ഒരു 'യെസ്' പറഞ്ഞിരുന്നെങ്കില്‍ കേരളത്തിന്റെ ആരോഗ്യമേഖലയുടെയും മാനുഷികപ്രവര്‍ത്തനങ്ങളുടെയും ചരിത്രത്തില്‍ കുറിച്ചുവയ്ക്കപ്പെടുന്ന ദിവസമായി അതു മാറുമായിരുന്നു. മരണമുറപ്പായ ഒരു ജീവനില്‍ നിന്ന് നാലുപേര്‍ക്കുകൂടി ജീവന്‍ പകര്‍ന്നുകിട്ടുമായിരുന്നു. സര്‍വ്വോപരി അതൊരു മാതൃകയാകുമായിരുന്നു.

ജനുവരിയില്‍ പുറത്തിറങ്ങിയ ബോബി - സഞ്ജയ് തിരക്കഥയെഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' എന്ന സിനിമ കണ്ടിരിക്കുമ്പോള്‍ മനസ്സില്‍ തികട്ടി വന്നത് മുകളില്‍ വിവരിച്ച സംഭവമായിരുന്നു. അന്ന് അധികൃതര്‍ കാണിച്ച അലംഭാവത്തോടുള്ള രോഷമായിരുന്നു. അതുകൊണ്ടുതന്നെ, 'ട്രാഫിക്' എന്ന സിനിമ കേരളീയസമൂഹത്തിന്റെ സ്വഭാവഗതികള്‍ക്കുനേരേ തെളിച്ചുവയ്ക്കുനന്ന ഒരു ഗ്രീന്‍സിഗ്നലായി അനുഭവപ്പെട്ടു. രേഖീയമല്ലാത്ത കഥാഗതിയും ചിതറിക്കിടക്കുന്ന കഥയും കഥാപാത്രങ്ങളുമെല്ലാം ഓരോരോ തരത്തില്‍ മലയാളിയുടെ സാമൂഹികബോധത്തെ അടയാളപ്പെടുത്തുകയാണ്. ഫെയ്ബുക്ക്, ഗൂഗിള്‍ ബസ് തുടങ്ങി ഇന്റര്‍നെറ്റിലെ വിവിധ ഇടങ്ങളില്‍ ഉള്‍പ്പെടെ ഈ സിനിമയെപ്പറ്റി നടക്കുന്ന സജീവചര്‍ച്ചകള്‍ കാണിച്ചുതരുന്നത് ട്രാഫിക് നമ്മുടെ ബോധതലങ്ങളിലെവിടെയെല്ലാമോ ചില കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ടിരിക്കുന്നുവെന്നുതന്നെയാണ്.

നേത്രദാനത്തോടും രക്തദാനത്തോടുപോലും പൂര്‍ണമായും യോജിച്ചിട്ടില്ലാത്ത കേരളീയാന്തരീക്ഷത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലേഖനത്തിന്റെ ആദ്യം വിവരിച്ച സംഭവത്തിലെ മാതാപിതാക്കള്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്നവരാണ്. 'ട്രാഫിക്കി'ല്‍ റെയ്ഹാന്റെ ബാപ്പ ഡോക്ടറായിട്ടുപോലും ആദ്യം ഇതിനെ എതിര്‍ക്കുകയാണ്. പക്ഷെ, മകന്റെ സ്വപ്നങ്ങള്‍ മറ്റൊരാളുടെ ജീവിതത്തിലൂടെ പൂവണിയണമെന്ന കൂട്ടുകാരുടെ ആവശ്യമാണ് അദ്ദേഹത്തെ ഹൃദയം ദാനം ചെയ്യുന്നതിലെത്തിക്കുന്നത്.

സിനിമയില്‍ ഹൃദയം ആവശ്യമുള്ളത് സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ഥ് ശങ്കറിന്റെ പതിമൂന്നുവയസ്സുള്ള മകള്‍ക്കാണ്. തന്റെ പണവും പദവിയും അതിനുവേണ്ടി വിനിയോഗിക്കാന്‍ സിദ്ധാര്‍ഥ് തയ്യാറാണെങ്കിലും ആരേയും വിലയ്‌ക്കെടുക്കാന്‍ അയാള്‍ക്കു സാധിക്കുന്നില്ല. അവരാരും സാമ്പത്തികമായിട്ടെന്തെങ്കിലും മോഹിച്ചിട്ടല്ല ദൗത്യത്തില്‍ പങ്കാളികളാകുന്നത്. മറ്റുചില അജണ്ടകള്‍ അവര്‍ക്കുണ്ടെന്നത് കഥയുടെ പൊലിമയ്ക്കുവേണ്ടി കൂട്ടിച്ചേര്‍ത്ത അപകടകരമല്ലാത്ത വസ്തുതകളാണ്. ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നവരില്‍ ഒരു കൂട്ടര്‍ ഒഴിച്ച് മറ്റാരും സിദ്ധാര്‍ഥുമായി നേരിട്ടു ബന്ധപ്പെടുന്നില്ല. മനസ്സാക്ഷിയെ പണം കൊണ്ടോ പ്രതാപം കൊണ്ടോ വിലയ്‌ക്കെടുക്കാനാകില്ലെന്നാണ് നിസ്സഹായനായി മാറുന്ന സിദ്ധാര്‍ഥ് ശങ്കര്‍ എന്ന കഥാപാത്രം കാട്ടിത്തരുന്നത്. പണത്തിനും പ്രശസ്തിക്കും പിന്നാലെ പാഞ്ഞ് കുട്ടികളുടെ ബാല്യം മറക്കുന്ന ഓരോ രക്ഷിതാവിനോടുമുള്ള അമ്മയുടെ രോഷം സിദ്ധാര്‍ഥിന്റെ ഭാര്യയിലൂടെ പ്രകടിപ്പിക്കപ്പെടുന്നുമുണ്ട്.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് പാലക്കാട്ടുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കാണ് ഹൃദയം കൊണ്ടുപോകുന്നത്. സ്വകാര്യആശുപത്രികളുടെ സാന്നിധ്യം വളരെയധികം വിമര്‍ശനത്തിന് ഇരയായിക്കഴിഞ്ഞു. പക്ഷെ, കേരളത്തിലെ ഒരു മെഡിക്കല്‍ കോളജില്‍പോലും ഇത്തരത്തിലൊരു ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു സൗകര്യമില്ല. അവയവദാനത്തിനാരെങ്കിലും തയ്യാറായാല്‍ അതിനു സൗകര്യമില്ലാത്ത ആരോഗ്യരംഗമാണു നമ്മുടേത്. അത്തരത്തിലൊരു ജാഗ്രതയ്ക്കുവേണ്ടിയുള്ള ആഹ്വാനം ഈ സിനിമയില്‍ നമുക്കു കേള്‍ക്കാന്‍ കഴിയും.

ചെന്നൈയില്‍ ഇതിനു സമാനമായ ഒരുസംഭവം ഏതാനും വര്‍ഷം മുമ്പ് ഉണ്ടായതാണ്. അതേപ്പറ്റി കമ്മീഷണറോട് ജനപ്രതിനിധി പറയുമ്പോള്‍ 'ചെന്നൈയിലെ റോഡുകളല്ല സര്‍, കേരളത്തിലേത്' എന്ന മറുപടി തിയേറ്ററില്‍ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴത്തെ ദേശീയപാതയുടെ അവസ്ഥ നോക്കുമ്പോള്‍ സിനിമയില്‍ പറയുന്ന സമയത്തിനുള്ളില്‍ കൊച്ചിയില്‍ നിന്നു പാലക്കാട്ടെത്തുക അസാധ്യമാണ്. പക്ഷെ, നിര്‍ദ്ദേശിക്കപ്പെട്ട ദേശീയപാത യാഥാര്‍ഥ്യമായാല്‍ ഇത് അസാധ്യമല്ലെന്ന കാര്യം തിയേറ്ററിലിരുന്നു കയ്യടിച്ചവര്‍പോലും ഒരു പക്ഷേ, ഓര്‍ത്തെന്നുവരില്ല.

സിദ്ധാര്‍ഥ് ശങ്കറെന്ന പണക്കാരന്റെ മകള്‍ക്കുവേണ്ടി ആയിരക്കണക്കിനു സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച് ഒരു ആഡംബരകാര്‍ ചീറിപ്പായുന്നത് പാവപ്പെട്ടവന്റെ ജീവനു വിലകല്‍പിക്കാതെയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ ഇത് വളരെ സൂക്ഷ്മമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മന്ത്രിയുടെ കാറിന് എസ്‌കോര്‍ട്ട് പോകുന്നയാളാണ് ദൗത്യവാഹനത്തിന്റെ സാരഥിയെന്നത് ഇതില്‍പ്രധാനം. (120 കിലോമീറ്ററിലധികം വേഗതയില്‍ ചീറിപ്പായുന്ന കാറിന്റെ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നത് കല്ലുകടിയാണെങ്കിലും.) കേരളത്തിലെ ഏതു റോഡിലൂടെയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റും ചീറിപ്പായുമ്പോള്‍ സംഭവിക്കുന്നതിലപ്പുറമൊന്നും ഇതിലില്ല. ട്രാഫിക് ലൈറ്റുകള്‍ ഓഫാക്കിയും ഒരു പോയിന്റില്‍ നിന്ന് മറ്റൊരു പോയിന്റിലേക്കു നിര്‍ദ്ദേശം കൊടുത്തുമെല്ലാം ഗതാഗതം ക്രമീകരിക്കാവുന്നതേയുള്ളു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റും വരുമ്പോള്‍ മണിക്കൂറുകളോളമാണ് വഴികള്‍ അടയ്ക്കപ്പെടുന്നത്. ഇവിടെ ഒരു മനുഷ്യജീവനുവേണ്ടി അഞ്ചോ പത്തോ മിനിട്ടുമാത്രമാണ് വഴിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത്തരമൊരവസരത്തില്‍ സഹകരിക്കാന്‍ മലയാളിക്കു മടിയുണ്ടാകില്ലെന്നു 'ട്രാഫിക്' ചൂണ്ടിക്കാട്ടുന്നു.

സിനിമയുടെ കഥാഗാത്രം മുഖ്യമായും കൈകാര്യം ചെയ്യുന്നത് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളാണെങ്കിലും അവയോടനുബന്ധിച്ചുള്ള ചില കൊച്ചുകൊച്ചുസംഭവങ്ങളും മലയാളിയുടെ മാറുന്ന മനോഭാവത്തെപ്പറ്റി നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.

റെയ്ഹാന്റെ കാമുകി അദിതി ആദ്യ സീനില്‍തന്നെ പറയുന്നത് അവള്‍ക്ക് വിവാഹമോചനം അനുവദിച്ചുകിട്ടിയെന്നാണ്. സിനിമയില്‍ നായകനും നായികയുമെന്നു പറയാവുന്ന കഥാപാത്രങ്ങളാണിവര്‍. താരപ്രധാനമാണ് സിനിമയെങ്കില്‍ അതിന്റെ നട്ടെല്ല്. പക്ഷെ, ഡിവോഴ്‌സ് ലഭിച്ചുവെന്നു പറഞ്ഞ് രംഗപ്രവേശം ചെയ്യുന്ന ഒരു നായികയെ മലയാള സിനിമ ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വിവാഹമോചനം വ്യാപകമായിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തില്‍ ഈ കാഴ്ചപ്പാടിനുള്ള പ്രസക്തി വളരെ വലുതാണ്.

അദിതിയുടെ ഭര്‍ത്താവായിരുന്ന ആളെപ്പറ്റി സിനിമ യാതൊന്നും പറയുന്നില്ല. പക്ഷെ, എന്നായാലും നടക്കേണ്ട ഒന്നായിരുന്നു അവരുടെ വിവാഹമോചനമെന്ന് അദിതി റെയ്ഹാനോട് പറയുന്നുണ്ട്. ഒന്നിച്ചു ജീവിക്കാനാകില്ലെന്ന സ്ഥിതി വന്നാല്‍ മാന്യമായി ബന്ധം വിച്ഛേദിച്ചിറങ്ങുകയെന്ന സന്ദേശം നമ്മുടെ കുടുംബമാമൂലുകളുടെ നിഷേധമാണ്. അങ്ങിനെയുള്ള പെണ്ണിനെ സ്വീകരിക്കാന്‍ ഒരു രണ്ടാംകെട്ടുകാരനല്ലാത്ത, സമൂഹത്തില്‍ നിലയും വിലയുമുള്ള, മാന്യമായ തൊഴിലുള്ള ഒരു ചെറുപ്പക്കാരന്‍ തയ്യാറാകുന്നുവെന്നത്, ഇന്ന് കേരളത്തില്‍ സംഭവിക്കുന്നുണ്ടെങ്കിലും ഒരു ജനകീയമാധ്യമത്തിലൂടെ അക്കാര്യം വിളിച്ചുപറയാന്‍ ഇതുവരെ ആരും ധൈര്യം കാണിച്ചിരുന്നില്ലെന്നിടത്താണ് 'ട്രാഫിക്കി'ന്റെ പ്രസക്തി.

ഡോ. ഏബിളിന്റെ ജീവിതം നോക്കുക. കേരളത്തിലെ ഹൈക്ലാസ് യുവത്വത്തിന്റെ മറ്റൊരു ചിത്രമാണത്. ഉറ്റസുഹൃത്തും ഭാര്യയും തമ്മിലുള്ള ബന്ധത്തിന് സാക്ഷിയാകേണ്ടിവരികയാണ് ഏബിളിന്. ഇത്തരം ബന്ധത്തിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് അദിതിയുടെ വിവാഹമോചനത്തേയും റയ്ഹാനുമായുള്ള സ്‌നേഹബന്ധത്തേയും നാം കാണേണ്ടത്. ഭര്‍ത്താവിനെ വഞ്ചിച്ച് കാമുകനോടൊപ്പം സല്ലപിക്കുകയല്ല അദിതി ചെയ്യുന്നത്. ജീവിതം അഡ്ജസ്റ്റ്‌മെന്റുകള്‍നടത്തി വഞ്ചിക്കാനുള്ളതല്ലെന്നും യോജിക്കാനായില്ലെങ്കില്‍ ഇട്ടിട്ടുപോകുയെന്നതാണ് അഭികാമ്യമെന്നും ഈ രണ്ടു കഥാതന്തുക്കള്‍ കാട്ടിത്തരുന്നു.

സൂഹൃത്തും ഭാര്യയും ചേര്‍ന്നു ഡോ.ഏബിളിനെ വഞ്ചിക്കുമ്പോഴും ഏബിള്‍ ഭാര്യയെമാത്രമാണ് ശിക്ഷിക്കുന്നതെന്നത് സ്ത്രീകള്‍ മാത്രമാണ് തെറ്റുകാരിയെന്നു വിധിക്കുന്ന സമൂഹത്തിന്റെ പൊതുമനശ്ശാസ്ത്രമായി തോന്നിയേക്കാം. സ്വാതിയെ ഏബിളിന്റെ കാര്‍ ഇടിച്ചുതെറിപ്പിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും തിയേറ്ററില്‍ കയ്യടി ഉയര്‍ന്നത് മലയാളിയുടെ ഈ പൊതുമനോഗതിയുടെ പ്രതിഫലനമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്വാതിക്കു പകരം തന്റെ കൂട്ടുകാരനെയാണ് ഏബിള്‍ ഇടിച്ചുതെറിപ്പിക്കുന്നതെങ്കിലും ഇതേ കയ്യടി തിയേറ്ററില്‍ ഉയരുമായിരുന്നുവെന്നതാണ് വാസ്തവം.

