Monday, July 26, 2010

ദൈവനാമത്തില്‍

ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള മുഖ്യ ഉപാധികളിലൊന്നാണ്‌ പേര്‌. ഒരു പേരില്‍ പലതുമിരിക്കുന്ന കാലമാണിത്‌. പേരിന്റെ പേരില്‍ ഒരാളുടെ വ്യക്തിത്വമല്ല, മിറച്ച്‌ ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ സ്വഭാവം തന്നെ വ്യവച്ഛേദിച്ചറിയുകയാണ്‌. വിദേശത്തെ വിമാനത്താവളങ്ങളില്‍, കൃത്യമായ ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുകളുള്ള ഇന്ത്യയുടെ എ.പി.ജെ അബ്‌ദുള്‍ കലാമിനും കേരളത്തിലെ മുഹമ്മദു കുട്ടിയെന്ന മമ്മൂട്ടിക്കും പരിശോധനയുടെ കാഠിന്യത്തിനു വിധേയനാകേണ്ടി വരുന്നതും ഏതോ ഒരു തോമസിനും ശങ്കരന്‍കുട്ടിക്കും പരിശോധനകളുടെ ലാളിത്യമനുഭവിച്ച്‌ ആകാശയാത്രക്കുള്ള അനുവാദം ലഭിക്കുന്നതും പേരിന്റെ വര്‍ഗീകരണം മൂലമാണ്‌.

ഒരു വ്യക്തിയുടെ പേരിനൊപ്പം വീട്ടുപേരോ സ്ഥലപ്പേരോ ചേര്‍ക്കും പോലല്ല സാമുദായിക നാമം ചേര്‍ക്കപ്പെടുന്നത്‌. അര്‍ഥരഹിതമായ പേരുകള്‍ ആധിപത്യമുറപ്പിക്കുന്നതിനു മുമ്പ്‌ ഈശ്വരനാമത്തിനൊപ്പം സാമുദായികമായ വിളിപ്പേരുകള്‍ ചേര്‍ത്ത്‌ മറ്റുള്ളവര്‍ക്ക്‌ അയിത്തം കല്‍പിച്ചിരുന്ന സമൂഹമാണ്‌ ന്മുടേത്‌. യഥാര്‍ഥ ഈശ്വരന്‍ വെറും കൃഷ്‌ണനായും ശിവനായും ആരാധിക്കപ്പെടുമ്പോള്‍ ഇവിടെ ശിവശങ്കരന്‍ നായരും കൃഷ്‌ണന്‍ നമ്പൂതിരിയുമെല്ലാം പ്രത്യക്ഷരായി. യഥാര്‍ഥ ദൈവങ്ങള്‍ക്ക്‌ വാലില്ലെന്ന കാര്യം മറന്ന്‌ അഹന്തയുടെ രൂപത്തിലേക്ക്‌ മാറുകയായിരുന്നു ഈ സാമുദായിക വാലുകള്‍.
ജനിച്ചു വിഴുന്ന കുട്ടിക്ക്‌ അപ്പോള്‍തന്നെ പേരിടുന്ന സമ്പ്രദായം പണ്ടിവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, ഏതോ ഈശ്വരനില്‍ നിന്ന്‌ ആര്‍ജിച്ചതെന്നവണ്ണം പിതാക്കളുടെ പിതാമഹന്‍മാരുടെയും ദൈവപ്പേരുകള്‍ തലമുറകളിലേക്കു പകര്‍ന്നു മിക്ക സമുദായങ്ങളും. കേരളത്തില്‍ ഹിന്ദുക്കളില്‍ ബ്രാഹ്മണരൊഴിച്ച്‌ മറ്റു സമുദായങ്ങളൊക്കെ ഈ ആചാരം മറന്നു കഴിഞ്ഞു. ക്രിസ്‌ത്യാനികളാകട്ടെ പള്ളിയില്‍ മാമ്മോദീസ മുങ്ങുമ്പോള്‍ അച്ഛന്റെ ദൈവപ്പേരും സമൂഹത്തിനു മുന്നില്‍ ദൈവേതരമായ വിളിപ്പേരും രേഖപ്പെടുത്തി. ഇസ്ലാം സമൂഹമാകട്ടെ, ദൈവേതരമായ പേരുകള്‍ക്കു മുന്നില്‍ മുഹമ്മദെന്നോ ഖാദറെന്നോ ചേര്‍ക്കാന്‍ മറന്നില്ല.

ദൈവനാമത്തില്‍ മനുഷ്യന്‍ പ്രതിഷ്‌ഠിക്കപ്പെട്ടപ്പോള്‍ ദൈവമേതാണ്‌ മനുഷ്യനേതാണ്‌ എന്ന തിരിച്ചറിവു ലഭിക്കാത്ത ഒരവസ്ഥയിലേക്ക്‌ സമുദായങ്ങള്‍ എത്തിപ്പെടുന്ന കാഴ്‌ചയാണ്‌ സമകാലീന കേരളത്തില്‍ കാണുന്നത്‌. മുഹമ്മദെന്ന പേരുപയോഗിച്ച്‌ പ്രവാചകനായ മുഹമ്മദു നബിയെ ആക്ഷേപിച്ചെന്ന പേരില്‍ ജോസഫിന്റെ കൈവെട്ടുമ്പോള്‍ സംഭവിക്കുന്നതും ഇതാണ്‌. ഒരു ദൈവത്തിനു വേണ്ടി മറ്റുചില ദൈവങ്ങള്‍ ചേര്‍ന്ന്‌ വേറൊരു ദൈവത്തിന്റെ കരം ഛേദിക്കുന്നു.

