Showing posts with label munshy. Show all posts
Showing posts with label munshy. Show all posts

Monday, January 7, 2008

ഇര: ഒരു കൊടും ചതിയുടെ കഥ - രണ്ട്‌

ഇര


അധ്യായം രണ്ട്‌.

പ്രശ്‌നങ്ങള്‍ തുടങ്ങുന്നു



മാര്‍ച്ച്‌ എട്ട്‌.
പുലര്‍ച്ചെ ആറരയ്‌ക്ക്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. ചെല്ലുമ്പോള്‍ ബൈക്കുകൂടി കൊണ്ടു ചെല്ലണമെന്ന അനില്‍ ബാനര്‍ജിയുടെ നിര്‍ദ്ദേശവും ഞാന്‍ അനുസരിച്ചു. അഞ്ചാറു ജോഡി വസ്‌ത്രങ്ങളും അത്യാവശ്യം പുസ്‌തകങ്ങളും മറ്റും ബാഗുകളിലാക്കി ബൈക്കിനു പിന്നില്‍ കെട്ടിവച്ച്‌ 235 കിലോമീറ്റര്‍ ദൂരം താണ്ടി ഞാന്‍ ഉച്ചയോടെ തിരുവനന്തപുരത്തെത്തി. പിറ്റേന്നു രാവിലെ പത്തുമണിക്ക്‌ അനില്‍ ബാനര്‍ജിയുടെ വീട്ടില്‍ ഞാനെത്തി.
മുന്‍ഷിയുടെ ഓഫിസും സ്റ്റുഡിയോയും എല്ലാം അദ്ദേഹത്തിന്റെ വാടകവീടു തന്നെയായിരുന്നു. അവിടെ എന്നെ സ്വീകരിക്കാന്‍ അനില്‍ബാനര്‍ജിയും സിജോയും തയ്യാര്‍. ഞാന്‍ ചെന്നതേ എന്നെ സ്വീകരിച്ച്‌ മുന്‍ഷിയുടെ സ്റ്റുഡിയോയായി ഉപയോഗിച്ചിരുന്ന മുറിയില്‍ ഒരു കസേരയില്‍ ഉപവിഷ്‌ടനാക്കി. അങ്ങിനെ ഞാന്‍ മുന്‍ഷി ഡോട്ട്‌ കോമിന്റെ ചുമതലക്കാരനായി.
വൈകിട്ട്‌ എന്നെ ഒരു സഹായിയേയും കൂട്ടി താമസസ്ഥലത്തേക്കു വിട്ടു. ഓഫിസില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെ പേയാട്‌ പള്ളിമുക്കിലെ ഒരു ഇരുനില വീടിന്റെ മുകളില്‍ ഒരു മുറിയായിരുന്നു എന്റെ ഇടം. അതിനോടു ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ മുന്‍ഷിയുടെ പുതിയ സ്റ്റുഡിയോയും സജ്ജീകരിച്ചിട്ടുണ്ട്‌. താഴെ നിലയിലെ താമസക്കാരനെ ഞാന്‍ പരിചയപ്പെട്ടു. തല മൊട്ടയടിച്ച്‌, മീശവടിച്ച്‌, ഡ്രസ്‌ ചെയ്‌ത താടിയുമായി ഒരു തനി ഹാജിയാര്‍. ഞാന്‍ പേരു ചോദിച്ചു
"റായേന്ദ്‌റന്‍..."
എനിക്കു മനസ്സിലായില്ല.
എന്നോടൊപ്പം വന്ന സഹായി പറഞ്ഞു.
"ഇതു രാജേന്ദ്രന്‍. മുന്‍ഷിയിലെ ഹാജിയാരാണ്‌."
ഞാന്‍ അന്തം വിട്ടുപോയി. ഇത്തരമൊരു കലാകാരനെ ആദ്യം കാണുകയാണ്‌. എല്ലാ ദിവസവും സ്‌ക്രീനില്‍ വരാനായി ഒരു മുസല്‍മാന്റെ എല്ലാ രൂപഭാവങ്ങളോടെയും ജീവിക്കേണ്ടി വരുന്ന വ്യക്തി. സ്വന്തം അസ്‌തിത്വം പണയപ്പെടുത്തിയാണ്‌ അദ്ദേഹം കഴിയുന്നതെന്നു മനസ്സിലാക്കാന്‍ എനിക്കധികദിവസം വേണ്ടി വന്നില്ല.
പിറ്റേന്നു മുതല്‍ രാവിലെ ഞാന്‍ മുന്‍ഷിയിലേക്ക്‌. ഉച്ചക്ക്‌ ഊണു തരും, വൈകിട്ടു ചായയും. പുറത്തുപോകേണ്ട ആവശ്യമേയില്ല. മുന്നില്‍ വിലകൂടിയ കംപ്യൂട്ടര്‍. എന്റെ ജോലി തുടങ്ങുകയായി. പത്രത്തില്‍ നിന്ന്‌ വാര്‍ത്തകള്‍ മുഴുവനും സൈറ്റിന്‌ ആവശ്യമായ വിധത്തില്‍ ഞാന്‍ മാറ്റിയെഴുതി. ഒരാളെക്കൊണ്ടു തന്നെ ചെയ്‌തു തീര്‍ക്കാവുന്ന ജോലിയല്ല ഇതെന്നു ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്‌ അപ്പോഴാണ്‌.
"രാജേഷ്‌ കുറഞ്ഞ പണിയൊന്നുമായിരിക്കില്ല. മുടിഞ്ഞഭാരമായിരിക്കും വരാന്‍പോകുന്നത്‌."
അനില്‍ ബാനര്‍ജി മുന്നറിയിപ്പു നല്‍കി.
ഡി.ടി.പി. ചെയ്യാനായി അനൂപ്‌ എന്നൊരു പയ്യന്‍ എനിക്കു മുമ്പേ അവിടെ ചാര്‍ജ്ജെടുത്തിരുന്നു.
പിന്നെ അനിശ്ചിതത്വത്തിന്റെ നാളുകളായിരുന്നു. രാവിലെ പത്തുമണിയോടെ പ്രഭാതകൃത്യങ്ങളും നിര്‍വ്വഹിച്ചെത്തുന്ന അനില്‍ബാനര്‍ജി പത്രം വായിക്കാനിരിക്കും. പന്ത്രണ്ടു മണിയോടെ അഞ്ചെട്ടു പത്രങ്ങള്‍ പരിശോധിക്കും. പിന്നെ മുന്‍ഷിയുടെ സ്‌ക്രിപ്‌റ്റ്‌ എഴുത്ത്‌. ഇതിനിടിയില്‍ ചിലപ്പോള്‍ ഞങ്ങളുടെ അടുത്തെത്തും. ഒരു മണി കഴിയുമ്പോള്‍ ഷൂട്ടിനു പോകും. അഞ്ചരയോടെ തിരിച്ചെത്തും.
