Thursday, July 12, 2007

ഇനി പാലോറ മാതയ്‌ക്ക്‌ നിക്ഷേപം തിരിച്ചു നല്‍കാം

മാധ്യമ സിണ്ടിക്കേറ്റ്‌ യാഥാര്‍ഥ്യമാണെങ്കിലും അല്ലെങ്കിലും മാധ്യമ ഭീകരത എന്നൊന്ന്‌ കേരളത്തിലുണ്ടെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ദേശാഭിമാനി. ഉപദേശിച്ചുനേരേയാക്കാന്‍ ശ്രമിക്കുന്നവരേയും കളിയാക്കി തോല്‍പിക്കാന്‍ ശ്രമിക്കുന്നവരേയും 'എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാകില്ല' എന്ന പഴമൊഴികൊണ്ടാണ്‌ ദേശാഭിമാനി നേരിടുന്നത്‌.

നാട്ടുകാരെ 'നേര്‌ നേരത്തെയറിയിക്കാന്‍' വേണ്ടി പാലോറ മാതയുടെ കുടുംബംവിറ്റുകിട്ടിയ പണം കൊണ്ട്‌ തുടങ്ങിയ പത്രമാണിതെന്ന്‌ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ മനപ്പൂര്‍വ്വം മറന്നു. മലയാള മനോരമ വന്‍ നികുതിവെട്ടിപ്പു നടത്തിയതും മാതൃഭൂമിയുടെ മുതലാളിഗൗഡര്‍ സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിച്ചതുമെല്ലാം ഒന്നാം പേജില്‍ നിരത്തിയടിച്ചത്‌ 'നേര്‌' എന്ന തത്വത്തിലടിയുറച്ചു വിശ്വസിച്ചിരുന്നതിനാലാണ്‌. ഒടുവില്‍ പൊട്ടനെ ചതിച്ച ചട്ടനെ പാര്‍ട്ടിദൈവങ്ങള്‍ ചതിച്ചിരിക്കുന്നു.

മാതൃഭൂമിയും ദേശാഭിമാനിയിലൂടെ സി.പി.എമ്മും തമ്മില്‍ ഇപ്പോള്‍ നടത്തുന്ന പോര്‌ ഒരു മാധ്യമഭീകരതയെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കില്‍ തെറ്റുപറയാനാകില്ല. എതിരാളിയുടെ വാര്‍ത്തയും പരസ്യവും തമസ്‌കരിക്കുന്ന, പ്രചാരവര്‍ധനവിനായി വിലകെട്ട ആരോപണംപോലും ഉന്നയിക്കുന്ന മാധ്യമപ്പോര്‌ ഏറെക്കാലമായി കേരളം കാണുന്നുണ്ടായിരുന്നു. മനോരമയും മാതൃഭൂമിയും തമ്മിലായിരുന്നു കുറച്ചുകാലം മുമ്പു വരെ ഇത്‌. ഇടക്കാലത്ത്‌ അതൊന്നൊതുങ്ങി.

പിന്നെ പാര്‍ട്ടിയില്‍ ഔദ്യോഗികപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്കു നിരക്കാത്ത രീതിയില്‍ വാര്‍ത്ത കൊടുക്കുന്ന പത്രങ്ങള്‍ക്കെതിരേ ദേശാഭിമാനി വഴി പാര്‍ട്ടി യുദ്ധം തുടങ്ങി. ഒരു കാലത്ത്‌ മറ്റു പത്രങ്ങളുടെ വാര്‍ത്തകള്‍ക്കു മറുപടി നല്‍കാന്‍ മാത്രമേ ദേശാഭിമാനിയില്‍ സ്ഥലമുണ്ടായിരുന്നുള്ളു. ഒടുവില്‍ പത്രസ്ഥലം മുഴുവന്‍ മാറ്റിവച്ചാലും അതിനു തികയില്ലെന്നു വന്നതോടെ വിശദീകരണത്തിലൂടെയുള്ള പ്രതിരോധം നിര്‍ത്തി ആക്രമണം തുടങ്ങി. അങ്ങിനെയാണ്‌ മാതൃഭൂമി ഉടമ എം.പി.വീരേന്ദ്രകുമാറിനെതിരേ കയ്യേറ്റ ആരോപണങ്ങളുമായി ദേശാഭിമാനി രംഗത്തു വന്നത്‌.

എന്തായാലും ഇതിനു പകരം വീട്ടാന്‍ പാര്‍ട്ടി തന്നെ വടി നല്‍കി. ആദ്യം വേണുഗോപാലിന്റെ പുറത്താക്കല്‍ നടപടി. അതിനടുത്തദിവസം തന്നെ ഏറ്റവും ലജ്ജാകരമായ വാര്‍ത്ത മാതൃഭൂമി പുറത്തുകൊണ്ടുവന്നു. സാമ്പത്തിക കുറ്റവാളിയില്‍ നിന്ന്‌ പത്രം രണ്ടുകോടി കൈപ്പറ്റിയെന്ന്‌. (ഇക്കാര്യം മനസ്സിലുള്ളതുകൊണ്ടാകാം ജനശക്തിക്കു പണമെവിടെനിന്നാണെന്ന്‌ മുട്ടിനുമുട്ടിനു പിണറായി ചോദിക്കുന്നത്‌. ഇനി ആ ചോദ്യമുയരാന്‍ സാധ്യതയില്ല. കാരണം ലോട്ടറിരാജാവില്‍ നിന്നുപോയിട്ട്‌ ഒരു ലോട്ടറി പരസ്യത്തില്‍ നിന്നുപോലുമല്ലെന്ന്‌ വായനക്കാര്‍ തന്നെ വിളിച്ചു പറഞ്ഞെന്നിരിക്കും). മാതൃഭൂമി കൊണ്ടു വരുന്ന ഒരു വാര്‍ത്തക്കും പിന്നാലെ പോകാറില്ലാത്ത മനോരമ പിറ്റേന്ന്‌ ഇതേറ്റുപിടിച്ചു. ഒടുവില്‍ മാതൃഭൂമി മഞ്ഞപ്പത്രമാണെന്നു വരെ പറഞ്ഞു പ്രിയസഖാവ്‌. മനോരമ പാര്‍ട്ടിയുടെ ആക്രമണ നിരയില്‍ രണ്ടാമതായി.

ഇതിനിടയില്‍ എം.വി.ജയരാജന്‍ സഖാവ്‌ ദേശാഭിമാനിയെപ്പറ്റി പറഞ്ഞതാണ്‌ വിചിത്രം. വടക്കന്‍ ജില്ലകളില്‍ ചന്ദ്രിക പത്രം വരുത്തുന്ന മുസ്ലിംഭവനങ്ങളില്‍ ഒപ്പം ദേശാഭിമാനിയും വരുത്തുന്നുണ്ടത്രെ! കാരണം തിരക്കിയപ്പോള്‍ സഖാവിന്‌ ആവശ്യമായ മറുപടിയും കിട്ടി. മറ്റു പത്രങ്ങളെല്ലാം സി.പി.എമ്മിനെതിരേയുള്ള വാര്‍ത്തകള്‍ മാത്രം അച്ചടിച്ച്‌ സ്ഥലം കളയുന്നതിനാല്‍ യഥാര്‍ഥ വാര്‍ത്തയറിയാനാണ്‌ ദേശാഭിമാനി വാങ്ങുന്നതെന്ന്‌. ഇതൊക്കെ വിശ്വസിക്കാന്‍ മാത്രം കഴുതയാണെന്നു ജനമെന്ന്‌ ഈ നൂറ്റാണ്ടിലും വിശ്വസിച്ചു നടക്കുന്ന നമ്മുടെ സഖാക്കള്‍ തന്നെയല്ലേ യഥാര്‍ഥ കഴുതകള്‍!

മൂന്നാര്‍ നടപടിയും സ്‌മാര്‍ട്‌ സിറ്റിയും വി.എസ്‌.അച്യുതാനന്ദന്റെ ഇമേജ്‌ വര്‍ധിപ്പിക്കുന്നുവെന്ന്‌ മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ ഹാലിളക്കം. ആരെന്തൊക്കെ പറഞ്ഞാലും മാധ്യമങ്ങള്‍ക്കു മാത്രമല്ല പ്രതിപക്ഷത്തിനുപോലും മുഖ്യമന്ത്രിയോടൊരു ബഹുമാനമുണ്ട്‌. അതുകൊണ്ടാണ്‌ മാതൃഭൂമിയെ മഞ്ഞപ്പത്രമെന്നു പി.ജയരാജന്‍ വിശേഷിപ്പിച്ചപ്പോള്‍ അതേപ്പറ്റി മുഖ്യമന്ത്രി അഭിപ്രായം പറയണമെന്ന്‌ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്‌!

