Saturday, February 20, 2010

'കേസരി'യുടെ പേരില്‍ പത്രപ്രവര്‍ത്തക സംഘടനയില്‍ പോര്‌


ഒരിടവേളയ്‌ക്കുശേഷം ഞാന്‍ ബ്ലോഗെഴുത്തിലേക്കു തിരിച്ചുവരികയാണ്‌. വിര്‍ച്വല്‍ മീഡിയയില്‍ തന്നെ അത്യാവശ്യം സാമ്പത്തികം ലഭിക്കും വിധം എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതിനാലായിരുന്നു ബ്ലോഗ്‌ കുറേക്കാലമായി നിശ്ചലമായിട്ടിരുന്നത്‌. പക്ഷെ, മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഒരു സംഭവം വന്നപ്പോള്‍ പ്രസ്‌തുത ന്യൂസ്‌ പോര്‍ട്ടല്‍ എന്റെ വാക്കുകളെ നിര്‍ദ്ദയം തള്ളിക്കളഞ്ഞു. ആയതിനാല്‍ ഞാനിത്‌ ബ്ലോഗിലേക്കു പകര്‍ത്തുന്നു. പ്രസ്‌തുത വാര്‍ത്ത താഴെക്കൊടുക്കുന്നു.

തിരുവനന്തപുരം: പത്രപ്രവര്‍ത്തകരുടെ സംഘടനയായ കേരള യൂണിയന്‍ ഓഫ്‌ വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌സ്‌ (കെ.യു.ഡബ്‌ള്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംസ്ഥാന സമിതിയും തമ്മില്‍ ഇടയുന്നു. ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള കേസരി സ്‌മാരക ട്രസ്റ്റിന്റെ മന്ദിരനിര്‍മാണത്തില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണമാണ്‌ ഇതിനു പിന്നില്‍. സംഘടനയെ പിളര്‍ത്താന്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ സി.പി.എം നീക്കം നടത്തുകയാണെന്നും ആരോപണമുണ്ട്‌. ക്രമക്കേടുണ്ടെന്ന ആരോപണത്തിനു പിന്നിലുള്ളവരില്‍ ഭൂരിപക്ഷവും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നതാണ്‌ ഇതിന്റെ കാരണം.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേസരി സ്‌മാരകട്രസ്റ്റും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പ്രസ്‌ ക്ലബ്ബും പിടിച്ചെടുക്കാന്‍ സംസ്ഥാന സമിതി നീക്കം നടത്തുകയാണെന്നും ആരോപണമുണ്ട്‌. ട്രസ്റ്റ്‌ ഭരണനിയന്ത്രണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ 14ന്‌ ചേര്‍ന്ന പൊതുയോഗം കയ്യാങ്കളിയുടെ വക്കിലാണവസാനിച്ചത്‌. ജില്ലാ കമ്മിറ്റിയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്നവരും സംസ്ഥാനസമിതിക്കു പൂര്‍ണ പിന്തുണയുമായി നില്‍ക്കുന്ന ദേശാഭിമാനി സംഘവും തമ്മിലായിരുന്നു പൊതുയോഗത്തില്‍ പ്രധാനമായും 'വാടാ പോടാ' വിളി നടന്നത്‌.

കേരളത്തിലുടനീളം ജില്ലാ പ്രസ്‌ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്‌ കെ.യു.ഡബ്ല്യു.ജെയുടെ ജില്ലാ ഘടകങ്ങള്‍ എന്ന നിലയിലാണ്‌. എന്നാല്‍ തിരുവനന്തപുരത്തു മാത്രം പ്രസ്‌ ക്ലബ്ബ്‌ സ്വതന്ത്രസംഘടനയാണ്‌. കെ.യു.ഡബ്‌ള്യു.ജെയുടെ ജില്ലാ ഘടകത്തിനു കീഴില്‍ ഇവിടെയുള്ളത്‌ കേസരി സ്‌മാരക ട്രസ്റ്റാണ്‌. ജില്ലാ ഘടകത്തിന്റെ ഭാരവാഹികള്‍ തന്നെയാണ്‌ ട്രസ്റ്റിന്റെയും ഭാരവാഹികള്‍. പ്രസ്‌ ക്ലബ്ബിന്റെ സ്വതന്ത്രഭരണസമിതി പിരിച്ചുവിട്ട്‌ കേസരിയുമായി ലയിപ്പിക്കണമെന്ന ആവശ്യവും സംസ്ഥാനസമിതി മുന്നോട്ടു വച്ചതായിട്ടാണ്‌ അറിയുന്നത്‌.
പുളിമൂട്‌ ജംഗ്‌ഷനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേസരി മന്ദിരമാണ്‌ ട്രസ്റ്റിന്റെ പ്രധാന ആസ്‌തി.

ഇപ്പോഴത്തെ ഭരണ സമിതി ഈ മന്ദിരം മോടിപിടിപ്പിച്ച്‌ താഴെയുള്ള രണ്ടുനിലകള്‍ വാടകയ്‌ക്കു നല്‍കിയിട്ട്‌ അധികകാലമായില്ല. ഈ പുനര്‍നിര്‍മാണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടു നടന്നതായാണ്‌ നിലവിലുള്ള ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്‌.
ഇരുപതു ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിച്ചു തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എഴുപതു ലക്ഷം രൂപ ചെലവാക്കിയാണ്‌ പൂര്‍ത്തിയാക്കിയതെന്ന്‌ സംസ്ഥാനസമിതിക്കൊപ്പം നില്‍ക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വഴിവിട്ട്‌ ഒരൂരൂപ പോലും ചെലവാക്കിയിട്ടില്ലെന്നും എല്ലാറ്റിനും കൃത്യമായ കണക്കുണ്ടെന്നുമാണ്‌ മറുവിഭാഗത്തിന്റെ വാദം.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു മൊബൈല്‍ ഷോപ്പും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ കോണ്ടം വില്‍പനശാലയും ഒന്നാം നിലയില്‍ മാതൃഭൂമി ബുക്‌സിന്റെ വില്‍പനശാലയുമാണുള്ളത്‌. ഏതാണ്ട്‌ ഒന്നര ലക്ഷത്തോളം രൂപ ഇവയുടെ വാടകയിനത്തില്‍ പ്രതിമാസം ട്രസ്റ്റിനു ലഭിക്കുന്നുണ്ട്‌. ഡിപ്പോസിറ്റ്‌ ഇനത്തില്‍ ലഭിച്ചിട്ടുള്ള 15 ലക്ഷത്തിന്റെ ബാങ്ക്‌ പലിശയും കേസരി ഹാളിന്റെ വാടകയും പുറമെ.

