Thursday, October 2, 2008

വൈദ്യുതിപ്രതിസന്ധി: കുറ്റവാളികള്‍ ആര്‌?






വൈദ്യുതിപ്രതിസന്ധി: കുറ്റവാളികള്‍ ആര്‌?




ഇടുക്കി ജലസംഭരണി വറ്റുകയും വൈദ്യുതി പ്രതിസന്ധി ഉടലെടുക്കുകയും ചെയ്‌തപ്പോള്‍ ആശങ്കപ്പെട്ടവര്‍ മറന്നു പോയ ഒന്നുണ്ട്‌, പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന ഒരു ജലബോംബാണ്‌ ഇടുക്കി ജില്ല! ഇപ്പോള്‍ ഇതു പറയുന്നത്‌ എന്തിനെന്നാവും സംശയം. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ളവര്‍ ഇടുക്കിയെ ഓര്‍ക്കുന്നതും ആശങ്കപ്പെടുന്നതും വൈദ്യുത പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ മാത്രമാണ്‌. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്‌നാട്‌ കേരളത്തോടു വച്ചുപുലര്‍ത്തുന്ന മനോഭാവം തന്നെയാണ്‌, അല്ലാത്തപ്പോള്‍, പുറം ജില്ലക്കാര്‍ ഇടുക്കിയോടു പുലര്‍ത്തുന്നത്‌.

മഴക്കാലത്ത്‌ ഇരുപതിലധികം അണക്കെട്ടുകളിലായി ഇവിടെ കെട്ടി നിര്‍ത്തുന്നത്‌ 150 ടി.എം.സി.വെള്ളമാണ്‌. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി എന്നര്‍ഥം. കേരളത്തിലെ ആദ്യത്തേതും ഏറ്റവും ചെറുതുമായ പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിതൊട്ട്‌ ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചുഡാമും കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുമായ ഇടുക്കി വരെ ഇതില്‍ ഉള്‍പ്പെടും. അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്‌ വെള്ളവും വെളിച്ചവും നല്‍കുന്ന മുല്ലപ്പെരിയാറും സ്വകാര്യമേഖലയിലെ രണ്ടു ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും വലുതായ കുത്തുങ്കല്‍ പദ്ധതിയും. സംസ്‌ഥാന വൈദ്യുതബോര്‍ഡ്‌ പതിനൊന്നാം പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ഏഴു മേജര്‍ സ്‌കീമുകളില്‍ നാലെണ്ണവും ഇടുക്കിയിലാണ്‌. ഇതൊക്കെയായിട്ടും ഇടുക്കിയെച്ചൊല്ലി ആര്‍ക്കും ആശങ്കയില്ല!

ഇടുക്കി എന്തു പിഴച്ചു?
കേരളം വൈദ്യുതി പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ അതിന്റെ കാരണം ഇടുക്കിയിലെ വരള്‍ച്ചയാണോ നമ്മുടെ വൈദ്യുതി ധൂര്‍ത്താണോ എന്ന്‌ അധികമാരും ചിന്തിക്കുന്നില്ല. നാടുനീളെ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ കെട്ടിപ്പൊക്കിയും വെള്ളം മണ്ണില്‍ താഴാനനുവദിക്കാതെ തറയോടുകള്‍ പാകിയും പ്രകൃതിവിരുദ്ധമായി സഞ്ചരിച്ച നമ്മള്‍ മഴ കുറയുമ്പോള്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തെ നോക്കി കൊഞ്ഞനംകുത്തും.
ഏതാനും മാസം മുമ്പ്‌ തിരുവനന്തപുരത്ത്‌ ടാഗോര്‍ തി.യേറ്ററില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കര്‍ണാടകത്തില്‍ സേവനമനുഷ്‌ഠിക്കുന്ന ഒരു മലയാളി ഐ.എ.എസ്സുകാരന്‍ എത്തി. അദ്ദേഹത്തോടൊപ്പം കേരളത്തിലെ ഒരു മന്ത്രിയും. മന്ത്രി പോയിക്കഴിഞ്ഞ്‌ ഐ.എ.എസുകാരന്‍ പ്രസംഗം തുടങ്ങിയത്‌ ഇങ്ങനെയാണ്‌ :
" ഐ.എ.എസുകാര്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. എവിടെപ്പോയാലും ഈ കോട്ട്‌ വലിച്ചുകയറ്റും. ഇവിടെയെത്തിയപ്പോഴാണ്‌ അതിന്റെ ദോഷം മനസ്സിലായത്‌. ഹൊറിബിള്‍.... ഈ ചൂട്‌ സഹിക്കാവുന്നതിനപ്പുറമാണെന്ന്‌ ഞാന്‍ മന്ത്രിയോടു പറയുകയായിരുന്നു. എന്തായാലും ഈ തിയേറ്റര്‍ വൈകാതെ എയര്‍ കണ്ടീഷന്‍ ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ അദ്ദേഹം പറഞ്ഞു..."
തിരുവനന്തപുരത്ത്‌ ശീതീകരിക്കാത്ത ചുരുക്കം തിയേറ്ററുകളിലൊന്നാണ്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാഗോര്‍ തിയേറ്റര്‍. വൈകാതെ അവിടവും ശീതീകരിക്കപ്പെടും. തലസ്ഥാനത്ത്‌ സാംസ്‌കാരിക പരിപാടികള്‍ക്കു പലതിനും വേദിയാകുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മാത്രമാണ്‌ വൈദ്യുത ധൂര്‍ത്തില്‍ നിന്ന്‌ ഒഴിവായി നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. അവിടെ കൂത്തമ്പലത്തിലും പുറത്തെ പുല്‍ത്തകിടിയിലും പരിപാടികള്‍ ആസ്വദിച്ചിരിക്കാന്‍ ഫാന്‍ പോലുമില്ലെന്നതാണ്‌ വാസ്‌തവം.
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും കിടക്കുമ്പോഴും പെടുക്കുമ്പോഴും അത്‌ ശീതീകൃതമുറികള്‍ക്കുള്ളില്‍ മാത്രമായിരിക്കണമെന്ന്‌ മലയാളിയുടെ വൈറ്റ്‌ കോളര്‍ വിഭാഗം ശഠിക്കുന്നു. എയര്‍കണ്ടീഷനറുകള്‍ ഏറ്റവും കുറച്ചുള്ള ഇടുക്കിജില്ലപോലും ഈ അവസ്ഥയില്‍ എന്നെത്തുമെന്നു പറയുക വയ്യ. വേനല്‍ക്കാലത്തും രാത്രി കിടന്നുറങ്ങണമെങ്കില്‍ കരിമ്പടത്തിനടിയില്‍ കിടക്കേണ്ട കാലാവസ്ഥയായിരുന്നു കുറച്ചുകാലം മുമ്പുവരെ മൂന്നാറില്‍ ഇപ്പോള്‍ അവിടെ മോന്തായങ്ങളില്‍ ഫാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. വൈകാതെ റിസോര്‍ട്ടുകള്‍ പലതും എ.സിയാകും. നാടുമുഴുവന്‍ എ.സിയെ ചൂഷണം ചെയ്യുമ്പോള്‍ ഇടുക്കിക്കാരെന്തിനു കുറയ്‌ക്കണം?
ഒരു പ്രമുഖ ഇന്ധനക്കമ്പനിയുടെ എം.ഡി. കഴിഞ്ഞ പുതുവല്‍സരദിനത്തില്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാരോടു നടത്തിയ പ്രഭാഷണത്തില്‍ സാന്ദര്‍ഭികമായി പരാമര്‍ശിച്ച ഒരു സംഗതിയുണ്ട്‌.
ഔദ്യോഗിക ആവശ്യത്തിന്‌ ജപ്പാനില്‍ ഒരു കമ്പനിയിലെത്തിയ അദ്ദേഹം അവിടെയാരും ഓവര്‍ക്കോട്ട്‌ ധരിച്ചിട്ടില്ലെന്നുകണ്ട്‌ അത്ഭുതപ്പെട്ടുപോയി. കമ്പനിയിലെ ഉന്നതോദ്യോഗസ്ഥനോട്‌ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയായിരുന്നു ശ്രദ്ധേയം. ജീവനക്കാര്‍ കൂടുതല്‍പേര്‍ ഓവര്‍ക്കോട്ട്‌ ധരിക്കുന്തോറും കമ്പനിയുടെ വര്‍ക്കിംഗ്‌ ഏരിയകള്‍ കൂടുതലായി ശീതീകരിക്കേണ്ടിവരും. അതുണ്ടാക്കുന്ന ഊര്‍ജ്ജ നഷ്‌ടവും ചെലവും കുറയ്‌ക്കുകയാണ്‌ ഓവര്‍ക്കോട്ട്‌ ഉപേക്ഷിച്ചതിന്റെ കാരണം.
നേരത്തേ പറഞ്ഞ ഐ.എ.എസുകാരന്റെ പരാതിയും ഈ നിരീക്ഷണവും ചേര്‍ത്തുവായിക്കുമ്പോള്‍ കേരളത്തിന്റെ യഥാര്‍ഥ പ്രശ്‌നം പിടികിട്ടും. എന്നിട്ട്‌ ഇടുക്കിയുടെ ദുരന്തത്തിലേക്കു പോകാം.

ജലസംഭരണികളുടെ നാട്‌
തമിഴ്‌നാടിനു ജലം നല്‍കാനായി മാത്രം ആകെ ഭൂപ്രകൃതിയുടെ നാലു ശതമാനം മാറ്റിവച്ചിരിക്കുന്ന വിശാലമനസ്‌കരാണു കേരളം. പ്രതിവര്‍ഷം 70 ടി.എം.സി വെള്ളമാണ്‌ മുല്ലപ്പെരിയാറില്‍ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ ഒഴുകുന്നത്‌. ലോവര്‍ ക്യാംപിലെ പവര്‍ ഹൗസില്‍ 140 മെഗാവാട്ട്‌ ശേഷിയുള്ള ജനറേറ്ററുകള്‍ സ്ഥാപിച്ച്‌ അവര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ബാക്കി ജലം ഒഴുകി വൈഗയിലെത്തുമ്പോള്‍ അവിടെയുമുണ്ട്‌ ചെറുകിട ജലവൈദ്യുത പദ്ധതി. ഇതു കൂടാതെ പുതുതായി എട്ട്‌ മെഗാവാട്ടിന്റെ ഒന്നും നാല്‌ മെഗാവാട്ടിന്റെ ഏഴും പദ്ധതികളുടെ നിര്‍മാണം തമിഴ്‌നാട്‌ തുടങ്ങിക്കഴിഞ്ഞു. വൈദ്യുതോല്‍പാദനത്തിനുശേഷമുള്ള വെള്ളം തമിഴകത്തെ ഉര്‍വ്വരമാക്കി ഒഴുകുകയാണ്‌.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചുമാത്രം തമിഴ്‌നാട്‌ ഓരോ വര്‍ഷവും ഉണ്ടാക്കുന്ന ലാഭം 750 കോടി രൂപ വരും. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇത്‌ വര്‍ധിക്കുകയും ചെയ്യും. മുല്ലപ്പെരിയാറിനെ മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഏഴായിരത്തിലധികം മില്യണ്‍ യൂണിറ്റ്‌ വൈദ്യുതിയില്‍ 4,300 മില്യണ്‍ യൂണിറ്റും ഇടുക്കി ജില്ലയില്‍ നിന്നാണ്‌. പതിനൊന്നാം പദ്ധതി ലക്ഷ്യമിടുന്ന എണ്ണൂറ്‌ മില്യണ്‍ യൂണിറ്റില്‍ നാനൂറും ഇവിടെ നിന്നായിരിക്കും.
ഇത്രയൊക്കെയായാലും ഇടുക്കിയില്‍ വൈദ്യുതി എത്താത്ത അനവധി ഗ്രാമങ്ങളുണ്ട്‌. ആവശ്യത്തിന്‌ വോള്‍ട്ടേജുള്ള മേഖലകള്‍ ചുരുങ്ങും. മഴയൊന്നു ചാറിയാല്‍ സാങ്കേതിക തകരാറില്‍പെട്ട്‌ ഇടുക്കിയുടെ മിക്ക ഭാഗങ്ങളും ഇരുട്ടിലാകും. വേനല്‍ കടുക്കുന്ന ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടാത്ത പ്രദേശങ്ങള്‍ ഇടുക്കിയിലില്ല. തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന കരുണാപുരം പഞ്ചായത്ത്‌ മഴനിഴല്‍ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണെന്നു വിദഗ്‌ദ്ധര്‍ പറയുന്നു. വെള്ളം കൊടുക്കാനും മുടക്കാനും ഇടുക്കിയില്‍ വാട്ടര്‍ അതോറിട്ടിയുടെ കാര്യമായ പ്രവര്‍ത്തനമൊന്നുമില്ല. മഴയാണ്‌ ഇടുക്കിയുടെ പ്രധാന ജലസേചന ഏജന്‍സി.
ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ, അനൈക്യകേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ്‌ പള്ളിവാസല്‍. ഈ പദ്ധതിപ്രദേശത്തിന്റെ അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഭൂതത്താന്‍കെട്ട്‌, മാട്ടുപ്പെട്ടി, പൊന്‍മുടി, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, കുത്തുങ്കല്‍, ചെങ്കുളം അണക്കെട്ടുകള്‍.
ചെളിവന്നുമൂടി സംഭരണശേഷി അനുദിനം കുറയുന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്ന്‌ കഷ്‌ടിച്ച്‌ 20 കിലോമീറ്റര്‍ മാറി ലോവര്‍ പെരിയാര്‍ അണക്കെട്ട്‌. ഇവിടെ നിന്ന്‌ 20 കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ഇടുക്കിയിലേക്ക്‌. ഇടുക്കി പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ മൂന്നു വശത്തും അണകളാണ്‌. ഇടുക്കി ആര്‍ച്ചുഡാം കൂടാതെ, നോക്കിയാല്‍ കാണാവുന്ന ദൂരത്ത്‌ കുളമാവ്‌, ചെറുതോണി അണക്കെട്ടുകളും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍പ്പെട്ട, തേക്കടി തടാകമെന്നു പേരുകേട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ കേവലം 40 കിലോമീറ്റര്‍ മതി (റോഡ്‌ മാര്‍ഗമല്ല) ഇടുക്കി ജലസംഭരണിയിലെത്താന്‍.
മലമ്പ്രദേശത്തുനിന്ന്‌ താഴോട്ടിറങ്ങിയാല്‍, മൂലമറ്റം പവര്‍ഹൗസില്‍ നിന്നു പുറത്തേക്കൊഴുകുന്ന വെള്ളം മലങ്കരയില്‍ അണകെട്ടി തടഞ്ഞുനിര്‍ത്തിയിരിക്കുന്നതു കാണാം. വൈദ്യുതോല്‍പാദനം മുഖ്യ ലക്ഷ്യമല്ലാത്ത ഇടുക്കിയിലെ ഏക അണക്കെട്ടാണിത്‌.
ഇവ കൂടാതെ ഇരട്ടയാറിലും കല്ലാറിലും അഴുതയിലുമെല്ലാം ചെറിയ ഡൈവേര്‍ഷന്‍ ഡാമുകള്‍. പിന്നെ ഏലത്തോട്ടങ്ങളിലുള്‍പ്പെടെ ജലസേചനത്തിനായി ചെക്ക്‌ ഡാമുകള്‍ എന്ന പേരില്‍ എണ്ണമില്ലാത്തത്ര സംഭരണികള്‍. ഇതില്‍ കൈലാസപ്പാറയിലും കാമാക്ഷിവിലാസത്തും വണ്ടന്‍മേട്ടിലും ശാന്തമ്പാറയിലും ഉടുമ്പഞ്ചോലയിലുമൊക്കെയുള്ളത്‌ സാമാന്യം വലിയ തടയണകളാണ്‌. ചിലയിടത്തൊക്കെ ബോട്ടിങ്‌ സൗകര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഇവയുടെ വലുപ്പവും ഗൗരവവും ബോധ്യമാകും.