വിവാഹമോചിതയായ തന്നെ സ്വീകരിക്കാന്‍ തയ്യാറായ റെയ്ഹാന്‍ മരണമടഞ്ഞുവെന്ന വാര്‍ത്തകേള്‍ക്കുമ്പോള്‍ നിസ്സഹായയാകുന്ന അദിതിയെ നോക്കി സഹതാപത്തോടെയും ദുഃഖത്തോടെയും പ്രേക്ഷകര്‍ ഉതിര്‍ക്കുന്ന നിശ്വാസത്തിന് പക്ഷെ, കയ്യടിയോളം ശബ്ദമുണ്ടാക്കാനാകില്ല. അതുകൊണ്ടുതന്നെ ആ മനശ്ശാസ്ത്രം നാം വായിക്കാതെ വിടുന്നു.

'ട്രാഫിക്' സ്ത്രീവിരുദ്ധമാണെന്നു തോന്നാവുന്ന മറ്റൊരു മുഹൂര്‍ത്തം സിനിമയുടെ പ്രധാനഭാഗങ്ങളിലൊന്നായ അപകടദൃശ്യമാണ്. റെയ്ഹാനും രാജീവും സഞ്ചരിക്കുന്ന ബൈക്കില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിവന്ന കാര്‍ ഇടിക്കുകയാണ്. ഈ കാര്‍ ഓടിച്ചിരുന്നതാകട്ടെ ഒരു പെണ്‍കുട്ടിയും. സ്ത്രീകള്‍ പൊതുവെ അപകടകരമായി വാഹനമോടിക്കുന്നവരാണെന്ന ധ്വനി ഇതിലുണ്ടെന്ന് പ്രാഥമികകാഴ്ചയില്‍ നമുക്കു തോന്നിയേക്കാം. പക്ഷെ, അത്തരത്തിലൊരു അപകടകരമായ ഡ്രൈവിംഗിലേക്ക് സ്ത്രീയെ നയിക്കുന്നവരെ ഒരു നിമിഷത്തേക്കു മറന്നുമാത്രമേ നമുക്ക് ആ ആരോപണമുന്നയിക്കാനാകൂ.

ഒറ്റയ്ക്കു വാഹനോടിച്ചുപോകുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കമന്റടിക്കുന്ന പൂവാലന്‍മാരാണ് ഇവിടെ യഥാര്‍ഥ അപകടകാരികള്‍. അവരില്‍ നിന്നു രക്ഷപ്പെടാനാണ് ചുവപ്പുസിഗ്നലിലേക്ക് ആ പെണ്‍കുട്ടി കാറോടിച്ചുകയറുന്നത്. അപകടത്തിനിടയാക്കിയ വാഹനമേതെന്നു പറയാതെ സിനിമയുടെ കഥ പരുവപ്പെടുത്താമായിരുന്നെങ്കിലും വാഹനമോടിച്ചത് ഒരു പെണ്‍കുട്ടിയാണെന്നു പറയുകയും അവളെ അപകടത്തിലേക്കു നയിച്ചത് പൂവാലന്‍മാരാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തതിനുപിന്നില്‍ സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. അപകടസ്ഥലത്ത് കാര്‍ നിര്‍ത്തി ആ പെണ്‍കുട്ടി ഇറങ്ങിയിരുന്നെങ്കില്‍ കേള്‍ക്കുമായിരുന്ന പഴികളില്‍ നിന്നും, ആക്രമണത്തില്‍ നിന്നുപോലും, രക്ഷപ്പെടാനാണ് അവള്‍ നേരേ ട്രാഫിക് പൊലീസിനു മുന്നിലേക്ക് കാറോടിച്ചുചെല്ലുന്നത്. ഇത്തരത്തില്‍ നിത്യേനയെന്നോണം നമ്മുടെ മുന്നില്‍ സംഭവിക്കുന്ന യാഥാര്‍ഥ്യങ്ങള്‍തന്നെയാണ് 'ട്രാഫിക്കി'ലെ ഓരോ ദൃശ്യവും വിളിച്ചുപറയുന്നത്.

സിനിമയിലെ മറ്റൊരു പ്രധാന ദൃശ്യമാണ് ബിലാല്‍കോളനിയുമായി ബന്ധപ്പെട്ടുള്ളത്. നിശ്ചിതസമയത്തുനിന്നും വൈകിയോടുന്ന വാഹനം സമയം പാലിക്കണമെങ്കില്‍ ബിലാല്‍ കോളനി കടന്നുപോകണം. മൈനോറിട്ടി തിങ്ങിപ്പാര്‍ക്കുന്ന, പള്ളിക്കടുത്തുള്ള ഈ കോളനി പൊലീസുകാര്‍പോലും കയറാന്‍ ഭയപ്പെടുന്നതാണെന്ന് കമ്മീഷണര്‍ പറയുന്നു. കള്ളക്കടത്തു സാധനങ്ങള്‍ കണ്ടെത്താന്‍ റെയ്ഡിനെത്തിയ പൊലീസിനെ തടഞ്ഞതിന്റെ പേരില്‍ വെടിവയ്പുണ്ടായ സ്ഥലമെന്നുകൂടി പറയുമ്പോള്‍ കോളനിയെ ഒരു ഭീകരകേന്ദ്രമായിട്ടാണ് പൊലീസ് അധികൃതര്‍പോലും കരുതുന്നതെന്ന് വ്യക്തമാണ്. തിരുവനന്തപുരത്തിനടുത്തുള്ള ബീമാപ്പള്ളിയേയാണ് ഇത് കേള്‍ക്കുമ്പോള്‍ പെട്ടെന്നോര്‍മവരിക.

അധികാരികളും ഭൂരിപക്ഷ സമൂഹവും ക്രിമിനലുകളെന്ന് മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കിടയിലുള്ള നാം കാണാത്ത, കാണാന്‍ മിനക്കെടാത്ത നന്മയെപ്പറ്റിയാണ് ട്രാഫിക് പറയുന്നത്. ഇസ്ലാം മത വിശ്വാസികളായ കഥാപാത്രങ്ങളെ സ്ഥിരമായി വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ മടികാണിക്കാത്ത മലയാളസിനിമയില്‍ വില്ലനല്ലാതിരുന്നിട്ടും ഒരു ഘട്ടത്തില്‍ പ്രതിനായകസ്ഥാനത്ത് അവരോധിക്കപ്പെടുകയാണ് ബിലാല്‍ കോളനി. പക്ഷെ, പൊലീസിനു കയറിച്ചെല്ലാനാകാത്തിടത്ത് സാധാരണക്കാരന് നിഷ്പ്രയാസം കയറിച്ചെല്ലാമെന്നും ഇത്തരത്തിലൊരു ദൗത്യത്തോട് അവിടുള്ളവര്‍ മുഖം തിരിക്കില്ലെന്നും സിനിമ പറയുന്നു.

ഹൃദയവുമായി പാലക്കാട്ടേക്കു പോകുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്ന ഓരോരുത്തര്‍ക്കും ഒരോ അജണ്ടയുണ്ട്. അതില്ലാത്തത് ബിലാല്‍ കോളനിയിലെ ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റിനു മാത്രമാണ്. തസ്രീന്‍ എന്ന ഈ കഥാപാത്രമാണ് ബിലാല്‍ കോളനി വഴി വാഹനത്തിനു കടന്നുപോകാന്‍ തടസ്സങ്ങള്‍ നീക്കുന്നത്. സിദ്ധാര്‍ഥ് ശങ്കറെന്ന താരത്തോടുള്ള ആരാധനയായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ഇത്തരം താരങ്ങള്‍ക്ക് സമൂഹത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്താനാവുമെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഈ സന്ദര്‍ഭം.

ക്രാഫ്റ്റിലും അവതരണരീതിയിലും കഥാസ്വീകരണത്തിലും പുതുമ കൊണ്ടുവന്ന 'ട്രാഫിക്' തികച്ചും ശാന്തമായ ഒരു ക്ലൈമാക്‌സിലാണ് അവസാനിക്കുന്നത്. എല്ലാവരും ആഗ്രഹിച്ചിരുന്ന ക്ലൈമാക്‌സ് എന്നു വേണമെങ്കില്‍ പറയാം. സിനിമയിലെ കഥാപാത്രങ്ങളെല്ലാം നിരന്നുനിന്ന് വളിപ്പു പറഞ്ഞ് പ്രേക്ഷകനെ കൈവീശിക്കാണിച്ചവസാനിക്കുന്ന ക്ലൈമാക്‌സുകളേക്കാള്‍ വളരെ ഭേദമാണിത്.

ദുരന്തങ്ങള്‍ മാത്രം സംഭവിക്കുന്ന ജീവിതത്തില്‍ ശുഭപര്യവസായിയാകുന്ന കഥ. ആ ജീവിതത്തില്‍ ഇതുവരെയുള്ള സിനിമകള്‍ കാട്ടിത്തന്നതിനപ്പുറവും പലതുമുണ്ടെന്നും അത്തരത്തില്‍ മാറിച്ചിന്തിക്കുന്ന സമൂഹമായി നാം വളരേണ്ട സന്ദര്‍ഭമാണിതെന്നും 'ട്രാഫിക്' പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നു. തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നത് വളരെപ്പെട്ടെന്നാണ്. വഴിയറിയാതെ നില്‍ക്കുന്ന ജംക്ഷനില്‍ നിന്ന് ഇടത്തേക്കോ വലത്തേക്കോ എന്നാശങ്കപ്പെടുമ്പോള്‍ പെട്ടെന്ന്, വളരെപ്പെട്ടെന്നെടുക്കുന്ന തീരുമാനം നമ്മെ കാതങ്ങള്‍തന്നെ മുന്നോട്ടുനയിച്ചേക്കാമെന്നും ട്രാഫിക് കാണിച്ചുതരുന്നു.

Sunday, August 15, 2010

കവിതയുടെ സാമ്പത്തികശാസ്‌ത്രം




`എനിക്കു വേണ്ടി
വായിച്ച അച്ഛന്‌,
വിശന്ന അമ്മയ്‌ക്ക്‌,
വിയര്‍ത്ത ചേട്ടന്‌.....'
മുരുകന്‍ കാട്ടാക്കടയുടെ ഏക കവിതാപുസ്‌തകത്തിന്റെ പതിമൂന്നാമത്തെ പേജില്‍, കവിതകള്‍ തുടങ്ങുന്നതിനു മുമ്പായി, നാം വായിക്കുന്ന വരികളാണിത്‌. കവിക്കു വേണ്ടി വായിച്ചത്‌ അച്ഛന്‍, വിശന്നത്‌ അമ്മ, വിയര്‍ത്തത്‌ ചേട്ടന്‍. അപ്പോള്‍ കവിയോ? ഇവരുടെ മൂന്നുപേരുടേയും സഹനത്തിന്റെ ശിഷ്‌ടമാണെന്ന്‌ മുരുകന്‍ പറയുന്നു.
തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ ഏറെ പഴക്കവും പാരമ്പര്യവുമുള്ള എസ്‌.എന്‍.വി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളെ സാമ്പത്തിക ശാസ്‌ത്രം പഠിപ്പിക്കാന്‍ നിയുക്തനാണ്‌ മലയാളത്തിന്റെ ഈ നവയുഗചൊല്‍പ്പാട്ടുകാരന്‍. കവിയുമായി സംസാരിച്ചിരിക്കുമ്പോള്‍ പുറത്തുപെയ്യുന്ന കര്‍ക്കിടകമഴയുടെ തിമിര്‍പ്പുപോലെ ഇടയ്‌ക്കിടയ്‌ക്ക്‌ കവിതകളിലെ വരികള്‍ ശക്തിപ്രാപിക്കും.
വീടണഞ്ഞ വിദ്യാര്‍ഥികള്‍ അനാഥമാക്കിയ ചാരുബഞ്ചിലിരുന്ന്‌ കവി മനസ്സു തുറന്നു:
``കാട്ടാലിന്റെ കടയ്‌ക്കല്‍
പണ്ടൊരു അമ്മത്താരാട്ടുണ്ടായി -
ഞാനെഴുതിക്കൊണ്ടിരിക്കുന്ന കാട്ടാക്കടയെന്ന കവിതയുടെ തുടക്കമാണിത്‌. തിരുവനന്തപുരത്തു നിന്ന്‌ പത്തു മുപ്പതു കിലോമീറ്റര്‍ തെക്കുകിഴക്കാണ്‌ കാട്ടാക്കട. ഒരു കാട്ടാലിന്റെ കടയ്‌ക്കല്‍ ഉണ്ടായ കൊച്ചു ഗ്രാമം. അവിടെ നിന്നും നാലഞ്ചു കിലോമീറ്റര്‍ മാറി നെയ്യാറിന്റെ തീരത്തുള്ള ആമച്ചല്‍ എന്ന കുഗ്രാമമാണ്‌ എന്റെ നാട്‌. നെയ്യാറിന്റെ വാല്‍സല്യമാണ്‌ ഒരു പക്ഷേ, ഒരു കവിയെന്ന നിലയില്‍ എന്തെങ്കിലുമാകാന്‍ എന്നെ സഹായിച്ചതെന്നു തോന്നുന്നു.''

അച്ഛന്റെ വായന, അമ്മയുടെ വിശപ്പ്‌, ചേട്ടന്റെ വിയര്‍പ്പ്‌- `കണ്ണട' തുറക്കുമ്പോള്‍ വായനക്കാരന്‍ കാണുന്നതിതാണ്‌. എന്താണ്‌ ഈ വാക്കുകള്‍ക്കു പിന്നിലെ വികാരം?
അച്ഛന്‍ രാമന്‍പിള്ള തൊഴിലാളിയായിരുന്നു. നന്നായി വായിക്കുമായിരുന്നു. ഞാന്‍ ഏഴില്‍ പഠിക്കുമ്പോഴാണ്‌ അച്ഛന്‍ മരിച്ചത്‌. അമ്മ കാര്‍ത്യായിനിയമ്മ പത്തു വര്‍ഷം മുമ്പു മരിച്ചു. വീട്ടിലെ ആറു മക്കളില്‍ ഇളയവനായിരുന്നു ഞാന്‍.
അഞ്ചാം ക്ലാസുമുതല്‍ എനിക്കുള്ള ഓര്‍മയാണ്‌ അച്ഛന്റെ വായന. വറുതിയുള്ള ദിവസങ്ങളില്‍ അച്ഛന്‍ കുത്തിയിരുന്നു വായിക്കും. മാര്‍ത്താണ്‌ഡവര്‍മയും ധര്‍മരാജയുമെല്ലാമായിരുന്നു വായിച്ചിരുന്നത്‌. അതിന്റെ ഒരു സന്തോഷമാണ്‌ എന്നെ എഴുത്തിലേക്കും വായനയിലേക്കും അടുപ്പിച്ചത്‌. പുസ്‌തകം വായിക്കുന്നതിലുള്ള സംതൃപ്‌തിയെന്താണെന്ന്‌ ഞാന്‍ പലപ്പോഴും ആലോചിക്കുമായിരുന്നു. അച്ഛന്‍ വല്ലപ്പോഴുമൊക്കെ മദ്യപിക്കുമായിരുന്നു. പക്ഷെ, അതിലും വലിയ ലഹരി അദ്ദേഹം വായനയില്‍ നിന്നനുഭവിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. എന്നെയും കുട്ടിക്കാലം തൊട്ടേ വായിക്കാന്‍ പ്രേരിപ്പിച്ചത്‌ അതായിരിക്കണം. വറുതിയുടെ അനുഭവമുള്ള ബാല്യവും ഈ വായനയുമായിരിക്കണം എന്നിലെ കവിയെ സൃഷ്‌ടിച്ചത്‌.