"രാജേഷ്‌ പൊയ്‌ക്കോളൂ"
"ഞാന്‍ വാര്‍ത്തകള്‍ ചെയ്‌തിട്ടിട്ടുണ്ട്‌."
"ഞാന്‍ നോക്കാം"
പിറ്റേന്ന്‌ എന്റെ ജോലിയെപ്പറ്റിയുള്ള അഭിപ്രായം അറിയാന്‍ ആകാംക്ഷയോടെയാണു ഞാന്‍ ചെല്ലുന്നതെങ്കിലും ഒന്നും പറയാറില്ല. ഇതിനിടിയില്‍ വാടകക്കൊരു വീടു നോക്കാനും കുടുംബത്തെ തിരുവനന്തപുരത്തിനു കൊണ്ടു വരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ വിനോദിന്റെ സഹായത്തോടെ തിരുമലയില്‍ വീടു തേടി. താങ്ങാവുന്ന വാടകയ്‌ക്ക്‌ ഒരു വീട്‌, അതായിരുന്നു ലക്ഷ്യം.
എല്ലാദിവസവും ഞാന്‍ രാവിലെ ഓഫിസില്‍ ചെല്ലും. പത്രത്തില്‍ നിന്നു വാര്‍ത്തകള്‍ പകര്‍ത്തും. വൈകിട്ട്‌ തിരിച്ചുപോരും. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ പറയുന്നത്‌ സിജോയായിരിക്കും. അനില്‍ബാനര്‍ജി അധികം സംസാരിക്കാറേയില്ല. ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പ്‌ ജോലിയെ ബാധിക്കുമെന്നുള്ളതിനാല്‍ ഞാന്‍ കടന്നുകയറി അനില്‍ ബാനര്‍ജിയോടു സംസാരിക്കുകയായിരുന്നു പതിവ്‌. ഇടയ്‌ക്ക്‌ അനില്‍ബാനര്‍ജിയും സിജോയും മുറിയില്‍ വരികയും കംപ്യൂട്ടറില്‍ എന്തൊക്കെയോ പരിശോധിക്കുകയും ചെയ്യുന്നതു കാണാം. ഡി.ടി.പി. ചെയ്യുന്ന അനൂപിനും കൃത്യമായ ജോലി നല്‍കി. ഇന്റര്‍നെറ്റിലെ ഷട്ടര്‍‌സ്റ്റോക്കില്‍ നിന്നു കഴിയുത്ര പടങ്ങള്‍ ഒരു ഫോള്‍ഡറിലേക്കു വലിച്ചിടുക. പിന്നീട്‌ ലൈസന്‍സെടുത്ത്‌ ഉപയോഗിക്കാനുതകുന്നത്‌. ഞങ്ങള്‍ രണ്ടുപേരും യാന്ത്രികമായി ഈ ജോലികള്‍ ചെയ്‌തു കൊണ്ടിരുന്നു.
മാര്‍ച്ച്‌ 31 ശനി.
പകല്‍ ഓഫിസിലെത്തിയ സിജോ വൈകിട്ട്‌ എന്നോട്‌ കാണണമെന്നാവശ്യപ്പെട്ടു. അതനുസരിച്ച്‌ വൈകിട്ട്‌ ഞാന്‍ സിജോ താമസിക്കുന്ന ഫ്‌ളാറ്റിലെത്തി. അല്‍പം ലോഹ്യം പറഞ്ഞിരുന്ന ശേഷം പുറത്തേക്കിറങ്ങിയ സിജോ ഗൗരവക്കാരനായി.
"രാജേഷ്‌, നമ്മള്‍ തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്‌. മെയ്‌ 18ന്‌ നമുക്ക്‌ ലോഞ്ചു ചെയ്യണം. അതിന്‌ ഊറ്റമായി ശ്രമിച്ചാലേ നടക്കൂ."
"എന്തിനും തയ്യാറായാണു ഞാന്‍ വന്നിരിക്കുന്നത്‌. എന്റെ ഭാഗത്തു നിന്ന്‌ എന്താണ്‌ ഇനി വേണ്ടത്‌?"
"മാക്‌സിമം വാര്‍ത്തകള്‍ അടിച്ചിടണം. ഒരു ദിവസം കുറഞ്ഞത്‌ അറുപതെണ്ണമെങ്കിലും വേണം."
"അതു ഞാന്‍ ചെയ്യുന്നുണ്ട്‌. പക്ഷേ, സൈറ്റ്‌ തുടങ്ങിക്കഴിഞ്ഞാല്‍ പത്രത്തെയല്ല, ടി.വിയെയാണു നാം ആശ്രയിക്കുന്നത്‌. അതിനൊരു ട്രയല്‍ നോക്കാന്‍ സംവിധാനമൊന്നുമില്ല!"
"അത്‌ ഉടന്‍ ശരിയാക്കിത്തരാം."
"മാഗസിന്‍ തുടങ്ങണമെങ്കില്‍ അതു മാത്രം പോരല്ലോ. മറ്റു വിഭാഗങ്ങള്‍...?"
"അവ ചെയ്യാന്‍ മുപ്പതോളം പേരെ നമ്മള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്‌."
"ആരൊക്കെ?"
"അതു പറയില്ല. രഹസ്യമാണ്‌. ചിലരൊക്കെ ചില പത്രസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരാണ്‌. എല്ലാം പുലികളാണെന്നറിഞ്ഞാല്‍ മതി!"
"സിജോ, ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്‌ വന്നാല്‍ പ്രശ്‌നമാകും. അനില്‍സാര്‍ ഒന്നും പറയാറില്ല!"