പ്രകൃതി പ്രതികരിക്കുന്നു
മൂന്നു വര്‍ഷം മുമ്പ്‌ കുളമാവിനു സമീപം പോത്തുമറ്റത്ത്‌ കുന്നിന്‍മുകളിലെ തേയിലത്തോട്ടത്തില്‍ ഒരു ചെക്ക്‌ ഡാം തകര്‍ന്നപ്പോള്‍ ഒലിച്ചുപോയി മണ്ണടിഞ്ഞത്‌ ഒരു കുടുംബത്തിലെ അഞ്ചുപേരായിരുന്നു. ഇടുക്കിയുടെ നെഞ്ചില്‍ മനുഷ്യന്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ താണ്‌ഡവം തുടങ്ങിയതിവിടെയാണ്‌.
മണ്ണിനടിയില്‍ നിന്ന്‌ ഉരുള്‍പൊട്ടിവന്ന ജലപ്രവാഹങ്ങളില്‍പെട്ട്‌ ജില്ലയില്‍ ഇതുവരെ നൂറുകണക്കിനാളുകളാണ്‌ മരിച്ചത്‌. പല കുടുംബങ്ങളും തുടച്ചുനീക്കപ്പെട്ടു. ഓരോ മഴക്കാലത്തും ഇടുക്കി ദുരന്തത്തിനായി കാതോര്‍ക്കുന്നുണ്ട്‌. ഇപ്പോള്‍ പ്രകൃതി ഒരുക്കുന്ന ദുരന്തത്തിനല്ല, അനാസ്ഥയുടെ കൊടുംദുരന്തത്തിനാണ്‌ ഇടുക്കി കാക്കുന്നത്‌. അതും തുടങ്ങിക്കഴിഞ്ഞു. പോത്തുപാറ ദുരന്തം മറവിയിലാകും മുമ്പ്‌ കഴിഞ്ഞ വര്‍ഷം പന്നിയാറില്‍ കണ്ടത്‌ മലമുകളില്‍ നിന്നു വരാനിരിക്കുന്ന സുനാമിയുടെ മുന്നറിയിപ്പായിരുന്നു.
പൊന്‍മുടി അണക്കെട്ടില്‍ നിന്ന്‌ തുരങ്കത്തിലൂടെ സര്‍ജുകുന്നിലെത്തുന്ന വെള്ളം വാല്‍വുഹൗസില്‍ ഒരു നിമിഷം തടുത്തു നിര്‍ത്തുകയും പിന്നെ രണ്ടു പെന്‍സ്റ്റോക്കു പൈപ്പുകളിലൂടെ താഴോട്ടൊഴുകി, അതു നാലായി, വെള്ളത്തൂവലിലെ പന്നിയാര്‍ പവര്‍ഹൗസിലെത്തി ഊര്‍ജ്ജപ്രവാഹത്തിനു നിദാനമാകുകയാണ്‌ ചെയ്യുന്നത്‌. പെന്‍സ്റ്റോക്ക്‌ പൈപ്പിലെ ചോര്‍ച്ച തടയാനാകാത്തതിനാല്‍ വാല്‍വു ഹൗസില്‍ വെള്ളം തടയാനായിരുന്നു ജീവനക്കാരുടെ ശ്രമം. പക്ഷേ കെട്ടിനിര്‍ത്തപ്പെട്ട വെള്ളത്തിന്റെ സ്വാതന്ത്രേ്യച്ഛ അവിടെ പൊട്ടിത്തെറിച്ചു. പൊലിഞ്ഞ മനുഷ്യശരീരത്തില്‍ ഒന്ന്‌ ഇപ്പോഴും മണ്ണിനടിയിലാണ്‌. വാളറയ്‌ക്കും കട്ടപ്പനക്കും പിന്നാലെ ജലതാണ്‌ഡവത്തില്‍പെട്ട ശരീരങ്ങള്‍ ആര്‍ക്കും കാണാനാകാതെ ഇപ്പോള്‍ പന്നിയാറിലും മണ്ണുമൂടപ്പെട്ടു കിടക്കുന്നു.
പന്നിയാര്‍ ഒരു റിഹേഴ്‌സലായിരുന്നു. മലമുകളില്‍ തടുത്തു നിര്‍ത്തപ്പെട്ട വെള്ളം ഒരു ദുര്‍ബലപഴുതിലൂടെ ചീറ്റിത്തെറിച്ചാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ മിനിയേച്ചര്‍. മുമ്പൊരിക്കല്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെ ചെളി കഴുകിക്കളയാന്‍ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ നേര്യമംഗലം മുതല്‍ ആലുവ വരെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി. പെരിയാറില്‍ ചെളി നിറഞ്ഞപ്പോള്‍, കുളിരുംകൊണ്ട്‌ ഒഴുകി നടക്കുന്ന പര്‍വ്വതനിരയുടെ പനിനീരിനെ എല്ലാവരും ശപിച്ചു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ എല്ലാം ശാന്തമായി.

പുതുമയല്ലാതായ ഭൂകമ്പം
1988 ജൂണ്‍ മാസത്തിലാണ്‌ ഇടുക്കി ആദ്യമായി വിറച്ചത്‌. മിനിട്ടുകളുടെ ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. പാത്രങ്ങള്‍ തെറിച്ചുവീണു. റിക്‌ടര്‍ സ്‌കെയില്‍ പറഞ്ഞതനുസരിച്ച്‌ ചലനശക്തി അഞ്ചിനടുത്തായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. അങ്ങിനെ കേരളത്തിലാദ്യമായി ഇടുക്കിക്കാര്‍ ഭൂചലനം എന്തെന്ന്‌ അനുഭവിച്ചു. പിന്നീട്‌ ചെറുചലനങ്ങളായി. എത്രയോ തവണ! ഇടുക്കിക്കാര്‍ക്ക്‌ ഭൂചലനം കാറ്റും മഴയും പോലൊന്നായി. കാറ്റും മഴയും ജീവനുകളപഹരിച്ചപ്പോള്‍ ഭൂചലനം മാത്രം ആരെയും കവര്‍ന്നില്ല. അന്നേ പലരും പറഞ്ഞു, അണക്കെട്ടുകള്‍ ഇടുക്കി ജില്ലയ്‌ക്ക്‌ ശാപമാകുകയാണെന്ന്‌. പക്ഷേ തകര്‍ക്കാനാകാത്ത വിശ്വാസമാണല്ലോ നമ്മുടെ കൈമുതല്‍. കാല്‍ച്ചുവട്ടിലെ മണ്ണ്‌ ഒഴുകിപ്പോകുമ്പോഴും പാട്ടവും പട്ടയവുമായിരുന്നു ഇടുക്കിക്കാരന്റെ പ്രശ്‌നങ്ങള്‍. പള്ളിക്കും പട്ടക്കാര്‍ക്കും ഏറ്റുപിടിക്കാനുണ്ടായിരുന്നതും അതായിരുന്നു. മനുഷ്യജീവനേക്കാള്‍ വിലയായിരുന്നു ഭൂമിക്ക്‌.
ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി. അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി. കേരളത്തിലെ രാഷ്‌ട്രീയനേതൃത്വങ്ങള്‍ തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാറിലേക്ക്‌ ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ വിദഗ്‌ദ്ധര്‍ പറഞ്ഞു, മുല്ലപ്പെരിയാര്‍ ഡാം അപകടകരമായ ഭൂഭ്രംശമേഖലയിലാണു സ്ഥിതിചെയ്യുന്നത്‌. ഒരു ചെറുചലനം കൂടിയുണ്ടായാല്‍ അതു തകരാം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്ന ജലത്തിന്റെ അളവ്‌ 16 ടി.എം.സി. ആണ്‌. ഇടുക്കി സംഭരണിയില്‍ ഇത്‌ 78 ഉം.
ഇപ്പോള്‍ ഇടുക്കി വീണ്ടും ജനശ്രദ്ധയിലെത്തിയിരിക്കുകയാണ്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ്‌ അതിനു കാരണം. കല്ലാര്‍കുട്ടിയിലെ ചെളി കഴുകിയിറക്കിയപ്പോള്‍ കൊച്ചിക്കു വെള്ളംകുടി മുട്ടിയെങ്കില്‍ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പു താഴ്‌ന്നപ്പോള്‍ കേരളം മുഴുവന്‍ ഇരുട്ടിലായി. എന്നിട്ടും ഈ നാടിനോട്‌ ആര്‍ക്കും കൂറില്ലെന്നതാണു വാസ്‌തവം.

അതിജീവനത്തിനുള്ള പോരാട്ടം
പരാജയപ്പെടുമെന്നുറപ്പുള്ള യുദ്ധത്തിന്‌
പടയാളികളെ ആവശ്യമുണ്ട്‌.
ഇതൊരു പരസ്യവാചകമായിരുന്നു. കേരളത്തിലെ കലാലയങ്ങളിലെ നോട്ടീസ്‌ ബോര്‍ഡുകളില്‍ പതിക്കാന്‍ അയച്ചുകിട്ടിയ പോസ്റ്ററുകളിലെ വാചകം. നെടുങ്കണ്ടം എം.ഇ.എസ്‌. കോളജില്‍ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകനും മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി ചെയര്‍മാനുമായ പ്രൊഫ. സി.പി.റോയി എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ്‌ ഈ പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.
2006ല്‍ ശക്തിപ്പെട്ട സമരമാണത്‌. മുല്ലപ്പെരിയാറില്‍ പുതിയ അണ പണിയണം. ഇതുപൊട്ടിയാല്‍ കുതിച്ചെത്തുന്ന വെള്ളത്തെ തടഞ്ഞു നിര്‍ത്താനുള്ള കരുത്ത്‌ ഇടുക്കി സംഭരണിക്കുണ്ടാകുമെന്ന്‌ ആരും കരുതുന്നില്ല. അങ്ങിനെ വന്നാല്‍ കേരളം എത്രകാലം ഇരുളിലാകുമെന്ന്‌ അധികമാരും ആലോചിക്കുന്നില്ല. അതുകൊണ്ടാണ്‌ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉപവാസം രണ്ടാം വാര്‍ഷികത്തോടടുക്കുമ്പോഴും ഇടുക്കി ജില്ലയുടെ പുറത്തുള്ളവര്‍ അതിന്റെ അലയടി കേട്ടില്ലെന്നു നടിക്കുന്നത്‌.
സുനാമി ദുന്തമുണ്ടായപ്പോള്‍ എല്ലാവരും വിദഗ്‌ദ്ധരെയുള്‍പ്പെടെ പഴിചാരി. എന്തുകൊണ്ടു ദുരന്തം മുന്‍കൂട്ടി കാണാനായില്ലെന്നായിരുന്നു ചോദ്യം. ആ പ്രശ്‌നം മുല്ലപ്പെരിയാറിലുണ്ടാകരുതെന്നാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. അതുകൊണ്ടാണ്‌ ജലനിരപ്പ്‌ 136 അടി എത്തുമ്പോഴേക്കും സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നൊരുക്കം തുടങ്ങുന്നത്‌. പെരിയാറിന്റെ തീരങ്ങളില്‍ ഒന്നിലധികം കണ്‍ട്രോള്‍ റൂമുകള്‍. മൈക്ക്‌ അനൗണ്‍സ്‌മെന്റിനുള്ള സന്നാഹങ്ങള്‍. സന്നദ്ധരായ ഫയര്‍ഫോഴ്‌സ്‌.
കേരളത്തിലെ 13 ജില്ലകളിലും ദുരന്തനിവാരണത്തിന്‌ അനിവാര്യമായ എമര്‍ജന്‍സി റെസ്‌ക്യു ടെണ്ടര്‍ എന്ന വാഹനം അഗ്നിശമനസേനക്കു നല്‍കിയിട്ടുണ്ട്‌. പക്ഷേ ഏറ്റവും അനിവാര്യമായ ഇടുക്കിയില്‍ മാത്രം അതില്ല. എന്നാല്‍ മുല്ലപ്പെരിയാറില്‍ വെള്ളം പൊങ്ങുമ്പോള്‍ ഇടുക്കിയില്‍ ഈ വാഹനവും പൊങ്ങും. സര്‍ക്കാര്‍ മറ്റെവിടെനിന്നെങ്കിലും പൊക്കിക്കൊണ്ടുവരുമെന്നു സാരം. പക്ഷേ നന്നായി നീന്താനറിയാവുന്ന ഒരാള്‍പോലും ഈ സേനക്കൊപ്പമുണ്ടാകാറില്ല. മാത്രമല്ല, അണപൊട്ടി വെള്ളപ്പാച്ചിലുണ്ടായാല്‍ ഈ വണ്ടി ഉള്‍പ്പെടെ സകലതും ഒലിച്ചുപോകും. എന്നിട്ടും സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത്‌ പാവം പെരിയാര്‍ തീരവാസികളെ ഓര്‍ത്തുള്ള വിഷമം കൊണ്ടാണ്‌!
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയാല്‍ ഇന്നത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ക്കു നോക്കുകുത്തിയായി നില്‍ക്കാനേ കഴിയൂ എന്നതാണു വാസ്‌തവം. അണക്കെട്ടിന്റെ സുരക്ഷാഭീഷണിയെപ്പറ്റി പഴുതുകളില്ലാതെ തമിഴ്‌നാടിനോടു പയറ്റി സുപ്രീംകോടതിയില്‍ വാദിച്ചു ജയിക്കാന്‍ സാധിക്കാത്ത കേരളത്തിന്‌ ഈ ക്രൂരമായ തമാശയെങ്കിലും ചെയ്യാതിരിക്കാനാകില്ലല്ലോ!
ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ അപകടകരമായ ജലനിരപ്പില്ല. അവിടെ പ്രശ്‌നം തമിഴ്‌നാട്‌ പുതിയ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങുന്നതാണ്‌. ഇടുക്കി വരണ്ടുണങ്ങിയതാണ്‌. അവ മാത്രമാണ്‌ കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നം. പക്ഷേ മലയാളിയുടെ സ്വഭാവത്തിന്റെ ഭാഗമായ ധൂര്‍ത്ത്‌ ഇവിടെയും വില്ലനാകുന്നത്‌ ആരും ഓര്‍ക്കുന്നില്ല. വരുന്ന ഓണത്തിനും നാം നാടാകെ വൈദ്യുത ദീപാലങ്കാരങ്ങള്‍ അണിയിച്ചൊരുക്കാനുള്ള ആലോചനയിലാണ്‌.

