Saturday, October 4, 2008
ഈ വിധികര്‍ത്താക്കളെന്തിനാണു കരയുന്നത്?
ഈ വിധികര്‍ത്താക്കളെന്തിനാണു കരയുന്നത്?
“അതുശരി, തെറ്റായിട്ടാണല്ലേ പഠിച്ചു വച്ചിരിക്കുന്നത്? കൊള്ളാം...“
“മോനേ, അത്യാവശ്യം വേണ്ടത് അക്ഷര സ്‌ഫുടതയാണെന്നു മറക്കരുത്....“
മലയാളചാനല്‍ ചരിത്രത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഒരു റിയാലിറ്റിഷോയിലെ വിധികര്‍ത്താവിന്റെ പതിവുവാക്കുകളാണിത്. സംഗീതപ്രധാനമായ മല്‍സരത്തിലെ രണ്ടു ഗുരുതരമായ പിശകുകള്‍ തന്നെയാണിവ. വിധികര്‍ത്താക്കള്‍ സത്യസന്ധമായാണു മാര്‍ക്കിടുന്നതെങ്കില്‍ ഇവര്‍ രണ്ടുപേരും മല്‍സരത്തില്‍ നിന്നു പുറത്താകുമെന്നുറപ്പ്. പക്ഷേ പാട്ടിന് എഴുപത്തഞ്ചില്‍ അറുപതും, തെറ്റ് ചോദ്യം ചെയ്‌തു വെളിച്ചത്തുകൊണ്ടുവന്ന ഇന്ററാക്ഷന് ഇരുപത്തഞ്ചില്‍ പതിനഞ്ചും നല്‍കി ആകെ നൂറില്‍ എഴുപത്തഞ്ചു മാര്‍ക്ക് മല്‍സരാര്‍ഥിക്കു കൊടുക്കുമ്പോള്‍ നമുക്കു ന്യായമായും പ്രതീക്ഷിക്കാം ഈ സംഗതികളെല്ലാം ശ്രദ്ധിച്ച് പാടിയാടുന്ന കുട്ടിക്ക് ഒരു തൊണ്ണൂറു മാര്‍ക്കെങ്കിലും കിട്ടുമെന്ന്. എന്നാല്‍ നല്‍കിയ മാര്‍ക്കുകളില്‍ പരമാവധി ഈ എഴുപത്തഞ്ചാണെന്നു വന്നാല്‍ നാം ആരെ കുറ്റപ്പെടുത്തണം?
കുറ്റപ്പെടുത്തേണ്ടത് മൊബൈല്‍ഫോണും കയ്യില്‍പിടിച്ച് പോക്കറ്റടിക്കാന്‍ ഇരുന്നുകൊടുക്കുന്ന പ്രേക്ഷകനെയാണ്. എലിമിനേഷന്‍ റൗണ്ടില്‍ ഓരോ മല്‍സരാര്‍ഥി പുറത്താകുമ്പോഴും അകത്താകുമ്പോഴും അവതാരകയും വിധികര്‍ത്താക്കളും സ്ഥിരമായി പറയുന്ന വാക്കുണ്ട്- എസ്.എം.എസ്. ചതിച്ചു അല്ലെങ്കില്‍ എസ്.എം. എസ് തുണച്ചു എന്ന്. ക്രെഡിറ്റും ഡെബിറ്റും ഒരു പോലെ പതിച്ചുകിട്ടുന്ന ഈ എസ്.എം.എസിന് ഒരു നോക്കുകുത്തിയുടെ റോള്‍ മാത്രമേയുള്ളുവെന്ന് പാവം പ്രേക്ഷകര്‍ക്കറിയില്ല.
മുന്‍കൂട്ടി ചിത്രീകരിച്ചു വയ്‌ക്കുന്ന എലിമിനേഷന്‍ റൗണ്ടില്‍ പുറത്താകുന്നവര്‍പോലും അത് സംപ്രേഷണം ചെയ്യപ്പെടും മുമ്പ് വരെയുള്ള ഓരോ മല്‍സര എപ്പിസോഡിലും പെര്‍ഫോം ചെയ്‌ത് പ്രേക്ഷകരോട് വോട്ടഭ്യര്‍ഥിക്കുന്നു. ഇവര്‍ പുറത്തായതറിയാതെ പ്രേക്ഷകര്‍ എസ്.എം.എസ്. അയച്ചു വിഡ്‌ഢികളാകുന്നു. സീരിയലുകളിലൂടെ പ്രേക്ഷകനെ യാതൊരു ഉളുപ്പുമില്ലാതെ വിഡ്‌ഢിയാക്കുന്ന ചാനലുകള്‍ പഠിച്ചതല്ലേ പാടൂ!
മുമ്പ് നടന്ന മല്‍സരത്തിലെ സംഗതി നോക്കുക. ഒരാളുടെ പാട്ടിനു കാര്യമായ തെറ്റുകുറ്റങ്ങളൊന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു കണ്ടില്ല. എന്നിട്ടും മാര്‍ക്കിട്ടത് ഏറ്റവും കുറഞ്ഞ സ്‌ളാബില്‍. അതേസമയം അതിനു മുമ്പു പാടിയ ഒരു പെണ്‍കുട്ടിയുടെ പാട്ടില്‍ ആദ്യ നാലുവരിയില്‍തന്നെ നിരവധി തെറ്റുകള്‍ വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടി. പക്ഷേ മാര്‍ക്കു വീണത് ഉയര്‍ന്ന സ്‌ളാബില്‍. ആ മല്‍സരാര്‍ഥി ഡെയ്‌ഞ്ചര്‍ സോണില്‍പോലുമെത്താതെ ഇന്‍ ആയി. അധികമാരും ശ്രദ്ധിക്കാത്ത ഈ വൈരുധ്യത്തിലാണ് വിധികര്‍ത്താക്കളുടെ കണ്ണീര്‍ തുളുമ്പുന്നത്.
മിക്ക കണ്ടസ്റ്റന്റുകളും പുറത്താകുമ്പോള്‍ വിധികര്‍ത്താക്കളും അവതാരികയുമെല്ലാം ചേര്‍ന്ന് കൂട്ടക്കരച്ചിലാണ്. ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യത്തിന്റെ പിന്നണിയില്‍ നിന്ന് പോകാതെന്നിളവെയില്‍ക്കുരുവീ... എന്ന ശോകഗാനമുയരും ചെയ്‌തിരുന്നു. ഇത്തരം കോപ്രായങ്ങള്‍ ആവര്‍ത്തിക്കുന്നതു സ്ഥിരമായി കാണുന്ന പ്രേക്ഷകന്‍ ഒരു കോമഡി ഷോ കാണുന്നതിലും ആത്മാര്‍ഥമായാണു ചിരിക്കുന്നതെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയാഞ്ഞിട്ടാണോ? കണ്ണീരൊഴുക്കുന്നവരെ മാത്രം ചിത്രീകരിക്കാനായി ഒരു ക്യാമറ സജ്ജീകരിച്ചിട്ടുണ്ടെന്നു തോന്നും ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍.
ഒരുതവണ എലിമിനേഷന്‍ റൗണ്ടില്‍ പുറത്താക്കപ്പെട്ടവരൊന്നും കരഞ്ഞില്ല. എന്നിട്ടും അവതാരിക കരഞ്ഞു. എന്തിന് ചിത്രീകരണസമയത്തുമാത്രം ഇവരെ നേരില്‍ കണ്ട അതിഥി നടി പോലും കരഞ്ഞു. ഒരു ഗ്‌ളിസറിന്‍ പ്രയോഗത്തെ പ്രേക്ഷകര്‍ ഓര്‍ത്താല്‍ അത്ഭുതപ്പെടാനുണ്ടോ? വിധിയറിയാന്‍ വേദിയിലെത്തിയ അന്ധനായ ഗായകനോട് വിധികര്‍ത്താക്കള്‍ പറഞ്ഞത് തങ്ങള്‍ക്കു മോനോടൊപ്പം പാട്ടു ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ്. പ്രശസ്‌ത പിന്നണി ഗായിക ഈ യുവാവിനെ അഭിനന്ദിച്ച് പ്രത്യേകം കത്തും സമ്മാനവും കൊടുത്തയയ്‌ക്കുകയും ചെയ്‌തു. എന്നിട്ടും ആ ഗായകന്‍ ഔട്ട്. വിധി വന്നപ്പോള്‍ വിധികര്‍ത്താക്കളായ രണ്ടുപേര്‍ക്കും ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. നാലു തവണ ഡെയ്‌ഞ്ചര്‍ സോണിലെത്തിയ ഈ യുവാവിനെ ഇത്തവണ എസ്.എം.എസ്. തുണച്ചില്ലെന്ന് അവതാരിക പറയുമ്പോള്‍ ഇതിനുമുമ്പെല്ലാം എസ്.എം.എസ്. കൊണ്ടു മാത്രമാണ് ഇന്നായതെന്നൊരു ധ്വനി അതിലുണ്ടാകുന്നു.
പുതിയ മല്‍സരത്തില്‍ ജന്മനാ അന്ധയായ ഗായിക പാടിക്കഴിയുമ്പോള്‍ മലയാളത്തിലെ പഴയ സൂപ്പര്‍നായിക കണ്ണീര്‍ വാര്‍ത്തുകൊണ്ട് ചോദിക്കുന്നു, ‘മോള്‍ക്ക് കാഴ്‌ച തിരിച്ചുകിട്ടാന്‍ ഒരു സാധ്യതയുമില്ലേ‘യെന്ന്. ഇല്ലെന്ന് ഉറപ്പായ മറുപടികിട്ടുമ്പോള്‍ നടി പൊട്ടിക്കരഞ്ഞുകൊണ്ട് പറയുകയാണ് - “മോള്‍ക്ക് കാഴ്‌ചകിട്ടാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ എവിടെവേണെമെങ്കിലും കൊണ്ടുപോയി ചികില്‍സിക്കാം, ചെലവുമുഴുവന്‍ ഞാന്‍ വഹിച്ചോളാം....“ എന്ന്. സ്വന്തം കുട്ടിയുടെ ഭാവിനോക്കാതെ വിവാഹമോചനശ്രമം തുടരുന്ന ഈ നടി വഴിയോരത്ത് ഓരോ പകലിലും വെയിലേറ്റു പാടുന്ന അന്ധഗായകരെ കണ്ടിട്ടുണ്ടാകില്ല. അവരുടെ മുന്നിലെ ബക്കറ്റില്‍ നാണയത്തുട്ടുകള്‍ എറിഞ്ഞിട്ടുപോകുന്ന സാദാരണക്കാരന്റെ ആത്മാര്‍ഥതപോലും ഈ അതിഥിവിധികര്‍ത്താവിന് ഉള്ളതായി തോന്നിയില്ല, പ്രകടനം കണ്ടപ്പോള്‍.
വിധികര്‍ത്താക്കള്‍ മാര്‍ക്ക് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഓരോ മല്‍സരാര്‍ഥിക്കും ലഭിച്ച എസ്. എം. എസ്. വോട്ട് എത്രയെന്ന് ഒരിടത്തും പറയുന്നില്ല. അഥവാ പറഞ്ഞാല്‍തന്നെ ഈ സ്‌കോര്‍ യാഥാര്‍ഥ്യമാണെന്നു തെളിയിക്കാന്‍ ചാനലുകള്‍ക്കാവില്ലെന്നതാണു വസ്‌തുത. അല്‍പം മുമ്പുവരെയുണ്ടായിരുന്ന ഗ്യാലപ് പോളിന്റെ വിശ്വാസ്യതപോലും ഈ ഇലക്‌ട്രോണിക് വോട്ടിംഗിനില്ലെന്നതാണു സത്യം.
യഥാര്‍ഥ സംഗീതപ്രതിഭകളെ വാര്‍ത്തെടുക്കുകയല്ല ഈ മല്‍സരത്തിന്റെ ഉദ്ദേശ്യമെന്നു വ്യക്തമാണ്. സാക്ഷാല്‍ യേശുദാസ് ഈ വേദിയിലെത്തി പാടിയാല്‍ താടി വടിച്ചിട്ടുവരാനും ഷര്‍ട്ടും മുണ്ടുമുരിഞ്ഞുമാറ്റി തിളങ്ങുന്ന ബനിയനും പാന്റ്‌സും ധരിച്ചുവരാനുമാകും വിധി. അതു പ്രഖ്യാപിക്കുന്നത് പാട്ടിന്റെ എ.ബി.സി.ഡി. അറിയില്ലാത്ത പണ്ടെങ്ങോ സില്‍വര്‍ സ്‌ക്രീനില്‍ മുഖം കാണിച്ചു മറഞ്ഞുപോയ ഏതെങ്കിലും ഗ്‌ളാമര്‍ നടിയായിരിക്കും.
ഇപ്പോള്‍ തിമിര്‍ത്തോടുന്ന റിയാലിറ്റി ഷോയുടെ ആദ്യ ഭാഗം തുടങ്ങുമ്പോള്‍ 140 എപ്പിസോഡുകളില്‍ മല്‍സരം എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ വര്‍ധിച്ചു വന്ന പ്രേക്ഷകപ്രീതി ഇതിനെ 200 എപ്പിസോഡുകളിലേക്കു നീട്ടാന്‍ പ്രേരിപ്പിച്ചു. അതിനുമപ്പുറം നീട്ടിക്കൊണ്ടുപോകാന്‍ മല്‍സരമായതിനാല്‍ സാധിക്കുകയുമില്ല. പക്ഷേ സീരിയലിനേക്കാള്‍ റേറ്റിംഗ് ഉള്ള പ്രൈം ടൈം പരിപാടിയായി ഇതിനെ മാറ്റാന്‍ ചാനലിനു സാധിച്ചു. ക്രെഡിബിലിറ്റി ഉള്ള ഒരു ചാനലിനു ചേരാത്തതായിരുന്നു പിന്നെ നടക്കുന്നത്. ഒരു എസ്.എം.എസിന് മൂന്നു രൂപ വച്ചു പ്രേക്ഷകനു ചെലവാകുകയും അതില്‍ ഒരു രൂപ ചാനലിനു ലഭിക്കുകയും ചെയ്യുമ്പോഴാണ് പ്രേക്ഷകനെ വിഡ്‌ഢിവേഷം കെട്ടിക്കുന്നതിലെ വസ്‌തുതയെന്തെന്നു മനസ്സിലാകുക. ഇത് ഒരു മാധ്യമത്തിനും ഭൂഷണമല്ല.