അച്ഛന്‍ മരിച്ചതിനു ശേഷം?
അച്ഛന്‍ ഉണ്ടായിരുന്നപ്പോഴും എന്റെ സാമ്പത്തികവും ഭൗതികവുമായ കാര്യങ്ങളില്‍ വലിയ നോട്ടമൊന്നുമുണ്ടായിരുന്നില്ല. മൂത്ത ജ്യേഷ്‌ഠന്‍ പ്രഭാകരന്‍ നായരാണ്‌ അച്ഛനെപ്പോലെ എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോയത്‌. ഇപ്പോഴും അദ്ദേഹം അങ്ങിനെയാണ്‌. കെട്ടിടനിര്‍മാണത്തൊഴിലാളിയായ അദ്ദേഹത്തിന്റെ നന്മ കൊണ്ടാണ്‌ എനിക്ക്‌ പഠിക്കുവാനും ഇവിടം വരെ എത്തുവാനും കഴിഞ്ഞത്‌. പഠിച്ചില്ലെങ്കിലും ഞാന്‍ കവിതയെഴുതുമായിരുന്നു, ഉറക്കെ ചൊല്ലുകയും ചെയ്യുമായിരുന്നു. അതുറപ്പാണ്‌. അതെന്റെ വാശിയായിരുന്നു.

വിദ്യാഭ്യാസം?
ഇപ്പോഴും ഞാന്‍ നടന്നുപോകുമ്പോള്‍ കാണുന്ന ഒരു കൊച്ച്‌ എല്‍.പി. സ്‌കൂളുണ്ട്‌. കുരുതംകോട്‌. അവിടെയായിരുന്നു ആദ്യം. പിന്നെ പ്ലാവൂര്‍ ഗവ. ഹൈസ്‌കൂള്‍, അതുകഴിഞ്ഞു ഒറ്റശേഖരമംഗലം- ഇപ്പോഴത്തെ ജനാര്‍ദ്ദനപുരം- വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പിന്നെ കാട്ടാക്കട ക്രിസ്‌റ്റിയന്‍ കോളജ്‌, പി.ജി. ചെയ്‌തത്‌ തിരുവനന്തപപുരം ആര്‍ട്‌സ്‌ കോളജില്‍. ബി.എഡിന്‌ എസ്‌.എന്‍ കോളജ്‌ നെടുങ്കണ്ട. ആര്‍ട്‌സ്‌ കോളജില്‍ എം.ഫില്‍ ചെയ്യാന്‍ വീണ്ടുമെത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. ലോ കോളജിലും രണ്ടു വര്‍ഷം പഠിച്ചിരുന്നു. അങ്ങിനെ ചിതറിയ ഒരു വിദ്യാഭ്യാസ കാലഘട്ടമായിരുന്നു എന്റേത്‌. സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പഠിച്ചതു തന്നെയാണ്‌ കുട്ടികളെ പഠിപ്പിക്കുന്നതും.

മലയാളം ഐച്ഛികമായി പഠിക്കാനാകാത്തതില്‍ വിഷമമുണ്ടോ?
ഉണ്ട്‌. മലയാളം പഠിക്കണമെന്ന്‌ എനിക്ക്‌ അമിതമായ ആഗ്രഹമുണ്ടായിരുന്നു. അതു നടക്കാതെ പോയതിനാലാണ്‌ ഞാന്‍ കവിതയെഴുതുന്നത്‌. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജില്‍ അന്നും ഇന്നും മലയാളം ഐച്ഛികമായില്ല. പഠിക്കണമെങ്കില്‍ തിരുവനന്തപുരത്തു വരണം. അതിനുള്ള സാമ്പത്തികവും ഭൗതികവുമായ സാഹചര്യം എനിക്കില്ലായിരുന്നു. മലയാളം പഠിക്കാന്‍ കഴിയാത്തതില്‍ എനിക്കു നല്ല വേദനയുണ്ടായിരുന്നു. എന്റെ ഭാഷയാണ്‌ മലയാളം. എന്റെ എല്ലാ തന്മാത്രകളും അലിഞ്ഞുകിടക്കുന്ന ലായനിയാണ്‌ മലയാളം. അതെന്താണെന്നു തിരിച്ചറിയാനുള്ള ആഗ്രഹം പണ്ടുണ്ടായിരുന്നെങ്കിലും നടന്നില്ല. ആ ഒരു വൈരാഗ്യത്തിലാണ്‌ ഞാന്‍ കവിതയെഴുതുന്നത്‌.
അതുപോലെ തന്നെ പാട്ടു പഠിക്കണമെന്നുണ്ടായിരുന്നു, അതും നടന്നില്ല. ഞാന്‍ ഗവ. ആര്‍ട്‌സ്‌ കോളജില്‍ പഠിക്കുമ്പോള്‍ തൊട്ടപ്പുറത്തായിരുന്നു സ്വാതിതിരുനാള്‍ സംഗീതകോളജ്‌. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ അവിടുത്തെ ഹോസ്റ്റലിനു താഴെ ചെന്നു നില്‍ക്കും. പരീക്ഷ സമയങ്ങളിലും മറ്റും ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന ആളുകള്‍ `സരിഗമപധനിസാ...' എന്നു പറഞ്ഞ്‌ സാധകം ചെയ്യും. ഞാനതു താഴെ നിന്നു കേള്‍ക്കും. എനിക്കതു വലിയ ഇഷ്‌ടമായിരുന്നു. എന്നെ ആ രീതിയില്‍ പഠിപ്പിക്കുവാനോ അങ്ങിനെ ചിന്തിക്കുവാനോ പറഞ്ഞുതരാനോ ഒന്നുമുള്ള സാഹചര്യമുണ്ടായിരുന്നില്ല വീട്ടില്‍.
മലയാളം പഠിക്കാനാകാത്തതിന്റെ ചൊരുക്കാണ്‌ ഞാന്‍ കവിതയെഴുതി തീര്‍ക്കുന്നത്‌. സംഗീതം പഠിക്കാന്‍ കഴിയാത്തതിന്റെ വാശി തീര്‍ക്കാനാണ്‌ ഞാന്‍ കവിത ഉറക്കെ ചൊല്ലുന്നത്‌.

കവിതയെഴുത്തിലേക്കു വരാനുണ്ടായ സാഹചര്യമെന്താണ്‌?
കവിതയെഴുത്തിലേക്കു വന്നതല്ല, അത്‌ സംഭവിച്ചതാണ്‌. ബാല്യത്തില്‍ നിന്നു കൗമാരത്തിലേക്കു വന്നതെങ്ങനെയെന്നു ചോദിച്ചാല്‍ നമുക്കുത്തരം പറയാനാകില്ലല്ലോ, അതുപോലെ ഇതും എവിടെയോ വച്ചു സംഭവിച്ചതാണ്‌. കവിതയെഴുതണമെന്ന്‌ ബോധപൂര്‍വ്വം ചിന്തിച്ചിട്ടേയില്ല. എപ്പോഴോ എനിക്കു തോന്നി, കവിതയാണെന്റെ ആയുധമെന്ന്‌. എനിക്കൊരുപാടു കാര്യം പറയാനുണ്ട്‌. അതിനൊരു മാധ്യമമെനിക്കു വേണം. അതു കവിതയാണെന്ന തിരിച്ചറിവ്‌ എപ്പോഴോ ഉണ്ടായി. അങ്ങിനെയാണു കവിതയിലേക്കു വന്നത്‌.

കവിതയില്‍ ആരേയെങ്കിലും മാതൃകയാക്കിയിട്ടുണ്ടോ?
ഇല്ല. മലയാളത്തില്‍ എനിക്കു മാതൃകയാക്കാന്‍ പറ്റിയവരാരുമില്ല. ആരും ആരേയും മാതൃകയാക്കാന്‍ പാടില്ലെന്നതാണ്‌ എന്റെ അഭിപ്രായം. ഞാനും മാതൃകയല്ല. ഓരോരുത്തരും അവരവരുടെ വൃത്തികേടുകള്‍ തിരിച്ചറിയപ്പെടുന്നതുവരെ മാത്രമാണ്‌ നമുക്കു മാതൃകയായിരിക്കുന്നത്‌. അതുകൊണ്ട്‌ ഒരാളിനേയും ഞാന്‍ മാതൃകയാക്കിയിട്ടില്ല.
പക്ഷെ, ഈ പാതയിലൂടെ മുന്നോട്ടു പോയ പലരുമുണ്ട്‌. കുഞ്ചന്‍ നമ്പ്യാരാണ്‌ അതില്‍ പ്രധാനി. അദ്ദേഹമാണ്‌ കവിത ചൊല്ലിയാടി മലയാളത്തില്‍ ഇങ്ങനെയൊരു സാധനമുണ്ടെന്നറിയിച്ചത്‌. മനോഹരമായി എഴുതിവച്ചതിനെ വേദിയില്‍ കൃത്യമായി ചൊല്ലിയാടുകയും അദ്ദേഹം ചെയ്‌തു. പിന്നെ വര്‍ത്തമാനകാലം നോക്കിയാല്‍ കടമ്മനിട്ടയും ചുള്ളിക്കാടും മധുസൂദനന്‍നായരും ആ ദൗത്യം നിര്‍വ്വഹിച്ചവരാണ്‌. നാളെ അത്‌ മുരുകന്‍ കാട്ടാക്കടയും കഴിഞ്ഞും പോകും. ആരു പ്രതിരോധിച്ചാലും അതു നില്‍ക്കില്ല. അതിലെ ദുര്‍ബലമായൊരു കണ്ണിയാണ്‌ ഞാന്‍.
ലവനും കുശനും രാമായണം പാടുകയാണുണ്ടായത്‌. പാടാന്‍ കഴിയാത്തവരാണ്‌ വൃത്തികേടുകള്‍ പറഞ്ഞുണ്ടാക്കുന്നത്‌. കേരളത്തിലെ ഏതെങ്കിലും കവിയോട്‌ ഇന്ന്‌ നല്ല കവിതയേതെന്നു ചോദിച്ചാല്‍ സ്വന്തം കവിതയായിരിക്കും ചൂണ്ടിക്കാട്ടുക. കവിതയുടെ നിര്‍വ്വചനം ചോദിച്ചാല്‍ അവനവന്റെ കവിത ചൂണ്ടിക്കാട്ടും. ഇങ്ങിനെ വേണം കവിതയെഴുതാനെന്നു പറയും. എത്രത്തോളം ചൊല്ലാം. താന്‍ ചൊല്ലുന്നതു വരെയെന്നാണ്‌. അവനവന്റെ കപ്പാസിറ്റിക്കനുസരിച്ച്‌ കവിതയെ ചുരുക്കുന്നവരാണ്‌ ഇന്നുള്ളത്‌. വേദിയില്‍ കവിത ചൊല്ലുന്നതിനെ നിശിതമായി വിമര്‍ശിച്ചിട്ട്‌ വേദിയില്‍ കയറി നീട്ടി കവിത ചൊല്ലാന്‍ ശ്രമിക്കുന്ന കവികളെ ഞാന്‍ കണ്ടിട്ടുണ്ട്‌. അവരെക്കൊണ്ടു കഴിയിന്നിടത്തു നില്‍ക്കണം കവിതയെന്നതാണ്‌ അവരുടെ ശാഠ്യം.

പിന്നെ ഏതാണ്‌ ഇന്നത്തെ നല്ല കവിത?
കവിത എന്ന പേര്‌ നാം ആണ്‍കുട്ടികള്‍ക്കിടാറില്ല. അത്‌ പെണ്‍കുട്ടികള്‍ക്കിടുന്ന പേരാണ്‌. കവിത എവിടെയെങ്കിലും വച്ച്‌ നമ്മുടെ തോളില്‍ കയ്യിടണം. അല്ലെങ്കില്‍ ഹൃദയത്തില്‍ തൊടണം. അതൊരു വാക്കായിരിക്കാം. കുത്തോ കോമയോ ആയിരിക്കാം. പദ്യത്തിലോ ഗദ്യത്തിലോ ഉള്ളതായിരിക്കാം. സിനിമാപ്പാട്ടിലും കവിതയുണ്ട്‌. എം.ടിയുടെ `മഞ്ഞ്‌' വലിയൊരു കവിതയാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌. അതുകൊണ്ട്‌ കവിതയെന്നാല്‍ ഇങ്ങിനെയായിരിക്കണം എന്നൊന്നും ആരും ശഠിക്കാന്‍ പാടില്ല. അതൊരു വൃത്തികേടാണ്‌. കവിതയ്‌ക്കു മാത്രമല്ല എല്ലാറ്റിനും സൗന്ദര്യമുണ്ടാകുന്നത്‌ വൈവിധ്യമുണ്ടാകുമ്പോഴാണ്‌. ഞാന്‍ ചൊല്ലിക്കോട്ടെ, വേറൊരാള്‍ ചൊല്ലാതിരിക്കട്ടെ. അങ്ങനെ മലയാള കവിത സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ.

കവിത ഉറക്കെ ചൊല്ലാന്‍ തുടങ്ങിയതെന്നാണ്‌?
പണ്ടേ കവിത ചൊല്ലുമെങ്കിലും എന്റെ ജീവിതത്തെ സംബന്ധിച്ചു നല്ല ഉറപ്പുണ്ടായ ശേഷമാണ്‌ ഒരു മാധ്യമമായി കവിതയെ സ്വീകരിച്ച്‌ ഉറക്കെ ചൊല്ലാന്‍ തുടങ്ങിയത്‌. കാരണം ആത്യന്തികമായി ജീവിതമാണ്‌ ഏറ്റവും വലിയ കവിത. ബാക്കിയെല്ലാം വെറും കെട്ടുകാഴ്‌ചകളാണ്‌. ഞാനുറക്കെ ചൊല്ലുന്നതുകൊണ്ടാണ്‌ ഇത്തരം വര്‍ത്തമാനങ്ങള്‍ പോലും സംഭവിക്കുന്നത്‌. ഉറക്കെ ചൊല്ലാതിരിക്കുന്ന കാലവും നമ്മുടെ ജീവിതത്തിലുണ്ടാകും. എന്നെ സംബന്ധിച്ച്‌ ജീവിതമാണ്‌ ആത്യന്തികമായ കവിതയും ചൊല്ലലും താളവും എല്ലാം. ജീവിതത്തില്‍ നല്ല കെട്ടുറപ്പുണ്ടാക്കിയെടുത്തശേഷം മാത്രം എനിക്കു തോന്നുമ്പോലെ കവിത ചൊല്ലുകയായിരുന്നു ഞാന്‍ ചെയ്‌തത്‌. അല്ലാതെ അതില്‍ വേറെ ഫിലോസഫിയൊന്നുമില്ല.

