Thursday, February 26, 2009

നായര്‍ മാടമ്പിക്ക്‌ കൊമ്പു മുളയ്‌ക്കുമ്പോള്‍


   കേരളത്തിലെ അമ്പത്തിയെട്ട്‌ താലൂക്ക്‌ യൂണിയനുകളിലും നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ശക്തിപ്രകടനവും നായര്‍ മഹാസമ്മേളനവും നടത്തിക്കഴിഞ്ഞു. ഇനി 28ന്‌ തിരുവനന്തപുരത്ത്‌ സംസ്ഥാന നായര്‍ മഹാ സമ്മേളനം നടത്തുകയാണ്‌. തിരുവനന്തപുരത്തു നടക്കുന്ന ലോകമഹാനായര്‍സമ്മേളനത്തിലും പ്രകടനത്തിലും ലക്ഷക്കണക്കിനു നായന്‍മാര്‍ കച്ചകെട്ടി അങ്കത്തിനിറങ്ങുമെന്നാണ്‌ നായര്‍നേതാക്കള്‍ പറയുന്നത്‌. മാത്രമല്ല, ഇതിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌.

     ചങ്ങനാശ്ശേരിയില്‍ നിന്ന്‌ അഴിച്ചുവിട്ട യാഗാശ്വമാണത്രെ താലൂക്ക്‌ യൂണിയനുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത്‌. തിരുവനന്തപുരത്തെ ലക്ഷംപേരുടെ പ്രകടനം കഴിഞ്ഞ്‌ അശ്വം ചങ്ങനാശ്ശേരിക്കു മടങ്ങുമ്പോള്‍ തങ്ങള്‍ പറയുന്നതനുസരിക്കുന്ന ഒരു സര്‍ക്കാരിനെ സെക്രട്ടേറിയറ്റില്‍ കിരീടധാരണം നടത്തിയിരിക്കുമെന്നും അവര്‍ പറയുന്നു. പിണറായി വിജയന്റെ ഭാഷയില്‍ ഒരു ജാതിസംഘടനയുടെ ഔദ്ധത്യം നിറഞ്ഞ വാക്കുകള്‍.

   കേരളത്തിലെ നായന്‍മാര്‍ക്ക്‌ ഈ ശക്തി കിട്ടിയതെവിടെ നിന്നാണ്‌? ഇതുവരെ വീടിനുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന നായന്‍മാരെ സംഘടിപ്പിച്ചു തെരുവിലിറക്കിയതിന്റെ ക്രെഡിറ്റ്‌ നാരായണപ്പണിക്കര്‍ക്കോ സുകുമാരന്‍നായര്‍ക്കോ അല്ല, സാക്ഷാല്‍ വെള്ളാപ്പള്ളി നടേശഗുരുക്കള്‍ക്കുള്ളതാണ്‌!

   പി.എസ്‌.സിയുടെ സംവരണ നയമാണ്‌ ഇപ്പോഴത്തെ ഈ കൂട്ടംകൂടലുകള്‍ക്കു പിന്നില്‍. തങ്ങള്‍ സമദൂരസിദ്ധാന്തം ഉപേക്ഷിക്കുകയാണെന്ന്‌ നായര്‍ നേതൃത്വം സൂചിപ്പിച്ചുകഴിഞ്ഞു. വ്യക്തമായ രാഷ്‌ട്രീയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോഴൊക്കെ തന്റെ പിന്നിലുള്ളവര്‍ അനുസരണയില്ലാത്തവരാണെന്ന്‌ വെള്ളാപ്പള്ളിക്കു മനസ്സിലായിരുന്നു. കാരണം വെള്ളാപ്പള്ളി തോല്‍പിക്കാന്‍ പറഞ്ഞവരൊക്കെ ജയിച്ചുപോയി. പക്ഷേ, പണിക്കരുടെ വാക്കതല്ല. സമദൂരസിദ്ധാന്തവുമായിട്ടിരുന്നപ്പോഴും പണിക്കര്‍ മനസ്സില്‍ ആഗ്രഹിച്ചവരൊക്കെ വിജയിച്ചു. അതാണ്‌ നായരുടെ മനപ്പൊരുത്തം. ആ സിദ്ധാന്തം തല്‍ക്കാലം മാറ്റിവച്ച്‌ അടുത്തതവണ ഇടതുമുന്നണിക്കെതിരെ വോട്ടു ചെയ്യുമെന്നുതന്നെയാണ്‌ നായര്‍ സമ്മേളനങ്ങള്‍ പറഞ്ഞു വയ്‌ക്കുന്നത്‌.

   പി.എസ്‌.സി നിയമനങ്ങളിലെ 50:50 അനുപാതമാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. വളരെ ലളിതമായി ഇതിനെ നിര്‍വ്വചിക്കാം. പകുതി സീറ്റുകളില്‍ സംവരണം, പകുതിയില്‍ മെറിറ്റ്‌. ജാതീയമായി ഈഴവര്‍ മുതല്‍ താഴോട്ടുള്ളവരെന്നു കരുതപ്പെടുന്ന ഹിന്ദുക്കളും ലത്തീന്‍ കത്തോലിക്ക, മുസ്ലിം തുടങ്ങിവരുമാണ്‌ പകുതിവരുന്ന സംവരണം അനുഭവിക്കുക. ബാക്കിയില്‍ നായര്‍ മുതല്‍ മേല്‍പ്പോട്ടുള്ളവരും കത്തോലിക്ക, മാര്‍ത്തോമ, ഓര്‍ത്തഡോക്‌സ്‌ തുടങ്ങിയവരും പെടും.

   ഒറ്റനോട്ടത്തില്‍ ഇതിലത്ര പ്രശ്‌നം തോന്നില്ല. ജാതീയമായ ശതമാനക്കണക്കൊക്കെ നോക്കിയാല്‍ ഇത്‌ ഇവിടെയെങ്ങും നില്‍ക്കില്ല. അതുകൊണ്ട്‌ കാര്യമാത്രപ്രസക്തമായ വിവരം മാത്രം സൂചിപ്പിക്കാം. വെള്ളാപ്പള്ളി മുതല്‍പേരുടെ ആവശ്യം ജനറല്‍ ലിസ്റ്റ്‌ പരിഗണിക്കാതുള്ള സംവരണമാണ്‌. അതായത്‌ മെറിറ്റില്‍ വരുന്ന പിന്നോക്കക്കാരന്‍ അങ്ങിനെതന്നെ ജോലിക്കു കയറട്ടെ. നിലവില്‍ അവരെ സംവരണലിസ്റ്റില്‍ പെടുത്തുന്ന സമ്പ്രദായം അവസാനിപ്പിക്കണം.

    ഉദാഹരണത്തിന്‌ നൂറുപേരുടെ ലിസ്റ്റില്‍ മെറിറ്റില്‍ പത്തുപേര്‍ പിന്നോക്കക്കാരാണെങ്കില്‍ അവര്‍ക്ക്‌്‌ അങ്ങിനെ തന്നെ നിയമനം നല്‍കണം. ഒപ്പം, അമ്പതുപേര്‍ക്ക്‌ സംവരണവും നല്‍കണം. ഇങ്ങിനെ വരുമ്പോള്‍ 100ല്‍ 60 പേര്‍ പിന്നോക്കക്കാരും 40 പേര്‍ മുന്നോക്കക്കാരുമാണെന്നു വരും.
സംവരണത്തിന്‌ സാമ്പത്തികപരിധി നല്‍കുമ്പോള്‍ വാര്‍ഷികവരുമാനം 4.5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക്‌ സംവരണത്തിന്‌ അര്‍ഹതയുണ്ടെന്നാണ്‌ പുതിയ മാനദണ്‌ഡം. അതായത്‌ ഒരു മാസം കുടുംബത്തിന്‌ 38,000 രൂപയോളം വരുമാനമുണ്ടെങ്കില്‍പോലും സംവരണാനുകൂല്യം ലഭിക്കും. ഇത്‌ ഒമ്പതു ലക്ഷം, അതായത്‌ മാസം 75,000 രൂപയാക്കി ഉയര്‍ത്തണമെന്നാണ്‌ വെള്ളാപ്പള്ളി ആവശ്യപ്പെടുന്നത്‌. ദരിദ്രമുന്നോക്കക്കാരന്‍ പഠനത്തിലും മറ്റും പിന്നാക്കം പോകുകയും സര്‍ക്കാര്‍ ജോലിയില്‍ പിന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ സകല സൗകര്യവുമുപയോഗിച്ച്‌ പഠിച്ചും പഠിക്കാതെയും വരുന്ന സമ്പന്നപിന്നോക്കക്കാരന്‍ ജോലിയില്‍ കയറിക്കൂടുന്നു.
ഈ ആവശ്യം നേടിയെടുക്കാനായി വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ പി.എസ്‌.സി ഓഫിസിലേക്കു നടന്ന മാര്‍ച്ചില്‍ 49 പിന്നോക്കസംഘടനകളില്‍ നിന്നായി പതിനായിരക്കണക്കിനാളുകളാണ്‌ പങ്കെടുത്തത്‌. ഇതില്‍ അന്യായമുണ്ടെന്ന്‌ നായര്‍ക്കു തോന്നിയാല്‍ തെറ്റുണ്ടോ? അതാണ്‌ നായരുടെ സംഘടിക്കലിന്റെ ഉത്തരവാദി വെള്ളാപ്പള്ളിയാണെന്ന്‌ ആദ്യം പറഞ്ഞത്‌.

