Saturday, May 30, 2009

മക്കാമിയാ അഥവാ ഉദാരവല്‍ക്കരണകാലത്തെ കുടകള്‍


  മെയ്‌ മാസം ആദ്യമാണെന്നു തോന്നുന്നു. രാത്രി രണ്ടു പെഗ്ഗും വിഴുങ്ങി ഊര്‍ജ്ജസ്വലനായി വീട്ടിലെത്തിയ എന്റെ നേരേ മകന്‍ ഒറ്റച്ചാട്ടം... "മക്കാമിയാ ഡീഷ്യും ഡിഷ്യും...." എനിക്കു കാര്യം പിടികിട്ടിയില്ല.... അന്തിച്ചു നില്‍ക്കുന്ന എന്നെ നോക്കി അവന്‍ ചിരി തുടങ്ങി.

  രണ്ടുദിവസം കഴിഞ്ഞ്‌ ടി.വി. കണ്ടുകൊണ്ടിരിക്കെ യാദൃശ്ചികമായി ആ വാക്കുകള്‍ എന്റെ കാതില്‍ പതിഞ്ഞു. 'മക്കാമിയാ....' കണ്ണുകള്‍ സ്‌ക്രീനിലെത്തിയപ്പോഴേക്കും ആ പരസ്യം കഴിഞ്ഞുപോയി. സംഗതി അല്‍പം പിശകാണെന്ന്‌ എനിക്കു തോന്നി. പിന്നീടാണ്‌ ബോധ്യം വന്നത്‌. ഈ മണ്‍സൂണ്‍ കാലമെത്താന്‍ കാത്ത്‌ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന കുടയുടെ പരസ്യമാണ്‌.

    വര്‍ഷങ്ങള്‍ക്കു മുമ്പ്‌ റേഡിയോയുടെ കാലത്ത്‌ സ്ഥിരമായി കാതില്‍ മുഴങ്ങിയിരുന്ന ഒരു പരസ്യമുണ്ടായിരുന്നു. മഴ മഴാ.... കുട കുടാ... മഴവന്നാല്‍ സെന്റ്‌ ജോര്‍ജ്‌ കുടകള്‍.... ആലപ്പുഴയില്‍ നിന്നു വരുന്ന സെന്റ്‌ ജോര്‍ജു കുടകള്‍തന്നെ കടയില്‍ പോയി വാങ്ങും. കടയില്‍ ചെല്ലുമ്പോള്‍ തന്നെ ഹോട്ടലിലെ മെനു കാര്‍ഡ്‌ പോലൊരു സാധനം കടക്കാരന്‍ നീട്ടും അതില്‍ കുടയുടെ മോഡലുകളും വിലയുമുണ്ടാകും. ഇഷ്ടമുള്ളതു വാങ്ങാം.

    മൂന്നുനാലു വര്‍ഷം ഒരു കുട തന്നെ എന്തായാലും ഉപയോഗിക്കാനാകുമായിരുന്നു. ഇടുക്കിയിലെ നശിച്ച കാറ്റത്തുപോലും ഈ കുടകള്‍ ഒന്നു രണ്ടു വര്‍ഷം അതിജീവിച്ചിരുന്നു. പലപ്പോഴും സ്‌കൂളില്‍ അടിയുണ്ടാക്കാനും ഈ കുടകള്‍ തന്നെയായിരുന്നു ആയുധം.
ഒറ്റക്കമ്പിയില്‍ നിവര്‍ത്തുന്ന ശീലക്കുടയുടെ കാലത്ത്‌ നടുവെ ഒടിച്ചു മടക്കാവുന്ന ഫോറിന്‍ കുട ഒരു വിസ്‌മയമായിരുന്നു. പിന്നെപ്പിന്നെ സ്‌പ്രിംഗിന്റെ കരകര ശബ്ദവുമായി ഞെക്കുമ്പം തെറിക്കുന്ന കുട വന്നു. ത്രീഫോള്‍ഡ്‌ കുടയെത്തിയപ്പോഴാകട്ടെ അതിനു ഞെക്കുമ്പം തെറിപ്പിക്കുന്ന സുനാമണി ഉണ്ടായിരുന്നില്ല.