പല റൗണ്ടുകളിലും മല്‍സരാര്‍ഥിക്കു പെര്‍ഫോം ചെയ്യുന്നതിന് ആയിരക്കണക്കിനു രൂപ ചെലവാകുന്നുണ്ട്. സ്റ്റേജില്‍ അത്ര മോശമല്ലാത്ത സെറ്റിട്ടാണ് മല്‍സരാര്‍ഥികള്‍ പാടിയാടുന്നത്. ഈ റൗണ്ടുകളില്‍ പുറത്താക്കപ്പെടുന്നവര്‍ക്ക് തുച്ഛമായ വിലയുടെ സമ്മാനങ്ങളാണ് ലഭിക്കുക. ഈ സമ്മാനങ്ങളും വാങ്ങി വേദി വിട്ടിറങ്ങുന്നവരെ ഉത്‌ക്കണ്‌ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് വിധിപ്രഖ്യാപിക്കുന്നത്. വധശിക്ഷ പ്രതീക്ഷിച്ചു നില്‍ക്കുന്നവരെപ്പോലെയാണ് ഓരോ മല്‍സരാര്‍ഥിയും വേദിയില്‍ നില്‍ക്കുന്നത്. പുറത്തായാല്‍ പിന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയലായി. തങ്ങളുടെ ജീവിതം ഇവിടെ തീര്‍ന്നുവെന്ന ധാരണയിലാണോ ഓരോ മല്‍സരാര്‍ഥിയും വേദിവിട്ടിറങ്ങുന്നതെന്നു തോന്നിപ്പോകും.
അമൃതാചാനലിന്റെ സൂപ്പര്‍ സിംഗറില്‍ വിജയിച്ചവരെ വച്ച് സംവിധായകന്‍ കമല്‍ പടം പിടിച്ചെങ്കിലും അത് എട്ടുനിലയില്‍ പൊട്ടി എന്നോര്‍ക്കുക. ഇത്തരം റിയാലിറ്റി ഷോകള്‍ക്ക് മേക്കപ്പിട്ടു നടക്കുന്ന സൊസൈറ്റി ലേഡിമാരുടെ വിലമാത്രമാണുള്ളതെന്നതിന്റെ തെളിവാണിത്. ചിലര്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം മറച്ചുവ്‌ക്കുന്നില്ല. റിയാലിറ്റി ഷോ മല്‍സരം എന്നതിലുപരി മല്‍സരാര്‍ഥികളുടെ സൗഹൃദത്തിന്റെ തീഷ്‌ണതയാണു കാണിക്കുന്നതെന്ന് ഓരോ എലിമിനേഷന്‍ റൗണ്ടിലും അവതാരിക കണ്ണീരില്‍ കുതിര്‍ന്ന മുഖം വക്രിപ്പിച്ചു പറയുന്നുണ്ട്. പക്ഷേ ഇതിലും തീഷ്‌ണമായ സൗഹൃദങ്ങള്‍ നമ്മുടെ ക്യാംപസുകളിലും വിവിധ ക്യാംപുകളിലും ഇപ്പോഴുമുണ്ടെന്നു മറക്കരുത്. ഇനി ഇത്തരമൊരു റിയാലിറ്റി ഷോയില്‍ കണ്ടു പരിചയപ്പെട്ട രണ്ടു മല്‍സരാര്‍ഥികളെ തമ്മില്‍ വിവാഹം കഴിപ്പിക്കുയും അതു ഷോ തീരും മുമ്പു തന്നെ ലൈവായി കാണിക്കുകയുംകൂടി ചെയ്‌താല്‍ എല്ലാം പൂര്‍ണമാകും.
ഇത്തരം മല്‍സരങ്ങള്‍ക്കായി ഓരോ കച്ചവടസ്ഥാപനവും കോടികള്‍ സമ്മാനത്തുകയായും മറ്റും മുടക്കുമ്പോള്‍ ആ പണം സാധാരണക്കാരന്റെ പോക്കറ്റടിച്ചുണ്ടാക്കുന്നതാണെന്നു മറക്കുന്നു. റിയാലിറ്റി ഷോകള്‍ ഉള്‍പ്പെടെയുള്ള ചാനല്‍ പരിപാടികളിലും മറ്റും നല്‍കുന്ന സമ്മാനത്തുകയുടെ കാര്യത്തില്‍ ഒരു പരിധി നിശ്‌ചയിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ അരക്കോടി സമ്മാനം നല്‍കുമ്പോള്‍ മറ്റൊരു അരക്കോടി ദരിദ്രജനവിഭാഗത്തിനുവേണ്ടി അതാതു ചാനലുകളുമായി സഹകരിച്ച് ചെലവിടണമെന്ന് നിയമം കൊണ്ടുവരണം.
അമൃതാചാനലിന്റെ വനിതാരത്‌നം പരിപാടി വ്യത്യസ്‌തമായ ഒരു റിയാലിറ്റി ഷോയായിരുന്നു. വീട്ടമ്മമാരുടെ കലാ അഭിരുചിയും സാമൂഹ്യപ്രതിബദ്ധതയും എല്ലാം ഈ ഷോ പുറത്തെടുത്തു. ഇതില്‍ ആദ്യതവണ ഒന്നാമതെത്തിയ ഹീര നമ്പൂതിരി ഒരു ഡോക്‌ടറാണ്. ഹീര എന്തുകൊണ്ടും മിടുക്കിയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. ഹീരയുടെ ഏതാണ്ടെല്ലാ പ്രകടനവും ആസ്വദിച്ചു കണ്ടെങ്കിലും ഒരു റൗണ്ടില്‍ അല്‍പം വിഷമം തോന്നി. അത് സാമൂഹ്യസേവനപരീക്ഷണത്തിലാണ്.
മറ്റ് മല്‍സരാര്‍ഥികള്‍ സ്‌കൂളിലും അനാഥാലയത്തിലും സഹായവുമായി എത്തിയപ്പോള്‍ ഹീര പോയത് ഒരു ആദിവാസിക്കുടിയിലേക്ക് മരുന്നും മറ്റുമായാണ്. മറ്റുള്ളവര്‍ ഡോക്‌ടര്‍മാരാകാത്തതിനാല്‍ ഇത്തരമൊരു പെര്‍ഫോമന്‍സ് ഒരിക്കലും സാധ്യമല്ല. മറിച്ച് ഹീരയെപ്പോലൊരു ഡോക്‌ടര്‍ മല്‍സരത്തിന്റെ ഭാഗമായിട്ടാണ് ആദിവാസികള്‍ക്കു മരുന്നുമായി പോയത്. ശരിക്കും മല്‍സരാര്‍ഥിക്കു മൈനസ് പോയിന്റാണ് ഈ റൗണ്ടില്‍ നല്‍കേണ്ടിയിരുന്നത്. മാത്രമല്ല ഈ മല്‍സരാര്‍ഥികള്‍ അന്നു ചെയ്‌ത സാമൂഹ്യസേവനത്തിലേതെങ്കിലും തുടരുന്നുണ്ടോ എന്നു കൂടി അന്വേഷിക്കുന്നതു നന്നായിരിക്കും.
വായനക്കാര്‍ക്കായി മല്‍സരങ്ങള്‍ നടത്താറുള്ള പത്രങ്ങള്‍ പുലര്‍ത്തുന്ന ഒരു കീഴ്‌വഴക്കമുണ്ട്. സമ്മാനം നല്‍കുമ്പോള്‍ ചില വ്യക്തമായ മാനദണ്‌ഡങ്ങള്‍ പുലര്‍ത്തുന്നതാണത്. മലയാളത്തിലെ ഒരു പ്രമുഖ പത്രം പല മല്‍സരങ്ങളിലും വടക്കന്‍ ജില്ലകളിലുള്ളവര്‍ക്കു സ്ഥിരമായി സമ്മാനം നല്‍കാറുണ്ട്. തങ്ങള്‍ക്കു സര്‍ക്കുലേഷന്‍ കുറവുള്ള അവിടെ കളം പിടിക്കുക എന്ന ലക്ഷ്യമാണിതിനുള്ളത്. അതുപോലെ തന്നെ സമ്മാനം നല്‍കുമ്പോള്‍ വിജയിക്കുന്നയാളിന്റെ മതവും ജാതിയുമെല്ലാം പരിഗണിക്കും. സര്‍ക്കുലേഷനില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടു പത്രങ്ങള്‍ പലപ്പോഴും മുസ്ലിം വിഭാഗക്കാര്‍ക്കു സമ്മാനം കൊടുക്കുന്നത് സര്‍ക്കുലേഷന്‍ ലക്ഷ്യത്തോടെ മാത്രമാണ്. ഇതില്‍ ഒരു പത്രമാകട്ടെ കഴിയുന്നതും ക്രിസ്‌ത്യന്‍ വിഭാഗക്കാര്‍ക്കു നല്‍കാതെ ശ്രദ്ധിക്കാറുമുണ്ട്. നറുക്കെടുപ്പുകള്‍ പലപ്പോഴും പ്രഹസനമാണെന്നു സാരം.
സംഗീതപ്രാധാന്യമുള്ള റിയാലിറ്റി ഷോകളില്‍ മല്‍സരാര്‍ഥി പുറത്താകുമ്പോള്‍ വിധികര്‍ത്താക്കള്‍ കരയുന്നതെന്തിനാണ് ? മല്‍സരാര്‍ഥിയുടെ പെര്‍ഫോമന്‍സ് താരതമ്യേന മോശമായതിനാലാണ് അവര്‍ പുറത്താകുന്നതെങ്കില്‍ വിധികര്‍ത്താക്കള്‍ കരയേണ്ട കാര്യമുണ്ടോ? വന്‍തുകതന്നെ പ്രതിഫലമായി ലഭിക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതിരിക്കാന്‍ അവര്‍ക്കാവില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മാര്‍ക്കിടലില്‍ അവര്‍ക്കു വെള്ളം ചേര്‍ക്കേണ്ടിവരുന്നു. കഴിവുള്ളവരും അര്‍ഹരായവരും പുറത്താകുമ്പോള്‍ തങ്ങളോടും തങ്ങളെ തങ്ങളാക്കിയ കലയോടും ചെയ്യുന്ന കൊലച്ചതിയോര്‍ത്ത് മനംനൊന്തിട്ടാകണം ഈ വിധികര്‍ത്താക്കള്‍ കരയുന്നത്.
തട്ടിപ്പിന്റെ ജനകീയ മുഖം
ചാനലുകളുടെ എസ്.എം.എസ്. വോട്ടിംഗ് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം മാത്രമാണ്. ഒരു സന്ദേശവോട്ട് മൊബൈലില്‍ നിന്നു പായുമ്പോള്‍ ഉപഭോക്താവിനു നഷ്‌ടപ്പെടുന്നത് മൂന്നു രൂപയാണ്. ഇതില്‍ ഒരു രൂപ മൊബൈല്‍ സേവനദാതാവിന്. ഒരു രൂപ ചാനലിന്. അവശേഷിക്കുന്ന ഒരു രൂപ സേവനം ഏകീകരിക്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിക്കും. എല്ലാ ചാനലുകളുടേയും മൊബൈല്‍ സേവനദാതാക്കളുടേയും എസ്.എം.എസ്. തട്ടിപ്പുകള്‍ ഏകീകരിക്കുന്നത് ഈ ഒരു കമ്പനിയാണ്. ഈ രംഗത്ത് അവരുടെ കുത്തക തന്നെയാണെന്നു പറയാം.
എസ്.എം. എസിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന മറ്റു ചില തട്ടിപ്പുകളുണ്ട്. ചെറിയ മല്‍സരങ്ങളാണവ. 30 ലക്ഷം രൂപവരെയാണു സമ്മാനം. ഉത്തരം പറയാന്‍ വിളിച്ചാല്‍ മിനിട്ടിന് 11 രൂപ വച്ചു നഷ്‌ടപ്പെടും. ആവേശപൂര്‍വ്വം പലരും മല്‍സരത്തില്‍ പങ്കെടുത്തു സ്‌കോര്‍ വര്‍ധിപ്പിക്കുമ്പോള്‍ മൊബൈല്‍ കമ്പനിയുടേയും ബാംഗ്ലൂര്‍ കമ്പനിയുടേയും കീശ വീര്‍ക്കും. ഇതിന്റെയൊന്നും മല്‍സരവിജയികള്‍ ആരൊക്കെയാണെന്ന് കമ്പനികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മല്‍സരം മാത്രമേയുള്ളു, സമ്മാനമില്ലെന്നര്‍ഥം.
ഈ പുതിയ തട്ടിപ്പ് കണ്ട് ഇരിക്കപ്പൊറുതിയല്ലാതെ ചില പത്രങ്ങളും ഇതിനു പിന്തുണയുമായി ഇറങ്ങിയതാണു കഷ്‌ടം. വിളിക്കുന്നവനെ കൊള്ളയടിക്കുന്ന ഈ പണം കൂടി കിട്ടിയിട്ടു വേണോ ഇവരുടെ കടം വീട്ടാന്‍? മൊബൈല്‍ കമ്പനിക്കും മറ്റും പത്രത്തിലെ പരസ്യം വലിയൊരു മുതല്‍ക്കൂട്ടാണ്. പത്രത്തിനാകട്ടെ സാമ്പത്തികനേട്ടമല്ലാതെ മറ്റൊന്നുമില്ലതാനും. എന്നിട്ടും നിന്നുകൊടുക്കുന്നത് പണത്തോടുള്ള അത്യാര്‍ത്തി കൊണ്ടാണോ? മലയാള ഭാഷയെ നവീകരിക്കാനിറങ്ങിപ്പുറപ്പെട്ടവര്‍ സ്വന്തം ചാനലിനും റേഡിയോയ്‌ക്കും ഇംഗ്‌ളീഷില്‍ പേരിട്ടപ്പോള്‍ ഇതിലൊക്കെ എന്തുമാത്രം ആത്മാര്‍ഥത ഉണ്ടെന്നു വായനക്കാരന്‍ തന്നെ ചിന്തിച്ചാല്‍ മതി.
എസ്.എം.എസിലെ തട്ടിപ്പു പുറത്തായിത്തുടങ്ങിയതേ അമൃതാ ചാനല്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. ഇതിലൂടെ കിട്ടുന്ന വരുമാനം സാധുക്കളായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനും മറ്റുമായി ഉപയോഗിക്കുമെന്ന് അവര്‍ പരസ്യം ചെയ്‌തു. അത്രയും നന്ന്. ഇനി ഏഷ്യാനെറ്റും മനോരമയുമെല്ലാം എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ പിരിക്കാനിറങ്ങും, സാമൂഹ്യ പ്രതിബദ്ധതയുടെ പേരു പറഞ്ഞ്!