    കഴിവുള്ള തൊഴിലാളികളെ ആവശ്യമുള്ള സ്വകാര്യമേഖലയിലൊന്നും നിലവില്‍ സംവരണമില്ല. പിന്നോക്കക്കാരുടെ ഉടമസ്ഥതയിലുള്ള ഐ.ടി, പത്ര സ്ഥാപനങ്ങളിലൊക്കെ പ്രധാനകസേരകളില്‍ പലതിലും മുന്നോക്കക്കാരാണ്‌ പ്രിതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നത്‌. ഇവിടങ്ങളിലൊന്നും സംവരണതത്വം ബാധകമാകില്ല. പെര്‍ഫോമന്‍സിന്റെ പേരില്‍ പിരിച്ചുവിടല്‍ വ്യാപകമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പെര്‍ഫോമന്‍സ്‌ മോശമായാല്‍ നായരായാലും നമ്പൂതിരിയായാലും ഈഴവനായാലും മുസ്ലീമായാലും സ്ഥിതി അത്ര നന്നല്ലെന്നു ചുരുക്കം. 

    ഇനി പ്രധാന വിഷയത്തിലേക്കു തിരിച്ചുവരാം. മുന്നോക്കക്കാരുടെ മുന്‍തലമുറ ചെയ്‌തുകൂട്ടിയ പാപങ്ങളുടെ ഫലമാണ്‌ ഇപ്പോഴത്തെ ഈ തിരിച്ചടിക്കു പിന്നില്‍. ജന്മിത്ത, മാടമ്പി വ്യവസ്ഥകളിലൂടെ പകര്‍ന്നുകിട്ടിയ സുഖസൗകര്യങ്ങളില്‍ സുഖിച്ചിരുന്ന അവരാരും കാല്‍ച്ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോകുന്നതറിഞ്ഞില്ല. പിന്നോക്കാര്‍ക്കുവേണ്ടി ഒച്ചയുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ അവതരിച്ചതും അദ്ദേഹം മുന്നേറിയതും വളരെപ്പെട്ടെന്നായിരുന്നു. നായന്‍മാര്‍ മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ അഹങ്കരിച്ച്‌ ഉറക്കം തൂങ്ങിയപ്പോള്‍ ആമയെപ്പോലെ മറ്റുള്ളവര്‍ ഓടിക്കയറി. അപ്പോഴാണ്‌ നായന്‍മാര്‍ക്കു ബോധോദയമുണ്ടായത്‌. അവര്‍ സംഘടിക്കാന്‍ തീരുമാനിച്ചു. അതാണ്‌ കേരളത്തിലിപ്പോള്‍ കാണുന്ന നായര്‍മഹാസമ്മേളനങ്ങളുടെ പശ്ചാത്തലം.
പക്ഷേ, ഒലിച്ചുപോകുന്ന മണ്ണില്‍ എവിടെയെങ്കിലും ചവിട്ടി നില്‍ക്കാനല്ല നായര്‍ ശ്രമിക്കുന്നത്‌. പഴയ മാടമ്പിത്തരത്തിന്റെ പൂതലിച്ചുപോയ കൊമ്പെടുത്ത്‌ ശിരസ്സില്‍കെട്ടി ആരെയൊക്കെയോ പേടിപ്പിച്ച്‌ കാര്യം നേടാനാണ്‌.

     നായര്‍ മഹാസമ്മേളനങ്ങളില്‍ ഗര്‍ജ്ജിക്കുന്ന സിംഹമായി മാറിയിരിക്കുന്നത്‌ സാക്ഷാല്‍ ആര്‍. ബാലകൃഷ്‌ണപിള്ളയാണ്‌. കൊട്ടാരക്കരയിലെ ജന്മി. സുകുമാരന്‍നായരേയും നാരായണപ്പണിക്കരേയും നിഷ്‌പ്രഭനാക്കിയാണ്‌ പിള്ളയുടെ മുന്നേറ്റം. പറയുന്നതെന്തെന്ന്‌ യാതൊരു ബോധവുമില്ലാത്ത വിടുവായത്തം.
അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരെ ധാര്‍ഷ്‌ട്യത്തോടെ സംസാരിച്ച പിള്ളക്ക്‌ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. അത്‌ മനസ്സിലാക്കിയിട്ടും പിള്ളക്കു മുന്നിലേക്ക്‌ മൈക്ക്‌ വച്ചു നീട്ടുന്ന നായര്‍നേതൃത്വം പഴയ ഫ്യൂഡല്‍ മനസ്ഥിതി പൊടിതട്ടിയെടുക്കുന്നതിന്‌ പച്ചക്കൊടി കാട്ടുകയാണ്‌. ഇപ്പോഴത്തെ ഇടതു നേതൃത്വത്തില്‍ മുന്നോക്കസമുദായക്കാരെന്നു പറയാന്‍ അധികമാരുമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. കേരളത്തിന്റെ മുഖ്യമന്ത്രി ഈഴവനാണെന്ന സാമുദായിക ബോധം നായരുടെ മനസ്സില്‍ കരിപിടിച്ചു കിടപ്പുണ്ട്‌.

    പിന്നോക്കക്കാരന്‌ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവസരംകിട്ടിയ ക്ഷേത്രപ്രവേശനവിളംബരത്തിനും വൈക്കം സത്യഗ്രഹത്തിനും നേതൃത്വം നല്‍കിയത്‌ മുന്നോക്കസമുദായക്കാരായിരുന്നുവെന്നും ഇപ്പോള്‍ തങ്ങളെ പുറത്തുചാടിച്ച്‌ പിന്നോക്കക്കാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുകയാണെന്നും നായര്‍മഹാസമ്മേളനങ്ങളില്‍ വിലപിക്കുന്നതുകേള്‍ക്കാം. ഒട്ടകത്തിന്‌ ഇടംകൊടുത്ത അറബിയുടെ അവസ്ഥയിലാണത്രെ നായന്‍മാരിപ്പോള്‍!
ബാലകൃഷ്‌ണപിള്ളയുടെ മറ്റുചില വാക്കുകളാണ്‌ ധാര്‍ഷ്‌ട്യത്തിന്റെ ഉത്തമോദാഹരണം. അത്‌ വാക്കുകളായിത്തന്നെ ശ്രദ്ധിക്കുക:

   "കേരളത്തില്‍ എത്രയോ പീഡനക്കേസുകള്‍ നടക്കുന്നു. ഒന്നിലെങ്കിലും ഒരു നായരുണ്ടോ. കവര്‍ച്ചക്കേസിലോ കൊലപാതക്കേസിലോ ഒരു നായരുണ്ടോ? അമ്പലപ്പുഴയില്‍ മൂന്നു പെമ്പിള്ളേര്‍ വിഷം കഴിച്ചു മരിച്ചു. ഒന്നുപോലും നായരല്ല. സന്തോഷ്‌ മാധവനാരാ? തലയ്‌ക്കു വെടിവയ്‌ക്കാന്‍ തുനിഞ്ഞ സ്വാമി ആരാ? നായന്‍മാര്‍ നല്ല അമ്മയുടെ വയറ്റില്‍ പിറന്നവരാ. അന്തസുള്ള തറവാടികള്‍!

    നായന്‍മാരുടെ നേതൃത്വത്തില്‍ ഒറ്റ അബ്‌കാരിപോലുമില്ല. കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഇല്ല. ജി. മാധവന്‍നായര്‍ റോക്കറ്റു വിട്ടതുകൊണ്ടാ പതിനൊന്നെണ്ണവും ചന്ദ്രനിലെത്തിയത്‌. ഒരു പിന്നോക്കക്കാരനായിരുന്നു അത്‌ ചെയ്‌തതെങ്കില്‍ പതിനൊന്നും പതിനൊന്നിടത്തും അതിലൊന്ന്‌ സെക്രട്ടേറിയറ്റിനു മുകളിലും വീഴുമായിരുന്നു. മാധവന്‍നായര്‍ക്കൊപ്പമുള്ള രാധാകൃഷ്‌ണനു വാലില്ലെന്നേയുള്ളൂ, അയാളും നല്ല നായരാ.