അഞ്ചു വര്‍ഷം മുമ്പ്‌ മതികെട്ടാന്‍ കയ്യേറ്റം പുറത്തു വന്ന സമയം. അതിനു വഴിതെളിച്ചത്‌ അന്നത്തെ വനംമന്ത്രി കെ.സുധാകരനായിരുന്നു. സുധാകരന്‍ മതികെട്ടാന്‍ കയറിയിറങ്ങി ഒരാഴ്‌ച തികയും മുമ്പ്‌ വി.എസ്‌.അവിടെത്തി. അന്ന്‌ പാര്‍ട്ടിഭേദം മറന്ന്‌ സുധാകരന്റെ നിലപാടിന്‌ വി.എസ്‌ അന്തസ്സോടെ പിന്തുണനല്‍കി. കണ്ണൂരില്‍ പാര്‍ട്ടിയുടെ ഒന്നാം നമ്പര്‍ ശത്രുവായ സുധാകരനെ പിന്തുണച്ച്‌ സി.പി.എമ്മിന്റെ എം.എല്‍.എ. ആയ കെ.കെ.ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കിയിലെ എത്രയോ വേദികളില്‍ പ്രസംഗിച്ചു. മൂന്നാര്‍ കയ്യേറ്റമുണ്ടായപ്പോള്‍ അവിടെ യു.ഡി.എഫുകാരും എല്‍.ഡി.എഫുകാരും ഒരുപോലെ ഭൂമി കയ്യേറിയിട്ടുണ്ടെന്ന്‌ പറയാനുള്ള ആര്‍ജ്ജവവും വി.എസ്‌.കാണിച്ചു. ഒടുവില്‍ മൂന്നാറിലെത്തി അവിടുള്ള പ്രാദേശിക നേതാക്കളെയും കയ്യേറ്റക്കാരുടെ ബന്ധുക്കളായ നേതാക്കളേയും കൂട്ടുപിടിച്ച്‌ വി.എസിനെതിരേ കച്ചമുറുക്കിയത്‌ ആരാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നിട്ടും വി.എസ്‌. പിടിച്ചു നിന്നത്‌ അദ്ദേഹത്തിന്റെ സത്യസന്ധത കൊണ്ടു മാത്രമാണ്‌!

മനോരമയും ദീപികയും സി.ഐ.എയുടെ പണം പറ്റിയിട്ടുണ്ടെന്ന്‌ ഇടയ്‌ക്ക്‌ വി.എസ്‌.പറയുകയുണ്ടായി. എന്തു രാഷ്‌ട്രീയനിലപാടിന്റെ പേരിലായാലും വി.എസിനുവേണ്ടി വളരെയധികം മഷി ചെലവാക്കിയ പത്രമായിരുന്നു മനോരമ. അതിന്റെ ചീഫ്‌ എഡിറ്റര്‍ കെ.എം.മാത്യു എട്ടു കോളത്തില്‍ വി.എസിന്റെ പരാമര്‍ശത്തോടു ശക്തമായി പ്രതികരിച്ചെങ്കിലും വി.എസ്സിന്റെ ഭരണപരവും രാഷ്‌ട്രീയപരവുമായ നിലപാടുകളെ മനോരമ പിന്നീടും പിന്തുണക്കുക തന്നെയായിരുന്നു എന്നോര്‍ക്കുക. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്ന്‌ ചെയര്‍മാന്‍ തന്നെ വെളിപ്പെടുത്തിയപ്പോള്‍ സ്വന്തം സര്‍ക്കാരായിട്ടും വി.എസ്‌.പറഞ്ഞത്‌ അതിലല്‍പം കാര്യമുണ്ടെന്നാണ്‌. കള്ളം പറയാതെ തന്റെ നിലപാടിന്റെ സത്യത്തില്‍ ദൃഢമായി ഉറച്ചു നില്‍ക്കുന്നതു തന്നെയാണ്‌ എക്കാലത്തും വി.എസ്സിന്റെ ശക്തി. പത്രങ്ങളും ജനങ്ങളും അദ്ദേഹത്തെ പിന്തുണക്കുന്നതിന്റെ കാര്യവുമിതാണ്‌. പാര്‍ട്ടിയുടെ സഖാക്കന്‍മാരും പാര്‍ട്ടിപ്പത്രവും ചേര്‍ന്നു നടത്തുന്ന നാണംകെട്ട ഇടപാടുകളില്‍ നിന്ന്‌ പാര്‍ട്ടിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ പാടുപെടേണ്ട ഗതികേടിലാണ്‌ വി.എസ്‌. ഇപ്പോള്‍. സി.പി.എം. എന്ന പാര്‍ട്ടി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത്‌ വി.എസ്‌.അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രി ഉള്ളതുകൊണ്ടു മാത്രമാണ്‌. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ്‌ വി.എസിനു സീറ്റു നല്‍കാനുള്ള തീരുമാനം പി.ബി. കൈക്കൊണ്ടില്ലായിരുന്നെങ്കില്‍ കേരള സര്‍ക്കാരിന്റെ ഇന്നത്തെ ഗതി എന്താകുമായിരുന്നു എന്നു ചിന്തിക്കുക.

പാര്‍ട്ടിക്കും സര്‍ക്കാരിനും എതിര്‍പ്പുകളെ അതിജീവിക്കാന്‍ സഹായമാകേണ്ട ദേശാഭിമാനി ജീര്‍ണതയുടെ അങ്ങേയറ്റത്താണ്‌. ലോട്ടറി രാജാവില്‍ നിന്നു പണം വാങ്ങിയതിനെപ്പറ്റിയുള്ള വിശദീകരണം മണിക്കൂറുകള്‍ക്കകം മാറ്റിപ്പറഞ്ഞ സഖാവ്‌, മൂന്നാര്‍ ഒഴിപ്പിക്കല്‍ കാര്യത്തില്‍ സി.പി.ഐ. മലക്കം മിറഞ്ഞപോലൊരു പ്രകടനം നടത്തി അപഹാസ്യനായിമാറി. ഇപ്പോള്‍ സ്വയം പ്രതിരോധത്തിനുപോലും മാര്‍ഗമില്ലാതെ ദേശാഭിമാനി വിയര്‍ക്കുകയാണ്‌. മൂന്നാറില്‍ അനധികൃത പട്ടയഭൂമിയില്‍ നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റി സി.പി.ഐ. കുറ്റം സമ്മതിക്കുന്ന കാര്യം ഗൗരവമായി ആലോചിച്ചു വരുമ്പോഴേക്കും, ബോണ്ടുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനമെടുത്ത്‌ കുറ്റസമ്മതം നടത്തിയിരിക്കുന്ന സി.പി.എം. പത്രങ്ങള്‍ക്കെല്ലാം അടിക്കാനുള്ള വടി പാര്‍ട്ടി തന്നെ സംഭാവന നല്‍കുകയാണ്‌. എന്നിട്ടും സര്‍ക്കാരിന്‌ കാര്യമായ വാട്ടം തട്ടാത്തത്‌ വി.എസിന്റെ സത്യസന്ധമായ നിലപാടുകള്‍കൊണ്ടു മാത്രമാണ്‌.