"അതു സാരമാക്കേണ്ട. ചേട്ടന്റെ പ്രകൃതമതാണ്‌. എപ്പോഴും ടെന്‍ഷനാണ്‌. എന്തെങ്കിലുമുണ്ടെങ്കില്‍ രാജേഷ്‌ എന്നോടു പറഞ്ഞാല്‍ മതി!"
ഞാന്‍ സമ്മതിച്ചു.
"പിന്നെ, മുന്‍ഷിയുടെ സെറ്റപ്പ്‌ പൊതുവെ രഹസ്യമാണ്‌. നാം പുറത്താരുമായും അധികം ബന്ധപ്പെടാറില്ല. നമുക്ക്‌ ശത്രുക്കള്‍ നിരവധിയുണ്ട്‌. ചേട്ടനെ പല ചാനലുകാരും ഡിസ്‌കഷനും മറ്റും വിളിക്കാറുണ്ടെങ്കിലും ചേട്ടന്‍ പോകാത്തതതിനാലാണ്‌. അനില്‍ ബാനര്‍ജിയെ എല്ലാവര്‍ക്കുമറിയാം. പക്ഷേ ചേട്ടനെ കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റില്ല."
അതു സത്യമാണെന്നു ഞാനുമോര്‍ത്തു. മുന്‍ഷിയില്‍ ഞാന്‍ ചേര്‍ന്നശേഷമാണ്‌ ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ സ്ഥാനം നേടുന്നത്‌. അന്ന്‌ ഇന്‍ഡ്യന്‍ എക്‌സ്‌പ്രസില്‍ റിപ്പോര്‍ട്ടറായ, എന്റെ സുഹൃത്ത്‌ അനില്‍ ബാനര്‍ജിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. ഒരു ഫീച്ചര്‍ ചെയ്യാന്‍. പക്ഷേ അദ്ദേഹം വിദഗ്‌ദ്ധമായി ഒഴിഞ്ഞു മാറിയതിനു പിന്നിലെ ചേതോവികാരം ഇതാണെന്നു ഞാന്‍ മനസ്സിലാക്കിയത്‌ അപ്പോഴാണ്‌. എന്റെ വിപുലമായ ബന്ധങ്ങള്‍ അവരെ അലോസരപ്പെടുത്തുന്നുണ്ടെന്നും സ്വാഭാവികമായും ഞാന്‍ സംശയിച്ചു.
സിജോ തുടര്‍ന്നു
"നാളെ പുതിയൊരു പുലി വരും. ഫ്‌ളാഷും ഫോട്ടോഷോപ്പും മറ്റും ഗംഭീരമായി ചെയ്യുന്നയാളാണ്‌. ഫ്യൂജിയില്‍ നിന്നു നമ്മള്‍ വലിച്ചതാണ്‌. പേജ്‌ ഡിസൈനിങ്ങ്‌ ആ പുലി ചെയ്യും."
"നല്ലത്‌... അപ്പോള്‍ നമുക്ക്‌ ഊര്‍ജ്ജിതമായി കാര്യങ്ങളിലേക്കു കടക്കാം."
സിജോയോടു ഗുഡ്‌ബൈ പറഞ്ഞിറങ്ങി വീട്ടിലെത്തിയപ്പോഴാണ്‌ ഓര്‍മിച്ചത്‌ പിറ്റേന്ന്‌ ഏപ്രില്‍ ഒന്ന്‌ ഞായറാഴ്‌ചയാണ്‌. ഞാന്‍ മുമ്പുള്ള ഞായറാഴ്‌ചകളില്‍ ഓഫിസില്‍ ചെന്നിരുന്നില്ല. വരണോ എന്ന ചോദിച്ചപ്പോഴൊക്കെ വേണ്ടെന്നാണ്‌ അനില്‍ ബാനര്‍ജി പറഞ്ഞത്‌.
ഞാന്‍ സിജോയെ വിളിച്ചു.
"നാളെ ഞായറാണ്‌..."
"അതു ഞാന്‍ പറയാന്‍ വിട്ടു. ഞായറാഴ്‌ചയും കൂടി ചെയ്‌താലേ ഇനി പണി തീരൂ!"
ഞാന്‍ പൂര്‍ണ മനസ്സോടെ സമ്മതിച്ചു. അന്ന്‌ ഒരു വീടു നോക്കാന്‍ പോയതിനാല്‍ അല്‍പം വൈകിയാണു ചെന്നതെന്നു മാത്രം. തുടര്‍ന്നുള്ള ദിവസങ്ങളിലും കാര്യമായിട്ടൊന്നും സംഭവിച്ചില്ല. അനില്‍ ബാനര്‍ജിയില്‍ എന്തോ അതൃപ്‌തി എനിക്കു മണക്കാന്‍ തുടങ്ങി. അത്‌ ഏതൊരു തൊഴിലിടത്തിലുമുള്ളതായതിനാല്‍ ഞാന്‍ അത്ര കാര്യമാക്കിയില്ല. ഒമ്പതാം തിയതി എനിക്കു കൃത്യമായി പറഞ്ഞ ശമ്പളവും തന്നു. അനില്‍ ബാനര്‍ജിയുടെ ഭാര്യയാണ്‌ പതിനായിരം രൂപ ചെക്കായി നല്‍കിയത്‌.
വിഷുവിനു രണ്ടു ദിവസം മുമ്പ്‌ സിജോ വീണ്ടും ചര്‍ച്ചക്കെത്തി.
"രാജേഷിന്‌ എത്രദിവസം അവധി വേണം?"
"രണ്ടു ദിവസം. നമുക്കു വേഗം പണി തുടങ്ങേണ്ടേ...?"
"26ന്‌ എന്റെ കല്യാണമാണ്‌. എനിക്ക്‌ അതിനോടനുബന്ധിച്ചു കുറച്ചു ദിവസം അവധി വേണ്ടി വരും. എല്ലാംകൂടി കലങ്ങിമറിയുമെന്നാണു തോന്നുന്നത്‌!"
ഞാന്‍ പറഞ്ഞു.
"സാരമില്ല നമുക്കു ശരിയാക്കിയെടുക്കാം!"
ഈ ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ ചിലര്‍ സൈറ്റിന്റെ സാങ്കേതികവശങ്ങള്‍ ശരിയാക്കാന്‍ അവിടെ എത്തിയിരുന്നു. അവരെ എനിക്കു പരിചയപ്പെടുത്താനോ ചര്‍ച്ചകളില്‍ എന്നെ പങ്കെടുപ്പിക്കാനോ അനില്‍ബാനര്‍ജി തയ്യാറായിരുന്നില്ല. അദ്ദേഹവും സിജോയും വേറേ ചില അസ്‌മാദികളും മാത്രമായിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്‌.