ഭ്രാന്തനെ മുഹമ്മദാക്കിയപ്പോള്‍
ന്യൂമാന്‍ കോളജിലെ ജോസഫ്‌ എന്ന അധ്യാപകന്‍ കൃത്യമായ വര്‍ഗീയ അജണ്ടകളെന്തെങ്കിലും വച്ചു പുലര്‍ത്തിയിരുന്നതായി ആരും പറഞ്ഞു കേട്ടില്ല. എന്നിട്ടും പി.ടിയുടെ പുസ്‌തകത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത ഭാഗത്തിലെ ഭ്രാന്തന്‌ മുഹമ്മദ്‌ എന്നു നാമകരണം ചെയ്യുമ്പോള്‍ അതില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടെന്ന്‌ അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിയാതെ പോയി. ഒരു പക്ഷേ, പടച്ചോനേ എന്നു ദൈവത്തെ സംബോധന ചെയ്യുന്ന വ്യക്തി ഒരു മുസ്ലീമായിരിക്കുമെന്ന ചിന്ത ഉപബോധമനസ്സില്‍ ഉള്‍ച്ചേര്‍ന്നതാകാം ഇത്തരമൊരു നാമകരണത്തിലേക്ക്‌ പ്രസ്‌തുത അധ്യാപകനെ നയിച്ചത്‌. പക്ഷേ, മുഹമ്മദ്‌ വെറുമൊരു പേരല്ലെന്നും ഇസ്ലാം സമൂഹം ആദരിക്കുന്ന പ്രവാചകനായ നബിതിരുമേനിയാണെന്നും അദ്ദേഹത്തിന്റെ ഉപബോധ മനസ്സ്‌ പറഞ്ഞുകൊടുക്കാതിരുന്നത്‌ കേവലം പേരുകളിലേക്ക്‌ നമ്മുടെ ദൈവങ്ങള്‍ ചിതറിപ്പോയതിന്റെ പരിണതഫലമാണ്‌. ജോസഫ്‌ എന്ന കോളജ്‌ അധ്യാപകന്‌ മുഹമ്മദും കൃഷ്‌ണനും ദൈവമല്ലാത്തതിനാലാണ്‌ ഇങ്ങിനെ സംഭവിച്ചത്‌.
പേരുകളില്‍ നിന്ന്‌ ദൈവം ഇറങ്ങിവരുന്നതും വളരെ പെട്ടെന്നാണ്‌. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുമ്പോള്‍ 'മുഹമ്മദ്‌ എന്ന ഭ്രാന്തന്‍' എന്നായിരുന്നു അധ്യാപകന്‍ എഴുതിച്ചേര്‍ത്തിരുന്നതെങ്കില്‍ ഉണ്ടാകുമായിരുന്ന ചെറിയൊരു ആശയക്കുഴപ്പം പോലും അവശേഷിപ്പിക്കാതെ ഇവിടെ ചോദ്യപ്പേപ്പറിലെ മുഹമ്മദ്‌ തന്റെ അയല്‍ക്കാരനായ, ഭ്രാന്തനോ നിരീശ്വരവാദിയോ ആയ മുഹമ്മദല്ല മറിച്ച്‌ താന്‍ ആരാധിക്കുന്ന പ്രവാചകനായ മുഹമ്മദ്‌ മാത്രമാണെന്ന്‌ തല്‍പരകക്ഷികള്‍ വ്യവച്ഛേദിച്ചറിഞ്ഞു. കാരണം തങ്ങള്‍ക്കു പ്രതികരിക്കാനായി ആരെങ്കിലും ദൈവത്തിന്റെ പേര്‌ ഉപയോഗിക്കുന്നതു കാത്തിരിക്കുകയായിരുന്നു അവര്‍.

പേരിലെ സംഘര്‍ഷം
ഇനി ചിന്തിക്കുക, പ്രസ്‌തുത ചോദ്യഭാഗത്തില്‍ മറ്റേതെങ്കിലും പേരാണു വന്നതെങ്കില്‍? മുഹമ്മദിന്റെ സ്ഥാനത്തു തോമസായിരുന്നെങ്കില്‍ ചോദ്യത്തിലെ പടച്ചോനെ എന്ന വിളി മാറി കര്‍ത്താവേ എന്നാകുമായിരുന്നു. ഒരു ശങ്കരനായിരുന്നു ചോദ്യകര്‍ത്താവെങ്കില്‍ ഈശ്വരാ എന്നായിരിക്കും ഒരുപക്ഷേ, സംബോധന ചെയ്യുക. പക്ഷെ, ചോദ്യത്തിനാധാരമായ പാഠഭാഗത്തില്‍ ഭ്രാന്തന്‍ സംബോധന ചെയ്‌തത്‌ പടച്ചോനെ എന്നായിപ്പോയി. അതുകൊണ്ടാകാം ചോദ്യകര്‍ത്താവിന്റൈ മതം മാറ്റാന്‍ ജോസഫ്‌ എന്ന അധ്യാപകന്‌ സാധിക്കാതെ പോയത്‌.
മുഹമ്മദിന്റെ സ്ഥാനത്ത്‌ തോമസ്‌ കുടിയേറിയിരുന്നെങ്കില്‍ ഒരു പക്ഷേ, ആരോരുമറിയാതെ ജോസഫിന്‌ തൊഴില്‍ നഷ്‌ടപ്പെടുമായിരുന്നു. മതമില്ലാത്ത ജീവനെ ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ അവതരിപ്പിച്ചതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടയലേഖനം പുറപ്പെടുവിച്ചവര്‍ തങ്ങളുടെ കുഞ്ഞാടുകളിലൊരാള്‍ ദൈവനിന്ദ പറയുന്നത്‌ സഹിക്കുമെന്നു കരുതുക വയ്യ. വിശുദ്ധ തോമാശ്ലീഹായെ കര്‍ത്താവായ യേശുക്രിസ്‌തു നായിന്റെ മോനേ എന്നു വിളിക്കുക വിശ്വാസിയെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്‌.
അവിടെ ശങ്കരനാണു വരുന്നതെങ്കിലോ? ഇപ്പോഴത്തേതില്‍ നിന്നു മറിച്ചാവില്ല ഫലം. സര്‍വ്വജ്ഞപീഠം കയറിയ ശങ്കരനെ ഏതു ദൈവമാണ്‌ നായിന്റെ മോനേ എന്നു വിളിക്കുക? ഇവിടെ കലാപം സൃഷ്‌ടിക്കുക സ്വാഭാവികമായും കാവിധാരികളായ വിശ്വാസികളായിരിക്കും.

ടെലിവിഷന്‍ സ്‌ക്രീനില്‍ അവിവാഹിതയായ യുവതി ദൈവവേഷം ധരിച്ചെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുവാങ്ങിയാല്‍ അവള്‍ക്കു പിന്നെ ഒരു വിവാഹജീവിതം പോലും അനുവദിക്കപ്പെടില്ലാത്ത കാലത്തിലേക്കാണ്‌ വിശ്വാസം സംക്രമിക്കുന്നത്‌. ദൈവത്തെ നടിയുടെ രൂപത്തില്‍ കാണാന്‍ അവര്‍ ഇഷ്‌ടപ്പെടില്ല. നടി അവര്‍ക്കു മുന്നില്‍ ദൈവമാണ്‌. ആ നടിയെപ്പറ്റി നാളെ ഏതെങ്കിലും മാധ്യമത്തില്‍ ഒരു ഗോസിപ്പു വന്നാല്‍ അതും അവര്‍ സഹിക്കില്ല.

ഈ പോക്കിന്റെ അപകടം മറ്റൊന്നാണ്‌. നാളെ ഏതെങ്കിലുമൊരു സ്‌ത്രീപീഢനക്കേസിലോ കവര്‍ച്ചക്കേസിലോ ഒരു ദൈവനാമധാരി പ്രതിയാക്കപ്പെട്ടാല്‍ അവിടെയും പേരു മാറി ദൈവം വന്നേക്കാം. കവര്‍ച്ചക്കേസില്‍ മുഹമ്മദിനെ സംശയിക്കുന്നുവെന്നോ, മുഹമ്മദ്‌ പിടിയിലായെന്നോ മാധ്യമങ്ങള്‍ക്ക്‌ പറയാനാകില്ല. അങ്ങിനെ വന്നാല്‍ ആ വാര്‍ത്ത എഴുതുന്നവരുടെ കരങ്ങള്‍ ഛേദിക്കപ്പെട്ടേക്കാം.
ഇവിടെ രൂപപ്പെടുന്നത്‌ പേരിന്റെ പേരിലുള്ള സംഘര്‍ഷങ്ങളാണ്‌.