കേരളത്തില്‍ ഏറ്റവുമധികം തൊഴിലാളി പീഢനം നടക്കുന്നത്‌ പത്രസ്ഥാപനങ്ങളിലാണ്‌. മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ മാന്യമായ സേവന വേതന വ്യവസ്ഥകളില്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിനു ജോലിക്കാരുണ്ട്‌. മറ്റേതെങ്കിലും മേഖലയിലായിരുന്നു ഇതെങ്കില്‍ പാര്‍ട്ടി അതെന്നേ ഏറ്റെടുത്തേനെ! ദേശാഭിമാനിക്കെതിരേ പത്രങ്ങള്‍ മല്‍സരിച്ച്‌ അച്ചു നിരത്തുമ്പോള്‍ അവര്‍ക്കിട്ടു നല്ലൊരു അടികൊടുക്കാന്‍ ഈ തൊഴിലാളികളെപ്പറ്റിയുള്ള ഒറ്റ റിപ്പോര്‍ട്ടു മതി. ആ പീഢനവിവരം അറിഞ്ഞാല്‍ നാട്ടുകാര്‍ക്ക്‌ അവരെപ്പറ്റി എന്തെങ്കിലും മതിപ്പുണ്ടെങ്കില്‍ അത്‌ പകുതിയായി കുറയും. തൊഴില്‍ വകുപ്പ്‌ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ രക്ഷപ്പെടുന്നത്‌ ആയിരിക്കണക്കിനു കുടുംബങ്ങളാണ്‌. പക്ഷേ ദേശാഭിമാനി അതെഴുതാത്തിനു വ്യക്തമായ കാരണമുണ്ട്‌. തൊഴിലാളി പീഢനത്തിന്റെ കാര്യത്തില്‍ ഇവരേക്കാള്‍ ഒട്ടും പിന്നിലല്ല ദേശാഭിമാനി. വേണമെങ്കില്‍ ഒരു പടികൂടി മുന്നിലാണെന്നുതന്നെ പറയാം.

എന്തായാലും പത്രത്തിന്‌ ആവശ്യത്തിലധികം സമ്പത്തുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പാലോറ മാതയില്‍ നിന്നുള്‍പ്പെടെ പിരിച്ച ആ പണം പലിശ സഹിതം മടക്കിക്കൊടുക്കാനെങ്കിലും പാര്‍ട്ടി തയ്യാറാകണം. അങ്ങിനെയെങ്കിലും സാധാരണക്കാരും പാര്‍ട്ടിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്നവരുമായ സാധാരണ സഖാക്കള്‍ രക്ഷപ്പെടട്ടെ. തങ്ങള്‍ പണം നല്‍കിയത്‌ സുരക്ഷിതമായ നിക്ഷേപസൗകര്യങ്ങളുണ്ടായിരുന്ന ഒരു പണമിടപാടു സ്ഥാപനത്തിനായിരുന്നുവെന്ന്‌ അവര്‍ ഇനിയെങ്കിലും ആശ്വസിക്കട്ടെ!

Monday, July 9, 2007

മൂന്നു കഥകള്‍-അല്‍പം പഴകിയത്‌

നമ്മുടെ സിനിമാക്കാര്‍ക്കിതു വരണം. ചുമ്മാ പടോം പിടിച്ച്‌ കാശും വാങ്ങി സുഖമായിട്ടങ്ങു ജീവിക്കാനുള്ളതിന്‌ യൂണിയന്‍ പ്രവര്‍ത്തനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു.

ഏതു വ്യവസായത്തിന്റേയും ശവപ്പെട്ടിയില്‍ ആണി തറയ്‌ക്കുന്നത്‌ യൂണിയനും സംഘടനാപ്രവര്‍ത്തനവും ആണെന്നാണല്ലോ അരാഷ്‌ട്രീയവാദികളുടെ വയ്‌പ്‌. സിനിമയില്‍ സി.ഐ.ടി.യുവും, ഐ.എന്‍.ടി.യു.സിയുമൊന്നുമുണ്ടായില്ലെങ്കിലും അത്യാവശ്യം സമരത്തിനും സമരം ചെയ്‌ത്‌ അവകാശം നേടാനും ഒക്കെയുള്ള വകുപ്പ്‌ അവിടേയുമുണ്ട്‌. പക്ഷേ ചായക്കടയിലും ബോര്‍ബര്‍ഷോപ്പിലുമൊന്നും യോഗം ചേരില്ല. കവലപ്രസംഗം നടത്തി നാട്ടാരുടെ ചെവിപൊട്ടിക്കുകയുമില്ല. ബക്കറ്റു പിരിവോ ബക്കറ്റില്ലാത്ത പിരിവോ ഒന്നും പേടിക്കുകയും വേണ്ട. എവിടെ യോഗം ചേര്‍ന്നാലും ചാനല്‍ കണ്ണുകള്‍ ഒപ്പമെത്തുമെന്നും നമ്മുടെ സിനിമാസംഘടനകള്‍ക്കറിയാം. അതോണ്ടല്ലേ അവര്‍ മഴക്കാലത്ത്‌ ഒരു സമരം പ്രഖ്യാപിച്ചത്‌. ഇത്‌ സംഘടനകളുടെ എണ്ണപ്പെരുപ്പംകൊണ്ടാണെന്ന്‌ തിലകന്‍ചേട്ടനു പറയാം. ഈ സംഘടനകളൊക്കെയൊന്നു പടുത്തുയര്‍ത്താന്‍പെട്ട പാട്‌ പാടുപെട്ടവര്‍ക്കേ അറിയൂ? വയസ്സനാംകാലത്ത്‌ നോക്കാന്‍ ആരുമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാന്‍ പടം പിടിക്കാന്‍വരെയാണു താരസംഘടനയുടെ തീരുമാനം. പടം ഓടിയില്ലെങ്കില്‍ ചിലപ്പോ ഇവരുടെ വേതനത്തില്‍ നിന്നുതന്നെ നഷ്‌ടം നികത്തേണ്ടി വരും. അതപ്പോക്കാണാം.ഇതിപ്പം പറഞ്ഞുവന്നത്‌ ഈ സിനിമാക്കാര്‍ക്കിതു വരണമെന്നാണല്ലോ. യേത്‌?

നമ്മടെ അണ്ണന്‍കേറി കലക്കണ കലക്കു കണ്ടില്ല്യേ. അതുതന്നെ! ഇവിടുള്ളോര്‌ കരാറെന്നും ബാറ്റ വര്‍ധനവെന്നും മറ്റും പറഞ്ഞ്‌ കലപില കൂട്ടിക്കൊണ്ടിരിക്കുമ്പോ, അണ്ണന്‍ ഓടിത്തിമിര്‍ക്കുകല്ല്യോ. സിഗരറ്റ്‌ വായുവിലേക്കെറിഞ്ഞ്‌ വായില്‍പ്പിടിക്കാനും ഒറ്റ രൂപാനാണയം കൊണ്ട്‌ സമ്പന്നനാകാനും ഒക്കെയുള്ള ട്രിക്കു പഠിക്കാന്‍ രജനീകാന്തിനു ശിഷ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുന്ന മുതുകാടാശാന്റെ ആത്മാര്‍ഥതയെങ്കിലും നമ്മുടെ സിനിമാക്കാര്‍ കാണിക്കേണ്ടേ? മമ്മൂട്ടിയോ മോഹന്‍ലാലോ മറ്റോ ഇതു കാണിച്ചാല്‍ വേണ്ടാത്തപണിക്കു പോകല്ലേ ആശാനേ എന്നു പറഞ്ഞ്‌ നമ്മുടെ പ്രേക്ഷകര്‍ പുറംതിരിഞ്ഞ്‌ ഒറ്റ നടത്തമങ്ങു നടക്കും. അതുകൊണ്ടാണ്‌ തല്‍ക്കാലം മേക്കപ്പിട്ടു സുന്ദരനായി സുന്ദരിമാരോടൊത്ത്‌ ആടിപ്പാടി രജനീകാന്തിനെ അനുകരിച്ചാല്‍ മതിയെന്ന്‌ നമ്മുടെ സൂപ്പര്‍മാര്‍ തീരുമാനിച്ചത്‌. പുതിയ പടമൊന്നും ഇപ്പം റിലീസ്‌ ചെയ്യേണ്ടന്നു വച്ചത്‌. മഴക്കാലത്ത്‌ മലയാളിയുടെ കയ്യില്‍ കാശു കാണത്തില്ലെന്നു അറിയാവുന്നതുകൊണ്ടല്ല്യോ? അപ്പം ദാ വരുന്നു സ്റ്റൈല്‍ മന്നന്‍. എന്തായിരുന്നു ആ വരവ്‌. രണ്ടു ദിവസം കഴിഞ്ഞു മഴതുടങ്ങിയതേ നാം തീരുമാനിച്ചു, ഇനി അണ്ണനെ പൂട്ടിക്കെട്ടാം. ഈ പെരുമഴയത്ത്‌ അണ്ണനെ കാണാന്‍ ഇനി ആരിടിച്ചുകേറാനാ. പക്ഷേ കണക്കുകൂട്ടലുകള്‍ തെറ്റി.