കെട്ടുറപ്പെന്നുദ്ദേശിക്കുന്നത്‌ സര്‍ക്കാര്‍ ജോലിയാണോ?
സര്‍ക്കാര്‍ ജോലിയല്ല. ഞാന്‍ ട്യൂഷന്‍ മേഖലയില്‍ നന്നായി എസ്റ്റാബ്ലിഷ്‌ ചെയ്യപ്പെട്ടിരുന്നു അക്കാലത്ത്‌. ഞാന്‍ പഠിച്ചത്‌ എനിക്കിഷ്‌ടപ്പെട്ട വിഷയമാണ്‌. കാരണം പറയാം. മാഘന്‍ എന്ന കവിയെപ്പറ്റി ഏഴാം ക്ലാസില്‍ പഠിച്ചിട്ടുണ്ട്‌. `മാഘപുരാണ'മെഴുതി വീട്ടില്‍ കുത്തിയിരിക്കുന്ന കവിയുമായി ദിവസവും ശണ്‌ഠകൂടാനേ ഭാര്യക്കു നേരമുണ്ടായിരുന്നുള്ളു. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി വിടുപണി - അടുക്കളപ്പണി - ചെയ്‌തു കിട്ടുന്നതു കൊണ്ടുവന്ന്‌ ഇദ്ദേഹത്തിനു കൊടുക്കും. ഇദ്ദേഹം മിണ്ടാതെ കുത്തിയിരുന്ന്‌ എഴുത്തോടെഴുത്താണ്‌. അവസാനം മാഘപുരാണം പൂര്‍ത്തിയാക്കിയശേഷം ഭാര്യയേയും കൂട്ടി പഴയ സഹപാഠിയായിരുന്ന രാജാവിന്റെ സന്നിധിയിലേക്ക്‌ യാത്രയായി. യാത്രാമധ്യേ തളര്‍ന്ന മാഘന്‌ അവസാന ചുംബനം നല്‍കി ആല്‍ച്ചുവട്ടിലിരുത്തിയശേഷം അദ്ദേഹം നല്‍കിയ താളിയോലക്കെട്ടുമായി ആ ഭാര്യ കൊട്ടാരത്തിലേക്കു ചെന്നു. ഭടന്‍മാര്‍ ഗോപുരവാതില്‍ക്കല്‍ അവരെ തടഞ്ഞു. മാഘന്‍ എന്ന പേരു കേട്ട രാജാവ്‌ അവരെ അകത്തേക്കു കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞേല്‍പിച്ചു. അവിടെച്ചെന്നപ്പോള്‍ അവിടെയിരുന്ന പണ്‌ഡിതന്‍മാര്‍ മാഘപുരാണം വായിച്ചു, ആദ്യമായി. എന്റെ മാഘനെവിടെ എന്നു ചോദിച്ച രാജാവ്‌ ആ അമ്മയെ മുന്തിയ തേരില്‍ കയറ്റി മാഘനെത്തേടി യാത്രതുടങ്ങി. അപ്പോള്‍ ആല്‍ച്ചുവട്ടില്‍ പട്ടിണി കിടന്നു മരിച്ചുകിടക്കുകയായിരുന്നു മാഘന്‍. അദ്ദേഹം തന്റെ താളിയോലക്കെട്ടില്‍ എഴുതിവച്ച നാലു വരിയുണ്ട്‌,
ന വിദ്യതേ കേന ഛുദ്രതം കുലം
ഹിരണ്യമേ വാര്‍ജ്ജയ, നിഷ്‌ഫല കല - വ്യാകരണം തിന്നാന്‍ പറ്റില്ല, കാവ്യരസം കുടിക്കാനും കഴിയില്ല, ഒരു വിദ്യയും കുലത്തെ സംരക്ഷിക്കുന്നില്ല. അതുകൊണ്ട്‌ കാശുണ്ടാക്കിക്കൊള്ളുക, അല്ലാത്ത കലയൊക്കെ നിഷ്‌ഫലമാണ്‌....!
സര്‍ഗശേഷി സമൂഹത്തിനു ഗുണകരമായി ഉപയോഗിക്കുന്നതിനൊപ്പം അതില്‍ നിന്ന്‌ അവനവന്റെ ജൈവസന്ധാരണം കണ്ടെത്താന്‍ ഒരാളിന്‌ അവകാശമുണ്ട്‌. സമൂഹത്തിന്‌ അവനോട്‌ അങ്ങിനെ ഒരു കടപ്പാടുമുണ്ട്‌. ആ സമ്പത്തിന്റെ ശാസ്‌ത്രമാണ്‌ ഞാന്‍ പഠിപ്പിക്കുന്നത്‌. ഇതെനിക്കിഷ്‌ടപ്പെട്ട വിഷയമാണ്‌. കാശിനെക്കുറിച്ചുള്ള ചിന്ത നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടാകണം. കഴുത്തറുക്കാതെ അവനവന്റെ പ്രതിഭ ഉപയോഗിച്ച്‌ എങ്ങിനെ പണമുണ്ടാക്കാമെന്ന്‌ നമ്മുടെ കുഞ്ഞുങ്ങളറിയണം.

കല പണമുണ്ടാക്കാനുള്ള ഉപാധിയാണെന്നാണോ?
അങ്ങിനെയല്ല ഞാന്‍ പറഞ്ഞത്‌. പണമുണ്ടാക്കുന്നവന്റെ ലോകത്ത്‌ കലയ്‌ക്കുവേണ്ടി മാത്രം ജീവിക്കുകയെന്നു പറയുന്നത്‌ വിഡ്‌ഢിത്തമാണ്‌. കല കാശിനുവേണ്ടി മാത്രമുള്ളതാണെന്നല്ല ഞാന്‍ പറയുന്നത്‌. കലയ്‌ക്കു വേണ്ടി മാത്രം ജീവിക്കുകയും സമൂഹത്തിന്‌ തിരിച്ച്‌ അയാളോട്‌ യാതൊരു പ്രതിബദ്ധതയുമില്ലാതാകുകയും ചെയ്യുന്ന ധാരാളം സംഭവങ്ങള്‍ കണ്ടിട്ടുണ്ട്‌. അയാളുടെ കുടുംബത്തെപ്പറ്റിയും വേദനകളെപ്പറ്റിയും യാതൊരു കരുതലും സമൂഹത്തിനില്ലാതെ പോകുന്ന ഒട്ടേറെ കലാകാരന്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്‌. ഫിലോസഫികൊണ്ട്‌ ഈ യാഥാര്‍ഥ്യത്തെ അടയ്‌ക്കുകയാണ്‌ എല്ലാ മാധ്യമങ്ങളും ചെയ്യുന്നത്‌. ഗിരീഷ്‌ പുത്തഞ്ചേരി ഉദാഹരണം. അദ്ദേഹമെഴുതിയ ഒരു വരിയെങ്കിലും കേട്ട്‌ സ്വജീവിതം തിരിച്ചുപിടിച്ച എത്രയോ പേരുണ്ടാകും. ആത്മഹത്യ ചെയ്യാന്‍ മനസ്സുകൊണ്ടു തയ്യാറെടുക്കുന്ന ഒരാളില്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഒരു വരി മനംമാറ്റം വരുത്തിയിട്ടുണ്ടാകാം. അതാണ്‌ സമൂഹത്തിനു വേണ്ടിയുള്ള സംഭാവന. മനസ്സും ആരോഗ്യവും ശരീരവും നഷ്‌ടപ്പെടുത്തിയാകണം അദ്ദേഹം ആ ഒരു വരി പിഴിഞ്ഞ്‌ സമൂഹത്തിനു നല്‍കിയത്‌. പക്ഷെ, സമൂഹം അത്‌ കണക്കാക്കുന്നില്ല. സമൂഹത്തിന്‌ തിരിച്ച കലാകാരനോട്‌ ഒരു പ്രതിബദ്ധത ഉണ്ടാകണമെന്നാണു ഞാന്‍ പറഞ്ഞത്‌.
ഓപ്പര്‍ച്യൂണിറ്റി കോസ്റ്റ്‌ അഥവാ അവസരച്ചെലവ്‌ എന്നൊരാശയം ഇക്കണോമിക്‌സില്‍ ഉണ്ട്‌. ഒരാള്‍ ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊരു കാര്യം വേണ്ടെന്നു വച്ചിട്ടാണ്‌ അതു ചെയ്യുന്നത്‌. ഇതു ചെയ്‌തില്ലായിരുന്നെങ്കില്‍ അയാള്‍ അതു ചെയ്യുമായിരുന്നു. കവിത ചൊല്ലി നടന്നില്ലെങ്കില്‍ അയാള്‍ തന്റെ കുഞ്ഞിനോടും ഭാര്യയോടും സ്‌നേഹത്തോടെയിരിക്കുമായിരുന്നിരിക്കാം. അതു ചെയ്യാത്തതിനാല്‍ അയാളുടെ കുടുംബബന്ധം തകര്‍ന്നിട്ടുണ്ടാകാം. അയാളുടെ മകന്‍ അയാള്‍ക്ക്‌്‌ റിബലായിട്ടുണ്ടാകാം. ആ അവസ്ഥ തിരിച്ചറിഞ്ഞാണ്‌ അയാളിവിടെ നില്‍ക്കുന്നതെന്ന ചിന്ത സമൂഹത്തിനുണ്ടാകണമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. അല്ലാതെ കല കാശിനുവേണ്ടിയെന്നല്ല.

കല ഈശ്വരാനുഗ്രഹമാണെന്നു പറയാനാകുമോ?
തീര്‍ച്ചയായും. `പൂര്‍ണതേ നിന്റെ പേരാണ്‌ ദൈവം' എന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌. ഞാനൊരു അപൂര്‍ണനാണ്‌. പൂര്‍ണതയെപ്പറ്റി എനിക്കൊരു സങ്കല്‍പമുണ്ട്‌. `രക്തസാക്ഷി'യെന്ന പേരില്‍ ഒരു കവിത ഞാനെഴുതിയിട്ടുണ്ട്‌. രക്തസാക്ഷിയെപ്പറ്റി എനിക്കൊരന്ധാളിപ്പുണ്ട്‌. എനിക്കൊരിക്കലും ഒരു രക്തസാക്ഷിയാകാനാകില്ല. കാരണം ഞാന്‍ മഹാഭീരുവാണ്‌. അതുകൊണ്ട്‌ രക്തസാക്ഷിയെ ഒരു മഹാപര്‍വ്വതമായി ഞാന്‍ കാണുന്നു. അപൂര്‍ണനായ ഒരുവന്റെ പൂര്‍ണതയെക്കുറിച്ചുള്ള സങ്കല്‍പമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതി അഥവാ ഈശ്വരന്‍. പെട്ടെന്നൊരു കവിതയെഴുതണമെന്നു കരുതി കുത്തിയിരുന്നാല്‍ എഴുതാന്‍ പറ്റില്ല. പാട്ടും അങ്ങിനെയാണ്‌. കഥയും സന്ദര്‍ഭവും തന്നാല്‍പോലും കലാകാരന്റെ ഉള്ളില്‍ അത്‌ കൃത്യമായി സന്നിവേശിക്കുന്ന ഒരു നിമിഷം ഉണ്ടാകണം. അപ്പോള്‍ മാത്രമേ അതു സംഭവിക്കൂ.

`രക്തസാക്ഷി'യും `കര്‍ഷകന്റെ ആത്മഹത്യക്കുറി'പ്പുമെല്ലാം കവിയുടെ സാമൂഹിക പ്രതിബദ്ധതയെ വെളിച്ചപ്പെടുത്തുന്നതിനായി എഴുതിയ കവിതകളാണോ?
അങ്ങിനെയല്ല. സാമുഹിക പ്രതിബദ്ധത ഉണ്ടാകണമെന്നു വിചാരിച്ച്‌ കവിതയെഴുതാനൊന്നും പറ്റില്ല. എനിക്കു പറയാനൊരു കാര്യമുണ്ടാകണം. അപ്പോള്‍ ഞാന്‍ കവിതയെഴുതും. എന്നോട്‌ പലരും ചോദിച്ചിട്ടുണ്ട്‌, ബാഗ്‌ദാദില്‍ കുട്ടികള്‍ ചത്തതിനെപ്പറ്റി എഴുതിയ നിങ്ങള്‍ ഫലസ്‌തീനില്‍ കുഞ്ഞ്‌ തറയില്‍ ചത്തുകിടക്കുന്ന പടം കണ്ടിട്ടു കവിതയെഴുതാതിരുന്നതെന്തുകൊണ്ടാണെന്ന്‌. എനിക്കു തോന്നുമ്പോള്‍ ഞാന്‍ കവിതയെഴുതും, തോന്നുന്ന രീതിയില്‍ ചൊല്ലും. കവിതയുടെ ചട്ടക്കൂടുകളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനെഴുതുന്നതിനെ കവിതയായി എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നും നാളെയും മറ്റന്നാളും കവിയായിത്തന്നെ നിലനില്‍ക്കണമെന്നും എനിക്കാഗ്രഹമില്ല. എനിക്കു പറയാനുള്ള കാര്യം പറയാനുള്ള മാധ്യമമാണ്‌ കവിത. ചിലപ്പോഴത്‌ എന്റെ വ്യക്തിപരമായ കാര്യമായിരിക്കും. അത്‌ താല്‍പര്യമുള്ളവര്‍ വായിക്കണം, താല്‍പര്യമുള്ളവര്‍ കേള്‍ക്കണം. അത്രയേയുള്ളു.
ഇപ്പോള്‍ ഞാനൊരു കവിതയെഴുതുന്നുണ്ട്‌. എന്റെ ബാല്യത്തെക്കുറിച്ചാണത്‌. അഞ്ചാം ക്ലാസിലെ ഒന്നാം ബഞ്ചിന്റെ അറ്റത്തിരിക്കുന്ന പൊതിച്ചോറിനെ നോക്കി ഞാന്‍ പിന്‍ബഞ്ചിലിരുന്നിട്ടുണ്ട്‌. അതേപ്പറ്റിയാണെന്റെ പുതിയ കവിത.
``അഞ്ചാം ക്ലാസിലെ ഒന്നാം ബഞ്ചിന്റെ
അറ്റത്തിരിക്കും പൊതിച്ചോറിനെ
ആ പൊതിച്ചോറിനെ ആര്‍ത്തിയാല്‍ നോക്കുന്ന
ഒരോട്ട ഉടുപ്പുള്ള കാക്കകറുമ്പനെ,
കവിതേ പ്രിയപ്പെട്ട ശൈലപുത്രീ,
ഒപ്പിയെടുക്കുനീ പിന്നെയും പിന്നെയും....''
എനിക്കു പറയാനുള്ളത്‌ ഞാന്‍ ഉറക്കെ വിളിച്ചു പറയുകതന്നെ ചെയ്യും.

താങ്കള്‍ ഉറക്കെ ചൊല്ലുന്നത്‌ ആളുകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്‌ എന്നുതൊട്ടാണ്‌?
നമ്മള്‍ ചൊല്ലിയാലല്ലേ ആളുകള്‍ക്കു കേള്‍ക്കാന്‍ പറ്റൂ. ആദ്യമായി എനിക്കു ജോലി കിട്ടിപ്പോകുന്നത്‌ കാസര്‍കോട്ടേക്കാണ്‌. 1994 - 95ല്‍ കാസര്‍കോട്‌ താലൂക്ക്‌ ഓഫീസില്‍ എല്‍.ഡി ക്ലര്‍ക്കായിരുന്നു. അക്കാലത്ത്‌ എനിക്കൊരു പ്രണയമുണ്ടായിരുന്നു. അതിലൊരു പ്രതിസന്ധിയുമുണ്ടായിരുന്നു. അന്ന്‌ കാസര്‍കോട്ട്‌ ഒറ്റയ്‌ക്കു താമസിക്കുമ്പോള്‍ എഴുതിയ കവിതയാണ്‌ ആദ്യമായി ഉറക്കെച്ചൊല്ലിയത്‌. കാത്തിരിപ്പ്‌.
``ആസുരതാളം തിമിര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശ്ശബ്‌ദമൊരു നോവായി നിറയുന്നു
നെഞ്ചിലാഴ്‌ന്നമരുന്നു മുനയുള്ള മൗനങ്ങള്‍
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാടു നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു പാഴ്‌സ്‌മൃതികളില്‍.....''