    പെരുമഴ പെയ്യുമ്പോള്‍ കൂടെപ്പഠിക്കുന്ന പെണ്‍പിള്ളേരുടെ കുടയില്‍ കയറാന്‍ കൊതിച്ച്‌ പലപ്പോഴും കുടയെടുക്കാതെ സ്‌കൂളില്‍പോകും. ഒരു കുടക്കീഴില്‍ പറ്റിച്ചേര്‍ന്ന്‌ നനുത്ത വയറിലൊന്നു ചുറ്റിപ്പിടിച്ച്‌ മഴയ്‌ക്കും കുടയ്‌ക്കും നന്ദി പറഞ്ഞ്‌ നടക്കുന്നത്‌ സ്വപ്‌നം കണ്ട്‌ എത്രയോ രാത്രികള്‍ ഉറങ്ങാതെ കിടന്നിരിക്കുന്നു. എന്നിട്ടും ആരും കുടയില്‍ കയറ്റിയില്ല. തിമിര്‍ത്തു പെയ്യുന്ന മഴയെ നോക്കി പുറത്തിറങ്ങാനാകാതെ നില്‍ക്കുമ്പോള്‍ ആരും ഒരു കുട കടംതന്നതുപോലുമില്ല.

     പിന്നെ്‌പിന്നെ കുട മറന്നു വയ്‌ക്കാനുള്ള വസ്‌തുവായി മാറി. മറയ്‌ക്കാനല്ല, മറക്കാന്‍. സ്‌കൂളില്‍, കടയില്‍ ആരുടെയെങ്കിലും വീട്ടില്‍, യാത്രചെയ്യുന്ന വാഹനത്തില്‍ ്‌അങ്ങനെ വഴിയിലുപേക്ഷിക്കപ്പെട്ട എത്രയെത്ര കുടകള്‍. മറവിയെ പേടിച്ച്‌ പലപ്പോഴും പഴയ കുടകള്‍ പൊടിയ തട്ടിയെടുക്കും. കുട നന്നാക്കുകാരന്‌ രണ്ടോ മൂന്നോ രൂപ കൊടുത്ത്‌ വിട്ടുപോയ ശീല കമ്പിയില്‍ തുന്നിപ്പിടിപ്പിക്കും. ഉപയോഗശൂന്യമായ കുടക്കമ്പികൊണ്ട്‌ അമ്പും വില്ലുമുണ്ടാക്കി കളിക്കും.

     സെന്റ്‌ ജോര്‍ജ്‌ കമ്പനി രണ്ടായി പിരിഞ്ഞതോടെയാണ്‌ കുടയുടെ രൂപവും ഭാവവും മാറിയത്‌. പോപ്പിയായിരുന്നു ആകര്‍ഷിക്കുന്ന പേരും പരസ്യവുമെങ്കിലും ആകര്‍ഷിക്കുന്ന കുടകള്‍ വന്നത്‌ ജോണ്‍സില്‍ നിന്നായിരുന്നു. ഓരോ വര്‍ഷവും കുടപ്പരസ്യങ്ങളുടെ വൈവിധ്യം കണ്ണിനും കാതിനും കുളിരായി. പോപ്പിക്കുട്ടന്‍ ഒരു ഓര്‍മയായി ഇപ്പോഴും ഉള്ളിലുണ്ട്‌.
       "ഉണ്ണിക്കിന്നൊരു കുടവേണം
         ഉമ്മകുടകൊടുക്കാന്‍ കുട വേണം..." എന്ന പാട്ട്‌ സൂപ്പര്‍ഹിറ്റായിരുന്നു ഒരു കാലത്ത്‌. പിന്നെ മഴയത്ത്‌ തുള്ളിക്കളിക്കുന്ന ആ ഗുണ്ടുമണിപ്പയ്യനും. പിന്നെ ഓരോ വര്‍ഷവും പരസ്യങ്ങള്‍ മാറിമാറി വന്നു, കുടകളും.