നമ്മള്‌ സംഘടനാപ്രവര്‍ത്തനവുമൊക്കെയായിട്ടിരിക്കുമ്പോ ദാണ്ടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ സൂപ്പറൊരിടി, മഴയുടെ മോന്തക്കിട്ട്‌. കിട്ടിയപാടേ എന്റമ്മോ എന്നു വിളിച്ച്‌ മഴ അറബിക്കടലില്‍ പോയി മുങ്ങിച്ചത്തു. രജനി ഫാന്‍സ്‌ മഴക്കു പിന്നാലെ വന്ന വെയിലിലും ആടിത്തിമിര്‍ത്തു. ഇനിയെന്തായാലും ഒന്നു രണ്ടു വര്‍ഷത്തേക്ക്‌ രജനീകാന്തിന്റെ സിനിമ വരില്ലെന്നതുമാത്രമാണ്‌ മലയാള സിനിമാക്കാരുടെ ആശ്വാസം. അതുവരെ അല്‍പം സംഘടനയൊക്കെയാകാം., വോട്ടുചെയ്യാന്‍ മാത്രം പറയരുത്‌. അതുവയ്യ, വേണമെങ്കില്‍ പാര്‍ട്ടിപ്പരിപാടിക്കു പ്രസംഗിക്കാന്‍ മാത്രം വരാം. അതും അണ്ണന്‍ അടുത്തതായി അവതരിക്കുന്ന കാലത്ത്‌. അതുവരെ വിശ്രമമില്ലേയ്‌?. പട്ടിണികൂടാതെ കഴിയേണ്ടേ..

2
കേരളത്തില്‍ സിനിമാ രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്നു ചോദിച്ചാല്‍ എല്ലാവര്‍ക്കും ഉടന്‍ ഒരു മറുപടി ഉണ്ടാകുമെന്നറിയാം. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ ആരെന്നു ചോദിച്ചാല്‍ ?.. ചാടി ഉത്തരം പറയാന്‍ വരട്ടെ, ഓപ്‌ഷനുണ്ട്‌. അതുകൂടി കേട്ടിട്ടു പറഞ്ഞാല്‍ മതി. രജനീകാന്ത്‌, അച്യുതാനന്ദന്‍, രവീന്ദ്രന്‍, സുരേഷ്‌കുമാര്‍...

എന്തായാലും നിങ്ങള്‍ ഉത്തരം പറയാന്‍ അല്‍പം വൈകും, ഉറപ്പാണ്‌. രജനീകാന്ത്‌ നിലവില്‍ സൂപ്പര്‍ സ്റ്റാറിനുമപ്പുറത്തായതിനാല്‍ നമുക്ക്‌ ആദ്യം അദ്ദേഹത്തെ ഒഴിവാക്കാം. അച്യുതാനന്ദന്‍ ചിത്രത്തില്‍ ഒരു സഹനടന്റെ റോളില്‍ മാത്രം നടിക്കുന്നതിനാല്‍ ആ പേരും വിടാം. രവീന്ദ്രന്‌ നായകനേക്കാള്‍ ചേരുക പ്രതിനായകന്റെ വേഷമാണ്‌. പിന്നെ അവശേഷിക്കുന്നത്‌ സുരേഷ്‌കുമാര്‍. പുള്ളിക്കാരന്‌ എന്തായാലും സൂപ്പര്‍ സ്റ്റാര്‍ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ട്‌. കോസ്റ്റ്യൂമില്‍ മുതല്‍ ഡയലോഗില്‍ വരെ, ആകാരം മുതല്‍ ആഹാര്യം വരെ എന്തൊരു ഗെറ്റപ്പ്‌. ഒരു ഷാജികൈലാസ്‌ സിനിമയിലെന്നപോലല്ല്യോ അദ്ദേഹം മന്ത്രിമാരെപ്പോലും വിറപ്പിക്കുന്നത്‌. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചെയ്യുന്നതെന്ത്‌ പറയുന്നതെന്ത്‌ എന്നറിയാത്ത അവസ്ഥയില്‍ സി.പി.ഐയെ കൊണ്ടെത്തിച്ചില്ലേ അദ്ദേഹം.

അഭിപ്രായ പ്രകടനത്തിന്റെ കാര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ മലക്കം മറിച്ചിലല്ലേ സി.പി.ഐ. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്‌! അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റു പാര്‍ട്ടി തങ്ങളാണെന്നു വരെ സി.പി.ഐ. അഭിപ്രായപ്പെടാന്‍ സാധ്യതയുണ്ട്‌. മൂന്നാറിലെ പഞ്ചായത്തുകളില്‍ വേണമെങ്കില്‍ ഒറ്റക്കു ഭരിക്കാനുള്ള ആള്‍ബലം തങ്ങള്‍ക്കുണ്ടെന്നാണല്ലോ സി.പി.ഐയുടെ വിശ്വാസം! കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഒരു ടേമില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്കുതന്നെ റവന്യു, വനം വകുപ്പുകള്‍ ലഭിക്കുന്നത്‌. മൂന്നാറില്‍ ഭൂമി കയ്യേറ്റമുണ്ടെന്ന്‌ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ആരോപിച്ചപ്പോള്‍ സി.പി.ഐ മന്ത്രിമാരായ കെ.പി. രാജേന്ദ്രനും ബിനോയ്‌ വിശ്വവും ഒന്നിച്ചവിടെ പോയതും അതുകൊണ്ടാണ്‌. കയ്യേറ്റം ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി തന്റെ വിശ്വസ്‌തരെ നിയമിച്ചപ്പോള്‍ തുടങ്ങിയതാണ്‌ സി.പി.ഐയുടെ മുറുമുറുപ്പ്‌. ഒടുവില്‍ ജനങ്ങള്‍ വി.എസ്സിനൊപ്പമാണെന്നു കണ്ടപ്പോള്‍ അവര്‍ അത്‌ ഉള്ളിലൊതുക്കി. പക്ഷേ മൂന്നാറില്‍ പാര്‍ട്ടി പാടുപെട്ടു കെട്ടിപ്പൊക്കിയ മന്ദിരത്തിന്റെ താടിക്കിട്ടുതന്നെ സുരേഷ്‌കുമാര്‍ കയറി ചൊറിയുമെന്ന്‌ അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. കേരളത്തിലെത്തുന്ന വിദേശികളെ സഹായിക്കാന്‍ സദുദ്ദേശ്യത്തോടെ പണിത ഒരു ചെറുകിട റിസോര്‍ട്ടു മാത്രമായിരുന്നു അത്‌! അതുകൊണ്ടാ സഖാവേ അതിനിത്രമോടി...വിദേശനിക്ഷേപം കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അച്ചുമാമന്റെ ഇഷ്‌ടക്കാര്‍ കാണിക്കുന്ന തോന്ന്യാസം അംഗീകരിച്ചുകൊടുക്കാന്‍ പറ്റുമോ? ആദ്യമൊക്കെ വേണ്ടാ വേണ്ടാന്നു വച്ചു. പിന്നെ കളി കാര്യമായി. ഇരിക്കപ്പൊറുതിയില്ലാതെ ഇസ്‌മായിലും പന്ന്യനും കൂടി മൂന്നാറിനൊരു യാത്ര പോയി. കണ്ട കാഴ്‌ച! ടാറ്റയുടെ തോട്ടത്തില്‍ പണിയെടുക്കുന്ന തങ്ങളുടെ തൊഴിലാളികള്‍, നേതാക്കള്‍? സഖാക്കള്‍ പറഞ്ഞതു കേട്ട്‌ അവര്‍ പൊട്ടിത്തെറിച്ചു. (എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറുമായ സി.എ.കുര്യന്റെ മകന്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന്‌ ആരും തെറ്റിദ്ധരിക്കരുത്‌. അദ്ദേഹം ടാറ്റയുടെ കൊച്ചി ഓഫിസില്‍ ഒരു ചെറിയ മാനേജര്‍ മാത്രമാണ്‌.) സി.പി.ഐയുടെ പൊട്ടിത്തെറി ശബ്‌ദം കേട്ടമാത്രയില്‍ മൂന്നാറിലെ മറ്റു സിംഹങ്ങളും സടകുടഞ്ഞെഴുന്നേറ്റു. ഹൊ, വിറച്ചുപോയില്ലേ മുഖ്യമന്ത്രി!