വിമാനത്തില്‍ കണ്ട പൊതിയില്‍ പൊട്ടാത്ത സ്‌ഫോടക വ്‌സതുവാണെങ്കില്‍, അതു വച്ചത്‌ ഒരു മുഹമ്മദാണെങ്കില്‍ സാധനം ഉഗ്രശേഷിയുള്ള ബോംബായിരുന്നുവെന്ന്‌ മാധ്യമങ്ങള്‍ സ്ഥാപിക്കും. അയാളുടെ രാജ്യാന്തര തീവ്രവാദ ബന്ധങ്ങള്‍ തേടിയലയും. ഒീട്ടുകാരെ പരിശോധനയുടെ പേരില്‍ നിരന്തരം പീഢിപ്പിക്കും. മറിച്ച്‌ അതു വച്ചത്‌ ഒരു രാധാകൃഷ്‌ണനാണെന്നു തെളിഞ്ഞാല്‍ സാധനം വെറും ഏറുപടക്കമായി മാറും. കേവലം
മാനസ്സിക വിഭ്രാന്തിയോ അല്ലെങ്കില്‍ വ്യക്തിവൈരാഗ്യമോ മാത്രമായി അതിന്റെ കാരണം കണ്ടുപിടിച്ച്‌ പുസ്‌തകം അടച്ചു വയ്‌ക്കും. മാധ്യമങ്ങളുടെയും യാഥാസ്ഥികവിശ്വാസങ്ങല്‍ മാത്രം പുലര്‍ത്തുന്ന കുറ്റാന്വേഷണ ഏജന്‍സികളുടേയും ഈ ഇരട്ടത്താപ്പിനിടയിലാണ്‌ മുഹമ്മദ്‌ വെറും പേരല്ല, മറിച്ച്‌ ഞങ്ങളുടെ പ്രവാചകനാണെന്ന വാദവുമായി എതിര്‍പക്ഷം രംഗത്തിറങ്ങുന്നത്‌.

നാളെ ഒരു കഥാകാരനും മുഹമ്മദ്‌ എന്ന മദ്യപാനിയെപ്പറ്റി എഴുതാനാകില്ല. നിരുപ്‌ദ്രവകരാമയ അത്തരം എഴുത്തുകളിലെ പേരുകള്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനു മുമ്പുതന്നെ മുഹമ്മദ്‌ എന്ന പേരുകാരന്‍ കഥയിലെ വില്ലനും ക്രൂരനുമായി ചിത്രീകരിക്കുന്ന പ്രവണത മലയാളസിനിമയിലെയും നാടകങ്ങളിലേയും സവര്‍ണഎഴുത്തുകാര്‍ തുടങ്ങി വച്ചിരുന്നു. എഴുതും മുമ്പ്‌ കഥാപാത്രത്തിന്റെ ജാതിയും മതവും നോക്കേണ്ട അവസ്ഥ മലയാളത്തിലെ എഴുത്തുകരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയതും പേര്‌ വെറുമൊരു വ്യക്തിയുടെ ഐഡന്റിറ്റിക്കപ്പുറം പലതുമായപ്പോഴാണ്‌. ആക്കിത്തീര്‍ത്തപ്പോഴാണ്‌.

(കലാകൗമുദി ലക്കം 1819ല്‍ പ്രസിദ്ധീകരിച്ചത്‌.)

Thursday, March 18, 2010

സംസ്‌കൃതഭാഷയുടെ അംബാസിഡര്‍



കാലടി സംസ്‌കൃത സര്‍വ്വകലാശാല നടന്‍ മോഹന്‍ലാലിന്‌ ഓണററി ഡി.ലിറ്റ്‌ ബിരുദം നല്‍കിയ അതേദിവസം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിനു സമീപത്തെ വിശാലമായ മുറ്റത്ത്‌ ഒരു നാടകം അരങ്ങേറി. പച്ചമലയാളം കൊണ്ട്‌ ഒരുക്കിയെടുത്ത അവനവന്‍ കടമ്പ. നാടകാവതരണ വേദിക്കു സമീപം വെളുത്തു മെലിഞ്ഞ ആ മനുഷ്യന്‍ ഒരു പുതു സാഹിത്യസൃഷ്‌ടിയെന്നവണ്ണം നാടകം ആസ്വദിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. കാവാലം നാരായണപ്പണിക്കര്‍. തനിക്കുകിട്ടിയ ഡി ലിറ്റ്‌ ബിരുദം അമ്മയ്‌ക്കു (താരസംഘടനയായ അമ്മ അല്ലെന്ന്‌ വിശ്വസിക്കാം.) സമര്‍പ്പിക്കുന്നുവെന്ന്‌ മോഹന്‍ലാല്‍ പ്രസ്‌താവിക്കുമ്പോള്‍ മോഹന്‍ലാലിലെ കര്‍ണഭാരത്തിലെ കര്‍ണനാക്കി മാറ്റിയ ഗിരീഷ്‌ അവനവന്‍ കടമ്പയിലെ ദേശത്തുടയാനായി ആടിത്തിമിര്‍ക്കുകയായിരുന്നു.
കര്‍ണഭാരം പോലെ എത്രയോ സംസ്‌കൃതനാടകങ്ങള്‍ കാവാലം സ്വന്തം സംവിധാനശൈലിയില്‍ അരങ്ങത്തെത്തിച്ചിരിക്കുന്നു. അതും അവയുടെ സംസ്‌കൃത ശൈലിയില്‍ യാതൊരു കോട്ടവും വരാതെ. കര്‍ണഭാരത്തിനൊപ്പം മധ്യമവ്യായോഗം, മാളവികാഗ്നിമിത്രം, വിക്രമോര്‍വശീയം, ശാകുന്തളം തുടങ്ങി ഭാസനും, ബാണനും, കാളിദാസനുമെല്ലാം സംസ്‌കൃതത്തില്‍ വിരചിച്ചുവച്ച മഹത്തായ നാടകകൃതികള്‍ മലയാളം മാത്രമല്ല, ലോകത്തെമ്പാടും നാടകാസ്വാദകര്‍ തനിമ ചോരാതെ കണ്ടത്‌ കാവാലത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയാണ്‌.
ബോധായനന്റെ ഭഗവദ്ദജ്ജുകം എന്ന പ്രഹസനം ഇന്നും നാടകാസ്വാദകരെ ആകര്‍ഷിച്ച്‌ രംഗവേദികള്‍ കീഴടക്കുന്നത്‌ കാവാലത്തിന്റെ സംവിധാനപ്രതിഭ ഒന്നുകൊണ്ടുമാത്രമാണ്‌. കാവാലം നാരായണപ്പണിക്കരോളം മലയാളഭാഷയില്‍ നിന്ന്‌ സംസ്‌കൃതത്തിനു സംഭാവനകള്‍ നല്‍കിയ മറ്റാരെങ്കിലുമുണ്ടോ?
കര്‍ണഭാരം മോഹന്‍ലാലിന്റെ ഒരു ആഗ്രഹമായിരുന്നു. അത്‌ പൂര്‍ത്തീകരിക്കപ്പെട്ടു. പക്ഷെ, അതുകൊണ്ട്‌ സംസ്‌കൃതഭാഷയ്‌ക്ക്‌ എന്തു ഗുണമാണു ലഭിച്ചത്‌? ലാലിനെ കര്‍ണനാക്കി ഒരുക്കിയെടുത്തത്‌ ഗീരീശനാണ്‌. മുപ്പതു വര്‍ഷമായി അദ്ദേഹം സോപാനത്തിലെ കലാകാരനായി തുടരുന്നു. മിക്ക സംസ്‌കൃതനാടകങ്ങളിലും പ്രധാന വേഷം ചെയ്യുന്ന ഗീരീശന്‌ ഇതുവരെ ലഭിച്ചിരിക്കുന്നത്‌ സുഹൃത്തുക്കളെല്ലാം ചേര്‍ന്നു നല്‍കിയ ഭരത്‌ഗോപി പുരസ്‌കാരം മാത്രമാണ്‌. ഗിരീശന്‍ തന്റെ അഭിനയപ്രതിഭയിലൂടെ സംസ്‌കൃതത്തിനു നല്‍കിയ പ്രചാരത്തിന്റെ പത്തിലൊരംശം പോലും സംഭാവന ചെയ്യാന്‍ മോഹന്‍ലാലിനു കഴിഞ്ഞിട്ടില്ല.
ഡി.ലിറ്റ്‌ ലഭിച്ചശേഷം ലാല്‍ പങ്കെടുക്കുന്ന ആദ്യ ചടങ്ങ്‌ തിരുവനന്തപുരം സംസ്‌കൃതകോളജിലാണ്‌. ഭാസനാടകങ്ങളെപ്പറ്റിയുള്ള ത്രിദിന ദേശീയസെമിനാറിന്റെ ഉദ്‌ഘാടനമാണത്‌. സംസ്‌കൃത നാടകങ്ങളെപ്പറ്റിയും സംസ്‌കൃതഭാഷയെപ്പറ്റിയും സംസ്‌കൃതകോളജിലെ വിദ്യാര്‍ഥികളോടു സംസാരിക്കാന്‍, പ്രസ്‌തുത ചടങ്ങ്‌ ഉദ്‌ഘാടിക്കാന്‍ മോഹന്‍ലാലിനോളം യോഗ്യത മറ്റാര്‍ക്കുണ്ട്‌? മദ്യത്തിന്റെയും, പട്ടാളത്തിന്റെയും, മാലിന്യവിമുക്തസ്വര്‍ണത്തിന്റെയും, ഖദറിന്റെയും കൂടെ സംസ്‌കൃതഭാഷയുടെ കൂടി അംബാസിഡറാകാന്‍ ലാല്‍ കാണിക്കുന്ന മഹാമനസ്‌കത എത്ര പ്രശംസിച്ചാലും മതിയാവുന്നതല്ല.
കര്‍ണഭാരത്തിലെ ആദ്യശ്‌ളോകം കാണാതെ പഠിച്ച്‌ അതിന്റെ ഒരു സോളോ പെര്‍ഫോമന്‍സ്‌ നടത്തിയായിരിക്കും ലാല്‍ പ്രസ്‌തുത ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയെന്നാണ്‌ സൂചന. സംസ്‌കൃതത്തില്‍ ഡോക്‌ടറേറ്റ്‌ കിട്ടിയ പദ്‌മശ്രീ ഭരത്‌ ലഫ്‌റ്റ്‌നന്റ്‌ കേണല്‍ ഡോ. മോഹന്‍ലാല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍ കാവാലം നാരായണപ്പണിക്കര്‍ ഒരു പ്രഭാഷകനായി ഇരിപ്പുണ്ടാകും. ഭാഗ്യം, അദ്ദേഹത്തിന്റെ പേരിനു മുന്നില്‍ (ആരും ചേര്‍ക്കാറില്ലെങ്കിലും) ഒരു പദ്‌മഭൂഷന്‍ ഒളിച്ചിരിപ്പുണ്ടെന്നതുമാത്രമാണ്‌ അല്‍പം ആശ്വാസം.
ഇത്രയുമായ സ്ഥിതിക്ക്‌, ഉദയനാണു താരം എന്ന സിനിമയിലൂടെ നാട്യകലയില്‍ പുതിയ ചില രസങ്ങള്‍ കൂടി സംഭാവന ചെയ്‌ത ജഗതി ശ്രീകുമാറിനെ കൂടി ഡി.ലിറ്റിന്‌ പരിഗണിക്കേണ്ടതാണ്‌. (അദ്ദേഹം അതു വാങ്ങുമോ എന്നറിയില്ല. കാരണം ഡോക്‌ടറേറ്റിനൊന്നും ഇപ്പോഴൊരു വിലയുമില്ലെന്നാണ്‌ അമ്പിളിച്ചേട്ടന്‍ പറയുന്നത്‌. എങ്കിലും ഒന്നു സമീപിച്ചുനോക്കുന്നതില്‍ തെറ്റില്ല.)