ഇതിനിടിയല്‍ ചില ദിവസങ്ങളില്‍ അനില്‍ ബാനര്‍ജിയുമായി സംസാരിക്കാന്‍ എനിക്ക്‌ സാഹചര്യം ലഭിച്ചു. അതില്‍ നിന്ന്‌ ഒരു കാര്യം എനിക്കു മനസ്സിലായി. അനില്‍ ബാനര്‍ജി ഉദ്ദേശിക്കും വിധത്തില്‍ ഒരു വാര്‍ത്താലോകം സാധ്യമാകില്ല. കാരണം വാര്‍ത്തകള്‍ പെട്ടെന്നറിയിക്കാന്‍ മുന്‍ഷിക്കു മാര്‍ഗമില്ല. ടെലിവിഷനും ഇന്റര്‍നെറ്റും നോക്കിയാണു വാര്‍ത്തകള്‍ തയ്യാറാക്കേണ്ടത്‌. അതു ചെയ്‌തുനോക്കാന്‍ എനിക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയിരുന്നില്ല. സ്വാഭാവികമായും വാര്‍ത്തകള്‍ പെട്ടെന്നറിയാന്‍ ആരും മുന്‍ഷിയില്‍ കയറില്ലെന്നുറപ്പ്‌. അടുത്തത്‌ വിശദാംശങ്ങളാണ്‌. അതു നല്‍കാനും സൗകര്യമില്ല. കാരണം., ഒരു കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ പത്തിലൊന്നു സ്ഥലത്തുമാത്രമാണ്‌ വിശദാംശങ്ങള്‍ വിന്യസിക്കാന്‍ ആവശ്യപ്പെടുന്നത്‌. ബാക്കി വൈറ്റ്‌ സ്‌പേസ്‌, പിന്നെ അനില്‍ബാനര്‍ജിയുടെ ചില ഭ്രാന്തന്‍ ആശയങ്ങളും.
ആ ആശയങ്ങള്‍ പലതും നല്ലതും പുതുമയുള്ളതുമാണെങ്കിലും കംപ്യൂട്ടര്‍ സ്‌ക്രീനില്‍ അതിനു പരിമിതികളേറെയായിരുന്നു. എന്നാല്‍ അതംഗീകരിക്കാന്‍ അദ്ദേഹം തയ്യാറുമല്ല. അനുവദിക്കപ്പെട്ട സ്‌പേസിലേക്ക്‌ അനില്‍ ബാനര്‍ജി പറഞ്ഞവിധം ഞാന്‍ വാര്‍ത്തകള്‍ പരുവപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും അദ്ദേഹത്തിനു തൃപ്‌തിയായില്ല. വര്‍ക്കു ചെയ്യാനുള്ള സ്‌പേസ്‌ ഇക്കാണുന്നതാണെന്ന്‌ അനില്‍ ബാനര്‍ജി വരച്ചു കാണിക്കുന്നല്ലാതെ യഥാര്‍ഥമായ ഒന്നില്ലാത്തതായിരുന്നു എന്റെ പ്രധാന പ്രതിബന്ധം. കരയില്‍ വള്ളത്തിന്റെ മാതൃകയുണ്ടാക്കി വച്ച്‌ തുഴച്ചില്‍ പരീക്ഷിക്കുന്നതിനു തുല്യം.
ഇതിനിടയില്‍ എന്റെ ജോലികളും അദ്ദേഹം മാറ്റിക്കൊണ്ടിരുന്നു. ബ്ലോഗ്‌ സ്‌പോട്ട്‌, ബ്ലോഗര്‍മാരുമായുള്ള ഇന്റര്‍വ്യൂ... ഏതു ചെയ്യണമെന്നു മനസ്സിലാകാതെ എനിക്കും വട്ടു പിടിച്ചു തുടങ്ങി. അതിനിടയില്‍ പറഞ്ഞു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാത്തവരെ കണ്ടെത്തി ഇന്റര്‍വ്യൂ ചെയ്യണം. ചില പത്രങ്ങളില്‍ വന്ന ഫീച്ചറുകളില്‍ പരാമര്‍ശിക്കുന്നവരെ ഉദാഹരണമായി പറയുകയും ചെയ്‌തു. ഞാനങ്ങിനെ കുറച്ചുപേരുടെ ലിസ്റ്റുണ്ടാക്കി. അപ്പോള്‍ പറയുന്നു, ഇതുവരെ പത്രങ്ങളില്‍ വന്നവരാകരുത്‌! അങ്ങനെയുള്ളവരെ ഞാന്‍ എങ്ങിനെയെങ്കിലും കണ്ടു പിടിക്കണമത്രെ. എന്നേപ്പോലൊരു വ്യക്തിക്ക്‌ ഇതെല്ലാംകൂടി ചെയ്യാനാകില്ലെന്ന്‌ എനിക്കുറപ്പായിരുന്നു. എങ്കിലും ഞാന്‍ പരാമാവധി ശ്രമിച്ചു കൊണ്ടിരുന്നു. ഒരു സഹായികൂടി വേണ്ടിവരുമെന്ന എന്റെ ആവശ്യം അനില്‍ ബാനര്‍ജി അംഗീകരിച്ചതുമില്ല.
വിഷുവിനു ഞാന്‍ വീട്ടില്‍ പോകുന്നതിന്റെ തലേന്ന്‌ അനില്‍ ബാനര്‍ജി എന്നെ തന്റെ മുറിയിലേക്കു വിളിച്ചു.
"രാജേഷ്‌, എന്തായാലും ഉദ്ദേശിച്ച സമയത്ത്‌ കാര്യങ്ങള്‍ നടക്കുമെന്നു തോന്നുന്നില്ല!"
"എന്തുപറ്റി?"
"പേജുകള്‍ ഫ്‌ളാഷില്‍ തയ്യാറാക്കി ലോഡു ചെയ്യാമെന്നാണു കരുതിയത്‌. എനിക്കിതിന്റെ സാങ്കേതിക വശങ്ങള്‍ അത്ര പിടിയുമില്ലായിരുന്നു. നമുക്ക്‌ ഏതാണ്ടു തൊണ്ണൂറോളം പേജുകള്‍ വരും. അവ ലോഡായി വരാന്‍ വളരെ താമസിക്കുന്നു. ഇനി അടുത്ത മാര്‍ഗ്ഗം നോക്കണം!"
ഞാന്‍ ഒന്നു മിണ്ടിയില്ല. അല്‍പനിശ്ശബ്‌ദതക്കു ശേഷം ബാനര്‍ജി തുടര്‍ന്നു