മൂന്നാര്‍ നടപടികളുടെ മന്ത്രിസഭാ ഉപസമിതിയില്‍ ഇല്ലാത്ത സി.ദിവാകരനെത്തന്നെ വാദിക്കാന്‍ സി.പി.ഐ. നിയോഗിച്ചു. ദിവാകരന്‍ വക്കീലിന്റെ വാദം ഏറ്റു. പരാതികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗം ഉപസമിതിയെ വച്ചു. കയ്യേറ്റഭൂമിയിലുള്ള പാര്‍ട്ടി ഓഫിസുകള്‍ ഒഴിപ്പിക്കേണ്ടതില്ലെന്ന്‌ മന്ത്രിസഭ തീരുമാനിച്ചു. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമായതിനാലാണ്‌ ഈ തീരുമാനമെന്ന്‌ സി.പി.ഐക്കാരനായ റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ വിശദീകരണവും നല്‍കി. സമ്മര്‍ദ്ദതന്ത്രങ്ങളില്‍ മനംമടുത്ത്‌ ദൗത്യസേനാത്തലവന്‍ സുരേഷ്‌കുമാര്‍ ദില്ലിക്കു പോയ തക്കത്തിന്‌ രാജേന്ദ്രന്‍ മന്ത്രി ഒഴിപ്പിക്കലിനു നേതൃത്വം നല്‍കാന്‍ മൂന്നാറിലേക്കു പോയി. (സുരേഷ്‌കുമാറിന്റെ കോട്ട്‌ അവിടെക്കിടപ്പുണ്ടോ എന്നു തപ്പിയിട്ടു കിട്ടിയില്ലെന്നാണ്‌ പിന്നാമ്പുറ വര്‍ത്തമാനം!)പക്ഷേ കാര്യങ്ങളങ്ങു തകിടം മറിഞ്ഞു. മുഖ്യമന്ത്രിയുടെ ഒഴിവാക്കല്‍ പ്രഖ്യാപനം കേട്ട്‌ പൊതുജനം സി.പി.ഐക്കാരെ നോക്കി മുഖം കോട്ടിച്ചിരിക്കാന്‍ തുടങ്ങി. കോടതിപോലും ലജ്ജിച്ചു തല താഴ്‌ത്തി. ഇതൊക്കെ സഹിക്കാം, ഈ അവസരം ലാക്കാക്കി ചില ആരാധനാലയങ്ങള്‍ ഭൂമി കയ്യേറാന്‍ തുടങ്ങിയത്‌ നിരീശ്വരവാദികളായ സി.പി.ഐക്കു സഹിക്കുമോ? അതുംപോട്ടെ, തങ്ങള്‍ സമരം ചെയ്‌തു നേടിയെടുത്ത അവകാശം മുതലാക്കി മറ്റുചില പാര്‍ട്ടികളും കയ്യേറ്റഭൂമിയില്‍ പാര്‍ട്ടിയാപ്പീസെന്ന ബോര്‍ഡും തൂക്കി റിസോര്‍ട്ടു പണി തുടങ്ങുമെന്ന്‌ രമേശ്‌ ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്‌തു!വെളുക്കാന്‍ തേച്ചത്‌ ഈ വിധം പാണ്ടാകുമെന്നു സി.പി.ഐ. കരുതിയില്ല. തങ്ങളുടെ പാര്‍ട്ടി പാടുപെട്ടു പണിത കെട്ടിടത്തില്‍ തൊട്ടാല്‍ തങ്ങള്‍ക്കു നോവുമെന്നു ടി.വിക്കാര്‍ക്കു മുന്നില്‍ നെഞ്ചത്തടിച്ചു പറഞ്ഞ പന്ന്യനു പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥ. ചാനലുകളിലെല്ലാം ചര്‍ച്ച. എല്ലാവരും സി.പി.ഐക്ക്‌ എതിര്‌. എല്ലാം കണ്ടുകൊണ്ടൊരാള്‍ മോളിലിരിപ്പുണ്ടല്ലോ. തക്ക സമയത്ത്‌ അദ്ദ്യേം ഇടപെട്ടു. കയ്യേറ്റഭൂമിയിലാണെങ്കില്‍ ഏതു പാര്‍ട്ടിയുടെ ഓഫീസായാലും പൊളിക്കണമെന്നു തന്നെ ബര്‍ദ്ദാന്‍ പറഞ്ഞപ്പോഴാണ്‌ കേരള നേതാക്കള്‍ക്കു ബോധോദയമുണ്ടായത്‌. തോറ്റുകൊടുക്കാന്‍പറ്റുമോ, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക്‌? തങ്ങള്‍ക്ക്‌ ആരുടേയും ഔദാര്യം ആവശ്യമില്ലെന്നുതന്നെ വെളിയം വെളിച്ചപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തങ്ങള്‍ പറഞ്ഞിട്ടല്ലെന്ന്‌ ഇസ്‌മായിലും കൈകഴുകി.

ഒടുവില്‍ മൂന്നാറിലെ വിവാദമന്ദിരം പൊളിച്ചു മാറ്റി മാതൃക കാണിക്കുമെന്നുവരെ ആരും കേള്‍ക്കാതെ പ്രഖ്യാപിച്ചിരിക്കുന്നു അവര്‍.അപ്പോഴാണ്‌ സി.പി.എമ്മിനും ബോധോദയമുണ്ടായത്‌. സി.പി.ഐ. പൊളിക്കാന്‍ തീരുമാനിച്ചാല്‍ തങ്ങള്‍ക്കു നോക്കി നില്‍ക്കാനാകില്ലല്ലോ. ഈ രവീന്ദ്രന്‍ ഒരു വില്ലനായി അവതരിക്കുമെന്ന്‌ അവരാരും സ്വപ്‌നത്തില്‍പോലും കരുതിയിരുന്നതല്ലല്ലോ. പാതി രവീന്ദ്രനും പാതി പാര്‍ട്ടികള്‍ക്കും എന്ന സമവാക്യവും ഏശാതെ വന്നപ്പോള്‍ രവീന്ദ്രന്‍ പട്ടയത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തിയ മന്ദിരം ഒഴിഞ്ഞ്‌ മാതൃകകാട്ടാനുള്ള തയ്യാറെടുപ്പിലാണ്‌ അവരും. ആദ്യം സി.പി.ഐയോ സി.പി.എമ്മോ എന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ സംശയമുള്ളു. ഭരിക്കുന്ന മുന്നണിയിലെ രണ്ടു മുഖ്യ കക്ഷികളുടെ കാര്യമാണേ ഇപ്പറയുന്നത്‌. ഇനിപ്പറ, സുരേഷ്‌കുമാര്‍ തന്നെയല്ലേ സഖാവേ ഇപ്പോളത്തെ സൂപ്പര്‍ സ്റ്റാര്‍?

3
കേരള മന്ത്രിസഭക്കിതു കഷ്‌ടകാലമോ നല്ലകാലമോ? ഉത്തരമെന്തുമായിക്കോട്ടെ, നല്ലകാലം തലക്കുമീതേ ഉദിച്ചു നില്‍ക്കുന്ന ഒരു മന്ത്രി നമുക്കേതായാലുമുണ്ട്‌. മറ്റാരുമല്ല, സാക്ഷാല്‍ ശ്രീമതിടീച്ചര്‍. രണ്ടുമൂന്നുമാസം മുമ്പ്‌ തലസ്ഥാനത്തൊരു കൂട്ടക്കൊലപാതകം നടന്നത്‌ എല്ലാരും ഓര്‍ക്കുന്നുണ്ടാകും. കൂട്ടക്കൊലപാതകമെന്നു വച്ചാല്‍ സര്‍ക്കാര്‍ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ പിടികൂടി കൊല്ലിച്ചതാണെന്നു കരുതരുത്‌. നമ്മുടെ സര്‍ക്കാര്‍ വിലാസം എസ്‌.എ.ടി.ആശുപത്രിയില്‍ നാല്‌പതോളം നവജാത ശിശുകളാ മരിച്ചത്‌. അണുകേറി ബാധിച്ചതിനു ടീച്ചറെന്തു പിഴച്ചു? കേരളത്തിലെ പ്രതിപക്ഷത്തിന്‌ ഈ അണുക്കളുടെ സംഘബലം പോലുമില്ലാത്തത്‌ ടീച്ചറിനു ഗുണമായി. പക്ഷേ നമ്മുടെ മാധ്യമസിണ്ടിക്കേറ്റ്‌ അങ്ങിനെയല്ലല്ലോ. അവര്‍ ഓരോന്നു ചിക്കിചികഞ്ഞുകൊണ്ടിരിക്കും കിട്ടിക്കഴിഞ്ഞാ കൊത്തിപ്പെറുക്കി ഒരു ബഹളം. പെട്ടെന്ന്‌ അടുത്തു മേയുന്നവരും അതിനുമീതേ ചാടിവീഴും. പിന്നെ പ്രശ്‌നമായി. അതൊന്നു തടയാന്‍ പറ്റിയാല്‍ കാര്യം ഗുരുതരം പ്രശ്‌നം നിസാരം എന്ന മട്ടില്‍ അവസാനിപ്പിക്കാം.