ആ പ്രണയത്തിലെ നായിക തന്നെയാണ്‌ പിന്നെ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്‌.
അതിനുശേഷം ഉറക്കെച്ചൊല്ലിയ കവിതയാണ്‌ `ഉണരാത്ത പദ്‌മതീര്‍ഥങ്ങള്‍'. കാസര്‍കോട്ടെ ജോലിക്കുശേഷം ഞാന്‍ ആര്യനാട്‌ ഗവ. ഹൈസ്‌കൂളിലാണ്‌ ആദ്യമായി അധ്യാപകവൃത്തിയിലേര്‍പ്പെടുന്നത്‌. പിന്നെ എന്റെ നാട്ടിലെ പ്ലാവൂര്‍ ഗവ. സ്‌കൂളില്‍. അവിടെ നിന്ന്‌ ഹയര്‍സെക്കണ്ടറി അധ്യാപകനായി തിരുവനന്തപുരത്ത്‌ എസ്‌.എം.വി സ്‌കൂളില്‍ എത്തുന്നത്‌ 1998ലാണ്‌. ഇവിടെ ജോയിന്‍ ചെയ്‌ത്‌ മാസങ്ങള്‍ക്കകമാണ്‌ പദ്‌മതീര്‍ഥക്കുളത്തില്‍ മാനസിക രോഗി കുളം കാവല്‍ക്കാരനെ മുക്കിക്കൊല്ലുന്നത്‌.
കാട്ടാക്കടയിലെ വീട്ടില്‍ നിന്ന്‌ സ്‌കൂളിലേക്കു പോരാനായി ബൈക്കില്‍ കയറുമ്പോഴാണ്‌ ടി.വിയിലെ ഫ്‌ളാഷ്‌ ശ്രദ്ധിച്ചത്‌. ഇന്നത്തെപ്പോലെ സാങ്കേതിക മേന്മയോടെയൊന്നുമല്ല അത്‌ ടി.വിയില്‍ കാണിക്കുന്നത്‌. തിരുവനന്തപുരം പദ്‌മതീര്‍ഥക്കുളത്തില്‍ കുളം കാവല്‍ക്കാരനും ഒരാളും തമ്മില്‍ കലഹിക്കുന്നുവെന്നാണ്‌ ആദ്യം കണ്ടത്‌. കുറേ ആളുകള്‍ കമ്പിവേലിയില്‍ വന്നെത്തി നോക്കി നില്‍ക്കുന്നത്‌ പാന്‍ ചെയ്‌തു കാണിക്കുന്നുണ്ട്‌. ആകാംക്ഷകൊണ്ട്‌ ഞാനതിലേക്കു കൂടുതല്‍ ശ്രദ്ധിച്ചു. അത്‌ പിന്നെ, കുളം കാവല്‍ക്കാരനും മാനസിക വിഭ്രാന്തി പിടിപെട്ട ആളും തമ്മില്‍ കലഹിക്കുന്നുവെന്നായി. പിന്നെ കുളം കാവല്‍ക്കാരനെ പിടിച്ചു തള്ളുന്നു, അതുകഴിഞ്ഞപ്പോള്‍ കുളം കാവല്‍ക്കാരനെ മുക്കുന്നു. ഇത്‌ ചെയ്യുന്ന ക്യാമറ യൂണിറ്റിലുള്ള ഒരാള്‍ ഒരു കല്ലെടുത്തെറിഞ്ഞെങ്കില്‍ ആ ഭ്രാന്തന്‍ കൈവിടുമായിരുന്നു, കാവല്‍ക്കാരന്‍ നീന്തിക്കയറി രക്ഷപ്പെടുമായിരുന്നു. പക്ഷെ, ആളുകള്‍ക്ക്‌ അതിലല്ല കാര്യം. അങ്ങിനെ സംഭവിച്ചാല്‍ അതോടെ പോയി. അതാണ്‌ ചിത്രീകരിക്കുന്നവന്റെ മനസ്സ്‌. ഇതു മുഴുവന്‍ കാണിച്ച്‌ അതിനാവശ്യമായ പരസ്യം കണ്ടെത്തി മാര്‍ക്കറ്റു ചെയ്യുക. അതാണ്‌ മാധ്യമ സംസ്‌കാരം.
ഞാനത്‌ കണ്ട്‌ വല്ലാതായി. അന്ന്‌ സ്‌കൂളില്‍ വന്നില്ല. വീട്ടിലരുന്ന്‌ ഞാനത്‌ അവസാനം വരെ കണ്ടു. മുക്കുന്നു, കൊല്ലുന്നു.... ഇതിങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്‌. ശവം പുറത്തെടുക്കുന്നു, ഭ്രാന്തനെ കരയ്‌ക്കു കയറ്റുന്നു... ഇങ്ങനെ സ്‌ക്രോളിംഗ്‌ വരികയാണ്‌. തിരുവനന്തപുരം നഗരമധ്യത്തില്‍ ആയിരക്കണക്കിനാളുകള്‍ നോക്കി നില്‍ക്കേയാണിത്‌ സംഭവിക്കുന്നത്‌. ലോകത്തെ എല്ലാ നഗരവല്‍ക്കരണങ്ങളുടെയും നിസ്സംഗതയുടെ വൃത്തികേടായിരുന്നു അന്നു കണ്ടത്‌. ആ സംഭവമാണ്‌ ഉണരാത്ത പദ്‌മതീര്‍ഥങ്ങള്‍
``നില്‍ക്കുന്നു ഞാന്‍ പദ്‌മതീര്‍ഥക്കുളത്തിന്റെ
ഭിത്തിയില്‍ കയ്യൂന്നി താടിതാങ്ങി... '' നിസ്സംഗതയാണവിടെ കാണിക്കുന്നത്‌. താഴെ നിന്ന്‌ ഒരു കല്ലെടുത്തെറിഞ്ഞ്‌ ഒരു പ്രതികരണം നടത്താന്‍ ആരും തയ്യാറല്ല.

ഇടയ്‌ക്കു കയറി ചോദിക്കട്ടെ, സ്‌കൂളില്‍ വരാതെയിരുന്ന്‌ വീട്ടിലെ ടിവിയില്‍ അവസാനനിമിഷം വരെ ആ സംഭവം കണ്ടുകൊണ്ടിരുന്ന താങ്കളുള്‍പ്പെടുന്ന ജനങ്ങളുടെ മനസ്സല്ലേ, മാധ്യമങ്ങളെ ഇത്തരം കാഴ്‌ചകളിലേക്കടുപ്പിക്കുന്നത്‌?
അതുകൊണ്ടാണ്‌ ``ചുറ്റുമൊരായിരം കാണികള്‍, ഞാനും'' എന്നെഴുതിയത്‌. അല്ലെങ്കില്‍ ചുറ്റുമൊരായിരം കാണികളെന്നു പറഞ്ഞു ഞാനങ്ങു പോകും. സമൂഹത്തിലെ എല്ലാ വൃത്തികേടുകളുടേയും ഭാഗമാണ്‌ ഞാനും.
``എല്ലാവര്‍ക്കും തിമിരം,
നമ്മങ്ങള്‍ക്കെല്ലാവര്‍ക്കും തിമിരം...'' എന്നാണ്‌ ഞാനെഴുതിയത്‌, അല്ലാതെ `നിങ്ങള്‍ക്കെല്ലാവര്‍ക്കും തിമിരം' എന്നല്ല. ഇതൊരു സമൂഹത്തിന്റെ മൊത്തത്തിലുള്ള പോരായ്‌മയാണ്‌. അതു ചൂണ്ടിക്കാണിക്കേണ്ടതും ഒരു കവിയുടെ കടമയാണ്‌.

ഇങ്ങിനെ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടോ, ഉറക്കെപ്പാടിയതുകൊണ്ടോ ഒരു തരിമ്പെങ്കിലും മാറ്റം സമൂഹത്തിലുണ്ടാക്കാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ?
കഴിയും. വിളിച്ചു പറയുന്നതും വിപ്ലവമാണ്‌. മിണ്ടാതിരിക്കുന്നവനെ വിളിച്ചുണര്‍ത്തുന്നതും ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തിയെടുക്കുന്നതും വിപ്ലവമാണ്‌. അവന്റെ കയ്യില്‍ ആയുധമെടുത്തുകൊടുക്കുന്നത്‌ അടുത്ത പടിയാണ്‌. അതിനൊന്നും ഒരു കവിയെക്കൊണ്ടു സാധിച്ചെന്നു വരില്ല. ഉറക്കെ വിളിച്ചു പറയുക, വിളിച്ചുണര്‍ത്തുക, ഇന്നലെയെപ്പറ്റി ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുക, ഇന്നു നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നതിനെപ്പറ്റി തെര്യപ്പെടുത്തിക്കൊണ്ടിരിക്കുക. എനിക്കു ചെയ്യാവുന്നത്‌, `നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരമാണ്‌, മങ്ങിയ കാഴ്‌ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണ'മെന്ന്‌ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുകയെന്നതാണ്‌. ബോധമുള്ളവന്‍ അതു തിരിച്ചറിയും.
എനിക്കൊരുപാടു കത്തുകള്‍ വന്നിട്ടുണ്ട്‌. `കണ്ണട' ദൂരദര്‍ശനില്‍ 2001ല്‍ വന്ന്‌ കുറേക്കഴിഞ്ഞ്‌ എനിക്കൊരു കത്തു വന്നു. കണ്ണൂരിലെ ഒരൊളിസങ്കേതത്തില്‍ നിന്നാണെഴുതുന്നതെന്ന്‌ അതില്‍ പറഞ്ഞിരുന്നു. ദൂരദര്‍ശനില്‍ ബന്ധപ്പെട്ടാണ്‌ എന്റെ വിലാസം സംഘടിപ്പിച്ചതെന്നും അതിലെഴുതിയിരുന്നു. ഒരു രാഷ്‌ട്രീയ കൊലപാതകത്തിലെ ഒന്നാം പ്രതിയായിരുന്നു ആ കത്തെഴുതിയിരുന്നത്‌. എഴുതിയ ആളിന്റെ പേര്‌ എനിക്കിപ്പോഴുമറിയില്ല. കണ്ണൂരില്‍ നിന്നാണെന്ന്‌ കത്തിനു പുറത്തെ സീലില്‍ നിന്നു മനസ്സിലായി. ഒളിവില്‍ വെറുതേ കിടക്കുമ്പോള്‍ ദൂരദര്‍ശനില്‍ ഈ കവിത കേട്ടു. അപ്പോഴാണ്‌ താന്‍ ചെയ്‌തതെന്താണെന്നതിനെപ്പറ്റി അയാള്‍ ചിന്തിച്ചുപോയത്‌. ഇനിയൊരു കാലത്തും ഒരമ്മയ്‌ക്കും ഒരു വേദനയും ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന്‌ ആ കത്തില്‍ പറഞ്ഞിരുന്നു.
``എല്ലാ വെടിയുണ്ടയും വാള്‍മുനത്തുമ്പും
അന്ത്യമായ്‌ച്ചെന്നു കൊള്ളുന്നതെപ്പൊഴും
അമ്മമാരുടെ ഗര്‍ഭപാത്രത്തിലാണെന്ന
സത്യത്തില്‍ ദൈവം പിറക്കുന്നു.''
എന്നെ സംബന്ധിച്ച്‌ ഇത്തരം പല അനുഭവങ്ങളുമുണ്ട്‌. വലിയൊരു മാറ്റമുണ്ടാക്കാനുള്ള അധികാരവും ചെങ്കോലുമൊന്നും എന്റെ കയ്യിലില്ല. പക്ഷെ, വാക്കുകള്‍ നമ്മുടെ കയ്യിലുണ്ട്‌. അതിനെ കൃത്യമായ രീതിയില്‍ പ്രയോഗിക്കുവാനുള്ള ശ്രമമാണ്‌ എല്ലാ കവികളേയും പോലെ ഞാനും നടത്തുന്നത്‌.

എഴുത്തുകാര്‍ അവസരവാദികളാണ്‌. ചിലതിനോടു പ്രതികരിക്കും, ചിലതിനോടു മനപ്പൂര്‍വ്വം പ്രതികരിക്കാതിരിക്കും. ഈ ആരോപണത്തെപ്പറ്റി?
അതു സ്വാഭാവികമാണ്‌. ഒരു പാട്‌ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടാകുമ്പോള്‍ പലരും മിണ്ടാതിരിക്കുന്നു. അതിനു കാരണമുണ്ട്‌. ബഹുമുഖമായ സമൂഹമാണ്‌ നമ്മുടേത്‌. എനിക്കു ശരിയെന്നു തോന്നുന്നതായിരിക്കില്ല യഥാര്‍ഥത്തില്‍ ശരി. ഞാന്‍ എന്നെയും താങ്കളേയും കൂട്ടി നമ്മളാണ്‌ ശരിയെന്നു പറഞ്ഞിരിക്കുമ്പോള്‍, താങ്കളില്‍ നിന്ന്‌ ഞാന്‍ പ്രതീക്ഷിക്കാത്തൊരു കാര്യം വരുമ്പോള്‍ ഞാന്‍ മിണ്ടാതിരുന്നുകളയും. താങ്കളോട്‌ എനിക്കത്രയ്‌ക്കു സ്‌നേഹവും കടപ്പാടുമുണ്ട്‌. സമൂഹം ഇത്രമാത്രം ഫ്‌ളെക്‌സിബിളായിരിക്കെ നമുക്ക്‌ മരക്കുറ്റികളാകാന്‍ കഴിയില്ല. അങ്ങിനെ വരുമ്പോഴാണ്‌ അവസരവാദമെന്നു വരെ തോന്നാവുന്ന തരത്തിലുള്ള മൗനങ്ങളോ മൗനഭേദങ്ങളോ ഉണ്ടാകുന്നത്‌. നാമിതൊക്കെ സഹിക്കണം. കാരണം സമൂഹത്തില്‍ ഏറ്റവും ദുര്‍ബലമായ മനസ്സുള്ളവരാണ്‌ എഴുത്തുകാര്‍. ഇറച്ചിവെട്ടുകാരന്‍ മുതല്‍ എഴുത്തുകാരന്‍ വരെ വേണം നാം മനസ്സുകളെ വിശകലനം ചെയ്യാന്‍. അതില്‍ ഏറ്റവും ദുര്‍ബല മാനസ്സികഘടനയുള്ളവരാണ്‌ എഴുത്തുകാര്‍.

താങ്കള്‍ ആരുടെ പക്ഷത്താണ്‌ നില്‍ക്കുന്നത്‌?
എനിക്കു കൃത്യമായ പക്ഷമുണ്ട്‌. അതു മനുഷ്യപക്ഷമാണ്‌, അതു പുരോഗമനപക്ഷമാണ്‌. അതിലെന്റെ ജീവിതമുണ്ട്‌. ഞാന്‍ വളര്‍ന്നു വന്ന ജീവിതസാഹചര്യമാണ്‌ എന്റെ പക്ഷമുണ്ടാക്കിയത്‌. ഞാനനുഭവിച്ച വേദന, ദാരിദ്ര്യം, കഷ്‌ടപ്പാട്‌, അതില്‍ നിന്നുള്ള പക്ഷം. അതിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. അത്‌ വ്യക്തിപരമാണ്‌. എന്റെ കവിതയിലെല്ലാം അറിഞ്ഞോ അറിയാതെയോ എന്റെ പക്ഷം വരുന്നുണ്ട്‌. ``ദുഃഖിക്കുവാന്‍ വേണ്ടി മാത്രമാണ്‌ എങ്കില്‍ ഈ നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി'' എന്നൊക്കെ ഞാനെഴുതിയിട്ടുണ്ട്‌. അത്രമാത്രം വേദനകള്‍, ഇപ്പോഴല്ല, ഞാനനുഭവിച്ചിട്ടുണ്ട്‌. ശോകത്തില്‍ നിന്നാണ്‌ ശ്ലോകമുണ്ടായത്‌. എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെയൊരു പക്ഷം, വേദനിക്കുന്നവന്റെ പക്ഷമാണ്‌.
എന്റെ കാഴ്‌ചപ്പാടില്‍ എഴുതുന്നവരെല്ലാം ഇടതു പക്ഷത്ത്‌ - മനുഷ്യപക്ഷത്ത്‌ - നില്‍ക്കുന്നവരാണ്‌. ഇടതുപക്ഷമെന്നാല്‍ കഷ്‌ടപ്പെടുന്നവന്റെ, വേദനിക്കുന്നവന്റെ, ബുദ്ധിമുട്ടുന്നവന്റെ, വിഷമിക്കുന്നവന്റെ, ദുഃഖിക്കുന്നവന്റെ പക്ഷമെന്നാണ്‌ ഞാനര്‍ഥമാക്കുന്നത്‌. കോണ്‍ഗ്രസ്‌ ചായ്‌വിലായാലും മാര്‍ക്‌സിസ്റ്റ്‌ ചായ്‌വിലായാലും എഴുത്തുകാരെല്ലാം ഇടതുപക്ഷത്താണ്‌.