"വാര്‍ത്താലോകമാണ്‌ എന്റെ ഏറ്റവും വലിയ പ്രതീക്ഷ. അത്‌ എങ്ങിനെ ചെയ്യണമെന്നതിന്‌ രാജേഷ്‌ ഒരു കണ്‍സപ്‌റ്റ്‌ ഉണ്ടാക്കണം."
"സര്‍, പരിമിതികള്‍ നിരവധിയാണ്‌. സാര്‍ ആദ്യം പറഞ്ഞിരുന്നത്‌ വാര്‍ത്തക്കു കമന്റുണ്ടാക്കണമെന്നു മാത്രമാണ്‌. ഞാനതു ചെയ്യുകയും ചെയ്‌തു."
"അതു പോര. എനിക്കിതിനെപ്പറ്റി യാതൊരു ഐഡിയയുമില്ല. രാജേഷ്‌തന്നെ അതുണ്ടാക്കണം!"
എനിക്ക്‌ എന്തു പറയണമെന്നറിയില്ലായിരുന്നു. ഫോണില്‍ സംസാരിച്ചപ്പോഴും നേരില്‍ കണ്ടപ്പോഴും പറഞ്ഞതില്‍ നിന്നൊക്കെ വ്യത്യസ്‌തമാണ്‌ ഇപ്പോഴത്തെ ആവശ്യം. ഒരു പക്ഷേ ഇതാദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രണ്ടാമതൊന്നുകൂടി ആലോചിക്കുമായിരുന്നു.
തുടര്‍ന്നു വന്ന വാക്കുകളാണ്‌ എന്ന ശരിക്കും അങ്കലാപ്പിലാക്കിയത്‌.
"വിഷുവിന്‌ പോയിട്ട്‌ എന്നു വരും?"
"തിങ്കളാഴ്‌ച."
"രാജേഷ്‌ കുറച്ചു കൂടുതല്‍ ദിവസം അവധിയെടുത്തോളൂ. അടുത്തയാഴ്‌ച സിജോയും ലീവാണ്‌. സിജോ കൂടി വന്നിട്ട്‌ ഇനി പണി തുടങ്ങാം. എന്നിട്ട്‌ ഞാന്‍ വിളിക്കാം. അതുവരെ രാജേഷ്‌ ആലോചിക്കുക. അനൂപിനോടും രണ്ടു മൂന്നാഴ്‌ച കഴിഞ്ഞു വിളിക്കാമെന്നു പറഞ്ഞാണു വിട്ടത്‌".
വിഷുവിനു വീട്ടില്‍പോയ ഞാന്‍ രണ്ടു മൂന്നു ദിവസത്തിനകം തിരിച്ചെത്തി. കാരണം കൂടുതല്‍ ദിവസം നാട്ടില്‍ തങ്ങിയാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞാന്‍ മറുപടി നല്‍കി മടുക്കുമെന്നറിയാമായിരുന്നു. ലീവില്‍ പോയ സിജോ ഇടയ്‌ക്കൊരു ദിവസം വന്നു. ഞാന്‍ അന്നു പിന്നാലെ നടന്ന്‌ വൈകിട്ടു സിജോയെ കണ്ടു. കാര്യങ്ങള്‍ സംസാരിക്കണമല്ലോ.
"രാജേഷ്‌, മറ്റൊന്നും തോന്നരുത്‌..."
"എന്താണെങ്കിലും പറഞ്ഞോളൂ."
"ഞങ്ങള്‍ പ്രതീക്ഷിച്ചത്ര പെര്‍ഫോം ചെയ്യാന്‍ രാജേഷിനു കഴിഞ്ഞിട്ടില്ല."
സിജോയുടെ വാദഗതികള്‍ക്കെല്ലാം ഞാന്‍ കൃത്യമായ മറുപടി നല്‍കി. ഇല്ലാത്ത ഒരു സാധനം സങ്കല്‍പിച്ചു പരീക്ഷണം നടത്തുന്നതെന്നതിന്റെ പരിമിതിയും ഞാന്‍ ഓര്‍മിപ്പിച്ചു. അല്‍പനേരത്തെ നിശ്ശബ്‌ദതക്കു ശേഷം സിജോ പറഞ്ഞു
"എന്നാല്‍ ഞാനൊരു സത്യം പറയാം. ചേട്ടന്റെ പ്ലാനിങ്‌ ഒന്നും നടക്കാന്‍ പോകുന്നില്ല!"
"എന്തു പറ്റി?"
"നാം ഇതിനായി ലക്ഷങ്ങള്‍ മുടക്കിയിരുന്നു. പക്ഷേ സാങ്കേതികകാര്യങ്ങള്‍ ചെയ്‌തു തരാമെന്നേറ്റവര്‍ പറ്റിച്ചു. ഇപ്പോഴത്തെ രീതിയില്‍ സൈറ്റിന്റെ ലോഡിങ്ങിനുള്‍പ്പെടെ പ്രശ്‌നങ്ങളാണ്‌."
"സിജോ പറയുന്നത്‌...?"
"മാഗസിന്‍ തുടങ്ങാനാകുമെന്ന്‌ എനിക്കു പ്രതീക്ഷയില്ല!"
"അപ്പോള്‍ ഞാന്‍ പിരിഞ്ഞു പോകണമെന്നാണോ?"
"അതെ!"
"സിജോ..... ഈ ഫ്‌ളാറ്റില്‍ നിന്നു താഴേക്കു ചാടാന്‍ പറയുന്നതിനു തുല്യമാണിത്‌. എന്റെ പണി കളയിച്ചു കൊണ്ടു വന്ന നിങ്ങള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ അങ്ങിനെ പറയുന്നതു ശരിയല്ല. സൈറ്റ്‌ സാങ്കേതിക പ്രശ്‌നങ്ങളില്‍പെട്ടു നടക്കാതെ പോകുന്നത്‌ എന്റെ കുറ്റം കൊണ്ടല്ല!"
പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞു. സിജോ മുഴുവന്‍ കേട്ടു നിന്നു. ഒടുവില്‍ പറഞ്ഞു.
"രാജേഷ്‌ പറയുന്നതൊക്കെ ശരിയാണ്‌. എനിക്കു വേറൊന്നും പറയാനില്ല!"
എന്റെ ക്ഷോഭത്തിനു മുന്നില്‍ ഒന്നും മിണ്ടാതെ നിന്ന സിജോയുടെ അടുക്കല്‍നിന്ന്‌ പോകുമ്പോള്‍ എന്റെ മനസ്സില്‍ കടലായിരുന്നു. മുന്നിലെ ശൂന്യത എന്നെ ഭയപ്പെടുത്തുകയുമായിരുന്നു.


