Monday, April 20, 2009

വിലയില്ലാതെപോയ നാല്‌ ജന്മങ്ങള്‍


    ഞാന്‍ ഇത്തവണ വോട്ടു ചെയ്‌തില്ല.
    ഇടുക്കിജില്ലയിലെ കല്ലാര്‍ പട്ടം കോളനി ഗവ. എല്‍.പി. സ്‌കൂളില്‍ 68-ാം നമ്പര്‍ ബൂത്തിലായിരുന്നു എനിക്ക്‌ വോട്ട്‌. രാവിലെ 7.30ന്‌ ഞാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ പതിനഞ്ചോളം പേരുണ്ട്‌. സ്‌ത്രീകള്‍ ആരും തന്നെയില്ല. വോട്ടിംഗ്‌ മെഷീന്‍ കേടായതിനാല്‍ ഏഴേകാലോടെ വോട്ടെടുപ്പ്‌ തടസ്സപ്പെട്ടതാണ്‌. 8.40 വരെ ഞാന്‍ ക്യൂവില്‍ നിന്നു. അപ്പോഴേക്കും പത്തിരുപതു സ്‌ത്രീകള്‍ മറ്റൊരു ക്യൂവായി അവിടെയെത്തിയിരുന്നു. പകരം കൊണ്ടുവന്ന മെഷീനും അരമണിക്കൂര്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനക്ഷമമായില്ല. ഇത്തവണ എന്തുവന്നാലും വോട്ടുചെയ്യണമെന്ന വാശിയോടെയാണ്‌ ഞാന്‍ തിരുവനന്തപുരത്തു നിന്ന്‌ വിഷു അവധിക്ക്‌ ഇടുക്കിയിലെത്തിയത്‌. വോട്ടു ചെയ്‌ത്‌ ഒമ്പതരയോടെ അവിടെ നിന്നു തിരുവനന്തപുരത്തിനു തിരിച്ചുപോരാനായിരുന്നു പദ്ധതി. ഒടുവില്‍ മടക്കയാത്ര മുടങ്ങാതിരിക്കാന്‍ ഞാന്‍ വോട്ടു ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ചു.  എട്ടേമുക്കാലായപ്പോള്‍ കയ്യിലിരുന്ന സ്‌ളിപ്പും വലിച്ചെറിഞ്ഞ്‌ ഞാന്‍ ക്യൂവില്‍ നിന്നിറങ്ങി നടന്നു.

     വോട്ടു ചെയ്യാനാകാത്തതില്‍ വളരെ വിഷമത്തോടെയാണ്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയത്‌. ഇവിടെത്തി കംപ്യൂട്ടറില്‍ മെയില്‍ബോക്‌സ്‌ തുറന്നപ്പോഴാണ്‌ മലയാള മനോരമയിലെ സീനിയര്‍ റിപ്പോര്‍ട്ടറായ ജാവേദ്‌ പര്‍വേഷ്‌ എനിക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്‌ത ഒരു മെയില്‍ ശ്രദ്ധയില്‍പെട്ടത്‌. ശശി തരൂരിന്റെ പേരില്‍ ട്രിവാന്‍ഡ്രം ബ്‌ളോഗേഴ്‌സ്‌ ഗ്രൂപ്പില്‍ നടന്ന കൂട്ടയടിയുടെ ആലസ്യത്തിലായിരുന്നു എന്റെ ഇന്‍ബോക്‌സ്‌. അതിനിടയില്‍ ഈ മെയില്‍ എന്നെ ശരിക്കും ഞെട്ടിച്ചു. മാത്രമല്ല, വോട്ടു ചെയ്യാതെ മടങ്ങിപ്പോന്നതില്‍ അപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസവും തോന്നി.

    കൊച്ചിയിലെ 'സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റിട്രീവല്‍ ആന്‍്‌ഡ്‌ ട്രാന്‍സ്‌പ്‌ളാന്റേഷന്‍' (സോര്‍ട്ട്‌) എന്ന സംഘടനയുടെ സെക്രട്ടറിയായ ഡോ.രമേഷ്‌ എസ്‌. ഷേണായ്‌ ജാവേദിനയച്ച മെയിലായിരുന്നു അത്‌. അവയവമാറ്റത്തിന്‌ സന്നദ്ധരാവുന്നവരിലൂടെ കുറേപ്പേര്‍ക്കെങ്കിലും ജീവിതം നല്‍കാന്‍ സദാ പ്രവര്‍ത്തനനിരതമായ സംഘടനയാണ്‌ സോര്‍ട്ട്‌. തിരഞ്ഞെടുപ്പിന്‌ ഏതാനും നാള്‍ മുമ്പ്‌ തനിക്കുണ്ടായ ഒരനുഭവം ഏറെ ഹൃദയവേദനയോടെയാണ്‌ ഡോ. ഷേണായ്‌ തന്റെ മെയിലില്‍ വിവരിക്കുന്നത്‌.

     റോഡപകടത്തില്‍പെട്ട്‌ മസ്‌തിഷ്‌കമരണം സംഭവിച്ച 30കാരനെ ഉത്തരകേരളത്തിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നുറപ്പായ മകന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന്‌ ആ യുവാവിന്റെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ആ ചെറുപ്പക്കാരന്റെ ഹൃദയവും കരളും വൃക്കകളും മറ്റ്‌ നാലു ജീവനുകള്‍ക്ക്‌ താങ്ങായി മാറിയാല്‍ അതിലൂടെ ഒരു ജന്മപുണ്യം സഫലമാകുമെന്ന വിശ്വാസത്തിലായിരുന്നു അവര്‍. ആശുപത്രി അധികൃതര്‍ ഇക്കാര്യം ഉടന്‍തന്നെ ഡോ. ഷേണായിയെ അറിയിച്ചു.

      പക്ഷെ, അപ്പോഴാണ്‌ പ്രതിസന്ധി ഉടലെടുത്തത്‌. അവയവങ്ങള്‍ എടുത്ത്‌ മറ്റൊരു ശരീരത്തില്‍ തുന്നിപ്പിടിപ്പിക്കാന്‍ സൗകര്യമുള്ള റിട്രീവല്‍ സെന്റര്‍ വടക്കന്‍കേരളത്തില്‍ ഒരിടത്തുമില്ല. പിന്നെ അവശേഷിക്കുന്ന മാര്‍ഗം മസ്‌തിഷ്‌കമരണം സംഭവിച്ച ചെറുപ്പക്കാരനെ കൊച്ചിയിലെത്തിക്കുക എന്നതു മാത്രമാണ്‌. ആ യുവാവിനെ റോഡ്‌ മാര്‍ഗം കൊച്ചിയിലെത്തിക്കാന്‍ കുറഞ്ഞത്‌ 8 -10 മണിക്കൂര്‍ വേണം. അവയവങ്ങള്‍ നീക്കം ചെയ്യാന്‍ അഞ്ച്‌- ആറ്‌ മണിക്കൂര്‍ വേറെ. ആ പുണ്യദേഹം തിരിച്ചുകൊണ്ടുപോകാന്‍ വീണ്ടും പത്തു മണിക്കൂറോളം... ഇക്കാരണത്താല്‍ യുവാവിന്റെ സഹോദരങ്ങള്‍ക്ക്‌ അവയവദാനം നടത്തുന്നതിനോട്‌ യോജിപ്പില്ലായിരുന്നു.
ഈ സാഹചര്യത്തിലാണ്‌ ഡോ. ഷേണായി പ്രതിവിധിയെപ്പറ്റി ആലോചിച്ചത്‌. ഹെലിക്കോപ്‌റ്ററില്‍ ഈ യുവാവിന്റെ ശരീരം കൊച്ചിയിലെത്തിച്ചാല്‍ ആ ജീവന്‍ നാലു പേരിലൂടെ ഇനിയും ലോകം കാണും. കേരളത്തില്‍ അപൂര്‍വ്വമായ മഹദ്‌കര്‍മത്തിന്‌ അതൊരു ഉദാത്ത മാതൃകയുമാകും. പക്ഷെ, ഹെലിക്കോപ്‌റ്റര്‍ എങ്ങനെ സംഘടിപ്പിക്കും?