ഇത്രമാത്രം വരുമാനം ലഭിച്ചുതുടങ്ങിയതാണ്‌ സംസ്ഥാന സമിതി ട്രസ്റ്റ്‌ പ്രവര്‍ത്തനത്തില്‍ കണ്ണുവയ്‌ക്കാന്‍ കാരണമെന്ന്‌ മറുവിഭാഗം ആരോപിക്കുന്നു. വെറും 5000 രൂപ മാത്രം പ്രതിമാസ വരുമാനത്തില്‍ കേസരി പ്രവര്‍ത്തിച്ചപ്പോള്‍ ആരും ട്രസ്‌റ്റ്‌ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും സംസ്ഥാന സമിതിയുടെ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ വരുമാനം മാത്രമാണ്‌ ലക്ഷ്യമെന്നും ആരോപണമുണ്ട്‌. അതുകൊണ്ട്‌ ഭരണഘടന ഭേദഗതി ചെയ്‌ത്‌ ട്രസ്റ്റിന്റെ ഭരണം ഏറ്റെടുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തെ ജില്ലാ ഘടകം ശക്തമായി പ്രതിരോധിക്കുകയാണ്‌. ട്രസ്റ്റിന്‌ നിലവിലുള്ള 32 ലക്ഷം രൂപയുടെ കടബാധ്യത ബാങ്ക്‌ വായ്‌പ എടുത്തു വീട്ടാമെന്നായിരുന്നു ജില്ലാ ഘടകത്തിന്റെ തീരുമാനം. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ക്കെല്ലാം സംസ്ഥാന നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗം തുരങ്കം വച്ചതോടെയാണ്‌ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്‌. അവസാനം ഫെഡറല്‍ ബാങ്കില്‍ നിന്ന്‌ ട്രസ്റ്റിന്‌ വായ്‌പ തുക അനുവദിച്ചു കിട്ടി.

ട്രസ്റ്റിന്റെ ഭരണമാറ്റത്തെപ്പറ്റിയും ആരോപണങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ഞായറാഴ്‌ച വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ഇതുവരെയുണ്ടാകാത്തത്ര ഹാജരാണ്‌ രേഖപ്പെടുത്തിയത്‌. നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഭൂരിപക്ഷവും ജില്ലാ സമിതിയുടെ തീരുമാനങ്ങള്‍ക്കൊപ്പമായിരുന്നു.
ആരോപണത്തില്‍ ഉറച്ചുനിന്ന പത്തുപേരില്‍ ഏഴുപേര്‍ ദേശാഭിമാനിയില്‍ നിന്നുള്ളവരായിരുന്നു. മറ്റു മൂന്നുപേര്‍ മലയാള മനോരമയിലെ രാജീവ്‌ ഗോപാലകൃഷ്‌ണന്‍, മാതൃഭൂമിയിലെ എസ്‌.രാജശേഖരന്‍ പിള്ള, കേരള കൗമുദിയിലെ ഇന്ദ്രബാബു എന്നിവരാണ്‌. ഇതില്‍ ഇന്ദ്രബാബു യോഗത്തിന്റെ അവസാനം തന്റെ അഭിപ്രായം മാറ്റി മറുഭാഗത്തിനൊപ്പം ചേര്‍ന്നു. ക്രമക്കേടിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ രാജശേഖരന്‍പിള്ള സംസ്ഥാന സമിതിക്കു നല്‍കിയ കത്തും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്‌.

ക്രമക്കേടുണ്ടോ എന്ന്‌ അന്വേഷിക്കാന്‍ ഒരു സിവില്‍ എന്‍ജിനീയര്‍, ഒരു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, ഒരു പത്രപ്രവര്‍ത്തകന്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കാമെന്ന്‌ യോഗത്തില്‍ ജില്ലാ സമിതി തീരുമാനിച്ചെങ്കിലും മറുവിഭാഗം അത്‌ അംഗീകരിച്ചില്ല. സംസ്ഥാന സമിതി നിയോഗിച്ചിരിക്കുന്ന അന്വേഷണസമിതിയില്‍ യൂണിയന്റെ രണ്ടു ജില്ലാ സെക്രട്ടറിമാരായ ദേശാഭിമാനിക്കാരും കേരളശബ്ദത്തിലെ ചെറുകര സണ്ണി ലൂക്കോസുമാണ്‌്‌ ആദ്യംനിശ്ചയിക്കപ്പെട്ടതെന്നു പറയുന്നു. ഇത്‌ മറുവിഭാഗത്തിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തുമെന്നു തോന്നിയതിനാല്‍ വേറേ ആളുകളെ നിശ്ചയിച്ചതായാണു സൂചന.

ആരോപണങ്ങളുമായി ബന്ധപ്പെട്ട്‌ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനുമായ മനോഹരന്‍ മോറായി പൊതുയോഗത്തില്‍ പ്രസംഗിച്ചപ്പോഴാണ്‌ പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്‌. മനോഹരന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ നിന്ന്‌ ആരോ 'ഇത്‌ പിണറായിയുടെ വാക്കുകള്‍ പോലുണ്ടല്ലോ' എന്നു വിളിച്ചു പറഞ്ഞു. ഇതേ തുടര്‍ന്ന്‌ പ്രസംഗം നിര്‍ത്തിയ മനോഹരന്‍ 'ആരാടാ പിണറായിയെപ്പറ്റി പറഞ്ഞത്‌?' എന്നു ചോദിച്ചുകൊണ്ട്‌ വേദിയില്‍ നിന്നിറങ്ങി. ഒപ്പം ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന മറ്റ്‌ പത്രപ്രവര്‍ത്തകരും ക്ഷുഭിതരായി എഴുന്നേറ്റു. മാതൃഭൂമി റിപ്പോര്‍ട്ടറായ വി.എസ്‌.ശ്യാംലാല്‍ 'ഞാനാണ്‌ പറഞ്ഞത്‌' എന്നു സമ്മതിച്ച്‌ എഴുന്നേറ്റു. ശ്യാം ലാലിന്‌ പിന്തുണയുമായി മറ്റുള്ളവരും എഴുന്നേറ്റതോടെ യോഗസ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ സംജാതമാകുകയായിരുന്നു. മറുവിഭാഗത്തിനാണ്‌ ഭൂരിപക്ഷമെന്നു മനസ്സിലാക്കിയതോടെ ദേശാഭിമാനിവിഭാഗം യോഗസ്ഥലത്തു നിന്നു പുറത്തുപോകുകയായിരുന്നുവത്രെ.

പ്രശ്‌നത്തെ തുടര്‍ന്ന്‌ ജില്ലാ കമ്മിറ്റിയുടെയും ട്രസ്റ്റിന്റെയും ട്രഷറര്‍ സ്ഥാനത്തു നിന്ന്‌ ദേശാഭിമാനിയിലെ സാജന്‍ ഏവൂജിന്‍ രാജി വച്ചു. ആറു മാസം മുമ്പായിരുന്നു ഇദ്ദേഹം ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്‌. തുടര്‍ന്ന്‌ പുതിയ ട്രഷററായി ജനയുഗത്തിലെ സന്തോഷ്‌ കുമാറിനെ പൊതുയോഗം തിരഞ്ഞെടുത്തു. മന്ദിര നിര്‍മാണ സമയത്തും സന്തോഷ്‌ കുമാറായിരുന്നു ട്രഷറര്‍.