നാം മലയാളികള്‍ ഇങ്ങിനെ എന്തെല്ലാം കാണാനിരിക്കുന്നു, അനുഭവിക്കാനും!
Thursday, October 2, 2008
വൈദ്യുതിപ്രതിസന്ധി: കുറ്റവാളികള്‍ ആര്?
വൈദ്യുതിപ്രതിസന്ധി: കുറ്റവാളികള്‍ ആര്?
ഇടുക്കി ജലസംഭരണി വറ്റുകയും വൈദ്യുതി പ്രതിസന്ധി ഉടലെടുക്കുകയും ചെയ്‌തപ്പോള്‍ ആശങ്കപ്പെട്ടവര്‍ മറന്നു പോയ ഒന്നുണ്ട്, പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന ഒരു ജലബോംബാണ് ഇടുക്കി ജില്ല! ഇപ്പോള്‍ ഇതു പറയുന്നത് എന്തിനെന്നാവും സംശയം. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ളവര്‍ ഇടുക്കിയെ ഓര്‍ക്കുന്നതും ആശങ്കപ്പെടുന്നതും വൈദ്യുത പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ മാത്രമാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്‌നാട് കേരളത്തോടു വച്ചുപുലര്‍ത്തുന്ന മനോഭാവം തന്നെയാണ്, അല്ലാത്തപ്പോള്‍, പുറം ജില്ലക്കാര്‍ ഇടുക്കിയോടു പുലര്‍ത്തുന്നത്.
മഴക്കാലത്ത് ഇരുപതിലധികം അണക്കെട്ടുകളിലായി ഇവിടെ കെട്ടി നിര്‍ത്തുന്നത് 150 ടി.എം.സി.വെള്ളമാണ്. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി എന്നര്‍ഥം. കേരളത്തിലെ ആദ്യത്തേതും ഏറ്റവും ചെറുതുമായ പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിതൊട്ട് ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചുഡാമും കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുമായ ഇടുക്കി വരെ ഇതില്‍ ഉള്‍പ്പെടും. അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന് വെള്ളവും വെളിച്ചവും നല്‍കുന്ന മുല്ലപ്പെരിയാറും സ്വകാര്യമേഖലയിലെ രണ്ടു ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും വലുതായ കുത്തുങ്കല്‍ പദ്ധതിയും. സംസ്‌ഥാന വൈദ്യുതബോര്‍ഡ് പതിനൊന്നാം പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ഏഴു മേജര്‍ സ്‌കീമുകളില്‍ നാലെണ്ണവും ഇടുക്കിയിലാണ്. ഇതൊക്കെയായിട്ടും ഇടുക്കിയെച്ചൊല്ലി ആര്‍ക്കും ആശങ്കയില്ല!
ഇടുക്കി എന്തു പിഴച്ചു?
കേരളം വൈദ്യുതി പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ അതിന്റെ കാരണം ഇടുക്കിയിലെ വരള്‍ച്ചയാണോ നമ്മുടെ വൈദ്യുതി ധൂര്‍ത്താണോ എന്ന് അധികമാരും ചിന്തിക്കുന്നില്ല. നാടുനീളെ കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കിയും വെള്ളം മണ്ണില്‍ താഴാനനുവദിക്കാതെ തറയോടുകള്‍ പാകിയും പ്രകൃതിവിരുദ്ധമായി സഞ്ചരിച്ച നമ്മള്‍ മഴ കുറയുമ്പോള്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തെ നോക്കി കൊഞ്ഞനംകുത്തും.
ഏതാനും മാസം മുമ്പ് തിരുവനന്തപുരത്ത് ടാഗോര്‍ തി.യേറ്ററില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കര്‍ണാടകത്തില്‍ സേവനമനുഷ്‌ഠിക്കുന്ന ഒരു മലയാളി ഐ.എ.എസ്സുകാരന്‍ എത്തി. അദ്ദേഹത്തോടൊപ്പം കേരളത്തിലെ ഒരു മന്ത്രിയും. മന്ത്രി പോയിക്കഴിഞ്ഞ് ഐ.എ.എസുകാരന്‍ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ് :
" ഐ.എ.എസുകാര്‍ക്ക് ഒരു കുഴപ്പമുണ്ട്. എവിടെപ്പോയാലും ഈ കോട്ട് വലിച്ചുകയറ്റും. ഇവിടെയെത്തിയപ്പോഴാണ് അതിന്റെ ദോഷം മനസ്സിലായത്. ഹൊറിബിള്‍.... ഈ ചൂട് സഹിക്കാവുന്നതിനപ്പുറമാണെന്ന് ഞാന്‍ മന്ത്രിയോടു പറയുകയായിരുന്നു. എന്തായാലും ഈ തിയേറ്റര്‍ വൈകാതെ എയര്‍ കണ്ടീഷന്‍ ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു..."
തിരുവനന്തപുരത്ത് ശീതീകരിക്കാത്ത ചുരുക്കം തിയേറ്ററുകളിലൊന്നാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാഗോര്‍ തിയേറ്റര്‍. വൈകാതെ അവിടവും ശീതീകരിക്കപ്പെടും. തലസ്ഥാനത്ത് സാംസ്‌കാരിക പരിപാടികള്‍ക്കു പലതിനും വേദിയാകുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മാത്രമാണ് വൈദ്യുത ധൂര്‍ത്തില്‍ നിന്ന് ഒഴിവായി നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. അവിടെ കൂത്തമ്പലത്തിലും പുറത്തെ പുല്‍ത്തകിടിയിലും പരിപാടികള്‍ ആസ്വദിച്ചിരിക്കാന്‍ ഫാന്‍ പോലുമില്ലെന്നതാണ് വാസ്‌തവം.
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും കിടക്കുമ്പോഴും പെടുക്കുമ്പോഴും അത് ശീതീകൃതമുറികള്‍ക്കുള്ളില്‍ മാത്രമായിരിക്കണമെന്ന് മലയാളിയുടെ വൈറ്റ് കോളര്‍ വിഭാഗം ശഠിക്കുന്നു. എയര്‍കണ്ടീഷനറുകള്‍ ഏറ്റവും കുറച്ചുള്ള ഇടുക്കിജില്ലപോലും ഈ അവസ്ഥയില്‍ എന്നെത്തുമെന്നു പറയുക വയ്യ. വേനല്‍ക്കാലത്തും രാത്രി കിടന്നുറങ്ങണമെങ്കില്‍ കരിമ്പടത്തിനടിയില്‍ കിടക്കേണ്ട കാലാവസ്ഥയായിരുന്നു കുറച്ചുകാലം മുമ്പുവരെ മൂന്നാറില്‍ ഇപ്പോള്‍ അവിടെ മോന്തായങ്ങളില്‍ ഫാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വൈകാതെ റിസോര്‍ട്ടുകള്‍ പലതും എ.സിയാകും. നാടുമുഴുവന്‍ എ.സിയെ ചൂഷണം ചെയ്യുമ്പോള്‍ ഇടുക്കിക്കാരെന്തിനു കുറയ്‌ക്കണം?
ഒരു പ്രമുഖ ഇന്ധനക്കമ്പനിയുടെ എം.ഡി. കഴിഞ്ഞ പുതുവല്‍സരദിനത്തില്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാരോടു നടത്തിയ പ്രഭാഷണത്തില്‍ സാന്ദര്‍ഭികമായി പരാമര്‍ശിച്ച ഒരു സംഗതിയുണ്ട്.
ഔദ്യോഗിക ആവശ്യത്തിന് ജപ്പാനില്‍ ഒരു കമ്പനിയിലെത്തിയ അദ്ദേഹം അവിടെയാരും ഓവര്‍ക്കോട്ട് ധരിച്ചിട്ടില്ലെന്നുകണ്ട് അത്ഭുതപ്പെട്ടുപോയി. കമ്പനിയിലെ ഉന്നതോദ്യോഗസ്ഥനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയായിരുന്നു ശ്രദ്ധേയം. ജീവനക്കാര്‍ കൂടുതല്‍പേര്‍ ഓവര്‍ക്കോട്ട് ധരിക്കുന്തോറും കമ്പനിയുടെ വര്‍ക്കിംഗ് ഏരിയകള്‍ കൂടുതലായി ശീതീകരിക്കേണ്ടിവരും. അതുണ്ടാക്കുന്ന ഊര്‍ജ്ജ നഷ്‌ടവും ചെലവും കുറയ്‌ക്കുകയാണ് ഓവര്‍ക്കോട്ട് ഉപേക്ഷിച്ചതിന്റെ കാരണം.
നേരത്തേ പറഞ്ഞ ഐ.എ.എസുകാരന്റെ പരാതിയും ഈ നിരീക്ഷണവും ചേര്‍ത്തുവായിക്കുമ്പോള്‍ കേരളത്തിന്റെ യഥാര്‍ഥ പ്രശ്‌നം പിടികിട്ടും. എന്നിട്ട് ഇടുക്കിയുടെ ദുരന്തത്തിലേക്കു പോകാം.
ജലസംഭരണികളുടെ നാട്
തമിഴ്‌നാടിനു ജലം നല്‍കാനായി മാത്രം ആകെ ഭൂപ്രകൃതിയുടെ നാലു ശതമാനം മാറ്റിവച്ചിരിക്കുന്ന വിശാലമനസ്‌കരാണു കേരളം. പ്രതിവര്‍ഷം 70 ടി.എം.സി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്നത്. ലോവര്‍ ക്യാംപിലെ പവര്‍ ഹൗസില്‍ 140 മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററുകള്‍ സ്ഥാപിച്ച് അവര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ബാക്കി ജലം ഒഴുകി വൈഗയിലെത്തുമ്പോള്‍ അവിടെയുമുണ്ട് ചെറുകിട ജലവൈദ്യുത പദ്ധതി. ഇതു കൂടാതെ പുതുതായി എട്ട് മെഗാവാട്ടിന്റെ ഒന്നും നാല് മെഗാവാട്ടിന്റെ ഏഴും പദ്ധതികളുടെ നിര്‍മാണം തമിഴ്‌നാട് തുടങ്ങിക്കഴിഞ്ഞു. വൈദ്യുതോല്‍പാദനത്തിനുശേഷമുള്ള വെള്ളം തമിഴകത്തെ ഉര്‍വ്വരമാക്കി ഒഴുകുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചുമാത്രം തമിഴ്‌നാട് ഓരോ വര്‍ഷവും ഉണ്ടാക്കുന്ന ലാഭം 750 കോടി രൂപ വരും. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇത് വര്‍ധിക്കുകയും ചെയ്യും. മുല്ലപ്പെരിയാറിനെ മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഏഴായിരത്തിലധികം മില്യണ്‍ യൂണിറ്റ് വൈദ്യുതിയില്‍ 4,300 മില്യണ്‍ യൂണിറ്റും ഇടുക്കി ജില്ലയില്‍ നിന്നാണ്. പതിനൊന്നാം പദ്ധതി ലക്ഷ്യമിടുന്ന എണ്ണൂറ് മില്യണ്‍ യൂണിറ്റില്‍ നാനൂറും ഇവിടെ നിന്നായിരിക്കും.
ഇത്രയൊക്കെയായാലും ഇടുക്കിയില്‍ വൈദ്യുതി എത്താത്ത അനവധി ഗ്രാമങ്ങളുണ്ട്. ആവശ്യത്തിന് വോള്‍ട്ടേജുള്ള മേഖലകള്‍ ചുരുങ്ങും. മഴയൊന്നു ചാറിയാല്‍ സാങ്കേതിക തകരാറില്‍പെട്ട് ഇടുക്കിയുടെ മിക്ക ഭാഗങ്ങളും ഇരുട്ടിലാകും. വേനല്‍ കടുക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടാത്ത പ്രദേശങ്ങള്‍ ഇടുക്കിയിലില്ല. തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന കരുണാപുരം പഞ്ചായത്ത് മഴനിഴല്‍ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണെന്നു വിദഗ്‌ദ്ധര്‍ പറയുന്നു. വെള്ളം കൊടുക്കാനും മുടക്കാനും ഇടുക്കിയില്‍ വാട്ടര്‍ അതോറിട്ടിയുടെ കാര്യമായ പ്രവര്‍ത്തനമൊന്നുമില്ല. മഴയാണ് ഇടുക്കിയുടെ പ്രധാന ജലസേചന ഏജന്‍സി.
ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ, അനൈക്യകേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ് പള്ളിവാസല്‍. ഈ പദ്ധതിപ്രദേശത്തിന്റെ അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂതത്താന്‍കെട്ട്, മാട്ടുപ്പെട്ടി, പൊന്‍മുടി, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, കുത്തുങ്കല്‍, ചെങ്കുളം അണക്കെട്ടുകള്‍.
ചെളിവന്നുമൂടി സംഭരണശേഷി അനുദിനം കുറയുന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്ന് കഷ്‌ടിച്ച് 20 കിലോമീറ്റര്‍ മാറി ലോവര്‍ പെരിയാര്‍ അണക്കെട്ട്. ഇവിടെ നിന്ന് 20 കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ഇടുക്കിയിലേക്ക്. ഇടുക്കി പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ മൂന്നു വശത്തും അണകളാണ്. ഇടുക്കി ആര്‍ച്ചുഡാം കൂടാതെ, നോക്കിയാല്‍ കാണാവുന്ന ദൂരത്ത് കുളമാവ്, ചെറുതോണി അണക്കെട്ടുകളും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍പ്പെട്ട, തേക്കടി തടാകമെന്നു പേരുകേട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കേവലം 40 കിലോമീറ്റര്‍ മതി (റോഡ് മാര്‍ഗമല്ല) ഇടുക്കി ജലസംഭരണിയിലെത്താന്‍.
മലമ്പ്രദേശത്തുനിന്ന് താഴോട്ടിറങ്ങിയാല്‍, മൂലമറ്റം പവര്‍ഹൗസില്‍ നിന്നു പുറത്തേക്കൊഴുകുന്ന വെള്ളം മലങ്കരയില്‍ അണകെട്ടി തടഞ്ഞുനിര്‍ത്തിയിരിക്കുന്നതു കാണാം. വൈദ്യുതോല്‍പാദനം മുഖ്യ ലക്ഷ്യമല്ലാത്ത ഇടുക്കിയിലെ ഏക അണക്കെട്ടാണിത്.