      ഡോ. ഷേണായി അതിനുള്ള ശ്രമം തുടങ്ങി. കൊച്ചി നേവല്‍ ബേസില്‍ നിന്നാണ്‌ പെട്ടെന്ന്‌ ഈ ആകാശവാഹനം ലഭ്യമാക്കാനാകുക. അദ്ദേഹം ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു. പക്ഷെ, കളക്ടര്‍ ഒരു മീറ്റിംഗിലായിരുന്നതിനാല്‍ ആ ശ്രമം നിഷ്‌ഫലമായി. ഡോ. ഷേണായി അടുത്തതായി ജനപ്രതിനിധികളെ ആശ്രയിച്ചു. എം.പിയും എം.എല്‍.എയും ഇതില്‍ ഉള്‍പ്പെടും. (അവരുടെ പേരുകള്‍ എന്തായാലും ഡോ.ഷേണായി വ്യക്തമാക്കുന്നില്ല) ആദ്യം വിളിച്ചയാള്‍ താനൊരാഘോഷത്തിലാണെന്നു പറഞ്ഞ്‌ പെട്ടെന്നു ഫോണ്‍ കട്ടാക്കി. (മൊബൈല്‍ ഫോണ്‍ കട്ടാക്കാനുള്ളതാണല്ലോ!) രണ്ടാമത്തെ ആളാകട്ടെ, വടക്കന്‍ കേരളത്തിലെ ജില്ലാ കളക്ടറുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുകയാണു ചെയ്‌തത്‌. (കൊച്ചി നേവല്‍ ബെയ്‌സില്‍ നിന്ന്‌ ഹെലിക്കോപ്‌റ്റര്‍ ലഭ്യമാക്കാന്‍ തന്റേതായ യാതൊരു ശ്രമവും നടത്താതെ തലയൂരാനായിരുന്നില്ലേ ഈ ജനപ്രതിനിധി അത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്‌?) ഇത്തരമൊരു സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റി തനിക്ക്‌ യാതൊരു ഐഡിയയുമില്ലെന്നാണ്‌ മൂന്നാമത്തെ ജനപ്രതിനിധി പറഞ്ഞത്‌. എന്തെങ്കിലും മാര്‍ഗം തെളിഞ്ഞാല്‍ തിരിച്ചു വിളിക്കാമെന്നു പറഞ്ഞ അദ്ദേഹം വിവിരമറിയാന്‍പോലും പിന്നെ തിരിച്ചുവിളിച്ചില്ലെന്നു ഡോ. ഷേണായി പറയുന്നു.

    എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ യുവാവിന്റെ രണ്ടു കണ്ണുകള്‍ മാത്രം ദാനം ചെയ്‌ത്‌ മാതാപിതാക്കള്‍ സംതൃപ്‌തരായി. തിമിര ശസ്‌ത്രക്രിയ നടത്താന്‍പോലും വിദേശത്തേക്ക്‌ സര്‍ക്കാര്‍ ചെലവില്‍ യാത്രപോകുന്ന ജനപ്രതിനിധികളുടെ നാട്ടിലാണ്‌ അപൂര്‍വ്വമായി മാത്രം സംഭവിക്കാവുന്ന നാലു ജീവനുകള്‍ നിലനിര്‍ത്താനുള്ള ശ്രമം പാഴായിപ്പോയത്‌. തിരഞ്ഞെടുപ്പുകാലത്ത്‌ ഇന്ത്യയുടെ ആകാശത്ത്‌ ഹെലിക്കോപ്‌റ്ററുകളുടെ ട്രാഫിക്‌ ജാം ആണെന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍കൂടി ഇതിനോടു ചേര്‍ത്തു വായിക്കുക.

     കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും അവയവമാറ്റശസ്‌ത്രക്രിയക്ക്‌ ഉപയുക്തമാകും വിധം സജ്ജീകരിക്കണമെന്ന ആവശ്യത്തിന്‌ ഏറെ പഴക്കമുണ്ട്‌. ഇതേപ്പറ്റി മന്ത്രിമാരോട്‌ ആവശ്യപ്പെട്ടപ്പോള്‍ ഒരു മന്ത്രി ചോദിച്ചത്‌ ഡോക്ടര്‍മാര്‍ അവയവ കച്ചവടം ചെയ്യില്ലെന്ന്‌ എന്താണുറപ്പ്‌ എന്നായിരുന്നു. ജനപ്രതിനിധിയായിക്കഴിഞ്ഞാല്‍ സ്വന്തം അധികാരം വില്‍ക്കില്ലെന്ന്‌ യാതൊരു ഉറപ്പുമില്ലാത്തവര്‍ക്കുതന്നെ ജനങ്ങള്‍ വോട്ടുകുത്തുന്നതിനാലാണ്‌ ഇവരൊക്കെ ജയിച്ചുപോകുന്നതെന്ന്‌ ആ മന്ത്രി മറന്നു. മറ്റൊരാള്‍ ഇക്കാര്യത്തില്‍ സോര്‍ട്ടിന്‌ സഹായവാഗ്‌ദാനം ചെയ്‌തെങ്കിലും ഒന്നുമുണ്ടായില്ലെന്ന്‌ ഡോ.ഷേണായി പറയുന്നു.

       ഏറെ മനസ്സു വേദനിച്ചതുകൊണ്ടുമാത്രമാകാം ഡോ. ഷേണായ്‌ ഇക്കാര്യം പുറത്തുപറയുന്നത്‌. ദിവസവും രോഗാതുരമാകുന്ന നമ്മുടെ ആതുരാലയങ്ങളില്‍ മനസ്സാക്ഷിയുള്ള അനവധി ഡോക്ടര്‍മാര്‍ പണിയെടുക്കുന്നുണ്ട്‌. അവരെല്ലാം നിസ്സഹായരാണെന്നതാണ്‌ ഇവിടുത്തെ സ്ഥിതി.
നൂറുകണക്കിനാളുകള്‍ രോഗപീഡയും വേദനയുംകൊണ്ട്‌ പുളയുന്ന നാട്ടില്‍ പെയ്‌ന്‍ ആന്‍്‌ഡ്‌ പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റില്ലാത്ത ഏക മെഡിക്കല്‍ കോളജ്‌ തിരുവനന്തപുരത്തേതാണ്‌. ഇതിനായി നല്‍കിയ പ്രെപ്പോസല്‍ ഇപ്പോഴും ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ പൊടിപിടിച്ചു കിടക്കുന്നു.