യൂണിയന്‍ ജില്ലാ കമ്മിറ്റിയും ട്രസ്‌റ്റും ദേശാഭിമാനി വിഭാഗത്തിന്‌ പൂര്‍ണമായും അനഭിമതരായവരുടെ നിയന്ത്രണത്തിലാണിപ്പോഴെന്നു പറയുന്നു. സി.പി.എമ്മിലെ പിണറായി വിഭാഗം കടുത്ത ശത്രുവായി കണക്കാക്കുന്ന ഗൗരീദാസന്‍ നായരുടെ ഉപദേശപ്രകാരമാണ്‌ ഇപ്പോഴത്തെ സമിതി പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ഇവരുടെ ആരോപണം. പൊതുയോഗത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ ജില്ലാ സമിതി പിരിച്ചുവിട്ട്‌ അഡ്‌ഹോക്ക്‌ ഭരണം ഏര്‍പ്പെടുത്താനാണ്‌ സംസ്ഥാന സമിതി ശ്രമിക്കുന്നതെന്ന്‌ ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി ദേശാഭിമാനിയിലെ ചിലര്‍, ട്രസ്റ്റില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന കുപ്രചരണം ആരംഭിച്ചതായും ട്രസ്റ്റിലുള്ളവര്‍ പറയുന്നു.

കെ.യു.ഡബ്‌ള്യു.ജെ രൂപീകൃതമാകുന്നതിനും മുമ്പ്‌ 1965ല്‍ തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്നു രൂപീകിരിച്ചതാണ്‌ കേസരി സ്‌മാരകട്രസ്റ്റ്‌. 1968ലാണ്‌ യൂണിയന്‍ നിലവില്‍ വന്നത്‌. പിന്നീട്‌ യൂണിയന്‌ കെട്ടിടം പണിയാന്‍ തിരുവനന്തപുരത്ത്‌ സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ ചാരിറ്റബിള്‍ ആക്ട്‌്‌ പ്രകാരം പ്രവര്‍ത്തിക്കുന്ന ട്രസ്‌റ്റിനെ യൂണിയനുമായി കൂട്ടിച്ചേര്‍ത്ത്‌ അതിന്റെ പിന്‍ബലത്തില്‍ സ്ഥലം സംഘടിപ്പിക്കുകയായിരുന്നത്രെ. പിന്നീട്‌ ട്രസ്റ്റിന്റെ ചുമതല സംസ്ഥാനസമിതി ജില്ലാ സമിതിക്ക്‌ കൈമാറി. ജില്ലാ ഭാരവാഹികളും അംഗങ്ങളും ട്രസ്റ്റിന്റെയും ഭാരവാഹികളും അംഗങ്ങളുമായി തുടരാന്‍ അന്നാണ്‌ ഭരണഘടന ഭേദഗതി ചെയ്‌ത്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ ട്രസ്‌റ്റിന്റെ പേരില്‍ ചിലര്‍ ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ക്കു പിന്നില്‍ സംഘടനയെ പിളര്‍ത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന ആരോപണമുയരാനുള്ള കാരണമിതാണ്‌.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വ്യാപാരികളുടെ സംഘടന പിളര്‍ത്തിയതുപോലെ പത്രപ്രവര്‍ത്തകരുടെ സംഘടനയെയും പിളര്‍ത്താന്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ സി.പി.എം ശ്രമിക്കുകയാണെന്ന്‌ ഒരു വിഭാഗം രഹസ്യമായി ആരോപിക്കുന്നുണ്ട്‌.

(ചെറിയ ചില തിരുത്തുകള്‍ വേണ്ടിവന്നിരിക്കുന്നു.
കേസരിയിലെ പൊതുയോഗത്തില്‍ പിണറായി പരാമര്‍ശത്തിന്റെ പേരില്‍ ദേശാഭിമാനി വിഭാഗം ഇറങ്ങിപ്പോയി എന്ന പരാമര്‍ശം ശരിയല്ലെന്ന്‌ യോഗത്തിലുണ്ടായിരുന്ന ചിലര്‍ വിളിച്ചറിയിച്ചിട്ടുണ്ട്‌. പ്രശ്‌നം രൂക്ഷമാകുന്ന സ്ഥിതി വന്നതോടെ മുതിര്‍ന്ന ചില അംഗങ്ങള്‍ ഇടപെടുകയും ശ്യാംലാലിന്റെ പരാമര്‍ശം തെറ്റായിപ്പോയിയെന്നു സമ്മതിപ്പിച്ച്‌ യോഗം തുടരുകയുമായിരുന്നു.
മറ്റൊരു കാര്യം വിട്ടുപോയതായും ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. മാധ്യമത്തിലെ റിപ്പോര്‍ട്ടറായ ജോണ്‍ പ്രസംഗിച്ചപ്പോള്‍ കെ.യു.ഡബ്‌ള്യു.ജെ സംസ്ഥാന പ്രസിഡന്റായ മനോരമയിലെ രാജഗോപാല്‍ തടസ്സപ്പെടുത്തിയതിനെതിരേയും യോഗത്തില്‍ ബഹളമുണ്ടായി. പിന്നീട്‌ രാജഗോപാലും ഇക്കാര്യത്തില്‍ തന്റെ തെറ്റു സമ്മതിച്ച്‌ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
മൂന്നാമത്തേത്‌, സാജന്‍ ഏവൂജിന്‍ ജില്ലാ ട്രഷറര്‍ സ്ഥാനം രാജിവച്ചത്‌ യോഗത്തിലല്ല. ഒരുമാസം മുമ്പു തന്നെ അദ്ദേഹം തല്‍സ്ഥാനം രാജിവച്ചിരുന്നു.
21.02.10 12.56pm)

Sunday, October 4, 2009

കൂട്ടത്തോടെ മരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തെന്നാല്‍....



മൂന്നുനാലു വര്‍ഷം മുമ്പ്‌, ഒരു ഞായറാഴ്‌ച.

അനുവദിച്ചിട്ടില്ലാത്ത അവധി ആസ്വദിക്കുന്നതിനായി കുടുംബസമേതം അല്‍പം ദൂരെ ഒരു ബന്ധുവീട്ടില്‍ പോയതായിരുന്നു ഞാന്‍. കട്ടപ്പനയിലെ പത്രത്തിന്റെ പ്രാദേശിക ഓഫീസ്‌ അന്നു തുറന്നില്ല. രാത്രി ഏഴു മണിയോടെ തൊടുപുഴയിലെ ജില്ലാ ഓഫീസില്‍ നിന്ന്‌ ഒരു വിളി വന്നു. ഇടുക്കി ഡാമില്‍ എവിടെയോ ഒരു വള്ളം മറിഞ്ഞതായി കേള്‍ക്കുന്നു. അന്വേഷിക്കുക.

ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ്‌ ഏരിയ ഏറെ വിശാലമാണ്‌. ഇതില്‍ എന്റെ പ്രവര്‍ത്തനപരിധിയില്‍ എവിടെയോ ആണ്‌ അപകടം. യാതൊരു വിവരവും കിട്ടുന്നുമില്ല. പൊലീസോ ഫയര്‍ഫോഴ്‌സോ വിവരം അറിഞ്ഞിട്ടില്ല. ഏറെ നേരത്തെ അന്വേഷണത്തിനുശേഷം വിവരംകിട്ടി. അഞ്ചുരുളിയില്‍ നിന്നും വാഴവരയില്‍ നിന്നും വനത്തിലൂടെ സഞ്ചരിച്ചുമാത്രം എത്തിച്ചേരാവുന്ന ഒരു ഭാഗത്താണ്‌ സന്ധ്യയോടെ വള്ളം മറിഞ്ഞത്‌. രണ്ടുപേരെ കാണാതായിട്ടുണ്ട്‌. ഒപ്പം മറ്റൊരു വള്ളത്തില്‍ സഞ്ചരിച്ചവരാണ്‌ വിവരം പുറത്തറിയിച്ചത്‌. വാഴവര സ്വദേശികളെയാണ്‌ കാണാതായത്‌. അവര്‍ വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി തിരിച്ചുവരികയായിരുന്നു. വാഴവരക്കാരായ ചിലര്‍ അന്വേഷിച്ചു പോയിട്ടുണ്ട്‌.
ഏതാണ്ട്‌്‌ ഒരു മണിക്കൂറോളം വീണ്ടും ഫോണ്‍കോളുകള്‍. അവസാനം കാണാതായവരെ തിരയാന്‍ പോയ ഒരു വ്യക്തിയെ ഫോണില്‍ കിട്ടി. അപകടസ്ഥലത്ത്‌ എവിടെനിന്നോ കാറ്റത്ത്‌ ചിലപ്പോള്‍ മൊബൈലിന്‌ റേഞ്ച്‌ കിട്ടും. അങ്ങിനെ പാറിവന്ന റേഞ്ചിന്റെ സഹായത്തോടെ അയാളുമായി വിവരങ്ങള്‍ സംസാരിച്ച്‌ അന്നത്തേക്കു വാര്‍ത്താപുസ്‌തകം മടക്കി.

പിറ്റേന്ന്‌ രാവിലെ അഞ്ചുരുളിക്കു പുറപ്പെട്ടു. ഇരട്ടയാറില്‍ നിന്ന്‌ ഇടുക്കി ജലസംഭരണിയിലേക്ക്‌ വെള്ളം കൊണ്ടുവരുന്ന, മലയുടെ അടിയിലൂടെയുള്ള മൂന്നുകീലോമീറ്ററോളം ദൈര്‍ഘ്യമുള്ള വന്‍ തുരങ്കം അവസാനിക്കുന്നത്‌ അഞ്ചുരുളിയിലാണ്‌. അവിടെ ജലാശയത്തിനു മുന്നില്‍ വഴി അവസാനിക്കുന്നു. പിന്നെ, ജലാശയത്തിന്റെ തീരത്തെ ചെറു വഴിയിലൂടെ സാഹസികമായി നടക്കണം. ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും ഫയര്‍ഫോഴ്‌സ്‌ സംഘം ഒരു വള്ളത്തില്‍ അപകട സ്ഥലത്തേക്കു പോയി. ഞങ്ങള്‍ നടന്നു. ബോട്ടോ മറ്റു സൗകര്യങ്ങളോ ഇല്ല, ജലാശയത്തിലൂടെ പോകാന്‍.

വെള്ളത്തിന്‌ കൊടും തണുപ്പാണ്‌. മുങ്ങിത്തപ്പാനാകില്ല. നീന്തലറിയാവുന്ന ചില ആദിവാസികളും നാട്ടുകാരും മുങ്ങിനോക്കിയെങ്കിലും രക്ഷയില്ലാതെ മടങ്ങി. ഫയര്‍ഫോഴ്‌സിന്റെ പാതാളക്കരണ്ടി അവിടെ ഉപയോഗിക്കാനാകുമായിരുന്നില്ല. ജലാശയത്തിന്റെ അടിത്തട്ടുവരെ ആ ഉപകരണം ചെല്ലില്ല. മുങ്ങാനറിയാവുന്നവരോ അവര്‍ക്കാവശ്യമായ സംവിധാനങ്ങളോ ഫയര്‍ഫോഴ്‌സിനില്ല.

അപകടസ്ഥലത്ത്‌ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ അത്ര മോശമല്ലാത്ത ജനക്കൂട്ടമുണ്ട്‌. അപകടത്തിന്‌ ദൃക്‌സാക്ഷിയായ വ്യക്തികള്‍ മരവിച്ച അവസ്ഥയില്‍ ഇരിക്കുന്നു. കാണാതായവരുടെ ബന്ധുക്കളും സ്ഥലത്തുണ്ട്‌. ഒപ്പം പൊലീസും ഫയര്‍ഫോഴ്‌സും. മറിഞ്ഞ വള്ളം കരയോട്‌ അടുപ്പിച്ചിട്ടിരിക്കുന്നു. തിരച്ചിലിന്‌ ഒന്നുരണ്ടു വള്ളങ്ങളല്ലാതെ ഒരു ബോട്ട്‌ പോലും ലഭിച്ചിട്ടില്ല.