ഇവ കൂടാതെ ഇരട്ടയാറിലും കല്ലാറിലും അഴുതയിലുമെല്ലാം ചെറിയ ഡൈവേര്‍ഷന്‍ ഡാമുകള്‍. പിന്നെ ഏലത്തോട്ടങ്ങളിലുള്‍പ്പെടെ ജലസേചനത്തിനായി ചെക്ക് ഡാമുകള്‍ എന്ന പേരില്‍ എണ്ണമില്ലാത്തത്ര സംഭരണികള്‍. ഇതില്‍ കൈലാസപ്പാറയിലും കാമാക്ഷിവിലാസത്തും വണ്ടന്‍മേട്ടിലും ശാന്തമ്പാറയിലും ഉടുമ്പഞ്ചോലയിലുമൊക്കെയുള്ളത് സാമാന്യം വലിയ തടയണകളാണ്. ചിലയിടത്തൊക്കെ ബോട്ടിങ് സൗകര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഇവയുടെ വലുപ്പവും ഗൗരവവും ബോധ്യമാകും.
പ്രകൃതി പ്രതികരിക്കുന്നു
മൂന്നു വര്‍ഷം മുമ്പ് കുളമാവിനു സമീപം പോത്തുമറ്റത്ത് കുന്നിന്‍മുകളിലെ തേയിലത്തോട്ടത്തില്‍ ഒരു ചെക്ക് ഡാം തകര്‍ന്നപ്പോള്‍ ഒലിച്ചുപോയി മണ്ണടിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചുപേരായിരുന്നു. ഇടുക്കിയുടെ നെഞ്ചില്‍ മനുഷ്യന്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ താണ്‌ഡവം തുടങ്ങിയതിവിടെയാണ്.
മണ്ണിനടിയില്‍ നിന്ന് ഉരുള്‍പൊട്ടിവന്ന ജലപ്രവാഹങ്ങളില്‍പെട്ട് ജില്ലയില്‍ ഇതുവരെ നൂറുകണക്കിനാളുകളാണ് മരിച്ചത്. പല കുടുംബങ്ങളും തുടച്ചുനീക്കപ്പെട്ടു. ഓരോ മഴക്കാലത്തും ഇടുക്കി ദുരന്തത്തിനായി കാതോര്‍ക്കുന്നുണ്ട്. ഇപ്പോള്‍ പ്രകൃതി ഒരുക്കുന്ന ദുരന്തത്തിനല്ല, അനാസ്ഥയുടെ കൊടുംദുരന്തത്തിനാണ് ഇടുക്കി കാക്കുന്നത്. അതും തുടങ്ങിക്കഴിഞ്ഞു. പോത്തുപാറ ദുരന്തം മറവിയിലാകും മുമ്പ് കഴിഞ്ഞ വര്‍ഷം പന്നിയാറില്‍ കണ്ടത് മലമുകളില്‍ നിന്നു വരാനിരിക്കുന്ന സുനാമിയുടെ മുന്നറിയിപ്പായിരുന്നു.
പൊന്‍മുടി അണക്കെട്ടില്‍ നിന്ന് തുരങ്കത്തിലൂടെ സര്‍ജുകുന്നിലെത്തുന്ന വെള്ളം വാല്‍വുഹൗസില്‍ ഒരു നിമിഷം തടുത്തു നിര്‍ത്തുകയും പിന്നെ രണ്ടു പെന്‍സ്റ്റോക്കു പൈപ്പുകളിലൂടെ താഴോട്ടൊഴുകി, അതു നാലായി, വെള്ളത്തൂവലിലെ പന്നിയാര്‍ പവര്‍ഹൗസിലെത്തി ഊര്‍ജ്ജപ്രവാഹത്തിനു നിദാനമാകുകയാണ് ചെയ്യുന്നത്. പെന്‍സ്റ്റോക്ക് പൈപ്പിലെ ചോര്‍ച്ച തടയാനാകാത്തതിനാല്‍ വാല്‍വു ഹൗസില്‍ വെള്ളം തടയാനായിരുന്നു ജീവനക്കാരുടെ ശ്രമം. പക്ഷേ കെട്ടിനിര്‍ത്തപ്പെട്ട വെള്ളത്തിന്റെ സ്വാതന്ത്രേ്യച്ഛ അവിടെ പൊട്ടിത്തെറിച്ചു. പൊലിഞ്ഞ മനുഷ്യശരീരത്തില്‍ ഒന്ന് ഇപ്പോഴും മണ്ണിനടിയിലാണ്. വാളറയ്‌ക്കും കട്ടപ്പനക്കും പിന്നാലെ ജലതാണ്‌ഡവത്തില്‍പെട്ട ശരീരങ്ങള്‍ ആര്‍ക്കും കാണാനാകാതെ ഇപ്പോള്‍ പന്നിയാറിലും മണ്ണുമൂടപ്പെട്ടു കിടക്കുന്നു.
പന്നിയാര്‍ ഒരു റിഹേഴ്‌സലായിരുന്നു. മലമുകളില്‍ തടുത്തു നിര്‍ത്തപ്പെട്ട വെള്ളം ഒരു ദുര്‍ബലപഴുതിലൂടെ ചീറ്റിത്തെറിച്ചാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ മിനിയേച്ചര്‍. മുമ്പൊരിക്കല്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെ ചെളി കഴുകിക്കളയാന്‍ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ നേര്യമംഗലം മുതല്‍ ആലുവ വരെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി. പെരിയാറില്‍ ചെളി നിറഞ്ഞപ്പോള്‍, കുളിരുംകൊണ്ട് ഒഴുകി നടക്കുന്ന പര്‍വ്വതനിരയുടെ പനിനീരിനെ എല്ലാവരും ശപിച്ചു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ എല്ലാം ശാന്തമായി.
പുതുമയല്ലാതായ ഭൂകമ്പം
1988 ജൂണ്‍ മാസത്തിലാണ് ഇടുക്കി ആദ്യമായി വിറച്ചത്. മിനിട്ടുകളുടെ ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. പാത്രങ്ങള്‍ തെറിച്ചുവീണു. റിക്‌ടര്‍ സ്‌കെയില്‍ പറഞ്ഞതനുസരിച്ച് ചലനശക്തി അഞ്ചിനടുത്തായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. അങ്ങിനെ കേരളത്തിലാദ്യമായി ഇടുക്കിക്കാര്‍ ഭൂചലനം എന്തെന്ന് അനുഭവിച്ചു. പിന്നീട് ചെറുചലനങ്ങളായി. എത്രയോ തവണ! ഇടുക്കിക്കാര്‍ക്ക് ഭൂചലനം കാറ്റും മഴയും പോലൊന്നായി. കാറ്റും മഴയും ജീവനുകളപഹരിച്ചപ്പോള്‍ ഭൂചലനം മാത്രം ആരെയും കവര്‍ന്നില്ല. അന്നേ പലരും പറഞ്ഞു, അണക്കെട്ടുകള്‍ ഇടുക്കി ജില്ലയ്‌ക്ക് ശാപമാകുകയാണെന്ന്. പക്ഷേ തകര്‍ക്കാനാകാത്ത വിശ്വാസമാണല്ലോ നമ്മുടെ കൈമുതല്‍. കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമ്പോഴും പാട്ടവും പട്ടയവുമായിരുന്നു ഇടുക്കിക്കാരന്റെ പ്രശ്‌നങ്ങള്‍. പള്ളിക്കും പട്ടക്കാര്‍ക്കും ഏറ്റുപിടിക്കാനുണ്ടായിരുന്നതും അതായിരുന്നു. മനുഷ്യജീവനേക്കാള്‍ വിലയായിരുന്നു ഭൂമിക്ക്.
ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി. അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി. കേരളത്തിലെ രാഷ്‌ട്രീയനേതൃത്വങ്ങള്‍ തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാറിലേക്ക് ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ വിദഗ്‌ദ്ധര്‍ പറഞ്ഞു, മുല്ലപ്പെരിയാര്‍ ഡാം അപകടകരമായ ഭൂഭ്രംശമേഖലയിലാണു സ്ഥിതിചെയ്യുന്നത്. ഒരു ചെറുചലനം കൂടിയുണ്ടായാല്‍ അതു തകരാം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്ന ജലത്തിന്റെ അളവ് 16 ടി.എം.സി. ആണ്. ഇടുക്കി സംഭരണിയില്‍ ഇത് 78 ഉം.
ഇപ്പോള്‍ ഇടുക്കി വീണ്ടും ജനശ്രദ്ധയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് അതിനു കാരണം. കല്ലാര്‍കുട്ടിയിലെ ചെളി കഴുകിയിറക്കിയപ്പോള്‍ കൊച്ചിക്കു വെള്ളംകുടി മുട്ടിയെങ്കില്‍ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പു താഴ്‌ന്നപ്പോള്‍ കേരളം മുഴുവന്‍ ഇരുട്ടിലായി. എന്നിട്ടും ഈ നാടിനോട് ആര്‍ക്കും കൂറില്ലെന്നതാണു വാസ്‌തവം.
അതിജീവനത്തിനുള്ള പോരാട്ടം
പരാജയപ്പെടുമെന്നുറപ്പുള്ള യുദ്ധത്തിന്
പടയാളികളെ ആവശ്യമുണ്ട്.
ഇതൊരു പരസ്യവാചകമായിരുന്നു. കേരളത്തിലെ കലാലയങ്ങളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പതിക്കാന്‍ അയച്ചുകിട്ടിയ പോസ്റ്ററുകളിലെ വാചകം. നെടുങ്കണ്ടം എം.ഇ.എസ്. കോളജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി ചെയര്‍മാനുമായ പ്രൊഫ. സി.പി.റോയി എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് ഈ പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
2006ല്‍ ശക്തിപ്പെട്ട സമരമാണത്. മുല്ലപ്പെരിയാറില്‍ പുതിയ അണ പണിയണം. ഇതുപൊട്ടിയാല്‍ കുതിച്ചെത്തുന്ന വെള്ളത്തെ തടഞ്ഞു നിര്‍ത്താനുള്ള കരുത്ത് ഇടുക്കി സംഭരണിക്കുണ്ടാകുമെന്ന് ആരും കരുതുന്നില്ല. അങ്ങിനെ വന്നാല്‍ കേരളം എത്രകാലം ഇരുളിലാകുമെന്ന് അധികമാരും ആലോചിക്കുന്നില്ല. അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉപവാസം രണ്ടാം വാര്‍ഷികത്തോടടുക്കുമ്പോഴും ഇടുക്കി ജില്ലയുടെ പുറത്തുള്ളവര്‍ അതിന്റെ അലയടി കേട്ടില്ലെന്നു നടിക്കുന്നത്.
സുനാമി ദുന്തമുണ്ടായപ്പോള്‍ എല്ലാവരും വിദഗ്‌ദ്ധരെയുള്‍പ്പെടെ പഴിചാരി. എന്തുകൊണ്ടു ദുരന്തം മുന്‍കൂട്ടി കാണാനായില്ലെന്നായിരുന്നു ചോദ്യം. ആ പ്രശ്‌നം മുല്ലപ്പെരിയാറിലുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ജലനിരപ്പ് 136 അടി എത്തുമ്പോഴേക്കും സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നൊരുക്കം തുടങ്ങുന്നത്. പെരിയാറിന്റെ തീരങ്ങളില്‍ ഒന്നിലധികം കണ്‍ട്രോള്‍ റൂമുകള്‍. മൈക്ക് അനൗണ്‍സ്‌മെന്റിനുള്ള സന്നാഹങ്ങള്‍. സന്നദ്ധരായ ഫയര്‍ഫോഴ്‌സ്.
കേരളത്തിലെ 13 ജില്ലകളിലും ദുരന്തനിവാരണത്തിന് അനിവാര്യമായ എമര്‍ജന്‍സി റെസ്‌ക്യു ടെണ്ടര്‍ എന്ന വാഹനം അഗ്നിശമനസേനക്കു നല്‍കിയിട്ടുണ്ട്. പക്ഷേ ഏറ്റവും അനിവാര്യമായ ഇടുക്കിയില്‍ മാത്രം അതില്ല. എന്നാല്‍ മുല്ലപ്പെരിയാറില്‍ വെള്ളം പൊങ്ങുമ്പോള്‍ ഇടുക്കിയില്‍ ഈ വാഹനവും പൊങ്ങും. സര്‍ക്കാര്‍ മറ്റെവിടെനിന്നെങ്കിലും പൊക്കിക്കൊണ്ടുവരുമെന്നു സാരം. പക്ഷേ നന്നായി നീന്താനറിയാവുന്ന ഒരാള്‍പോലും ഈ സേനക്കൊപ്പമുണ്ടാകാറില്ല. മാത്രമല്ല, അണപൊട്ടി വെള്ളപ്പാച്ചിലുണ്ടായാല്‍ ഈ വണ്ടി ഉള്‍പ്പെടെ സകലതും ഒലിച്ചുപോകും. എന്നിട്ടും സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത് പാവം പെരിയാര്‍ തീരവാസികളെ ഓര്‍ത്തുള്ള വിഷമം കൊണ്ടാണ്!
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഇന്നത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ക്കു നോക്കുകുത്തിയായി നില്‍ക്കാനേ കഴിയൂ എന്നതാണു വാസ്‌തവം. അണക്കെട്ടിന്റെ സുരക്ഷാഭീഷണിയെപ്പറ്റി പഴുതുകളില്ലാതെ തമിഴ്‌നാടിനോടു പയറ്റി സുപ്രീംകോടതിയില്‍ വാദിച്ചു ജയിക്കാന്‍ സാധിക്കാത്ത കേരളത്തിന് ഈ ക്രൂരമായ തമാശയെങ്കിലും ചെയ്യാതിരിക്കാനാകില്ലല്ലോ!
ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ അപകടകരമായ ജലനിരപ്പില്ല. അവിടെ പ്രശ്‌നം തമിഴ്‌നാട് പുതിയ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങുന്നതാണ്. ഇടുക്കി വരണ്ടുണങ്ങിയതാണ്. അവ മാത്രമാണ് കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നം. പക്ഷേ മലയാളിയുടെ സ്വഭാവത്തിന്റെ ഭാഗമായ ധൂര്‍ത്ത് ഇവിടെയും വില്ലനാകുന്നത് ആരും ഓര്‍ക്കുന്നില്ല. വരുന്ന ഓണത്തിനും നാം നാടാകെ വൈദ്യുത ദീപാലങ്കാരങ്ങള്‍ അണിയിച്ചൊരുക്കാനുള്ള ആലോചനയിലാണ്.