       ബാല്യത്തിന്‌ പൂക്കളുള്ള വര്‍ണക്കുടകളോട്‌ വല്ലാത്തൊരു ആകര്‍ഷണമുണ്ടാകും. എല്‍.കെ.ജിയില്‍ ചേര്‍ത്തപ്പോള്‍ വാങ്ങിക്കൊടുത്ത പൂക്കളുള്ള കുട ഇപ്പോഴും മകന്‍ ഉപയോഗിക്കുന്നുണ്ട്‌. ഇടക്കാലത്ത്‌ പീപ്പി ഊതുന്നതും ലൈറ്റ്‌ തെളിയുന്നതുമൊക്കെയായ കുടകള്‍ വന്നു. അന്നൊന്നും അവന്‌ ഓര്‍മ ഉറച്ചിട്ടില്ലാത്തതിനാല്‍ പ്രശ്‌നമുണ്ടായില്ല. പക്ഷെ, ഇത്തവണ അവന്‍ ശാഠ്യം പിടിച്ചു, മക്കാമിയാ വേണം.

         സ്‌കൂള്‍ ബാഗും ചെരുപ്പുമെല്ലാം വാങ്ങാന്‍ പോയ ദിവസം തിരുവന്തപുരത്തെ കടകള്‍ മുഴുവന്‍ കയറിയിറങ്ങി, മക്കാമിയാ കുട തേടി. കിട്ടിയില്ല. സാധനം വന്നിട്ടില്ലെന്നായിരുന്നു കടക്കാരുടെ മറുപടി. പക്ഷെ, മകന്‍ സമ്മതിച്ചില്ല.
"ഞാനെത്ര ദിവസമായി അച്ഛനോടു പറയുന്നു മക്കാമിയാ വാങ്ങിത്തരാന്‍. അത്‌ മുഴുവന്‍ തീര്‍ന്നു പോയതായിരിക്കും..." അവന്‍ നിരാശനായി.
അങ്ങിനെ കഴിഞ്ഞദിവസം കാത്തിരുന്ന മക്കാമിയാ കുടയെത്തി. കടയില്‍ ചെന്ന ചോദിച്ചതേ കടക്കാരന്‍ പറഞ്ഞു. "ഭയങ്കര ഡിമാന്റാ... കുറച്ചേ കിട്ടിയുള്ളു. ഇത്‌ ഇന്നു തന്നെ തീരുന്ന ലക്ഷണമുണ്ട്‌."



         കൂടു പൊട്ടിച്ച്‌ മക്കാ മിയാ പുറത്തെടുത്തു. സാധാരണ കുട്ടിക്കുടയുടെ വലിപ്പത്തില്‍ കടുംവര്‍ണത്തിലുള്ള കുട. നിറമുള്ള പിടി കാണാന്‍ യാതൊരു ഭംഗിയുമില്ല. അതാണ്‌ കുട്ടികളെ പ്രീണിപ്പിക്കുന്ന ബബിള്‍ ബ്രേക്കര്‍. കടക്കാരന്‍ അതിന്റെ പ്രവര്‍ത്തനം വിവരിച്ചു.
                 
       പിടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയൊരു പ്‌ളാസ്റ്റിക്‌ കമ്പ്‌, അതിന്റെ അറ്റത്തൊരു വട്ടം. നാം വീട്ടിലെത്തി ഒരു പാത്രത്തില്‍ അല്‍പം ഷാമ്പൂ കലക്കണം. അതില്‍ ഈ വട്ടം മുക്കി പതിയെ ഊതണം. ബബിളുകള്‍ രൂപപ്പെട്ടുവരും. (ഉല്‍സവപ്പറമ്പില്‍ പത്തുരൂപ കൊടുത്താല്‍ പാത്രവും ഷാംപൂ വെള്ളവും കുഴലും എല്ലാം കൂടി കിട്ടും.)