    തിരുവനന്തപുരംകാര്‍ ശ്രീപദ്‌മനാഭന്റെ നാലുകാശ്‌ ശമ്പളം വാങ്ങി ജീവിക്കാന്‍ കൊതിക്കുന്നവരാ. ഇപ്പോഴിവിടെ എത്ര നായന്‍മാരുണ്ട്‌ സര്‍ക്കാര്‍ ജോലിക്കാരായിട്ട്‌? അനവധി നല്ല നായന്‍മാരെ ലോക്‌സഭയിലേക്കു ജയിപ്പിച്ചുവിട്ട തിരുവനന്തപുരത്ത്‌ ഇപ്പോഴാരാ പ്രതിനിധി. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്നും പിന്നും ഒരുപോലിരിക്കുന്ന ഒരുത്തന്‍. നമ്മുടെ കാര്‍ന്നോര്‍ക്കുമുണ്ട്‌ അയാളെ ജയിപ്പിച്ചതിന്റെ ഉത്തരവാദിത്വം. അന്ന്‌ അയാള്‌ കാര്‍ന്നോരുടെ വായിലോട്ട്‌ ലഡു തിരുകുന്നതുകണ്ടു. കാര്‍ന്നോര്‍ക്ക്‌ അന്ന്‌ ബാധിച്ച മുഞ്ഞബാധ ഇപ്പോഴും മാറിയിട്ടില്ല."

     ജന്മിപ്രഭാവത്തോടെ അടക്കിഭരിച്ച നാട്ടില്‍ പരാജയം രുചിച്ച രാഷ്‌ട്രീയ നേതാവിന്റേതാണ്‌ ഈ മാടമ്പത്തരം. അന്യമതസ്ഥരുടെ നേര്‍ക്കായിരുന്നു ഈ ആക്ഷേപം ചൊരിയലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? പിണറായി വിജയന്‍പോലും ഈ വാക്കുകള്‍ കേട്ടില്ല. തങ്ങളെ അനുസരിക്കുന്നവരെ അധികാരത്തിലേറ്റുമെന്ന വാക്കുകള്‍ മാത്രമാണ്‌ പിണറായി കേട്ടതും പ്രതികരിച്ചതും.

    കൈവിട്ടുപോയ അവകാശങ്ങള്‍ തിരിച്ചുപിടിക്കാനായി പോരാട്ടത്തിനിറങ്ങുന്ന ഒരു സമുദായസംഘടന വിളിച്ചുകൂവേണ്ട വാക്കുകളല്ല ഇത്‌. ഇതേ ഫ്യൂഡല്‍ മനസ്ഥിതിയുടെ പേരിലാണ്‌ നായരും നമ്പൂതിരിയും ചവിട്ടിത്താഴ്‌ത്തപ്പെട്ടത്‌. തനിക്കു കീഴിലുള്ളവനെ മര്‍ദ്ദിച്ചും പണിയെടുപ്പിച്ചും ഭോഗിച്ചും കാളക്കൂറ്റനെപ്പോലെ മദിച്ചു നടന്നതിന്റെ ദുരന്തഫലം. അതിനുള്ള ശിക്ഷ ആവോളം കിട്ടുമ്പോഴും പഴമ്പുരാണങ്ങള്‍ നിരത്തി മേനി നടിക്കുന്നത്‌ മന്നത്തപ്പന്റെ പിന്‍മുറക്കാര്‍ക്കു ചേര്‍ന്നതല്ല. നമ്പൂരിമാരുടെ സംബന്ധകഥകള്‍ മക്കള്‍ക്കു പറഞ്ഞുകൊടുക്കാന്‍ മറക്കുകയുമരുത്‌!

   പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നും പുതിയ തലമുറയ്‌ക്കു നല്‍കാനില്ലാത്ത നായര്‍ നേതൃത്വം വെള്ളാപ്പള്ളിയെ കണ്ടു പഠിക്കണം. ഗുരു നിഷേധിച്ച മദ്യം വിറ്റുണ്ടാക്കിയ കാശുകൊണ്ടാണെങ്കിലും തന്റെയൊപ്പം നില്‍ക്കുന്നവര്‍ക്ക്‌ നേട്ടങ്ങളുണ്ടാക്കിക്കൊടുക്കാന്‍ വെള്ളാപ്പള്ളിക്കറിയാം. നായര്‍ നേതൃത്വത്തിനോ? ചങ്ങനാശ്ശേരിയിലിരുന്ന്‌ ശൃംഗരിക്കാനല്ലാതെ ഇതുവരെ എന്തു കഴിഞ്ഞു. നിവൃത്തികേടുകൊണ്ട്‌ തെങ്ങു കയറാനും കള്ളുചെത്താനുമെല്ലാം നായര്‍ സന്താനങ്ങള്‍ പോയിത്തുടങ്ങുമ്പോള്‍ പഴമ്പുരാണം പറഞ്ഞ്‌ മുറുക്കിത്തുപ്പുന്ന ഇവര്‍ സ്വന്തം കോലായയാണ്‌ വൃത്തികേടാക്കുന്നത്‌.

വെടിവട്ടം: നായന്മാര്‍ക്കിടയില്‍ പെണ്‍വാണിഭക്കാരനോ കള്ളനോ കൊലപാതകിയോ അബ്‌കാരിയോ കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഒന്നുമില്ലെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള.
എന്തിനാ അധികം? എല്ലാത്തിനും കൂടി ഈയൊരു പിള്ളേച്ചന്‍ മതിയല്ലോ!


(ഫെബ്രുവരി ലക്കം കറന്റ്‌ അഫയേഴ്‌സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌ )

Friday, February 20, 2009

ഒരു ചെമ്പനീര്‍പ്പൂക്കാലത്തിന്റെ ഓര്‍മയ്‌ക്ക്‌....

             
        വൈകിട്ട്‌ സ്‌കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുമ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്ന യു.കെ.ജിക്കാരന്‍ മകന്‍ പൊതുവെ മ്ലാനവദനനായിരുന്നു. സാധാരണഗതിയില്‍ ചിലയ്‌ക്കല്‍ അവന്‍ നിര്‍ത്താറുള്ളതല്ല. എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചിട്ടുണ്ട്‌. മുന്നോട്ടുള്ള കാഴ്‌ചക്ക്‌ എന്റെ സാമാന്യം വലിയ ശരീരം അവനൊരു തടസ്സമാണ്‌. ഇടയ്‌ക്കൊക്കെ ഒരഭ്യാസിയെപ്പോലെ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഞാന്‍ ശാസിച്ചിരുത്താറാണ്‌ പതിവ്‌. അന്ന്‌ അതുമുണ്ടായില്ല. വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പലവട്ടം കാര്യം തിരക്കി. അവന്‍ വ്യക്തമായൊരു ഉത്തരം നല്‍കിയില്ല. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അമ്മയോടാണ്‌ അവന്‍ മനസ്സുതുറന്നത്‌. ആണ്‍കുട്ടികള്‍ പൊതുവെ അങ്ങിനെയാണെന്നു പറയാറുണ്ട്‌. അമ്മയോടാണ്‌ അവര്‍ക്ക്‌ കൂടുതല്‍ അടുപ്പം.
     മുറിയില്‍ വായിച്ചുകൊണ്ടിരുന്ന എന്റെ അടുത്തേക്ക്‌ ശ്രീമതി എത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു
"പുത്രന്‍ എന്താ പറഞ്ഞെ?"
"നിങ്ങളുടെയല്ലേ മകന്‍, ഗുണം ഇത്തിരിയെങ്കിലും കാട്ടാതിരിക്കുമോ?"
ചിരിച്ചുകൊണ്ട്‌ ഭാര്യ അതു പറഞ്ഞപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി നോക്കി.
"അവന്റെ ക്‌ളാസിലെ അനാര്‍ക്കലി എന്ന കുട്ടി രണ്ടു മൂന്നു ദിവസമായി വരുന്നില്ലത്രെ. അതിന്റെ വിഷമമാണ്‌."
ഞാനല്‍പം ഉറക്കെയാണ്‌ ചിരിച്ചത്‌. എന്റെ ഇത്തരം നൊസ്റ്റാള്‍ജിയകള്‍ മറ്റാരേക്കാളും അറിയാവുന്നത്‌ അവള്‍ക്കാണല്ലോ.
"അതാരാണീ അനാര്‍ക്കലി?"
"ഒരു മിടുക്കിക്കുട്ടിയാ. പനിയോ മറ്റോ ആണെന്നു തോന്നുന്നു. രണ്ടുദിവസമായി കാണുന്നില്ലെന്നു പറഞ്ഞ്‌ മകന്‌ ഭയങ്കര വിഷമം."
"ഫോണ്‍ നമ്പര്‍ വല്ലതും അവന്‍ പറഞ്ഞു തന്നിട്ടുണ്ടോ, നമുക്കൊന്നു വിളിച്ചുനോക്കാമായിരുന്നു."
ഒപ്പം പഠിക്കുന്ന അടുത്ത കൂട്ടുകാരുടെ വീട്ടിലെ മാത്രമല്ല, എന്റെ രണ്ടു ഫോണ്‍ നമ്പറുകളും അവന്റമ്മയുടേയും ക്‌ളാസ്‌ ടീച്ചറിന്റേയും നമ്പറുകളും കക്ഷിക്ക്‌ കാണാപ്പാഠമാണ്‌. പക്ഷെ, അനാര്‍ക്കലിയുടെ നമ്പര്‍ മാത്രം അവന്‍ വാങ്ങിയിട്ടില്ല. മണ്ടന്‍.
"ഇത്തവണ ആനിവേഴ്‌സറിക്ക്‌ അവന്‍ ഡാന്‍സ്‌ കളിക്കാനില്ലെന്ന്‌ പറഞ്ഞു."
"കാരണം ചോദിച്ചില്ലേ?"
"അവന്‍ പറഞ്ഞില്ല. പിന്നെ ടീച്ചറെ വിളിച്ചു ചോദിച്ചപ്പോഴാണ്‌ പറഞ്ഞത്‌, പെമ്പിള്ളേരുടെ കയ്യില്‍പിടിച്ച്‌ ഡാന്‍സ്‌ കളിക്കാന്‍ അവനു വയ്യത്രെ."
ഞാന്‍ വീണ്ടും ചിരിച്ചു.
"മരമണ്ടന്‍, പിന്നെ നഷ്‌ടബോധം തോന്നിക്കോളും."
"ഏയ്‌ അക്കാര്യത്തിലും അവന്‍ നിങ്ങളുടെ മോന്‍ തന്നെയാ."
 ഭാര്യ എനിക്കിട്ടൊന്നു വച്ചു.

   മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ എനിക്ക്‌ ആദ്യം ഒരു പെണ്‍കുട്ടിയോട്‌ അടുപ്പം തോന്നുന്നത്‌. നാലിലെത്തിയപ്പോള്‍ അവള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ മറ്റൊരു കുട്ടിയോടായി ഇഷ്‌ടം. വെറുതെ ഇഷ്‌ടപ്പെടാന്‍ നമുക്ക്‌ ആരുടേയും അച്ചാരം വേണ്ടല്ലോ. പിന്നെ ഒരോ വര്‍ഷവും ഓരോ മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞിരുന്നു. അങ്ങിനെ എത്ര വര്‍ഷങ്ങള്‍....
    
    അതൊക്കെ പ്രണയമായിരുന്നോ? മനസ്സില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിയെ ഒരു ദിവസം കണ്ടില്ലെങ്കില്‍ നെഞ്ചിനുള്ളില്‍ ഒരു വിങ്ങലായിരുന്നു. അവള്‍ക്കെന്തുപറ്റിയെന്ന ആശങ്ക. ആരോടു ചോദിക്കാന്‍?

     എന്നെ ഇത്തരത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പ്രണയിച്ചിരുന്നോ എന്നറിയില്ല. ഇഷ്‌ടപ്പെടുകയെങ്കിലും ചെയ്‌തിരുന്നോ എന്നും അറിയില്ല. പക്ഷെ, ഞാന്‍ ഇഷ്‌ടപ്പെടലില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല! കാരണം 'ജീവിതം യൗവ്വന തീഷ്‌ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന അസുലഭ കാലഘട്ട'മായിരുന്നു അത്‌.

     പതിവിലുമധികം കാണുകയും ഇടപെടുകയും ചെയ്യുന്ന പെണ്‍കുട്ടികളോടാണ്‌ കൂടുതല്‍ അടുപ്പം തോന്നുക. പത്താം ക്‌ളാസ്‌ വരെ മിക്‌സഡ്‌ സ്‌കൂളില്‍ പഠിക്കാത്തതിനാല്‍ പെണ്‍കൂട്ടുകാര്‍ കുറവായിരുന്നു. പഠനം ഏകദേശം അവസാനിച്ച കാലത്താണ്‌ വീടിനടുത്തുള്ള ഒരു എസ്‌.ടി.ഡി ബൂത്തിലെ പെണ്‍കുട്ടി കൂട്ടുകാരിയായത്‌. ബൂത്തുടമയാണ്‌ ആ ബന്ധത്തെ സംശയദൃഷ്‌ടിയോടെ നോക്കാന്‍ തുടങ്ങിയത്‌. അപ്പോള്‍ അതൊരു രസമായി. ഇഷ്‌ടമാണെന്ന്‌ പെണ്‍കുട്ടിയോടു പറയാന്‍ ഞാനൊരിക്കലും ഒരുക്കമായിരുന്നില്ല. അതിനെ അത്രക്കു ഗൗരവത്തില്‍ മാത്രമേ ഞാനെടുത്തിരുന്നുള്ളു. എനിക്കും ഒരു കാമുകിയുണ്ടെന്ന്‌ പത്തു പേരോടു പറയണമല്ലോ!

     ഒരു ദിവസം എന്തിനോ ആ കുട്ടിയുമായി പിണങ്ങി. പിറ്റേന്ന്‌ ഞാന്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ അവള്‍ അകത്തെ മുറിയില്‍ കയറി ഒളിച്ചിരുന്നു. എന്നിട്ട്‌ ടേപ്പ്‌ റിക്കോഡറില്‍ പാട്ടിട്ടു.
"എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോടീ പരിഭവം...."
    ഒരു ദിവസം ബൂത്തുടമയുടെ ഇടപെടീല്‍ ഉണ്ടായപ്പോള്‍ ഇനിയും ആ ബന്ധം മുന്നോട്ടുപോയാല്‍ പ്രശ്‌നമാകുമെന്നു തോന്നി അവസാനിപ്പിച്ചു. പെണ്‍കുട്ടിയോടു 'എനിക്കു നിന്നോടു പ്രണയമാണെന്നു പറയുന്നെല്ലാരും' എന്നു പറയാതിരുന്നതെത്ര ഭാഗ്യം!

     പിന്നീട്‌ ജോലിയിലിരിക്കെയാണ്‌ മറ്റൊരു കഥാപാത്രത്തെ കൂട്ടുകിട്ടുന്നത്‌. എല്ലാം യാദൃശ്ചികമായിരുന്നു. സംഭവങ്ങളത്രയും കുറിക്കാന്‍ സ്ഥലം പോര. ഞങ്ങളൊന്നിച്ച്‌ ദിവസവും രാവിലെയും വൈകിട്ടും നഗരമധ്യത്തിലൂടെ ഒരു കിലോമീറ്ററോളം വര്‍ത്താനം പറഞ്ഞ്‌ നടക്കും. ഓഫിസില്‍ നിന്നു കക്ഷിയെ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ടുപോയി വിടും. ഇടുക്കിജില്ലയിലെ, പരിഷ്‌കാരമത്രക്കങ്ങെത്താത്ത പട്ടണത്തെയും അവിടുത്ത ആളുകളേയും സംബന്ധിച്ച്‌, കണ്ടാല്‍ മോശമല്ലാത്തൊരു പെണ്ണ്‌ ഒരു യുവാവിനൊപ്പം സ്ഥിരമായി നടക്കുന്നതുകണ്ടാല്‍ എട്ടൊമ്പതു വര്‍ഷം മുമ്പ്‌, പലതും തോന്നുമായിരുന്നു. (ഇപ്പോള്‍ ഈ തിരുവനന്തപുരത്ത്‌ അത്തരം കാഴ്‌ചകള്‍ കാണുമ്പോള്‍ നേരത്തേ ജനിച്ചുപോയതോര്‍ത്ത്‌ സ്വയം ശപിക്കാറുണ്ട്‌ ഞാന്‍). പോരാത്തതിന്‌ പ്രമുഖമായൊരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കൂടിയാണല്ലോ ഞാന്‍!
ഒടുവില്‍ ആ കുട്ടിയേയും മിടുക്കനാരോ കെട്ടിക്കൊണ്ടുപോയി.

    ഓരോരോ കാലത്തും മനസ്സില്‍ കുടിയേറിയ ആ കുട്ടികളൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും? അവരെയൊക്കെ വിവാഹം കഴിച്ച ഭാഗ്യവന്‍മാര്‍ ആരായിരിക്കും? ഇനിയെവിടെയെങ്കിലും വച്ച്‌ അവരെ കണ്ടുമുട്ടിയാല്‍ പരസ്‌പരം തിരിച്ചറിയമോ? അറിയില്ല.