വൈദ്യുതി ചോരുന്നത്
വൈകുന്നേരങ്ങളില്‍ ഒരു ബള്‍ബെങ്കിലും അണച്ച് വൈദ്യുതി ലാഭിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ട് കുറച്ചുനാള്‍ മുമ്പുവരെ ചാനലുകളില്‍ സര്‍ക്കാര്‍ വക പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയത്തൊരിക്കല്‍ രാവിലെ പത്തു മണിക്ക് തിരുവനന്തപുരത്തെ പുതിയ നിയമസഭാമന്ദിരത്തോടനുബന്ധിച്ചുള്ള ബാങ്ക്വിറ്റ് ഹാളില്‍ ഒരു സെമിനാര്‍ നടക്കുന്നു. കഷ്‌ടിച്ച് 250 പേര്‍ക്കിരിക്കാവുന്ന ഹാളാണിത്. ശീതീകരിച്ച പ്രസ്‌തുത ഹാളിനുള്ളില്‍ അപ്പോള്‍ കത്തി നിന്നത് 300ല്‍പരം ബള്‍ബുകള്‍! കുറഞ്ഞത് നാല്‍പതു വാട്‌സ് ശേഷിയുള്ള ഇവ അഞ്ചു മണിക്കൂര്‍ കത്തിക്കുമ്പോള്‍ ചെലവാകുന്നത് 1,800 യൂണിറ്റ് വൈദ്യുതിയാണെന്നോര്‍ക്കണം. പുതിയ നിയമസഭാ മന്ദിരത്തില്‍ ശീതീകരിക്കാത്തതായി ഒരു ഭാഗം പോലുമില്ല. അപ്പോള്‍ ഒരു പകല്‍ ഇവിടെ ഒലിച്ചുപോകുന്നത് എത്ര യൂണിറ്റ് വൈദ്യുതിയാണെന്ന് ആര്‍ക്കെങ്കിലും തിട്ടമുണ്ടോ?
കെ.ടി.ഡി.സിക്കു കീഴിലുള്ള മസ്‌കറ്റ് ഹോട്ടലില്‍ നാലോ അഞ്ചോ ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളുകളുണ്ട്. അതിലേറെ മുറികളും. തലസ്ഥാനത്തെ ഉദ്യോഗസ്ഥ പ്രമുഖരിലേറെപ്പേരും ശീതികൃതമുറികളില്‍ കഴിയുന്നവരാണ്. പുതിയ കേരളത്തിലുടനീളം സര്‍ക്കാരിനുകീഴിലെ ശീതീകരിച്ച മുറികള്‍ അപഹരിക്കുന്ന വൈദ്യുതി എത്ര യൂണിറ്റാണെന്നു തിരക്കിയാല്‍ അത് ചിലപ്പോള്‍ സാധാരണക്കാരന്റെ ഒരു മാസത്തെ ഉപഭോഗത്തിനു തുല്യമായിരിക്കും.
1,500 മുതല്‍ 2,000 വാട്‌സ് വരെ ശേഷിയുള്ള പഴയ മോഡല്‍ എയര്‍ കണ്ടീഷണറുകള്‍ അഞ്ചു മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ചെലവാകുന്നത് 300 യൂണിറ്റ് വൈദ്യുതിയാണെന്നാണ് കണക്ക്. പുതിയ മോഡലുകളും കേന്ദ്രീകൃത സംവിധാനങ്ങളും നിലവില്‍ വന്നപ്പോള്‍ ഇതില്‍ കുറവുണ്ടായിരിക്കാം. പക്ഷേ എയര്‍ കണ്ടീഷണറുകള്‍ നേരിട്ടപഹരിക്കുന്നതിന്റെ എത്രയോ മടങ്ങാണ് പരോക്ഷമായി നഷ്‌ടപ്പെടുത്തുന്നത്.
നിറയെ ജനാലകളുള്ളതും വെളിച്ചവും വായുവും യഥേഷ്‌ടം കടക്കാന്‍ സൗകര്യമുള്ളതുമായ ഒരു മുറിയില്‍ പകല്‍ സമയം ജോലിചെയ്യാന്‍ ഒരു ഫാന്‍ മാത്രം മതി. അത്യാവശ്യമെങ്കില്‍ ഒരു ട്യൂബ് ലൈറ്റോ, സി.എഫ്.എല്‍ ലൈറ്റോ കൂടി ഉപയോഗിക്കാം. ഏഴു മണിക്കൂര്‍ നേരം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മുറിയില്‍ ചെലവാകുക 22 മുതല്‍ 25 യൂണിറ്റ് വരെ വൈദ്യുതിയാണ്. അതേസമയം മുറി എയര്‍ കണ്ടീഷന്‍ ചെയ്‌തതാണെങ്കില്‍ പുറത്തു നിന്ന് കാറ്റോ വെളിച്ചമോ കയറില്ല. ഫാന്‍ വേണ്ടെങ്കിലും ലൈറ്റ് കൂടുതല്‍ വേണ്ടി വരും. എ.സിയുടേയും നാല് ട്യൂബ് ലൈറ്റുകളുടേയും ഏഴു മണിക്കൂര്‍ ഉപഭോഗത്തിലൂടെ ചെലവാകുന്നത് 400നും 500നും ഇടയ്‌ക്ക് യൂണിറ്റ് വൈദ്യുതിയാണ്. അതായത് മുറി ശീതീകരിക്കപ്പെടുമ്പോള്‍ 20 ഇരട്ടി വൈദ്യുതി ചെലവാകുമെന്നര്‍ഥം. (കണക്കുകള്‍ തിട്ടപ്പെടുത്തിയത് കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റിലെ പ്രത്യേക ചാര്‍ട്ട് ഉപയോഗിച്ചാണ്). എ. സി. കൊണ്ടുള്ള ഏക ഗുണം പരിസരത്തുനിന്നുള്ള പൊടിപടലങ്ങള്‍ മുറിയില്‍ കയറില്ലെന്നതു മാത്രമാണ്. എലിയെ പേടിച്ച് ഇല്ലം ചുടുന്നുവെന്നല്ലാതെ എന്തുപറയാന്‍!
സര്‍ക്കാരിന്റെ മാത്രമല്ല, ബാങ്കുകള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും ഇപ്പോള്‍ ശീതീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന വര്‍ഗത്തിന്റെ ആശാകേന്ദ്രമായ എ.കെ.ജി സെന്ററും ശീതീകൃതമാണ്. മരപ്പട്ടികളും വവ്വാലുകളും വിഹരിക്കുന്ന, യഥാസമയം അറ്റകുറ്റപ്പണികള്‍പോലും നടത്താത്ത മന്ത്രിമന്ദിരങ്ങളിലും എ.സിക്കു കുറവില്ല. വിശേഷാവസരങ്ങളിലുള്ള വൈദ്യുതദീപാലങ്കാരങ്ങളുടെ കാര്യത്തിലും ധൂര്‍ത്തില്‍ കുറവില്ല. എന്നിട്ടും സാധാരണക്കാരന്റെ മുഖത്തുനോക്കി ഒരു ബള്‍ബ് അണയ്‌ക്കൂ, വൈദ്യുതി ലാഭിക്കൂ എന്നു പറയാന്‍ നമ്മുടെ അധികാരികള്‍ക്ക് ഉളുപ്പുണ്ടായിരുന്നില്ല. പവര്‍കട്ട് ഏര്‍പ്പെടുത്തിയപ്പോള്‍ ആ കൊഞ്ഞനംകുത്തല്‍ പൂര്‍ത്തിയായി.
ഇത്രയും പറഞ്ഞത് പവര്‍കട്ടിന്റെ ഉത്തരവാദി ഇടുക്കി ജലസംഭരണിയും പെയ്യാതെപോയ മഴയുമാണെന്ന ആരോപണത്തെ ചോദ്യം ചെയ്യാനും ദുരന്തത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഇടുക്കി ജില്ലയെ പവര്‍കട്ട് വരുമ്പോള്‍ മാത്രം ഓര്‍ക്കുന്ന രീതിയോട് കലഹിക്കേണ്ടത് ആവശ്യമായതിനാലുമാണ്. തമിഴ്‌നാട് മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോയി വൈദ്യുതി ഉണ്ടാക്കുന്നതിനെ നമുക്ക് തടയാനാകില്ല. നമുക്ക് വെളിച്ചം നഷ്‌ടപ്പെടുന്നതിന് മറ്റാരെയെങ്കിലും പഴിചാരുംമുമ്പ് സ്വയം ഒന്നു ചിന്തിക്കുക. അത്തരമൊരു സംസ്‌കാര രൂപീകരണം മുകള്‍ത്തട്ടില്‍നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു.
Saturday, June 21, 2008
ബൂലോഗം പൗരുഷത്തില്‍. വരിക, അര്‍മാദിക്കുക...
പ്രിയ ബൂലോഗ വാസികളെ
കുറച്ചുകാലം മുമ്പ് ഞാനൊരു പോസ്‌റ്റിട്ടിരുന്നു. മികച്ച ബ്‌ളോഗ് രചനകളെ അച്ചടി മാധ്യമത്തില്‍ പരിചയപ്പെടുത്താനുള്ള താല്‍പര്യം കാണിച്ച്. പകര്‍പ്പവകാശനിയമം പറഞ്ഞ് അന്നു ചിലരൊക്കെ കണ്ണുരുട്ടുകയും ചെയ്‌തു. അത് എന്തായാലും നടന്നില്ല. പിന്നെ, ഞാന്‍ ജോലി ചെയ്‌തിരുന്ന പ്രസിദ്ധീകരണത്തില്‍ നിന്നു മാറിപ്പോള്‍ ആ ശ്രമം അപ്പാടെ ഉപേക്ഷിച്ചതാണ്. പക്ഷേ വിധി നോക്കണേ.....
ബ്‌ളോഗര്‍മാരെല്ലാം കൂടി ഒരിക്കല്‍ അമ്പും വില്ലുമെടുത്ത് ആക്രമിച്ച കലാകൗമുദിയുടെ പുതിയ പ്രസിദ്ധീകരണമാണ് പൗരുഷം. മാസം തോറും ഇറങ്ങുന്ന പൗരുഷത്തിന്റെ രണ്ടാം ലക്കം തൊട്ട് ബ്ലോഗിനെപ്പറ്റി ഒരു കോളം തുടങ്ങിയിരിക്കുന്നു. കാര്‍ട്ടൂണിസ്‌റ്റ് സുജിത്ത് വഴിയാണ് ആ ദൗത്യം എന്റെ തലയില്‍ വന്നത്. ഞാനത് സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്‌തു.
മറ്റു പല അച്ചടി മാധ്യമങ്ങളും ചെയ്‌തപോലെ ബ്‌ളോഗിനെ ഇനി പരിചയപ്പെടുത്തേണ്ട കാര്യമില്ല. ചിലരെപ്പോലെ ബൗദ്ധികക്കസര്‍ത്തുകള്‍ക്കും ഞങ്ങള്‍ തയ്യാറല്ല. പകരം നല്ല കുറേ ബ്ലോഗ് വായനക്കാരെ ഉണ്ടാക്കാനാകുമോ എന്നാണു നോട്ടം. ബ്‌ളോഗര്‍മാര്‍ അല്ലാത്ത വായനക്കാരുണ്ടാകുകയും കാലാന്തരത്തില്‍ അവര്‍ ബ്‌ളോഗര്‍മാരാകുകയും ചെയ്‌താല്‍ അതു വളരെ നന്നെന്നു ഞാന്‍ കരുതുന്നു.
അര്‍മാദിക്കാന്‍ ബ്ലോഗിടം എന്ന ആദ്യ ലേഖനം ഒരു മുഖവുര മാത്രമാണ്. തുടര്‍ന്നുള്ള ലക്കങ്ങളില്‍ മികച്ചതെന്നു തോന്നുന്ന ബ്ലോഗര്‍മാരെ പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ വര്‍ണ രാഷ്ട്രീയ പരിഗണനകള്‍ ഒന്നുമുണ്ടാകില്ല. വിശാലമനസ്‌കനും കുറുമാനും ഫാര്‍മറുമെല്ലാം ഇപ്പോള്‍തന്നെ മാധ്യമങ്ങള്‍ വഴി ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതിനാല്‍ അവരെ പരാമര്‍ശത്തിലൊതുക്കുന്നു.
മറ്റു ചിലരെ പുറത്തേക്ക് ആവാഹിക്കാനാണു ശ്രമം. ഇതിന് ബൂലോഗവാസികളുടെ സഹായം ആവശ്യമുണ്ട്. മികച്ചതെന്നു നിങ്ങള്‍ക്കു തോന്നുന്ന ബ്‌ളോഗുകളെപ്പറ്റി ഞങ്ങള്‍ക്കെഴുതുക. അത് തപാല്‍ വിലാസത്തിലോ ഈ ബ്ലോഗില്‍ കമന്റായോ എന്റെ ജീമെയിലിലലോ ആകാം. കമന്റും മെയിലും നല്‍കുന്നവര്‍ ഒരു ലിങ്കു കൂടി നല്‍കിയാല്‍ ഉപകാരം. അതാതു ബ്ലോഗര്‍മാരുമായി ബന്ധപ്പെട്ടശേഷം മാത്രമേ ഇതില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുള്ളു. അനോനികള്‍ക്കു വിലക്കില്ലെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
ഞങ്ങളുടെ ഈ സംരംഭത്തിന് നിങ്ങളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട് അര്‍മാദകഥകള്‍ തുടങ്ങട്ടെ......