        ഇങ്ങനെ എത്രയെത്ര കഥകള്‍. നമുക്ക്‌ ഒരു മുസ്‌തഫയെ സഹായിക്കാനായേക്കും. പക്ഷെ, അതിലും കൂടുതലായി ഇത്തരം ചില കാര്യങ്ങളില്‍ നാം പ്രതികരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ശശി തരൂരിനുവേണ്ടി നമ്മില്‍ ചിലര്‍ വെബ്‌മീഡിയയിലൂടെ പ്രചരണം നടത്തുന്ന സമയത്താണ്‌ ഡോ. ഷേണായിക്ക്‌ ജനപ്രതിനിധികളില്‍ നിന്ന്‌ ഇത്തരമൊരു ദുരനുഭവമുണ്ടായതെന്നോര്‍ക്കുക.
ഈ മെയില്‍ ഏതാനും ദിവസം മുമ്പ്‌ എനിക്കു ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ വോട്ടിടാനായി ക്യൂവില്‍ നില്‍ക്കില്ലായിരുന്നു. കാരണം ഇടുക്കിയില്‍ പി.ടി.തോമസ്‌ ജയിച്ചാലും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ജയിച്ചാലും ഇതിനപ്പുറം എന്തെങ്കിലും സംഭവിക്കുമെന്ന്‌ കരുതുക വയ്യ. ഇന്ത്യന്‍ ജനാധിപത്യത്തിനു സംഭവിച്ച കേടിന്റെ പ്രതീകമായിട്ടാണ്‌ അന്ന്‌ വോട്ടിംഗ്‌ മെഷീന്‍ കേടായതെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ട്‌ വോട്ടുചെയ്യാനാകാതെ പോയതില്‍ ഇപ്പോഴെനിക്കു സന്തോഷമുണ്ട്‌. മനസ്സു നിറയെ. 

Wednesday, March 25, 2009

പേരുമാറ്റാനും ഓരോരോ കാരണങ്ങള്‍


    ഓരോ തവണ കൊല്ലം വഴി ട്രെയിനില്‍ പോകുമ്പോഴും കാപ്പില്‍ എന്ന സ്റ്റേഷന്‍ ഞാന്‍ കാണാറുണ്ട്‌. ആ സ്റ്റേഷനു സമീപത്തെ പാലത്തിനടുത്ത്‌ ഒരു വീടുണ്ട്‌ - റേഡിയോ മന്ദിരം. പണ്ടൊരിക്കല്‍ ഞാന്‍ മനസ്സില്‍ അടയാളപ്പെടുത്തിയ ആ വീട്‌ കണ്ടു പിടിക്കാന്‍ സമീപകാലത്തൊക്കെ ശ്രമിച്ചിരുന്നു. പക്ഷെ, തീവണ്ടി കുതിച്ചുപായുമ്പോള്‍ നിശ്ചലമായി നില്‍ക്കുന്ന ആ വീട്‌ വീണ്ടും എനിക്കു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അല്‍പം പഴയ ആ വീടിന്റെ മുന്നിലെ ഗേറ്റില്‍ ഇംഗ്‌ളീഷില്‍ റേഡിയോ മന്ദിരം എന്ന്‌ എഴുതിവച്ചിട്ടുള്ളതല്ലാതെ മറ്റ്‌ അടയാളങ്ങളൊന്നും മനസ്സില്‍ ബാക്കിയുണ്ടായിരുന്നില്ല.

   ഓരോ യാത്രയിലും നാമെന്തെല്ലാം കാണുന്നു, ആരെയെല്ലാം കാണുന്നു.... ബസില്‍ പോകുമ്പോള്‍ എതിരേ പോകുന്ന ബസില്‍, അല്ലെങ്കില്‍ ബസ്‌ സ്‌റ്റാന്‍ഡില്‍, അതുമല്ലെങ്കില്‍ വഴിയരികിലെ വീട്ടുമുറ്റത്ത്‌ അങ്ങിനെ പലയിടത്തും ചില മുഖങ്ങള്‍ ഒരു നിമിഷം കൂടുതലായി നമ്മുടെ കണ്ണില്‍ പതിയാറുണ്ട്‌. ജീവിതകാലത്തിനിടയ്‌ക്ക്‌ മറ്റനേകം പേര്‍ക്കിടയില്‍ നിന്ന്‌ അല്‍പനിമിഷങ്ങള്‍ മാത്രം കൂടുതലായി അവര്‍ നമുക്കു ദര്‍ശനം തരുന്നതിന്റെ കാരണമെന്താകും? എവിടെയോ ഒരു പരിചയം പോലെ, അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച്‌ കാണാനാഗ്രഹിച്ചതുപോലെ, നാം ആ മുഖത്തേക്കു സൂക്ഷിച്ചുനോക്കുമ്പോഴേക്കും വാഹനം കടന്നുപോയിരിക്കും.

   റേഡിയോ മന്ദിരം അത്തരമൊരു കാഴ്‌ചയായിരുന്നില്ല. പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്ത്‌ നടന്ന ഒരു ചലച്ചിത്ര പഠനക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞാന്‍ പരിചയപ്പെട്ട ഒരാളുടെ വീട്ടുപേരായിരുന്നു അത്‌. നസീം എ. റഹിമെന്നോ മറ്റോ ആയിരുന്നു ആ സുഹൃത്തിന്റെ പേര്‌. വിലാസം കൃത്യമായി ഓര്‍മയിലുണ്ട്‌. റേഡിയോ മന്ദിരം, കാപ്പില്‍ തപാല്‍, ഇടവ.

    കുറേക്കാലം കത്തുകളിലൂടെ ആ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു. ഒരിക്കല്‍ താന്‍ വിദേശത്തേക്കു പോകുന്നുവെന്ന്‌ പറഞ്ഞ്‌ അദ്ദേഹം എഴുത്തു നിര്‍ത്തി. പിന്നീട്‌ ഒരു ബന്ധവുമില്ല. ഇനിയൊട്ട്‌ കണ്ടാലറിയാനുമിടയില്ല. എങ്ങിനെയാണ്‌ വീടിനു റേഡിയോ മന്ദിരം എന്നു പേരു വന്നതെന്നു ചോദിക്കാനായില്ല. പക്ഷെ, ആ പേരിലെ കൗതുകം എന്നെ ആകര്‍ഷിച്ചിരുന്നു. പ്രത്യേകിച്ച്‌ റേഡിയോയുടെ മുന്നില്‍ ചെലവഴിച്ച കൗമാരത്തിന്റെ അവസാന നാളുകളില്‍. കൈമോശം വന്ന ആ വിലാസം പിന്നീടെപ്പോഴോ തീവണ്ടിയാത്രക്കിടയില്‍ കാഴ്‌ചയില്‍പ്പെടുകയായിരുന്നു.