    മനസ്സിന്റെ കോണുകളില്‍ ഇഷ്‌ടപ്പെട്ടിറങ്ങിപ്പോയവര്‍ക്കെല്ലാം മീതേയാണ്‌ ഞാന്‍ അവസാനം ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയുടെ ജീവനുള്ള രൂപമെന്ന്‌ ഇപ്പോഴറിയുന്നു, എന്റെ ഭാര്യയുടെ.
                                                    * * * * *
പിറ്റേന്ന്‌ പുതിയ വിശേഷവുമായിട്ടാണ്‌ ഭാര്യ വന്നത്‌.
"ഞാന്‍ പറഞ്ഞില്ലേ, നിങ്ങളുടെ തനി സ്വഭാവമാണിവനെന്ന്‌?"
"എന്താ മോന്‍ പുതിയ പണി വല്ലതുമൊപ്പിച്ചോ?"
"അവന്‍ ഡാന്‍സിനു ചേരാന്‍ തീരുമാനിച്ചെന്ന്‌. "
"അതെന്താ, ചേരുന്നില്ലെന്നു പറഞ്ഞിട്ട്‌?"
"അനാര്‍ക്കലി വന്നിട്ടുണ്ടത്രെ. അവള്‍ക്കു ഡാന്‍സിനു ചേരണമെന്ന്‌. ജോടിയാകാന്‍ ടീച്ചര്‍ അവനെയാണ്‌ സെലക്‌ടുചെയ്‌തത്‌."
"അപ്പോള്‍ പെണ്‍കുട്ടികളുടെ കയ്യില്‍ പിടിച്ചു ഡാന്‍സു ചെയ്യാന്‍ അവനില്ലെന്നു പറഞ്ഞിട്ടോ?"
"എന്നാലും അനാര്‍ക്കലിയാകുമ്പോള്‍ പറ്റില്ലെന്നു പറയുന്നതെങ്ങിനെ!?"
അഞ്ചര വയസുകാരന്‍ മകന്‍ പുഴുപ്പല്ലുകാട്ടിച്ചിരിച്ച്‌ അകത്തേക്കോടിപ്പോയി.

(അനാര്‍ക്കലി എന്ന പേരല്ല ആ പെണ്‍കുട്ടിയുടേയത്‌. ഇപ്പോഴേ ഒരപകടം വരുത്തിവയ്‌ക്കേണ്ടെന്നു കരുതി മാറ്റിയതാണ്‌.)



Saturday, December 20, 2008

പാര്‍വ്വതിമാര്‍ തുണിയഴിക്കുമ്പോള്‍


     കേരളത്തിന്‌ അഭിമാനിക്കാം. പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന തിരുവല്ലക്കാരി ലോകത്തിലെ രണ്ടാമത്തെ സുന്ദരിയാണെന്നു കണ്ടെത്തപ്പെട്ടതില്‍. വെല്‍ഡണ്‍ പാര്‍വ്വതി, വെല്‍ഡണ്‍.

     സൗന്ദര്യം ശരീരത്തിന്റെ മാത്രമല്ല ബുദ്ധിയുടേതുകൂടിയാണെന്ന്‌ ഓരോ സുന്ദരിപ്പട്ടപ്പോരും വിളിച്ചുപറയാറുണ്ട്‌. ഇത്തവണ നിര്‍ണായകമായ ആ അവസാനചോദ്യം ഇതായിരുന്നു: ദക്ഷിണാഫ്രിക്കയില്‍ വന്നപ്പോള്‍ തോന്നിയതെന്ത്‌?
പാര്‍വ്വതി ശങ്കയേതുമില്ലാതെ മറുപടി പറഞ്ഞു: 
     "ഇന്ത്യക്ക്‌ ഗാന്ധിജിയും ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മണ്‌ഡേലയമുണ്ട്‌. ആതിഥ്യമര്യാദയിലും സംസ്‌കാരസമ്പന്നതയിലും രണ്ടു രാജ്യങ്ങളും ഒരുപോലാണ്‌."   പാര്‍വ്വതിക്കു മാര്‍ക്കു നേടിക്കൊടുത്തുവത്രെ ഈ ഉത്തരങ്ങള്‍!

        പാര്‍വ്വതി ലോകത്തെ രണ്ടാമത്തെ സുന്ദരിയായതില്‍ നമുക്ക്‌ അഭിമാനിക്കാനെന്തെങ്കിലുമുണ്ടോ?

        സൗന്ദര്യ മല്‍സരങ്ങള്‍ക്കെല്ലാം നിയതമായ ഒരു രൂപമുണ്ട്‌. അത്‌ മല്‍സരാര്‍ഥിയുടെ വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സില്‍ മാത്രം അധിഷ്‌ഠിതമാണ്‌. പക്ഷേ, മലയാളിയുടെ സൗന്ദര്യസങ്കല്‍പങ്ങള്‍ക്കു മീതേ ഒരു വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ സ്‌കെയില്‍ പ്രതിഷ്‌ഠിക്കാന്‍ എന്നെങ്കിലുമാകുമോ?

    എന്താണ്‌ മലയാളിയുടെ സൗന്ദര്യസങ്കല്‍പം? മാറുമറയ്‌ക്കാന്‍ അവകാശമില്ലാതിരുന്ന കാലത്തുനിന്ന്‌ പോരാട്ടത്തിലൂടെ മാറുമറയ്‌ക്കാന്‍ അല്‍പം തുണി വാങ്ങിയത്‌ എന്തിനായിരുന്നു? മാറു മറയ്‌ക്കാത്ത ഒരു അടിയാള സംസ്‌കാരം ഇന്നും തുടര്‍ന്നു വന്നിരുന്നെങ്കില്‍ പട്ടിണിപാവങ്ങളായ ലക്ഷക്കണക്കിനു സ്‌ത്രീകള്‍ക്ക്‌ അത്രയും കൂടി പണം ലാഭിക്കാമായിരുന്നു എന്നോര്‍ക്കുക. ഒളിച്ചു വച്ചിരിക്കുന്നതൊക്കെ ആര്‍ത്തിയോടെ നോക്കുന്ന മലയാളിയുടെ സംസ്‌കാരസമ്പന്നത സ്‌ത്രീകളുടെ മാറിടത്തിലേക്ക്‌ ഒരു പക്ഷേ ഇത്രയും ആര്‍ത്തിയോടെ നോക്കുമായിരുന്നുമില്ല.

    പക്ഷേ, ആ പോരാട്ടം വ്യര്‍ഥമായി. ജൊഹനാസ്‌ ബര്‍ഗിലെ വെളുത്ത വിധികര്‍ത്താക്കള്‍ക്കു മുന്നില്‍ പാര്‍വ്വതി തുണിയുരിഞ്ഞു. മലയാളി അസഹിഷ്‌ണുതയോടെയും കാമത്വരയോടെയും മാത്രം കാണുന്ന ബിക്കിനിയണിഞ്ഞു. നയന്‍താരയെന്ന മലയാളി തമിഴ്‌സിനിമയില്‍ ഉരിഞ്ഞതുപോലെ ചൂടന്‍ വേഷമായിരുന്നു അത്‌. പാര്‍വ്വതിയുടെ വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സ്‌ ആഗോള വിപണിക്ക്‌ അനുയോജ്യമായിരുന്നു.

     കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ ചാലയിലൂടെ കടന്നുപോകുമ്പോള്‍ ഒരു കാഴ്‌ച കണ്ടു. പതിനഞ്ചില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി അമ്മയോടൊപ്പം നടന്നുപോകുന്നു. ജീന്‍സും ടീ ഷര്‍ട്ടുമാണ്‌ വേഷം. വളരെ മാന്യമായി ധരിക്കാവുന്ന വസ്‌ത്രമാണത്‌. പെണ്‍കുട്ടിയുടെ പിന്‍വശമാണ്‌ ആദ്യം കണ്ണില്‍ തറച്ചത- അതെ തറച്ചത്‌. അതിനൊരു ഒളിഞ്ഞുനോട്ടത്തിന്റെ സ്വഭാവമുണ്ടായിരുന്നില്ല. കാരണം ടീഷര്‍ട്ടിന്റെ പിന്‍വശം അരയോളം ഉയര്‍ത്തിയാണ്‌ വച്ചിരിക്കുന്നത്‌. കുട്ടിയുടെ ചന്തിയുടെ മുകളില്‍ ജീന്‍സില്‍ സ്വര്‍ണ്ണനൂലുകൊണ്ടുള്ള ചിത്രത്തുന്നല്‍. ഷര്‍ട്ട്‌ താഴ്‌ത്തിയിട്ടാല്‍ ചിത്രത്തുന്നല്‍ കാണാനാകില്ലെന്നുറപ്പാണ്‌. ചിത്രത്തുന്നലുള്ള ജീന്‍സ്‌ ധരിക്കുമ്പോള്‍ ചന്തി മറയ്‌ക്കരുതെന്നാണ്‌ ഈ ജീന്‍സ്‌ പറഞ്ഞുകൊടുക്കുന്നത്‌. ആരു വേണമെങ്കിലും കണ്ടോ എന്നു വിളംബരം ചെയ്യുന്ന ഒരുതരം തുണിപൊക്കിക്കാണിക്കല്‍. എന്റെ കുഞ്ഞനുജത്തിയുടെപോലും പ്രായമില്ലാത്ത ആ കരുന്നിന്റെ നിതംബത്തില്‍ ഞാന്‍ നോക്കാതിരുന്നാലും കണ്ണുകള്‍ക്ക്‌ വഴിതെറ്റിപ്പോകും. അതിനെ തുറിച്ചനോട്ടമെന്നോ, പിഴച്ച നോട്ടമെന്നോ വിളിച്ചോളൂ?. പക്ഷേ, ആ കാഴ്‌ചയിലേക്ക്‌ കണ്ണെറിയാത്തവര്‍ മാത്രമേ വിളിക്കാവൂ.