Thursday, March 13, 2008
സുസ്‌മേഷ് ചന്ത്രോത്തുമായി അഭിമുഖം
സുസ്‌മേഷും പിന്നെ ഞാനും കഥാകൃത്തും നോവലിസ്റ്റുമായ സുസ്‌മേഷ് ചന്ത്രോത്തിനെ നിങ്ങള്‍ക്കറിയാമായിരിക്കും. ഇടുക്കി ജില്ലയിലെ വെള്ളത്തൂവലില്‍ ജനനം. ഇപ്പോള്‍ 30 വയസ്. ഇതിനോടകം 45 കഥകളും മൂന്നു നോവലുകളും രണ്ടു തിരക്കഥകളും എഴുതി. ആദ്യ നോവലായ ഡി ഡി.സി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡു നേടി. വെയില്‍ ചായുമ്പാള്‍ നദിയോരം, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം എന്നീ കഥാസമാഹാരങ്ങളും പുറത്തിറങ്ങി. പകല്‍ ആദ്യ തിരക്കഥ. ഇനി സുസ്‌മേഷിന്റെ വഴികളിലൂടെ?. (കലാകൗമുദി പ്രസിദ്ധീകരിച്ചത്)
തൊണ്ണൂറുകളുടെ ആരംഭത്തില്‍ സുസ്‌മേഷിന്റെ തുടക്കം മിനി മാസികകളിലാണ്. ആദ്യം എഴുതിത്തുടങ്ങി, ആവേശം കയറി നടത്തിപ്പായി. അവിടെനിന്ന് പ്രസിദ്ധീകരണങ്ങളിലെ മുഖ്യധാരയിലേക്കുള്ള വരവ് എങ്ങിനെയായിരുന്നു?
ജനപ്രിയവാരികകള്‍ മാത്രം വായിക്കാന്‍ കിട്ടിയിരുന്ന കാലത്ത് ഇടുക്കിയിലെ ഹൈറേഞ്ചില്‍ കഴിഞ്ഞിരുന്ന ഞാന്‍ എങ്ങിനെ മിനി മാസികകളുമായി പരിചയപ്പെട്ടുവെന്നത് ഒരത്ഭുതമാണ്. ഞാനാദ്യമായി കാണുന്ന ലിറ്റില്‍ മാഗസിന്‍ മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ഇന്ന് മാസികയാണ്. ഒരയല്‍വാസിയുടെ വീട്ടിലാണു ഞാനതു കണ്ടത്. അതൊക്കെ നമുക്കുവേണ്ടി എങ്ങിനെയോ ഒരുക്കപ്പെട്ട സാഹചര്യങ്ങളാണ്. ഞാന്‍ കഥയെഴുതിത്തുടങ്ങുന്ന കാലത്ത് അവ പ്രസിദ്ധീകരിക്കാന്‍ ഇന്നത്തെയത്ര മാധ്യമങ്ങളുണ്ടായിരുന്നില്ല. എന്റെ പതിനെട്ടാമത്തെ വയസുവരെ ഞങ്ങളുടെ നാട്ടില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ പോലും എത്തിയിരുന്നില്ല.അന്നുണ്ടായിരുന്ന പ്രധാന വാര്‍ത്താവിനിമയ മാര്‍ഗം തപാലാണ്. കത്തുകള്‍ നമ്മുടെ വിലാസത്തിലെത്താനുള്ള ആഗ്രഹത്തില്‍ നിന്നാണ് ലിറ്റില്‍ മാഗസിനുകളുമായുള്ള ബന്ധം തുടങ്ങുന്നത്.ഇടുക്കിയുടെ സാംസ്‌കാരികപശ്ചാത്തലവും എന്നെ രൂപപ്പെടുത്തിയതില്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെ.പി.എ.സിയുടെയും കാളിദാസ കലാകേന്ദ്രത്തിന്റെയുമൊക്കെ നാടകങ്ങള്‍ വെള്ളത്തൂവലില്‍ ഓരോ വര്‍ഷവും അവതരിപ്പിക്കപ്പെട്ടിരുന്നു. രാഷ്‌ട്രീയവും സാംസ്‌കാരികവുമായ മുന്നേറ്റം അക്കാലത്തുണ്ടായി. ഒരു ഫിലിം സൊസൈറ്റിയും സജീവമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഒഡേസ പ്രദര്‍ശിപ്പിച്ച അമ്മ അറിയാന്‍ എനിക്കു കാണാന്‍പറ്റി. പിന്നെ സമാന്തര മാസികകള്‍. അടിമാലിയില്‍ നിന്നിറങ്ങിയിരുന്ന വായന, പള്ളിവാസലില്‍ നിന്നുള്ള സമഗീതം, ദേശഗീതം, കട്ടപ്പനയില്‍ നിന്നിറങ്ങിയിരുന്ന സദസ്.... സമഗീതത്തിന്റെ പത്രാധിപസ്ഥാനത്ത് ഞാനുണ്ടായിരുന്നു. പിന്നെ അജിത് ജനാര്‍ദ്ദനന്റെ ഫെമിനിസ്റ്റിലെത്തി... പിന്നെ ഇടുക്കിയില്‍ നിന്നു പോന്നശേഷം തൃശൂര്‍ കറന്റ് ബുക്‌സില്‍ പ്രൂഫ് റീഡറായും ന്യൂസ് ലെറ്ററിന്റെ സഹപത്രാധിപരായുമൊക്കെ പ്രവര്‍ത്തിച്ചു. അക്കാലത്ത് നിരവധി സമാന്തരപ്രസിദ്ധീകരണങ്ങളില്‍ കഥ പ്രസിദ്ധീകരിച്ചിരുന്നു.ഒരു മാഗസിന്‍ എഡിറ്റുചെയ്യുകയെന്ന ആഗ്രഹം പണ്ടേയുണ്ട്. അങ്ങിനെയാണ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അയല്‍പക്കത്തെ കൂട്ടുകാരെയും മറ്റും കൂട്ടി ഭാവന എന്ന കയ്യെഴുത്തു മാസിക തുടങ്ങിയത്. അമ്മാവന്‍മാരുടെ ശേഖരത്തില്‍ നിന്നു ലഭിച്ച പൂര്‍ണിമ എന്ന പഴയ ഒരു കയ്യെഴുത്തു മാസികയായിരുന്നു പ്രചോദനം.
സുസ്‌മേഷിന്റെ സുഹൃത് വലയം എങ്ങനെയാണ്. അവരുടെ സ്വാധീനം?ഓര്#ംത്തുനോക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമാണ്. അഞ്ചോ ആറോ ആത്മാര്‍ഥസുഹൃത്തുക്കളേ എനിക്കുള്ളു. ബാക്കിയൊക്കെ പരിചയക്കാരാണ്. അങ്ങനെ ധാരാളം പേരുണ്ട്. നമ്മളെ വായിക്കുകയും അഭിപ്രായം പറയുകയും സഹായിക്കുകയും ചെയ്യുന്നവര്‍. അവരില്‍ ഏറെ പേരോടും പലരീതിയില്‍ കടപ്പാടുമുണ്ട്. യാത്രകളില്‍ നിന്നാണ് അതൊക്കെയുണ്ടായത്.
ഈ യാത്രയും അലച്ചിലും എങ്ങിനെ എഴുത്തിലും ജീവിതത്തിലും ഗുണകരമായെന്നു ചിന്തിച്ചിട്ടുണ്ടോ?
യാത്രയോട് എനിക്കു ഭയങ്കര ഭ്രമമാണ്. ഹൈറേഞ്ചില്‍ വളരുന്നവരുടെ ഒരു വലിയ ശാപമുണ്ട്. അവര്‍ക്ക് പലപ്പോഴും അവിടെനിന്നു പുറത്തുകടക്കാന്‍ കഴിയാറില്ല. അവിടേക്കു കുടിയേറിയെത്തിയവര്‍ കൃഷിയും ജീവിതവുമായി അവിടെത്തന്നെ ഒതുങ്ങിക്കൂടുന്നു. അവരുടെ പ്രതിഭകള്‍ അവിടെത്തന്നെ അസ്‌തമിക്കുകയാണ്. വെളിയില്‍ ചാടിയവരാണ് രക്ഷപെട്ടിട്ടുള്ളത്. ഹൈറേഞ്ചിലെവിടെങ്കിലും അരയേക്കര്‍ സ്ഥലത്തു കൃഷിയും പ്രാരാബ്‌ധങ്ങളുമായി കഴിയേണ്ടിയിരുന്നവനാണു ഞാന്‍. അങ്ങിനെ സംഭവിക്കാതെ വന്നതിനു കാരണം എന്റെ യാത്രകളാണ്. അങ്ങിനെ കാണാന്‍ കഴിഞ്ഞ പുതിയ ഭൂവിഭാഗങ്ങളും ആളുകളും എനിക്ക് അസംസ്‌കൃതവസ്‌തുക്കളായി. എഴുത്തിനേക്കാളുപരി ജീവിതത്തിലാണ് അതെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുള്ളത്.
സുസ്‌മേഷിന്റെ പല കഥകളിലും യഥാര്‍ഥ സ്ഥലങ്ങള്‍ അതേപടി വരുന്നുണ്ട്. കഥയുടെ ക്രാഫ്‌റ്റിലുപരിയായി ഒരു ഭൂമിക. ചെമ്മണ്ണാര്‍- നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രി യാത്ര, ഡി.എന്‍.എ. ബൂസ്റ്റ് അവസാനം ഒടുവിലത്തെ തച്ച് വരെ പല കഥയുടെയും സ്ഥലം വ്യക്തമാണ്.
പരിചയമില്ലാത്ത ഒരു സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ ഞാന്‍ ആ നാടിനെപ്പറ്റി അറിയാന്‍ ശ്രമിക്കും. ചുറ്റുവട്ടവും ആളുകളുമൊക്കെ നിരീക്ഷണത്തില്‍ വരും. അതില്‍ കുറച്ചു ഭാവനകൂടി ചേരുമ്പോല്‍ കഥയുണ്ടാകും. സത്യത്തില്‍ ഓരോ ദേശത്തും അനേകം കഥകളുണ്ട്. അവ കണ്ടെത്തുകയേ വേണ്ടൂ. കേരളം വിട്ട് കുറേക്കൂടി വിശാലമായി യാത്രചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും നല്ല കഥകള്‍ എഴുതാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ആദ്യാകാല കഥകള്‍തൊട്ടിങ്ങോട്ടു നോക്കിയാല്‍ പല കഥകളിലും കൊച്ചി വരുന്നുണ്ട്. കൊച്ചിയുമായുള്ള ഈ അടുപ്പത്തിന്റെ കാരണം?
പതിനാറാമത്തെ വയസിലാണ് ഞാന്‍ ആദ്യമായി ഹൈറേഞ്ചില്‍ നിന്ന് എറണാകുളത്തു വരുന്നത്. കടലും കായലും റെയില്‍വേസ്റ്റേഷനും തുറമുഖവും വിമാനത്താവളവുമൊക്കെയുള്ള ഒരു അത്ഭുതനഗരമായിരുന്നു എനിക്കു കൊച്ചി. ഒപ്പം നിറയെ ഗ്രാമങ്ങളുമുണ്ട്. എനിക്കു മഹാനഗരങ്ങളെ ഇഷ്‌ടമാണ്. ഒരു നഗരമെന്നാലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ കൊച്ചിയാണാദ്യം വരിക. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഞാനിവിടെ സ്ഥിരതാമസക്കാരനാണ്. അതിന്റെ സ്വാധീനവുമുണ്ട്.
നോവലുകളില്‍ വരുമ്പോള്‍ നഗരവും ഗ്രാമവും ഒരേപോലെ പശ്ചാത്തലമാകുന്നു. ഡിയുടെ മാതൃക കൊച്ചിയാണോ?
ഡി ഒരു സങ്കല്‍പ നഗരമാണെങ്കിലും ഇന്നു കേരളത്തിലുള്ള മിക്ക നഗരങ്ങളുടേയും സ്വഭാവം അതിനുണ്ട്. പക്ഷേ തൂവാനം അതല്ല. അത് എന്റെ ഗ്രാമമായ വെള്ളത്തൂവലാണ്. സര്‍ജുകുന്നും കഴിഞ്ഞവര്‍ഷം ദുരന്തമുണ്ടാക്കിയ പെന്‍സ്റ്റോക്ക് പൈപ്പുകളും പവര്‍ഹൗസുമെല്ലാം അതില്‍ വരുന്നുണ്ട്. രണ്ടാമത്തെ നോവലായ ഒമ്പതിലെ കഥാപാത്രങ്ങള്‍ മിക്കവരും ഇന്നു വെള്ളത്തൂവലില്‍ ജീവിച്ചിരിക്കുന്നവരാണ്. എന്റെ ചെറുപ്പം മുതല്‍ ഞാന്‍ കണ്ട വെള്ളത്തൂവലിലെ വിപ്‌ളവകാരികളാണ് ആ നോവലിലുള്ളത്. തൂവാനം ഫിലിപ്പ് എന്ന നക്‌സല്‍നേതാവിന്റെ ഏകദേശരൂപം വെള്ളത്തൂവല്‍ സ്റ്റീഫനാണ്. കള്ളന്‍ ഇച്ചിരയും നന്ദിയാട്ട് മാര്‍ക്കോസും കുഞ്ഞിക്കണ്ണനും സുപ്രിയയും എല്ലാം ഇന്നും ജീവിച്ചിരിപ്പുണ്ട്. നോവല്‍ പ്രസിദ്ധീകരിച്ചുവന്ന സമയത്ത് ഇവരില്‍ പലരും എന്നെ വിളിച്ചിരുന്നു. കഥയിലെ തങ്ങളെ തിരിച്ചറിഞ്ഞ അവര്‍ നോവലില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍പോലും നിര്‍ദ്ദേശിച്ചിരുന്നു. ഡിയില്‍ പക്ഷേ അത്രത്തോളം റോല്‍ മോഡലുകള്‍ വന്നിട്ടില്ല.
ഒമ്പതില്‍ ഉള്‍പ്പെടെ അനാവശ്യമായ ലൈംഗികത സൃഷ്‌ടിക്കുന്നതായി ആരോപണമുണ്ടല്ലോ?