അതുകൊണ്ടാണ്‌ ശ്രീമതിടീച്ചറിന്റെ സ്വന്തം നേതാവ്‌ പിണറായി മൂന്നാറിനൊരു വിനോദയാത്രപോയത്‌. തൊട്ടടുത്ത എസ്‌.എ.ടിയില്‍ അണുബാധമൂലം മരിച്ച ശിശുക്കളുടെ മൃതദേഹം സംസ്‌കരിക്കും മുമ്പുള്ള ഈ യാത്ര എന്തായാലും ലക്ഷ്യത്തിലെത്തി. സിണ്ടിക്കേറ്റിലെ ചാനലുകള്‍ റിലേ മൂന്നാറിലേക്കു മാറ്റിയിപ്പോള്‍ പത്രങ്ങള്‍ പലതും അവിടൊരു യൂണിറ്റു തുറന്നുവെന്നാണു ജനസംസാരം. അതൊരു വിധം കത്തിപ്പിടിപ്പിച്ച്‌ എസ്‌.എ.ടി.പ്രശ്‌നത്തില്‍ നിന്നു തലയൂരി വരുമ്പോളാണ്‌ കൊതുകുകളെല്ലാംകൂടി പാടിപ്പാഞ്ഞു വരുന്നത്‌. കഴിഞ്ഞവര്‍ഷം ഇവറ്റകളെയെല്ലാംകൂടി ഓടിച്ചു വിട്ടതാണ്‌. വല്ല ജനപ്രതിനിധികളുമായിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തേക്കു പേടിക്കേണ്ടായിരുന്നു. പക്ഷേ കൊതുകിനുണ്ടോ വല്ല വിവരവും അവ വന്ന വരവ്‌? എത്രപേരേയും കൊണ്ടാ ഈ ക്ഷുദ്രജീവികള്‍ പോയത്‌? പനി പണ്ടുമുണ്ടായിരുന്നെന്ന കാര്യം വല്ലതും ഈ പത്രക്കാര്‍ക്കറിയുമോ? ആശുപത്രിയില്‍ മരിച്ചവരൊക്കെ പനിബാധിച്ചാണു മരിച്ചതെന്നല്ലേ അവരുടെ കണ്ടെത്തല്‍. എന്തുചെയ്യാം. വന്നുവന്നു മന്ത്രി സ്ഥാനംകൂടി ഇവറ്റകളെല്ലാംകൂടി കൊണ്ടുപോകുമോ എന്ന ഭയം വന്നപ്പോഴാണ്‌ ടീച്ചര്‍ കേന്ദ്രത്തില്‍ പോയി കാലുപിടിച്ചത്‌. അന്‍പുമണി രാംദാസ്‌ അയച്ച സംഘം എന്തായാലും കാര്യമായി സഹായിച്ചു. ചിക്കുന്‍ഗുനിയ ബാധിച്ച്‌്‌ ആരും മരിച്ചില്ലെന്ന്‌ അവര്‍ കണ്ടെത്തിയത്‌ താല്‍ക്കാലിക രക്ഷയായി. എന്നിട്ടും കൊതുകുകളുണ്ടോ വിടുന്നു. ഒടുവില്‍ ആനപ്പാറേല്‍ അച്ചാമ്മ അഞ്ഞൂറാന്റെ കാലുപിടിച്ചപോലെ ടീച്ചര്‍ നമ്മുടെ ഉദാരശിരോമണിയും മനസ്സാക്ഷിയുള്ളവനുമായ സാക്ഷാല്‍ അന്തോണിച്ചനോടു കേണു.

കേട്ടപാതി കേക്കാത്തപാടി രാജ്യസുരക്ഷക്കായി അന്തോണിച്ചന്‍ ഉണര്‍ന്നു. ബാഹ്യശക്തികളുടെ ആക്രമണം പോലെ തന്നെ അപകടകരമാണ്‌ ആഭ്യന്തരയുദ്ധവും കൊതുകെങ്കില്‍ കൊതുക്‌. പട്ടാളക്കാര്‍ക്ക്‌ ഇടക്കൊരു പണിയുള്ളതു നല്ലതല്ലേ. അവര്‍ തോക്കുമായി കൊതുകുവേട്ടക്കിറങ്ങി.പിന്നയല്ലേ രസം. സാധാരണഗതിയില്‍ നമ്മുടെ പോലീസുകാരുടെ തോക്കില്‍ ഉണ്ടയുണ്ടാകാറില്ലെന്നകാര്യം നാടുമുഴുവന്‍ പാട്ടാണ്‌. ഉണ്ട ചില നേതാക്കന്‍മാര്‍ ലാപ്‌ടോപ്പിന്റെ ബാഗില്‍ ഒളിപ്പിച്ചു നടക്കുന്നതും നമുക്കറിയാം. വല്ല പിള്ളാരും പിള്ളാരുകളിക്കു നാലു കല്ലെടുത്തെറിയുമ്പോള്‍ കണ്ണീര്‍ വാതകം പ്രയോഗിക്കാനാണല്ലോ നമ്മുടെ പോലീസിനു തോക്ക്‌. പക്ഷേ പട്ടാളത്തിനങ്ങിനെയാണോ.? അല്ലെന്നായിരുന്നു സാമാന്യ ജനത്തിന്റെ വിശ്വാസം. തോക്കും പീരങ്കിയുമൊക്കെയായി കൊതുകിനെ വെടിവച്ചിടാന്‍ വരുന്ന പട്ടാളത്തെ സ്വപ്‌നം കണ്ട്‌ നമ്മുടെ പാവം പൊതുജനം ഒരു ദിവസമെങ്കിലും സുഖമായിട്ടുറങ്ങിയിട്ടുണ്ടാകും.

എന്തായാലും വൈകിയില്ല. നാട്ടില്‍ പട്ടാളമിറങ്ങി. പക്ഷേ തോക്കില്‍ നിന്നു വെടിയുണ്ടകള്‍ക്കുപകരം ശുക്‌, ശുക്‌ എന്നൊരു ശബ്‌ദവും കുറേ പുകയും പുറത്തേക്കു വരുന്നതാണു ജനം കണ്ടത്‌. ഉല്‍സവപ്പറമ്പിലെ വെടിക്കെട്ടിനിടയില്‍ ഈ ശുക്ക്‌ കേള്‍ക്കുമ്പോള്‍ വെടി ചീറ്റിപ്പോയേ എന്നാര്‍ത്തു വിളിക്കും പോലെ ഒന്നു വിളിച്ചുകൂവണമെന്നു പലര്‍ക്കും തോന്നിയെങ്കിലും മുന്നില്‍ നില്‍ക്കുന്നത്‌ പട്ടാളമാണെന്ന ബോധം അവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചു. ഇനി കൊതുകെന്ന ശത്രുവിനെ തുരത്താന്‍ ഈ വെടിയൊക്കെ മതിയെന്ന്‌ നാട്ടിലെ ചില വിദ്യാസമ്പന്നര്‍ നിരക്ഷരകുക്ഷികളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്‌തു. ഫോഗിങ്ങെന്നോ മറ്റോ ആണ്‌ ഇതിനു പേരെന്ന്‌ ചാനലിലെ വാര്‍ത്ത കണ്ടപ്പോഴാണ്‌ ആളുകള്‍ക്കു പിടികിട്ടിയത്‌. എന്തായാലും അന്തോണിച്ചന്റെ പട്ടാളം പൊട്ടിച്ച പൊഹവെടി ശ്രീമതിടീച്ചറിനെ വീണ്ടും കാത്തു. ഇത്‌ ശുക്രന്റെ വിളയാട്ടമല്ലാതെ മറ്റെന്താണു സഖാവേ.. വെടിപൊട്ടിച്ചതും കൊതുകിനെ തുരത്തിയതും നമ്മടെ യു.പി.എ. സര്‍ക്കാരും അന്തോണിച്ചന്റെ പട്ടാളവുമാണെന്ന്‌ അവകാശപ്പെടുന്നതിനെപ്പറ്റി ആലോചിക്കാന്‍ പ്രതിപക്ഷം യോഗം ചേരുന്ന കാര്യം ആലോചിച്ചു വരികയാണെന്നാണു കേള്‍ക്കുന്നത്‌?

