
ഇതൊരു കടുംകയ്യായിപ്പോയി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ കര്‍ഷക ആത്മഹത്യയായിരുന്നു പ്രധാന വിഷയം. ഇടതു മുന്നണി അധികാരത്തിലെത്തിയതോടെ കര്‍ഷക ആത്മഹത്യ തുലോം കുറഞ്ഞുവെന്നായിരുന്നു അവകാശവാദം. ഇപ്പോഴിതാ, ഇടതുസര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകളില്ലാതെ ഒരു ടേം പൂര്‍ത്തിയാക്കുമ്പോള്‍ പണ്ട് ആന്റണി ചെയ്തപോലൊരു കടുംകയ്യും ചെയ്തിട്ടാണ് ഇറങ്ങിപ്പോകുന്നുത്.
1996ല്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സമയത്താണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി കേരളത്തില്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തുന്നത്. അതോടെ ചാരായം ഇല്ലാതായി. എന്നുകരുതി കേരളത്തിലെ മദ്യഉപഭോഗം തെല്ലും കുറഞ്ഞതുമില്ല. ഇപ്പോഴിതാ കേരളത്തിലെ കര്‍ഷകര്‍ക്കു പ്രിയപ്പെട്ട 'കുരുടാന്‍' ആണ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.
'കുരുടാന്‍' എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്നാര്‍ക്കും സാധനമെന്താണെന്നു മനസ്സിലാകില്ല. പക്ഷെ, കാര്‍ഷികമേഖലയുമായി അല്‍പമെങ്കിലും ബന്ധമുള്ളവര്‍ക്ക് ഈ സാധനമെന്താണെന്നു മനസ്സിലാക്കാന്‍ കാര്യമായി ബുദ്ധിമുട്ടേണ്ടി വരില്ല. 'കുരുടാന്‍' എന്നത് ഒരു വിളിപ്പേരാണ്. ജോസഫിനെ ഔസേപ്പെന്നു വിളിക്കുന്നതുപോലെ. ഇവന്റെ യഥാര്‍ഥ പേര് 'ഫുറിഡാന്‍' എന്നാണ്. സര്‍ക്കാരിന്റെ പുതിയ കണ്ടെത്തലനുസരിച്ച് എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ ഒരു വിഷം.
വിഷം എന്നു പറയുമ്പോഴാണ് ഇവന്‍ കര്‍ഷക ജനതയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കുക. എന്‍ഡോസള്‍ഫാന്‍ പോലെ ഫുറിഡാന്‍ പ്രയോഗിച്ചിടത്തൊന്നും ജനിതകവൈകല്യമുള്ള ശിശുക്കളുടെ ജനനം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ആരേയും അങ്ങോട്ടു ചെന്നാക്രമിക്കുന്ന സ്വഭാവം സാധാരണ കര്‍ഷകന്റെ പ്രിയപ്പെട്ട കുരുടാനില്ലെന്ന് അര്‍ഥം.
എന്നാല്‍ ഇവന്‍ കര്‍ഷകരെ വേറെ ചില വിധത്തില്‍ സഹായിക്കാറുണ്ട്. തെങ്ങിലേയും വാഴയിലേയും ഏലത്തിലേയും കുരുമുളകിലേയുമെല്ലാം ഒരവിഭാജ്യഘടകമായിരുന്നു ഇതുവരെ ഇവന്‍. കീടങ്ങളെ ചെറുക്കാന്‍ കര്‍ഷകര്‍ വെള്ളവുമായി കൂട്ടിയോജിപ്പിച്ച് തളിച്ചുകൊണ്ടിരുന്ന സാധനം. കാര്‍ഷികമേഖലകളിലെ വീടുകളിലെല്ലാം അടുക്കളയില്‍ ഉപ്പും മുളകും സൂക്ഷിക്കുംപോലെ ഏതെങ്കിലുമൊരു മുറിയില്‍ ഫുറിഡാന്‍ എന്ന കുരുടാന്റെ കുപ്പികള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. കൃഷിഓഫീസര്‍മാര്‍ തന്നെയാണ് കുരുടാന്റെ പ്രയോഗവിധികള്‍ കര്‍ഷകര്‍ക്കു പറഞ്ഞു കൊടുത്തിരുന്നത്.