വൈദ്യുതി ചോരുന്നത്‌
വൈകുന്നേരങ്ങളില്‍ ഒരു ബള്‍ബെങ്കിലും അണച്ച്‌ വൈദ്യുതി ലാഭിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ട്‌ കുറച്ചുനാള്‍ മുമ്പുവരെ ചാനലുകളില്‍ സര്‍ക്കാര്‍ വക പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയത്തൊരിക്കല്‍ രാവിലെ പത്തു മണിക്ക്‌ തിരുവനന്തപുരത്തെ പുതിയ നിയമസഭാമന്ദിരത്തോടനുബന്ധിച്ചുള്ള ബാങ്ക്വിറ്റ്‌ ഹാളില്‍ ഒരു സെമിനാര്‍ നടക്കുന്നു. കഷ്‌ടിച്ച്‌ 250 പേര്‍ക്കിരിക്കാവുന്ന ഹാളാണിത്‌. ശീതീകരിച്ച പ്രസ്‌തുത ഹാളിനുള്ളില്‍ അപ്പോള്‍ കത്തി നിന്നത്‌ 300ല്‍പരം ബള്‍ബുകള്‍! കുറഞ്ഞത്‌ നാല്‍പതു വാട്‌സ്‌ ശേഷിയുള്ള ഇവ അഞ്ചു മണിക്കൂര്‍ കത്തിക്കുമ്പോള്‍ ചെലവാകുന്നത്‌ 1,800 യൂണിറ്റ്‌ വൈദ്യുതിയാണെന്നോര്‍ക്കണം. പുതിയ നിയമസഭാ മന്ദിരത്തില്‍ ശീതീകരിക്കാത്തതായി ഒരു ഭാഗം പോലുമില്ല. അപ്പോള്‍ ഒരു പകല്‍ ഇവിടെ ഒലിച്ചുപോകുന്നത്‌ എത്ര യൂണിറ്റ്‌ വൈദ്യുതിയാണെന്ന്‌ ആര്‍ക്കെങ്കിലും തിട്ടമുണ്ടോ?
കെ.ടി.ഡി.സിക്കു കീഴിലുള്ള മസ്‌കറ്റ്‌ ഹോട്ടലില്‍ നാലോ അഞ്ചോ ശീതീകരിച്ച കോണ്‍ഫറന്‍സ്‌ ഹാളുകളുണ്ട്‌. അതിലേറെ മുറികളും. തലസ്ഥാനത്തെ ഉദ്യോഗസ്ഥ പ്രമുഖരിലേറെപ്പേരും ശീതികൃതമുറികളില്‍ കഴിയുന്നവരാണ്‌. പുതിയ കേരളത്തിലുടനീളം സര്‍ക്കാരിനുകീഴിലെ ശീതീകരിച്ച മുറികള്‍ അപഹരിക്കുന്ന വൈദ്യുതി എത്ര യൂണിറ്റാണെന്നു തിരക്കിയാല്‍ അത്‌ ചിലപ്പോള്‍ സാധാരണക്കാരന്റെ ഒരു മാസത്തെ ഉപഭോഗത്തിനു തുല്യമായിരിക്കും.
1,500 മുതല്‍ 2,000 വാട്‌സ്‌ വരെ ശേഷിയുള്ള പഴയ മോഡല്‍ എയര്‍ കണ്ടീഷണറുകള്‍ അഞ്ചു മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ചെലവാകുന്നത്‌ 300 യൂണിറ്റ്‌ വൈദ്യുതിയാണെന്നാണ്‌ കണക്ക്‌. പുതിയ മോഡലുകളും കേന്ദ്രീകൃത സംവിധാനങ്ങളും നിലവില്‍ വന്നപ്പോള്‍ ഇതില്‍ കുറവുണ്ടായിരിക്കാം. പക്ഷേ എയര്‍ കണ്ടീഷണറുകള്‍ നേരിട്ടപഹരിക്കുന്നതിന്റെ എത്രയോ മടങ്ങാണ്‌ പരോക്ഷമായി നഷ്‌ടപ്പെടുത്തുന്നത്‌.
നിറയെ ജനാലകളുള്ളതും വെളിച്ചവും വായുവും യഥേഷ്‌ടം കടക്കാന്‍ സൗകര്യമുള്ളതുമായ ഒരു മുറിയില്‍ പകല്‍ സമയം ജോലിചെയ്യാന്‍ ഒരു ഫാന്‍ മാത്രം മതി. അത്യാവശ്യമെങ്കില്‍ ഒരു ട്യൂബ്‌ ലൈറ്റോ, സി.എഫ്‌.എല്‍ ലൈറ്റോ കൂടി ഉപയോഗിക്കാം. ഏഴു മണിക്കൂര്‍ നേരം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മുറിയില്‍ ചെലവാകുക 22 മുതല്‍ 25 യൂണിറ്റ്‌ വരെ വൈദ്യുതിയാണ്‌. അതേസമയം മുറി എയര്‍ കണ്ടീഷന്‍ ചെയ്‌തതാണെങ്കില്‍ പുറത്തു നിന്ന്‌ കാറ്റോ വെളിച്ചമോ കയറില്ല. ഫാന്‍ വേണ്ടെങ്കിലും ലൈറ്റ്‌ കൂടുതല്‍ വേണ്ടി വരും. എ.സിയുടേയും നാല്‌ ട്യൂബ്‌ ലൈറ്റുകളുടേയും ഏഴു മണിക്കൂര്‍ ഉപഭോഗത്തിലൂടെ ചെലവാകുന്നത്‌ 400നും 500നും ഇടയ്‌ക്ക്‌ യൂണിറ്റ്‌ വൈദ്യുതിയാണ്‌. അതായത്‌ മുറി ശീതീകരിക്കപ്പെടുമ്പോള്‍ 20 ഇരട്ടി വൈദ്യുതി ചെലവാകുമെന്നര്‍ഥം. (കണക്കുകള്‍ തിട്ടപ്പെടുത്തിയത്‌ കെ.എസ്‌.ഇ.ബിയുടെ വെബ്‌സൈറ്റിലെ പ്രത്യേക ചാര്‍ട്ട്‌ ഉപയോഗിച്ചാണ്‌). എ. സി. കൊണ്ടുള്ള ഏക ഗുണം പരിസരത്തുനിന്നുള്ള പൊടിപടലങ്ങള്‍ മുറിയില്‍ കയറില്ലെന്നതു മാത്രമാണ്‌. എലിയെ പേടിച്ച്‌ ഇല്ലം ചുടുന്നുവെന്നല്ലാതെ എന്തുപറയാന്‍!
സര്‍ക്കാരിന്റെ മാത്രമല്ല, ബാങ്കുകള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും ഇപ്പോള്‍ ശീതീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അടിസ്ഥാന വര്‍ഗത്തിന്റെ ആശാകേന്ദ്രമായ എ.കെ.ജി സെന്ററും ശീതീകൃതമാണ്‌. മരപ്പട്ടികളും വവ്വാലുകളും വിഹരിക്കുന്ന, യഥാസമയം അറ്റകുറ്റപ്പണികള്‍പോലും നടത്താത്ത മന്ത്രിമന്ദിരങ്ങളിലും എ.സിക്കു കുറവില്ല. വിശേഷാവസരങ്ങളിലുള്ള വൈദ്യുതദീപാലങ്കാരങ്ങളുടെ കാര്യത്തിലും ധൂര്‍ത്തില്‍ കുറവില്ല. എന്നിട്ടും സാധാരണക്കാരന്റെ മുഖത്തുനോക്കി ഒരു ബള്‍ബ്‌ അണയ്‌ക്കൂ, വൈദ്യുതി ലാഭിക്കൂ എന്നു പറയാന്‍ നമ്മുടെ അധികാരികള്‍ക്ക്‌ ഉളുപ്പുണ്ടായിരുന്നില്ല. പവര്‍കട്ട്‌ ഏര്‍പ്പെടുത്തിയപ്പോള്‍ ആ കൊഞ്ഞനംകുത്തല്‍ പൂര്‍ത്തിയായി.
ഇത്രയും പറഞ്ഞത്‌ പവര്‍കട്ടിന്റെ ഉത്തരവാദി ഇടുക്കി ജലസംഭരണിയും പെയ്യാതെപോയ മഴയുമാണെന്ന ആരോപണത്തെ ചോദ്യം ചെയ്യാനും ദുരന്തത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഇടുക്കി ജില്ലയെ പവര്‍കട്ട്‌ വരുമ്പോള്‍ മാത്രം ഓര്‍ക്കുന്ന രീതിയോട്‌ കലഹിക്കേണ്ടത്‌ ആവശ്യമായതിനാലുമാണ്‌. തമിഴ്‌നാട്‌ മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോയി വൈദ്യുതി ഉണ്ടാക്കുന്നതിനെ നമുക്ക്‌ തടയാനാകില്ല. നമുക്ക്‌ വെളിച്ചം നഷ്‌ടപ്പെടുന്നതിന്‌ മറ്റാരെയെങ്കിലും പഴിചാരുംമുമ്പ്‌ സ്വയം ഒന്നു ചിന്തിക്കുക. അത്തരമൊരു സംസ്‌കാര രൂപീകരണം മുകള്‍ത്തട്ടില്‍നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു.









Saturday, June 21, 2008

ബൂലോഗം പൗരുഷത്തില്‍. വരിക, അര്‍മാദിക്കുക...