   ഏതാനും ദിവസം മുമ്പ്‌ റേഡിയോ മന്ദിരം ഞാന്‍ വീണ്ടും കാണുമ്പോള്‍ നിറംമങ്ങിയ ഒരു ബ്‌ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രത്തെയാണ്‌ ആ വീട്‌ ഓര്‍മിപ്പിച്ചത്‌. ഗേറ്റിലെ അക്ഷരങ്ങള്‍ക്കും അഴികള്‍ക്കും തുരുമ്പിന്റെ നിറം. എന്നിട്ടും ആ വീടു കണ്ടപ്പോള്‍ മനസ്സിന്‌ വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. കാലങ്ങള്‍ക്കു മുമ്പ്‌ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതുപോലെ.

    റേഡിയോ മന്ദിരമെന്ന പേര്‌ മനസ്സില്‍ പതിഞ്ഞ കാലത്താണ്‌ മറ്റു ചില വീട്ടുപേരുകള്‍കൂടി എന്നെ ആകര്‍ഷിച്ചത്‌. അതും തിരുവനന്തപുരത്തു നടന്ന ഒരു സാഹിത്യ ക്യാംപില്‍ നിന്നാണ്‌ ലഭിച്ചത്‌. ഉണ്ണിക്കൃഷ്‌ണന്‍ പൂഴിക്കാടെന്ന സുഹൃത്തിന്റേതായിരുന്നു അതിലൊന്ന്‌. വീട്ടുപേര്‌ കോളപ്പാട്ടു വടക്കേതില്‍. അതേ ക്യാംപില്‍ നിന്നാണ്‌ മറ്റൊരു പേരു കിട്ടിയത്‌ ചരുവിള പുത്തന്‍വീട്‌. യമുന എസ്‌. പുളിമാത്ത്‌ എന്ന കവയിത്രിയുടേതായിരുന്നു ആ വിലാസം. എഴുത്തിന്റെ ആ ഉര്‍വ്വര കാലം കൊഴിഞ്ഞുപോയി. ഇവരില്‍ പലരും ഇന്നെവിടെയുണ്ടെന്നറിയില്ല. പക്ഷെ, ആ വീട്ടുപേരുകള്‍ എനിക്കോര്‍മയുണ്ട്‌.

    എന്റെ വീട്ടുപേരിന്‌ ഭംഗിപോരെന്നു തോന്നിയ കാലമായിരുന്നു അത്‌. പലരും പുതിയ വീടുവയ്‌ക്കുമ്പോഴാണ്‌ അനുയോജ്യമായ ഒരു പേരിടുക. മക്കള്‍ക്ക്‌ പേരിടുന്നതുപോലൊരു കര്‍മമാണത്‌. അനുയോജ്യമായ പേര്‌ കണ്ടെത്താന്‍ പലപ്പോഴും പലരും തല പുകയ്‌ക്കും. ഒടുവില്‍ പുതിയ വീട്‌ സമീപത്തെങ്ങും പണിയാനിടയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ വിലാസത്തില്‍ ഒരു മൂന്നക്ഷരപ്പേര്‌ പുതിയ വീട്ടുപേരായി ചേര്‍ത്തു. പേരിന്റെ മുന്നിലെ ഇനിഷ്യലിനെ പാടെ അവഗണിച്ചുള്ള നാമകരണം. (ഞങ്ങളുടെ നാട്ടില്‍ ഇനിഷ്യലിന്റെ ആദ്യ അക്ഷരം വീട്ടുപേരിന്റെ ആദ്യക്ഷരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌). പോസ്‌റ്റ്‌മാനെ കണ്ട്‌്‌ വീട്ടുപേരു മാറ്റിയ വിവരം പറയുകയും വിലാസങ്ങളില്‍ പുതിയ പേരുപയോഗിക്കുകയും ചെയ്‌തതോടെ ആ പേര്‌ പതിഞ്ഞുകിട്ടി. സ്വന്തമായി ഒരു വീടു പണിതതിന്റെ സുഖമായിരുന്നു അപ്പോള്‍. പക്ഷെ, പിന്നീട്‌ താമസം മറ്റൊരിടത്തേക്കു മാറിയപ്പോള്‍ അവിടെയും അതേ പേരിലൊരു വീടുണ്ടായിരുന്നു. കത്തുകള്‍ പരസ്‌പരം മാറാന്‍ തുടങ്ങി. ഒടുവില്‍ പോസ്‌റ്റ്‌മാന്‍തന്നെ ഉപായം കണ്ടെത്തി. എന്റെ പേര്‌ മതി വീട്ടുപേരു കാര്യമാക്കേണ്ടന്നായി അദ്ദേഹം.

     വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കിയില്‍ നിന്ന്‌ തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടുപേരിന്‌ പ്രസക്തിയേയില്ലാതായി. ഇവിടെല്ലാം നമ്പറുകളാണ്‌. റസിഡന്റ്‌സ്‌ അസോസിയേഷന്റെയും കോര്‍പ്പറേഷന്റെയും എല്ലാം നമ്പറുകള്‍. കോര്‍പ്പറേഷന്‍ നമ്പറിനു മുന്നിലെ ടി.സി എന്ന ചുരുക്കവും എന്റെ പേരിനു മുന്നിലെ ടി.സി. എന്ന ചുരുക്കവും മറ്റൊരു യാദൃശ്ചികതയായി. ഞാനിട്ട പഴയ വീട്ടുപേര്‌ അപ്രസക്തവും.

     പേരിന്‌ സുഖം പോരെന്നു തോന്നി ഗസറ്റില്‍ പരസ്യം ചെയ്‌ത്‌ പേര്‌ മാറ്റിയവര്‍ ധാരാളമുണ്ട്‌. പക്ഷെ, എനിക്കു മാതാപിതാക്കളിട്ട പേര്‌ ആകര്‍ഷകവും അസാധാരണവുമല്ലെങ്കിലും വലിയ പോരായ്‌മയൊന്നും അതിനുള്ളതായി തോന്നിയിട്ടില്ല. പക്ഷെ, വീട്ടുപേരിന്‍രെ കാര്യത്തിലതല്ല. ഇനി വീടിനൊരു പേരിടണമെങ്കില്‍ ഞാനിനി ഒരു വീടു പണിയണം. പേരുകള്‍ ധാരാളം കയ്യിലുണ്ട്‌. വീടു പണിതാല്‍തന്നെ ഏതു പേരിടുമെന്നതാണു സംശയം. അതിലൊരു പേര്‌ ഞാനിനി എന്റെ ബ്‌ളോഗിനു നല്‍കുകയാണ്‌. വക്രബുദ്ധി എന്ന കുനുഷ്ടു പേരിനോട്‌ വിട. ബ്‌ളോഗിംഗിന്റെ തുടക്കകാലത്ത്‌ അത്ര പരിചയം പോരാതിരുന്നതിനാലാണ്‌ ബ്‌ളോഗിനും പിന്നെ ബ്‌ളോഗറായ എനിക്കും ആ പേരിട്ടത്‌. ഇനിയതു വേണ്ട.