അടുത്തത്‌- നടുക്കടലിലേക്ക്‌

Monday, December 31, 2007

ഇര - ഒരു കൊടും ചതിയുടെ കഥ

ഇത്‌ ഒരു ഇരയുടെ കഥയാണ്‌. ഒരു പക്ഷേ ആയിരക്കണക്കിന്‌ ഇരകളുടെ കഥയുമാകാം. അറ്റു പലര്‍ക്കും സംഭവിച്ചതറിയുമ്പോള്‍ ഇതു നിസാരമാകാം. അവര്‍ക്കെല്ലാം വേണ്ടി ഞാനൊരു ചതിയുടെ കഥ പറയുന്നു. ആത്മഹത്യയുടെ വക്കത്തു നിന്നു രക്ഷപ്പെട്ടപ്പോള്‍ ഇതാരോടെങ്കിലുമൊക്കെ പറയണമെന്നു തോന്നി....

ഇര

അധ്യായം ഒന്ന്‌

2007 ഫെബ്രുവരി 24
എന്റെ ജീവിതത്തിലെ നിര്‍ണായകമായ ദിവസമായിരുന്നു അത്‌. സുഖസൗകര്യങ്ങളുള്ള ഒരു കപ്പലില്‍ ഉല്ലസിച്ചു ജീവിച്ചിരുന്ന എന്നെ കടലിലെ തോണിയിലിക്കു വലിച്ചുചാടിച്ച ദിനം. ചാടുന്നോ എന്നു ചോദിച്ചപ്പോള്‍ ചോദിച്ച അമരക്കാരനില്‍ വിശ്വസിച്ച്‌ ചാടാന്‍ തുനിഞ്ഞ ഞാനാണു തെറ്റുകാരനെന്നും ചിലപ്പോള്‍ തോന്നിയേക്കാം!
രാവിലെ ഓഫിസിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍ വരുന്നത്‌.
"രാജേഷ്‌ അല്ലേ?"
"അതെ."
"ഞാന്‍ അനില്‍ ബാനര്‍ജി..."
എനിക്ക്‌ ആളെ പിടികിട്ടിയില്ല. ഞാന്‍ ചോദിച്ചു
"ആര്‌?"
"ഏഷ്യാനെറ്റില്‍ മുന്‍ഷി ചെയ്യുന്ന..."
ഒരു ഞെട്ടലോടെയാണു ഞാന്‍ പ്രതികരിച്ചത്‌. കാരണം എനിക്കു വിശ്വസിക്കാനാകുന്നതിനപ്പുറമായിരുന്നു ആ കോള്‍!
"രാജേഷിന്റെ ലേഖനം വായിച്ചു, നന്നായിട്ടുണ്ട്‌."
ഏന്റെ ഓര്‍മക്കെവിടെയോ ഒരു വിള്ളല്‍, ഏതു ലേഖനം?"
"പുഴ ഡോട്‌ കോമില്‍ വന്നത്‌- ഫ്‌ളാഷ്‌."
"ഓ.... താങ്ക്‌ യു സര്‍. ഒത്തിരി സന്തോഷമുണ്ട്‌! ആ ലേഖനമൊക്കെ വായിച്ച്‌ താങ്കളെപ്പോലൊരാള്‍ നല്ലതു പറയുമ്പോള്‍..."
"രാജേഷ്‌ എന്തു ചെയ്യുകയാണിപ്പോള്‍?"
"പത്രപ്രവര്‍ത്തകനാണു സര്‍, പ്രാദേശിക പത്രപ്രവര്‍ത്തനം..."
"എവിടെ?"
"മനോരമയില്‍..."
പത്രസ്ഥാപനത്തിന്റെ പേരു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ അത്ഭുതം. പിന്നീടു നടന്നത്‌ സൗഹൃദസംഭാഷണമായിരുന്നു. അദ്ദേഹം കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു. പത്തു വര്‍ഷമായി പ്രാദേശികലേഖകനാണെന്നും മുഖ്യധാരാമാധ്യമങ്ങളിലൊക്കെ ലേഖനങ്ങളും മറ്റും എഴുതിയിട്ടുണ്ടെന്നും കേട്ടപ്പോള്‍ അത്ഭുതത്തിന്റെ കാഠിന്യം വര്‍ധിച്ചപോലെ തോന്നി. എല്ലാം ചോദിച്ചറിഞ്ഞശേഷം അനില്‍ ബാനര്‍ജി പറഞ്ഞു.
"ഞാനൊരു വെബ്‌ മാഗസിന്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്‌. അതിന്റെ വാര്‍ത്താവിഭാഗം നോക്കാന്‍ രണ്ടു വര്‍ഷത്തോളമായി ഞാനൊരാളെ തേടുന്നു, രാജേഷിനു ചെയ്യാമോ?"
അപ്രതീക്ഷിതമായ ചോദ്യത്തിന്‌ ആദ്യം ഉത്തരം നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല.
"എനിക്കതിനു കഴിയുമോ സര്‍...?"
"പറ്റും. രാജേഷിന്റെ ലേഖനം വായിച്ചപ്പോള്‍ എനിക്കതു മനസ്സിലായി. ഞാന്‍ അതു കൊണ്ടാണു നേരിട്ടു വിളിച്ചത്‌."
"അക്കാദമിക്‌ ക്വാളിഫിക്കേഷന്റെ കാര്യത്തില്‍ ഞാനല്‍പം പിന്നിലാണ്‌!"
"അതൊന്നും സാരമില്ല, ഈ എക്‌സ്‌പീരിയന്‍സ്‌ തന്നെ ധാരാളം!"
"ഞാനെന്താണു സര്‍ ചെയ്യേണ്ടത്‌?"
"തിരുവനന്തപുരത്തു താമസിച്ചു ചെയ്യേണ്ടിവരും!"