സമീപകാലത്തായി കേരളത്തിലുണ്ടാകുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളെപ്പറ്റി താങ്കള്‍ക്കെന്താണു പറയാനുള്ളത്‌?
ഇവിടെ ഇരകളാകുകയാണു പലരും. വേറേയാര്‍ക്കോവേണ്ടിയാണിത്‌ ഇവര്‍ ചെയ്‌തുകൂട്ടുന്നത്‌. കൃത്യമായി ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്‌. വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം ഭ്രാന്താലയമാണ്‌. അത്‌ നാം ഇത്തരം കാര്യങ്ങളിലൂടെ ഇടയ്‌ക്കിടയ്‌ക്ക്‌ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. കേരളം ഇപ്പോഴും ആത്യന്തികമായി അടിച്ചമര്‍ത്തപ്പെട്ട ഭ്രാന്താലയം തന്നെയാണ്‌. സെഡേഷന്റെ അളവ്‌ എപ്പോഴെങ്കിലും കുറയുമ്പോള്‍ അത്‌ കൃത്യമായി നമുക്കു തിരിച്ചറിയാന്‍ കഴിയും. ഇഞ്ചക്ഷന്‍ കൊടുത്തു മയക്കുന്ന ഭ്രാന്തനെപ്പോലെയാണു നമ്മുടെ മനസ്സെന്ന്‌ വീണ്ടും വീണ്ടും അടയാളപ്പെടുത്തുകയാണ്‌ ഇത്തരം സംഭവങ്ങള്‍. നടപടികള്‍ ശക്തമാണ്‌. പക്ഷെ എത്രമാത്രം മുന്നോട്ടു പോകുമെന്നതിനെപ്പറ്റി കരുതലില്ല. കാരണം ഇടപെടലുകള്‍ ധാരാളമായി വരും. അത്‌ രാഷ്‌ട്രീയമാണ്‌. ഒരുതരത്തിലുമുള്ള നിരോധനവും ഇതിനു പരിഹാരമല്ല. ഗുജറാത്തിലായിരുന്നു ഇതു സംഭവിച്ചതെങ്കില്‍ നമുക്കു ന്യായീകരിക്കാം. അവിടെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്ന പല കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്‌. കേരളം പോലെ ഒരു തരത്തിലുമുള്ള ന്യൂനപക്ഷ -ഭൂരിപക്ഷ വ്യത്യാസങ്ങളുമില്ലാതെ മുന്നോട്ടു പോകുന്ന സമൂഹത്തില്‍ ബോധപൂര്‍വ്വം നടപ്പാക്കുന്നതാണിത്‌. കാരണം ഇവിടെ വിജയിച്ചാല്‍ ഇന്ത്യയിലെവിടെയും കൊണ്ടുപോകാം. അത്രക്കു പ്രബുദ്ധമാണ്‌ കേരളം. ഇവിടെയിതു വിജയിപ്പിച്ചുകൊണ്ടുപോകാനുള്ള പരീക്ഷണമാണു നടക്കുന്നതെന്നു നാം തിരിച്ചറിയണം. അതിന്‌ വിവാദവും രാഷ്‌ട്രീയകോലാഹലവും ഉപയുക്തമാകില്ല.

കവിതയില്‍ വായനയും കേള്‍ക്കലും തമ്മിലുള്ള വ്യത്യാസമെന്താണ്‌?
കേരളത്തില്‍ മുഖ്യധാരയില്‍ തന്നെ അമ്പതോളം പ്രസിദ്ധീകരണങ്ങളിലായി ആഴ്‌ചയില്‍ 150 കവിതയെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. ഇതിലെ ഒരു വാക്കോ, ഒരു വരിയോ ഏതെങ്കിലും ഒരാളുടെ വേദനയില്‍ അവനു കൂട്ടായിരിക്കുന്നുണ്ടോ എന്നതാണ്‌ നാം ചര്‍ച്ച ചെയ്യേണ്ടത്‌. മാധ്യമമേതെന്നതല്ല പ്രശ്‌നം. കവിതയെന്നാല്‍ ആര്‍ക്കും പിടികിട്ടാത്ത പൊതിയാത്തേങ്ങയാണെന്നും നിയതമായ ചില പ്രസാധകരിലൂടെ മാത്രം പുറത്തുവന്നാലേ അത്‌ കവിതയാകൂ എന്നുമൊരു ധാരണ നിലവില്‍ കേരളത്തിലുണ്ട്‌. എന്റെ മാധ്യമം ചൊല്ലലാണ്‌. അത്‌ കൃത്യമായി പറയേണ്ട രീതിയില്‍ പറയും. പറയാനുള്ളത്‌ പറയുന്നതാണ്‌ കവിത. അത്‌ പറയേണ്ട മാതിരി പറയുന്നതാണ്‌ എന്റെ ചൊല്ലല്‍. പണ്ടും പലരും ചെയ്‌തിട്ടുള്ള വഴിതന്നെയാണ്‌ ഞാന്‍ കൃത്യമായി തിരഞ്ഞെടുത്തത്‌. എഴുത്തുമാധ്യമങ്ങളിലൂടെയും കവിത വരട്ടെ. ബ്ലോഗിലൂടെയെല്ലാം നല്ലതും മോശവുമായ കവിതകള്‍ വരുന്നുണ്ട്‌. കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞതുപോലെ വിതയുള്ളത്‌ നിലനില്‍ക്കും. എന്റെ എല്ലാ കവിതയും നിലനില്‍ക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിലെന്തെങ്കിലും ഉള്ളതു നിലനില്‍ക്കട്ടെ. അല്ലാത്തതു പോട്ടെ. എന്നേക്കാള്‍ നല്ല ആളുകള്‍ കടന്നു വരട്ടെ.

അധ്യാപനത്തില്‍ നിന്നു കിട്ടുന്നതിലും മീതേ ഒരു വരുമാനം കവിതയില്‍ നിന്നു കിട്ടുന്നുണ്ടോ?
ഒരിക്കലും കവിതയില്‍ നിന്നു വരുമാനം കിട്ടുന്നില്ല. ഉദാഹരണത്തിന്‌, എഴുത്തു മാധ്യമത്തിലൂടെ എഴുതുന്നവര്‍ക്ക്‌ പത്രാധിപര്‍ റോയല്‍റ്റി കൊടുക്കാറുണ്ട്‌. പക്ഷെ, ചൊല്ലുന്നവന്‌ റോയല്‍റ്റി ആരു തരാനാണ്‌. പണത്തെക്കുറിച്ചൊരു ചിന്ത ഇപ്പോഴെന്തായാലും എനിക്കില്ല. ഇപ്പോള്‍ ഞാന്‍ സിനിമ മേഖലയിലും പ്രവേശിച്ചിട്ടുണ്ട്‌. എനിക്കുവേണമെങ്കില്‍ മറ്റെല്ലാം ഉപേക്ഷിച്ച്‌ ആ മേഖലയില്‍ നില്‍ക്കാം. ഞാന്‍ നേരത്തേ പറഞ്ഞതുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട. അവനവന്റെ പ്രതിഭ സമൂഹത്തിനു ഗുണകരമായി ഉപയോഗിക്കുമ്പോള്‍ സമൂഹത്തിന്‌ തിരിച്ചും ഒരു ബാധ്യതയുണ്ടെന്നാണ്‌ ഞാന്‍ പറഞ്ഞത്‌.

കവിതയില്‍ നിന്നു വരുമാനമില്ലെന്നു പറയുമ്പോള്‍ സി.ഡികളില്‍ നിന്നും മറ്റും ഒന്നും ലഭിക്കുന്നില്ലെന്നാണോ?
ഇപ്പോള്‍ വേണമെങ്കില്‍ എനിക്കു ധാരാളം കാസറ്റും സി.ഡിയുമെല്ലാം ഇറക്കാം. കാശുതരാന്‍ ആളുണ്ട്‌. എനിക്കിപ്പോള്‍ കമ്പോളമുള്ള സമയമാണ്‌. കമ്പോളമെന്ന വാക്ക്‌ അത്ര മോശമൊന്നുമല്ല. അതില്‍ നന്മയും തിന്മയുമുണ്ട്‌. ചന്ത മോശമാണെന്നു പറയുമ്പോള്‍ പുസ്‌തകച്ചന്ത മോശമല്ല. അതുകൊണ്ട്‌ കൃത്യമായി പറയട്ടെ, എനിക്ക്‌ ഇപ്പോഴൊരു ചന്തയുണ്ട്‌. വേണമെങ്കില്‍ ഇഷ്‌ടംപോലെ കവിതയെഴുതി കാശുണ്ടാക്കാം. എനിക്ക്‌ വിതയ്‌ക്കാന്‍ അനുകൂലമായ കാറ്റുള്ള സമയമാണിപ്പോള്‍. പക്ഷെ, ഞാനങ്ങിനെ ചെയ്യുന്നില്ല. ആകെ ഞാനെഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ മുപ്പത്തിനാല്‌ കവിത മാത്രമാണ്‌.

ഇപ്പോള്‍ സിനിമഗാനരചനയിലേക്കും പ്രവേശിച്ചിരിക്കുകയാണല്ലോ. അതേപ്പറ്റി?
`ഒരു നാള്‍ വരും' എന്ന സിനിമക്കു വേണ്ടിയാണ്‌ ഞാനെഴുതിയിരിക്കുന്നത്‌. ``മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായി മനതാരില്‍ കുളിരുന്നെന്‍ ബാല്യം'' എന്നൊരെണ്ണം. ``പകലിനെ സ്‌നേഹിച്ച്‌ കൊതിതീരാതൊരു പൂവ്‌ പടിഞ്ഞാറു നോക്കി കരഞ്ഞു'' എന്ന്‌ അതിലൊരു വരിയുണ്ട്‌. സൂര്യകാന്തിപ്പൂവിനെപ്പറ്റിയുള്ളതാണ്‌. ബാല്യത്തെപ്പറ്റിയുള്ള വരികളാണത്‌. എനിക്കിപ്പോഴും ബാല്യത്തോടുള്ള കൊതി തീര്‍ന്നിട്ടില്ല. അവസരമുണ്ടായാല്‍ ഇനിയും സിനിമയിലെഴുതും.

എങ്ങിനെയായിരുന്നു സിനിമയിലേക്കുള്ള വരവ്‌?
മണിയന്‍പിള്ള രാജുവാണ്‌ അതിനു കാരണം. അദ്ദേഹം എന്റെ കവിത കേട്ടിട്ടുണ്ട്‌. അദ്ദേഹമാണ്‌ സിനിമയിലേക്കു വിളിച്ചത്‌. ഏഴു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒത്തുചേരുന്ന സിനിമയാണെന്നു പറഞ്ഞാണു വിളിച്ചത്‌. `ഒരു നാള്‍ വരും' എന്ന സിനിമയിറങ്ങുന്നുണ്ടെങ്കില്‍ അത്‌ മുരുകന്‍ കാട്ടാക്കടയുടെ പാട്ടുകളുമായിട്ടായിരിക്കണം എന്നു കൂടി രാജുച്ചേട്ടന്‍ പറഞ്ഞതോടെ എനിക്ക്‌ ആത്മവിശ്വാസം വര്‍ധിച്ചു. അതുകൊണ്ട്‌ അവരുടെ കൂട്ടായ്‌മയില്‍ പങ്കെടുക്കാനായി. മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നവരാണ്‌ ഈ സിനിമയുടെ ഭാഗമായിട്ടുള്ളത്‌. അവര്‍ക്കൊപ്പം ചേരാനായത്‌ അഭിമാനകരം തന്നെയാണ്‌.

എഴുതിയിട്ടാണോ സംഗീതം കൊടുത്തത്‌?
`മാവിന്‍ ചുവട്ടിലെ' എന്ന പാട്ടിന്‌ ആദ്യം സംഗീതം തരികയായിരുന്നു. `പാടാന്‍ നിനക്കൊരു പാട്ടു തന്നെങ്കിലും' എന്നത്‌ എഴുതിയിട്ട്‌ ഈണം കൊടുത്തതാണ്‌. എം.ജി.ശ്രീകുമാറിന്റെ മലയാളത്തിലെ ആദ്യത്തെ സംഗീതസംവിധാനസംരംഭമാണിത്‌. ഞങ്ങള്‍ തമ്മിലൊരു പാരസ്‌പര്യം അതിലുണ്ടായിരുന്നു. ഇടയ്‌ക്ക്‌, ഇതിലൊരു വാക്ക്‌ ഇങ്ങിനെയായാല്‍ കൊള്ളാമെന്നു ഞാന്‍ പറഞ്ഞാല്‍ സംഗീതത്തില്‍ വിട്ടുവീഴ്‌ച വരുത്തി അദ്ദേഹം അതിലൂടെ കടന്നുപോകാന്‍ തയ്യാറാണ്‌. അതുപോലെ തിരിച്ചും.

താങ്കള്‍ ചൊല്ലി ഏറെ പ്രശസ്‌തമായ `നാത്തൂന്‍പാട്ട്‌' എന്ന കവിതയും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടല്ലോ?
നാത്തൂന്‍ പാട്ടെന്ന കവിത എം.ജി.ശ്രീകുമാറും മണിയന്‍പിള്ള രാജുവുമെല്ലാം നേരത്തേ കേട്ടിട്ടുള്ളതാണ്‌. മോഹന്‍ലാലും റിമി ടോമിയും ചേര്‍ന്ന്‌ ഇത്‌ ചൊല്ലുന്നത്‌ ഗുണകരമാണെന്നു തോന്നി. കമ്പോളത്തിലൂടെ പോകുന്ന ഒരു നാത്തൂന്റെ സംശയം മറ്റേ നാത്തൂന്‍ പരിഹരിച്ചു കൊടുക്കുന്നതു പോലെയാണ്‌ അത്‌ എഴുതിയിരിക്കുന്നത്‌. മോഹന്‍ലാലെന്ന ഭാരതത്തിലെ മഹാനായൊരു നടന്‍ ആ കവിത ചൊല്ലുമ്പോള്‍ കൂടുതല്‍ ആളുകള്‍ ആ കവിതയിലേക്കെത്തും. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ആളുകള്‍ ഇതുകേള്‍ക്കുമ്പോള്‍ അതിലെന്താണു പറഞ്ഞിരിക്കുന്നതെന്ന്‌ അവര്‍ക്കു മനസ്സിലാകും.
`എന്തു കളഞ്ഞു' എന്നു ചോദിക്കുമ്പോള്‍ `ചുണ്ടിലെ പുഞ്ചിരി, ചോട്ടിലെ മണ്‍തരി, നാട്ടുമാവിന്റെ ചുനയും നാട്ടുമണവുമാണ്‌' എന്നാണു മറുപടി. എന്റെ ഈ ചിന്ത കവിത കൊണ്ട്‌ എനിക്കെത്തിക്കാനാകാത്തൊരു സമൂഹത്തിന്റെ കൂടി ഹൃദയത്തിലെത്തുമെന്ന ഗുണം സിനിമാപ്പാട്ടിലൂടെ ലഭിച്ചു. അതിന്റെ താളബോധവും സാധ്യതയും കണ്ടെത്തിയതിനാലാണ്‌ എം.ജി.ശ്രീകുമാറേട്ടന്‍ മനോഹരമായി അത്‌ സംഗീതം ചെയ്‌തെടുത്തത്‌. അത്‌ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. സിനിമയുടെ പ്രമോഷനുവേണ്ടിയാണ്‌ ആ പാട്ട്‌ ചേര്‍ത്തത്‌.

സിനിമയില്‍ തുടരാനുള്ള താല്‍പര്യം?