ഈ സാധനത്തിന് വേറൊരു പ്രധാന ഉപയോഗം കൂടിയുണ്ട്. കടം കയറി ജപ്തി ഭീഷണി മുറുകുമ്പോഴും പ്രണയം പരാജയപ്പെടുമ്പോഴും ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കു മൂക്കുമ്പോഴുമെല്ലാം പലരും ആശ്രയിച്ചിരുന്നത് ഈ കുപ്പികള്‍ക്കുള്ളിലെ ദ്രാവകത്തെയാണ്. തൂങ്ങാന്‍ കയറും മരവും വീടിന്റെ മോന്തായവും തേടി പോകുന്നത്രയും പ്രയാസമില്ല കുരുടാനെടുത്തു വിഴുങ്ങാന്‍. പഴത്തില്‍ ചേര്‍ത്തും മദ്യത്തില്‍ കലര്‍ത്തിയും കോളയുമായി മിക്‌സു ചെയ്തും ചിലപ്പോഴൊക്കെ ഐസ്‌ക്രീമിലും ചോറിലും വരെ ഒഴിച്ചും കുരുടാന്‍ കഴിക്കാറുണ്ട്. ഹൈറേഞ്ച് പോലുള്ള കാര്‍ഷിക മേഖലയില്‍ ആരെങ്കിലും വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചാല്‍ വിഷം കഴിച്ചുവെന്നു പോലും പറയാറില്ല, കുരുടാനടിച്ചുവെന്നാണ് പറയുക. അത്രക്കു ജനകീയനാണിവന്‍.
കുരുടാനടിച്ച് അത്യാസന്ന നിലയില്‍ എത്തുന്നവരുടെ ഹതഭാഗ്യരായ കുടുംബത്തെ സകലതും വിറ്റുമുടിക്കാന്‍ പ്രേരിപ്പിക്കുന്ന ചില ആശുപത്രികളും ഹൈറേഞ്ച് മേഖലയിലുണ്ട്. സ്ഥലവും വീടും മുദ്രപ്പത്രത്തില്‍ എഴുതിവാങ്ങിയിട്ടേ ഇവര്‍ കുരുടാനെതിരെ പ്രയോഗം തുടങ്ങൂ. വലിയ ചോര്‍പ്പും ഹോസും ഉപയോഗിച്ച് ആമാശയത്തിലോട്ട് വെള്ളമടിച്ചു കയറ്റി വിഴുങ്ങിയ കുരുടാന്‍ മുഴുവന്‍ ഛര്‍ദ്ദിപ്പിക്കും. ഫുറിഡാന്റെ രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍ പരക്കുമ്പോഴേ ആളുകള്‍ പറയും, ആരോ കുരുടാനടിച്ചു വന്നിട്ടുണ്ടെന്ന്.
നിശ്ചിത സമയം കഴിഞ്ഞാല്‍ ശരീരത്തിലെ സകല അവയവങ്ങളേയും തളര്‍ത്താന്‍ ശേഷിയുള്ള കുരുടാന്‍ പതിയെ മാത്രമേ രക്തത്തില്‍ വ്യാപിക്കൂ. അതുകൊണ്ടുതന്നെ കുരുടാനടിച്ച് മണിക്കൂറുകള്‍ക്കകം ആശുപത്രിയിലെത്തിയവര്‍ക്കൊക്കെ വീടും പറമ്പും നഷ്ടമായാലും ജീവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട്.
ഇനിമുതല്‍ ആത്മഹത്യ ചെയ്യണമെന്നു തോന്നുന്നവരൊന്നും കുരുടാനെന്ന ജനകീയനെ ആശ്രയിക്കരുതെന്നു സര്‍ക്കാര്‍ കരുതുന്നുവെന്നതാണ് വാസ്തവം. കര്‍ഷക ആത്മഹത്യ തടയാന്‍ ഇതിലും വലിയ നല്ല മാര്‍ഗം വേറെ ഒന്നും കാണുകയുമില്ല. ഞാനിപ്പോള്‍ ചാകുമെന്നു പറഞ്ഞു നടക്കുന്ന പലരും ചാകാനൊരു മാര്‍ഗത്തിനായി കുരുടാനു പകരമെന്ത് എന്ന ചോദ്യത്തിലാണിപ്പോള്‍. ഉപ്പും മുളകും പോലെ അത്ര പരിചിതമായിപ്പോയി കര്‍ഷക ജനതയ്ക്ക് ഈ സാധനം.
എന്തായാലും നിരോധനം വന്നതോടെ കര്‍ഷക ജനത ചെറിയ പേടിയിലാണ്. നിരോധിച്ച ചാരായം വീട്ടില്‍ സൂക്ഷിച്ചാലെന്നവണ്ണം, ഏതവനെങ്കിലും റെയ്ഡ് ചെയ്ത് കുരുടാന്‍ കുപ്പികള്‍ പിടിച്ചെടുത്താല്‍ ചാരായം കൈവശം വച്ചതുപോലെ വല്ല ശിക്ഷയുമുണ്ടാകുമോ എന്ന ഭയത്തില്‍. അതുകൊണ്ട് കുപ്പികളെല്ലാം നശിപ്പിക്കാനാുള്ള ബദ്ധപ്പാടിലാണ് അവര്‍.
No comments:
Post a Comment