തിരുവനന്തപുരം ന്നൂ കേട്ടപ്പോള്‍ എനിക്കനുഭവപ്പെട്ടത്‌ വല്ലാത്ത ശ്വാസംമുട്ടലാണ്‌. വര്‍ഷങ്ങളായുള്ള എന്റെ ആഗ്രഹമാണ്‌ തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകനാകുക എന്നത്‌. സാഹിത്യ, സാംസ്‌കാരിക രംഗത്ത്‌ എന്റെ സുഹൃത്തുക്കള്‍ ഏറെയുമുള്ളത്‌ അവിടെയാണ്‌. ഒപ്പം പല സാംസ്‌കാരികപരിപാടികളും ആസ്വദിക്കാനും പഠിക്കാനും തിരുവനന്തപുരം സഹായമാകുമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. കാണുമ്പോഴും വിളിക്കുമ്പോഴും കുരീപ്പുഴ ശ്രീകുമാറിനോടും ശാന്തനോടുമെല്ലാം ഞാന്‍ ഈ ആഗ്രഹം പറയാറുണ്ടായിരുന്നു. അപ്പോഴൊക്കെ അവരും പ്രോല്‍സാഹിപ്പിച്ചു. വിലങ്ങുതടിയായത്‌ ശമ്പളമാണ്‌. ഇടുക്കിയില്‍ ശമ്പളമായും പരസ്യത്തിന്റെ കമ്മീഷനായുമെല്ലാം ഏകദേശം 17,000 രൂപ വരുമാനമുണ്ട്‌. ഒപ്പം സ്വദേശമെന്ന സൗകര്യവും. തിരുവനന്തപുരത്ത്‌ അതൊന്നുമുണ്ടാകില്ലെന്നറിയാം. ഇതിനു മുമ്പു വന്ന ഓഫറുകളെല്ലാം ശമ്പളത്തില്‍ തട്ടി തെറിക്കുകയായിരുന്നു. അപ്പോഴൊക്കെ സന്തോഷിച്ചു. തിരുവനന്തപുരം മോഹം ഉപേക്ഷിക്കാന്‍ ഒരു കാരണമായല്ലോ.
മുന്‍ഷിയില്‍ നിന്നുള്ള ഓഫറും അങ്ങിനെയാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അനില്‍ ബാനര്‍ജിയോടു പറഞ്ഞു. "സ്യൂട്ടബിളായ ശമ്പളം കിട്ടിയാല്‍ വരാം."
"ഇപ്പോള്‍ എത്രയുണ്ട്‌?"
"ശമ്പളം കുറവാണ്‌. പക്ഷേ നല്ലതോതില്‍ പരസ്യം കിട്ടുന്നുണ്ട്‌. എല്ലാംകൂടി 15,000 രൂപക്കു മുകളില്‍ കിട്ടും."
"എത്ര കിട്ടിയാല്‍ വരും?"
ഒരു മിനിട്ടു ഞാനൊന്നാലോചിച്ചു. തിരുവനന്തപുരത്തെ ജീവിതച്ചെലവിനെപ്പറ്റി വലിയ പിടിപാടില്ല. എങ്കിലും ഒരു ഏകദേശകണക്കു വച്ചു പറഞ്ഞു
"പതിനായിരം."
ഒട്ടും ഇടവേളയില്ലാതെ അനില്‍ ബാനര്‍ജി പറഞ്ഞു.
"തരാം, പോരൂ!"
ഞെട്ടല്‍ സര്‍വ്വാംഗം വിറയായി കേറി. ആരോടും ആലോചിച്ചിട്ടില്ല. ശമ്പളം സമ്മതിക്കില്ലെന്ന പ്രതീക്ഷയിലാണ്‌ അത്രയും ചോദിച്ചത്‌. പക്ഷേ ഇത്‌ അനുകൂലമാകുന്നു.ഓഫിസില്‍ എത്തിയ ശേഷം തിരിച്ചുവിളിക്കാമെന്നു മറുപടി നല്‍കി ഞാന്‍ ഫോണ്‍ വച്ചു. ബൈക്കില്‍ ഓഫിസിലേക്കു പോകുമ്പോഴൊക്കെ മനസ്സില്‍ കടലിളകുകയായിരുന്നു. വിശ്വസിക്കാനാകായ്‌മ, സന്തോഷം... സ്വപ്‌നങ്ങളിലൊന്ന്‌ സാധ്യമാകാന്‍ പോകുന്നുവെന്ന്‌ തോന്നല്‍. പത്രസ്ഥാപനത്തിലെ പരസ്യവരുമാനത്തിന്റെ മടുപ്പില്‍ നിന്ന്‌ സര്‍ഗ്ഗാത്മകമായി എന്തെങ്കിലും ചെയ്‌ത്‌ ജീവിക്കണമെന്ന ആഗ്രഹത്തിന്റെ സാഫല്യത്തിലേക്ക്‌ ഒരു പാലം.... ഒപ്പം കണ്ടകശ്ശനി മൂര്‍ധന്യത്തിലേക്കു പോകുകയാണെന്ന തിരിച്ചറിവു നല്‍കുന്ന ഭയവും!
ഓഫിസിലെത്തിയ ശേഷം അനില്‍ ബാനര്‍ജിയെ ഞാന്‍ വിളിച്ചു.
"രാജേഷ്‌ തിരുവനന്തപുരം വരെ വരാമോ, നേരിട്ടു സംസാരിക്കാം."
ഞാന്‍ പിറ്റേന്നു തന്നെ എത്താമെന്നു മറുപടിയും നല്‍കി.
ഫെബ്രുവരി 25.
അത്യാവശ്യം ഒന്നു രണ്ടു സുഹൃത്തുക്കളോടു മാത്രം വിവരം പറഞ്ഞ്‌ ഞാന്‍ അന്നു പുലര്‍ച്ചെ തിരുവനന്തപുരത്തിനു തിരിച്ചു.
മുന്‍ഷിയിലെ കഥാപാത്രങ്ങളെല്ലാം നിരക്കുന്ന ഒരു കാര്‍ട്ടൂണ്‍ പേജ്‌. അവരുടെ സ്ഥാനങ്ങളും ഭാവഹാവാദികളും മാത്രം മാറ്റിയുള്ള മുഖപ്പേജുകള്‍. അതില്‍ വാര്‍ത്താലോകവും രാഷ്‌ട്രീയലോകവുമാണ്‌ ഞാന്‍ പ്രധാനമായും ചെയ്യേണ്ടത്‌. ഒപ്പം സിനിമ, ആരോഗ്യം, യൂത്ത്‌, സ്‌പോര്‍ട്‌സ്‌ തുടങ്ങി എല്ലാ പേജുകള്‍ക്കുമേലും ഒരു കണ്ണു വേണം. ഇതില്‍ വാര്‍ത്താലോകം എപ്പോഴും അപ്‌ഡേറ്റ്‌ ചെയ്യണം. ഓരോ വാര്‍ത്ത വരുമ്പോഴും.അനില്‍ബാനര്‍ജി ഓരോന്നായി വിശദീകരിച്ചു. ഏതെങ്കിലും സംഭവം ഉണ്ടാകുമ്പോള്‍ ആദ്യം ചെറിയൊരു ഫ്‌ളാഷ്‌. പിന്നെ അതേപ്പറ്റി രണ്ടോ മൂന്നോ വരിയില്‍ ഒതുങ്ങുന്ന വിവരണം. അതിനടിയില്‍ 'ഡുക്കുടു, ഡുക്കുടു, ഡുക്കുടു' എന്നൊരു സ്‌ട്രിപ്പ്‌. ഏതാനം മിനിട്ടുകള്‍ക്കുശേഷം 'ഡുക്കുടു'വിന്റെ സ്ഥാനത്തു വാര്‍ത്തക്കൊരു കമന്റ്‌ പ്രത്യക്ഷപ്പെടും. മുന്‍ഷിയുടെ വായനക്കാര്‍ക്കു നല്‍കുന്ന മൗലികമായ സംഭാവന അതാണ്‌. ഈ വാര്‍ത്താരൂപവും കമന്റും തയ്യാറാക്കലാണ്‌ എന്റെ പണി.