പ്രിയ ബൂലോഗ വാസികളെ
കുറച്ചുകാലം മുമ്പ്‌ ഞാനൊരു പോസ്‌റ്റിട്ടിരുന്നു. മികച്ച ബ്‌ളോഗ്‌ രചനകളെ അച്ചടി മാധ്യമത്തില്‍ പരിചയപ്പെടുത്താനുള്ള താല്‍പര്യം കാണിച്ച്‌. പകര്‍പ്പവകാശനിയമം പറഞ്ഞ്‌ അന്നു ചിലരൊക്കെ കണ്ണുരുട്ടുകയും ചെയ്‌തു. അത്‌ എന്തായാലും നടന്നില്ല. പിന്നെ, ഞാന്‍ ജോലി ചെയ്‌തിരുന്ന പ്രസിദ്ധീകരണത്തില്‍ നിന്നു മാറിപ്പോള്‍ ആ ശ്രമം അപ്പാടെ ഉപേക്ഷിച്ചതാണ്‌. പക്ഷേ വിധി നോക്കണേ.....
ബ്‌ളോഗര്‍മാരെല്ലാം കൂടി ഒരിക്കല്‍ അമ്പും വില്ലുമെടുത്ത്‌ ആക്രമിച്ച കലാകൗമുദിയുടെ പുതിയ പ്രസിദ്ധീകരണമാണ്‌ പൗരുഷം. മാസം തോറും ഇറങ്ങുന്ന പൗരുഷത്തിന്റെ രണ്ടാം ലക്കം തൊട്ട്‌ ബ്ലോഗിനെപ്പറ്റി ഒരു കോളം തുടങ്ങിയിരിക്കുന്നു. കാര്‍ട്ടൂണിസ്‌റ്റ്‌ സുജിത്ത്‌ വഴിയാണ്‌ ആ ദൗത്യം എന്റെ തലയില്‍ വന്നത്‌. ഞാനത്‌ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്‌തു.
മറ്റു പല അച്ചടി മാധ്യമങ്ങളും ചെയ്‌തപോലെ ബ്‌ളോഗിനെ ഇനി പരിചയപ്പെടുത്തേണ്ട കാര്യമില്ല. ചിലരെപ്പോലെ ബൗദ്ധികക്കസര്‍ത്തുകള്‍ക്കും ഞങ്ങള്‍ തയ്യാറല്ല. പകരം നല്ല കുറേ ബ്ലോഗ്‌ വായനക്കാരെ ഉണ്ടാക്കാനാകുമോ എന്നാണു നോട്ടം. ബ്‌ളോഗര്‍മാര്‍ അല്ലാത്ത വായനക്കാരുണ്ടാകുകയും കാലാന്തരത്തില്‍ അവര്‍ ബ്‌ളോഗര്‍മാരാകുകയും ചെയ്‌താല്‍ അതു വളരെ നന്നെന്നു ഞാന്‍ കരുതുന്നു.
അര്‍മാദിക്കാന്‍ ബ്ലോഗിടം എന്ന ആദ്യ ലേഖനം ഒരു മുഖവുര മാത്രമാണ്‌. തുടര്‍ന്നുള്ള ലക്കങ്ങളില്‍ മികച്ചതെന്നു തോന്നുന്ന ബ്ലോഗര്‍മാരെ പരിചയപ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതില്‍ വര്‍ണ രാഷ്ട്രീയ പരിഗണനകള്‍ ഒന്നുമുണ്ടാകില്ല. വിശാലമനസ്‌കനും കുറുമാനും ഫാര്‍മറുമെല്ലാം ഇപ്പോള്‍തന്നെ മാധ്യമങ്ങള്‍ വഴി ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതിനാല്‍ അവരെ പരാമര്‍ശത്തിലൊതുക്കുന്നു.
മറ്റു ചിലരെ പുറത്തേക്ക്‌ ആവാഹിക്കാനാണു ശ്രമം. ഇതിന്‌ ബൂലോഗവാസികളുടെ സഹായം ആവശ്യമുണ്ട്‌. മികച്ചതെന്നു നിങ്ങള്‍ക്കു തോന്നുന്ന ബ്‌ളോഗുകളെപ്പറ്റി ഞങ്ങള്‍ക്കെഴുതുക. അത്‌ തപാല്‍ വിലാസത്തിലോ ഈ ബ്ലോഗില്‍ കമന്റായോ എന്റെ ജീമെയിലിലലോ ആകാം. കമന്റും മെയിലും നല്‍കുന്നവര്‍ ഒരു ലിങ്കു കൂടി നല്‍കിയാല്‍ ഉപകാരം. അതാതു ബ്ലോഗര്‍മാരുമായി ബന്ധപ്പെട്ടശേഷം മാത്രമേ ഇതില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുള്ളു. അനോനികള്‍ക്കു വിലക്കില്ലെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
ഞങ്ങളുടെ ഈ സംരംഭത്തിന്‌ നിങ്ങളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട്‌ അര്‍മാദകഥകള്‍ തുടങ്ങട്ടെ......

Thursday, March 13, 2008

സുസ്‌മേഷ്‌ ചന്ത്രോത്തുമായി അഭിമുഖം

സുസ്‌മേഷും പിന്നെ ഞാനും
കഥാകൃത്തും നോവലിസ്റ്റുമായ സുസ്‌മേഷ്‌ ചന്ത്രോത്തിനെ നിങ്ങള്‍ക്കറിയാമായിരിക്കും. ഇടുക്കി ജില്ലയിലെ വെള്ളത്തൂവലില്‍ ജനനം. ഇപ്പോള്‍ 30 വയസ്‌. ഇതിനോടകം 45 കഥകളും മൂന്നു നോവലുകളും രണ്ടു തിരക്കഥകളും എഴുതി. ആദ്യ നോവലായ ഡി ഡി.സി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡു നേടി. വെയില്‍ ചായുമ്പാള്‍ നദിയോരം, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം എന്നീ കഥാസമാഹാരങ്ങളും പുറത്തിറങ്ങി. പകല്‍ ആദ്യ തിരക്കഥ. ഇനി സുസ്‌മേഷിന്റെ വഴികളിലൂടെ?. (കലാകൗമുദി പ്രസിദ്ധീകരിച്ചത്‌)

തൊണ്ണൂറുകളുടെ ആരംഭത്തില്‍ സുസ്‌മേഷിന്റെ തുടക്കം മിനി മാസികകളിലാണ്‌. ആദ്യം എഴുതിത്തുടങ്ങി, ആവേശം കയറി നടത്തിപ്പായി. അവിടെനിന്ന്‌ പ്രസിദ്ധീകരണങ്ങളിലെ മുഖ്യധാരയിലേക്കുള്ള വരവ്‌ എങ്ങിനെയായിരുന്നു?

ജനപ്രിയവാരികകള്‍ മാത്രം വായിക്കാന്‍ കിട്ടിയിരുന്ന കാലത്ത്‌ ഇടുക്കിയിലെ ഹൈറേഞ്ചില്‍ കഴിഞ്ഞിരുന്ന ഞാന്‍ എങ്ങിനെ മിനി മാസികകളുമായി പരിചയപ്പെട്ടുവെന്നത്‌ ഒരത്ഭുതമാണ്‌. ഞാനാദ്യമായി കാണുന്ന ലിറ്റില്‍ മാഗസിന്‍ മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ഇന്ന്‌ മാസികയാണ്‌. ഒരയല്‍വാസിയുടെ വീട്ടിലാണു ഞാനതു കണ്ടത്‌. അതൊക്കെ നമുക്കുവേണ്ടി എങ്ങിനെയോ ഒരുക്കപ്പെട്ട സാഹചര്യങ്ങളാണ്‌. ഞാന്‍ കഥയെഴുതിത്തുടങ്ങുന്ന കാലത്ത്‌ അവ പ്രസിദ്ധീകരിക്കാന്‍ ഇന്നത്തെയത്ര മാധ്യമങ്ങളുണ്ടായിരുന്നില്ല. എന്റെ പതിനെട്ടാമത്തെ വയസുവരെ ഞങ്ങളുടെ നാട്ടില്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ടെലിവിഷന്‍ പോലും എത്തിയിരുന്നില്ല.അന്നുണ്ടായിരുന്ന പ്രധാന വാര്‍ത്താവിനിമയ മാര്‍ഗം തപാലാണ്‌. കത്തുകള്‍ നമ്മുടെ വിലാസത്തിലെത്താനുള്ള ആഗ്രഹത്തില്‍ നിന്നാണ്‌ ലിറ്റില്‍ മാഗസിനുകളുമായുള്ള ബന്ധം തുടങ്ങുന്നത്‌.ഇടുക്കിയുടെ സാംസ്‌കാരികപശ്ചാത്തലവും എന്നെ രൂപപ്പെടുത്തിയതില്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. കെ.പി.എ.സിയുടെയും കാളിദാസ കലാകേന്ദ്രത്തിന്റെയുമൊക്കെ നാടകങ്ങള്‍ വെള്ളത്തൂവലില്‍ ഓരോ വര്‍ഷവും അവതരിപ്പിക്കപ്പെട്ടിരുന്നു. രാഷ്‌ട്രീയവും സാംസ്‌കാരികവുമായ മുന്നേറ്റം അക്കാലത്തുണ്ടായി. ഒരു ഫിലിം സൊസൈറ്റിയും സജീവമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഒഡേസ പ്രദര്‍ശിപ്പിച്ച അമ്മ അറിയാന്‍ എനിക്കു കാണാന്‍പറ്റി. പിന്നെ സമാന്തര മാസികകള്‍. അടിമാലിയില്‍ നിന്നിറങ്ങിയിരുന്ന വായന, പള്ളിവാസലില്‍ നിന്നുള്ള സമഗീതം, ദേശഗീതം, കട്ടപ്പനയില്‍ നിന്നിറങ്ങിയിരുന്ന സദസ്‌.... സമഗീതത്തിന്റെ പത്രാധിപസ്ഥാനത്ത്‌ ഞാനുണ്ടായിരുന്നു. പിന്നെ അജിത്‌ ജനാര്‍ദ്ദനന്റെ ഫെമിനിസ്റ്റിലെത്തി... പിന്നെ ഇടുക്കിയില്‍ നിന്നു പോന്നശേഷം തൃശൂര്‍ കറന്റ്‌ ബുക്‌സില്‍ പ്രൂഫ്‌ റീഡറായും ന്യൂസ്‌ ലെറ്ററിന്റെ സഹപത്രാധിപരായുമൊക്കെ പ്രവര്‍ത്തിച്ചു. അക്കാലത്ത്‌ നിരവധി സമാന്തരപ്രസിദ്ധീകരണങ്ങളില്‍ കഥ പ്രസിദ്ധീകരിച്ചിരുന്നു.ഒരു മാഗസിന്‍ എഡിറ്റുചെയ്യുകയെന്ന ആഗ്രഹം പണ്ടേയുണ്ട്‌. അങ്ങിനെയാണ്‌ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ അയല്‍പക്കത്തെ കൂട്ടുകാരെയും മറ്റും കൂട്ടി ഭാവന എന്ന കയ്യെഴുത്തു മാസിക തുടങ്ങിയത്‌. അമ്മാവന്‍മാരുടെ ശേഖരത്തില്‍ നിന്നു ലഭിച്ച പൂര്‍ണിമ എന്ന പഴയ ഒരു കയ്യെഴുത്തു മാസികയായിരുന്നു പ്രചോദനം.


സുസ്‌മേഷിന്റെ സുഹൃത്‌ വലയം എങ്ങനെയാണ്‌. അവരുടെ സ്വാധീനം?ഓര്‌#ംത്തുനോക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമാണ്‌. അഞ്ചോ ആറോ ആത്മാര്‍ഥസുഹൃത്തുക്കളേ എനിക്കുള്ളു. ബാക്കിയൊക്കെ പരിചയക്കാരാണ്‌. അങ്ങനെ ധാരാളം പേരുണ്ട്‌. നമ്മളെ വായിക്കുകയും അഭിപ്രായം പറയുകയും സഹായിക്കുകയും ചെയ്യുന്നവര്‍. അവരില്‍ ഏറെ പേരോടും പലരീതിയില്‍ കടപ്പാടുമുണ്ട്‌. യാത്രകളില്‍ നിന്നാണ്‌ അതൊക്കെയുണ്ടായത്‌.


ഈ യാത്രയും അലച്ചിലും എങ്ങിനെ എഴുത്തിലും ജീവിതത്തിലും ഗുണകരമായെന്നു ചിന്തിച്ചിട്ടുണ്ടോ?

യാത്രയോട്‌ എനിക്കു ഭയങ്കര ഭ്രമമാണ്‌. ഹൈറേഞ്ചില്‍ വളരുന്നവരുടെ ഒരു വലിയ ശാപമുണ്ട്‌. അവര്‍ക്ക്‌ പലപ്പോഴും അവിടെനിന്നു പുറത്തുകടക്കാന്‍ കഴിയാറില്ല. അവിടേക്കു കുടിയേറിയെത്തിയവര്‍ കൃഷിയും ജീവിതവുമായി അവിടെത്തന്നെ ഒതുങ്ങിക്കൂടുന്നു. അവരുടെ പ്രതിഭകള്‍ അവിടെത്തന്നെ അസ്‌തമിക്കുകയാണ്‌. വെളിയില്‍ ചാടിയവരാണ്‌ രക്ഷപെട്ടിട്ടുള്ളത്‌. ഹൈറേഞ്ചിലെവിടെങ്കിലും അരയേക്കര്‍ സ്ഥലത്തു കൃഷിയും പ്രാരാബ്‌ധങ്ങളുമായി കഴിയേണ്ടിയിരുന്നവനാണു ഞാന്‍. അങ്ങിനെ സംഭവിക്കാതെ വന്നതിനു കാരണം എന്റെ യാത്രകളാണ്‌. അങ്ങിനെ കാണാന്‍ കഴിഞ്ഞ പുതിയ ഭൂവിഭാഗങ്ങളും ആളുകളും എനിക്ക്‌ അസംസ്‌കൃതവസ്‌തുക്കളായി. എഴുത്തിനേക്കാളുപരി ജീവിതത്തിലാണ്‌ അതെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുള്ളത്‌.


സുസ്‌മേഷിന്റെ പല കഥകളിലും യഥാര്‍ഥ സ്ഥലങ്ങള്‍ അതേപടി വരുന്നുണ്ട്‌. കഥയുടെ ക്രാഫ്‌റ്റിലുപരിയായി ഒരു ഭൂമിക. ചെമ്മണ്ണാര്‍- നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രി യാത്ര, ഡി.എന്‍.എ. ബൂസ്റ്റ്‌ അവസാനം ഒടുവിലത്തെ തച്ച്‌ വരെ പല കഥയുടെയും സ്ഥലം വ്യക്തമാണ്‌.

പരിചയമില്ലാത്ത ഒരു സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ ഞാന്‍ ആ നാടിനെപ്പറ്റി അറിയാന്‍ ശ്രമിക്കും. ചുറ്റുവട്ടവും ആളുകളുമൊക്കെ നിരീക്ഷണത്തില്‍ വരും. അതില്‍ കുറച്ചു ഭാവനകൂടി ചേരുമ്പോല്‍ കഥയുണ്ടാകും. സത്യത്തില്‍ ഓരോ ദേശത്തും അനേകം കഥകളുണ്ട്‌. അവ കണ്ടെത്തുകയേ വേണ്ടൂ. കേരളം വിട്ട്‌ കുറേക്കൂടി വിശാലമായി യാത്രചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും നല്ല കഥകള്‍ എഴുതാന്‍ കഴിയുമായിരുന്നു.