Sunday, June 10, 2007

പിണറായി വിജയം ആട്ടക്കഥ മൂന്നാര്‍ മോഡല്‍

വാര്‍ത്തകളില്‍ നിന്ന്‌ മൂന്നാര്‍ ഒഴിയുന്നില്ല. ഒരുപക്ഷേ കേരളത്തില്‍ ഇതാദ്യമാകാം, ഒരു സംഭവം തുടര്‍ച്ചയായി പത്രത്താളുകളില്‍ ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്നത്‌. സാധാരണഗതിയില്‍ മറ്റെന്തെങ്കിലും സംഭവം വന്ന്‌ ഇതിനെ കുത്തിയൊലിപ്പിച്ചുകൊണ്ടു പോകേണ്ടതാണ്‌.

ഉദാഹരണത്തിന്‌ ഇടുക്കിയിലെ തന്നെ മുല്ലപ്പെരിയാര്‍... എന്തായിരുന്നു പുകില്‍. ഒരാഴ്‌ചപോലും ആയുസ്സില്ലാതെ ആ വിഷയം ഒടുങ്ങി. അണക്കെട്ടു പൊട്ടുമെന്നു ഭയന്ന്‌ പുതിയൊരു ഡാമിനായി പെരിയാര്‍ തീരവാസികള്‍ നടത്തുന്ന അനിശ്‌ചിതകാല സമരം ഇരുനൂറാം ദിവസത്തിലേക്കു കടക്കുകയാണ്‌. പത്രങ്ങളുടെ ലോക്കല്‍ പോജില്‍ മാത്രം ആ സമരം ഒതുങ്ങുന്നു. വരുന്ന മഴക്കാലത്ത്‌ വാര്‍ത്തക്കു ക്ഷാമം നേരിടുന്ന മുഹൂര്‍ത്തത്തില്‍ ഏതെങ്കിലും പത്രക്കാരന്‍ വന്ന്‌ മുല്ലപ്പെരിയാര്‍ ഡാമിനെ ഒന്നു കുത്തിനോക്കി വീണ്ടും വിവാദമുണ്ടാക്കിയേക്കാം.

പറഞ്ഞു വന്നത്‌ മൂന്നാറിനെപ്പറ്റിയാണ്‌. എന്താണ്‌ മൂന്നാര്‍ ഒരു മാസമായിട്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌... കോടിക്കണക്കിനു രൂപ പത്രമാധ്യമങ്ങള്‍ക്കു പരസ്യം നല്‍കുന്ന സ്ഥാപനങ്ങളെപ്പോലും സഹായിക്കാന്‍ മിനക്കെടാതെ അവര്‍ അച്യുതാനന്ദനൊപ്പം (സര്‍ക്കാരിനൊപ്പമല്ല) നിലകൊണ്ടു. ഇടയ്‌്‌ക്കു വിവാദങ്ങള്‍ ഉണ്ടാകാഞ്ഞിട്ടല്ല. സര്‍ക്കാരിനു തന്നെ രാജിവച്ചിറങ്ങിപ്പോകാന്‍ ഒരു എസ്‌.എ.ടി. സംഭവം മാത്രം മതിയായിരുന്നു. ഇപ്പോള്‍ പനി ഗുരുതരമാകുമ്പോഴും മൂന്നാര്‍ ഒഴിഞ്ഞുപോകാന്‍ മടിക്കുകയാണ്‌. എന്തുകൊണ്ട്‌... പിണറായി കളിച്ച ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലമല്ലായിരുന്നോ ഇത്‌.

മാധ്യമസിണ്ടിക്കേറ്റിനെ വിദഗ്‌ധമായി കബളിപ്പിച്ച്‌ നടത്തിയ പിണറായി വിജയം ആട്ടക്കഥ. എസ്‌.എ.ടി. പ്രശ്‌നം മൂലം തന്റെ കൂട്ടത്തില്‍പെട്ട ശ്രീമതിടീച്ചര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്നു തോന്നിയ സമയത്ത്‌ പിണറായി മൂന്നാറിലെത്തി. പിണറായിയെ തോല്‍പിക്കാന്‍ അച്യുതാനന്ദന്‍ ഇടിച്ചുനിരത്തലിനിറങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാറിലെ വന്‍കിടക്കാര്‍ നല്‍കിയ പിരിവിന്റെ വലിപ്പമറിയാവുന്ന പ്രദേശികനേതൃത്വം ഒടുവില്‍ പ്ലേറ്റു മാറ്റിവച്ചു. പൊഴിക്കലില്‍ അച്ചുമാമന്‍ ഉറച്ചു നിന്നപ്പോള്‍ ഇടുക്കിയില്‍ വി.എസ്‌.പക്ഷത്തുറച്ചു നിന്നവര്‍ കളം മാറ്റിച്ചവിട്ടി. ഒടുവില്‍ പ്രശ്‌നമാകുമെന്നു വന്നപ്പോള്‍ സി.പി.ഐയും തിരിഞ്ഞു.

നിങ്ങള്‍ക്കറിയാമോ, സി.പി.ഐയുടേയും എ.ഐ.ടി.യു.സിയുടേയും നേതാവും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറുമായ സി.എ.കുര്യന്റെ മകന്‍ ടാറ്റാ കമ്പിനിയില്‍ ഉന്നതോദ്യോഗസ്ഥനാണ്‌.

മൂന്നാര്‍ ഇടിച്ചു നിരത്തല്‍ തുടങ്ങിയപ്പോള്‍ പരസ്യത്തോടു കൂറുകാട്ടി മാറിനിന്നാല്‍ ജനങ്ങള്‍ എതിരാകുമെന്നറിയാവുന്ന മാധ്യമങ്ങളും മറ്റൊന്നും ആലോചിച്ചില്ല. കണ്ണില്‍കണ്ടവരെയെല്ലാം കള്ളന്‍മാരാക്കി. ഇനി രസം കണ്ടോളൂ... തങ്ങള്‍ കയ്യേറ്റക്കാരല്ലെന്നു കാണിച്ച്‌ ബി.സി.ജി.ഗ്രൂപ്പും അബാദ്‌ ഗ്രൂപ്പും ടാറ്റയും പത്രപ്പരസ്യം നല്‍കി. സി.പി.ഐ ആകട്ടെ പത്രസമ്മേളനവും നോട്ടീസ്‌ വിതരണവുമാണ്‌ നടത്തിയത്‌. വന്‍കിടക്കാരെപ്പോലെ തന്നെ അവരും പറയുന്നു, ഞങ്ങള്‍ കോടതിയില്‍പോകും.... ഇവരും വന്‍കിടക്കാരും പറയുന്നത്‌ ഒരേ കാര്യമല്ലേ. അപ്പോള്‍ സി.പി.ഐയെ ഒഴിവാക്കിയാല്‍ മറ്റുള്ളവരേയും ഒഴിവാക്കണം. സി.പി.ഐക്കു നഷ്ടം നല്‍കേണ്ടി വന്നാല്‍ മറ്റുള്ളവര്‍ക്കും അതു നല്‍കണം.ചാന്‍സലര്‍ റിസോര്‍ട്ടിന്റെ മുന്‍വശത്തെ ഗേറ്റ്‌ പൊളിച്ചപോലൊരു പണി മാത്രമേ സി.പി.ഐ വിലാസം മൂന്നാര്‍ ടൂറിസ്റ്റുഹോമിലും ദൗത്യസംഘം നടത്തിയിരുന്നുള്ളു. വിളവുതിന്നുന്ന വേലിയെക്കണ്ടപ്പോള്‍ പത്രക്കാര്‍ക്കു കൗതുകം വര്‍ധിച്ചതിനാല്‍ അതിനല്‍പം പ്രാധാന്യം കൂടിപ്പോയെന്നു മാത്രം. പക്ഷേ ശക്തമായൊന്നു പ്രതികരിക്കാന്‍ ടാറ്റയെ തൊട്ടുകളിക്കും വരെ സി.പി.ഐക്കു കാത്തിരിക്കേണ്ടി വന്നു.