ഒമ്പത് സദാചാരത്തിനു നിരക്കുന്നതല്ലെന്നു പറഞ്ഞ് അധ്യാപികയായ എന്റെ വലിയമ്മായി പോലും അത് ബഹിഷ്‌കരിക്കുകയുണ്ടായി. കുടുംബബന്ധങ്ങള്‍ തകര്‍ക്കുമെന്നും അശ്ലീലത്തിന്റെ പരമകാഷ്‌ഠയാണെന്നും ആരോപണമുയര്‍ന്നു. ആണും പെണ്ണും അടുത്തടുത്തിരിക്കാന്‍പോലും മടിക്കുന്ന സമൂഹത്തില്‍ നിന്ന് ഇങ്ങിനെയൊരു പ്രതികരണമുണ്ടായതില്‍ അത്ഭുതമില്ല. രതി നമുക്ക് പാപമാണ്. നമ്മുടേത് അടിച്ചമര്‍ത്തപ്പെട്ട വികാരമാണ്. ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒളിച്ചുവയ്‌ക്കേണ്ടതാണു രതിയെന്നു നാം കരുതുന്നു. മലയാളി വൃത്തികെട്ടവനായതിന്റെ കാരണം ഇതാണ്. അങ്ങിനെയുള്ളവര്‍ക്കേ അവയില്‍ അശ്‌ളീലം കാണാന്‍ കഴിയൂ.ദീപിക വാര്‍ഷികപ്പതിപ്പില്‍ വന്ന പഴി എന്ന കഥ ഏറെ പഴികേട്ട ഒന്നാണ്. മതമേലധ്യക്ഷന്‍മാര്‍ക്ക് അതത്ര സുഖിച്ചില്ല. അതു പ്രസിദ്ധീകരണത്തിനെടുത്ത പത്രാധിപര്‍ക്ക് തൊഴില്‍ഭീഷണി വരെയുണ്ടായി. ചില യാഥാസ്ഥിതിക വായനക്കാര്‍ തെറി എഴുതി അയക്കുക വരെ ചെയ്‌തു. വായനയില്‍ ലൈംഗികസുഖം കിട്ടുന്നതിനുവേണ്ടി ഞാന്‍ ലൈംഗികത എഴുതി നിറക്കാറില്ല. അതിനു വേറേ പുസ്‌തകങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടുമല്ലോ.
കഥകള്‍ക്കും നോവലുകള്‍ക്കും പേരിടുമ്പോള്‍ വ്യത്യസ്‌ത പുലര്‍ത്താന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതാണോ?
അതെ. കടലുപോലെ പ്രസിദ്ധീകരണങ്ങളുണ്ടെങ്കിലും വായനക്കാര്‍ ആനുപാതികമായി കുറവാണ്. അവന് വായിക്കാനുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അവരെ ആകര്‍ഷിക്കാനുള്ള ബിസിനസ് തന്ത്രമാണ് പേരുകളിലെ വ്യത്യസ്‌തത. എന്നാല്‍ കൃതി നിലനില്‍ക്കാന്‍ അതുമാത്രം പോരെന്നും എനിക്കറിയാം.
ഗാന്ധിമാര്‍ഗത്തില്‍ മഹാത്മാഗാന്ധിയും ഒടുവിലത്തെ തച്ചില്‍ വര്‍ത്തമാനകാലത്തു പ്രത്യക്ഷനാകുന്ന പെരുന്തച്ചനും കഥാപാത്രങ്ങളാകുമ്പോള്‍ വയസ് 50ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച കേരളവും ഈച്ചരവാരായരും വെള്ളായിയപ്പനുമെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. മനപ്പൂര്‍വ്വമായിരുന്നോ ഇത്?
ഗാന്ധിയെ ഏറെ വായിച്ചിരുന്ന കാലത്തെ കഥയാണ് ഗാന്ധിമാര്‍ഗം. ഒടുവിലത്തെ തച്ച് പന്നിയൂരുപോയ ഒരനുഭവത്തില്‍ നിന്നുണ്ടായതാണ്. ഇതൊക്കെ വ്യത്യസ്‌തത തേടുമ്പോള്‍ സംഭവിക്കുന്നതാണ്. ആ അര്‍ഥത്തില്‍ മനപ്പൂര്‍വ്വം. എന്റെ ഓരോ കഥയും പ്രമേയത്തിലും അവതരണത്തിലും ഭാഷയിലും ഒന്നിനൊന്നു വേറിട്ടതാകാന്‍ ഞാനാഗ്രഹിക്കുന്നു. അതൊരു വെല്ലുവിളിയാണ്, എന്നോടുതന്നെ.
സുസ്‌മേഷിന്റെ കഥകളില്‍ സ്ഥലസാന്നിധ്യം പോലെ കാണുന്ന ഒന്നാണ് ചരിത്രം. മറൈന്‍ കാന്റീന്‍ ഉള്‍പ്പെടെ പല കൃതികളുടേയും ആഖ്യാനത്തില്‍ ചരിത്രത്തിന്റെ വിരസതയുണ്ടാകുന്നില്ലേ?
ചരിത്രം എന്നെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. ഒരു സ്ഥലത്തെത്തിയാല്‍ ഞാനവിടം മനസ്സിലാക്കാനാണു ശ്രമിക്കുന്നതെന്നു പറഞ്ഞിരുന്നല്ലോ. ആഖ്യാനത്തില്‍ പ്രാദേശികചരിത്രം വരുന്നത് അത്തരം സ്വാധീനങ്ങളുടെ ഫലമാണ്.വളരെ യാദൃശ്ചികമായി എഴുതിത്തുടങ്ങിയ നോവെല്ലയാണു മറൈന്‍ കാന്റീന്‍. എഴുതിക്കഴിഞ്ഞപ്പോള്‍ അതെന്നെത്തന്നെ വിസ്‌മയിപ്പിച്ചു. കന്യാസ്‌ത്രീയുടേയും വേശ്യാസ്‌ത്രീയുടേയും മരണ സമയമാണ് അതിന്റെ ഇതിവൃത്തം. ചില ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാറ്റേണ്‍ മനസ്സിലിട്ട് എഴുതിയ നോവെല്ലയാണത്. ഒന്നുരണ്ടു മുഖ്യധാരാസിനിമക്കാര്‍ അത് സിനിമയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇടയ്‌ക്ക് സിനിമയിലേക്കും കടന്നിരുന്നല്ലോ?
സിനിമ പണ്ടുതൊട്ടുള്ള ഒരു സ്വപ്‌നമാണ്. പകല്‍ ആണ് ആദ്യ തിരക്കഥ. ഓടിയില്ല. കാര്‍ഷികപ്രതിസന്ധിയായിരുന്നു ഇതിവൃത്തം. ഉദ്ദേശ്യശുദ്ധിയോടെ എഴുതിയതാണ്. നല്ലൊരു സമീപനമായിരുന്നെന്നു പലരും പറഞ്ഞു. പക്ഷേ മാര്‍ക്കറ്റിങ്ങില്‍ വന്ന അപാകതകള്‍ സിനിമയെ ബാധിച്ചു. ഞാനെഴുതിയ കഥയായ ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം പകലിന്റെ സംവിധായകന്‍ നിഷാദ് തന്നെ സിനിമയാക്കിയതാണു രണ്ടാമത്തേത്. അതിന് മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സിന്റെ അവാര്‍ഡു കിട്ടിയിരുന്നു.
കഥ, തിരക്കഥ. ഒപ്പം റേഡിയോ നാടകവും സിനിമയോടുള്ള അടുപ്പമാണോ നാടകത്തിലെത്തിച്ചത്?
ദേവികുളം ആകാശവാണി എഴുത്തുകാരനെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയതില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നിലയം തുടങ്ങിയ കാലം മുതല്‍ അവിടെ കഥകളവതരിപ്പിച്ചിരുന്നു. അന്നു കിട്ടുന്ന പ്രതിഫലം വളരെ പ്രധാനമായിരുന്നു. അങ്ങിനെ ദേവികുളം നിലയത്തിനായാണ് ഞാനാദ്യം നാടകമെഴുതിയത്. അത് പിന്നീട് കേരളത്തിലെ എല്ലാ നിലയങ്ങളും സംപ്രേഷണം ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തെ റേഡിയോ നാടകോല്‍സവത്തിന് നാടകമെഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് അടിമവംശം എഴുതിയിത്. അതും ചരിത്രമായിരുന്നു. സുല്‍ത്താന റസിയയുടെ കഥ. ഞാന്‍ റേഡിയോ നാടകരചനയില്‍ ഒരു പരാജയമാണെന്ന് അതോടെ മനസ്സിലായി. അടിമവംശം ഞാന്‍ കഥയായി മാറ്റിയെഴുതിയിട്ടുണ്ട്.എഴുത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യം പറഞ്ഞല്ലോ.
എഴുത്ത് വരുമാനമാര്‍ഗ്ഗമാകുമ്പോള്‍ നിലവാരത്തകര്‍ച്ചക്ക് അതു വഴിതെളിക്കില്ലേ?ഒരിക്കലുമില്ല. പണ്ടൊക്കെ എഴുത്തുകാരായവരില്‍ മിക്കവരും ഒന്നുകില്‍ പത്രപ്രവര്‍ത്തകരായിരുന്നു, അല്ലെങ്കില്‍ അധ്യാപകര്‍. ചുരുക്കം ചിലര്‍ ഗുമസ്‌തന്‍മാരുമായി. അന്നതു മതി. ഇന്നാകട്ടെ ഏല്ലാ മേഖലയിലും എഴുത്തുകാരുണ്ട്. ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും മുതല്‍ മീന്‍കച്ചവടക്കാര്‍ വരെ. സാഹിത്യംകൊണ്ടുമാത്രം ജീവിക്കാമെന്നുകരുതുന്നവര്‍ വളരെ കുറവാണ്. മാത്രമല്ല സര്‍ഗ്ഗാത്മകതയുടെ വരവും പോക്കും എങ്ങിനെയാണെന്നും എപ്പോഴാണെന്നും പറയാനാകില്ലല്ലോ. പല എഴുത്തുകാരും സിനിമ, ടെലിവിഷന്‍ മേഖലകളിലേക്ക് ഒഴുകിപ്പോകുന്നതിന്റെ കാരണമതാണ്. ചിലരാകട്ടെ ജോലിയുടെയും കുടുംബത്തിന്റേയും പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ സാഹിത്യത്തില്‍ മാത്രം ഒതുങ്ങുന്നു. അവര്‍ക്കു ജീവിക്കാന്‍ ജോലിയുണ്ട്. ഞാന്‍ സിനിമകളും ടെലിവിഷന്‍ പരിപാടികളും എഴുതുന്നത് മറ്റു തൊഴിലുകള്‍ ചെയ്യാനുള്ള താല്‍പര്യമില്ലായ്‌മമൂലമാണ്.
പുതിയ എഴുത്തുകാരില്‍ പലരും അകാലത്ത് അനുഭവങ്ങളെഴുതിത്തുടങ്ങിയിട്ടുണ്ടല്ലോ?ഞാനവയെ നിര്‍വീര്യമായ ബോംബുകളെന്നേ പറയു. അതില്‍ പലതും വ്യാജമാണെന്നതാണു സത്യം. അനുഭവക്കുറിപ്പുകള്‍ക്കു മാര്‍ക്കറ്റുണ്ടായപ്പോള്‍ അനുഭവങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണു പലരും. ഈ അനുഭവങ്ങള്‍ എന്തുകൊണ്ടാണ് കഥയോ കവിതയോ ആകാത്തതെന്നു ചിന്തിക്കണം.പുതിയ എഴുത്തുകാര്‍ക്കു വലിയ ക്യാന്‍വാസിനെ പേടിയാണ്. അവര്‍ക്കതിനു സമയവുമില്ല. എന്തുകൊണ്ടാണ് പുതിയവരില്‍ നിന്ന് നോവലുണ്ടാകാത്തത്. ഇ. സന്തോഷ്‌കുമാറും കെ.ആര്‍. മീരയും ഇന്ദുഗോപനും അല്ലാതെ നോവല്‍ രചനയില്‍ സജീവമായി നില്‍ക്കുന്ന എത്ര പുതുതലമുറ എഴുത്തുകാരുണ്ട്? സുഭാഷ് ചന്ദ്രനും സിത്താരയും ശിഹാബുദ്ദീനും സന്തോഷ് എച്ചിക്കാനവും ആര്‍. ഉണ്ണിയുമെല്ലാം നോവല്‍ എഴുതാന്‍ കഴിവുള്ളവരാണ്. കഥ നല്‍കിയ സല്‍പേര് നോവല്‍ കളയുമോ എന്ന പേടിയാണു പലര്‍ക്കും. നോവല്‍ സാഹിത്യത്തിന് മലയാളത്തിലിപ്പോള്‍ കഷ്‌ടകാലമാണ്! പോയ തലമുറ തന്നെയാണ് നോവലില്‍ സജീവം. ഇനിയും വലിയ നോവലെഴുതണമെന്നതാണ് എന്റെ ആഗ്രഹം.
നിങ്ങള്‍ പുതുതലമുറ എഴുത്തുകാര്‍ തമ്മിലുള്ള ബന്ധമെങ്ങിനെ?
നല്ല ബന്ധമുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാരില്‍ മിക്കവരുമായും സൗഹൃദമുണ്ട്. സന്തോഷ് എച്ചിക്കാനം, സുഭാഷ് ചന്ദ്രന്‍, മധുപാല്‍, ഇ. സന്തോഷ്‌കുമാര്‍, വിനു ജോസഫ്, കെ.വി. അനൂപ്...ഒരു കഥ വന്നാല്‍ വായിച്ചശേഷം വിളിച്ച് അഭിപ്രായം പറയുന്നവരാണ് ഏറെയും. നല്ലതാണെങ്കില്‍ നല്ലതെന്ന്. ചീത്തയാണെങ്കില്‍ അതും വെട്ടിത്തുറന്നുപറയും. കേവലം സ്‌തുതിപാഠകരല്ല പുതുതലമുറയിലെ എഴുത്തുകാര്‍. അച്ചടിക്കുന്നതിനു മുമ്പ് വായിക്കാന്‍ കൊടുക്കുന്ന പതിവും എനിക്കുണ്ട്. ഇതു കഥാകാരന്‍മാരോടു മാത്രമല്ല. എസ്.ജോസഫ്, സെബാസ്റ്റ്യന്‍, വി.എം.ഗിരിജ, പി.രാമന്‍ തുടങ്ങിയ കവികളുമായും നല്ല അടുപ്പമുണ്ട്. കഥയേക്കാളേറെ ഞാന്‍ വായിക്കുന്നതും കവിതകളായിരിക്കാം. പക്ഷേ ഇന്നെഴുതപ്പെടുന്ന കവിതകളിലേറെയും ഒറ്റ വായനക്കുശേഷം മറന്നുകളയാവുന്നതാണ്.
പഴയ തലമുറയോ?
അവരുമായി കാര്യമായ ബന്ധമൊന്നുമില്ല. അവരൊക്കെ സീനിയേഴ്‌സല്ലേ? പ്രത്യേക ചട്ടക്കൂട്ടില്‍ കഴിയുന്നവരാണവര്‍. പഴയ തലമുറക്കാരെ തേടിപ്പിടിച്ചു കൂട്ടുകൂടാനോ അവരെക്കൊണ്ട് പൊക്കിപ്പറയിക്കാനോ ഒന്നും ഞാനില്ല. നിങ്ങളെ പലരേയും രൂപപ്പെടുത്തിയത് പഴയ തലമുറയിലെ കൃതികളാണ്.