    ഈ പേരു മാറ്റത്തെപ്പറ്റി പറയാന്‍ റേഡിയോ മന്ദിരം ഒരു നിമിത്തമായി എന്നു മാത്രം. പക്ഷെ, ഈ പോസ്‌റ്റ്‌ എഴുതിച്ചുരുക്കും മുമ്പ്‌ എ. അയ്യപ്പന്റെ നാലു വരികള്‍ ഉദ്ധരിക്കട്ടെ...

    വീടില്ലാത്തൊരുവനോട്‌ വീടിന്നൊരു പേരിടാനും
    മക്കളില്ലാത്തൊരുവനോട്‌ കുട്ടിക്കൊരു പേരിടാനും
    ചൊല്ലവേ നീ കൂട്ടുകാരാ
    രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെത്തീ കണ്ടുവോ?


Monday, March 23, 2009

അവധിക്കാലം വീണ്ടും വരുന്നു...

     
    അവധിക്കാലത്തിന്റെ ഓര്‍മകളിലേക്ക്‌ മനസ്സിനെ കൊണ്ടുപോയത്‌ മൈനയാണ്‌.

     അവധിയുടെ ആദ്യ ഓര്‍മകള്‍ തുള്ളിക്കളിക്കുന്നത്‌ വിഷുക്കൈനീട്ടത്തിലാണ്‌. അവധി തുടങ്ങി അധികം വൈകാതെ വിഷുവരും. നാട്ടില്‍ നാലാംക്‌ളാസു വരെയുള്ള പഠനകാലത്തായിരുന്നു വിഷു ഒരാഘോഷമായി മാറിയത്‌. കാരണം ജന്മനാടായ കോലാനിയിലെ (തൊടുപുഴ) ശ്രീകൃഷ്‌ണക്ഷേത്രത്തിലെ ഉല്‍സവം വിഷുവിനാണ്‌. ഒരേയൊരുദിവസത്തെ ആഘോഷം. രണ്ടോ മൂന്നോ രൂപയില്‍ കൂടുതല്‍ ആരും കൈനീട്ടം തരാറില്ല. എങ്കിലും എല്ലാംകൂടി പലപ്പോഴും പത്തു പതിനഞ്ചു രൂപ കിട്ടും. അവധിക്കാലത്തെ ഉല്‍സവങ്ങള്‍ മുഴുവന്‍ ആഘോഷിക്കാനുള്ളതാണ്‌ ഈ പണം. ഉല്‍സവപ്പറമ്പുകളിലെ വച്ചുവടിക്കാരുടെ അരികില്‍ കറങ്ങി നില്‍ക്കും. ഏതു വാങ്ങണമെന്നാണ്‌ സംശയം. 

   ഫിലിം തിരുകിവച്ച്‌ സിനിമ കാണുന്ന ചെറിയ ഫിലിംപെട്ടിയിലായിരുന്നു ആദ്യകൗതുകം. ഇളംപച്ച നിറമുള്ള ഒരു പെട്ടി. വീതി കൂടിയ വശത്ത്‌ വെളുത്ത പ്രതലം. കുറഞ്ഞവശത്തെ ചെറു കുഴലില്‍ ഒരു ലെന്‍സ്‌. സിനിമകള്‍ കാണാന്‍ അവസരം കിട്ടാതിരുന്ന കാലത്തെ സിനിമാതിയേറ്റര്‍ അതായിരുന്നു.

    പിന്നെ വെള്ളത്തിലിട്ട്‌ ചെറിയൊരു തിരികൊളുത്തിയാല്‍ പുകതുപ്പി മൂളിക്കൊണ്ടോടുന്ന ബോട്ട്‌. അത്‌ കാശ്‌ കൂടുതലുള്ളപ്പോള്‍ മാത്രമേ വാങ്ങാന്‍ സാധിച്ചിരുന്നുള്ളു.

     ബുദ്ധിപരീക്ഷിക്കാനുള്ള ഉപകരണമായി വാങ്ങിയ ഒരുതരം പസിലുണ്ട്‌. ഒരു സമചതുരബോര്‍ഡ്‌. അതിന്റെ ഉള്ളില്‍ സമചതുരത്തിലുള്ള നീക്കാവുന്ന കുറേ ചെറു കഷണങ്ങള്‍. അതില്‍ ഒരുവശത്ത്‌ കുറേ അക്കങ്ങളുണ്ടാകും. മറുവശത്ത്‌, ഇപ്പോഴുമോര്‍ക്കുന്നു, ഏഷ്യാഡിന്റെ ചിഹ്നമായ അപ്പുവായിരുന്നു ഉണ്ടായിരുന്നത്‌. കട്ടകള്‍ മാറ്റിമാറ്റി അപ്പുവിന്റെ രൂപമൊപ്പിക്കണം. പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന പ്രയത്‌നമായിരുന്നു അത്‌. (ഇപ്പോള്‍, എത്രപെട്ടെന്ന്‌, കംപ്യൂട്ടര്‍ സ്‌ക്രീനിലെ ബെന്‍ടെന്‍ന്റെ രൂപം മകന്‍ ഏതാനും മൗസ്‌ ക്‌ളിക്കുകളിലൂടെ ചേര്‍ത്തുവയ്‌ക്കുന്നു.) പിന്നെ പല ബന്ധുവീടുകളിലേക്കാണ്‌ യാത്ര. അവിടെയെല്ലാം ഉല്‍സവത്തിന്റെ പഞ്ചാരിമേളങ്ങള്‍. ബന്ധുക്കള്‍ വാങ്ങിത്തന്നിരുന്നതും ഇത്തരം കളിപ്പാട്ടങ്ങളും മലബാര്‍മിഠായിയുമായിരുന്നു. പള്ളിപ്പെരുന്നാളിനു പോകുമ്പോള്‍ ഉല്‍സാഹം വാഴനാരില്‍ കോര്‍ത്തിട്ട അമ്മൂമ്മച്ചെവിപോലുള്ള ഉഴുന്നാട വാങ്ങാനായിരുന്നു.

    അവധിക്കാലത്താണ്‌ സൈക്കിള്‍ യജ്ഞക്കാരെത്തിയിരുന്നത്‌. വൃത്താകൃതിയിലുള്ള മൈതാനത്ത്‌ കയറുകെട്ടിത്തിരിച്ച യജ്ഞശാല. നടുക്ക്‌ ഒരു വലിയ തൂണില്‍ പ്രകാശം ചൊരിഞ്ഞ്‌ ട്യൂബ്‌ ലൈറ്റുകള്‍. റിക്കാര്‍ഡ്‌ പാട്ടിനൊപ്പമുള്ള തട്ടുപൊളിപ്പന്‍ ഡാന്‍സായിരുന്നു ആദ്യ ഇനങ്ങള്‍. എങ്ങനെ നീ മറക്കും, മണവാളന്‍ പാറ, മിഴിയോരം നനഞ്ഞൊഴുകും, സുന്ദരീ നിന്റെ തുമ്പുകെട്ടിയിട്ട... ഇങ്ങനെ ശങ്കറിന്റെയും മേനകയുടേയും ഒക്കെ എത്രയെത്ര പാട്ടുകളാണ്‌ അവര്‍ ഡപ്പാംകൂത്ത്‌ ഡാന്‍സായി കാണിച്ചുതന്നത്‌.