സിനിമ സമഗ്രമായൊരു കലയാണ്‌. കലകളുടെ കൂട്ടായ്‌മയാണത്‌. അതില്‍ തുടര്‍ന്നും പാട്ടെഴുതാന്‍ ആഗ്രഹമുണ്ട്‌. എന്റെ കവിതയും ജീവിതവുമായി പൊരുത്തപ്പെടുത്തി എങ്ങനെ മുന്നോട്ടു പോകാനാകുമെന്നാണ്‌ ഞാന്‍ ചിന്തിക്കുന്നത്‌.

കുടുംബം?

ഞാനാദ്യം പറഞ്ഞിരുന്നല്ലോ, പ്രണയവിവാഹമായിരുന്നു. ഭാര്യ ലേഖ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്‌. മകന്‍ അദൈ്വത്‌ അവിടെത്തന്നെ ഏഴില്‍ പഠിക്കുന്നു. തിരുവനന്തപുരം നഗരത്തിലാണ്‌ ഇപ്പോള്‍ താമസം.

സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ താങ്കളുടെ മകന്‍ ഇംഗ്‌ളീഷ്‌ മീഡിയത്തില്‍ പഠിക്കുന്നത്‌.....?
അതു സംബന്ധിച്ച വേദന എനിക്കുണ്ട്‌. എന്റെ കുടുംബത്തെ സംബന്ധിച്ച്‌ ഒരു കരുതലെടുക്കാന്‍ എനിക്കു കഴിയുന്നില്ല. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള പഠനാനുഭവമാണ്‌ ഒരു കുട്ടിയുടെ സമഗ്രവികസനത്തിന്‌ ഇടയാക്കുന്നതെന്ന്‌ അറിയാത്ത ആളല്ല ഞാന്‍. പക്ഷെ, എന്തെങ്കിലുമൊന്നു നഷ്‌ടപ്പെടുത്താതെ മറ്റൊന്ന്‌ നമുക്കു കൊണ്ടുനടക്കാനാകില്ല.

മലയാളം മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടിയാല്‍ മലയാള ഭാഷയുടെ സ്ഥിതിയെന്താകും?
മീഡിയമല്ല പ്രശ്‌നം. നമുക്ക്‌ അച്ഛനോടുമമ്മയോടുമുള്ളതുപോലെ മാതൃഭാഷയോടും എത്രമാത്രം കടപ്പാടുണ്ടെന്നതാണ്‌. ഇംഗ്‌ളീഷ്‌ മീഡിയത്തില്‍ പഠിക്കുന്ന എത്രയോ കുട്ടികള്‍ മനോഹരമായി കവിതയെഴുതുന്നു, കഥയെഴുതുന്നു. അതവര്‍ക്കു കിട്ടുന്ന കള്‍ച്ചറാണ്‌. നമുക്ക്‌ ഇംഗ്‌ളീഷ്‌ പഠിക്കാതിരിക്കാനാകില്ല.
ഞാന്‍ മലയാള ഭാഷയെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്‌. അതിന്റെ ഊര്‍ജ്ജമാണ്‌ എന്റേത്‌. വല്ലാതെ വിശന്നിരിക്കുമ്പോള്‍ എന്നെ സംതൃപ്‌തനാക്കി നിറുത്തുന്നത്‌ എന്റെ ഭാഷയും കവിതയുമാണ്‌. ആ അര്‍ഥത്തിലാണ്‌ ഞാന്‍ ഭാഷയെ കാണുന്നത്‌. അതുകൊണ്ടുതന്നെ എന്റെ മകനെ ഞാനൊരിക്കലും മലയാള ഭാഷയില്‍ നിന്നകറ്റി നിറുത്തില്ല.

ക്ലാസില്‍ കുട്ടികള്‍ മുരുകന്‍ സാറെന്ന അധ്യാപകനെയാണോ മുരുകന്‍ കാട്ടാക്കടയെന്ന കവിയേയാണോ കാണുന്നത്‌?
കുട്ടികളെ സംബന്ധിച്ചിടത്തോളം അധ്യാപകനെന്ന നിലയിലുള്ള സ്‌നേഹവും വാല്‍സല്യവുമാണവര്‍ ആഗ്രഹിക്കുന്നത്‌, കവിയെന്ന നിലയിലുള്ളതല്ല. കവി സമൂഹത്തിന്റെ ഭാഗമാണ്‌. ഒരു തൊഴിലെന്ന രീതിയില്‍ ജൈവസന്ധാരണത്തിനുവേണ്ടിക്കൂടിയാണ്‌ അധ്യാപന വൃത്തിയുമായി ഞാന്‍ മുന്നോട്ടുപോകുന്നത്‌. നമ്മുടെ ക്രിയേറ്റിവിറ്റി പൂര്‍ണമായും കുട്ടികള്‍ക്കു കൊടുക്കാന്‍ സാധിക്കുന്നില്ലെന്നതാണ്‌ എന്റെ വ്യക്തിപരമായ ദുഃഖം. എന്നാല്‍ അധ്യാപകനെന്ന നിലയില്‍ എനിക്ക്‌ വളരെയധികം അഭിമാനവും ആത്മവിശ്വാസവുമുണ്ട്‌.

``ആദിത്യനധ്യാപകന്‍,
അനാദിയാം ജ്ഞാനം വെളിച്ചം
അകം നിറയ്‌ക്കും പൊരുള്‍
ആരാണ്‌ നീയെന്ന ചോദ്യം
നീയാണു നീയെന്നൊരുത്തരം
രണ്ടിന്നുമിടയില്‍ മുഴങ്ങുന്ന ശുഭ്രമാം
ഗംഭീരമൗനമാണധ്യാപകന്‍.'' -

മുരുകന്‍ കാട്ടാക്കട സംഭാഷണം ചൊല്ലി നിര്‍ത്തി.

(കലാകൗമുദി ഓഗസ്‌റ്റ്‌ 8, 2010)


Monday, July 26, 2010

ദൈവനാമത്തില്‍

ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള മുഖ്യ ഉപാധികളിലൊന്നാണ്‌ പേര്‌. ഒരു പേരില്‍ പലതുമിരിക്കുന്ന കാലമാണിത്‌. പേരിന്റെ പേരില്‍ ഒരാളുടെ വ്യക്തിത്വമല്ല, മിറച്ച്‌ ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ സ്വഭാവം തന്നെ വ്യവച്ഛേദിച്ചറിയുകയാണ്‌. വിദേശത്തെ വിമാനത്താവളങ്ങളില്‍, കൃത്യമായ ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുകളുള്ള ഇന്ത്യയുടെ എ.പി.ജെ അബ്‌ദുള്‍ കലാമിനും കേരളത്തിലെ മുഹമ്മദു കുട്ടിയെന്ന മമ്മൂട്ടിക്കും പരിശോധനയുടെ കാഠിന്യത്തിനു വിധേയനാകേണ്ടി വരുന്നതും ഏതോ ഒരു തോമസിനും ശങ്കരന്‍കുട്ടിക്കും പരിശോധനകളുടെ ലാളിത്യമനുഭവിച്ച്‌ ആകാശയാത്രക്കുള്ള അനുവാദം ലഭിക്കുന്നതും പേരിന്റെ വര്‍ഗീകരണം മൂലമാണ്‌.

ഒരു വ്യക്തിയുടെ പേരിനൊപ്പം വീട്ടുപേരോ സ്ഥലപ്പേരോ ചേര്‍ക്കും പോലല്ല സാമുദായിക നാമം ചേര്‍ക്കപ്പെടുന്നത്‌. അര്‍ഥരഹിതമായ പേരുകള്‍ ആധിപത്യമുറപ്പിക്കുന്നതിനു മുമ്പ്‌ ഈശ്വരനാമത്തിനൊപ്പം സാമുദായികമായ വിളിപ്പേരുകള്‍ ചേര്‍ത്ത്‌ മറ്റുള്ളവര്‍ക്ക്‌ അയിത്തം കല്‍പിച്ചിരുന്ന സമൂഹമാണ്‌ ന്മുടേത്‌. യഥാര്‍ഥ ഈശ്വരന്‍ വെറും കൃഷ്‌ണനായും ശിവനായും ആരാധിക്കപ്പെടുമ്പോള്‍ ഇവിടെ ശിവശങ്കരന്‍ നായരും കൃഷ്‌ണന്‍ നമ്പൂതിരിയുമെല്ലാം പ്രത്യക്ഷരായി. യഥാര്‍ഥ ദൈവങ്ങള്‍ക്ക്‌ വാലില്ലെന്ന കാര്യം മറന്ന്‌ അഹന്തയുടെ രൂപത്തിലേക്ക്‌ മാറുകയായിരുന്നു ഈ സാമുദായിക വാലുകള്‍.
ജനിച്ചു വിഴുന്ന കുട്ടിക്ക്‌ അപ്പോള്‍തന്നെ പേരിടുന്ന സമ്പ്രദായം പണ്ടിവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, ഏതോ ഈശ്വരനില്‍ നിന്ന്‌ ആര്‍ജിച്ചതെന്നവണ്ണം പിതാക്കളുടെ പിതാമഹന്‍മാരുടെയും ദൈവപ്പേരുകള്‍ തലമുറകളിലേക്കു പകര്‍ന്നു മിക്ക സമുദായങ്ങളും. കേരളത്തില്‍ ഹിന്ദുക്കളില്‍ ബ്രാഹ്മണരൊഴിച്ച്‌ മറ്റു സമുദായങ്ങളൊക്കെ ഈ ആചാരം മറന്നു കഴിഞ്ഞു. ക്രിസ്‌ത്യാനികളാകട്ടെ പള്ളിയില്‍ മാമ്മോദീസ മുങ്ങുമ്പോള്‍ അച്ഛന്റെ ദൈവപ്പേരും സമൂഹത്തിനു മുന്നില്‍ ദൈവേതരമായ വിളിപ്പേരും രേഖപ്പെടുത്തി. ഇസ്ലാം സമൂഹമാകട്ടെ, ദൈവേതരമായ പേരുകള്‍ക്കു മുന്നില്‍ മുഹമ്മദെന്നോ ഖാദറെന്നോ ചേര്‍ക്കാന്‍ മറന്നില്ല.

ദൈവനാമത്തില്‍ മനുഷ്യന്‍ പ്രതിഷ്‌ഠിക്കപ്പെട്ടപ്പോള്‍ ദൈവമേതാണ്‌ മനുഷ്യനേതാണ്‌ എന്ന തിരിച്ചറിവു ലഭിക്കാത്ത ഒരവസ്ഥയിലേക്ക്‌ സമുദായങ്ങള്‍ എത്തിപ്പെടുന്ന കാഴ്‌ചയാണ്‌ സമകാലീന കേരളത്തില്‍ കാണുന്നത്‌. മുഹമ്മദെന്ന പേരുപയോഗിച്ച്‌ പ്രവാചകനായ മുഹമ്മദു നബിയെ ആക്ഷേപിച്ചെന്ന പേരില്‍ ജോസഫിന്റെ കൈവെട്ടുമ്പോള്‍ സംഭവിക്കുന്നതും ഇതാണ്‌. ഒരു ദൈവത്തിനു വേണ്ടി മറ്റുചില ദൈവങ്ങള്‍ ചേര്‍ന്ന്‌ വേറൊരു ദൈവത്തിന്റെ കരം ഛേദിക്കുന്നു.

ഭ്രാന്തനെ മുഹമ്മദാക്കിയപ്പോള്‍
ന്യൂമാന്‍ കോളജിലെ ജോസഫ്‌ എന്ന അധ്യാപകന്‍ കൃത്യമായ വര്‍ഗീയ അജണ്ടകളെന്തെങ്കിലും വച്ചു പുലര്‍ത്തിയിരുന്നതായി ആരും പറഞ്ഞു കേട്ടില്ല. എന്നിട്ടും പി.ടിയുടെ പുസ്‌തകത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത ഭാഗത്തിലെ ഭ്രാന്തന്‌ മുഹമ്മദ്‌ എന്നു നാമകരണം ചെയ്യുമ്പോള്‍ അതില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടെന്ന്‌ അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിയാതെ പോയി. ഒരു പക്ഷേ, പടച്ചോനേ എന്നു ദൈവത്തെ സംബോധന ചെയ്യുന്ന വ്യക്തി ഒരു മുസ്ലീമായിരിക്കുമെന്ന ചിന്ത ഉപബോധമനസ്സില്‍ ഉള്‍ച്ചേര്‍ന്നതാകാം ഇത്തരമൊരു നാമകരണത്തിലേക്ക്‌ പ്രസ്‌തുത അധ്യാപകനെ നയിച്ചത്‌. പക്ഷേ, മുഹമ്മദ്‌ വെറുമൊരു പേരല്ലെന്നും ഇസ്ലാം സമൂഹം ആദരിക്കുന്ന പ്രവാചകനായ നബിതിരുമേനിയാണെന്നും അദ്ദേഹത്തിന്റെ ഉപബോധ മനസ്സ്‌ പറഞ്ഞുകൊടുക്കാതിരുന്നത്‌ കേവലം പേരുകളിലേക്ക്‌ നമ്മുടെ ദൈവങ്ങള്‍ ചിതറിപ്പോയതിന്റെ പരിണതഫലമാണ്‌. ജോസഫ്‌ എന്ന കോളജ്‌ അധ്യാപകന്‌ മുഹമ്മദും കൃഷ്‌ണനും ദൈവമല്ലാത്തതിനാലാണ്‌ ഇങ്ങിനെ സംഭവിച്ചത്‌.
പേരുകളില്‍ നിന്ന്‌ ദൈവം ഇറങ്ങിവരുന്നതും വളരെ പെട്ടെന്നാണ്‌. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുമ്പോള്‍ 'മുഹമ്മദ്‌ എന്ന ഭ്രാന്തന്‍' എന്നായിരുന്നു അധ്യാപകന്‍ എഴുതിച്ചേര്‍ത്തിരുന്നതെങ്കില്‍ ഉണ്ടാകുമായിരുന്ന ചെറിയൊരു ആശയക്കുഴപ്പം പോലും അവശേഷിപ്പിക്കാതെ ഇവിടെ ചോദ്യപ്പേപ്പറിലെ മുഹമ്മദ്‌ തന്റെ അയല്‍ക്കാരനായ, ഭ്രാന്തനോ നിരീശ്വരവാദിയോ ആയ മുഹമ്മദല്ല മറിച്ച്‌ താന്‍ ആരാധിക്കുന്ന പ്രവാചകനായ മുഹമ്മദ്‌ മാത്രമാണെന്ന്‌ തല്‍പരകക്ഷികള്‍ വ്യവച്ഛേദിച്ചറിഞ്ഞു. കാരണം തങ്ങള്‍ക്കു പ്രതികരിക്കാനായി ആരെങ്കിലും ദൈവത്തിന്റെ പേര്‌ ഉപയോഗിക്കുന്നതു കാത്തിരിക്കുകയായിരുന്നു അവര്‍.