എന്നാല്‍ ആദ്യാകാല കഥകള്‍തൊട്ടിങ്ങോട്ടു നോക്കിയാല്‍ പല കഥകളിലും കൊച്ചി വരുന്നുണ്ട്‌. കൊച്ചിയുമായുള്ള ഈ അടുപ്പത്തിന്റെ കാരണം?

പതിനാറാമത്തെ വയസിലാണ്‌ ഞാന്‍ ആദ്യമായി ഹൈറേഞ്ചില്‍ നിന്ന്‌ എറണാകുളത്തു വരുന്നത്‌. കടലും കായലും റെയില്‍വേസ്റ്റേഷനും തുറമുഖവും വിമാനത്താവളവുമൊക്കെയുള്ള ഒരു അത്ഭുതനഗരമായിരുന്നു എനിക്കു കൊച്ചി. ഒപ്പം നിറയെ ഗ്രാമങ്ങളുമുണ്ട്‌. എനിക്കു മഹാനഗരങ്ങളെ ഇഷ്‌ടമാണ്‌. ഒരു നഗരമെന്നാലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ കൊച്ചിയാണാദ്യം വരിക. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഞാനിവിടെ സ്ഥിരതാമസക്കാരനാണ്‌. അതിന്റെ സ്വാധീനവുമുണ്ട്‌.


നോവലുകളില്‍ വരുമ്പോള്‍ നഗരവും ഗ്രാമവും ഒരേപോലെ പശ്ചാത്തലമാകുന്നു. ഡിയുടെ മാതൃക കൊച്ചിയാണോ?

ഡി ഒരു സങ്കല്‍പ നഗരമാണെങ്കിലും ഇന്നു കേരളത്തിലുള്ള മിക്ക നഗരങ്ങളുടേയും സ്വഭാവം അതിനുണ്ട്‌. പക്ഷേ തൂവാനം അതല്ല. അത്‌ എന്റെ ഗ്രാമമായ വെള്ളത്തൂവലാണ്‌. സര്‍ജുകുന്നും കഴിഞ്ഞവര്‍ഷം ദുരന്തമുണ്ടാക്കിയ പെന്‍സ്റ്റോക്ക്‌ പൈപ്പുകളും പവര്‍ഹൗസുമെല്ലാം അതില്‍ വരുന്നുണ്ട്‌. രണ്ടാമത്തെ നോവലായ ഒമ്പതിലെ കഥാപാത്രങ്ങള്‍ മിക്കവരും ഇന്നു വെള്ളത്തൂവലില്‍ ജീവിച്ചിരിക്കുന്നവരാണ്‌. എന്റെ ചെറുപ്പം മുതല്‍ ഞാന്‍ കണ്ട വെള്ളത്തൂവലിലെ വിപ്‌ളവകാരികളാണ്‌ ആ നോവലിലുള്ളത്‌. തൂവാനം ഫിലിപ്പ്‌ എന്ന നക്‌സല്‍നേതാവിന്റെ ഏകദേശരൂപം വെള്ളത്തൂവല്‍ സ്റ്റീഫനാണ്‌. കള്ളന്‍ ഇച്ചിരയും നന്ദിയാട്ട്‌ മാര്‍ക്കോസും കുഞ്ഞിക്കണ്ണനും സുപ്രിയയും എല്ലാം ഇന്നും ജീവിച്ചിരിപ്പുണ്ട്‌. നോവല്‍ പ്രസിദ്ധീകരിച്ചുവന്ന സമയത്ത്‌ ഇവരില്‍ പലരും എന്നെ വിളിച്ചിരുന്നു. കഥയിലെ തങ്ങളെ തിരിച്ചറിഞ്ഞ അവര്‍ നോവലില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍പോലും നിര്‍ദ്ദേശിച്ചിരുന്നു. ഡിയില്‍ പക്ഷേ അത്രത്തോളം റോല്‍ മോഡലുകള്‍ വന്നിട്ടില്ല.


ഒമ്പതില്‍ ഉള്‍പ്പെടെ അനാവശ്യമായ ലൈംഗികത സൃഷ്‌ടിക്കുന്നതായി ആരോപണമുണ്ടല്ലോ?

ഒമ്പത്‌ സദാചാരത്തിനു നിരക്കുന്നതല്ലെന്നു പറഞ്ഞ്‌ അധ്യാപികയായ എന്റെ വലിയമ്മായി പോലും അത്‌ ബഹിഷ്‌കരിക്കുകയുണ്ടായി. കുടുംബബന്ധങ്ങള്‍ തകര്‍ക്കുമെന്നും അശ്ലീലത്തിന്റെ പരമകാഷ്‌ഠയാണെന്നും ആരോപണമുയര്‍ന്നു. ആണും പെണ്ണും അടുത്തടുത്തിരിക്കാന്‍പോലും മടിക്കുന്ന സമൂഹത്തില്‍ നിന്ന്‌ ഇങ്ങിനെയൊരു പ്രതികരണമുണ്ടായതില്‍ അത്ഭുതമില്ല. രതി നമുക്ക്‌ പാപമാണ്‌. നമ്മുടേത്‌ അടിച്ചമര്‍ത്തപ്പെട്ട വികാരമാണ്‌. ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ഒളിച്ചുവയ്‌ക്കേണ്ടതാണു രതിയെന്നു നാം കരുതുന്നു. മലയാളി വൃത്തികെട്ടവനായതിന്റെ കാരണം ഇതാണ്‌. അങ്ങിനെയുള്ളവര്‍ക്കേ അവയില്‍ അശ്‌ളീലം കാണാന്‍ കഴിയൂ.ദീപിക വാര്‍ഷികപ്പതിപ്പില്‍ വന്ന പഴി എന്ന കഥ ഏറെ പഴികേട്ട ഒന്നാണ്‌. മതമേലധ്യക്ഷന്‍മാര്‍ക്ക്‌ അതത്ര സുഖിച്ചില്ല. അതു പ്രസിദ്ധീകരണത്തിനെടുത്ത പത്രാധിപര്‍ക്ക്‌ തൊഴില്‍ഭീഷണി വരെയുണ്ടായി. ചില യാഥാസ്ഥിതിക വായനക്കാര്‍ തെറി എഴുതി അയക്കുക വരെ ചെയ്‌തു. വായനയില്‍ ലൈംഗികസുഖം കിട്ടുന്നതിനുവേണ്ടി ഞാന്‍ ലൈംഗികത എഴുതി നിറക്കാറില്ല. അതിനു വേറേ പുസ്‌തകങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടുമല്ലോ.

കഥകള്‍ക്കും നോവലുകള്‍ക്കും പേരിടുമ്പോള്‍ വ്യത്യസ്‌ത പുലര്‍ത്താന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതാണോ?

അതെ. കടലുപോലെ പ്രസിദ്ധീകരണങ്ങളുണ്ടെങ്കിലും വായനക്കാര്‍ ആനുപാതികമായി കുറവാണ്‌. അവന്‌ വായിക്കാനുള്ളത്‌ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്‌. അവരെ ആകര്‍ഷിക്കാനുള്ള ബിസിനസ്‌ തന്ത്രമാണ്‌ പേരുകളിലെ വ്യത്യസ്‌തത. എന്നാല്‍ കൃതി നിലനില്‍ക്കാന്‍ അതുമാത്രം പോരെന്നും എനിക്കറിയാം.


ഗാന്ധിമാര്‍ഗത്തില്‍ മഹാത്മാഗാന്ധിയും ഒടുവിലത്തെ തച്ചില്‍ വര്‍ത്തമാനകാലത്തു പ്രത്യക്ഷനാകുന്ന പെരുന്തച്ചനും കഥാപാത്രങ്ങളാകുമ്പോള്‍ വയസ്‌ 50ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച കേരളവും ഈച്ചരവാരായരും വെള്ളായിയപ്പനുമെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്‌. മനപ്പൂര്‍വ്വമായിരുന്നോ ഇത്‌?

ഗാന്ധിയെ ഏറെ വായിച്ചിരുന്ന കാലത്തെ കഥയാണ്‌ ഗാന്ധിമാര്‍ഗം. ഒടുവിലത്തെ തച്ച്‌ പന്നിയൂരുപോയ ഒരനുഭവത്തില്‍ നിന്നുണ്ടായതാണ്‌. ഇതൊക്കെ വ്യത്യസ്‌തത തേടുമ്പോള്‍ സംഭവിക്കുന്നതാണ്‌. ആ അര്‍ഥത്തില്‍ മനപ്പൂര്‍വ്വം. എന്റെ ഓരോ കഥയും പ്രമേയത്തിലും അവതരണത്തിലും ഭാഷയിലും ഒന്നിനൊന്നു വേറിട്ടതാകാന്‍ ഞാനാഗ്രഹിക്കുന്നു. അതൊരു വെല്ലുവിളിയാണ്‌, എന്നോടുതന്നെ.


സുസ്‌മേഷിന്റെ കഥകളില്‍ സ്ഥലസാന്നിധ്യം പോലെ കാണുന്ന ഒന്നാണ്‌ ചരിത്രം. മറൈന്‍ കാന്റീന്‍ ഉള്‍പ്പെടെ പല കൃതികളുടേയും ആഖ്യാനത്തില്‍ ചരിത്രത്തിന്റെ വിരസതയുണ്ടാകുന്നില്ലേ?

ചരിത്രം എന്നെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്‌. ഒരു സ്ഥലത്തെത്തിയാല്‍ ഞാനവിടം മനസ്സിലാക്കാനാണു ശ്രമിക്കുന്നതെന്നു പറഞ്ഞിരുന്നല്ലോ. ആഖ്യാനത്തില്‍ പ്രാദേശികചരിത്രം വരുന്നത്‌ അത്തരം സ്വാധീനങ്ങളുടെ ഫലമാണ്‌.വളരെ യാദൃശ്ചികമായി എഴുതിത്തുടങ്ങിയ നോവെല്ലയാണു മറൈന്‍ കാന്റീന്‍. എഴുതിക്കഴിഞ്ഞപ്പോള്‍ അതെന്നെത്തന്നെ വിസ്‌മയിപ്പിച്ചു. കന്യാസ്‌ത്രീയുടേയും വേശ്യാസ്‌ത്രീയുടേയും മരണ സമയമാണ്‌ അതിന്റെ ഇതിവൃത്തം. ചില ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാറ്റേണ്‍ മനസ്സിലിട്ട്‌ എഴുതിയ നോവെല്ലയാണത്‌. ഒന്നുരണ്ടു മുഖ്യധാരാസിനിമക്കാര്‍ അത്‌ സിനിമയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.


ഇടയ്‌ക്ക്‌ സിനിമയിലേക്കും കടന്നിരുന്നല്ലോ?

സിനിമ പണ്ടുതൊട്ടുള്ള ഒരു സ്വപ്‌നമാണ്‌. പകല്‍ ആണ്‌ ആദ്യ തിരക്കഥ. ഓടിയില്ല. കാര്‍ഷികപ്രതിസന്ധിയായിരുന്നു ഇതിവൃത്തം. ഉദ്ദേശ്യശുദ്ധിയോടെ എഴുതിയതാണ്‌. നല്ലൊരു സമീപനമായിരുന്നെന്നു പലരും പറഞ്ഞു. പക്ഷേ മാര്‍ക്കറ്റിങ്ങില്‍ വന്ന അപാകതകള്‍ സിനിമയെ ബാധിച്ചു. ഞാനെഴുതിയ കഥയായ ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം പകലിന്റെ സംവിധായകന്‍ നിഷാദ്‌ തന്നെ സിനിമയാക്കിയതാണു രണ്ടാമത്തേത്‌. അതിന്‌ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സിന്റെ അവാര്‍ഡു കിട്ടിയിരുന്നു.


കഥ, തിരക്കഥ. ഒപ്പം റേഡിയോ നാടകവും സിനിമയോടുള്ള അടുപ്പമാണോ നാടകത്തിലെത്തിച്ചത്‌?

ദേവികുളം ആകാശവാണി എഴുത്തുകാരനെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയതില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. നിലയം തുടങ്ങിയ കാലം മുതല്‍ അവിടെ കഥകളവതരിപ്പിച്ചിരുന്നു. അന്നു കിട്ടുന്ന പ്രതിഫലം വളരെ പ്രധാനമായിരുന്നു. അങ്ങിനെ ദേവികുളം നിലയത്തിനായാണ്‌ ഞാനാദ്യം നാടകമെഴുതിയത്‌. അത്‌ പിന്നീട്‌ കേരളത്തിലെ എല്ലാ നിലയങ്ങളും സംപ്രേഷണം ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തെ റേഡിയോ നാടകോല്‍സവത്തിന്‌ നാടകമെഴുതിക്കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ അടിമവംശം എഴുതിയിത്‌. അതും ചരിത്രമായിരുന്നു. സുല്‍ത്താന റസിയയുടെ കഥ. ഞാന്‍ റേഡിയോ നാടകരചനയില്‍ ഒരു പരാജയമാണെന്ന്‌ അതോടെ മനസ്സിലായി. അടിമവംശം ഞാന്‍ കഥയായി മാറ്റിയെഴുതിയിട്ടുണ്ട്‌.എഴുത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യം പറഞ്ഞല്ലോ.