      വസ്‌ത്രധാരണം കാലാനുസൃതമായി മാറേണ്ടത്‌ ആവശ്യമാണ്‌. മാറു മറയ്‌ക്കാത്ത കാലത്തു നിന്ന്‌ റൗക്കയും മുണ്ടും വന്നു. പിന്നെ ഇറക്കമുള്ള ബ്‌ളൗസും ലുങ്കിയും വന്നു. മേല്‍മുണ്ടും നേര്യതും ധരിച്ചിരുന്ന ആഢ്യസംസ്‌കാരം സാരി ധരിച്ചു. സെറ്റും മുണ്ടും ധരിച്ചു. ചുരിദാര്‍ സകല വസ്‌ത്രങ്ങളേയും കീഴടക്കിയപ്പോഴും സാരി ഇടയ്‌ക്കൊക്കെ മുഖംകാട്ടി. മാന്യമായി ധരിച്ചില്ലെങ്കില്‍ സാരിയും ചുരിദാറും അപകടകാരികളാണെന്നതു മറക്കുന്നില്ല.
 
      അതെന്തുമാകട്ടെ, ചിങ്ങം ഒന്നിനും കേരളപ്പിറവിയിലും മലയാളിപ്പെണ്‍കൊടിമാര്‍ സെറ്റുസാരിധരിക്കാന്‍ തുടങ്ങി. പരമ്പരാഗതമായൊരു സൗന്ദര്യസംസ്‌കാരമായിരുന്നു ആ വസ്‌ത്രം. അതാണ്‌ ജൊഹനാസ്‌ബര്‍ഗില്‍ പാര്‍വ്വതി അഴിച്ചുവച്ചത്‌.
ലോകസുന്ദരിപ്പട്ടത്തിനു മല്‍സരിക്കുമ്പോള്‍ സ്വന്തം സംസ്‌കാരം ഉപയോഗിച്ചുവേണം മല്‍സരിക്കാന്‍. പാര്‍വ്വതി ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞത്‌ ഇംഗ്‌ളീഷിലാണ്‌, മലയാളത്തിലല്ല. മലയാളത്തില്‍ പറയണമെന്നു വാശിപിടിക്കുന്നില്ല. ഇംഗ്‌ളീഷ്‌ അറിയാമെന്നുള്ളപ്പോള്‍ ആ ഭാഷ തന്നെ ഉപയോഗിക്കാം. ലോകസുന്ദരിയായ തിരഞ്ഞെടുക്കപ്പെട്ട റഷ്യക്കാരി സെനിയ സുഖിനോവയ്‌ക്ക്‌ ഇംഗ്‌ളീഷ്‌ അറിയില്ലായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ മറുപടി പറഞ്ഞ സെനിയ എന്നിട്ടും ലോകസുന്ദരിയായി.

     ഫാഷന്‍ വസ്‌ത്രം ധരിച്ച്‌ റാമ്പില്‍ അന്നനട കാണിക്കുന്ന പെണ്‍തരുണിമാര്‍ക്കിടയില്‍ വ്യാജമില്ലാതെ തനി മലയാളിയായി, ഉത്തരമായിപ്പറഞ്ഞ ആ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച്‌ പാര്‍വ്വതി നടന്നു നീങ്ങിയരുന്നെങ്കില്‍ മുഖം നിറഞ്ഞുള്ള ചിരിക്ക്‌ സൗന്ദര്യം കൂടുമെന്നുറപ്പ്‌. പക്ഷേ, സുന്ദരിയാകാന്‍ അതല്ലല്ലോ ആവശ്യം. വസ്‌ത്രം പൂര്‍ണമായും അഴിഞ്ഞുനീങ്ങുന്ന സന്ദര്‍ഭത്തില്‍ ആരും സൗന്ദര്യമല്ല നോക്കാറ്‌. നഗ്നത മാത്രമാണ്‌. അതിന്റെ ഉപയോഗമാണ്‌. പാര്‍വ്വതി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ആ ഘട്ടത്തില്‍ എത്തിച്ചേരാന്‍ രണ്ടേ രണ്ടു കെട്ടുകള്‍ മാത്രം അഴിച്ചാല്‍ മതി.

      വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സില്‍ കൃത്രിമം കാട്ടാന്‍ ഇന്ന്‌ ഉപാധികള്‍ ഏറെയാണ്‌. നിതംബം മറഞ്ഞ്‌ മുടിയുള്ള പെണ്ണിനെ കൊതിച്ചുകൊതിച്ചു കെട്ടിയ ഒരു സൗന്ദര്യാസ്വാദകന്റെ കഥയുണ്ട്‌. ആദ്യരാത്രിയില്‍ കുളിച്ചെത്തിയ പെണ്ണ്‌ തിരുപ്പന്‍ വച്ചുകെട്ടുന്നതുകണ്ട്‌ ഞെട്ടിപ്പോയത്രെ. ഇതു പഴങ്കഥ. ഇന്ന്‌ വലിയ മുലയും ചന്തിയുമാണ്‌ പല സൗന്ദര്യാസ്വാദകരുടേയും നോട്ടം. അത്‌ നമ്മുടെ പെണ്‍പിള്ളേര്‍ക്ക്‌ നന്നായിട്ടറിയുകയും ചെയ്യാം. അതുമുതലെടുക്കാന്‍ വിപണിയില്‍ ഇന്ന്‌ സാധനങ്ങള്‍ കിട്ടും. ആദ്യരാത്രിയില്‍ അഴിച്ചുവയ്‌ക്കുന്ന ബ്രായിലും പാന്റീസിലും വലുപ്പം കൂട്ടിക്കാണിക്കാന്‍ പിടിപ്പിച്ചിരിക്കുന്ന സ്‌പോഞ്ച്‌ പാഡ്‌ കണ്ട്‌ പല യുവാക്കളും ഇളിഭ്യരാകുന്ന കാലം എത്തിക്കഴിഞ്ഞു.

      നമുക്ക്‌ ഇവയെല്ലാം എളുപ്പം വില്‍ക്കാനാകുന്ന വിപണിയുണ്ട്‌. അവിടെ ഒരു പാര്‍വ്വതി അത്യാവശ്യമാണ്‌. ലക്ഷങ്ങള്‍ വാരിക്കൊടുത്ത്‌ പാര്‍വ്വതിയെ മോഡലാക്കിയാല്‍ ഉല്‍പന്നം ചൂടപ്പം പോലെ വിറ്റഴിയും. സുസ്‌മിതയും ഐശ്വര്യയും സുന്ദരിപ്പട്ടങ്ങള്‍ ചൂടിയപ്പോള്‍ അത്തരം വിചാരണകള്‍ ഏറെ നടന്നതാണ്‌. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ കൂടുതല്‍ വിഴുങ്ങാനാണ്‌ പാര്‍വ്വതിയുടെ പട്ടം ചാര്‍ത്തലിലൂടെ ബഹുരാഷ്‌ട്രക്കുത്തകകള്‍ ശ്രമിക്കുക.

       സുസ്‌മിതയ്‌ക്കും ഐശ്വര്യക്കും പിന്നാലെയാണ്‌ നമ്മുടെ പെണ്‍കുട്ടികളുടെ സൗന്ദര്യസങ്കല്‍പം കീഴ്‌മേല്‍ മിറഞ്ഞതെന്നു മറക്കരുത്‌. ശരീരഭാഗങ്ങളത്രയും കാഴ്‌ചവസ്‌തുക്കളാക്കി പുരുഷന്‍മാരുടെ നോട്ടത്തെ അവര്‍ പിഴപ്പിക്കാന്‍ തുടങ്ങി. നമ്മുടെ നാട്ടില്‍ റോഡപകടങ്ങളുണ്ടാകുന്നതില്‍ വേഷവിധാനത്തിനുള്ള പങ്കിനെപ്പറ്റി ആരും ഗവേഷണം നടത്തിയിട്ടില്ല. കൃത്രിമ മാര്‍ഗത്തിലൂടെയോ അല്ലാതെയോ കാഴ്‌ചവസ്‌തുവായി നടക്കുന്ന പെണ്ണിനെ കണ്ട്‌ മനസ്സും കണ്ണും തെല്ലു പതറുമ്പോഴായിരിക്കാം. എതിരേ വരുന്ന വാഹനം ഇടിക്കുന്നത്‌. അല്ലെങ്കില്‍ പെട്ടെന്നു ബ്രേക്കിട്ട വാഹനത്തിന്റെ പിന്നില്‍ തട്ടുന്നത്‌. പക്ഷേ, അതാരും സമ്മതിക്കില്ലല്ലോ!