പേരിലെ സംഘര്‍ഷം
ഇനി ചിന്തിക്കുക, പ്രസ്‌തുത ചോദ്യഭാഗത്തില്‍ മറ്റേതെങ്കിലും പേരാണു വന്നതെങ്കില്‍? മുഹമ്മദിന്റെ സ്ഥാനത്തു തോമസായിരുന്നെങ്കില്‍ ചോദ്യത്തിലെ പടച്ചോനെ എന്ന വിളി മാറി കര്‍ത്താവേ എന്നാകുമായിരുന്നു. ഒരു ശങ്കരനായിരുന്നു ചോദ്യകര്‍ത്താവെങ്കില്‍ ഈശ്വരാ എന്നായിരിക്കും ഒരുപക്ഷേ, സംബോധന ചെയ്യുക. പക്ഷെ, ചോദ്യത്തിനാധാരമായ പാഠഭാഗത്തില്‍ ഭ്രാന്തന്‍ സംബോധന ചെയ്‌തത്‌ പടച്ചോനെ എന്നായിപ്പോയി. അതുകൊണ്ടാകാം ചോദ്യകര്‍ത്താവിന്റൈ മതം മാറ്റാന്‍ ജോസഫ്‌ എന്ന അധ്യാപകന്‌ സാധിക്കാതെ പോയത്‌.
മുഹമ്മദിന്റെ സ്ഥാനത്ത്‌ തോമസ്‌ കുടിയേറിയിരുന്നെങ്കില്‍ ഒരു പക്ഷേ, ആരോരുമറിയാതെ ജോസഫിന്‌ തൊഴില്‍ നഷ്‌ടപ്പെടുമായിരുന്നു. മതമില്ലാത്ത ജീവനെ ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ അവതരിപ്പിച്ചതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടയലേഖനം പുറപ്പെടുവിച്ചവര്‍ തങ്ങളുടെ കുഞ്ഞാടുകളിലൊരാള്‍ ദൈവനിന്ദ പറയുന്നത്‌ സഹിക്കുമെന്നു കരുതുക വയ്യ. വിശുദ്ധ തോമാശ്ലീഹായെ കര്‍ത്താവായ യേശുക്രിസ്‌തു നായിന്റെ മോനേ എന്നു വിളിക്കുക വിശ്വാസിയെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്‌.
അവിടെ ശങ്കരനാണു വരുന്നതെങ്കിലോ? ഇപ്പോഴത്തേതില്‍ നിന്നു മറിച്ചാവില്ല ഫലം. സര്‍വ്വജ്ഞപീഠം കയറിയ ശങ്കരനെ ഏതു ദൈവമാണ്‌ നായിന്റെ മോനേ എന്നു വിളിക്കുക? ഇവിടെ കലാപം സൃഷ്‌ടിക്കുക സ്വാഭാവികമായും കാവിധാരികളായ വിശ്വാസികളായിരിക്കും.

ടെലിവിഷന്‍ സ്‌ക്രീനില്‍ അവിവാഹിതയായ യുവതി ദൈവവേഷം ധരിച്ചെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുവാങ്ങിയാല്‍ അവള്‍ക്കു പിന്നെ ഒരു വിവാഹജീവിതം പോലും അനുവദിക്കപ്പെടില്ലാത്ത കാലത്തിലേക്കാണ്‌ വിശ്വാസം സംക്രമിക്കുന്നത്‌. ദൈവത്തെ നടിയുടെ രൂപത്തില്‍ കാണാന്‍ അവര്‍ ഇഷ്‌ടപ്പെടില്ല. നടി അവര്‍ക്കു മുന്നില്‍ ദൈവമാണ്‌. ആ നടിയെപ്പറ്റി നാളെ ഏതെങ്കിലും മാധ്യമത്തില്‍ ഒരു ഗോസിപ്പു വന്നാല്‍ അതും അവര്‍ സഹിക്കില്ല.

ഈ പോക്കിന്റെ അപകടം മറ്റൊന്നാണ്‌. നാളെ ഏതെങ്കിലുമൊരു സ്‌ത്രീപീഢനക്കേസിലോ കവര്‍ച്ചക്കേസിലോ ഒരു ദൈവനാമധാരി പ്രതിയാക്കപ്പെട്ടാല്‍ അവിടെയും പേരു മാറി ദൈവം വന്നേക്കാം. കവര്‍ച്ചക്കേസില്‍ മുഹമ്മദിനെ സംശയിക്കുന്നുവെന്നോ, മുഹമ്മദ്‌ പിടിയിലായെന്നോ മാധ്യമങ്ങള്‍ക്ക്‌ പറയാനാകില്ല. അങ്ങിനെ വന്നാല്‍ ആ വാര്‍ത്ത എഴുതുന്നവരുടെ കരങ്ങള്‍ ഛേദിക്കപ്പെട്ടേക്കാം.
ഇവിടെ രൂപപ്പെടുന്നത്‌ പേരിന്റെ പേരിലുള്ള സംഘര്‍ഷങ്ങളാണ്‌.

വിമാനത്തില്‍ കണ്ട പൊതിയില്‍ പൊട്ടാത്ത സ്‌ഫോടക വ്‌സതുവാണെങ്കില്‍, അതു വച്ചത്‌ ഒരു മുഹമ്മദാണെങ്കില്‍ സാധനം ഉഗ്രശേഷിയുള്ള ബോംബായിരുന്നുവെന്ന്‌ മാധ്യമങ്ങള്‍ സ്ഥാപിക്കും. അയാളുടെ രാജ്യാന്തര തീവ്രവാദ ബന്ധങ്ങള്‍ തേടിയലയും. ഒീട്ടുകാരെ പരിശോധനയുടെ പേരില്‍ നിരന്തരം പീഢിപ്പിക്കും. മറിച്ച്‌ അതു വച്ചത്‌ ഒരു രാധാകൃഷ്‌ണനാണെന്നു തെളിഞ്ഞാല്‍ സാധനം വെറും ഏറുപടക്കമായി മാറും. കേവലം
മാനസ്സിക വിഭ്രാന്തിയോ അല്ലെങ്കില്‍ വ്യക്തിവൈരാഗ്യമോ മാത്രമായി അതിന്റെ കാരണം കണ്ടുപിടിച്ച്‌ പുസ്‌തകം അടച്ചു വയ്‌ക്കും. മാധ്യമങ്ങളുടെയും യാഥാസ്ഥികവിശ്വാസങ്ങല്‍ മാത്രം പുലര്‍ത്തുന്ന കുറ്റാന്വേഷണ ഏജന്‍സികളുടേയും ഈ ഇരട്ടത്താപ്പിനിടയിലാണ്‌ മുഹമ്മദ്‌ വെറും പേരല്ല, മറിച്ച്‌ ഞങ്ങളുടെ പ്രവാചകനാണെന്ന വാദവുമായി എതിര്‍പക്ഷം രംഗത്തിറങ്ങുന്നത്‌.

നാളെ ഒരു കഥാകാരനും മുഹമ്മദ്‌ എന്ന മദ്യപാനിയെപ്പറ്റി എഴുതാനാകില്ല. നിരുപ്‌ദ്രവകരാമയ അത്തരം എഴുത്തുകളിലെ പേരുകള്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനു മുമ്പുതന്നെ മുഹമ്മദ്‌ എന്ന പേരുകാരന്‍ കഥയിലെ വില്ലനും ക്രൂരനുമായി ചിത്രീകരിക്കുന്ന പ്രവണത മലയാളസിനിമയിലെയും നാടകങ്ങളിലേയും സവര്‍ണഎഴുത്തുകാര്‍ തുടങ്ങി വച്ചിരുന്നു. എഴുതും മുമ്പ്‌ കഥാപാത്രത്തിന്റെ ജാതിയും മതവും നോക്കേണ്ട അവസ്ഥ മലയാളത്തിലെ എഴുത്തുകരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയതും പേര്‌ വെറുമൊരു വ്യക്തിയുടെ ഐഡന്റിറ്റിക്കപ്പുറം പലതുമായപ്പോഴാണ്‌. ആക്കിത്തീര്‍ത്തപ്പോഴാണ്‌.

(കലാകൗമുദി ലക്കം 1819ല്‍ പ്രസിദ്ധീകരിച്ചത്‌.)

Thursday, March 18, 2010

സംസ്‌കൃതഭാഷയുടെ അംബാസിഡര്‍



കാലടി സംസ്‌കൃത സര്‍വ്വകലാശാല നടന്‍ മോഹന്‍ലാലിന്‌ ഓണററി ഡി.ലിറ്റ്‌ ബിരുദം നല്‍കിയ അതേദിവസം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിനു സമീപത്തെ വിശാലമായ മുറ്റത്ത്‌ ഒരു നാടകം അരങ്ങേറി. പച്ചമലയാളം കൊണ്ട്‌ ഒരുക്കിയെടുത്ത അവനവന്‍ കടമ്പ. നാടകാവതരണ വേദിക്കു സമീപം വെളുത്തു മെലിഞ്ഞ ആ മനുഷ്യന്‍ ഒരു പുതു സാഹിത്യസൃഷ്‌ടിയെന്നവണ്ണം നാടകം ആസ്വദിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. കാവാലം നാരായണപ്പണിക്കര്‍. തനിക്കുകിട്ടിയ ഡി ലിറ്റ്‌ ബിരുദം അമ്മയ്‌ക്കു (താരസംഘടനയായ അമ്മ അല്ലെന്ന്‌ വിശ്വസിക്കാം.) സമര്‍പ്പിക്കുന്നുവെന്ന്‌ മോഹന്‍ലാല്‍ പ്രസ്‌താവിക്കുമ്പോള്‍ മോഹന്‍ലാലിലെ കര്‍ണഭാരത്തിലെ കര്‍ണനാക്കി മാറ്റിയ ഗിരീഷ്‌ അവനവന്‍ കടമ്പയിലെ ദേശത്തുടയാനായി ആടിത്തിമിര്‍ക്കുകയായിരുന്നു.
കര്‍ണഭാരം പോലെ എത്രയോ സംസ്‌കൃതനാടകങ്ങള്‍ കാവാലം സ്വന്തം സംവിധാനശൈലിയില്‍ അരങ്ങത്തെത്തിച്ചിരിക്കുന്നു. അതും അവയുടെ സംസ്‌കൃത ശൈലിയില്‍ യാതൊരു കോട്ടവും വരാതെ. കര്‍ണഭാരത്തിനൊപ്പം മധ്യമവ്യായോഗം, മാളവികാഗ്നിമിത്രം, വിക്രമോര്‍വശീയം, ശാകുന്തളം തുടങ്ങി ഭാസനും, ബാണനും, കാളിദാസനുമെല്ലാം സംസ്‌കൃതത്തില്‍ വിരചിച്ചുവച്ച മഹത്തായ നാടകകൃതികള്‍ മലയാളം മാത്രമല്ല, ലോകത്തെമ്പാടും നാടകാസ്വാദകര്‍ തനിമ ചോരാതെ കണ്ടത്‌ കാവാലത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയാണ്‌.
ബോധായനന്റെ ഭഗവദ്ദജ്ജുകം എന്ന പ്രഹസനം ഇന്നും നാടകാസ്വാദകരെ ആകര്‍ഷിച്ച്‌ രംഗവേദികള്‍ കീഴടക്കുന്നത്‌ കാവാലത്തിന്റെ സംവിധാനപ്രതിഭ ഒന്നുകൊണ്ടുമാത്രമാണ്‌. കാവാലം നാരായണപ്പണിക്കരോളം മലയാളഭാഷയില്‍ നിന്ന്‌ സംസ്‌കൃതത്തിനു സംഭാവനകള്‍ നല്‍കിയ മറ്റാരെങ്കിലുമുണ്ടോ?
കര്‍ണഭാരം മോഹന്‍ലാലിന്റെ ഒരു ആഗ്രഹമായിരുന്നു. അത്‌ പൂര്‍ത്തീകരിക്കപ്പെട്ടു. പക്ഷെ, അതുകൊണ്ട്‌ സംസ്‌കൃതഭാഷയ്‌ക്ക്‌ എന്തു ഗുണമാണു ലഭിച്ചത്‌? ലാലിനെ കര്‍ണനാക്കി ഒരുക്കിയെടുത്തത്‌ ഗീരീശനാണ്‌. മുപ്പതു വര്‍ഷമായി അദ്ദേഹം സോപാനത്തിലെ കലാകാരനായി തുടരുന്നു. മിക്ക സംസ്‌കൃതനാടകങ്ങളിലും പ്രധാന വേഷം ചെയ്യുന്ന ഗീരീശന്‌ ഇതുവരെ ലഭിച്ചിരിക്കുന്നത്‌ സുഹൃത്തുക്കളെല്ലാം ചേര്‍ന്നു നല്‍കിയ ഭരത്‌ഗോപി പുരസ്‌കാരം മാത്രമാണ്‌. ഗിരീശന്‍ തന്റെ അഭിനയപ്രതിഭയിലൂടെ സംസ്‌കൃതത്തിനു നല്‍കിയ പ്രചാരത്തിന്റെ പത്തിലൊരംശം പോലും സംഭാവന ചെയ്യാന്‍ മോഹന്‍ലാലിനു കഴിഞ്ഞിട്ടില്ല.
ഡി.ലിറ്റ്‌ ലഭിച്ചശേഷം ലാല്‍ പങ്കെടുക്കുന്ന ആദ്യ ചടങ്ങ്‌ തിരുവനന്തപുരം സംസ്‌കൃതകോളജിലാണ്‌. ഭാസനാടകങ്ങളെപ്പറ്റിയുള്ള ത്രിദിന ദേശീയസെമിനാറിന്റെ ഉദ്‌ഘാടനമാണത്‌. സംസ്‌കൃത നാടകങ്ങളെപ്പറ്റിയും സംസ്‌കൃതഭാഷയെപ്പറ്റിയും സംസ്‌കൃതകോളജിലെ വിദ്യാര്‍ഥികളോടു സംസാരിക്കാന്‍, പ്രസ്‌തുത ചടങ്ങ്‌ ഉദ്‌ഘാടിക്കാന്‍ മോഹന്‍ലാലിനോളം യോഗ്യത മറ്റാര്‍ക്കുണ്ട്‌? മദ്യത്തിന്റെയും, പട്ടാളത്തിന്റെയും, മാലിന്യവിമുക്തസ്വര്‍ണത്തിന്റെയും, ഖദറിന്റെയും കൂടെ സംസ്‌കൃതഭാഷയുടെ കൂടി അംബാസിഡറാകാന്‍ ലാല്‍ കാണിക്കുന്ന മഹാമനസ്‌കത എത്ര പ്രശംസിച്ചാലും മതിയാവുന്നതല്ല.
കര്‍ണഭാരത്തിലെ ആദ്യശ്‌ളോകം കാണാതെ പഠിച്ച്‌ അതിന്റെ ഒരു സോളോ പെര്‍ഫോമന്‍സ്‌ നടത്തിയായിരിക്കും ലാല്‍ പ്രസ്‌തുത ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയെന്നാണ്‌ സൂചന. സംസ്‌കൃതത്തില്‍ ഡോക്‌ടറേറ്റ്‌ കിട്ടിയ പദ്‌മശ്രീ ഭരത്‌ ലഫ്‌റ്റ്‌നന്റ്‌ കേണല്‍ ഡോ. മോഹന്‍ലാല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍ കാവാലം നാരായണപ്പണിക്കര്‍ ഒരു പ്രഭാഷകനായി ഇരിപ്പുണ്ടാകും. ഭാഗ്യം, അദ്ദേഹത്തിന്റെ പേരിനു മുന്നില്‍ (ആരും ചേര്‍ക്കാറില്ലെങ്കിലും) ഒരു പദ്‌മഭൂഷന്‍ ഒളിച്ചിരിപ്പുണ്ടെന്നതുമാത്രമാണ്‌ അല്‍പം ആശ്വാസം.
ഇത്രയുമായ സ്ഥിതിക്ക്‌, ഉദയനാണു താരം എന്ന സിനിമയിലൂടെ നാട്യകലയില്‍ പുതിയ ചില രസങ്ങള്‍ കൂടി സംഭാവന ചെയ്‌ത ജഗതി ശ്രീകുമാറിനെ കൂടി ഡി.ലിറ്റിന്‌ പരിഗണിക്കേണ്ടതാണ്‌. (അദ്ദേഹം അതു വാങ്ങുമോ എന്നറിയില്ല. കാരണം ഡോക്‌ടറേറ്റിനൊന്നും ഇപ്പോഴൊരു വിലയുമില്ലെന്നാണ്‌ അമ്പിളിച്ചേട്ടന്‍ പറയുന്നത്‌. എങ്കിലും ഒന്നു സമീപിച്ചുനോക്കുന്നതില്‍ തെറ്റില്ല.)


Powered By Blogger

FEEDJIT Live Traffic Feed