എഴുത്ത്‌ വരുമാനമാര്‍ഗ്ഗമാകുമ്പോള്‍ നിലവാരത്തകര്‍ച്ചക്ക്‌ അതു വഴിതെളിക്കില്ലേ?ഒരിക്കലുമില്ല. പണ്ടൊക്കെ എഴുത്തുകാരായവരില്‍ മിക്കവരും ഒന്നുകില്‍ പത്രപ്രവര്‍ത്തകരായിരുന്നു, അല്ലെങ്കില്‍ അധ്യാപകര്‍. ചുരുക്കം ചിലര്‍ ഗുമസ്‌തന്‍മാരുമായി. അന്നതു മതി. ഇന്നാകട്ടെ ഏല്ലാ മേഖലയിലും എഴുത്തുകാരുണ്ട്‌. ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും മുതല്‍ മീന്‍കച്ചവടക്കാര്‍ വരെ. സാഹിത്യംകൊണ്ടുമാത്രം ജീവിക്കാമെന്നുകരുതുന്നവര്‍ വളരെ കുറവാണ്‌. മാത്രമല്ല സര്‍ഗ്ഗാത്മകതയുടെ വരവും പോക്കും എങ്ങിനെയാണെന്നും എപ്പോഴാണെന്നും പറയാനാകില്ലല്ലോ. പല എഴുത്തുകാരും സിനിമ, ടെലിവിഷന്‍ മേഖലകളിലേക്ക്‌ ഒഴുകിപ്പോകുന്നതിന്റെ കാരണമതാണ്‌. ചിലരാകട്ടെ ജോലിയുടെയും കുടുംബത്തിന്റേയും പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ സാഹിത്യത്തില്‍ മാത്രം ഒതുങ്ങുന്നു. അവര്‍ക്കു ജീവിക്കാന്‍ ജോലിയുണ്ട്‌. ഞാന്‍ സിനിമകളും ടെലിവിഷന്‍ പരിപാടികളും എഴുതുന്നത്‌ മറ്റു തൊഴിലുകള്‍ ചെയ്യാനുള്ള താല്‍പര്യമില്ലായ്‌മമൂലമാണ്‌.


പുതിയ എഴുത്തുകാരില്‍ പലരും അകാലത്ത്‌ അനുഭവങ്ങളെഴുതിത്തുടങ്ങിയിട്ടുണ്ടല്ലോ?ഞാനവയെ നിര്‍വീര്യമായ ബോംബുകളെന്നേ പറയു. അതില്‍ പലതും വ്യാജമാണെന്നതാണു സത്യം. അനുഭവക്കുറിപ്പുകള്‍ക്കു മാര്‍ക്കറ്റുണ്ടായപ്പോള്‍ അനുഭവങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണു പലരും. ഈ അനുഭവങ്ങള്‍ എന്തുകൊണ്ടാണ്‌ കഥയോ കവിതയോ ആകാത്തതെന്നു ചിന്തിക്കണം.പുതിയ എഴുത്തുകാര്‍ക്കു വലിയ ക്യാന്‍വാസിനെ പേടിയാണ്‌. അവര്‍ക്കതിനു സമയവുമില്ല. എന്തുകൊണ്ടാണ്‌ പുതിയവരില്‍ നിന്ന്‌ നോവലുണ്ടാകാത്തത്‌. ഇ. സന്തോഷ്‌കുമാറും കെ.ആര്‍. മീരയും ഇന്ദുഗോപനും അല്ലാതെ നോവല്‍ രചനയില്‍ സജീവമായി നില്‍ക്കുന്ന എത്ര പുതുതലമുറ എഴുത്തുകാരുണ്ട്‌? സുഭാഷ്‌ ചന്ദ്രനും സിത്താരയും ശിഹാബുദ്ദീനും സന്തോഷ്‌ എച്ചിക്കാനവും ആര്‍. ഉണ്ണിയുമെല്ലാം നോവല്‍ എഴുതാന്‍ കഴിവുള്ളവരാണ്‌. കഥ നല്‍കിയ സല്‍പേര്‌ നോവല്‍ കളയുമോ എന്ന പേടിയാണു പലര്‍ക്കും. നോവല്‍ സാഹിത്യത്തിന്‌ മലയാളത്തിലിപ്പോള്‍ കഷ്‌ടകാലമാണ്‌! പോയ തലമുറ തന്നെയാണ്‌ നോവലില്‍ സജീവം. ഇനിയും വലിയ നോവലെഴുതണമെന്നതാണ്‌ എന്റെ ആഗ്രഹം.


നിങ്ങള്‍ പുതുതലമുറ എഴുത്തുകാര്‍ തമ്മിലുള്ള ബന്ധമെങ്ങിനെ?

നല്ല ബന്ധമുണ്ട്‌. പുതിയ തലമുറയിലെ എഴുത്തുകാരില്‍ മിക്കവരുമായും സൗഹൃദമുണ്ട്‌. സന്തോഷ്‌ എച്ചിക്കാനം, സുഭാഷ്‌ ചന്ദ്രന്‍, മധുപാല്‍, ഇ. സന്തോഷ്‌കുമാര്‍, വിനു ജോസഫ്‌, കെ.വി. അനൂപ്‌...ഒരു കഥ വന്നാല്‍ വായിച്ചശേഷം വിളിച്ച്‌ അഭിപ്രായം പറയുന്നവരാണ്‌ ഏറെയും. നല്ലതാണെങ്കില്‍ നല്ലതെന്ന്‌. ചീത്തയാണെങ്കില്‍ അതും വെട്ടിത്തുറന്നുപറയും. കേവലം സ്‌തുതിപാഠകരല്ല പുതുതലമുറയിലെ എഴുത്തുകാര്‍. അച്ചടിക്കുന്നതിനു മുമ്പ്‌ വായിക്കാന്‍ കൊടുക്കുന്ന പതിവും എനിക്കുണ്ട്‌. ഇതു കഥാകാരന്‍മാരോടു മാത്രമല്ല. എസ്‌.ജോസഫ്‌, സെബാസ്റ്റ്യന്‍, വി.എം.ഗിരിജ, പി.രാമന്‍ തുടങ്ങിയ കവികളുമായും നല്ല അടുപ്പമുണ്ട്‌. കഥയേക്കാളേറെ ഞാന്‍ വായിക്കുന്നതും കവിതകളായിരിക്കാം. പക്ഷേ ഇന്നെഴുതപ്പെടുന്ന കവിതകളിലേറെയും ഒറ്റ വായനക്കുശേഷം മറന്നുകളയാവുന്നതാണ്‌.


പഴയ തലമുറയോ?

അവരുമായി കാര്യമായ ബന്ധമൊന്നുമില്ല. അവരൊക്കെ സീനിയേഴ്‌സല്ലേ? പ്രത്യേക ചട്ടക്കൂട്ടില്‍ കഴിയുന്നവരാണവര്‍. പഴയ തലമുറക്കാരെ തേടിപ്പിടിച്ചു കൂട്ടുകൂടാനോ അവരെക്കൊണ്ട്‌ പൊക്കിപ്പറയിക്കാനോ ഒന്നും ഞാനില്ല. നിങ്ങളെ പലരേയും രൂപപ്പെടുത്തിയത്‌ പഴയ തലമുറയിലെ കൃതികളാണ്‌.


നാലുകെട്ട്‌ അമ്പതാം വര്‍ഷം ആഘോഷിക്കുകയാണിപ്പോള്‍. അങ്ങനെയൊരു കൃതി സുസ്‌മേഷില്‍ നിന്നുണ്ടാകുമെന്നു കരുതുന്നുണ്ടോ?

അതു ശരിയാണ്‌. പുതിയ തലമുറയില്‍പെട്ടവരാരും തങ്ങളുടെ കൃതിയുടെ അമ്പതാം വര്‍ഷം ആഘോഷിക്കുമെന്നു തോന്നുന്നില്ല. എം.ടിയുടെ നാലുകെട്ടിനൊപ്പം കോവിലന്റെ എ മൈനസ്‌ ബിയും ഉറൂബിന്റെ സുന്ദരികളും സുന്ദരന്‍മാരും എല്ലാം എഴുതപ്പെട്ടതിന്റെ അമ്പതാം വര്‍ഷമാണിത്‌. എന്റെ വായനയില്‍ നാലുകെട്ടിനേക്കാള്‍ സ്വാധീനമുണ്ടാക്കിയത്‌ സുന്ദരികളും സുന്ദരന്‍മാരുമാണ്‌. കോവിലനുവേണ്ടി എസ്‌.എം.എസ്‌ അയക്കാന്‍ ഇവിടെയാരുമില്ല. മലയാളം അവഗണിച്ച എഴുത്തുകാരനാണു കോവിലന്‍. പക്ഷേ നാലുകെട്ടിനു മലയാളസാഹിത്യത്തിലുള്ള നിര്‍ണായകസ്വാധീനം അവഗണിക്കാനാവില്ല. അന്നത്തെ സാമൂഹ്യചരിത്രം അതില്‍ വ്യക്തമാണ്‌. ഒപ്പം കുടുംബബന്ധങ്ങളും. സുന്ദരികളും സുന്ദരന്‍മാരും ഒരു ദേശത്തിന്റെ കഥയുമെല്ലാം ഇനിയുള്ള വര്‍ഷങ്ങളില്‍ ആഘോഷിക്കപ്പെടുമെന്നു കരുതാം. ആരും ആഘോഷിച്ചില്ലെങ്കിലും വായനക്കാരിലൂടെയും പുതിയ പതിപ്പുകളിലൂടെയും അവ മറ്റൊരുതരത്തില്‍ ആഘോഷിക്കപ്പെടുക്കൊണ്ടിരിക്കും.ഒരു കൃതിയുടെ അമ്പതാം വര്‍ഷം ഓര്‍മിക്കപ്പെടുന്നതും ഇന്നും വായനക്കാരുള്ള കൃതിയായതിനാല്‍ അതാഘോഷിക്കപ്പെടുന്നതും മനസ്സിലാക്കാം. പക്ഷേ ചില എഴുത്തുകാര്‍ മുന്‍വര്‍ഷങ്ങളില്‍ എഴുത്തുജീവിതത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുകയുണ്ടായി. ദാമ്പത്യത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുന്നതുപോലെയാണത്‌. എഴുത്തുകാരനല്ല കൃതികളാണു ജീവിക്കുന്നത്‌. ബഷീര്‍ ഇന്നും ജീവിക്കുന്നത്‌ അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ്‌.


പുസ്‌തകപ്രസാധനത്തിന്റെ രീതിതന്നെ ഇപ്പോള്‍ മാറുകയാണല്ലോ. തിരക്കഥ ഒരു സാഹിത്യരൂപമായി കടന്നുവന്നുകഴിഞ്ഞു.

നിലനില്‍പ്‌ പ്രസാധകന്റെ പ്രശ്‌നമാണ്‌. പുതിയ വായനാഭിരുചി ഉണ്ടാക്കേണ്ടതും അവരുടെ ആവശ്യമാണ്‌. തിരക്കഥ അത്തരത്തില്‍ സൃഷ്‌ടിക്കപ്പെട്ട ഒന്നാണ്‌. സാഹിത്യത്തെ കൊണ്ടുനടക്കുന്നവരുടെ എണ്ണം ചെറുപ്പക്കാരില്‍ കുറയുന്നു. അവരിലേറെയും 30-35 വയസിനു മുകളില്‍ പ്രായമുള്ളവരാണ്‌. അതിനു താഴെയുള്ളവരാണ്‌ പുത്തന്‍പ്രവണതാ പുസ്‌തകങ്ങളുടെ വായനക്കാരെന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. പിന്നെ ദൃശ്യമാധ്യമങ്ങളുടെ പ്രളയം ആ മാധ്യമത്തിലെ അവസരങ്ങള്‍ കൂട്ടിയിട്ടുണ്ട്‌. തിരക്കഥ സിലബസില്‍ ഉള്‍പ്പെടുത്തിയതും കാരണമാകാം.


സുസ്‌മേഷിന്റെ കഥകളില്‍ ആവര്‍ത്തിക്കുന്ന ഒരു സ്‌ത്രീ സാന്നിധ്യമുണ്ട്‌. മീര. അതാകട്ടെ മിക്കപ്പോഴും നമ്പൂതിരിയായിരിക്കും. അതില്‍തന്നെ ഡോക്‌ടറാണധികം. ഈ ആവര്‍ത്തനം മനപ്പൂര്‍വ്വമാണോ?

എന്‍. എസ്‌. മാധവനു രാഘവനും വിക്‌ടര്‍ ലീനസിനു ലീലയും പോലെയാണ്‌ എനിക്കു മീര എന്നു കരുതിയാല്‍ മതി. എങ്കിലും ചോദിച്ചതുകൊണ്ടു പറയാം. എന്റെ ജീവിതത്തില്‍ പലരീതിയിലും കടന്നുവന്ന ഒരു വ്യക്തിയാണു മീര. ആ ബന്ധവും അതിന്റെ സ്വാധീനവുമാകാം ഈ ആവര്‍ത്തനത്തിലുണ്ടാകുന്നത്‌. എല്ലാക്കഥകളിലുമതില്ലെന്നോര്‍ക്കണം. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരേ പേരാകുന്നതാണു നല്ലത്‌.