     പ്രദര്‍ശനപരത ഒരുകാലത്ത്‌ പുരുഷന്‍മാരില്‍ മാത്രമായി ഒതുങ്ങിയിരുന്നതാണ്‌. ഇന്നത്‌ തുല്യ പ്രാധാന്യത്തോടെ അതിരുകള്‍ ലംഘിച്ചുകഴിഞ്ഞു. ലോകസുന്ദരിക്കല്ലാതെ ലോക സുന്ദരന്‌ പുരസ്‌കാരം നല്‍കാന്‍ ആരുമില്ല. പക്ഷേ, പ്രാദേശികമായി സുന്ദരന്‍മാര്‍ ഉണ്ടാകുന്നുണ്ട്‌. പക്ഷേ, അവിടെയും പ്രശ്‌നമുണ്ട്‌. പുരുഷന്റെ പ്രകൃതമായ രോമം ശരീരത്തില്‍ നിന്നു നീക്കം ചെയ്‌താലെ സൗന്ദര്യമുണ്ടാകൂ. മാത്രമല്ല, അരക്കെട്ടിലെ മുഴുപ്പ്‌ വ്യക്തമാക്കുന്ന ജട്ടി മാത്രം ധരിച്ച്‌ ശരീരത്തിലെ മസിലുകള്‍ മുഴുവന്‍ വികൃതമാക്കി പെരുപ്പിച്ച്‌ നില്‍ക്കുന്ന വൃത്തികെട്ട രൂപമായിരിക്കും സുന്ദരപുരുഷന്‍. മള്‍ട്ടിജിമ്മുകള്‍ ആരോഗ്യസംരക്ഷണത്തിനല്ല, ബോഡി ബില്‍ഡിംഗിനുള്ളതാണെന്ന്‌ പ്രചരിപ്പിക്കേണ്ടത്‌ ഫാസ്റ്റ്‌ഫുഡ്‌ കാലത്ത്‌ പല തരത്തിലും അത്യാവശ്യമാണ്‌. അതുകൊണ്ടാണ്‌, പുരുഷന്‍ ധരിച്ചിരിക്കുന്ന ജട്ടിയുടെ ബ്രാന്‍ഡ്‌ നോക്കി സുന്ദരി അവന്റെ ശരീരത്തിലേക്കു വീഴുന്ന പരസ്യം ഉണ്ടായത്‌. ടീവിയില്‍ അതു കാണാന്‍ നമുക്ക്‌ യാതൊരു ഉളുപ്പുമില്ലാത്തത്‌. നമ്മുടെ യുവാക്കള്‍ അടിവസ്‌ത്രത്തിന്റെ പരസ്യം കണക്കെ പാന്റുകള്‍ അരയില്‍ നിന്ന്‌ അരച്ചാണ്‍ താഴ്‌ത്താന്‍ തുടങ്ങിയത്‌. 

      മലയാളി ഇനിയും വളരും. അതിരുകള്‍ക്കപ്പുറത്ത്‌ അറിയപ്പെടും. അതിനായി എത്ര തുണിയുരിയാനും നമുക്ക്‌ മടിയില്ലെന്ന്‌ നയന്‍താരയും പാര്‍വ്വതിയും കാണിച്ചുതരുന്നു. ആ കാഴ്‌ചകളില്‍ നിന്ന്‌ നാം അയല്‍പക്കത്തെ പെണ്‍കുട്ടിയും അത്തരക്കാരിയാണെന്ന്‌ സംശയിച്ചുതുടങ്ങുന്നു. ആ സംശയം വീട്ടിനുള്ളിലേക്കു കടക്കുന്ന കാലമുണ്ടായാല്‍? ബ്‌ളൂടൂത്തുകളും മൊബൈല്‍ അശ്ലീലങ്ങളും കാലഹരണപ്പെടുന്ന അക്കാലം വരാതിരിക്കട്ടെ. പാര്‍വ്വതിമാര്‍ ഇനിയും ജനിക്കാതിരിക്കട്ടെ! 

Friday, December 19, 2008

ഗായിക മഞ്‌ജരിയുമായി സൗഹൃദസംഭാഷണം



നാലു വര്‍ഷത്തിനുള്ളില്‍ നൂറോളം ഗാനങ്ങള്‍. സിനിമയില്‍ പാടാനെത്തിയ വര്‍ഷം തന്നെ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. തെന്നിന്ത്യയിലെ സംഗീതസാമ്രാട്ടായ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ നിരവധി പാട്ടുകള്‍. മഞ്‌ജരി ഭാഗ്യം ലഭിച്ച ഗായികയാണെന്നു പറയാന്‍ ഇതിലധികം എന്തുവേണം. ഒരു വിദ്യാര്‍ഥിയുടെ ചുറുചുറുക്കോടെ തെല്ലും തലക്കനമില്ലാതെ സദാ ചിരിക്കുന്ന മുഖവുമായാണ്‌ മഞ്‌ജരി സംസാരിക്കുന്നത്‌. തിരുവനന്തപുരം വഴുതക്കാട്ടുള്ള ഹീരാ പാര്‍ക്കില്‍ ആറാം നിലയിലെ ഫ്‌ളാറ്റിലിരുന്ന്‌ മഞ്‌ജരിയുമായി നടത്തിയ സൗഹൃദസംഭാഷണത്തില്‍ നിന്ന്‌

സംഗീതയാത്രയുടെ തുടക്കം 
എന്റെ മേഖല പാട്ടാണെന്ന്‌ ആദ്യം പറഞ്ഞത്‌ ദാസങ്കിളാണ്‌. നാലിലോ അഞ്ചിലോ മറ്റോ പഠിക്കുമ്പോള്‍ മസ്‌ക്കറ്റില്‍ വച്ചാണ്‌ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌. പിന്നെ എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ തരംഗിണിയുടെ എന്നുമീ പൊന്നോണം എന്ന ആല്‍ബത്തില്‍ പാടി. സംഗീതം മോഹന്‍ സിത്താര സാര്‍ ആയിരുന്നെങ്കിലും പാട്ട്‌ പറഞ്ഞു തന്നത്‌ ദാസങ്കിളാണ്‌. അങ്കിളിനൊപ്പം അതില്‍ പാടാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായിരുന്നു. 

സിനിമയിലേക്ക്‌
കൈരളി ചാനലിലെ സിംഫണി എന്ന പരിപാടിയാണ്‌ സിനിമയിലേക്കു വഴിതുറന്നത്‌. ആദ്യം പാടിയത്‌ രഞ്‌ജിത്‌ സാറിന്റെ ഹലോ എന്ന സിനിമക്കുവേണ്ടിയായിരുന്നു. പക്ഷേ ആ പ്രൊജക്‌ട്‌ നടന്നില്ല. വാമനപുരം ബസ്‌ റൂട്ടിലെ പാട്ടുകളാണ്‌ ആദ്യം പുറത്തിറങ്ങിയത്‌. ആദ്യം പുറത്തുവന്ന സിനിമ അച്ചുവിന്റെ അമ്മയായിരുന്നു. അതിലെ താമരക്കുരുവിക്ക്‌ തട്ടമിട്‌..., ശ്വാസത്തിന്‍ താളം... എന്നിവയാണ്‌ പാടിയത്‌. രണ്ടും ഹിറ്റായി.

ഇളയരാജയുമായുള്ള ബന്ധം 
അതൊരു വലിയ ദൈവാനുഗ്രഹവും ഭാഗ്യവുമൊക്കെയാണ്‌. രാജാസാറിന്റെ പാട്ടുകള്‍ പണ്ടും ഇഷ്‌ടമായിരുന്നു. അദ്ദേഹത്തെ നേരില്‍ കാണാനൊക്കുമെന്നുപോലും കരുതിയതല്ല. വോയ്‌സ്‌ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ തന്നെ അഞ്ച്‌ പാട്ടുകള്‍ കിട്ടി. പൊന്മുടിപ്പുഴയോരത്തിലെ മൂന്നും തമിഴില്‍ കരകാട്ടക്കാരനിലെ രണ്ടും. പൊന്‍മുടിപ്പുഴയോരത്തിലെ ഒരുചിരികണ്ടാല്‍... എന്ന പാട്ട്‌ ഹിറ്റാകുകയും ചെയ്‌തു. 