    മൈതാനത്തെ ചുറ്റിക്കെട്ടിയ കയറു വേലികളില്‍ തൂങ്ങി ഓരോ ദിവസവും സര്‍ക്കസു കാണാന്‍ നില്‍ക്കുമായിരുന്നു. ഡാന്‍സിനുശേഷം ്‌അഭ്യാസം തുടങ്ങും. സൈക്കിളിലുള്ള അഭ്യാസമാണ്‌ ആദ്യം. പിന്നെ ചില മാജിക്കുകള്‍. ജീവനുള്ള മനുഷ്യനെ മണ്ണില്‍ കുഴിച്ചുമൂടുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചാണ്‌ കണ്ടു നിന്നത്‌. പിന്നെ, ട്യൂബ്‌ ലൈറ്റിനു മുകളില്‍ കിടന്ന്‌, നെഞ്ചിനുമീതേ വീണ്ടും ട്യൂബ്‌ ലൈറ്റുകള്‍ വച്ച്‌ അതിനും മീതേ കരിങ്കല്ലുവച്ച്‌ കൂടം കൊണ്ടു തല്ലിപ്പൊട്ടിക്കുന്നതു കാണുമ്പോള്‍ ശ്വാസം നിലച്ചുപോയിരുന്നു.

   മുടികള്‍ കൂട്ടിക്കെട്ടി ജീപ്പ്‌ വലിച്ചു മാറ്റുന്നതും തലയില്‍ തീപിടിപ്പിച്ച്‌ ചായ തിളപ്പിക്കുന്നതും.... അങ്ങനെ എത്രയെത്ര അഭ്യാസങ്ങള്‍. പിന്നെ ചെറിയ ചില മാജിക്കുകള്‍, അവസാനം ഒരു ഹാസ്യ നാടകം. ഇതിനിടയില്‍ മൈന പറഞ്ഞ ലേലം വിളി. രണ്ടു രൂപയുടെ തേങ്ങ ആറും ഏഴും രൂപയ്‌ക്കാണ്‌ ലേലത്തില്‍ പോകുക. കാരണം മറ്റൊന്നുമല്ല. അമ്പതുപൈസയില്‍ വിളി തുടങ്ങും. ഒരു രൂപ വിളിക്കുന്നവന്‍ അമ്പതു പൈസകൂടി കൊടുക്കണം. വീണ്ടും വിളിക്കുന്നവന്‍ രണ്ടു വിളിച്ചാല്‍ ഒരു രൂപകൂടി നല്‍കിയിരിക്കണം. അവസാനം ലേലമുറപ്പിക്കുമ്പോള്‍ കമ്പനിക്ക്‌ ആറോ ഏഴോ ഒക്കെ കിട്ടും. ലേലം പിടിച്ചവന്‍ അവസാനമാണ്‌ വിളിച്ചതെങ്കില്‍ രണ്ടു രൂപപോലും ചെലവായിട്ടുണ്ടില്ല. ഇടയ്‌ക്കു വിളിച്ചവര്‍ക്കൊക്കെ കാശു പോയിട്ടുമുണ്ടാകും. ഒരുതരം ചൂതുകളിതന്നെ. ഇപ്പോള്‍ അത്തരം ലേലമില്ല.

   കമല്‍ സംവിധാനം ചെയ്‌ത വിഷ്‌ണുലോകം എന്ന സിനിമയ്‌ക്കുശേഷം ഞാന്‍ സൈക്കിള്‍ യജ്ഞക്കാരെ കണ്ടിട്ടില്ല.

   മറ്റൊരവധിക്കാലം പൂര്‍ണമായും മറയൂരിനുമപ്പുറത്തുള്ള കാന്തല്ലൂരിലായിരുന്നു. അന്നവിടെ, കാന്തല്ലൂര്‍ ജംഗ്‌ഷനില്‍ ട്രിപ്പുജീപ്പുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്തുള്ള ചെറു മൈതാനത്ത്‌ റിക്കാര്‍ഡ്‌ ഡാന്‍സിട്ട്‌ പെണ്‍വേഷംകെട്ടി ഡാന്‍സുകളിക്കുന്ന തമിഴരെ കണ്ടിട്ടുണ്ട്‌. ഒരു ഡാന്‍സ്‌ കഴിഞ്ഞുകഴിയുമ്പോള്‍ അല്‍പം മാറി നിന്ന്‌ പുകവലിക്കുന്ന പെണ്ണുങ്ങള്‍ ഒരു കൗതുകക്കാഴ്‌ച തന്നെയായിരുന്നു.

   നാലാംക്‌ളാസിനുശേഷം അവധിക്കാലം അനുഭവിച്ചിട്ടില്ലെന്നു പറയാം. തൊടുപുഴയില്‍ നിന്ന്‌ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം നടന്നത്‌ ആ വര്‍ഷമാണ്‌. സ്‌കൂള്‍ അടച്ചാലുടന്‍ വിഷു അവധിക്ക്‌ നാട്ടിലൊന്ന്‌ു പോകും. കൈനീട്ടംതന്നെ പ്രധാന ലക്ഷ്യം. വിഷു കഴിഞ്ഞാലുടന്‍ മടക്കം. ഏപ്രില്‍ അവസാനം മുതല്‍ വെക്കേഷന്‍ ട്യൂഷന്‍ ക്‌ളാസുകള്‍..... പ്രീഡിഗ്രിയോടെ അതും ഇല്ലാതായി. കാരണം ഏപ്രില്‍ മെയ്‌ മാസത്തില്‍ മിക്കവാറും പരീക്ഷാച്ചൂടിലായിരിക്കും.

    ഡിഗ്രിയും കഴിഞ്ഞ്‌ ജോലിക്കു കയറിയതേ അവധിയുമില്ലാതായി. മലയാള മനോരമയിലെ പ്രാദേശിക ലേഖകന്‌ ഞായറാഴ്‌ചപോലും അവധിയുണ്ടായിരുന്നില്ല. ഒടുവില്‍ പത്തുവര്‍ഷംകൊണ്ട്‌ അതുമായി താദാത്മ്യം പ്രാപിച്ചു. പിന്നെ അവിടെ നിന്നിറങ്ങി. കേരളകൗമുദിയിലെ 16 മാസത്തെ ജോലിക്കിടയില്‍ കാഷ്വല്‍ ലീവ്‌ കൂടാതെ 40 ദിവസം അവധി കിട്ടേണ്ടതായിരുന്നു. കിട്ടിയത്‌ 15 ദിവസം മാത്രം. പക്ഷെ, അവധിയില്ലാതിരുന്ന പത്തു വര്‍ഷക്കാലം നോക്കുമ്പോള്‍ അതൊരു വലിയ അവധിക്കാലം തന്നെയായിരുന്നു.