Saturday, February 20, 2010

'കേസരി'യുടെ പേരില്‍ പത്രപ്രവര്‍ത്തക സംഘടനയില്‍ പോര്‌


ഒരിടവേളയ്‌ക്കുശേഷം ഞാന്‍ ബ്ലോഗെഴുത്തിലേക്കു തിരിച്ചുവരികയാണ്‌. വിര്‍ച്വല്‍ മീഡിയയില്‍ തന്നെ അത്യാവശ്യം സാമ്പത്തികം ലഭിക്കും വിധം എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതിനാലായിരുന്നു ബ്ലോഗ്‌ കുറേക്കാലമായി നിശ്ചലമായിട്ടിരുന്നത്‌. പക്ഷെ, മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഒരു സംഭവം വന്നപ്പോള്‍ പ്രസ്‌തുത ന്യൂസ്‌ പോര്‍ട്ടല്‍ എന്റെ വാക്കുകളെ നിര്‍ദ്ദയം തള്ളിക്കളഞ്ഞു. ആയതിനാല്‍ ഞാനിത്‌ ബ്ലോഗിലേക്കു പകര്‍ത്തുന്നു. പ്രസ്‌തുത വാര്‍ത്ത താഴെക്കൊടുക്കുന്നു.

തിരുവനന്തപുരം: പത്രപ്രവര്‍ത്തകരുടെ സംഘടനയായ കേരള യൂണിയന്‍ ഓഫ്‌ വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌സ്‌ (കെ.യു.ഡബ്‌ള്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംസ്ഥാന സമിതിയും തമ്മില്‍ ഇടയുന്നു. ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള കേസരി സ്‌മാരക ട്രസ്റ്റിന്റെ മന്ദിരനിര്‍മാണത്തില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണമാണ്‌ ഇതിനു പിന്നില്‍. സംഘടനയെ പിളര്‍ത്താന്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ സി.പി.എം നീക്കം നടത്തുകയാണെന്നും ആരോപണമുണ്ട്‌. ക്രമക്കേടുണ്ടെന്ന ആരോപണത്തിനു പിന്നിലുള്ളവരില്‍ ഭൂരിപക്ഷവും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നതാണ്‌ ഇതിന്റെ കാരണം.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേസരി സ്‌മാരകട്രസ്റ്റും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പ്രസ്‌ ക്ലബ്ബും പിടിച്ചെടുക്കാന്‍ സംസ്ഥാന സമിതി നീക്കം നടത്തുകയാണെന്നും ആരോപണമുണ്ട്‌. ട്രസ്റ്റ്‌ ഭരണനിയന്ത്രണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ 14ന്‌ ചേര്‍ന്ന പൊതുയോഗം കയ്യാങ്കളിയുടെ വക്കിലാണവസാനിച്ചത്‌. ജില്ലാ കമ്മിറ്റിയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്നവരും സംസ്ഥാനസമിതിക്കു പൂര്‍ണ പിന്തുണയുമായി നില്‍ക്കുന്ന ദേശാഭിമാനി സംഘവും തമ്മിലായിരുന്നു പൊതുയോഗത്തില്‍ പ്രധാനമായും 'വാടാ പോടാ' വിളി നടന്നത്‌.