ഇസ്‌മായില്‍ പറയുന്നതുകേട്ടാല്‍തോന്നും മൂന്നാറില്‍ സി.പി.ഐക്കാര്‍ മാത്രമേ ഉള്ളുവെന്ന്‌. അതൊക്കെ പണ്ടായിരുന്നെന്ന്‌ ഇന്നെല്ലാവര്‍ക്കും അറിയാം. ടാറ്റയുടെ അടിവേരിളകിയാല്‍ എല്ലാ പാര്‍ട്ടിക്കാരുടേയും മൂന്നാര്‍ ആധിപത്യം തകരും. തമിഴര്‍ക്കു പണിയില്ലാതെ വന്നാല്‍ പിന്നെ പ്രകടനങ്ങള്‍ക്കിറങ്ങാന്‍ ആളില്ലാതാവും. അതാണ്‌ എ.കെ.മണിയെന്ന മുന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. നേരിട്ടും മറ്റുള്ളവര്‍ പരോക്ഷമായും ടാറ്റയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌. ഈ അവസരം പിണറായി നന്നായി മുതലാക്കി. സിപി.ഐയുടെ ഈ അപാര ചങ്കൂറ്റത്തിനു പിന്നിലെ ചേതോവികാരം പിണറായിയുടെ രഹസ്യപിന്തുണയല്ലാതെ മറ്റെന്ത്‌.

സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതേയുള്ളു.. ഇപ്പോഴത്തെ ഈ ടെമ്പോ ഇനിയൊരു നാലുവര്‍ഷം കൂടി നിലനിര്‍ത്താന്‍ അച്ചുമാമനെക്കൊണ്ടാകില്ലെന്ന്‌ പിണറായിക്കറിയാം. അപ്പൊപ്പിന്നെ ജനങ്ങളുടെ പിന്തുണ എന്നു പറയുന്നതിലൊന്നും വലിയ കാര്യമില്ല. അല്‍പം കഴിയുമ്പം ഭൂരിപക്ഷകഴുതകള്‍ ഇതൊക്കെ മറക്കും. അതിനിടയില്‍ മൂന്നാര്‍ ഓപ്പറേഷന്റെ പേരില്‍ വി.എസ്‌. പാര്‍ട്ടിയിലും ഒറ്റപ്പെടും, വന്‍കിടക്കാരുടെ സഹായം കിട്ടാതാകുകയും ചെയ്യും... ഇതല്ലേ ഈ പിണറായിവിജയം ആട്ടക്കഥയുടെ കാതല്‍....

Saturday, June 2, 2007

മലയാളം മീഡിയത്തെ കൊന്നതാര്‌

കുറച്ചുകാലം മുമ്പു വരെ എനിക്കൊരു വാശിയുണ്ടായിരുന്നു. മകനെ മലയാളം മീഡിയത്തിലേ ചേര്‍ക്കൂ എന്ന്‌. ഒടുവില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പെട്ട്‌ ഞാന്‍ മറിച്ചു ചിന്തിക്കാന്‍ നിര്‍ബന്ധിതനായി.അതിലാദ്യത്തേത്‌ ഇത്തവണത്തെ പത്താംക്‌ളാസ്‌ റിസല്‍ട്ടാണ്‌. വിദ്യാഭ്യാസമന്ത്രി എത്ര അഭിമാനപൂര്‍വ്വമാണ്‌ ഉയര്‍ന്ന വിജയശതമാനത്തെപ്പറ്റി പ്രഖ്യാപനം നടത്തിയത്‌. 82.39 ശതമാനത്തില്‍ നിന്ന്‌ ഇത്‌ നൂറുശതമാനമാകാന്‍ നാം അടുത്ത പരീക്ഷാഫലം വരെയൊന്നും കാത്തിരിക്കേണ്ട. സേ പരീക്ഷയുടെ റിസല്‍ട്ടു വന്നുകഴിയുമ്പോള്‍ നൂറു ശതമാനമാകും. കുട്ടികള്‍ക്ക്‌ ഉദാരമായി മാര്‍ക്കു നല്‍കി പത്താക്ലാസില്‍ നിന്ന്‌ കയറിവിടുന്നതുകൊണ്ട്‌ ഫലം സര്‍ക്കാരിനു മാത്രമാണ്‌. ഉയര്‍ന്ന വിജയശതമാനത്തെചൊല്ലി അഭിമാനിക്കാം, അധികം പേരൊന്നും പ്ലസ്‌ ടു കടമ്പ കടക്കാതെ സൂക്ഷിക്കാം, അധികം വൈകാതെ ക്ലറിക്കല്‍ പോസ്‌റ്റുകള്‍ക്കുള്‍പ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയാക്കിയാല്‍ എല്ലാ ബിരുദധാരികള്‍ക്കും പണി നല്‍കി അഭിമാനിക്കുകയും ചെയ്യാം. ഇത്തവണ വിജയശതമാനം ഉയരുമെന്ന്‌ സര്‍ക്കാരിന്‌ ഉറപ്പുണ്ടായിരുന്നു. കാരണം പരിഷ്‌കരിച്ച പാഠ്യപദ്ധതിയുടെ മേന്‍മയൊന്നുമല്ല. മാര്‍ക്കിടുന്ന കാര്യത്തില്‍ ഉദാര സമീപനം പുലര്‍ത്തണമെന്നായിരുന്നു മൂല്യനിര്‍ണയക്യാംപുകളില്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. അവര്‍ ഉദാരമായി മാര്‍ക്കിട്ടു. പത്തില്‍താഴെ മാത്രം മാര്‍ക്ക്‌ എഴുത്തുപരീക്ഷക്കു വാങ്ങിയവര്‍ വരെ വിജയിച്ചു. കാരണം തുടര്‍ മൂല്യനിര്‍ണയം വഴി ക്ലാസുകളില്‍ അധ്യാപകര്‍ ഇരുപതില്‍ ഇരുപതു മാര്‍ക്കും കുട്ടികള്‍ക്കു സംഭാവന നല്‍കിയിരുന്നല്ലോ. ഫലമോ പത്തില്‍ താഴെ മാര്‍ക്കു വാങ്ങുന്നവനും ജയിച്ചുകയറാം. സ്‌കൂളിനു വിജയശതമാനം കൂട്ടാം. സര്‍ക്കാരിന്‌ അഭിമാനിക്കാനുള്ള വക സംഭാവന ചെയ്യാം. മോഡറേഷന്‍ എന്ന ദുഷ്‌പേരില്ലാതെ എത്ര അനായാസമായ വിജയം. ഇതാണു സ്ഥിതിയെങ്കില്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികള്‍ എങ്ങനെ മിടുക്കരായി പഠിക്കും... ഇവിടെ എങ്ങനെ ഇംഗ്ലീഷ്‌ മീഡിയം വളരാതിരിക്കും. മലയാളിക്ക്‌ എങ്ങനെ വിവരമുണ്ടാകും.... അടുത്ത വര്‍ഷം മുമ്പ്‌ ചോദ്യപ്പേപ്പറുകള്‍ മുന്‍കൂട്ടി വിതരണം ചെയ്‌ത്‌ ഉത്തരം വീട്ടില്‍ നിന്ന്‌ എഴുതി അയക്കാവുന്ന പരീക്ഷാ സമ്പ്രദായം ഏര്‍പ്പെടുത്തുകയാകും നല്ലത്‌.
Powered By Blogger

FEEDJIT Live Traffic Feed