   മൈന പറഞ്ഞതുപോലെ അവധി ഇപ്പോഴൊരു ഭയവും പ്രലോഭനവുമാണ്‌. ലീവെടുക്കാതെ വീട്ടിലിരിക്കാനും വര്‍ഷാവസാനം സറണ്ടര്‍ ചെയ്‌ത്‌ പണം വാങ്ങാനും സൗകര്യമുള്ള കുറേ സര്‍ക്കാര്‍ ജീവനക്കാരെങ്കിലും ഉണ്ടെന്നതു പറയാതെ വയ്യ. അവരെ ഓര്‍ത്ത്‌ അസൂയപ്പെട്ടിരുന്നു ഒരു കാലത്ത്‌.

     പക്ഷെ, ഇനി വരുന്നകാലത്ത്‌ അതൊന്നുമുണ്ടാകില്ല. രാവിലെ പത്തുമണിമുതല്‍ വൈകിട്ട്‌ നാലു വരെ മാത്രം സ്‌കൂളില്‍ പോയി പഠിച്ച നമ്മുടെ കാലം പോയി. ഇന്നത്തെ കുട്ടികള്‍ക്ക്‌ അവധിദിനമെന്തെന്നറിയില്ല. അവധദിനത്തിലും ട്യൂഷനും എന്‍ട്രന്‍സും ഒക്കെയാണ്‌. രാവിലെ ആറു മണിക്ക്‌ നടക്കാനിറങ്ങുമ്പോള്‍, പുസ്‌തകബാഗുമായി പോകുന്ന കുട്ടികളെ കാണാം. രാത്രി എട്ടു മണികഴിഞ്ഞും വീടണയാന്‍ തത്രപ്പെടുന്ന അവര്‍... പഠനംകഴിഞ്ഞ്‌ ജോലിയില്‍ കയറുമ്പോള്‍ അവധി അവര്‍ക്കൊരു പ്രശ്‌നമേയാകില്ല. ഓവര്‍ടൈം ജോലി ചെയ്‌ത്‌ പണം ഉണ്ടാക്കുക മാത്രമാകും ലക്ഷ്യം. ഇടയ്‌ക്കൊരു ദിവസം അര്‍മാദിക്കല്‍.... അതിനുള്ള പരിശീലനമാണ്‌ അവധിയില്ലാത്ത പഠനത്തിലൂടെ അവര്‍ നേടുന്നത്‌.
      
      നാമൊക്കെ അവധിയുടെ രസം അനുഭവച്ചതിനാലാണ്‌ അവധിയെപ്പറ്റിയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്നത്‌..... 


Wednesday, March 18, 2009

വിചാരണകള്‍ പോകുന്ന പോക്കേ...


   പുതിയലക്കം നാട്ടുപച്ചയില്‍, എന്റെ 'നായര്‍ മാടമ്പിക്കു കൊമ്പു മുളയ്‌ക്കുമ്പോള്‍' എന്ന പോസ്‌റ്റ്‌ വിച്രണ ചെയ്യപ്പെട്ടിരിക്കുന്നു. വാചാരണകള്‍ നല്ലതാണ്‌. പക്ഷെ എന്‍.കെ എന്ന ഒളിപ്പേരില്‍ വന്ന വിചാരണ ബ്‌ളോഗിനു പുറത്തായതിനാല്‍ ആരോഗ്യകരമായ സംവാദമായി പരിണമിക്കില്ലെന്നു തോന്നിയതിനാല്‍ പ്രസ്‌തുത ഭാരം ഞാന്‍ പോസ്‌റ്റു ചെയ്യുന്നു. 

   ഈ എന്‍.കെ ഒരു നായരാണെന്നാണ്‌ എനിക്ക്‌ ഒറ്റവായനയില്‍ തോന്നിയത്‌. കാരണം, നാരുടെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം പഴയകാലത്തെ പിന്നോക്കക്കാരന്‍രെ ശാപമാണെന്നു ഞാന്‍ പറഞ്ഞത്‌ അദ്ദേഹത്തിന്‌ അത്ര പിടിച്ചില്ല. മാത്രമല്ല, വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരെ ഭര്‍ത്സിക്കുകയും ചെയ്‌തിരിക്കുന്നു. എന്തായാലും നായര്‍ വികാരം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കേ ഇങ്ങനെ പറയാന്‍ പറ്റൂ. ഇതിനു മറുപടി പറയാന്‍ ചിത്രകാരനെപ്പോലുള്ളവര്‍തന്നെ വേണം.

   ഇടയ്‌ക്കു പറഞ്ഞകൊള്ളട്ടെ, നായരോട്‌ എനിക്ക്‌ വിരോധമൊന്നുമില്ല, സഹതാപമേയുള്ളു. ജാതിപറയാന്‍ താല്‍പര്യമില്ലാത്തുകൊണ്ടാണ്‌, എസ്‌.എസ്‌.എല്‍.സി ബുക്കില്‍ എന്റെ ജാതിയായി രേഖപ്പെടുത്തിയിരിക്കുന്നതും ആനുകൂല്യങ്ങളൊന്നും കിട്ടാത്ത വിബാഗത്തിലാണ്‌, നായരോ നമ്പൂരിയോ എന്നു ഞാന്‍ പറയുന്നില്ല, എല്ലാം കണക്കായതിനാല്‍.

  എന്തായാലും തിരുവനന്തപുരത്ത്‌ നായര്‍ മഹാസമ്മേളനം കൂടാനെത്തിയ കുറേ നായന്‍മാര്‍ രാത്രി കുറേ നേരം കള്ളും വാചകമടിയും കമ്യൂണിസ്റ്റ്‌ കോണ്‍ഗ്രസ്‌ തര്‍ക്കങ്ങളുമായി കൂട്ടുകൂടിയത്‌ എന്‍രെ വീട്ടിലായിരുന്നു.....
മാന്യ സുഹൃത്തുക്കളുടെ ശ്രദ്ധയിലേക്ക്‌ ഞാന്‍ നാട്ടുപച്ചയുടെ ലിങ്ക്‌ സമര്‍പ്പിക്കുന്നു. വായിക്കുക, പ്രതികരിക്കുക....

http://nattupacha.com/content.php?id=274 

  

   നായര്‍ മാടമ്പിക്ക്‌ കൊമ്പുമുളക്കുമ്പോള്‍' എന്ന ലേഖനത്തിലൂടെ വക്രബുദ്ധി ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ജഡത്തെ പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നിന്റെ നായര്‍സമൂഹത്തിന്റെ രോഗാവസ്ഥയുടെ ബീജത്തെ ആ ജഡത്തില്‍ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. വക്രമെന്ന്‌ മൂപ്പരുതന്നെ അവകാശപ്പെടുന്നുണ്ടെങ്കിലും ബുദ്ധി നേര്‍രേഖയില്‍ സഞ്ചരിക്കുന്നുണ്ടെന്ന തോന്നലുമായി വായനമുന്നേറി അവസാനഭാഗത്തെത്തുമ്പോഴാണ്‌ ബാലകൃഷ്‌ണപ്പിള്ളയുടെ അലമ്പ്‌ നാക്കിനെക്കവച്ചുവെക്കുന്നതാണ്‌ മൂപ്പരുടെ നീരീക്ഷണം എന്നുമനസ്സിലാവുക.