കേരളത്തിലുടനീളം ജില്ലാ പ്രസ്‌ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്‌ കെ.യു.ഡബ്ല്യു.ജെയുടെ ജില്ലാ ഘടകങ്ങള്‍ എന്ന നിലയിലാണ്‌. എന്നാല്‍ തിരുവനന്തപുരത്തു മാത്രം പ്രസ്‌ ക്ലബ്ബ്‌ സ്വതന്ത്രസംഘടനയാണ്‌. കെ.യു.ഡബ്‌ള്യു.ജെയുടെ ജില്ലാ ഘടകത്തിനു കീഴില്‍ ഇവിടെയുള്ളത്‌ കേസരി സ്‌മാരക ട്രസ്റ്റാണ്‌. ജില്ലാ ഘടകത്തിന്റെ ഭാരവാഹികള്‍ തന്നെയാണ്‌ ട്രസ്റ്റിന്റെയും ഭാരവാഹികള്‍. പ്രസ്‌ ക്ലബ്ബിന്റെ സ്വതന്ത്രഭരണസമിതി പിരിച്ചുവിട്ട്‌ കേസരിയുമായി ലയിപ്പിക്കണമെന്ന ആവശ്യവും സംസ്ഥാനസമിതി മുന്നോട്ടു വച്ചതായിട്ടാണ്‌ അറിയുന്നത്‌.
പുളിമൂട്‌ ജംഗ്‌ഷനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേസരി മന്ദിരമാണ്‌ ട്രസ്റ്റിന്റെ പ്രധാന ആസ്‌തി.

ഇപ്പോഴത്തെ ഭരണ സമിതി ഈ മന്ദിരം മോടിപിടിപ്പിച്ച്‌ താഴെയുള്ള രണ്ടുനിലകള്‍ വാടകയ്‌ക്കു നല്‍കിയിട്ട്‌ അധികകാലമായില്ല. ഈ പുനര്‍നിര്‍മാണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടു നടന്നതായാണ്‌ നിലവിലുള്ള ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്‌.
ഇരുപതു ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിച്ചു തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എഴുപതു ലക്ഷം രൂപ ചെലവാക്കിയാണ്‌ പൂര്‍ത്തിയാക്കിയതെന്ന്‌ സംസ്ഥാനസമിതിക്കൊപ്പം നില്‍ക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വഴിവിട്ട്‌ ഒരൂരൂപ പോലും ചെലവാക്കിയിട്ടില്ലെന്നും എല്ലാറ്റിനും കൃത്യമായ കണക്കുണ്ടെന്നുമാണ്‌ മറുവിഭാഗത്തിന്റെ വാദം.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു മൊബൈല്‍ ഷോപ്പും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ കോണ്ടം വില്‍പനശാലയും ഒന്നാം നിലയില്‍ മാതൃഭൂമി ബുക്‌സിന്റെ വില്‍പനശാലയുമാണുള്ളത്‌. ഏതാണ്ട്‌ ഒന്നര ലക്ഷത്തോളം രൂപ ഇവയുടെ വാടകയിനത്തില്‍ പ്രതിമാസം ട്രസ്റ്റിനു ലഭിക്കുന്നുണ്ട്‌. ഡിപ്പോസിറ്റ്‌ ഇനത്തില്‍ ലഭിച്ചിട്ടുള്ള 15 ലക്ഷത്തിന്റെ ബാങ്ക്‌ പലിശയും കേസരി ഹാളിന്റെ വാടകയും പുറമെ.

ഇത്രമാത്രം വരുമാനം ലഭിച്ചുതുടങ്ങിയതാണ്‌ സംസ്ഥാന സമിതി ട്രസ്റ്റ്‌ പ്രവര്‍ത്തനത്തില്‍ കണ്ണുവയ്‌ക്കാന്‍ കാരണമെന്ന്‌ മറുവിഭാഗം ആരോപിക്കുന്നു. വെറും 5000 രൂപ മാത്രം പ്രതിമാസ വരുമാനത്തില്‍ കേസരി പ്രവര്‍ത്തിച്ചപ്പോള്‍ ആരും ട്രസ്‌റ്റ്‌ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും സംസ്ഥാന സമിതിയുടെ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ വരുമാനം മാത്രമാണ്‌ ലക്ഷ്യമെന്നും ആരോപണമുണ്ട്‌. അതുകൊണ്ട്‌ ഭരണഘടന ഭേദഗതി ചെയ്‌ത്‌ ട്രസ്റ്റിന്റെ ഭരണം ഏറ്റെടുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തെ ജില്ലാ ഘടകം ശക്തമായി പ്രതിരോധിക്കുകയാണ്‌. ട്രസ്റ്റിന്‌ നിലവിലുള്ള 32 ലക്ഷം രൂപയുടെ കടബാധ്യത ബാങ്ക്‌ വായ്‌പ എടുത്തു വീട്ടാമെന്നായിരുന്നു ജില്ലാ ഘടകത്തിന്റെ തീരുമാനം. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ക്കെല്ലാം സംസ്ഥാന നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗം തുരങ്കം വച്ചതോടെയാണ്‌ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്‌. അവസാനം ഫെഡറല്‍ ബാങ്കില്‍ നിന്ന്‌ ട്രസ്റ്റിന്‌ വായ്‌പ തുക അനുവദിച്ചു കിട്ടി.

ട്രസ്റ്റിന്റെ ഭരണമാറ്റത്തെപ്പറ്റിയും ആരോപണങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ഞായറാഴ്‌ച വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ഇതുവരെയുണ്ടാകാത്തത്ര ഹാജരാണ്‌ രേഖപ്പെടുത്തിയത്‌. നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഭൂരിപക്ഷവും ജില്ലാ സമിതിയുടെ തീരുമാനങ്ങള്‍ക്കൊപ്പമായിരുന്നു.
ആരോപണത്തില്‍ ഉറച്ചുനിന്ന പത്തുപേരില്‍ ഏഴുപേര്‍ ദേശാഭിമാനിയില്‍ നിന്നുള്ളവരായിരുന്നു. മറ്റു മൂന്നുപേര്‍ മലയാള മനോരമയിലെ രാജീവ്‌ ഗോപാലകൃഷ്‌ണന്‍, മാതൃഭൂമിയിലെ എസ്‌.രാജശേഖരന്‍ പിള്ള, കേരള കൗമുദിയിലെ ഇന്ദ്രബാബു എന്നിവരാണ്‌. ഇതില്‍ ഇന്ദ്രബാബു യോഗത്തിന്റെ അവസാനം തന്റെ അഭിപ്രായം മാറ്റി മറുഭാഗത്തിനൊപ്പം ചേര്‍ന്നു. ക്രമക്കേടിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ രാജശേഖരന്‍പിള്ള സംസ്ഥാന സമിതിക്കു നല്‍കിയ കത്തും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്‌.