സുസ്‌മേഷിന്റെ രണ്ട്‌ അമ്മാവന്‍മാര്‍ പല രീതിയില്‍ പ്രശസ്‌തരാണ്‌. സാരംഗ്‌ ഗോപാലകൃഷ്‌ണന്‍. പിന്നെ പൊലീസിലെ കാര്‍ട്ടൂണിസ്റ്റായ രേഖ വെള്ളത്തൂവല്‍ എന്ന രാമചന്ദ്രന്‍. ഇവരുടെ സ്വാധീനം എഴുത്തിലേക്കുവരാന്‍ പ്രചോദനമായിട്ടുണ്ടോ?പ്രത്യക്ഷത്തില്‍ സ്വാധീനമൊന്നുമില്ല. അവര്‍ രണ്ടുപേരും വ്യാപരിക്കുന്ന മേഖലയല്ല എന്റേത്‌. കയ്യെഴുത്തുമാസികയുടെ കാലം തൊട്ട്‌ എന്നെ രൂപപ്പെടുത്തുന്നതില്‍ ഇവര്‍ സഹായമായിട്ടുണ്ട്‌. കൊച്ചമ്മാവന്‍ ഇടുക്കി പൊലീസില്‍ ജോലിനോക്കുമ്പോള്‍ നിരവധി സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതില്‍ പ്രധാനമാണ്‌ റോഡുപോലുമില്ലാത്ത വെണ്‍മണിയില്‍ നടത്തിയ പെരുമഴ ക്യാംപ്‌. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ മഴയോടൊത്ത്‌ ഉല്ലസിച്ച ബോധവല്‍ക്കരണപരിപാടി. പത്രങ്ങള്‍ പോലും നല്ല കവറേജ്‌ കൊടുത്തു. മഴക്കുഴികള്‍ തീര്‍ത്ത്‌ മഴവെള്ളത്തെ ഭൂമിയിലേക്കിറക്കാന്‍ പത്തുവര്‍ഷം മുമ്പ്‌ ആ ക്യാംപിലൂടെ അമ്മാവന്‍ ആഹ്വാനം ചെയ്‌തിരുന്നു. അതിനെ അടിസ്ഥാനമാക്കി ഞാന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക്‌ പല അവാര്‍ഡുകളും കിട്ടിയിരുന്നു. അമ്മാവന്‍മാര്‍ എന്നെ സ്വാധീനിച്ചത്‌ സാമൂഹ്യപ്രശ്‌നങ്ങളിലുള്ള അവരുടെ ഇടപെടലിലൂടെയാണ്‌. എഴുത്തില്‍ എന്റെ വഴി ഞാന്‍ തനിയെ തുറന്നതാണ്‌. അച്ഛന്റെ സ്വാധീനം ഇക്കാര്യത്തില്‍ വളരെ വലുതായിരുന്നു. കണ്ണൂരുകാരനായ അച്ഛന്‌ ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ഒരവബോധമുണ്ടായിരുന്നു. മാതൃഭൂമിയും കലാകൗമുദിയും പോലുള്ള പ്രസിദ്ധീകരണങ്ങളും എം.ടിയും പദ്‌മനാഭനും ഉള്‍പ്പെടെയുള്ള എഴുത്തുകാരും എന്റെ വായനയിലേക്കു കടന്നു വരുന്നത്‌ അച്ഛനിലൂടെയാണ്‌.


ഡോക്യുമെന്ററിയോടുള്ള പ്രണയം ഇപ്പോഴുമുണ്ടല്ലേ?

തീര്‍ച്ചയായും. സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്യുമെന്ററികള്‍ ഇപ്പോഴും എന്റെ ആഗ്രഹമാണ്‌. അമൃത ടി.വിയിലെ ഹരിതഭാരതം കൃഷിപരമ്പരയുടെ ഇരുനൂറിലധികം എപ്പിസോഡുകള്‍ക്ക്‌ ഞാനാണു സ്‌ക്രിപ്‌റ്റ്‌ എഴുതിയത്‌. അതിനായി ഇന്ത്യയില്‍ പലയിടത്തും പോയി കര്‍ഷകരെ കണ്ടു. ഭാരതത്തിന്റെ കാര്‍ഷികസംസ്‌കൃതി ഞാന്‍ അടുത്തറിഞ്ഞത്‌ അതിലൂടെയാണ്‌.


ഡി- ക്ക്‌ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡു ലഭിച്ചു. ശിശുവായി മരണം മാത്രം അങ്കണം- ഇ.പി. സു,മ എന്‍ഡോവ്‌മെന്റിന്‌ അര്‍ഹമായി. അവാര്‍ഡുകളെപ്പറ്റി എന്താണു പറയാനുള്ളത്‌?

2004ലെ ഡി.സി. ബുക്‌സിന്റെ നോവല്‍ പുരസ്‌കാരമാണ്‌ സാഹിത്യത്തില്‍ എന്റെ പേര്‌ തെളിച്ചുതന്നത്‌. പലരും എന്നെ എഴുത്തുകാരനായി അതോടെ തിരിച്ചറിയാന്‍ തുടങ്ങി. നാലു വര്‍ഷത്തിനുശേഷം ഇപ്പോഴാണ്‌ മറ്റൊരവാര്‍ഡു കിട്ടുന്നത്‌. അര്‍ഹതപ്പെട്ടവര്‍ക്കു മാത്രം കൊടുത്തിട്ടുള്ളതിനാല്‍ അങ്കണത്തിന്റെ എന്‍ഡോവിമെന്റിന്‌ ഞാന്‍ വലിയ വില കല്‍പ്പിക്കുന്നുണ്ട്‌.


എന്താണ്‌ സുസ്‌മേഷിന്റെ മനസിലുള്ള സാഹിത്യസങ്കല്‍പം? അതിനോടു നീതിപുലര്‍ത്താന്‍ കഴിയുന്നുണ്ടോ?

എല്ലാവര്‍ക്കും മനസ്സിലാകുന്നതാവണം ഞാനെഴുതുന്നതെന്നു വിചാരിക്കാറുണ്ട്‌. ഡിയില്‍ നിന്ന്‌ ഒമ്പതില്‍ വന്നപ്പോള്‍ ഞാനാ ലാളിത്യമാണു സ്വീകരിച്ചത്‌. ഇന്നു വായനക്കാരെ കണ്ടെത്തുന്നതും നിലനിര്‍ത്തുന്നതും വളരെ ശ്രമകരമാണ്‌. ഓര്‍ക്കുട്ടിലും ബ്‌ളോഗിലുമൊക്കെ നമ്മള്‍ സാന്നിധ്യമറിയിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ യൂണിവേഴ്‌സലായിരിക്കണം എഴുതുന്നതെന്തും. പല മേഖലകളിലുള്ള വായനക്കാരെ നാം കണ്ടെത്തണം. ആഴ്‌ചപ്പതിപ്പുകല്‍ മുടങ്ങാതെ വായിക്കുന്നത്‌ പരമ്പരാഗത വായനക്കാര്‍ മാത്രമാണ്‌. ഈ തിരിച്ചറിവിനോടു നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്‌.


വായനക്കാരുമായുള്ള ബന്ധം?

അവരുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ലല്ലോ. പണ്ട്‌ പല പ്രസിദ്ധീകരണങ്ങളിലേയും സൃഷ്‌ടികള്‍ക്കൊപ്പമുണ്ടായിരുന്ന വിലാസം കണ്ട്‌ കത്തെഴുതി ഞാന്‍ ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചിട്ടുണ്ട്‌. തപാലിന്റെ കാലം കഴിഞ്ഞെന്നു തോന്നുന്നതിനാലാവാം ഇപ്പോള്‍ പ്രസിദ്ധീകരണങ്ങളൊന്നും എഴുത്തുകാരുടെ വിലാസം നല്‍കാത്തത്‌. കലാകൗമുദി ഫോണ്‍ നമ്പര്‍ കെടുക്കുന്നത്‌ ഏറെ പ്രയോജനകരമാണ്‌. മുന്‍ ലക്കങ്ങളിലൊന്നില്‍ വന്ന ലേഖനത്തോടൊപ്പമുണ്ടായിരുന്ന എന്റെ ഫോണ്‍ നമ്പര്‍ കണ്ട്‌ വിളിച്ചവര്‍ നിരവധിയാണ്‌. കഥ വായിച്ചിട്ടില്ലാത്തവരും കഥകള്‍ വായിച്ചിട്ട്‌ ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതിരുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്‌. വായനക്കാരുടെ പ്രതികരണം അറിയാന്‍ കഴിയുമ്പോഴാണ്‌ എഴുത്തു വിജയിക്കുന്നത്‌. അത്തരമൊരു ബന്ധത്തിന്‌ ഇടനിലയാകാന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും കഴിയണം.