അതായത്‌ പഴയ ശാപമാണ്‌ നായരുടെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. സാമൂഹിക മുന്നോക്കാവസ്ഥയിലും സാമ്പത്തീക പിന്നോക്കാവസ്ഥയിലും ശാപത്തിന്റെ റോള്‍ കണ്ടുപിടിക്കണമെങ്കില്‍ ബുദ്ധി വക്രത്തില്‍ തന്നെ സഞ്ചരിക്കണം. അപ്പോള്‍ ഉരുത്തിരിഞ്ഞ ചില്ലറ സംശയങ്ങള്‍.

രാഷ്‌ട്രീയമായും സാമ്പത്തീകമായും മുന്‍നിരയിലുള്ള ജാട്ടുകള്‍ രാജസ്ഥാനില്‍ ഒ.ബി.സി. യാണ്‌. കര്‍ണാടകത്തിലെ നായക്‌ എസ്‌.സി.ആണ്‌. നാല്‌മുക്കാലിന്‌ ഗതിയില്ലാത്ത കേരളത്തിലെ ന്യുനപക്ഷവുമായ നായരെങ്ങനെ മുന്നാക്കക്കാരായി. സാമുഹികമായും നായര്‍ ഒ.ബി.സി.യെക്കാള്‍ മുന്നോക്കമല്ല. കള്ളുകുടിയുടെ കാര്യത്തില്‍ പോലും നായരും ഈഴവനും ഒപ്പത്തിനൊപ്പമാണ്‌. സുരാപാനശേഷം രണ്ടുകൂട്ടരും ശക്തിപരീക്ഷിക്കുന്ന ചിരവയും അമ്മിക്കല്ലും വീഴുന്നതും കിണറ്റില്‍ തന്നെയാണ്‌്‌. രണ്ടുപേരും തല്ലുന്നതും കെട്ടിയോളെത്തന്നെയാണ്‌. അപ്പോഴെന്തുകൊണ്ട്‌ നായര്‍ ഒ.ബി.സിയെങ്കിലുമാവുന്നില്ല.

അത്യാവശ്യം കോടതിയില്‍ സാക്ഷിപറയല്‍ അല്ലെങ്കില്‍ ആരും കയറാത്ത എം.എസ്‌.പി പോലുള്ളതില്‍ ഒരു കോണ്‍ഷബ്‌ള്‍ ഉദ്യോഗം. ഇതില്‍പരം മെച്ചപ്പെട്ട ജോലിയൊന്നും നായന്‍മാര്‍ക്കുണ്ടായിരുന്നില്ല. രാമചന്ദ്രന്‍നായര്‍, ഗുപ്‌തന്‍നായര്‍, കൃഷ്‌ണന്‍നായര്‍, വാസുദേവന്‍നായര്‍ പിന്നെ റേഡിയോ നാടകങ്ങളിലെ അനവധി നായന്‍മാരുമായാല്‍ വേറെ ജോലിയുള്ളവര്‍ തീര്‍ന്നു.

സര്‍ക്കാര്‍ ഗുമസ്‌തപ്പണിയില്ലാത്തതുകൊണ്ടാണ്‌ നായര്‍സമുദായം അധ:പതിച്ചുപോയതെന്ന അഭിപ്രായവും വിചാരണക്കാരനില്ല. സമുദായ പുരോഗതിക്ക്‌ മന്നത്തെയും ശ്രീനാരായണഗുരുവിനെയും പോലുള്ള ഉല്‌പതിഷ്‌ണുക്കള്‍ വിഭാവന ചെയ്‌തത്‌ വ്യവസായപുരോഗതിയും കാര്‍ഷികസംസ്‌കാരവും തന്നെയാണ്‌.

മന്നം ഷുഗര്‍മില്ലും ചന്ദ്രികാസോപ്പും കാണുക. ആലുവാ അദൈ്വതാശ്രമത്തിലെ സൂക്തങ്ങളും കൂടി വായിക്കുക - വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാവുക വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക. വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക എന്നത്‌ മാത്രം നടേശര്‍ പുറത്ത്‌ പറയാറില്ല. സ്വകാര്യമാക്കി വച്ചിരിക്കുകയാണ്‌. മുപ്പര്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗുരു ഉദ്ദേശിച്ച വ്യവസായം എന്തായാലും ഈഴവനെയും നായരെയും നശിപ്പിച്ച ലഹരിവ്യവസായമല്ലതാനും. ഒരു ഏറ്റുകത്തി എട്ടായി ഭാഗിച്ചതിന്റെ ഒരു കഷണം മതിയല്ലോ ക്ഷൗരം ചെയ്യാന്‍ എന്നും അതാണ്‌ കള്ളുചെത്തുന്നതിലും അന്തസ്സ്‌ എന്നും ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്‌.

ചെത്താന്‍ തെങ്ങില്‍ വലിഞ്ഞുകയറുന്ന ഈഴവനും ചെലുത്താന്‍ പാട്ടയുമായി താഴെ കാവലിരിക്കുന്ന നായരും തമ്മിലുള്ള ആ ഉദാത്തമായഐക്യം തുടര്‍ന്നും കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌. മാത്രമല്ല കഴിവതും വേഗം ഒരു കരയോഗമോ കടല്‍യോഗമോ എന്തെങ്കിലും വിളിച്ചുചേര്‍ത്ത്‌ രണ്ടുകൂട്ടരും പണിക്കരേയും നടേശനെയും അവരുടെ അന്തരംഗങ്ങളില്‍ നിന്നും താമസംവിനാ കുടിയിറക്കിവെയ്‌ക്കുകയും വേണം.

സ്വന്തം തറവാട്ടിലെ 38000 രൂപ മാസവരുമാനമുള്ള ദരിദ്ര ഈഴവന്റെ കാര്യം നടേശഗുരു ശരിയാക്കട്ടെ. മറ്റുള്ളവരെക്കൊണ്ടുമാത്രം കൊട്ടിച്ചു ശീലമുള്ള വ്യത്യസ്‌തനാം പണിക്കര്‍ ഒന്നു സ്വയം കൊട്ടട്ടെ. മതേതരത്വത്തിന്റെ മറവില്‍ രാജ്യത്ത്‌ നടക്കുന്ന മതാഭാസങ്ങള്‍ക്കുള്ള ജനാധിപത്യപരമായ മറുപടി ബാലറ്റിലൂടെ കൊടുക്കാനുള്ള ബുദ്ധി കേരളത്തിലെ ഈഴവനും നായര്‍ക്കുമുണ്ടെന്നാണ്‌ തോന്നുന്നത്‌. അതില്ലാതാക്കി ഈഴവ-നായന്‍മാരുടെ തലയെണ്ണി വിലപറയലാണ്‌ നടേശന്റെയും പണിക്കരുടെയും അവതാരോദ്ദേശ്യം

Powered By Blogger

FEEDJIT Live Traffic Feed