ക്രമക്കേടുണ്ടോ എന്ന്‌ അന്വേഷിക്കാന്‍ ഒരു സിവില്‍ എന്‍ജിനീയര്‍, ഒരു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, ഒരു പത്രപ്രവര്‍ത്തകന്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കാമെന്ന്‌ യോഗത്തില്‍ ജില്ലാ സമിതി തീരുമാനിച്ചെങ്കിലും മറുവിഭാഗം അത്‌ അംഗീകരിച്ചില്ല. സംസ്ഥാന സമിതി നിയോഗിച്ചിരിക്കുന്ന അന്വേഷണസമിതിയില്‍ യൂണിയന്റെ രണ്ടു ജില്ലാ സെക്രട്ടറിമാരായ ദേശാഭിമാനിക്കാരും കേരളശബ്ദത്തിലെ ചെറുകര സണ്ണി ലൂക്കോസുമാണ്‌്‌ ആദ്യംനിശ്ചയിക്കപ്പെട്ടതെന്നു പറയുന്നു. ഇത്‌ മറുവിഭാഗത്തിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തുമെന്നു തോന്നിയതിനാല്‍ വേറേ ആളുകളെ നിശ്ചയിച്ചതായാണു സൂചന.

ആരോപണങ്ങളുമായി ബന്ധപ്പെട്ട്‌ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനുമായ മനോഹരന്‍ മോറായി പൊതുയോഗത്തില്‍ പ്രസംഗിച്ചപ്പോഴാണ്‌ പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്‌. മനോഹരന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ നിന്ന്‌ ആരോ 'ഇത്‌ പിണറായിയുടെ വാക്കുകള്‍ പോലുണ്ടല്ലോ' എന്നു വിളിച്ചു പറഞ്ഞു. ഇതേ തുടര്‍ന്ന്‌ പ്രസംഗം നിര്‍ത്തിയ മനോഹരന്‍ 'ആരാടാ പിണറായിയെപ്പറ്റി പറഞ്ഞത്‌?' എന്നു ചോദിച്ചുകൊണ്ട്‌ വേദിയില്‍ നിന്നിറങ്ങി. ഒപ്പം ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന മറ്റ്‌ പത്രപ്രവര്‍ത്തകരും ക്ഷുഭിതരായി എഴുന്നേറ്റു. മാതൃഭൂമി റിപ്പോര്‍ട്ടറായ വി.എസ്‌.ശ്യാംലാല്‍ 'ഞാനാണ്‌ പറഞ്ഞത്‌' എന്നു സമ്മതിച്ച്‌ എഴുന്നേറ്റു. ശ്യാം ലാലിന്‌ പിന്തുണയുമായി മറ്റുള്ളവരും എഴുന്നേറ്റതോടെ യോഗസ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ സംജാതമാകുകയായിരുന്നു. മറുവിഭാഗത്തിനാണ്‌ ഭൂരിപക്ഷമെന്നു മനസ്സിലാക്കിയതോടെ ദേശാഭിമാനിവിഭാഗം യോഗസ്ഥലത്തു നിന്നു പുറത്തുപോകുകയായിരുന്നുവത്രെ.

പ്രശ്‌നത്തെ തുടര്‍ന്ന്‌ ജില്ലാ കമ്മിറ്റിയുടെയും ട്രസ്റ്റിന്റെയും ട്രഷറര്‍ സ്ഥാനത്തു നിന്ന്‌ ദേശാഭിമാനിയിലെ സാജന്‍ ഏവൂജിന്‍ രാജി വച്ചു. ആറു മാസം മുമ്പായിരുന്നു ഇദ്ദേഹം ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്‌. തുടര്‍ന്ന്‌ പുതിയ ട്രഷററായി ജനയുഗത്തിലെ സന്തോഷ്‌ കുമാറിനെ പൊതുയോഗം തിരഞ്ഞെടുത്തു. മന്ദിര നിര്‍മാണ സമയത്തും സന്തോഷ്‌ കുമാറായിരുന്നു ട്രഷറര്‍.

യൂണിയന്‍ ജില്ലാ കമ്മിറ്റിയും ട്രസ്‌റ്റും ദേശാഭിമാനി വിഭാഗത്തിന്‌ പൂര്‍ണമായും അനഭിമതരായവരുടെ നിയന്ത്രണത്തിലാണിപ്പോഴെന്നു പറയുന്നു. സി.പി.എമ്മിലെ പിണറായി വിഭാഗം കടുത്ത ശത്രുവായി കണക്കാക്കുന്ന ഗൗരീദാസന്‍ നായരുടെ ഉപദേശപ്രകാരമാണ്‌ ഇപ്പോഴത്തെ സമിതി പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ഇവരുടെ ആരോപണം. പൊതുയോഗത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ ജില്ലാ സമിതി പിരിച്ചുവിട്ട്‌ അഡ്‌ഹോക്ക്‌ ഭരണം ഏര്‍പ്പെടുത്താനാണ്‌ സംസ്ഥാന സമിതി ശ്രമിക്കുന്നതെന്ന്‌ ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി ദേശാഭിമാനിയിലെ ചിലര്‍, ട്രസ്റ്റില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന കുപ്രചരണം ആരംഭിച്ചതായും ട്രസ്റ്റിലുള്ളവര്‍ പറയുന്നു.

കെ.യു.ഡബ്‌ള്യു.ജെ രൂപീകൃതമാകുന്നതിനും മുമ്പ്‌ 1965ല്‍ തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്നു രൂപീകിരിച്ചതാണ്‌ കേസരി സ്‌മാരകട്രസ്റ്റ്‌. 1968ലാണ്‌ യൂണിയന്‍ നിലവില്‍ വന്നത്‌. പിന്നീട്‌ യൂണിയന്‌ കെട്ടിടം പണിയാന്‍ തിരുവനന്തപുരത്ത്‌ സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ ചാരിറ്റബിള്‍ ആക്ട്‌്‌ പ്രകാരം പ്രവര്‍ത്തിക്കുന്ന ട്രസ്‌റ്റിനെ യൂണിയനുമായി കൂട്ടിച്ചേര്‍ത്ത്‌ അതിന്റെ പിന്‍ബലത്തില്‍ സ്ഥലം സംഘടിപ്പിക്കുകയായിരുന്നത്രെ. പിന്നീട്‌ ട്രസ്റ്റിന്റെ ചുമതല സംസ്ഥാനസമിതി ജില്ലാ സമിതിക്ക്‌ കൈമാറി. ജില്ലാ ഭാരവാഹികളും അംഗങ്ങളും ട്രസ്റ്റിന്റെയും ഭാരവാഹികളും അംഗങ്ങളുമായി തുടരാന്‍ അന്നാണ്‌ ഭരണഘടന ഭേദഗതി ചെയ്‌ത്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ ട്രസ്‌റ്റിന്റെ പേരില്‍ ചിലര്‍ ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ക്കു പിന്നില്‍ സംഘടനയെ പിളര്‍ത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന ആരോപണമുയരാനുള്ള കാരണമിതാണ്‌.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വ്യാപാരികളുടെ സംഘടന പിളര്‍ത്തിയതുപോലെ പത്രപ്രവര്‍ത്തകരുടെ സംഘടനയെയും പിളര്‍ത്താന്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ സി.പി.എം ശ്രമിക്കുകയാണെന്ന്‌ ഒരു വിഭാഗം രഹസ്യമായി ആരോപിക്കുന്നുണ്ട്‌.