Sunday, February 17, 2008

പേടിക്കുക ഫ്‌ളാഷിനെ


മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു ഫ്‌ളാഷ്‌. ഒരു കാലത്ത്‌ വലിയ സംഭവങ്ങളും മഹാന്‍മാരുടെ മരണവും മാത്രമായിരുന്നു ഈ വിശേഷണത്തിനു പിന്നാലെ സ്വീകരണ മുറിയില്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന്‌ ഏതു സംഭവവും ഫ്‌ളാഷാണ്‌! ചാനല്‍ യുദ്ധത്തിനിടയില്‍ ഒരടി മുന്നില്‍ നില്‍ക്കണമെങ്കില്‍ സംഭവം നടന്നു മൂന്നാം മിനിട്ടില്‍ അത്‌ ചാനലിന്റെ ചുവട്ടില്‍ ഒരു മിന്നലായി എത്തിയിരിക്കണം. വാര്‍ത്തയുടെ വിശദാംശങ്ങളോ ദൃശ്യങ്ങളോ അല്ല നമുക്കാവശ്യം, ഫ്‌ളാഷ്‌ മാത്രമാണ്‌!
കഴിഞ്ഞദിവസം ചാനലുകള്‍ക്കു തിരുത്തല്‍ നല്‍കേണ്ടിവന്ന ഒരു ഫ്‌ളാഷ്‌ സംഭവിച്ചു. എച്ച്‌. ഐ. ഒി. ബാധിതയായ ബെന്‍സി മരിച്ചുവെന്ന വാര്‍ത്തയായിരുന്നു അത്‌. ബെന്‍സിയുടെ പഴയകഥകള്‍വരെ ചില ചാനലുകള്‍ വിളമ്പിക്കഴിഞ്ഞാണ്‌ വാര്‍ത്ത ശരിയല്ലെന്ന വിവരം അറിയുന്നത്‌. ഒരു സംഭവമറിഞ്ഞാല്‍ ശരിയോ തെറ്റോ എന്നറിയാതെ വിളമ്പുന്നതുകൊണ്ട്‌ ആരൊക്കെയാണു ബുദ്ധിമുട്ടുന്നത്‌.
കുറച്ചുകാലം മുമ്പാണ്‌. അന്ന്‌ മലയാളത്തില്‍ ന്യൂസ്‌ ചാനലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇടുക്കി ജില്ലയിലെ ഒരു കുഗ്രാമത്തില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ ഒരാള്‍ മരിച്ചു. ഏതോ ഷാപ്പില്‍ നിന്നു നന്നായി മദ്യപിച്ചെത്തുകയും വീട്ടില്‍ വന്നിരുന്നു മദ്യപിക്കുകയും ചെയ്‌ത ഗൃഹനാഥന്‍ അല്‍പ സമയത്തിനുള്ളില്‍ തളര്‍ന്നു വീഴുകയായിരുന്നു. സംഭവമുണ്ടായ ഉടനേ സ്ഥലത്തെ ഒരു പ്രധാന പയ്യന്‍സ്‌ തനിക്ക്‌ അടുത്തറിയാവുന്ന ചാനല്‍ റിപ്പോര്‍ട്ടറെ വിളിച്ചു- ഒരാള്‍ മരിച്ചിരിക്കുന്നു, മദ്യപിച്ചുവന്നശേഷം തളര്‍ന്നു വീണതാണ്‌, വിഷമദ്യമാണോ എന്നു സംശയമുണ്ട്‌! സംശയദുരീകരണത്തിന്‌ റിപ്പോര്‍ട്ടര്‍ക്കു മുന്നില്‍ മാര്‍ഗമില്ല. സ്ഥലത്തെത്തണമെങ്കില്‍ ഒരു മണിക്കൂറിലധികം യാത്രചെയ്യണം. പൊലീസ്‌ എത്തി എഫ്‌.ഐ.ആര്‍ തയ്യാറാക്കുന്നതുവരെ കാക്കാന്‍ താന്‍ പത്രറിപ്പോര്‍ട്ടറല്ല, ചാനല്‍ ലേഖകനാണ്‌!
അദ്ദേഹം ഉണര്‍ന്നു. നിമിഷങ്ങള്‍ക്കകം ചാനലില്‍ ഫ്‌ളാഷെത്തി-
'ഇടുക്കിയില്‍ വ്യാജമദ്യം കഴിച്ച്‌ ഒരാള്‍ മരിച്ചു...'
നാട്ടുകാരുടെ പ്രചാരണത്തിനു പിന്നാലെ ചാനലില്‍ ഫ്‌ളാഷ്‌ വരികകൂടി ചെയ്‌തതോടെ നാട്ടിലാകെ പരിഭ്രാന്തി. പത്രം ഓഫിസുകളില്‍ നിന്ന്‌ പ്രാദേശികലേഖകരെ വിളിക്കാന്‍ തുടങ്ങി. ജനപ്രതിനിധികള്‍ ബന്ധപ്പെട്ടു തുടങ്ങി. പക്ഷേ ചാനലിനു പിഴച്ചില്ല. മണിക്കൂറുകള്‍ക്കകം പ്രസ്‌തുത മദ്യഷാപ്പില്‍ നിന്ന്‌ ഒന്നു വീശിയവരൊക്കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു! ചിലര്‍ക്കു കാഴ്‌ചക്കു മങ്ങല്‍, മറ്റു ചിലര്‍ക്കു കേള്‍വിക്കെന്തോ കുഴപ്പം പോലെ? ചാനലിലെ ഫ്‌ളാഷിനു നീളം കൂടി. വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടു ചെയ്‌ത ലേഖകന്‌ അഭിനന്ദന പ്രവാഹം!
കുഴപ്പത്തിലായത്‌ പത്രലേഖകരാണ്‌. ചാനല്‍ വാര്‍ത്ത കണ്ടതോടെ ജാഗരൂകരായ പൊലീസും മറ്റും ഷാപ്പ്‌ അടപ്പിച്ചു; നല്ല കാര്യം! വിഷമദ്യം കഴിച്ചവരെ ചികില്‍സിച്ച ഡോക്‌ടര്‍മാരും പൊലീസും ഒന്നും പറയുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിയുംവരെ കാക്കണമെന്നു പൊലീസ്‌. പക്ഷേ, വൈകിട്ടു പത്രത്തിനു വാര്‍ത്ത നല്‍കേണ്ട ലേഖകന്‍മാര്‍ക്ക്‌ കാത്തിരിക്കാനാകില്ലല്ലോ! അവരും ഊഹാപോഹങ്ങളെ കൂട്ടുപിടിച്ചു- ഗൃഹനാഥന്‍മരിച്ചു, വിഷമദ്യമെന്നു സംശയം.
പിറ്റേന്നു രാവിലെ മറ്റുള്ളവരുടെ അവസ്ഥതേടി ഫോളോ അപ്പ്‌ തയ്യാറാക്കാന്‍ ആശുപത്രിയിലെത്തിയ പത്രലേഖകര്‍ ഞെട്ടി. കട്ടിലുകള്‍ കാലി!
അന്വേഷിച്ചപ്പോള്‍ ഡോക്‌ടര്‍ ചിരിച്ചു. എല്ലാവരും പേടിച്ചെത്തിയതായിരുന്നു! ചിലര്‍ക്ക്‌ അമിത മദ്യപാനത്തിന്റെ പ്രശ്‌നവും.. ആരും വിഷമദ്യമൊന്നും കഴിച്ചിരുന്നില്ല.
പിന്നെ അവരുടെ അന്വേഷണം പൊലീസിനോടായി. ഒടുവില്‍ അവരും മൗനം ഭഞ്‌ജിച്ചു. മരണകാരണം വിഷമദ്യമല്ല. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന്‌, വീട്ടിലെത്തി മദ്യത്തില്‍ വിഷം കലക്കി കുടിച്ച്‌ ആത്മഹത്യ ചെയ്‌തതായിരുന്നു! ചാനലുകാര്‍ പറഞ്ഞതുകൊണ്ട്‌ പൊലീസിനും ചെറിയൊരു സംശയം തോന്നി വിഷമദ്യമാണോ എന്ന്‌. ചാനല്‍ വാര്‍ത്തയും നാട്ടാരുടെ പ്രചാരണവും കേട്ടു ഭയന്നാണ്‌ ഒപ്പം കഴിച്ചവര്‍ ആശുപത്രിയെ അഭയം പ്രാപിച്ചത്‌. പൊലീസ്‌ കേസെടുത്തതും ആത്മഹത്യ എന്ന പേരിലായിരുന്നു. അപ്പോഴേക്കും ചാനല്‍ ഈ സംഭവം മറന്നു, മറ്റെന്തൊക്കെയോ ഫ്‌ളാഷുകള്‍ക്കു പിന്നാലെയായിരുന്നു അവര്‍.
വാര്‍ത്താ ചാനലുകള്‍ വ്യാപകമായ ശേഷം ഒരു സന്ധ്യക്ക്‌ ഇടുക്കി ജില്ലയില്‍ നിന്നു തന്നെയുള്ള മറ്റൊരു ഫ്‌ളാഷ്‌ കാണുക- 'തൊടുപുഴയില്‍ ബസ്‌ മറിഞ്ഞു, 21 പേര്‍ക്കു പരുക്ക്‌, രണ്ടു പേരുടെ നില ഗുരുതരം.' ഒരു ചാനലില്‍ വേഗത്തില്‍ ഇക്കാര്യം പ്രേക്ഷകരിലൂടെ കടന്നു പോകുന്നു, വിശദാംശങ്ങള്‍ ഏതെങ്കിലും ചാനലിലുണ്ടോ എന്നറിയാന്‍ പ്രേക്ഷകര്‍ റിമോട്ടില്‍ ഞെക്കിക്കൊണ്ടിരുന്നു. അല്‍പനേരത്തിനു ശേഷം അടുത്ത ചാനലില്‍ ഗുരുതര പരുക്ക്‌ മൂന്നു പേര്‍ക്കായി! പരുക്കേറ്റവരുടെ ആകെ എണ്ണത്തില്‍ വര്‍ധനവില്ല. വൈകിട്ട്‌ ഏഴു മണിയോടെയാണ്‌ ഈ ഫ്‌ളാഷുകള്‍ ചാനലുകളില്‍ വന്നതെന്നോര്‍ക്കണം. ഒടുവില്‍ അപകടത്തിന്റെ വിശദ വിവരം അറിയാന്‍ പത്രം ഓഫിസില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷന്‍. ഉച്ചക്കു രണ്ടു മണിയോടെ ഒരു ബസ്‌ പാടത്തേക്കൊന്നു ചരിഞ്ഞിരുന്നു. ആര്‍ക്കും കാര്യമായ പരുക്കില്ല! മാത്രമല്ല, ബസില്‍ ആകെയുണ്ടായിരുന്നത്‌ 20ല്‍ താഴെ യാത്രക്കാരാണ്‌! സംഭവം നടന്ന്‌ മണിക്കൂറുകള്‍ക്കുശേഷം വാര്‍ത്ത ഫ്‌ളാഷായി എത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്നവര്‍ പൊടിയും തട്ടി വീട്ടിലെത്തിയിരുന്നു!
ഒരു ചാനലില്‍ അപകടത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റുവെന്ന വാര്‍ത്ത ഫ്‌ളാഷാക്കുമ്പോള്‍ അടുത്ത ചാനലിനിത്‌ ഒന്നാക്കി കുറച്ചാല്‍ വില പോകും. സ്വാഭാവികമായും അവര്‍ എണ്ണം കൂട്ടും, ആരേയും കൊല്ലില്ലെന്നു മാത്രം. നിജസ്ഥിതി അറിഞ്ഞു കഴിഞ്ഞാലും ബസ്‌ മറിഞ്ഞു, ആര്‍ക്കും പരുക്കില്ലെന്നു കൊടുത്താല്‍ അത്‌ ഫ്‌ളാഷാകില്ലെന്നതിനാല്‍ അവര്‍ക്കതു ബോധപൂര്‍വ്വം തമസ്‌കരിക്കേണ്ടി വരുന്നു!
മുന്‍ രാഷ്‌ട്രപതി കെ.ആര്‍.നാരായണന്‍ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടന്നപ്പോഴും ഈ ചാനല്‍ഗുസ്‌തി നമ്മള്‍ കണ്ടതാണ്‌. അദ്ദേഹം മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്നേ മരിച്ചതായി ഫ്‌ളാഷെത്തി! സൈറനുള്ള പല നഗരങ്ങളും ഇതു കണ്ട്‌ ദുഖസൂചകമായി മൂന്നു വട്ടം കൂകി. വൈകാതെ, ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരം തെറ്റായിരുന്നെന്നും അദ്ദേഹം മരിച്ചില്ലെന്നും ഫ്‌ളാഷ്‌ വന്നെങ്കിലും കൂകിയതു തിരിച്ചെടുക്കാന്‍ അവര്‍ക്കാകില്ലല്ലോ! സംഭവത്തിലെ വ്യക്തി കെ.ആര്‍.നാരായണന്‍ ആയിരുന്നതിനാല്‍ മാത്രമാണ്‌ ഇത്തരമൊരു തിരുത്ത്‌ വന്നതെന്നോര്‍ക്കണം. ന്യൂസ്‌ ചാനലുകള്‍ പെരുകിയതോടെ 24 മണിക്കൂറും ഫ്‌ളാഷിന്റെ ബഹളമാണ്‌. ചാനലിലെ ഏതു പരിപാടിക്കിടയിലും ഫ്‌ളാഷുകള്‍ പാഞ്ഞു പൊയ്‌ക്കൊണ്ടിരിക്കും. ഇതിനിടയില്‍ പ്രത്യേകിച്ചെന്തെങ്കിലും സംഭവിച്ചാല്‍ അത്‌ ബ്രേക്കിങ്‌ ന്യൂസായാണ്‌ പുറത്തു വരിക. പ്രശസ്‌ത എഴുത്തുകാരന്‍ ഒ.വി.വിജയന്‍ മരിച്ച വാര്‍ത്തയെത്തി മണിക്കൂറുകള്‍ക്കു ശേഷം ഒരു ന്യൂസ്‌ ചാനലില്‍ പെട്ടെന്നൊരു ബ്രേക്കിങ്‌ ന്യൂസ്‌ പ്രത്യക്ഷപ്പെട്ടു- ഒ.വി.വിജയന്റെ സംസ്‌കാരം നാളെ നടക്കും!
വാര്‍ത്തകള്‍ക്കു മാത്രമായി ചാനലുകള്‍ വന്നതോടെ എന്റര്‍ടെയിന്റ്‌മെന്റ്‌ ചാനലുകളില്‍ ഫ്‌ളാഷിന്റെ അതിപ്രസരം കാണാനില്ല. വാര്‍ത്തകള്‍ അറിയേണ്ടവര്‍ സദാസമയം ന്യൂസ്‌ ചാനലുകള്‍ വച്ചുകൊള്ളാനാണ്‌ അവരുടെ നിലപാട്‌. എന്തെങ്കിലും വന്‍ സംഭവമുണ്ടായാല്‍ മാത്രമാണ്‌ അവര്‍ ഫ്‌ളാഷ്‌ പുറത്തെടുക്കുകയുള്ളു! തങ്ങള്‍ സംപ്രേഷണം ചെയ്യുന്ന വിനോദ പരിപാടിക്കിടയില്‍ എന്തെങ്കിലും സംഭവത്തിന്റെ ഫ്‌ളാഷ്‌ കാണിച്ചാല്‍ പ്രേക്ഷകര്‍ വിനോദം വിട്ട്‌ വിശദാംശങ്ങളറിയാന്‍ ന്യൂസ്‌ ചാനലിലേക്കു റിമോട്ടുമായി പോകുമെന്ന ഭയമാണ്‌ ഇതിനു കാരണം. സീരിയലിനും മിമിക്രിക്കും ഫോണ്‍-ഇന്‍ പരിപാടിക്കും പ്രേക്ഷകര്‍കുറഞ്ഞാല്‍ അതു ചാനലിനെ മൊത്തത്തിലായിരിക്കുമല്ലോ ബാധിക്കുക!
പത്രങ്ങള്‍ മാത്രം വാര്‍ത്ത തയ്യാറാക്കിയിരുന്ന കാലത്ത്‌ പൊലീസും ആശുപത്രിയും പോലെ സ്ഥിരീകരിക്കാവുന്ന കേന്ദ്രങ്ങളില്‍ അന്വേഷിച്ചും നേരിട്ടു കാര്യങ്ങള്‍ തിരക്കിയുമായിരുന്നു സംഭവങ്ങള്‍ ജനങ്ങളിലേക്കു പകര്‍ന്നിരുന്നത്‌. ഒരു സംഭവത്തിന്റെ വിശദാംശങ്ങള്‍ കൂടുതലായി നല്‍കുന്ന കാര്യത്തില്‍ മാത്രമായിരുന്നു അവിടെ മല്‍സരം. ഇതിനാകട്ടെ പത്രലേഖകര്‍ക്കു മുന്നില്‍ സമയവുമുണ്ടായിരുന്നു. എവിടെയെങ്കിലും പിഴച്ചാല്‍ തിരുത്താന്‍ 24 മണിക്കൂര്‍ കാത്തിരിക്കണമെന്ന പ്രശ്‌നം ഭീഷണിയായിട്ടുണ്ടായിരുന്നതിനാല്‍ അവര്‍ ജാഗരൂകരുമായിരുന്നു! ഇന്നാകട്ടെ ചാനലുകള്‍ സംഭവമുണ്ടായി മൂന്നാം മിനിട്ടില്‍ ഫ്‌ളാഷായും മുപ്പതാം മിനിട്ടില്‍ ദൃശ്യമായും എത്തിക്കുമ്പോള്‍ പത്രങ്ങള്‍ക്കു പണി കുറയുന്നു. ചാനലുകള്‍ തുറന്നു വച്ചാല്‍ പിറ്റേന്നത്തെ പത്രത്തിലേക്ക്‌ ആവശ്യത്തിനു സാധനങ്ങളാകുമെന്ന സ്ഥിതി!
ഒരോ വാര്‍ത്തയും എത്രയും പെട്ടെന്ന്‌ പ്രേക്ഷകനിലേക്കെത്തിക്കാനുള്ള ബദ്ധപ്പാടിനിടയില്‍, കാത്തിരിക്കാനോ വിശദമായന്വേഷിക്കാനോ സമയമില്ലാത്ത ചാനലുകാര്‍ എവിടെങ്കിലും കാളപെറ്റെന്നു കേട്ടാല്‍ ഉടന്‍ അതും ഫ്‌ളാഷാക്കും. കാള പെറ്റാല്‍ അതൊരു സംഭവമാണെന്ന കാര്യത്തില്‍ സംശയത്തിനു വകയില്ലല്ലോ! അടുത്ത ചാനല്‍ ഉടന്‍ ഒരു മൃഗഡോക്‌ടറുടെ ഫോണ്‍-ഇന്‍ സംഘടിപ്പിക്കും. മറ്റൊരു ചാനല്‍ മുമ്പെവിടെങ്കിലും കാള പെറ്റിട്ടുണ്ടോ എന്നു തിരക്കും, കിട്ടിയില്ലെങ്കില്‍ പശു പെറ്റതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി കാളയ്‌ക്കു പെറാനുള്ള സാധ്യതകള്‍ തേടും! ഒടുവില്‍ കാള പെറ്റിട്ടില്ലെന്നറിയുമ്പോള്‍ തിരുത്താനാകില്ലാത്തതിനാല്‍ അവര്‍ അടുത്ത ഫ്‌ളാഷ്‌ തേടും; ആരുണ്ടിവിടെ ചോദിക്കാന്‍?
അതുകൊണ്ട്‌ എല്ലാ ചാനലുകാര്‍ക്കും വേണ്ടി നമുക്കാ പഴഞ്ചൊല്ലൊന്നു പരിഷ്‌കരിച്ചുപദേശിക്കാം-
"കാളപെറ്റെന്നുകേട്ടാലുടന്‍ ദയവായി ഫ്‌ളാഷടിക്കരുത്‌."
Powered By Blogger

FEEDJIT Live Traffic Feed