കുറച്ചു കഴിഞ്ഞ്‌ സ്ഥലം എം.എല്‍.എ റോഷി അഗസ്‌റ്റിനും എത്തി. റോഷി അവിടെ നിന്ന്‌ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു, തിരച്ചിലിനു നേവിയുടെ സഹായം അഭ്യര്‍ഥിക്കാനായി. പക്ഷെ അത്‌ ലഭ്യമായില്ല. പണം കെട്ടിവയ്‌ക്കണമെന്നതായിരുന്നു കാരണം. വെള്ളത്തിനടിയില്‍ രണ്ടു കുടുംബങ്ങളുടെ അത്താണിയാണ്‌ കാണാതായിരിക്കുന്നത്‌. വൈകുന്നേരത്തോടെ തിരച്ചില്‍ മതിയാക്കി എല്ലാവരും മടങ്ങി. ഫയര്‍ഫോഴ്‌സ്‌ നേരത്തേ തന്നെ പോയിരുന്നു. പക്ഷെ, നാട്ടുകാരും കാണാതായവരുടെ അയല്‍വാസികളും മടങ്ങിയില്ല. ആരും കണ്ടെത്തിയില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം താനേ വെള്ളത്തില്‍ പൊങ്ങിവരുമെന്ന്‌ അവര്‍ക്കറിയാമായിരുന്നു.
അപകടത്തിനു സാക്ഷിയായവര്‍ വീട്ടില്‍ പോയതേയില്ല. അവിടെ ജലാശയത്തിന്റെ കരയില്‍ കൊടും തണുപ്പത്ത്‌ തീകൂട്ടി തണുപ്പകറ്റി കപ്പയും കാട്ടുകിഴങ്ങും വേവിച്ച്‌ കഴിച്ച്‌ അവര്‍ മൃതദേഹങ്ങള്‍ പൊങ്ങിവരുന്നതും കാത്തിരുന്നു. പിറ്റേന്ന്‌ ഒരു മൃതദേഹം പൊന്തിവന്നു. മൂന്നാം ദിവസം അല്‍പം മാറി അടുത്തതും.

മരിച്ചത്‌ രണ്ടു കുടുംബങ്ങളുടെ ആശ്രയമായ ചെറുപ്പക്കാരാണ്‌. പക്ഷെ, അതൊരു വലിയ ദുരന്തമല്ലല്ലോ സമൂഹത്തിന്‌. അതുകൊണ്ടുതന്നെ ആ ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ക്ക്‌ യാതൊരുവിധ സഹായധനവും ലഭിച്ചില്ല. എന്തിന്‌ കാണാതായാവര്‍ മനുഷ്യരും നമ്മുടെ സഹജീവികളുമാണെന്ന വസ്‌തുതപോലും അധികൃതര്‍ പരിഗണിച്ചില്ലെന്നതായിരുന്നു വാസ്‌തവം. തങ്ങളുടെ ഉറ്റവര്‍ വെള്ളത്തില്‍ ചീര്‍ത്ത ശവങ്ങളായി പൊന്തുന്നതും കാത്ത്‌ കരയ്‌ക്കു കാത്തിരുന്നവരും ഒന്നും ആവശ്യപ്പെട്ടില്ല.

ഓരോ ചെറു ദുരന്തങ്ങളിലും ഓരോ കുടുംബം അനാഥമാക്കപ്പെടുകയാണ്‌. പക്ഷെ, ഒരു കൂട്ടമരണമാണെങ്കിലല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവിടേക്കു തിരിഞ്ഞുനോക്കില്ല. വാഹനാപകടമായാലും തീപിടുത്തമായാലും ബോട്ടപകടമായാലും ഉരുള്‍പൊട്ടലായാലും എല്ലാം സ്ഥിതി ഇതുതന്നെ. സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന്‌ ഇപ്പോഴും വ്യക്തമല്ല. വെള്ളത്തില്‍ കാണാതായവരെ തിരയാന്‍ യാതൊരു സജ്ജീകരണവുമില്ലാതെ നിസ്സാഹായരായി മടങ്ങുന്ന ഫയര്‍ഫോഴ്‌സ്‌ സേന സത്യത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകുകയാണ്‌.

ഇടുക്കി ജില്ലയിലെ ചെമ്മണ്ണാര്‍ ഗ്രാമത്തില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി നാലഞ്ചുപേര്‍ മരിച്ച സംഭവം ഓര്‍ക്കുന്നു. അന്ന്‌ വിവരമറിഞ്ഞ്‌ അന്‍പതു കിലോമീറ്റര്‍ അകലെയുള്ള ചെമ്മണ്ണാറിലേക്ക്‌ കട്ടപ്പനയില്‍ നിന്നു ഫയര്‍ഫോഴ്‌സ്‌ മലകയറിപ്പോയത്‌ 4000 ലിറ്റര്‍ വെള്ളവുമായി വാട്ടര്‍ ടെന്‍ഡര്‍ എന്ന വാഹനത്തിലാണ്‌. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നിരങ്ങിനിരങ്ങി മലകയറുന്ന ഫയര്‍ഫോഴ്‌സ്‌ വാഹനത്തെ എത്രയോ വട്ടം ഞാന്‍ എന്റെ ബൈക്കുമായി പിന്നിലാക്കിയിരിക്കുന്നു. ഫയര്‍ഫോഴ്‌സ്‌ അവിടെയത്തുമ്പോഴേക്കും നല്ലവരായ നാട്ടുകാര്‍ ദുരിതാശ്വാസത്തിള്‍ തങ്ങളാലാകുന്നത്‌ ചെയ്‌തിരിക്കും.

തേക്കടിയിലും അതാണു സംഭവിച്ചത്‌. മരിച്ചവരുടെ എണ്ണം കൂടുതലാതിനാല്‍ ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചു. മരിച്ചവരുടെയെല്ലാം കുടുംബങ്ങള്‍ സാമ്പത്തികമായ അത്ര പ്രശ്‌നത്തിലായിരുന്നില്ലെങ്കിലും സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കി. അപ്പോഴും ഇതൊന്നുമില്ലാതെ, നൂറു കണക്കിനാളുകള്‍, ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നമ്മുടെ റോഡുകളിലും ജലാശയങ്ങളിലും അവസാനിക്കുന്നുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങള്‍ സഹായിക്കാന്‍ സര്‍ക്കാരോ മറ്റ്‌ സംവിധാനങ്ങളോ ഇല്ലാതെ കഷ്ടപ്പെടുന്നുമുണ്ട്‌....

Sunday, September 27, 2009

ഓണവും നോയ്‌മ്പും - സൂപ്പര്‍താരങ്ങള്‍ ആരെയാണു പേടിക്കുന്നത്‌?




മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായി പ്രതിഷ്‌ഠിക്കുന്നത്‌്‌ 1986ലാണ്‌്‌. ഐ.വി.ശശിയുടെ ആവനാഴിയും തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനുമായിരുന്നു ആ സിനിമകള്‍. ആ വര്‍ഷം തൊട്ടിങ്ങോട്ട്‌ പരിശോധിച്ചാല്‍ എല്ലാവര്‍ഷവും രണ്ടു താരങ്ങള്‍ക്കും ഓണച്ചിത്രങ്ങളുണ്ടായിരുന്നു. ആ പതിവ്‌ ആദ്യമായി മുടങ്ങിയത്‌ കഴിഞ്ഞ വര്‍ഷമാണ്‌. പിന്നെ ഈ വര്‍ഷവും. റമസാന്‍ നോമ്പുകാലം സിനിമകളെ ബാധിക്കുമെന്നതാണ്‌ ഇതിനു കാരണമായി പറഞ്ഞത്‌.
കഴിഞ്ഞ ഓണക്കാലത്ത്‌ സൂപ്പര്‍ താരചിത്രങ്ങളില്ലായിരുന്നെങ്കിലും വെറുതേ ഒരു ഭാര്യയുടെ ഹാംഗ്‌ ഓവര്‍ ഓണത്തിനും മാറിയിരുന്നില്ലെന്നതാണ്‌ വാസ്‌തവം. പൃഥ്വിരാജിന്റെ തലപ്പാവും, തിരക്കഥയും ഈ സമയത്ത്‌ തിയേറ്ററുകളിലുണ്ടായിരുന്നു. ബോക്‌സ്‌ ഓഫിസില്‍ വന്‍ വിജയമൊന്നുമായില്ലെങ്കിലും ഭേദപ്പെട്ട സിനിമകളെന്ന അഭിപ്രായം ഇവ നേടിയെടുത്തു. ഇത്തവണയാകട്ടെ സൂപ്പര്‍താരചിത്രങ്ങളില്ലാത്ത ഗ്യാപ്പ്‌ മുതലെടുക്കാന്‍ ഒരുപിടി ചെറുകിട സിനിമകള്‍ തിയേറ്ററുകളിലെത്തി. സിനിമ നല്ലതാണെങ്കില്‍ നോമ്പുകാലമെന്നല്ല ഒരു കാലാവസ്ഥയും സിനിമയുടെ വിജയത്തെ ബാധിക്കില്ല. പടം നല്ലതല്ലെങ്കില്‍ ഏതു കാലമായാലും അവ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നു വീഴും.
1986 മുതല്‍ 2007 വരെ 22 വര്‍ഷങ്ങളിലായി ഓണത്തിന്‌ 27 മമ്മൂട്ടി സിനിമകളും 25 മോഹന്‍ലാല്‍ സിനിമകളുമാണ്‌ തിയേറ്ററുകളിലെത്തിയത്‌ (ബോക്‌സ്‌ കാണുക). ഇവയില്‍ മമ്മൂട്ടിയുടെ 15 സിനിമകളും മോഹന്‍ലാലിന്റെ 14 സിനിമകളും ബോക്‌സ്‌ ഓഫീസില്‍ രക്ഷപ്പെട്ടുവെന്നു പറയാം. 1998ല്‍ ഓണത്തിനിറങ്ങിയ ഹരികൃഷ്‌ണന്‍സില്‍ ഇരുവരും അഭിനയിക്കുകയും അത്‌ വിജയമാകുകയും ചെയ്‌തിരുന്നു. അതേസമയം 1990ല്‍ തലയണമന്ത്രവും 96ല്‍ തൂവല്‍ക്കൊട്ടാരവും 2006ല്‍ ക്ലാസ്‌മേറ്റ്‌സും സൂപ്പര്‍താരങ്ങളില്ലാതെ വിജയം വരിച്ച ഓണച്ചിത്രങ്ങളാണ്‌. ചില വര്‍ഷങ്ങളില്‍ രണ്ടു സൂപ്പര്‍താരങ്ങളുടെയും ഓണച്ചിത്രങ്ങള്‍ ഒരുപോലെ വിജയിച്ചപ്പോള്‍ രണ്ടുപേരുടേയും ഒരുപോലെ പരാജയപ്പെട്ട വര്‍ഷങ്ങളുമുണ്ട്‌. 1996ലും 2006ലും സൂപ്പര്‍താരങ്ങളെ കടത്തിവെട്ടി മറ്റു സിനിമകളാണ്‌ വിജയിച്ചത്‌.
നോമ്പുകാലമെന്നു പറഞ്ഞ്‌ റിലീസിംഗ്‌ മാറ്റിവയ്‌ക്കുന്നവര്‍ അതിനൊരു കാരണം തിരക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നതാണ്‌ യാഥാര്‍ഥ്യം. മറ്റു സിനിമകളൊന്നുമില്ലാത്തപ്പോഴാണ്‌ മിക്കവാറും സൂപ്പര്‍താര സിനിമകള്‍ തിയേറ്ററിലെത്തുന്നത്‌. സൂപ്പര്‍താര ചിത്രങ്ങളോട്‌ പ്രേക്ഷകര്‍ കാട്ടുന്ന വിമുഖത സിനിമാക്കാര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നുവെന്നതാണ്‌ കഴിഞ്ഞ രണ്ട്‌ ഓണത്തിനും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തിയേറ്ററിലെത്താതെ പോയതിന്റെ കാരണം. 1986 മുതല്‍ 2007 വരെയുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ലിസ്റ്റ്‌ ചുവടെ.

വര്‍ഷം മമ്മൂട്ടി മോഹന്‍ലാല്‍

1986 ആവനാഴി, നന്ദി വീണ്ടും വരിക, സായംസന്ധ്യ നമുക്കു പാര്‍ക്കാന്‍ മുന്തിരത്തോപ്പുകള്‍
1987 മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍ വഴിയോരക്കാഴ്‌ചകള്‍
1988 തന്ത്രം, 1921 ആര്യന്‍
1989 ജാഗ്രത, നായര്‍സാബ്‌ വന്ദനം
1990 ഒളിയമ്പുകള്‍, അയ്യര്‍ ദി ഗ്രേറ്റ്‌ അര്‍ഹത, ഇന്ദ്രജാലം
1991 അനശ്വരം കിലുക്കം, അങ്കിള്‍ ബണ്‍
1992 പപ്പയുടെ സ്വന്തം അപ്പൂസ്‌, കിഴക്കന്‍ പത്രോസ്‌ യോദ്ധാ, അദൈ്വതം
1993 സരോവരം ഗാന്ധര്‍വ്വം, മായാമയൂരം
1994 സൈന്യം മിന്നാരം
1995 നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്‌ മാന്ത്രികം
1996 ഇന്ദ്രപ്രസ്ഥം പ്രിന്‍സ്‌
1997 കളിയൂഞ്ഞാല്‍ ചന്ദ്രലേഖ, ഗുരു
1998 ഹരികൃഷ്‌ണന്‍സ്‌ ഹരികൃഷ്‌ണന്‍സ്‌
1999 പല്ലാവൂര്‍ ദേവനാരായണന്‍ -
2000 വല്യേട്ടന്‍ -
2001 രാക്ഷസരാജാവ്‌ രാവണപ്രഭു
2002 - താണ്‌ഡവം
2003 പട്ടാളം ബാലേട്ടന്‍
2004 കാഴ്‌ച നാട്ടുരാജാവ്‌
2005 നേരറിയാന്‍ സി.ബി.ഐ നരന്‍
2006 ഭാര്‍ഗവചരിതം മൂന്നാം ഖണ്‌ഡം മഹാസമുദ്രം
2007 ഒരേ കടല്‍ അലിഭായ്‌


(കറന്റ്‌ അഫയേഴ്‌സ്‌ ഒക്ടോബര്‍ ലക്കത്തില്‍ നിന്ന്‌)

Saturday, June 6, 2009

അപകടമേഖലയറിയാതെ.....