(ചെറിയ ചില തിരുത്തുകള്‍ വേണ്ടിവന്നിരിക്കുന്നു.
കേസരിയിലെ പൊതുയോഗത്തില്‍ പിണറായി പരാമര്‍ശത്തിന്റെ പേരില്‍ ദേശാഭിമാനി വിഭാഗം ഇറങ്ങിപ്പോയി എന്ന പരാമര്‍ശം ശരിയല്ലെന്ന്‌ യോഗത്തിലുണ്ടായിരുന്ന ചിലര്‍ വിളിച്ചറിയിച്ചിട്ടുണ്ട്‌. പ്രശ്‌നം രൂക്ഷമാകുന്ന സ്ഥിതി വന്നതോടെ മുതിര്‍ന്ന ചില അംഗങ്ങള്‍ ഇടപെടുകയും ശ്യാംലാലിന്റെ പരാമര്‍ശം തെറ്റായിപ്പോയിയെന്നു സമ്മതിപ്പിച്ച്‌ യോഗം തുടരുകയുമായിരുന്നു.
മറ്റൊരു കാര്യം വിട്ടുപോയതായും ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. മാധ്യമത്തിലെ റിപ്പോര്‍ട്ടറായ ജോണ്‍ പ്രസംഗിച്ചപ്പോള്‍ കെ.യു.ഡബ്‌ള്യു.ജെ സംസ്ഥാന പ്രസിഡന്റായ മനോരമയിലെ രാജഗോപാല്‍ തടസ്സപ്പെടുത്തിയതിനെതിരേയും യോഗത്തില്‍ ബഹളമുണ്ടായി. പിന്നീട്‌ രാജഗോപാലും ഇക്കാര്യത്തില്‍ തന്റെ തെറ്റു സമ്മതിച്ച്‌ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
മൂന്നാമത്തേത്‌, സാജന്‍ ഏവൂജിന്‍ ജില്ലാ ട്രഷറര്‍ സ്ഥാനം രാജിവച്ചത്‌ യോഗത്തിലല്ല. ഒരുമാസം മുമ്പു തന്നെ അദ്ദേഹം തല്‍സ്ഥാനം രാജിവച്ചിരുന്നു.
21.02.10 12.56pm)

Sunday, October 4, 2009

കൂട്ടത്തോടെ മരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തെന്നാല്‍....



മൂന്നുനാലു വര്‍ഷം മുമ്പ്‌, ഒരു ഞായറാഴ്‌ച.

അനുവദിച്ചിട്ടില്ലാത്ത അവധി ആസ്വദിക്കുന്നതിനായി കുടുംബസമേതം അല്‍പം ദൂരെ ഒരു ബന്ധുവീട്ടില്‍ പോയതായിരുന്നു ഞാന്‍. കട്ടപ്പനയിലെ പത്രത്തിന്റെ പ്രാദേശിക ഓഫീസ്‌ അന്നു തുറന്നില്ല. രാത്രി ഏഴു മണിയോടെ തൊടുപുഴയിലെ ജില്ലാ ഓഫീസില്‍ നിന്ന്‌ ഒരു വിളി വന്നു. ഇടുക്കി ഡാമില്‍ എവിടെയോ ഒരു വള്ളം മറിഞ്ഞതായി കേള്‍ക്കുന്നു. അന്വേഷിക്കുക.

ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ്‌ ഏരിയ ഏറെ വിശാലമാണ്‌. ഇതില്‍ എന്റെ പ്രവര്‍ത്തനപരിധിയില്‍ എവിടെയോ ആണ്‌ അപകടം. യാതൊരു വിവരവും കിട്ടുന്നുമില്ല. പൊലീസോ ഫയര്‍ഫോഴ്‌സോ വിവരം അറിഞ്ഞിട്ടില്ല. ഏറെ നേരത്തെ അന്വേഷണത്തിനുശേഷം വിവരംകിട്ടി. അഞ്ചുരുളിയില്‍ നിന്നും വാഴവരയില്‍ നിന്നും വനത്തിലൂടെ സഞ്ചരിച്ചുമാത്രം എത്തിച്ചേരാവുന്ന ഒരു ഭാഗത്താണ്‌ സന്ധ്യയോടെ വള്ളം മറിഞ്ഞത്‌. രണ്ടുപേരെ കാണാതായിട്ടുണ്ട്‌. ഒപ്പം മറ്റൊരു വള്ളത്തില്‍ സഞ്ചരിച്ചവരാണ്‌ വിവരം പുറത്തറിയിച്ചത്‌. വാഴവര സ്വദേശികളെയാണ്‌ കാണാതായത്‌. അവര്‍ വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി തിരിച്ചുവരികയായിരുന്നു. വാഴവരക്കാരായ ചിലര്‍ അന്വേഷിച്ചു പോയിട്ടുണ്ട്‌.
ഏതാണ്ട്‌്‌ ഒരു മണിക്കൂറോളം വീണ്ടും ഫോണ്‍കോളുകള്‍. അവസാനം കാണാതായവരെ തിരയാന്‍ പോയ ഒരു വ്യക്തിയെ ഫോണില്‍ കിട്ടി. അപകടസ്ഥലത്ത്‌ എവിടെനിന്നോ കാറ്റത്ത്‌ ചിലപ്പോള്‍ മൊബൈലിന്‌ റേഞ്ച്‌ കിട്ടും. അങ്ങിനെ പാറിവന്ന റേഞ്ചിന്റെ സഹായത്തോടെ അയാളുമായി വിവരങ്ങള്‍ സംസാരിച്ച്‌ അന്നത്തേക്കു വാര്‍ത്താപുസ്‌തകം മടക്കി.

പിറ്റേന്ന്‌ രാവിലെ അഞ്ചുരുളിക്കു പുറപ്പെട്ടു. ഇരട്ടയാറില്‍ നിന്ന്‌ ഇടുക്കി ജലസംഭരണിയിലേക്ക്‌ വെള്ളം കൊണ്ടുവരുന്ന, മലയുടെ അടിയിലൂടെയുള്ള മൂന്നുകീലോമീറ്ററോളം ദൈര്‍ഘ്യമുള്ള വന്‍ തുരങ്കം അവസാനിക്കുന്നത്‌ അഞ്ചുരുളിയിലാണ്‌. അവിടെ ജലാശയത്തിനു മുന്നില്‍ വഴി അവസാനിക്കുന്നു. പിന്നെ, ജലാശയത്തിന്റെ തീരത്തെ ചെറു വഴിയിലൂടെ സാഹസികമായി നടക്കണം. ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും ഫയര്‍ഫോഴ്‌സ്‌ സംഘം ഒരു വള്ളത്തില്‍ അപകട സ്ഥലത്തേക്കു പോയി. ഞങ്ങള്‍ നടന്നു. ബോട്ടോ മറ്റു സൗകര്യങ്ങളോ ഇല്ല, ജലാശയത്തിലൂടെ പോകാന്‍.

വെള്ളത്തിന്‌ കൊടും തണുപ്പാണ്‌. മുങ്ങിത്തപ്പാനാകില്ല. നീന്തലറിയാവുന്ന ചില ആദിവാസികളും നാട്ടുകാരും മുങ്ങിനോക്കിയെങ്കിലും രക്ഷയില്ലാതെ മടങ്ങി. ഫയര്‍ഫോഴ്‌സിന്റെ പാതാളക്കരണ്ടി അവിടെ ഉപയോഗിക്കാനാകുമായിരുന്നില്ല. ജലാശയത്തിന്റെ അടിത്തട്ടുവരെ ആ ഉപകരണം ചെല്ലില്ല. മുങ്ങാനറിയാവുന്നവരോ അവര്‍ക്കാവശ്യമായ സംവിധാനങ്ങളോ ഫയര്‍ഫോഴ്‌സിനില്ല.