ഞാന്‍ പറഞ്ഞു, "ചെയ്യാനാകുമെന്നാണു വിശ്വാസം. ഞാനൊന്നു ശ്രമിച്ചു നോക്കാം സര്‍!"
"അങ്ങിനെയെങ്കില്‍ രാജേഷ്‌ ഉടന്‍ വരണം. മനോരമയില്‍ നിന്നു പിരിയാന്‍ മറ്റു താമസങ്ങളൊന്നുമില്ലല്ലോ. രാജേഷ്‌ വന്നാലുടന്‍ പണി തുടങ്ങണം. ഒന്നൊന്നര മാസത്തിനകം ഇതു ലൈനില്‍ വിടുകയും വേണം."
ഞാന്‍ സമ്മതിച്ചു. എന്നോടൊപ്പം അനില്‍ ബാനര്‍ജിയുടെ അടുക്കല്‍ വന്ന എല്‍.ഐ.സി ജീവനക്കാരനും എന്റെ ആത്മസുഹൃത്തുമായ വിനോദും എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങിനെ സമ്മതം അറിയിച്ച്‌ ഞാന്‍ ഇടുക്കിയിലേക്ക്‌ തിരിച്ചു, അന്നു രാത്രിതന്നെ. പോരും മുമ്പ്‌ ബന്ധപ്പെടുന്നതിനായി അനില്‍ ബാനര്‍ജി ഒരു മൊബൈല്‍ നമ്പര്‍ തന്നു. അദ്ദേഹത്തിനു മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ സഹായിയും മുന്‍ഷിയുടെ വിഷ്വല്‍ എഡിറ്ററുമായ സിജോയുടെ നമ്പറാണു തന്നത്‌. പിറ്റേന്നു വീണ്ടും അനില്‍ ബാനര്‍ജി വിളിച്ചു.
"എന്നാണു റിസൈന്‍ ചെയ്യുന്നത്‌?"
"കോട്ടയം വരെയൊന്നു പോകണം. മറ്റു പ്രശ്‌നങ്ങളൊന്നുമില്ല.?"
എത്രയും പെട്ടെന്നു വേണം. നമുക്കു സമയം തീരെയില്ല!"
ഞാന്‍ വീണ്ടും ആവേശത്തിലായി. അനില്‍ ബാനര്‍ജി പറഞ്ഞിരുന്നതനുസരിച്ച്‌ ആ ദിവസങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ ഞാന്‍ രണ്ടു മൂന്നു വരികളിലാക്കി ചുരുക്കി എഴുതി അവയ്‌ക്ക്‌ കമന്റും ചമച്ച്‌ അന്നു രാത്രി പ്രഹ്‌ളാവിഷന്റെ ഇ- മെയില്‍ ഐഡിയിലേക്ക്‌ അയച്ചു. പിറ്റേന്നു രാവിലെ അനില്‍ ബാനര്‍ജി വീണ്ടും വിളിച്ചു.
"രാജേഷ്‌, അയച്ചിരുന്നവ നോക്കി. നമുക്ക്‌ അത്രക്കങ്ങു ഹാസ്യം കലര്‍ത്തേണ്ട, നേരേ വാര്‍ത്തയിലേക്കു കടക്കുകയാകും നന്ന്‌!"
പിറ്റേന്ന്‌ അങ്ങിനെ തയ്യാറാക്കി അയച്ചു.
"ഞാന്‍ നോക്കി രാജേഷ്‌. എത്രയും പെട്ടെന്നു വരിക, സമയമില്ലെന്ന കാര്യം ഓര്‍മയിലുണ്ടല്ലോ."
പിന്നെ ഞാന്‍ വൈകിയില്ല. കോട്ടയത്തെത്തി ന്യൂസ്‌ എഡിറ്ററെക്കണ്ട്‌ സന്തോഷത്തോടെ കാര്യം പറഞ്ഞു. "ആലോചിച്ചിട്ടാണല്ലോ അല്ലേ?"
"അതേ സര്‍... എനിക്കിനി ഇവിടെ കാര്യമായിട്ടൊന്നും ചെയ്യാനില്ലെന്നൊരു തോന്നല്‍. മാത്രമല്ല മാര്‍ക്കറ്റിങ്‌ വല്ലാതെ മടുപ്പിക്കുന്നുമുണ്ട്‌.!"
അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞില്ല. ഓഫിസിലെ ഒന്നുരണ്ടു സുഹൃത്തുക്കളെക്കൂടി കണ്ട്‌ യാത്ര പറഞ്ഞു. മാര്‍ച്ച്‌ മൂന്നിന്‌ പത്രസ്ഥാപനത്തിന്റെ പടിയിറങ്ങി.
ഇതിനിടയില്‍ തിരുവനന്തപുരത്തെ എന്റെ താമസസൗകര്യത്തെപ്പറ്റി ഞാന്‍ തിരക്കുന്നുണ്ടായിരുന്നു. ഓഫിസിനായി ഒരു വീടു നോക്കുന്നുണ്ടെന്നും പറ്റുമെങ്കില്‍ ഒരു രണ്ടു നില എടുക്കാമെന്നും എനിക്ക്‌ കുടുംബസമേതം മുകളില്‍ താമസിക്കാമെന്നും നിര്‍ദ്ദേശം വച്ചത്‌ അനില്‍ബാനര്‍ജിയാണ്‌. എനിക്കും അതായിരുന്നു താല്‍പര്യം. എന്നാല്‍ സൗകര്യപ്രദമായ വീടു കിട്ടിയില്ലെന്നും അതു സാരമാക്കാതെ ചെല്ലാനുമായിരുന്നു പിന്നീടുള്ള നിര്‍ദ്ദേശം.


അടുത്തത്‌ - മുന്‍ഷിയില്‍ പ്രശ്‌നങ്ങളിലേക്ക്‌.
Powered By Blogger

FEEDJIT Live Traffic Feed