തിരുവാസകം 
ഒരു ടീം വര്‍ക്കുതന്നെയായിരുന്നു തിരുവാസകം. പ്രഗത്ഭരായ അനവധിപേര്‍. ഒരു പിക്‌നിക്കിന്റെ രസവും കൂട്ടായ്‌മയുമൊക്കെ പ്രസാദ്‌ സ്റ്റുഡിയോയിലെ റെക്കോഡിംഗ്‌ സമയത്ത്‌ അനുഭവിക്കാന്‍പറ്റി. ഒരു സോളോ അതില്‍ പാടാന്‍ പറ്റിയതും വലിയൊരു ഭാഗ്യമാണ്‌. 

ഇഷ്‌ടപ്പെട്ട സംഗീതസംവിധായകന്‍
എല്ലാവരും ഗുരുതുല്യരാണ്‌. പക്ഷേ ഔസേപ്പച്ചന്‍ സാറിനൊപ്പം പാട്ടു ചെയ്യുമ്പോള്‍ വര്‍ക്കില്‍ വല്ലാത്തൊരു സ്വാതന്ത്ര്യം കിട്ടും. നമുക്ക്‌ നമ്മുടേതായ ശൈലി കൊണ്ടുവരാന്‍ അദ്ദേഹം അനുവദിക്കും. പാട്ട്‌ എത്രയും മനോഹരമാക്കാനുള്ള ആത്മവിശ്വാസം അതിലൂടെ കിട്ടും. ഒറ്റവാക്കില്‍ ടെന്‍ഷന്‍ ഫ്രീയാണ്‌ സാറിനൊപ്പമുള്ള വര്‍ക്ക്‌.



പാടിയവയില്‍ ഏതാണു മികച്ചതെന്നു ചോദിച്ചാല്‍ എല്ലാം നല്ലതായിരുന്നെന്നേ മഞ്‌ജരി പറയൂ. സ്റ്റേജ്‌ ഷോകളിലും മറ്റും ആളുകള്‍ പാടാന്‍ കൂടുതല്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍
കറുത്തപക്ഷികളിലെ മഴയില്‍ രാത്രിമഴയില്‍..., ഫോട്ടോഗ്രാഫറിലെ എന്തേ കണ്ണനു കറുപ്പുനിറം... എന്നിവ ആളുകള്‍ക്ക്‌ എത്ര കേട്ടാലും മതിയാകാറില്ല. മൂന്നാമതൊരാളിലെ നിലാവിന്റെ തൂവല്‍... ആണ്‌ ഞാന്‍ അനായാസമായി പാടിയ പാട്ട്‌.

കൂടുതലിഷ്‌ടം 
ഹിന്ദുസ്ഥാനി ചായ്‌വുള്ള പാട്ടുകാളാണ്‌ ആസ്വദിച്ചു പാടാന്‍ പറ്റുന്നത്‌. കച്ചേരി ചെയ്യുന്നതും അതുതന്നെ. ഗസലിലുള്ള താല്‍പര്യവും ഹിന്ദുസ്ഥാനിയോട്‌ അടുപ്പം കൂട്ടുന്നുണ്ട്‌. ഗസലും ക്‌ളാസിക്കുകളും നല്‍കുന്ന സംതൃപ്‌തി ഒന്നു വേറേതന്നെയാണ്‌. 

ഗസല്‍ 
ഗസല്‍ ആരെങ്കിലും പാടുന്നതു കേള്‍ക്കുമ്പോള്‍ ഒപ്പം പാടിപ്പോകും. ചില ഗസല്‍ പരിപാടികളില്‍ സദസ്സിലിരിക്കുമ്പോള്‍ എന്റെ ഈ പാട്ട്‌ അടുത്തിരിക്കുന്നവര്‍ക്ക്‌ ശല്യമാകാറുണ്ട്‌.
ഉസ്‌താദ്‌ ഖാലിദ്‌ അന്‍വര്‍ ജാന്‍ ആണ്‌ ഗസലിലെ ഗുരു. പാക്കിസ്ഥാന്‍കാരനാണ്‌. മസ്‌ക്കറ്റിലാണ്‌ ഇപ്പോള്‍ താമസം. ഇടയ്‌ക്ക്‌ മസ്‌ക്കറ്റില്‍ പോയി ഇപ്പോഴും പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌. 

മസ്‌ക്കറ്റ്‌
അച്ഛന്‌ അവിടെയാണ്‌ ജോലി. ഞാന്‍ ട്വല്‍ത്ത്‌ വരെ പഠിച്ചതും അവിടെയാണ്‌. ഡിഗ്രിക്കു ചേരാന്‍ നേരത്താണ്‌ തിരുവനന്തപുരത്തു വന്നത്‌. ഇപ്പോള്‍ വിമന്‍സ്‌ കോളജില്‍ മ്യൂസിക്‌ എം. എ. അവസാനവര്‍ഷം.


ഇഷ്‌ടപ്പെട്ട പാട്ടുകള്‍
പഴയകാലത്തെ പാട്ടുകള്‍. അതൊക്കെ കേള്‍ക്കുമ്പോള്‍ ആ കാലത്തെപ്പറ്റി നഷ്‌ടബോധം തോന്നും. അന്നൊരു പാട്ടുകാരിയായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നു വിഷമവുമുണ്ടാകും. പിന്നെ സ്റ്റേജ്‌ ഷോകളിലൊക്കെ പഴയ പാട്ടുകള്‍ പാടി സംതൃപ്‌തിയടയുകയാണു പതിവ്‌. 

അടിപൊളി പാട്ടുകള്‍
മെലഡിയോടാണ്‌ കൂടുതലിഷ്‌ടം. അടിപൊളിപാട്ടുകള്‍ പാടാറുണ്ട്‌. തമിഴിലാണ്‌ അത്തരം പാട്ടുകള്‍ കൂടുതലും പാടിയിട്ടുള്ളത്‌. എന്തായാലും പാട്ടിനൊപ്പം ഡാന്‍സ്‌ ചെയ്യാന്‍ ഞാനില്ല.

പഴയ ഗായകര്‍
എല്ലാവരില്‍ നിന്നും പലതും പഠിക്കാനുണ്ട്‌. കേട്ടു മതിയാകാത്ത ശബ്‌ദം സുശീലാമ്മയുടേതാണ്‌. സുശീലാമ്മയുടെ ഒപ്പം സ്റ്റേജില്‍ പാടാന്‍ പറ്റിയിട്ടുണ്ട്‌. കഴിഞ്ഞ മാസം തിരുവനന്തപുരത്ത്‌ ദേവരാജന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങില്‍ പാടാനെത്തിനെത്തിയപ്പോള്‍ സുശീലാമ്മ സദസ്സിന്റെ മുന്‍നിരയിലിരിക്കുന്നു. നേരേ മുന്നില്‍ നിന്നു പാടുന്നതാദ്യമാണ്‌. ആ പരിഭ്രമത്തില്‍ ഞാന്‍ ഇടയ്‌ക്ക്‌ പാട്ടിലെ ഒരു വാക്ക്‌ മറന്നുപോയി. പിന്നെ അതൊരുതരത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്‌തു. അതു മനസ്സിലാക്കിയ സുശീലാമ്മ പാട്ടുപാടിക്കഴിഞ്ഞപ്പോള്‍ കൈകളുയര്‍ത്തിക്കൊട്ടുന്നതുകണ്ടു. അപ്പോഴാണ്‌ ആശ്വാസമായത്‌.

മലയാളം 
ഞാന്‍ അവിടെയായിരുന്നപ്പോള്‍ ധാരാളം മലയാള കവിതകള്‍ വായിക്കുകയും ചൊല്ലിപ്പഠിക്കുകയും ചെയ്യുമായിരുന്നു. പലതവണ പദ്യംചൊല്ലലിന്‌ സമ്മാനം കിട്ടിയിട്ടുണ്ട്‌. ആത്മാവിലൊരു ചിത, മാമ്പഴം തുടങ്ങിയ കവിതകളൊക്കെ ഏറെ ഇഷ്‌ടമാണ്‌.


ശിവ ബാന്‍ഡ്‌
അത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌. ചെറിയകുട്ടിയായിരുന്നപ്പോള്‍. ആദ്യത്തെ സ്റ്റേജ്‌ പെര്‍ഫോമന്‍സ്‌ അതായിരുന്നുവെന്നു പറയാം. 

ആല്‍ബങ്ങള്‍
നിരവധി നല്ല പാട്ടുകള്‍ ആല്‍ബങ്ങളിലൂടെ കിട്ടി. ബോംബെ 
കമാല്‍സാറിന്റെയും ബാലഭാസ്‌കറിന്റെയും ഒക്കെ ആല്‍ബങ്ങലില്‍ പാടാന്‍ കഴിഞ്ഞു.







Powered By Blogger

FEEDJIT Live Traffic Feed