അപകടസ്ഥലത്ത്‌ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ അത്ര മോശമല്ലാത്ത ജനക്കൂട്ടമുണ്ട്‌. അപകടത്തിന്‌ ദൃക്‌സാക്ഷിയായ വ്യക്തികള്‍ മരവിച്ച അവസ്ഥയില്‍ ഇരിക്കുന്നു. കാണാതായവരുടെ ബന്ധുക്കളും സ്ഥലത്തുണ്ട്‌. ഒപ്പം പൊലീസും ഫയര്‍ഫോഴ്‌സും. മറിഞ്ഞ വള്ളം കരയോട്‌ അടുപ്പിച്ചിട്ടിരിക്കുന്നു. തിരച്ചിലിന്‌ ഒന്നുരണ്ടു വള്ളങ്ങളല്ലാതെ ഒരു ബോട്ട്‌ പോലും ലഭിച്ചിട്ടില്ല.

കുറച്ചു കഴിഞ്ഞ്‌ സ്ഥലം എം.എല്‍.എ റോഷി അഗസ്‌റ്റിനും എത്തി. റോഷി അവിടെ നിന്ന്‌ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു, തിരച്ചിലിനു നേവിയുടെ സഹായം അഭ്യര്‍ഥിക്കാനായി. പക്ഷെ അത്‌ ലഭ്യമായില്ല. പണം കെട്ടിവയ്‌ക്കണമെന്നതായിരുന്നു കാരണം. വെള്ളത്തിനടിയില്‍ രണ്ടു കുടുംബങ്ങളുടെ അത്താണിയാണ്‌ കാണാതായിരിക്കുന്നത്‌. വൈകുന്നേരത്തോടെ തിരച്ചില്‍ മതിയാക്കി എല്ലാവരും മടങ്ങി. ഫയര്‍ഫോഴ്‌സ്‌ നേരത്തേ തന്നെ പോയിരുന്നു. പക്ഷെ, നാട്ടുകാരും കാണാതായവരുടെ അയല്‍വാസികളും മടങ്ങിയില്ല. ആരും കണ്ടെത്തിയില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം താനേ വെള്ളത്തില്‍ പൊങ്ങിവരുമെന്ന്‌ അവര്‍ക്കറിയാമായിരുന്നു.
അപകടത്തിനു സാക്ഷിയായവര്‍ വീട്ടില്‍ പോയതേയില്ല. അവിടെ ജലാശയത്തിന്റെ കരയില്‍ കൊടും തണുപ്പത്ത്‌ തീകൂട്ടി തണുപ്പകറ്റി കപ്പയും കാട്ടുകിഴങ്ങും വേവിച്ച്‌ കഴിച്ച്‌ അവര്‍ മൃതദേഹങ്ങള്‍ പൊങ്ങിവരുന്നതും കാത്തിരുന്നു. പിറ്റേന്ന്‌ ഒരു മൃതദേഹം പൊന്തിവന്നു. മൂന്നാം ദിവസം അല്‍പം മാറി അടുത്തതും.

മരിച്ചത്‌ രണ്ടു കുടുംബങ്ങളുടെ ആശ്രയമായ ചെറുപ്പക്കാരാണ്‌. പക്ഷെ, അതൊരു വലിയ ദുരന്തമല്ലല്ലോ സമൂഹത്തിന്‌. അതുകൊണ്ടുതന്നെ ആ ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ക്ക്‌ യാതൊരുവിധ സഹായധനവും ലഭിച്ചില്ല. എന്തിന്‌ കാണാതായാവര്‍ മനുഷ്യരും നമ്മുടെ സഹജീവികളുമാണെന്ന വസ്‌തുതപോലും അധികൃതര്‍ പരിഗണിച്ചില്ലെന്നതായിരുന്നു വാസ്‌തവം. തങ്ങളുടെ ഉറ്റവര്‍ വെള്ളത്തില്‍ ചീര്‍ത്ത ശവങ്ങളായി പൊന്തുന്നതും കാത്ത്‌ കരയ്‌ക്കു കാത്തിരുന്നവരും ഒന്നും ആവശ്യപ്പെട്ടില്ല.

ഓരോ ചെറു ദുരന്തങ്ങളിലും ഓരോ കുടുംബം അനാഥമാക്കപ്പെടുകയാണ്‌. പക്ഷെ, ഒരു കൂട്ടമരണമാണെങ്കിലല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവിടേക്കു തിരിഞ്ഞുനോക്കില്ല. വാഹനാപകടമായാലും തീപിടുത്തമായാലും ബോട്ടപകടമായാലും ഉരുള്‍പൊട്ടലായാലും എല്ലാം സ്ഥിതി ഇതുതന്നെ. സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന്‌ ഇപ്പോഴും വ്യക്തമല്ല. വെള്ളത്തില്‍ കാണാതായവരെ തിരയാന്‍ യാതൊരു സജ്ജീകരണവുമില്ലാതെ നിസ്സാഹായരായി മടങ്ങുന്ന ഫയര്‍ഫോഴ്‌സ്‌ സേന സത്യത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകുകയാണ്‌.

ഇടുക്കി ജില്ലയിലെ ചെമ്മണ്ണാര്‍ ഗ്രാമത്തില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി നാലഞ്ചുപേര്‍ മരിച്ച സംഭവം ഓര്‍ക്കുന്നു. അന്ന്‌ വിവരമറിഞ്ഞ്‌ അന്‍പതു കിലോമീറ്റര്‍ അകലെയുള്ള ചെമ്മണ്ണാറിലേക്ക്‌ കട്ടപ്പനയില്‍ നിന്നു ഫയര്‍ഫോഴ്‌സ്‌ മലകയറിപ്പോയത്‌ 4000 ലിറ്റര്‍ വെള്ളവുമായി വാട്ടര്‍ ടെന്‍ഡര്‍ എന്ന വാഹനത്തിലാണ്‌. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നിരങ്ങിനിരങ്ങി മലകയറുന്ന ഫയര്‍ഫോഴ്‌സ്‌ വാഹനത്തെ എത്രയോ വട്ടം ഞാന്‍ എന്റെ ബൈക്കുമായി പിന്നിലാക്കിയിരിക്കുന്നു. ഫയര്‍ഫോഴ്‌സ്‌ അവിടെയത്തുമ്പോഴേക്കും നല്ലവരായ നാട്ടുകാര്‍ ദുരിതാശ്വാസത്തിള്‍ തങ്ങളാലാകുന്നത്‌ ചെയ്‌തിരിക്കും.

തേക്കടിയിലും അതാണു സംഭവിച്ചത്‌. മരിച്ചവരുടെ എണ്ണം കൂടുതലാതിനാല്‍ ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചു. മരിച്ചവരുടെയെല്ലാം കുടുംബങ്ങള്‍ സാമ്പത്തികമായ അത്ര പ്രശ്‌നത്തിലായിരുന്നില്ലെങ്കിലും സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കി. അപ്പോഴും ഇതൊന്നുമില്ലാതെ, നൂറു കണക്കിനാളുകള്‍, ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നമ്മുടെ റോഡുകളിലും ജലാശയങ്ങളിലും അവസാനിക്കുന്നുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങള്‍ സഹായിക്കാന്‍ സര്‍ക്കാരോ മറ്റ്‌ സംവിധാനങ്ങളോ ഇല്ലാതെ കഷ്ടപ്പെടുന്നുമുണ്ട്‌....
Powered By Blogger

FEEDJIT Live Traffic Feed