രണ്ടായിരത്തി എട്ടിലെ ഒരു പകല്‍.
നേര്‍ത്ത മഴ പെയ്യുന്നുണ്ട്‌. ഓഫിസില്‍ കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ബ്യൂറോ ചീഫിന്റെ മേശപ്പുറത്ത്‌ മിനിട്ടുകള്‍കൊണ്ട്‌ കുമിഞ്ഞുകൂടുന്ന പ്രസ്‌താവനകള്‍ ഓരോന്നായി എടുത്തു. പത്രത്തിലെ സ്ഥലസൗകര്യമില്ലായ്‌മ അറിയാവുന്നതിനാല്‍ അവയിലേറെയും വേസ്റ്റ്‌ ബിന്നിലേക്ക്‌ പൊയ്‌ക്കൊണ്ടിരുന്നു.
അല്‍പം കഴിഞ്ഞപ്പോള്‍ മീറ്റിംഗ്‌ കഴിഞ്ഞ്‌ ചീഫ്‌ എത്തി.
"വെറുതെ ഇരിക്കുകയാണോ?"
പണി ചെയ്യാന്‍ സ്വതേ അല്‍പം മടിയുള്ളതിനാല്‍ ഞാന്‍ ഒന്നു ചിരിച്ചു
"ഒരു പണി തരാം...."
ചെയ്യാതിരിക്കാനാകില്ലല്ലോ എന്ന നിസ്സംഗതയോടെ ചീഫിനെ നോക്കി.
"കണ്ണമ്മൂലയ്‌ക്കടുത്ത്‌ ഒരു ചെറിയ കുന്നിടിച്ചു നിരത്തുന്നുണ്ട്‌. എയര്‍പോര്‍ട്ടിനുള്ള മണ്ണെടുപ്പാണെന്നാണ്‌ കേട്ടത്‌. അവിടെ സമീപത്തുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനവുമായി എന്തോ തര്‍ക്കമുണ്ടായതായി കേട്ടു. ഫോട്ടോഗ്രാഫറുമായി ഒന്നു പോയി നോക്ക്‌."
ഇറങ്ങാന്‍ നേരം അദ്ദേഹം ഒന്നുകൂടി പറഞ്ഞു.
"മണ്ണെടുക്കുന്ന കരാറുകാരന്റെ വേര്‍ഷന്‍ നിര്‍ബന്ധമായും വേണം. വാല്യു അഡിഷന്‍....."
ഫോട്ടോഗ്രാഫറുടെ ബൈക്കിനു പിന്നിലിരുന്ന്‌ കണ്ണമ്മൂലയിലേയ്‌ക്ക്‌.
മഴ ചാറുന്നുണ്ട്‌.
മണ്ണിടിക്കുന്ന സ്ഥലത്തെത്തി. മഴയായതിനാല്‍ പണി നടക്കുന്നില്ല. തുരന്നുമാറ്റിയ കുന്നിന്റെ നെഞ്ചില്‍ കൂര്‍ത്ത നഖങ്ങളും നീട്ടി ഒരു ബുള്‍ഡോസര്‍ കിടപ്പുണ്ട്‌. റോഡിനടുത്ത്‌ മണ്ണു മാറ്റിക്കൊണ്ട്‌ നിന്നിരുന്ന രണ്ടു പേരെ കണ്ടു. അവരോടു വിവരം തിരക്കി. പ്രശ്‌നമൊന്നുമുള്ളതായി തങ്ങള്‍ക്കറിയില്ലെന്നായിരുന്നു മറുപടി.
മണ്ണെടുത്ത്‌ ഇടിഞ്ഞുതീരാറായ കുന്നിന്റെ വശത്ത്‌ പൂട്ടിയ ഗെയിറ്റിനുള്ളില്‍ ഒരു സര്‍ക്കാര്‍ കെട്ടിടം. ബോര്‍ഡിലെ അക്ഷരങ്ങള്‍ മാഞ്ഞുപോയിരുന്നു.
വഴിയരികില്‍ നിന്നവരുടെ കണ്ണൊന്നു തെറ്റിയെന്നു ബോധ്യമായപ്പോള്‍ മണ്ണെടുപ്പിന്റെ ചില സ്‌നാപ്പുകള്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. വീണ്ടും ആ തൊഴിലാളികളുടെ അടുത്തെത്തി ഞാന്‍ ചോദിച്ചു.
"കോണ്‍ട്രാക്ടറുടെ ഫോണ്‍ നമ്പര്‍ ഒന്നു തരുമോ?"
"നമ്പററിയില്ല. ആ പാലത്തിന്റെ അരികിലെ റോഡിലൂടെ പോയാല്‍ മതി. അദ്ദേഹം വീട്ടിലുണ്ട്‌. കോണ്‍ട്രാക്ടര്‍ രാജേഷിന്റെ വീടേതാണെന്നു ചോദിച്ചാല്‍ മതി."
കരാറുകാരന്റെ പേര്‌ എന്റെ പേരു തന്നെയായതിനാല്‍ മാറിപ്പോകില്ലെന്നുറപ്പിച്ചു.
പാലത്തിന്റെ അരികിലെ റോഡിലൂടെ കുറേ ദൂരം പോയി. വഴിയില്‍ കണ്ട ഒരാളോട്‌ വീടു ചോദിച്ചു.
"അല്‍പം കൂടി പോണം. വീടിന്റെ മുറ്റത്ത്‌ ഒരു വലിയ പ്രാവിന്‍കൂടുണ്ട്‌."
ഞങ്ങള്‍ വീണ്ടും മുന്നോട്ട്‌. വഴിയില്‍ നിന്ന മറ്റൊരാള്‍ കൃത്യമായ വഴി പറഞ്ഞുതന്നു. ചതുപ്പിനു സമാനമായ ഒരു ചെറു മൈതാനത്തുകൂടി ബൈക്ക്‌ ഉ്‌ള്ളിലേക്കു കയറ്റി.
ഒരു പഴയ വീട്‌. മുന്നിലെ ഷെഡ്ഡില്‍ ചുവന്ന സ്‌കോര്‍പ്പിയോ. ഒന്നുരണ്ടു ബൈക്കുകള്‍. ഞങ്ങള്‍ അല്‍പം മാറ്റി ബൈക്കൊതുക്കി വീട്ടിലേക്കു കയറിച്ചെന്നു. പരിസരത്തു നിന്ന്‌ ഒന്നു രണ്ടുപേര്‍ സംശയദൃഷ്ടിയോടെ നോക്കുന്നുണ്ട്‌, ബൈക്കിലെ പ്രസ്‌ സ്റ്റിക്കര്‍ കണ്ടിട്ടാകണം.
വീട്ടില്‍ നിന്നിറങ്ങിവന്ന പയ്യന്‍സിനോട്‌ ചോദിച്ചു