നാലുകെട്ട് അമ്പതാം വര്‍ഷം ആഘോഷിക്കുകയാണിപ്പോള്‍. അങ്ങനെയൊരു കൃതി സുസ്‌മേഷില്‍ നിന്നുണ്ടാകുമെന്നു കരുതുന്നുണ്ടോ?
അതു ശരിയാണ്. പുതിയ തലമുറയില്‍പെട്ടവരാരും തങ്ങളുടെ കൃതിയുടെ അമ്പതാം വര്‍ഷം ആഘോഷിക്കുമെന്നു തോന്നുന്നില്ല. എം.ടിയുടെ നാലുകെട്ടിനൊപ്പം കോവിലന്റെ എ മൈനസ് ബിയും ഉറൂബിന്റെ സുന്ദരികളും സുന്ദരന്‍മാരും എല്ലാം എഴുതപ്പെട്ടതിന്റെ അമ്പതാം വര്‍ഷമാണിത്. എന്റെ വായനയില്‍ നാലുകെട്ടിനേക്കാള്‍ സ്വാധീനമുണ്ടാക്കിയത് സുന്ദരികളും സുന്ദരന്‍മാരുമാണ്. കോവിലനുവേണ്ടി എസ്.എം.എസ് അയക്കാന്‍ ഇവിടെയാരുമില്ല. മലയാളം അവഗണിച്ച എഴുത്തുകാരനാണു കോവിലന്‍. പക്ഷേ നാലുകെട്ടിനു മലയാളസാഹിത്യത്തിലുള്ള നിര്‍ണായകസ്വാധീനം അവഗണിക്കാനാവില്ല. അന്നത്തെ സാമൂഹ്യചരിത്രം അതില്‍ വ്യക്തമാണ്. ഒപ്പം കുടുംബബന്ധങ്ങളും. സുന്ദരികളും സുന്ദരന്‍മാരും ഒരു ദേശത്തിന്റെ കഥയുമെല്ലാം ഇനിയുള്ള വര്‍ഷങ്ങളില്‍ ആഘോഷിക്കപ്പെടുമെന്നു കരുതാം. ആരും ആഘോഷിച്ചില്ലെങ്കിലും വായനക്കാരിലൂടെയും പുതിയ പതിപ്പുകളിലൂടെയും അവ മറ്റൊരുതരത്തില്‍ ആഘോഷിക്കപ്പെടുക്കൊണ്ടിരിക്കും.ഒരു കൃതിയുടെ അമ്പതാം വര്‍ഷം ഓര്‍മിക്കപ്പെടുന്നതും ഇന്നും വായനക്കാരുള്ള കൃതിയായതിനാല്‍ അതാഘോഷിക്കപ്പെടുന്നതും മനസ്സിലാക്കാം. പക്ഷേ ചില എഴുത്തുകാര്‍ മുന്‍വര്‍ഷങ്ങളില്‍ എഴുത്തുജീവിതത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുകയുണ്ടായി. ദാമ്പത്യത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുന്നതുപോലെയാണത്. എഴുത്തുകാരനല്ല കൃതികളാണു ജീവിക്കുന്നത്. ബഷീര്‍ ഇന്നും ജീവിക്കുന്നത് അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ്.
പുസ്‌തകപ്രസാധനത്തിന്റെ രീതിതന്നെ ഇപ്പോള്‍ മാറുകയാണല്ലോ. തിരക്കഥ ഒരു സാഹിത്യരൂപമായി കടന്നുവന്നുകഴിഞ്ഞു.
നിലനില്‍പ് പ്രസാധകന്റെ പ്രശ്‌നമാണ്. പുതിയ വായനാഭിരുചി ഉണ്ടാക്കേണ്ടതും അവരുടെ ആവശ്യമാണ്. തിരക്കഥ അത്തരത്തില്‍ സൃഷ്‌ടിക്കപ്പെട്ട ഒന്നാണ്. സാഹിത്യത്തെ കൊണ്ടുനടക്കുന്നവരുടെ എണ്ണം ചെറുപ്പക്കാരില്‍ കുറയുന്നു. അവരിലേറെയും 30-35 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. അതിനു താഴെയുള്ളവരാണ് പുത്തന്‍പ്രവണതാ പുസ്‌തകങ്ങളുടെ വായനക്കാരെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പിന്നെ ദൃശ്യമാധ്യമങ്ങളുടെ പ്രളയം ആ മാധ്യമത്തിലെ അവസരങ്ങള്‍ കൂട്ടിയിട്ടുണ്ട്. തിരക്കഥ സിലബസില്‍ ഉള്‍പ്പെടുത്തിയതും കാരണമാകാം.
സുസ്‌മേഷിന്റെ കഥകളില്‍ ആവര്‍ത്തിക്കുന്ന ഒരു സ്‌ത്രീ സാന്നിധ്യമുണ്ട്. മീര. അതാകട്ടെ മിക്കപ്പോഴും നമ്പൂതിരിയായിരിക്കും. അതില്‍തന്നെ ഡോക്‌ടറാണധികം. ഈ ആവര്‍ത്തനം മനപ്പൂര്‍വ്വമാണോ?
എന്‍. എസ്. മാധവനു രാഘവനും വിക്‌ടര്‍ ലീനസിനു ലീലയും പോലെയാണ് എനിക്കു മീര എന്നു കരുതിയാല്‍ മതി. എങ്കിലും ചോദിച്ചതുകൊണ്ടു പറയാം. എന്റെ ജീവിതത്തില്‍ പലരീതിയിലും കടന്നുവന്ന ഒരു വ്യക്തിയാണു മീര. ആ ബന്ധവും അതിന്റെ സ്വാധീനവുമാകാം ഈ ആവര്‍ത്തനത്തിലുണ്ടാകുന്നത്. എല്ലാക്കഥകളിലുമതില്ലെന്നോര്‍ക്കണം. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരേ പേരാകുന്നതാണു നല്ലത്.
സുസ്‌മേഷിന്റെ രണ്ട് അമ്മാവന്‍മാര്‍ പല രീതിയില്‍ പ്രശസ്‌തരാണ്. സാരംഗ് ഗോപാലകൃഷ്‌ണന്‍. പിന്നെ പൊലീസിലെ കാര്‍ട്ടൂണിസ്റ്റായ രേഖ വെള്ളത്തൂവല്‍ എന്ന രാമചന്ദ്രന്‍. ഇവരുടെ സ്വാധീനം എഴുത്തിലേക്കുവരാന്‍ പ്രചോദനമായിട്ടുണ്ടോ?പ്രത്യക്ഷത്തില്‍ സ്വാധീനമൊന്നുമില്ല. അവര്‍ രണ്ടുപേരും വ്യാപരിക്കുന്ന മേഖലയല്ല എന്റേത്. കയ്യെഴുത്തുമാസികയുടെ കാലം തൊട്ട് എന്നെ രൂപപ്പെടുത്തുന്നതില്‍ ഇവര്‍ സഹായമായിട്ടുണ്ട്. കൊച്ചമ്മാവന്‍ ഇടുക്കി പൊലീസില്‍ ജോലിനോക്കുമ്പോള്‍ നിരവധി സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതില്‍ പ്രധാനമാണ് റോഡുപോലുമില്ലാത്ത വെണ്‍മണിയില്‍ നടത്തിയ പെരുമഴ ക്യാംപ്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ മഴയോടൊത്ത് ഉല്ലസിച്ച ബോധവല്‍ക്കരണപരിപാടി. പത്രങ്ങള്‍ പോലും നല്ല കവറേജ് കൊടുത്തു. മഴക്കുഴികള്‍ തീര്‍ത്ത് മഴവെള്ളത്തെ ഭൂമിയിലേക്കിറക്കാന്‍ പത്തുവര്‍ഷം മുമ്പ് ആ ക്യാംപിലൂടെ അമ്മാവന്‍ ആഹ്വാനം ചെയ്‌തിരുന്നു. അതിനെ അടിസ്ഥാനമാക്കി ഞാന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് പല അവാര്‍ഡുകളും കിട്ടിയിരുന്നു. അമ്മാവന്‍മാര്‍ എന്നെ സ്വാധീനിച്ചത് സാമൂഹ്യപ്രശ്‌നങ്ങളിലുള്ള അവരുടെ ഇടപെടലിലൂടെയാണ്. എഴുത്തില്‍ എന്റെ വഴി ഞാന്‍ തനിയെ തുറന്നതാണ്. അച്ഛന്റെ സ്വാധീനം ഇക്കാര്യത്തില്‍ വളരെ വലുതായിരുന്നു. കണ്ണൂരുകാരനായ അച്ഛന് ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ഒരവബോധമുണ്ടായിരുന്നു. മാതൃഭൂമിയും കലാകൗമുദിയും പോലുള്ള പ്രസിദ്ധീകരണങ്ങളും എം.ടിയും പദ്‌മനാഭനും ഉള്‍പ്പെടെയുള്ള എഴുത്തുകാരും എന്റെ വായനയിലേക്കു കടന്നു വരുന്നത് അച്ഛനിലൂടെയാണ്.
ഡോക്യുമെന്ററിയോടുള്ള പ്രണയം ഇപ്പോഴുമുണ്ടല്ലേ?
തീര്‍ച്ചയായും. സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്യുമെന്ററികള്‍ ഇപ്പോഴും എന്റെ ആഗ്രഹമാണ്. അമൃത ടി.വിയിലെ ഹരിതഭാരതം കൃഷിപരമ്പരയുടെ ഇരുനൂറിലധികം എപ്പിസോഡുകള്‍ക്ക് ഞാനാണു സ്‌ക്രിപ്‌റ്റ് എഴുതിയത്. അതിനായി ഇന്ത്യയില്‍ പലയിടത്തും പോയി കര്‍ഷകരെ കണ്ടു. ഭാരതത്തിന്റെ കാര്‍ഷികസംസ്‌കൃതി ഞാന്‍ അടുത്തറിഞ്ഞത് അതിലൂടെയാണ്.
ഡി- ക്ക് നോവല്‍ കാര്‍ണിവല്‍ അവാര്‍ഡു ലഭിച്ചു. ശിശുവായി മരണം മാത്രം അങ്കണം- ഇ.പി. സു,മ എന്‍ഡോവ്‌മെന്റിന് അര്‍ഹമായി. അവാര്‍ഡുകളെപ്പറ്റി എന്താണു പറയാനുള്ളത്?
2004ലെ ഡി.സി. ബുക്‌സിന്റെ നോവല്‍ പുരസ്‌കാരമാണ് സാഹിത്യത്തില്‍ എന്റെ പേര് തെളിച്ചുതന്നത്. പലരും എന്നെ എഴുത്തുകാരനായി അതോടെ തിരിച്ചറിയാന്‍ തുടങ്ങി. നാലു വര്‍ഷത്തിനുശേഷം ഇപ്പോഴാണ് മറ്റൊരവാര്‍ഡു കിട്ടുന്നത്. അര്‍ഹതപ്പെട്ടവര്‍ക്കു മാത്രം കൊടുത്തിട്ടുള്ളതിനാല്‍ അങ്കണത്തിന്റെ എന്‍ഡോവിമെന്റിന് ഞാന്‍ വലിയ വില കല്‍പ്പിക്കുന്നുണ്ട്.
എന്താണ് സുസ്‌മേഷിന്റെ മനസിലുള്ള സാഹിത്യസങ്കല്‍പം? അതിനോടു നീതിപുലര്‍ത്താന്‍ കഴിയുന്നുണ്ടോ?
എല്ലാവര്‍ക്കും മനസ്സിലാകുന്നതാവണം ഞാനെഴുതുന്നതെന്നു വിചാരിക്കാറുണ്ട്. ഡിയില്‍ നിന്ന് ഒമ്പതില്‍ വന്നപ്പോള്‍ ഞാനാ ലാളിത്യമാണു സ്വീകരിച്ചത്. ഇന്നു വായനക്കാരെ കണ്ടെത്തുന്നതും നിലനിര്‍ത്തുന്നതും വളരെ ശ്രമകരമാണ്. ഓര്‍ക്കുട്ടിലും ബ്‌ളോഗിലുമൊക്കെ നമ്മള്‍ സാന്നിധ്യമറിയിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ യൂണിവേഴ്‌സലായിരിക്കണം എഴുതുന്നതെന്തും. പല മേഖലകളിലുള്ള വായനക്കാരെ നാം കണ്ടെത്തണം. ആഴ്‌ചപ്പതിപ്പുകല്‍ മുടങ്ങാതെ വായിക്കുന്നത് പരമ്പരാഗത വായനക്കാര്‍ മാത്രമാണ്. ഈ തിരിച്ചറിവിനോടു നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.
വായനക്കാരുമായുള്ള ബന്ധം?
അവരുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ലല്ലോ. പണ്ട് പല പ്രസിദ്ധീകരണങ്ങളിലേയും സൃഷ്‌ടികള്‍ക്കൊപ്പമുണ്ടായിരുന്ന വിലാസം കണ്ട് കത്തെഴുതി ഞാന്‍ ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചിട്ടുണ്ട്. തപാലിന്റെ കാലം കഴിഞ്ഞെന്നു തോന്നുന്നതിനാലാവാം ഇപ്പോള്‍ പ്രസിദ്ധീകരണങ്ങളൊന്നും എഴുത്തുകാരുടെ വിലാസം നല്‍കാത്തത്. കലാകൗമുദി ഫോണ്‍ നമ്പര്‍ കെടുക്കുന്നത് ഏറെ പ്രയോജനകരമാണ്. മുന്‍ ലക്കങ്ങളിലൊന്നില്‍ വന്ന ലേഖനത്തോടൊപ്പമുണ്ടായിരുന്ന എന്റെ ഫോണ്‍ നമ്പര്‍ കണ്ട് വിളിച്ചവര്‍ നിരവധിയാണ്. കഥ വായിച്ചിട്ടില്ലാത്തവരും കഥകള്‍ വായിച്ചിട്ട് ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതിരുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. വായനക്കാരുടെ പ്രതികരണം അറിയാന്‍ കഴിയുമ്പോഴാണ് എഴുത്തു വിജയിക്കുന്നത്. അത്തരമൊരു ബന്ധത്തിന് ഇടനിലയാകാന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും കഴിയണം.
Subscribe to:
Posts (Atom)