പിടിയില്‍ തന്നെ രണ്ട്‌ പ്‌ളാസ്റ്റിക്‌ കമ്പുകളുണ്ട്‌. അറ്റം അല്‍പം കൂര്‍ത്തതും ചൂണ്ടപോലൊരു കൊളുത്തുള്ളതും. ഇതാണ്‌ മിസൈല്‍. കുടപ്പിടിയുടെ അറ്റത്ത്‌ കെട്ടിയ റബ്ബര്‍ ബാന്‍ഡില്‍ കൊളുത്ത്‌ കൊളുത്തി പറപ്പിക്കണം. ബബിളിനു നേരേ തൊടുത്താല്‍ പരസ്യത്തില്‍ പറയുന്ന ബബിള്‍ പൊട്ടിക്കാനുള്ള മിസൈലായി. (ഒരീര്‍ക്കില്‍ ഒടിച്ച്‌ റബര്‍ ബാന്‍ഡില്‍ തൊടുത്തു വിടാവുന്നതേയുള്ളു, പക്ഷെ, സാധനം ബ്രാന്‍ഡഡ്‌ ആകില്ലല്ലോ).



      പത്തു നൂറു രൂപ പോയിക്കിട്ടി എന്നു മനസ്സില്‍ പറഞ്ഞ്‌ സാധനമെടുക്കാന്‍ പറഞ്ഞു. പൊതിഞ്ഞു വാങ്ങി പേഴ്‌സെടുത്തപ്പോഴാണ്‌ കടക്കാരന്‍ പരഞ്ഞ വിലകേട്ടു ഞെട്ടിയത്‌. 240 രൂപ. പരമാവധി 140 രൂപയ്‌ക്കുള്ള സാധനമാണ്‌. എന്തു ചെയ്യാം, പരസ്യത്തിന്റെയിനത്തിലായിരിക്കും ബാക്കി 100 എന്നു കരുതി സമാധാനിച്ച്‌ കടവിട്ടിറങ്ങി.

        ഇപ്പോള്‍ വീട്ടില്‍ എനിക്കു പണിയാണ്‌. ഷാംപൂ കലക്കണം, ബബിള്‍ ഉണ്ടാക്കണം. മിസൈല്‍ എയ്യണം. ഞാനും ഭാര്യയും മകനും മാറിമാറി നോക്കിയിട്ടും ഇതുവരെ മിസൈല്‍ ഉപയോഗിച്ച്‌ ഒരു ബബിള്‍പോലും പൊട്ടിക്കാനായിട്ടില്ല. ഇതിനിടയില്‍ മിസൈല്‍ ദേഹത്തു കൊണ്ടതു മിച്ചം. കമ്പനിക്കാര്‍ നിയമപ്രകാരം തന്ന മുന്നറിയിപ്പ്‌ - മുതിര്‍ന്നവരുടെ സഹായത്തോടെ മാത്രമേ മിസൈല്‍ ഉപയോഗിക്കാവൂ, കണ്ണില്‍ കൊള്ളാതെ സൂക്ഷിക്കണം - പാലിക്കാത്ത ഞങ്ങളല്ലേ കുറ്റക്കാര്‍?




        ദോഷം പറയരുതല്ലോ വീട്ടിലെത്തി കുട നിവര്‍ത്തപ്പോഴാണ്‌ ഒപ്പം ഒരു ചെറു കവര്‍ ഷാംപൂ സൗജന്യമുണ്ടെന്നു കണ്ടത്‌. പക്ഷെ, കടക്കാരനതു തന്നിരുന്നില്ല. ഇതിനാണു പറയുന്നത്‌ മനുഷ്യനെ വെറുതേ 'മക്കാമിയാ' ആക്കരുതെന്ന്‌....!

       (ഇത്തവണ മറ്റൊരു പ്രത്യേകത കൂടി ശ്രദ്ധയില്‍പെട്ടു. കുട്‌പ്പരസ്യം പത്രമാധ്യമങ്ങളിലില്ല. ഒരു കാലത്ത്‌ മെയ്‌ പകുതി മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോപ്പിയും ജോണ്‍സും മാറിമാറി പത്രങ്ങളുടെ ഒന്നാം പേജിലുണ്ടായിരുന്നു. ഇത്തവണ അത്‌ ടെലിവിഷനില്‍ മാത്രം....!) 
Powered By Blogger

FEEDJIT Live Traffic Feed