"കോണ്‍ട്രാക്ടര്‍ രാജേഷിന്റെ വീടല്ലേ?"
"അതെ"
"അദ്ദേഹമുണ്ടോ?"
ഞങ്ങള്‍ വരവിന്റെ ഉദ്ദേശ്യം പറഞ്ഞു.
"ചേട്ടന്‍ കുളിക്കുകയാണ്‌."
"ഓ, ഞങ്ങള്‍ വെയ്‌റ്റു ചെയ്യാം."
മഴ അല്‍പം ശക്തിപ്രാപിച്ചു.
"കയറി ഇരിക്ക്‌."
ഒട്ടും മൃദുത്വമില്ലാത്ത ആതിഥേയത്വം.
ഞങ്ങള്‍ വരാന്തയില്‍ കയറിയിരുന്നു. പണിക്കാരുടെ വസ്‌ത്രങ്ങളും പണിയായുധങ്ങളും കൂട്ടിയിട്ടിരിക്കുന്ന വൃത്തിയില്ലാത്ത വരാന്ത. അകത്തെ മുറിയില്‍ ഉറക്കെ സംസാരിച്ചുകൊണ്ട്‌ ചിലര്‍ ടി.വി. കാണുന്നു. ഞങ്ങളെ ആരും മൈന്‍ഡു ചെയ്യുന്നുപോലുമില്ല.
സമയം ഇഴഞ്ഞാണു നീങ്ങുന്നത്‌. അര മണിക്കൂറായിട്ടും ചേട്ടന്റെ കുളി കഴിഞ്ഞ ലക്ഷണമില്ല. ഞങ്ങള്‍ ആദ്യം കണ്ട പയ്യന്‍സിനോട്‌ വീണ്ടും ചോദിച്ചു.
"ചേട്ടന്‍ കുളികഴിഞ്ഞിട്ടില്ല..."
"ആകെയൊരു പന്തികേട്‌, പോയാലോ" ഫോട്ടോഗ്രാഫര്‍ എന്റെ ചെവിയില്‍ പറഞ്ഞു.
ഇതിനിടയില്‍ ആരൊക്കെയോ അവിടെ വന്നു, പോയി.
ഞാന്‍ വീണ്ടും ആ പയ്യന്‍സിന്റെ അടുക്കലെത്തി.
"രാജേഷിന്റെ മൊബൈല്‍ നമ്പര്‍ ഒന്നു തരുമോ, ഞാന്‍ വിളിച്ചോളാം."
പയ്യന്‍സ്‌ അകത്തേക്കു പോയി. അല്‍പം കഴിഞ്ഞു തിരിച്ചെത്തിയിട്ടു പറഞ്ഞു. "എന്റെ നമ്പര്‍ തരാം. ഇതില്‍ വിളിച്ചാല്‍ മതി, ചേട്ടനെ കിട്ടും."
ആ നമ്പറും വാങ്ങി ഞങ്ങള്‍ തിരിച്ചുപോന്നു.
വാര്‍ത്താശേഖരണം വിജയിക്കാത്തതിനാല്‍ അന്നത്തെ ഷെഡ്യൂള്‍ പാഴായി.
കുറച്ചു ദിവസത്തിനുശേഷം, എന്റെ നൈറ്റ്‌ ഡ്യൂട്ടിയുടെ ദിവസമാണ്‌. ഓഫിസിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകന്‍ കംപ്യൂട്ടറില്‍ വാര്‍ത്ത അടിക്കുന്ന തിരക്കിലാണ്‌.
"എന്തെടേയ്‌, സ്‌കൂപ്പു വല്ലതും തടഞ്ഞോ?"
"ഒന്നും പറയണ്ടടേയ്‌, ഒരു ഗുണ്ടയുടെ വീട്ടില്‍ പൊലീസിന്റെ റെയ്‌ഡ്‌. അതിനു പിന്നാലെ പോയി."
"എന്നിട്ട്‌?"
"ബോംബ്‌, വടിവാള്‌, തോക്ക്‌, പിച്ചാത്തി എന്നു വേണ്ട പൂത്ത പണം വരെയല്ലേ പോലീസു പൊക്കിയത്‌."
"അതെവിടെടേയ്‌?"
"കണ്ണമ്മൂലയ്‌ക്കപ്പുറത്തുള്ള തോടിന്റെ കരയിലൂടെ ഒരു വഴിയുണ്ട്‌. അതിലെ ഇത്തിരിയങ്ങു പോണം. അപ്പോള്‍ ഒരു ചതുപ്പുപോലുള്ള മൈതാനം അതിനപ്പുറത്ത്‌ പഴയവീട്‌. ചെന്നുപെടാന്‍ കുറേ പാടാണ്‌"
ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു.
"വീട്ടുമുറ്റത്തു പ്രാവിന്റെ കൂടുണ്ടോ?"
"അതെങ്ങിനെ നിനക്കറിയാം. അവിടാരുന്നോ നിനക്കു മുമ്പു പണി?"
"ഉണ്ടോ?"
"ഉണ്ട്‌."
ഞെട്ടല്‍ വിറയലായി മാറി.
അന്നു ചെന്നുപെട്ടത്‌ ഒരു ഗുണ്ടാസങ്കേതത്തില്‍ തന്നെയായിരുന്നു, തെറ്റിയില്ല.
"പുത്തന്‍പാലം രാജേഷുമായി നിനക്കെന്താടേയ്‌ കണക്ഷന്‍?"
"അയാളെന്റെ ഘാതകനാകാഞ്ഞത്‌ ഭാഗ്യം!"
ഞാന്‍ കഥ വിവരിച്ചു.
സത്യത്തില്‍ പുത്തന്‍പാലം രാജേഷെന്ന ഗുണ്ടയായിരുന്നു ആ കോണ്‍ട്രാക്ടര്‍ എന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ അതിന്റെ പരിസരത്തുകൂടിപോലും പോകില്ലായിരുന്നു.

എങ്കിലും കരാറുകാരനെതേടി പോയ ഞങ്ങളുടെ ഒരു ധൈര്യമേ....!


(തിരുവനന്തപുരത്തെ ഒരു മജിസ്‌ട്രേറ്റിന്റെ വീട്‌ ആക്രമിച്ചെന്ന പരാതിയില്‍ പുത്തന്‍പാലം രാജേഷിനെ കഴിഞ്ഞദിവസം പൊലീസ്‌ അറസ്റ്റുചെയ്‌തു. വിനീഷ്‌ വധത്തെ തുടര്‍ന്നുള്ള ഗുണ്ടാവേട്ടയുടെ ഭാഗമായിക്കൂടിയായിരുന്നു അറസ്റ്റ്‌)

Powered By Blogger

FEEDJIT Live Traffic Feed